Saturday, 23 October 2021

ബുക്ക് റിവ്യൂ


Text Formatted

ഭാഷയിലെ അയിത്തോച്ചാടനവും കേരള ഭാഷാ മോഡലും

കേരള സൊസൈറ്റി ഫോര്‍ ലിംഗ്വിസ്റ്റിക് റിസര്‍ച്ച് ചങ്ങനാശ്ശേരി എസ്.ബി. കോളേജുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ച സി. ജെ. ജോര്‍ജിന്റെ ‘ഇംഗ്ലീഷാവിഷ്ടമായ മലയാളം' എന്ന പുസ്തകത്തിന്റെ വായന

Image Full Width
Text Formatted

ഭാഷയും സ്വത്വവും തമ്മിലുള്ള ഇഴബന്ധങ്ങള്‍ സാമൂഹ്യഭാഷാശാസ്ത്രത്തിന്റെ വിഷയമായാണ് സാധാരണ ചര്‍ച്ച ചെയ്യുന്നത്. ഭാഷകരുടെ അനന്യത വെളിവാക്കുന്നതിലും വ്യക്തിപരവും സാമൂഹികവുമായ സ്വത്വനിര്‍ണയത്തിന് ഉതകുന്ന ഭാഷാംശങ്ങളെ വെളിവാക്കുന്നതിലുമാണ്​ അത്തരം പഠനങ്ങള്‍ ശ്രദ്ധിക്കുന്നത്. ഭാഷയില്‍ പ്രകടമായ അന്യഭാഷാസാന്നിധ്യം കാണുമെങ്കിലും ഭാഷകരുടെ സ്വത്വനിര്‍മ്മിതിയിലെ നിഴലിഴകളായ അപരഭാഷാസാന്നിദ്ധ്യത്തിലേക്ക് നോട്ടം പതിയാറില്ല. അതില്‍നിന്നു വ്യത്യസ്തമായി സി. ജെ. ജോര്‍ജിന്റെ ‘ഇംഗ്ലീഷാവിഷ്ടമായ മലയാളം'  മലയാള സ്വത്വബോധത്തിന്റെ അപനിര്‍മ്മിതിയാണ് നിര്‍വ്വഹിക്കുന്നത്. ഇറക്കുമതി ചെയ്ത ആശയാലങ്കാര ജാടകളൊന്നുമില്ലാതെ തെളിഞ്ഞ മലയാളത്തില്‍ കലര്‍പ്പിന്റെ ഇഴകളുടെ നിഴല്‍ക്കൂത്ത് തിരയുന്ന സ്വത്വവിചാരം,  ഈ കൃതിയെ മലയാളഭാഷാസ്വത്വപഠനങ്ങളില്‍ വേറിട്ടതാക്കുന്നു.

കാമ്പുള്ള സ്വത്വവിചാരണയായി മാറിയതുകൊണ്ട് അധിനിവേശാനന്തര സമൂഹപഠനങ്ങളുടെ ആഗോള സംവാദ പരിസരത്തിലേക്ക് ഈ പഠനം വേരാഴ്​ത്തുന്നുണ്ട്. പശ്ചാത്തല പഠന മാതൃകകളില്‍നിന്ന് സമീപനത്തില്‍ നയപരമായ ഭിന്നത പുലര്‍ത്തുക വഴി ആഗോള സ്വത്വപഠനങ്ങളുടെ തുടര്‍ച്ചയായി ഈ പഠനം മാറുന്നു. ഭാഷാസമൂഹത്തിന്റെ സ്വത്വബോധത്തെ ആഴമേറിയ അപനിര്‍മാണത്തിന് വിധേയമാക്കിയത് അധിനിവേശാനന്തരസമൂഹപഠനങ്ങളാണ്. എഡ്വേര്‍ഡ് സെയ്ദ് (1979), അഹമ്മദ് എ. (1994), ഹോമി കെ. ഭാഭ (2000- 2002), ഗുഹി വാ തി ഓംഗേ (1986, 1993, 1994), ചിന്നുവാ അച്ചബേ (1958, 1994, 2006) എന്നിവരുടെ പഠനങ്ങള്‍ ഇവിടെ പശ്ചാത്തലമായി കാണാം. 

cj george
സി. ജെ. ജോർജ്ജ്

മലയാളിയുടെ ഭാഷാജീവിതത്തെ നേര്‍ക്കുനേര്‍ നോക്കി ഉള്‍ക്കനമുള്ള സ്വത്വവിചാരത്തിലേക്ക് ജോര്‍ജ് കടന്നുപോകുന്നു. ഭാഷാസമ്പര്‍ക്കചരിത്രത്തെ അടിയാധാരമാക്കി, സംക്രമണത്തിന്റെ അടരുകള്‍ ഓരോന്നായി തെളിയിച്ച്, മലയാളത്തിന്റെയും മലയാളിയുടെയും സാംസ്‌കാരികവ്യാകരണ