Tuesday, 19 October 2021

Politics of Political Islam


Text Formatted

തിയോക്രാറ്റിക് ഉട്ടോപ്യക്കെതിരെ
സെക്യുലറാനന്തര സാംസ്‌കാരിക രാഷ്ട്രീയം

സെക്യുലറാനന്തര സാംസ്‌കാരിക രാഷ്ട്രീയമാണ് പ്രസക്തം. അത് സ്വത്വത്തിന്റെ നിരാകരണമോ അല്ലെങ്കില്‍ മുഖ്യ സംസ്‌കാരത്തിലേക്ക് വിലയം പ്രാപിക്കുന്നതോ അല്ല.  വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ പൊതുമണ്ഡലത്തെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ്.

Image Full Width
Text Formatted

ദേശീയത, ദേശാഭിമാനം, ഇന്ത്യക്കാരനായിരിക്കുക  തുടങ്ങിയവയുടെ വിവക്ഷ വിശദീകരിക്കുന്ന  ഇവിടത്തുകാരായിരിക്കാനുള്ള പോരാട്ടം (The battle for belonging) എന്ന തന്റെ പുതിയ പുസ്തകത്തില്‍ ശശി തരൂര്‍, ദേശ- രാഷ്ട്ര അധീശത്വപരമായ ദേശീയതാവ്യവഹാരത്തിലേക്ക് സര്‍വതും ഏകീകരിക്കുന്ന പ്രക്രിയ എങ്ങനെയാണ്  വ്യത്യസ്തവും വിരുദ്ധവുമെന്ന്​ തോന്നിപ്പിക്കുന്ന ആഖ്യാനങ്ങളെ ഉന്മൂലനം ചെയ്​ത്​​  ആധുനിക ദേശരാഷ്ട്രത്തിന്റെ അസ്ഥിവാരം ഭദ്രമാക്കുന്നത് എന്നതിനെ  കുറിച്ച് പറയുന്നുണ്ട്. ശശി തരൂരിന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ തദ്ദേശീയരെ കൊന്നൊടുക്കി അതിനുമേല്‍ വെള്ളക്കാരന്‍ തന്റെ രാഷ്ട്രം കെട്ടിപ്പൊക്കിയതിന്​ സമാനമാണിതെന്നാണ്. ഇത് വിശദീകരിച്ചശേഷം, ഏതാണ്ടൊക്കെ  സമാന രീതിയില്‍  തന്നെയാണ്   ചൈനീസ് പാര്‍ട്ടി ഭരണകൂടം സിന്‍ ജിയാങ്ങ് പ്രവിശ്യയില്‍ മുസ്‌ലിം ജനസാമാന്യത്തെ ഇല്ലായ്മ ചെയ്യാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്ന   കാര്യം ശശി തരൂര്‍ അവതരിപ്പിക്കുന്നു:

"ഇന്നത്തെ ചൈനയില്‍, ‌സിന്‍ ജിയാങ് പ്രവിശ്യയില്‍ ഒരു ദശലക്ഷത്തോളം  ഉയിഗുര്‍   മുസ്‌ലിംകളെ തടങ്കല്‍പാളയത്തില്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അടച്ചിരിക്കുന്നു. ഈ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വെച്ച് അവരില്‍ നിന്ന് ഇസ്​ലാമിക വിശ്വാസത്തെ പിടിച്ചടര്‍ത്തി മാറ്റിയിരിക്കുന്നു. ഒപ്പം , അവരുടെ തുര്‍ക്കി ഭാഷയും അവരെക്കൊണ്ടു ഉപേക്ഷിപ്പിച്ചിരിക്കുന്നു. നിര്‍ബന്ധമായും താടി വടിച്ചുകളയാനും പന്നിയിറച്ചി കഴിക്കാനും അവരെ ശീലിപ്പിച്ചിരിക്കുന്നു. ഒട്ടും കാരുണ്യമില്ലാതെ അവരെ ഹാന്‍ ചൈനീസ് ഭാഷയും, സംസ്‌കാരവും, ഭൂരിപക്ഷത്തിന്റെ മൂല്യങ്ങളും പ്രബോധനങ്ങളിലൂടെ സ്വീകരിപ്പിക്കുന്നു. ഇതും ഒരു ഏകീകരണ പദ്ധതിയാണ്, ചൈനീസ് ദേശീതയുടെയും ചൈനീസ് ദേശ രാഷ്ട്രത്തിന്റെ ഉദ്ഗ്രഥനം ലക്ഷ്യമാക്കിയുള്ളത്.' (പേജ്, 53,  തരൂര്‍,  പരാമൃഷ്ട പുസ്തകം)