Thursday, 21 October 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 9


Text Formatted

ചിളക്കളൂരിപ്പേട്ടിലെ രതിസാഹസികര്‍ / 
പെദ്ദാപുരത്തെ പെണ്ണുങ്ങൾ 

ദേവദാസീ പിന്മുറക്കാരുടെ സാമൂഹ്യാവസ്ഥ ഒരുപാടൊന്നും മാറിയിട്ടില്ല. ഇപ്പോഴും ലൈംഗിക തൊഴില്‍ ലോകം സജീവം തന്നെയാണ്. പലരും കാമാത്തിപുരയിലേക്കും മറ്റും അവിടങ്ങളില്‍ നിന്ന് എത്തുന്നുമുണ്ട്. 

Image Full Width
Image Caption
ചിലകലുരിപേട്ട് ടൗൺ
Text Formatted

‘‘ഇപ്പോള്‍ നിങ്ങളവിടെ പോകുന്നത് റിസ്‌കാണ്, നാളെ രാവിലെ സഖാക്കളെയാരെയങ്കിലും കൂടെ വിടാം, ഗല്ലിയിലെ എന്‍.ജി.ഒകളുമായി ബന്ധമുള്ള ചിലരുണ്ട്. അവരെ വിളിക്കാം. അതുപോരേ''; ചിലക്കളൂരിപ്പേട്ടിലെ സി.പി.എം. പാര്‍ട്ടി ഓഫീസിലിരുന്ന് സഖാവ് ഉപേന്ദ്രനാഥ് റാവു ചോദിച്ചു. 
വക്കീലാണ്, ആന്ധ്രയിലെ ഇടതുപക്ഷ അഭിഭാഷക അസോസിയേഷന്‍ നേതാവും. കേരളത്തിലെ സി.പി.എം നേതാക്കളില്‍ ചിലരുമായി സൗഹൃദമുണ്ട്, കേരളത്തില്‍ വന്നിട്ടുമുണ്ട് സഖാവ് റാവു. 
‘‘ഇവിടെ വന്നിട്ട്, പെട്ടുപോകരുതല്ലോ എന്നുകരുതി പറയുകയാണ്, തിരിച്ചുപോയി, രാവിലെ വരൂ, കൂടെ ആളെ വിടാം. ഇപ്പോ പോകുന്നത് ഒട്ടും സുരക്ഷിതമല്ല, ഇവിടത്തെ ഗല്ലികള്‍ നിങ്ങള് കരുതും പോലെയല്ല. നേരം വൈകി, ഇരുട്ടാവാറായി. പത്രപ്രവര്‍ത്തകരായതുകൊണ്ട് കൂടുതല്‍ പ്രശ്‌നമാണ്. വാര്‍ത്ത ചെയ്യാന്‍ വരുന്നവരെ അവര്‍ക്കിഷ്ടമല്ല, നിങ്ങള്‍ക്കവിടെ പരിചയമില്ല, ഭാഷയും പ്രശ്‌നമാകും'';  റാവു സഖാവ് നിരുത്സാഹപ്പെടുത്തി.

ചിളക്കളൂരിപ്പേട്ടിലെ ഗല്ലികള്‍ കുപ്രസിദ്ധമാണ്. ആ ഗ്രൗണ്ട് റിയാലിറ്റി അറിയുന്ന മനുഷ്യന്റെ വാക്കാണ്. അത് മുഖവിലക്കെടുക്കാതിരിക്കാന്‍ മനസ്സ് അനുവദിച്ചില്ല. 

ചിളക്കളൂരിപ്പേട്ടിലെ ലോറിത്തെരുവുകള്‍ക്കരികിലെ പാര്‍ട്ടി ഓഫീസില്‍ നരച്ച കൊടികള്‍ക്കും പൊടി പിടിച്ച ചോപ്പ് കസേരകള്‍ക്കുമിടെ ഒരു പിടിയുമില്ലാതെ ഇരുന്നു. ഒപ്പമുള്ള സുഹൃത്ത് റാവു സഖാവിന്റെ മറുപടിയില്‍ പക്ഷേ തൃപ്തനായില്ല. 
‘‘ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട, ഗല്ലിയില്‍ പോകാം, ആദ്യം ഇവിടന്ന് ഇറങ്ങാം''; സുഹൃത്ത് ലൈന്‍ വ്യക്തമാക്കി. 
‘‘എങ്ങനെയെങ്കിലും ഒന്നോ രണ്ടോ അഭിമുഖം എടുക്കണം, ഗല്ലിയില്‍ റിസ്‌ക് ആയാലും നോക്കാം, സെക്‌സിനുള്ള ഇടപാടുകാര്‍ എന്നുപറഞ്ഞ് അവിടെ താമസിച്ചാലും പ്രശ്‌നമില്ല, പൈസ കൊടുക്കാം, മുറിയിലെത്തുന്ന സ്ത്രീയോട് കാര്യം പറയാമല്ലോ. അവരുടെ ജീവിതാവസ്ഥ കേള്‍ക്കാം, അത് സ്റ്റോറിയാക്കി എഴുതാം''; സുഹൃത്ത് ഞങ്ങളോട് റാവു കേള്‍ക്കാതെ വാദിച്ചു. 

പാര്‍ട്ടി ഓഫീസിലേക്ക് ചായയും ഉള്ളിവടയും ഏര്‍പ്പാടാക്കി സഖാവ്.