Thursday, 21 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 32

ഒഴുകി നടന്ന ഞാനും ആഹ്‌ളാദം ചോര്‍ന്ന ഉത്സവങ്ങളും 

 ട്രാഫിക്കിംഗ് എല്ലാവരും ഒരേപോലെ എതിര്‍ക്കുന്ന കാര്യമാണെങ്കിലും, അതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വന്തം തീരുമാനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളെയും എപ്പോഴും ഇരകളായി ചിത്രീകരിച്ചു. ഇത് ഒരു വിഭാഗം മനുഷ്യരുടെ കര്‍തൃത്വത്തെയും അസ്തിത്വത്തെ തന്നെയും നിഷേധിക്കുകയാണെന്ന യാഥാര്‍ഥ്യം അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രീ
Text Formatted

ല കുഞ്ഞുകുഞ്ഞു ലോകങ്ങളിലൂടെയും കയറിയിറങ്ങിയാണ് ജീവിതം മുന്നോട്ടുപോകുന്നത്. നാട്ടുനടപ്പനുസരിച്ച് നടന്നാലും അല്ലെങ്കിലും അങ്ങനെയാണ്. 
മുമ്പേ പോകുന്നവര്‍ തെളിക്കുന്ന വഴിയേ പോയാല്‍ ജീവിതം എളുപ്പമായേക്കും. എന്നാല്‍, അത് ബോറാകാനും സാദ്ധ്യതയുണ്ട്. ചിലപ്പോള്‍ നിനച്ചിരിക്കാത്ത പ്രതിസന്ധികളില്‍ ചെന്നുപെട്ടേക്കാം. അതിനാല്‍, പലപ്പോഴും ജീവിതത്തെ അതിന്റെ വഴിക്കുവിടുകയാണ് ഞാന്‍ ചെയ്തത്. കരിയറില്‍ ഏണിപ്പടികള്‍ കയറി മുകളിലേക്കുപോകുന്ന തരത്തില്‍ ഞാനൊരു പ്ലാന്‍ തയാറാക്കിയില്ല. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ട്. ഗുണം എന്തെന്നാല്‍, ഭയം കൂടാതെ ചിന്തിക്കാം. അഭിപ്രായം പറയാം. നിയന്ത്രണത്തിന്റെ കാണാച്ചരടുകളുടെ എണ്ണം കുറഞ്ഞു കിട്ടും.
സ്വന്തമായി നിലനില്‍ക്കണമെങ്കിലും ഒഴുകിനടക്കണമെങ്കിലും, വിഭവങ്ങള്‍ ആവശ്യമാണ്. അറിവ് ഒരു വിഭവമാണെങ്കിലും എപ്പോഴും അതിന് നമ്മള്‍ കരുതുന്നതുപോലെ വില ലഭിക്കുകയില്ല. മനുഷ്യര്‍ എപ്പോഴും പരസ്പരം പരതി നോക്കിക്കൊണ്ടിരിക്കുകയാണ്. ആരുടെ കൂടെ ചാഞ്ഞുനിന്നാലാണ് നമുക്ക് ജീവിതം സുഖകരമാക്കാന്‍ കഴിയുക? കൂടുതല്‍ സമയവും അധികാരകേന്ദ്രങ്ങളോട് ചാഞ്ഞുനില്‍ക്കാനാണ് മനുഷ്യര്‍ താല്‍പര്യം കാട്ടാറ്. അതില്‍ ഒരു സംരക്ഷണസുഖവും ലഭിക്കും. കുട്ടിക്കാലത്ത് മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്ന രക്ഷാബോധം പോലെയാണത്. വളര്‍ന്നു കഴിഞ്ഞാലും ഇതിന്റെ അംശങ്ങള്‍ ഏറ്റക്കുറച്ചിലോടെ നമ്മളില്‍ കൊഴിഞ്ഞു പോകാതെ കിടക്കും.
കീഴ്ജീവനക്കാര്‍, മേലുദ്യോഗസ്ഥരോട് അമിത വിനയം കാട്ടുന്നതും "നീയൊരു മണ്ടിയാണ്' എന്ന് ഭര്‍ത്താവ് മറ്റുള്ളവരുടെ മുന്നില്‍ വച്ച് പറയുമ്പോള്‍ അതിബുദ്ധിമതിയായ ഭാര്യ അതാസ്വദിക്കുന്നതായി അഭിനയിക്കുന്നതും, ഈ ഓര്‍മ ഉള്ളില്‍ കിടക്കുന്നതു കൊണ്ടാണ്. ചില ആളുകള്‍ (അതില്‍ കൂടുതല്‍ പുരുഷന്മാരും ചില സ്ത്രീകളും പെടും