Tuesday, 19 October 2021

എതിർ സിവിൽ സമൂഹം


Text Formatted

തെറിവിളിയെ തൊലിയുരിക്കാന്‍ കഴിയുന്ന ഒരു മറുഭാഷയെക്കുറിച്ച്  

പ്രതികരിക്കുന്ന സ്ത്രീയെ പണ്ടുചെയ്തിരുന്നതു പോലെ കൂകി വിളിച്ച് നിശബ്ദയാക്കാന്‍ ഇന്നു കഴിയില്ല എന്നതുകൊണ്ടു തന്നെ അവര്‍ക്കതിരെ കൂട്ടായ ആക്രമണം നിരന്തരം നടത്താന്‍ വ്യവസ്ഥാപിത ശക്തികള്‍ തുനിയുന്നു

Image Full Width
Image Caption
ജെ. ദേവിക / Photo: J Devika, Fb
Text Formatted

ഒന്ന്

കേരളത്തില്‍ പൊതുചര്‍ച്ചാവേദികളില്‍ ചരിത്രപരമായ സ്വാധീനം എന്നും രാഷ്ട്രീയകക്ഷികള്‍ക്കും സമുദായശക്തികള്‍ക്കുമായിരുന്നു. പൂര്‍ണമായും ഭരണകൂട കേന്ദ്രിതമല്ലാത്ത രാഷ്ട്രീയം ഉന്നയിക്കുകയും സ്ഥാപനവത്ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കപ്പുറമുള്ള, കൂടുതല്‍ ജനാധിപത്യപൂര്‍ണമായ സമൂഹഭാവനകള്‍ പങ്കുവയ്ക്കുന്നതുമായ ഒരു എതിര്‍- സിവില്‍ സമൂഹം ഇവിടെ രൂപപ്പെട്ടത് ചരിത്രദൃഷ്ടിയില്‍ സമീപകാലത്തു മാത്രമാണ് - ഏകദേശം 40 വര്‍ഷത്തിനിടയില്‍. ഈ പുതു സിവില്‍സമൂഹം തുറന്നിട്ട ചര്‍ച്ചായിടങ്ങളില്‍ സജീവമായത് സാഹിത്യ രചയിതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഗവേഷകര്‍ മുതലായവരാണ്. രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്‍കൈയുള്ള ഇടങ്ങളില്‍ ഇക്കൂട്ടര്‍ മുമ്പൊരിക്കലും ഇല്ലായിരുന്നുവെന്നല്ല. പക്ഷേ രാഷ്ട്രീയക്കാരുടെ ശബ്ദങ്ങളില്‍ നിന്ന് ഇവരുടെ ശബ്ദങ്ങളെ വേര്‍തിരിക്കാന്‍ പലപ്പോഴും എളുപ്പമായിരുന്നില്ല. (രാഷ്ട്രീയക്കാര്‍ക്കുമീതെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച ബുദ്ധിജീവികളുടെ അനുഭവം നല്ലതുമായിരുന്നില്ല). 

വര്‍ഗ രാഷ്ട്രീയത്തെയോ ദേശീയതയെയോ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയകക്ഷികളില്‍ നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തില്‍ നിശബ്ദരാക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദങ്ങള്‍ക്കും ദേശീയ വികസനത്തിന്റെ സാര്‍വത്രിക സാന്നിധ്യത്തില്‍ അദൃശ്യമായ വിഷയങ്ങള്‍ക്കും ഇടയുണ്ടാക്കാനുള്ള ഈ ശ്രമം തീരെ എളുപ്പമായിരുന്നില്ല. മൂന്നു മുഖ്യപ്രശ്‌നങ്ങളാണ് അതിനു തുനിഞ്ഞവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്.

പൊതുചര്‍ച്ചായിടങ്ങളുടെ സമീപകാല വികാസം എതിര്‍ സിവില്‍ സമൂഹ ശബ്ദങ്ങള്‍ക്ക് കാര്യമായ ഇടവും ഗുണവുമുണ്ടാക്കിയിട്ടുണ്ടെങ്കിലും മുമ്പു നിലനിന്ന വെല്ലുവിളികളെ അവ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുമുണ്ട്.

ഒന്നാമതായി, വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും സമുദായശക്തികളും മറ്റും ഈ പുതിയ വിഷയങ്ങളും ഭാഷയും അപ്രസക്തങ്ങളും വരേണ്യത മുറ്റിനില്‍ക്കുന്നവയുമാണെന്നു സ്ഥാപിക്കാന്‍ നിരന്തര പരിശ്രമം നടത്തി. തങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന വിഷയങ്ങളും ഉപയോഗിച്ച ഭാഷ