Sunday, 28 November 2021

ക്ലാസിക്​ വായന


Text Formatted

മാരിക്കാലം

അടച്ചിരിപ്പിന്റെ നൂറാനന്ദം 

ക്വാറന്റയിന്‍ അനുഭവങ്ങളുടെ ഏറ്റവും ആദ്യത്തെ സാഹിത്യാവിഷ്‌കാരമാണ് ഡെകാമറണ്‍. ലോക്ക്ഡൗണും ക്വാറന്റയിനും കണ്‍ടൈന്‍മെന്റും ജീവിതത്തിന്റെ  ഭാഗമായി മാറിയ നാളുകളില്‍ ഈ കൃതി വീണ്ടും ചര്‍ച്ചയാവുകയുമാണ്-
​​​​​​​ലോകത്തെ വിസ്​മയിപ്പിച്ച ക്ലാസിക്കുകളുടെ പുനർവായന തുടങ്ങുന്നു

Image Full Width
Image Caption
ഡെകാമറണ്‍ കഥകളിലൊന്നിന് ജോണ്‍ വില്യം വാട്ടർഫീല്‍ഡിന്റെ ചിത്രീകരണം (1916) / Photo: Wikimedia Commons
Text Formatted

രോഗം ലാവണ്യബോധമുള്ള ഒരു കൂട്ടിരിപ്പുകാരനെ പോലെ എഴുത്തുമുറിയില്‍ ഉറക്കമൊഴിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കോളറ മുതല്‍ കൊറോണ വരെ എഴുത്തുമേശയിലേക്ക് പടര്‍ന്നുപിടിച്ച മഹാമാരികള്‍ അനവധിയാണ്. രോഗം കഥാവസ്തുവായും പ്രേരകവസ്തുവായും പ്രവര്‍ത്തിക്കാറുണ്ട്. എഴുതുന്നയാളെ ബാധിച്ച രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും എഴുത്തിനെ പിന്തുടരാറുമുണ്ട്. സാഹിത്യത്തെ എങ്ങനെയാണ് രോഗം ബാധിക്കുന്നത് എന്നതിന് ചരിത്രത്തില്‍ തെളിവുകള്‍ ഏറെയുണ്ട്.    

ചെറുപ്പക്കാരായ പത്തു കൂട്ടുകാര്‍, ഏഴ് സ്ത്രീകളും മൂന്നു പുരുഷന്മാരും; അവരൊന്നിച്ച്  ഒരു ക്വാറന്റയിന്‍ കാലം. അതും സര്‍വസൗകര്യങ്ങളുമുള്ള കൊട്ടാരസദൃശമായ വസതിയില്‍. 650 വര്‍ഷം മുന്‍പുള്ള ഈ  ക്വാറന്റയിന്‍ കഥയാണ് ഡെകാമറണ്‍ കഥകള്‍ എന്ന കൃതി.  

ഏതാണ്ട് എ.ഡി. 1350നോടടുപ്പിച്ച കാലം. 
കറുത്ത മരണം എന്ന പേരില്‍ അറിയപ്പെട്ട പ്ലേഗ് യൂറോപ്പിനെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ഇറ്റലിയിലെ സുന്ദര നഗരമായ ഫ്‌ലോറന്റ്റൈനില്‍ അതിവേഗത്തില്‍ പടര്‍ന്നുകൊണ്ടിരുന്ന ആ മഹാമാരി ദിവസവും കവര്‍ന്നെടുത്തുകൊണ്ടിരുന്ന ജീവനുകള്‍ അനവധി. വഴിയരികില്‍ പോലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി. ശ്മശാനങ്ങളില്‍ ഇടം തികയാതെയായി. വീടുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങി. മരണം മാത്രം മുന്നിലുള്ള ദിവസങ്ങള്‍.  
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരായ ഏഴ് യുവതികള്‍ ഫ്‌ളോറെന്റ്റൈനിലെ സാന്റാ മരിയ നോവെല്ല ബസലിക്കയില്‍ കണ്ടുമുട്ടുന്നു. അടുത്ത ബന്ധുക്കളുടെ മരണം നല്‍കിയ ദുഃഖത്തിലും ഒറ്റപ്പെടലിലും മനംനൊന്ത് പള്ളിയിലെത്തിയ അവരൊക്കെയും അയല്‍ക്കാരോ ബന്ധുക്കളോ ആയിരുന്നു. തുല്യദുഖിതരും. ഒറ്റക്കോ പേരിനുമാത്രം ഭൃത്യര്‍ക്കൊപ്പമോ സ്വന്തം വീടുകളില്‍ കഴിയുകയായിരുന്നു അവര്‍.