Saturday, 27 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

എന്റെ മാഷ്, അമ്മയുടെയും...

എന്നെ പഠിപ്പിച്ച മറ്റേതൊരു മാഷിന്റെയും ടീച്ചറിന്റെയും പേര് മറന്നാലും എന്റെ അമ്മ മനോഹരന്‍ മാഷിന്റെ പേര് മറക്കാത്തതിനും കാരണം മറ്റൊന്നല്ല. എന്റമ്മയ്ക്ക് മാഷ്, എനിക്ക്  ‘യൂണിഫോമും നോട്ടും തന്ന മാഷ്' ആണ്.

Image Full Width
Image Caption
വട്ടോളി നാഷണല്‍ സ്‌കൂള്‍
Text Formatted

ങ്ങളുടെ വട്ടോളി നാഷണല്‍ സ്‌കൂളില്‍ ഒരു മനോഹരന്‍ മാഷ്  ഉണ്ടായിരുന്നു, ലോക്ക്ഡൗണ്‍ സമയത്താണ് റിട്ടയറായത്, അത് അച്ഛന്‍ പറഞ്ഞാണ് അറിഞ്ഞത്. പത്താം ക്ലാസില്‍ ഹിസ്റ്ററി എടുത്തത് മാഷായിരുന്നു. ചതുരമുഖമാണ്, ഷര്‍ട്ട് ഇന്‍സേട്ട് ചെയ്തിരുന്ന അപൂര്‍വം മാഷമ്മാരില്‍ ഒരാള്‍. പയ്യെ നടക്കുന്ന, സൗമ്യമായി സംസാരിക്കുന്ന ഒരു സാധു മാഷ്. ദൂരെ നിന്ന് കണ്ടാല്‍ പോലും ആ നടപ്പും വസ്ത്രധാരണരീതിയും കാരണം മാഷെ എളുപ്പം മനസിലാകും.  

2004 -05 സമയം. അക്ബര്‍ മാഷൊക്കെ (എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍) പഠിപ്പിക്കുന്ന സമയം. ഒന്‍പതാം ക്ലാസില്‍ മലയാളത്തിന് അക്ബര്‍ മാഷായിരുന്നു. തമാശകള്‍ പറഞ്ഞും, പൊട്ടിച്ചിരിച്ചുമൊക്കെ കഥകള്‍ വായിച്ചും ഓരോരുത്തരെക്കൊണ്ടും കഥകള്‍ വായിപ്പിച്ചുമൊക്കെയാണ് അക്ബര്‍ മാഷിന്റെ ക്ലാസ്. കഥാപാത്രങ്ങളുടെ ഭാവവും വികാരവും അതേപടി ഉള്‍ക്കൊണ്ട് കഥ വായിച്ചു തരുന്നതില്‍ മാഷിന് പ്രത്യേക കഴിവായിരുന്നു, സ്‌നേഹക്കൂടുതല്‍ കൊണ്ട് ഞങ്ങള്‍ ചിലര്‍ മറ്റ് കുട്ടികളോ എന്തിന് മാഷുപോലും അറിയാതെ "അക്കൂട്ടന്‍' എന്ന ചെല്ലപ്പേര് മാഷിനിട്ടിരുന്നു. എഴുത്തുമൊക്കെയായി നടക്കുന്ന മാഷ് സ്ഥിരമായി ക്ലാസില്‍ വരുമായിരുന്നില്ല; എങ്കിലും വരുന്ന ദിവസങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷമുള്ളവയായിരുന്നു. അത്രയേറെ മാഷ് ഞങ്ങളെ ചിരിപ്പിച്ചിട്ടുണ്ട്, കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്. ദീനാമ്മ എന്ന കഥയിലെ "ദീനാമ്മേ' എന്ന നായകന്റെ വിളി അതേ വികാരത്തോടെ വായിച്ചു തരാന്‍ വേറെ ഏതുമാഷിന് പറ്റും?. അക്ബര്‍ മാഷെക്കുറിച്ചെഴുതാന്‍ തുടങ്ങിയാല്‍ നീണ്ടുപോകും. 

ഈ അനുഭവത്തിലെ നായകന്‍ മനോഹരന്‍ മാഷാണ്. ഞങ്ങളുടെ സ്‌കൂളില്‍ യൂണിഫോമും നോട്ടുപുസ്തകങ്ങളും വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇവ കൊടുക്കാനുള്ള ചുമതല  മനോഹരന്‍ മാഷിനായിരുന്നു. ഞാന്‍ ആ സമയത്ത് ഒന്‍പതാം ക്ലാസിലാണ്. യൂണിഫോമോ നോട്ടുബുക്കോ ഇല്ലാതെ ബുദ്ധിമുട്ടുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഒഴിവുസമയത്ത് മാഷെ ചെന്നുകാണാന്‍ അദ്ദേഹം ക്ലാസില്‍ വന്നു പറയും.