Wednesday, 29 March 2023

നോവല്‍


Text Formatted
naithikamandalam-story-title
Image Full Width
Image Caption
ചിത്രീകരണം : സുധീഷ് കോട്ടേമ്പ്രം
Text Formatted

അധ്യായം ആറ്: ഹില്‍സ

ആദ്യനവാബിന്റെ വരവുതന്നെ ശ്രദ്ധിക്ക്.
ഖുര്‍ഷിദ് ഖുലിഖാന്‍ ജനിക്കുമ്പോള്‍ സൂര്യനാരായണ്‍ മിശ്രയായിരുന്നു. നിത്യദാരിദ്ര്യത്തില്‍ കഴിയവെ വെളുത്ത സൂര്യനാരായണനെ കുഞ്ഞുങ്ങളില്ലാതിരുന്ന മുഗള്‍ ഓഫീസര്‍ ഷാജി ഷാഫിക്ക് ഇഷ്ടമായി. കുഞ്ഞിനെ ദത്തെടുക്കാന്‍ കുടുംബനിയമം അനുവദിക്കില്ല. കുടുംബക്കാരുടെ നാക്കും വംശശാപവും ഭയന്ന ഷാഫി സൂര്യനാരായണനെ സ്വന്തമാക്കാന്‍ വഴിതിരഞ്ഞു. ഓരോ ദിവസത്തേയും യാത്രയില്‍ സൂര്യനാരായണന്റെ വീടു കടന്നുപോകുമ്പോള്‍ അയാള്‍ കരുതലോടെ ഗൃഹത്തിനകത്തേക്ക് നോക്കും. കൂട്ടക്കരച്ചിലും തുറിച്ച കണ്ണുകളും പൂജാപാത്രങ്ങളുമല്ലാതെ യാതൊന്നും കാണുകയില്ല. കൂട്ടക്കരച്ചില്‍ കുഞ്ഞുങ്ങളുടേതും തള്ളയുടേതുമായിരുന്നു. കരളലിഞ്ഞ ഷാഫിക്ക് നിയമാനുസൃതമായ തന്ത്രം തെളിഞ്ഞു. അടിമകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കാലമാണ്. രാജവിളംബരത്തിന്റെ പിന്‍ബലത്തോടെ ഷാഫി സൂര്യനാരായണനെ അടിമയായി വാങ്ങുകയും കുടുംബത്തെ നികുതികളില്‍നിന്ന് ഒഴിവാക്കുകയും വീടിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നല്‍കുകയും ചെയ്തു. അടിമയെന്നത് നിയമാനുസൃതമായി പങ്കുവെക്കപ്പെട്ട സ്ഥാനം മാത്രമായിരുന്നു. ഷാജിഷാഫിയുടെ പിതൃസ്‌നേഹത്തില്‍ അവന്‍ വളര്‍ന്നു. എല്ലാ ശുഭാന്ത്യ കഥകളുടേയും വഴിത്തിരിവുപോലെ ഷാഫി അകാലത്തില്‍ മരണമടഞ്ഞു. നേരത്തേ ഷാഫിയുടേയും സൂര്യനാരായണന്റേയും അടിമക്കഥ അറിയാവുന്ന വിദര്‍ഭ ദിവാന്‍ സൂര്യനാരായണനെ വിളിപ്പിച്ചു. മുഹമ്മദ് ഖുലിഖാനായാണ് സൂര്യന്‍ പുതിയ ഉദ്യോഗത്തില്‍ പ്രവേശിച്ചത്. വിദര്‍ഭയുടെ രാഷ്ട്രതന്ത്രം മുഹമ്മദ് ഖുലിഖാന്‍ വളരെപ്പെട്ടെന്ന് പഠിച്ചു. ദിവാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔറംഗസേബിന്റെ പ്രശംസവരെ വന്നെത്തി. വിദര്‍ഭയുടെ വളര്‍ച്ചയുടെ സൂത്രധാരനെ കാണണമെന്നായി ഔറംഗസേബ്. ഔറംഗസേബിനെ മുഖംകാണിക്കാന്‍ ചെന്ന ആദ്യനിമിഷത്തില്‍ തന്നെ മുഹമ്മദ് ഖുലിഖാന്റെ നേതൃപാടവം മണത്തറിഞ്ഞ മുഗള്‍രാജാവ് ബംഗാളിലെ ദിവാനായി ഖുലിഖാനെ അവരോധിക്കാന്‍ തീരുമാനിച്ചു.