Sunday, 07 August 2022

പെഗാസസ്​ വിവാദം


Text Formatted

പെഗാസസ്​ ആക്രമണം: ഈ നിശ്ശബ്​ദത
മോദി സർക്കാറിനെ പ്രതികൂട്ടിലാക്കുന്നു

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇസ്രയേലുമായുള്ള ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ വന്ന സവിശേഷ മാറ്റങ്ങൾ പെഗാസസ്​ ചോർത്തലുമായി കൂട്ടിവായിക്കേണ്ടതുണ്ട്- പെഗാസസ്​ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിക്കുകയും പാർലമെൻറിൽ പ്രതിപക്ഷ ​പ്രതിഷേധത്തിൽ പങ്കാളിയുമായ ജോൺ ബ്രിട്ടാസ്​ എം.പി എഴുതുന്നു

Image Full Width
Text Formatted

ന്ത്യന്‍ ജനാധിപത്യം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന വിഷയമായി പെഗാസസ് മാറിയിരിക്കുകയാണ്. സാമ്പ്രദായികമായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലു തൂണുകള്‍ എന്ന് വിശേഷിപ്പിക്കുന്ന എക്‌സിക്യുട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി, മീഡിയ എന്നിവയുടെ തകര്‍ച്ചയാണ് പെഗാസസ് എന്ന സൈബര്‍ ആയുധം ലക്ഷ്യം വെക്കുന്നത്. എക്‌സിക്യൂട്ടീവിലെ ഒരു വിഭാഗം ആളുകള്‍ക്കെതിരെ ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്. നരേന്ദ്രമോദിക്ക് നിരീക്ഷിക്കേണ്ടവരെ പെഗാസസിലൂടെ നിരീക്ഷിക്കുന്നുണ്ട്. ഒരു ജഡ്ജിക്കെതിരേയും, ഒരു ജഡ്ജിക്ക് വേണ്ടിയും ഇത് പ്രയോഗിച്ചതായി തെളിയിക്കപ്പെട്ടു.

ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കു നേരെയും ഈ സ്പെെ വെയര്‍ പ്രയോഗിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് അര്‍ത്ഥം നല്‍കുന്നത് പ്രതിപക്ഷത്തിന്റെ സാന്നിധ്യമാണ്. കേന്ദ്ര സര്‍ക്കാറിനെതിരെ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല, സര്‍ക്കാറിനെ പിന്തുണക്കുന്ന മാധ്യമങ്ങളുടെ എഡിറ്റര്‍മാരെ പോലും ഈ സമ്പൂര്‍ണ നിരീക്ഷണ വലയത്തിനുള്ളില്‍ കൊണ്ടുവന്നിട്ടുണ്ടെന്നതാണ് വസ്തുത. പെഗാസസിനെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുണ്ടായിട്ടും രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ അതിനെതിരെ പ്രതികരിക്കുന്നില്ലെന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട്​പ്രതിഷേധിച്ച പത്രങ്ങള്‍ പോലും ഇന്ന് മുട്ടിലിഴയുന്ന കാഴ്ചയാണ്.

ആദ്യ പേജില്‍ പെഗാസസിനെ കുറിച്ച് വാര്‍ത്ത നല്‍കാത്ത പത്രങ്ങള്‍ പോലും രാജ്യത്തുണ്ട്. അത്ര പ്രാധാന്യമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പെഗാസസിന് നല്‍കുന്നത്.

സാമ്പത്തിക താല്‍പര്യങ്ങളിലൂന്നിയ ഭയമായിരിക്കണം ഇതിനു പിന്നില്‍. ഏതെങ്കിലും തരത്തില്‍ കേന്ദ്ര സര്‍ക്കാറിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ അഴിച്ചു വിടുകയെന്നത് പതിവാണ്. ഈയിടെ ദൈനിക് ബാസ്‌കറില്‍ ഇ.ഡി. നടത്തിയ വ്യാപക പരിശോധന ഉദാഹരണം. സര്‍ക്കാറിനോട് താല്‍പര്യം പ്രകടിപ്പിക്കുന്ന പത്രമായിരുന്നത്. എന്നാല്‍ കോവിഡ് കാലത്തെ സര്‍ക്കാറിന്റെ അനാസ്ഥ തുറന്നു കാണിക്കുന്ന റിപ്പോര്‍ട്ടിങ്ങാണ് ദൈനിക് ഭാസ്‌കറില്‍ നടന്ന പരിശോധയ്ക്ക് പ്രേരകമായതെന്ന് അനുമാനിക്കാം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശിശിര്‍ ഗുപ്ത, വ്യൂസ് എഡിറ്റര്‍ പ്രശാന്ത് ജാ, ഡിഫന്‍സ് കറസ്‌പോണ്ടൻറ്​ രാഹുല്‍ സിങ്ങ് എന്നിവര്‍ പെഗാസസ് പട്ടികയില്‍ ഉണ്ടായിരുന്നിട്ടും, ഒറ്റ കോളം വാര്‍ത്തയായിട്ടാണ് പത്രം ആദ്യ ദിവസം പെഗാസസ് വിഷയം കൈകാര്യം ചെയ്തത്. ആദ്യ പേജില്‍ പെഗാസസിനെ കുറിച്ച് വാര്‍ത്ത നല്‍കാത്ത പത്രങ്ങള്‍ പോലും രാജ്യത്തുണ്ട്. അത്ര പ്രാധാന്യമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പെഗാസസിന് നല്‍കുന്നത്.

dainik-bhaskar
ദൈനിക് ബാസ്‌കറിന്റെ ഉത്തര്‍പ്രദേശിലുള്ള ന്യൂസ് ചാനല്‍ ഓഫീസില്‍ നടത്തിയ ഇന്‍കം ടാക്‌സ് പരിശോധന

പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ നിസ്സാരവത്കരിച്ചും, പതിവ് വാചാടോപങ്ങളിലൂടെയുമാണ് ഭരണകൂടം പെഗാസസിനെ നേരിടുന്നത്. ഏതൊരു ജനാധിപത്യ സര്‍ക്കാരും അംഗീകരിക്കേണ്ട ഉപാധികള്‍ മാത്രമാണ് പ്രതിപക്ഷം ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ചത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഉത്തരവാദിയായ മന്ത്രി, അമിത് ഷാ, പാര്‍ലമെന്റില്‍ സമഗ്രമായ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവുകയും, വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യണം. എന്നാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനുള്ള പ്രാധാന്യം പോലും പെഗാസസ് വിഷയത്തിനില്ലെന്നാണ് ഭരണപക്ഷ നിലപാട്. ആദ്യ ദിവസം തന്നെ വിഷയത്തെ വെള്ളപൂശാൻ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്​ണവ്​ ഒഴുക്കന്‍ മട്ടിലുള്ള ഒരു സ്റ്റേറ്റ്‌മെൻറ്​ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അശ്വിനി വൈഷ്ണവ് പോലും പെഗാസസ് ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.

pegasus
പെഗാസസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പാർലമെന്റില്‍ മറുപടി നല്‍കുന്ന വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.

2017-ലെ പുത്തുസ്വാമി vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധി പ്രസ്താവം അനുസരിച്ച് സ്വകാര്യത ഒരു മൗലികാവകാശമാണെന്നും, ഈ അവകാശം  സംരക്ഷിക്കപ്പെടുന്ന നടപടികള്‍  ഉണ്ടാവണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഡാറ്റ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ കമീഷന്റെ ഒരു റിപ്പോര്‍ട്ടു വന്നു. ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒരു കരട് ബില്‍ ആവിഷ്‌കരിച്ച് അത് സംയുക്ത പാര്‍ലിമെന്ററി സമിതിക്ക് വിട്ടു. 2019 ഡിസംബറിലായിരുന്നത്. സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് എന്ന് വരുമെന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ല. സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ നിസ്സംഗതയോടെ നോക്കിക്കാണുന്നതിന്റെ ഉദാഹരമാണിത്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലക്കും, പാര്‍ലമെൻറ്​ അംഗം എന്ന നിലക്കുമാണ് പെഗാസസ് സ്പെെ വെയർ പ്രയോഗത്തിനെതിരെ ഞാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് പ്രതികരണമൊന്നും ലഭിക്കുന്നില്ല. ഇന്ത്യയുടേത് ഒരു പാര്‍ലമെന്ററി സമ്പ്രദായമാണ്, അതില്‍ എക്‌സിക്യുട്ടീവ് അഥവാ സര്‍ക്കാര്‍ പാര്‍ലമെന്റിനോട് ഉത്തരവാദിത്തം പ്രകടിപ്പിച്ചു കൊണ്ടാണ് ഭരണം മുന്നോട്ടു കൊണ്ടു പോകേണ്ടത്. എന്നാല്‍ പാര്‍ലമെന്റിനെ ഒരു കാരണവശാലും വിശ്വാസത്തിലെടുക്കില്ലെന്ന സർക്കാറിന്റെ നിർബന്ധബുദ്ധി കാരണമാണ് പാര്‍ലമെൻറ്​ അംഗമായ എനിക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്.

ഇസ്രയേലിലെ എന്‍.എസ്.ഒയുടെ പെഗാസസ് എന്ന സ്പെെ വെയർ സര്‍ക്കാര്‍ ഉപയോഗിച്ചോ ഇല്ലയോ എന്ന ഒറ്റ ചോദ്യത്തിനാണ് മറുപടി ലഭിക്കേണ്ടത്.

മാധ്യമ മേഖലയെ തന്നെ അര്‍ത്ഥശൂന്യമാകുന്ന ഒരവസ്ഥയാണ് പെഗാസസ് സൃഷ്ടിച്ചത്. സര്‍ക്കാറിനോട് വിമര്‍ശനാത്മക നിലപാട് പുലര്‍ത്തുന്ന നിരവധി മാധ്യമപ്രവര്‍ത്തകരാണ് പെഗാസസ് പട്ടികയിലുള്ളത്. നിരന്തര നിരീക്ഷണ ഭീഷണി നിലനില്‍ക്കേ, മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയുമായി ബന്ധപ്പെട്ട് ഏതെങ്കിലും സോഴ്‌സില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇന്ത്യയിലെ സ്വതന്ത്ര അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ തന്നെ അവസാനമായിരിക്കാം ഒരുപക്ഷെ ഇത്.

ഇസ്രയേലിലെ എന്‍.എസ്.ഒയുടെ പെഗാസസ് എന്ന സ്പെെ വെയർ സര്‍ക്കാര്‍ ഉപയോഗിച്ചോ ഇല്ലയോ എന്ന ഒറ്റ ചോദ്യത്തിനാണ് മറുപടി ലഭിക്കേണ്ടത്. ആഭ്യന്തരമായും അന്തരാരാഷ്ട്ര തലത്തിലും ഇന്ത്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതില്‍ പ്രധാനം ഈ ചോദ്യത്തിനുള്ള ഉത്തരമില്ലായ്മയാണ്.  പെഗാസസ് ആക്രമണത്തിനിരയായ ഫ്രാന്‍സ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഇസ്രയേലുമായി വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായി. പെഗാസസ് പ്രൊജക്ട് പട്ടികയിലുണ്ടായിരുന്ന ഫ്രാന്‍സിലെ മൂന്ന് മാധ്യമപ്രവർത്തകരുടെ ഫോണില്‍ പെഗാസസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. പെഗാസസിന്റെ പ്രഭവ കേന്ദ്രമായ ഇസ്രയേല്‍ പോലും എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

nso-group (1).jpg
പെഗാസസിന്റെ പ്രഭവ കേന്ദ്രമായ ഇസ്രയേല്‍ പോലും എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്..

പെഗാസസ് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ സമ്പൂര്‍ണ ജനാധിപത്യ വ്യവസ്ഥ ഉണ്ടെന്ന് അവകാശപ്പെടാവുന്ന ഒരു രാജ്യം ഇന്ത്യ മാത്രമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരന്വേഷണമോ, പാര്‍ലമെന്റില്‍ ഒരു സമ്പൂര്‍ണ ചര്‍ച്ചയ്ക്കോ തയ്യാറാവാതിരിക്കുമ്പോള്‍‌, ഇന്ത്യയുടെ ജനാധിപത്യ അവകാശവാദങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കേവലം ഫോണ്‍ ടാപ്പിങ്ങ് ആയോ, നിരീക്ഷണോപാധിയായോ പെഗാസസിനെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ മേല്‍ ഭരണകൂടം സമ്പൂര്‍ണമായ ആധിപത്യം സ്ഥാപിക്കുകയാണിതിലൂടെ. പൗരന്മാരെ ഒരു സാങ്കേതിക വിദ്യയുടെ അടിമയാക്കി മാറ്റി, വ്യക്തികളുടെ സ്വതന്ത്രപ്രകടനത്തെ നിര്‍വീര്യമാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയാണ്.

സുപ്രീം കോടതി സമഗ്രമായ ഒരിടപെടലിലൂടെ പെഗാസസ് വിഷയം അനാവരണം ചെയ്യുകയും, ഇന്ത്യയില്‍  അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന ഒരുപാട് തിരുത്തലുകള്‍ക്ക് വഴിവെക്കുകയും വേണം.

ഭരണകൂടം ഭീമ കൊറേഗാവ് കേസ് കൈകാര്യം ചെയത് രീതിയുടെ ഭീകരാവസ്ഥ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ഭീമ കൊറേഗാവ് കേസിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോഴാണ് പെഗാസസിന്റെ ഇരട്ട മുഖം വ്യക്തമാകുന്നത്- ഇന്റര്‍സെപ്ഷന്‍, ഇന്‍ഫെക്ഷന്‍. ഒരു വ്യക്തിയുടെ ഡിജിറ്റല്‍ ഡിവൈസിനെ ഭേദിക്കാനും (ഇന്റർസെപ്റ്റ്), പ്രസ്തുത വ്യക്തിയെ രാജ്യദ്രോഹിയായി കണക്കാക്കാനുള്ള തെളിവുകള്‍ ഡിവൈസില്‍ നിക്ഷേപിക്കാനും (ഇന്‍ഫെക്ട്) ചെയ്യാനും പെഗാസസിലൂടെ സാധിക്കും.

ഭീമ കൊറേഗാവ് കേസിലെ പ്രതിപട്ടികയിലുള്ള റോണ വില്‍സണിന്റേയും, സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റേയും കമ്പ്യൂട്ടറുകളില്‍ തെളിവുകള്‍ ബാഹ്യമായ ഇടപെടലിലൂടെ നിക്ഷേപിച്ചതാണെന്ന് മസാച്യുസെറ്റ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങ് എന്ന ഡിജിറ്റല്‍ ഫൊറന്‍സിക് ഫേം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഫോറന്‍സിക് ലാബ് ഇത് കണ്ടെത്താനോ, കണ്ടെത്തിയെങ്കില്‍ അത് പുറത്തു വിടാനോ തയ്യാറായിട്ടില്ല. വിദേശ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. ഭീമ കൊറേഗാവ് കേസില്‍ രാജ്യത്തെ മാധ്യമ മേഖല പ്രകടിപ്പിച്ച നിസ്സംഗതയും നിഷ്‌ക്രിയത്വവും ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭീമ കൊറേഗാവ് കേസില്‍ മാത്രമല്ല, തങ്ങളുടെയും പടിവാതില്‍ക്കലെത്തി നില്‍ക്കുന്നെന്ന് അറിഞ്ഞിട്ടു പോലും മാധ്യമങ്ങള്‍ നിഷ്‌ക്രിയത്വം തുടരുകയാണ്.

jail-and-human-rights
സുരേന്ദ്ര ഗാഡ്‌ലിങ്ങ്, റോണ വില്‍സണ്‍

40 രാജ്യങ്ങള്‍, പത്തു പ്രധാനമന്ത്രിമാര്‍, മൂന്നു പ്രസിഡന്റുമാര്‍, ഒരു റോയല്‍ കിങ്ങ്, ഇത്ര ഗുരുതരമാണ് പെഗാസസ് അക്രമണത്തിന്റെ വ്യാപ്തിയും ടാര്‍ഗെറ്റിങ്ങും. എന്നാല്‍ പെഗാസസ് വിഷയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അലങ്കോലമാക്കാനുള്ള പ്രതിപക്ഷത്തിന്റെ പൊയ്‌വെടിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യം. അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ അവരിപ്പിച്ച പ്രസ്താവനയില്‍ അതെടുത്തു പറയുന്നുണ്ട്. ഇത്തരത്തില്‍ വിഷയത്തെ അടച്ചാക്ഷേപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്.

സുപ്രീം കോടതി സമഗ്രമായ ഒരിടപെടലിലൂടെ പെഗാസസ് വിഷയം അനാവരണം ചെയ്യുകയും, ഇന്ത്യയില്‍  അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന ഒരുപാട് തിരുത്തലുകള്‍ക്ക് വഴിവെക്കുകയും വേണം. ആറു മാസം മുന്‍പായിരുന്നെങ്കില്‍ ഈ റിട്ട്​ ഹര്‍ജിയുമായി ഞാന്‍ സുപ്രീം കോടതിയെ സമീപിക്കില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ സുപ്രീം കോടതിയില്‍ നിന്ന്​ അനുകൂല വിധി പ്രതീക്ഷിക്കുന്നുണ്ട്. സുപ്രീം കോടതി ഉള്‍പ്പടെ ഇന്ത്യയിലെ ഒരു സംവിധാനത്തിനും ഇതില്‍ നിന്ന് പരിരക്ഷ ഇല്ലെന്ന തിരിച്ചറിവാണ് വേണ്ടത്.

ഒരു വ്യക്തിയുടെ സ്വകാര്യതയെ എല്ലാ തലത്തിലും ഭേദിക്കുന്ന പെഗാസസ് സ്‌പൈവെയറിനെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്ന് പറയുന്നത്, കേന്ദ്ര സര്‍ക്കാറിന്റെ അമിതാധികാര പ്രവണതയുടെ തെളിവാണ്.

യു.കെയിലെ MI5 ആണെങ്കിലും, യു.എസിലെ സി.ഐ.എ. ആണെങ്കിലും ജനാധിപത്യ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിയമനിര്‍മാണത്തിന്റെ അടിത്തറയുണ്ട്. ഇവയെല്ലാം ഒരു നിയമനിര്‍മാണത്തിലൂടെ സൃഷ്ടിക്കപ്പെട്ടവയാണ്. ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് (IB) ഇത്തരത്തില്‍ അവകാശപ്പെടാനാവുന്നത് 1887-ലെ ഒരു സര്‍ക്കാര്‍ ഉത്തരവ് മാത്രമാണ്. സമാനമായി 1968-ല്‍ റോ (Research and Analysis Wing) രൂപീകരിക്കുന്നതും സര്‍ക്കാര്‍ ഉത്തരവിന്റെ മാത്രം പിന്‍ബലത്തിലാണ്. ഭരണഘടനയിലൂന്നിയ അടിത്തറയോ പാര്‍ലമെന്ററി ഓവര്‍സൈറ്റോ ഇവയ്ക്കില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് 2017-ലെ പുത്തുസ്വാമി vs യൂണിയന്‍ ഗവര്‍മെൻറ്​ കേസില്‍ സ്വകാര്യത മൗലിക അവകാശമാണെന്നും, അതിനാല്‍ പൗരന്റെ സ്വകാര്യതയെ ഭേദിക്കുന്ന എല്ലാ നടപടികള്‍ക്കും ജുഡീഷ്യല്‍ അല്ലെങ്കില്‍ പാര്‍ലമെന്ററി ഓവര്‍സൈറ്റ് വേണമെന്നും നിര്‍ദേശിച്ചത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഈ ദിശയില്‍ ഒരു നീക്കവും ഉണ്ടായിട്ടില്ല.

washinton-2.jpg
റോണ വില്‍സന്‍റെ കംപ്യൂട്ടറില്‍ കണ്ടെത്തിയ തെളിവുകള്‍ കൃത്രിമമായി സ്ഥാപിച്ചതാണെന്ന ഡിജിറ്റല്‍ ഫൊറന്‍സിക് സ്ഥാപനമായ ആഴ്സണലിന്‍റെ കണ്ടെത്തിലിനെക്കുറിച്ചുള്ള വാഷിംഗ്ടണ്‍പോസ്റ്റ് റിപ്പോട്ട്.

2014-ല്‍ യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് പ്രതിമാസം 9000 ഫോണുകളും 500-ഓളം ഇ-മെയിലുകളും ചോര്‍ത്തിയെന്ന വിവരം ആര്‍.ടി.ഐ അന്വേഷണത്തിന് മറുപടിയായി നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ ടാപ്പിങ്ങുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കില്ലെന്നായിരുന്നു 2019 ലെ ആര്‍.ടി.ഐ. അന്വേഷണത്തിന് എന്‍.ഡി.എ. സര്‍ക്കാര്‍ നല്‍കിയ മറുപടി. പ്രസ്തുത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് സ്‌റ്റേറ്റിന്റെ താല്‍പര്യത്തെ ബാധിക്കുമെന്നും, വ്യക്തികള്‍ക്ക് അപകടസാധ്യത സൃഷ്ടിക്കുകയോ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തെ ബാധിക്കുകയോ ചെയ്യുമെന്നുമായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. എന്നാല്‍ 2009നും 2018 നും ഇടയില്‍ നടന്ന ഫോണ്‍ ചോര്‍ത്തലുകളുടെ മൊത്തം വിവരം  മാത്രമാണ് ആര്‍.ടി.ഐ. രേഖയില്‍ ആരാഞ്ഞത്. പ്രത്യേക കേസിനെ കുറിച്ചോ വ്യക്തിയെ കുറിച്ചോ ആര്‍.ടി.ഐയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. യു.പി.എ ഭരണകാലത്ത് പ്രതിമാസം 9000 ഫോണുകള്‍ ചോര്‍ത്തിയെങ്കില്‍ എന്‍.ഡി.എ. സര്‍ക്കാരിന് കീഴില്‍ നടക്കുന്ന സ്നൂപ്പിങ്ങിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ.

2013-ല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ കോള്‍ ഡീറ്റെയ്ല്‍ റെക്കോര്‍ഡ്‌സ് ചോര്‍ന്നതിനെ മുന്‍നിര്‍ത്തി ബി.ജെ.പി പാര്‍ലമെൻറ്​ പ്രക്ഷുബ്ദമാക്കിയിരുന്നു. ആര് ആരെ വിളിച്ചു എന്ന വിവരം മാത്രമാണതില്‍ നിന്ന് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിലെ മൂന്നു ഉദ്യോഗസ്ഥരടക്കം പത്തു പേരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ ഗുരുതരമായ, ഒരു വ്യക്തിയുടെ സ്വകാര്യതയെ എല്ലാ തലത്തിലും ഭേദിക്കുന്ന പെഗാസസ് സ്‌പൈവെയറിനെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്ന് പറയുന്നത്, കേന്ദ്ര സര്‍ക്കാറിന്റെ അമിതാധികാര പ്രവണതയുടെ തെളിവാണ്.

Digvijaya Singh
ദിഗ്​വിജയ്​ സിങ്ങ്

2019 നവംബറില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ഇന്ത്യയിലെ പെഗാസസിന്റെ പ്രയോഗത്തെ കുറിച്ച് രാജ്യസഭയില്‍ ചോദ്യം ചെയ്തിരുന്നു. വാട്‌സ്ആപ്പ് മെസഞ്ചർ പെഗാസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ കാലിഫോര്‍ണിയയിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലായിരുന്നു വിഷയം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടത്. വാട്‌സ്ആപ്പിന്റെ ഹരജിയില്‍ ഇന്ത്യയിലെ വാട്‌സ്ആപ് ഉപഭോക്താക്കളില്‍ പെഗാസസ് സ്‌പൈവെയര്‍ പ്രയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചെന്ന് പരമാര്‍ശിച്ചിരുന്നു. അന്ന് ഐ.ടി. മന്ത്രിയായിരുന്ന രവി ശങ്കര്‍ പ്രസാദ് ഇതിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.""നടപടിക്രമങ്ങളുടെ ലംഘനത്തിന് നിയമപ്രകാരം നടപടിയെടുക്കാം. വിഷയത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളവര്‍ക്ക് ഔപചാരികമായി കേസ് നല്‍കാം. സര്‍ക്കാര്‍ വേണ്ട നടപടി എടുക്കും.'' ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, വ്യക്തികളിലേക്ക് വിഷയത്തെ ചുരുക്കി നിസ്സാരവത്കരിക്കാനാണ് അന്നും ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്.

Ashok Lavasa
അശോക് ലവാസ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഭരണകൂട താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ പെഗാസസ് ആക്രമണത്തിന് വിധേയമായെങ്കില്‍, അത് ഭാവിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ്

ഹിമക്കട്ടയുടെ അഗ്രം അല്‍പം കൂടെ വെളിപ്പെടുകയാണ് 2019ല്‍ നിന്ന് 2021-ലേക്കെത്തുമ്പോള്‍. പെഗാസസിന്റെ വ്യാപ്തിയും, ജനാധിപത്യ വ്യവസ്ഥയെ തകിടം മറിക്കാനുള്ള അതിന്റെ ഉപയോഗ സാധ്യതയും വെളിപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുകളേയും ഞെരുക്കുകയും തകര്‍ക്കുകയുമാണ് പെഗാസസിന്റെ ഉദ്ദേശ്യം. നരേന്ദ്ര മോദിക്കോ സര്‍ക്കാരിനോ ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസമില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ അംഗത്തിനെതിരെയും, സുപ്രീം കോടതി ജഡ്ജിനെതിരെയും, സ്വന്തം മന്ത്രിസഭാംഗത്തിനെതിരെയും പെഗാസസ് പ്രയോഗിക്കുമ്പോള്‍ അത് ബാധിക്കുന്നത് വ്യക്തികളെ മാത്രമല്ല, മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടസ്ഥാപനങ്ങളെ കൂടിയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഭരണകൂട താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ പെഗാസസ് ആക്രമണത്തിന് വിധേയമായെങ്കില്‍, അത് ഭാവിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെഗാസസ് വ്യാപകമായി പ്രയോഗിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന.

സ്ഥാപിത താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്‌നൂപ്പിങ്ങ് നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. 2009-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യ പ്രകാരം ഒരു സ്ത്രീയെ ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, തന്റെ "സാഹെബിന്' വേണ്ടി പ്രസ്തുത സ്ത്രീയുടെ ഫോണ്‍ ടാപ്പ് ചെയ്യണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കുന്ന ഫോണ്‍ സന്ദേശം മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. എന്നാല്‍ സ്ത്രീയുടെ അച്ഛന്‍ നരേന്ദ്ര മോദിക്ക് നല്‍കിയ അപേക്ഷ പ്രകാരമാണ് അവരെ നിരീക്ഷണത്തിന് വിധേയമാക്കിയതെന്ന വികലവാദമായിരുന്നു വിഷയത്തില്‍ ബി.ജെ.പി ഉയർത്തിയത്. ഇത് പൊതു താല്‍പര്യവുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് വിലയിരുത്തി പ്രസ്തുത കേസ് അന്വേഷിക്കാന്‍ നിയോഗിച്ച സ്‌നൂപ് ഗേറ്റ് പാനല്‍ ഗുജറാത്ത് ഹൈക്കോടതി പിരിച്ചു വിടുകയും ചെയ്തു.

ഈ സമീപനത്തിന്റെ തുടര്‍ച്ചയെന്നോണം വേണം പെഗാസസ് ആക്രമണത്തെ കാണാന്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെഗാസസ് വ്യാപകമായി പ്രയോഗിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇസ്രയേലുമായുള്ള ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ വന്ന സവിശേഷ മാറ്റങ്ങളും,  ഇസ്രയേലുമായുള്ള ആയുധകരാറുകള്‍ ക്രമാതീതമായി വര്‍ധിച്ചതും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്.

ഇനി പെഗാസസുമായി ഇന്ത്യന്‍ സര്‍ക്കാരിന് ബന്ധമൊന്നുമില്ലെന്നാണെങ്കിലും വിഷയം അതീവ ഗുരുതരമാണ്. ഒരു ബാഹ്യശക്തി ഇന്ത്യക്കെതിരെ പെഗാസസ് പ്രയോഗിച്ചതാണെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും അപകടത്തിലാണെന്നു വേണം അനുമാനിക്കാന്‍. പെഗാസസില്‍ ഭരണകൂട ഇടപെടലുണ്ടായിട്ടില്ലെങ്കില്‍ വിപുലമായ അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതാണ്. ഏത് കോണിലൂടെ നോക്കിയാലും, ഇന്ത്യയുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയായി നില്‍ക്കുന്ന പെഗാസസില്‍ സമ്പൂര്‍ണ അന്വേഷണത്തില്‍ കുറഞ്ഞ ഒന്നും പര്യാപ്തമല്ല. പാര്‍ലമെന്റിനെയും പ്രതിപക്ഷത്തേയും കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്ന സാഹചര്യത്തില്‍, ഭരണഘടനയുടെ കസ്റ്റോഡിയന്‍ ആയ സുപ്രീം കോടതിയില്‍ നിന്ന്​ നീതിയുക്തമായ പരിഹാരം ഞാന്‍ പ്രതീക്ഷിക്കുന്നു.

ജോണ്‍ ബ്രിട്ടാസ്

രാജ്യസഭാംഗം, മാധ്യമപ്രവര്‍ത്തകന്‍. കൈരളി ടി.വി എം.ഡിയും എഡിറ്ററുമാണ്. മറയില്ലാതെ, ചില്ലുജാലകക്കൂട്ടില്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Audio