Sunday, 28 November 2021

കഥ


Text Formatted
പെണ്‍പടം-ks-ratheesh-malayalam-story-title
Text Formatted

അഥവാ സിനിമയുടെ സുമതിയായ കാരണങ്ങള്‍

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

സംഘട്ടനം (സി.സുമതി)

മൊട്ടരാജു, ചന്ദ്രന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വീടിന്റെ ചുവരിലേക്ക് ചാരിയങ്ങ് നിര്‍ത്തിയിട്ട്, നട്ടെല്ലുവേദനക്ക് കെട്ടിയിരുന്ന വലിയ ബെല്‍റ്റിന്റെ ഇടയില്‍ ഒളിപ്പിച്ച ടാക്‌സിക്കാറിന്റെ താക്കോല്‍ വലിച്ചെടുത്തു. ആ രംഗങ്ങള്‍ കണ്ട് മുറ്റത്തുനിന്ന വട്ടിജോസിന് ‘ക്യാച്ചേന്ന്'കലക്കന്‍ ചിരിയോടെ എറിഞ്ഞുകൊടുത്തു.
അതിനിടയില്‍ ഉടുമുണ്ടഴിഞ്ഞുപോയ ചന്ദ്രന്റെ പൂര്‍ണകായ നില്പുകണ്ട് മൊട്ടരാജു നാണിച്ചു, ഒപ്പം ചന്ദ്രന്റെ വിളറിയ മുഖത്തേക്ക് ഇടതുകൈമുറുക്കി ഒന്നങ്ങ് പൊട്ടിച്ചു.
ഗേറ്റിന് പുറത്തേക്ക് ‘അത്രയും മതിയെടാ രാജൂന്നുള്ള'വട്ടിയുടെ തൃപ്തിപ്പെട്ട നടപ്പുകണ്ട മൊട്ട, കൈയയച്ചു.
പരുക്കനിട്ട സിമന്റുതറയില്‍ തണ്ണിമത്തന്‍ കണക്കിന് പ്‌ളക്കോന്ന് വീണ ചന്ദ്രന്‍ ആഞ്ഞാഞ്ഞ് ചുമച്ചുപോയി.

ഭീകരമായ ഒരു കരച്ചില്‍ കേട്ട് മടങ്ങിവന്ന വട്ടിജോസ് കാണുന്ന സീന്‍, ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ മൊട്ടരാജുവിന്റെ മിനുസമുള്ള തല. ബീഡി കടിച്ചുപിടിച്ചു അവന്റെ മുഖം മുറ്റത്തെ ചൂടന്‍ പഞ്ചാരമണലില്‍ പുതയുന്നു. അവന്റെ ഇടതുകൈ ഒടിക്കാന്‍ പാകത്തിന് അവള്‍ തിരിച്ചു മുകളിലേക്ക് വച്ചിട്ടുണ്ട്. വലതുകൈ മണ്ണില്‍ ‘വിട് വിട് വിടേന്ന്' മുറ്റത്തിന് താളം പിടിക്കുന്നു.

‘വീട്ടിക്കേറി പന്നത്തരം കാണിച്ചാല്‍, ദേ ജോസേ വണ്ടി ഞാനങ്ങ് കൊണ്ട് തരും. അങ്ങേര്‍ക്ക് നട്ടെലിന് കേട്പറ്റി ഇരിക്കുവാര്‍ന്ന്...', സുമതിയുടെ പറച്ചില് കേട്ട് മൊട്ടരാജുവിന്റെ വായീന്ന് ഷാപ്പിന്റെ തലക്കറിമണമുള്ള ഛര്‍ദ്ദി ‘ഞാന്‍ ചത്തെടീന്ന്’ ചാടിയിറങ്ങി.
സുമതി മൊട്ടയുടെ കഴുത്തിലെ ചവിട്ട് ഒന്നൂടെ അമര്‍ത്തി.
നട്ടെലിന്റെ ബെല്‍റ്റും കൈലിയും വാരിച്ചുറ്റി ചന്ദ്രനും അവിടേക്ക് ഇഴഞ്ഞുവന്നു. മൊട്ടയുടെ കൈലിമുണ്ടിലൂടെ മൂത്രമണവും അവര്‍ക്കിടയില്‍ ഒഴുകിപ്പരന്നു.

‘നീ അവനെ വിട് സുമതി. ദാ താക്കോല്, ചന്ദ്രന് വയ്യെങ്കില്‍ ഇനിത്തൊട്ട് നീ ഓടിക്കോ.' മൊട്ടയെ വട്ടിജോസ് ദയനീയമായി നോക്കി.
താക്കോല് വാങ്ങുമ്പോള്‍ ചരിഞ്ഞുവീഴാന്‍ തുടങ്ങിയ ചന്ദ്രനെ താങ്ങിപ്പിടിച്ച് സുമതി വീടിന്റെ അരപ്‌ളേസില്‍ കിടത്തി. ആ തക്കത്തിന് മൊട്ടരാജു കൈലിമുണ്ട് കൈയില്‍ ചുറ്റിയെടുത്ത് ഗേറ്റിന് പുറത്തേക്ക് ‘ഞാമ്പോണേന്ന്' വീണെണിറ്റോടി. വട്ടിജോസിന്റെ ചിരിയും അവന്റെ പിന്നാലെപോയി. 

‘അങ്ങനെയെങ്കില്‍ ചന്ദ്രാ, നിന്റെ പെണ്ണിന് അഗളിക്കൊള്ള റൂട്ട് പറഞ്ഞ് കൊട്..' ഇതു പറയുമ്പോഴും വട്ടിജോസ് മൊട്ടരാജു ഓടിയ ദിക്കിലേക്ക് നോക്കി ചിരിക്കുകയായിരുന്നു. ട്രാവല്‍ കമ്പനിയുടെ പേരുള്ള വട്ടിജോസിന്റെ കാറ് പാഞ്ഞുപോകുമ്പോള്‍ ചന്ദ്രന്റെ മുഖം മങ്ങിയിരുന്നു. സുമതി നട്ടെല്ലിന്റെ ബെല്‍റ്റ് കൃത്യമായി കെട്ടിക്കൊടുത്തു.

ഉപ്പിട്ട കഞ്ഞിവെള്ളവും ബീഡിയുടെ കവറും അടുത്തേക്ക് നീട്ടിവച്ച് സുമതി ആ കാറിനെയൊന്ന് നോക്കി.
‘ഇവിടുന്ന് പത്ത് മുന്നൂറ് കിലോമീറ്ററുണ്ട്. അതുമല്ല നീ, കൊണ്ടാക്കാനുള്ള ആ മൂന്നും പെഴകളാ, പത്രത്തിലൊക്കെ അവരെപ്പറ്റി വാര്‍ത്ത വന്നതാണ്...', സുമതിയുടെ ഊക്കന്‍ നോട്ടത്തില്‍ ബീഡിയിലേക്ക് ചന്ദ്രന്റെ ചുണ്ടുകള്‍ ചുരുങ്ങി. കവിളില്‍ നിശബ്ദത കോരിയെടുക്കാവുന്ന വലികുഴി വിരിഞ്ഞു. ഷാമ്പുവും വണ്ടി കഴുകുന്ന മഞ്ഞത്തുണിയുമായി മുഖത്തിന് നേരെ ചെന്നപ്പോള്‍ ‘നിനക്കിത് പറ്റോ സുമതിന്ന്'ചോദിച്ച ചുവപ്പന്‍ കാറിന്റെ തലയിലിരുന്ന ബ്ലാക്ക് ആന്റ് വൈറ്റ് കാക്കത്തീട്ടം അവള്‍ ഉരച്ചുകഴുകി.

retheesh

ജയിലിന്റെ മുന്നില്‍ കൊത്തിത്തിന്നാന്‍ തക്കംപാര്‍ത്തുനിന്ന ബന്ധുക്കള്‍ക്കും ക്യാമറകള്‍ക്കും കൊടുക്കാതെ കറുപ്പ് നിറമുള്ള ജീന്‍സിട്ട ഒരു പെണ്ണിനെ തന്റെ സാരിയില്‍ പുതച്ചുമൂടിക്കൊണ്ട് സ്മിത കാറിലേക്ക് ഓടിവരുന്നത് കണ്ട സുമതി വാതില്‍ തുറന്നിട്ടിട്ട് കാറങ്ങ് ഓണാക്കിനിര്‍ത്തി.

പാഞ്ഞുവന്ന രണ്ടാളും പിന്നിലേക്ക് കയറി, വാതിലടയുന്നതിന് മുന്‍പ് വണ്ടി ‘പോകാംപോകാന്ന്' മുന്നോട്ടാഞ്ഞു. ഇടതുവശത്തെ ബോക്‌സിങ് ഗ്ലാസിട്ട ഗ്‌ളാസിന്റെ ഇടികൊണ്ട് മൈക്കും തൂക്കിവന്ന ഒരുത്തന്‍ ഓടയിലേക്ക് വീഴുന്നത് കണ്ടിട്ട് പിന്‍സീറ്റില്‍ നിന്നുമാത്രമല്ല കാറിനും ആകെ ഒരു ചിരി.
‘കത്തിച്ച് വിട്ടോടി..'സുമതിയുടെ ഇടപെടലില്‍ തൃപ്തിയുള്ള വിധം സ്മിത ഒറ്റവാക്കില്‍ നിര്‍ത്തി. 

ജീന്‍സിട്ട പെണ്ണ് സ്മിതയുടെ മടിയിലേക്ക് ചാഞ്ഞു.
ആ പെണ്ണിന്റെ മുഖമൊന്നു കാണാനായി മുന്നിലെ ഗ്ലാസുവഴി സുമതിയപ്പോള്‍ ശ്രമിച്ചു. സ്മിതയുടെ കണ്ണുകളില്‍ അതിനോടുള്ള വെറുപ്പു കണ്ട് സുമതി പിന്‍വലിഞ്ഞു. ചന്ദ്രന്‍ പറഞ്ഞകാര്യങ്ങള്‍ സുമതി തന്റെ ഉള്ളിലിട്ട് ആക്ഷന്‍ ത്രില്ലര്‍ സിനിമകണക്കെ ചിത്രീകരിച്ചുനോക്കി.

സംവിധായിക (സ്മിത)

‘ഇതെഴുതിയത് ഗിരീഷ് സാറിന്റെ ഭാര്യയാണെങ്കില്‍ വേറെയെന്ത് ചിന്തിക്കാന്‍. നമ്മള് തിരക്കഥ തീര്‍ത്ത് പടം തുടങ്ങുകയല്ലേ? സാറൊരു പടത്തിന് എന്തോരം ശ്രമിച്ചതാ, ഇതിപ്പോ ഈ അടുക്കളയില്‍ തന്നെ അഡാറ് ഐറ്റം ഉണ്ടായിരുന്നല്ലോ..?' സ്മിതയുടെ കഥ സിനിമയാക്കാന്‍ വന്നവരോട് ഗിരീഷ് ചിരിച്ചെന്നുവരുത്തി. സിനിമാക്കാരുടെ വണ്ടികള്‍ ഗേറ്റുകടക്കുവോളം അവള്‍ വാതിലില്‍ നിന്നു. അകത്ത്, അവര്‍ കുടിച്ചുവച്ച ചായഗ്ലാസുകള്‍ വീണുടയുന്ന ശബ്ദം.

ഒന്നര മാസമായി സാഹിത്യവേദികളിലാകെ ആ പ്രമുഖ പതിപ്പില്‍ അച്ചടിച്ചുവന്ന ‘ശലഭന്‍' എന്ന കഥയാണ് ചര്‍ച്ച. എഴുതിയ ആളിതുവരെ പൊതുവേദികളില്‍ വരാത്തതും അതില്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ സാധ്യതകളുമാണ് ചര്‍ച്ചകളുടെ ആകെയുള്ള താളം. പക്ഷേ വീടിന്റെ ഉള്ളിലെ താളം വേറെയായിരുന്നു.

‘ആരോട് ചോദിച്ചിട്ടാണ് നീ കഥ അയച്ചത്...', ഗിരീഷ് വിറയ്ക്കുകയായിരുന്നു.
അത് കേട്ടിട്ടും സ്മിത ജനാലവഴി പുറത്തേക്ക് നോക്കിനിന്നു. ഇനിയൊരു സിനിമക്കാരും ഈ വഴി വരാതിരിക്കാന്‍ അവളാഗ്രഹിച്ചു. അവര്‍ വന്നുപോകുന്ന ആ നിമിഷം ഗിരീഷിന്റെ സ്വഭാവം മാറും, പതിവ് മുറകള്‍ തുടങ്ങും. മുടിയില്‍ ചുറ്റിപ്പിടിക്കാം, പിന്നില്‍ നിന്ന് ചവിട്ടാം ചിലപ്പോള്‍ എന്തെങ്കിലും കൊണ്ടുള്ള ഏറാകാം. ഗിരീഷിന്റെ പ്രതികരണത്തിന്റെ രീതികള്‍ സ്മിതക്കിപ്പോള്‍ പരിചിതമാണ്. അവള്‍ ജനാലയുടെ കമ്പിയില്‍ മുറുകെപിടിച്ചു. 

അടുത്ത നിമിഷം പിന്നില്‍ നിന്ന് തലയില്‍ ഒരടി, ജനാലയുടെ കമ്പിയില്‍ തട്ടി സ്മിതയുടെ ചുണ്ട് മുറിഞ്ഞു.
"എഡിറ്റര്‍ക്ക് കത്തെഴുത്, നിന്റെ പേരില്‍ ഈ അച്ചടിച്ചുവന്നത് എന്റെ കഥയാണ്. നീയത് മോഷ്ടിച്ചതാണ്. അതിനു വയ്യെങ്കില്‍ നിന്റെ ഒരൊപ്പ്...', ഒരു പേപ്പറും പേനയും മേശപ്പുറത്തിട്ട് ഗിരീഷ് അലറി.

‘നിന്നോട് ഞാന്‍ ആ കഥയുടെ ത്രെഡ് പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ നീയിങ്ങനെ എഴുതില്ല', ഗിരീഷിന്റെ നടപ്പിനൊത്ത് പുലമ്പലുകള്‍ കൂടിക്കൂടി വരുന്നു. ജനല്‍ കമ്പിയില്‍ ചേര്‍ത്ത് സ്മിതയുടെ കഴുത്ത് ഞെരിച്ചു. നട്ടെല്ലിന് കാല്‍മുട്ടുചേര്‍ത്ത ഇടി, മൂത്രത്തില്‍ കലര്‍ന്ന്​ മാസമുറയും പോയത് മറയ്ക്കാന്‍ ടോയിലെറ്റിലേക്ക് ഓടുന്നതിനിടയില്‍ സ്മിത മൂത്രനനവില്‍ തെന്നിവീണുപോയി. കട്ടിലിന്റെ അടിയിലേക്ക് ഇഴഞ്ഞു കയറാന്‍ ശ്രമിക്കുമ്പോള്‍ കൈവെള്ളയില്‍ കാലുറപ്പിച്ച് ആ ഇഴച്ചിലും അയാള്‍ അവസാനിപ്പിച്ചു. മുതുകില്‍ പേനകൊണ്ട് കുത്തിക്കൊണ്ടിരുന്നു. 

ഒരിക്കലും സ്മിതയോട് കഥയോ എഴുത്തിനെക്കുറിച്ചോ ഗിരീഷ് മിണ്ടിയിട്ടില്ല. കഥയെന്നല്ല മറ്റൊന്നും അവളോട് മിണ്ടാറില്ല. അയാളുടെ പുസ്തകങ്ങള്‍ വരുന്നതുപോലും അവളറിയാറില്ല. കൂട്ടുകാരികളുമായി കഥയുടെ വളര്‍ച്ചകളെപ്പറ്റി മണിക്കൂറുകള്‍ സംസാരിക്കുന്ന ഗിരീഷ് ഈ അടുത്തകാലത്ത് തന്റെ ഒരു കഥയ്ക്ക് വരച്ച ഒരുത്തിയുമായി കടുത്ത പ്രണയത്തിലുമാണ്. അയാളുടെ ഒരു കഥ ആദ്യമായി വായിക്കാന്‍ അവള്‍ ഒരിക്കല്‍ കൊതിച്ചിരുന്നു. ചുണ്ടില്‍ ഊറിനിന്ന രക്തത്തുള്ളിയിലേക്ക് കണ്ണീരൊഴുകി വന്ന് ഉപ്പിട്ടു. അവളത് നുണഞ്ഞു. ഏതു ഗതികെട്ട നേരത്താണ് ആ കഥയെഴുതിപ്പോയതെന്ന് അവള്‍ സ്വയം ശപിച്ചു.
ഒപ്പിടാന്‍ വച്ചിരുന്ന പേപ്പറില്‍ ഒന്നു നോക്കിയിട്ട് ഗിരീഷ് സ്മിതയുട വിരലുകള്‍ കട്ടിലിന്റെ പടിയിലേക്ക് എടുത്തുവച്ചു. ചതയുവോളം സ്റ്റീല്‍ ഗ്ലാസ്സുകൊണ്ട് ഇടിച്ചു. ചൂണ്ടുവിരല് കട്ടിലിന്റെ താഴേക്ക് തെറിച്ചു വീഴുന്നത് കണ്ട നിമിഷം മുതല്‍ സ്മിത ഭ്രാന്തമായി ചിരിക്കാന്‍ തുടങ്ങി.

മൂന്നാം ദിവസവും ആ മുറിയില്‍ നിന്ന് പലതരം ചിരികള്‍ ഇറങ്ങി വരുന്നുണ്ടായിരുന്നു. തീയും വെളിച്ചവും കണ്ട് സംശയം തോന്നിയ അയല്‍വാസികളാണ് പോലീസിനെ വിവരങ്ങള്‍ അറിയിച്ചത്. 
കിടപ്പുമുറിയിലെ ഫാനില്‍ തലകീഴായി തൂങ്ങിക്കിടന്ന ഗിരീഷിന് ജീവന്‍ നഷ്ടമായിരുന്നില്ല. അഴിച്ചു നിലത്തിറക്കി, വായില്‍ തിരുകിയ പ്ലാസ്റ്റിക് കവറുകള്‍ അഴിക്കുമ്പോഴും  ‘ആ കഥ എന്റെയാണെന്ന' അയാളുടെ പുലമ്പലുകള്‍ കേട്ടിരുന്നു. മേശയിലിരുന്ന പേപ്പറില്‍ രക്തം കലര്‍ന്ന വിരലടയാളവും, മുറിഞ്ഞുപോയ ആ വിരലും. ഗിരീഷിന്റെ ശരീരത്തില്‍ ആകെ പേനകൊണ്ട് കുത്തിയ മുറിവുകള്‍, ഒരു മൂലയില്‍ കത്തിക്കരിഞ്ഞ പുസ്തകങ്ങള്‍, മുറിയില്‍ നിറയെ പലതരം ഒടിഞ്ഞ പേനകള്‍.

അകത്തെ ശുചിമുറിയില്‍ ക്‌ളോസറ്റിന്റെ പുറത്ത് ചിരിയുടെ മുരള്‍ച്ചകളുയുമായി സ്മിത. ചുവരില്‍ ചോരയില്‍ പതിപ്പിച്ച വിരലടയാളങ്ങള്‍. അടര്‍ന്നുപോയ ചൂണ്ടുവിരലിന്റെ അറ്റം കറുത്തിരുന്നു.

സിനിമയെ വെല്ലുന്ന അവരുടെ കഥാപാത്രങ്ങളും വളരെ നാള് ആഘോഷിച്ചു.
‘ആ ബാറിന്റെ മുന്നില്‍ വണ്ടി ഒതുക്കിയിട്,അവിടുന്ന് ജയ കേറും'
​​​​​​​ സുമതി വണ്ടി ഒതുക്കിയിട്ട് സ്മിതയെ തിരിഞ്ഞുനോക്കി. വിരല്‍ മുറിഞ്ഞുപോയ വലതുകൈ, മടിയില്‍ കിടന്നുറങ്ങുന്ന പെണ്ണിന്റെ കവിളില്‍ താരാട്ടിന്റെ താളം ശീലിക്കുന്നു.

ജയ വണ്ടിയിലേക്ക് കയറുമ്പോള്‍ കാറിനുള്ളില്‍ മദ്യത്തിന്റെയും പെര്‍ഫ്യൂമിന്റെയും മണങ്ങള്‍ തമ്മില്‍ മല്‍സരിക്കാന്‍ തുടങ്ങി.
മടിയില്‍ കിടന്നിരുന്ന പെണ്ണ് എഴുന്നേറ്റു.
ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞുമദ്യക്കുപ്പി അവള്‍ക്കുനേരെ നീട്ടി. സുമതിക്ക് ആ പെണ്ണിന്റെ സൗന്ദര്യത്തില്‍ അസൂയ തോന്നി. ആ പെണ്ണിന്റെ പേര് ചന്ദ്രനും ഓര്‍മ്മയുണ്ടായിരുന്നില്ല.
"നീ വലിക്കോ, കാറിനുള്ളില്‍ ഞങ്ങള് വലിച്ചാല്‍ നിനക്കെന്തെങ്കിലും', ജയക്ക് മറുപടിയെന്നോണം സുമതി ചിരിച്ചു. വിലകൂടിയ ഏതോ ഒരിനം സിഗരറ്റിന്റെ പാക്കറ്റ് കാറിന്റെ മുന്നിലേക്ക് വീണു.
"അവര് ഭയങ്കര ക്യാഷ് ടീമാണ്...', ജയയെക്കുറിച്ച് ചന്ദ്രന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഒരു കുഞ്ഞു വളവു തിരിഞ്ഞ് സുമതിയിലേക്ക് കയറിവന്നു.

 പ്രൊഡ്യൂസര്‍ (ജയ)

"പോസിറ്റീവായത് നന്നായല്ലേടി', പ്ലാന്റര്‍ വിജയന്റെ ശബ്ദത്തിന് നല്ല പതര്‍ച്ചയുണ്ടെന്ന് ഭാര്യ ജയക്ക് തോന്നി.
ഗേറ്റുകള്‍ താഴിട്ട് പൂട്ടിയതും,കോവിഡ് രോഗികളെന്ന മുന്നറിയിപ്പ് ബോര്‍ഡെഴുതി അവിടെ തുക്കിയതും, ഒരു മാസത്തേക്കെങ്കിലുമുള്ള വീട്ടുസാധനങ്ങള്‍ വാങ്ങിക്കൂട്ടിയതും ഇങ്ങനെയൊരു ഒളിച്ചിരിപ്പിനാണെന്നറിഞ്ഞില്ല. കോവിഡ് പരിശോധനയും, ഫോണുകളുടെ ബന്ധം മുറിച്ചുള്ള ഭര്‍ത്താവിന്റെ ഒറ്റയാന്‍ ഇരിപ്പും എന്തോ വലിയ ബിസിനസ് പദ്ധതിയുടെ ഒരുക്കമാണെന്നും ജയ ചിന്തിച്ചിരുന്നു.

"അവര് നമ്മളെ കൊല്ലുമെടി,അത് വെറും അപകടമല്ല'
"അവര്‍' മക്കളാണെന്നും രണ്ട് ദിവസം മുന്‍പ് ഉണ്ടായ അപകടം ആസൂത്രിതമാണെന്നും ഊഹിക്കാന്‍ ജയയ്ക്ക് കഴിയും.
കിടപ്പുമുറിയുടെ മൂലക്ക് കാല്‍മുട്ടില്‍ മുഖം ചേര്‍ത്ത് കുനിഞ്ഞിരിക്കുന്ന ഭര്‍ത്താവിനോടവള്‍ക്ക് വാത്സല്യം തോന്നി. അടുത്തു ചെന്നിരുന്നപ്പോള്‍ വിജയന്‍ അവളുടെ കഴുത്തില്‍ കുട്ടികളെപ്പോലെ കെട്ടിപ്പിടിച്ചു. പതിയെ എഴുന്നേല്പിച്ച് കട്ടിലില്‍ കിടത്തി. പുതപ്പിനുള്ളിലേക്ക് വിജയന്‍ ആ തടിച്ച ശരീരംപൂഴ്ത്തി, കരച്ചിലിന്റെ താളമുള്ള പിറുപിറുക്കലുകള്‍ ഇടവിട്ടിറങ്ങിവരുന്നു.

മക്കളുടെ ഉത്സാഹത്തോടെ നടത്തിയ അപ്പന്റെ പുനര്‍വിവാഹം. കൊട്ടാരംപോലുള്ള വീട്, വന്‍ സൗകര്യങ്ങള്‍, എല്ലാം ജയക്ക് കൗതുകമായിരുന്നു. അവളിലേക്കും മടുത്തു തുടങ്ങിയ സകല ബിസിനസുകളിലേക്കും ആവേശത്തോടെ കത്തിക്കയറുന്ന വിജയന്‍ മുതലാളി, മക്കളുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. ബാറും തോട്ടവും ഹോട്ടലും തുടങ്ങി വലിയ ആ സ്വത്തിലേക്ക് ജയയെ ഉടമയാക്കിയ ദിവസം മുതല്‍ സീനുകള്‍ എല്ലാം മാറി. കോളേജ് അദ്ധ്യാപികയായ ഇളയ മരുമകള്‍ ഫോണില്‍ ആരോടോ രഹസ്യമായി സംസാരിക്കുന്നത് ജയ കേട്ടിരുന്നു..

"വൃദ്ധന്റെ പ്രണയം ചാഞ്ഞു പെയ്യുന്ന മഴ പോലെയാണെന്നല്ലേ കവിത, എന്നിട്ടും ആ കിളവന്‍ പൂത്തെടി. തീര്‍ക്കാനാണ് ഇവിടെത്ത പ്ലാന്‍.' ബിരുദമലയാളം സര്‍ട്ടിഫിക്കറ്റുള്ള ജയ കവിതയുടെ ബാക്കി വരികള്‍ ഓര്‍ത്തുനോക്കി.
ചായയുടെ തിള നോക്കിനില്‍ക്കുമ്പോള്‍ പിന്നില്‍ വിജയന്റെ കാല്‍പ്പെരുമാറ്റം. കൈയിലെ ഫയലുകളില്‍ വസ്തുക്കള്‍ ആധാരമാക്കിയതിന്റെ രേഖകള്‍. ജയ അതെല്ലാം വാങ്ങി ഫ്രിഡ്ജിന് മുകളില്‍ വച്ചു.വിജയന്റെ നോട്ടം അതില്‍ തന്നെ തങ്ങിനില്‍ക്കുന്നു. ജയ കൈയില്‍ തൊട്ടപ്പോള്‍ വിജയന്റെ മുഖത്ത് ചിരി. കൈവരിയില്‍ ഇരിക്കുന്ന വിജയന് പ്രണയത്തിന്റെ യൗവ്വനമുഖം. ഉമ്മവയ്ക്കാനടുത്തപ്പോള്‍ വിസ്‌കിയുടെ മണം. ജയ ചേര്‍ന്നുനിന്നു, അയാള്‍ നെറ്റിയില്‍ ഉമ്മ വച്ചു. ചായ തിളച്ചുതൂവി. രണ്ടാളും ചിരിച്ചു. വിജയന്റെ ചിരിക്ക് അപ്പോഴും തിളക്കമില്ല. കവിളില്‍ വെളുത്ത, അമര്‍ത്തി വച്ചിരുന്ന വെളുപ്പന്‍ രോമങ്ങള്‍ പുറത്തു വന്നിരിക്കുന്നു. അവളതില്‍ തലോടി.

"വാ കുളിക്കാം', ഒന്നിച്ച് കുളിക്കുന്നത് ആദ്യമായാണ്.
കച്ചവടത്തിനിടയില്‍ ചിലപ്പോഴെല്ലാം തന്നെയും മറന്നെന്ന് ജയയ്ക്ക് തോന്നിയിരുന്നു.
‘അവരുടെ അടുത്ത ലക്ഷ്യം നീയാണ്' ഷവറിന്റെ നൂലിഴകള്‍ക്കിടയില്‍ വിജയന്‍ കരഞ്ഞു.
നനവോടെ അവര്‍ പുറത്തിറങ്ങി.
കട്ടിലിലിരിക്കുമ്പോള്‍ വിജയന്‍ വിറയ്ക്കാന്‍ തുടങ്ങി.
തല തുവര്‍ത്തുമ്പോള്‍ അവളെ കെട്ടിപ്പിടിച്ചു. ഇരുവരും പുതപ്പിനുള്ളിലേക്ക് നൂണുപോകുമ്പോള്‍ വിറയുടെ താളം പിന്നെയും മുറുകി. പ്രണയക്കിതപ്പിനിടയില്‍ തോറ്റുകൊടുക്കില്ലെന്ന് വിജയന്റെ ചുണ്ടുകള്‍ ആവര്‍ത്തിക്കുന്നതായി അവള്‍ക്കു തോന്നി. തോറ്റുപോയ വിജയന്റെ കുതിപ്പിനെ ജയ പൂരിപ്പിച്ചു. വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങിയ വിജയന്റെ നെറ്റിയില്‍ പലതവണ ഉമ്മവച്ചു...

വിജയന്‍ വീണ്ടും തണുക്കാന്‍ തുടങ്ങി.
മുഖത്ത് ഭയമുള്ള ഒരു ചിരി നില്‍ക്കുന്നു.
"നമ്മള്‍ക്ക് രോഗമില്ലെടി’, വിജയന്റെ ചുണ്ടില്‍ ഒരു കൗശലക്കാരന്‍ ചിരി വന്നു, കൊഴിയും മുമ്പ് ജയ ഒപ്പിയെടത്തു. വളരെ നാളുകള്‍ക്ക് ശേഷമാണ് വിജയന്‍ ഇത്രയും നിശബ്ദമായി ഉറങ്ങുന്നത്. 

ഉറക്കത്തിന്റെ ആഴം കണ്ട് ജയക്ക് ഭയമുണ്ടായി.
കറുപ്പ് പടര്‍ന്ന് പാതിതുറന്ന ചുണ്ടില്‍  "നീ എന്നെ ആഴത്തില്‍ പൂരിപ്പിക്കുമോ' എന്ന തണുപ്പന്‍ ചോദ്യച്ചിരിയുണ്ട്. അവള്‍ വിജയന്റെ തണുത്ത നെഞ്ചിലേക്ക് ഇനിയെന്തെങ്കിലുമുണ്ടോയെന്നു കേള്‍ക്കാന്‍ ചെവിചേര്‍ത്തുനോക്കി.
വയസ്സന്‍ കുതിര ഹൃദയക്കുളമ്പടികളെല്ലാം ഒതുക്കിവച്ചാണ് ഉറക്കം.
ഏറ്റവും പുതിയ മുണ്ടുടുപ്പിച്ചു, കൈകാലുകള്‍ ഒതുക്കി, ഭംഗിയായി പുതപ്പിച്ചു. വിജയന്‍ കുടിച്ച വിസ്‌കി ഗ്ലാസ്സില്‍ ഒരല്പം ബാക്കിയായി മേശയിലിരിക്കുന്നു. ഒരു ചാരുകസേരയില്‍ ആ ഗ്ലാസ്സും പിടിച്ച് ജയ പുലരുവോളമിരുന്നു.

പുറത്ത് മഞ്ഞിനെ മാറ്റി വെളിച്ചം വരുന്നതേയുള്ളൂ.
ജയ ജാലകങ്ങള്‍ തുറന്നു. മരണത്തിന്റെ മണം ജനാലവഴി പുറത്തേക്കൊഴുകി.
ഗേറ്റ് മലര്‍ക്കെ തുറന്നിട്ടു. ഫോണുകളെയെല്ലാം തൊട്ടുണര്‍ത്തി. കാത്തുനിന്നതുപോലെ ഒരു പാട്ട്, പാട്ടിനൊപ്പം തെളിഞ്ഞുവന്നത് മകന്റെ മുഖം, മറുതലയ്ക്ക് പക്ഷേ ഇളയ മരുമകളുടെ ശബ്ദം. ജയ കരച്ചിലൊതുക്കി, "തെളിവുകളുണ്ടെടീ, നീയൊക്കെ ചേര്‍ന്ന് ആ മനുഷ്യനെ കൊന്നതാണ്'.

ഗേറ്റിനുപുറത്ത് ജനക്കൂട്ടത്തിന്റെ ഇടയില്‍ മക്കളുണ്ടാകും, ജയ അവര്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പി. നക്ഷത്രങ്ങള്‍ കൂടുതലുള്ള ഒരു കാക്കിക്ക് ആധാരപ്പെട്ട ഫയലുകള്‍ കൈമാറുമ്പോള്‍ അവള്‍ പതിയെപ്പറഞ്ഞു... "പ്ലാന്റര്‍ വിജയന്റെ മരണം കോവിഡോ സ്വാഭാവികമോ അല്ല, കൊലപാതകമാണ്'
ജയ അകലം പാലിച്ചു നില്‍ക്കുന്ന നാട്ടുകാരെ നോക്കി ഒന്നു ചിരിച്ചു, മക്കള്‍ക്കുവേണ്ടി നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചു. സിഗരറ്റിന്റെ അറ്റത്തുള്ള ജയയുടെ തടിച്ച ചുണ്ടില്‍ ആ ചിരിയിപ്പോഴുമുണ്ടെന്ന് സുമതിക്ക് തോന്നി.

story

"അവിടേക്ക് കയറ്റി നിര്‍ത്ത്, ഈ പെണ്ണിന് കുറച്ച് തുണിയെടുക്കണം’, സിഗരറ്റിനെ ചേര്‍ത്ത് പിടിച്ച ജയയുടെ വിരല്‍ ചൂണ്ടിക്കാട്ടുന്നു. ആ വലിയ തുണിക്കടയുടെ കമാനത്തില്‍ കല്യാണപ്പെണ്ണിന്റെ വേഷത്തില്‍ നില്‍ക്കുന്ന സിനിമാനടിക്ക്, പിന്‍സീറ്റിലിരിക്കുന്ന പെണ്ണിന്റെ പകുതി ഭംഗിയില്ലെന്ന് സുമതി ചിന്തിച്ചു.കാറിന്റെ മുന്നിലെ സിഗരറ്റിലേക്ക് കൈനീട്ടുമ്പോള്‍ രണ്ടാള്‍ക്കും നടുവിലൂടെ നടക്കുന്ന പെണ്ണ് സുമതിയെ ഒരു തവണ തിരിഞ്ഞു നോക്കി...
"അവളാണ് താരം, നാളെ അവള് ജയിലേന്ന് ഇറങ്ങും എന്നിട്ടാണ് അവരെ സിനിമാപിടുത്തം തുടങ്ങുന്നത്', ചന്ദ്രന്‍ ആ പെണ്ണിന്റെ കഥ സുമതിയുടെ മുന്നില്‍ അവസാനിപ്പിച്ചത് അങ്ങനെയാണ്.

നായിക (ആ പെണ്ണ്) 

അന്നു വൈകിട്ട് മൂര്‍ച്ചയുള്ളൊരു കത്തി വാങ്ങാനിറങ്ങുമ്പോള്‍ തന്റെ ഭാര്യയെ കൊല്ലണമെന്ന് അയാള്‍ ഉറപ്പിച്ചിരുന്നു.
പത്രക്കടലാസില്‍ പൊതിഞ്ഞ് ബാഗിനുള്ളിലേക്ക് സൂക്ഷ്മതയോടെ ഒളിപ്പിക്കുന്നതിനിടയില്‍ വിരലുകൊണ്ടതില്‍ മൂര്‍ച്ചനോക്കി, അയാളുടെ മുഖത്തൊരു നിരാശ വന്നു. പക്ഷേ തുകല്‍ ബാഗിനുള്ളില്‍ അബദ്ധത്തില്‍ കത്തിമുന വീഴ്ത്തിയ ആ ഉഗ്രന്‍ പിളര്‍പ്പ് അയാളെ ഓട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. വില്പനക്കാരനെ അയാള്‍ ആദരവോടെ നോക്കി. പറഞ്ഞ തുക കൈമാറുമ്പോള്‍ അയാളുടെ വിരലില്‍ തൊട്ടു. ബാഗിനുപുറത്ത് കത്തിമുനയുടെ തിടുക്കം മുഴച്ചുനില്‍ക്കുന്നു. അയാളതില്‍ സ്നേഹത്തോടെ വിരലോടിച്ചുകൊണ്ടിരുന്നു.

ഭാര്യയെ കൊല്ലാന്‍ മതിയായ ഒരു കാരണം മാത്രമേ കിട്ടേണ്ടതായിട്ടുള്ളൂ.
കവിത വായന ഒഴികെ മറ്റൊന്നിലും അയാള്‍ക്ക് അവളോട് നീരസം തോന്നിയിട്ടില്ല. എപ്പോഴും അവളുടെ കൈയിലുള്ള പുസ്തകങ്ങളെ അയാള്‍ വെറുത്തിരുന്നു.
ഒന്നു രണ്ട് പുസ്തകങ്ങള്‍ ജനാലവഴി വീട്ടിന് പിന്നിലെ ഓടയിലേക്ക് അവളറിയാതെ വലിച്ചെറിഞ്ഞിട്ടുണ്ട്. എന്നിട്ടും ആ പുസ്തകപ്പൂച്ചകള്‍ കൃത്യമായി അവളുടെ നെഞ്ചിലേക്കുള്ള വഴി കണ്ടുപിടിക്കുന്നു. അതുമല്ല കുളിമുറിയിലും അവള്‍ കവിതകള്‍ ചൊല്ലുന്നത് കേട്ടിട്ടുണ്ട്.

നിര്‍ത്തിയിട്ടിരുന്ന ബസിലിരുന്ന അയാള്‍ എതിര്‍ വശത്തെ വലിയ ഹോട്ടലിന്റെ മുകളിലെ ഒരു നിലയില്‍ അര്‍ദ്ധനഗ്‌നരായ ഒരു സ്ത്രീയും പുരുഷനും ചുംബിക്കുന്നത് കണ്ടു. ആ സ്ത്രീയുടെ കൈയിലും ഏതോ പുസ്തകമുണ്ടായിരുന്നു. അല്ല അതു തന്റെ ഭാര്യ തന്നെയല്ലേ.?. ഒരാള്‍ക്ക് വായിക്കുന്ന ഭാര്യയെ കൊല്ലാന്‍ ഇതിലും വലിയ കാരണം വേറെയെന്താണ്.?
"അവള്‍' തന്നെ കണ്ടിട്ടാവണം അകത്തേക്ക് കയറിപ്പോയത്.
ആ പുരുഷന്റെ നോട്ടം ഭയപ്പെട്ടതാണോ.?
ബസ് മുന്നോട്ട് എടുത്തപ്പോള്‍ ബാഗിനെ കുത്തിമുറിച്ച് കത്തിമുന പുറത്തേക്ക് വന്നു.
അതിന്റെ വശ്യമായ തിളക്കം "നീയിപ്പോള്‍ കണ്ടത് അവളെത്തന്നെയാണെന്ന്' ആവര്‍ത്തിച്ചു പറയുന്നു.
അയാള്‍ അതിനെ അഭിനന്ദിച്ച് ബാഗിനുള്ളിലേക്ക് തിരുകിക്കയറ്റി.

കാമുകനെയും വായിച്ച് ക്ഷീണിതയായി വരുന്ന അവളെ ഒറ്റക്കുത്തിനു തന്നെ തീര്‍ക്കാന്‍ സാധിക്കും, അതും വീടിന്റെ മുന്‍വശത്തു വച്ച്.
പരപുരുഷ ബന്ധത്തോളം ഭാര്യയെ കൊല്ലാന്‍ മതിയായ കാരണമുണ്ടോ?
ഗേറ്റ് തുറന്നു കിടക്കുന്നു.
അയാള്‍ കാത്തിരിക്കാന്‍ ആഗ്രഹിച്ച മുന്‍വശത്തെ അരച്ചുവരില്‍ ചാരിയിരുന്ന് കവിത വായിക്കുന്ന ഭാര്യ.
അവള്‍ അയാളുടെ ബാഗിന് കൈനീട്ടി.
"കൊടുക്കരുതെന്ന്' ഉള്ളിലിരുന്ന കത്തി മുരണ്ടു.
കവിതാ പുസ്തകത്തിന്റെ പുറംച്ചട്ടയില്‍ ചിരിച്ച മുഖമുള്ള ചെറുപ്പക്കാരന്‍, അവനെയല്ലേ ഹോട്ടലില്‍ കണ്ടത്.?
"തരില്ലെന്ന്' അയാള്‍ ബാഗില്‍ പിടുത്തമുറപ്പിച്ചു.

retheesh

മേശപ്പുറത്ത് ചൂടന്‍ ചായയില്‍ ആവി പറക്കുന്നു.
സത്യത്തില്‍ ഒരു പെണ്ണ് കൊല്ലപ്പെടാന്‍ പറ്റിയ ഇടം തീന്‍ മേശയിലാണ്.
അയാള്‍ ചായ ഊതിക്കുടിച്ചു.
അപ്പോഴും കവിതയുമായി ഇരിക്കുന്ന അവളോട് രുചികളെക്കുറിച്ച് തര്‍ക്കിക്കാം. വേറിട്ട രുചികള്‍ കുത്തിച്ചാകുന്നത് സ്വാഭാവികമല്ലേ.?
അയാള്‍ ചായ തീര്‍ത്തതോ മുറിയിലേക്ക് പോയതോ അവള്‍ അറിഞ്ഞില്ല.
ബാഗും കെട്ടിപ്പിടിച്ചു കിടക്കുന്ന അയാളുടെ നെറ്റിതൊട്ടുനോക്കുമ്പോഴും അവളുടെ ഒരു കൈയില്‍ കവിതാ പുസ്തകമുണ്ട്.
അയാള്‍ തിരിഞ്ഞു കിടന്നു.
അവളും ചേര്‍ന്നുകിടന്നു.

പെണ്ണിനെ കൊല്ലാന്‍ ഏറ്റവും എളുപ്പത്തില്‍ സാധിക്കുന്നത് കിടക്കയില്‍ വച്ചുതന്നെയല്ലേ.?
എത്ര സുന്ദരമാണ് അവളുടെ ഉറക്കം. ആ കവിതാ പുസ്തകം അവിടെ ഇല്ലാതിരുന്നുവെങ്കില്‍ ഏറ്റവും സുന്ദരമായ ഒരു രതി സംഭവിക്കുമായിരുന്നു. അതിന് ശേഷം ഒറ്റക്കുത്തിന് തീര്‍ക്കാം. അടുക്കളയില്‍ എന്തോ അപായ മണികേട്ട് എഴുന്നേറ്റ് പോകുന്ന ഭാര്യ. അവള്‍ കാണാതിരിക്കാന്‍ അയാള്‍ തന്റെ കത്തിമൂര്‍ച്ച തലയിണയുടെ കീഴിലേക്ക് ഒളിപ്പിച്ചു... 

അടുക്കളില്‍ ചെന്ന് പെണ്ണിനെ കൊല്ലുക ഏറ്റവും പ്രയാസമാണ്, അവള്‍ക്ക് പ്രതിരോധിക്കാനും തിരികെ ആക്രമിക്കാനും ഒരുപാട് വസ്തുക്കള്‍ കൈദൂരത്ത് കരുതിയിട്ടുണ്ടാകും. പക്ഷെ കൊല്ലപ്പെടലിന്റെ സൗന്ദര്യം ഏറ്റവും അനുഭവിക്കാന്‍ കഴിയുന്നത് അടുക്കളയില്‍ ചത്തു കിടക്കുന്ന ഭാര്യയെ കാണുമ്പോഴായിരിക്കും. അടുക്കളയിലേക്ക് പതിഞ്ഞ താളത്തില്‍ വന്ന അയാളെ നോക്കി ഭാര്യ ചിരിച്ചു. അടുപ്പിനോട് ചേര്‍ന്ന് വൃത്തിയുള്ള ഒരു ഭാഗത്ത് ആ കവിതാ പുസ്തകമുണ്ട്. ചുണ്ടില്‍ ഏതോ കവിതയുടെ താളം. അയാള്‍ കത്തി നീട്ടി, അതിന്റെ പിടികൊണ്ട് അവള്‍ ഏലക്കായ ചതച്ച് ചായയിലിട്ടു. അവള്‍ ഒരല്‍പ്പം എണ്ണയെടുത്ത് അയാളുടെ തലയില്‍ തേച്ചുകൊടുത്തു. അയാളപ്പോള്‍ കുഞ്ഞിനെപ്പോലെ കരയാന്‍ തുടങ്ങി.

അടുക്കളപ്പടിയില്‍ അവള്‍ ഇരുന്നു, ഒപ്പം അയാളും.
കത്തിയുടെ കഥ പറയാന്‍ അയാള്‍ ഒരുപാട് ആഗ്രഹിച്ചു. അവളുടെ മടിയിലേക്ക് അയാള്‍ തലചരിച്ചു. മുടിയില്‍ ഓടി നടക്കുന്ന അവളുടെ കൈ, മറ്റേതില്‍ കവിതാ പുസ്തകം. അതിലെ സുന്ദരന്‍ കവി അയാളുടെ മുഖത്തോട് പരിഹസിക്കുന്ന ഒരു നോട്ടമെറിഞ്ഞു.

സന്ധ്യയായി, ഉഷസുമായി ആ ഏഴാം ദിവസവും കടന്നുപോയി.
ആ കത്തി അയാളോട് വല്ലാതെ കയര്‍ക്കാന്‍ തുടങ്ങി.
ആരെയെങ്കിലും കൊന്നേ തീരുവെന്ന് അത് ഏറ്റവും നിര്‍ബന്ധംപിടിച്ചു.

 കൈ നാഡിയിലെ ഞരമ്പ് മുറിഞ്ഞു ചോരവാര്‍ന്ന് മരിച്ചു കിടന്ന അയാളുടെ സമീപത്ത് ഒരു കത്തുണ്ടായിരുന്നു.
ആത്മഹത്യയുടെ കാരണമായി ഭാര്യയുടെ  "കവിത വായന' എന്നു മാത്രമാണ് എഴുതിയിട്ടുണ്ടായിരുന്നത്. മൂര്‍ച്ചയുള്ള ആ കത്തിയിലവളുടെ വിരലടയാളവും നിറയെ ഏലക്കായ മണവുമുണ്ടായിരുന്നു.

ആ ആത്മഹത്യാ കുറിപ്പ് വളരെ നാളുകള്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചര്‍ച്ചയായിരുന്നു. കവിതാ പുസ്തകത്തിന്റെ ചിത്രത്തില്‍ കാണുന്ന കവി പലതവണ ചോദ്യംചെയ്യപ്പെട്ടു. വീല്‍ കസേരയില്‍ വെറും വീടിനുള്ളിലെ വൃത്തം മാത്രമുള്ള ആ കവിക്ക് അങ്ങനെ ചെയ്യാനാകില്ലെന്ന് നിരൂപകര്‍ പോലും വാദിച്ചു. എന്തായാലും  "ഭാര്യയെ കൊല്ലുന്നവിധം' എന്ന അയാളുടെ പുതിയ കവിതാസമാഹാരം ഇപ്പോള്‍ വളരെ വായിക്കപ്പെട്ടു എന്നതാണ് മറ്റൊരു വാസ്തവം.
തുണിപ്പൊതികളുമായി വന്ന സ്മിതയും ജയയും പിന്നിലാണ് കയറിയത്. ചരിച്ചിട്ട മുന്‍ സീറ്റില്‍ ചാരിക്കിടക്കുന്ന ആ പെണ്ണ് വായിക്കുന്നത് വീല്‍വൃത്തമുള്ളവന്റെ ഏറ്റവും പുതിയ പുസ്തകമാണ്.  ‘പെണ്ണുങ്ങള്‍ പടം പിടിക്കുമ്പോളുണ്ടാകുന്നത്', പേരിന്റെ കൗതുകം സുമതിയുടെ ചിരിക്ക് ആഴം കൂട്ടി. ആ പെണ്ണ് സുമതിയെ ചിരിയോടെ നോക്കി.

retheesh


ക്‌ളൈമാക്സ്

റിസോട്ടിലേക്ക് തിരിയുന്ന കവലയിലെ കലുങ്കിന് മുകളില്‍ ആ മൂന്നു പുരുഷന്മാരും കുശലം പറഞ്ഞിരിക്കുകയായിരുന്നു. സുമതി അവരുടെ അരികിലേക്ക് വഴിചോദിക്കാനായി നിര്‍ത്തിയത് പിന്നിലിരുന്നവര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കലുങ്കിന്റെ പിന്നില്‍ ശിരുവാണിപ്പുഴ അവരുടെ ഉള്ളിലെ അസ്വസ്ഥതയുടെ താളത്തിലൊഴുകി. പക്ഷേ മുന്നിലിരുന്ന പെണ്ണ് പുസ്തകം പിടിച്ചിരുന്ന കൈ പുറത്തേക്കിട്ട് കാട്ടിനുള്ളിലെ റിസോട്ടിലേക്കുള്ള വഴി അലസമായി ചോദിച്ചു. പുസ്തകത്തിന്റെ പേരുവായിച്ച്, അവളുടെ നേര്‍ക്കും പിന്നീട് കാറിനുള്ളിലേക്കും പുരുഷന്മാരുടെ ആര്‍ത്തിപിടിച്ച നോട്ടം. ജയ ഒഴിഞ്ഞ ഒരു ബിയറുകുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞു. സ്മിതയപ്പോള്‍ സിഗരറ്റിന് തീ പിടിപ്പിച്ചു, എന്നിട്ട് അവര്‍ക്കുനേരെ പൂജ്യങ്ങളുടെ ആകൃതിയില്‍ പുകയൂതിവിട്ടു.

 "അത് സംഗതി കൊള്ളാം,നിങ്ങളങ്ങനെ ഒറ്റയ്ക്കുപോയാല്‍ ഇവിടെ പടമെങ്ങനെ ഓടും. ഞങ്ങളും വരാം', കലുങ്കിന്റെ മുകളില്‍ കുന്തിച്ചിരുന്ന ചെറുപ്പക്കാരന്‍ തുടചൊറിഞ്ഞുചിരിച്ചു. ഒരുത്തന്‍ കൈലിമുണ്ടഴിച്ച് കുടഞ്ഞുടുത്തു. വേറൊരുത്തന്‍ കാറിനുള്ളിലേക്ക് കയറാന്‍ തുടങ്ങി. വാതില്‍ തുറന്നിറങ്ങിയ സുമതിയുടെ തകര്‍പ്പന്‍ ചവിട്ട്, കലുങ്കിലിരുന്നവന്‍ പുഴയിലേക്ക് തെറിച്ചുപോയി. ഒരുത്തന്‍ കാറിന്റെ മുന്നിലേക്കും മറ്റവന്‍ പിന്നിലേക്കും ഓടി. 

മുന്നിലേക്ക് പോയവനെ പിടിക്കാനാഞ്ഞ് സുമതി കാറോടിക്കാന്‍ തുടങ്ങി. റിസോര്‍ട്ടിലേക്കുള്ള വഴി സൂചിപ്പിക്കുന്ന പച്ചനിറമുള്ള ബോര്‍ഡ് തെളിഞ്ഞു. കാറപ്പോള്‍ സുമതിയുടെ കാലില്‍ അവനെ വിട്ടേക്കെടീന്ന് ഒരു യൂടേണാവശ്യപ്പെട്ടു. ഓടിക്കൊണ്ടിരുന്ന പുരുഷന്‍ അതിനിടയില്‍ കരച്ചിലോടെ കറുപ്പന്‍ കാട്ടിനുള്ളിലേക്ക് ചാടിമറഞ്ഞു. നീട്ടിയ ഒരു ഹോണും കാറിനുള്ളില്‍ നിന്ന് നാലൈറ്റം ചിരിയുമുണ്ടായി. 

"നീ കൊള്ളാമല്ലോടി ഈ പടം തീരുംവരെ ഒപ്പം നിക്കാന്‍ എന്തുവേണം', ജയയുടെ ചോദ്യത്തിന് സുമതി ഒന്നു ചിരിച്ചു, അത്ര തന്നെ. എന്നാലും ഇവരില്‍ ആരുടെ കഥ ആദ്യം സിനിമയാക്കുമെന്ന ചന്ദ്രന്റെ സംശയം അവളുടെ മുഖത്തങ്ങനെ നിന്നു. 


​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​
​​​​​​​

കെ. എസ്. രതീഷ്

കഥാകൃത്ത്, അധ്യാപകന്‍. പാറ്റേണ്‍ലോക്ക്, ഞാവല്‍ ത്വലാഖ്, ബര്‍ശല്, കബ്രാളും കാശിനെട്ടും, കേരളോല്‍പത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM