Tuesday, 28 March 2023

ചരിത്രത്തിന്റെ ഹിന്ദുത്വവല്‍ക്കരണം


Text Formatted

ഗാന്ധി വധവും ആർ.എസ്​.എസും

ഉൽക്കണ്​ഠ നിറഞ്ഞ മനസ്സോടെ ​​​​​​​ജസ്​റ്റിസ്​ കെ.ടി. തോമസിന്​ ഒരു കത്ത്

ഗാന്ധിവധത്തിന്റെ നിഴലില്‍ നെഹ്​റുവിനെ നിര്‍ത്തി പൈശാചികവല്ക്കരിക്കാനും, ഹിന്ദുത്വസംഘടനകളെ പ്രതിസ്​ഥാനത്തുനിന്ന്​ രക്ഷിച്ചെടുക്കാനും എഴുതിയുണ്ടാക്കിയ ഒരു പുസ്​തകത്തിന്​ ജസ്​റ്റിസ്​ കെ.ടി. തോമസ്​ എഴുതിയ അവതാരികയിലെ ഉത്കണ്ഠാജനകമായ അഭിപ്രായങ്ങൾ ചരിത്രവസ്​തുതകളിലൂടെ തിരുത്തുന്നു.

Image Full Width
Image Caption
ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍.
Text Formatted

പ്രിയപ്പെട്ട ജസ്റ്റിസ് കെ.ടി. തോമസിന്,

പരമോന്നത നീതിപീഠത്തിന്റെ ഉന്നതമായൊരു കസേരയില്‍ അമര്‍ന്നിരുന്ന് ഇന്ത്യന്‍ ജനതയുടെ ബഹുമാനവും ആദരവും പിടിച്ചുപറ്റിയ വ്യക്തിത്വമാണ് അങ്ങയുടേത്. സാധാരണഗതിയില്‍ അങ്ങയെപ്പോലുള്ള ഒരാള്‍ക്ക് കത്തെഴുന്നതുപോട്ടെ, ഔപചാരികമായി എന്തെങ്കിലും മൊഴിയുന്നതുപോലും എന്റെ ജീവിതത്തിന്റെ അജണ്ടയില്‍ വരുന്ന കാര്യമല്ല. തികച്ചും ആകസ്മികമായി ഒരു പുസ്തകം, കൃത്യമായിപ്പറഞ്ഞാല്‍ ആ പുസ്തകത്തിന് അങ്ങ് എഴുതിയ അവതാരിക , വായിക്കാനിടയായതാണ് ഈ കൃത്യത്തിന് എന്നെ പ്രേരിപ്പിച്ചത് എന്ന് ആദ്യമേ ധരിപ്പിക്കട്ടെ. 

ഇന്ത്യന്‍ ഭരണഘടനയില്‍ അഗാധമായി അഭിമാനം കൊള്ളുന്ന അനേകരില്‍ ഒരാളാണ് ഞാന്‍. അത് അനുസരിക്കാന്‍ ബാധ്യസ്ഥനായ ഒരു പൗരന്‍ എന്ന നിലക്കുമാത്രമല്ല, മതേതരത്വത്തിലും ജനാധിപത്യത്തിലും തുല്യതയിലും കെട്ടിപ്പൊക്കിയ പരമാധികാരത്തെയാണ് അത് പ്രസരിപ്പിക്കുന്നത് എന്നതുകൊണ്ട് കൂടിയാണ്. അടുത്തിടെ ഒരു വിധിന്യായത്തില്‍ ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം കൂടി ഞാന്‍ അഭിമാനത്തോടെ സ്മരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാനപ്പെട്ട പരികല്‍പനകളെല്ലാം തന്നെ ആധുനികമായ പരികല്പനകളാണ്. അത്തരമൊരു ഭരണഘടനയുടെ പ്രായോഗികതലം വിവിധ രീതിയില്‍ വികസിപ്പിച്ചെടുത്ത ഒരാള്‍ എന്ന നിലയില്‍ അങ്ങയോട് ചിലത് പറയാന്‍ മേല്‍പ്പറഞ്ഞ പുസ്തകവും അവതാരികയും വായിക്കാന്‍ ഇടയായതോടെ എനിയ്ക്ക് ആത്മാവിന്റെ ഒരു വെമ്പല്‍ ഉണ്ടായി. അതായത് ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് നടത്തുന്ന വിടുവായത്തരമായി ഇതിനെ എടുക്കരുത്. മറിച്ച് ഒരു പൗരന്‍ എന്ന നിലയില്‍ ആ അവതാരിക അനുഭവിപ്പിച്ച ഉൽക്കണ്ഠയുടേയും നിരാശയുടേയും മാനസിക നില പങ്കുവെയ്ക്കുക എന്ന നിലയില്‍ മാത്രം എടുക്കുക.

Assassination-of-Gandh

ഞാന്‍ വായിച്ച പുസ്തകത്തിന്റെ പേര്  ‘അസ്സാസ്സിനേഷന്‍ ഓഫ് മഹാത്മാഗാന്ധി - നെഗ്‌ളക്റ്റഡ് ക്രോണോളജീസ് ' എന്നാണ്. ഷാബു പ്രസാദ് മലയാളത്തില്‍ എഴുതിയ പുസ്തകം ടി. സത്യനാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ജനുവരി 2017ല്‍ പുറത്തു വന്ന ഇതിന്റെ പ്രസാധകര്‍ കുരുക്ഷേത്ര പ്രകാശനാണ്. 120 രൂപയാണ് വിലയായി കാണിച്ചിട്ടുള്ളത്. 2017 ജനുവരി 21 ന് താങ്കള്‍ എഴുതിയ കുറിപ്പാണ് ഇതിന്റെ അവതാരിക. മലയാളത്തിലുള്ള മൂല പുസ്തകം വായിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് ഇനി പറയുന്ന കാര്യങ്ങള്‍ ഇംഗ്ലീഷ് പതിപ്പിനെ മാത്രം മുന്‍നിര്‍ത്തിയാണ് എന്ന് ആദ്യമേ ബോധിപ്പിക്കട്ടെ. മലയാള മൂലത്തിന് താങ്കള്‍ തന്നെയാണോ അവതാരിക എഴുതിയിരിക്കുന്നത് എന്ന കാര്യത്തിലും തിട്ടമില്ല.

എന്തായാലും താങ്കളുടെ അവതാരികക്കുമുമ്പായി ഗ്രന്ഥകര്‍ത്താവ് എഴുതിച്ചേര്‍ത്തിട്ടുള്ള മുഖവുര ഈ പുസ്തകത്തിന്റെ രചന കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്:  ‘ഈ പുസ്തകം ഒരു അന്വേഷണമാണ്, നിഗമനമല്ല ' ഗ്രന്ഥകര്‍ത്താവ് തുടരുന്നു:   ‘ഇത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച് ഇതുവരെ ഉയര്‍ത്താത്ത ചില ചോദ്യങ്ങള്‍. മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ചിലരെ വിഷമിപ്പിച്ചേക്കാം. അലമാരയിലെ അസ്ഥികൂടങ്ങള്‍ പുറത്തുചാടുമ്പോള്‍ അവ എന്നന്നേയ്ക്കും സുരക്ഷിതമായി ഒളിച്ചുവെച്ചു എന്ന് ധരിച്ചിരുന്ന ചിലര്‍ ഭ്രാന്ത് പിടിച്ച് അട്ടഹസിച്ചേക്കാം . കീറിയ മുഖംമൂടിയ്ക്ക് പിന്നില്‍ ചില മുഖങ്ങളെ കണ്ട് നാം ഞെട്ടിയേക്കാം ' ( സ്വതന്ത്ര തര്‍ജ്ജമ ലേഖകന്റേത് )

നീതിന്യായവ്യവസ്ഥയുടെ അമരക്കാരില്‍ ഒരാളായിരുന്ന അങ്ങ് ഇത്തരം തമാശകളും വൈരുദ്ധ്യങ്ങളും എങ്ങനെ ആസ്വദിച്ചു എന്ന് നോക്കാന്‍ എനിക്ക് ജിജ്ഞാസയുണ്ടായി എന്നത് വാസ്തവമാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി.

പഴയ മട്ടിലുള്ള ഒരു ഹൊറര്‍ സിനിമാ പരസ്യത്ത അനുകരിക്കും മട്ടിലുള്ള ഗ്രന്ഥകര്‍ത്താവിന്റെ ഈ  ‘അന്വേഷണം' എത്തിക്കുന്നത് എവിടേക്കാണ് എന്ന് അവതാരിക എഴുതിയ അങ്ങേയ്ക്ക് അറിയാമല്ലോ. എങ്കിലും ഈ കത്ത് സ്വകാര്യമല്ലാത്ത ഒന്നായതുകൊണ്ട് വായനക്കാര്‍ എന്നൊരു കൂട്ടവും അങ്ങേയ്ക്കും എനിക്കുമിടയിലെ ഈ കത്തിന്റെ മാദ്ധ്യസ്ഥത്തെ പരിശോധിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട് എന്ന് ബോധ്യമുള്ളതുകൊണ്ടും യഥാര്‍ത്ഥത്തില്‍ അങ്ങ് എഴുതിയ അവതാരികയും അതിനെച്ചൊല്ലിയുള്ള എന്റെ ഈ പ്രതികരണവും അവരെ ലക്ഷ്യം വെച്ചു കൂടിയാണല്ലോ എന്നറിയുന്നതുകൊണ്ടും ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ‘സംഭ്രമജനകമായ ' ചില കാര്യങ്ങള്‍ പരിശോധിക്കാം.

ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ്
ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ്

ചുരുക്കിപ്പറഞ്ഞാല്‍ നെഹ്‌റുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് ഈ പുസ്തകം. നെഹ്‌റുയിസത്തോടുള്ള രാഷ്ട്രീയമായ വിയോജിപ്പ് എന്നതിനേക്കാള്‍ ഗാന്ധിവധത്തിന്റെ നിഴലില്‍ അദ്ദേഹത്തെ നിര്‍ത്തി പൈശാചികവല്ക്കരിക്കാനുള്ള ശ്രമം. അതിനാല്‍ നെഹ്‌റുവിന്റെ നടപ്പിനോടും ഉടുപ്പിനോടും വരെയുള്ള വെറുപ്പ് ഗ്രന്ഥകാരന്‍ മറച്ചു വെയ്ക്കുന്നില്ല. ഒരു ചെറിയ ഉദാഹരണം ഞാന്‍ ചൂണ്ടിക്കാട്ടട്ടെ. പതിമൂന്നാം അദ്ധ്യായമായ  ‘ഗാന്ധിവധം- ഒരു സേഫ്റ്റിവാല്‍വി 'ല്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ എഴുതുന്നു:  ‘ നെഹ്‌റു തന്റെ ചലനങ്ങളിലും വസ്ത്രധാരണത്തിലും വിദ്യാഭ്യാസത്തിലും വിദേശിയുടെ ശരീരഭാഷയോട് ഒട്ടിനിന്നു. തങ്ങള്‍ക്ക് ചിത്രം വിടേണ്ടി വന്നാലും ഈ മനുഷ്യന്‍ തങ്ങളുടെ പ്രതിനിധിയോ പിന്തുടര്‍ച്ചാവകാശിയോ ആയി ഇന്ത്യയെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമായി കാത്തുസൂക്ഷിക്കും എന്ന കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഉറപ്പുണ്ടായിരുന്നു.’

അതായത് ബ്രിട്ടീഷ് ഭരണത്തോട് പൊരുതിയ നെഹ്‌റു എന്നത് ഒരു പൊയ്​രൂപമായിരുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ബ്രിട്ടീഷുകാരുടെ  ‘പ്രതിനിധിയും പിന്തുടര്‍ച്ചാവകാശി 'യുമായിരുന്നു. ഗാന്ധിക്ക് തന്നോടുണ്ടായിരുന്ന  ‘ദൗര്‍ബല്യം ' മുതലെടുത്ത് നെഹ്‌റു അദ്ദേഹത്തെ പറ്റിക്കുകയായിരുന്നു. ഗാന്ധിയെ മാത്രമല്ല നമ്മളെയും ഇന്ത്യന്‍ ചരിത്രകാരന്മാരേയും സര്‍വ്വേപ്പിള്ളി ഗോപാല്‍ പോലുള്ള ചരിത്രകാരന്മാരേയും ഒക്കെപ്പറ്റിക്കാന്‍ കഴിഞ്ഞ വില്ലനായിരുന്നു നെഹ്‌റു. തന്റെ ‘അന്വേഷണ'ത്തെ തത്വശാസ്ത്രവല്ക്കരിക്കാന്‍ ഗ്രന്ഥകാരന്‍ വെമ്പുന്നതുനോക്കുക : ‘ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന നിരവധി വ്യക്തിത്വങ്ങള്‍ ബ്രിട്ടീഷുകാരുടെ ഓമനകള്‍ ആയിത്തീര്‍ന്നതിന്റെ കാരണങ്ങള്‍ ചികഞ്ഞെടുക്കുക എന്നത് വലിയ കാര്യമല്ല. അവര്‍ക്കെല്ലാം ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു - അധികാരാസക്തി. അതിനുവേണ്ടി അവര്‍ ഏതറ്റവും പോകുമായിരുന്നു. അതവര്‍ നിരവധി തവണ തെളിയിച്ചിട്ടുണ്ട്. അവരുടെ വഴിയിലെ ഏറ്റവും വലിയ തടസ്സം ഗാന്ധിജിയായിരുന്നു' .

ജസ്റ്റിസ് കെ.ടി. തോമസ്
ജസ്റ്റിസ് കെ.ടി. തോമസ് /Photo: Wikimedia Commons

തത്വശാസ്ത്രം കുറ്റാന്വേഷണത്തിന് വഴിമാറുന്നത് വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇങ്ങനെ നെഹ്‌റു എന്ന വില്ലന്‍ പല മാതിരി ഓരോരോ ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്നു. പതിമൂന്നാം അദ്ധ്യായത്തില്‍ ബ്രിട്ടീഷ് ഏജൻറ്​. രണ്ടു മൂന്നും അദ്ധ്യായത്തില്‍ പ്രച്ഛന്ന കോണ്‍ഗ്രസും രഹസ്യ കമ്യൂണിസ്റ്റും.' അതിനാല്‍,  ‘കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തിയ നെഹ്‌റു ഹൃദയം കൊണ്ടും വിചാരം കൊണ്ടും കമ്യൂണിസ്റ്റ് ആയിരുന്നു ' എന്നെഴുതിപ്പോകുന്ന ഗ്രന്ഥകാരന്‍ നെഹ്‌റുവിന്റെ കമ്യൂണിസ്റ്റ് ആഭിമുഖ്യത്തെ ഇ.എം.എസ് എഴുതിയിട്ടുണ്ടെന്ന് കണ്ടുപിടിക്കുന്നു. മറ്റൊരദ്ധ്യായത്തില്‍ അദ്ദേഹം ‘കമ്യൂണിസ്റ്റ് വിരോധി’യാകുന്നു.

എന്നെ സംബന്ധിച്ച്​  ‘ജയന്‍ അമേരിക്കയില്‍’,  ‘സുകുമാരക്കുറുപ്പ് ഹരിദ്വാരില്‍’ തുടങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെട്ട വായിച്ച് രസിക്കാന്‍ പറ്റിയ ഒരു ഭാവന എന്നേ കരുതിയുള്ളു. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗാന്ധിജിയുടെ വധം നിരവധി പക്ഷികളെ ഒറ്റവെടിയ്ക്ക് വീഴ്ത്തി. നെഹ്‌റു ആര്‍ജ്ജിച്ച  ‘നേട്ട’ങ്ങളില്‍  ഒന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭരണത്തിലെത്തുന്നതില്‍ നിന്ന്​ തടഞ്ഞതാണ്. അതായത് നെഹ്‌റുവിനെ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പുസ്തകത്തിന്റെ  ‘യുക്തി ' തന്നെ തകിടം മറിഞ്ഞു പോകുന്നത് ഗ്രന്ഥകാരന്‍ ശ്രദ്ധിക്കുന്നില്ല. നെഹ്‌റുവിനെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചത് ആരെങ്കിലും ചൂണ്ടിക്കാട്ടിയാലോ എന്ന കാര്യം അനുസ്മരിച്ചാകാം ഗ്രന്ഥകാരന്‍ ഒരു മുഴം മുമ്പേ ഇങ്ങനെ എറിയുന്നത്.
‘‘അദ്ദേഹം ( നെഹ്‌റു ) സ്വാതന്ത്ര്യസമരത്തില്‍ അനുഷ്ഠിച്ചിട്ടുള്ള ത്യാഗങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല. ജയിലില്‍ യാതൊരു തടസ്സവുമില്ലാതെ അദ്ദേഹത്തിന് വായിക്കുകയും എഴുതുകയും ചെയ്യാമായിരുന്നു. അക്കാലത്ത് ഒരു തമാശ പ്രചരിച്ചിരുന്നു,  ‘നെഹ്‌റു കുറച്ചു കൂടി കാലം ജയിലില്‍ ആയിരുന്നെങ്കില്‍ , ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷില്‍ എഴുതിയ കുറച്ചു കൂടി പുസ്തകങ്ങള്‍ കിട്ടിയേനെ '’’ എന്നും ഈ പുസ്തകത്തില്‍ കാണാം.

ജവഹര്‍ലാല്‍ നെഹ്‌റു
ജവഹര്‍ലാല്‍ നെഹ്‌റു

എന്നെ സംബന്ധിച്ച്​  ‘ജയന്‍ അമേരിക്കയില്‍’,  ‘സുകുമാരക്കുറുപ്പ് ഹരിദ്വാരില്‍’ തുടങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെട്ട വായിച്ച് രസിക്കാന്‍ പറ്റിയ ഒരു ഭാവന എന്നേ കരുതിയുള്ളു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു തൂണിന്റെ, നീതിന്യായവ്യവസ്ഥയുടെ അമരക്കാരില്‍ ഒരാളായിരുന്ന അങ്ങ് ഇത്തരം തമാശകളും വൈരുദ്ധ്യങ്ങളും എങ്ങനെ ആസ്വദിച്ചു എന്ന് നോക്കാന്‍ (പുസ്തകം വായിച്ചു കഴിഞ്ഞാണ് ഞാന്‍ അവതാരിക വായിച്ചത് ) എനിക്ക് ജിജ്ഞാസയുണ്ടായി എന്നത് വാസ്തവമാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി. അങ്ങ് അവതാരികയില്‍ എഴുതുന്നു:  ‘ജുഡീഷ്യല്‍ കമീഷനുകള്‍ നടത്തിയ വ്യത്യസ്ത തലങ്ങളിലെ കുറ്റാന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മറ്റ് ആരായലുകള്‍ക്കും ശേഷവും നമുക്ക് മഹാത്മാഗാന്ധിയുടെ വധത്തെ ചുറ്റിപ്പറ്റിയുള്ള വിശാലമായ അന്വേഷണഫലങ്ങളെക്കുറിച്ചുള്ള കൃത്യമായ അന്തിമവിധി സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്.’

വിചാരണാവേളയില്‍ സവര്‍ക്കെതിരെ മാപ്പുസാക്ഷിയായ ബഡ്‌ഗെ വെളിപ്പെടുത്തിയ ഗൂഢാലോചനാപങ്കാളിത്തത്തിന് ഉപോദ്ബലകമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നത് മുന്‍നിര്‍ത്തിയാണ് കോടതി സവര്‍ക്കറെ വെറുതെ വിട്ടത്.

അതോടെ ഇത് തമാശയല്ലെന്നും സത്യാനന്തരലോകത്തിന്റെ ഒരു തൂണ് പണിതുയര്‍ത്തുന്നതാണെന്നും എനിക്ക് ബോധ്യപ്പെട്ടു. പക്ഷെ, അത് വിളിച്ചു പറയുന്നതിനുള്ള ഒരേ ഒരു തടസ്സം സമാരാധ്യനായ താങ്കളുടെ അവതാരികയാണ്. അതിനാല്‍ എന്റെ ബോധ്യങ്ങളെക്കൊണ്ട് അങ്ങയുടെ അവതാരികയോട് സംവാദം നടത്താതെ വയ്യ. അതാണ് ഈ സ്വല്പം നീണ്ട കുറിപ്പ്.

എങ്ങനെയാണ് ഗ്രന്ഥകാരന്‍ ഗാന്ധിവധത്തെ സംബന്ധിച്ച സത്യാനന്തര ലോകം, അങ്ങയെ സംബന്ധിച്ച്​ സത്യത്തിന്റെ  ‘സാധ്യത ' പണിതുയര്‍ത്തുന്നതെന്ന് നോക്കാം. നാലാം അദ്ധ്യായത്തിലെ ഒരു ഭാഗം ഞാന്‍ അങ്ങയുടെ അറിവിലേക്കായി രേഖപ്പെടുത്തട്ടെ. ഗാന്ധിവധത്തിന്റെ ഒരു വിചാരണാസന്ദര്‍ഭം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. ഗംഗാധര്‍ ദണ്ഡവാതേ എന്ന വ്യക്തിയുടെ വിചാരണ:  ‘വിചാരണക്കിടയില്‍ ദണ്ഡവാതേ താനത് നാഥുറാമിന് വിറ്റതായി സമ്മതിച്ചു. അദ്ദേഹം അത് വാങ്ങിയത് ഒരു ജഗദീഷ് പ്രസാദ് ഗോയലില്‍ നിന്നാണ്. പക്ഷെ പ്രോസിക്യൂഷനോ അന്വേഷണ ഏജന്‍സികളോ ഗവണ്മെന്റോ ഗോയല്‍ ഇത് എവിടെ നിന്ന് വാങ്ങിയത് എവിടെ നിന്നാണ് എന്ന് അന്വേഷിക്കാന്‍ ഒരു താത്പര്യവും കാണിച്ചില്ല. ആ സ്രോതസ്സിനെ സംരക്ഷിക്കാന്‍ അവര്‍ ശ്രദ്ധാലുവായിരുന്നോ? '

ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

ഗാന്ധിവധത്തിലെ ഉള്ളുകള്ളി രഹസ്യങ്ങളുടെ തൊലിയുരിക്കുന്ന മട്ടില്‍ ഒരു ചോദ്യചിഹ്നത്തിലാണ് ഇത് പറയുമ്പോള്‍ ഗ്രന്ഥകാരന്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഇതിന്റെ പശ്ചാത്തലം നമുക്കൊന്ന് പരിശോധിക്കാം. ഗാന്ധിവധത്തിനുപയോഗിച്ച ബെറെറ്റാ 9 mm തോക്ക് നാഥുറാം വിനായക് ഗോഡ്‌സേ കരസ്ഥമാക്കിയതിനെപ്പറ്റിയാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്. ഗാന്ധിവധത്തിന്റെ നിയമരേഖകള്‍ അങ്ങയെപ്പോലൊരു ന്യായാധിപന് കരതലാമലകം ആയിരിക്കുമല്ലോ ? 1948 ജനുവരി 20 ന്റെ വധശ്രമം പരാജയപ്പെട്ട ശേഷം ഡല്‍ഹിയില്‍ നിന്ന് കാണ്‍പൂര്‍ വഴി ബോംബെയില്‍ തിരിച്ചെത്തിയ നാഥുറാം വിനായക് ഗോഡ്‌സേയും നാരായണ്‍ ദത്താത്രേയ ആപ്‌തേയും പിന്നീട് രണ്ടാം ഉദ്യമത്തിനായി ഡല്‍ഹിയിലേയ്ക്ക് തിരിച്ചു പോകുന്നത് 1948 ജനുവരി 27 നാണ്. ബോംബെയില്‍ നിന്ന് ആ ദിവസം വിമാനമാര്‍ഗ്ഗം കള്ളപ്പേരുകളില്‍ ഡല്‍ഹിയിലെത്തിയ അവര്‍ അവിടെ നിന്ന് തീവണ്ടിമാര്‍ഗം ഗ്വാളിയറില്‍ പോകുകയും അന്ന് രാത്രി ഹിന്ദുമഹാസഭാനേതാവായിരുന്ന ഡോ. ദത്താത്രേയ സദാശിവ് പര്‍ച്ചൂരേയെ സന്ദര്‍ശിക്കുകയും ചെയ്തു.

ഇതുവരെ പിടികിട്ടാത്ത ഒരു പുള്ളിയെ വിചാരണ ചെയ്യിച്ചാണ് ‘സംഭ്രമജനക'മായ വസ്തുതകള്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. അതിനെ പിന്‍പറ്റി അങ്ങയെപ്പോലെ ഒരാള്‍  ‘ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കണം' എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ വായനക്കാര്‍ എന്താണ് ചെയ്യുക ?

രണ്ടാം സവര്‍ക്കര്‍ എന്ന് കേള്‍വിപ്പെട്ടിരുന്ന ഡോ. പര്‍ച്ചൂരെയാണ് ബെറെറ്റാ 9 mm തോക്ക് ഇവര്‍ക്ക് സംഘടിപ്പിച്ചു കൊടുത്തത്. ഹിന്ദുമഹാസഭാ പ്രവര്‍ത്തകനും പര്‍ച്ചൂരേ നയിച്ചിരുന്ന ഹിന്ദുരാഷ്ട്രസേനാ പ്രവര്‍ത്തകനും ആയിരുന്ന ഗംഗാധര്‍ ദണ്ഡവാതേ ആണ് തോക്ക് സംഘടിപ്പിച്ചു നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ആദ്യം നല്‍കിയ തോക്ക് പര്‍ച്ചൂരേയുടെ വീട്ടില്‍ വെച്ച് പരീക്ഷിച്ച് നോക്കിയപ്പോള്‍ തൃപ്തികരമല്ലെന്ന് കണ്ട് പുതിയൊരു തോക്കിനായി അവര്‍ ദണ്ഡവാതേയോട് ആവശ്യപ്പെടുകയുണ്ടായി. അതേ തുടര്‍ന്ന് ഗംഗാധര്‍ ദണ്ഡവാതേ ജഗദീഷ് പ്രസാദ് ഗോയല്‍ എന്ന ആളില്‍ നിന്ന്​ വാങ്ങിക്കൊടുത്തതാണ് 9 mm ബെറെറ്റാ തോക്ക്. അതുമായി 1948 ജനുവരി 29 ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഗോഡ്‌സേയും ആപ്‌തെയും വിഷ്ണു രാമചന്ദ്ര കര്‍ക്കരെയുമൊത്ത് റെയില്‍വേ റിട്ടയറിംഗ് റൂമില്‍ രാത്രി താമസിച്ചതിനുശേഷം പിറ്റേന്ന് ബിര്‍ള മന്ദിറിന് പിന്നിലുള്ള കുറ്റിക്കാട്ടില്‍ തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നടത്തി. അന്ന്, 1948 ജനുവരി 30ന് വൈകീട്ട് 5 മണിയ്ക്ക് ശേഷം അതേ തോക്കുപയോഗിച്ച് ഗോഡ്‌സേ ഗാന്ധിയെ വധിച്ചു.

നാഥൂറാം ഗോഡ്സേ നാരായണ്‍ ദത്താത്രേയ ആപ്‌തേ
നാഥൂറാം വിനായക് ഗോഡ്സേ നാരായണ്‍ ദത്താത്രേയ ആപ്‌തേ

ഈ സംഭവത്തില്‍ ഗംഗാധര്‍ ദണ്ഡവാതേ എന്ന ഹിന്ദുരാഷ്ട്രസേനാ അനുയായി വഹിച്ച പങ്ക് സുവ്യക്തമത്രേ. പക്ഷെ സര്‍, ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ഗാന്ധിവധത്തിന്റെ വിചാരണാവേളയില്‍ ഗംഗാധര്‍ ദണ്ഡവാതേ മേല്‍പ്പറഞ്ഞ മൊഴി കൊടുത്തിട്ടില്ല എന്ന് അങ്ങേക്കറിയാമല്ലോ. ഗാന്ധിവധത്തിന്റെ വിചാരണ നടന്ന റെഡ്‌ഫോര്‍ട്ടിലെ പ്രത്യേക കോടതിയില്‍ ദണ്ഡവാതേ ഒരിക്കല്‍ പോലും ഹാജരായിട്ടില്ല. കാരണം, ഗാന്ധിവധത്തിലെ മൂന്ന് പിടികിട്ടാപ്പുള്ളികളില്‍ ഒരാളാണ് ഈ ഗംഗാധര്‍ ദണ്ഡവാതേ. ഗംഗാധര്‍ ജാദവ്, സൂര്യദേവ് ശര്‍മ്മ എന്നിവര്‍ ആണ് മറ്റ് രണ്ടുപേര്‍.

അതായത്, ഇതുവരെ പിടികിട്ടാത്ത ഒരു പുള്ളിയെ വിചാരണ ചെയ്യിച്ചാണ് ‘സംഭ്രമജനക 'മായ വസ്തുതകള്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. അതിനെ പിന്‍പറ്റിക്കൊണ്ട് അങ്ങയെപ്പോലെ ഒരാള്‍  ‘ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കണം' എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ ഞങ്ങള്‍ വായനക്കാര്‍ എന്താണ് ചെയ്യുക ? മാത്രമല്ല , തോക്ക് നല്‍കിയ ജഗദീഷ് ഗോയലിനെ ഇരുട്ടത്ത് നിര്‍ത്തിയാണ് ഗ്രന്ഥകാരന്‍ മുന്നേറുന്നത്. ആരായിരുന്നു ജഗദീഷ് ഗോയല്‍ ? ഗാന്ധിവധത്തിന്റെ വിചാരണാ വേളയില്‍ ഇദ്ദേഹത്തിന്റെ നാമം പൊന്തിവന്നില്ലേ? തീര്‍ച്ചയായും ഉണ്ട്. ഡോ. പര്‍ച്ചൂരേയുടെ വധത്തിലുള്ള പങ്ക് വ്യക്തമാക്കിയ സാക്ഷി മധുകര്‍ കാലേ വ്യക്തമായി കോടതിയില്‍ പറഞ്ഞിട്ടുണ്ട്, ജഗദീഷ് ഗോയല്‍ ഹിന്ദുരാഷ്ട്രസേനാ പ്രവര്‍ത്തകന്‍ ആയിരുന്നുവെന്ന്.

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ പ്രായോഗിക മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രം ഡല്‍ഹിയിലെ ഹിന്ദുമഹാസഭാ കാര്യാലയം ആയിരുന്നു എന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ.

അതായത്, ഗാന്ധിവധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വിവിധ കോടതികളും കമീഷന്‍ റിപ്പോര്‍ട്ടുകളും നമുക്ക് പറഞ്ഞു തന്ന കാര്യങ്ങളുടെ കേന്ദ്രം തീവ്രഹിന്ദു പ്രത്യയശാസ്ത്രത്തില്‍ നിന്ന് മാറ്റി മൗണ്ട് ബാറ്റനിലും നെഹ്‌റുവിലും പ്രക്ഷേപിക്കാന്‍ ഗ്രന്ഥകാരന്‍ കൊണ്ടുവരുന്ന നിഗൂഢവ്യക്തിയായ ജഗദീഷ് ഗോയല്‍ , ഗ്വാളിയറിലെ ഡോ. പര്‍ച്ചൂരേ നയിച്ചിരുന്ന ഹിന്ദു തീവ്ര സംഘടനയുടെ പ്രവര്‍ത്തകന്‍ ആയിരുന്നു. ഗ്രന്ഥകാരന്‍ ആരോപിക്കുന്ന വ്യക്തികളുമായല്ല , മറിച്ച് തീവ്ര ഹിന്ദുസംഘടനകളുമായാണ് അയാള്‍ക്ക് ബന്ധം. തീര്‍ന്നില്ലേ സാര്‍, അങ്ങ് പറയുന്ന  ‘സാധ്യത.’

ഇത് ഈ ഗ്രന്ഥത്തിലെ ഒറ്റപ്പെട്ട സംഭവം അല്ലാതിരിക്കുന്നതെങ്ങനെ എന്നുകൂടി നമുക്ക് പരിശോധിക്കാം.

ഗാന്ധിവധത്തിന്റെ  ‘നിഗൂഢത തകര്‍ക്കാന്‍ ' ഗ്രന്ഥകാരന്‍ കൊണ്ടുവരുന്ന മറ്റൊരു ആരോപണം പൂനെക്കാരനായ, വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സേയ്ക്ക് ഡല്‍ഹി അപരിചിതമായ നഗരമായിരുന്നുവെന്നാണ്. എങ്കില്‍ അവിടെ അയാള്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ആരാണ് ? ഗ്രന്ഥകാരന്റെ എല്ലാ ചോദ്യങ്ങളും വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ് എന്ന് പറയേണ്ടതില്ലല്ലോ? എന്നാല്‍ ഗ്രന്ഥകാരന്‍ മറന്നു പോകുന്ന ഒരു കാര്യം, ഇതെല്ലാം ഗാന്ധിവധത്തെ സംബന്ധിച്ച നിരവധി രേഖകളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നതാണ്. ഉദാഹരണത്തിന് തന്റെ വാദങ്ങള്‍ക്ക് ഉപോദ്ബലകമായി ഗാന്ധിവധത്തെ സംബന്ധിച്ച കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ഗ്രന്ഥകാരന്‍ നിരവധി തവണ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് മനസ്സിരുത്തി വായിച്ചതായി തെളിവുകളൊന്നും ഇല്ല. നാഥുറാം ഗോഡ്‌സേ ഒറ്റയ്ക്കല്ല ഡല്‍ഹിയിലേയ്ക്ക് വന്നതും താമസിച്ചതും എന്ന കാര്യം അവിടെ നില്‍ക്കട്ടെ. അദ്ദേഹത്തിന് ഡല്‍ഹി അപരിചിതമായിരുന്നോ? 

കപൂര്‍ കമീഷന്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട ഒരു വസ്തുത, ഗാന്ധി വധത്തിന് മാസങ്ങള്‍ക്ക് മുമ്പ് 1947 ആഗസ്റ്റ് 8 ന് നാഥുറാം ഗോഡ്‌സേയും നാരായണ്‍ ആപ് തേയും വിനായക് ദാമോദര്‍ സവര്‍ക്കറും ഒന്നിച്ച് ബോംബെയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് നടത്തിയ വിമാനയാത്ര ആണ്. DN - 438 വിമാനത്തിലാണ് അവര്‍ ഡല്‍ഹിക്ക് പറന്നത്. ഓള്‍ ഇന്ത്യാ ഹിന്ദുമഹാസഭയുടെ വര്‍ക്കിങ്ങ് കമ്മറ്റി മീറ്റിങ്ങില്‍ പങ്കെടുക്കാനായിരുന്നു അത്. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ പ്രായോഗിക മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രം ഡല്‍ഹിയിലെ ഹിന്ദുമഹാസഭാ കാര്യാലയം ആയിരുന്നു എന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. മാത്രമല്ല , 1948 ജനുവരി 20 ന് നടത്തിയ വധശ്രമത്തിന്റെ മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ട തോക്കിന്റെ ശേഷി നാഥുറാം ഉള്‍പ്പെട്ട സംഘം പരിശോധിച്ചത് ഹിന്ദു മഹാസഭയുടെ പിന്നിലെ കുറ്റിക്കാട്ടില്‍ വെച്ചായിരുന്നു. അതായത് നാഥുറാം ഗോഡ്‌സേയ്ക്ക് ഡല്‍ഹിയുടെ  ‘ഹിന്ദു തീവ്രവാദ പരിസരം ' അത്രമേല്‍ പരിചയമായിരുന്നു എന്നുകരുതാന്‍ ധാരാളം ന്യായങ്ങള്‍ ഉണ്ട്. ഡല്‍ഹിയിലെ ഹിന്ദുമഹാസഭാനേതാവ് അശുതോഷ് ലാഹിരി അത്രമേല്‍ പരിചിതനായിരുന്നു താനും .

അതിനെല്ലാമുപരി, സവര്‍ക്കറുടെ സഹചാരി എന്ന നിലയില്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ആളാണ് ഗോഡ്‌സേ. പൂനെയില്‍ അഗ്രണി എന്ന പത്രത്തിന്റെ പത്രാധിപരായി കുറ്റിയടിക്കുന്നതിനുമുമ്പ് സവര്‍ക്കറുടെ കൂടെ സ്ഥിരം സഞ്ചരിച്ചിരുന്ന ആളാണ് ഗോഡ്‌സേ . അതിനാല്‍ ഗ്രന്ഥകാരന്റെ  ‘വാദ ദൗര്‍ബ്ബല്യങ്ങളെ ' എളുപ്പം തിരിച്ചറിയാന്‍ കേസ് പഠിച്ചിട്ടുള്ള ആള്‍ എന്ന നിലയ്ക്ക് അങ്ങേക്ക് കഴിയുമായിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ച്​ ഗ്രന്ഥകാരന്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന  ‘സ്‌ഫോടനാത്മക ' വിവരങ്ങള്‍ക്ക് തീ കൊളുത്താന്‍ നിയോഗിക്കപ്പെട്ട ഒരാളെന്ന പോലെ സ്വയം വിനിയോഗിക്കുന്ന കാഴ്ചയാണ് അവതാരിക തരുന്നത്. അത് ഒരു പൗരന്‍ എന്ന നിലയില്‍ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്.

ഗാന്ധിവധത്തിലെ കൊലയാളിയായ ഗോഡ്‌സേ സവര്‍ക്കറുടെ ഉറ്റ അനുയായിയും ഹിന്ദുമഹാസഭയ്ക്ക് പുറമേ സവര്‍ക്കര്‍ സ്ഥാപിച്ച ഹിന്ദുരാഷ്ട്ര ദള്‍ എന്ന അതീവരഹസ്യസംഘടനയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.

ഗോഡ്‌സേയെ ഹിന്ദു തീവ്രവാദപരിസരത്തുനിന്ന്​ പിടിച്ചു മാറ്റി നെഹ്‌റുവിന്റേയും മൗണ്ട് ബാറ്റന്റേയും തൊഴുത്തില്‍ കൊണ്ടുകെട്ടാനുള്ള ശ്രമത്തില്‍ ഗ്രന്ഥകാരന്‍ വിമാനയാത്രകളെക്കുറിച്ച് പറയുന്നു. ആരാണ് അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് എന്ന ചോദ്യത്തിന്റെ പൊടിപടലം ഉയര്‍ത്തുന്നു. അദ്ദേഹം കരുതും പോലെ  ‘അജ്ഞാതരുടെ സ്‌പോണ്‍സര്‍ഷിപ്പി'ല്‍ അല്ല അത് നടന്നത്. 1948 ലെ രണ്ട് വധശ്രമങ്ങളിലും ഗോഡ്‌സേയും ആപ്‌തേയും ഡല്‍ഹിയിലെത്തിയത് കള്ളപ്പേരുകളില്‍ വിമാന സഞ്ചാരം നടത്തിയാണ്. കൊണാട്ട്‌പ്ലേസിലെ മറീന ഹോട്ടലിലാണ് അവര്‍ ആദ്യ വധശ്രമസമയത്ത് താമസിച്ചിരുന്നത്. ആ സംഘത്തിലെ മറ്റുള്ളവര്‍ ഹിന്ദുമഹാസഭയുടെ ഡല്‍ഹി ഓഫീസിലും. ഗോഡ്‌സേ വിജയിച്ച രണ്ടാം വധശ്രമക്കാലത്താകട്ടെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ റിട്ടയറിംഗ് റൂമിലാണ് ഗോഡ്‌സേയും ആപ്‌തേയും താമസിച്ചത്. വിമാനയാത്ര ഗോഡ്‌സേയ്ക്കും ആപ്‌തേയ്ക്കും പുത്തരിയല്ലായിരുന്നുവെന്ന് സവര്‍ക്കര്‍ക്കൊപ്പം അവര്‍ നടത്തിയ 1947 ലെ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍, മേലെ ഈ ലേഖകന്‍ രേഖപ്പെടുത്തിയത് തെളിയിക്കുന്നുണ്ടല്ലോ. അതോടൊപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി നമുക്ക് നോക്കാം. ഗോഡ്‌സേ പത്രാധിപരായും ആപ് തേ പ്രസാധകനായും ഇറക്കിയിരുന്ന  അഗ്രണി  തുടങ്ങാന്‍ സാമ്പത്തിക സഹായം ചെയ്തതാരാണ്? സാക്ഷാല്‍ വി.ഡി.സവര്‍ക്കര്‍ അല്ലാതെ മറ്റാരുമല്ല. അക്കാലത്തെ വലിയൊരു തുക , ഏതാണ്ട് 15,000 രൂപയാണ് സവര്‍ക്കര്‍ അവര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ആ പത്രത്തിന്റെ ഹിന്ദുത്വതീവ്രവാദ സ്വഭാവം അതിര് കടന്നപ്പോള്‍ ബി.ജി.ഖേറിന്റെ നേതൃത്വത്തിലുള്ള ബോംബെ ഗവണ്മെൻറ്​ അത് നിരോധിച്ചു. പിറ്റേന്നുതന്നെ ഹിന്ദുരാഷ്ട്ര എന്ന പുതിയ പേരില്‍ പുതിയ പത്രം തുടങ്ങാന്‍ അവരെ പ്രാപ്തരാക്കിയതും ഹിന്ദുത്വ തീവ്രവാദാനുഭാവികളുടേയും സവര്‍ക്കറുടേയും പിന്തുണ തന്നെ. ഈ കൊലയാളികള്‍ നടത്തിയിരുന്ന അഗ്രണിയുടെ / ഹിന്ദുരാഷ്ട്രയുടെ ആദ്യ പേജില്‍ പ്രിന്റുചെയ്ത ലോഗോ ആരുടെ ചിത്രമായിരുന്നു എന്ന് അങ്ങേക്കറിയാമല്ലോ? അങ്ങ് അവതാരികയില്‍ പുകഴ്​ത്തിയ അതേ സവര്‍ക്കരുടെ. ഗാന്ധിവധത്തിന്റെ വിചാരണാ വേളയില്‍ പൊലീസ് അപ്രൂവര്‍ ആയി മാറിയ ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗേ ഗോഡ്‌സേ സംഘത്തിന്റെ സാമ്പത്തിക സമാഹരണം വ്യക്തമാക്കിയിട്ടുണ്ടുതാനും. ബോംബെ ഡൈയിങ്ങ് ഹൗസിന്റെ പ്രൊപ്രൈറ്റര്‍ ആയിരുന്ന സേത്ത് ചന്ദ്രദാസ് മേഘ് മധുര്‍ദാസ്, അഫ്‌സുല്‍ പുകാര്‍, വൈഷ്ണവ വിഭാഗത്തിന്റെ ആരാധ്യപുരുഷനായിരുന്ന ദീക്ഷിത് മഹാരാജ് , സഹോദരന്‍ ദാദാ മഹാരാജ് തുടങ്ങിയ ഹിന്ദുമഹാസഭാ അനുഭാവികളാണ് പണം നല്‍കിയത്.

സര്‍വര്‍ക്കറുടെ ചിത്രം ലോഗോ ആയി പ്രിന്‍റ് ചെയ്ത ഹിന്ദുരാഷ്ട്ര പത്രം
സര്‍വര്‍ക്കറുടെ ചിത്രം ലോഗോ ആയി പ്രിന്‍റ് ചെയ്ത ഹിന്ദുരാഷ്ട്ര പത്രം

ഗാന്ധിവധത്തിന്റെ പ്രതിസ്ഥാനത്തു നിന്ന് ആര്‍.എസ്.എസ് വിമുക്തമായതിനെ സംബന്ധിച്ച് അങ്ങ് ഇങ്ങനെ അഭിപ്രായപ്പെടുന്നു:  ‘ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും ആ സംഘടനയുടെ (ആര്‍.എസ്.എസിന്റെ ) പങ്കില്ലായ്മയെക്കുറിച്ച് പിന്നീട് തിരിച്ചറിഞ്ഞു എന്ന കാര്യം ആരും മറക്കരുത്. പക്ഷെ, രാഷ്ട്രീയകാരണങ്ങളാല്‍ ഗാന്ധിവധത്തില്‍ നിന്ന് ആര്‍. എസ്. എസിനെ വിമുക്തമാക്കാന്‍ ജനങ്ങളെ അനുവദിക്കാത്ത വണ്ണം ഒരു നിയന്ത്രിത ശബ്ദത്തിലാണെങ്കില്‍ പോലും ചൂടുള്ള ഒരു പ്രചാരണം ചുറ്റിയടിക്കുന്നുണ്ട് . ഈ വിഷയത്തെപ്പറ്റിയുള്ള ഒരുപാട് വസ്തുതകള്‍ വായിച്ച ശേഷം, ആര്‍. എസ്. എസ് എന്ന സംഘടനയ്ക്ക് മഹാത്മാഗാന്ധി വധത്തില്‍ ഒന്നും ചെയ്യാനില്ല എന്ന കാഴ്ചപ്പാടാണ് ഞാനും കൈക്കൊള്ളുന്നത്.’

ഈ അവസരത്തില്‍ ഗാന്ധിവധത്തിന്റെ നാള്‍വഴികളിലേയ്ക്ക് ഒന്ന് പോയി വരുന്നത് ഉചിതമായിരിക്കും.

അങ്ങേയ്ക്കും, ഇന്ത്യയിലെ തൽപര ജനതയ്ക്കും അറിവുള്ള പോലെ 1948 ജനുവരി മാസത്തില്‍ ഗാന്ധിയെ വധിക്കാന്‍ രണ്ട് ശ്രമങ്ങള്‍ നടക്കുകയുണ്ടായി. 1948 ജനുവരി 20 ന് ദല്‍ഹിയിലെ ബിര്‍ളാ ഹൗസില്‍ ഗാന്ധിയുടെ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ഗണ്‍ കോട്ടണ്‍ സ്ലാബ് സ്‌ഫോടനം ഉണ്ടായി. അതേ തുടര്‍ന്ന് മദന്‍ലാല്‍ കശ്മീരിലാല്‍ പഹ് വ എന്ന അഭയാര്‍ത്ഥി പൊലീസ് പിടിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പഹ് വ ഒരു ഗൂഢാലോചനയുടെ കണ്ണി മാത്രമാണ് താനെന്ന് വെളിപ്പെടുത്തുകയുണ്ടായി. വിഷ്ണു രാമചന്ദ്ര കര്‍ക്കരെയും പൂനെയിലെ ഹിന്ദു രാഷ്ട്ര എന്ന പത്രത്തിന്റെ പത്രാധിപരും ( നാഥുറാം വിനായക് ഗോഡ്‌സേ ) ഇതിന് പിന്നിലുണ്ടെന്നും പഹ് വ സമ്മതിച്ചു. മാത്രമല്ല ,  ‘അവര്‍ വീണ്ടും വരും ' (ഫിര്‍ ആയേഗാ ) എന്ന മുന്നറിയിപ്പും നല്‍കി.

ഈ കൊലയാളികള്‍ നടത്തിയിരുന്ന അഗ്രണിയുടെ / ഹിന്ദുരാഷ്ട്രയുടെ ആദ്യ പേജില്‍ പ്രിന്റുചെയ്ത ലോഗോ ആരുടെ ചിത്രമായിരുന്നു എന്ന് അങ്ങേക്കറിയാമല്ലോ? അങ്ങ് അവതാരികയില്‍ പുകഴ്​ത്തിയ അതേ സവര്‍ക്കരുടെ.

എന്നാല്‍, ഈ സൂചനകളുടെ പിന്നാലെ ത്വരിതഗതിയില്‍ ചലിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. 1948 ജനുവരി 30 ന് നടന്ന രണ്ടാം വധശ്രമം വിജയത്തിലെത്തി. നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിയെ വധിച്ചു. അവിടെ വെച്ചു തന്നെ ഗോഡ് സേ പിടിയിലായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗേ, ശങ്കര്‍ കിസ്തയ്യ, നാരായണ്‍ ദത്താത്രേയ ആപ്‌തേ ,വിഷ്ണു രാമചന്ദ്ര കര്‍ക്കരെ , ഗോപാല്‍ ഗോഡ്‌സേ എന്നിവരും പിടിയിലായി .റെഡ് ഫോര്‍ട്ടില്‍ ,പ്രത്യേക കോടതിയില്‍ പ്രതികളുടെ വിചാരണ ആരംഭിച്ചു.

പ്രധാനമായും രണ്ട് കോടതി വിധികളും ഒരു കമീഷന്‍ റിപ്പോര്‍ട്ടുമാണ് ഗാന്ധി വധത്തിന്റെ കാര്യത്തിലുണ്ടായത്.
1. പ്രത്യേക കോടതിയുടെ ജഡ്ജി ആയിരുന്ന ജസ്റ്റിസ് ആത്മചരണിന്റെ 1949 ഫെബ്രുവരി 10 ലെ വിധി.
2. അപ്പീല്‍ കോടതിയിലെ (കിഴക്കന്‍ പഞ്ചാബ് ഹൈക്കോടതി) ജസ്റ്റീസ് അച്ചുറാം, ജസ്റ്റീസ് ഭണ്ഡാരി , ജസ്റ്റീസ് ഖോസ് ലേ എന്നിവരുടെ 1949 ജൂണ്‍ 23 ലെവിധികള്‍.
3 . ഗാന്ധി വധ ഗൂഢാലോചന അന്വേഷിക്കാൻ ഇന്ത്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ട്.

നാഥുറാം വിനായക് ഗോഡ്‌സേ, നാരായണ്‍ ദത്താത്രേയ ആപ്തേ എന്നീ പ്രതികള്‍ക്ക് വധശിക്ഷയും വിഷ്ണു രാമചന്ദ്ര കര്‍ക്കരേ , ഗോപാല്‍ വിനായക് ഗോഡ്‌സേ, മദന്‍ലാല്‍ കശ്മീരിലാല്‍ പഹ് വ, ശങ്കര്‍ കിസ്തയ്യ, ഡോ. ദത്താത്രേയ സദാശിവ് പര്‍ച്ചൂരേ എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയുമാണ്​ ജസ്റ്റീസ് ആത്മചരണ്‍ വിധിച്ചത്​. ഉപോദ്ബലക (corroborative ) തെളിവുകളുടെ അഭാവത്തില്‍ പ്രതികളില്‍ ഒരാളായ വിനായക് ദാമോദര്‍ സവര്‍ക്കറെ കോടതി വെറുതെ വിട്ടു. വിചാരണാവേളയില്‍ പൊലീസ് ഭാഗം ചേര്‍ന്ന പ്രതി ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗെയെയും കോടതി മോചിപ്പിച്ചു.

ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍
ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍

ഇതേതുടര്‍ന്ന് നാഥുറാം വിനായക് ഗോഡ്‌സേ കിഴക്കന്‍ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. പ്രത്യേക ജഡ്ജിക്ക് രണ്ട് കാര്യങ്ങളില്‍ തെറ്റുപറ്റി എന്ന് പറഞ്ഞാണ് അപ്പീല്‍ പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഒന്നാമത്തേത് , ഗാന്ധിവധത്തിനുപിന്നില്‍ ഒരു ഗൂഢാലോചനയുണ്ടായിരുന്നു എന്നതില്‍. രണ്ട് ,1948 ജനുവരി 20ലേയും 30ലേയും സംഭവങ്ങളെ ആ ഗൂഢാലോചനയുടെ അവിഭാജ്യഘടകങ്ങളായി കണ്ടതില്‍. പൊലീസ് ഭാഗം ചേര്‍ന്ന പ്രതി ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗേയുടെ  ‘കഥ 'യ്ക്ക് നിയമം അനുശാസിക്കുന്ന ഉപോദ്ബലക തെളിവുകളുടെ അടിസ്ഥാനമില്ല എന്നാണ് ഗോഡ്‌സേ വാദിച്ചത്. ഗാന്ധിയുടെ കൊല താന്‍ മാത്രമെടുത്ത തീരുമാനമാണെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ല എന്നും നാഥുറാം വിനായക് ഗോഡ്‌സേ അപ്പീലില്‍ ബോധിപ്പിച്ചു. ഇതോടൊപ്പം മറ്റ് ആറു പ്രതികളും അപ്പീല്‍ സമര്‍പ്പിച്ചു.

കിഴക്കന്‍ പഞ്ചാബ് ഹൈക്കോടതിയുടെ വിധി നാഥുറാം വിനായക് ഗോഡ്‌സേയുടെ അപ്പീല്‍ തള്ളി. എങ്കിലും ഡോ. പര്‍ച്ചൂരെയേയും ശങ്കര്‍ കിസ്തയ്യയേയും അപ്പീല്‍ കോടതി വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷകള്‍ അപ്പീല്‍ കോടതി ശരിവെച്ചു. തുടര്‍ന്ന് 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ നാഥുറാം വിനായക് ഗോഡ്‌സേയുടേയും നാരായണ്‍ ദത്താത്രേയ ആപ്‌തേയുടേയും വധശിക്ഷ നടപ്പാക്കി, മറ്റുള്ളവരുടെ ജീവപര്യന്തത്തടവും.

ജനതാ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ ഏറ്റും വലിയ ചാലകശക്തിയായി പ്രവര്‍ത്തിച്ച ജെ.പി.യും ആര്‍. എസ്. എസിനും ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ക്കും എതിരായ കടുത്ത നിലപാടാണ് കമീഷന്‍ മുമ്പാകെ എടുത്തത്.

എന്നാല്‍ ഗാന്ധിവധത്തിന്റെ കഥ അവിടെ തീര്‍ന്നില്ല .
1964 ഒക്ടോബര്‍  12 ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗോപാല്‍ വിനായക് ഗോഡ്‌സേ, വിഷ്ണു രാമചന്ദ്ര കര്‍ക്കരേ, മദന്‍ലാല്‍ കശ്മീരിലാല്‍ പഹ് വ എന്നിവര്‍ ജയില്‍ വിമോചിതരായി. ആ സമയത്ത്  ‘പരേതനായ  ദേശഭക്തന്‍ ' നാഥുറാം ഗോഡ്‌സേയുടെ സഹോദരനായ ഗോപാല്‍ റാവു ഗോഡ്‌സേയുടേയും വിഷ്ണുപന്ത് കര്‍ക്കരേയുടേയും മദന്‍ലാല്‍ പഹ് വയുടേയും ജയില്‍ മോചനം ആഘോഷിക്കുന്നതിന്​ 1964 നവംബര്‍ 12ന് വൈകീട്ട് 5.30 മുതല്‍ 7.30 വരെ പൂനെയിലെ ശനിവാര്‍ പേട്ടിലെ ഉദ്യാന്‍ കാര്യാലയത്തില്‍ സത്യവിനായക പൂജ നടത്തുന്നതിനും അവരെ ആദരിക്കുന്നതിനും എം.ജി.ഖായ്‌സാസ് എന്ന ഒരാളുടെ പേരില്‍ ക്ഷണപത്രിക പുറപ്പെടുവിച്ചു. 125 മുതല്‍ 200 വരെ ആളുകള്‍ ഗാന്ധിയുടെ കൊലപാതകത്തിലെ പ്രതികളെ ആദരിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ അദ്ധ്യക്ഷത വഹിച്ചത് ലോകമാന്യതിലകിന്റെ പേരമകനും ഹിന്ദുമഹാസഭാ നേതാവും തരുണ്‍ ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്ന ജി.വി.കേത്ക്കര്‍ ആയിരുന്നു. തന്റെ പ്രസംഗത്തില്‍ ഗാന്ധി വധിക്കപ്പെടുന്നതിന് മൂന്നു മാസങ്ങള്‍ക്ക് മുമ്പുതന്നെ ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയെപ്പറ്റി നാഥുറാം വിനായക് ഗോഡ്‌സേ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് പരാമര്‍ശിക്കുകയുണ്ടായി. മാത്രമല്ല , 1948 ജനുവരി 20 ന് മദന്‍ലാല്‍ പഹ് വ നടത്തിയ ഗാന്ധിവധശ്രമം പരാജയപ്പെട്ട ശേഷം പൂനെയില്‍ തിരിച്ചെത്തിയ ദിഗംബര്‍ ബഡ്‌ഗെ തന്നോട്   ‘ഭാവി പരിപാടികളെ ' ക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായെന്നും കേത്ക്കര്‍ അവകാശപ്പെട്ടു. അതിനെപ്പറ്റി അധികം സംസാരിക്കരുതെന്ന് ഗോപാല്‍ ഗോഡ്‌സേ കേത്ക്കറെ തടയാന്‍ ശ്രമിച്ചെങ്കിലും  ‘അതിന്റെ പേരില്‍ അവര്‍ തന്നെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പോകുന്നില്ല ' എന്ന് പ്രതികരിച്ച് കേത്ക്കര്‍ പ്രസംഗം തുടര്‍ന്നു.

ഗാന്ധി വധത്തിന്റെ വിചാരണ വേളയില്‍ നാഥൂറാം ഗോഡ്‌സേയും നാരായണ്‍ ആപ്‌തേയും കോടതിയില്‍. പിറകിലെ നിരയില്‍ തൊപ്പി ധരിച്ച് വി.ഡി. സവര്‍ക്കറെയും കാണാം.
ഗാന്ധി വധത്തിന്റെ വിചാരണ വേളയില്‍ നാഥൂറാം ഗോഡ്‌സേയും നാരായണ്‍ ആപ്‌തേയും കോടതിയില്‍. പിറകിലെ നിരയില്‍ തൊപ്പി ധരിച്ച് വി.ഡി. സവര്‍ക്കറെയും കാണാം. / Photo: GOI Archive

കേത്ക്കറുടെ പ്രസംഗം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി. പൂനെ ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ്​ കമ്മറ്റി പ്രസിഡണ്ട് ആയിരുന്ന ബി.എന്‍. സനസ് കേത്ക്കറുടെ പ്രസ്താവനയിലേയ്ക്ക് സംസ്ഥാന ഗവണ്മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുകയും മഹാത്മാഗാന്ധി വധക്കേസില്‍ പ്രതികളായവരെ ആദരിക്കാന്‍ മുതിര്‍ന്ന പൂനെയിലെ വ്യക്തികള്‍ക്കുമേല്‍ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്​പ്രസ്​ പത്രത്തില്‍ 1964 നവംബര്‍ 17 ന് ഒരു ലേഖനം പ്രത്യക്ഷപ്പെടുകയുണ്ടായി. മഹാത്മാഗാന്ധി വധത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളുടെ ദുരൂഹതയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് കേത്ക്കറുടെ വെളിപ്പെടുത്തല്‍ എന്ന് ആ ലേഖനം ഊന്നിപ്പറഞ്ഞു. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ ഗോഡ്‌സേ കേത്ക്കറോട് വെളിപ്പെടുത്തിയത് തന്റെ ‘പദ്ധതി ' യല്ല,  ‘ഉദ്ദേശ്യ’മാണ്. അത് രണ്ടും തമ്മിലുള്ള സൂക്ഷ്മവ്യത്യാസം ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഗാന്ധിയുടെ വധം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന്​ കേത്ക്കറെ തടയുന്നില്ല.

ലേഖനം ഇങ്ങനെ തുടര്‍ന്നു :  ‘‘‘കഥ' അവിടെ അവസാനിക്കുന്നില്ല. കഴിഞ്ഞയാഴ്ചയില്‍ (1964 നവംബര്‍ 12 ) ഗോഡ്‌സേയുടെ  ‘രക്തസാക്ഷിത്വം' ആഘോഷിച്ചവരില്‍ നിന്ന്​ അത് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. 
ഗാന്ധിവധത്തിന്റെ സൂത്രധാരന്റെ കൂട്ടാളികള്‍ക്ക് നല്‍കിയ ഈ  ‘സ്വീകരണം ' എന്നത് ഈ രാജ്യത്തെ ചിലയാളുകളില്‍ ഈ നീചപ്രേരണ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ വൃത്തികെട്ട ഓര്‍മപ്പെടുത്തലാണ്. കൊലയാളിയെ മാത്രമല്ല , നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ അയാളെ സഹായിച്ചവരെയും ദേശീയ നായകരായി കണക്കാക്കുന്ന നീചപ്രവൃത്തിയിലൂടെ നമ്മളും അതേ നിലവാരത്തിലേയ്ക്ക് താഴുകയല്ലേ ചെയ്യുന്നത്? പൂനെയിലെ സ്വീകരണം വിവരിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള നാണം കെട്ട പ്രവൃത്തിയാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഇല്ല.’’

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ നിന്ന്​ ആര്‍. എസ്. എസിനെ കഷ്ടിച്ചു രക്ഷപ്പെടുത്തുന്ന നിഗമനമായിരുന്നു കപൂർ കമീഷന്​. എന്നാൽ, രാഷ്ട്രീയദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയുണ്ടാക്കണമെങ്കില്‍ റിപ്പോര്‍ട്ടിലെ ആര്‍. എസ്. എസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇത്തരം ചര്‍ച്ചകളെ തുടര്‍ന്ന് 1964 നവംബര്‍ 24 ന് പൂനെ ജില്ലാ മജിസ്‌ട്രേറ്റ് കേത്ക്കറെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഒരു ഉത്തരവിനെപ്പറ്റി മുന്‍കൂര്‍ ധാരണ ലഭിച്ചതിനാലാകാം, നവംബര്‍ 23നുതന്നെ കേത്ക്കര്‍ പൂനെ വിട്ട് മദ്രാസിലേയ്ക്ക് പോയി. നവംബര്‍ 25 ന് മദ്രാസ് പൊലീസ് കമീഷണര്‍ക്കുമുമ്പാകെ കേത്ക്കര്‍ കീഴടങ്ങി. പാര്‍ലിമെന്റില്‍ ഭൂപേഷ് ഗുപ്ത അടക്കമുള്ള എം.പി മാര്‍ കേത്ക്കര്‍ സംഭവത്തെ ചൊല്ലി കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ ഗവണ്മെൻറ്​ ഗോപാല്‍ സ്വരൂപ് പാഥക് എം. പിയെ അന്വേഷണ കമീഷനായി നിയോഗിച്ചു. അദ്ദേഹം.കേന്ദ്രമന്ത്രിയായതിനെ തുടര്‍ന്ന് ജസ്റ്റീസ് ജീവന്‍ലാല്‍ കപൂറിനെ അന്വേഷണ കമീഷന്‍ ആയി നിയമിച്ചു.

ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസിനുള്ള പങ്കിനെപ്പറ്റി കപൂര്‍ കമ്മീഷന്‍ അന്വേഷിച്ചു. കമീഷന്‍ എത്തിയ നിഗമനം താഴെ കൊടുക്കുന്നു:
‘ഈ എല്ലാക്കാര്യങ്ങളും നിലനില്‍ക്കെത്തന്നെ, പ്രത്യയശാസ്ത്രപരമായി അതൊരു കോണ്‍ഗ്രസ്​ വിരുദ്ധ പ്രസ്ഥാനം ആയിരുന്നു. അത് ഒരിക്കലും അഹിംസയുടെ തത്വശാസ്ത്രത്തിലോ അഹിംസയുടെ പ്രയോഗത്തിലോ വിശ്വസിച്ചിരുന്നില്ല. അത് ഗാന്ധിസത്തിനെതിരെ ഒരു നിലപാട് എടുത്തിരുന്നു. പക്ഷെ അതിന്റെ ഗാന്ധിവിരുദ്ധത മഹാത്മാഗാന്ധിയെ വ്യക്തിപരമായി ദ്രോഹിക്കുന്നത്രയും പോയതായി കാണുന്നില്ല.’

ഒരര്‍ത്ഥത്തില്‍ ഗാന്ധിവധത്തിന്റെ ഗൂഢാലോചനാകുറ്റത്തില്‍ നിന്ന്​ ആര്‍. എസ്. എസിനെ കഷ്ടിച്ചു രക്ഷപ്പെടുത്തുന്ന നിഗമനമായി ഇതിനെ കാണാം. നിയമദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാമെങ്കില്‍ കൂടിയും രാഷ്ട്രീയദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയുണ്ടാക്കണമെങ്കില്‍ നാം കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ആര്‍. എസ്. എസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങളും ആര്‍. എസ്. എസിനെ കുറിച്ച് കമീഷന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. കോട്ടയത്ത് നടന്ന ആര്‍. എസ്. എസ് ഇന്‍സ്ട്രക്റ്റര്‍മാരുടെ ട്രെയിനിങ്ങ് ക്യാമ്പിനെ അഭിസംബോധന ചെയ്​ത്​ അങ്ങ് പറഞ്ഞതായി 2018 ജനുവരി 4 ലെ ഇന്ത്യന്‍ എക്​സ്​പ്രസ്​ പത്രത്തില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത് ചെയ്യുന്നത്. അങ്ങ് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്ത നിരവധി കാര്യങ്ങളില്‍ ഒന്ന് ഇതാണ്: 
‘‘എന്തുകൊണ്ടാണ് ഇന്ത്യയില്‍ ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതെന്ന് ആരാഞ്ഞാല്‍, ഞാന്‍ പറയുക ഇന്ത്യയില്‍ ഒരു ഭരണഘടനയുണ്ട് , ജനാധിപത്യം ഉണ്ട് , സായുധസേന ഉണ്ട് , നാലാമതായി ആര്‍. എസ്. എസ് ഉണ്ട് എന്നാണ്.’’

കപൂര്‍ കമീഷന്‍, ഗാന്ധിവധത്തിലെ ഗൂഢാലോചനകളെ കുറിച്ച് വിശദമായി അന്വേഷിച്ചു. പത്തൊമ്പതാം സാക്ഷിയായി കമീഷന്‍ വിസ്തരിച്ചത് ഗാന്ധിവധത്തിന്റെ സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍. എന്‍ . ബാനര്‍ജിയെ ആണ്. അദ്ദേഹം ആര്‍. എസ്.എസിനെപ്പറ്റി ഇങ്ങനെ മൊഴി നല്‍കി: ‘(മദന്‍ലാല്‍ പഹ് വയുടെ ) ബോംബേറിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം ആര്‍. എസ്. എസിനില്ല. എന്റെ അഭിപ്രായത്തില്‍ ഗൂഢാലോചനക്കാര്‍ ആര്‍. എസ്. എസ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ ആയിരുന്നില്ല. അതേസമയം, ആ സംഘടനയുടെ ചില പ്രവര്‍ത്തനങ്ങള്‍ സാമൂഹികവിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമായതിനാല്‍ (1948) ജനുവരി 30നുശേഷം ആ സംഘടനയ്‌ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ ഗവണ്മെന്റിന് കുറ്റബോധം തോന്നുകയുണ്ടായി .’
ആര്‍. എസ്. എസിനെ നിരോധിക്കാനുള്ള നടപടികള്‍ ഗവണ്മെൻറ്​ സ്വീകരിക്കുന്ന സമയത്തുതന്നെ ആ വിവരം ചോരുകയും പിറ്റേന്ന് പത്രങ്ങളില്‍ ആ വാര്‍ത്ത വരികയും ആര്‍. എസ്. എസിന്റെ ഉന്നതര്‍ ഒളിവില്‍ പോകുകയും ചെയ്‌തെന്ന് അദ്ദേഹം പരാതിപ്പെടുകയും ചെയ്തു. 

ബോംബെ പ്രവിശ്യയിലെ ആര്‍. എസ്. എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സാക്ഷിമൊഴികളെ കമീഷന്‍ ക്രോഡീകരിച്ചതില്‍ നിന്ന്​ ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു: 
19 .42: ആര്‍. എസ്. എസിന്റേയും ഹിന്ദുമഹാസഭയുടേയും പ്രവര്‍ത്തനങ്ങള്‍ 1947 ല്‍ ബോംബെ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുകയും അന്നത്തെ ബോംബെ പ്രധാനമന്ത്രി (Premier ) ഈ സംഘടനകളെ സംബന്ധിച്ച് മൂന്ന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ഉണ്ടായി.
1. ആര്‍. എസ്. എസിന്റെ മുഴുവന്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പട്ടിക ശേഖരിച്ച് പോലീസ് ഗവണ്മെന്റിന് സമര്‍പ്പിക്കേണ്ടതാണ്
2. ഹിന്ദുമഹാസഭയെ സംബന്ധിച്ചും അത്തരമൊരു പട്ടിക പൊലീസ് ഗവണ്മെന്റിന് സമര്‍പ്പിക്കേണ്ടതാണ്
3. ഈ രണ്ടു സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കേണ്ടതാണ്. അന്നത്തെ ബോംബെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായ് പത്തു ദിവസത്തിനുള്ളില്‍ ഈ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡി. ഐ. ജി / സി. ഐ. ഡി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശേഖരിക്കുന്ന വിവരങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയും സമഗ്രവും ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
19.45 : അതനുസരിച്ച് ഡി. ഐ. ജി / സി. ഐ. ഡി പ്രത്യേകം പട്ടിക ആര്‍. എസ്. എസിനെ സംബന്ധിച്ച് തയ്യാറാക്കിയതായി കാണുന്നില്ല. മാത്രമല്ല , ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തികള്‍ ആര്‍. എസ്. എസ് അംഗങ്ങള്‍ ആണെന്നും പറയുന്നില്ല. പക്ഷെ , ധാരാളം ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ കൂടിയായിരുന്നു എന്നതിന് തെളിവുണ്ട്. ഈ പട്ടിക കടുത്ത സവര്‍ക്കറിസ്റ്റായ നാഥുറാം ഗോഡ്‌സേയുടേയും അത്ര തന്നെ അപകടകാരിയായ എന്‍. ഡി. ആപ്‌തേ (നാരായണ്‍ ദത്താത്രേയ ആപ്‌തേ ) യുടേയും അത്ര തന്നെ അപകടകാരിയും ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ വ്യാപാരം ചെയ്യുന്ന ഡി. ആര്‍. ബഡ്‌ഗേ (ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗേ) യുടേയും പേരുകള്‍ ഉള്‍ക്കൊള്ളുന്നു.
19.47: പൂനെയിലെ പ്രാദേശിക സി. ഐ. ഡി സമാഹരിച്ച മറ്റൊരു പട്ടികയിലും ഒരു സവര്‍ക്കറൈറ്റ് ആയ നാഥുറാം ഗോഡ്‌സേയുടേയും മറ്റൊരു സവര്‍ക്കറൈറ്റും സ്‌ഫോടക വസ്തു നിയമപ്രകാരം ഒരു കുറ്റകൃത്യവിചാരണയ്ക്ക് വിധേയനായ എന്‍.ഡി. ആപ്‌തേയുടേയും  സവര്‍ക്കറൈറ്റും സ്‌ഫോടകവസ്തു നിയമപ്രകാരം വിചാരണ നടത്തിക്കൊണ്ടിരിക്കുന്ന ജി.വി. കേത്ക്കറിന്റേയും സവര്‍ക്കറൈറ്റും നിയമവിരുദ്ധമായ ആയുധ ഇടപാടുകാരനും ആയ ഡി. ആര്‍. ബഡ്‌ഗേയുടേയും പേരുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .
1947 ആഗസ്റ്റ് 15 ന് അയച്ച ഈ പട്ടികയുടെ അവതരണക്കത്തില്‍ (Forwarding letter), കമീഷനുമുമ്പാകെ ഹാജരാക്കിയ പ്രദര്‍ശനത്തെളിവ് നമ്പര്‍ 115 ല്‍, പ്രസ്തുത പട്ടിക ഒന്നിൽ ആര്‍ എസ് എസ്​ ഭാരവാഹികളുടേയും പ്രവര്‍ത്തകരുടേയും, പട്ടിക രണ്ടിൽ, ഹിന്ദുമഹാസഭയുടെ നേതാക്കളുടേയും പട്ടികയാണ് അയയ്ക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
19.52: കമീഷനുമുമ്പാകെ സമര്‍പ്പിച്ച തെളിവുരേഖ 62 (1947 ഡിസംബര്‍ 20) ലെ പൊലീസിന്റെ വാരാന്ത്യറിപ്പോര്‍ട്ടില്‍ 1947 ഡിസംബര്‍ 10 ന് ഹിന്ദുസഭാംഗങ്ങളും ഏതാനും പഞ്ചാബി, സിക്ക് അഭയാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ സ്വകാര്യ യോഗത്തില്‍ വി. ആര്‍. കര്‍ക്കരേ (വിഷ്ണു രാമചന്ദ്ര കര്‍ക്കരേ - ഗാന്ധി വധത്തിലെ പ്രതി ) അഭയാര്‍ത്ഥികള്‍ക്കിടയിലെ വിമുക്തഭടരെ ആര്‍. എസ്. എസ് സന്നദ്ധസേവാംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി . മുസ്​ലിംകളോടുള്ള അവരുടെ പ്രതികാരം തീര്‍ക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുത്തി.
19.53 : കമീഷനുമുമ്പാകെ ഹാജരാക്കിയ തെളിവു രേഖ 1947 സെപ്റ്റംബര്‍ 17 ലെ 120-A/1,  ആര്‍. എസ്. എസിന്റെ പ്രവര്‍ത്തനങ്ങളെ കാണിക്കുന്ന ഒന്നാണ്. അത് പറയുന്നത് ആര്‍. എസ്. എസ് എന്നത് ഇന്ത്യയിലെ ഏറ്റവും നന്നായി സംഘടിപ്പിക്കപ്പെട്ട തീവ്രവാദ സംഘടനയാണെന്നാണ്. ആത്യന്തികമായി ഹിന്ദുസംഘടനയായ ഇത് ഹിന്ദുമഹാസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കില്‍ പോലും അതിന്റെ പ്രധാന സംഘാടകരും പ്രവര്‍ത്തകരും ഒന്നുകില്‍ ഹിന്ദുമഹാസഭയുടെ അംഗങ്ങളോ ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരോ ആണ്. ഹിന്ദുക്കളെ സംഘടിപ്പിച്ചും ഹിന്ദു ജനകീയസൈന്യം ഉണ്ടാക്കിയും രാജ്യത്തെ മുസ്​ലിം ആധിപത്യം അടക്കമുള്ള വൈദേശികാധിപത്യത്തില്‍ നിന്ന് വിമോചിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണത് പ്രവര്‍ത്തിക്കുന്നത്. അത് ഒരു പ്രത്യക്ഷസംഘടനയായി കാണപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തനകാര്യങ്ങളില്‍ രഹസ്യാത്മകത പുലര്‍ത്തിവരുന്ന ഒന്നാണത്. ഹിന്ദുമഹാസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ട് അതിന്റെ നയങ്ങളില്‍ ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇതേ ഖണ്ഡികയില്‍ തന്നെ സംഘ സന്നദ്ധസേവകര്‍ സ്വാതന്ത്ര്യ ദിന പരിപാടികളില്‍ പങ്കെടുക്കാറില്ല എന്നും കമീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഒരു തിയോക്രാറ്റിക് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുദ്ദേശിച്ച് രൂപീകരിച്ച അരാഷ്ട്രീയ സംഘടന’ തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ അങ്ങെഴുതിയതില്‍ കാണുന്നതുകൊണ്ടു മാത്രമല്ല ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അതിശയിച്ചത്.

സാക്ഷി നമ്പര്‍ 95 , ജെ. എന്‍. സാഹ്നി നല്‍കിയ മൊഴിയില്‍ പറയുന്ന ആറു ലക്ഷത്തിലധികം വരുന്ന അംഗങ്ങളുള്ള രഹസ്യസംഘടനയെപ്പറ്റി കമീഷന്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുദ്ദേശിച്ച് ഉണ്ടാക്കിയ ആ സംഘടനയുടെ രഹസ്യ സെല്ലുകള്‍ പഞ്ചാബ് , മഹാരാഷ്ട്ര തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അദ്ദേഹം മൊഴി നല്‍കിയത്. ഗോള്‍വര്‍ക്കറോ (അന്നത്തെ ആര്‍. എസ്. എസ് തലവന്‍) ഭോപട്ക്കറോ, ഡോ.ഖരേയോ ( ഹിന്ദുമഹാസഭ നേതാക്കള്‍ ) ആണ് ആ രഹസ്യസംഘത്തിന്റെ നേതാവ് എന്ന് ശ്രുതി പരന്നിരുന്നു. അതിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആള്‍വാറിലും ഭരത്പൂരിലും മറ്റ് ചില സ്ഥലങ്ങളിലും ഉന്നതനേതാക്കളെ കൊന്ന് ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള പരിശീലനം നല്‍കുകയുണ്ടായി. മഹാത്മാഗാന്ധി കൊല്ലപ്പെട്ട സമയത്ത് ഈ പദ്ധതിയുടെ ഭാഗമായി അതിനെ കണക്കാക്കുകയും കടുത്ത നടപടികള്‍ എടുക്കുകയും ചെയ്തു. ചില രാജകുമാരന്മാര്‍ അവരുടെ കൈയ്യാളുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു അഞ്ചാംപത്തിയുടെ രൂപത്തിലുള്ള രഹസ്യ രാഷ്ട്രീയപ്രസ്ഥാനത്തിനും രൂപം നല്‍കിയതായി കൂടിയും സാഹ്നിയുടെ മൊഴിയിലുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍, ഏറ്റവും ചുരുങ്ങിയത് അവരുടെ രാജ്യങ്ങളിലെങ്കിലും അധികാരം പിടിച്ചെടുക്കാന്‍ ഉദ്ദേശിച്ചാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.

ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ആള്‍വാര്‍, ഭരത്പൂര്‍, ബറോഡ, ഭോപ്പാല്‍ രാജ്യങ്ങളിലെ രാജകുമാരന്മാരെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നാഗ്പൂരിലിരുന്ന്​ഗോള്‍വാള്‍ക്കറും ( ആര്‍. എസ്. എസ് തലവന്‍ ) പൂനെയിലിരുന്ന്​ ഭോപ്പട്ക്കറും ആണ് ഇതിനെ നയിച്ചിരുന്നത്. (19.56 ഖണ്ഡിക )

1947-48 കാലത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന എം. കെ സിന്‍ഹ നല്‍കിയ മൊഴിയില്‍ ബോംബെ പ്രോവിന്‍സിന്റെ മറാത്ത സംസാരിക്കുന്ന ഭാഗങ്ങളിലും സെന്‍ട്രല്‍ പ്രോവിന്‍സിലും ശക്തമായ മഹാസഭാ പ്രസ്ഥാനവും ആര്‍. എസ്. എസ് പ്രസ്ഥാനവും പ്രവര്‍ത്തിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അത് ഒരു ഗാന്ധി - വിരുദ്ധ പ്രസ്ഥാനമാണ് എന്ന് അദ്ദേഹം വ്യവച്ഛേദിക്കുന്നില്ല. അതേസമയം അവിടെ വലിയതോതില്‍ ഗാന്ധി വിരുദ്ധ സംസാരം ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഗാന്ധിയുടെ പാകിസ്ഥാന്‍ സമീപനത്തെ മുന്‍നിര്‍ത്തി. (19.58 ഖണ്ഡിക )

സാക്ഷി നമ്പര്‍ 55, ബി. ബി. എസ്. ജെറ്റ്‌ലിയുടെ മൊഴിയനുസരിച്ച് അദ്ദേഹം സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ രണ്ടുമാസങ്ങളില്‍ ആര്‍. എസ്. എസിനെതിരെ 600-700 കേസുകള്‍ എടുക്കുകയുണ്ടായി. ആയുധശേഖരണത്തിനും ഗ്രാമങ്ങള്‍ ആക്രമിച്ചതിനും വ്യക്തികളെ ആക്രമിച്ചതിനുമെതിരെയായിരുന്നു കേസുകള്‍. ആര്‍. എസ്. എസിനെ നിരോധിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുകയും അക്കാര്യം യു.പി പ്രധാനമന്ത്രി ( Premier ) ആയിരുന്ന ജി. ബി. പാന്തിനോടും ആഭ്യന്തരമന്ത്രി ആയിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയോടും സംസാരിക്കുകയും ചെയ്തിരുന്നു. അവര്‍ അദ്ദേഹത്തോട് യോജിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ്​സര്‍ദാര്‍ പട്ടേലുമായി ( അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി) കൂടിയാലോചിക്കണം എന്ന് പറയുകയുണ്ടായി. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍. എസ്. എസിനെ നിരോധിക്കുകയുണ്ടായി.( 19.59 ഖണ്ഡിക )

ഗാന്ധിയും സുശീല നയ്യാറും / Photo: gandhimemorialcenter.org
ഗാന്ധിയും സുശീല നയ്യാറും / Photo: gandhimemorialcenter.org

ഗാന്ധിയുടെ വ്യക്തിഗത ഭിഷഗ്വരയായിരുന്ന സുശീല നയ്യാരുടെ ( സാക്ഷി നമ്പര്‍ 53 ) മൊഴി ഇങ്ങനെ: താന്‍ ഗാന്ധിയുടെ മുന്നില്‍ വെച്ച് ആര്‍. എസ്. എസ് സന്നദ്ധപ്രവര്‍ത്തകരെ സ്തുതിച്ചപ്പോള്‍ അദ്ദേഹം (ഗാന്ധി ) അവര്‍ക്ക് ആര്‍. എസ്. എസിനെപ്പറ്റി അറിയില്ലെന്ന് അഭിപ്രായപ്പെട്ടു. അവര്‍ ഫാസിസ്റ്റുകളേയും നാസികളേയും പോലെ കറുപ്പു കുപ്പായക്കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചില പൊലീസുകാര്‍ക്ക് ആര്‍. എസ്. എസ് ആഭിമുഖ്യമുണ്ടായിരുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് തന്നെ അത്ഭുതപ്പെടുത്തില്ല എന്നും അവര്‍ പറഞ്ഞു.

മരണസമയത്ത് ഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന പ്യാരേലാലിന്റെ പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ആ പുസ്തകത്തിന്റെ 687-ാം പേജില്‍ നിന്ന് കമീഷന്‍ എടുത്ത് ചേര്‍ത്ത ഭാഗം ഇതാണ്​: 
‘‘ആര്‍. എസ്. എസ് എന്നത് മഹാരാഷ്ട്രയില്‍ നിന്ന്​ നിയന്ത്രിക്കുന്ന വര്‍ഗ്ഗീയ , അര്‍ദ്ധസൈനിക ,ഫാസിസ്റ്റ് സംഘടനയാണ്. മഹാരാഷ്ട്രക്കാരാണ് അതിന്റെ താക്കോല്‍സ്ഥാനങ്ങള്‍ കൈയ്യാളുന്നത്. അവരുടെ പ്രഖ്യാപിതലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ്.  ‘മുസ്​ലിംകൾ ഇന്ത്യ വിടുക ' എന്ന മുദ്രാവാക്യമാണ് അവര്‍ സ്വീകരിച്ചിട്ടുള്ള മുദ്രാവാക്യം' . അക്കാലത്ത് അവര്‍ അത്രമേല്‍ സക്രിയരായിരുന്നില്ല, ഏറ്റവും ചുരുങ്ങിയത് പരസ്യമായെങ്കിലും. പക്ഷെ പഞ്ചാബിലേയും പടിഞ്ഞാറന്‍ പാക്കിസ്ഥാനിലേയും ഹിന്ദുക്കളേയും സിക്കുകളേയും ഒഴിപ്പിക്കുന്ന സന്ദര്‍ഭത്തിനായാണ് അവര്‍ കാത്തിരിക്കുന്നതെന്ന കറുത്ത സൂചന നല്‍കപ്പെട്ടിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ അവര്‍ പാകിസ്ഥാന്‍ ചെയ്തതിന് പകരമായി ഇന്ത്യന്‍ മുസ്​ലിംകൾക്കു നേരെ ആഞ്ഞടിക്കാനാണ് കാത്തിരുന്നത്. അത്തരം ഒരു ദുരന്തത്തിന്റെ ജീവനുള്ള സാക്ഷിയാകാന്‍ ഗാന്ധി തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ യൂണിയനിലെ ന്യൂനപക്ഷം മാത്രമാണ് മുസ്​ലിംകൾ. ഇന്ത്യന്‍ യൂണിയനിലെ തുല്യപൗരര്‍ എന്ന നിലയില്‍ അവരുടെ ഭാവിയെക്കുറിച്ച് എന്തിനവര്‍ അരക്ഷിതരാകണം?’’
ഖണ്ഡിക 19.64. ഖണ്ഡിക 19.67 ലും പ്യാരേലാലിനെ കമീഷന്‍ ഉദ്ധരിക്കുന്നു.)

ഗാന്ധിവധത്തിന് പശ്ചാത്തലമായ ഗാന്ധിവിരോധം ഒരുക്കുന്നതിനെപ്പറ്റി ഇതും ഇതില്‍ കൂടുതലും ജുഡീഷ്യല്‍ കമീഷന്‍ രേഖപ്പെടുത്തിയിരിക്കേ, അങ്ങ് ആ സംഘടനയെ വെള്ള പൂശുക മാത്രമല്ല ചെയ്യുന്നത്, ഉദാത്തവല്ക്കരിക്കുക കൂടിയാണ്.

1947 സെപ്റ്റംബര്‍ 12 ന് ആര്‍. എസ്. എസ്​ തലവന്‍ ഗാന്ധിജിയെ സന്ദര്‍ശിക്കുകയും അവര്‍ നിലകൊള്ളുന്നത് മുസ്​ലിംകളെ കൊല്ലാനല്ലെന്നും ഹിന്ദുക്കളെ സംരക്ഷിക്കാനാണെന്നും അദ്ദേഹത്തോട് പറയുകയും ചെയ്തു. അതായത് അവര്‍ സുരക്ഷാശക്തിയാണെന്നും നശീകരണശക്തിയല്ലെന്നും ആര്‍. എസ്. എസ് സമാധാനത്തിനുവേണ്ടി നില്‍ക്കുന്ന ഒന്നാണെന്നും. പക്ഷെ മുസ്​ലിംകളെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന ആരോപണങ്ങളെ പരസ്യമായി അപലപിക്കാന്‍ മഹാത്മാവ് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് ഗാന്ധിജിക്കുതന്നെ അത് ചെയ്യാന്‍ കഴിയും എന്നാണ്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആര്‍. എസ്. എസ് നേതാക്കള്‍ ശുചിത്തൊഴിലാളികളുടെ കോളനിയില്‍ അവര്‍ നടത്തുന്ന ഒരു റാലിയില്‍ പങ്കെടുക്കാൻ ഗാന്ധിജിയെ കൊണ്ടുപോയി. അവര്‍ ഗാന്ധിയെ സ്വാഗതം ചെയ്യുകയും ഹിന്ദുമതം ഉല്പാദിപ്പിച്ച ഒരു മഹാത്മാവ് എന്ന് വിളിക്കുകയും ചെയ്തു. മറുപടിയായി ഒരു ഹിന്ദുവെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു എന്നും എന്നാല്‍ തന്റെ ഹിന്ദുമതം അസഹിഷ്ണുത നിറഞ്ഞതും പുറംതള്ളുന്നതുമായ ഒന്നല്ല എന്നും ഗാന്ധി പറഞ്ഞു.

കമീഷന്റെ 19.78 ഖണ്ഡിക പറയുന്നത്, ആര്‍. എസ്. എസ് തലവന്‍ ഗോള്‍വാള്‍ക്കറുടെ ഒരു പ്രസംഗത്തെ പറ്റിയാണ്. 1947 ഡിസംബര്‍ 8 ന് 2500 ഓളം വരുന്ന പ്രവര്‍ത്തകരോടാണ് അദ്ദേഹം പ്രസംഗിച്ചത്. ശിവജിയുടെ അടവുനയവഴിയിലെ ഒളിപ്പോര്‍ മുറകളെ സ്വാംശീകരിക്കാൻ നിരവധി സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോടാവശ്യപ്പെട്ടു. സംഘം പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും തങ്ങളുടെ വഴിയില്‍ ആരൊക്കെ നിന്നാലും അവരെയൊക്കെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു; അത് നെഹ്‌റു ഗവണ്മെന്റായാലും മറ്റേത് ഗവണ്മെന്റായാലും. ഇന്ത്യ, അദ്ദേഹം പറഞ്ഞു, അത്തരക്കാര്‍ക്ക് ജീവിക്കാനുള്ളതല്ല.

എം. എസ്. ഗോൾവാൾക്കര്‍
എം. എസ്. ഗോൾവാൾക്കര്‍

മേല്‍പ്പറഞ്ഞ സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ച് ആര്‍. എസ്. എസിനെപ്പറ്റി കമീഷന്‍ ക്രോഡീകരിച്ച നിഗമനങ്ങളില്‍ ചിലത് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ:

19 .102 4 (a): ഇന്ത്യയിലെ ഏറ്റവും നന്നായി സംഘടിക്കപ്പെട്ട തീവ്രഹിന്ദുസംഘടന ആര്‍. എസ്. എസ് ആണ്. അത് ഹിന്ദുമഹാസഭയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ പ്രധാന സംഘാടകരും പ്രവര്‍ത്തകരും ഹിന്ദുമഹാസഭാ അംഗങ്ങളോ ആ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരോ ആണ്.
b) അത് ഒരു പരസ്യസംഘടനയാണെങ്കിലും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്​രഹസ്യാത്മകത സൂക്ഷിക്കുന്നു.
19.102 (5): വര്‍ഗ്ഗീയ സംഭവങ്ങളില്‍ അതിനൊരു കൈയ്യുള്ളതായി സംശയിക്കപ്പെടുന്നു.
6). അത് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തില്ല.

ഗാന്ധിവധത്തിന് പശ്ചാത്തലമായ ഗാന്ധിവിരോധം ഒരുക്കുന്നതിനെപ്പറ്റി ഇതും ഇതില്‍ കൂടുതലും ഇന്ത്യാഗവണ്മെൻറ്​ ഏര്‍പ്പെടുത്തിയ ജുഡീഷ്യല്‍ കമീഷന്‍ രേഖപ്പെടുത്തിയിരിക്കേ, അങ്ങ് ആ സംഘടനയെ വെള്ള പൂശുക മാത്രമല്ല ചെയ്യുന്നത്, ഉദാത്തവല്ക്കരിക്കുക കൂടിയാണ്. അതുമാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത്; അവതാരികയില്‍ അങ്ങ് എഴുതിവെച്ചത് നോക്കുക:  ‘ഹിന്ദുമഹാസഭയും ആര്‍. എസ്. എസും പരസ്പരം അങ്ങേയറ്റം വ്യത്യസ്തമാണ് എന്നത് ഈ പുസ്തകത്തിലൂടെ എനിക്ക് കിട്ടിയ വെളിപാടാണ്. തീര്‍ച്ചയായും മഹാത്മാഗാന്ധിയുടെ ഘാതകര്‍ ഹിന്ദുമഹാസഭയുടെ സഹകാരികള്‍ ആണെന്ന് അവകാശപ്പെടുകയുണ്ടായെങ്കിലും ആര്‍. എസ്. എസ് ഒരു കടുത്ത നിലപാട് എടുക്കുകയുണ്ടായി. അത്, നാഥുറാം ഗോഡ്‌സേ നയിച്ച സംഘത്തിന്റെ ആലോചനാപ്രക്രിയയില്‍ നിന്നുപോലും മാറിനിന്നു കൊണ്ട് പൂര്‍ണമായും വിയോജിച്ചു നിന്നു.’ 
ഏതാനും വാചകങ്ങള്‍ക്കുശേഷം അങ്ങ് തുടര്‍ന്നെഴുതുന്നു:  ‘ആര്‍. എസ്. എസും ഹിന്ദുമഹാസഭയും വ്യത്യസ്തമാണെന്നുമാത്രമല്ല അടിസ്ഥാന കാര്യങ്ങളില്‍ ആര്‍. എസ്. എസും ഹിന്ദുമഹാസഭയും പരസ്പരം എതിര്‍ത്തിരുന്നു എന്നത് സുപരിചിതമാക്കുന്നതിന് ഗ്രന്ഥകാരന്‍ നിരവധി വസ്തുതകള്‍ അവതരിപ്പിക്കുന്നുണ്ട്. ഗ്രന്ഥകാരനെ സംബന്ധിച്ച്​ ഒന്ന് ഒരു തിയോക്രാറ്റിക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട അരാഷ്ട്രീയ സംഘടനയാണ്. അതിനെ ജിന്നയുടെ മുസ്​ലിംലീഗുമായി അദ്ദേഹം താരതമ്യപ്പെടുത്തുകയും രണ്ട് സംഘടനകളുടേയും പൊതുഘടകങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ച്​മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനക്കാര്‍ ഹിന്ദുമഹാസഭക്കാരും ആര്‍ .എസ്. എസ് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവരും ആയിരുന്നു.’

‘ഒരു തിയോക്രാറ്റിക് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുദ്ദേശിച്ച് രൂപീകരിച്ച അരാഷ്ട്രീയ സംഘടന’ തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ അങ്ങെഴുതിയതില്‍ കാണുന്നതുകൊണ്ടു മാത്രമല്ല ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അതിശയിച്ചത്. ഹിന്ദുമഹാസഭയും ആര്‍. എസ്. എസും സജീവമായി പ്രവര്‍ത്തിക്കുന്ന നാളുകളിലായിരിക്കും അങ്ങയുടെ കൗമാര യൗവനകാലം കഴിഞ്ഞിട്ടുണ്ടാകുക എന്നതുകൊണ്ടും അല്ല. അങ്ങ് അഭിഭാഷകവൃത്തിയിലൂടെ മുന്നേറുന്ന കാലത്താകണം കപൂര്‍ കമീഷന്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും. അക്കാലത്തെ നിയമ- രാഷ്ട്രീയ സംവാദങ്ങള്‍ അങ്ങയെപ്പോലുള്ള ഒരാളുടെ ശ്രദ്ധയില്‍ അല്പം പോലും പതിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. സംഘവും ഗാന്ധിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലും സ്വന്തം ഭിഷഗ്വരയായിരുന്ന സുശീല നയ്യാരും പറഞ്ഞതോ ഷാബു പ്രസാദ് പറഞ്ഞതോ ഏതാണ് വിശ്വസനീയം എന്ന് ന്യായാധിപക്കസേരയില്‍ നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ച അങ്ങയോട് ചോദിക്കേണ്ടതില്ലല്ലോ. മാത്രമല്ല, കപൂര്‍ കമീഷന്റെ പ്രധാന നിഗമനങ്ങളില്‍ ഒന്ന്, മേലെ ഞാന്‍ എടുത്തു പറഞ്ഞ ഒന്ന്, ഹിന്ദുമഹാസഭയുടേയും ആര്‍. എസ്. എസിന്റേയും സംഘാടകരും പ്രവര്‍ത്തകരും മഹാരാഷ്ട്രയിലെങ്കിലും ഏറെക്കുറെ ഒന്നായിരുന്നു എന്നാണ്, അഫിലിയേഷന്‍ ഇല്ലെങ്കില്‍ പോലും. ഹിന്ദു സംഘടന്‍ പ്രസ്ഥാനങ്ങള്‍ എന്ന മട്ടില്‍ കമീഷന്‍ എടുത്തുകാണിക്കുന്ന ആര്‍. എസ്. എസും ഹിന്ദുമഹാസഭയും ഹിന്ദു രാഷ്ട്ര ദളുമൊക്കെ പരസ്പരം കൂടിക്കുഴഞ്ഞു കിടക്കുന്ന പ്രസ്ഥാനങ്ങളായാണ് കമീഷന്‍ കാണുന്നത്. ഗ്രന്ഥകാരന്റെ അരാഷ്ട്രീയ / രാഷ്ട്രീയ യുക്തി പിന്‍പറ്റുകയാണെങ്കില്‍ ആര്‍. എസ്. എസും ബി. ജെ. പിയും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല എന്നും ഭാവിയില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്.

കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്ന സംഘടനകളില്‍ ഒന്ന് ആര്‍. എസ്. എസ്​ ആണ് എന്ന് അങ്ങേയ്ക്ക് ബോധ്യപ്പെട്ട് കാണുമല്ലോ. കപൂര്‍ കമീഷന്‍ പരാമര്‍ശിച്ച കുറച്ച് കാര്യങ്ങള്‍ മാത്രമാണ് അങ്ങയുടെ ശ്രദ്ധയിലേക്കായി ഞാന്‍ രേഖപ്പെടുത്തിയത്

ഗാന്ധിവധത്തില്‍ ആര്‍. എസ്. എസിനുള്ള പങ്ക് ചൂണ്ടിക്കാട്ടിയ  ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ' എന്ന പുസ്തകത്തെ ഗ്രന്ഥകാരന്‍ വിമര്‍ശിച്ചിട്ടുള്ളത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ. അതില്‍ കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത് രസകരമാണ്. ഗാന്ധി വധത്തിന്റെ വിചാരണയിലോ വിധിയിലോ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലോ ആര്‍. എസ്. എസ്​ ഒരിക്കലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്ന സംഘടനകളില്‍ ഒന്ന് ആര്‍. എസ്. എസ്​ ആണ് എന്ന് മേലുദ്ധരിച്ച കാര്യങ്ങളില്‍ നിന്ന് അങ്ങേയ്ക്ക് ബോധ്യപ്പെട്ട് കാണുമല്ലോ. ആര്‍. എസ്. എസ്​ എന്ന തലക്കെട്ടില്‍ ആ സംഘടനയെക്കുറിച്ച് കപൂര്‍ കമീഷന്‍ പരാമര്‍ശിച്ച കുറച്ച് കാര്യങ്ങള്‍ മാത്രമാണ് അങ്ങയുടെ ശ്രദ്ധയിലേക്കായി ഞാന്‍ രേഖപ്പെടുത്തിയത്. അതില്‍ നിന്നു തന്നെ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും അക്കാലത്ത് ഹിന്ദുമഹാസഭയുമായി അടുത്ത് പ്രവര്‍ത്തിച്ച , പ്രവര്‍ത്തനങ്ങളില്‍ രഹസ്യാത്മകത സൂക്ഷിക്കുന്ന, വര്‍ഗ്ഗീയകലാപങ്ങളില്‍ കൈയ്യുണ്ടെന്ന് ആരോപിക്കുന്ന, അഹിംസയെ എതിര്‍ക്കുന്ന, ഗാന്ധി വിരുദ്ധമായ, ഏറ്റവും സുസംഘടിതമായ ഹിന്ദു തീവ്ര സംഘടനയായിട്ടാണ് ആര്‍. എസ്. എസിനെ കപൂര്‍ കമീഷന്‍ വിവരിക്കുന്നത് എന്നത് ബോധ്യമാണ്. ആര്‍ക്കും ഇന്റര്‍നെറ്റില്‍ നിന്ന് എളുപ്പം ലഭിക്കാവുന്ന ഒന്നാണ് കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ട് എന്നിരിക്കേ, ആര്‍. എസ്. എസിനെ വെള്ളപൂശിയ ഒന്നാണത്​ എന്നും അതുകൊണ്ട് ഗവണ്മെന്റുകള്‍ അത് പൂഴ്​ത്തിവെച്ചു എന്നുമുള്ള ഭോഷത്വങ്ങളില്‍ അങ്ങ് വീഴരുതായിരുന്നു. കപൂര്‍ കമീഷന്‍ മുമ്പാകെ ഹാജരായ മൊറാര്‍ജി ദേശായിയുടെ മൊഴി ആര്‍. എസ്. എസിനെ നിഴലില്‍ നിര്‍ത്തുന്ന ഒന്നായിരിക്കേ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എഴുതിയ ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും എന്ത് കൊണ്ട് മൊറാര്‍ജിയെ ഇന്റര്‍വ്യൂ ചെയ്തില്ല എന്ന ഗ്രന്ഥകാരന്റെ പാഴ് വെടിയെ പറ്റി ഒന്നാലോചിക്കാന്‍ അങ്ങയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പില്‍ക്കാലത്ത് ജനസംഘം കൂടി ലയിച്ചുണ്ടായ ജനതാപാര്‍ട്ടി രൂപീകരിച്ച ഗവണ്മെന്റിന്റെ പ്രധാനമന്ത്രി കൂടിയായിരുന്നു മൊറാര്‍ജി എന്നതും അങ്ങ് ഓര്‍ക്കുമല്ലോ. ജനതാ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ ഏറ്റും വലിയ ചാലകശക്തിയായി പ്രവര്‍ത്തിച്ച ജെ.പി.യും ആര്‍. എസ്. എസിനും ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ക്കും എതിരായ കടുത്ത നിലപാടാണ് കമീഷന്‍ മുമ്പാകെ എടുത്തത്.

അവതാരികയില്‍ അങ്ങ് പ്രകടിപ്പിച്ച ഒരു അഭിപ്രായം കുടി ഞാന്‍ ഉദ്ധരിക്കട്ടെ:  ‘വീര്‍ ദാമോദര്‍ സവര്‍ക്കറുടെ വീരജീവിതത്തെക്കുറിച്ചുള്ള ആഖ്യാനം പ്രചോദനപരമാണ്. തന്റെ ദേശസ്‌നേഹ താത്പര്യം ഉയര്‍ത്തിപ്പിടിക്കാനായി മുന്‍ ഉദാഹരണങ്ങള്‍ ഇല്ലാത്ത പീഡനങ്ങള്‍ സ്വയം സഹിക്കേണ്ടി വന്ന ഒരാളെന്ന നിലയ്ക്ക് സവര്‍ക്കര്‍ ഒരു മനുഷ്യജീവിയുടേയും കൊല അംഗീകരിക്കില്ലെന്ന ഗ്രന്ഥകാരന്റെ യുക്തി എനിക്കും സ്വീകാര്യമാണ്. അതിനുപുറമേ എല്ലാ കോടതികളും ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന കുറ്റത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതിനാല്‍ അദ്ദേഹത്തെ വീണ്ടും കുറ്റക്കാരനാക്കുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ല.’

സര്‍, സവര്‍ക്കര്‍ ഇന്ത്യാചരിത്രത്തിലെ വിവാദ പുരുഷനായതുതന്നെ കൊലപാതകങ്ങളിലെ പങ്കാളിത്തം കൊണ്ടാണ്. 1909 ല്‍ മദന്‍ലാല്‍ ദിംഗ്ര എന്ന പഞ്ചാബി ചെറുപ്പക്കാരന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യാകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന സര്‍ ബ്രാഡ്ഫോര്‍ഡ് വില്ലിയെ ലണ്ടനില്‍ വെച്ച് കൊല ചെയ്തതിനെ തുടര്‍ന്ന്, അന്ന് ലണ്ടനിലുണ്ടായിരുന്ന സവര്‍ക്കര്‍ വധഗൂഢാലോചനയിലെ പങ്കാളി എന്ന നിലയില്‍ സംശയത്തിന്റെ നിഴലിലായിരുന്നു. പില്‍ക്കാലത്ത് ധനഞ്ജയ് കീര്‍ എഴുതിയ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ ആ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ തനിക്കുള്ള പങ്കിനെ സവര്‍ക്കര്‍ തന്നെ വെളിവാക്കിയതായി ഉദ്ധരിച്ചിട്ടുണ്ട് . അതിനുമുമ്പ് കഴ്‌സണ്‍ പ്രഭുവിനെ വധിക്കാനുള്ള ദിംഗ്രയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. അതോര്‍മിച്ചാകണം, നിക്കല്‍ പൂശിയ റിവോള്‍വര്‍ കൈയ്യില്‍ കൊടുത്ത് കൊലപാതകത്തിനായി യാത്രയയക്കുമ്പോള്‍ സവര്‍ക്കര്‍ ദിം ഗ്രയോട് പറയുന്നത് ഇങ്ങനെയാണ്,  ‘ഇത്തവണ നീ പരാജയപ്പെട്ടാല്‍ എനിക്ക് നിന്റെ മുഖം കാണേണ്ട.’

സവര്‍ക്കര്‍ ജയിലിലായതും കൊലപാതക ഗൂഢാലോചനയില്‍ പങ്കാളിയായതു കൊണ്ടാണ് എന്ന്   ‘ഒരു മനുഷ്യ ജീവിയുടേയും കൊല അംഗീകരിക്കാത്ത സവര്‍ക്കറെ 'ക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ യുക്തി അംഗീകരിക്കവേ, അങ്ങ് മറന്നുപോയോ? നാസിക് ജില്ല കളക്ടറായിരുന്ന എ. എം. ടി. ജാക്‌സണ്‍ അവിടെ വെച്ച് കൊല്ലപ്പെടുമ്പോള്‍ കൊലയാളിയായ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ ഉപയോഗിച്ച ബ്രൗണിംഗ് പിസ്റ്റള്‍ സവര്‍ക്കര്‍ ലണ്ടനില്‍ നിന്ന് കടത്തിക്കൊണ്ടു വന്നതായിരുന്നു. ആ കൊലപാതകക്കേസിലാണ് സവര്‍ക്കറെ 50 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചതും പിന്നീട് ബ്രിട്ടീഷുകാര്‍ക്ക് തുടര്‍ച്ചയായി മാപ്പെഴുതി ജയില്‍ വിമുക്തനായതും. ദിംഗ്രയും കന്‍ഹാരേയും സവര്‍ക്കറുടെ സംഘടനയായ അഭിനവ് ഭാരതിന്റെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്നു. ഗാന്ധിവധത്തിലെ കൊലയാളിയായ ഗോഡ്‌സേ സവര്‍ക്കറുടെ ഉറ്റ അനുയായിയും ഹിന്ദുമഹാസഭയ്ക്ക് പുറമേ സവര്‍ക്കര്‍ സ്ഥാപിച്ച ഹിന്ദുരാഷ്ട്ര ദള്‍ എന്ന അതീവരഹസ്യസംഘടനയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഗോഡ്‌സേക്കൊപ്പം വധശിക്ഷയ്ക്ക് വിധേയനായ നാരായണ്‍ ആപ് തേ ഹിന്ദു രാഷ്ട്ര ദളിന്റെ മറ്റൊരു പ്രധാന പ്രവര്‍ത്തകനായിരുന്നു.

റെഡ്‌ഫോര്‍ട്ടിലെ വിചാരണക്കുശേഷം, ജസ്റ്റീസ് ആത്മ ചരണിന്റെ വിധി പ്രകാരം മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനാക്കുറ്റത്തില്‍ നിന്നും സവര്‍ക്കറെ  ഒഴിവാക്കി എന്നത് ശരി തന്നെ. കടുത്ത സവര്‍ക്കറൈറ്റും പ്രതികളില്‍ ഒരാളുമായിരുന്ന ദിഗംബര്‍ ബഡ്‌ഗെ വിചാരണാവേളയില്‍ മാപ്പുസാക്ഷിയാവുകയും ഗൂഢാലോചന സവര്‍ക്കറുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഒന്നാണ് എന്നും പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഗാന്ധിയേയും നെഹ്‌റുവിനേയും സുഹ്രവര്‍ദ്ദിയേയും അവസാനിപ്പിക്കണമെന്നാണ് താത്യാറാവുവിന്റെ ( സവര്‍ക്കറുടെ )ആജ്ഞ എന്ന് ആപ്‌തേ തന്നോട് മൊഴിഞ്ഞതായും ബഡ്‌ഗേ കോടതിയില്‍ പറഞ്ഞു. 1948 ജനുവരി 17 ന് ഗാന്ധിയെ വധിക്കാൻ പുറപ്പെടുമ്പോള്‍ ഗോഡ്‌സേയും ആപ്‌തേയും അനുഗ്രഹത്തിനായി സവര്‍ക്കറെ കണ്ടതായും  ‘വിജയിച്ച് തിരിച്ചുവരൂ ' എന്ന് അദ്ദേഹം അവരെ ആശിര്‍വദിച്ചതായും ബഡ്‌ഗെ വിചാരണാവേളയില്‍ പറയുകയുണ്ടായി.

ഷാബു പ്രസാദ്
ഷാബു പ്രസാദ്

വിചാരണാവേളയില്‍ സവര്‍ക്കെതിരെ മാപ്പുസാക്ഷിയായ ബഡ്‌ഗെ വെളിപ്പെടുത്തിയ ഗൂഢാലോചനാപങ്കാളിത്തത്തിന് ഉപോദ്ബലകമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നത് മുന്‍നിര്‍ത്തിയാണ് കോടതി സവര്‍ക്കറെ വെറുതെ വിട്ടത്. എന്നാല്‍ കപൂര്‍ കമീഷന്‍ മുമ്പാകെ ഹാജരായ സവര്‍ക്കറുടെ സെക്രട്ടറി വിഷ്ണുഡാംലേയും അംഗരക്ഷകനായ അപ്പാ രാമചന്ദ്രകസാറും ബഡ് ഗേയുടെ കോടതിമൊഴികള്‍ ഏതാണ്ട് ശരി വെയ്ക്കുന്ന തരത്തിലുള്ള മൊഴികളാണ് നല്‍കിയത്. കമീഷനാകട്ടെ സവര്‍ക്കറും അനുയായികളും നടത്തിയ ഗൂഢാലോചനയാണ് ഗാന്ധിവധത്തിലേയ്ക്ക് നയിച്ചത് എന്ന് അസന്ദിഗ്ദ്ധമായി അഭിപ്രായപ്പെടുകയും ചെയ്തു. അങ്ങ് അനുഷ്ഠിച്ചിരുന്ന തൊഴിലിന്റെ പ്രത്യേകതയാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ഒരാളാണ് അങ്ങ് എന്നാണ് എന്റെ വിശ്വാസം. അതിനാല്‍ സവര്‍ക്കറെ വീണ്ടും കുറ്റക്കാരനാക്കുന്ന  ‘സാമാന്യനീതിക്ക് ' പ്രവര്‍ത്തിക്കാനുള്ള വലിയ പഴുത് കപൂര്‍ കമീഷന്‍ നല്‍കുന്നത് ആ വരികള്‍ കുറിക്കുമ്പോള്‍ അങ്ങെന്തേ മറന്നു?.

ഗാന്ധിവധത്തിന്റെ ഗൂഢാലോചനാകുറ്റവാളി എന്ന നിലയില്‍ ജസ്റ്റീസ് ആത്മചരണ്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന രണ്ടാം സവര്‍ക്കര്‍ എന്നറിയപ്പെട്ടിരുന്ന ഹിന്ദുമഹാസഭാ നേതാവ് ഡോ. പര്‍ച്ചൂരെയെ അപ്പീല്‍ കോടതിയായ പഞ്ചാബ് ഹൈക്കോടതി വെറുതെ വിട്ടു. ഗ്വാളിയര്‍ രാജ്യവും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള ലയനപ്രക്രിയകള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് രണ്ട് നിയമസംവിധാനങ്ങള്‍ തമ്മിലുള്ള സാങ്കേതികമായ പൊരുത്തക്കേട് ഗ്വാളിയര്‍ പൗരനായിരുന്ന ഡോ. പര്‍ച്ചൂരേയ്ക്ക് അനുയോജ്യമായ വിധിന്യായമായി എന്നാണ് വാസ്തവം. ഗാന്ധിവധത്തിനുമുമ്പ് പൂനെയില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തെ പറ്റി കപൂര്‍ കമീഷനുമുമ്പാകെ നിരവധി സാക്ഷ്യങ്ങള്‍ എത്തുകയുണ്ടായി.  ‘ഗാന്ധിയും നെഹ്‌റുവും അവരുടെ ചെയ്​ത്തിന്റെ ഫലം കൊയ്യാന്‍ പോകുന്നു ' എന്ന മട്ടിലുള്ള ഭീഷണിയായിരുന്നു അത്.

മൗണ്ട് ബാറ്റന്‍
മൗണ്ട് ബാറ്റന്‍ / Photo: Wikimedia Commons

കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ട് മുഴുവനായി വായിച്ച ഒരാള്‍ക്ക് വ്യക്തമായി മനസ്സിലാകുക, ഗാന്ധി കഴിഞ്ഞാല്‍ തീവ്രഹിന്ദു പ്രസ്ഥാനത്തിന്റെ ലക്ഷ്യം നെഹ്‌റു ആയിരുന്നു എന്നാണ്. വസ്തുതകള്‍ അങ്ങനെയായിരിക്കേ തെളിവുകളൊന്നും തന്നെ നിരത്താതെ നെഹ്‌റുവിനെയും മൗണ്ട് ബാറ്റനെയുമൊക്കെ ഗാന്ധിവധത്തിന്റെ സംശയനിഴലില്‍ നിര്‍ത്തുന്ന ഒരു  ‘സത്യാനന്തര പുസ്തക ' ത്തെ മുന്‍നിര്‍ത്തി  ‘ഈ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ വലിയതരത്തിലുള്ള ഗവേഷണം ' ആവശ്യപ്പെടുന്നു എന്നും അത്  ‘രാഷ്ട്രപിതാവിന്റെ വധത്തിലേയ്ക്ക് സ്വരുക്കൂടിയ നിരവധി പ്രക്രിയയുടെ കുരുക്കഴിക്കാന്‍ ഭാവിയില്‍ സഹായകമാകും ' എന്നും മറ്റും അങ്ങയെപ്പോലെ ഒരാള്‍ ആവശ്യപ്പെടുന്നത് വായിക്കുമ്പോള്‍ വലിയ ആശയക്കുഴപ്പം ഞങ്ങളെപ്പോലുള്ള ഇന്ത്യന്‍ പൗരര്‍ക്ക് അനുഭവപ്പെടും. പ്രത്യേകിച്ചും ഇന്ത്യന്‍ പൊതുസമൂഹത്തോട് ഈ പുസ്തകത്തെ ഗൗരവമായി പരിഗണിക്കപ്പെടാന്‍ അങ്ങു തന്നെ ആവശ്യപ്പെടുമ്പോള്‍.

വിശ്വസ്തതയോടെ
പി.എന്‍. ഗോപീകൃഷ്ണന്‍.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

പി.എന്‍. ഗോപീകൃഷ്ണന്‍

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങള്‍.

Audio