Sunday, 28 November 2021

കവിത


Text Formatted
sunilan
സുനിലൻ കായലരികത്ത്​

കൂട്ടുകാരന്‍ മരിച്ച ദിവസം

കൂട്ടുകാരന്‍ മരിച്ച ദിവസം
കാട്ടിലൊറ്റയ്ക്കകപ്പെട്ട പോലെ,
ബാക്കിയായ് ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍
ഓര്‍ത്ത് വിങ്ങി തുളുമ്പാതെ നിന്നു.

മൂപ്പരേക്കണ്ട് കാര്യം പറഞ്ഞു.
കര്‍മ്മിയേത്തേടി ആളേയയച്ചു.
പട്ടടയ്ക്ക് കുഴിയൊരുക്കുമ്പോള്‍ 
തൊട്ടടുത്തായ് മരവിച്ച് നിന്നു.

ഓര്‍ത്ത് ഞെട്ടിക്കരയുന്നവന്റെ
വേര്‍പ്പതിറ്റി കുളിര്‍ന്നോരു പെണ്ണ്.
എന്തിനാണെന്നറിയാത്ത പോലെ
നൊന്ത് കേഴുന്നു പാവമേ കുഞ്ഞ്.

നീര്‍തൊടാനായ് എടുക്കുന്ന നേരം
ബോധമില്ലാതെ വീഴുന്നു പെണ്ണ്
വായ്ക്കരിക്കായ് അവളേ എടുത്ത്
ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ കൂട്ടക്കരച്ചില്‍.

കാണുവാനിനി ആരുണ്ട് ബാക്കി?
ആരുമില്ലതാ തീപിടിക്കുന്നു 
ഓര്‍മ്മകള്‍ കത്തി ചാരമായ് പാറി
കാറ്റിനൊത്തവന്‍ നീറി തുടങ്ങി

വന്നവര്‍ക്കൊപ്പം സൂര്യന്‍ മടങ്ങി
യാത്രയില്ല വെറുതേ നടന്നു
സന്ധ്യയായി മഴക്കുടുക്കത്തിന്‍
ഗഞ്ചിറയ്‌ക്കൊത്ത് കണ്ണുകള്‍ ചാറി
​​​​​​​


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

സുനിലൻ കായലരികത്ത്​

കവി

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM