Wednesday, 08 February 2023

മതം തീവ്രവാദം ഫാസിസം


Text Formatted

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക്
നവ ഫാഷിസത്തെ പരാജയപ്പെടുത്താനാവില്ല

കേരളത്തിലെ മുസ്‌ലിംകൾ ഭൂരിഭാഗവും മത സംഘടനകളിലും  ലിബറൽ സെക്യുലര്‍ സംഘടനകളിലും ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനങ്ങളിലുമെല്ലാം പ്രവർത്തിക്കുന്നവരാണ്​. ചെറിയൊരു വിഭാഗം മതരഹിതരായിട്ടുണ്ട്. അങ്ങനെ നോക്കിയാൽ പോപ്പുലര്‍ ഫ്രണ്ടിലുള്ളവരുടെ സാന്നിധ്യം വളരെ പരിമിതമാണ്.

Image Full Width
Image Caption
കെ.ഇ.എൻ / Photo : Shafeeq Thamarassery
Text Formatted

1985 കാലഘട്ടത്തില്‍, ശരീഅത്ത് സംവാദകാലത്ത് ഒരുദിവസം ഒന്നിലധികം പ്രസംഗങ്ങൾ പല സ്ഥലത്തും തനിച്ചും ഹമീദ് ചേന്ദമംഗലൂരിനൊപ്പവും നടത്തിയിട്ടുണ്ട്. മുസ്​ലിം യാഥാസ്ഥിതിക കാഴ്ചപ്പാടുകൾക്കെതിരെയുള്ള സമരം എന്ന അര്‍ഥത്തില്‍ അത് കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ സാംസ്‌കാരിക സംഭവമായി ദൃഢപ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത്​ ഹമീദ്​ ചേന്ദമംഗലൂരും ഞാനും കൂടി എഴുതി, പുരോഗമന കലാസാഹിത്യ സംഘം പ്രസിദ്ധീകരിച്ച  ശരീഅത്ത്: മിഥ്യയും യാഥാര്‍ഥ്യവും എന്ന ചെറുപുസ്തകം കേരളത്തിലുടനീളം ഇടതുപക്ഷവേദികളില്‍ വിറ്റഴിക്കപ്പെടുകയും സംവാദത്തിന്റെ വിപുലമായ വാതിലുകൾ തുറക്കുകയും ചെയ്തു. ശരീഅത്ത് പക്ഷത്തുനിന്ന് പ്രത്യാഖ്യാനങ്ങളുണ്ടായി, പുസ്തകരൂപത്തിലും അല്ലാതെയും. അങ്ങനെ കേരളത്തിലത് വലിയ കോളിളക്കം സൃഷ്ടിച്ചു. അന്ന് കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ സത്യത്തില്‍ വലിയൊരു അംഗീകാരം ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചു. 

ഈ കാലത്ത് ഞങ്ങൾ നടത്തിയ പ്രഭാഷണങ്ങളില്‍ പ്രസക്തമായ, യാഥാസ്ഥിതിക- അന്ധവിശ്വാസ വിരുദ്ധ നിലപാട് ഇന്നും ആവേശം നല്‍കുന്നതാണ്. അതേസമയം, ഒരിക്കലും വന്നുചേരാന്‍ പാടില്ലാത്ത, സാമാന്യബോധത്തിന്റെ ചില സമീപനങ്ങള്‍ ചില പ്രഭാഷണങ്ങളില്‍ കലര്‍ന്നതില്‍ പില്‍ക്കാലത്ത് നടത്തിയ സ്വയംവിമര്‍ശനത്തില്‍ ഞാന്‍ ഏറ്റുപറയുകയും തിരുത്തുകയും ചെയ്തിട്ടുമുണ്ട്​. ഉദാഹരണമായി, കുറ്റിക്കാട്ടൂർ എന്ന മുസ്​ലിം ഭൂരിപക്ഷ പ്രദേശത്ത്​  പ്രഭാഷണം നടത്തുമ്പോള്‍ യാഥാസ്ഥിതികപക്ഷത്തുനിന്ന് എതിര്‍പ്പുണ്ടായി, ഇവിടെ ഇത്തരം പ്രസംഗം അനുവദിക്കില്ല എന്ന തരത്തിൽ. അത് സൃഷ്ടിച്ച പ്രകോപനത്തിലാണെന്ന് തോന്നുന്നു ഞാന്‍ പറഞ്ഞു;  ‘ഇത് പാകിസ്താനിലെ റാവല്‍പിണ്ടിയല്ല, ഇത് ഇന്ത്യന്‍ യൂണിയനിലെ ഒരു സ്ഥലമാണ്, പാകിസ്താന്‍കാരെ പോലെ പെരുമാറാന്‍ പാടില്ല’. വലിയ കയ്യടിയോടെയാണ് ആ പ്രഭാഷണം സ്വീകരിക്കപ്പെട്ടത്. അന്ന് ആ പ്രസംഗത്തിലെ മൗലികമായ പരിമിതി തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ പിന്നീടുവന്ന രാഷ്ട്രീയപ്രബുദ്ധതയുടെ പശ്ചാത്തലത്തില്‍ പൊതുവില്‍ ആ സമരത്തിലെ ഇടപെടല്‍ ശരിയായിരിക്കെ, ഒരിക്കലും വരാന്‍ പാടില്ലാത്ത ഇത്തരം പരാമര്‍ശങ്ങള്‍ വന്നത് തെറ്റാണ് എന്ന് ബോധ്യപ്പെട്ടു. 

ശരീഅത്ത്; മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്തകം കേരളീയ സമൂഹം, ഏറെക്കുറെ യാഥാസ്ഥിതികരൊഴികെ, എല്ലാവരും ഏറ്റുവാങ്ങി. അതേസമയം, ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം ആ വിധം ഏറ്റുവാങ്ങപ്പെട്ടില്ല. മതനിരപേക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്ന ചിലര്‍ തന്നെ സംഘപരിവാറിനെ ഈ വിധത്തില്‍ വിമര്‍ശിക്കേണ്ടതുണ്ടോ എന്ന ആശങ്ക സൗഹൃദപൂര്‍വം പങ്കുവെച്ചു.

കളി മാറും, ഇന്ത്യൻ ഫാഷിസത്തെ വിമർശിച്ചാൽ

1992ൽ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതുടർന്ന്​ ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷം ആകെ മാറി. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യമാണ് സംഭവിച്ചത്. ബാബരി മസ്ജിദ് ആക്രമിക്കപ്പെടാം എന്നൊക്കെയല്ലാതെ, കല്ലിന് കല്ല്  പറിച്ചെടുക്കപ്പെടുമെന്ന് ആരും കരുതിയില്ല. മുമ്പവിടെയൊരു ആരാധനാലയം ഉണ്ടായതിന്റെ അവശിഷ്ടം പോലും ബാക്കിവെക്കാതെ തൂത്തുവാരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷെ അത് സംഭവിച്ചു. സത്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിക്കാത്തത് ഇന്ത്യന്‍ നവഫാഷിസ്​റ്റുകൾക്ക്​ സാധിച്ചു. അത് ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ഇത് സമൂഹത്തിൽ പലതരം സംഘര്‍ഷങ്ങളുണ്ടാക്കി. ഹിന്ദുമതത്തിന്റെ നേതൃത്വത്തില്‍ ഇസ്​ലാം മതത്തിനുനേരെ നടന്ന ആക്രമണം എന്നൊക്കെയുള്ള കാഴ്ചപ്പാടില്‍ ഇസ്​ലാം മതവിശ്വാസികളിൽ ചിലരുടെ ഭാഗത്തുനിന്ന്  പ്രതിരോധമുണ്ടാകണമെന്നൊക്കെയുള്ള സമീപനം ഒരു ഭാഗത്ത് അവ്യക്തമായി രൂപപ്പെട്ടു. ഇത് സംഘപരിവാര്‍ മുസ്​ലിംകള്‍ക്കുനേരെ നടത്തിയ വലിയൊരാക്രമണമാണ്, അതിനെതിരെ പ്രതിരോധമുണ്ടാകണമെന്ന കുറേക്കൂടി വ്യക്തമായ രീതിയിലുള്ള പ്രതികരണങ്ങളും വന്നു. മതപരമായ ധ്രുവീകരണത്തിലേക്ക് സമൂഹം വഴുക്കിവീഴുമോ എന്ന ഉത്കണ്ഠ പു.ക.സ. പ്രവര്‍ത്തകർ എന്ന നിലയിലും ഞങ്ങൾക്കുണ്ടായി. ഞാന്‍ അന്ന് പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. കെ.എസ്. ഹരിഹരനാണ് ജോയിൻറ്​ സെക്രട്ടറി. ഈ പ്രശ്​നത്തെ മതനിരപേക്ഷമായി പ്രതിരോധിക്കണമെന്നതിനാല്‍ ഞങ്ങൾ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം എന്ന പുസ്തകം എഴുതി. സീതാറാം യെച്ചൂരിയാണ് ആമുഖം എഴുതിയത്. അത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ടാക്കിയ ഒരു കാര്യമാണ്. ഫാഷിസ്റ്റ് അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ച്​, ഇന്ത്യ പുതിയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് ചുവടുവെക്കുകയാണെന്ന് യെച്ചൂരി ആമുഖത്തില്‍ പറയുന്നുണ്ട്.

babri masjid
1992 ഡിസംബര്‍ 5-ന് വൈകിട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേര്‍ന്ന കര്‍സേവകര്‍ / ഫോട്ടോ: പ്രവീണ്‍ ജയിന്‍/ ദി പ്രിന്‍റ്, ദി പയനിയര്‍.

ഇത്രയും സൂചിപ്പിച്ചത്, ശരീഅത്ത്; മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്തകം കേരളീയ സമൂഹം, ഏറെക്കുറെ യാഥാസ്ഥിതികരൊഴികെ, എല്ലാവരും ഏറ്റുവാങ്ങി. അതേസമയം, ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം ആ വിധം ഏറ്റുവാങ്ങപ്പെട്ടില്ല. മാത്രമല്ല, മതനിരപേക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്ന ചിലര്‍ തന്നെ സംഘപരിവാറിനെ ഈ വിധത്തില്‍ വിമര്‍ശിക്കേണ്ടതുണ്ടോ എന്ന ആശങ്ക സൗഹൃദപൂര്‍വം പങ്കുവെച്ചു. ചിലര്‍ ഒരുപടി കൂടി കടന്ന് ഇതെല്ലാം തീവ്രവാദത്തിന്റെ പക്ഷത്ത് നില്‍ക്കലാണ് എന്നുവരെ പറഞ്ഞു. അത്​ ഞങ്ങൾക്ക്​ തലചുറ്റിക്കുന്ന അനുഭവമായിപ്പോയി. അതായത്, ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഒരു മഹാസ്മാരകം ഇടിച്ചുപൊളിച്ച് ഇന്ത്യന്‍ ഫാഷിസം കൊലവിളി നടത്തുന്ന പശ്ചാത്തലത്തില്‍, ആ ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയചരിത്രം വിശദീകരിക്കുന്ന പുസ്തകത്തോടുപോലും ഈയൊരു സമീപനം എങ്ങനെ രൂപപ്പെട്ടുവന്നു?. അത് സത്യത്തില്‍ കണ്ണുതുറപ്പിക്കുന്നതായിരുന്നു. അതായത്, ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഏത് വര്‍ഗീയ പ്രസ്ഥാനത്തെയും തീവ്രവാദ പ്രസ്ഥാനത്തെയും എങ്ങനെയും   വിമര്‍ശിക്കാം, അതിനൊക്കെ ഏറിയോ കുറഞ്ഞോ പൊതുബോധത്തിന്റെ പിന്തുണയും കിട്ടും. എന്നാല്‍ എപ്പോഴാണോ നിങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യന്‍ ഫാഷിസത്തെ വിമര്‍ശിക്കാന്‍ ആരംഭിക്കുന്നത്, അപ്പോള്‍ കളി മാറും. കൂടെ നില്‍ക്കുമെന്ന് നിങ്ങള്‍ കരുതിയവര്‍ തന്നെ കളം മാറി ചവിട്ടും. സൗഹൃദരൂപേണ, ‘ഇത്ര വേണ്ടിയിരുന്നോ’ എന്ന് ചോദിക്കും. അതും അതിലപ്പുറവും ഈ പുസ്തകത്തിന്റെ പേരില്‍ ഞങ്ങൾ അനുഭവിച്ചു. പക്ഷെ, ഇടതുപക്ഷ പ്രസ്ഥാനം, ഇടതുപക്ഷ രാഷ്ട്രീയബോധം ഈ പുസ്തകം ഉയര്‍ത്തിപ്പിടിച്ചു. ഈ പുസ്​തകത്തിന്​ അബുദാബി ശക്തി അവാർഡ്​ ലഭിച്ചു. അതേസമയം, ഇടതുപക്ഷ സാമാന്യബോധം ഈ പുസ്തകത്തിനൊപ്പം വേണ്ടതുപോലെ ഉറച്ചുനിന്നില്ല. 

ഇടതുപക്ഷ പ്രസ്ഥാനം, ഇടതുപക്ഷ രാഷ്ട്രീയബോധം ശരീഅത്ത്; മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്​തകം ഉയര്‍ത്തിപ്പിടിച്ചു. അതേസമയം, ഇടതുപക്ഷ സാമാന്യബോധം ഈ പുസ്തകത്തിനൊപ്പം വേണ്ടതുപോലെ ഉറച്ചുനിന്നില്ല. 

മത വിമർശനം, ജാതി വിമർശനം

അരനൂറ്റാണ്ടുകാലമായി മതത്തില്‍നിന്ന് പുറത്തുവന്ന ഒരാളാണ് ഞാൻ.  യാഥാസ്ഥിതിക മതപശ്ചാത്തലത്തില്‍ ജനിച്ച്, കുട്ടിക്കാലത്ത് അതിന്റെ ആചാരാനുഷ്ഠാനങ്ങളൊക്കെ പാലിച്ചായിരുന്നു ജീവിതം. ഹൈസ്‌കൂള്‍ കാലത്തുതന്നെ അതില്‍നിന്ന് വിട്ട് ഏറെക്കുറെ മതരഹിത ജീവിതത്തിലേക്ക് മാറി. കോളേജിലെത്തിയതോടെ പൂര്‍ണമായി മതരഹിത ജീവിതമാണ് പിന്തുടർന്നത്. അതുകൊണ്ടുതന്നെ മതത്തിന്റെ സാന്നിധ്യം ഇന്ന് എന്റെ അണുകുടുംബത്തില്‍ ഒട്ടുമില്ല. അതേസമയം, പ്രച്ഛന്നമായ ജാതിസ്വാധീനം നിലനില്‍ക്കുന്നുണ്ടെന്ന് തന്നെയാണ് എന്റെ ബോധ്യം. കുറച്ച് പ്രയാസപ്പെട്ട് മതത്തോട് നിരന്തരം മല്‍പിടുത്തം നടത്തിയാല്‍ ഏത് വ്യക്തിക്കും അതില്‍നിന്ന് പുറത്തുവരാന്‍ പറ്റും. എന്നാല്‍ അതേപോലുള്ള മല്‍പിടുത്തത്തിലൂടെ ജാതിയില്‍നിന്ന് പൂര്‍ണമായും പുറത്തുവരാന്‍ കഴിയില്ല. കാരണം, മതം എന്നത് തത്വചിന്തയുടെയും ആശയങ്ങളുടെയും അതിനോടനുബന്ധമായ ചില ആചാരങ്ങളുടെയുമൊക്കെ  ലോകമാണ്. അത് അഗാധമായ വിശ്വാസമാണ് നമ്മളോട് ആവശ്യപ്പെടുന്നത്. ആ വിശ്വാസം അഗാധമാവുന്ന മുറയ്ക്ക് വിനയവും മനസ്സിന് വിസ്തൃതിയും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാല്‍ ജാതി അധികാരമേല്‍ക്കോയ്മയാണ്. അതിനങ്ങനെ വിസ്തൃതിയുടെയോ വിനയത്തിന്റെയോ വിഷയമില്ല.

KEN Mother
കെ.ഇ.എന്‍ മാതാവ് എം.വി. ആയിശാ ബീവിക്കൊപ്പം

ശരിക്കും മതവിശ്വാസിയാകണമെങ്കില്‍ മതം പഠിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് ജാതി പഠിക്കേണ്ട കാര്യമില്ല. പഠിക്കാതെ തന്നെ ജാതി നിങ്ങളെ പഠിപ്പിക്കും. അതുകൊണ്ട് മതരഹിതര്‍ എന്നുപറയുന്ന ആളുകള്‍ നിരന്തരം ജാഗ്രത പുലര്‍ത്തുകയാണെങ്കില്‍ അവര്‍ മതത്തിന് പുറത്തുതന്നെയായിരിക്കും. എന്നാല്‍ മതഹരിതരാണ് എന്നതുകൊണ്ടുമാത്രം അവര്‍ക്ക് ജാതിരഹിതരാകാന്‍ പറ്റില്ല. ആനന്ദ് തെല്‍തുംബ്​ദെയുടെ ഒരു പുസ്തകത്തിന്റെ പേര് പെര്‍സിസ്റ്റന്‍സ് ഓഫ് കാസ്റ്റ് എന്നാണ്. ജാതിയെ നമ്മള്‍ വിട്ടാലും ജാതി നമ്മളെ വിടില്ല എന്ന അവസ്ഥ. മതത്തില്‍ നിന്ന് പുറത്തുവന്നാലും പ്രച്ഛന്നമായ മേല്‍ക്കോയ്മ നിലനില്‍ക്കും. ജാതിയെ മേല്‍ക്കോയ്മയുടെ തത്വചിന്ത എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.  ഇന്ത്യയിലെ ജാതിയെ സൈദ്ധാന്തികമായി തള്ളിക്കളയുന്ന ഇസ്​ലാം മതത്തിലും ബുദ്ധമതത്തിലും ക്രിസ്തു മതത്തിലും പ്രച്ഛന്ന ജാതിയുണ്ട്. മുസ്​ലിംകൾക്കിടയിലാണെങ്കില്‍, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതുപോലെ അഷ്റഫ്, അജ്​ലഫ്​, അര്‍സല്‍ എന്നിങ്ങനെ മൂന്ന് ജാതിവ്യവസ്ഥകൾ പ്രവര്‍ത്തിക്കുന്നുണ്ട്, ചാതുർവർണ്യം പോലെയുള്ള ഒരു ത്രൈവർണ്യം.

ജാതിമേല്‍ക്കോയ്മയ്ക്കെതിരായ വിമര്‍ശനത്തിലും ജാതിമേല്‍ക്കോയ്മയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കെതിരായ വിമര്‍ശനത്തിലും ഇന്ത്യന്‍ നവഫാഷിസത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലുമെത്തുമ്പോള്‍ നമ്മള്‍ അതുവരെ വർഗീയതക്കെതിരായി നടത്തിയ വിമര്‍ശനത്തില്‍ നിന്നൊക്കെ വ്യത്യസ്തമായ അനുഭവങ്ങള്‍ക്ക് വിധേയരാകും.

ജനാധിപത്യ മതനിരപേക്ഷ തത്വചിന്തയെയും ജനകീയ മതചിന്തകളെയും മലിനമാക്കാന്‍ ജാതിക്ക് കഴിയും. അംബേദ്കര്‍ പറയുന്നുണ്ട്, ബ്രാഹ്മണ്യത്തില്‍ നിന്നാണ് ജാതി ഉണ്ടാകുന്നതെങ്കിലും അത് ഇന്ത്യയുടെ വായു ആകെ മലിനമാക്കിയതുകൊണ്ട്, ഈ വായു ശ്വസിക്കേണ്ടിവരുന്ന സകല മനുഷ്യരിലും സകല മതങ്ങളിലും ഇതിന്റെ മാലിന്യം വന്നുചേരുന്നുവെന്ന്. സത്യത്തില്‍ ജനകീയ ഹിന്ദുമതമല്ല, ജാതിമേല്‍ക്കോയ്മയാണ് ഇന്ത്യന്‍ നവഫാഷിസത്തിന്റെ മൗലിക സ്രോതസ്. അത് സ്വയം ഭീകരമാണ്. സാസ്‌കാരിക വിമര്‍ശകനായ ശ്യാം ചന്ദിന്റെ സാഫ്രൺ ഫാഷിസം എന്ന പുസ്തകത്തില്‍ In fact RSS is the mother of terrorism in India എന്ന നിരീക്ഷണമുണ്ട്. ആ അര്‍ഥത്തിലാണ് സംഘപരിവാറിനെ കാണേണ്ടത്. അത് ജാതിമേല്‍ക്കോയ്മയുടെയും കോർപറേറ്റ്​ കാഴ്​ചപ്പാടിന്റെയും തത്വചിന്തയാണ്. ആ തത്വചിന്തയുടെ സവിശേഷത വ്യക്തമാക്കാന്‍ സഹായിക്കുന്ന നിരവധി പഠനങ്ങളുണ്ട്. അംബേദ്കറെപ്പോലും പ്രചോദിപ്പിച്ച ചിന്തകനായ ലക്ഷ്മി നരസു ബുദ്ധമതത്തെപ്പറ്റിയും ജാതിയെക്കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. ജാതിയെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹം ഒരു കാര്യം പറയുന്നുണ്ട്​; പൊതുവില്‍ ഒരു തെറ്റിദ്ധാരണയുണ്ട്, ഇസ്​ലാം മതത്തിലും ക്രിസ്ത്യന്‍ മതത്തിലുമൊക്കെ മതപരിവര്‍ത്തനമുണ്ട്. ഹിന്ദുമതത്തിൽ, അതായത്, ബ്രാഹ്മണിക് പ്രത്യയശാസ്ത്രം പിടിച്ചെടുത്ത ജാതിമേല്‍ക്കോയ്മാ മതത്തില്‍, പരിവര്‍ത്തനം നടത്തുന്നത് പ്രത്യേക രീതിയിലാണെന്നാണ് ലക്ഷ്മി നരസു നിരീക്ഷിക്കുന്നത്. ബ്രാഹ്മണിക് ആചാരാനുഷ്ടാനങ്ങള്‍ക്ക് ആളുകളെ കീഴ്പ്പെടുത്തിക്കൊണ്ടാണ് അത് മതപരിവര്‍ത്തനം നടത്തുന്നത്. അതായത്, ഏത് ജാതിവിഭാഗവും യോഗ്യരായിത്തീരണമെങ്കില്‍ ബ്രാഹ്മണിക് ആചാരങ്ങള്‍ക്ക് കീഴ്പ്പെടണം. അതുപോലെ, ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ ആചാരങ്ങളും ബ്രാഹ്മണിക് ആചാരങ്ങളാണ്. അപ്പോള്‍ മതപരിവര്‍ത്തനം ഒരു പ്രത്യേക രീതിയിലാണെന്നേയുള്ളൂ. 

B. R. Ambedkar
Photo : Reshma Suresh Gopal

സംഘപരിവാറിനെ വിമര്‍ശിക്കുന്ന എല്ലാവരും പൊതുവിൽ പറഞ്ഞുവരുന്ന ഒരു കാര്യം, സെമറ്റിക് മാതൃകയിലേക്ക് ഹിന്ദുമതത്തെ മാറ്റുകയാണ് ആർ.എസ്​.എസ്​ ചെയ്യുന്നത്​ എന്നാണ്​. അതായത് ഒരു ദൈവം, ഒരു ഗ്രന്ഥം, ഒരു പ്രവാചകന്‍, ഒരേ കാഴ്ചപ്പാട് ഇതൊക്കെയാണ് സെമിറ്റിക് മതങ്ങളുടെ പൊതുമുദ്ര. എന്നാല്‍ ഹിന്ദുമതത്തില്‍ അങ്ങനെയൊന്നുമില്ല എന്നാണ് പൊതുവെ പറയുന്നത്. പക്ഷെ സെമറ്റിക് മതത്തെയടക്കം ചാതുര്‍വര്‍ണ്യത്തിന്റെ ക്രമത്തിലേക്ക് ചുരുക്കാനാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നതാണ് സത്യം. അതായത്, ഇന്ത്യന്‍ ഫാഷിസത്തിന്റെ വിമര്‍ശകര്‍ ആത്മാര്‍ഥമായി ഇന്ത്യന്‍ ഫാഷിസത്തെ എതിര്‍ക്കാന്‍ വേണ്ടി മുന്നോട്ടുവെക്കുന്നതാണ്, സെമറ്റിക് മതങ്ങളുടെ മാതൃകയിലേക്ക് ഹിന്ദുമതത്തെ ചുരുക്കുന്നു എന്ന അവരുടെ വിമര്‍ശനം. പക്ഷെ പരോക്ഷമായി ആ വിമര്‍ശനം ജാതിമേല്‍ക്കോയ്മയ്ക്ക് വിദൂര അംഗീകാരമായി മാറുകയാണ്. അതുകൊണ്ട് നമ്മള്‍ തിരിച്ചറിയേണ്ടത്, ചാതുര്‍വര്‍ണ്യത്തിന്റെ ക്രമത്തിലേക്ക്, അതിനോട്​ സൈദ്ധാന്തികമായി എതിരിടുന്ന സകല കാഴ്ചപ്പാടുകളെയും ചുരുക്കാനും കീഴ്പ്പെടുത്താനുമാണ് ഇത് നിരന്തരം ശ്രമിക്കുന്നത് എന്നാണ്​. അതുകൊണ്ട് ഇതിനെ എതിര്‍ക്കുന്നവർ പോലും ഇതിനെ പ്രയോഗത്തില്‍ അംഗീകരിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഇത്തരം ആചാരങ്ങളെയൊക്കെ പ്രയോഗത്തില്‍ അംഗീകരിക്കുകയാണ്.

ഇന്ത്യയിലെ മറ്റെല്ലാ ധൈഷണികരും ഒന്നിച്ചുനിന്ന്  ‘ഞങ്ങളും അനന്തമൂര്‍ത്തിക്കൊപ്പം’ എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് 16-ാം ലോക്​സഭാ തെരഞ്ഞെടുപ്പിന്റെ തന്നെ പശ്ചാത്തലത്തിന് ഒരു ഇളക്കമുണ്ടാക്കുമായിരുന്നു. പക്ഷെ ആര്‍ക്കും അങ്ങനെ പറയാന്‍ പറ്റിയില്ല.

ജാതിമേല്‍ക്കോയ്മയ്ക്കെതിരായ വിമര്‍ശനത്തിലും ജാതിമേല്‍ക്കോയ്മയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കെതിരായ വിമര്‍ശനത്തിലും ഇന്ത്യന്‍ നവഫാഷിസത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലുമെത്തുമ്പോള്‍ നമ്മള്‍ അതുവരെ വർഗീയതക്കെതിരായി നടത്തിയ വിമര്‍ശനത്തില്‍ നിന്നൊക്കെ വ്യത്യസ്തമായ അനുഭവങ്ങള്‍ക്ക് വിധേയരാകും. ഉദാഹരണത്തിന്​, യു.ആര്‍. അനന്തമൂര്‍ത്തി എല്ലാതരം വര്‍ഗീയതയെയും വിമര്‍ശിച്ചയാളാണ്. അന്നൊന്നും അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല. ‘നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഞാന്‍ ഇന്ത്യ വിടും’ എന്നദ്ദേഹം നടത്തിയ പ്രതികരണം സത്യത്തില്‍ പ്രതീകാത്മ പ്രതിരോധമായിരുന്നു. മതനിരപേക്ഷത നഷ്ടപ്പെട്ടാല്‍ ഈ രാജ്യത്ത് സ്വസ്ഥമായി നമ്മളെങ്ങനെ ജീവിക്കുമെന്ന ഒരു മതനിരപേക്ഷവാദിയുടെ സങ്കടവും ഉത്കണ്ഠയും കലര്‍ന്ന പ്രസ്താവനയായിരുന്നു അത്. ഇന്ത്യയിലെ മറ്റെല്ലാ ധൈഷണികരും ഒന്നിച്ചുനിന്ന്  ‘ഞങ്ങളും അനന്തമൂര്‍ത്തിക്കൊപ്പം’ എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് 16-ാം ലോക്​സഭാ തെരഞ്ഞെടുപ്പിന്റെ തന്നെ പശ്ചാത്തലത്തിന് ഒരു ഇളക്കമുണ്ടാക്കുമായിരുന്നു. പക്ഷെ ആര്‍ക്കും അങ്ങനെ പറയാന്‍ പറ്റിയില്ല. പറയാന്‍ പറ്റാത്തത് അവര്‍ക്ക് അനന്തമൂര്‍ത്തിയുടെ അഭിപ്രായത്തോട് യോജിപ്പില്ലാത്തതുകൊണ്ടല്ല. തങ്ങളുടെ വിയോജിപ്പ് ആ വിധം അവര്‍ക്ക് ആവിഷ്‌കരിക്കാന്‍ ജാതിമേൽക്കോയ്​മയാൽ നിർമിതമായ സാമാന്യബോധത്തിന്റെ അദൃശ്യതടവറ പ്രയാസമുണ്ടാക്കുന്നുണ്ട്.

U-R-Ananthamurthy
യു.ആര്‍. അനന്തമൂര്‍ത്തി / Photo : Wikimedia Commons

അനന്തമൂർത്തി രോഗിയായി കിടക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് പാകിസ്താനിലേക്ക് ടിക്കറ്റെടുത്തുകൊടുത്തു. പാകിസ്താനിലേക്ക് പോകണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷെ അവിടേക്കാണ് ടിക്കറ്റെടുത്തുകൊടുത്തത്. അദ്ദേഹം മരിച്ചപ്പോള്‍ ആഹ്ലാദപ്രകടനവും മിഠായിവിതരണവും നടത്തി. 1948-ലെ ഗാന്ധിവധത്തില്‍ എന്തൊക്കെ നടന്നോ അതൊക്കെ 2014-ല്‍ ഇദ്ദേഹത്തിന്റെ സ്വാഭാവിക മരണത്തില്‍ ആവര്‍ത്തിച്ചു. ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ഇല്ലാത്ത വലിയ ഉത്കണ്ഠ ജനാധിപത്യവാദികള്‍ വര്‍ഗീയ, തീവ്രവാദ സംഭവങ്ങളില്‍ പ്രകടിപ്പിക്കുന്നുണ്ട്. പ്രകടിപ്പിക്കേണ്ടതുമാണ്. പക്ഷെ എന്തുകൊണ്ടാണ് അഭിപ്രായപ്രകടനങ്ങളിൽ ഈയൊരു വിള്ളല്‍? ആ അഭിപ്രായപ്രകടനങ്ങളുടെ വിള്ളലിന്റെ വേര് എവിടെയാണ് ആഴ്ന്നുകിടക്കുന്നത്?
പറഞ്ഞുവന്നത്, മതപരമായ പശ്ചാത്തലത്തില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നത്ര എളുപ്പമല്ല, ജാതിമേൽക്കോയ്​മാ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുകടക്കാൻ എന്നാണ്​. കാരണം, ഇന്ത്യയില്‍ ജാതി തന്നെ ഒരു ഭരണകൂടമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ജ്വലിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അംബേദ്കര്‍ നടത്തിയ സൂക്ഷ്മമായ പ്രയോഗങ്ങളുണ്ട്. ജാതിയും ഭരണഘടനയും എന്ന പ്രബന്ധത്തില്‍ അദ്ദേഹം പറഞ്ഞു, യൂറോപ്യനായ അന്യന്‍ നിഷ്പക്ഷനാണ്.
സത്യത്തില്‍ സ്വാതന്ത്ര്യസമരം നടക്കുന്ന സമയത്ത് ഇങ്ങനെയൊരു പ്രസ്താവന പ്രത്യക്ഷത്തില്‍ എടുത്താല്‍, വേണമെങ്കില്‍ അംബേദ്കറെ വിമര്‍ശിക്കാന്‍ തോന്നും. പക്ഷെ ആഴത്തിലെടുത്താല്‍, അംബേദ്കര്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കാരണം, ആഭ്യന്തര കൊളോണിയലിസത്തിന്റെ ഇരകളായ ജനതയെ സംബന്ധിച്ച്​ ആഭ്യന്തര കൊളോണിയലിസത്തിനെതിരെയുള്ള സമരം വളരെ പ്രധാനമാണ്. ആ സമയത്താണ് യൂറോപ്യനായ അന്യന്‍ നിഷ്പക്ഷനാണ് എന്ന നിലപാടിലേക്ക് അംബേദ്കര്‍ എത്തുന്നത്. 

എന്താണ് ഒരു ഗവര്‍ണര്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് അമ്പരക്കുകയല്ല വേണ്ടത്. ഇത് ഫാഷിസ്റ്റ് കാലത്തെ ഗവര്‍ണറില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ് എന്ന്​ തിരിച്ചറിയുകയാണ്​ വേണ്ടത്​. ഗവർണർ കൊളോണിയല്‍ വേസ്റ്റാണ്.

​കേരളം എന്ന ടാർഗറ്റ്​

ഇന്ത്യന്‍ ഫാഷിസത്തിന്റെ ടാര്‍ഗറ്റ് കേരളമാണ്. കേരളം പൊളിക്കുക എന്നത് അവരുടെ ലക്ഷ്യമാണ്. ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള പല പ്രദേശങ്ങളിലും ഇടതുപക്ഷത്തിന് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ കേരളമാണ് മതനിരപേക്ഷതയുടെ വലിയൊരു പ്രതീക്ഷ. കേരളം പൊളിക്കാന്‍ ഗവര്‍ണറെ ഉപയോഗിക്കുന്നു, മാധ്യമങ്ങളെ ഉപയോഗിക്കുന്നു, ഇടതുപക്ഷ വിരുദ്ധമായ,  മതനിരപേക്ഷ വിരുദ്ധമായ എല്ലാ കാഴ്ചപ്പാടുകളെയും ഉപയോഗിക്കുന്നു.

ഒരു ഗവര്‍ണര്‍ ഇങ്ങനെയൊക്കെ പെരുമാറാമോ എന്ന്​ ലിബറല്‍, സെക്യുലര്‍ മനുഷ്യർ ചോദിക്കുന്നുണ്ട്. ആ ചോദ്യം വളരെ പ്രസക്തമാണ്. പക്ഷെ അതില്‍ സൂക്ഷ്മമായ ഒരു രാഷ്ട്രീയ ജാഗ്രതയുടെ കുറവുണ്ട്. ഒരു നവഫാഷിസ്റ്റ് കാലത്തെ ഗവര്‍ണര്‍ ഇതിലപ്പുറവും പെരുമാറുമെന്നുള്ള തിരിച്ചറിവ് നമുക്ക് നഷ്ടപ്പെടാന്‍ പാടില്ല. അതിന്റെ ഇന്ത്യയിലെ ആദ്യ പ്രഖ്യാപനം 2019 ആഗസ്ത് അഞ്ചിന് കശ്മീരില്‍ സംഭവിച്ചു. 29 സംസ്ഥാനങ്ങളുള്ള ഒരു രാഷ്ട്രം ഒരൊറ്റ ദിവസം കൊണ്ട് 28 സംസ്ഥാനങ്ങളായി മാറി. ഇന്ത്യയിലെ ഒരു സംസ്ഥാനം എവിടെപ്പോയി എന്ന് ഒരു ഗവര്‍ണറോടും ആരും ചോദിച്ചില്ല. അന്ന്​ ആ ചോദ്യം ചോദിക്കാന്‍ കഴിയാത്ത ആളുകള്‍, ഗവര്‍ണര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്നുമാത്രം ഇപ്പോൾ ചോദിച്ചിട്ട് ഒരു കാര്യവുമില്ല.  എന്താണ് ഒരു ഗവര്‍ണര്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് അമ്പരക്കുകയല്ല വേണ്ടത്. ഇത് ഫാഷിസ്റ്റ് കാലത്തെ ഗവര്‍ണറില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ് എന്ന്​ തിരിച്ചറിയുകയാണ്​ വേണ്ടത്​. ഗവർണർ കൊളോണിയല്‍ വേസ്റ്റാണ്. കൊളോണിയല്‍ വേസ്റ്റിനും ഫ്യൂഡല്‍ വേസ്റ്റിനുമിടയില്‍ ഒരാള്‍ക്ക് ദീര്‍ഘകാലം ജനാധിപത്യവാദിയായി ജീവിക്കാന്‍ പറ്റില്ല.  

Arif Mohammad Khan
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും / Photo:keralacm.gov.in

ഫെഡറല്‍ മൂല്യങ്ങള്‍ക്കെതിരെ സൈദ്ധാന്തികമായി നേരത്തെ തന്നെ ഇന്ത്യന്‍ ഫാഷിസം ആക്രമണം നടത്തിയിട്ടുണ്ട്. ഭാഷാസംസ്ഥാനങ്ങള്‍ വിഘടനവാദത്തെ ശക്തിപ്പെടുത്തുമെന്ന കാഴ്ചപ്പാടാണ് സംഘപരിവാര്‍ അതിന്റെ സൈദ്ധാന്തിക പുസ്തകങ്ങളില്‍ നിരന്തരം ആവര്‍ത്തിച്ചുപോന്നത്. അവരുടെ രാഷ്ട്രീയ മേല്‍ക്കോയ്മ ദൃഢപ്പെട്ടപ്പോള്‍, പുസ്തകങ്ങളില്‍ പറഞ്ഞ കാര്യം പ്രയോഗത്തില്‍ വരുത്തി. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും തങ്ങളുടെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ പോലും ജനങ്ങളുടെ മുന്നില്‍ തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചെടുക്കുന്നതിലും അവര്‍ വിജയിച്ചു. 

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഇടതുപക്ഷ- മതനിരപേക്ഷ വിരുദ്ധ ആശയ പ്രചാരണത്തിന്റെ നേതൃത്വം സംഘപരിവാറിനാണ്. സംഘപരിവാറിന്റെ ആശയലോകത്തെ എതിരിടുന്നു എന്ന് സ്വയം കരുതിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് അടക്കം നടത്തുന്ന ഇടപടല്‍ സത്യത്തില്‍ കേരളത്തെ പൊളിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്​. അതായത്, സമരോത്സുകമായ മതനിരപേക്ഷത സജീവമായ ഒരു പ്രദേശത്ത് നവഫാഷിസത്തിന് നിലനില്‍ക്കാന്‍ പറ്റില്ല. നവഫാഷിസം നിലനില്‍ക്കുന്നില്ലെങ്കില്‍ അതിനോട് എതിരിടുന്നു എന്നു കരുതുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്കും നിലനില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ്​, നോം ചോംസ്​കി ഇന്ത്യനവസ്​ഥയെ പൊതുവിൽ ഭയാനകമായും ​അതേസമയം കേരളത്തെ പ്രതിരോധത്തിന്റെ പ്രതീക്ഷയായും കണ്ടത്​. 

പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തിലെ മുസ്‌ലിം സമൂഹത്തില്‍ നാമമാത്രമായ സ്വാധീനമേയുള്ളൂ. കേരളത്തിലെ മുസ്‌ലിംകൾ ഭൂരിഭാഗവും മത സംഘടനകളിലും  ലിബറൽ സെക്യുലര്‍ സംഘടനകളിലും ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനങ്ങളിലുമെല്ലാം പ്രവർത്തിക്കുന്നവരാണ്​. ചെറിയൊരു വിഭാഗം മതരഹിതരായിട്ടുണ്ട്. അങ്ങനെ നോക്കിയാൽ പോപ്പുലര്‍ ഫ്രണ്ടിലുള്ളവരുടെ സാന്നിധ്യം വളരെ പരിമിതമാണ്.

ഇത്തരം സംഘടനകള്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ, മതനിരപേക്ഷവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഈ സംഘടനകള്‍ക്കും ഒപ്പം, ഈ സംഘടനകളുടെ പിറവി സാധ്യമാക്കിയ സംഘപരിവാറിനുമുള്ളതാണ്.

1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇത്തരം സംഘടനകളൊന്നും ഇല്ലല്ലോ. 1925-ല്‍ ആര്‍.എസ്.എസ്. രൂപപ്പെടുമ്പോള്‍ പോലും അതിന് ബദലായി ഒരു മുസ്​ലിം സംഘടന രൂപപ്പെട്ടിട്ടില്ല. 70കളുടെ തുടക്കത്തോടെ പല സ്ഥലത്തും നിരന്തരമായി വര്‍ഗീയ ലഹളകളുണ്ടാകുന്നു. 1969-ല്‍ അഹമ്മദാബാദിൽ നടന്ന വര്‍ഗീയ കലാപം, ഗുജറാത്ത് വംശഹത്യയിലേതിനേക്കാൾ ജീവൻ നഷ്​ടപ്പെടുത്തിയ ഒന്നാണ്​. അന്നുപോലും ഇതിനെതിരെ പ്രാദേശികമായി ജനങ്ങളുടെ വികാരപ്രകടനമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതോടെയാണ് തീവ്രവാദ സ്വഭാവമുള്ള മതസംഘടനകള്‍ രൂപപ്പെടുന്നത്. അതുകൊണ്ട്, ഇന്ത്യന്‍ ഫാഷിസം തന്നെയാണ് ഇത്തരം സംഘടനകളുടെ പിറവിക്ക് പാശ്ചാത്തലമൊരുക്കിയത്. ഇത്തരം സംഘടനകള്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ, മതനിരപേക്ഷവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഈ സംഘടനകള്‍ക്കും ഒപ്പം, ഈ സംഘടനകളുടെ പിറവി സാധ്യമാക്കിയ സംഘപരിവാറിനുമുള്ളതാണ്. അതിനുപകരം, സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണം, ഇടതുപക്ഷമാണ് ഇത്തരം സംഘടനകളെ നിലനിര്‍ത്തുന്നത് എന്നതാണ്. ആ വ്യാജപ്രചാരണത്തിന്റെ ലക്ഷ്യം കേരളത്തെ പൊളിക്കുക എന്നതാണ്. 

sdpi
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ

എന്‍.ഐ.എയെ ഉപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടത്തിയ റെയ്ഡിനെതിരായ മിന്നല്‍ ഹര്‍ത്താലിനെ കേരള സര്‍ക്കാര്‍, അക്രമം അനുവദിക്കില്ല എന്ന കൃത്യമായ ജനാധിപത്യപരമായ നിലപാട് സ്വീകരിച്ചാണ് പ്രതികരിച്ചത്. പക്ഷെ, സംഘ്പരിവാര്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, പോപ്പുലര്‍ ഫ്രണ്ടിനുമുന്നില്‍ ഇടതുസര്‍ക്കാര്‍ മുട്ടുമടക്കി എന്നാണ്. അത്, അവരുടെ തന്നെ കുറ്റബോധത്തിന് (ഫാഷിസത്തിന് കുറ്റബോധമുണ്ടാകുമോ എന്നറിയില്ല, അഥവാ, അങ്ങനെയൊന്നുണ്ടാകുമെങ്കില്‍) മറയിടാനുള്ള തന്ത്രമാണ്​.  പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇടതുപക്ഷത്തിനുനേരെയാണ് അവര്‍ പ്രയോഗിക്കുന്നത്. കേരളത്തിലെ മതനിരപേക്ഷതയെ പൊളിക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമമാണിത്​. സമരോത്സുക മതനിരപേക്ഷത ഉയര്‍ന്നുവരുന്ന ഒരു സമൂഹത്തില്‍ നവ ഫാഷിസത്തിനോ തീവ്രവാദ സംഘടനകള്‍ക്കോ സങ്കുചിതപ്രസ്ഥാനങ്ങള്‍ക്കോ ആഴത്തില്‍ വേരാഴ്ത്താനാകില്ല. ഒരുപക്ഷെ, സാമൂഹിക ജീവിതത്തിന്റെ ചില പ്രാന്തപ്രദേശങ്ങളിലൊക്കെ ഇത്തരം സംഘടനകള്‍ പതുങ്ങിനില്‍ക്കുമായിരിക്കും. അവര്‍ക്ക് നമ്മുടെ ജീവിതത്തെയാകെ ഭയപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല.

ഇന്ത്യന്‍ സ്‌റ്റേറ്റിന്റെ ഒരു സാത്താന്‍ ശാസ്ത്രമാണ് നമ്മെ ഇന്ന് ഏറ്റവും ഭയപ്പെടുത്തുന്നത്. അതുകൊണ്ട്, ഇടതുപക്ഷത്തിന് സംഘ്പരിവാറിന്റെ ട്യൂഷന്‍ സെന്ററില്‍ ചേര്‍ന്ന് ഭീകരതയെക്കുറിച്ച് പഠിക്കേണ്ട കാര്യമില്ല.

പൊരുതുന്ന ഇടതുപക്ഷം

2002ലെ ഗുജറാത്ത് വംശഹത്യയുടെ കാലത്ത്, പു.ക.സ പ്രവര്‍ത്തകരായ ഞങ്ങൾ അവിടെ പോയിരുന്നു. ആ സമയത്ത് ഗുജറാത്തില്‍, ഗുജറാത്ത് റിവഞ്ച് ഫോഴ്‌സ് എന്നൊരു സംഘടനയുടെ പാശ്ചാത്തലം ഒരുങ്ങിവരുന്നതായി സൂചനകളുണ്ടായിരുന്നു. അതിനെക്കുറിച്ച് പിന്നീട് കേട്ടിട്ടില്ല. ഒരു സ്ഥലത്ത് ഒരു ഭീകരത നടക്കുമ്പോള്‍ സ്വഭാവികമായും ആ ഭീകരതയോടുള്ള പലതരം പ്രതികരണങ്ങളുണ്ടാകും, അവ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണം എന്നില്ല. അതുകൊണ്ട് ഇത്തരം സംഘടനകളെ ഇന്ത്യന്‍ ഫാഷിസത്തിന്റെ നിര്‍മിതികള്‍ എന്ന അര്‍ഥത്തില്‍ തന്നെയാണ് പരിശോധിക്കേണ്ടത്. ഭീകരതയെക്കുറിച്ച് ഇന്ന് ഏറ്റവുമധികം ആർ.എസ്​.എസ്​ സംസാരിക്കുന്നത് ഒരു രാഷ്ട്രീയ കോമഡിയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ആദ്യത്തെ ഭീകരത മഹാത്മാഗാന്ധി വധം, രണ്ടാമത്തെ ഭീകരത, 1949ല്‍ ബാബറി മസ്ജിദിന്റെ അകത്തേക്ക് രാമവിഗ്രഹം കടത്തിയ പ്രവര്‍ത്തനം, മൂന്നാമത്തെ ഭീകരത, 1966ല്‍ ഇന്ത്യന്‍ പാര്‍ലമെന്റുവരെ ആക്രമിക്കപ്പെടുമെന്ന ഭീതിയുയര്‍ത്തിയ, ലക്ഷക്കണക്കിന് നഗ്‌നസന്യാസിമാരുടെ നേതൃത്വത്തില്‍ ഗോവധത്തിനെതിരെ നടത്തിയ പ്രക്ഷോഭം. തുടര്‍ന്ന്, നിരവധി  സമാന സന്ദര്‍ഭങ്ങള്‍... ബാബറി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് വംശഹത്യ, കാണ്ഡമാല്‍ വംശഹത്യ, മുസഫര്‍ നഗര്‍ കലാപം തുടങ്ങിയവയെല്ലാം ഭീകരകൃത്യങ്ങളാണ്.

muzaffarnagar-riots
2013 ലെ മുസ്സാഫർ നഗർ കലാപത്തിനിടെ

യു.ആര്‍. അനന്തമൂര്‍ത്തിയുടെ ഒരു പുസ്തകത്തിന് ശിവ വിശ്വനാഥ് എഴുതിയ ആമുഖത്തില്‍ പറയുന്നുണ്ട്, The evil that haunts India is the demonology of Indian state. ഇന്ത്യന്‍ സ്‌റ്റേറ്റിന്റെ ഒരു സാത്താന്‍ ശാസ്ത്രമാണ് നമ്മെ ഇന്ന് ഏറ്റവും ഭയപ്പെടുത്തുന്നത്. അതുകൊണ്ട്, ഇടതുപക്ഷത്തിന് സംഘ്പരിവാറിന്റെ ട്യൂഷന്‍ സെന്ററില്‍ ചേര്‍ന്ന് ഭീകരതയെക്കുറിച്ച് പഠിക്കേണ്ട കാര്യമില്ല. ഇടതുപക്ഷത്തിൽ ചിലരുടെ പേരെടുത്തുപറഞ്ഞ്, ഇവര്‍ താലിബാനാണ്, ഭീകരവാദികളാണ്, പാക്കിസ്​ഥാൻകാരാണ്​ എന്നൊക്കെ ആക്രമിക്കുന്നത്​ഇന്ത്യന്‍ ഫാഷിസത്തിന്റെ രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമാണ്. ഇടതുപക്ഷമാണ്, ഇടറാതെ, ഇന്ത്യന്‍ ഫാഷിസത്തിനും അതിന്റെ നിര്‍മിതികളായ എല്ലാ തീവ്രവാദ സംഘടനകള്‍ക്കും എതിരെ ഒരേസമയം പൊരുതുന്നത്. അതുകൊണ്ട്, ഒരേസമയം തന്നെ  നവ ഫാഷിസ്റ്റുകളില്‍നിന്നുള്ള ആക്രമണവും അതോടൊപ്പം, പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകളുടെ ആക്രമണവും ഇടതുപക്ഷമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇടതുപക്ഷത്തിനെ സംഘ്പരിവാര്‍ ഭീകരതയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും പഠിപ്പിക്കാന്‍ നടത്തുന്ന ശ്രമം ഉയര്‍ന്ന മൂല്യം പുലര്‍ത്താത്ത കോമഡിയാണ്. നിലവാരമുള്ള കോമഡിയില്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള ചുവടുവെപ്പുണ്ടാകും. എന്നാൽ ഇത് അതല്ല. 

‘ഡിസാസ്റ്റര്‍ കാപ്പിറ്റലിസം’ എന്നു പറയുമല്ലോ. ഒരു സ്ഥലത്ത് ഒരു ദുരന്തമുണ്ടായാല്‍, ആ ദുരന്തത്തെ തന്നെ മൂലധനത്തിന്റെ ലാഭം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാക്കി മാറ്റുക. കോവിഡിനെ എങ്ങനെ ലാഭകരമായ ഒന്നാക്കി മാറ്റാം എന്ന് മുതലാളിത്തം ആലോചിക്കുന്ന പോലെ തന്നെയാണ്, സംഘ്പരിവാറും ചെയ്യുന്നത്. ഒരു സമൂഹത്തില്‍ എന്തെങ്കിലുമൊരു കൊള്ളരുതായ്മ സംഭവിച്ചാല്‍, അതിനെ രാഷ്ട്രീയമൂലധനമാക്കി മാറ്റുകയാണ്​​ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

2020 ആഗസ്റ്റ് അഞ്ചോടുകൂടി കല്ലില്‍ കല്ല് ബാക്കിവെക്കാതെ ബാബരി മസ്​ജിദ്​​ തുടച്ചുമാറ്റപ്പെട്ടില്ലേ? എന്നിട്ടും നമ്മുടെ നാട്ടില്‍ ലിബറല്‍ സെക്യുലര്‍ എന്നു വിളിക്കപ്പെടുന്ന ആളുകള്‍ അശ്ലീലമായി തീര്‍ന്ന ഒരു സമവാക്യത്തിന്റെ ലോകത്ത് സ്തംഭിച്ചുനില്‍ക്കുകയാണ്.

അല്‍ത്തൂസറൊക്കെ ഭരണകൂടത്തെക്കുറിച്ച് പറയുമ്പോള്‍, ഭരണകൂട മർദ്ദനയന്ത്രം ( Repressive State Apparatuse- RSA) പ്രത്യയശാസ്​ത്ര മർദ്ദന യന്ത്രം ( Ideological State Apparatus- ISA) എന്നു പറയുന്നുണ്ട്. എന്നാല്‍, ഒരു നവ ഫാഷിസ്റ്റ് കാലത്ത്, ആര്‍.എസ്.എ, ആര്‍.എസ്.എ ആയിരിക്കേ ഐ.എസ്.എയുടെ ജോലിയും ഐ.എസ്.എ ഐ.എസ്.എ ആയിരിക്കേ, ആര്‍.എസ്.എയുടെ ജോലിയും ചെയ്യുന്നുണ്ട്. അതാണിപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. അതുകൊണ്ട്, ഗവര്‍ണര്‍ വരെയുള്ള, യൂണിയന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനങ്ങളെ തങ്ങളുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ ഫാഷിസം ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. അത് ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലം ഉപയോഗിക്കാം. 

cpim
കേരളത്തിലെ മുസ്‌ലിംകൾ ഭൂരിഭാഗവും മത സംഘടനകളിലും ലിബറൽ സെക്യുലര്‍ സംഘടനകളിലും ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനങ്ങളിലുമെല്ലാം പ്രവർത്തിക്കുന്നവരാണ് / Photo : Shafeeq Thamarassery

1992ല്‍ ബാബറി മസ്ജിദ് പൊളിച്ചു, അന്ന് അതിനെ തര്‍ക്കമന്ദിരം എന്നാണ് സംഘ്പരിവാര്‍ പറഞ്ഞിരുന്നത്. പൊളിച്ചുകഴിഞ്ഞപ്പോൾ മാപ്പും പറഞ്ഞു. പിന്നീട് തൂത്തുവാരിയപ്പോൾ അത് വെറും നിര്‍മിതിയായി. 2020 ആഗസ്റ്റ് അഞ്ചോടുകൂടി കല്ലില്‍ കല്ല് ബാക്കിവെക്കാതെ അത്​ തുടച്ചുമാറ്റപ്പെട്ടില്ലേ? എന്നിട്ടും നമ്മുടെ നാട്ടില്‍ ലിബറല്‍ സെക്യുലര്‍ എന്നു വിളിക്കപ്പെടുന്ന ആളുകള്‍ അശ്ലീലമായി തീര്‍ന്ന ഒരു സമവാക്യത്തിന്റെ ലോകത്ത് സ്തംഭിച്ചുനില്‍ക്കുകയാണ്. ഒരു സമൂഹത്തില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, മുഖ്യപ്രശ്‌നം എന്താണ് എന്ന് വിശകലനം ചെയ്യാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് സാമര്‍ഥ്യത്തോടെ ഒഴിഞ്ഞുമാറി, എല്ലാം ഒരുപോലെ എന്ന സമവാക്യത്തിലേക്ക് ചുരുങ്ങുകയാണ്  പലരും ഇപ്പോഴും ചെയ്യുന്നത്​. 

മതം, അതില്‍ തന്നെ തീവ്രവാദമോ ഭീകരവാദമോ അല്ല

ലോകത്തിലെ ഒരു മതവും, അതില്‍ തന്നെ തീവ്രവാദമോ ഭീകരവാദമോ അല്ല. എന്നാല്‍, മതതത്വങ്ങളെയും അതിന്റെ ആചാരങ്ങളെയും തീവ്രവാദ അവസ്ഥകളിലേക്ക് കൊണ്ടുപോകാന്‍ മതാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ശ്രമിക്കും. എല്ലാ മതങ്ങളിലേയും പോലെ ഇസ്‌ലാമിലും എത്രയോ ജനാധിപത്യപരമായ മൂല്യങ്ങളുണ്ട്. സങ്കുചിതത്വത്തിൽ മതത്തെ സ്​തംഭിപ്പിക്കാനുള്ള ശ്രമങ്ങൾ നിലവിലുണ്ട്​. എന്നാൽ, ദൈവം അവരുടെ പക്ഷത്തല്ല. ഷാജഹാൻ മാടമ്പാട്ടിന്റെ പുസ്​തകത്തിന്റെ തലക്കെട്ട്- God is neither a Khomeini nor a Mohan Bhagwat-  വ്യക്തമാക്കുന്നതുപോലെ ദൈവം ദൈവമായിരിക്കുന്നത്​ ഇതിനെല്ലാം അതീതമാകുമ്പോഴാണ്​. 

God-is-neither-a-Khomeini-

ശ്രീനാരായണ ഗുരു അനുകമ്പാദശകത്തില്‍, ‘പുരുഷാകൃതിപൂണ്ട ദൈവമോ / നരദിവ്യാകൃതിപൂണ്ട ധര്‍മമോ / പരമേശ പവിത്രപുത്രനോ / കരുണാവാന്‍ നബിമുത്തുരത്‌നമോ' എന്നു പറയുന്നുണ്ട്​. ബുദ്ധനെക്കുറിച്ചും യേശുവിനെക്കുറിച്ചും മുഹമ്മദ് നബിയെക്കുറിച്ചും പറഞ്ഞിടത്ത് കാര്യങ്ങൾ വളരെ കൃത്യമാണ്. എന്നാല്‍, ശ്രീരാമനെക്കുറിച്ച് പറയുമ്പോള്‍, ‘പുരുഷാകൃതിപൂണ്ട ദൈവമോ' എന്ന പ്രയോഗം, തുടര്‍ന്നുവരുന്ന മൂന്ന് പ്രയോഗങ്ങളുടെ തരംഗദൈർഘ്യം അതേപോലെ പങ്കുവെക്കുന്ന ഒന്നല്ല. ശ്രീരാമനെക്കുറിച്ച് ശ്രീനാരായണഗുരു പുലര്‍ത്തിയത്, ബ്രാഹ്മണ്യ കാഴ്ചപ്പാടല്ല. രാമനായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് എങ്കില്‍, ശംബൂകന്റെ ഗതിയല്ലേ നമുക്കുണ്ടാകുമായിരുന്നത്, ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത് എന്നദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ‘പുരുഷാകൃതി’ എന്നത് ആണ്‍ദൈവം തന്നെയാണ്. വായനയില്‍ അതൊരു ജന്‍ഡറിലേക്ക് വഴുക്കും. അതിന്റെ വയലന്‍സിലേക്ക് എത്തും. അതേസമയം, ‘നരദിവ്യാകൃതിപൂണ്ട ധര്‍മം’ എന്നു പറയുന്നിടത്തും  ‘പരമേശ പവിത്രപുത്രന്‍’ എന്ന് പറയുന്നിടത്തും  ‘കരുണാവാന്‍ നബിമുത്തുരത്‌നം’ എന്നു പറയുന്നിടത്തും ആശയക്കുഴപ്പമില്ല.

ഇന്ത്യയിലെ ലിബറല്‍ സെക്യുലറിസ്റ്റുകളടക്കമുള്ളവര്‍ മതവിമര്‍ശനത്തില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്, അത് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍, ജാതിവിമര്‍ശനത്തില്‍ അവര്‍ എത്രയോ പുറകിലാണ്.

ജാതിമേല്‍ക്കോയ്മക്കെതിരെ മനുഷ്യര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട നിരവധി ജനാധിപത്യമൂല്യങ്ങള്‍, ജനകീയ ഹിന്ദുമതം തൊട്ട്, ഇസ്‌ലാം മതം തൊട്ട്, ക്രിസ്തുമതം തൊട്ട്, ബുദ്ധമതം തൊട്ട് ലോകത്തിലെ എല്ലാ മതങ്ങളിലുമുണ്ട്. ലോകത്തിലെ ഏതു മതം പിഴിഞ്ഞാലും അതില്‍നിന്ന് സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ സത്ത കിട്ടും. എല്ലാ മതത്തിനും ശ്രീനാരായണഗുരു പറഞ്ഞപോലെ അസംബന്ധങ്ങളുമുണ്ട്. എന്നാല്‍, ജാതി പിഴിഞ്ഞാല്‍, നമുക്കതില്‍നിന്ന് നിലവിളിയും അലര്‍ച്ചയും ചലവും ചോരയും വൈറസുമൊക്കെയാണ് കിട്ടുക. ജാതിമതങ്ങള്‍ എന്നത് പ്രചാരണപ്രയോഗമാണ് നമുക്ക്. ഈ പ്രയോഗം, സൂക്ഷ്മമായ ഒരു സൈദ്ധാന്തിക അന്വേഷണത്തെ പലപ്പോഴും അസാധ്യമാക്കുകയാണ് ചെയ്യുന്നത്. ജാതി വേറെത്തന്നെയാണ്. അതുകൊണ്ടാണല്ലോ, പുസ്തകങ്ങളെ അഗാധമായി സ്‌നേഹിച്ച അംബേദ്കര്‍, രാമായണവും മഹാഭാരതവും ഭഗവത്ഗീതയുമൊക്കെ ദ്വിജസാഹിത്യമാണെന്ന് കൃത്യം ചൂണ്ടിക്കാണിച്ച അംബേദ്കര്‍, മനുസ്മൃതി മാത്രം കത്തിച്ചത്​. രാമായണവും മഹാഭാരതവും ദ്വിജസാഹിത്യമാണെങ്കിലും അവ വായിക്കണം, വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുണ്ട്, മതനിരപേക്ഷമായി വ്യഖ്യാനിക്കാന്‍ ശ്രമിക്കാം, എങ്കിലും എങ്ങനെ തലകുത്തി വ്യാഖ്യാനിച്ചാലും അത് ദ്വിജസാഹിത്യം തന്നെയാണ്, എന്നാല്‍ മനുസ്മൃതി വ്യാഖ്യാനഭേദങ്ങള്‍ക്കപ്പും അധികാരമേല്‍ക്കോയ്മയാണ്, അത് വച്ചുപൊറുപ്പിക്കാന്‍ പാടില്ല. ഇവിടെയാണ്, ഇന്ത്യയിലെ ലിബറല്‍ സെക്യുലറിസ്റ്റുകളടക്കമുള്ളവരുടെ വീഴ്ച. അവര്‍ മതവിമര്‍ശനത്തില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്, അത് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍, ജാതിവിമര്‍ശനത്തില്‍ അവര്‍ എത്രയോ പുറകിലാണ്. ഇന്ത്യന്‍ ധൈഷണികതയുടെ ഈയൊരു പൊതുപാശ്ചാത്തലം തന്നെയാണ് സംഘ്പരിവാറിന്റെ വളര്‍ച്ചയുടെ ആശയലോകം.  

Arun Inham
എല്ലാ മതങ്ങളിലേയും പോലെ ഇസ്‌ലാമിലും എത്രയോ ജനാധിപത്യപരമായ മൂല്യങ്ങളുണ്ട്. / Photo : Arun Inham

ഇസ്‌ലാമിലും ഹിന്ദുമതത്തിലുമൊക്കെ വ്യത്യസ്ത പ്രവണതകളുണ്ട്. പ്രവാചക കാലഘട്ടത്തില്‍, പ്രതികൂല സന്ദര്‍ഭങ്ങളോട് എതിരിട്ടും ത്യാഗം സഹിച്ചുമൊക്കെ മതം ആവിഷ്‌കരിക്കപ്പെട്ട ഒരു കാലമുണ്ട്. ആ കാലത്ത് ഓരോരുത്തരും അവരുടെ മതം സ്വയം കണ്ടെത്തുകയായിരുന്നു. എന്നാല്‍, രണ്ടാം ഘട്ടത്തില്‍, പരമ്പരാഗത രീതിയിലേക്ക് മതം പരിമിതപ്പെടുമ്പോള്‍, ഓരോ വ്യക്തിക്കും സ്വന്തം മതം കണ്ടെത്തുക എന്ന ഉത്തരവാദിത്തം അനിവാര്യമല്ലാതായി. ഏതു കുടുംബത്തില്‍ ജനിക്കുന്നു, ആ മതം പരമ്പരാഗത മതമായി. ഈ പരമ്പരാഗത മതത്തില്‍ വളരെ പ്രതിലോമകരമായ പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടു, അതിനെ എതിര്‍ക്കുന്ന പ്രവണതയും പ്രത്യക്ഷപ്പെട്ടു. അതാണ്, പുനരുത്ഥാന മതവും നവോത്ഥാന മതവും. അതുകഴിഞ്ഞ് പലതരം അധിനിവേശങ്ങള്‍ വന്നപ്പോള്‍ അതിനെതിരെ മതവിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന പ്രശ്‌നം ഉയര്‍ന്നുവന്നു. അധിനിവേശ വിരുദ്ധ നിലപാട് വേണം എന്നുള്ളവരും അനുകൂല നിലപാടുവേണമെന്നുള്ളവരും. സാമ്രാജ്യത്വവിരുദ്ധ സമരം കുറെക്കൂടി സൂക്ഷ്മമായപ്പോള്‍, മതത്തിനകത്ത് വിമോചന ദൈവശാസ്ത്രപ്രവണതകള്‍ പ്രത്യക്ഷപ്പെട്ടു. ഒപ്പം, മൗലികവാദപ്രവണതകളും . അതായത്, മതങ്ങള്‍ക്ക് രാഷ്ട്രീയാധികാരമുണ്ടായിരുന്നു, മതം അതിന്റെ മൂല്യത്തില്‍നിന്ന് പുറകോട്ടുപോയപ്പോഴാണ് അത് നഷ്ടപ്പെട്ടത്, തിരിച്ചുവന്ന് രാഷ്ട്രീയാധികാരം പിടിച്ചെടുക്കണം തുടങ്ങിയ വാദങ്ങൾ.

ഒരു മതത്തില്‍ തന്നെ എന്നും പലതരം പ്രവണതകളുണ്ടായിരുന്നു എന്നതിനാൽ ​​​​​​​ഒരു മതത്തെയും ഒരു ഏകകം എന്ന നിലയ്ക്ക് പഠിക്കാന്‍ പറ്റില്ല. അവയില്‍ ഏതൊക്കെയാണ് ജനാധിപത്യത്തോടും മതനിരപേക്ഷതയോടും പൊരുത്തപ്പെടുന്നത്, അതിനെ ഉയര്‍പ്പിടിക്കുകയും അതിന് വിരുദ്ധമായവയോട് വിമര്‍ശനാത്മകമായ നിലപാട് പുലര്‍ത്തുകയുമാണ് ഇടതുപക്ഷം ചെയ്​തുപോരുന്നത്, അതാണ് പ്രസക്തവും.  എന്നാല്‍, ഇസ്‌ലാമോഫോബിക്കായ ഒരു നിലപാട് ഉണ്ടാക്കിയെടുക്കുന്നതില്‍ സംഘ്പരിവാറിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. 

Arun Inham
ഒരു മതത്തില്‍ തന്നെ എന്നും പലതരം പ്രവണതകളുണ്ടായിരുന്നു എന്നതിനാൽ ​​​​​​​ഒരു മതത്തെയും ഒരു ഏകകം എന്ന നിലയ്ക്ക് പഠിക്കാന്‍ പറ്റില്ല / Photo : Arun Inham

സംഘ്പരിവാര്‍ നടത്തിയ നിരന്തരമായ ഭീകരതകള്‍ മറച്ചുവച്ച്, ആ മറവികളുടെ ചുമരില്‍ ഭരണകൂടത്തിന്റെ പരസ്യം ഒട്ടിക്കുകയാണ് ഇന്ന്​ പലരും ചെയ്യുന്നത്. അവർ മാച്ചുകളഞ്ഞ വലിയൊരു ലോകമുണ്ടല്ലോ. 2019 മുതല്‍ 2022 വരെയുള്ള മൂന്ന് കൊല്ലത്തിനിടക്ക് അവര്‍ നടത്തിയ അട്ടിമറികള്‍ നോക്കൂ. 1992ലെ ബാബറി മസ്ജിദ് എടുത്താലും മതി. അതിനോടുള്ള പ്രതികരണമായി, മുസ്‌ലിംകള്‍ക്കിടയില്‍നിന്ന് തീവ്രവാദസ്വഭാവമുള്ള സംഘടനകളുണ്ടായി. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് നവ ഫാഷിസത്തെ ഒരുതരത്തിലും എതിരിടാനോ പരാജയപ്പെടുത്താനോ കഴിയില്ല. സമരോത്സുകമായ മതനിരപേക്ഷതയുടെ പക്ഷത്ത് പീഡനമേല്‍ക്കുന്ന ജനങ്ങള്‍ ഒന്നിച്ച്​ അണിചേര്‍ന്നുകൊണ്ടുമാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ.  ​​​​​​​ ▮

(കെ.ഇ.എന്നുമായുള്ള സംഭാഷണത്തിൽനിന്ന്​ കെ. കണ്ണൻ തയാറാക്കിയത്​)

കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Audio