എഴുത്തിന്റെ രാഷ്ട്രീയം
എസ്. ജോസഫ്
എനിക്ക്
നിലപാടുകളില്ല
ഞാനൊരു നിലപാടില്ലാത്ത കവിയാണ്. നിലം ഉള്ളവര്‍ക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. ഞാന്‍ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാല്‍ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാല്‍ ഫാസിസ്റ്റ് ഇന്ത്യയില്‍ ഭയന്നുജീവിക്കുന്നു. കേരളീയനാണ്, എന്നാല്‍ കേരളത്തില്‍ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല.

എന്റെ ഓര്‍മയില്‍ വിഷാദമായി നിലകൊള്ളുന്ന ചിന്തകനാണ് വാൾട്ടർ ബെഞ്ചമിൻ. അദ്ദേഹത്തിന്റെ ആത്മഹത്യ ഫാസിസ്റ്റുകളെ ഭയന്നായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.
നാസികളുടെ കൈകളിലേക്ക് തിരിച്ചയയ്ക്കപ്പെടുമെന്നുകരുതി ബെഞ്ചമിൻ ഹോട്ടല്‍ ഡി ഫ്രാന്‍സിയയില്‍ താമസിക്കവെ മോര്‍ഫിന്‍ ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്തു. നാസികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തത് യഹൂദന്മാരെയും റോമ (ജിപ്‌സികള്‍) യേയും ആണ്. റോമയെ കൊന്ന കാര്യം ആരും പറയാറില്ല; പലര്‍ക്കും അതൊന്നും അറിഞ്ഞും കൂടാ. ഈ വംശഹത്യകളുടെയൊന്നും കൃത്യമായ കണക്ക് ഇന്നും ലഭ്യമല്ല.
സ്വന്തം രാജ്യം ഇല്ലാത്തവരായിരുന്നു രണ്ടു കൂട്ടരും. പക്ഷേ ഇന്നും റോമകള്‍ക്ക് രാജ്യമില്ല. ഇന്ത്യന്‍ പ്രവാസികളായി അവരെ അംഗീകരിക്കണം എന്നുപറയുന്നുണ്ട്. ഇവരെല്ലാം വംശീയ ന്യൂനപക്ഷങ്ങളും ആയിരുന്നു. പിന്നെ നാസികള്‍ പീഡിപ്പിച്ചത് കവികള്‍, കലാകാരന്മാര്‍, ചിന്തകര്‍, ബുദ്ധിജീവികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെയാണ്. നാസികളെ തുരത്തിയതില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വലിയ പങ്കുണ്ട്.

ഇന്ത്യന്‍ ഫാസിസത്തെ മനസിലാക്കാന്‍ ഫാസിസത്തിന്റേയും നാസിസത്തിന്റെയും ചരിത്രം തന്നെയാണ് മാതൃകയാകുന്നത്. ജനാധിപത്യത്തിന്റെ ഒരു പ്രത്യേകത, അത് ഏത് ദിശയിലേക്കും തിരിയാവുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് എന്നതാണ്. അതിനാല്‍ അത് ഫാസിസത്തിന്റെ നിയന്ത്രണത്തിലാകുമ്പോള്‍ ചരിത്രത്തെ അനാദിയായി കാണാതെ ഒരു കാലഘട്ടം വരെ പിന്നോട്ടുപോയിട്ട് ആ ഘട്ടത്തിലെ ഭാഷയിലോ ദൈവവിശ്വാസങ്ങളിലോ
അസ്പൃശ്യത തുടങ്ങിയ അനാചാരങ്ങളിലോ ആധുനികോത്തര ലോകത്ത് ബലം ഉപയോഗിച്ചുമാത്രം പ്രയോഗിക്കാന്‍ കഴിയുന്ന വര്‍ണ - ജാതി വ്യവസ്ഥയിലോ അതിന്റെ പ്രത്യയശാസ്ത്രത്തെ ഉറപ്പിക്കും എന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ പുതിയ ടെക്‌നോളജിയും മാര്‍ക്കറ്റ് കേന്ദ്രിത മൂല്യങ്ങളും പഴകിയ ബ്രാഹ്മണ്യവും പ്രാന്തവല്‍ക്കരണവും അജ്ഞതകളും കൂട്ടിക്കലര്‍ത്തിയ ഒരു വ്യവസ്ഥയാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടവ്യവസ്ഥ എന്നു പറയേണ്ടിവരും. അതുണ്ടാക്കുന്നത് ഭയമാണ്. മൗനമാണ്. ക്ഷയമാണ്. അതുകൊണ്ട്, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥ നമ്മുടെ സാഹിത്യത്തെ ഒരു അരാഷ്ടീയോല്പന്നമാക്കി മാറ്റുന്നുണ്ട്.

ഒരു മതത്തേയും ജാതിയേയും ദൈവങ്ങളേയും വിമര്‍ശിക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഇന്ത്യയിലെ ദലിതരും ആദിവാസികളും മുസ്ലിംകളും അനുഭവിക്കുന്ന ഡിസ്‌ക്രിമിനേഷന്‍ വലുതാണ്. ഒരു ദലിതിനെ ആര്‍ക്കും തല്ലികൊല്ലാം. രാജസ്ഥാനില്‍ ഒരു വിദ്യാര്‍ത്ഥിയെ സ്വന്തം അധ്യാപകന്‍ വെള്ളം കുടിച്ചതിന് മര്‍ദ്ദിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. ഇത്തരം ആക്രമണം കിഴക്കന്‍ യൂറോപ്പിലെ ജിപ്‌സികള്‍ക്കെതിരേയും ഉണ്ടായിട്ടുണ്ട്. ജിപ്‌സികള്‍ രാജ്യം ഇല്ലാത്തവരാണ്. എന്നാല്‍ ദലിതരുടേതു കൂടിയാണ് ഈ രാജ്യം.
ഇവിടെ ഭയം എല്ലാവരെയും വിഴുങ്ങിയിട്ടുണ്ട്. സാഹിത്യം ഒരു പരിധി വരെ സല്ലാപമായി മാറിയിട്ടുണ്ട്. അടിയൊഴുക്കുപോലെ ഭയം സഞ്ചരിക്കുന്നു.
ചാരു നിവേദിതയുടെ സീറോ ഡിഗ്രിയാണ് പണ്ടേ തുടരുന്ന ദലിത് പീഡനത്തിന്റെ ഒരു അനുഭവരേഖ അതിതീക്ഷ്ണമായി വരച്ചിട്ട ഒരു നോവല്‍. മലയാളത്തില്‍ അത്രയും ശക്തമായ എഴുത്ത് ഫിക്ഷനിലോ കവിതയിലോ കണ്ടിട്ടില്ല. തുടര്‍ന്നുവന്ന ശ്രീലങ്കന്‍ എഴുത്തുകാരനായ ഷോഭാ ശക്തിയുടെ മ് എന്ന നോവൽ ഭയത്തെ മറികടക്കുന്നു. ഒ.വി.വിജയന്റെ ധര്‍മപുരാണം പോലൊരു കൃതി പിന്നീട് മലയാളത്തിലുണ്ടായിട്ടില്ല. ഇവിടെ ഭയം എല്ലാവരെയും വിഴുങ്ങിയിട്ടുണ്ട്. സാഹിത്യം ഒരു പരിധി വരെ സല്ലാപമായി മാറിയിട്ടുണ്ട്. അടിയൊഴുക്കുപോലെ ഭയം സഞ്ചരിക്കുന്നു.

സത്യം പറയാമല്ലോ എനിക്ക് ഭയമുണ്ട്. റുഷ്ദിക്കെതിരേയുള്ള ആക്രമം നടന്നിട്ട് അധികമായില്ല. ഇന്ത്യയില്‍ ഫാസിസത്തിനെതിരേ പ്രവര്‍ത്തിച്ചവര്‍ കൊല്ലപ്പെട്ടു, ജയിലുകളിലായി.
എനിക്ക് ഓടക്കുഴല്‍ അവാര്‍ഡ് കിട്ടിയ കാലത്ത് എന്നെ കാണാനും അവാര്‍ഡു കിട്ടിയതില്‍ അഭിനന്ദിക്കാനും രണ്ടു കാറുകളിലായി ആര്‍.എസ്. എസുകാര്‍ വീട്ടില്‍ വന്നു. സാഹിത്യകാരന്മാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന ഒരു പദ്ധതി അവര്‍ക്കുണ്ട്. അതിന്റെ പേരിലാണ് വന്നത് എന്നവര്‍ പറഞ്ഞു. വളരെ മാന്യമായിട്ടാണവര്‍ പെരുമാറിയത്. ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കള്‍ ആണെന്നവര്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇതര മതസ്ഥരോട് ഒരു അവഗണനയും ഇല്ലെന്നവര്‍ പറഞ്ഞു. 2040 ല്‍ ആര്‍ എസ്. എസ് ഇന്ത്യ നേരിട്ടു ഭരിക്കുമെന്നവര്‍ പറഞ്ഞു. 2040 ല്‍ ഞാന്‍ ഉണ്ടാവില്ലല്ലോ എന്നു ഞാനും പറഞ്ഞു. അവര്‍ സന്തോഷപൂര്‍വ്വം പിരിയുകയും ചെയ്തു.
ഇന്ത്യയില്‍ എല്ലാവരും ഹിന്ദുക്കളാണോ?
ആ പരികല്പനയുടെ വ്യാപ്തി എന്താണ്?
ബഹുസ്വരതകളുടെ ആകെത്തുകയല്ലേ ഇന്ത്യന്‍ സംസ്‌കാരം.

ഞാന്‍ രാഷ്ട്രീയവിഷയങ്ങള്‍ എഴുതുന്ന ആളല്ല. ജീവിതത്തില്‍ നീതി കിട്ടാതെ പോയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കീഴാള സമൂഹങ്ങള്‍ക്ക് ഒരു കവിത വേണം. അത് എന്റെ കാലം വരെ മലയാള കവിതയില്‍ വേണ്ടവണ്ണം ഉണ്ടായിട്ടില്ല. അതിന് ഒരു ഭാഷ കണ്ടെത്താനുള്ള ശ്രമമായിരുന്നു എന്റേത്. എന്നാലും രാഷ്ടീയം എഴുതുമ്പോള്‍ എന്തെഴുതും എന്നതൊരു ചോദ്യമാണ്.
ഞാനൊരു നിലപാടില്ലാത്ത കവിയാണ് എന്നാണ് അറിയപ്പെടുന്നത്. എഫ്.ബിയില്‍ ആളുകളെ സത്യം ബോധ്യപ്പെടുത്തുക പ്രയാസമാണ്. എങ്കിലും ഞാന്‍ എഴുതി: നിലം ഉള്ളവര്‍ക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. അത് ഞാന്‍ പറയുന്നത് അതൊരു സ്വത്വപ്രതിസന്ധിയായതു കൊണ്ടാണ്.
ദലിത് ക്രൈസ്തവര്‍ ദലിതരുമല്ല, ക്രൈസ്തവരുമല്ല എന്നെനിക്ക് മനസ്സിലായി. ഞാനവരില്‍ ഒരാളാണ്. എന്റെ ആളുകള്‍ അവരാണ്. അവരുടെ ജീവിതം എന്നെ വേദനിപ്പിക്കുന്നു. ദലിത് ക്രൈസ്തവര്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി മാത്രല്ല, പതിതരായ എല്ലാവര്‍ക്കും വേണ്ടി കവിത എഴുതുന്ന ഒരു കവിയാണ് ഞാന്‍.
ഞാന്‍ ദലിതനല്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശരിക്കും ദലിതര്‍ എന്നത് ജാതിപരവും മതപരവും ആയ ഒരു ഐഡന്റിറ്റിയായിട്ടാണ് അറിയപ്പെടുന്നത്. വംശീയസമൂഹമെന്ന നിലയില്‍ ഒരു സ്വത്വം ദലിതര്‍ക്കുണ്ട്. ആ നിലയില്‍ ദലിതര്‍ മതാതീതമായി ഒരു വംശീയസമൂഹമാണ്. എന്നാല്‍ ഹിന്ദുഇന്ത്യയില്‍ ദലിത് ഹിന്ദുവിന് മാത്രമായി സംവരണം പരിമിതപ്പെട്ടപ്പോള്‍, ഹിന്ദുവിതര ദലിത് സമൂഹങ്ങള്‍ പുറത്തായി. പഠിക്കുന്നതില്‍ നിന്നും ജോലി നേടുന്നതില്‍ നിന്നും അവര്‍ അന്യരാക്കപ്പെട്ടു.
ക്രിസ്തുമതത്തില്‍ ജാതിയില്ലെന്നു പറഞ്ഞ ക്രിസ്ത്യാനികള്‍ ബ്രാഹ്മണരെന്ന് അവകാശപ്പെട്ടു. ഹിന്ദുമതത്തിലെ വര്‍ണജാതിവ്യവസ്ഥയെ ക്രിസ്തുമതം രണ്ടുതട്ടിലാക്കി. സവര്‍ണരും അവര്‍ണരും എന്ന രണ്ട് തട്ട്.
ദലിതരും ആദിവാസികളുമൊഴികേ ആര് ക്രിസ്ത്യാനിയായി മാറിയാലും സവര്‍ണ ക്രിസ്ത്യാനിയായി. ദലിത് ക്രൈസ്തവരാകട്ടെ, ദലിത് എന്ന ജാത്യാപമാനം ചുമക്കുകയും എന്നാല്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലൂടെ മെച്ചപ്പെടാനുള്ള സാഹചര്യം ഇല്ലാതെ വരികയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.

വിനില്‍ പോള്‍ നല്കിയ കണക്കുപ്രകാരം മൈനോരിറ്റി പദവിയില്‍
സ്‌കൂളുകളും കോളേജുകളും നേടിയെടുത്ത സവര്‍ണ / സമ്പന്ന ക്രൈസ്തവ സമൂഹങ്ങള്‍ ദലിത് ക്രിസ്ത്യാനികളെ പാര്‍ശ്വവല്‍ക്കരിക്കുകയാണു ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ക്ക് അകലെയാകുന്നു. നോക്കുക, ഗവ. കോളേജുകളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തില്‍ ഒ.ഇ.സിയില്‍ വരുന്ന ഒ.ബി.എക്‌സ് എന്നൊരു ഉപ കാറ്റഗറിയുണ്ട്. അത് ക്രിസ്ത്യന്‍ എയിഡഡ് കോളേജുകളില്‍ സമീപകാലത്തു കാണുന്നില്ല. അവരെ മുമ്പ് സി.സി. എന്നും വിളിച്ചിരുന്നു. ഗവണ്‍മെൻറ് കോളേജില്‍ ഒ.ഇ.സിക്ക് മൊത്തത്തില്‍ 1% സംവരണമാണ്. അതിലാണ് ഒ.ബി.എക്‌സ് വരുന്നത്. 40 ഓ 20 ഓ കുട്ടികളുടെ സ്ട്രെംഗ്ത് വരുമ്പോള്‍ അത് സ്വയം അദൃശ്യമാവുകയും ഒന്നിലധികം ഡിപ്പാര്‍ട്ടുമെന്റുകളില്‍ മാറിമാറി തെളിയുകയും ചെയ്യും. ദീര്‍ഘകാലം അഡ്മിഷന്‍ നടത്തിയുള്ള എന്റെ അനുഭവത്തില്‍, 16 വര്‍ഷമായി ബി.എ, എം. എ മലയാളം ക്ലാസുകളില്‍ മൊത്തമായി ഒരു കുട്ടിയ്ക്കാണ് അഡ്മിഷന്‍ ലഭിച്ചിട്ടുളളത് എന്നാണ് ഓര്‍മ.

1990 കള്‍ ആദ്യം ഞാന്‍ ഗവേഷണത്തിന് ഹിന്ദു ദലിതര്‍ക്കും ആദിവാസികള്‍ക്കും അക്കാലത്ത് പുതുതായി അനുവദിച്ച സ്‌റ്റൈപ്പൻറിന് ഒ.ഇ.സി ആയ ദലിത് ക്രൈസ്തവര്‍ക്കും അര്‍ഹതയുണ്ടെന്ന് പറയുവാന്‍ പട്ടിക ജാതി- പട്ടിക വര്‍ഗ വകുപ്പില്‍ ചെന്നു. അന്ന് നായനാര്‍ ഗവണ്‍മെന്റാണ് ഭരിക്കുന്നത് എന്ന ആത്മവിശ്വാസത്തോടെ. എന്റെ കൂട്ടുകാര്‍ പലരും കമ്യൂണിസ്റ്റുകാര്‍. ഞാനും അങ്ങനെ തന്നെ. വകുപ്പിലെ ഡയറക്ടര്‍ ഒരു മുസ്ലിം സ്ത്രീയായിരുന്നു. അവര്‍ എന്നെ ഒരു ഓര്‍ഡര്‍ കാണിച്ചു. അതില്‍ എ. സി, എസ്. ടി, ഒ.ഇ.സി എന്നിവര്‍ക്ക് ഗവേഷണത്തിന് സാമ്പത്തിക സഹായം നല്കണമെന്നായിരുന്നു എഴുതിയത്. അത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ വെട്ടിക്കളഞ്ഞു എന്നവര്‍ എന്നോടു പറഞ്ഞു. ആരാണ് ആ ഉദ്യോഗസ്ഥര്‍ എന്നൂഹിഹിക്കാം. ഇതറിഞ്ഞ ഞാന്‍ അന്നത്തെ പട്ടികജാതി- പട്ടികവര്‍ഗ മന്ത്രിയായ പി.കെ.രാഘവനെ പോയി കണ്ടു. ക്രിസ്തുമതത്തിലേക്കുള്ള മതം മാറ്റത്തേപ്പറ്റി പറഞ്ഞ് അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. മന്ത്രിയാണെന്ന് നോക്കാതെ ഞാനും ചിലതെല്ലാം പറഞ്ഞു.
ഒന്നാം ക്ലാസു മുതല്‍ പി.ജി വരെ SC / ST/ OEC എന്നിവര്‍ക്ക് സ്റ്റെപ്പൻറുണ്ട്. അത് ഗവേഷണ മേഖലയില്‍ OEC യ്ക്ക് കൊടുക്കേണ്ട എന്നവര്‍ വച്ചതിനുപിന്നില്‍ മതപരിവര്‍ത്തനം ആണെന്നര്‍ത്ഥം. അതില്‍ നിയമപരമായ എന്ത് യുക്തിയാണുള്ളത്?

ഞാന്‍ ഗവേഷണം നിര്‍ത്തി, അതുപേക്ഷിച്ച് വിജയപുരം രൂപതയുടെ ഭാഗമായ വെള്ളിയാമറ്റം സ്‌കൂളില്‍ താല്കാലികമായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇക്കാലത്ത് സോവിയറ്റ് യൂണിയന്‍ തകര്‍ന്നു കഴിഞ്ഞു. സോഷ്യലിസം വഴിയാധാരമായി. മുതലാളിത്വവും സ്വകാര്യവല്‍ക്കരണവും ഉദാരനയങ്ങളും ഹിന്ദു വൈസേഷനും ഇന്ത്യയില്‍ ആധിപത്യം ചെലുത്തി. ദലിത് ക്രൈസ്തവരോടുള്ള
ഈ വിവേചനം , ജോലിയിലെ ഒരു ശതമാനം മാത്രം സംവരണം, വിദ്യാഭ്യാസത്തിനുള്ള അവസരമില്ലായ്ക, സവര്‍ണ ക്രൈസ്തവരുടെ അക്രൈസ്തവമായ വിവേചനം ഇതെല്ലാം കൊണ്ട്
ദലിത് ക്രൈസ്തവര്‍ ദലിതരുമല്ല, ക്രൈസ്തവരുമല്ല എന്നെനിക്ക് മനസ്സിലായി. ഞാനവരില്‍ ഒരാളാണ്. എന്റെ ആളുകള്‍ അവരാണ്. അവരുടെ ജീവിതം എന്നെ വേദനിപ്പിക്കുന്നു. ദലിത് ക്രൈസ്തവര്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി മാത്രല്ല, പതിതരായ എല്ലാവര്‍ക്കും വേണ്ടി കവിത എഴുതുന്ന ഒരു കവിയാണ് ഞാന്‍.
കേരളത്തില്‍ സോഷ്യലിസം ചില മേഖലകളില്‍ ഉണ്ട്. വിദ്യാഭ്യാസത്തിലും ജോലികളിലും അത് പാലിക്കാന്‍ സ്വകാര്യമേഖലയ്ക്ക് കഴിയുന്നില്ല.
ലോകത്തിലുള്ള ജിപ്‌സികള്‍ ഒന്നുകില്‍ ക്രൈസ്തവരാണ് അല്ലെങ്കില്‍ മുസ്ലിംകളാണ്. രണ്ട് മതങ്ങളില്‍ നിന്നും അവര്‍ക്ക് വിവേചനമുണ്ട്. ദലിത് ക്രൈസ്തവരുടെ അവസ്ഥയുമായി സമാനത പങ്കിടുന്ന ഒരു സമൂഹം ജിപ്‌സികള്‍ മാത്രമാണ്. സര്‍വ്വവും ശിഥിലമാകുന്നു എന്ന അവസ്ഥയാണിത്.
സമീപകാലത്ത് കെ.കെ. ബാബുരാജ് പറഞ്ഞത്, സോഷ്യലിസം പ്രധാനമാണെന്നാണ്. അത്തരത്തില്‍ ഇടതുപക്ഷത്തിന് വലിയ ദൗത്യങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാനുണ്ട്. സോഷ്യലിസം ഇല്ലാത്ത രാജ്യങ്ങള്‍ കുറവാണ് ലോകത്തില്‍. ദൂപ് ചെക്കും ഹാവേലും മുന്നോട്ടുവച്ചത് അതാണ്. ഏറെ തുറന്ന ലോകം. ആദിവാസി ജീവിതാവസ്ഥകളെ മെച്ചപ്പെടുത്തുക. ദലിതരുടെയും ദലിത് ക്രൈസ്തവരുടേയും ജീവിതം മെച്ചപ്പെടുത്തുക. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന തുല്യതയ്ക്കായി നിലകൊള്ളുക എന്നിങ്ങനെ പലതുണ്ട്.

കേരളത്തില്‍ സോഷ്യലിസം ചില മേഖലകളില്‍ ഉണ്ട്. വിദ്യാഭ്യാസത്തിലും ജോലികളിലും അത് പാലിക്കാന്‍ സ്വകാര്യമേഖലയ്ക്ക് കഴിയുന്നില്ല. ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ തലം വിട്ട് പില്‍ക്കാല മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ പറഞ്ഞ പല കാര്യങ്ങളുണ്ട്. അഡോണയും ബഞ്ചമിനും ഈഗിള്‍ട്ടനും ഫ്രെഡറിക് ജയിംസണും ഒക്കെ. ഇതിനെ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് എന്തറിയാം എന്നത് ഒരു ചോദ്യമാണ്. കേരളത്തിലെ കോളനികളെ ബി. രാജീവന്‍ ജയിലുകള്‍ എന്നാണ് വിളിച്ചത്. പാലക്കാട് അട്ടപ്പാടിയില്‍ കുറുംബ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിക്കുന്ന ഒരു കോളനിയുണ്ട്. എത്ര ശോചനീയമാണെന്നോ അവരുടെ അവസ്ഥ.
ഇതുകൊണ്ടെല്ലാമാണ് ഞാന്‍ ഇങ്ങനെ എഴുതിയത്: ‘ഞാനൊരു നിലപാടില്ലാത്ത കവിയാണ്. നിലം ഉള്ളവര്‍ക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. ഞാന്‍ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാല്‍ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാല്‍ ഫാസിസ്റ്റ് ഇന്ത്യയില്‍ ഭയന്നുജീവിക്കുന്നു.
കേരളീയനാണ്, എന്നാല്‍ കേരളത്തില്‍ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല.
അതേ ഇതൊക്കെയാണ് സത്യമായും ഞാന്‍.
അത് ഒരു വല്ലാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് മനസിലാവില്ല.