നിയമവും മനുഷ്യാവകാശവും
പ്രമോദ് പുഴങ്കര
രാജ്യദ്രോഹ വകുപ്പ് ശിക്ഷാ നിയമത്തില്‍
തുടരുമോ? അതത്ര എളുപ്പമല്ല
രാജ്യദ്രോഹ വകുപ്പിന്റെ ഭരണഘടനാസാധുത പരിശോധിക്കപ്പെടാതെ പോവുകയും കൂടുതല്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും ഈ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ തുടരുകയും ചെയ്യും എന്നൊരു സാധ്യതയാണ് ഇപ്പോൾ അവശേഷിക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ല എന്നാണ് സുപ്രീംകോടതി തുടര്‍ച്ചയായി പുറപ്പെടുവിച്ച നിരീക്ഷണങ്ങളും പുതിയ ഉത്തരവും സൂചിപ്പിക്കുന്നത്.

രാജ്യദ്രോഹത്തിന്റെ ഭൂതങ്ങളെ താത്ക്കാലികമായി തളച്ചിട്ടിരിക്കുന്നു സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (Indian Penal Code -IPC) 124 എ എന്ന, രാജ്യദ്രോഹത്തെ നിര്‍വചിക്കുകയും ശിക്ഷ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന വകുപ്പ് സുപ്രീംകോടതി താത്കാലികമായി മരവിപ്പിച്ചിരിക്കുന്നു. 2022 മെയ് 11-ന്പുറപ്പെടുവിച്ച കോടതി ഉത്തരവ് പ്രകാരം മറിച്ചൊരുത്തരവുണ്ടാകുന്നതുവരെ ഐ.പി.സി. 124 എ അനുസരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൗരന്മാര്ക്കുമേല് കുറ്റം ചുമത്താനാകില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിലെ പ്രതികള്‍ തടവിലാണെങ്കില്‍ അവര്‍ക്ക് അതാത് കോടതികളെ ജാമ്യം അടക്കമുള്ള നടപടികള്‍ക്ക് സമീപിക്കാം. അത്തരം കേസുകളില്‍ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ ഉത്തരവ് നല്‍കും. നിലവില്‍ 124 എ ചുമത്തി നടക്കുന്ന വിചാരണകള്‍, അപ്പീലുകള്‍, മറ്റു നടപടിക്രമങ്ങള്‍ എന്നിവയെല്ലാം താത്കാലികമായി നിര്‍ത്തിവെക്കണം. 1870 മുതല്‍ 2022 വരെയുള്ള 152 വര്‍ഷങ്ങള്‍ നീണ്ട ഒരു കൊളോണിയല്‍, ജനാധിപത്യവിരുദ്ധ നിയമത്തിന്റെ പ്രയോഗപ്രയാണത്തിന് താത്കാലികമായി തടയിട്ട ഈ സുപ്രീംകോടതി ഉത്തരവ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാനമായ ഒന്നാണ്.
രാജ്യദ്രോഹക്കുറ്റം ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്ന ചോദ്യത്തിലേക്ക് കടക്കുന്നതില്‍ നിന്ന് കോടതിയെ തടയാനുള്ള അവസാനശ്രമമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത വകുപ്പിന്റെ ദുരുപയോഗം കര്‍ക്കശമായി തടയാന്‍ ശ്രമിക്കുന്നതിനുള്ള നടപടിക്രമം രൂപപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരത്തിലൊരു നീക്കം എന്ന് പൂര്‍ത്തിയാക്കും എന്നതുസംബന്ധിച്ച സമയപരിധി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായില്ല. അപ്പോഴാണ്, ആ വകുപ്പിന്റെ പ്രയോഗം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്.
യു.എ.പി.എ. പോലുള്ള നിയമങ്ങളുപയോഗിച്ച്നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരെയാണ് ഇന്ത്യന്‍ ഭരണകൂടം തടവിലിട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഇല്ലാതായാല്‍പ്പോലും എല്ലാവിധ പ്രതിഷേധങ്ങളെയും തടവിലിടാന്‍ പാകത്തില്‍ യു.എ.പി.എ നിലനില്‍ക്കുന്നുണ്ട്.
രാജ്യദ്രോഹ വകുപ്പിന്റെ ഭരണഘടനാസാധുത പരിശോധിക്കപ്പെടാതെ പോവുകയും കൂടുതല്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും ഈ വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തുടരുകയും ചെയ്യും എന്നൊരു സാധ്യത ഇതവശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ല എന്നാണ് ഈ വകുപ്പ് സംബന്ധിച്ച തര്‍ക്കങ്ങളില്‍ സുപ്രീംകോടതി തുടര്‍ച്ചയായി പുറപ്പെടുവിച്ച നിരീക്ഷണങ്ങളും പുതിയ ഉത്തരവും സൂചിപ്പിക്കുന്നത്.
നിലവില്‍, രാജ്യദ്രോഹ വകുപ്പ് പുനഃപരിശോധിക്കുകയോ നീക്കംചെയ്യുകയോ വേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേദാര്‍ നാഥ് കേസില്‍ (1962) 124 എ -യുടെ ഭരണഘടനാസാധുത സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ശരിവെച്ചതാണെന്നും അത് പുനഃപരിശോധിക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. ഒപ്പം, ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യുന്നു എന്നത് ഒരു നിയമത്തെയോ വകുപ്പിനെയോ റദ്ദാക്കാനുള്ള കാരണമായി കാണാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്താന്‍ ഇത്തരത്തിലൊരു വകുപ്പ് നിലനില്‍ക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു. കോടതി അന്തിമവിധിയിലേക്കെത്തുംവരെ രാജ്യദ്രോഹ വകുപ്പ് താത്കാലികമായി മരവിപ്പിക്കാനുള്ള നിര്‍ദേശവും സര്‍ക്കാരിന് സ്വീകാര്യമായിരുന്നില്ല. ഈ തടസ്സവാദങ്ങളൊന്നും നിലനില്‍ക്കില്ല എന്ന് കണ്ടപ്പോഴാണ് 124 എ പുനരവലോകനം ചെയ്യാനുള്ള തങ്ങളുടെ സന്നദ്ധത സര്‍ക്കാര്‍ അറിയിക്കുകയും അതിന് സമയം ചോദിക്കുകയും ചെയ്തത്.
രാജ്യദ്രോഹ വകുപ്പിന്റെ ഭരണഘടനാസാധുത മറ്റൊരു ഭരണഘടനാ ബെഞ്ചിന് വിട്ട് തീര്‍പ്പാക്കാനുള്ള സാധ്യത തത്കാലത്തേക്കുമാത്രമാണ് നീട്ടിയിരിക്കുന്നത്. അത്തരത്തിലൊരു പുതുകാല നീതിവിചാരത്തില്‍ നിന്ന് ഈ ജനാധിപത്യവിരുദ്ധ കൊളോണിയല്‍ നിയമത്തിന് രക്ഷപ്പെടാനാകില്ല എന്നുതന്നെ നമുക്കിപ്പോള്‍ കരുതാം.

രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ് എന്ന് രാജാവും പൗരോഹിത്യവും ചേര്‍ന്ന് തീര്‍പ്പാക്കിയ കാലത്തില്‍ നിന്നാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ ഉറവ് പൊട്ടുന്നത്. ആധുനിക രാഷ്ട്രീയ സമൂഹത്തിനു മുമ്പുള്ള ഫ്യൂഡല്‍ സാമൂഹ്യബന്ധങ്ങള്‍ നിലനിന്നിരുന്ന ഇംഗ്ലണ്ടിലാണ് ഇന്നിപ്പോള്‍ ഇന്ത്യയില്‍ തര്‍ക്കവിഷയമായ രാജ്യദ്രോഹനിയമത്തിന്റെ വേരുള്ളത്. 2009-ല്‍ യു.കെ. രാജ്യദ്രോഹം ഒരു കുറ്റമല്ലാതാക്കി. അതിനുമുമ്പുള്ള കാലത്തും പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വളരെ വിരളമായേ ഉപയോഗിച്ചിരുന്നുള്ളൂ. 1997-ല്‍ത്തന്നെ ഈ നിയമം എടുത്തുകളയാനുള്ള ശുപാര്‍ശ ബ്രിട്ടനില്‍ നല്കി. 2009-ല്‍ Coroners and Justice ആക്ട് - 2009 സെക്ഷൻ 73 പ്രകാരം ബ്രിട്ടനില്‍ രാജ്യദ്രോഹക്കുറ്റം നിയമവ്യവസ്ഥയില്‍ നിന്ന് നീക്കി. രാജ്യദ്രോഹക്കുറ്റം എടുത്തുകളയുന്നതിനുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ബ്രിട്ടീഷ് നിയമമന്ത്രി ക്ലെയര്‍ വാര്‍ഡ് പറഞ്ഞത് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രസക്തമാണ്: ‘‘രാജ്യദ്രോഹവും രാജ്യദ്രോഹകരമായ അധിക്ഷേപവുമെല്ലാം നിഗൂഢമായ കുറ്റങ്ങളാണ്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഇന്നത്തെപ്പോലെ ഒരവകാശമായി കാണാതിരുന്ന ഒരു പോയകാലത്തുനിന്നുള്ളവ. അഭിപ്രായപ്രകടന സാതന്ത്ര്യത്തെ ഇന്ന് ജനാധിപത്യത്തിന്റെ മൂലക്കല്ലായാണ് കാണുന്നത്. വ്യക്തികള്‍ക്ക് ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള ശേഷി സ്വാതന്ത്ര്യത്തെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. ഈ രാജ്യത്ത് ഇത്തരം കാലഹരണപ്പെട്ട നിയമങ്ങള്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയ എതിര്‍പ്പുകളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്നതിനുള്ള സമാന നിയമങ്ങള്‍ ഉപയോഗിക്കുന്നതിന് മറ്റു രാജ്യങ്ങള്‍ ന്യായീകരണമായി എടുക്കുന്നുണ്ട്.’’
രാജ്യദ്രോഹക്കുറ്റം മാത്രമല്ല ഇന്ത്യയിലെ ജനാധിപത്യ, പൗരാവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങള്‍. യു.എ.പി.എ പോലുള്ള നിയമങ്ങളുപയോഗിച്ച്നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരെയാണ് ഇന്ത്യന്‍ ഭരണകൂടം തടവിലിട്ടിരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം എടുത്തുകളയും മുമ്പ് ഇംഗ്ലണ്ടില്‍ മൂന്നുതരം പ്രവൃത്തികളാണ് രാജ്യദ്രോഹക്കുറ്റങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രാജ്യദ്രോഹകരമായ എഴുത്തുകളുടെ പ്രസിദ്ധീകരണം, രാജ്യദ്രോഹകരമായി സംസാരിക്കാന്‍, രാജ്യദ്രോഹകരമായ ലക്ഷ്യത്തോടെ ഒരു പ്രവൃത്തി ചെയ്യുന്നതിന് ഗൂഢാലോചന നടത്തല്‍ എന്നിവയായിരുന്നു അവ. രാജാവിനെതിരെ ചിന്തിക്കുന്നതുപോലും രാജ്യദ്രോഹമായിക്കണ്ടിരുന്ന 13-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ നിയമം അഭയം തേടുന്നത്. രാജാവിന്റെ ദൈവികമായ പ്രതിനിധാന വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുന്ന 1275-ലെ Statute of Westminster -ലാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ ആദ്യരൂപം വന്നത്. രാജാവിനും ജനങ്ങള്‍ക്കുമിടയില്‍ അകല്ച്ചയുണ്ടാക്കുകയോ അസ്വാരസ്യം വളര്‍ത്തുകയോ അപകീര്‍ത്തി പരത്തുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാക്കുന്നതായിരുന്നു ഈ നിയമം. 1606-ല്‍ De Libellis Famosis വിധിയില്‍ Star Chamber രാജ്യദ്രോഹമെന്നാൽ, അധികാരത്തിലിരിക്കുന്നവര്‍ക്കെതിരായ ഏതുതരം വിമർശനത്തെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിപുലമാക്കി. രാജാവിനെതിരായ കുറ്റകൃത്യങ്ങള്‍ കൂടുതലായും വിചാരണ ചെയ്തിരുന്നത് Treason laws -നു കീഴിലായിരുന്നു.

രാജാവിന്റെയും രാജകുടുംബത്തിന്റെയും മരണം സങ്കല്പിക്കുകയോ, അവര്‍ക്കെതിരെ യുദ്ധം നടത്താന്‍ ഒരുങ്ങുകയോ അത്തരക്കാരെ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഉപയോഗിച്ചിരുന്ന ഈ നിയമം 1351 മുതല്‍ പ്രയോഗിച്ചുവന്നു. രാജ്യദ്രോഹക്കുറ്റം / Sedition രൂപപ്പെട്ടുവരുന്നത് ഈ സംവിധാനത്തിലൂടെയാണ്. രാജാവിന്റെ പരമാധികാരം സംരക്ഷിക്കുകയും രാജവാഴ്ചയെ വിമർശനാതീതമാക്കി നിലനിര്‍ത്തുകയുമായിരുന്നു ഈ നിയമങ്ങളുടെയെല്ലാം ലക്ഷ്യം. വിമര്‍ശനാതീതമായ അധികാരം എന്നത് ജനാധിപത്യത്തിന്റെ ചരിത്രശത്രുവാണ്. അതുകൊണ്ടുതന്നെ രാജവാഴ്ചയെ സംരക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു നിയമം എങ്ങനെയാണ് ചരിത്രത്തിലുടനീളം ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തലുകള്‍ക്ക് ഉപയോഗിക്കുന്നത് എന്നത് സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ക്ക് ആ നിയമത്തോടുള്ള പ്രതിപത്തി വ്യക്തമാക്കുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ക്കെതിരായി, ഇന്ത്യയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരായി സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും താനൊരു കുറ്റമായി കാണുന്നില്ല എന്നായിരുന്നു ഗാന്ധി ആവര്‍ത്തിച്ചു പറഞ്ഞത്.
രാജാവില്‍ നിന്ന് ജനാധ്യപത്യത്തിലേക്കെത്തുമ്പോള് സ്വാഭാവികമായും ഈ നിയമം ഇല്ലാതാവേണ്ടതാണ്. എന്നാല്‍ അതിനുപകരം രാഷ്ട്രത്തെ രാജാവിന് പകരമായി സങ്കല്‍പ്പിക്കുന്ന ഒരു കുറുക്കുവഴിയാണ് ഇരുപതാം നൂറ്റാണ്ടിലെ ജനാധിപത്യവ്യവസ്ഥയുടെ ദുര്‍ബല പരീക്ഷണങ്ങളിലെല്ലാം നമുക്ക് കാണാന്‍ കഴിയുക. രാഷ്ട്രമാകട്ടെ അതിനെ പ്രതിനിധാനം ചെയ്യുന്നത് അധികാരത്തിലിരിക്കുന്ന ഭരണാധികാരികളിലൂടെയാണെന്ന് സ്ഥാപിക്കപ്പെടുകയും ഭരണകൂടത്തിനും നിലവിലുള്ള സര്‍ക്കാരുകള്‍ക്കുമെതിരായ എല്ലാ പ്രതിഷേധങ്ങളും എപ്പോള്‍ വേണമെങ്കിലും രാജ്യദ്രോഹത്തിന്റെ പട്ടികയിലേക്ക് എഴുതിച്ചേര്‍ക്കാവുന്ന ഒന്നായി മാറുകയും ചെയ്യുന്നു.
രാജാധികാരത്തിനെതിരെ ഇംഗ്ലണ്ടിലെ ബൂര്‍ഷ്വാസിയുടെ വെല്ലുവിളി ശക്തിപ്രാപിച്ച പതിനേഴാം നൂറ്റാണ്ടില്‍ അതിനെ അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റം വ്യാപകമായി പ്രയോഗിച്ചു. 1689-ലെ ‘ബിൽ ഓഫ് റൈറ്റ്സ്’ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് രാജാവില്‍ നിന്നുള്ള അധികാരഭീഷണിയെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍ രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം വിപുലപ്പെടുകയാണുണ്ടായത്. മുമ്പ് രാജാവിനെ നിന്ദിക്കുന്നതായിരുന്നു പ്രശ്നമെങ്കില്‍ പുതിയ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ഒരു പരിചയാക്കിമാറ്റി.

ഫ്രഞ്ച് വിപ്ലവത്തിന്റെ രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ ഇംഗ്ലണ്ടില്‍ മുന്‍കൈ നേടുന്നത് തടയാനും രാജ്യദ്രഹക്കുറ്റം ഉപയോഗിക്കപ്പെട്ടു. ‘റൈറ്റ്സ് ഓഫ് മാൻ’ എഴുതിയ തോമസ് പെയ്നെതിരെപ്പോലും രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി. ജനങ്ങളുടെ നാച്ചുറൽ റൈറ്റ്സ് സംരക്ഷിക്കാന്‍ കഴിയാത്തൊരു സര്‍ക്കാരിന് ഭരിക്കാന്‍ അവകാശമില്ല എന്നായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ അനുകൂലിച്ചിരുന്ന തോമസ് പെയ്ൻ പറഞ്ഞത്. വാസ്തവത്തില്‍ രാജാധികാരത്തിനെതിരെ വലിയ വിപ്ലവാഹ്വാനമൊന്നും നടത്തിയിരുന്നില്ല അദ്ദേഹം. കേസെടുത്ത കാലത്ത് ഫ്രാന്‍സിലായിരുന്നു എന്നതുകൊണ്ടും പിന്നീടൊരിക്കലും ഇംഗ്ലണ്ടിലേക്ക് തിരിച്ചുവരാത്തതുകൊണ്ടുമാണ് പെയ്ൻ വിചാരണയില്‍ നിന്ന് രക്ഷപ്പെട്ടത്.
രണ്ടാം ലോകമഹായുദ്ധകാലം വരെയുള്ള കാലത്ത് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മറ്റ് വിപ്ലവകാരികള്ക്കുമൊക്കെ എതിരായി രാജ്യദ്രോഹ നിയമം പല രീതിയില്‍ പ്രയോഗിക്കപ്പെട്ടെങ്കിലും താരതമ്യേന അതിന്റെ പ്രയോഗം ഇംഗ്ലണ്ടില്‍ ചുരുക്കമായിരുന്നു. 2009-ല്‍ രാജ്യദ്രോഹക്കുറ്റം പൂര്‍ണമായും നിയമവ്യവസ്ഥയില്‍ നിന്ന് എടുത്തുകളയുമ്പോഴേക്കും ഒരു കേസ് പോലും രാജ്യദ്രോഹക്കുറ്റ വകുപ്പനുസരിച്ച് അടുത്തകാലത്തൊന്നും രേഖപ്പെടുത്താത്ത സ്ഥിതിയായിരുന്നു.

തങ്ങളുടെ കോളനിയായ ബ്രിട്ടീഷ് ഇന്ത്യയില്‍ രാജ്യദ്രോഹം സംബന്ധിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ തികച്ചും മറ്റൊരു രീതിയിലായിരുന്നു എന്നതിന് അത്ഭുതമില്ല. തദ്ദേശീയരെ (natives ) ബ്രിട്ടീഷ് പൗരന്മാരെപ്പോലെയല്ല ബ്രിട്ടന് കണ്ടത് എന്നതാണ് കൊളോണിയല്‍ ഭരണത്തിന്റെ അടിസ്ഥാന പ്രമാണം എന്നതിലും തര്‍ക്കമില്ല. ബ്രിട്ടീഷ് പൗരന്മാര്ക്കുള്ള ജനാധിപത്യാവകാശങ്ങളൊന്നും ഇന്ത്യക്കാര്ക്കുണ്ടാകില്ല എന്നത് കോളനി ഭരണത്തിന്റെ പ്രമാണമാണ്. 1837-ല്‍ മെക്കാളെ തയ്യാറാക്കിയ ശിക്ഷാനിയമത്തിന്റെ കരടില്‍ 113-ാം വകുപ്പിലെ ഒരു ഉപ ഭാഗമായിരുന്നു രാജ്യദ്രോഹം. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ ഈ ഭാഗം അതിലുണ്ടായില്ല. പിന്നീട് 1870-ല്‍ ഇത് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇപിസി- ഭേദഗതിക്കായി ബില്‍ അവതരിപ്പിച്ച ജെയിംസ് സ്റ്റീഫന്‍ പറഞ്ഞത്, ആദ്യ കരാറില്‍ നിന്ന് ഇതൊഴിവായത് ഒരബദ്ധമായിരുന്നു എന്നാണ്. എന്നാല്‍ അത് മാത്രമായിരുന്നില്ല രാജ്യദ്രോഹക്കുറ്റം ശിക്ഷാനിയമത്തില്‍ സ്ഥാനം പിടിക്കാന്‍ കാരണം. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലും തുടര്‍ന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിച്ച വഹാബികളുടെ പ്രവര്‍ത്തനം തടയുക എന്നതായിരുന്നു രാജ്യദ്രോഹനിയമം വീണ്ടും കൊണ്ടുവരാനുള്ള കാരണം. തുടര്‍ന്നുള്ള അതിന്റെ ജീവിതം മുഴുവന്‍ ആ നിയമം ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത് സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനാണ്.
ഫോര്‍വേഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കേദാര്‍ നാഥ് സിങ്ങിനെതിരെ സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരായി നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് 124 എയുടെ ഭരണഘടനാ സാധുത ഉറപ്പിച്ച വിധി പറഞ്ഞത്
ബ്രിട്ടീഷ് കൊളോണിയല്‍ ഇന്ത്യയിലെ ആദ്യത്തെ രാജ്യദ്രോഹക്കേസ് രേഖപ്പെടുത്തിയത് 1891-ല്‍ ബംഗോബാസി എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന ജോഗേന്ദ്ര ചന്ദര്‍ ബോസിനെതിരെയാണ്. വിവാഹിതരോ അവിവിഹാതിരോ ആയ പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 10-ല്‍ നിന്നും12-ആക്കി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന Age of Consent Bill നെതിരെ ലേഖനമെഴുതി പ്രസിദ്ധീകരിച്ചു എന്നതായിരുന്നു ജോഗേന്ദ്ര ബോസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ കാരണം. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയെങ്കിലും ബോസ് മാപ്പപേക്ഷ സമര്‍പ്പിച്ചതോടെ തുടർനടപടി ഉപേക്ഷിച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരായ രാഷ്ട്രീയസമരത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഏറ്റവും വലിയ സംഭവങ്ങളിലൊന്ന് ബാലഗംഗാധര തിലകിനെതിരെ എടുത്തതാണ്. 1897-ജൂണ്‍ 15-ന് കേസരിയില്‍ പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ ഉദ്ദേശിച്ചായിരുന്നു എന്നായിരുന്നു കുറ്റാരോപണം. ഈ കേസിലാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് സ്ട്രേച്ചി രാജ്യദ്രോഹം സംബന്ധിച്ച കര്‍ക്കശമായ മാനദണ്ഡങ്ങള്‍ വ്യാഖ്യാനിച്ചത്. സര്‍ക്കാരിനോടുള്ള വിപ്രതിപത്തി (Disaffection) എന്നതിലുപരി സര്‍ക്കാരിനോടുള്ള വിധേയത്വം (Loyalty) ഒരു മാനദണ്ഡമായി മാറി. ഇതേ വിധേയത്വ മാനദണ്ഡമാണ് നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് 144 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്തിലെയും യുക്തി എന്നത് എങ്ങനെയാണ് കൊളോണിയല്‍- കൊളോണിയലാനന്തര കാലങ്ങളിലും അധികാരത്തിന്റെ സ്വഭാവം ജനാധിപത്യവിരുദ്ധമായി തുടരാനുള്ള സമാന പ്രവണതകള്‍ കാണിക്കുന്നത് എന്നതിന്റെ തെളിവാണ്.

അതിനുശേഷം രാജ്യദ്രോഹക്കുറ്റം ചാര്‍ത്തിയ രണ്ടു പ്രധാന കേസുകളും ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ എഴുത്തുകളുടെ പേരിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുക എന്നതാണ് വാസ്തവത്തില്‍ രാജ്യദ്രോഹവകുപ്പ് നടത്തിക്കൊടുക്കുന്ന സേവനം എന്നത് പില്ക്കാലത്തേക്ക് വന്നപ്പോഴും നടന്നുപോന്നത് ഈ ചരിത്രബലത്തിലാണ്. ബോംബേ ഹൈക്കോടതിയിലെ രാമചന്ദ്ര നാരായണ്‍ കേസും അലഹാബാദ് ഹൈക്കോടതിയിലെ അംബ പ്രസാദ് കേസുമായിരുന്നു ഇവ. ‘സ്വതന്ത്രരാകാനുള്ള ഒരുക്കങ്ങള്‍' എന്ന പേരില്‍ ലേഖനമെഴുതി പ്രസിദ്ധീകരിച്ചതിനാണ് പ്രതോട് പത്രത്തിന്റെ പത്രാധിപരായിരുന്ന രാമചന്ദ്ര നാരയണിനെതിരെ കേസെടുത്തത്. ജാമി-ഉല്-ഉലം പത്രാധിപരായിരുന്ന അംബ റാം മുസ്ലിംകളെ സര്‍ക്കാരിനെതിരെ തിരിക്കുന്ന വിധത്തില്‍ എഴുതുന്നു എന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. രണ്ടു കേസും വെറുതെവിട്ടു എങ്കിലും രാജ്യദ്രോഹക്കുറ്റം പിന്നീട് ഗാന്ധിയെ പിടിക്കാനും ‘ഇന്ത്യന്‍ നിയമങ്ങളിലെ രാഷ്ട്രീയവകുപ്പുകളുടെ രാജകുമാരന്’ എന്ന് ഗാന്ധിക്ക് വിശേഷിപ്പിക്കാനും പാകത്തില്‍ ശക്തമായി തുടര്‍ന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരായി, ഇന്ത്യയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരായി സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും താനൊരു കുറ്റമായി കാണുന്നില്ല എന്നായിരുന്നു ഗാന്ധി ആവര്‍ത്തിച്ചുപറഞ്ഞത്. രാജ്യദ്രോഹം എന്നത് ഭരിക്കുന്നവരുടെ മാത്രം വ്യാഖ്യാനമാണെന്നും ജനാധിപത്യത്തില്‍ അത്തരത്തിലൊരു ഏകപക്ഷീയമായ വ്യാഖ്യാനത്തിനു സ്ഥാനമില്ലെന്നുമുള്ള നീതിബോധത്തിന്റെ മറ്റൊരു സ്ഥലമായിരുന്നു ഗാന്ധി ഉയര്‍ത്തിയത്. 1929-ല്‍ യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ രാജ്യദ്രോഹ വകുപ്പിനെതിരെ ഗാന്ധി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. നിയമം എന്ന വാക്കിനെ ബലാല്ക്കാരം ചെയ്യുന്ന ഈ വകുപ്പ്, ജനങ്ങള്‍ക്ക് യാതൊരുവിധ നിയമാവകാശവുമില്ലാത്ത ഏകപക്ഷീയരായ ഭരണാധികാരികളുടെ തന്നിഷ്ടത്താല്‍ നമുക്കുമുകളില്‍ ഊരിയ വാളുകൊണ്ട് അടിച്ചേല്‍പ്പിച്ചതാണെന്നായിരുന്നു ഗാന്ധി 124 എ-യെ വിശേഷിപ്പിച്ചത്.
മജിസ്ട്രേറ്റിനു കമ്യൂണിസം ഇഷ്ടമല്ലായിരിക്കും, ഹൈക്കോടതിക്കും ഇഷ്ടമല്ല, പക്ഷെ 124 എ അനുസരിച്ചുള്ള വിചാരണ നടത്താന്‍ അത്തരം ഇഷ്ടക്കേടുകള്‍ കാരണമായിക്കൂടാ എന്നുകൂടി ബ്രിട്ടീഷ് ഭരണകാലത്തുപോലും കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയേയും തൊഴിലാളി യൂണിയനുകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ 1934 നവംബര്‍ 22-ന്കൊല്ക്കത്തയിലെ ശ്രദ്ധാനന്ദ് മൈതാനത്ത് പ്രസംഗിച്ച കമല്‍ കൃഷ്ണ സര്‍ക്കാരിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. കമ്യൂണിസ്റ്റ് സംഘമായ ബംഗാള്‍ യൂത്ത് ലീഗായിരുന്നു യോഗം സംഘടിപ്പിച്ചത്. വിചാരണ കോടതി സര്‍ക്കാര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതി അന്നത്തെ സാഹചര്യത്തില്‍ ഉദാരമായൊരു വ്യാഖ്യാനത്തിലൂടെ സര്‍ക്കാരിനെ കുറ്റവിമുക്തനാക്കി. ഇത്തരം പ്രസംഗങ്ങള്‍ രാജ്യദ്രോഹമാണ് എന്നുകണ്ടാല്‍ നിലവിലുള്ള ഭരണസംവിധാനത്തിനുപകരം മറ്റൊരു സംവിധാനം വേണമെന്ന ഏതൊരു വാദവും രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടും എന്നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടിയത്. അവിടംകൊണ്ടും കോടതി നിര്‍ത്തിയില്ല, മജിസ്ട്രേറ്റിന് കമ്യൂണിസം ഇഷ്ടമല്ലായിരിക്കും, ഹൈക്കോടതിക്കും ഇഷ്ടമല്ല, പക്ഷെ 124 എ അനുസരിച്ചുള്ള വിചാരണ നടത്താന്‍ അത്തരം ഇഷ്ടക്കേടുകള്‍ കാരണമായിക്കൂടാ എന്നുകൂടി ബ്രിട്ടീഷ് ഭരണകാലത്തുപോലും കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞു.
പിന്നീട് രാജ്യദ്രോഹം സംബന്ധിച്ച കേസുകളില്‍ നിര്‍ണായക വിധിയുണ്ടാകുന്നത് 1942-ല്‍ നിഹാരേന്ദു ദത്ത് മജൂംദാര്‍ കേസിലാണ്. ഫെഡറല്‍ കോടതിയില്‍ ജസ്റ്റിസ് മൗറിസ് ഗോയറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് രാജ്യദ്രോഹക്കുറ്റം കേവലമായ സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരില്‍ ചുമത്താനാവില്ലെന്ന ഉദാര നിലപാടാണ് എടുത്തത്. സര്‍ക്കാരിന്റെ പൊങ്ങച്ചധാരണകള് മുറിപ്പെട്ടാല്‍ അതിനെ ലേപനം ചെയ്യാന്‍ ഉപയോഗിക്കേണ്ട ഒന്നല്ല രാജ്യദ്രോഹക്കുറ്റം എന്നാണ്ഫെഡറല് കോടതി പറഞ്ഞത്. കൊളോണിയല്‍ ഭരണകാലത്ത് ഒരു കോടതിക്ക് നടത്താവുന്ന ഏറ്റവും ഉദാരമായ വിധിന്യായമായിരുന്നു അതെന്ന് നമുക്ക് കരുതാവുന്നതായിരുന്നു അത്.

പിന്നീട് 1947-ല്‍ സദാശിവ് നാരായണ്‍ ഭലേറാവു കേസില്‍ പ്രിവി കൗണ്‍സിലില്‍ Lord William Thankerton -ന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് നിഹാരേന്ദു ദത്ത് കേസിലെ ഫെഡറല്‍ കോടതിയുടെ രാജ്യദ്രോഹ വകുപ്പിന്റെ വ്യാഖ്യാനത്തെ നിരാകരിച്ചു. തിലകിന്റെ കേസില്‍ ജസ്റ്റിസ് സ്ട്രാച്ചി നല്കിയ വ്യാഖ്യാനത്തെ പ്രിവി കൗണ്‍സില്‍ പുനഃസ്ഥാപിച്ചു. അതായത് വിപ്രതിപത്തി (Disaffection) എന്നത് അവിശ്വസ്തത (Disloyalty) എന്നതായി സമീകരിക്കപ്പെട്ടു.
ശേഷം സ്വാതന്ത്ര്യത്തിലേക്ക് അധിക മാസങ്ങളുണ്ടായില്ല. 1947 ഫെബ്രുവരി 18-നാണ് ഭലേറാവു കേസില്‍ വിധി പറഞ്ഞത്. ആ വർഷം ആഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായി. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം ഉപയോഗിച്ച രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ് അപ്രത്യക്ഷമാകുന്നതിന് കാലതാമസമില്ല എന്ന് നാം കരുതും. എന്നാല്‍ 1947 ഏപ്രില്‍ 29-ന് ഭരണഘടനാ നിര്‍മാണസഭയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള മൗലികാവകാങ്ങള്ക്കായുള്ള ഉപസമിതി സമര്‍പ്പിച്ച കരടില്‍ രാജ്യദ്രോഹം അഭിപ്രായസ്വാതന്ത്ര്യത്തിനെ തടയാനുള്ള ഒരു മാനദണ്ഡമായി വീണ്ടും നിവര്‍ന്നുവന്നു. ഭരണഘടനാ നിര്‍മാണസഭയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏക പ്രതിനിധിയായ സോമനാഥ് ലാഹിരി ഇതിനെ എതിര്ത്ത്പറഞ്ഞത്, ‘ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ കാഴ്ചപ്പാടിലൂടെയാണ് മൗലികാവകാശങ്ങള്‍ തയ്യാറാക്കിയത്' എന്നാണ്. ഇംഗ്ലണ്ടില്‍ പ്രകടമായ ഒരു അക്രമം ഉണ്ടായില്ലെങ്കില്‍, ഒരു പ്രസംഗം അതെത്ര രാജ്യദ്രോഹമെന്നു വിശേഷിപ്പിച്ചാലും കുറ്റകരമല്ലായെങ്കില്, ഇന്ത്യയില്‍ അത്തരമൊരു പ്രസംഗത്തിന് സര്‍ദാര്‍ പട്ടേലിന് തന്നെ അറസ്റ്റ് ചെയ്യാനാകും എന്നാണ് അവസ്ഥയെന്ന് ലാഹിരി വിമര്‍ശനമുയര്‍ത്തി. എന്നാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ കര്‍ക്കശമാക്കാനുള്ള ഭേദഗതി കൊണ്ടുവന്ന രാജഗോപാലാചാരിയെ വിമർശിച്ച് ലാഹിരി പറഞ്ഞത് ‘നമ്മള് പ്രസംഗിച്ചാലാണ് സര്‍ദാര്‍ പട്ടേല്‍ ശിക്ഷിക്കുക, എന്നാല്‍ നമ്മള് പ്രസംഗിക്കും മുമ്പുതന്നെ രാജാജി നമ്മളെ ശിക്ഷിക്കും. അദ്ദേഹത്തിന്റെ മഹത്തായ ബുദ്ധിയില്‍ ഇയാള്‍ ഒരു രാജ്യദ്രോഹ പ്രസംഗം നടത്തും എന്ന് തോന്നിയാൽ തന്നെ പ്രസംഗം തടയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്' എന്നാണ്.
കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് sedition എന്ന വാക്ക് പട്ടേല്‍ ഒഴിവാക്കിയെങ്കിലും 1948 ഫെബ്രുവരി 21-ന് ഭരണഘടനാ നിര്‍മാണസഭയുടെ മേശപ്പുറത്തുവെച്ച കരടില്‍ പൗരന്മാര്ക്ക് അഭിപ്രായസ്വാതന്ത്ര്യം നല്കുന്ന അനുഛേദത്തില്‍ sedition വീണ്ടും അഭിപ്രായസ്വാതന്ത്ര്യത്തിന് Reasonable restriction ഏര്‍പ്പെടുത്താവുന്ന ഒരു ഘടകമായി സ്ഥാനം പിടിച്ചു. കെ.എം. മുന്‍ഷി, സര്‍ദാര്‍ ഹുക്കുംസിങ്, സേത്ത് ഗോവിന്ദ് ദാസ് അടക്കമുള്ളവര്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ ഫലം കണ്ടപ്പോള്‍ വീണ്ടും sedition ഭരണഘടനയില്‍ നിന്ന് പടിയിറങ്ങി. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ രാജ്യദ്രോഹം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി തുടര്‍ന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും വേവും നിലനില്‍ക്കുമ്പോഴും രാജ്യദ്രോഹക്കുറ്റം എങ്ങനെയാണ് കൊളോണിയല്‍ ഭരണകൂടം വിമോചനസമരത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചത് എന്നത് സ്വന്തം അനുഭവങ്ങളില്‍ക്കൂടി അറിയുമ്പോഴും, Sedition അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന ഒരു ഘടകമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ അന്നത്തെ രാഷ്ട്രീയനേതൃത്വം ശ്രമിച്ചത്, അധികാരം അഭിപ്രായസ്വാതന്ത്ര്യത്തെയും സ്വതന്ത്രരായ മനുഷ്യരെയും എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ കൂടി തെളിവാണ്.
124 എയുടെ ഭരണഘടനാസാധുത സംബന്ധിച്ച ഏറ്റവും കാതലായ തര്‍ക്കമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയാണ് കേദാര്‍ നാഥില്‍ ഉണ്ടായത് എന്നതുകൊണ്ടുതന്നെ അതിനെ മറികടക്കാന്‍ ഏഴംഗ ബെഞ്ച് വേണം എന്ന് ഊഹിക്കാം.
സ്വാതന്ത്ര്യത്തിനുശേഷം അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കേസുകള്‍ ഉയര്‍ന്നുവന്നത് രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു. റൊമേഷ് ഥാപ്പര്‍ (1950), ബ്രിജ് ഭൂഷണ് (1950) കേസുകളില്‍ സുപ്രീംകോടതിയും താര ഗോപിചന്ദ് കേസില്‍ പഞ്ചാബ് ഹൈക്കോടതിയും അഭിപ്രായസതന്ത്ര്യത്തിനുള്ള പരമാവകാശം അംഗീകരിക്കുന്ന വിധികള്‍ നല്കി. ഭരണഘടനാ നിര്‍മാണസഭ ആര്‍ട്ടിക്കിള്‍ 13-ല്‍ നിന്ന് (പിന്നീട് ആര്‍ട്ടിക്കിള്‍ 19) Sedition എന്ന വാക്ക് എടുത്തുകളഞ്ഞത് ചൂണ്ടിക്കാട്ടി 124 എ വകുപ്പ് ഭരണഘടനാസാധുതയില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അതൊരു നിരീക്ഷണമായിട്ടായിരുന്നു പറഞ്ഞത്. കാരണം ആ കേസുകളില്‍ കോടതിയുടെ മുന്നിലുള്ള തര്‍ക്കം അതല്ലായിരുന്നു. ഈ വിധികളെ മറികടക്കാനും അഭിപ്രായസ്വാതന്ത്ര്യത്തില്‍ കൂടുതല്‍ നിബന്ധനകള്‍ ബാധകമാക്കാനുമായി 1951-ല്‍ ഒന്നാം ഭരണഘടനാ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു.
ഒന്നാം ഭരണഘടനാ ഭേദഗതിക്കുശേഷം 124 എ വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ആദ്യ കേസ് പട്ന ഹൈക്കോടതിയില്‍ നടന്ന ദേബി സോറെന് കേസ് (1954) ആണ്. ബിഹാര്‍ സര്‍ക്കാരിനെതിരെ ആദിവാസി മഹാസഭയില്‍ പ്രസംഗിച്ചു എന്നതിനായിരുന്നു രാജ്യദ്രോഹകുറ്റം ചുമത്തിയത്. പട്ന ഹൈക്കോടതി എന്നാല്‍ 124 എയുടെ ഭരണഘടനാസാധുത ശരിവെക്കുകയാണ് ചെയ്തത്. ഒന്നാം ഭരണഘടനാ ഭേദഗതിയില്‍ ‘Public order' ഉള്‍പ്പെടുത്തിയതോടെ 124 എ സാധുവായി എന്നാണ് കോടതി കണ്ടത്.
ഫോര്‍വേഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കേദാര്‍നാഥ് സിങ്ങിനെതിരെ സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരായി നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് 124 എയുടെ ഭരണഘടനാസാധുത ഉറപ്പിച്ച വിധി പറഞ്ഞത് (1962). രാജ്യദ്രോഹക്കുറ്റത്തിന്റെ പരിശോധനയില്‍ ‘പബ്ലിക് ഓർഡർ' ഒരു നിര്‍ണായകഘടകമാണെന്നും 124 എ ആര്‍ട്ടിക്കിള്‍ 19 (2) പറയുന്ന ‘reasonable restrictions' നുള്ളില്‍ നില്‍ക്കുന്നതാണെന്നും സുപ്രീംകോടതി വിധിച്ചു.

അതിനുശേഷം 124 എയുടെ ഭരണഘടനാസാധുത സംബന്ധിച്ച ഏറ്റവും കാതലായ തര്‍ക്കമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയാണ് കേദാര്‍നാഥില്‍ ഉണ്ടായത് എന്നതുകൊണ്ടുതന്നെ അതിനെ മറികടക്കാന്‍ ഏഴംഗ ബെഞ്ച് വേണം എന്നതാണ് സാധാരണയായി ഊഹിക്കാവുന്നത്. എന്നാല്‍ കേസ് ഭരണഘടനാബെഞ്ചിന് വിടണോ എന്ന പ്രാഥമിക തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാകുന്നതിനു മുമ്പാണ് 124 എ എന്ന ജനാധിപത്യവിരുദ്ധ കൊളോണിയല്‍ വകുപ്പിനെ സംരക്ഷിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളെത്തന്നെ ഈ വകുപ്പിന്റെ പ്രയോഗത്തിന്റെ കാര്യത്തില്‍ ചില പുനരാലോചനകള്‍ നടത്താമെന്ന് കോടതിയെ അറിയിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തത്. എന്നാല്‍ അത്രയും കാലം രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കുന്നതില്‍ നിന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിട്ടുനില്‍ക്കണമെന്ന് പറഞ്ഞ്, ഫലത്തില്‍ ഈ വിഷയത്തില്‍ മറ്റൊരുത്തരവുണ്ടാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്.
കേദാര്നാഥിനുശേഷമുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ സര്‍ക്കാരിനെതിരായ അഭിപ്രായം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്ത നിരവധിപേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്ത്തഗര്, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ നിരവധി പേര് തുറങ്കിലടക്കപ്പെട്ടു. നിരവധി കേസുകളില്‍ സുപ്രീംകോടതിയും ഹൈക്കോടതികളും 124 എ ചുമത്തിയ കേസുകള്‍ അവയുടെ ദുര്‍ബലമായ ഉള്ളടക്കം കൊണ്ട് നിലനില്‍ക്കില്ലെന്ന് വിശദമായ വിധികളെഴുതി. ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ബല്‍വന്ത് സിങ് കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടും ഒരു പ്രസംഗത്തിനിടെ ഒരു ഉദാഹരണം പോലെ ‘പാകിസ്ഥാന് സിന്ദാബാദ്’ എന്ന് വിളിച്ച കൗമാരക്കാരിയെ രാജ്യദ്രോഹത്തിന്കര്ണാടകയില് തടവിലിട്ടു. സ്കൂള്‍ വിദ്യാര്‍ഥികള്‍ വരെ 124 എ എന്ന ജനാധിപത്യവിരുദ്ധ നിയമത്തിന്റെ പിടിയില്‍പ്പെട്ടു.
നരേന്ദ്ര മോദി / ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാജ്യദ്രോഹക്കുറ്റം സര്‍ക്കാരിനെതിരെ മാത്രമല്ല ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സംസാരിച്ചാലും ചാര്ത്തിക്കിട്ടാവുന്ന കുറ്റമായി മാറി. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകള്‍ പരിശോധിച്ചാല്‍ അതില്‍ കൃത്യമായി കാണാന്‍ കഴിയുന്നത് ദലിതര്‍, കര്‍ഷകത്തൊഴിലാളികള്‍, ആദിവാസികള്‍, മാവോവാദികള്‍ എന്ന് സര്‍ക്കാര്‍ വിളിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍, മുസ്ലിംകൾ, മാധ്യപ്രവര്‍ത്തകര്‍ എന്നിവരാണ് ഈ നിയമത്തിന്റെ പ്രധാന ഇരകളെന്നാണ്.
മോദി സര്‍ക്കാര്‍ 2014 -2020 കാലത്ത് ചുമത്തിയ രാജ്യദ്രോഹക്കേസുകള്‍ മിക്കവയും ജനാധിപത്യപരമായി പ്രസംഗിക്കുകയും എഴുതുകയും വിമതാഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയായിരുന്നു.
2010- 2021 കാലയളവില്‍ 13000 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ബി.ജെ.പി. അധികാരത്തില്‍ വന്നശേഷം സ്ത്രീകള്‍ക്കെതിരെ 124 എ ചുമത്തുന്നതില്‍ 190% വര്‍ധനവാണുണ്ടായത്. അധികാരസ്ഥാനങ്ങളിലുള്ളവരെ വിമര്‍ശിച്ചതിന് 2010-നും 2021-നും ഇടയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളില്‍ 96%-വും 2014-നുശേഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് 149 പേര്‍ക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചതിന് 144 പേര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റ ചുമത്തി.
തമിഴ്നാട്ടില്‍ ആണവനിലയവിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെയാണ് 2010-2014 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹക്കേസുകളില്‍ 39% വും. ശേഷമുള്ളവ മിക്കവയും മാവോവാദികള്‍ എന്ന ആരോപണമുന്നയിച്ചാണ്. മോദി സര്‍ക്കാര്‍ 2014 -2020 കാലത്ത് ചുമത്തിയ രാജ്യദ്രോഹക്കേസുകള്‍ മിക്കവയും ജനാധിപത്യപരമായി പ്രസംഗിക്കുകയും എഴുതുകയും വിമതാഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയായിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവര് ശരാശരി 50 ദിവസം തടവില്‍ കഴിയുന്നുണ്ട്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കേണ്ട അവസ്ഥയില്‍ ഇത് 200 ദിവസംവരെ എത്താറുണ്ട്. 2010-2021 കാലയളവിലെ രാജ്യദ്രോഹക്കേസുകളിലെ ശിക്ഷാനിരക്ക് കേവലം 0.1%മാണ്.
ഇത്തരം കണക്കുകളൊക്കെ കാണിക്കുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം എന്ത് യുക്തിയാണോ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഉപയോഗിച്ചിരുന്നത് അതേ യുക്തി തന്നെയാണ് സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാരുകളും ഉപയോഗിക്കുന്നത് എന്നാണ്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യ മറ്റൊരു പ്രതിസന്ധിയും അപകടവും കൂടി ഇക്കാര്യത്തില്‍ നേരിടുന്നുണ്ട്. ഒരു രാജ്യം എന്നാല്‍ ഒരു രാഷ്ട്രീയനിര്‍മിതിയാണ്. അത് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ജനസമൂഹമല്ല. പലതരത്തിലുള്ള ചരിത്രസംഭവങ്ങളുടെ അനന്തരഫലമായാണ് നാമിന്നു കാണുന്ന ഇന്ത്യ ഇന്നത്തെ രൂപത്തിലുണ്ടായത്. അത്തരത്തിലൊരു രാജ്യത്തിന്റെ രാഷ്ട്രീയശരീരത്തെ വളരെ വേഗം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പകര്പ്പാക്കിമാറ്റുകയും ഭരണകൂടം ഹിന്ദുത്വ - കോര്‍പ്പറേറ്റ് കൂട്ടുകെട്ടായി മാറുകയും ചെയ്യുന്ന അവസ്ഥയില്‍ രാജ്യം എന്നതിന് സര്‍ക്കാര്‍ എന്നും ഭരണകൂടം എന്നും അര്‍ഥം വെക്കുന്നത് ഭീകരമായ അടിച്ചമര്‍ത്തലിനെ ന്യായീകരിക്കാന്‍ മാത്രമാണ് സഹായിക്കുക.
ഒരു ജനാധിപത്യ നീതിന്യായവ്യവസ്ഥക്കുവേണ്ടത് ജനാധിപത്യ സമൂഹമാണ്. നിയമങ്ങളില്‍ മാത്രമായി നീതിയും ജനാധിപത്യവും ഉണ്ടാവുക എന്നത് അസംഭവ്യമാണ്.
ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ അന്താരാഷ്ട്ര ഭൗമാതിര്‍ത്തികളില്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്തിലെ ഭരണസംവിധാനത്തിന് അന്നാട്ടിലെ ജനങ്ങളില്‍ നിന്ന് യാതൊരു സുരക്ഷയും സവിശേഷമായി ലഭിക്കാന്‍ അവകാശമില്ല. ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭരണസംവിധാനവും വ്യവസ്ഥയും ധനികരെയും അവരുടെ കൈയാളുകളായ രാഷ്ട്രീയനേതൃത്വത്തെയും മാത്രം മെച്ചപ്പെടുത്തുന്നതാണെന്നും അതിനെ അപ്പാടെ മാറ്റിമറിക്കണമെന്നും തോന്നാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും കൂടിയുള്ള അവകാശത്തെയാണ് നമ്മള് ജനാധിപത്യ പൗരാവകാശം എന്ന് വിളിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം മാത്രമല്ല ഇന്ത്യയിലെ ജനാധിപത്യ, പൗരാവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങള്‍. യു.എ.പി.എ. പോലുള്ള നിയമങ്ങളുപയോഗിച്ച്നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരെയാണ് ഇന്ത്യന്‍ ഭരണകൂടം തടവിലിട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഇല്ലാതായാല്‍പ്പോലും എല്ലാവിധ പ്രതിഷേധങ്ങളെയും തടവിലിടാന്‍ പാകത്തില്‍ യു.എ.പി.എ. നിലനില്‍ക്കുന്നുണ്ട്. യു.എ.പി.എ. പ്രയോഗിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ 124 എ ക്കെതിരെ നിലപാടെടുത്ത ഇടതുകക്ഷികള്‍ പോലും പ്രായോഗികമായി കേന്ദ്ര സര്‍ക്കാരിനൊപ്പമാണ്.
ഒരു ജനാധിപത്യ നീതിന്യായവ്യവസ്ഥയ്ക്കുവേണ്ടത് ജനാധിപത്യസമൂഹമാണ്. നിയമങ്ങളില്‍ മാത്രമായി നീതിയും ജനാധിപത്യവും ഉണ്ടാവുക എന്നത് അസംഭവ്യമാണ്. അതുകൊണ്ടുതന്നെ, ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയിലുള്ള നീതിവിചാരങ്ങള്‍ സാധ്യമാകണമെങ്കില്‍ ജനാധിപത്യ സമൂഹത്തിന്റെ ജൈവലോകത്ത് അത്തരം രാഷ്ട്രീയ-സാമൂഹ്യജീവിതം സദാ ജാഗ്രതയോടെ വിക്ഷുബ്ധമായി നില്‍ക്കണം. സുപ്രീംകോടതി ഭരണഘടനാ കോടതിയാണ്. ഭരണഘടന ഒരു രാഷ്ട്രീയരേഖയാണ്. രാജ്യം ഒരു രാഷ്ട്രീയനിര്‍മിതിയാണ്. ആ രാഷ്ട്രീയം എന്തായിരിക്കണം എന്നതാണ് നിര്‍ണായകപ്രശ്നം. അത് ജനാധിപത്യത്തിന്റെയും ആധുനിക സാമൂഹ്യബോധത്തിന്റേതുമായിരിക്കുക എന്നുറപ്പുവരുത്തലാണ് ഇന്ത്യയില്‍ ഇന്ന് നടക്കേണ്ട വലിയ സമരം. ആ സമരം ഇന്നിപ്പോള്‍ അതീവദുര്‍ബലമാണ്. എങ്കിലും അതിന് ഇനിയും ജീവനുണ്ട് എന്നുറപ്പിക്കുന്നതാണ് 124 എ താത്കാലികമായി മരവിപ്പിക്കുന്ന സുപ്രീംകോടതി ഉത്തരവ്.▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ അറിയിക്കാം.