Wednesday, 29 March 2023

രണ്ട് ചോദ്യങ്ങള്‍


Text Formatted

നായാട്ട്  ഒരു ദലിത് വിരുദ്ധ സിനിമയാണെന്ന അനുഭവം എനിക്കില്ല

ചില സിസ്റ്റമിക് ക്‌ളീഷേകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ അങ്ങനെ ഒരു അനുഭവം ആ സിനിമ എനിക്ക് തന്നിട്ടില്ല. നിമിഷയുടെ കഥാപാത്രത്തില്‍ നിന്നാണ് എനിക്ക് ആ സിനിമ തുടങ്ങുന്നത്.

Image Full Width
Image Caption
യമ ഗില്‍ഗമേഷ്
Text Formatted

കമല്‍റാം സജീവ്: മലയാള സിനിമയിലെ ഡിഫറൻറ്​ ആയ പൊലീസ് ഓഫീസറാണ്  "നായാട്ടി'ല്‍ യമ. വളരെ നന്നായിരുന്നു അഭിനയം, അഭിനന്ദനങ്ങള്‍. ഒരേസമയം പലതരം ക്രിയേറ്റീവായ ആവിഷ്‌കാരങ്ങള്‍ നടത്തുന്ന ആളുകൂടിയാണ് യമ. ഫിക്ഷന്‍ എഴുത്ത്, ഫിക്ഷനല്ലാത്ത എഴുത്ത്, നാടകാഭിനയം, സിനിമാഭിനയം, പാട്ട് തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍. സ്ത്രീ ആവിഷ്‌കാരങ്ങളോട് സമൂഹവും ഭരണകൂടവും കുടുംബവും അതില്‍ത്തന്നെ സ്ത്രീകളും പുരുഷന്‍മാരും നടത്തിയിട്ടുള്ള പലതരം പ്രതികരണങ്ങളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അത്തരം ചരിത്രത്തെക്കുറിച്ചു കൂടി ബോധ്യമുള്ള ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വര്‍ത്തമാനകാലം, പ്രത്യേകിച്ച് കോവിഡില്‍ അകപ്പെട്ട കാലം, ഒരു ആര്‍ട്ടിസ്റ്റിനുമേല്‍, സ്ത്രീയായ ആര്‍ട്ടിസ്റ്റിനുമേല്‍ എന്തൊക്കെ തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നു എന്നാണ് അനുഭവം?

യമ ഗില്‍ഗമേഷ്: എന്നെ സംബന്ധിച്ച്​ കോവിഡില്‍ അകപ്പെട്ടു എന്ന യാഥാര്‍ഥ്യം ഇനിയും ജീവിക്കേണ്ടതുണ്ടല്ലോ എന്ന ബോധ്യത്തിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. അത് ഞാന്‍ ഗര്‍ഭിണി ആണ് എന്ന് മനസിലായ സാഹചര്യത്തിലാണ്. അതുവരെയും നാളയെക്കുറിച്ച് വളരെ ആകുലതകള്‍ വച്ച് പുലര്‍ത്തിയിരുന്ന ഒരാളല്ല ഞാന്‍. മരണം എന്നത് എന്നെ ഭയപ്പെടുത്തിയിരുന്നില്ല. കല എന്നത് മറ്റു മനുഷ്യരും സമൂഹവും ഈ പ്രകൃതി തന്നെയും നമ്മളില്‍ കുത്തി വച്ചിരിക്കുന്ന മരുന്നാണ്. ജീവിതത്തെ പ്രതി. മരണത്തിനെതിരെ, അതിനെ നേരിട്ടുകൊണ്ട് തന്നെ, അതിനെ സ്‌നേഹിച്ചുകൊണ്ടു കൂടിത്തന്നെ.

ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിനൊടുക്കം ഒരു ആത്മഹത്യ പ്ലാന്‍ ചെയ്തിരുന്നു. എന്റെ പ്ലാനുകളെ എന്നത്തേയും പോലെ ജീവിതം തകിടം മറിച്ചു. എനിക്കറിയാവുന്ന പല ആര്‍ട്ടിസ്റ്റുകളും മരണത്തിന്റെ വക്കിലോ ദുരിതത്തിന്റെ വക്കിലോ ആണെന്നു ഞാന്‍ കാണുന്നുണ്ട്.

ലോകമെമ്പാടും മനുഷ്യര്‍ കൂട്ടത്തോടെ മരണത്തിനു കീഴടങ്ങുന്നതും പരസപരം ഭയപ്പെടുന്നതും അന്തരീക്ഷത്തില്‍ വൈറസുകളെ തുറിച്ചു നോക്കുന്നതും ഞാന്‍ ചിലപ്പോഴെങ്കിലും തമാശയോടെയാണ് കണ്ടത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയതും അല്ലാത്തതുമായ മഹാമാരികളുടെ കൂട്ടത്തിലൊരെണ്ണത്തില്‍ ഒരുപക്ഷെ ഞാനും പരമാവധി അപ്രസക്തിയോടെ അപ്രത്യക്ഷമാകാന്‍ പോകുന്നു എന്ന് ഞാന്‍ വിശ്വസിച്ചു. ചോദ്യത്തിലെ കലയെപ്പറ്റിയുള്ള പരാമര്‍ശം എന്നെ സംബന്ധിച്ച്​കോവിഡ് മനുഷ്യസമൂഹങ്ങളില്‍ ഉണ്ടാക്കിയ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ത്തും അപ്രസക്തമായിരുന്നു. കാരണം ഒരുകാലത്തും ജീവനല്ലാതെ മറ്റൊന്നും തന്നെ എനിക്ക് നഷ്ടപ്പെടാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിനൊടുക്കം ഒരു ആത്മഹത്യ പ്ലാന്‍ ചെയ്തിരുന്നു. എന്റെ പ്ലാനുകളെ എന്നത്തേയും പോലെ ജീവിതം തകിടം മറിച്ചു. എനിക്കറിയാവുന്ന പല ആര്‍ട്ടിസ്റ്റുകളും മരണത്തിന്റെ വക്കിലോ ദുരിതത്തിന്റെ വക്കിലോ ആണെന്നു ഞാന്‍ കാണുന്നുണ്ട്. എന്നാല്‍ അവരെ അലട്ടുന്ന ഒന്നും പലപ്പോഴും എന്നെ അലട്ടിയിരുന്നില്ല. ഒരു തെരുവുനായയുടെ ക്ഷമ ഭക്ഷണം തേടുന്നതില്‍ പോലും എനിക്കുണ്ടായിരുന്നു. പലപ്പോഴും ഞാന്‍ ഒന്നും കണ്ടെത്തിയില്ല.

yama
വിപിന്‍ വിജയ് സംവിധാനം ചെയ്ത 'ചിത്രസൂത്രം' എന്ന സിനിമയില്‍ യമ

കലാപഠനം കഴിഞ്ഞ് വളരെ കുറച്ച് വര്‍ക്കുകള്‍ മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പലരും ഞാന്‍ ഒരു നടിയാണെന്നത് തന്നെ മറന്നുപോയിരുന്നു. ഞാന്‍ ചെയ്യുന്ന കല എങ്ങനെയായിരിക്കണം, എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ പലപ്പോഴും എന്നെ എന്തെങ്കിലും ചെയ്തു തുടങ്ങുന്നതില്‍ നിന്നുതന്നെ മാറ്റി നിര്‍ത്തി. അന്തരീക്ഷത്തില്‍ കാറ്റുകള്‍ പലയിടത്തു നിന്നായി വീശിയപ്പോള്‍ ഞാനതിന്റെ സ്വതന്ത്ര്യത്തെക്കുറിച്ചോര്‍ത്ത് അമര്‍ഷം കൊണ്ടു. എങ്ങനെ സാധിക്കുന്നു, തോന്നിയ ഇടത്തു നിന്ന് വീശാന്‍?

തിയേറ്റര്‍ പഠനകാലത്ത് ഞാന്‍ ഞാന്‍ കൂടുതലും സംവദിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും ഫെമിനിസ്റ്റ് കലാകാരികളോടായായിരുന്നു. പിന്നീട് ആ ലോകത്തു നിന്ന് തിയേറ്റര്‍ ആന്ത്രോപോളജി എന്ന കൂടുതല്‍ വിശാലമായ സ്ഥലത്തേക്ക് ശ്രദ്ധ മാറി. അങ്ങനെയാണ് മരണം, ഒരു നടന്റെയോ നടിയുടെയോ ശരീരത്തില്‍ കയറിക്കൂടുന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങുന്നത്. ഒരു sexual/ asexual body യില്‍ നിന്ന് ശ്വാസം നിലയ്ക്കാന്‍ പാകത്തിന് തുടിച്ചുകൊണ്ടിരിക്കുന്ന ശരീരം മാത്രമായി ഒരു നടി എന്ന നിലയില്‍ എന്റെ നിലനില്‍പ്പ്. ഏതു ചലനത്തിന് ശേഷവും ഏതു ഡയലോഗിന് ശേഷവും മലച്ചുവീഴാന്‍ പാകത്തിന് ഞാന്‍ കുറെമുന്നേ വരെ ഒരുക്കമായിരുന്നു. അതൊരു സൗകര്യം ആയിരുന്നെന്നും, ജീവിതത്തിന്റെ ഏറ്റവും തുച്ഛമായ നിലനില്‍പ്പിലേക്ക് എന്നെ ഒതുക്കാന്‍ പാകത്തിന് മറ്റു യാഥാര്‍ഥ്യങ്ങള്‍ ഉണ്ടെന്നും മറ്റൊരു ജീവന്‍ എന്നെ ഇപ്പോള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

yama

ജാതിമത ഭേദമന്യേ അപരിചിതരും ചിരപരിചിതരുമായ മനുഷ്യര്‍ മരണത്തിനു കീഴടങ്ങുമ്പോഴും വേനല്‍മഴയില്‍ ഇണയെത്തേടി ഇറങ്ങിപ്പോയി തിരികെ വരാന്‍ വൈകുന്ന പെണ്‍പൂച്ചയെ ഓര്‍ത്ത് ഞാന്‍ നിറവയറോടെ സങ്കടപ്പെട്ടിരിക്കുന്നു. അന്നനാളിയും ശ്വാസകോശവും ചവിട്ടിയുഴിയുന്ന കുഞ്ഞിക്കാലുകള്‍ എന്റെ ശ്വാസം മുട്ടിക്കുമ്പോള്‍ ആശുപത്രിക്കിടക്കകളിലും അനാഥത്വത്തിലും പിടഞ്ഞുമരിക്കുന്ന മനുഷ്യരുടെ ബന്ധുക്കളുടെ നിരാശ്രയത്വം എന്നെയിപ്പോള്‍ ബാധിക്കുന്നതായി ഞാന്‍ തിരിച്ചറിയുന്നു. ജിവാന്നി ബൊക്കാച്ചോയെ (Giovanni Boccaccio) പോലെ കഥകള്‍ എഴുതാന്‍ കറുത്ത മരണങ്ങളുടെ ഈ അവസ്ഥ എന്നെ പ്രചോദിപ്പിക്കുന്നില്ല. ആണുങ്ങള്‍ ഭരിക്കുന്ന ഈ രാജ്യത്തിലെ ഭരണാഭാസ ഉത്സവങ്ങള്‍ ടി.വിയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കണ്ണില്‍ ഉറക്കം കുത്തുന്നതുവരെയും നിസംഗതയോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഗര്‍ഭിണി മാത്രമാണ് ഞാന്‍ ഇപ്പോള്‍. എവിടെയൊക്കെയോ എരിയുന്ന ചിതകളുടെ മാംസപ്പുക ഞാന്‍ ഇരിക്കുന്നിടം വന്നു മൂടിയില്ല എന്നത് ഒരദ്ഭുതത്തോടെ ചിന്തിച്ച് ചിലപ്പോഴെങ്കിലും ഞാന്‍ ഉറക്കത്തിലേക്കു കൂപ്പുകുത്തുന്നു.

രാഷ്ട്രീയശരിയേക്കാളും ഞാന്‍ ചെയ്യുന്ന ആവിഷ്‌കരിക്കുന്ന കഥാപാത്രങ്ങളുടെ നിലയാണ് എന്നെ ബാധിക്കാറുള്ളത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിലപാടുകള്‍ ജീവിതത്തില്‍ എടുക്കേണ്ടി വരുന്നുണ്ടെങ്കിലും കലയില്‍ കാര്യങ്ങളെ കുറച്ചുകൂടി വലിയ കാന്‍വാസില്‍ വീക്ഷിക്കേണ്ടതിന്റെ ആവശ്യം ഉണ്ട് 

കലയിലെ രാഷ്ട്രീയശരി എന്നത് മലയാളത്തില്‍ അടുത്ത കാലത്ത് ചര്‍ച്ചയിലേക്ക് വന്ന വിഷയമാണ്. കാലത്തിനും സാമൂഹിക കാലാവസ്ഥയ്ക്കും ചരിത്രബോധത്തിനും ലിംഗബോധത്തിനും അനുസരിച്ച് രൂപപ്പെടുന്നതാണ് രാഷ്ടീയ ശരിയെക്കുറിച്ചുള്ള ചിന്തകള്‍. ഇടപെടുന്ന ആവിഷ്‌കാര മാധ്യമങ്ങളുടെ വ്യത്യസ്തതയനുസരിച്ച് രാഷ്ട്രീയ ശരിയുടെ കര്‍തൃത്വവും വ്യത്യാസപ്പെട്ടിരിക്കും. എഴുത്തുകാര്‍ കൃതികളില്‍ രാഷ്ട്രീയശരി പുലര്‍ത്തണമെന്ന് പറയാന്‍ പറ്റുമ്പോഴും അഭിനേതാക്കള്‍ (സിനിമയിലോ നാടകത്തിലോ) രാഷ്ട്രീയശരി പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷിക്കുക പ്രയാസമായിരിക്കും, അല്ലേ ? ഉദാഹരണത്തിന് "ബിരിയാണി'യുടെ പല വിമര്‍ശനങ്ങളില്‍ കനി ഇത്തരമൊരു റോള്‍ ഏറ്റെടുക്കരുതായിരുന്നു എന്ന് വാദിക്കപ്പെടുന്നുണ്ട്. മലയാള സിനിമയിലെ ഉജ്ജ്വലമായ പെര്‍ഫോമെന്‍സുകളില്‍ ഒന്നായാണ് "ബിരിയാണി'യിലെ കനിയെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. കലാമാധ്യമങ്ങളുടെ രാഷ്ട്രീയ ശരികളെ ഒരു ഓതര്‍ എന്ന നിലയിലും പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും എങ്ങനെയാണ് യമ ഉള്‍ക്കൊണ്ടിട്ടുള്ളത്, ആവിഷ്‌കരിക്കുന്നത്?

ഒരു എഴുത്തുകാരി എന്ന നിലയിലും പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും രാഷ്ട്രീയശരികളുടെ പുറകില്‍ അധികം ഓടുന്ന ഒരാളല്ല ഞാന്‍. കഴിയുന്നിടത്തോളം സമൂഹത്തെ ബാധിക്കുന്ന എല്ലാത്തരം വിഷയങ്ങളെക്കുറിച്ചും വായിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എക്‌സ്‌പെര്‍ട്ടുകളുടെ വിശകലനങ്ങള്‍ കേള്‍ക്കാനും ശ്രമിക്കുന്നുണ്ട്. ചെറുപ്പം മുതലേ ഞാന്‍ പഠിച്ചതോ ശീലിച്ചതോ ആയ കാര്യങ്ങളെ പലതിനെയും മറ്റു മനുഷ്യരുടെ ഇടപെടലുകളും കണ്ടെത്തലുകളും തകിടം മറിച്ചിട്ടുണ്ട്. ഓരോ ദിവസവും നവീകരിക്കപ്പെടുന്ന മനസുമായിരിക്കാന്‍ തയ്യാറാണ് എന്നത് മാത്രമാണ് ഞാന്‍ എടുത്തിട്ടുള്ള തീരുമാനം. അങ്ങനെയിരിക്കുന്ന ഞാന്‍ എഴുതുകയോ മറ്റെന്തെങ്കിലും കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുമ്പോള്‍ അതില്‍ എന്റെ തീരുമാനങ്ങളുടെ സ്വാഭാവികമായ പ്രതിഫലനം ഉണ്ടാകും എന്നുമാത്രമേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ. അതല്ലാതെ സമൂഹത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യങ്ങള്‍, അതാണല്ലോ ശരി എന്ന ബോധ്യത്തോടെ ഞാന്‍ ഒന്നും ചെയ്യാറില്ല. ഒരുപാട് ഉപദ്രവിച്ച വില്ലനോട് മരണാവസ്ഥയില്‍ നായകനോ നായികയ്ക്കോ അനുകമ്പ തോന്നിയാല്‍ എന്ത് ചെയ്യും? ജീവിതത്തില്‍ എനിക്ക് പലരോടും എനിക്കങ്ങനെ ആകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതെ സന്ദര്‍ഭം ഞാന്‍ കഥയിലോ കലയിലോ എഴുതുമ്പോള്‍ അതല്ലല്ലോ വേണ്ടിയിരുന്നത് എന്ന കുറ്റബോധത്തോടെ മറ്റു തരത്തില്‍ ഞാന്‍ എഴുതാറും ചെയ്യാറും ഒക്കെ ഉണ്ട്. എനിക്ക് കല ജീവിതത്തിന്റെ പരിച്ഛേദം എന്നതിനേക്കാള്‍ ജീവിതത്തെ തകിടം മറിക്കുന്ന ഒന്നാണ്. ജീവിതത്തിലെ ദുരിതങ്ങളും കുറ്റബോധങ്ങളും നിരാശ്രയത്വവും ഒക്കെ ഞാന്‍ എഴുത്തിലൂടെയോ കലയിലൂടെയോ ഒക്കെ മറികടക്കാം എന്ന് വ്യാമോഹിക്കുന്നു, അല്ലാതെ അവയെ ആവിഷ്‌ക്കരിക്കാം എന്ന ആഗ്രഹം എനിക്കില്ല.

yama
'നായാട്ട്' സിനിമയിൽ യമ

പറഞ്ഞു വന്നത് രാഷ്ട്രീയശരിയുടെ കാര്യമാണ്. രാഷ്ട്രീയശരിയേക്കാളും ഞാന്‍ ചെയ്യുന്ന ആവിഷ്‌കരിക്കുന്ന കഥാപാത്രങ്ങളുടെ നിലയാണ് എന്നെ ബാധിക്കാറുള്ളത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിലപാടുകള്‍ ജീവിതത്തില്‍ എടുക്കേണ്ടി വരുന്നുണ്ടെങ്കിലും (ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍) കലയില്‍ കാര്യങ്ങളെ കുറച്ചുകൂടി വലിയ കാന്‍വാസില്‍ വീക്ഷിക്കേണ്ടതിന്റെ ആവശ്യം ഉണ്ട് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഒരു രാഷ്ട്രീയശരി മനസിലാക്കാന്‍ കല ഉപഭോഗം ചെയ്യപ്പെടുന്ന അവസ്ഥ അരോചകമാണ്. പ്രൊപോഗണ്ട വര്‍ക്കുകളുടെ കാര്യമല്ല ഞാന്‍ പറയുന്നത്. രാഷ്ട്രീയപാര്‍ട്ടികളും അവരോട് ചായ്‌വുള്ളവരും ഒക്കെ അമ്മാതിരി എഴുത്തുകളും കലാവിഷ്‌കാരങ്ങളും ചെയ്യാറുണ്ട്. അങ്ങനെയുള്ള വര്‍ക്കുകളില്‍ കൃത്യമായ ചായ്‌വുള്ളതുകൊണ്ട് സംവാദത്തിനുമപ്പുറം വേണ്ടവര്‍ക്ക് അവയെ വാഴ്ത്തിപ്പാടുകയോ നിരാകരിക്കുകയോ ചെയ്യാം. വാഴ്​ത്തലുകള്‍ക്കും ഇകഴ്​ത്തലുകള്‍ക്കും അപ്പുറം സംവാദത്തിനും കല്ലെറിയലുകള്‍ക്കു വിധേയമാകുന്നതും രാഷ്ട്രീയപ്രവര്‍ത്തനമാണ്. പ്രത്യക്ഷ രാഷ്ട്രീയം പറയാത്ത ആര്‍ട്ട് വര്‍ക്കുകള്‍ക്കും അങ്ങനെ കല്ലെറിയലുകള്‍ കൊള്ളേണ്ടി വന്നിട്ടുണ്ട്.
സ്റ്റാലിന്റെ റഷ്യയില്‍ ഫോർമലിസം പ്രാക്ടീസ് ചെയ്തിരുന്ന നാടകപ്രവര്‍ത്തകനായ മേയര്‍ഹോള്‍ഡിനെ ഭരണകൂടം കസ്റ്റഡിയിലെടുത്ത് അതിക്രൂരമായ പീഡനപരമ്പരകള്‍ക്കു ശേഷം വെടിവച്ചു കൊല്ലുകയാണുണ്ടായത്. അയാള്‍ ചെയ്ത കുറ്റം, ഭരണകൂടത്തിനും മീഡിയോക്കര്‍ സമൂഹത്തിനും അഭിമതമായ ഉന്നതാദര്‍ശ സ്വഭാവമുള്ള സോഷ്യലിസ്റ്റ് റിയലിസത്തില്‍ അല്ല അയാള്‍ കല പ്രാക്ടീസ് ചെയ്തിരുന്നത് എന്നതാണ്. ഭരണകൂടത്തിനെതിരായി പറയുന്നതുപോലെ തന്നെ പൊതുസമ്മിതിയുള്ള കാര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിധേയരായി പ്രവര്‍ത്തിക്കാത്തത് കാരണവും ആര്‍ട്ടിസ്റ്റുകളെ സമൂഹം കല്ലെറിയാറുണ്ട്. ‘ബിരിയാണി’ സിനിമയുടെ കാര്യത്തില്‍, (ഞാന്‍ സിനിമ കണ്ടിട്ടില്ല) കനി ഒരു റോള്‍ ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് നാട്ടുകാരല്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. എങ്ങനെ അഭിനയിക്കണം എന്ന കാര്യത്തിലും. ഒരു ആര്‍ട്ടിസ്റ്റിന്റെ ഇമേജ് എന്താവണം എന്നത് തീരുമാനിക്കേണ്ടത് നാട്ടുകാരല്ല.

‘നായാട്ട്’ സിനിമ ഇറങ്ങിയതിന്റെ അടുത്ത ദിവസം തന്നെ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന്​ പലപ്പോഴായി ചെയ്തിട്ടുള്ള ഡെയ്‌ലി ആക്ടിവിറ്റിയുടെ ഭാഗമായുള്ള വീഡിയോകള്‍ എടുത്ത് എഡിറ്റ് ചെയ്ത് കുറെ വിദ്വാന്മാര്‍ അവരുടെ ചാനലുകളില്‍ അശ്‌ളീല പരാമര്‍ശത്തോടെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

പക്ഷെ വിഷ്വല്‍ മീഡിയയുടെ കാര്യത്തില്‍ ആള്‍ക്കാര്‍ അതിനെ വായിക്കുന്ന രീതിയൊക്കെ പലപ്പോഴും വളരെ കോംപ്ലക്‌സ് ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് അങ്ങനെ ആവാനേ തരമുള്ളു താനും. ഖജൂരാവോ അമ്പലത്തില്‍ ഇത്രയധികം നഗ്‌നശില്പങ്ങള്‍ എന്തിനാണ് എന്ന് ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്. അത് വെറും കലാരൂപങ്ങള്‍ മാത്രമായി കൊത്തിവച്ചിരിക്കുന്നതാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. വായന പലരീതിയില്‍ ആകാം. അതിങ്ങനെയെ ആകാവൂ എന്ന് നമുക്ക് ശഠിക്കാന്‍ കഴിയില്ല. ലോകപ്രശസ്തങ്ങളായ പല സിനിമകളിലെയും വാഴ്​ത്തപ്പെട്ട സീനുകള്‍ പോലും യൂട്യൂബിലോ പോണ്‍ സൈറ്റുകളിലോ അശ്ളീല പരാമര്‍ശത്തോടെ നമുക്ക് കാണാന്‍ കഴിയും. context ല്‍ നിന്ന്​ അടര്‍ത്തിയെടുത്തിയാല്‍ നമ്മുടെയൊക്കെ ജീവിതങ്ങള്‍ തന്നെ അശ്ലീലമാണ്. ചൂടുസമയത്ത് ശരീരം പൊതിഞ്ഞു നടക്കുന്ന മനുഷ്യരെക്കാളും അശ്ലീലം മറ്റെന്താണുള്ളത്? ഈയിടെ ‘നായാട്ട്’ സിനിമ ഇറങ്ങിയതിന്റെ അടുത്ത ദിവസം തന്നെ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന്​പലപ്പോഴായി ചെയ്തിട്ടുള്ള ഡെയ്‌ലി ആക്ടിവിറ്റിയുടെ ഭാഗമായുള്ള വീഡിയോകള്‍ എടുത്ത് എഡിറ്റ് ചെയ്ത് കുറെ വിദ്വാന്മാര്‍ അവരുടെ ചാനലുകളില്‍ അശ്‌ളീല പരാമര്‍ശത്തോടെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ടൈറ്റില്‍ വായിച്ചിട്ട് വീഡിയോയില്‍ ഒന്നുമില്ലെങ്കിലും ആള്‍ക്കാര്‍ക്ക് അതില്‍ അശ്ലീലം കാണാന്‍ പറ്റും. ഒരു വസ്തുവിനെയോ പ്രവൃത്തിയെയോ അതല്ലാതാക്കുന്ന പ്രക്രിയ ആണത്. അതുകൊണ്ടാണ് വിഷ്വല്‍ മീഡിയയുടെ റീഡിങ് കോംപ്ലെക്‌സ് ആണ് എന്ന് ഞാന്‍ പറഞ്ഞത്. പ്രത്യേകിച്ച് സ്ത്രീകളുടെ റെപ്രസന്റേഷന്റെ കാര്യത്തില്‍. എത്ര വല്യ ഉദാത്തകല ചെയ്യുന്നയാളാണെങ്കിലും പെണ്ണാണെന്ന് കണ്ടാല്‍ ഭോഗിക്കാനുള്ള ശരീരം മാത്രമാക്കിക്കാണാനും കാണിക്കാനും ഉള്ള ആണുങ്ങളുടെ കൂട്ടങ്ങള്‍ ഇവിടെയുണ്ട്.

'ഖസാക്കിന്റെ ഇതിഹാസം' നാടകത്തില്‍ മെെമൂനയായി യമ
'ഖസാക്കിന്റെ ഇതിഹാസം' നാടകത്തില്‍ മെെമൂനയായി യമ

ആര്‍ട്ട് വര്‍ക്കുകള്‍ എവിടെ കാണിക്കുന്നു എന്നതും വായനയെ ബാധിക്കും. ആസ്വാദകര്‍ എന്ന് പറയുന്നതിന്റെ അര്‍ത്ഥതലം ഇപ്പോള്‍ മാറിപ്പോയിരിക്കുന്നു. ഒരു പ്രത്യേക ആര്‍ട്ട്‌വര്‍ക്കിന്റെ ഭാഷ പരിചയം ഉള്ളവര്‍ അതിനെ ആ നിലയ്ക്ക് വായിക്കാന്‍ ശ്രമിക്കും. അല്ലാത്തവരില്‍ നിന്നും ആ നിലവാരത്തില്‍ സംവാദം പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരം അല്ലെ? ബോഡി പെയിൻറിങ് വീഡിയോ ഒഴിച്ച് രഹ്​ന ഫാത്തിമയുടെ വീഡിയോകള്‍ പലതും ആണ്‍നോട്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നായിട്ട് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവരെ ഏറ്റവും വേട്ടയാടിയത് എന്നാല്‍ ആ ബോഡി പെയിൻറിങ് വീഡിയോ ആണു താനും. അതിലെ സ്വാഭാവികത ആണ് ഇവിടത്തെ സദാചാരക്കാരെ പ്രകോപിപ്പിച്ചത്. പെണ്ണുങ്ങളുടെ ശരീരം തങ്ങളുടെ കാഴ്ചയ്ക്ക് എങ്ങനെ വിധേയമായിരിക്കണം എന്നതിനെക്കുറിച്ച് ആണുങ്ങള്‍ക്കും അവരുടെ കാഴ്ചപ്പാട് പിന്തുടരുന്ന പെണ്ണുങ്ങള്‍ക്കും നല്ല ധാരണയുണ്ട്. അതിനെ മറികടക്കുന്ന എന്തിനെയും അവര്‍ പ്രശ്‌നവല്‍ക്കരിക്കും. അപ്പോള്‍ എല്ലാവർക്കും പൊളിറ്റിക്‌സ് ഉണ്ടെന്നിരിക്കെ ആരുടെ പൊളിറ്റിക്‌സിന്റെ ശരിയാണ് നമ്മള്‍ കലയില്‍ തേടുന്നത്? ഓരോരുത്തരും അവരുടേത് എന്ന് പറയേണ്ടി വരും. ഇത് കല ചെയ്യുന്നവര്‍ക്ക് ബാധ്യത തന്നെയാണ്.

‘നായാട്ട്’ ദളിത് വിരുദ്ധ സിനിമയാണെന്ന പരാമര്‍ശങ്ങള്‍ ഞാന്‍ ഒരുപാടിടത്ത് കണ്ടു. ചില സിസ്റ്റമിക് ക്‌ളീഷേകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ അങ്ങനെ ഒരു അനുഭവം ആ സിനിമ എനിക്ക് തന്നിട്ടില്ല.

ഗാലറിയില്‍ ഒരു ചിത്രമോ ആര്‍ട്ട് വര്‍ക്കോ പ്രദർശിപ്പിക്കുമ്പോള്‍ അതിലേക്കുള്ള പ്രകാശവിന്യാസത്തില്‍ ആര്‍ട്ടിസ്റ്റ് പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്താറുണ്ട്. അതെങ്ങനെ കാണപ്പെടണം എന്നതിനെക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ട്. എന്നുപറഞ്ഞാല്‍ അതെങ്ങനെയെങ്കിലും കണ്ടാല്‍ പോരാ. നാടകത്തില്‍ തന്നെ പ്രദര്‍ശനത്തിന് പല തരത്തിലുള്ള സങ്കേതങ്ങള്‍ പിന്തുടരാറുണ്ട്. അത് ആ കലാരൂപം എങ്ങനെ ആസ്വദിക്കപ്പെടണം എന്നതിലേക്കുള്ള കണക്കുകൂട്ടല്‍ ആണ്. എന്നുപറയുമ്പോള്‍ ഒരു പ്രത്യേക ആക്ഷനോ സീനോ ഇങ്ങനെ തന്നെ വായിക്കപ്പെടണം എന്ന നിര്‍ബന്ധം. രൂപപരമായ ഇത്തരം കാര്യത്തില്‍ പാലിക്കുന്ന ഇത്തരം നിഷ്‌കര്‍ഷ പലപ്പോഴും വിഷ്വല്‍ മീഡിയയില്‍ പാളിപ്പോകുന്നതായാണ് കാണാറുള്ളത്. പ്രത്യേകിച്ചും അത് സോഷ്യല്‍ റിയലിസം ഡീല്‍ ചെയ്യുന്ന സമയത്ത്. ‘നായാട്ട്’ ദളിത് വിരുദ്ധ സിനിമയാണെന്ന പരാമര്‍ശങ്ങള്‍ ഞാന്‍ ഒരുപാടിടത്ത് കണ്ടു. ചില സിസ്റ്റമിക് ക്‌ളീഷേകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ അങ്ങനെ ഒരു അനുഭവം ആ സിനിമ എനിക്ക് തന്നിട്ടില്ല. നിമിഷയുടെ കഥാപാത്രത്തില്‍ നിന്നാണ് എനിക്ക് ആ സിനിമ തുടങ്ങുന്നത്. അതൊരു പെണ്ണിന്റെ പ്രശ്‌നത്തില്‍ നിന്നാണ് തുടങ്ങുന്നത്. അതിനു പുറത്തുള്ള എല്ലാ സിസ്റ്റവും എന്നെ സംബന്ധിച്ച്​ആണുങ്ങളുടേതാണ്. അത് സമുദായം ആണെങ്കിലും സ്റ്റേറ്റ് ആണെങ്കിലും. എന്റെ കഥാപാത്രം പോലും ആണുങ്ങളുടെ യുക്തികള്‍ കെട്ടിപ്പടുത്ത സിസ്റ്റത്തിനകത്തുള്ള സ്ത്രീയായ ഒരു ഓഫീസറുടെ നിസ്സഹായതയാണ്. അവര്‍ സിസ്റ്റത്തിന്റെ പല കള്ളക്കളികള്‍ക്കും വിധേയ ആയും നില്‍ക്കുന്നുണ്ട്. ആ കഥാപാത്രം വിജയശ്രീലാളിതയായി ഈ സിസ്റ്റത്തെ പരിഷ്‌കരിക്കുന്നതു കാണിച്ചാല്‍ പൊളിറ്റിക്കളി കറക്ട് ആയ ഒരു കഥാപാത്രം ആകുമോ എന്റേത്? അതുകൊണ്ട് ആരാണ് തൃപ്തിപ്പെടുന്നത്? ക്രൂരതയുടെയും സ്വാര്‍ത്ഥതയുടെയും പര്യായമായി മാറാവുന്ന ഒരു സ്ത്രീയുടെ ഒരു റോള്‍ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അതൊരു സൃഷ്ടിയായി കാണാന്‍ കഴിയാത്ത സമൂഹം കല്ലെറിയട്ടെ എന്നെ എനിക്ക് പറയാനാവൂ. 

യമ

എഴുത്തുകാരി, നടി. തിയേറ്റര്‍ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍ മാത്രം കാണുന്നത് എന്നീ കഥാസമാഹാരങ്ങളും, പിപീലിക എന്ന നോവലും കൃതികളാണ്.

കമല്‍റാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റര്‍.