രണ്ട് ചോദ്യങ്ങള്‍
എ.എ. റഹീം / കെ.കണ്ണന്‍
സമൂഹമാധ്യമങ്ങളിലെ അപരമുഖങ്ങളെ
ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കല്‍ അക്കൗണ്ടിലാക്കരുത്
മുഖമില്ലാത്തവരും ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും വ്യക്തികളും ചെയ്യുന്ന കാര്യങ്ങളുമായോ സമൂഹ മാധ്യമങ്ങളിലെ അത്തരം ചലനങ്ങളുമായോ ഞങ്ങള്‍ക്ക് ബന്ധമില്ല.

കെ. കണ്ണൻ: കേരളത്തിന്റെ പുരോഗമന - മതേതര അടിത്തറ ദുര്‍ബലമാക്കാനുളള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും യാഥാസ്ഥിതിക മതനേതൃത്വങ്ങളുടെയും ആക്രമണത്തിനെതിരെയാണ്, ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്ന കാലത്ത് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ലിംഗനീതി എന്ന മുദ്രാവാക്യമുയര്‍ത്തി വനിതാ മതില്‍ കെട്ടിയതും നവോത്ഥാനത്തിന്റെ പുതുകാല തുടര്‍ച്ചയെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചതും. എന്നാല്‍, പിന്നീട് ഈ മുന്‍കൈയിന് തുടര്‍ച്ച ദൃശ്യമായില്ലെന്നുമാത്രമല്ല, അതില്‍നിന്ന് പുറകോട്ടുപോകാനുള്ള പ്രവണതയുമുണ്ടായി. മതത്തെയും വിശ്വാസങ്ങളെയും മാത്രമല്ല, രാഷ്ട്രീയത്തെ കൂടി നിയന്ത്രിക്കുന്ന യാഥാസ്ഥിതിക പൊതുബോധം ഇടതുപക്ഷ നിലപാടുകളെ പുറകോട്ടുവലിക്കുന്നതായി വിമര്‍ശനമുയരുന്നു. ജന്‍ഡര്‍ പൊളിറ്റിക്‌സിന്റെയും പുതിയ സോഷ്യല്‍ ക്ലാസുകളുടെയുമൊക്കെ റപ്രസെന്റേഷനുകളെ, സാമൂഹിക നീതിയുടെ പുതിയ മുദ്രാവാക്യങ്ങളെ ഇടതുപക്ഷത്തിന് എത്രത്തോളം കൃത്യമായി പ്രതിനിധീകരിക്കാന്‍ കഴിയുന്നുണ്ട്?
എ.എ. റഹീം: ചോദ്യത്തിൽ സൂചിപ്പിച്ച വിഷയത്തെ ഇടതുപക്ഷത്തിന് ഏറ്റവും നന്നായി അഭിസംബോധന ചെയ്യാന്‍ കഴിയുന്നുണ്ട്. കേരളത്തിന്റെ പുരോഗമന സ്വഭാവം ഇല്ലാതാക്കുന്നത് ചോദ്യത്തില്‍ പരാമര്‍ശിച്ചതുപോലെ വലതുപക്ഷ ശക്തികളും യാഥാസ്ഥിതിക ശക്തികളും മാത്രമല്ല, ഒരു വിഭാഗം കൂടിയുണ്ട്- നവ ഉദാരവത്കരണ ശക്തികള്‍, സമ്പന്നവര്‍ഗം. ഇവര്‍ ചേര്‍ന്ന് കേരളത്തിന്റെ പുരോഗമന സ്വഭാവം ഇല്ലാതാക്കാന്‍ സംഘടിതമായ, ആസൂത്രിതമായ ശ്രമം നടത്തുന്നുണ്ട്. ഇതിനെതിരായ സമരങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെ മാത്രം മുന്‍നിര്‍ത്തിയല്ല പറയേണ്ടത്, മറിച്ച് അതൊരു തുടര്‍ച്ചയാണ്.
രാഷ്ട്രീയ ഗൂഢാലോചനയുടെ ആത്യന്തിക ലക്ഷ്യം ഇടതുപക്ഷത്തെ തകര്‍ക്കുകയാണ്. ഉന്‍മൂലന ലക്ഷ്യത്തോടെ ഇടതുപക്ഷത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ഉപജാപക സംഘങ്ങളെ തുറന്നുകാണിക്കുക തന്നെ വേണം.
ഇവിടെ പരാമര്‍ശിക്കപ്പെട്ട ഒരു കാര്യം വനിതാ മതിലാണ്. ചോദ്യത്തിലെ വസ്തുതാപരമായ ഒരു പിശക്, അതില്‍ നിന്ന് നമ്മള്‍ പുറകോട്ടുപോയി എന്നതാണ്. അതിനോട് യോജിക്കാനാകില്ല. ആ നിലപാടില്‍ തന്നെയാണ് സി.പി.എം എല്ലായ്പ്പോഴും നിന്നിട്ടുള്ളത്. വനിതാ മതില്‍ മാത്രമായി അതിനെ കാണേണ്ടതില്ല. വര്‍ത്തമാനകാലത്ത് ഇടതുപക്ഷ പ്രവര്‍ത്തനത്തിലെ പ്രധാന ചുമതല വലതുപക്ഷവത്കരണത്തിനെതിരായ വലിയ സമരമാണ്. ഡി.വൈ.എഫ്.ഐ. തന്നെയും എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിശദമായി വലതുപക്ഷവത്കരണത്തിനെതിരായ ശക്തമായ കാമ്പയിനെക്കുറിച്ച് ദിവസം മുഴുവന്‍ ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല, തുടര്‍ച്ചയായ കാമ്പയിനാണ് ഉദ്ദേശിക്കുന്നത്.

വര്‍ഗീയത, ജാതി ബോധം, സ്ത്രീധനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍, ജെന്‍ഡര്‍ ഇക്വാലിറ്റി, (നമ്മുടെയൊക്കെ കുടുംബത്തിനകത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സ്വയം വിമര്‍ശനാത്മകമായി തന്നെ കാണണം), എങ്ങനെയും പണമുണ്ടാക്കുന്നതിനുള്ള ത്വര, ആഢംബര വിവാഹങ്ങള്‍ തുടങ്ങി പൊതു ഇടങ്ങളുടെ (Social Space) സംരക്ഷണം, ശാസ്ത്രാഭിമുഖ്യം വളർത്തുക ഉള്‍പ്പെടെയുള്ള വിപുലമായ പദ്ധതികളെക്കുറിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തുകയും തീരുമാനമെടുത്ത് മാധ്യമങ്ങളോട് പറയുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ കാമ്പയിന്‍ കേരളമാകെ നടന്നുവരികയാണ്.
അടുത്തകാലത്താണ് മോറല്‍ പൊലീസിങ്ങിന്റെ ഭാഗമായി മലപ്പുറത്ത് ഒരു അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്. ഞാനവിടെ സന്ദര്‍ശിച്ചു. അതിനുപിന്നാലെ മോറല്‍ പൊലീസിങ് അനുവദിക്കില്ല എന്ന ശക്തമായ തീരുമാനം ഡി.വൈ.എഫ്.ഐ. പ്രഖ്യാപിച്ചു. വനിതാ മതില്‍ എന്ന ഒറ്റ കാര്യം ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇതുപോലുള്ള സമരങ്ങളെയും പ്രവര്‍ത്തനങ്ങളെയും കാണാതിരിക്കുകയാണ്. കേരളത്തില്‍ ഞങ്ങള്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം സമരങ്ങൾ നിരന്തരം നിഴലിച്ചുനില്‍ക്കുന്നുണ്ട്. അത് യാദൃച്ഛികമല്ല, വലതുപക്ഷവൽക്കരണത്തിനെതിരായ സമരത്തിന്റെ ഭാഗമായി ബോധപൂർവം തന്നെ ഞങ്ങൾ ആസൂത്രിതമായി ചെയ്യുന്നതാണിത്.
പലപ്പോഴും നമ്മുടെ വിലയിരുത്തലുകളില്‍ വരുന്ന ഒരു ദൗര്‍ബല്യം, നമ്മള്‍ അളവുകോലായി എടുക്കുന്നത് ആഘോഷിക്കപ്പെടുന്ന വാര്‍ത്തകളാണ് എന്നതാണ്.
ഇന്ന് കേരളത്തിലെ ഏത് ഡി.വൈ.എഫ്.ഐ. യൂണിറ്റുകളില്‍ പോയാലും ‘അഭിമാനത്തോടെ ഞാൻ പറയും, ഞാന്‍ സ്ത്രീധനം വാങ്ങില്ല, കൊടുക്കുകയുമില്ല’ എന്നെഴുതിയ ബോര്‍ഡ് കാണാം. 25,000ത്തോളം വരുന്ന ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് പ്രദേശങ്ങളില്‍ ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സ്ത്രീധനത്തിനും അന്ധവിശ്വാസത്തിനും അനാചാരത്തിനും വര്‍ഗീയതയ്ക്കുമെതിരെ ശക്തമായ പ്രചാരണവും സമരങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് ആലോചിച്ചിട്ടുള്ളത്. അതുകൊണ്ട്, ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിറകോട്ടുപോയി എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. ഇത്തരം പ്രവണതകൾ സമൂഹത്തിന്റെ പൊതുപുരോഗതിക്ക് തടസമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

പലപ്പോഴും നമ്മുടെ വിലയിരുത്തലുകളില്‍ വരുന്ന ഒരു ദൗര്‍ബല്യം, നമ്മള്‍ അളവുകോലായി എടുക്കുന്നത് ആഘോഷിക്കപ്പെടുന്ന വാര്‍ത്തകളാണ് എന്നതാണ്. വാര്‍ത്തകളുടെ പ്രയോറിറ്റിയില്‍ ഇടം പിടിക്കുന്നതിന് പലതരം ഘടകങ്ങളുണ്ട്. വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ, അവിടെ ആദ്യമെത്തിയതും ഇടപെട്ടതും ഡി.വൈ.എഫ്.ഐയാണ്. പിന്നീട് കോട്ടയത്ത് പ്രണയ വിരോധത്തിന്റെ പേരില്‍ നിതിന മോള്‍ കൊല്ലപ്പെട്ടു. അവിടെയും ഞങ്ങള്‍ ഇടപെട്ടു. മാധ്യമങ്ങള്‍ ഉപേക്ഷിച്ചുപോകുമ്പോഴും, ഇത്തരം വിഷയങ്ങൾ ഞങ്ങള്‍ വിടുന്നില്ല. കുടുംബങ്ങൾക്കൊപ്പം നില്‍ക്കുകയും ആ വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുകയുമാണ് ചെയ്യുന്നത്.
വര്‍ഗീയ പരാമര്‍ശങ്ങളോടെയും മതന്യൂനപക്ഷ വേട്ടക്ക് ആഹ്വാനം ചെയ്തും കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രകടനം നടത്തി. 24 മണിക്കൂറിനകം ഡി.വൈ.എഫ്.ഐ. അതിനേക്കാള്‍ ശക്തമായ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ച് മതന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം കൊടുക്കുംവിധം, വര്‍ഗീയതയ്ക്കെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ച് പ്രകടനം നടത്തി. ‘ഹലാൽ ഹോട്ടലി’ന്റെ പേരിൽ സംഘ്പരിവാർ നടത്തിയ വിദ്വേഷ പ്രചാരണത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ‘ഫുഡ് സ്ട്രീറ്റും’ വർഗീയതക്കെതിരായ വലിയ സമരമാണ്. വലതുപക്ഷവത്കരണത്തിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഓരോ പ്രശ്നത്തിലും അതിതീവ്രമായ ഇടപെടലുകളും ശക്തമായ നിലപാടുകളുമാണ് ഡി.വൈ.എഫ്.ഐ. എടുത്തുവരുന്നത്. സി.പി.എമ്മും അത്തരം സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. ഭരിക്കുന്ന കക്ഷിയെന്ന നിലയില്‍ ഇടതുപക്ഷം വലതുപക്ഷവത്കരണത്തിനെതിരെ എത്രയോ ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. മതവും ജാതിയും വിവാഹ രജിസ്ട്രേഷന് നിര്‍ബന്ധമല്ല എന്നൊരു തീരുമാനമെടുത്തു. അതൊന്നും മാധ്യമങ്ങള്‍ ആഘോഷിക്കുന്നില്ല. ആഘോഷിക്കാത്തതുകൊണ്ട് വനിതാ മതില്‍ പോലെ അതൊരു അളവുകോലായി വരുന്നില്ല. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ജാതിയും മതവുമില്ലാത്ത കുട്ടികൾക്കായി ഒരു കോളം എൻറോൾമെൻറ് രജിസ്റ്ററില്‍ കൊണ്ടുവന്നത്. ഇതൊന്നും ചെറിയ കാര്യമല്ല.
നിരവധി വനിതകള്‍ പാർട്ടി ബ്രാഞ്ച് സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ള സ്ഥാനത്ത് വരുന്നു. അതൊരു വലിയ മാറ്റമാണ്. യഥാര്‍ഥത്തില്‍ ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ മുദ്രാവാക്യം പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലുമുണ്ട്.
‘നോളജ് ഇക്കണോമി വിഷനി’ലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത് വീട്ടിനകത്ത് തളയ്ക്കപ്പെട്ട അഭ്യസ്തവിദ്യരായ യുവതികളുടെ പ്രശ്നങ്ങൾ കൂടിയാണ്. വിവാഹമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് പെണ്‍കുട്ടികളെ ഉന്തിത്തള്ളുന്നു. നല്ല സ്ഥാപനത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുണ്ട്. പക്ഷെ ആ പെണ്‍കുട്ടികള്‍ പഠനം കഴിഞ്ഞ് എവിടെ പോകുന്നു? അവര്‍ അടുക്കളയില്‍ ഒതുങ്ങിപ്പോകുന്നു. ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്നൊരു സമരം ആവര്‍ത്തിക്കേണ്ട കാലത്ത് സര്‍ക്കാര്‍ അതേറ്റെടുക്കുകയാണ്. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നുപറയുന്നത് ജെന്‍ഡര്‍ ഇക്വാലിറ്റി ഉയര്‍ത്തിപ്പിടിക്കുന്നതും വലതുപക്ഷവത്കരണത്തിന് എതിരായതുമായ സമരമാണ്. അഡ്മിനിസ്ട്രേറ്റീവ് തലത്തില്‍ തന്നെ ഇത്തരം നടപടികളുണ്ടാവുകയാണ്. ദലിതർക്ക് പൂജാരിയായി വരാന്‍ കഴിയുന്നു, അവർക്ക്വിലക്കുകളില്ലാതെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനാകുന്നു. ഇതൊക്കെ വലതുപക്ഷവത്കരണത്തിനെതിരെ സര്‍ക്കാര്‍ തന്നെയെടുക്കുന്ന തീരുമാനങ്ങളാണ്. ഇങ്ങനെ ഒട്ടനവധി ചരിത്രപരമായ തീരുമാനങ്ങള്‍ എണ്ണിപ്പറയാനാകും. അതുകൊണ്ട് ഇത്തരമൊരു വിമര്‍ശനം ശരിയല്ല. ഞങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ വലതുപക്ഷവത്കരണത്തിനെതിരെ ശക്തമായ നിലപാടും കാമ്പയിനുമുണ്ട്.
സി.പി.എം സമ്മേളനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ സി.പി.എമ്മിനൊരു വനിതാ ഏരിയാ സെക്രട്ടറി ഉണ്ടായിട്ടുണ്ട്. അഭ്യസ്തവിദ്യര്‍ ഉള്‍പ്പെടെ നിരവധി വനിതകള്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ള സ്ഥാനത്ത് വരുന്നു. അതൊരു വലിയ മാറ്റമാണ്. യഥാര്‍ഥത്തില്‍ ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ മുദ്രാവാക്യം പ്രസംഗത്തില്‍ മാത്രമല്ല, ഞങ്ങളുടെ പ്രവൃത്തിയിലുമുണ്ട്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സമ്മേളനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനകം വിവിധ യൂണിറ്റുകളില്‍ സെക്രട്ടറിയും പ്രസിഡന്റുമൊക്കെയായി വനിതകള്‍ വന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യും സി.പി.എമ്മും സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ്.
അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിലും അവര്‍ അതിനെതിരെ നടത്തിയ സമരങ്ങളിലും, സി.പി.എമ്മിനൊപ്പം നില്‍ക്കുകയും ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തുകയും ചെയ്യുന്ന പല സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും നടത്തിയ ഇടപെടലുകള്‍, കപട സദാചാരത്തിന്റെയും ഫ്യൂഡല്‍ മൂല്യങ്ങളുടെയും ആണധികാരത്തിന്റെയുമെല്ലാം അഴിഞ്ഞാട്ടങ്ങളായിരുന്നു. "പോരാളി ഷാജി' എന്നത് നിഗൂഢമായ അജ്ഞാത സംഘമാണെന്ന് താങ്കളും തന്റെ പേരിലുള്ള ഫാന്‍സ് പേജുകളുമായി ബന്ധമില്ലെന്ന് എം. സ്വരാജും പറഞ്ഞിട്ടുണ്ട്. എങ്കിലും, തിരുത്തപ്പെടാതെയും തള്ളിക്കളയാതെയും നിരവധി പ്രഖ്യാപിത ഇടതു പ്രൊഫൈലുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അനുപമ വിഷയത്തില്‍ മാത്രമല്ല; സമീപകാലത്ത് "ജയ് ഭീം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ജാതിയും ഇടതുപക്ഷവും എന്ന വിഷയം ചര്‍ച്ചയായപ്പോഴും ദീപ പി. മോഹനന്‍ എന്ന വിദ്യാര്‍ഥി, എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസിലെ ജാതി വിവേചനത്തിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് സംവാദമുണ്ടായപ്പോഴും സോഷ്യല്‍ മീഡിയയിലെ "ഇടതുപക്ഷം', അസഹിഷ്ണുത നിറഞ്ഞ ഭാഷയും നിലപാടുമാണ് പുലര്‍ത്തിയതെന്ന വിമര്‍ശനമുന്നയിച്ചാല്‍ അതിനുള്ള മറുപടി എന്താണ്?
സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ പൊതുനിലപാടായി രേഖപ്പെടുത്തപ്പെടരുത് എന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. മറ്റൊന്ന് സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും സംബന്ധിച്ച് അതൊരിക്കലും അരുത്.
സമൂഹ മാധ്യമങ്ങളിലെ അരാജക സംഘങ്ങളെ കോണ്‍ഗ്രസോ ബി.ജെ.പി.യോ തള്ളിപ്പറയുന്നത് ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല. എ.കെ.ജിക്കെതിരെ അപകീർത്തികരമായ സൈബർ അറ്റാക്കുണ്ടായ സമയത്ത് വി.ടി. ബല്‍റാമിന്റെ നേതൃത്വത്തിൽ കെ.ആര്‍. മീരക്കെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, എം.എം. ഹസൻ, മുല്ലപ്പള്ളി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർക്കെതിരെ സൈബർ ആക്രമണമുണ്ടായപ്പോഴും ഇത് തെറ്റായ സമീപനമാണെന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പറഞ്ഞതായി കേട്ടിട്ടില്ല. ഇത്തരക്കാർക്ക് അംഗീകാരവും പിന്തുണയും കൊടുക്കുന്ന സ്ഥിതിയായിരുന്നു. പക്ഷെ അതില്‍നിന്നെല്ലാം വ്യത്യസ്തമായി രാഷ്ട്രീയ ഔന്നത്യവും മൂല്യവും ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സമാനമായ തെറ്റായ പ്രവണതകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്, ബഹിഷ്‌കരിച്ചിട്ടുണ്ട്. ഞാന്‍ തന്നെ ഒന്നിലധികം തവണ ‘പോരാളി ഷാജി’, ചില നേതാക്കളുടെ പേരിലുള്ള ആര്‍മികള്‍ തുടങ്ങി അപരമുഖം സ്വീകരിച്ചിരിക്കുന്ന ഒന്നിനെയും അംഗീകരിക്കേണ്ടതില്ല, അവര്‍ പറയുന്നത് പോസിറ്റീവായാലും നെഗറ്റീവായാലും കേള്‍ക്കുകയും വേണ്ട എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹ മാധ്യമത്തിലിടപെടാന്‍ എന്തിനാണ് അപര മുഖം?. അജ്ഞാത സംഘങ്ങള്‍ അപര മുഖം സ്വീകരിച്ച് വിളമ്പുന്ന ഒരു കാര്യവും ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കല്‍ അക്കൗണ്ടിലേക്ക് കൊണ്ടുവരുന്നത് ഉചിതമല്ല. ഞങ്ങളുടേത് പ്രഖ്യാപിത നിലപാടാണ്. അത് പലഘട്ടത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ തള്ളിപ്പറയണമെന്നത് ഡി.വൈ.എഫ്.ഐ. ആലോചിച്ചെടുത്ത തീരുമാനമാണ്. ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്ന ഭാഷയാകട്ടെ, അവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്നെസിന്റെ പ്രശ്നമാകട്ടെ, ഒന്നും കേരളത്തിന് ഉചിതമായ ഒരു കള്‍ച്ചറും രാഷ്ട്രീയവുമല്ല. അത്തരം കാര്യങ്ങള്‍ നമ്മള്‍ തള്ളിപ്പറയുക തന്നെ വേണം. അങ്ങനെ പ്രഖ്യാപിത നിലപാടെടുത്ത ഞങ്ങള്‍ക്ക്, മുഖമില്ലാത്തവരോ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും വ്യക്തികളോ ചെയ്യുന്ന കാര്യങ്ങള്‍ക്ക്, സമൂഹ മാധ്യമങ്ങളിലെ ചലനങ്ങള്‍ക്ക് മറുപടി പറയണം എന്ന വാദം അഭിമുഖീകരിക്കേണ്ടിവരുന്നത് ഉചിതമല്ല. ഞങ്ങള്‍ക്കതുമായി ബന്ധമില്ല.
ആണധികാരവുമായും സദാചാരമൂല്യവുമായുമെല്ലാം ബന്ധപ്പെട്ട് നമ്മുടെ സമൂഹം ഇനിയുമേറെ മാറേണ്ടതുണ്ട്, നവീകരിക്കപ്പെടേണ്ടതുണ്ട്. വലതുപക്ഷവത്കരണത്തിനെതിരായ സമരത്തിന്റെ ഭാഗം തന്നെയാണതും. ഇക്കാര്യത്തിൽ കേരളം പൂര്‍ണമായും പക്വമായിട്ടില്ല. അങ്ങനെയൊരു സമൂഹത്തില്‍ നിന്ന് ഇങ്ങനെയുള്ള അഭിപ്രായങ്ങളുണ്ടായേക്കാം. ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. അപരമുഖം സ്വീകരിക്കുന്ന പ്രൊഫൈലുകള്‍ മാത്രമല്ല, വ്യക്തികള്‍ തന്നെയും ഇത്തരം നിലപാടുകള്‍ പറയും. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സമീപനത്തിന്റെയും ചിന്തയുടെയും പ്രതിഫലനമാണിത്. അത് പെട്ടെന്ന് മാറുന്നതുമല്ല.
ഈ സംഭവങ്ങളുമായെല്ലാം ബന്ധപ്പെട്ട് ജമാ അത്തെ ഇസ്ലാമിയുടെ അഭിപ്രായമെന്താ?. അവരൊക്കെ ഈ ഉപജാപക സംഘത്തിന്റെ ഭാഗമാവുകയാണ്. അത് വലതുപക്ഷ അജണ്ടയുടെ ഭാഗമാണ്.
ചോദ്യത്തിൽ ചൂണ്ടിക്കാണിച്ച പ്രശ്നത്തിൽ, സര്‍ക്കാരിനും പാര്‍ട്ടിക്കും വളരെ കൃത്യമായ നിലപാടുണ്ടായിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയ്ക്ക് കുട്ടിയെ കിട്ടണം എന്നത് തന്നെയായിരുന്നു സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്, ഡി.വൈ.എഫ്.ഐക്കും അതേ നിലപാടായിരുന്നു. അതിനെല്ലാമപ്പുറത്ത് ഈ വിഷയത്തെ സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ ആയുധമാക്കി മാറ്റാൻ ശ്രമമുണ്ടായി. ആ സംഭവത്തെ ചുറ്റിപ്പറ്റി ഒരു ഉപചാപക സംഘം രൂപപ്പെട്ടു. അവരുടെ ലക്ഷ്യം നീതിനിര്‍വഹണം നടക്കണമെന്നൊന്നുമല്ല. അത് കൃത്യമായും ഇടതുപക്ഷത്തിനെതിരായിരുന്നു. അതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കുന്നതിനുള്ള ഒരു ഉപകരണമായി ഒരു പ്രത്യേക സംഭവത്തെയെടുക്കുക. എന്നിട്ട്, അവര്‍ അഭിപ്രായം പറയുന്നു- അതാണ് സംഭവിച്ചത്. ഒരു ഉദാഹരണം പറയാം. ഈ സംഭവങ്ങളുമായെല്ലാം ബന്ധപ്പെട്ട് ജമാ അത്തെ ഇസ്ലാമിയുടെ അഭിപ്രായമെന്താ?. അവരൊക്കെ ഈ ഉപജാപക സംഘത്തിന്റെ ഭാഗമാവുകയാണ്. അത് വലതുപക്ഷ അജണ്ടയുടെ ഭാഗമാണ്. സര്‍ക്കാര്‍ വിരുദ്ധ ബിംബമായി ഈ വ്യക്തിയെയും സമരത്തെയും ഉയര്‍ത്തിക്കൊണ്ടുവരിക. അത് ശരിയല്ല. അതിനുപിന്നിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും രാഷ്ട്രീയ കൗശലവും കാണണം. സ്വാഭാവികമായും ആ ആംഗിളില്‍ അതിന്റെ രാഷ്ട്രീയത്തെ ലക്ഷ്യമിടുന്ന വിമര്‍ശനങ്ങളും വരും.
രാഷ്ട്രീയ ഗൂഢാലോചനയുടെ ആത്യന്തിക ലക്ഷ്യം ഇടതുപക്ഷത്തെ തകര്‍ക്കുകയാണ്. ഉന്‍മൂലന ലക്ഷ്യത്തോടെ ഇടതുപക്ഷത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ഉപജാപക സംഘങ്ങളെ തുറന്നുകാണിക്കുക തന്നെ വേണം. അനുപമയുടെ പ്രശ്നത്തില്‍ സി.പി.എമ്മും സര്‍ക്കാരുമെടുത്ത നിലപാടിനെ വളരെ പോസിറ്റീവായിട്ടാണ് കോടതി പോലും കണ്ടത്. അതിനപ്പുറത്തും വിവാദങ്ങളുണ്ടാക്കണം എന്ന ലക്ഷ്യത്തോടെ ഉണ്ടായതെല്ലാം ഇടതുപക്ഷത്തിന്റെ ജനസ്വാധീനം ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.