Tuesday, 06 December 2022

രണ്ട് ചോദ്യങ്ങള്‍


Text Formatted

ജമാഅത്തെ ഇസ്​ലാമി
ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണം

നിരന്തരം മുസ്​ലിം ന്യൂനപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന ജമാഅത്തെ ഇസ്​ലാമി, എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരായ LGBTQ+ സമൂഹത്തിനെതിരെ സംഘപരിവാര്‍ മനോഭാവം പേറി വാളേന്തി നില്‍ക്കുന്നു എന്നത് വിരോധാഭാസവും പരിതാപകരവും ആണ്.

Image Full Width
Image Caption
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ക്വിയര്‍ കൂട്ടായ്മയുടെ സമരത്തിനിടെ മുഹമ്മദ് ഉനൈസ്
Text Formatted

ഷഫീഖ് താമരശ്ശേരി​​​​​​​:  ‘LGBTQ+ പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്കുള്ള വാതില്‍' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്​ലാമിയുടെ വനിതാവിഭാഗം സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിക്കെതിരെ ക്വിയര്‍ വിഭാഗത്തില്‍ നിന്നും മറ്റ് സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുകളാണല്ലോ ഉയർന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി അരങ്ങേറുന്ന ഫാസിസ്റ്റ് പദ്ധതികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളില്‍ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ ധാരകള്‍ ഒന്നിച്ചുനില്‍ക്കുന്ന ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമി, ക്വിയര്‍ വിഭാഗങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവരുന്നത്. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്? 

മുഹമ്മദ് ഉനൈസ് : ജമാഅത്തെ ഇസ്​ലാമിയുടെ ഈ സമീപനം തീര്‍ച്ചയായും മനുഷ്യത്വവിരുദ്ധമാണ്, തിരുത്തപ്പെടേണ്ടതാണ്. മുസ്​ലിംജനത സംഘപരിവാറിനാല്‍ വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്ന ഈ കാലത്തുപോലും ഇത്രയും നിരുത്തരവാദപരമായി, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലയില്‍, കൂടെ ചേര്‍ത്തുനിര്‍ത്തേണ്ട ഒരു ന്യൂനപക്ഷത്തെ വെറുപ്പും വിദ്വേഷവും കൊണ്ട് കടന്നാക്രമിക്കുന്ന പ്രവണത ജമാഅത്തെ ഇസ്​ലാമി ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്. ഇവിടുത്തെ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളോട് ഉടന്‍ മാപ്പ് പറയുകയാണ് അവർ ചെയ്യേണ്ടത്. 

ഒരാളെ പ്രണയിക്കുക എന്ന അടിസ്ഥാന മാനുഷിക ചോദനയെ മോഷണത്തോടും മദ്യപാനത്തോടും സമീകരിച്ച് അവ തെറ്റാണെന്ന് സ്ഥാപിക്കാനാണ് ജമാഅത്ത്​ നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ജമാഅത്തിന്റെ വാദങ്ങള്‍ പൊള്ളയായതും സമൂഹത്തിനുമുന്നില്‍ അവര്‍ കൂടുതല്‍ അപഹാസ്യരാകുന്ന തരത്തിലുള്ളതുമാണ്. മനുഷ്യന്റെ അടിസ്ഥാന ചോദനകളായി പരിഗണിക്കപ്പെടുന്നവയാണ് ഭക്ഷണം, പാര്‍പ്പിടം, ശാരീരികവശ്യങ്ങള്‍ എന്നിവയെല്ലാം. ഒരാളെ പ്രണയിക്കുക എന്ന അടിസ്ഥാന മാനുഷിക ചോദനയെ മോഷണത്തോടും മദ്യപാനത്തോടും സമീകരിച്ച് അവ തെറ്റാണെന്ന് സ്ഥാപിക്കാനാണ് ജമാഅത്ത്​ നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊന്ന്, ഇവരുടെ പോസ്റ്ററില്‍ നല്‍കിയിട്ടുള്ള തലക്കെട്ടിലെ വാദം, സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധതയാണെന്നുള്ളതാണ്. 

Jamaathe-Islami-Poster
ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയുടെ പോസ്റ്റര്‍

സ്വവര്‍ഗലൈംഗികത എന്നത് ആയിരത്തിയഞ്ഞൂറോളം ജീവിവര്‍ഗങ്ങളില്‍ ശാസ്ത്ര ലോകം തന്നെ കണ്ടെത്തിയ വസ്തുതയാണ്. ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷനും ഇന്ത്യന്‍ സൈക്യാട്രിക് അസോസിയേഷനുമെല്ലാം സ്വവര്‍ഗലൈംഗികത (homosexuality), ഭിന്ന വര്‍ഗ ലൈംഗികത (heterosexuality) പോലെ തന്നെ സ്വാഭാവികമാണെന്ന് പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഇതൊക്കെ കാലാകാലങ്ങളിലായി നമ്മള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്ന കാര്യങ്ങളാണ്. വീണ്ടും വീണ്ടും അസ്തിത്വത്തിന്റെ സാധുത തെളിയിക്കപ്പെടാന്‍ ഇതൊക്കെ പറയാന്‍ നിര്‍ബന്ധിതരാകേണ്ടി വരുന്ന അവസ്ഥ കഷ്ടമാണ്.

നിരന്തരം മുസ്​ലിം ന്യൂനപക്ഷ രാഷ്ട്രീയം സംസാരിക്കുകയും ഇപ്പോള്‍ പ്രവാചക നിന്ദ ആരോപിച്ച് നാടുനീളെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്​ലാമി തന്നെ, എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരായ LGBTQ+ സമൂഹത്തിനെതിരെ സംഘപരിവാര്‍ മനോഭാവം പേറി വാളേന്തി നില്‍ക്കുന്നു എന്നുള്ളത് വിരോധാഭാസവും പരിതാപകരവും ആണ്.

ജമാഅത്തെ ഇസ്​ലാമിയോട് തിരിച്ചുചോദിക്കേണ്ട കുറേയധികം ചോദ്യങ്ങളുണ്ട്. ഇസ്‌ലാം പാപമെന്ന് വിശേഷിപ്പിച്ച മറ്റ് പല പ്രവണതകളോടും ഇവര്‍ ഇതേ സമീപനം പുലര്‍ത്തുന്നുണ്ടോ?

മതസങ്കല്‍പനങ്ങളും അതിന്റെ രീതിശാസ്ത്രവുമാണ് ഇവരുടെ അടിസ്ഥാന പ്രശ്‌നമെങ്കില്‍ ജമാഅത്തെ ഇസ്​ലാമിയോട് തിരിച്ചുചോദിക്കേണ്ട കുറേയധികം ചോദ്യങ്ങളുണ്ട്. ഇസ്‌ലാം പാപമെന്ന് വിശേഷിപ്പിച്ച മറ്റ് പല പ്രവണതകളോടും ഇവര്‍ ഇതേ സമീപനം പുലര്‍ത്തുന്നുണ്ടോ? ഇസ്​ലാമില്‍ വന്‍ പാപമായും നിഷിദ്ധമായും കണക്കാക്കിയിരുന്ന പല കാര്യങ്ങളും ഇന്ന് മുസ്ലിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പലിശ ഗുരുതരമായ തെറ്റാണ് ഇസ്‌ലാമില്‍. എന്നാലിന്ന് ലോണെടുക്കാത്ത, ബാങ്കില്‍ നിക്ഷേപമില്ലാത്ത മുസ്​ലിംകളെ കാണാന്‍ കഴിയുമോ? മദ്യപിക്കുന്ന, പലിശ വാങ്ങിക്കുന്ന മുസ്​ലിംകൾ ധാരാളമുണ്ടല്ലോ. അവരെയൊന്നും ഇസ്​ലാമില്‍ നിന്ന് പുറത്താക്കാനായി ആരും വെമ്പല്‍ കൊള്ളുന്നില്ലല്ലോ. തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളിലെല്ലാം ഇസ്​ലാമിന്റെ രീതിശാസ്ത്രപ്രകാരമുള്ള പാപങ്ങളോട് അവര്‍ പൊരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ മാത്രം ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറാകുന്നില്ല. എല്‍.ജി.ബി.ടി.ക്യു + വിഭാഗത്തില്‍ നിന്നുള്ളവരെ ഇസ്​ലാമില്‍ നിന്ന് പുറത്താക്കാന്‍ ഇവര്‍ കൂട്ടമായി ആക്രോശിക്കുകയാണ്. 

Queer-Muslims
വീണ്ടും വീണ്ടും അസ്തിത്വത്തിന്‍റെ സാധുത തെളിയിക്കപ്പെടാന്‍ ഇതൊക്കെ പറയാന്‍ നിര്‍ബന്ധിതരാകേണ്ടി വരുന്ന അവസ്ഥ കഷ്ടമാണ് Photo: F.B, The Queer Muslim Project

ഞാന്‍ മനസ്സിലാക്കിയിടത്തോളം മുസ്​ലിം സമുദായം  ‘സൗകര്യ ഇസ്​ലാം’ (convenient​​​​​​​ Islam) എന്ന ഒരു രീതിയാണ് പിന്തുടരുന്നത്. ഇസ്​ലാം പറഞ്ഞതില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടതിനെ സ്വീകരിക്കുകയും സൗകര്യപ്രദമല്ലാത്തതിനെ അവര്‍ പുറന്തള്ളുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് മുന്‍കാലങ്ങളില്‍ മുസ്​ലിംകള്‍ക്കിടയില്‍ ഹറാമായി കണ്ടിരുന്ന സിനിമ, പലിശ എന്നിവയെല്ലാം ഇന്ന് സർവ സാധാരണയായി മാറിയത്. ഇസ്​ലാമിലില്ലാതിരുന്ന പലതും മുസ്​ലിം ജീവിത പരിസരങ്ങളിലേക്ക് ഇക്കാലങ്ങളില്‍ കടന്നുവന്നിട്ടുമുണ്ട്.

സ്ത്രീധനം എന്നത് അതിനൊരുദാഹരമാണ്. അങ്ങേയറ്റം ഇസ്​ലാമിക വിരുദ്ധമാണ് സ്ത്രീധനം എന്ന സമ്പ്രദായം. സ്ത്രീധനത്തിന്റെ പേരില്‍ ധാരാളം പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും അതൊരു സാമൂഹികവിപത്തായി മാറുകയും ചെയ്തിട്ടും സ്ത്രീധനത്തിനെതിരെ പരസ്യമായി നിലപാടെടുക്കാനോ അത് പിന്തുടരുന്നവരെ തടയാനോ ഈ സമുദായ സംഘടനകള്‍ തയ്യാറാകുന്നുണ്ടോ. അതേസമയം ഇസ്‌ലാമിന്റെ പേരും പറഞ്ഞ് വളരെ ചെറിയ ഒരു വിഭാഗമായ LGBTQ+ മനുഷ്യര്‍ക്കെതിരെ സര്‍വ മതസംഘടനകളും സംഘടിച്ച് നില്‍ക്കുകയാണ്. 

LGBTQ+ വിഷയത്തില്‍ ചര്‍ച്ചിന്റെ പിന്തിരിപ്പന്‍നയം മൂലം വിശ്വാസികള്‍ മതം ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷം കൂടുതലായതിനാല്‍ ചര്‍ച്ചിന് ഇതിലൊരു മൃദുസമീപനം സ്വീകരിക്കേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായിട്ടുണ്ട്​

പരമ്പരാഗത മതങ്ങള്‍ LGBTQ+ വിഭാഗങ്ങള്‍ക്കെതിരായ കാര്‍ക്കശ്യ നിലപാടുകളില്‍ തുടരുമ്പോഴും അതില്‍ നിന്ന് വ്യത്യസ്തമായ ഉദാഹരണങ്ങള്‍ ലോകമെമ്പാടും സംഭവിക്കുന്നുണ്ടല്ലോ. മതത്തിനകത്ത് നിന്ന് തന്നെ ക്വിയര്‍ മൂവ്‌മെന്റുകള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. ഈ സാഹചര്യങ്ങളെ എങ്ങിനെയാണ് കാണുന്നത്?

ഒരേവേരുകളില്‍ നിന്ന് അടര്‍ന്നുമാറി പോയതാണെങ്കിലും ക്രിസ്ത്യാനിറ്റി LGBTQ+ വിഷയത്തില്‍ ആഗോള സാഹചര്യത്തില്‍ ബഹുദൂരം മുന്നേ സഞ്ചരിച്ചതായി കാണാന്‍ കഴിയുന്നുണ്ട്. LGBTQ+ വിഷയത്തില്‍ ചര്‍ച്ചിന്റെ പിന്തിരിപ്പന്‍നയം മൂലം വിശ്വാസികള്‍ മതം ഉപേക്ഷിക്കുന്ന ഒരു സ്ഥിതിവിശേഷം അവിടെ കൂടുതലായതിനാല്‍ ചര്‍ച്ചിന് ഇതിലൊരു മൃദുസമീപനം സ്വീകരിക്കേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പോപ്പ്, ക്രിസ്ത്യന്‍ സമൂഹം ഗേ സമൂഹത്തോട് ചെയ്ത അരുതായ്മകള്‍ക്കും മാറ്റി നിര്‍ത്തലുകള്‍ക്കും വേണ്ടി ക്ഷമ ചോദിക്കാന്‍ ബാധ്യസ്ഥരാണ് എന്നുപറഞ്ഞത്. ഇത്തരം നിലപാടുകളോട് വലിയ താത്പര്യമില്ലാത്ത ഇവിടുത്തെ കത്തോലിക്കാ സമൂഹം പോപ്പ് പറഞ്ഞതിനെ അവഗണിക്കുകയായിരുന്നു.

മുസ്​ലിംകളുടെ സ്ഥിതിവിശേഷമെടുത്താലും ഇതുപോലെ കാതലായ മാറ്റം കാണാന്‍ കഴിയും. ഇത്തരം വിഷയങ്ങളോട് വളരെ അടഞ്ഞ സമീപനം പുലര്‍ത്തുന്ന ഇന്ത്യന്‍ മുസ്​ലിംകളെ പോലെയല്ല അമേരിക്കന്‍ മുസ്​ലിംകൾ. LGBTQ+ വിഷയങ്ങളോട് വളരെ അനുഭാവം പുലര്‍ത്തുന്നവരായിട്ടാണ് അവിടുത്തെ മുസ്​ലിംകളെ ഞാന്‍ മനസിലാക്കുന്നത്. തങ്ങളുടെ മത വിശ്വാസത്തിന് യോജിക്കുന്നതല്ലെങ്കില്‍ കൂടിയും LGBTQ+ മനുഷ്യരുടെ സിവിലിയന്‍ അവകാശങ്ങളെ ബഹുമാനിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലേക്കെങ്കിലും അമേരിക്കന്‍ മുസ്​ലിംകള്‍ എത്തിയതായി കാണാം.

എടുത്തുപറയാവുന്ന ഒരുദാഹരണമാണ്, യു.എസ്. റെപ്രെസെന്ററ്റീവായ ഹിജാബി മുസ്​ലിം സ്ത്രീ ഇല്‍ഹാന്‍ ഉമറിന്റെ LGBTQ+ വിഷയത്തോടുള്ള സമീപനം. അവരുടെ പൊളിറ്റിക്കല്‍ കരിയറിലുടനീളം അവര്‍ LGBTQ+ സമൂഹത്തോട് വളരെ പ്രത്യക്ഷത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു നില്‍ക്കുന്നു. മറ്റു രാജ്യങ്ങളില്‍ നടക്കുന്ന ആന്റി LGBTQ+ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നു. യു.എസില്‍ കണ്‍വെര്‍ഷന്‍ തെറാപ്പി നിരോധിക്കണം എന്ന ആവശ്യത്തില്‍ മുന്നില്‍ തന്നെ അവര്‍ നിലയുറപ്പിച്ചിരുന്നു. ഇങ്ങനെ LGBTQ+ സമൂഹത്തിന്റെ പ്രൈഡ് മാര്‍ച്ചുകളില്‍ സ്ഥിര സാന്നിധ്യം അറിയിച്ചുമൊക്കെ അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളുടെ ഐക്യം അവര്‍ കാത്തുസൂക്ഷിക്കുന്നത് കാണാന്‍ കഴിയും. ഇന്ത്യയിലും മുസ്​ലിം ക്വിയര്‍ മൂവ്‌മെന്റുകള്‍ ഇന്നുയര്‍ന്നുവരുന്നുണ്ട്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള നൂതനഇടങ്ങളില്‍ മുസ്​ലിം ക്വിയര്‍ വ്യക്തികളുടെ കൂട്ടായ്മകളും പേജുകളുമൊക്കെ ശക്തമാണ്. 

Ilhan Omar
ഇല്‍ഹാന്‍ ഒമര്‍ / Photo: Kristie Boyd; U.S. House Office of Photography

LGBTQ+ വിഭാഗങ്ങള്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും പ്രതീക്ഷാനിര്‍ഭരമായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് ഈ വിഷയങ്ങളിലുള്ള പുതിയ തലമുറയുടെ സമീപനമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന നിരന്തര ചര്‍ച്ചകള്‍, പൊതുപരിപാടികള്‍, കലാ സാഹിത്യ ആവിഷ്‌കാരങ്ങള്‍, സിനിമ, നവമാധ്യമങ്ങളുടെ സ്വാധീനം ഇതെല്ലാം വഴി പുതുതലമുറയില്‍ പ്രത്യേകിച്ച്, കാമ്പസുകളില്‍ LGBTQ+ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പഴയ തലമുറയില്‍ പെട്ട ജമാഅത്തെ ഇസ്​ലാമിക്കാര്‍ LGBTQ+ വിഭാഗത്തിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ ശ്രമിക്കുന്നതും അതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി അസ്വാരസ്യമുണ്ടാകുന്നതുമെല്ലാം അതിനുദാഹരണമാണ്.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

മുഹമ്മദ് ഉനൈസ്

ക്വിയര്‍ മുസ്‌ലിം, അധ്യാപകന്‍
 

ഷഫീഖ് താമരശ്ശേരി

ട്രൂകോപ്പി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്