Sunday, 25 September 2022

രണ്ട് ചോദ്യങ്ങള്‍


Text Formatted

ഞങ്ങൾ ഭാവിയിലേക്ക്​ ടിക്കറ്റെടുത്തിട്ടുണ്ട്​,
​​​​​​​വേണമെങ്കില്‍ കൂടെ പോന്നോ...

മാറ്റം തുടങ്ങിക്കഴിഞ്ഞു, അതൊരു പ്രസ്ഥാനമായി മാറുകയാണ്. ഇപ്പോള്‍ നമ്മള്‍ കണ്ട ഈയൊരു പിന്തുണ പ്രധാനമാണ്​. നമ്മുടെയൊപ്പം വലിയ വിഭാഗം ആണുങ്ങളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമെല്ലാമുണ്ട്​. വലിയൊരു വിഭാഗം ശക്തമായി നമ്മുടെ കൂടെ നില്‍ക്കുന്നുണ്ട്. ബാക്കിയുള്ള ആളുകളാണ് ന്യൂനപക്ഷമാകാന്‍ പോകുന്നതും അവരാണ് കാലഹരണപ്പെടാൻ പോകുന്നതും.

Image Full Width
Image Caption
റിമ കല്ലിങ്കല്‍ / Photo: Rima Kallingal, Fb
Text Formatted

മനില സി. മോഹന്‍: പറഞ്ഞ് മടുത്ത വിഷയമാണ്. ഒരു വ്യക്തിയുടെ ശരീരത്തിനുമേലുള്ള അവകാശം ആ വ്യക്തിയ്ക്ക് മാത്രമാണ് എന്നുള്ളത്. വസ്ത്രം, ലൈംഗികത, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതില്‍ വരും. നിസ്സഹായതയോടെത്തന്നെ ചോദിക്കുകയാണ്, എപ്പോഴായിരിക്കും, എങ്ങനെയായിരിക്കും ആണ്‍നോട്ടം നോക്കുന്ന പുരുഷന്‍മാര്‍ക്കും  സ്ത്രീകള്‍ക്കും, ഈ അവകാശബോധത്തെക്കുറിച്ച് ധാരണയുണ്ടാവുക? പുതിയ തലമുറയെ പ്രതീക്ഷയോടെ കാണുന്നുണ്ടോ?

റിമ കല്ലിങ്കല്‍:  ഐ.എഫ്​.എഫ്​.കെ റീജ്യണല്‍ ഫെസ്റ്റിവൽ ഓപൺ ഫോറത്തില്‍ പങ്കെടുത്തപ്പോഴുള്ള എന്റെ വേഷം സംബന്ധിച്ച വിവാദം ഒരുപാട് ആളുകള്‍ പിന്നീട് പറയുമ്പോഴാണ് ഇങ്ങനെയൊരു ഇഷ്യൂ നടക്കുന്നുണ്ടെന്നുപോലും ഞാന്‍ അറിയുന്നത്. ഞാന്‍ ഉടന്‍ അതിനെ തള്ളിക്കളയുകയാണ് ചെയ്തത്, എന്നെ അത് ഒരു രീതിയിലും ബാധിക്കുന്നില്ല എന്നതുകൊണ്ടുതന്നെ. എന്തുപറഞ്ഞാലും അവര്‍ക്കെന്നെ തൊടാന്‍ പോലും കഴിയില്ല. വൈകാരികമായോ ഇതിന്റെ ഒരു പ്രത്യാഘാതം എന്ന രീതിയിലോ എന്നെ അത് ബാധിക്കില്ല എന്ന ബോധ്യം എനിക്കുള്ളതുകൊണ്ട്​ ഞാനത് പൂര്‍ണമായും തള്ളിക്കളഞ്ഞു. പക്ഷെ അതിനുശേഷമുണ്ടായ ഒരുപാട് ചര്‍ച്ചകളും സംഭാഷണങ്ങളും ഇപ്പോഴത്തെ യഥാര്‍ഥ വിഷയത്തിന് എതിരായിരുന്നു. അതുകൊണ്ട് ആ വിഷയം ആംപ്ലിഫൈ ചെയ്യണമെന്നും അതാണ് ഇതിന്റെ മുകളില്‍ നില്‍ക്കേണ്ടത് എന്നതുകൊണ്ടുമാണ് ഞാന്‍ അത് സോഷ്യല്‍ മീഡിയയിലൊക്കെ റീഷെയര്‍ ചെയ്​തത്​.

ഈ കൗണ്ടര്‍ കറന്റാണ് ഇന്ന് മുകളില്‍ നില്‍ക്കുന്നത് എന്നത് അടിവരയിട്ടു പറയാനും ഇതെന്നെ തൊടുന്നില്ല എന്നുപറയാനും എനിക്ക് വളരെ എളുപ്പമാണ്. കാരണം, ഞാനിന്ന് ജീവിക്കുന്ന സാഹചര്യങ്ങളും ഞാനുണ്ടാക്കിയെടുത്ത ഒരു സപ്പോര്‍ട്ട് സിസ്റ്റവും അതിനുകാരണമായ വേറെ ഒരുപാട് ഘടകങ്ങളുമുണ്ട്. അത് ഇവിടത്തെ എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതിന്റെ മറുവശം, ഇന്ന് നമ്മള്‍ ജീവിക്കുന്ന കേരളത്തില്‍ എത്ര ശക്തമാണെന്നത് ഇവിടെ പറഞ്ഞുവെക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടൊപ്പം തന്നെ മാറ്റം തുടങ്ങിക്കഴിഞ്ഞു.

ഞാന്‍ ഇത് ചെയ്യുമ്പോഴും, സ്വാതന്ത്ര്യത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ചോയ്‌സിനെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോഴും, അതിനനുസരിച്ച് എന്റെ ജീവിതം ഞാൻ സ്വന്തമാക്കി അത് ജീവിക്കുമ്പോഴും ഇവിടെ ഇത്ര പ്രശ്‌നമുണ്ടാകുന്നത്, ബാക്കിയുള്ള സ്ത്രീകള്‍ക്ക് അത് പ്രചോദനമാകും, അല്ലെങ്കില്‍ ഞങ്ങള്‍ക്കും ഇതാവാമല്ലോ എന്ന് അവര്‍ ചിന്തിക്കുമെന്നുള്ള പേടികൊണ്ടാണല്ലോ? അതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. പക്ഷെ ഞാനത് ചെയ്യുന്നതും പറയുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്. ഞാൻ ഇത് തുടരുക തന്നെ ചെയ്യും.

rima
റിമ കല്ലിങ്കല്‍ കൊച്ചി റീജ്യനല്‍ ഐ.എഫ്.എഫ്.കെ. വേദിയില്‍. / Photo: IFFK, Fb

വലിയൊരു വിഭാഗം സ്ത്രീകള്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് എനിക്കറിയാം. മാറ്റം തുടങ്ങിക്കഴിഞ്ഞു, അതൊരു പ്രസ്ഥാനമായി മാറുകയാണ്. ഇപ്പോള്‍ നമ്മള്‍ കണ്ട ഈയൊരു പിന്തുണ പ്രധാനമാണ്​. നമ്മുടെയൊപ്പം വലിയ വിഭാഗം ആണുങ്ങളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമെല്ലാമുണ്ട്​. വലിയൊരു വിഭാഗം ശക്തമായി നമ്മുടെ കൂടെ നില്‍ക്കുന്നുണ്ട്. ബാക്കിയുള്ള ആളുകളാണ് ന്യൂനപക്ഷമാകാന്‍ പോകുന്നതും അവരാണ് കാലഹരണപ്പെടാൻ പോകുന്നതും.

എനിക്ക് തോന്നുന്നു, അറേഞ്ച്ഡ് വിവാഹങ്ങള്‍ കൂടി നിര്‍ത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ഡീസൻറ്​ മനുഷ്യനാകാനും മറ്റൊരു മനുഷ്യനെ സ്‌നേഹിക്കാനുമാകുന്ന തലത്തിലേക്ക് സമൂഹം തീര്‍ച്ചയായും വളരും എന്ന്. സ്ത്രീകള്‍ ഇനി അങ്ങനെ ആര്‍ക്കെങ്കിലും വേണ്ടി സെറ്റിലാകാന്‍ തയ്യാറാകാത്ത തലത്തിലേക്കുകൂടി വന്നുകഴിഞ്ഞിട്ടുണ്ടെങ്കില്‍ കാലഹരണപ്പെട്ടുപോകുന്നത് ഈയൊരു ആറ്റിറ്റ്യൂഡും അത്​ കൊണ്ടുനടക്കുന്ന ആളുകളുമായിരിക്കും. ഞാനതിനെ വളരെ പോസിറ്റീവായി കാണുകയാണ്. നമ്മള്‍ മുന്നോട്ട് പോവുകയാണ്. അതിനൊപ്പം എത്താന്‍ സാധിക്കാത്തവര്‍ പുറകിലേക്ക് തള്ളപ്പെടും.

മലയാളത്തിലെ സിനിമ, നാടകം, നൃത്തം, പാട്ട്, എഴുത്ത് തുടങ്ങിയ എല്ലാ ക്രിയാത്മക കലാരൂപങ്ങളും പതുക്കെപ്പതുക്കെ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീ രാഷ്ട്രീയത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് പുരോഗമനപരമാണ്. പക്ഷേ, അപ്പോള്‍ത്തന്നെയാണ് ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി, സിനിമാ പ്രൊഡക്ഷന്‍ കമ്പനികള്‍ക്കകത്ത് വേണമെന്ന് നിരന്തരം ആവശ്യപ്പെടേണ്ടി വരുന്നത്, അതിനെക്കുറിച്ച് പറയുന്ന ആളുടെ ഉടുപ്പിന്റെ നീളം ചര്‍ച്ചയാവുന്നത്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടൂ എന്ന് നിലവിളിക്കേണ്ടി വരുന്നത്. ഈ ഇരട്ടത്താപ്പ് ഒരു പുരുഷന്റെ ബൗദ്ധിക ഇരട്ടത്താപ്പാണ് എന്ന് തോന്നിയിട്ടുണ്ടോ?

വളരെ പ്രത്യക്ഷമായ ഇരട്ടത്താപ്പായിട്ടുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. 90 വര്‍ഷത്തിലേറെ ചരിത്രമുള്ള മലയാള സിനിമയില്‍ ഒരു ഇന്റേണല്‍ കംപ്ലെയ്ൻറ്​സെല്‍ വേണം എന്ന ചര്‍ച്ച പോലും ഉണ്ടാകാന്‍ തുടങ്ങിയത് കഴിഞ്ഞ അഞ്ചുവര്‍ഷമായിട്ടാണ്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമെല്ലാം വളരെ ശക്തമായി സംസാരിക്കുന്ന ഒരു സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇത്രയും സ്‌ട്രോങ്ങായ ഒരു കള്‍ച്ചറല്‍ ഇന്‍ഡസ്ട്രിക്ക് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡബ്ല്യു.സി.സി. വന്ന്​ സംസാരിക്കേണ്ടി വന്നു എന്നത് ഇരട്ടത്താപ്പായിട്ട് തന്നെയാണല്ലോ കാണേണ്ടത്.

അത് മുന്നോട്ടുവെച്ച ഡബ്ല്യു.സി.സി.യെ, ആ കമ്മിറ്റി റിപ്പോര്‍ട്ട് എന്താണെന്നുള്ളത്, ഞങ്ങള്‍ തന്നെ കൊടുത്ത വിവരങ്ങളില്‍ നിന്ന് അവരെന്താണ് കണ്ടെത്തിയത് എന്നത് അറിയിക്കാന്‍ ബാധ്യസ്ഥരല്ല എന്ന തലത്തില്‍ നില്‍ക്കുകയാണ്. അത് നടപ്പിലാക്കാന്‍ പറയുമ്പോള്‍ ഇന്‍ഡസ്ട്രി കാണിക്കുന്ന വിമുഖതയുണ്ട്. അതായത് തൊഴിലിടത്തില്‍ കൂടുതല്‍ ഫെയര്‍നെസ് ഉണ്ടാകുമെന്നല്ലാതെ തെറ്റായൊന്നും ഇത് നടപ്പാക്കുന്നതിലൂടെ സംഭവിക്കുകയില്ല. അത് നടപ്പിലാക്കാന്‍ ഇത്ര പ്രശ്‌നം എന്തുകൊണ്ടാണുണ്ടാകുന്നത്. ഇവരെല്ലാവരും ഇവരുടെ സിനിമയിലൂടെയും ഇവരുടെ പാര്‍ട്ടി പൊളിറ്റിക്‌സിലൂടെയുമെല്ലാം തുല്യതയുടെയും അവകാശങ്ങളുടെയും ന്യായത്തിന്റെയുമെല്ലാം തത്വശാസ്ത്രം വെച്ചിട്ടുതന്നെയാണ് കൈയടി വാങ്ങുന്നത്. പക്ഷെ യാഥാര്‍ഥ്യത്തിലേക്ക് വരുമ്പോള്‍ ഒന്നും സംഭവിക്കുന്നില്ല.

എവിടെ ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചയുണ്ടായാലും സെഡ്‌സ്റ്റെപ്പ് ചെയ്യുന്നത് പൊള്ളയായ കുറേ വാചകങ്ങള്‍ പറഞ്ഞും സെക്‌സിസത്തിന്റെയും പാട്രിയാര്‍ക്കിയുടെയും കാലങ്ങളായുള്ള, സിസ്റ്റമിക്കായ അടിച്ചമര്‍ത്തലില്‍ സ്ത്രീകളും ന്യൂനപക്ഷങ്ങളും എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത പോലെ അഭിനയിച്ചുകൊണ്ടുമാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അവര്‍ക്ക് അത് കൂടുതല്‍ എളുപ്പമാണ്. കാരണം കാശുണ്ടാക്കുക എന്നത് മാത്രമാണല്ലോ ആണുങ്ങളുടെ ജോലി. ബാക്കിയുള്ളതൊന്നും അവരുടെ ജോലിയല്ല. അതുകൊണ്ടാണല്ലോ എന്ത് പ്രശ്‌നമുണ്ടായാലും എന്താ ഡബ്ല്യു.സി.സി. പ്രതികരിക്കാത്തത് എന്ന് ചോദിക്കുന്നത്. വേറെ ആരും പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ. കാരണം അവര്‍ വേറെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുകയാണ്. നമ്മുടെ ജോലി മാത്രമാണല്ലോ ഇത്. ഇത് ഒരു ഇരട്ടത്താപ്പാണെന്ന് ഞാന്‍ ഉറപ്പായും കരുതുന്നു.

wcc
ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുന്ന ഡബ്ല്യു.സി.സി. അംഗങ്ങള്‍. ഈ കൂടിക്കാഴ്ചയുടെ ഫലമായാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ രൂപീകരിച്ചത്. / Photo: Pinarayi Vijayan, Fb

പക്ഷെ അത് ഇനി വിലപ്പോവുമെന്ന് തോന്നുന്നില്ല. വിദ്യാഭ്യാസവും അറിവും ബോധവുമുള്ള വേറെ ഒരുപാട് പേരുണ്ടല്ലോ. മാത്രമല്ല, ഇനി അങ്ങനെ ഇത് അവഗണിക്കാന്‍ കഴിയുകയുമില്ല. കുറച്ച് സ്ത്രീകള്‍ മാത്രമല്ല പറയുന്നത്. കേരള സമൂഹത്തിലെ വലിയൊരു ഭാഗം, വലിയൊരു വോട്ട് ബാങ്ക് (വോട്ട് ബാങ്ക് എന്ന് പറയുന്നത്, ഇനി അതുകൊണ്ടു മാത്രമെ ഇവര്‍ ഈ പ്രശ്‌നത്തെ അഡ്രസ് ചെയ്യൂ എന്നുണ്ടെങ്കില്‍) എന്താണ് നടക്കുന്നതെന്ന് ഇന്ന് മനസ്സിലാക്കുന്നുണ്ട്. അവര്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറുമാണ്. മീഡിയയിലുള്ള സ്ത്രീകളുടെ സാന്നിധ്യം, സിനിമയിലെ സ്ത്രീകളുടെ സാന്നിധ്യം, അതുപോലെ, സാമൂഹ്യ ഇടങ്ങളിൽ ഇന്ററസ്റ്റിങ്ങായി ജീവിതത്തെ കാണുന്ന സ്ത്രീകളുടെ സാന്നിധ്യം എല്ലാം കൂടിവരികയാണല്ലോ.

ഈ സമ്പദ് വ്യവസ്ഥയില്‍ ഒഴുകുന്ന പണത്തില്‍ നമുക്കു കൂടി പങ്കുണ്ട്. അവരിലേക്ക് മാത്രം ചുരുങ്ങിയിരുന്ന ആ അധികാരവും നമുക്കുണ്ട്. ആ മണിപവര്‍ കൂടി ഉപയോഗിച്ചിട്ടാണ് അത് സാമൂഹിക തുല്യതയാണെങ്കിലും വിദ്യാഭ്യാസമാണെങ്കിലും നേടിയെടുക്കാനാകുന്നത്. നമുക്ക് തരില്ല എന്നുപറയുമ്പോഴും, തരാതിരിക്കാൻ ഇത്രയധികം വ്യവസ്ഥകള്‍ കെട്ടിപ്പടുത്തിട്ടും, അതിനിടയിലൂടെ നമ്മള്‍ പൊരുതിയിട്ടാണ് എല്ലാ അര്‍ഥത്തിലും ഇന്നിവിടെ എത്തിയിട്ടുള്ളത്. ഇനിയൊരു തിരിച്ചുപോക്കില്ല.  

ഇന്ത്യയിലാകെ നടക്കുന്ന ഹിന്ദു, മുസ്‌ലിം തീവ്രവാദങ്ങളുടെയെല്ലാം വിശാലാടിസ്ഥാനത്തില്‍ സംസാരിക്കുമ്പോള്‍, ഹിജാബ് വിലക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കര്‍ണാടകയില്‍ നടക്കുമ്പോള്‍, കോണ്‍ടെക്‌സ്റ്റിലല്ലാതെ മുസ്‌ലിം മത പാര്‍ട്ടികള്‍ അതിനെ കൂടുതല്‍ സ്ത്രീകളെ ഹിജാബ് ഇടീക്കാനുള്ള അവസരമാക്കുന്നുണ്ട്. വിശാലാര്‍ഥത്തില്‍ നോക്കുമ്പോള്‍ സ്ത്രീയുടെ ശരീരം എപ്പോഴും വാര്‍ഗ്രൗണ്ടായാണ് കാണുന്നത്. ആ അര്‍ഥത്തിലും ഈ സംഭാഷണങ്ങളും ചര്‍ച്ചകളുമെല്ലാം വളരെ പ്രധാനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

We have a ticket to the future. വേണമെങ്കില്‍ ടിക്കറ്റെടുത്ത് ഞങ്ങളുടെ കൂടെ പോന്നോ എന്നാണ് ഇന്നത്തെ സ്ത്രീകള്‍ പറയുന്നത്. 

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
​​​​​​​ഷഫീഖ് താമരശ്ശേരി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
കെ.വി. ദിവ്യശ്രീ​​​​​​​  സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍ 

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഷിനു ടി.എം.  വിഷ്വല്‍ എഡിറ്റർ
മഷ്ബൂബ് പി.പി. ജൂനിയർ വിഷ്വല്‍ എഡിറ്റർ​​​​​​​​​​​​​​
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
പ്രതീഷ് കെ.ടി. ഇലസ്ട്രേഷന്‍


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​

റിമ കല്ലിങ്കല്‍

നടി, മോഡൽ, നർത്തകി. 

മനില സി. മോഹന്‍

ട്രൂകോപ്പി എഡിറ്റർ ഇന്‍ ചീഫ്