രണ്ട് ചോദ്യങ്ങള്‍
ഡോ. ടി.വി. സജീവ് / കെ. കണ്ണൻ
സുപ്രീംകോടതി ഉത്തരവ് അശാസ്ത്രീയം
യാന്ത്രികമാകരുത്, പരിസ്ഥിതിലോല മേഖലാ ക്ലാസിഫിക്കേഷൻ
പരിസ്ഥിതിലോല പ്രദേശം ഐഡന്റിഫൈ ചെയ്യാനുള്ള സയന്റിഫിക് മെത്തഡോളജിയായി നമുക്കുമുന്നിലുള്ളത്, വെസ്റ്റേൺ ഗാട്ട്സ് ഇക്കോളജി എക്സ്പെർട്ട് പാനൽ റിപ്പോര്‍ട്ട് മുന്നോട്ടുവച്ച രീതിശാസ്ത്രം മാത്രമാണ്. അതിനേക്കാള്‍ മികച്ചത് ഇല്ല. ജനപങ്കാളിത്തം പൂര്‍ണമായി ഉറപ്പുവരുത്തി മാത്രമേ പരിസ്ഥിതി സംരക്ഷണം പാടുള്ളൂ എന്ന നിലപാട് എടുക്കുന്ന ആ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നതുമാത്രമാണ് നമുക്കുമുന്നിലെ ഏറ്റവും ശരിയായ വഴി.

കെ. കണ്ണന്‍: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിര്‍ദേശം, കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണല്ലോ. സംസ്ഥാനത്തെ അഞ്ച് ദേശീയോദ്യാനങ്ങളില്‍ നാലും സ്ഥിതിചെയ്യുന്ന, നാല് വന്യജീവിസങ്കേതങ്ങളുള്ള, 3770 ചതുരശ്രകിലോമീറ്റര്‍ വനമുള്ള, ഇടുക്കി ജില്ലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് ഈ നിര്‍ദേശം വഴിയൊരുക്കുമെന്ന ആശങ്ക പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ജനവാസമേഖല ഒഴിവാക്കിവേണം പരിസ്ഥിതിലോലമേഖല നിര്‍ണയിക്കാന്‍ എന്ന നിലപാട്, സംസ്ഥാന സര്‍ക്കാർ ആവര്‍ത്തിച്ചിട്ടുണ്ട്. പാരിസ്ഥിതിക ദുരന്തങ്ങള്‍ കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റിവിറ്റി മേഖലയയായി നിശ്ചയിച്ചുകൊണ്ട്, കരടുവിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍, 2019 ഒക്‌ടോബര്‍ 23നുചേര്‍ന്ന മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നതാണ്. രണ്ട് പ്രളയങ്ങളുടെ സാഹചര്യത്തില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നു ഈ ഉത്തരവ് എന്നാണ് ഇപ്പോള്‍ വനംമന്ത്രി പറയുന്നത്. ഇത്തരം പലതരം വൈരുധ്യങ്ങള്‍, നയപരമായി ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, മുമ്പ്, പശ്ചിമഘട്ട നിയന്ത്രണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കേരളത്തിലുണ്ടായ പ്രതികരണങ്ങളുടെ സ്വഭാവത്തിലേക്ക്, ഈ സുപ്രീംകോടതി നിര്‍ദേശവും കേരളത്തെ കൊണ്ടുപോകുകയാണ്. അവയില്‍ പലതും വൈകാരികവും പരിസ്ഥിതിവിരുദ്ധവുമായ വാദങ്ങളെ പിന്‍പറ്റുന്നതുമാണ്. കേരളത്തിന്റെ വനത്തെയും പരിസ്ഥിതിയെയും ജനജീവിതത്തെയും സംബന്ധിച്ച്
പൊതുതാല്‍പര്യത്തെയും ശാസ്ത്രീയതയെയും ‘ബാലന്‍സ്' ചെയ്യുന്ന നിലപാട് എന്തായിരിക്കണം, ഈ വിഷയത്തില്‍?
ഡോ. ടി.വി. സജീവ്: സുപ്രീംകോടതി ഉത്തരവ് ശാസ്ത്രീയമായി ശരിയല്ല, യാന്ത്രികമായി ചെയ്യാവുന്ന ഒരു കാര്യമല്ല, പരിസ്ഥിതിലോല മേഖല ക്ലാസിഫൈ ചെയ്യുക എന്നത്. അതിന് കൃത്യമായ രീതിശാസ്ത്രമുണ്ട്. അതനുസരിച്ച്, പശ്ചിമഘട്ടമേഖലകളിലെ പരിസ്ഥിതിലോല മേഖലകള്‍ കണ്ടെത്തുന്ന പ്രക്രിയ നടന്നതുമാണ്. 2011ല്‍ തന്നെ അത്തരത്തിലൊരു ശാസ്ത്രീയ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതുമാണ്.
The Western Ghats Ecology Expert Panel (WGEEP) റിപ്പോര്‍ട്ടിന്റെ രീതിശാസ്ത്രം ഇങ്ങനെയായിരുന്നു: പശ്ചിമഘട്ടമേഖല ആദ്യം തരംതിരിക്കുകയും അതിനുശേഷം ആ പ്രദേശത്തെ ഒമ്പതു കിലോമീറ്റര്‍ X ഒമ്പത് കിലോമീറ്റര്‍ ഗ്രിഡുകളായി തിരിക്കുകയും ചെയ്തു. പിന്നീട്, ഓരോ ഗ്രിഡിലെയും സവിശേഷ ഡാറ്റ ശേഖരിച്ചു. അതായത്, ആ പ്രദേശത്തിന്റെ ഉയരം, ചെരിവ്, സസ്യങ്ങള്‍, ജന്തുജാലങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, അപകടസാധ്യതയുള്ള സ്ഥലങ്ങള്‍, കാലാവസ്ഥ, കൃഷി, കന്നുകാലി വളര്‍ത്തല്‍, ഗതാഗത സംവിധാനങ്ങള്‍- ഇങ്ങനെ പതിനെട്ട് വ്യത്യസ്ത പാരാമീറ്ററുകളിലുള്ള ഡാറ്റ ശേഖരിച്ച് അതിനൊരു വാല്യു നിശ്ചയിക്കുകയാണ് ചെയ്തത്. ഏതൊക്കെ ഗ്രിഡുകള്‍ക്കാണ് സ്വഭാവിക വനത്തിന്റെ അത്ര തന്നെയോ അതിനേക്കാള്‍ ഏറെയോ മൂല്യം കിട്ടിയത്, അതിനെ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍- വണ്‍ ആയി ക്ലാസിഫൈ ചെയ്തു. അതിനുതാഴെ സോണ്‍- 2, 3 എന്നിങ്ങനെ നിര്‍വചിക്കപ്പെട്ടു. മൂന്നുമേഖലകളും ചേര്‍ത്തെടുത്താല്‍, മനുഷ്യന്റെ ജീവസന്ധാരണത്തിനാവശ്യമായ എല്ലാം ചെയ്യാനാകും. പക്ഷെ, അത് എവിടെ ചെയ്യണം എന്നത് പ്രധാനമാണ്. സോണ്‍ വണ്ണിലും ടുവിലും ത്രീയിലും ചെയ്യാവുന്ന കാര്യങ്ങളുണ്ട്.
കേരളത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ ചര്‍ച്ച നടക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത്, പാറമടകളെ ദേശസാല്‍ക്കരിക്കുക എന്നതാണ്. ഇത് സര്‍ക്കാര്‍ ചെയ്യേണ്ടതാണ്. ഓരോ ആളുകള്‍ക്കും വീട് വെക്കാന്‍ ആവശ്യമായ പാറ കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം
ഈ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണം അശ്രദ്ധയോടെയുള്ളതായിരുന്നു. ധാരാളം നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും കത്തോലിക്ക സഭയുമെല്ലാം ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നു. റിപ്പോര്‍ട്ട് വളരെ വൈകിയാണ്, ശാസ്ത്രസാഹിത്യ പരിഷത്ത് മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്. അതിനുശേഷം, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ തുടങ്ങിയതുതന്നെ. അതിനുശേഷം, ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ രീതികളെക്കുറിച്ച് അന്വേഷിക്കാന്‍ മറ്റൊരു ഹൈപവര്‍ ഗ്രൂപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയോഗിക്കുകയും അവര്‍ അത് പരിശോധിക്കുകയും, ഗ്രേഡഡ് ആയ രീതിയില്‍നിന്ന് മാറി, ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ എന്ന ഒരൊറ്റ കാറ്റഗറിയിലേക്ക് ചുരുക്കുകയും ചെയ്തു. അതിനുശേഷം, കേരളത്തിനു മാത്രമായി ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തില്‍ ഒരു മൂന്നംഗ സമിതി പരിശോധിച്ചു. ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്ന വനം മാത്രമേ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ ആകേണ്ടതുള്ളൂ എന്ന നിലപാടിലെത്തുകയായിരുന്നു ഈ സമിതി. ഇത് വളരെ അപകടകരമായ പ്രക്രിയയായിരുന്നു.

എടുത്തുപറയേണ്ട ഒരു കാര്യം, ആദ്യ റിപ്പോര്‍ട്ടില്‍ (WGEEP), മനുഷ്യനെ പുറത്താക്കി സംരക്ഷണം സാധ്യമാകില്ല എന്ന് കൃത്യമായി പറഞ്ഞിരുന്നു. അതുകൊണ്ട് പശ്ചിമഘട്ട ഇക്കോളജി അതോറിറ്റി രൂപീകരിക്കുകയും അത് മുന്നോട്ടുവക്കുന്ന നിലപാടുകള്‍ മുന്‍നിര്‍ത്തി, സവിശേഷമായ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് സോണുകളുടെ അതിര്‍വരമ്പുകള്‍ തീരുമാനിക്കേണ്ട ഉത്തരവാദിത്തം അതാത് ഗ്രാമസഭകളെ ഏല്‍പ്പിച്ചുകൊടുക്കുന്ന രീതിയായിരുന്നു ആദ്യ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
രണ്ടാമത്തെ റിപ്പോര്‍ട്ട് ചോദിച്ച ഒരു കാര്യം, എങ്ങനെയാണ് ഇത്ര പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് ഗ്രാമീണരെയും നിരക്ഷരരായ ആദിവാസികളെയും ഏല്‍പ്പിക്കുക എന്നതാണ്. മൂന്നാമത്തെ റിപ്പോര്‍ട്ടിലെത്തിയതോടെ, ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ എന്ന സംജ്ഞ ഇല്ലാതായി.
എന്തുകൊണ്ടാണ്, പാറ പോലെ, പൊതുജനങ്ങളുടെ സ്വത്ത്, ഒരു Common Property Resource, ഒരു സ്വകാര്യ വ്യക്തിയുടേതാകുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം എനിക്കിതുവരെ കിട്ടിയിട്ടില്ല.
എന്തുകൊണ്ടാണ്, കേരളത്തില്‍ ഇത്ര വ്യാപകമായ പ്രതിഷേധമുണ്ടാകുന്നു എന്നു ചോദിച്ചാല്‍, മറ്റൊരു കാര്യം പരിഗണിക്കേണ്ടതായി വരും. അത്, കേരളത്തിലെ കരിങ്കല്‍ ക്വാറികള്‍ നടത്തുന്ന ആളുകളുമായി ബന്ധപ്പെട്ട ഇടപെടലുകളാണ്. ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ എന്ന ആശയം മുന്നോട്ടുവക്കപ്പെട്ടപ്പോള്‍, ക്വാറികള്‍ നടത്തുന്നവരാണ് ഏറ്റവും പേടിച്ചത്. ക്വാറികള്‍ എല്ലായിടത്തും നിര്‍ബാധം നടത്താന്‍ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കി, അവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജം പകര്‍ന്നത്. ധാരാളം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മറ്റും പ്രധാന ഫണ്ടിംഗ് ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നത് പാറമടകളാണ്. തിരുവനന്തപുരത്തൊക്കെ ഇതുസംബന്ധിച്ച്ശാസ്ത്രീയപഠനങ്ങളുണ്ടായിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ പെട്ടെന്നൊരു പ്രശ്‌നമുണ്ടാകുന്ന സമയത്ത്, സഹായിക്കാനുണ്ടാകുക പാറമട മുതലാളിമാരാണ് എന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. പഞ്ചായത്തുതലത്തില്‍, പല ജനപ്രതിനിധികളും അധികാരമേല്‍ക്കുന്നതുവരെ ക്വാറികള്‍ക്കെതിരെ സമരം ചെയ്യും, അധികാരത്തിലെത്തിയാല്‍, ക്വാറി തുടങ്ങാന്‍ ഇവർ തന്നെ എല്ലാ സഹായവും ചെയ്തുകൊടുക്കും. എത്രയോ ഉദാഹരണങ്ങൾ നമുക്കിടയിലുണ്ട്.

എന്തുകൊണ്ടാണ്, പാറ പോലെ, പൊതുജനങ്ങളുടെ സ്വത്ത്, ഒരു Common Property Resource, ഒരു സ്വകാര്യ വ്യക്തിയുടേതാകുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം എനിക്കിതുവരെ കിട്ടിയിട്ടില്ല. ഇപ്പോഴത്തെ മനുഷ്യര്‍ക്കുമാത്രമല്ല, വരാന്‍ പോകുന്ന തലമുറകളെ സംബന്ധിച്ചും പ്രധാനപ്പെട്ട ഒരു വിഭവമാണ് പാറ. അതുവച്ചിട്ട് എങ്ങനെയാണ് ഒരു സ്വകാര്യവ്യക്തി അതിസമ്പന്നനായി മാറുക? എങ്ങനെയാണ്, അങ്ങനെ കിട്ടുന്ന പണം കൊണ്ട് എല്ലാ രാഷ്ട്രീയ സംവിധാനങ്ങളെയും നിയന്ത്രിക്കുക? നമ്മുടെ ജനാധിപത്യത്തെ പാടേ അട്ടിമറിക്കുന്ന ഒരു പ്രക്രിയയായി, ഈ ഭൂമിയിലെ വിഭവത്തിന്റെ ഉപയോഗം മാറിയതായി നമുക്ക് കാണാനാകും.
കേരളത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ ചര്‍ച്ച നടക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത്, പാറമടകളെ ദേശസാല്‍ക്കരിക്കുക എന്നതാണ്. ഇത് സര്‍ക്കാര്‍ ചെയ്യേണ്ടതാണ്. ഓരോ ആളുകള്‍ക്കും വീട് വെക്കാന്‍ ആവശ്യമായ പാറ കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം, അത് സര്‍ക്കാറിന്റെ പൊതുസ്വത്താണ് എന്ന നിലയ്ക്ക് കൈകാര്യം ചെയ്യണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രണ്ട് പ്രകടനപത്രികകളിലും ഈ നിര്‍ദേശമുണ്ടായിരുന്നു. അത് കൃത്യമായി നടപ്പാക്കുക എന്നത് പ്രധാനമാണ്. പാറ ഖനനമേഖല പൊതുമേഖലയിലാക്കിയതിനുശേഷം മാത്രമേ ശരിയായ തരത്തിലുള്ള ഒരു പരിസ്ഥിതി ചര്‍ച്ച കേരളത്തില്‍ നടക്കാന്‍ സാധ്യതയുള്ളൂ.
അതുകൊണ്ടുതന്നെ യാന്ത്രികമായി, ഒരു കിലോമീറ്ററില്‍ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ തീരുമാനിക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. വീണ്ടും മുന്നോട്ടുപോയി, The Western Ghats Ecology Expert Panel റിപ്പോര്‍ട്ട് മുന്നോട്ടുവച്ച രീതിശാസ്ത്രം ഉപയോഗിച്ചുതന്നെ കാര്യങ്ങൾ ചെയ്യണം. പത്തുവര്‍ഷം കഴിഞ്ഞതിനാല്‍, ഡാറ്റ അപ്‌ഡേഷന്‍ നടത്താം. അതേ രീതിശാസ്ത്രം എന്നു പറയാന്‍ കാരണം, അതുമാത്രമാണ് ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ ഐഡന്റിഫൈ ചെയ്യാനുള്ള സയന്റിഫിക് മെത്തഡോളജിയായി നമുക്കുമുന്നിലുള്ളത്. അതിനേക്കാള്‍ മികച്ചത് ഇല്ല. മാത്രമല്ല, ജനപങ്കാളിത്തം പൂര്‍ണമായി ഉറപ്പുവരുത്തി മാത്രമേ പരിസ്ഥിതി സംരക്ഷണം പാടുള്ളൂ എന്ന നിലപാട് എടുക്കുന്ന ആ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നതുമാത്രമാണ് നമുക്കുമുന്നിലെ ഏറ്റവും ശരിയായ വഴി.
തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും കാട്ടുപന്നിയെ വെടിവെക്കാന്‍ അധികാരം നല്‍കുന്ന ഉത്തരവ്, യഥാര്‍ഥത്തില്‍, വനംവകുപ്പിന്റെ അധികാരങ്ങള്‍ ചോര്‍ന്നുപോകുന്നതിന്റെ ലക്ഷണമായി തന്നെ കാണണം.
വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ട്. ഇതിനിടെയാണ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും കാട്ടുപന്നിയെ വെടിവെക്കാന്‍ അധികാരം നല്‍കുന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ 406 വില്ലേജുകള്‍ രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്ന ‘ഹോട്ട് സ്‌പോട്ടു'കളായി, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ പട്ടികയില്‍ പറയുന്നുണ്ട്. ഇത്തരം താല്‍ക്കാലികവും ജനപ്രിയവുമായ നടപടികള്‍ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തെ നേരിടാന്‍ പര്യാപ്തമാണോ? പാരിസ്ഥിതികാവബോധത്തെക്കുറിച്ചുള്ള ഏറ്റവും ആധുനികമായ പാഠങ്ങളില്‍നിന്ന് കേരളീയ സമൂഹത്തെ അന്യവല്‍ക്കരിക്കാന്‍ ബോധപൂര്‍വശ്രമം നടക്കുന്നതായി തോന്നിയിട്ടുണ്ടോ?
തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും കാട്ടുപന്നിയെ വെടിവെക്കാന്‍ അധികാരം നല്‍കുന്ന ഉത്തരവ്, യഥാര്‍ഥത്തില്‍, വനംവകുപ്പിന്റെ അധികാരങ്ങള്‍ ചോര്‍ന്നുപോകുന്നതിന്റെ ലക്ഷണമായി തന്നെ കാണണം. അതിനൊരു ചരിത്രപരമായ കാരണവുമുണ്ട്. വന്യജീവി ആക്രമണം ഏറിവരികയാണ്. കാട്ടുപന്നികള്‍ മാത്രമല്ല, ആനയും കടുവയും മയിലുമടങ്ങുന്ന ധാരാളം ജീവികള്‍ മനുഷ്യരുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നുണ്ട്. ഇതിന് കൊടുക്കുന്ന നഷ്ടപരിഹാരത്തുക വര്‍ഷം ചെല്ലുംതോറും കൂടിക്കൂടി വരികയാണ്. കഴിഞ്ഞ നാലഞ്ചുവര്‍ഷത്തിനിടെ, ധാരാളം സെമിനാറുകളും കോണ്‍ഫറന്‍സുകളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. എങ്കിലും, മൂര്‍ത്തമായ പരിഹാരത്തിലെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ, ഈ വിഷയത്തെ കുറെക്കൂടി ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

കാട്ടുപന്നിയില്‍നിന്നുതന്നെ തുടങ്ങാം. കാടില്ലാത്ത ആലപ്പുഴ ജില്ലയില്‍ വരെ കാട്ടുപന്നി എത്തിക്കഴിഞ്ഞു. വനത്തില്‍ നിന്ന് നാല്‍പതോ അമ്പതോ കിലോമീറ്റര്‍ അകലെ വരെ, ഇവയുടെ ബ്രീഡിംഗ് പോപ്പുലേഷന്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം, ഇവർക്ക് നാട്ടില്‍ കുറെക്കൂടി സുരക്ഷിതമായ ജീവിതം സാധ്യമാകുന്നു എന്നതാണ്. നമ്മുടെ വെയ്‌സ്റ്റ് മാനേജുമെൻറ് സംവിധാനം പടേ തകരാറിലായതിനെതുടര്‍ന്ന്, ഇവർക്ക് ധാരാളം ഭക്ഷണം നാട്ടില്‍തന്നെ ലഭിക്കുന്നു. റബറിന് വില കുറയുന്ന സമയത്ത്, തോട്ടങ്ങളില്‍ അടിക്കാടുകള്‍ വെട്ടാതാകുമ്പോള്‍, അവിടെ നല്ല ഒളിത്താവളങ്ങളുണ്ടാകുന്നുണ്ട്. ഇതുകൂടാതെ, കാട്ടില്‍ ഇവരെ പിടിച്ചുതിന്നുന്ന ജീവികളുടെ സാന്നിധ്യവും നാട്ടില്‍ കുറവാണ്. ഈ കാരണങ്ങള്‍ കൊണ്ട് ഇവർ പുറത്തേക്ക് വ്യാപിക്കും.
വനംവകുപ്പിനെ അപകോളനീകരിക്കേണ്ടതുണ്ട്. കൊളോണിയല്‍ കാലത്തെ മൂല്യബോധത്തെ മനസ്സില്‍ വച്ചുകൊണ്ട് കാടിനെ പരിപാലിക്കാന്‍ പറ്റില്ല എന്ന് തിരിച്ചറിയണം.
പണ്ട് കേരളത്തില്‍ മൂന്നുതരം പന്നികളാണുണ്ടായിരുന്നത്. വീടുകളില്‍ വളര്‍ത്തുന്നവയും കാട്ടുപന്നികളും. ഇവർക്കിടയിൽ, അലഞ്ഞുതിരിഞ്ഞുനടക്കുന്ന, തെരുവുനായ്ക്കള്‍ക്കുസമാനമായ തെരുവുപന്നി (feral pig) കളുമുണ്ടായിരുന്നു. ഈ വിഭാഗം ഇപ്പോള്‍ പൂര്‍ണമായും ഇല്ലാതായി. കേരളത്തില്‍, തമിഴ്‌നാടിനോടു ചേര്‍ന്ന ഭാഗങ്ങളില്‍ മാത്രമേ നമുക്ക് ഇവരെ കാണാനാകുന്നുള്ളൂ. അതുകൊണ്ടുതന്നെ, അവര്‍ ഒഴിവാക്കിപ്പോയ ഇടം കാട്ടുപന്നികള്‍ occupy ചെയ്യുകയാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍, കാട്ടിലുള്ള പന്നികളുടെ എണ്ണം കൂടുകയും കൂടിയ എണ്ണം പുറത്തേക്കുവരികയും ചെയ്യും. മറ്റൊരു സാധ്യത, കാട്ടിലുള്ള പന്നികള്‍ പുറത്തേക്ക് ഇറങ്ങിവരിക എന്നതാണ്. അല്ലെങ്കില്‍, ഇതിന്റെ ഒരു കോമ്പിനേഷനുമാകാം, പ്രദേശിക വ്യത്യാസങ്ങളോടെ.
എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്ന് കണ്ടെത്തിയശേഷമാകണം, പരിഹാരത്തെക്കുറിച്ച് ആലോചിക്കാന്‍. എണ്ണം കൂടിയിട്ടാണ് നാട്ടിലേക്ക് എത്തുന്നതെങ്കില്‍, എണ്ണം കുറയ്ക്കാനുള്ള നടപടികളിലേക്ക് പോകേണ്ടിവരും. പൂര്‍ണമായും മൈഗ്രേറ്റ് ചെയ്ത് വന്നതാണെങ്കില്‍ അവരെ റീ ലൊക്കേറ്റ് ചെയ്യേണ്ടിവരും. ലഭ്യമായ വിവരമനുസരിച്ച്, ട്രാന്‍സ് ലൊക്കേറ്റ് ചെയ്തതായാണ് മനസ്സിലാകുന്നത്. അതുകൊണ്ട്, ഇവരുടെ റീ ലൊക്കേഷന്‍ പരിഗണിക്കേണ്ടതുണ്ട്.

മറ്റൊരു പ്രധാന കാര്യം, കാട്ടുപന്നിയെപ്പോലൊരു ജീവിയെ കൊന്ന് മണ്ണില്‍ കുഴിച്ചിടുക എന്നത്, ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അഹങ്കാരമാണ്. അത്ര ഗംഭീരമായ ഒരു ഫുഡ് സോഴ്‌സാണ് അത്, വളരെ ന്യുട്രിറ്റീവായ മെറ്റീരിയൽ.
പ്രശ്നപരിഹാരത്തെക്കുറിച്ച് ആലോചിക്കുമ്പോൾ, അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഘടകം, വനം- വന്യജീവി സംരക്ഷണം, ജനപങ്കാളിത്തത്തോടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവാണ്. ഇതിനുള്ള ഒരു ശ്രമവും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 2006ല്‍ തന്നെ പങ്കാളിത്ത വന പരിപാലനത്തിന് ശ്രമം തുടങ്ങിയിരുന്നുവെങ്കിലും അത് പൂര്‍ണാര്‍ഥത്തില്‍ ഏറ്റെടുക്കുകയുണ്ടായില്ല. വനംവകുപ്പ് തീരുമാനിക്കുന്ന ജോലികള്‍ ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന പ്രക്രിയയായി അത് മാറിയിട്ടുണ്ട്. കാടിനെക്കുറിച്ച് നിരവധി അറിവുകളുള്ള, സാംസ്‌കാരിക തനിമയുള്ള ആദിമനിവാസികളെയടക്കം, ടൂറിസ്റ്റുകളുടെ വെയ്‌സ്റ്റ് എടുത്തുമാറ്റുന്ന ജോലിയില്‍ നിയോഗിക്കുകയും അവര്‍ക്ക് ശമ്പളം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് പങ്കാളിത്ത പരിപാലനം എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളെ കൂടി ചേര്‍ത്തുകൊണ്ട് കാട്ടിലെ പരിപാലനസംവിധാനങ്ങള്‍ ആലോചിക്കണം, അങ്ങനെ വനംവകുപ്പിനെ അപകോളനീകരിക്കേണ്ടതുണ്ട്. കൊളോണിയല്‍ കാലത്തെ മൂല്യബോധത്തെ മനസ്സില്‍ വച്ചുകൊണ്ട് കാടിനെ പരിപാലിക്കാന്‍ പറ്റില്ല എന്ന് തിരിച്ചറിയണം. നമുക്ക് സ്വാതന്ത്ര്യം കിട്ടിയതായി ആദ്യം മനസ്സിലാക്കണം, ഒരു ജനാധിപത്യവ്യവസ്ഥക്കുള്ളിലാണ് നാം എന്ന് തിരിച്ചറിയണം, ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത്, അവരെ ചേര്‍ത്തുകൊണ്ട്, വനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനത്തെ മുന്നോട്ടുകൊണ്ടുവരണം. അങ്ങനെ മാത്രമേ വന്യജീവി സംഘര്‍ഷം എന്ന പ്രശ്‌നത്തെ ഫലപ്രദമായി നേരിടാനാകുകയുള്ളൂ. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.