Saturday, 22 January 2022

രണ്ട് ചോദ്യങ്ങള്‍


Text Formatted

ജേര്‍ണലിസ്റ്റിനെ

ഗുണ്ടാ ലിസ്റ്റില്‍ പെടുത്തുന്ന കേരള പൊലീസ്

''പൊലീസ് സംവിധാനത്തിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്യാറുണ്ട് എന്നതുകൊണ്ട് പൊലീസിന്റെ നിരീക്ഷണം ഇപ്പോഴും ഉണ്ടാകും എന്ന് ഞാന്‍ കരുതിയിരുന്നു. എങ്കിലും സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല''

Image Full Width
Image Caption
ഷഫീഖ് താമരശ്ശേരി
Text Formatted

മനില സി മോഹന്‍ :  കഴിഞ്ഞ ദിവസം ഷഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. ഗുണ്ടകളേയും ക്വട്ടേഷന്‍ സംഘങ്ങളെയും മയക്ക് മരുന്ന് മാഫിയകളെയും നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കാവല്‍ പദ്ധതിയുടെ ഭാഗമായുള്ള വെരിഫിക്കേഷനെ സംബന്ധിച്ചായിരുന്നു അത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? എന്താണ് ഇതിനു പിന്നിലെ ലക്ഷ്യം എന്നാണ് തോന്നുന്നത്?

ഷഫീഖ് താമരശ്ശേരി : ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും എനിക്കൊരു കോള്‍ വരുന്നത്. എസ്.ഐ. ആണെന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ എന്റെ പൂര്‍ണ മേല്‍വിലാസം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്തിനാണെന്ന് തിരക്കിയപ്പോള്‍ ലഭിച്ച മറുപടി ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായ വെരിഫിക്കേഷന്‍ ആണെന്നായിരുന്നു. സംസ്ഥാനത്തെ ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും മയക്കുമരുന്ന് മാഫിയകളെയും നിയന്ത്രിക്കുന്നതിനും പിടികൂടുന്നതിനുമായി ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ കാവല്‍' പദ്ധതിയുടെ ഭാഗമായ ലിസ്റ്റില്‍ എന്റെ പേര് എങ്ങിനെ കടന്നുവന്നു എന്നതില്‍ എനിക്ക് ആശ്ചര്യം തോന്നി. നിങ്ങള്‍ക്ക് ആളുമാറിയാതാകാം എന്ന് പൊലീസുകാരനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തിരികെ ചോദിച്ചത് നിങ്ങള്‍ പ്ലാച്ചിമട സമരത്തില്‍ ഉണ്ടായിരുന്നില്ലേ, യൂത്ത് ഡയലോഗ് എന്ന കൂട്ടായ്മയുടെ ഭാഗമായിരുന്നില്ലേ എന്നൊക്കെയാണ്. 

നേരത്തെ ഞാന്‍ വിദ്യാര്‍ത്ഥി ആയിരുന്ന സമയത്തും തുടര്‍ന്നുമൊക്കെ കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് ഇടപെടുകയും ബദല്‍ സാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്നു. അക്കാലങ്ങളിലൊക്കെ പല തരത്തിലുള്ള പൊലീസ് അന്വേഷണങ്ങളും മാവോയിസ്റ്റ് ആരോപണങ്ങളുമൊക്കെ നേരിടേണ്ടിയും വന്നിരുന്നു. അവയുടെ തുടര്‍ച്ചയാവാം ഈ വെരിഫിക്കേഷന്‍ എന്ന് തോന്നിയെങ്കിലും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളുമായി ഇടപെട്ട് പ്രവര്‍ത്തിച്ചവരെ സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമായി കണക്കാക്കുന്ന രീതിയോട് സഹകരിക്കാനാകില്ല എന്നതുകൊണ്ട് മേല്‍വിലാസം നല്‍കാനാകില്ല എന്ന് തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥന് മറുപടി നല്‍കിയത്. "എങ്കില്‍ നിന്നെ വന്ന് പൊക്കിക്കോളാം...' എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. 

വ്യക്തിപരമായി ഞാന്‍ പൊലീസ് അന്വേഷണം നേരിടുന്നത് ഇതാദ്യമല്ല. കോളേജില്‍ ഞാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നുവെങ്കിലും അവസാന വര്‍ഷത്തോടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പല പരിമിതികളും മനസ്സിലാക്കി അക്കാലത്ത് കേരളത്തില്‍ ഉയര്‍ന്നുവന്ന ബദല്‍ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമാവുകയും ജനകീയ സമരങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്നു. ആ സമയങ്ങളിലൊക്കെ പല തവണ പൊലീസ് എന്റെ വിവരങ്ങളന്വേഷിച്ച് വീട്ടിലും നാട്ടിലുമൊക്കെ എത്തുകയും എന്നെക്കുറിച്ചുള്ള ഒരു വ്യാജ ചിത്രം പ്രദേശങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള പൊലീസിന്റെ കര്‍ശന നിരീക്ഷണങ്ങള്‍ക്ക് പല തവണ വിധേയനാകേണ്ടി വന്ന അനുഭവവുമുണ്ട്. 

എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഞാന്‍ ഡൂള്‍ന്യൂസില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുവരികയാണ്. മെച്ചപ്പെട്ട രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുക എന്നതല്ലാതെ മറ്റൊന്നും മുന്നിലില്ല. മനുഷ്യാവകാശ വിഷയങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, പൊലീസ് ഭീകരത തുടങ്ങിയ വിഷയങ്ങള്‍ക്കെല്ലാം ഞാന്‍ സവിശേഷമായ ഊന്നല്‍ നല്‍കാറുണ്ട് എന്നതുകൊണ്ടും പൊലീസ് സംവിധാനത്തിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്യാറുണ്ട് എന്നതുകൊണ്ടും പൊലീസിന്റെ നിരീക്ഷണം ഇപ്പോഴും ഉണ്ടാകും എന്ന് ഞാന്‍ കരുതിയിരുന്നു. എങ്കിലും സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിച്ചിരുന്നില്ല. 

കേരളത്തിലെ ജനകീയ സമരങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവന്ന യുവജനങ്ങളെ പൊലീസ് വ്യാപകമായി പിന്തുടര്‍ന്ന് വേട്ടയാടിയിരുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് പ്രത്യക്ഷത്തിലുള്ള സമരങ്ങളുടെ എണ്ണം കുറയുകയും കൊവിഡിന്റെ കടന്നുവരവോടെ സജീവ സമരങ്ങളില്ലാതാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും കെ റെയിലുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധങ്ങള്‍ ഉയരുകയും സമരങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ കേരളത്തിന്റെ പ്രതിഷേധ സമരധാരയെ ഒരിക്കല്‍ കൂടി ഭയപ്പെടുത്തുക എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ട് എന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും അങ്ങനെ നാം സംശയിക്കേണ്ടി വരും. കാരണം നിലവില്‍ പൊലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ ഇടം പിടിച്ച അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് വന്ന ആളുകള്‍ക്കെല്ലാം സമാനമായ സവിശേഷതകളുണ്ട്. ഏതെങ്കിലും വിധത്തില്‍ അബദ്ധവശാല്‍ ഈ ലിസ്റ്റില്‍ കടന്നുകൂടിയവരല്ല അവര്‍. മൂലമ്പിള്ളി, പ്ലാച്ചിമട, ചെങ്ങറ, എന്‍ഡോസള്‍ഫാന്‍, സര്‍ഫാസി, വാളയാര്‍, സി.എ.എ-എന്‍.ആര്‍.സി തുടങ്ങി വ്യത്യസ്ത കാലങ്ങളില്‍ കേരളത്തിന്റെ പലമേഖലകളില്‍ നടന്ന വിവിധങ്ങളായ സമരങ്ങളുടെ ഭാഗമായി നിലകൊണ്ട ആളുകള്‍ക്ക് നേരെയാണ് ഇപ്പോള്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായ അന്വേഷണം ഉണ്ടായിരിക്കുന്നത്. നിലവില്‍ അന്വേഷണം നേരിട്ടവരില്‍ മാധ്യമപ്രവര്‍ത്തകരും ഗവേഷകരും സാമൂഹ്യപ്രവര്‍ത്തകരും അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും തുടങ്ങി സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ള ആള്‍ വരെ ഉണ്ട്. 

കെ - റെയിലിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കലിനെതിരെ ഒരു പ്രക്ഷോഭം സംസ്ഥാനത്ത് നടക്കുകയാണെങ്കില്‍ ആ സമരത്തിന് സഹായം നല്‍കുമെന്ന് പൊലീസ് കരുതുന്ന തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ ബോധം കൈക്കൊള്ളുന്നവര്‍ തന്നെയാണ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. പാര്‍ലമെന്ററി പ്രതിപക്ഷത്തിന് പുറമേ കേരളത്തിലെപ്പോഴും ഒരു രാഷ്ട്രീയ പ്രതിപക്ഷം കൂടിയുണ്ടാകാറുണ്ട്. അധികാരവുമായി ബന്ധപ്പെട്ട വിലപേശലുകള്‍ക്കും കൊടുക്കല്‍ വാങ്ങലുകള്‍ക്കും പുറത്ത് അടിസ്ഥാന ജനതയുടെ ജീവല്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന ഒരു സമരപക്ഷം. കേരളത്തിലെ - ദളിത് ആദിവാസി - പരിസ്ഥിതി - സ്ത്രീപക്ഷ - മനുഷ്യാവകാശ മുന്നേറ്റങ്ങളെല്ലാം ഈ സമരപക്ഷത്തിന്റെ രാഷ്ട്രീയ വിശാലതയില്‍ പരസ്പരം കൈ കോര്‍ക്കുന്നവരാണ്. ഇത്തരം സമാന്തര രാഷ്ട്രീയ ധാരകളുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ഇല്ലാതാക്കാനും അവയുടെ നേതൃത്വത്തെ വേട്ടയാടി ഇത്തരം മുന്നേറ്റങ്ങളെ ശിഥിലീകരിക്കാനും ഭരണകൂടം എല്ലാ കാലത്തും ശ്രമിക്കാറുണ്ട്. കെ റെയിലിന്റെ അടക്കം പശ്ചാത്തലത്തില്‍ നടക്കുന്ന അത്തരമൊരു ശ്രമം തന്നെയാകാം ഇപ്പോള്‍ നടക്കുന്നതും.▮​​​​​​​


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ഷഫീഖ് താമരശ്ശേരി

ഡൂള്‍ന്യൂസ് ചീഫ് കറസ്‌പോണ്ടന്റ്

മനില സി. മോഹന്‍

ട്രൂകോപ്പി എഡിറ്റർ ഇന്‍ ചീഫ്

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM