രണ്ട് ചോദ്യങ്ങള്‍
ബെന്യാമിന് / കെ. കണ്ണന്
സഭയിലെ ആഭ്യന്തര സംഘർഷമാണ്
ഈ ഉണ്ടയില്ലാ വെടികൾക്കുപിന്നിൽ

ന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിം സമൂഹം ആവശ്യത്തിലധികം ആനുകൂല്യങ്ങള്‍ പങ്കു പറ്റുന്നു എന്നും ഒരു കാലത്ത് ക്രിസ്ത്യാനികളുടെ പിടിയിലായിരുന്ന പല ബിസിനസ് മേഖലകളും മുസ്ലിം വിഭാഗങ്ങള്‍ സംഘടിതമായ ശ്രമത്തിലൂടെ കവര്‍ന്നു കൊണ്ടുപോയി എന്നും മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ വ്യാപകമായി വിശ്വസിക്കുന്നുണ്ട്
കെ. കണ്ണന്: കേരളത്തില്‍ ക്രിസ്ത്യന്‍ സഭകളിലെ ചില കോണുകളില്‍നിന്ന്, മറ്റു സമുദായങ്ങളെ ലക്ഷ്യം വെച്ചോ, സാമുദായികമായ സഹവര്‍ത്തിത്തം തകര്‍ക്കുന്ന രീതിയിലോ മുമ്പില്ലാത്ത വിധം പരസ്യമായി വിദ്വേഷ ആഹ്വാനങ്ങളുണ്ടാകുന്നു. സഭകള്‍ക്കകത്തെ പരസ്പരമുള്ള തര്‍ക്കങ്ങളുടെ സംഘര്‍ഷചരിത്രം മാത്രമാണ് ഇതുവരെ കേരളം അഭിമുഖീകരിച്ചിരുന്നത്. എന്നാല്‍, സമീപകാലത്ത് സഭയുടെ ഔദ്യോഗിക പ്രതിനിധികളില്നിന്നുതന്നെ വിശ്വാസികളെ മുന്നില്‍നിര്‍ത്തി ഒരു "ശത്രു'വിനെ ചൂണ്ടി അവരില്‍നിന്ന് സ്വന്തം കുടുംബങ്ങളെയും മക്കളെയും സംരക്ഷിക്കുക എന്ന മട്ടിലാണ് ഈ ആഹ്വാനങ്ങള്‍. പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗം മാത്രമല്ല, മുമ്പും സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളുമെല്ലാം ചില തീവ്ര സംഘങ്ങള്‍ ഇത്തരം പ്രചാരണങ്ങളുടെ ഉപകരണങ്ങളാക്കിയിട്ടുണ്ട്. ഈ വിദ്വേഷ കാമ്പയിനുപുറകില് പ്രവര്‍ത്തിക്കുന്നത് മത താല്പര്യങ്ങളാണോ അതോ മത ബാഹ്യമായ ഘടകങ്ങളാണോ?
ബെന്യാമിൻ: രണ്ടും ഉണ്ടെന്ന് നമുക്ക് നിരീക്ഷിക്കേണ്ടി വരും. ഒന്ന് സഭയുടെയും സമുദായത്തിന്റെയും സാമ്പത്തിക താത്പര്യങ്ങളാണ്. ന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിം സമൂഹം ആവശ്യത്തിലധികം ആനുകൂല്യങ്ങള്‍ പങ്കു പറ്റുന്നു എന്നും ഒരു കാലത്ത് ക്രിസ്ത്യാനികളുടെ പിടിയിലായിരുന്ന പല ബിസിനസ് മേഖലകളും മുസ്ലിം വിഭാഗങ്ങള്‍ സംഘടിതമായ ശ്രമത്തിലൂടെ കവര്‍ന്നു കൊണ്ടുപോയി എന്നും മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ വ്യാപകമായി വിശ്വസിക്കുന്നുണ്ട്. ആ അസഹ്ണുതയാണ് പല രൂപത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ പ്രചാരണത്തിനു ഒക്കെ മുന്നില്‍ നില്‍ക്കുന്നത് സീറോ മലബാര്‍ സഭ മാത്രമാണ്. കേരളത്തിലെ പ്രബലമായ മറ്റൊരു സഭയും ഇത് ഏറ്റുപിടിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനു കാരണം ആ സഭ ആഭ്യന്തരമായ വലിയ പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് വിശ്വാസപരമാണ്. ജനത്തിന് അഭിമുഖമായി നിന്ന് വേണമോ കിഴക്കോട്ട് തിരിഞ്ഞു നിന്ന് വേണമോ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ എന്നത് ദീര്‍ഘകാലമായി അതിനുള്ളിലെ രണ്ട് വിശ്വാസ ധാരകള്‍ തമ്മിലുള്ള തര്‍ക്കം ആയിരുന്നു. അത് രൂപതകളും തമ്മിലും ബിഷപ്പുമാര്‍ തമ്മിലും ഉള്ള സംഘര്‍ഷമായി മാറിക്കഴിഞ്ഞിരുന്നു. അതിനു തീര്‍പ്പു കല്പിച്ചുകൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖ സ്വീകരിക്കാനോ കുര്‍ബ്ബാന അര്‍പ്പണം സംബന്ധിച്ച ഇടയ ലേഖനം വായിക്കാനോ പല പള്ളികളും പുരോഹിതന്മാരും തയ്യാറായിട്ടില്ല. ഇത് സഭയ്ക്കുള്ളില്‍ വലിയ സംഘര്‍ഷത്തിനു കാരണമായിട്ടുണ്ട്. ഇതൊക്കെ മറച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ് ഇതരസമൂഹങ്ങള്‍ക്കുനേരെ ഉണ്ടയില്ലാത്ത വെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നത്. അതിലൂടെ സഭയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ആഭ്യന്തര സംഘര്‍ഷത്തെ ഒതുക്കാം എന്നാണ് അവര്‍ വിചാരിക്കുന്നത്.
താത്ക്കാലിക ലാഭത്തിനു വേണ്ടിയുള്ള ഈ തീക്കളി ഈ സമൂഹത്തെ ദൂരവ്യാപകമായ പ്രശ്നങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും എന്ന് ഇവര്‍ ആലോചിക്കുന്നതേയില്ല.

ഇന്ത്യയില്‍ സംഘ്പരിവാറിന്റെ ഏറ്റവും വലിയ ആക്രമണലക്ഷ്യങ്ങളിലൊന്ന് ക്രിസ്ത്യന്‍ സമുദായമാണ്. അതിക്രൂരമായ ഹിംസകളാണ് അവര്‍ ക്രിസ്ത്യാനിറ്റിയെ ലക്ഷ്യം വച്ച് ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ ക്രിസ്ത്യന്‍ സഭ അതിന്റെ സഖ്യകക്ഷിയായി സംഘ്പരിവാറിനെ സമീപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. സഭയുടെ രാഷ്ട്രീയ- അധികാര താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന മട്ടിലുള്ള പ്രയോഗങ്ങള്‍ സംഘ്പരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. "നാര്‍ക്കോട്ടിക് ജിഹാദ്' അടക്കമുള്ള ആരോപണങ്ങളുടെ പാശ്ചാത്തലത്തില്‍, സംഘ്പരിവാറുമായുള്ള ക്രിസ്ത്യന്‍ സഭയുടെ സഖ്യം കേരളത്തിന്റെ പുരോഗമനപരമായ സാമുദായിക ഫാബ്രിക്കിന് എന്തുമാത്രം അപകടമാണ് ചെയ്യാന്‍ പോകുന്നത്? പാലാ ബിഷപ്പിന് പിന്തുണയുമായി കേരളത്തിന്റെ പല ഭാഗങ്ങളിലും പരസ്യമായ വിദ്വേഷപ്രചാരണം നടന്നുകൊണ്ടിരിക്കുമ്പോഴും മുഖ്യധാരാ രാഷ്ട്രീയവും പൊതുസമൂഹവും അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?
വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ വലിയ തോതില്‍ ക്രിസ്യാനിറ്റിക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നുണ്ടെന്ന് ഇവിടുത്തെ സഭാനേതാക്കള്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. എന്നാല്‍ എക്കാലത്തും ഭരണത്തിനോടൊപ്പം ഒട്ടി നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്ന ഒരു സ്വഭാവമാണ് ഈ സഭകള്‍ക്ക് ഒക്കെയുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസിലാവും. ഇനി എന്തായാലും കുറച്ചു കാലത്തേക്ക് ബി.ജെ.പി ആവും ഇന്ത്യ ഭരിക്കാന്‍ പോകുന്നത് എന്ന വിശ്വാസം ഇവര്‍ക്കുണ്ട്. അപ്പോള്‍ അവരോടൊപ്പം ഒട്ടി നില്ക്കുക, ആനുകൂല്യങ്ങള്‍ പറ്റുക, അതിനുവേണ്ടി മറ്റ് ആക്രമണങ്ങള്‍ മറന്നുകളയുക എന്ന തന്ത്രം അവര്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
ഹിന്ദുത്വം ശക്തി പ്രാപിക്കുകയാണെന്നും അതിനോട് ഒട്ടി നിന്ന് സമുദായത്തെ അപകടരഹിതമായി മുന്നോട്ട് കൊണ്ടുപോകണം എന്നും മുസ്ലിംകൾക്ക് സംഭവിച്ചതുപോലെ ഒരു അപരവത്കരണത്തിനു നിന്നു കൊടുക്കേണ്ടതില്ലെന്നും ഒരു ആശയധാര പ്രബലപ്പെട്ട് വരുന്നുണ്ട്.
മറ്റൊന്ന് ഹിന്ദുത്വം ഇവിടെ ശക്തി പ്രാപിക്കുകയാണെന്നും അതിനോട് എതിര്‍ത്തു നിന്ന് ഇവിടെ തുടര്‍ന്നു പോകുവാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് അതിനോട് ഒട്ടി നിന്ന് സമുദായത്തെ അപകടരഹിതമായി മുന്നോട്ട് കൊണ്ടുപോകണം എന്നും മുസ്ലിംകൾക്ക് സംഭവിച്ചതുപോലെ ഒരു അപരവത്കരണത്തിനു നിന്നു കൊടുക്കേണ്ടതില്ലെന്നും ഒരു ആശയധാര പ്രബലപ്പെട്ട് വരുന്നുണ്ട്.
മൂന്നാമതായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇരു മുന്നണികളും തങ്ങള്‍ക്ക് വേണ്ടത്ര ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല എന്ന പിണക്കം. ഇതെല്ലാമാണ് ബി.ജെ.പിയോട് അടുക്കാന്‍ ഈ സഭകളെ പ്രേരിപ്പിക്കുന്നത്.
ഇനി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇല്ലാതെ കേരളത്തില്‍ ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കാന്‍ ആവില്ല എന്ന് തിരിച്ചറിഞ്ഞിട്ടുള്ള ബി.ജെ.പി ആവുന്നത്ര സഹായങ്ങള്‍ ചെയ്ത് ഈ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പഴയ ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നു എന്നു വിശ്വസിക്കുന്ന ഇപ്പോഴും പലതരത്തില്‍ ഹിന്ദുമത ആചാരങ്ങള്‍ പിന്തുടരുന്ന സഭകളെ ആ ഭാഗത്തേക്ക് വലിച്ചടുപ്പിക്കുവാന്‍ പ്രയാസവുമില്ല. ഇക്കാര്യത്തില്‍ ഇടപെട്ട് ഉള്ള ബന്ധവും വോട്ടും നഷ്ടപ്പെടുത്താൻ ഇവിടുത്തെ മുന്നണികള്‍ ഒന്നും തയ്യാറല്ല. തുച്ഛമായ വോട്ട് ശതമാനത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്ന ഈ മുന്നണികള്‍ക്ക് ആരേയും പിണക്കാന്‍ ആവാത്ത അവസ്ഥയാണ് ഉള്ളത്. അതാണ് ഈ മൗനത്തിനു കാരണം. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.