രണ്ട് ചോദ്യങ്ങള്‍
വി.ഡി. സതീശന്‍ / മനില സി. മോഹന്‍
‘പല സമുദായ സംഘടനാ നേതാക്കളും പച്ചയ്ക്ക്
വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുന്നു’
കെ- റെയിൽ പദ്ധതി, പാറമട ഖനനം, സമുദായ സംഘടനകളുടെ വർഗീയ നിലപാട്, സാമൂഹിക നീതിയുടെ രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

മനില സി. മോഹന്‍: വന്‍കിട വികസന പദ്ധതികളും അതിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലും പരിസ്ഥിതി നശീകരണവും എക്കാലത്തും കേരളം ചര്‍ച്ച ചെയ്തിട്ടുണ്ട്. ആയിരങ്ങളെ കുടിയിറക്കി പതിനായിരക്കണക്കിനു കോടി രൂപ ചിലവിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന കെ- റെയില്‍ പദ്ധതി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ അതിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. പാറമടകളുടെ ദൂരപരിധി കുറയ്ക്കാനുള്ള നീക്കങ്ങളും വിവാദമുയര്‍ത്തിക്കഴിഞ്ഞു. വികസനം എന്ന ആശയത്തോടും, കെ- റെയില്‍ പോലുള്ള വന്‍കിട പദ്ധതികളോടും, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താങ്കളുടെ നിലപാട് എന്താണ്? രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ കെ- റെയിലിനെതിരെ വ്യക്തമായ നിലപാട് പരസ്യമായി പറഞ്ഞിരുന്നു.
വി.ഡി. സതീശന്‍: സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ എന്ത് വികസനം നടത്തിയാലും അത് സന്തുലിതമാണെങ്കില്‍ പ്രതിപക്ഷം സ്വാഗതം ചെയ്യും. സപ്പോര്‍ട്ട് ചെയ്യും. പക്ഷേ പാരിസ്ഥിതികമായ നാശങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളോട് ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. അതാത് സമയങ്ങളില്‍ ആ നിലപാട് പ്രഖ്യാപിക്കാറുമുണ്ട്. ഉദാഹരണത്തിന് അതിരപ്പള്ളി പദ്ധതി. അത് വേണ്ട എന്ന് നേരത്തേ തന്നെ യു.ഡി.എഫ്. നിലപാടെടുത്തിട്ടുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് തന്നെ കാര്യങ്ങളെല്ലാം പരിശോധിച്ച് ചര്‍ച്ച ചെയ്ത് അതിരപ്പള്ളിയിലെ നിലപാട് ഞങ്ങള്‍ പ്രഖ്യാപിച്ചതാണ്. സന്തുലിതമായ, സുസ്ഥിരമായ വികസനമാണ് ഉണ്ടാവേണ്ടത് എന്നാണ് യു.ഡി.എഫിന്റെ നിലപാട്.
കെ-റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഡോ.എം.കെ.മുനീര്‍ അദ്ധ്യക്ഷനായ ഒരു പത്തംഗ കമ്മിറ്റിയെ യു.ഡി.എഫ്. ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടുത്ത യു.ഡി.എഫ്. യോഗം ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ മുന്നണിയുടെ അഭിപ്രായം രൂപീകരിക്കും.
പാറമടയുടെ കാര്യമെടുത്താല്‍, കഴിഞ്ഞ എല്‍.ഡി.എഫ്. ഗവണ്മെൻറ്അനിയന്ത്രിതമായി പാറമടകള്‍ അനുവദിക്കുകയും പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തിരുന്നു. എല്ലാ നിയന്ത്രണങ്ങളും മറികടന്നു കൊണ്ടാണ് എല്‍.ഡി.എഫ് അത് ചെയ്തത്. അതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല എന്നു മാത്രമല്ല, ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. അതു പോലെ വേറെയും ഒരുപാട് വിഷയങ്ങളുണ്ട്. പ്രത്യക്ഷ സമരപരിപാടികള്‍ നടത്താന്‍ ഇപ്പോള്‍ കോവിഡ് മൂലമുള്ള പരിമിതികള്‍ വലിയ തടസമാണ്. എങ്കിലും അത്തരം വിഷയങ്ങളെ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അത്തരം പദ്ധതികളുമായി മുന്നോട്ടു പോകാന്‍ ഗവണ്‍മെന്റിനെ അനുവദിക്കില്ല. അതിനുള്ള ജാഗ്രതയും ശ്രദ്ധയും ഞങ്ങള്‍ പുലര്‍ത്തുന്നുണ്ട്.

കെ-റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഡോ.എം.കെ.മുനീര്‍ അദ്ധ്യക്ഷനായ ഒരു പത്തംഗ കമ്മിറ്റിയെ യു.ഡി.എഫ്. ചുമതലപ്പെടുത്തിയിരുന്നു. അവര്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം ശേഖരിക്കുകയും ചെയ്തു കഴിഞ്ഞു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടുത്ത യു.ഡി.എഫ്. യോഗം ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ മുന്നണിയുടെ അഭിപ്രായം രൂപീകരിക്കും. അതു കൊണ്ടാണ് ഈ വിഷയത്തില്‍ ഞാന്‍ നേരത്തേ ഒന്നും പറയാതിരുന്നത്. ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ പദ്ധതിയുടെ എല്ലാ വശങ്ങളും നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. വികസനം എന്ന aspect ആണ് ഒന്ന്. ഒരുപാട് ആളുകളെ -അവരുടെ താമസത്തെയും ജീവിതോപാധികളെയുമെല്ലാം- വല്ലാതെ ബാധിക്കുന്ന പദ്ധതിയാണ് എന്നതാണ് മറ്റൊരു വശം. ഇത്രയധികം തുക മുടക്കുമ്പോള്‍ അതനുസരിച്ചുള്ള റിട്ടേണ്‍, പ്രയോജനം കേരളത്തിന് ഉണ്ടാകുമോ എന്നത് മറ്റൊരു വശം. ഈ പദ്ധതി മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിക്കണം. ഇതെല്ലാം കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു കൊണ്ടുള്ള ഒരു നിലപാട് അടുത്ത ആഴ്ച തന്നെ യു.ഡി.എഫ്. പ്രഖ്യാപിക്കും.
മതനിരപേക്ഷതയെ എതിര്‍ക്കാനും പരസ്യമായി വര്‍ഗീയ നിലപാട് സ്വീകരിക്കാനും ആളുകള്‍ കുറച്ചെങ്കിലും ഭയപ്പെടുന്ന സ്ഥിതി നേരത്തേ കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സമുദായ സംഘടനകള്‍ - നേതാക്കളും പ്രവര്‍ത്തകരും പൊതു സംവാദ വേദികളിലെ വക്താക്കളുമെല്ലാം - പച്ചയായി വര്‍ഗീയതയും അപര വിദ്വേഷവും പറയാന്‍ മടിക്കുന്നില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതൊരു കുറ്റമായി കാണുന്നവര്‍ പോലുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലുമടക്കം അവരുടെ വാദങ്ങള്‍ക്ക് വലിയ ഇടവും ദൃശ്യതയും കിട്ടുകയും ചെയ്യുന്നു. വര്‍ഗീയ സംഘടനകള്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ ശത്രുക്കളായി കാണുന്ന സ്ഥിതിയുമുണ്ട്. അതിനെ നേരിടാന്‍, നെഹ്‌റുവിയന്‍ ലെഗസിയും മറ്റും അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനും എന്ത് പദ്ധതിയാണ് കയ്യിലുള്ളത്?
വളരെയധികം പ്രസക്തമായ ചോദ്യമാണിത്. ഞാന്‍ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ വളരെ വ്യക്തമായി ഒരു നിലപാട് പറഞ്ഞിരുന്നു. യു.ഡി.എഫാകട്ടെ, കോണ്‍ഗ്രസ്സാകട്ടെ, ഈ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. അത് ഭൂരിപക്ഷ വര്‍ഗീയതയുടെ കാര്യമായാലും ന്യൂനപക്ഷ വര്‍ഗീയതയുടെ കാര്യമായാലും. രണ്ടിനെയും ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. സൗകര്യത്തിനു വേണ്ടി തിരഞ്ഞെടുപ്പുകാലത്ത് ഒരു നിലപാട്, തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റൊരു നിലപാട് എന്ന രീതി ഉണ്ടാവില്ല. തിരഞ്ഞെടുപ്പിന്റെ സമയത്തായാലും അതിനു ശേഷമായാലും വര്‍ഗീയതയോടുള്ള നിലപാടില്‍ ഒരു വ്യത്യാസവും പാടില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിലുപരി, വര്‍ഗീയതയെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ചുമൂടുക എന്നതാണ് ഞങ്ങളുടെ ആശയം.
ആഷിക് അബുവും പൃഥ്വിരാജും വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമയെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോളേക്കും ഇവിടെ വര്‍ഗീയമായ ചേരിതിരിവുണ്ടായി
ചോദ്യത്തില്‍ ചൂണ്ടിക്കാണിച്ചത് തീര്‍ത്തും ശരിയാണ്. നേരത്തേ ഇവിടെ മതേതരത്വത്തെ എതിര്‍ക്കാന്‍ ഭയപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നു. ഒരു ഉദാഹരണം പറയാം. 33 കൊല്ലം മുന്‍പാണ് ഐ.വി.ശശിയും ടി.ദാമോദരനും ചേര്‍ന്ന് മലയാളത്തില്‍ 1921 എന്ന സിനിമയെടുത്തത്. അന്ന് കേരളത്തിലെ എല്ലാ ജാതിമത വിഭാഗങ്ങളില്‍ പെട്ടവരും പോയി ആ സിനിമ കണ്ടു. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലെടുത്ത ആ സിനിമ അന്ന് കേരളം വേറൊരു തലത്തില്‍ ചര്‍ച്ച ചെയ്തില്ല. ഇപ്പോള്‍ ആഷിക് അബുവും പൃഥ്വിരാജും വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമയെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോളേക്കും ഇവിടെ വര്‍ഗീയമായ ചേരിതിരിവുണ്ടായി. 33 കൊല്ലം കൊണ്ട് കേരളത്തിനുണ്ടായ ഈ മാറ്റം വളരെ shocking ആയ കാര്യമാണ്. ഈ 33 കൊല്ലത്തിനിടയില്‍ കേരളത്തിന്റെ മതേതര മനസ്സിന് മങ്ങലേറ്റിട്ടുണ്ട് എന്നത് സത്യമാണ്. അപകടകരമായ വിധം മങ്ങലേറ്റിട്ടുണ്ട്. വലിയൊരു അസ്വസ്ഥതയിലേക്ക് കേരളം പോകുന്ന സ്ഥിതിയുണ്ട്. വര്‍ഗീയമായ ഭിന്നിപ്പ് കൂടുതല്‍ വര്‍ധിച്ചുവരുന്നു.

പണ്ടൊക്കെ സമുദായ സംഘടനകളുടെ നേതാക്കള്‍ പോലും സംസാരത്തില്‍ ഒരു മതേതര സ്വഭാവം പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സമുദായ സംഘടനകള്‍ക്കൊന്നും ഞാന്‍ എതിരല്ല. സമുദായ സംഘടനകള്‍ നേരത്തേയും ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ആ സംഘടനകളെല്ലാം അതാത് സമുദായത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന, വളരെ പ്രയാസമനുഭവിക്കുന്ന ആളുകളെ കൈപിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും, സമുദായത്തിനകത്തെ പുരോഗമന പ്രവര്‍ത്തനങ്ങളുമൊക്കെയാണ് നടത്തിക്കൊണ്ടിരുന്നത്.
പക്ഷേ ഇപ്പോള്‍ പല സമുദായ സംഘടനാ നേതാക്കളും- എല്ലാവരും എന്ന് ഞാന്‍ പറയുന്നില്ല- പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ മണ്ണിലും കുടിവെള്ളത്തിലും വിഷം കലക്കുന്നതു പോലുള്ള നടപടിയാണത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ലാഭത്തിനോ വോട്ടിനോ വേണ്ടിയല്ലാതെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യതയാണ്. യു.ഡി.എഫ്. ആ ബാധ്യത നിറവേറ്റാനുള്ള നിലപാടുകള്‍ എക്കാലത്തും സ്വീകരിക്കുന്നുണ്ട്. അതില്‍ വെള്ളം ചേര്‍ക്കുന്ന നടപടികളൊന്നും യു.ഡി.എഫോ കോണ്‍ഗ്രസോ സ്വീകരിക്കില്ല.
ഒരു സമൂഹം പരിഷ്‌കൃതവും പ്രബുദ്ധവുമാണോ എന്നു വിലയിരുത്തേണ്ടത് ആ സമൂഹം സ്ത്രീകളോടും കുട്ടികളോടും പ്രായമായവരോടും ദുര്‍ബലരോടും എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാണ്.
മതനിരപേക്ഷത ഉള്‍പ്പെടെയുള്ള സാമൂഹികനീതി ഉറപ്പുവരുത്തുന്നതില്‍ യുവജന സംഘടനകള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഒരു സമൂഹം പരിഷ്‌കൃതവും പ്രബുദ്ധവുമാണോ എന്നു വിലയിരുത്തേണ്ടത് ആ സമൂഹം സ്ത്രീകളോടും കുട്ടികളോടും പ്രായമായവരോടും ദുര്‍ബലരോടും എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാണ്. നമ്മളൊരു പരിഷ്‌കൃതസമൂഹമാണോ എന്നു സംശയം തോന്നുന്ന രീതിയിലേക്ക് കേരളം മാറിയിട്ടുണ്ട്.
ഞാനൊക്കെ വിവാഹം ചെയ്യുന്ന കാലത്ത്, സ്ത്രീധനം വേണമെന്ന് പറയാന്‍ പോലും ആളുകള്‍ പേടിച്ചിരുന്നു. അന്നും സ്ത്രീധനം വാങ്ങുന്നവര്‍ ഉണ്ടായിരുന്നിരിക്കാം. എങ്കിലും സ്ത്രീധനത്തെക്കുറിച്ച് പരസ്യമായി പറയുന്നത് നാണക്കേടായി മലയാളികള്‍ കരുതിയിരുന്നു എന്നതാണ് സത്യം. പക്ഷേ ഇന്ന് പലരും സ്ത്രീധനമായി ഇത്ര ലക്ഷം രൂപ കിട്ടി, ബെന്‍സ് കാര്‍ കിട്ടി എന്നൊക്കെ അഭിമാനത്തോടെ വലിയ കാര്യമായി പറയുന്ന സ്ഥിതിയാണ്.
യുവജന സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളം പില്‍ക്കാലത്ത് ഒരു പുരോഗമന സമൂഹമായി അറിയപ്പെട്ടത്. ബഹുജന പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് യുവജന സംഘടനകള്‍, മുഴുവന്‍ സമയവും കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുന്നവരായി മാറാതെ സാമൂഹിക വിഷയങ്ങളും ഏറ്റെടുക്കണം. അതു കൊണ്ടാണ് ഞാന്‍ മുന്‍കയ്യെടുത്ത് "മകള്‍ക്കൊപ്പം' എന്ന ക്യാംപെയിന്‍ തുടങ്ങിയത്. തിരുവനന്തപുരത്ത് എന്റെ ഓഫീസില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഹെല്‍പ് ലൈനും തുടങ്ങി. എല്ലാ സംഘടനകളും ഇത്തരം പ്രവര്‍ത്തനം ഏറ്റെടുക്കണം.
പ്രത്യേകിച്ച് സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവര്‍ത്തനം ആവശ്യമാണ്. കല്യാണം നടത്തി കടക്കെണിയിലായ വീട്ടുകാരുടെ കഷ്ടപ്പാടും, വീട്ടിലേക്കു മടങ്ങി വരുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകളും ഓര്‍ത്താണ് പല കുട്ടികളും ആത്മഹത്യ ചെയ്യുന്നത്. അവര്‍ക്ക് സംരക്ഷണത്തിന്റെ കുട ചൂടിക്കൊടുക്കാനും, അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്ക് ധൈര്യം പകരാനും സംഘടനകള്‍ക്ക് കഴിയണം. യു.ഡി.എഫും കോണ്‍ഗ്രസും അതിന് മുന്‍പന്തിയില്‍ തന്നെയുണ്ടാവും. ▮