Sunday, 28 November 2021

വിഭജനത്തിന്റെ ചരിത്രം


Text Formatted

ബംഗാൾ; വിഭജിക്കപ്പെട്ട ഭൂപടത്തിലെ മണ്ണും മനുഷ്യരും

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും രൂപീകരണത്തിലും ത്യാഗങ്ങള്‍ സഹിക്കേണ്ടിവരികയും അതിര്‍ത്തികള്‍ ഭേദിക്കുകയും ചെയ്ത മനുഷ്യരുടെ വ്യഥ പ്രമേയമാക്കുന്ന സുനില്‍ ഗംഗോപാധ്യായയുടെ ‘ഈസ്​റ്റ്​ വെസ്റ്റി’ന്റെ സമകാലിക വായന

Image Full Width
Image Caption
Photo : Wikimedia Commons
Text Formatted

Unbiased at least he was when he arrived on his mission,
Having never set eyes on the land he was called to partition
Between two peoples fanatically at odds,
With their different diets and incompatible gods.
'Time,' they had briefed him in London, 'is short. It's too late
For mutual reconciliation or rational debate:
The only solution now lies in separation.

- Partition; W H Auden.

ഒന്ന്

വിഭജനത്തിന്റെ മുറിപ്പാടുകള്‍, അഭയാര്‍ഥികളുടെ നീണ്ടനിരകള്‍, പലായനത്തിന്റെ പ്രത്യാഘാതമായ ഉള്ളുരുക്കങ്ങള്‍ എന്നിവയൊക്കെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഇന്ത്യയുടെ ചരിത്രം. ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് കഴ്‌സണ്‍ 1905ല്‍ ബംഗാളിനെ വിഭജിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. ഒടുവില്‍ 1911ല്‍ വീണ്ടും ബംഗാളിനെ ഏകീകരിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം, അതേ സാഹചര്യം ആവര്‍ത്തിക്കുകയാണുണ്ടായത്. അധീനതയിലുള്ള രാജ്യങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്റെ പാഠങ്ങള്‍ നടപ്പിലാക്കുക എന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കാര്യപരിപാടിയായിരുന്നു. ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ദൃഷ്ടാന്തങ്ങള്‍ ചരിത്രത്തിലുണ്ട്. വിഭജനം അശാന്തിയുടെ ഭൂവിടങ്ങള്‍ക്ക് രൂപം കൊടുക്കുകയും സംഘര്‍ഷത്തിന്റേതായ പ്രത്യയശാസ്ത്രം ബലപ്പെടുത്തുകയും ചെയ്തു. രാഷ്ട്രത്തെ കീറിമുറിക്കാനുള്ള തീരുമാനം ജീവിതസാഹചര്യങ്ങളെ അപ്രതീക്ഷിതമായ വിധത്തില്‍ ബാധിക്കുന്നതിന്റെ അധ്യായങ്ങളാണ് സ്വാതന്ത്ര്യം ഒരുകൂട്ടം മനുഷ്യര്‍ക്ക് നല്‍കിയത്. ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ രണ്ടു മതങ്ങളുടെ നിയതമായ ചട്ടക്കൂടിലൂടെ നിയന്ത്രിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിലൂടെ സംജാതമായത്. ബംഗാളിനെ പശ്ചിമ ബംഗാളും പൂര്‍വ ബംഗാളുമാക്കി മാറ്റിക്കൊണ്ട്, കിഴക്കേ ബംഗാളിനെ കിഴക്കേ പാകിസ്ഥാനായി രൂപപ്പെടുത്തുന്നതോടെ കിഴക്കേ ബംഗാളിന്റെ സ്വത്വചിഹ്നങ്ങള്‍ അലങ്കോലപ്പെടുകയായിരുന്നുവത്രേ. പൂര്‍വ ബംഗാളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പശ്ചിമബംഗാളില്‍ എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികള്‍ അന്നത്തെ പശ്ചിമബംഗാളിന്റെ ജനസംഖ്യയുടെ നാലിലൊന്നുണ്ടായിരുന്നു. അതിരുകള്‍ ഭേദിച്ചെത്തുന്നവര്‍ക്ക് ലഭ്യമാക്കേണ്ടിയിരുന്ന, മാനുഷികവ്യവഹാരങ്ങളാല്‍ കെട്ടിയുയര്‍ത്തേണ്ട രാഷ്ട്രസംവിധാനത്തിന്റെ അസ്തിത്വത്തിനു ബലക്ഷയമുണ്ടായി എന്നതില്‍ സംശയമില്ല.

the great partition

ഭൂപടത്തിലെ ഏതാനും വരകളിലൂടെ ഇന്ത്യ- പാക് വിഭജനം സാധ്യമാക്കിയ ബ്രിട്ടീഷ് അഭിഭാഷകനായിരുന്ന സിറില്‍ റാഡ്ക്ലിഫ് ‘ഇന്ത്യ' യെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് അത് നിര്‍വഹിച്ചത്. അഞ്ചാഴ്ച കൊണ്ടാണ് ഈ കര്‍മം അദ്ദേഹം സാധ്യമാക്കിയത്. കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തിരേഖകള്‍ നിര്‍ണയിക്കാന്‍ അദ്ദേഹം ഇന്ത്യയിലെത്തിച്ചേര്‍ന്നത് 1947 ജൂലായിലായിരുന്നു. കാല്‍നടയായും കാളവണ്ടികളിലും അതിര്‍ത്തികള്‍ താണ്ടുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ ദുരിതങ്ങളും അനന്തരഫലങ്ങളും റാഡ്ക്ലിഫ് മുന്‍കൂട്ടി മനസിലാക്കിയിരുന്നുവെന്നു വേണം കരുതേണ്ടത്. ഇതിന്റെ പേരില്‍ ഇന്ത്യക്കാര്‍ തന്നെ വെറുക്കുമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ വരയ്ക്കപ്പെട്ട റാഡ്ക്ലിഫ് രേഖയുടെ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ ആഘാതം കനത്തതായിരുന്നു. സാമൂഹികാവസ്ഥകള്‍ക്ക് ഉച്ചനീചത്വമേകുക വഴി ഉരുണ്ടുകൂടുന്ന പ്രതിലോമകരമായ സാഹചര്യങ്ങളിലേക്ക് മതം സമൂഹത്തെ വലിച്ചിഴക്കുന്നതിന്റെ പരിണതഫലമാണ് വിഭജനത്തില്‍ കലാശിച്ചത്. സാമ്രാജ്യത്തിന്റെ മൂഢതക്ക് സാക്ഷ്യം വഹിക്കുകയും സാമുദായികപരിണാമത്തെ തകര്‍ക്കുകയും ചരിത്രപരമായ പാതകളെ വളച്ചൊടിക്കുകയും സമൂഹത്തെ അക്രമാസക്തമായ ഭരണകൂട രൂപീകരണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന' പ്രതിഭാസമായി വിഭജനം മാറിയത് ‘The Great Partition - The Making of India and Pakistan' എന്ന പുസ്തകത്തില്‍ യാസ്മിന്‍ ഖാന്‍ ചൂണ്ടിക്കാട്ടിയത് തികച്ചും പ്രസക്തമാണ്. സ്വാതന്ത്ര്യം എന്നതിന്റെ മറ്റൊരു പദമായി വിഭജനം കൂടെ പ്രാബല്യത്തില്‍ വരുന്നതിന്റെ വൈഷമ്യം കഠിനമാണെന്ന് പില്ക്കാലാനുഭവം നമ്മെ പഠിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലാണ് വിഭജനം എന്ന ആശയം രൂപപ്പെട്ടതെങ്കിലും മതം കേന്ദ്രീകരിച്ചുള്ള വിഭജനവും ഐക്യവും സമൂഹത്തിന്റെ ഭദ്രതയ്ക്ക് ആധാരശില പാകുന്ന ഘടകമായി കാണാനാവില്ല എന്ന തിരിച്ചറിവ് പിന്നീട് ഉണ്ടാകുകയാണ്. 

H_S_Suhrawardy
ഹുസൈന്‍ സുഹ്രവാഡി

ബംഗാളിനെ സംബന്ധിച്ച് യാതനകള്‍ മറ്റൊരു രൂപത്തിലും നടമാടി. രോഗവും പട്ടിണിയും കടുത്ത ഭക്ഷണക്ഷാമവും പ്രതിസന്ധി സൃഷ്ടിച്ചു. മൂന്ന് ദശലക്ഷത്തോളം ആളുകള്‍ മരിക്കാനിടയായ അതിരൂക്ഷമായ ക്ഷാമം 1943 ല്‍ ബംഗാളിനെ ദുരിതത്തിലാഴ്ത്തി. അധികം വൈകാതെയുള്ള മറ്റൊരു ദുരന്തം ബംഗാളികള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിത്തീര്‍ന്നു. 1946 ആഗസ്‌ററ് 16 ന് കല്‍ക്കട്ടയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയലഹള ബംഗാളില്‍ ആകമാനം പടര്‍ന്നു. പാകിസ്ഥാന് വേണ്ടിയുള്ള മുറവിളിയും ഇതോടൊപ്പം കരുത്താര്‍ജ്ജിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ നാലായിരം ജീവന്‍ കവര്‍ന്നെടുത്ത ആസൂത്രിത കലാപം ഒരു പ്രത്യേകരാഷ്ട്രം എന്ന ആവശ്യം സിദ്ധിക്കാനുള്ള അടിയന്തര യത്‌നമായിരുന്നു. ബംഗാള്‍ പ്രവിശ്യ മുസ്‌ലിം ലീഗിന്റെ (BPML) ന്റെ നേതാവും പിന്നീട് പാകിസ്ഥാന്റെ പ്രധാനമന്ത്രിയുമായ, അന്നത്തെ ബംഗാള്‍ മന്ത്രിസഭയുടെ അമരക്കാരനായ (1946-1947) ഹുസൈന്‍ സുഹ്രവാഡിയാണ് കലാപത്തിന് ചെല്ലും ചെലവുമേകിയത്. നിത്യവൃത്തിക്കായി ജോലിക്ക് പോയിരുന്ന സാധാരണക്കാര്‍ ഈ ലഹളയുടെ രക്തസാക്ഷികളായി. ഭാഷയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള വര്‍ഗീയ പ്രചാരണവും ഇതിനിടയില്‍ നടന്നു. ബംഗാളിയെ ഹിന്ദുക്കളുടെ ഭാഷയായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം തല്പരകക്ഷികളില്‍ നിന്നുണ്ടായി.

യഥാര്‍ത്ഥ ബംഗാളിയായും യഥാര്‍ത്ഥ മുസ്‌ലിമായും നീതിപുലര്‍ത്താനാവുമോ എന്ന ചോദ്യം അന്തരീക്ഷത്തില്‍ അലയടിച്ചു. അധികം വൈകാതെ വേട്ടക്കാര്‍ക്കും ഇരകള്‍ക്കും ജാതിയും മതവുമില്ലെന്ന കാഴ്ചപ്പാടില്‍ ചിലരെങ്കിലും ഉറച്ചുനിന്നു. നിഷ്പക്ഷമതികള്‍ ഈ വാദഗതിയില്‍ വിശ്വസിച്ചു.

വിഖ്യാത കവികളായ ടാഗോറും നസ്രുല്‍ ഇസ്​ലാമും പ്രതിനിധാനം ചെയ്തത് ബംഗാളിന്റെ അടരുകളുടെ സാംസ്‌കാരിക മൂലധനമാണ്. വിഭജനത്തില്‍ നഷ്ടമാവാത്ത ഫലഭൂയിഷ്ഠമായ മണ്ണിന്റെ ധാതുബലമാണ് അതുപകര്‍ന്നു തരുന്നത്.

ബംഗാളിന്റെ മൂന്നില്‍ രണ്ടു ഭാഗം കിഴക്കേ ബംഗാള്‍ ആണെന്നത് വിഭജനത്തിന്റെ ആക്കം കൂട്ടുന്നു. ബംഗാളിന്റെ വിസ്തൃതിയില്‍ മൂന്നില്‍ രണ്ടു ഭാഗമുള്ള കിഴക്കേ ബംഗാള്‍ മുറിച്ചെടുക്കുന്നത് ബംഗാളിന്റെ ജീവസുറ്റ ഒരു അവയവം മുറിച്ചുമാറ്റുന്നതുപോലെയായി. കിഴക്കേ ബംഗാള്‍ പാകിസ്ഥാന്റെ ഭാഗമാകുന്നതും പിന്നെ ബംഗ്ലാദേശായി പിറവി കൊള്ളുന്നതും മുറിവേറ്റ ജനതയുടെ മിടിപ്പിനെ നിശ്ചലമാക്കിക്കൊണ്ടാണെന്നത് ഓര്‍ക്കണം. ആഭ്യന്തരമായ അച്ചടക്കമില്ലായ്മ ഒരു രാഷ്ട്രം എന്ന നിലയ്ക്കുള്ള കടമയും ഉത്തരവാദിത്തവും നിര്‍വഹിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയമാകുന്ന സൂചനകള്‍ തുടക്കംതൊട്ടേ ദൃശ്യമായി.

പഞ്ചാബില്‍ സംഭവിച്ചതുപോലെ വലിയ തിരക്കോടുകൂടിയുള്ള കൂട്ടപ്പലായനം ബംഗാളില്‍ ഉണ്ടായില്ല. പതുക്കെ വ്യാപിക്കുന്ന തരത്തിലുള്ളതായിരുന്നു ബംഗാളിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹം. ബന്ധുക്കളുടെ വീടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊതുനിരത്തുകളിലും അവര്‍ അഭയം തേടി. പുറമ്പോക്കുകളിലേക്കും ആള്‍ത്താമസമില്ലാത്ത ഇടങ്ങളിലേക്കുമുള്ള അധിനിവേശം സാധാരണമായി. കിഴക്കേബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയെ കുറിച്ച് അധികൃതര്‍ കൃത്യമായി ആലോചിച്ചിരുന്നില്ല എന്ന് കരുതണം. താത്കാലികമായ ഒരു സ്ഥിതിവിശേഷമായി ഇതിനെ കണ്ട്, പ്രശ്‌നങ്ങള്‍ അടങ്ങുമെന്നും അഭയാര്‍ത്ഥികള്‍ക്ക് മടങ്ങിപ്പോകാമെന്നുമുള്ള വിചാരവും ചില കോണുകളില്‍ സജീവമായിരുന്നു. എന്നാല്‍ തീര്‍ത്തും അസ്ഥാനത്തുള്ള ഒരു ചിന്തയായി അതുമാറി.

അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചുചെല്ലാന്‍ ഒരിടം ഇല്ലെന്ന വസ്തുത പതുക്കെ അവര്‍ക്കും പൊതുസമൂഹത്തിനും വ്യക്തമായി. 1951-ലെ സെന്‍സസ് പ്രകാരം, കിഴക്കേ ബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ എണ്ണം 2,099,000- എന്നാണു കണ്ടെത്തിയത്. അതില്‍ 1,387,000 ആളുകള്‍ പശ്ചിമബംഗാളിലെ മൂന്ന് ജില്ലകളായ -കല്‍ക്കട്ട, നാദിയ, 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ അഭയം പ്രാപിച്ചു. പത്തുവര്‍ഷത്തിനുശേഷം, (1961-ലെ സെന്‍സസ് പ്രകാരം) പശ്ചിമബംഗാളില്‍ അഭയാര്‍ഥികള്‍ മൂന്നു ദശലക്ഷത്തിലധികമായി. 1973-ല്‍ അവരുടെ എണ്ണം വീണ്ടും ഇരട്ടിയായി. ദൈനംദിന ചെലവുകള്‍ക്കായി അവര്‍ക്ക് കടുത്ത ബുദ്ധിമുട്ടനുഭവപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

east-west

ഒരു ദേശത്തെ രണ്ടായി കീറിമുറിച്ച് രണ്ടു രാഷ്ട്രങ്ങളിലാക്കുകയും അവയില്‍ ഒരുഭാഗം പുതിയൊരു രാജ്യമായി പരിണമിക്കുന്നതും സാങ്കേതികമായ രൂപമാറ്റമായി മാത്രം കാണാന്‍ കഴിയില്ല. ആകുലതകളുടെ തുറക്കപ്പെടാത്ത പുസ്തകത്തിലെ താളുകളില്‍ ആ അന്തരം രേഖപ്പെടുത്താനും സാധിക്കില്ലെന്ന് പറയേണ്ടിവരും. രാഷ്ട്രീയഭാഗധേയങ്ങള്‍ക്ക് വിധിക്കപ്പെട്ടു ഒരു സമൂഹത്തിന്റെ ജീവിതചക്രം പരുവപ്പെടുന്നതിന്റെ കാഴ്ചയാണ് വിഭജനാന്തര ബംഗാള്‍ പ്രദാനം ചെയ്യുന്നത്. ഇങ്ങനെ പാകപ്പെടുന്ന, സ്ഥാനാന്തരം സംഭവിച്ച മനുഷ്യരുടെ ആഖ്യാനമാണ് വിഖ്യാത ബംഗാളി എഴുത്തുകാരന്‍ സുനില്‍ ഗംഗോപാദ്ധ്യായയുടെ "ഈസ്റ്റ് വെസ്റ്റ്' എന്ന നോവല്‍ (ബംഗാളിയില്‍ ‘പൂര്‍ബൊ -പശ്ചിം'). രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലി കഴിക്കപ്പെടുന്ന വികാരവിചാരങ്ങളുടെ പ്രതിഫലനമായി നോവലിലെ കഥാപാത്രങ്ങളുടെ വിറങ്ങലിച്ച മുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദ്പുരിലാണ് നോവലിസ്റ്റ് ജനിച്ചത്. എന്നാല്‍ വിഭജനത്തിനു മുമ്പ് തന്നെ കല്‍ക്കട്ടയിലേക്ക് എത്തിച്ചേര്‍ന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബാല്യത്തിലെ കല്‍ക്കട്ടയിലേക്ക് ജീവിതം പറിച്ചുനട്ട അദ്ദേഹം പില്‍ക്കാലത്തു വിഭജനത്തിന്റെ തിക്തത നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്തു. ഈ വേദനയാണ് അദ്ദേഹത്തിന്റെ ബൃഹദാഖ്യായികയായ ‘ഈസ്​റ്റ്​ വെസ്​റ്റ്​’ എന്ന നോവലിന്റെ അടിസ്ഥാനം. ഏണാക്ഷി ചാറ്റര്‍ജി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ നോവല്‍ സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.

പാക്- ബംഗ്ലാദേശ് വിഷയത്തോടനുബന്ധിച്ച് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണുമായുള്ള കൂടിക്കാഴ്ച അലസിപ്പോകുന്നതും ലോകനേതാക്കളെ ഇന്ദിരാഗാന്ധി സമവായത്തിനായി സമീപിക്കുന്നതുമൊക്കെ നോവലില്‍ വിശദീകരിക്കുന്നു.

‘‘ബംഗാളിന്റെ വിഭജനം ഇപ്പോഴും എനിക്ക് വലിയ വേദന നല്‍കുകയാണ്. പൂര്‍വ-പശ്ചിമ ജര്‍മനികള്‍ ഏകീകരിക്കപ്പെട്ടതിനു ശേഷം ഞാന്‍ ജര്‍മ്മനിയിലേക്ക് പോയിരുന്നു. അതുപോലെ കിഴക്കേ ബംഗാളും പടിഞ്ഞാറേ ബംഗാളും ഒന്നിച്ചുച്ചേരുമോ എന്ന് ഞാന്‍ ചിന്തിച്ചു. പക്ഷേ അതിനുള്ള സാധ്യതയില്ലെന്ന് എനിക്ക് തീര്‍ച്ചയായി. അപ്പോഴാണ് ഞാന്‍ വരുംതലമുറയ്ക്ക് വേണ്ടിയെങ്കിലും എന്തെങ്കിലും എഴുതണം എന്ന തീരുമാനത്തിലെത്തിയത്'' എന്ന് സച്ചിദാനന്ദനുമായുള്ള ഒരു സംഭാഷണത്തില്‍ സുനില്‍ ഗംഗോപാദ്ധ്യായ പറയുന്നുണ്ട് (Wasafiri, 25:1, 49-56). അദ്ദേഹത്തിന്റെ നോവലുകളായ First Light, East West എന്നിവ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേയും അതുകഴിഞ്ഞുമുള്ള ബംഗാളിന്റെ വിഭജനത്തിന്റെ ആഖ്യാനങ്ങളാണ്. അപ്രതീക്ഷിതമായി എടുത്ത രാഷ്ട്രീയ തീരുമാനത്താല്‍ ശിഷ്ടജീവിതം അലയേണ്ടി വരുന്നവരുടെ, അഭയാര്‍ഥികളുടെ പരിപൂര്‍ണ ചിത്രമാണ് സുനില്‍ ഗംഗോപാദ്ധ്യായ അവതരിപ്പിക്കുന്നത്. സ്വന്തം ഭൂമിയും കിടപ്പാടവും ഉപേക്ഷിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത മനുഷ്യര്‍ അഭയം അന്വേഷിച്ചു മറ്റൊരു ദിക്കിലെത്തുകയാണ്. അവിടെ ജീവിതം കരുപിടിപ്പിക്കുന്നത് എളുപ്പമാവാതെ വരുന്നു. ചുരുക്കത്തില്‍ അഭയാര്‍ഥികളുടെ പുനരധിവാസം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എണ്ണമറ്റ ആളുകള്‍ സര്‍ക്കാര്‍ അധീനതയിലുള്ള ക്യാമ്പുകളിലെ അന്തേവാസികളായി മാറുന്നു. അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് തങ്ങള്‍ നേരിടുന്ന മതപരവും വംശപരവുമായുള്ള സമസ്യകള്‍ അപരിഹാര്യമാവുകയാണോ എന്ന സംശയം ഉടലെടുക്കുകയാണ്. ഈ ഘട്ടത്തില്‍, ധാക്കയില്‍ സമാനമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവരെ കുറിച്ചും പറയേണ്ടതുണ്ട്. കല്‍ക്കട്ടയും ധാക്കയും പ്രതീകാത്മകസ്വഭാവം കൈക്കൊള്ളാനും ജനങ്ങള്‍ അതാതിടങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തില്‍ പെരുമാറാനും ആരംഭിച്ചു. 
പശ്ചിമബംഗാളില്‍ ആവാസസ്ഥാനം കണ്ടുപിടിക്കുന്നതിനു വേണ്ടി ഒഴിഞ്ഞ വീടുകളും മറ്റും കൈവശപ്പെടുത്തി താമസിക്കാനും അഭയാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. കാശിപ്പൂരിലെ ഒരു കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അഭയാര്‍ത്ഥികളും തൊഴിലാളികളുമായി ഒരു വഴക്കുണ്ടായി. പ്രസ്തുത കെട്ടിടത്തിന്റെ ഉടമസ്ഥനായ അസിത്ഭരന്‍ കൊല്ലപ്പെടുകയും തുടര്‍ന്നുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ ഒരു ഏഴുവയസ്സുകാരനടക്കം മൂന്ന് അഭയാര്‍ത്ഥികള്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ ഈ കെട്ടിടം അഭയാര്‍ഥികളുടെ അധീനതയില്‍ തന്നെ വന്നുപെട്ടു. ഇവരുടെ നേതാവായിരുന്നു ഹരിത് മണ്ഡല്‍.

Sunil-Gangopadhyay
സുനിൽ ഗംഗോപാധ്യായ

കിഴക്കേ ബംഗാളില്‍ നിന്നുള്ള അഭയാര്‍ഥിയായ ഹരിത് മണ്ഡല്‍ നോവലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. വളരെ വിദഗ്ധമായി കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്ന രചനാരീതിയാണ് നോവലിസ്റ്റിന്റേത് എന്ന് വെളിവാക്കുന്ന രംഗങ്ങളാണ് നോവലിലുടനീളമുള്ളത്. അസിതിന്റെ കുടുംബവും ഹരിത് മണ്ഡലുമൊക്കെ പിന്നീട് പല സന്ദര്‍ഭങ്ങളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നതിന്റെ കൗതുകം ആഖ്യാനത്തിലുണ്ട്. ഒരവസരത്തില്‍ മണ്ഡലിനെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ത്രിദീപിനോടും സുലേഖയോടും, അധ:കൃതനായ മനുഷ്യനാണ് താനെന്നു അയാള്‍ പറയുന്നുണ്ട്; ‘ഏറ്റവും താഴെത്തട്ടിലുള്ള ഒരാളാണ് ഞാന്‍, നിങ്ങളുടെയൊക്കെ കാല്‍ക്കീഴില്‍ ജീവിക്കാനുള്ള അവകാശമേ ഞങ്ങള്‍ക്കുള്ളു. ഞങ്ങള്‍ അഭയാര്‍ത്ഥികളാണ്' എന്ന അയാളുടെ വാക്കുകള്‍ അഭയാര്‍ഥിയെ സാമൂഹികശ്രേണിയിലെ ഏറ്റവും താഴെ പ്രതിഷ്ഠിക്കുന്ന നിലപാട് ആരാണെടുത്തത് എന്ന ചോദ്യം ഉന്നയിക്കുന്നു. പുനരധിവാസത്തിനായി ആന്‍ഡമാന്‍ ദ്വീപുസമൂഹത്തിലേക്കോ ദണ്ഡകാരണ്യത്തിലേക്കോ ഇവര്‍ക്ക് പോകേണ്ടി വരുകയാണ്. ഇവിടെയും ബംഗാളികള്‍ വിവേചനം അനുഭവിച്ചിരുന്നു എന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് പലായനം ചെയ്ത അഭയാര്‍ത്ഥികള്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ ബംഗാളികള്‍ക്ക് അനുവദിച്ചിരുന്നില്ല എന്ന പരാതി പൊതുവെ നിലനിന്നിരുന്നു. പഞ്ചാബിവംശജരായ അഭയാര്‍ത്ഥികള്‍ക്ക് നിര്‍മിച്ചുനല്‍കിയ വീടുകളും മറ്റു അടിസ്ഥാന സംവിധാനങ്ങളും കിഴക്കേ ബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല.

സമരങ്ങളുടെ നീണ്ട ചരിത്രം ബംഗാളികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ദേശവും ഭാഷയും സംസ്‌കൃതിയും കാത്തുസൂക്ഷിക്കാനുള്ള യത്‌നങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരുന്ന ജനതയാണ് അത്

ആസൂത്രണം ചെയ്യാത്തതോ ഭാവനയില്‍ പോലും കാണാത്തതോ ആയ തിരക്കഥയ്ക്കനുസൃതമായി പ്രത്യക്ഷപ്പെടുന്ന രംഗങ്ങളില്‍ അഭിനയിച്ചുജീവിക്കേണ്ട ചുമതലയാണ് കലാപഭൂമിയിലെ ജനങ്ങള്‍ക്കുമേല്‍ പതിക്കുന്നത്. നോവലില്‍ പരാമര്‍ശിക്കുന്ന ബാബുല്‍ സിദ്ദിഖിയെ ഒരു മാതൃകയായി എടുക്കാം. രാഷ്ട്രീയാധികാരവും മതമേല്‍ക്കോയ്മയും തെരുവുകളില്‍ തീമഴ പെയ്യിക്കുന്നതോടെ അത്താണി നഷ്ടപ്പെടുന്ന ബാബുല്‍ വിഭജനത്തിന്റെ ഇരയാണ്. മതത്തിന്റെ തീവ്രമായ ചിട്ടകളില്‍ നിന്നുരക്ഷപ്പെടാനായി കുഞ്ഞുന്നാളില്‍ത്തന്നെ വീട് വിട്ടിറങ്ങിയ ബാബുല്‍ പലയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു ഒടുവില്‍ കല്‍ക്കട്ടയില്‍ എത്തിപ്പെട്ടു. ജീവിതകലയുടെ തന്ത്രങ്ങള്‍ അഭ്യസിക്കാനോ നിഗൂഢതത്വങ്ങള്‍ ഉപാസിക്കാനോ തയ്യാറാകാതിരുന്ന അയാള്‍ കഠിനാധ്വാനം ചെയ്തുകൊണ്ട് കുടുംബം പുലര്‍ത്താനാരംഭിച്ചു. എന്നാല്‍ 1950ല്‍ അയാളുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം ഹിന്ദുക്കള്‍ അഗ്‌നിക്കിരയാക്കി. കാലിനു പൊള്ളലേറ്റ അയാള്‍ കുടുംബവുമൊത്ത് കിഴക്കേ പാകിസ്ഥാനിലേക്കു യാത്രയാവുന്നു. പക്ഷെ, മാര്‍ഗ മധ്യേ കോളറ പിടിപെട്ടു മകള്‍ മരിക്കുകയാണ്. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അയാളുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നശിക്കുകയും ചെയ്തു. ഇതൊരു ഒറ്റ തിരിഞ്ഞ സംഭവമല്ല. ഇങ്ങനെയുള്ള അധ്യായങ്ങളിലൂടെ പീഡിതരായി നീങ്ങിയിരുന്ന അനേകരുടെ പ്രതിനിധിയാണ് ബാബുല്‍. ഒരുവശത്ത് മുസ്​ലിം കുടുംബങ്ങള്‍ കലാപത്തീയില്‍ എരിയുന്നവരാവുമ്പോള്‍ മറ്റൊരുവശത്ത് ഹിന്ദുക്കള്‍ക്കും അതേ ദുര്യോഗം ആവര്‍ത്തിക്കുന്നു. മൂലകാരണവും വിശകലനവും ഇല്ലാതെ ഒരു കൂട്ടര്‍ മറ്റേ കൂട്ടരെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ ഈ കലഹപരമ്പര തുടര്‍ന്നുകൊണ്ടിരുന്നുവെന്നു വേണം അനുമാനിക്കേണ്ടത്.

Flags_of_India_and_Pakistan-
സ്വാതന്ത്ര്യം എന്നതിന്റെ മറ്റൊരു പദമായി വിഭജനം കൂടെ പ്രാബല്യത്തില്‍ വരുന്നതിന്റെ വൈഷമ്യം കഠിനമാണെന്ന് പില്ക്കാലാനുഭവം നമ്മെ പഠിപ്പിച്ചു.

നിക്ഷിപ്ത താല്പര്യങ്ങളും രാഷ്ട്രീയേച്ഛകളും ആഖ്യാന നിര്‍വഹണം വഹിച്ച വിഭജനം പരിചിതമല്ലാത്ത ‘അപര'യിടങ്ങളിലേക്ക് ബംഗാളികളെ വലിച്ചിഴച്ചു. അക്കാദമികസമൂഹം ഇതുനോക്കിക്കണ്ട രീതിയിലും ചില വൈരുധ്യങ്ങളുണ്ടായി. കല്‍ക്കട്ട കൂട്ടക്കൊലയുടെ ഒന്നാം വാര്‍ഷികത്തിന്, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടടുത്ത നാള്‍ ചരിത്രകാരനായ ജദുനാഥ് സര്‍ക്കാര്‍ ബംഗാളികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. "അഭയാര്‍ഥികളുടെ പിന്തുണയോടെ പശ്ചിമബംഗാളിനെ നമ്മള്‍ ജൂതഭരണത്തിനു കീഴിലുള്ള പലസ്തീന്‍ എന്നതുപോലെയാക്കണം. കൂരിരുട്ടില്‍ ഒരു പൊട്ടുവെളിച്ചമെന്ന പോലെയും മധ്യകാലത്തെ അജ്ഞതയുടെയും കാലഹരണപ്പെട്ട മതഭ്രാന്തിന്റെയും മരുഭൂമിയിലെ നാഗരികതയുടെ ഒരു മരുപ്പച്ച പോലെയുമായി ഇത് പരിണമിക്കട്ടെ' എന്നാണ് അദ്ദേഹം അന്ന് പ്രസ്താവിച്ചത്. അദ്ദേഹത്തിന്റെ ഈ നിലപാട് അക്കാലത്ത് ചര്‍ച്ചയായിരുന്നു. തൊഴിലന്തരീക്ഷത്തെ കുറിച്ചും തൊഴിലിലെ വിവേചനം സംബന്ധിച്ചുമുള്ള കിഴക്കേ പാകിസ്ഥാനിലെ സ്ഥിതിയെ പറ്റി നോവലില്‍ വിവരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കാര്യാലയങ്ങളിലുമുള്ള തൊഴില്‍ സാദ്ധ്യതകള്‍ ഉദ്യോഗാര്‍ഥികളുടെ മതത്തെ ചുറ്റിപ്പറ്റിയായിരുന്നു. 1951ലെ സ്ഥിതിവിവരപ്പട്ടിക അനുസരിച്ച് പാകിസ്ഥാന്‍ സെക്രട്ടറിയേറ്റില്‍ ഏറിയപങ്കും പശ്ചിമ പാകിസ്ഥാനില്‍ ജനിച്ചുവളര്‍ന്നവരായിരുന്നു എന്നത് കാണാതിരുന്നുകൂടാ. എന്നാല്‍ ഇതിന്റെ മറുവശം കൂടെ പരിശോധിക്കേണ്ടതുണ്ട്.

തങ്ങളുടെ ആവാസവ്യവസ്ഥയെ ഉപേക്ഷിച്ച് ഒരുകൂട്ടം മനുഷ്യര്‍ അതിര്‍ത്തികള്‍ മുറിച്ചുകടക്കുമ്പോള്‍ സമാനമായ മനഃസ്ഥിതിയിലുള്ള മറ്റൊരു കൂട്ടര്‍ അതേ അതിര്‍ത്തിയിലൂടെ കടന്നുവരികയും ചെയ്യുന്നു.

അഭയാര്‍ത്ഥിക്യാമ്പിലെ പരിമിതമായ സാഹചര്യങ്ങളില്‍ വസിക്കുന്നവര്‍ എന്തുജോലിയും ചെയ്യാന്‍ സന്നദ്ധരായിരുന്നു. അഭയാര്‍ത്ഥികളെ അവരുടെ തൊഴില്‍ നൈപുണ്യമധിഷ്ഠിതപ്പെടുത്തി അധിവസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയം പാളുന്ന കാഴ്ചകളാണ് നോവലില്‍ അവതരിപ്പിക്കുന്നത്. അക്കാലത്തു വീട്ടുജോലിക്കായി മധ്യവയസ്‌കകളായ അഭയാര്‍ത്ഥി സ്ത്രീകളെ പരിഗണിച്ചിരുന്നു എന്നത് പ്രസക്തമാണ്. വേശ്യാവൃത്തിക്ക് അഭയാര്‍ത്ഥിക്യാമ്പിലെ പെണ്‍കുട്ടികളെ നിയോഗിക്കാറുണ്ടെന്ന്​ ബിശ്വനാഥ് എന്ന കഥാപാത്രം വെളിപ്പെടുത്തുന്നുണ്ട്. ക്യാമ്പുകളിലെ സ്ത്രീകളില്‍ പലരും വീട്ടുജോലിക്ക് പോകുക പതിവായിരുന്നുവത്രെ. സ്വദേശം വിട്ടെത്തിയവരുടെ കൈവശം സമ്പാദ്യം ഒട്ടും ഇല്ലായിരുന്നതിനാല്‍ പിച്ചയെടുക്കാന്‍ വരെ അവര്‍ തയ്യാറായിരുന്നുവന്നത് അതിശയോക്തിയല്ല. അന്നുവരെ ശീലിച്ചിരുന്ന വരേണ്യഭാവങ്ങളും കുലീനത്വവും വെടിഞ്ഞ പുരോഹിതര്‍ ചുമട്ടുകാരാവുന്നതും ഹോട്ടലിലെ ജീവനക്കാരാവുന്നതും സാധാരണമായിക്കഴിഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ സെറ്റില്‍മെന്റുകളിലെ പരിതാപകരമായ സ്ഥിതിയാണ് പ്രായേണ നോവലില്‍ വെളിപ്പെടുത്തുന്നത്. ഗോഡൗണുകളിലും മറ്റുമായാണ് അവരെ പാര്‍പ്പിച്ചിരുന്നത്. വളരെ മനുഷ്യത്വരഹിതമായ ജീവിതമാണ് അഭയാര്‍ത്ഥികളെ കാത്തിരുന്നത്. മരണം സര്‍വസാധാരണമായ സംഭവമായിരുന്നു. ആഴ്ച തോറും രണ്ടോ മൂന്നോ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ടുതുടങ്ങി. രോഗം മാറാനുള്ളമരുന്നിനു പകരം എല്ലാ രോഗികള്‍ക്കും ഒരേ മരുന്ന് നല്‍കുക എന്ന സമ്പ്രദായം പതിവായി. ഇങ്ങനെ അല്ലലുകളുടെ നീണ്ട ഇടനാഴികളിലാണ് അവര്‍ ജീവിതം കഴിച്ചുകൂട്ടിയത്.

രണ്ട്​:

സമരങ്ങളുടെ നീണ്ട ചരിത്രം ബംഗാളികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ദേശവും ഭാഷയും സംസ്‌കൃതിയും കാത്തുസൂക്ഷിക്കാനുള്ള യത്‌നങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരുന്ന ജനതയാണ് അത്. ബംഗാളി ഭാഷയ്ക്ക് പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും അതിനെ ഔദ്യോഗിക ഭാഷയുടെ പദവിയില്‍ നിന്ന് ഒഴിവാക്കാതിരിക്കാനും 1952ല്‍ കിഴക്കേ പാകിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ കൊടുമ്പിരിക്കൊണ്ടു. ഇന്ത്യയില്‍ ഹിന്ദിയും പാകിസ്ഥാനില്‍ ഉറുദുവും ദേശീയഭാഷയായി തെരഞ്ഞെടുക്കാനുള്ള തീരുമാനം കിഴക്കേ പാകിസ്ഥാന്‍വാസികളെ സമ്മര്‍ദ്ദത്തിലാക്കി. ബംഗാളിസ്വത്വം വെടിഞ്ഞുകൊണ്ടുള്ള ജീവിതം അവര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. അതുപോലെ ‘പൂര്‍വപ്രദേശ്' എന്ന പേരില്‍ പശ്ചിമബംഗാളും ബീഹാറും സംയോജിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം അസ്വാസ്ഥ്യങ്ങള്‍ക്കും വിക്ഷോഭങ്ങള്‍ക്കും വഴിയൊരുക്കി. എന്തിരുന്നാലും അവസാനം ജനകീയമുന്നേറ്റങ്ങള്‍ ഫലം കണ്ടെന്നു പറയണം. പ്രശസ്തനായ ജ്യോതിശ്ശാസ്ത്രജ്ഞനും ഇന്ത്യന്‍ പാര്‍ലമെന്റിലെ അംഗവുമായ മേഘനാഥ് സാഹ ആയിടയ്ക്കാണ് മരണപ്പെട്ടത്. അതേത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. അങ്ങനെ ബംഗാള്‍- ബീഹാര്‍ സംയോജനം സര്‍ക്കാറിന് മറക്കേണ്ടിവന്നു പൂര്‍വപ്രദേശ് കടലാസില്‍ മാത്രം ഒതുങ്ങുകയും ഉറുദുവിനൊപ്പം പാകിസ്ഥാനില്‍ ബംഗാളി കൂടെ ഔദ്യോഗികഭാഷയായി പ്രാബല്യത്തില്‍ വരുകയും ചെയ്തു. 

partition_of_India
വിഭജനത്തിന്റെ മുറിപ്പാടുകള്‍, അഭയാര്‍ഥികളുടെ നീണ്ടനിരകള്‍, പലായനത്തിന്റെ പ്രത്യാഘാതമായ ഉള്ളുരുക്കങ്ങള്‍ എന്നിവയൊക്കെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഇന്ത്യ ചരിത്രം

ഭാഷയും സംസ്‌കാരവും മറക്കപ്പെടാന്‍ നിര്‍ബന്ധിതമായി പ്രേരിപ്പിക്കപ്പെട്ടുകൊണ്ട് അതിരുകള്‍ ഭേദിക്കുന്ന മനുഷ്യരാണ് വിഭജനത്തിന്റെ ബാധ്യത. ഇവിടെയാകട്ടെ തങ്ങളുടെ ആവാസവ്യവസ്ഥയെ ഉപേക്ഷിച്ച് ഒരുകൂട്ടം മനുഷ്യര്‍ അതിര്‍ത്തികള്‍ മുറിച്ചുകടക്കുമ്പോള്‍ സമാനമായ മനഃസ്ഥിതിയിലുള്ള മറ്റൊരു കൂട്ടര്‍ അതേ അതിര്‍ത്തിയിലൂടെ കടന്നുവരികയും ചെയ്യുന്നു. ഇപ്പറഞ്ഞ ചുറ്റുപാടില്‍, ഒരു യുട്ടോപ്യന്‍ സാങ്കല്പികലോകത്ത് അഭിരമിക്കാതെ, മണ്ണില്‍ ചുവട് ഉറപ്പിയ്ക്കാന്‍ പ്രയാസപ്പെടുന്നവരുടെ വിനിമയങ്ങളെ കുറിച്ച് ആലോചിക്കുന്ന എഴുത്തുകാരനെയാണ് നോവലില്‍ കാണാന്‍ കഴിയുന്നത്. ബംഗാളിനെയും ബംഗാളിവംശത്തെയും വേര്‍തിരിക്കുന്ന രേഖ അടയാളപ്പെടുത്താനാണോ പാകിസ്ഥാന്‍ ജന്മം കൊണ്ടതെന്നു നോവലിലെ കഥാപാത്രമായ മാമുന്‍ രോഷത്തോടെ ചോദിക്കുന്നുണ്ട്. കാസി നസ്രുല്‍ എന്ന കവിയുടെ കാല്‍പാദങ്ങള്‍ സ്പര്‍ശിച്ച തഴക്കത്തില്‍ തന്റെ പിതാവിനെ സ്പര്‍ശിക്കാനൊരുങ്ങുന്ന ഉറ്റസുഹൃത്തായ പ്രതാപിനെ, മാമുന്‍ വിലക്കുന്നുണ്ട്​; ‘കവികള്‍ക്ക് ജാതിയില്ല. പക്ഷെ എന്റെ അച്ഛന് ജാതിയും മതവും ഉണ്ട്.' സയ്യദ്​ ആയ അദ്ദേഹത്തിന് ഒരു ഹിന്ദുവിന്റെ സ്പര്‍ശം ഏല്‍ക്കാനാവുമെന്നു തോന്നുന്നില്ല. കായസ്ഥവിഭാഗത്തില്‍ പെടുന്ന പ്രതാപിനെ വീട്ടില്‍ അന്തിയുറങ്ങാനും മാമുന്റെ പിതാവായ സയ്യദ് മൊജമ്മല്‍ ഹഖ് അനുമതി കൊടുക്കുന്നില്ല. അതുപോലെ കായസ്ഥര്‍ തൊട്ടുപെരുമാറിയ ആഹാരപദാര്‍ത്ഥങ്ങള്‍ ബ്രാഹ്മണരും കഴിച്ചിരുന്നില്ല എന്ന് സ്ഥാപിക്കപ്പെടുമ്പോള്‍ ജാതിയുടെ അസമവാക്യങ്ങള്‍ എത്രകണ്ട് തീക്ഷ്ണമാണെന്നു തെളിയുന്നു.

അഭയാര്‍ത്ഥികള്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ തുടര്‍ക്കഥ പോലെ നീണ്ടുകൊണ്ടിരുന്നു. മുസ്​ലിംകളും ഹിന്ദുക്കളും സാന്താള്‍ ഗോത്രവംശക്കാരും കിഴക്കേബംഗാളില്‍ നിന്നുള്ള അഭയാര്‍ഥികളും ഒറിസ്സയില്‍ നിന്നുള്ളവരും പാര്‍ക്കുന്ന സുന്ദര്‍ബന്റെ അടുത്തുള്ള മൊല്ലഖാലിയില്‍ ഏതാനും ദിവസം ഹരിത് താമസിക്കാനിടയായി. അങ്ങനെയാണ് ദ്വീപുകളില്‍ തന്റെ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കൊപ്പം പാര്‍പ്പുറപ്പിക്കണമെന്ന് അയാള്‍ തീരുമാനിക്കുന്നത്. 1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെടുകയും പശ്ചിമബംഗാളില്‍ ഇടതുപക്ഷം അധികാരമേല്‍ക്കുകയും ചെയ്തു. ഇതേ സമയത്താണ് ദണ്ഡകാരണ്യത്തില്‍ നിന്ന് അഭയാര്‍ത്ഥികള്‍ പശ്ചിമബംഗാളിലേക്കുള്ള യാത്ര ആരംഭിച്ചത്.കോണ്‍ഗ്രസ്സ് മന്ത്രിസഭ വീണതിന് ശേഷം അധികാരത്തില്‍ വന്ന ഇടതുപക്ഷ ഭരണകൂടം അനുതാപപൂര്‍വമായ നിലപാട് കൈക്കൊള്ളുമെന്ന് ആശിച്ചുകൊണ്ട് ദണ്ഡകാരണ്യത്തിലെ ക്യാംപുകളില്‍ ജീവിച്ചിരുന്ന അഭയാര്‍ത്ഥികള്‍ പശ്ചിമബംഗാളിലേക്ക് ഒഴുകാന്‍ തുടങ്ങി. എന്നാല്‍, പ്രതിപക്ഷത്തിരിക്കുമ്പോള്‍ അഭയാര്‍ത്ഥികളോടുള്ള ചായ്​വ്​ പ്രകടമാക്കിയ ഇടതുപക്ഷത്തിന്റെ പിന്നീടുള്ള നിലപാട് രാഷ്ട്രീയത്തിന്റെ ലളിതസമവാക്യമായി മാറി. വിചാരിച്ചതു പോലെയുള്ള പിന്തുണ സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതുകൊണ്ട് അഭയാര്‍ഥികള്‍ ബംഗ്‌ളാദേശിനെ ലാക്കാക്കി അതിര്‍ത്തിയിലേക്ക് യാത്ര ആരംഭിക്കുകയാണ്. മുജീബുര്‍ റഹ്മാന്റെ വധത്തിനു ശേഷം അധികാരമേറ്റ സിയാവുര്‍ റഹ്മാന്‍ ഇത് ഇന്ത്യയുടെ ആസൂത്രിത നീക്കമെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്ക് പോകാതെ സുന്ദര്‍ബന്‍ ദ്വീപുസമൂഹത്തിലേക്ക് യാത്രയുടെ ദിശ തിരിച്ചു. വനമേഖലയായ സുന്ദര്‍ബനിലെ മാരിച്ച്ജാപ്പി ദ്വീപിലേക്കാണ് ഏതാണ്ട് മുപ്പതിനായിരത്തിനു മേലുള്ള അഭയാര്‍ത്ഥികള്‍ നീങ്ങിയത്. ബംഗാളിലെ മനുഷ്യവാസമില്ലാത്ത ദ്വീപുകളില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടുകൊണ്ട് ശിഷ്ടകാലം ജീവിക്കണമെന്ന ഇച്ഛ അഭയാര്‍ത്ഥികളെ അവിടേക്കെത്തിക്കുന്നു. നോവലിന്റെ രണ്ടാം ഭാഗത്തിലാണ് ഹരിത്തിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം അഭയാര്‍ത്ഥികള്‍ ഈ ദ്വീപില്‍ എത്തിപ്പെടുന്ന കാര്യം വിവരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന്റെ ‘പ്രൊജക്റ്റ് ടൈഗറി'ന്റെ ഭാഗമായ സ്ഥലത്ത് സംഘടിതമായ ആക്രമണം പൊട്ടിപ്പുറപ്പെടുകയാണ്. ബംഗാള്‍ കടുവകളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കുക എന്ന പ്രാഥമിക ലക്ഷ്യം വെച്ചുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ഭരണകൂടം രൂപകല്‍പ്പന ചെയ്ത ‘പ്രൊജക്റ്റ് ടൈഗറി’ന്റെ ഭാഗമായ ഇടത്തില്‍ നിന്ന് അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ദുരന്തത്തില്‍ കലാശിച്ചത്. ദ്വീപില്‍ 1979ല്‍ നടന്ന കൂട്ടക്കൊലയില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി പുറത്തേക്കു വന്നിട്ടില്ല. ആയിരത്തോളം പേര് മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഭയാര്‍ഥികളുടെ നേതാവായ ഹരിത്തിനെ പൊലീസിനു പിടിക്കാനായില്ല. ഹരിത്തിന്റെ ‘തല'യ്ക്ക് അധികൃതര്‍ പതിനായിരം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ, കുട്ടിക്കാലം മുതല്‍ക്കേ അയാളില്‍ നിന്നു വിട്ടുകഴിയുന്ന, മുതിര്‍ന്നപ്പോള്‍ വാടകക്കൊലയാളിയായിത്തീര്‍ന്ന മകനായ സുചരിത് അയാളെ കൊന്നുവെന്നുള്ള കിംവദന്തിയും പ്രചാരത്തിലുണ്ടായി.

India-Pakistan_Border
തങ്ങളുടെ ആവാസവ്യവസ്ഥയെ ഉപേക്ഷിച്ച് ഒരുകൂട്ടം മനുഷ്യര്‍ അതിര്‍ത്തികള്‍ മുറിച്ചുകടക്കുമ്പോള്‍ സമാനമായ മന:സ്ഥിതിയിലുള്ള മറ്റൊരുകൂട്ടര്‍ അതെ അതിര്‍ത്തിയിലൂടെ കടന്നുവരികയും ചെയ്യുന്നു. / Photo : wikimedia commons

ബ്രിട്ടീഷുകാരുടെ അധീനതയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച വേളയില്‍ തന്നെ വിഭജനത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് പോയ കിഴക്കേബംഗാള്‍ ജനത പാകിസ്ഥാനില്‍ നിന്നുള്ള മോചനം കാംക്ഷിച്ചു. വിവേചനത്തിന്റെ മുറിപ്പാടുകള്‍ അവരെ അതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലേക്കും പ്രക്ഷോഭത്തിലേക്കും നയിച്ചു. നോവലിലെ റൂമി എന്ന കഥാപാത്രം കിഴക്ക്-പടിഞ്ഞാറു പാകിസ്ഥാന്‍ ലഹളയെ പോളണ്ടുകാര്‍ നാസികള്‍ക്കെതിരെ നടത്തിയ പ്രതിരോധവുമായി താരതമ്യം ചെയ്തുസംസാരിക്കുന്നുണ്ട്. ജൂതന്മാരെ കീടങ്ങളെപ്പോലെ ഗണിച്ചു അവരെ കൊന്നൊടുക്കുന്ന ഹിറ്റ്‌ലറിന്റെ സൈന്യത്തെ പോലെയായേക്കും പടിഞ്ഞാറേ പാക്‌സൈന്യത്തിന്റെ പെരുമാറ്റം എന്ന് അയാള്‍ക്ക് ഉത്കണ്ഠയുണ്ട്. അക്കാലത്ത് പ്രകൃതിക്ഷോഭങ്ങള്‍ ബംഗ്ലാദേശിനെ നിരന്തരം അലട്ടിയിരുന്നു. കൃഷിയിടം ഉപേക്ഷിച്ചു, നിലയ്ക്കാത്ത പെരുമഴയത്ത് ഇന്ത്യയിലേക്കുള്ള വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന അഭയാര്‍ഥികളുടെ ചിത്രം മാനവികതയുടെ മൂല്യഭ്രംശത്തെയാണ് സൂചിപ്പിക്കുന്നത്. പരമ്പരാഗതമായി കൈവന്ന കൃഷിഭൂമിയോട് നിര്‍മമത കാണിക്കേണ്ടി വരുക എന്നത് ദുഃഖകരമാണ്. എങ്കിലും അവ ഉപേക്ഷിക്കാതെ മറ്റു തരമില്ലാതായി. അതിര്‍ത്തികള്‍ കലാപത്തിന്റെ അസ്വസ്ഥതകള്‍ പുകയുന്ന നെരിപ്പോടുകളായി തീര്‍ന്നതില്‍ ഒട്ടും അത്ഭുതമില്ലല്ലോ. അതിര്‍ത്തി കടന്നു പശ്ചിമബംഗാളിലേക്ക് പോകാനൊരുമ്പെടുന്ന നിരാലംബരായവരെ വെടിവെച്ചു കൊല്ലുന്നതില്‍ പാക്പട്ടാളം മടി കാണിച്ചിരുന്നില്ല. സുരക്ഷിതമായ ഇടം തേടി രാത്രികാലങ്ങളില്‍ നടക്കുകയും പകല്‍വെളിച്ചത്തില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നത് ജീവിതചര്യയാക്കിയ ഒരുപറ്റം മനുഷ്യരാണ് അതിര്‍ത്തികളിലുള്ളത്.

അപ്രതീക്ഷിതമായി പട്ടാള സംഘത്തിന്റെ മുന്നിലകപ്പെട്ട അഭയാര്‍ഥിസംഘത്തിലെ ഒരു ചെറിയ കുട്ടി, എന്തോ പ്രാണി കടിച്ചിട്ടെന്ന പോലെ പെട്ടെന്ന് കരയുന്ന ഒരു രംഗം നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍, അമ്മ അവന്റെ മുഖം ശക്തിയില്‍ അടച്ചുപിടിക്കുന്നു. പട്ടാളം അവരുടെ കണ്മുന്നില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴേക്കും അവനെ ആ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു കഴിഞ്ഞിരുന്നു. അക്കൂട്ടത്തിലെ ആര്‍ക്കും ആ സംഭവത്തില്‍ ഖേദമുണ്ടായി എന്ന് തോന്നുന്നില്ല. അത്രയും ആളുകളുടെ രക്ഷയ്ക്കായി കുഞ്ഞിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വന്നത് അവര്‍ക്ക് ന്യായീകരിക്കാന്‍ കഴിഞ്ഞു. തൊട്ടടുത്തുള്ള ചണത്തിന്റെ പാടത്തില്‍ കുഞ്ഞിന്റെ ശവശരീരത്തെ ഉപേക്ഷിക്കാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ അമ്മ ജീവനില്ലാത്ത കുഞ്ഞിനെ എടുത്തുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു. ഇങ്ങനെയുള്ള ഹൃദയഭേദകമായ രംഗങ്ങള്‍ പുതുമയല്ലാതായിക്കഴിഞ്ഞ അതിര്‍ത്തികളില്‍, സ്വന്തം ഭാവി അനുമാനിക്കാന്‍ സാധിക്കാത്ത ജനങ്ങളുടെ അടക്കിപ്പിടിച്ച വേദനകളുടെയും ഗദ്ഗദത്തിന്റെയും സമഗ്രതയാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ജനനത്തിനു വഴിയൊരുക്കിയത്. ഈ കാലയളവില്‍ നടന്ന ഭീകരമായ ബലാത്സംഗങ്ങളുടെ ചരിത്രം ‘The Rape of Bangla Desh' (Anthony Mascarenhas) എന്ന പുസ്തകത്തിലൂടെ ലോകമറിഞ്ഞു.
ഭാഷ അതിവൈകാരികമായ ഒരു ഘടകമായി വിമോചനത്തിന്റെ ഉത്‌പ്രേരകമായി വര്‍ത്തിക്കുന്നതിന്റെ സന്ദര്‍ഭം കൂടെയാണ് ഈ കലാപത്തില്‍ കാണുന്നത്.

ഭാഷാപരമായ ഭിന്നത നിമിത്തം പാക് ഭരണത്തെ അനുകൂലിച്ചവരുമായിരുന്നു ബീഹാറിലെ മുസ്​ലിംകൾ. കണക്കുകള്‍ പ്രകാരം ഏതാണ്ട് അഞ്ചുലക്ഷത്തിനു മുകളില്‍ ബീഹാര്‍ മുസ്​ലിംകൾ കൊല്ലപ്പെടുകയും ചെയ്തു.

ബംഗാളിയെ പൂര്‍ണമായ തരത്തില്‍ അംഗീകരിക്കാത്ത പാകിസ്ഥാന്റെ നിലപാടിനോടുള്ള എതിര്‍പ്പ് 1950കൾ മുതലേ ഉരുവം കൊണ്ടിരുന്നു. സ്വന്തം രാജ്യത്തിന്റെ പിറവിക്കായി പ്രവര്‍ത്തിക്കുന്ന വിമതസംഘമായ മുക്തിബാഹിനിയുടെ ബീജാവാപത്തിലും ഭാഷ പ്രധാനമായ അംശമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പാകിസ്ഥാനില്‍ 1970ലാണ് പാര്‍ലമെൻറ്​ തെരഞ്ഞെടുപ്പ് നടക്കുന്നത്. 162 മണ്ഡലങ്ങള്‍ കിഴക്കേ പാകിസ്ഥാനിലും 138 മണ്ഡലങ്ങള്‍ പടിഞ്ഞാറേപാകിസ്ഥാനിലുമായി നിലവിലുണ്ടായിരുന്നു. ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ നേതാവായ അവാമി ലീഗിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് അദ്ദേഹത്തെ തടയുകയാണ് ഉണ്ടായത്.

അഞ്ചുലക്ഷത്തോളം മനുഷ്യരുടെ ജീവനെടുത്ത 1970ലെ ഭോല കൊടുങ്കാറ്റില്‍ ബംഗാളാകമാനം പരിഭ്രാന്തിയലകപ്പെട്ട സമയത്ത് ഉചിതമായ വിധത്തില്‍ പ്രവര്‍ത്തിക്കാത്ത പാക് ഭരണകൂടത്തിനെതിരെയുള്ള തീരുമാനം കൂടിയായിരുന്നു തെരഞ്ഞെടുപ്പില്‍ കണ്ടത്. കിഴക്കേപാകിസ്ഥാനിലെ 162 മണ്ഡലങ്ങളില്‍ 160ലും അവാമി ലീഗ് ജയിച്ചു.  ‘ബംഗ ബന്ധു' എന്ന പേരിലറിയപ്പെട്ട മുജീബുര്‍ റഹ്മാന്‍ 1971 മാര്‍ച്ച് 7 ന്​  ‘ഇത്തവണത്തെ പോരാട്ടം നമ്മുടെ വിമോചനത്തിന് വേണ്ടിയാണ്, ഇത്തവണത്തെ പോരാട്ടം നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്' എന്ന് ശക്തമായി ആഹ്വാനം ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട വികാരം അണപൊട്ടിയ രംഗങ്ങളായിരുന്നു പിന്നെ ദൃശ്യമായത്. പാകിസ്ഥാന്റെ ദേശീയദിനമായ മാര്‍ച്ച് 23 നു പാക് പതാകയ്ക്ക് പകരം എങ്ങും ബംഗ്ലദേശിന്റെ പച്ചയും ചുവപ്പും നിറമുള്ള പതാകയാണ് കാണപ്പെട്ടത്. അതോടൊപ്പം കൊലപാതകത്തിന്റെയും വിലാപത്തിന്റെയും പ്രതിഷേധസൂചകമായി കറുത്ത പതാകയും ഉണ്ടായിരുന്നു. അനവധി സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ 1971 മാര്‍ച്ച് 26 നു മുജീബുര്‍ റഹ്മാന്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. ഇന്ത്യന്‍പട്ടാളത്തിന്റെ പിന്തുണ മുക്തിബാഹിനിക്ക് ലഭിക്കുകയും കിഴക്കേ പാകിസ്ഥാനിലെ സന്നദ്ധസംഘം ഇന്ത്യയിലേക്ക് നീങ്ങുകയും മുക്തിബാഹിനിയെ കരുത്തുറ്റതാക്കുകയും ചെയ്തു. 
പാക് ഭരണകൂടം അര്‍ത്ഥവും ആയുധവും കൊടുത്ത് പിന്തുണച്ച റസാക്കര്‍, അല്‍ബദ്ര്‍ എന്നിങ്ങനെയുള്ള സംഘങ്ങളിലേക്കു ചെറുപ്പക്കാര്‍ ആകൃഷ്ടരായിരുന്നു. എന്താണ് അവയുടെ ശരിയായ പ്രത്യശാസ്ത്രമെന്തെന്നു പോലും അറിയാതെ ഭക്ഷണം, പണം, ആയുധം എന്നീ ലക്ഷ്യങ്ങള്‍ വെച്ചാണ് ‘അചഞ്ചലമായ വിപ്ലവവീര്യം' പ്രകടമാക്കിയ യുവാക്കള്‍ അവയില്‍ ചേര്‍ന്നത്. കിഴക്കേ പാകിസ്ഥാനിലെ മുസ്ലിംങ്ങള്‍ തീവ്രമായ മതാഭിമുഖ്യം വെച്ചുപുലര്‍ത്തുന്നില്ല എന്ന പടിഞ്ഞാറേപാകിസ്ഥാനിലെ മുസ്​ലിംകളുടെ പരാതിയും അവര്‍ക്കിടയില്‍ വിടവ് വലുതാക്കി.

Ziaur Rahman
സിയാവുര്‍ റഹ്മാന്‍, മുജീബുർ റഹ്‌മാൻ

ജനാധിപത്യത്തിന്റെ ഉണര്‍വിന് വേണ്ടി ആഗ്രഹിക്കുന്നവരായിരുന്നു കിഴക്കേ പാകിസ്ഥാന്‍ നിവാസികള്‍. സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ ഏറ്റവും സജീവമായ 1970കളിൽ ഹിംസയുടെ തേരോട്ടമായിരുന്നു ബംഗ്ലാദേശില്‍ നടമാടിയത്. ബീഹാറില്‍ നിന്നുള്ള മുസ്​ലിംകള്‍ക്കെതിരെയുള്ള അക്രമം ഇക്കാലത്ത് ഏറ്റവും രൂക്ഷമായി. ഉറുദു സംസാരിച്ചിരുന്ന അവര്‍ക്കും ബംഗാളികള്‍ക്കും തമ്മില്‍ യാതൊരു അടുപ്പവുമില്ലായിരുന്നു. എന്നുമാത്രമല്ല ഭാഷാപരമായ ഭിന്നത നിമിത്തം പാക് ഭരണത്തെ അനുകൂലിച്ചവരുമായിരുന്നു ബീഹാറിലെ മുസ്​ലിംകൾ. കണക്കുകള്‍ പ്രകാരം ഏതാണ്ട് അഞ്ചുലക്ഷത്തിനു മുകളില്‍ ബീഹാര്‍ മുസ്​ലിംകൾ കൊല്ലപ്പെടുകയും ചെയ്തു. ബീഹാറികള്‍ക്കെതിരെ നടന്ന കലാപങ്ങള്‍ക്ക് മറുപടിയായി പാക് ഭരണകൂടം ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ് എന്ന പേരിലൊരു സൈനിക നടപടിക്ക് ഉത്തരവിട്ടു. വംശഹത്യയുടെ ദിനങ്ങളായിരുന്നു പിന്നീട് കിഴക്കേപാകിസ്ഥാനില്‍ അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് ലക്ഷക്കണക്കിന് (മൂന്നുലക്ഷത്തിനും മുപ്പതുലക്ഷത്തിനും ഇടയ്ക്കെന്നാണ് കണക്കുകള്‍) ബംഗാളികള്‍ കൊല്ലപ്പെട്ടു. എണ്ണം തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം അനവധി ആളുകള്‍ അയല്‍രാജ്യമായ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്തു. പാക്കിസ്ഥാന്റെ ‘ഓപ്പറേഷന്‍ സെര്‍ച്ച്​ലൈറ്റി’ന്റെ ഫലമായുണ്ടായ വ്യാപകമായ അക്രമം ബംഗ്ലാദേശ് വിമോചനപോരാട്ടം അനിവാര്യമാക്കി. യുദ്ധമല്ലാതെ മറ്റൊരു പരിഹാരവുമില്ലാത്ത തരത്തിലായി കാര്യങ്ങള്‍. ഇന്ത്യന്‍ പിന്തുണയുള്ള മുക്തിബാഹിനി സൈന്യം പാകിസ്ഥാന്‍ സേനയെ കീഴ്പ്പെടുത്താന്‍ പോരാടി. 1971 അവസാനം വരെ നീണ്ടുനിന്ന കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും അറുതിയായത്, ഇന്ത്യ ഡിസംബര്‍ മാസത്തോടെ യുദ്ധമുന്നണിയിലേക്ക് വരുകയും ഡിസംബര്‍ പതിനാറിന് ധാക്ക വീഴുകയും ചെയ്തതോടെയാണ്.

മൂന്ന്​

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും രൂപീകരണത്തിലും ത്യാഗങ്ങള്‍ സഹിക്കേണ്ടിവരികയും തങ്ങളുടേതല്ലാത്ത കുറ്റത്തിന് അതിര്‍ത്തികള്‍ ഭേദിക്കുകയും ചെയ്ത ജനതയുടെ ആത്മസംഘര്‍ഷങ്ങളുടെ നീണ്ട അധ്യായങ്ങളാണ് ചരിത്രം ബാക്കിവെക്കുന്നത്. പ്രസ്തുത ചരിത്രത്തോട് കൃത്യമായി നീതി പുലര്‍ത്തിക്കൊണ്ട്, സ്വാര്‍ത്ഥരാഷ്ട്രീയം പലായനം ചെയ്യിക്കുകയും ഹോമിക്കുകയും ചെയ്ത മനുഷ്യരുടെ വ്യഥയാണ് സുനില്‍ ഗംഗോപാധ്യായ ‘ഈസ്​റ്റ്​ വെസ്​റ്റി’ൽ ചിത്രീകരിക്കുന്നത്. വേരുകള്‍ മുറിച്ചുമാറ്റപ്പെട്ട ദുഃസ്ഥിതിയോര്‍ത്തുകൊണ്ട് ജീവിതം ഹോമിക്കേണ്ടിവന്നവരുടെ വിലാപഗാഥയായി ആഖ്യായിക പരിണമിക്കുന്നു. സ്വതവേ പ്രക്ഷുബ്ധമായിരുന്ന ഒരുകാലത്ത്​, കാലുഷ്യത്തിന്റെ നിഴല്‍മൂടിയ അന്തരീക്ഷത്തില്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്കു വേണ്ടി പോരാടിയ കഥാപാത്രങ്ങളുടെ സച്ഛീലങ്ങളും അപഭ്രംശങ്ങളുമാണ് നോവലിന്റെ സത്ത. നക്‌സല്‍ബാരിയില്‍ പൊട്ടിപ്പുറപ്പെടുന്ന പ്രക്ഷോഭവും ചാരു മജൂംദാറിന്റെ ആകര്‍ഷണവലയത്തില്‍പ്പെടുന്ന ചെറുപ്പക്കാരെ സംബന്ധിച്ചുമൊക്കെ നോവലില്‍ വിശദമായി വിവരിക്കുന്നുണ്ട്. രാഷ്ട്രീയമായി തീവ്രച്ചേരിയിലേക്ക് നീങ്ങിയ അതിന്‍ മജുംദാര്‍ (ബബ്ലു) ഒരു സംഘര്‍ഷത്തിനിടയില്‍ സുഹൃത്തുക്കളെ രക്ഷിക്കാന്‍ വേണ്ടി കൊലപാതകത്തിന്റെ ഭാഗമായി തീരുകയാണ്. അങ്ങനെ അപ്രതീക്ഷിതമായി അയാള്‍ക്ക് രാജ്യം വിടേണ്ടി വരുന്നു. മറ്റൊരു ജീവിതം അമേരിക്കയില്‍ നയിക്കാന്‍ നിര്‍ബന്ധിതനായ അയാള്‍ക്ക് കാമുകിയായ ഒലിയെ മറക്കാന്‍ സാഹചര്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുകയും ശര്‍മിള അയാളുടെ ജീവിതത്തിലേക്ക് കടന്നുവരികയും ഭാര്യയായി തീരുകയും ചെയ്യുകയാണ്. ബബ്​ലുവിന്റെ അസാന്നിധ്യത്തില്‍, അയാളുടെ സഹവിപ്ലവകാരികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഒലി ബബ്ലുവില്‍ വന്ന മാറ്റം നേരില്‍ കണ്ടറിഞ്ഞുകൊണ്ട് അമേരിക്കയിലെ ഉപരിപഠനം ഉപേക്ഷിച്ച് കല്‍ക്കട്ടയില്‍ മടങ്ങിയെത്തുന്നു. മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ജീവിതം മുന്നോട്ടുനീക്കുന്ന പരോപകാരിയും ധീരയുമായ കഥാപാത്രമായാണ് ഈ യുവതിയെ നോവലില്‍ വാര്‍ത്തെടുത്തിട്ടുള്ളത്. 

Bangladeshi
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും രൂപീകരണത്തിലും ത്യാഗങ്ങള്‍ സഹിക്കേണ്ടിവരികയും തങ്ങളുടേതല്ലാത്ത കുറ്റത്തിന് അതിര്‍ത്തികള്‍ ഭേദിക്കുകയും ചെയ്ത ജനതയുടെ ആത്മസംഘര്‍ഷങ്ങളുടെ നീണ്ട അധ്യായങ്ങളാണ് ചരിത്രം ബാക്കിവെക്കുന്നത്

ബബ്ലുവിന്റെയും ശര്‍മിളയുടെയും ജീവിതത്തില്‍ കരടാവാതിരിക്കാന്‍ വേണ്ടി ഒരു സാങ്കല്‍പ്പിക കാമുകന്‍ തനിക്കുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടാണ് ഇവര്‍ അവിവാഹിതയായി ജീവിതം തുടര്‍ന്നത്. ഇങ്ങനെയുള്ള രംഗങ്ങളിലൂടെ, പല തരത്തില്‍ ഇരകളായവരുടെ ആഖ്യാനമാണ് നോവലിസ്റ്റ് നിര്‍വഹിക്കുന്നത്.
പാക്- ബംഗ്ലാദേശ് വിഷയത്തോടനുബന്ധിച്ച് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണുമായുള്ള കൂടിക്കാഴ്ച അലസിപ്പോകുന്നതും ലോകനേതാക്കളെ ഇന്ദിരാഗാന്ധി സമവായത്തിനായി സമീപിക്കുന്നതുമൊക്കെ നോവലില്‍ വിശദീകരിക്കുന്നു. കിഴക്കേ പാകിസ്ഥാനില്‍ പാക് ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന കുല്‍സിതനീക്കങ്ങളെ കുറിച്ചുള്ള ഇന്ദിരയുടെ സൂചനയെ നിക്‌സണ്‍ പരിഗണിക്കുന്നില്ല. ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പ്രസ്തുത രാജ്യങ്ങളുടെ ആഭ്യന്തരവിനിമയമാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. കേവലം ആഭ്യന്തരപ്രശ്‌നമായി ഇതിനെ സമീപിക്കരുതെന്നും പാകിസ്ഥാന്‍ തിരക്കഥ രചിച്ച് നടപ്പാക്കുന്ന വംശഹത്യയെ കാണാതെ പോകരുതെന്നും ഇന്ദിര അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈ ശ്രമം പരാജയപ്പെട്ട ഇന്ദിര നേരിട്ട് അമേരിക്കയിലെ ജനങ്ങളോട് സംവദിക്കാന്‍ തീരുമാനിച്ചു. പ്രസ്‌ക്ലബ്ബുകളിലും പള്ളികളിലും സര്‍വകലാശാലകളിലും ടെലിവിഷന്‍ അഭിമുഖത്തിലും അവര്‍ പാകിസ്ഥാന്റെ നരവേട്ടയെ പറ്റി വാചാലയായി. ടെലിവിഷന്‍ അഭിമുഖത്തില്‍ പാകിസ്ഥാനെ പിന്തുണക്കുന്ന അമേരിക്കയെ ഇന്ദിര വിമര്‍ശിക്കുന്നുണ്ട്. ഇതിനു ശേഷം ഫ്രാന്‍സിലെത്തുന്ന ഇന്ദിര അവിടത്തെ പ്രധാനമന്ത്രിയെയും നേതാക്കളെയും നെഹ്രുവിന്റെ സുഹൃത്ത് കൂടിയ എഴുത്തുകാരന്‍ ആന്ദ്രേ മലഹോയെയും (André Malraux) സന്ദര്‍ശിച്ച്​ തന്റെ നിലപാട് വ്യക്തമാക്കുന്നു. തുടര്‍ന്ന് പശ്ചിമ ജര്‍മനിയിലേക്കാണ് അവര്‍ പോകുന്നത്. ഇങ്ങനെ പല വിധത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടാണ് 1971 ലെ പാകിസ്ഥാനുമായുള്ള യുദ്ധമെന്ന തീരുമാനം ഇന്ദിര കൈക്കൊള്ളുന്നത്. പാകിസ്ഥാനെ യുദ്ധത്തില്‍ തോല്‍പ്പിച്ച്​ഇന്ത്യ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുമെന്ന് ധരിച്ചവരും ഉണ്ടായിരുന്നു.

Bangladesh-India_border
സുരക്ഷിതമായ ഇടം തേടി രാത്രികാലങ്ങളില്‍ നടക്കുകയും പകല്‍വെളിച്ചത്തില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നത് ജീവിതചര്യയാക്കിയ ഒരുപറ്റം മനുഷ്യരാണ് അതിര്‍ത്തികളിലുള്ളത്.

കല്‍ക്കട്ടയിലേക്ക് കുടിയേറിയ കിഴക്കേ ബംഗാളിലെ ഹിന്ദു കുടുംബങ്ങളുടെയും കിഴക്കേബംഗാളിലേക്ക് പലായനം ചെയ്ത ബംഗാളിലെ മുസ്​ലിംകളുടെയും പിന്നീടുള്ള ജീവിതത്തിലെ വ്യതിയാനങ്ങളും അപഭ്രംശങ്ങളും പശ്ചിമ ബംഗാളിന്റെ വിവിധയിടങ്ങളിലേക്ക് ചിതറിപ്പോയ അഭയാര്‍ഥികളുടെ ദുരവസ്ഥ, നക്‌സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായ ചെറുപ്പക്കാര്‍, ബംഗ്ലാദേശിന്റെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന വിപ്ലവകാരികള്‍, സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി-മത വ്യത്യാസങ്ങള്‍, വിവിധ കാരണങ്ങളാല്‍ പ്രണയനഷ്ടം സംഭവിച്ച കാമുകീകാമുകന്മാര്‍, ഭാര്യയെ നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാര്‍, മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍, തീവ്രദേശീയതയും സ്വാതന്ത്ര്യവാഞ്ഛയും, കലയും സാഹിത്യവും ഉപാസിച്ച് ധ്യാനലീലയില്‍ ലയിക്കാന്‍ ആഗ്രഹിച്ചവരുടെ വ്യക്തിസത്ത, സര്‍വോപരി മനുഷ്യരുടെ വിറങ്ങലിച്ച വികാരവിചാരങ്ങള്‍ എന്നിങ്ങനെ മനുഷ്യത്വത്തിന്റെ മൂല്യവിചാരമാണ് 1800ഓളം താളുകളിലായി പരന്നുകിടക്കുന്ന ഈ ബൃഹദാഖ്യായിക. 

ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള പറിച്ചുനടല്‍ സഹനത്തിന്റെയും സഹിഷ്ണുതയുടെയും പുറങ്ങളിലൂടെയാണ് സാധ്യമാവുന്നത്. ബംഗാളിലെ ജനങ്ങള്‍ അനുഭവിച്ചിരുന്നതിന്റെ ആഴം ഇതില്‍ നിന്ന് ഒരു തലം കൂടെ മുകളിലാണ്. കിഴക്കേ ബംഗാളിന്റെ മണ്ണും കിഴക്കേ പാകിസ്ഥാന്റെ മണ്ണും പകരുന്നത് ഒരേ വളക്കൂറും ഗന്ധവും ആണോ എന്ന സന്ദേഹം അവരെ അലട്ടുന്നു. വിഖ്യാത കവികളായ ടാഗോറും നസ്രുല്‍ ഇസ്​ലാമും പ്രതിനിധാനം ചെയ്തത് ബംഗാളിന്റെ അടരുകളുടെ സാംസ്‌കാരിക മൂലധനമാണ്. വിഭജനത്തില്‍ നഷ്ടമാവാത്ത ഫലഭൂയിഷ്ഠമായ മണ്ണിന്റെ ധാതുബലമാണ് അതുപകര്‍ന്നു തരുന്നത്. അലച്ചിലുകളുടെ അച്ചില്‍ കൊത്തിയെടുത്ത ഗാഢാക്ഷരങ്ങളാല്‍ എഴുതിയ രണ്ടു വാല്യങ്ങളുള്ള നോവലിലൂടെ അഭയാര്‍ഥികളുടെ അവസ്ഥകള്‍ സാര്‍വലൗകികമാണെന്നു സ്ഥാപിക്കപ്പെടുകയാണ്. വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ തലമുറകളിലേക്ക് പല തരത്തില്‍ വ്യാപിക്കുന്നതിന്റെ ചരിത്രം കൂടെയാണ് സുനില്‍ ഗംഗോപാദ്ധ്യായ ഈ നോവലില്‍ ചൂണ്ടിക്കാട്ടുന്നത്. 


​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

രാഹുല്‍ രാധാകൃഷ്ണന്‍

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM