Wednesday, 29 March 2023

നടനും വ്യക്തിയും


Text Formatted

ഒരു മലയാളിയുടെ മമ്മൂട്ടിത്തോന്നലുകൾ

മമ്മൂട്ടി എന്ന താരത്തെയും നടനെയും മമ്മൂട്ടി തന്നെ പണിയെടുത്ത് ഉണ്ടാക്കിയതു തന്നെ. അദ്ദേഹം തന്നെ അവകാശപ്പെടും പോലെ, ഓരോ തവണയും തേച്ചുമിനുക്കിയിട്ട്.

Image Full Width
Image Caption
മമ്മൂട്ടി ‘പുഴു’ എന്ന സിനിമയിൽ
Text Formatted

മിതാഭ് ബച്ചന് ബുദ്ധന്റെ പേരാണ്.
അമിതമായ ആഭയുള്ളവന്‍, അത്യധികം പ്രകാശത്തിന് ഉടമ.
അമിതാഭന്‍ എന്ന ഈ പേര് സിനിമാതാരങ്ങള്‍ക്കെല്ലാം ചേരും. ലോകത്തേറ്റവും പ്രഭാവലയത്തിനകത്ത് വസിക്കുന്നവര്‍ ഈ താരങ്ങള്‍ തന്നെയല്ലോ. ആ അര്‍ഥത്തില്‍ മമ്മൂട്ടിക്കും ചേരുന്ന പേരാണ് അമിതാഭ് എന്നത്. ഒന്നുകൂടെ കടന്നുപറഞ്ഞാല്‍, എന്റെ നോട്ടത്തില്‍ ബച്ചനെക്കാള്‍ അമിതാഭ് എന്ന പേര് ചേരുക മമ്മൂട്ടിക്കാണ്.

എന്നാല്‍ മമ്മൂട്ടി എന്ന പേരോ? അത് ഒന്നുമല്ല. അതൊന്നും അര്‍ഥമാക്കുന്നില്ല. ആ പേരാല്‍ അറിയപ്പെടുന്ന മനുഷ്യനെ അതില്‍ നിന്ന് മൈനസ് ചെയ്താല്‍ മമ്മൂട്ടി എന്നത് വെറുമൊരു ശബ്ദം മാത്രമായിപ്പോകും. ഇത് പക്ഷെ, അസാധ്യമായൊരു കാര്യമാണ്. നമുക്ക്, മലയാളികള്‍ക്കാകെ ആ പേരില്‍ നിന്ന് മമ്മൂട്ടി എന്ന മനുഷ്യനെ മൈനസ് ചെയ്യുക നിമിഷനേരത്തേക്ക് മാത്രമായിപ്പോലും സാധ്യമാകാത്തതുകൊണ്ട് അതിനെ വെറും ശബ്ദം എന്ന മട്ടില്‍ മനസ്സിലാക്കലും അസാധ്യം. മമ്മൂട്ടി എന്ന് ഓര്‍ത്ത് കണ്ണടച്ചാല്‍ നിങ്ങള്‍ക്ക് ശൂന്യതയെ അനുഭവിക്കാനാവില്ല.

ഗോഡ്സെയ്ക്കും കുട്ടനും സഹജീവികളെ കൊല്ലുന്നതിന് ഉറച്ച ബോധ്യങ്ങളുണ്ട്, ആരാലും തിരുത്താനാകാത്ത അവനവന്‍ ബോധ്യങ്ങള്‍. അത് കുട്ടിക്കാലം തൊട്ട് അവര്‍ക്കുള്ളില്‍ കടന്നുകൂടിയ പൊളിറ്റിക്സ് കൊണ്ടുവരുന്ന ബോധ്യങ്ങളാണ്.

ഹരിവംശ് റായ് ബച്ചനെപ്പോലൊരു വലിയ കവിയാണ് അമിതാഭിനെ നാമകരണം ചെയ്തത് എങ്കില്‍ മമ്മൂട്ടിയുടെ പേരിനുകാരണം കേരളത്തിലെ സകല ഓണം കേറാമൂലകളുമാണ്. ഒരു സാദാ നാട്ടിന്‍പുറപേരാണത്. നോര്‍ത്തിലെ വമ്പന്‍ ജാതിപ്പേരുള്ള താരകുടുംബങ്ങളില്‍ നിന്നിറങ്ങി വന്ന് കുടചൂടി വിരാജിക്കുന്ന മഹാതാരങ്ങള്‍ക്കൊപ്പം അവരെക്കാളേറെ ഉയരത്തില്‍ മമ്മൂട്ടി മിന്നിനില്‍ക്കുന്നതു കാണുമ്പോള്‍, നമ്മള്‍ നമ്മുടേത് എന്നനുഭവിക്കുന്നതിന് ഈയൊരു കാരണം കൂടെയുണ്ട്. കൊട്ടാരങ്ങളും മഹാവാഹനങ്ങളും കൂടിയ മൊബൈല്‍ ഫോണുകളും അടുത്ത അമ്പത് കൊല്ലത്തേക്കുള്ള ദുല്‍ഖര്‍ സല്‍മാനുമൊക്കെ സ്വന്തമായ വന്‍സമ്പന്നനായിട്ടുപോലും മമ്മൂട്ടി എന്റെയാണ് എന്ന് ഒരു മലയാളിക്ക് അടുപ്പം തോന്നുന്നതിന് ഈയൊരു കാരണം കൂടി എനിക്ക് കാണാനാകുന്നുണ്ട്. നമ്മുടെയാണ് അയാള്‍.

മമ്മൂട്ടി എന്ന താരത്തെയും നടനെയും മമ്മൂട്ടി തന്നെ പണിയെടുത്ത് ഉണ്ടാക്കിയതു തന്നെ. അദ്ദേഹം തന്നെ അവകാശപ്പെടും പോലെ, ഓരോ തവണയും തേച്ചുമിനുക്കിയിട്ട്.

രണ്ട്

ഇതെഴുതുന്ന കാലത്ത് ഇറങ്ങി, ചര്‍ച്ച ചെയ്യപ്പെടുന്ന പുഴു എന്ന സിനിമയില്‍ മമ്മൂട്ടി നിസ്സംഗതയും അഭിനയിക്കുന്നുണ്ട്. നിസ്സംഗത സത്യത്തില്‍ ഭാവങ്ങളില്ലാത്തൊരു ഭാവം എന്ന മട്ടിലാണല്ലോ നമുക്കറിയുക, സിനിമയില്‍ പക്ഷെ അതങ്ങനെയല്ല. പെങ്ങളെയും ഭര്‍ത്താവിനെയും തല്ലിക്കൊല്ലുന്ന അവസാനഭാഗത്തെ രംഗങ്ങളില്‍ പോലുമുള്ള പ്രത്യേകതരം നിസ്സംഗതയാണത്. ജാതിയില്‍ മേലെയിരിക്കുന്ന മനുഷ്യരുടെ ശരീരചലനങ്ങളിലൊക്കെ കാണാനാവുന്ന ആ നിസ്സംഗതയെ മമ്മൂട്ടി ശരീരം കൊണ്ട് ആ സിനിമയിലാകെ വരച്ചിരിക്കുന്നു. വലിയ വയലന്‍സ് ഉള്‍വഹിച്ചിട്ടുള്ള നിസ്സംഗതയാണത് എന്ന് സിനിമ കണ്ടിറങ്ങുമ്പോൾ നമുക്കറിയാം. സിനിമക്കുപുറത്ത്,  പ്രിവിലേജ്ഡ് ആയ സവര്‍ണജാതിനിലയില്‍ ജീവിക്കുന്ന മനുഷ്യരില്‍ പലരിലും ഇത്തരമൊരു, സാത്വികമെന്ന് അവരും സമൂഹവും കണക്കാക്കുന്നൊരു അഭാവഭാവം ശ്രദ്ധിച്ചാല്‍ കാണാവുന്നതേയുള്ളൂ. ബ്രാഹ്മണര്‍ കൊല്ലുമോ എന്ന ചോദ്യം വരുന്നത് അങ്ങനെയുമാണ്. (കേരളത്തിലെ ബ്രാഹ്മണര്‍ കൊല്ലില്ലല്ലോ എന്ന് ചിലരെഴുതുന്നുണ്ട്, ശരിയായിരിക്കാം അത്. കൊല്ലാവുന്ന അധികാരനില സവര്‍ണര്‍ക്കാണെങ്കിലും രാഷ്ട്രീയകേരളം പണിയെടുത്ത് നിഷേധിച്ച് കളഞ്ഞിട്ടുണ്ട്. അതുകൊണ്ടാണത് എന്നുകാണണം. അത് വേറെ കഥയാണ്, വിട്ടേക്കാം).

Mammootty
പാർവതിയും മമ്മൂട്ടിയും ‘പുഴു’വിൽ

നാഥുറാം വിനായക് ഗോഡ്സെ ബ്രാഹ്മണനായിരുന്നു. ചിത് പവന്‍ ബ്രാഹ്ണന്‍. ഇയാൾ ഗാന്ധിയെ കൊന്നശേഷം പൊലീസ് അയാളില്‍ നിന്ന് പിടിച്ചെടുത്ത സംഗതികളില്‍ ഒരു നോട്ട് ബുക്കും ഉണ്ടായിരുന്നു. കൊല്ലുന്ന നേരത്തും സഞ്ചിയിലുണ്ടായിരുന്നു അത്. അതിനകത്ത് ഇയാൾ എല്ലാ കാര്യങ്ങളും വളരെ വടിവൊത്ത് എഴുതിവെച്ചിരുന്നു. ഇന്നയാളുകളെ ഇന്നദിവസം  കണ്ടു, ഇന്നയിടത്ത് വെച്ച് കണ്ടു, ഇത്ര രൂപ ഇന്നയാളില്‍ നിന്ന് വാങ്ങി, കൊടുത്തു എന്നിങ്ങനെ. ലോക ചരിത്രം രേഖപ്പെടുത്താന്‍ പോകുന്ന ഒരു കൊലപാതകത്തിലേക്ക് പോകുന്ന കാലത്ത്, എല്ലാ ദിവസവും, ഇയാൾ അതിനിസ്സംഗവും കൃത്യവും കാര്യമാത്രപ്രസക്തവും ആയി ഈ നോട്ടില്‍ എഴുതിവെക്കുകയായിരുന്നു. ഈ നോട്ടാണ് പിന്നീട് കോടതിക്കും പൊലീസിനും നീതി നടത്തിപ്പിന് സഹായമായ ഒന്നാമത്തെ തെളിവായത്. (കാട് കേറിപ്പോയി, ഗോഡ്സെയിലേക്ക് വരെ പോയി. ക്ഷമിക്കൂ).

നമ്മള്‍ കാണുന്ന രണ്ട് മണിക്കൂറിലെ മാത്രം ആളല്ലല്ലോ ആ കഥാപാത്രം. അയാള്‍ക്ക് കുട്ടിക്കാലം തൊട്ടുള്ള ഉന്നതജാതി ജീവിതമുണ്ട്. പ്രേക്ഷകന് അത് കൂടെ, ആ ഭൂതകാലജീവിതവും ആന്തരിക ജീവിതവും കൂടെ കിട്ടേണ്ടുന്ന അഭിനയമാണ് നിസ്സംഗതയെ അഭിനയിക്കുമ്പോള്‍ പോലും മമ്മൂട്ടിയില്‍ നിന്ന് വരുന്നത്

ഗോഡ്സെയ്ക്കും കുട്ടനും സഹജീവികളെ കൊല്ലുന്നതിന് ഉറച്ച ബോധ്യങ്ങളുണ്ട്, ആരാലും തിരുത്താനാകാത്ത അവനവന്‍ ബോധ്യങ്ങള്‍. അത് കുട്ടിക്കാലം തൊട്ട് അവര്‍ക്കുള്ളില്‍ കടന്നുകൂടിയ പൊളിറ്റിക്സ് കൊണ്ട് വരുന്ന ബോധ്യങ്ങളാണ്. തങ്ങള്‍ ഉന്നതരാണ് എന്ന ആത്മ, ബ്രാഹ്മണാ (ദുര) ഭിമാനബോധം. ഈ ജീവിതബോധ്യങ്ങളാണ് ആ കഥാപാത്രത്തിന്റെ നിസ്സംഗത. ഈ കഥാപാത്രത്തിനു പിന്നില്‍ ഇത്രയും കനത്ത സംഗതികളുണ്ടല്ലോ, നമ്മള്‍ കാണുന്ന രണ്ട് മണിക്കൂറിലെ മാത്രം ആളല്ലല്ലോ ആ കഥാപാത്രം. അയാള്‍ക്ക് കുട്ടിക്കാലം തൊട്ടുള്ള ഉന്നതജാതി ജീവിതമുണ്ട്. പ്രേക്ഷകന് അത് കൂടെ, ആ ഭൂതകാലജീവിതവും ആന്തരികജീവിതവും കൂടെ കിട്ടേണ്ടുന്ന അഭിനയമാണ് നിസ്സംഗതയെ അഭിനയിക്കുമ്പോള്‍ പോലും മമ്മൂട്ടിയില്‍ നിന്ന് വരുന്നത് എന്നാണ് ഞാന്‍ പറയുന്നത്.

Godse
ഗാന്ധി വധത്തിന്റെ വിചാരണ വേളയില്‍ നാഥൂറാം ഗോഡ്‌സേയും നാരായണ്‍ ആപ്‌തേയും കോടതിയില്‍. പിറകിലെ നിരയില്‍ തൊപ്പി ധരിച്ച് വി.ഡി. സവര്‍ക്കറെയും കാണാം. / Photo: GOI Archive

ക്യാമറക്കുമുന്നിലെ അഭിനയം മാത്രം അതിന് പോരാതെ വരും. ഉള്ളില്‍ തിയറി കൂടി വേണ്ടിവരും, അങ്ങനെ അഭിനയിക്കാനെന്നാണ് എനിക്ക് തോന്നാറ്​. അത് മമ്മൂട്ടിയുടെ ഒരു ഘട്ടത്തിനുശേഷമുള്ള എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ട്. കൊമേഴ്സ്യല്‍ പടങ്ങളിലും അങ്ങനെയല്ലാത്തവയിലുമെല്ലാം.

​​​​​​​പുഴുവില്‍ തന്നെ മനുഷ്യരെ കൊല്ലുന്ന നേരത്തെ ആ ട്രോഫി കൊണ്ടുള്ള അടി ശ്രദ്ധിക്കുക. മമ്മൂട്ടി എന്ന മനുഷ്യന്റെ യഥാര്‍ഥ പ്രായത്തിലുള്ള ഒരാള്‍ക്ക് അടിക്കാവുന്ന വീശിയടിയല്ല അത്. ആ പവര്‍ ആ കഥാപാത്രത്തിന്റെ പ്രായത്തിലിരുന്നുമാത്രം സാധ്യമാകുന്ന ഒന്നാണ്. പൊന്തന്‍മാടയുടെ കുനിഞ്ഞ ശരീരമല്ല, സേതുരാമയ്യരുടെ നിവര്‍ന്നുയര്‍ന്ന ശരീരം. കോസ്​റ്റ്യൂമിനൊപ്പം ചിന്തയും കൊണ്ടാണ് വലിയ അഭിനേതാക്കള്‍ കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുന്നത് എന്ന ഒരു പാഠം ഈ നടനില്‍ നിന്ന് സാധാരണക്കാര്‍ക്കും കിട്ടും.

mammooty
സി.ബി.ഐ 5ലെയും പൊന്തൻമാടയിലെയും മമ്മൂട്ടി

മൂന്ന്​

ഇദ്ദേഹത്തിന്റെ കൊടികെട്ടിയ സൗന്ദര്യത്തെക്കുറിച്ച് കൂടുതലെഴുതേണ്ടതില്ല. പക്ഷേ, മമ്മൂട്ടി സുന്ദരനാണ് എന്നത് നമ്മുടെ ഒരു തോന്നലാണ്. മേലെഴുതിയ അതേ സിനിമയെ ഉദാഹരിച്ചാല്‍, താരതമ്യേന പുതിയ നടനായ അപ്പുണ്ണി ശശി ഇദ്ദേഹത്തെക്കാള്‍ സുന്ദരനായി നില്‍ക്കുന്നുണ്ട്. ആ ലിഫ്റ്റിലെ സീനിലൊക്കെ മമ്മൂട്ടിയെ സൗന്ദര്യത്തില്‍ അയാള്‍ അപ്രസക്തനാക്കുന്നതായി എനിക്കുതോന്നി. നിവര്‍ന്നുനിന്ന്, കൈ ഉയരത്തില്‍ വെച്ച്, വിരലുകൊണ്ട് താളം കൊട്ടുന്ന നേരത്തൊക്കെ, സൗന്ദര്യത്തില്‍ - അഭിനയത്തിലെന്നല്ല- അയാൾ മേലെ കയറി നില്‍ക്കുകയാണ്. ഉയര്‍ന്ന ശിരസ്സ്, കറുകറുത്ത മുടി, കരുത്ത് ദ്യോതിപ്പിക്കുന്ന കറുത്ത ശരീരം, നാടകീയമായ ശബ്ദത്തിന്റെ കയറ്റിറക്കങ്ങള്‍. ആകെ മൊത്തം അയാൾ നല്ല ഭംഗിയാണ്. ഇത് പക്ഷെ നമ്മളങ്ങനെ നിന്ന് ആലോചിച്ച് നോക്കിയാലേ മനസ്സിലാക്കാനാവൂ. അത് ആലോചിക്കാന്‍ ഒരേയൊരു മാര്‍ഗമുള്ളത്, അല്‍പം വിചിത്രമായതുമാണ്. മമ്മൂട്ടി എന്ന് നമുക്ക് പതിറ്റാണ്ടുകളായി അറിയാവുന്ന ഈ നടന്‍ അപ്പുണ്ണി ശശിയുടെ ശരീരം ഉള്ളയാളാണ് എന്ന് ഉറച്ച്​ സങ്കല്‍പ്പിച്ചുനോക്കുക എന്നതാണ് ആ വഴി. അങ്ങനെയായിരുന്നെങ്കില്‍ അതായിരുന്നേനേ മലയാളിയുടെ ആണ്‍സൗന്ദര്യത്തിന്റെ അടയാള നമ്പര്‍. തമിഴർക്ക്​ രജനീകാന്തിന്റെ കറുപ്പെന്ന പോലെ ആ മമ്മൂട്ടി ആയേനേ നമ്മുടെ താരശരീരം. സൗന്ദര്യം എന്നുവെച്ചാല്‍ ഇന്നത് എന്ന് അറുത്തുമുറിച്ചുവെച്ചിരിക്കുന്ന ഒരു ഏര്‍പ്പാടൊന്നുമല്ലല്ലോ.

appunni-sasi
‘പുഴു’വില്‍ ബി.ആർ.കുട്ടപ്പനായി അപ്പുണ്ണി ശശി

പേരിന്റെ കാര്യത്തില്‍ പറയാനുദ്ദേശിച്ചതുപോലെ, സൗന്ദര്യത്തിലും മമ്മൂട്ടി തന്നെയാണ് അദ്ദേഹത്തെ ഉണ്ടാക്കിയത് എന്നാണ്. അദ്ദേഹം സുന്ദരനാണ് എന്നത് നമ്മുടെ തോന്നലാണ്. നമ്മളില്‍ ആ തോന്നലുണ്ടാക്കാനുള്ള പണിയില്‍ അദ്ദേഹം ആദ്യഘട്ടത്തിലൊക്കെ വിജയിച്ചു എന്നേയുള്ളൂ. ആ വിജയാനന്തരം പിന്നീടുള്ള ഘട്ടങ്ങളില്‍ മമ്മൂട്ടിയെ പോലെ എന്നത് കേരളത്തിന്റെ ആണ്‍സൗന്ദര്യത്തിന്റെ മാനദണ്ഡമായിത്തന്നെയും മാറിപ്പോയി. മമ്മൂട്ടിയെ പോലെ സുന്ദരന്‍ എന്ന താരതമ്യത്തില്‍ ഏറ്റവും വിജയിക്കുക മമ്മൂട്ടി തന്നെയാകുമല്ലോ. അങ്ങനെ അദ്ദേഹം വിജയിച്ച് നില്‍ക്കുന്നു, ഓരോ ജന്മദിനത്തിലും നമ്മൾ അദ്ദേഹത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പോസ്​റ്റിടുന്നു. ഈ വിഷയത്തിലും ഇദ്ദേഹത്തിന്റെ ശ്രദ്ധാപൂര്‍വമായ കഠിനാധ്വാനം നമ്മൾ കാണാതിരിക്കരുത്. ഏതു മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മമ്മൂട്ടിയില്‍ നിന്ന് പഠിക്കാനുള്ളത്, ശ്രദ്ധാപൂര്‍വമായ കഠിനാധ്വാനം എന്ന സംഗതിയാണ്.

നാല്

അഭിനയിക്കുമ്പോള്‍ തിയറിയും രാഷ്ട്രീയവും ഒക്കെ ഉള്ളയാള്‍ ആവശ്യത്തിന് രാഷ്ട്രീയം പറയാത്തതെന്താണ് എന്ന സംശയം പൊതുവില്‍ അന്തരീക്ഷത്തിലുണ്ട്. മമ്മൂട്ടി രാഷ്ട്രീയം ഇപ്പോള്‍ പ്രകടിപ്പിച്ചതിലേറെ കാണിക്കേണ്ടതില്ല എന്ന തോന്നലുള്ളയാളാണ് ഞാന്‍. മമ്മൂട്ടിയുടെ പണി വേറെയാണ്. 2016-ല്‍ ഷാരൂഖ് ഖാനുമായി ഒരു അഭിമുഖം ഗാര്‍ഡിയനില്‍ വന്നിരുന്നു. ഷാരൂഖിന്റെ മാനേജര്‍ ആദ്യം തന്നെ അഭിമുഖകാരിയോട് പറയും, വിവാദചോദ്യങ്ങളൊന്നും ചോദിക്കരുത് എന്ന്. മോദി സര്‍ക്കാര്‍ വന്ന ശേഷമാണിത്. അഭിമുഖകാരി പക്ഷെ അത് തന്നെ ചോദിക്കും. എന്തുകൊണ്ടാണ് നിങ്ങൾ രാഷ്ട്രീയവിഷയങ്ങളെക്കുറിച്ച് മിണ്ടില്ല എന്ന സ്റ്റാന്‍ഡ് എടുത്തിരിക്കുന്നത് എന്ന്. ഷാരൂഖിന്റെ മറുപടി ഇങ്ങനെ: നോക്കൂ, ഷാരൂഖ് ഖാന്‍ എന്ന ബിസിനസിനോടുചേര്‍ന്ന് പത്ത് മുന്നൂറോളം ആളുകളും അവരുടെ കുടുംബങ്ങളും ജീവിതം പുലര്‍ത്തുന്നുണ്ട്, അത്രയുമാളുകളുടെയും വലിയൊരു ഇന്‍ഡ്സ്ട്രിയുടെ വലിയൊരു ഭാഗത്തെയും എന്റെ ഒരൊറ്റ കമൻറ്​ ദോഷകരമായി ബാധിക്കുന്നുവെങ്കില്‍ ഞാനത് പറയാതിരിക്കുകയല്ലേ വേണ്ടത്. എനിക്ക് പറയാനുള്ള അത്തരം അഭിപ്രായങ്ങള്‍ ഞാനിപ്പോള്‍ എന്റെ കുട്ടികളോട് മാത്രമേ പറയാറുള്ളൂ.

Shahrukh_Khan
ഷാരൂഖ് ഖാൻ

ഷാരൂഖിന്റെ മറുപടി അവിടെ  മതിയായതാണ്. ആ മറുപടി തന്നെയും രാഷ്ട്രീയസാഹചര്യത്തെയും അതില്‍ അദ്ദേഹത്തിന്റെ നിലപാടിനെയും വെളിവാക്കുന്നുണ്ട്. അവിടെ ഷാരൂഖ് എന്ന പോലെ ഇവിടെ മമ്മൂട്ടി അത്ര വലിയ വെല്ലുവിളിയൊന്നും നേരിടുന്നില്ല. എന്നാലും, ഷാരൂഖ് ഉദ്ദേശിച്ച അതേ അര്‍ഥത്തില്‍ തന്നെ നോക്കിയാല്‍  എപ്പോഴുമെപ്പോഴും മമ്മൂട്ടി രാഷ്ട്രീയം പറയേണ്ടതില്ല എന്ന തോന്നൽ തന്നെയാണെനിക്ക്​. ഇപ്പോള്‍ അദ്ദേഹത്തിനുണ്ട് എന്ന് ജനം മനസ്സിലാക്കി വെച്ചിരിക്കുന്ന രാഷ്ട്രീയനിലപാടിനെ തള്ളിപ്പറയാതിരുന്നാല്‍ തന്നെയും മതി എന്നാണ് തോന്നാറ്​. പക്ഷെ, മലയാള സിനിമയിലെ ഇക്കാലത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ ഇത്രയ്ക്ക് പോരാ എന്ന അഭിപ്രായവും എനിക്കുണ്ട്. പത്ത് നാല്‍പ്പത്തിരണ്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ച, ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്സ്ട്രിയിലെ പ്രശ്നങ്ങളില്‍ അദ്ദേഹം കുറേക്കൂടി ഉറച്ച് സംസാരിക്കുമെന്നാണ് നമ്മൾ ആഗ്രഹിക്കുക. അതില്‍ പക്ഷെ തീരുമാനം അദ്ദേഹം എടുക്കുന്നതുതന്നെയാണ് ഭംഗി. അതിനുമ്മാത്രം പരിചയം മമ്മൂട്ടിക്ക് ഈ സമൂഹത്തിലൊക്കെ ജീവിച്ചിട്ട് ഉണ്ടല്ലോ എന്നുവിചാരിക്കുക, അത്ര തന്നെ.

Mammootty
മമ്മൂട്ടി / Photo : Manu Shankar

അഞ്ച്

മമ്മൂട്ടി നമ്മളെയൊക്കെ പോലെയൊരാളാണ്. വിശ്വാസിയാണ്, പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളിയില്‍ കാണും. അത്ര മതം ഉണ്ട്, നമ്മളെയൊക്കെ പോലെ തന്നെ. അത്രയേയുള്ളൂ. ആ മതം തന്നെ രാഷ്ട്രീയമാക്കുന്ന ഏര്‍പ്പാടിന് ആളെ കിട്ടില്ല. മതേതര രാഷ്ട്രീയത്തിന്റെ (മതേതര കേരളത്തിന്റെ) മുന്നണിമുഖം എന്നതില്‍ നിന്ന് മാറിപ്പോകുന്ന ഒരിടത്തും ഇദ്ദേഹത്തെ നമ്മൾ  കാണില്ലല്ലോ. മതരാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ ബോയ് ആകാവുന്നയിടങ്ങള്‍ക്ക് ഇങ്ങേരെ വരുംകാലത്തിനും കിട്ടില്ല എന്നുറപ്പാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം പേരെയും പോലെ തന്നെയുള്ളൊരാളായേ മമ്മൂട്ടി ഈ വിഷയത്തിലും ഇതുവരെയുള്ളൂ, ഇനിയും അങ്ങനെയേ കാണൂ. ഇതുകൊണ്ടുകൂടിയാണ് വളരെ ഉയരത്തില്‍ നില്‍ക്കുമ്പോഴും ഇദ്ദേഹം നമ്മളിലൊരാളാണ് എന്ന് കൂടെ തോന്നുന്നത്.  

എന്‍ ബി

1. ദൈവത്തെ പോലെയാണ് താരങ്ങളും. യഥാര്‍ഥത്തില്‍ അവരെന്താണോ എന്നതല്ല, അവരെക്കുറിച്ച് നമ്മളെന്താണോ വിചാരിക്കുന്നത് എന്നതിലാണ് കാര്യം. മേലെഴുതിയ കാര്യങ്ങള്‍ മമ്മൂട്ടിയെ കുറിച്ച് ഇതെഴുതുന്നയാളിന്റെ ചിതറിയ തോന്നലുകളാണ്. അത്ര ഗൗരവത്തിലേ ഇത് വായിക്കേണ്ടതുള്ളൂ.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

സനീഷ്​ ഇളയടത്ത്​

വാർത്താ അവതാരകൻ, അസോസിയേറ്റ് എഡിറ്റർ- ന്യൂസ് 18 കേരള.

Audio