Sunday, 28 November 2021

ബ്യൂറോക്രസിയും സംവരണവും


Text Formatted

സവര്‍ണ ബ്യൂറോക്രസി നിയമന രീതി തുടര്‍ന്നാല്‍ കെ.എ.എസിലും നഷ്ടം പിന്നാക്കക്കാര്‍ക്ക്‌

നിലവിലുള്ള പി.എസ്.സി നിയമന രീതി ശാസ്ത്രീയമായി തിരുത്തുവാനും മുന്നാക്ക സംവരണം പിന്‍വലിച്ച് സാമൂഹിക നീതി ഉറപ്പു വരുത്തുവാനും കഴിഞ്ഞില്ലെങ്കില്‍ ദലിത്-പിന്നാക്ക വിഭാഗക്കാര്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ നഷ്ടം ഒന്നുകൂടി ഭീമാകാരമാകും. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് കെ.എ.എസ്.

Image Full Width
Text Formatted

കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന, അഥവാ സിവില്‍ സര്‍വീസിനു സമാനമായി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണസര്‍വീസായ, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് (കെ.എ.എസ്.) തിരഞ്ഞെടുക്കേണ്ടവരുടെ റാങ്ക് പട്ടിക, കേരള പബ്ലിക് സര്‍വീസ് കമീഷന്‍, 2021 ഒക്‌റ്റോബര്‍ എട്ടിനാണ് പ്രസിദ്ധീകരിച്ചത്.

ഈ റാങ്ക് പട്ടികയില്‍, മൂന്നു സ്ട്രീമുകളിലായി 562 പേരാണുള്ളത്. മെയിന്‍ ലിസ്റ്റില്‍ 68 പേരും സപ്ലിമെന്ററിയില്‍ 122 പേരും ഉള്‍പ്പെടെ, 190 പേരാണ് സ്ട്രീം ഒന്നിന്റെ പട്ടികയിലുള്ളത്. 70 പേരുടെ മെയിന്‍ ലിസ്റ്റും 115 പേരുടെ സപ്ലിമെന്ററിയും ഉള്‍പ്പടെ, സ്ട്രീം രണ്ടിന്റെ പട്ടികയില്‍ 185 പേരുണ്ട്. 187 പേരാണു സ്ട്രീം മൂന്നിന്റെ പട്ടികയില്‍. ഇതില്‍ 69 പേര്‍ മെയിന്‍ ലിസ്റ്റിലും 118 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലുമാണ്.
24 വകുപ്പുകളിലെ 105 ഒഴിവുകളാണ്‌ നിലവില്‍ കെ.എ.എസിലേക്കു മാറ്റിയിട്ടുള്ളത്. ഈ 105 തസ്തികകളിലേക്കാണ് ആദ്യ നിയമനം.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു നിയമന ശിപാർശ ആരംഭിക്കും എന്നാണു കണ്ടത്. ഓരോ സ്ട്രീമിലും 35 പേരെ വീതം നിയമനത്തിനായി ശിപാര്‍ശ ചെയ്യുമത്രേ. ആ 35 പേരെ, പി.എസ്.സി. എല്ലായ്‌പ്പോഴും ചെയ്യുന്നപോലെ, 20 യൂണിറ്റ് റൊട്ടേഷന്‍ സമ്പ്രദായത്തിലൂടെ തന്നെയായിരിക്കും ശിപാര്‍ശ ചെയ്യുക എന്നതില്‍ സംശയമില്ല. അങ്ങനെ ശിപാര്‍ശ ചെയ്താല്‍ സംവരണ സമുദായക്കാര്‍ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടാകുമോ? നഷ്ടമുണ്ടായാല്‍ ആര്‍ക്കായിരിക്കും നേട്ടമുണ്ടാവുക? ഇക്കാര്യം നമുക്കൊന്നു പരിശോധിക്കാം.

സംവരണ നിയമം

കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണം പാലിക്കേണ്ടത് എങ്ങനെയാണെന്നു നിര്‍ദേശിക്കുന്ന നിയമമാണ്, 23-12-1958-നു പ്രാബല്യത്തില്‍ വന്ന, കേരളാ സ്റ്റേറ്റ് & സബോഡിനേറ്റ് സര്‍വീസസ് റൂള്‍സ് (കെ എസ്. & എസ്.എസ്.ആര്‍.) രണ്ടാം ഭാഗം (ജനറല്‍ റൂള്‍സ്) 14 മുതല്‍ 17 വരെയുള്ള ചട്ടങ്ങള്‍. അതിലെ ചട്ടം 14 (എ), നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നും അതില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും എട്ടെണ്ണം മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ക്കും നല്‍കണമെന്നും, ബാക്കി പത്തെണ്ണം മെറിറ്റടിസ്ഥാനത്തില്‍ നികത്തണമെന്നും നിഷ്‌കര്‍ഷിക്കുന്നു. [Rule 14 (a): The unit of appointment for the purpose of this rule shall be 20, of which two shall be reserved for scheduled castes and scheduled tribes and 8 shall be reserved for the other Backward classes and remaining 10 shall be filled on the basis of merit: (ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്) (ഈ നിയമത്തിന്റെ ഉദ്ദേശ്യത്തിനായി, നിയമന യൂണിറ്റ് 20 ആയിരിക്കും; അതില്‍ രണ്ടെണ്ണം പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമായി നീക്കിവയ്ക്കും, 8 എണ്ണം മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കും, ശേഷിക്കുന്ന 10 എണ്ണം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നികത്തും).

മെറിറ്റ് സീറ്റുകളെ പി.എസ്.സി. വിശേഷിപ്പിക്കുന്നത് ഓപ്പണ്‍ കോംപറ്റീഷന്‍ (ഒ.സി.) എന്നാണ്. അതായത് തുറന്ന മത്സര ടേണുകള്‍. ആ ടേണുകളിലേക്ക് സമുദായ വ്യത്യാസമെന്യേ എല്ലാവര്‍ക്കും മത്സരിച്ചു കയറാന്‍ അവകാശമുണ്ട്. മെറിറ്റ് സീറ്റില്‍ പരിഗണിക്കപ്പെടാന്‍ ദലിത്-പിന്നാക്ക വിഭാഗക്കാര്‍ക്കും അവകാശമുണ്ടെന്നര്‍ഥം.

എസ്.സി.- എസ്.റ്റി.- ഒ.ബി.സി.ക്കാരുടെ ആ മെറിറ്റ് അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് ചട്ടം 14 (ബി)യില്‍ ആണ്. പട്ടികജാതി-പട്ടികവര്‍ഗ-മറ്റു പിന്നാക്കവര്‍ഗ(ഓ.ബി.സി.) ഉദ്യോഗാര്‍ഥികള്‍ക്കും മെറിറ്റ് നിയമനത്തിന് അര്‍ഹതയുണ്ടെന്നും അങ്ങനെ അവര്‍ക്കു മെറിറ്റില്‍ (തുറന്ന മത്സരത്തില്‍) നിയമനം കിട്ടിയെന്നു കരുതി, അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്ന്, അഥവാ ആ സീറ്റില്‍ കുറവുവരുത്തരുതെന്നു നിയമം അനുശാസിക്കുന്നു. [Rule 14 (b):The claims of members of Scheduled Castes and Scheduled Tribes and other Backward Classes shall also be considered for the appointments which shall be filled on the basis of merit and where a candidate belonging to a Scheduled Caste, Scheduled Tribe or Other Backward Class is selected on the basis of merit, the number of posts reserved for Scheduled Castes, Scheduled Tribes or for Other Backward Classes as the case may be, shall not in any way be affected.] (അടിവര കൂട്ടിച്ചേര്‍ത്തത്) (മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നികത്തപ്പെടുന്ന നിയമനങ്ങളില്‍, പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങളുടെ അവകാശങ്ങളും കൂടി പരിഗണിക്കണം.

അങ്ങനെ, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ അല്ലെങ്കില്‍ മറ്റു പിന്നാക്ക വിഭാഗക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളുടെ എണ്ണത്തെ അത് ഒരു തരത്തിലും ബാധിക്കാനും പാടില്ല)
സംവരണ സമുദായക്കാര്‍ക്കു നിയമനം കിട്ടാന്‍ രണ്ടു ക്‌ളെയിം- മെറിറ്റ് ക്ലെയിമും, സംവരണ ക്ലെയിമും- ഉണ്ടെന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. മെറിറ്റില്‍ സെലക്ഷന്‍ ലഭിക്കാത്തവരെ മാത്രമേ സംവരണത്തില്‍ സെലക്റ്റ് ചെയ്യേണ്ടതുള്ളൂ. അഥവാ മെറിറ്റില്‍ സെലക്റ്റ് ചെയ്യപ്പെടാന്‍ അര്‍ഹതയുള്ളവരെ ഒരു കാരണവശാലും സംവരണത്തിലേക്കു മാറ്റരുത്. അങ്ങനെ മാറ്റിയാല്‍ ആ സംവരണ വിഭാഗങ്ങള്‍ക്ക് അത്രയും സീറ്റുകളുടെ നഷ്ടമാണ് ആത്യന്തികമായി ഉണ്ടാവുക. എന്നാല്‍, പി.എസ്.സി.യുടെ സെലക്ഷനില്‍ എപ്പോഴും സംഭവിക്കുന്നത് ഇതാണ്. കെ.എ.എസ്സിന്റെ സെലക്ഷനിലും വ്യത്യാസമുണ്ടാകില്ലെന്നാണ് ഈ ലേഖകന്‍ കരുതുന്നത്.

20 യൂണിറ്റിന്റെ പ്രശ്‌നം

എത്ര ഒഴിവുണ്ടെങ്കിലും 20 ന്റെ യൂണിറ്റുകളായെടുത്തേ സെലക്ഷന്‍ നടത്താന്‍ പാടുള്ളൂ എന്നാണല്ലോ ചട്ടം. അങ്ങനെ വരുമ്പോള്‍, ഓരോ സ്ട്രീമിലും വരുന്ന 35 ഒഴിവുകളെ 20, 15 എന്ന നിലക്കെടുത്തേ സെലക്ഷന്‍ നടത്താന്‍ സാധിക്കൂ. അതില്‍ ഒന്ന്, 34 ടേണുകള്‍ ഡിസേബ്ള്‍ഡ് വ്യക്തികള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. അപ്പോള്‍, റൊട്ടേഷന്‍ ചാര്‍ട്ടിലെ 33 ഒ.സി. ടേണ്‍ വരെ മാത്രമേ സെലക്ഷന്‍ നടത്താന്‍ സാധിക്കൂ; അതായത് 17 ഒ.സി. ടേണുകളിലേക്കും 16 സംവരണ ടേണുകളിലേക്കും. 20, 15 യൂണിറ്റുകളായെടുത്ത് 35 പേരെ തിരഞ്ഞെടുക്കുമ്പോള്‍, സ്ട്രീം ഒന്നില്‍ താഴെ പറയുന്ന വിധത്തിലാവും വിവിധ സമുദായക്കാര്‍ക്കു സെലക്ഷന്‍ ലഭിക്കുക (പട്ടിക 1)

പട്ടിക 1- കെ.എ.എസ്. സ്ട്രീം 1 നിയമനം- പി.എസ്.സി. സെലക്ഷന്‍ വഴി വിവിധ സമുദായക്കാര്‍ക്കു ലഭിക്കുന്ന സീറ്റുകള്‍
സമുദായം/വിഭാഗം മെറിറ്റ് / ഓ.സി. സംവരണം ആകെ
മുന്നാക്കക്കാര്‍ 12 0 12
ഈഴവ/തീയ്യ/ബില്ലവ 1 4 5
മുസ്‌ലിം/മാപ്പിള 2 4 6
വിശ്വകര്‍മ 0 1 1
പട്ടികജാതി 0 4 4
എല്‍.സി/ എ.ഐ 0 2 2
ഹിന്ദു നാടാർ 1 0 1
എസ്.ഐ.യു.സി. നാടാര്‍ 1 0 1
എസ് സി സി സി 0 0 0
ധീവര 0 0 0
പട്ടികവര്‍ഗം 0 0 0
ഒ.ബി.സി 0 1 1
ആകെ 17 16 33

ഡി.എ. (Differently Abled) സംവരണക്കാരെ ഈ പട്ടികയില്‍ പെടുത്തിയിട്ടില്ല. അവര്‍ കൂടി വരുമ്പോള്‍ മൊത്തം നിയമനം 35 ആകും. EWS ഇതില്‍ നടപ്പാക്കിയിട്ടില്ലാത്തതിനാല്‍ അവരെയും ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവിലെ രീതിയില്‍ പി.എസ്.സി സെലക്ഷന്‍ നടത്തിയാല്‍, 17 മെറിറ്റ് സീറ്റില്‍ കേവലം അഞ്ചു പിന്നാക്കക്കാര്‍ക്കു മാത്രമേ  സെലക്ഷന്‍ ലഭിക്കുകയുള്ളൂ; ഒരു ഈഴവ. രണ്ടു മുസ്ലിം, ഒരു ഹിന്ദു നാടാര്‍, ഒരു എസ്.ഐ.യു.സി. നാടാര്‍. 17-ാം റാങ്ക് വരെയുള്ള ഉദ്യോഗാര്‍ഥികളില്‍ ആറ് പിന്നാക്ക വിഭാഗക്കാരുണ്ട്; മൂന്നു മുസ്ലിം, ഒരു ഈഴവ, ഒരു ഹിന്ദു നാടാര്‍, ഒരു എസ്.ഐ.യു.സി. നാടാര്‍. അതില്‍ ഒരു മുസ്ലിം ഉദ്യോഗാര്‍ഥിക്ക് പി.എസ്.സി. സെലക്ഷനില്‍ മെറിറ്റ് അവസരം നഷ്ടമാകും. അയാളെ സംവരണടേണില്‍ തിരഞ്ഞെടുക്കും. തന്മൂലം, പിന്നിലുള്ള ഒരു മുസ്ലിം ഉദ്യോഗാര്‍ഥിക്ക് സെലക്ഷന്‍ ലഭിക്കാതെ വരും. തത്ഫലമായി, സെലക്ഷന്‍ ലഭിക്കാന്‍ അര്‍ഹതയില്ലാത്ത, മുന്നാക്ക സമുദായത്തില്‍പ്പെട്ട ഒരു ഉദ്യോഗാര്‍ഥിക്ക് മെറിറ്റില്‍ സീറ്റ് കിട്ടും.

ആകെ 20 പേരെ മാത്രമാണു പി.എസ്.സി. തിരഞ്ഞെടുക്കുന്നതെങ്കില്‍ 20-ന്റെ ഒറ്റ യൂണിറ്റായെടുത്താണു സെലക്ഷന്‍ നടത്തുക. അപ്പോള്‍, ഒ.സി ടേണില്‍/മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കപ്പെടുന്ന അവസാനത്തെ ഉദ്യോഗാര്‍ഥി 10-ാം റാങ്കുകാരനായിരിക്കും; അതായത്, 20ന്റെ നേര്‍പകുതി അഥവാ 50%. 20 പേരില്‍ ആദ്യത്തെ 10 പേര്‍ക്കാണല്ലോ ഏറ്റവും കൂടുതല്‍ മാര്‍ക്ക്/റാങ്ക്. അതുകൊണ്ട് അവര്‍ക്കു മെറിറ്റ് സീറ്റുകള്‍ കൊടുക്കേണ്ടതുണ്ട്. അതാണു ന്യായവും നീതിയും. എന്നുവച്ചാല്‍, അതിനപ്പുറത്തുള്ള ഒരാള്‍ക്കും, അഥവാ 11-ാം റാങ്ക് മുതലുള്ള ഒരാള്‍ക്കും 20 പേരെ തിരഞ്ഞെടുക്കുമ്പോള്‍ മെറിറ്റ് നിയമനത്തിന് അര്‍ഹതയില്ലെന്നര്‍ഥം. അതുകൊണ്ടാണ് അവരെ ആരെയും ആദ്യ 20-ന്റെ യൂണിറ്റിലെ ഒ.സി. ടേണിലേക്കു പരിഗണിക്കാത്തത്. ഇതാണു വസ്തുതയെന്നിരിക്കെ, 33 പേരെ തിരഞ്ഞെടുക്കുമ്പോള്‍, ഒ.സി ടേണില്‍ തിരഞ്ഞെടുക്കേണ്ടത് ആരെയാണ്? റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 17 പേരെ. (ഒറ്റ സംഖ്യയാണ് ആകെ ഒഴിവുകളെങ്കില്‍ ഒ.സി. ടേണ്‍ ആയിരിക്കും കൂടുതല്‍. അല്ലെങ്കില്‍ സംവരണം 50 ശതമാനം എന്ന പരിധി കടക്കും).
തിരഞ്ഞെടുപ്പുരീതി എന്തായാലും, ഏതു യൂണിറ്റ് സമ്പ്രദായമായാലും, തിരഞ്ഞെടുക്കപ്പെടുന്ന മൊത്തം പേരുടെ പകുതി വരുന്ന നമ്പറായിരിക്കണം മെറിറ്റ് ടേണില്‍ വരേണ്ടത്. അതായത്, 20 പേരെ തിരഞ്ഞെടുത്താല്‍ 10-ഉം 100 പേരെ തിരഞ്ഞെടുത്താല്‍ 50-ഉം 1000 പേരെ തിരഞ്ഞെടുത്താല്‍ 500-ഉം ആയിരിക്കണം, ഓ.സി ടേണില്‍ അവസാനമായി വരേണ്ട റാങ്ക് നമ്പറുകള്‍. അതിനപ്പുറത്തുള്ള ആരെങ്കിലും മെറിറ്റ് ടേണില്‍ വരുന്നുണ്ടെങ്കില്‍ ആ സെലക്ഷന്‍ സമ്പ്രദായം അപാകതയുള്ളതാണ്.

കെ.എ.എസ്. തസ്തികയുടെ 33 ഒഴിവുകളിലേക്കുള്ള സെലക്ഷന്‍ പരിശോധിക്കുമ്പോള്‍ (പട്ടിക 2), ഓ.സി ടേണില്‍ ഏറ്റവും അവസാനമായി സെലക്ഷന്‍ ലഭിച്ച ഉദ്യോഗാര്‍ഥിയുടെ റാങ്ക് 19 ആണെന്നു കാണാം.

(പട്ടിക 2) കെ.എ.എസ്. സ്ട്രീം 1 നിയമനം പി.എസ്.സി. സെലക്ഷന്‍
Sl No TURN Rank No Name Community     Marks
1 DA S/L 1 Abhijith DA-LV 127.25
2 1. O.C. 1 Malini S.   198.25
3 5. O.C. 3 Gopika Udayan Ezhava 191.00
4 3. O.C. 2 Nandana S. Pillai   191.50
5 4. S.C. S/L 1 Chithra P. Arunima SC- Pulaya 172.75
6 2. E/B/T 22 Pooja Lal Ezhava 180.00
7 13. O.C. 7 Alfa S.S. M- Muslim 185.50
8 7. O.C. 4 Athira S V Hindu Nadar 188.50
9 8. LC/AI S/L 1 Sarine S S LC 165.75
10 9. O.C. 5 Gauthaman M   187.50
11 10. OBC S/L 1 Gopika V G OBC-Veluthedathu Nair 170.75
12 11. O.C. 6 Akhil V Menon   187.50
13 12. SC S/L 2 Swathi Chandramohan SC- vannan 167.25
14 19. O.C. 10 Sibi N M- muslim 184.25
15 14. E/B/T 23 Meenakshi M Ezhava 180.00
16 15. O.C. 8 Menaga V   185.25
17 6. M 12 Roshan Shah M- Muslim 184.00
18 17. O.C. 9 Akhila Mohan   184.75
19 18. E/B/T 44 Surjith P Thiyya 173.75
20 16. M 18 Shahin Shah M- Muslim 180.50
21 20. V 65 Surya S Gopinath V- Vishwakarma 169.50
22 21. O.C. 11 Aswin P Kumar   184.25
23 22. LC/AI S/L 2 Rebin Raj LC 160.50
24 23. O.C. 13 Ajith John   183.75
25 24. SC S/L 3 Sharavan A R SC- Chermar 165.75
26 25. O.C. 14 Akhila C Udhayan SIUC Nadar 182.75
27 26. M 29 Adil Mohammed M- Muslim 178.00
28 27. O.C. 15 Rohit Nandakumar   181.50
29 28. E/B/T 55 Arya P Raj Ezhava 172.00
30 29. O.C. 16 Vandana S   181.00
31 30. M 35 Asif Aliyar M-Muslim 175.75
32 31. O.C. 17 Akhila Chacko   180.75
33 32. SC S/L 4 Jayan T SC- Cheramar 163.00
34 DA S/L 1 Rohin Raj R DA- HI 158.75
35 33. O.C. 19 Vipin Vijayan   180.00


*റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി പാലിച്ച് സ്ഥാനമാറ്റം വരുത്തിയ ലിസ്റ്റാണിത്.

അദ്ദേഹത്തിന്റെ മാര്‍ക്ക് 180 ആണ്. 180 മാര്‍ക്ക് ലഭിച്ച ആ ഉദ്യോഗാര്‍ഥി മെറിറ്റ് ടേണിലും 184 മാര്‍ക്ക് ലഭിച്ച മുസ്ലിം ഉദ്യോഗാര്‍ഥി (റാങ്ക് നമ്പര്‍ 12) സംവരണ ടേണിലും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും പട്ടികയില്‍ നിന്നു മനസ്സിലാക്കാം.  അതിന്നര്‍ഥം ഈ സെലക്ഷന്‍ രീതി ശാസ്ത്രീയമല്ലെന്നാണ്.

17-നപ്പുറത്തുള്ള ആര്‍ക്കും 33 പേരെ തിരഞ്ഞെടുക്കുമ്പോള്‍ മെറിറ്റില്‍ സെലക്ഷന്‍ ലഭിക്കാന്‍ പാടുള്ളതല്ല.17-നുശേഷം വരുന്നവര്‍ പിന്നാക്കക്കാരായാലും മുന്നാക്കക്കാരായാലും, 33 പേരെ തിരഞ്ഞെടുക്കുമ്പോള്‍, ഒ.സി ടേണില്‍ സെലക്ഷന്‍ കിട്ടേണ്ടവരല്ല. എസ്.സി.-എസ്.റ്റി.- ഒ.ബി.സി. വിഭാഗക്കാര്‍ക്കു സംവരണ ടേണില്‍ സീറ്റ് കിട്ടിയേക്കാം. ഇവിടെ 18-ാം റാങ്കുകാരനു സംവരണ ടേണില്‍ സെലക്ഷന്‍ ലഭിച്ചിട്ടുള്ളത് ഉദാഹരണം. അയാള്‍ക്കും പക്ഷേ, മെറിറ്റ് ടേണില്‍ അവസരം കൊടുക്കാന്‍ പാടില്ല.

 20-നു മേല്‍ ഒഴിവുകള്‍ ഉണ്ടായാലും 20-ന്റെ യൂണിറ്റുകളായെടുത്തേ സെലക്ഷന്‍ നടത്താവൂ എന്ന ചട്ടമാണ് ഈ ദുരവസ്ഥയ്ക്കു കാരണം. മറിച്ച്, ഉള്ള ഒഴിവുകള്‍ (ഇവിടെ 33) ഒറ്റ യൂണിറ്റായെടുത്തു സെലക്ഷന്‍ നടത്തിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. (പട്ടിക 3 കാണുക)

(പട്ടിക 3) കെ.എ.എസ്. സ്ട്രീം 1 നിയമനം. മൊത്തം ഒഴിവുകളെ ഒറ്റ യൂണിറ്റാക്കിയാല്‍
Sl No TURN Rank No Name Community Marks
1 DA S/L 1 Abhijith S DA-LV 127.25
2 1. O.C. 1 Malini S   198.25
3 5. O.C. 3 Gopika Udayan Ezhava 191.00
4 3. O.C. 2 Nandana S Pillai   191.50
5 4. SC S/L 1 Chithra P Arunima SC- Pulaya 172.75
6 2. E/B/T 22 Pooja Lal Ezhava 180.00
7 13. O.C. 7 Alfa S S M- Muslim 185.50
8 7. O.C. 4 Athira S V Hindu Nadar 188.50
9 8. LC/AI S/L 1 Sarine S S LC 165.75
10 9. O.C. 5 Gauthaman M   187.50
11 10. OBC S/L 1 Gopika V G OBC- Veluthedathu Nair 170.75
12 11. O.C. 6 Akhil V Menon   187.50
13 12 SC S/L 2 Swathi Chandramohan SC- Vannan 167.25
14 19. O.C. 10 Sibi N M- Muslim 184.25
15 14. E/B/T 23 Meenakshi M Ezhava 180.00
16 15. O.C. 8 Menaga V   185.25
17 23. M 12 Roshan Shah M- Muslim 184.00
18 17. O.C. 9 Akhila Mohan   184.75
19 18. E/B/T 44 Surjith P Thiyya 173.75
20 6. M 18 Shahin Shah M- Muslim 180.50
21 20. V 65 Surya S Gopinath V- Viswakarma 169.50
22 21. O.C. 11 Aswin P Kumar   184.25
23 22. LC/ AI S/L 2 Rebin Raj LC 160.50
24 16. M 29 Adil Mohammed M- Muslim 178.00
25 24. SC S/L 3 Sharavan A R SC- Cheramar 165.75
26 25. O.C. 13 Ajith John   183.75
27 26. M 35 Asif Aliyar M- Muslim 175.75
28 27. O.C. 14 Akhila C Udhayan SIUC Nadar 182.75
29 28. E/B/T 55 Arya P Raj Ezhava 172.00
30 29. O.C. 15 Rohit Nandakumar   181.50
31 30. M 39 Akhil A F M- Muslim 174.75
32 31 O.C. 16 Vandana S   181.00
33 32. SC S/L 4 Jayan T SC- Cheramar 163.00
34 DA S/L 1 Rohin Raj R   158.75
35 33. O.C. 17 Akhila Chacko DA- Hi 180.75


*റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി പാലിച്ച് സ്ഥാനമാറ്റം വരുത്തിയിട്ടുണ്ട്.

മൊത്തം ഒഴിവുകളെ ഒറ്റ യൂണിറ്റായെടുത്തു സെലക്ഷന്‍ നടത്തിയാല്‍, ഒ.സി ടേണില്‍ ഏറ്റവും അവസാനമായി സെലക്ഷന്‍ ലഭിക്കുന്നത് കൃത്യമായി 17-ാം റാങ്കുള്ള ഉദ്യോഗാര്‍ഥിക്കായിരിക്കും. അതിനപ്പുറത്തുള്ള ആര്‍ക്കും മെറിറ്റ് സെലക്ഷന്‍ നല്‍കാന്‍ സാധിക്കില്ല. മാത്രമല്ല, 17-ാം റാങ്കിനകത്തുള്ള 6 സംവരണ സമുദായക്കാര്‍ക്കും മെറിറ്റ് സെലക്ഷന്‍ ലഭിക്കുന്നതും കാണാം.
ഒന്നാം സ്ട്രീമിനേക്കാള്‍ നഷ്ടം സ്ട്രീം രണ്ടിലും മൂന്നിലും പിന്നാക്കക്കാര്‍ക്ക് ഉണ്ടാകും. പി.എസ്.സി.യുടെ നിലവിലെ റൊട്ടേഷന്‍ യൂണിറ്റില്‍ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്താല്‍ ഓരോ സ്ട്രീമിലും വിവിധ സമുദായക്കാര്‍ക്കുണ്ടാകുന്ന നഷ്ടമാണു താഴെ പട്ടികകളില്‍ നല്‍കുന്നത്.

(പട്ടിക 4) കെ.എ.എസ്- സ്ട്രീം 1
സമുദായം 17-ാം റാങ്കിനകത്തു വരുന്ന സംവരണക്കാര്‍ പി.എസ്.സി. സെലക്ഷനില്‍ മെറിറ്റില്‍ വരുന്നവര്‍ നഷ്ടം
ഈഴവ 1 1 0
മുസ്‌ലിം 3 2 1
ഹിന്ദു നാടാര്‍ 1 1 0
എസ്.ഐ.യു.സി. നാടാര്‍ 1 1 0
ആകെ 6 5 1
(പട്ടിക 5) കെ എ എസ്- സ്ട്രീം 2
സമുദായം 17-ാം റാങ്കിനകത്തു വരുന്ന സംവരണക്കാര്‍ പി.എസ്.സി. സെലക്ഷനില്‍ മെറിറ്റില്‍ വരുന്നവര്‍ നഷ്ടം
ഈഴവ 2 2 0
മുസ്‌ലിം 2 1 1
വിശ്വകര്‍മ 1 1 0
എസ് സി 1 1 0
എല്‍ സി 3 2 1
ഓ ബി സി 1 1 0
ആകെ 10 8 2
(പട്ടിക 6) കെ.എ.എസ്. സ്ട്രീം 3
സമുദായം 17-ാം റാങ്കിനകത്തു വരുന്ന സംവരണക്കാര്‍ പി.എസ്.സി. സെലക്ഷനില്‍ മെറിറ്റില്‍ വരുന്നവര്‍ നഷ്ടം
ഈഴവ 2 2 0
മുസ്‌ലിം 4 4 0
വിശ്വകര്‍മ 2 1 1
ഓബിസി 1 0 1
എല്‍ സി 1 1 0
ആകെ 10 8 2

*ഇവര്‍ക്കെല്ലാം മെറിറ്റില്‍ (ഓ. സി ടേണില്‍) സെലക്ഷന്‍ ലഭിക്കണം.

ചുരുക്കത്തില്‍ മൂന്നു സ്ട്രീമിലും കൂടി അഞ്ച് തസ്തികകള്‍ സംവരണ സമുദായക്കാര്‍ക്കു നഷ്ടമാകും. സ്ട്രീം ഒന്നില്‍ ഒരു സീറ്റിന്റെയും രണ്ട്, മൂന്നു സ്ട്രീമുകളില്‍ രണ്ടു വീതം സീറ്റുകളുടെയും നഷ്ടമാവും ഉണ്ടാവുക. സമുദായം തിരിച്ചു പറഞ്ഞാല്‍, മുസ്ലിങ്ങള്‍ക്ക് രണ്ട്, ലത്തീന്‍ കത്തോലിക്കര്‍ക്ക് ഒന്ന്, ഒ.ബി.സി.ക്കാര്‍ക്ക് ഒന്ന്, വിശ്വകര്‍മജര്‍ക്ക് ഒന്ന് എന്നിങ്ങനെ. വളരെ കുറവു തസ്തികകള്‍ മാത്രമുള്ള, എന്നാല്‍, നിര്‍ണായക പ്രാധാന്യമുള്ള കെ.എ.എസ്സില്‍ ഒന്ന് സീറ്റിന്റെ നഷ്ടം പോലും വലിയ നഷ്ടമാണെന്നു പറയേണ്ടതില്ലല്ലോ. ആ നിലക്ക് മൊത്തം അഞ്ചു സീറ്റുകള്‍ നഷ്ടമാകുന്നത് പിന്നാക്കക്കാരെ സംബന്ധിച്ച് വളരെ ഗൗരവമുള്ള കാര്യം തന്നെയാണ്. കെ.എസ്. ആന്‍ഡ് എസ്.എസ്.ആര്‍. 14(ബി)യുടെ ലംഘനമാണിത്; സാമൂഹികനീതിയുടെ അട്ടിമറിയും.

പിന്നാക്ക വിഭാഗങ്ങള്‍ മത്സരിച്ച് ഉയര്‍ന്ന റാങ്കുകള്‍ നേടുന്നതിന്റെ നേട്ടം യഥാര്‍ഥത്തില്‍ ലഭിക്കുന്നതു മുന്നാക്ക സമുദായക്കാര്‍ക്കാണ്. ഉയര്‍ന്ന റാങ്കുള്ള പിന്നാക്ക വിഭാഗക്കാരെ, നിലവിലെ 20 യൂണിറ്റ് റൊട്ടേഷന്‍ വ്യവസ്ഥ ഉപയോഗിച്ച് ആദ്യമേ സംവരണത്തില്‍ ഒതുക്കിയാല്‍ അതിന്റെ നേട്ടം സ്വാഭാവികമായും മുന്നാക്ക സമുദായങ്ങള്‍ക്കു ലഭിക്കും.

ചട്ടം 14 (ബി) പറയുന്നത് സംവരണ സമുദായക്കാരെ മെറിറ്റ് സീറ്റിലേക്കു പരിഗണിക്കണം എന്നാണ്. മാത്രമല്ല, ഏതെങ്കിലും ഉദ്യോഗാര്‍ഥിക്കു മെറിറ്റ് സീറ്റിന് അര്‍ഹതയുണ്ടെങ്കില്‍ അയാളെ സംവരണത്തിലേക്കു മാറ്റാന്‍ പാടില്ലെന്ന് നിരവധി കോടതിവിധികളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ചട്ടം 14 (എ) നടപ്പാക്കുമ്പോള്‍ ചട്ടം 14 (ബി) അട്ടിമറിക്കപ്പെടുകയാണിവിടെ. മെറിറ്റില്‍ സീറ്റ് കിട്ടാന്‍ അര്‍ഹതയുള്ള സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ സംവരണ സീറ്റിലേക്ക് ഒതുക്കപ്പെടുന്നു.

നേട്ടം മുന്നാക്കക്കാര്‍ക്ക്

പിന്നാക്ക വിഭാഗങ്ങള്‍ മത്സരിച്ച് ഉയര്‍ന്ന റാങ്കുകള്‍ നേടുന്നതിന്റെ നേട്ടം യഥാര്‍ഥത്തില്‍ ലഭിക്കുന്നതു മുന്നാക്ക സമുദായക്കാര്‍ക്കാണ്. ഉയര്‍ന്ന റാങ്കുള്ള പിന്നാക്ക വിഭാഗക്കാരെ, നിലവിലെ 20 യൂണിറ്റ് റൊട്ടേഷന്‍ വ്യവസ്ഥ ഉപയോഗിച്ച് ആദ്യമേ സംവരണത്തില്‍ ഒതുക്കിയാല്‍ അതിന്റെ നേട്ടം സ്വാഭാവികമായും മുന്നാക്ക സമുദായങ്ങള്‍ക്കു ലഭിക്കും. ഒന്നാം സ്ട്രീമില്‍ നാമതു കണ്ടു. ഇതര സ്ട്രീമുകളില്‍ക്കൂടി നേട്ടം ലഭിച്ചതാര്‍ക്കെന്ന് താഴെ പട്ടിക നോക്കിയാല്‍ മനസ്സിലാക്കാം.

(പട്ടിക 7)
  സ്ട്രീം 1 സ്ട്രീം 1 സ്ട്രീം 1
അനര്‍ഹമായി സെലക്ഷന്‍ ലഭിക്കുന്ന റാങ്കുകാര്‍ 19 19, 20 19, 20, 21
സമുദായം മുന്നാക്കം 19 ഓബിസി 
20 മുന്നാക്കം
19 മുന്നാക്കം
20, 21 മുസ്ലിം

ഇവിടെ മൂന്ന് മുന്നാക്കക്കാര്‍ക്കും മൂന്ന് പിന്നാക്കക്കാര്‍ക്കും അനര്‍ഹമായി മെറിറ്റില്‍ സെലക്ഷന്‍ ലഭിക്കുന്നുണ്ട്. മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ, അനര്‍ഹരായ ആര്‍ക്കും മെറിറ്റില്‍ സെലക്ഷന്‍ നല്‍കാന്‍ പാടില്ലെന്നു നേരത്തെ സൂചിപ്പിച്ചു. ഇവിടെ, അര്‍ഹതയില്ലാത്ത ഓബിസിക്കാരനും മുസ്ലിമിനും സെലക്ഷന്‍ നല്‍കിയിരിക്കുന്നതും തെറ്റാണ്. ഈ ഒ.ബി.സി.ക്കാരനും മുസ്ലിമിനും പക്ഷേ, ഒറ്റ യൂണിറ്റായി സെലക്ഷന്‍ നടത്തിയാല്‍ സംവരണ ടേണില്‍ സെലക്ഷന്‍ ലഭിക്കും. എന്നാല്‍, മുന്നാക്കക്കാര്‍ക്ക് ഒരു വിധത്തിലും അര്‍ഹതയില്ലാത്ത സീറ്റുകളാണു ലഭിക്കുന്നത്.  

ഒ.ബി.സി.ക്കാര്‍ക്ക് മെറിറ്റില്‍ അനര്‍ഹമായി ഇതുപോലെ സീറ്റുകള്‍ ലഭിക്കുന്നത് വളരെ അപൂര്‍വമാണ്. മിക്കപ്പോഴും മുന്നാക്കക്കാര്‍ക്കു മാത്രമായിരിക്കും അതു ലഭിക്കുക. അതുകൊണ്ടാണ് 20 യൂണിറ്റ് റൊട്ടേഷന്‍ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കള്‍ മുന്നാക്ക സമുദായക്കാരാണെന്നു പറയുന്നത്. വാസ്തവത്തില്‍ മുന്നാക്കക്കാര്‍ക്കുള്ള രഹസ്യ സംവരണ (clandestine reservation)മാണ് 20 യൂണിറ്റ് സമ്പ്രദായത്തിലൂടെ പി.എസ്.സി നടപ്പാക്കുന്നതെന്ന് ആരോപിക്കാവുന്നതാണ്.
ഫ്രെഷ് നിയമനം നടക്കുന്ന തസ്തികകളുടെ കാര്യത്തില്‍ 20-ന്റെ  ആദ്യ യൂണിറ്റില്‍, അര്‍ഹരായ എല്ലാ പിന്നാക്ക-ദലിത് വിഭാഗക്കാര്‍ക്കും മെറിറ്റ് സീറ്റുകള്‍ ലഭിക്കും. ശ്രദ്ധിക്കണം; ഒന്നാമത്തെ യൂണിറ്റില്‍ മാത്രം. എന്നാല്‍ പിന്നീടു വരുന്ന യൂണിറ്റുകളില്‍ അതു് അപൂര്‍വ സംഭവമായിരിക്കും. ഇവിടെയും വ്യത്യസ്തമല്ല. എല്ലാ സ്ട്രീമിലെയും ആദ്യ യൂണിറ്റില്‍ പ്രശ്‌നമൊന്നുമില്ല. രണ്ടാമത്തെ യൂണിറ്റിലാണ് ഒ.ബി.സി.ക്കാര്‍ക്ക് മെറിറ്റ് സീറ്റുകള്‍ നഷ്ടപ്പെടുന്നത്. (പട്ടിക 8 കാണുക )

(പട്ടിക 8)
  സ്ട്രീം 1 സ്ട്രീം 2 സ്ട്രീം 3
ഒന്നാം യൂണിറ്റ്
10-ാം റാങ്കിനകത്തുള്ള പിന്നാക്കക്കാര്‍ 4 7 5
പി എസ് സി സെലക്ഷനില്‍ മെറിറ്റില്‍ കയറുന്നവര്‍ 4 7 5
വ്യത്യാസം /നഷ്ടം 0. 0 0
രണ്ടാം യൂണിറ്റ്
അടുത്ത 7 റാങ്കിനകത്തുള്ള പിന്നാക്കക്കാര്‍ 2 3 5
പി എസ് സി സെലക്ഷനില്‍ മെറിറ്റില്‍ കയറുന്നവര്‍ 1 1 3
വ്യത്യാസം/നഷ്ടം 1 2 2

നഷ്ടം സംഭവിക്കുന്നത് രണ്ടാം യൂണിറ്റ് മുതലാണെന്നു വ്യക്തമാണ്.
ഒന്നാം സ്ട്രീമില്‍ രണ്ടാമത്തെ യൂണിറ്റില്‍ ആകെ ഒരാള്‍ മാത്രമേ മെറിറ്റില്‍ സെലക്റ്റ് ചെയ്യപ്പെടൂ. രണ്ടാം സ്ട്രീമില്‍ അത് ഒരാളും മൂന്നാം സ്ട്രീമില്‍ മൂന്നാളും സെലക്റ്റ് ചെയ്യപ്പെടും. ആദ്യ യൂണിറ്റുകളില്‍ അര്‍ഹരായ എല്ലാ പിന്നാക്കക്കാര്‍ക്കും മെറിറ്റ് സെലക്ഷന്‍ ലഭിക്കുന്നതും കാണാം.

പി.എസ്.സി.യുടെ ഈ സെലക്ഷന്‍ സമ്പ്രദായത്തില്‍, മെയ്ന്‍ റാങ്ക് ലിസ്റ്റില്‍ കൂടുതലായി വരുന്ന, ഈഴവ, മുസ്ലിം, വിശ്വകര്‍മ, ലത്തീന്‍ കത്തോലിക്കര്‍, ഓബീസീ തുടങ്ങിയ പിന്നാക്ക സമുദായക്കാര്‍ക്കായിരിക്കും നഷ്ടം കൂടുതല്‍ ഉണ്ടാവുക. സാധാരണ മിക്ക ലിസ്റ്റിലും ഈഴവര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ നഷ്ടം കണ്ടിട്ടുള്ളത്. എന്നാല്‍ ഈ ലിസ്റ്റില്‍ അവര്‍ക്കു നഷ്ടം കുറവാണ്. അതിന്നു കാരണം, ഇത്തരം ഉന്നത തസ്തികകളില്‍ ഈഴവ/തീയ്യ വിഭാഗം മെയ്ന്‍ ലിസ്റ്റില്‍ വരുന്നത് ഇപ്പോഴും കുറവാണെന്നതാണ്. ക്ലാസ് 4, 3 തസ്തികകളുടെ റാങ്ക് ലിസ്റ്റുകളിലാണ് ഈഴവരുള്‍പ്പെടെയുള്ള പിന്നാക്ക സമുദായക്കാര്‍ കൂടുതലും കടന്നുകൂടുന്നത്. ക്ലാസ് ഒന്ന്, രണ്ട് തസ്തികകളുടെ ലിസ്റ്റുകളില്‍ എസ്.സി.-എസ്.റ്റി.-ഒ.ബി,സി,ക്കാര്‍ കയറുന്നതു തുലോം കുറവാണ്.

കെ.എ.എസ്സിന്റെ ലിസ്റ്റ് വച്ചാണു പി.എസ്.സി. സെലക്ഷന്‍ രീതിയുടെ അപാകത ഇവിടെ പരിശോധിച്ചതെങ്കിലും കേരള പി.എസ്.സിയുടെ എല്ലാ സെലക്ഷനിലും ഇതേ രീതി തന്നെയാണു പിന്തുടരുന്നതെന്നു പ്രത്യേകം സൂചിപ്പിക്കട്ടെ.

സ്ട്രീം ഒന്നില്‍ എസ്.സി. -എസ്.റ്റി. വിഭാഗത്തില്‍പ്പെട്ട ആരും മെയ്ന്‍ ലിസ്റ്റില്‍ വന്നിട്ടില്ലെങ്കിലും ദലിത് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു ഉദ്യോഗാര്‍ഥിയുണ്ട്. എന്നാല്‍, സ്ട്രീം രണ്ടിലും മൂന്നിലും എസ്.സി.- എസ്.റ്റി. വിഭാഗത്തില്‍പ്പെട്ടവര്‍ വന്നിട്ടുണ്ട്. (ഈ രണ്ടു സ്ട്രീമിലെയും അപേക്ഷകര്‍ ഉദ്യോഗസ്ഥര്‍ തന്നെയായത് ഒരു കാരണമാവാം) സ്ട്രീം രണ്ടില്‍ ഓരോരുത്തരും സ്ട്രീം മൂന്നില്‍ രണ്ട് എസ്.സി.യും ഒരു എസ്.റ്റി.യുമാണ് മെയ്ന്‍ ലിസ്റ്റില്‍ കയറിയിട്ടുള്ളത്. മെയ്ന്‍ ലിസ്റ്റില്‍ വരുന്ന ദലിത്-പിന്നാക്ക വിഭാഗക്കാര്‍ക്കാണ് 20 യൂണിറ്റ് റൊട്ടേഷന്‍ സമ്പ്രദായം ദോഷം ചെയ്യുന്നത്. ഇന്നതു കൂടുതല്‍ ബാധിക്കുന്നത് ഈഴവരെപ്പോലുള്ള ഒ.ബി.സി.ക്കാരെയാണെങ്കില്‍, മെയ്ന്‍ ലിസ്റ്റില്‍ പ്രവേശം കിട്ടുന്ന മുറയ്ക്ക്  എല്ലാ ഒ.ബി.സി.ക്കാരെയും പട്ടികജാതി- പട്ടികവര്‍ഗക്കാരെയും ബാധിക്കാന്‍ പോകുന്ന കാര്യമാണിത്. കെ.എ.എസ്. ലിസ്റ്റില്‍ അത് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത് മുസ്ലിങ്ങളെയാണ്.

കെ.എ.എസ്സിന്റെ ലിസ്റ്റ് വച്ചാണു പി.എസ്.സി. സെലക്ഷന്‍ രീതിയുടെ അപാകത ഇവിടെ പരിശോധിച്ചതെങ്കിലും കേരള പി.എസ്.സിയുടെ എല്ലാ സെലക്ഷനിലും ഇതേ രീതി തന്നെയാണു പിന്തുടരുന്നതെന്നു പ്രത്യേകം സൂചിപ്പിക്കട്ടെ. നിലവിലുള്ള ചട്ടത്തില്‍ ഭേദഗതി വരുത്താത്തതുകൊണ്ടാണ് സുപ്രീം കോടതിയില്‍ വരെ പോയെങ്കിലും ഈ അനീതി അഭംഗുരം തുടരുന്നത്.

20 യൂണിറ്റ് സമ്പ്രദായം എന്ന കടമ്പയില്‍ത്തട്ടിയാണു സുപ്രീം കോടതിയില്‍ കേസ് പരാജയപ്പെട്ടതെന്നു പറയാം; സുപ്രസിദ്ധമായ 50-50 കേസില്‍."മൊത്തം ഒഴിവുകളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി നിയമന ശിപാര്‍ശ നടത്തണം' എന്ന കേരള ഹൈക്കോടതിയുടെ വിധി, നിലവിലുള്ള നിയമത്തിനു വിരുദ്ധമാണെന്നും യൂണിറ്റിന്റെ വലുപ്പം മാറ്റാനുള്ള അധികാരം കോടതികള്‍ക്കില്ലെന്നുമാണു സുപ്രീം കോടതി (2009 മാര്‍ച്ച് 30) നിരീക്ഷിച്ചത്.

കെ.എ.എസ്സില്‍ 105 പേരെ തിരഞ്ഞെടുക്കുമ്പോഴാണു അഞ്ചു പിന്നാക്കക്കാര്‍ക്ക് അവസര നഷ്ടം വന്നത്. ഓരോവര്‍ഷവും ആയിരക്കണക്കിനു നിയമനശിപാര്‍ശകളാണു പി.എസ്.സി. നടത്തുന്നത്. ഏതു നിയമന ശിപാര്‍ശയെടുത്തു പരിശോധിച്ചാലും, നിലവിലെ റൊട്ടേഷന്‍ സമ്പ്രദായം മൂലം നൂറുകണക്കിന് ഉദ്യോഗങ്ങള്‍ പിന്നാക്ക സമുദായങ്ങള്‍ക്കു നഷ്ടമാകുന്നതു മനസ്സിലാക്കാനാകും. അപ്പോള്‍, ഓരോ വര്‍ഷവും പിന്നാക്കസമുദായങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം എത്ര ഭീമമായിരിക്കും എന്ന് ഊഹിച്ചു നോക്കുക. നാളിതുവരെയുണ്ടായിട്ടുള്ള നഷ്ടമോ? ഈ നഷ്ടത്തിനു മുന്നില്‍, നരേന്ദ്രന്‍ കമീഷനും മറ്റും ചൂണ്ടിക്കാണിച്ചിട്ടുള്ള നഷ്ടം എത്ര നിസ്സാരം! പക്ഷേ നരേന്ദ്രന്‍ കമീഷനുവേണ്ടിയുണ്ടായ ഉണര്‍വും പ്രക്ഷോഭവും ഈ വിഷയത്തില്‍ പിന്നാക്ക സമുദായങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതാണു ഖേദകരം.

ഇ.ഡബ്ല്യൂ.എസ്. എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുന്നാക്ക സംവരണം നടപ്പാക്കാന്‍ തുടങ്ങുന്നതിനു മുന്‍പുള്ള ലിസ്റ്റാണിത്. സ്ട്രീം ഒന്നിന്റെ ലിസ്റ്റില്‍ നിന്ന് മെറിറ്റില്‍ ആകെ അഞ്ച് ഒ.ബി.സി.ക്കാര്‍ക്കാണു നിയമനം ലഭിച്ചതെന്നു നാം കണ്ടു. എന്നാല്‍, 10 ശതമാനം ഇ.ഡബ്ല്യൂ.എസ്. കൂടി വന്നാല്‍ അതു വീണ്ടും കുറയുമെന്നതില്‍ സംശയം വേണ്ട. വിവിധ സമുദായങ്ങള്‍ക്കു സര്‍വീസില്‍ മതിയായ പ്രാതിനിധ്യത്തിനു വേണ്ടിയാണല്ലോ സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു മാത്രമേ ജനസംഖ്യാനുപാതിക സംവരണമുള്ളൂ. ഒ.ബി.സി.ക്കാര്‍ക്കു ജനസംഖ്യാനുപാതിക സംവരണമില്ല. ദേശീയതലത്തില്‍ 52 ശതമാനം വരുന്ന ഒ.ബി.സി. വിഭാഗത്തിനു കേവലം 27 ശതമാനം സംവരണമേയുള്ളൂ. മുസ്ലിം, ക്രിസ്ത്യന്‍ ഒ.ബി.സി.ക്കാരെക്കൂടി ചേര്‍ത്താല്‍, സംസ്ഥാനത്ത് 60-70 ശതമാനമോ അതില്‍ക്കൂടുതലോ പിന്നാക്ക വിഭാഗമായിരിക്കും. എന്നാല്‍ അവര്‍ക്ക് 40 ശതമാനം സംവരണമേയുള്ളൂ.

സംവരണം 50 ശതമാനത്തിനപ്പുറം പോകാന്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധിയാണ് ഒ.ബി.സി.കള്‍ക്കു ജനസംഖ്യാനുപാതിക സംവരണം ഏര്‍പ്പെടുത്തുന്നതിനു തടസ്സം നില്‍ക്കുന്നത്. (മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം, ഈ 50 ശതമാനത്തിനു പുറത്തുനല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു സുപ്രീംകോടതിവിധിയും തടസ്സമല്ല) അതുകൊണ്ട്‌ മെറിറ്റ് സീറ്റുകളില്‍ക്കൂടി പ്രവേശം കിട്ടിയാലേ ഒ.ബി.സി.കളുടെ പ്രാതിനിധ്യക്കുറവ് കുറച്ചെങ്കിലും പരിഹരിക്കപ്പെടൂ. എന്നാല്‍ മുന്നാക്ക സംവരണം നടപ്പാക്കുമ്പോള്‍, പിന്നാക്കക്കാരുടെ ആ അവസരവും അട്ടിമറിക്കപ്പെടുകയാണ്. ഈ ലിസ്റ്റില്‍ ഇ.ഡബ്ല്യു.എസ്. കൂടി നടപ്പാക്കുകയാണെങ്കില്‍ എന്തായിരിക്കും ഫലം എന്നത് വേറൊരു സന്ദര്‍ഭത്തില്‍ പറയാമെന്നു വിചാരിക്കുന്നു.

ഇത്രയും വായിച്ചു കഴിയുമ്പോള്‍, വായനക്കാര്‍ സ്വാഭാവികമായും കരുതുക, നിലവിലുള്ള ഒഴിവുകള്‍ ഒരുമിച്ചെടുത്തു സെലക്ഷന്‍ നടത്തിയാല്‍ ഈ അനീതി പരിഹരിക്കപ്പെടും എന്നായിരിക്കും. ചിലര്‍ ആവശ്യപ്പെടുന്നത് ഒഴിവുകളെ 100 ന്റെ യൂണിറ്റായെടുത്തു സെലക്ഷന്‍ നടത്തണമെന്നാണ്. 20 യൂണിറ്റ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാം. നിലവിലെ ചട്ടത്തില്‍ ചെറിയൊരു ഭേദഗതി കൊണ്ടുവന്ന് അതു നടപ്പാക്കാവുന്നതേയുള്ളൂ. അക്കാര്യം വിശദമായി, ക്യൂവൈവ് ടെക്സ്റ്റ് (Quivive Text) ഉടന്‍ പുറത്തിറക്കുന്ന എന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ദലിത്- പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു സംവരണം നല്‍കാതെ കെ.എ.എസ്. നടപ്പാക്കാനായിരുന്നു സവര്‍ണ ഉദ്യോഗസ്ഥ ലോബി ശ്രമിച്ചത്. ആ ശ്രമങ്ങളെ പല കോണുകളിലൂടെയുള്ള വലിയ ചെറുത്തുനില്‍പ്പിലൂടെയാണ് പിന്നാക്ക വിഭാഗക്കാര്‍ തോല്‍പ്പിച്ചത്. എന്നാല്‍, വര്‍ഷങ്ങളായി പിന്നാക്കവിഭാഗക്കാരുടെ മെറിറ്റ് സീറ്റ് അവകാശത്തെ അട്ടിമറിക്കുന്ന, പി.എസ്.സി.യുടെ സെലക്ഷന്‍ സമ്പ്രദായത്തെ, ചെറുത്തുതോല്‍പ്പിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. കെ.എ.എസ്. അതിന് നല്ലൊരു അവസരമാണ് അവര്‍ക്കു നല്‍കുന്നത്. ചെറിയ ലിസ്റ്റാണ്; ഓരോന്നില്‍നിന്നും വെറും 35 പേരെ മാത്രമേ അഡൈ്വസ് ചെയ്യുന്നുള്ളൂ; ഫ്രഷ് നിയമനം ആരംഭിക്കുന്ന ലിസ്റ്റാണ്. അതുകൊണ്ടുതന്നെ ആര്‍ക്കും എളുപ്പത്തില്‍ പരിശോധിച്ചു നിജസ്ഥിതി മനസ്സിലാക്കാം.

പബ്ലിക് സര്‍വീസ് കമീഷനും സംവരണവുമെല്ലാം വരുന്നതിനു മുന്‍പുള്ള തിരുവിതാകൂര്‍ രാജഭരണത്തിലെ സവര്‍ണ ബ്യൂറോക്രസിയുടെ അവസ്ഥയിലേക്കു  കേരള സിവില്‍ സര്‍വീസിനെ പിന്നോട്ടു കൊണ്ടുപോകുന്ന, രണ്ടു പ്രധാനപ്പെട്ട നീക്കങ്ങളാണ് പി.എസ്.സിയുടെ ഈ നിയമനരീതിയും മുന്നാക്ക സംവരണവും. നിയമനരീതി ശാസ്ത്രീയമായി തിരുത്തുവാനും മുന്നാക്ക സംവരണം പിന്‍വലിച്ച് സാമൂഹിക നീതി ഉറപ്പുവരുത്തുവാനും കഴിഞ്ഞില്ലെങ്കില്‍ ദലിത്-പിന്നാക്ക വിഭാഗക്കാര്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ നഷ്ടം ഒന്നുകൂടി ഭീമാകാരമാകും. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് കെ.എ.എസ്.

Note: കെ.എ.എസ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ചിലര്‍ സിവില്‍ സര്‍വീസ് ലിസ്റ്റിലുള്ളവരാണ്, ചിലര്‍ രണ്ടു സ്ട്രീമിലെയും ലിസ്റ്റിലുണ്ട്. ഇവര്‍ കെ.എ.എസ്. അഡൈ്വസ് സ്വീകരിക്കുമോ, ഏതു സ്ട്രീമാണു തിരഞ്ഞെടുക്കുക എന്നതനുസരിച്ച് യഥാര്‍ഥ നിയമന ശിപാര്‍ശയില്‍ ചെറിയ വ്യത്യാസം വന്നേക്കാം.

സുദേഷ് എം. രഘു

എഴുത്തുകാരന്‍. പി.എസ്.സി. നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബ്രാഹ്‌മണ മാര്‍ക്‌സിസം എന്ന പുസ്തകത്തിന്റെ വിവര്‍ത്തകന്‍
 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM