Wednesday, 29 March 2023

Photo Feature


Text Formatted

കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും മീന്‍ കഥകള്‍

കടത്തനാട്ടിലെ മീനവിയൽ, ചേലിയയിലെ പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച്‌ റോസ്​റ്റ്​, കടലുണ്ടിയിലെ മാലാന്‍ ഇലയില്‍ പൊതിഞ്ഞ് കനലില്‍ ചുട്ടത്​, പിന്നെ ചാലിയാര്‍ ഊര്‍ക്കടവ് ‌റെഗുലേറ്റര്‍ ബ്രിഡ്ജിലെ ഒഴുക്കിനെതിരെ ചാടുന്ന കൂറ്റന്‍ കട്‌ല മീനുകൾ, നിലമ്പൂര്‍ മഴക്കാടുകളിലെ ചൂണ്ടക്കാർ പറയുന്ന മീന്‍ കഥകൾ...മീൻ മണമുള്ള ഒരു യാത്ര

Image Full Width
Image Caption
കടലുണ്ടിപ്പുഴയില്‍ 'വെശ കുത്തി' മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍
Text Formatted

മാവൂരിലെ മീന്‍തടം

രുമഴക്കാലം. 
കോഴിക്കോട് മാവൂര്‍- പൈപ്പ്‌ലൈന്‍ റോഡിലെ നീര്‍ത്തടത്തില്‍ നിന്നുപിടിച്ച മീനുമായി രണ്ടു കുട്ടികള്‍ ഉച്ചയ്ക്ക് വീട്ടിലേക്കോടുന്നു. ആ ഓട്ടം പകര്‍ത്തിയ ശേഷം ചോദിച്ചു, ""ഏത് മീനാ കിട്ടിയെ?'' 
""കയിച്ചിലാ''ഉത്തരം കോറസായി.
""കയിച്ചിലോ?'' രക്ഷപ്പെടുക എന്നതിന്‌ കോഴിക്കോട്ടുകാര്‍ പറയുന്നത്​ കയിച്ചിലായി എന്നാണ്. ആ പേരിലും ഒരു മീനോ? കുട്ടികളെ അടുത്തു വളിച്ച് ‌നോക്കിയപ്പോള്‍ സംഗതി നമ്മുടെ വരാലാണ്. 
അവിടുന്ന് വേഗം കയിച്ചിലായി എന്നു പറഞ്ഞാല്‍ ""രക്ഷപ്പെട്ടു''എന്നാണെന്ന്‌ കോഴിക്കോട്ട് ആരോടും പറയേണ്ടതില്ല. ഈ മിടുക്കിന്റെ പേര് മീനിനു കിട്ടിയതോ, അതോ മീനിന്റെ പേര് തിരിച്ചു കിട്ടിയതോ എന്നത് തല്‍ക്കാലം ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍ക്കട്ടെ. മുന്നാഴി വെള്ളത്തില്‍ മൂന്നു പേരെ പറ്റിക്കുന്ന വിരുതന്റെ പേര് തന്നെ ഒരു സ്വഭാവത്തിനു പകരം വെച്ച നാട്. 
വടകരയിലും കോഴിക്കോട്ട് ജില്ലയുടെ പലഭാഗങ്ങളിലും കയിച്ചില്‍ എന്നു വിളിക്കുന്ന വരാലിന്റെ കാര്യമാണ് പറയുന്നത്. ചിലേടത്ത് ബ്രോല്‍, തോടന്‍, കുളമീന്‍... പല പേരിലാണ് വരാല്‍ പിടുത്തക്കാരില്‍ നിന്ന് "കയിച്ചിലാകാന്‍' പാടുപെടുന്നത്. 

തുടര്‍ച്ചയായി മഴ കനത്തപ്പോള്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് പതിവു പോലെ കലക്ടര്‍ അവധി നല്‍കി, മഴ അന്നു മാറിനിന്നു. തെളിഞ്ഞ വെയിലും അവധിയുടെ സന്തോഷവും കുട്ടികള്‍ ചൂണ്ടയുമെടുത്ത് ‌നീര്‍ത്തടത്തിലേക്കിറങ്ങി. ജീവനോടെ ഊഴാനെ കൊരുത്തിട്ടു, കൊത്തിയതൊരു വരാല്‍. ജീവനുള്ള ഇരയെ അല്ലേ വരാല്‍ പിടിക്കൂ! സൂര്യന്‍ ഉച്ചിയിലെത്തി, ഇനിയും സംസാരിക്കാന്‍ കുട്ടികള്‍ക്ക് ക്ഷമയില്ല. പുലിയപ്പുറം കച്ചേരിക്കുന്നിലെ വീട്ടിലേക്ക് ‌സനുവും സഹോദരന്‍ വിനുവും ഓടിയകന്നു, അമ്മ ചോറു വിളമ്പും മുന്നേ എത്തിയാല്‍ ഇതും കൂട്ടി ഊണു കുശാലാവും.

mavoor
മീന്‍ പിടിത്തം ആഘോഷമാക്കുന്ന മാവൂരിലെ കുട്ടികള്‍

ബൈക്ക് വീണ്ടും മുന്നോട്ടെടുത്തു, അടച്ചുപൂട്ടിയിട്ടും മണ്ണിനോട് ‌ചേരാന്‍ മടിക്കുന്ന യന്ത്രസാമഗ്രികളുടെ ശവപ്പറമ്പായി മാറിയ മാവൂരിലെ ഗ്രാസിം ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിക്കു താഴെയായി എളമരം കടവ്. ഏറെ പഴികേട്ട മാലിന്യ ഭീകരന്‍ അന്ത്യവിശ്രമം കൊള്ളുന്ന കരയെ തഴുകി ചാലിയാര്‍ ഒഴുകുന്നു. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ അതിപ്രശസ്തമായ ഈ വ്യവസായകേന്ദ്രം ഒരുപിടി പ്രഗത്ഭരായ ജനനേതാക്കളെയും നാടിനു നല്‍കി. ഒരു ഓര്‍മപ്പെടുത്തലാണിന്ന്, വീണാലും തണല്‍ ബാക്കിയെന്ന പോലെ ഇന്നും വാര്‍ത്തകളില്‍ നിറയുന്ന മാവൂര്‍ റയോണ്‍സ്.

കടത്തനാട്ടിലേക്ക്

കയിച്ചിലിന്റെ കഥ കേള്‍ക്കാന്‍ കോഴിക്കോട്ട് ‌നിന്ന്​ വടകരയിലേക്കാണ് യാത്ര. റെയില്‍വെ സ്റ്റേഷനില്‍ ഫോട്ടോഗ്രാഫര്‍ വിജീഷ് ‌ലിയോ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. തച്ചോളി ഒതേനന്‍ നീട്ടിവിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന പരദേവത കുടിയിരിക്കുന്ന ലോകനാര്‍ക്കാവും, തറവാട്ടിലെ തച്ചോളി മാണിക്കോത്ത് ‌ക്ഷേത്രവും കണ്ട് കന്നിനടയിലെത്തി. ഒതേനന്‍ സഹോദരിക്ക് പുഴകടക്കാൻ പാലം പണിതെന്ന് ‌ഐതിഹ്യം പേറുന്ന കന്നിനടയില്‍ പുതിയൊരുപാലം ഇന്ന് വാഹനങ്ങള്‍ക്ക് കടക്കാനുണ്ട്. കോഴിക്കോടിന്റെ നാട്ടുവിശേഷം പങ്കിട്ട മലയാള മനോരമയിലെ "ദേശാടനം' പംക്തിക്ക് ചിത്രങ്ങളെടുക്കാൻ ലെനിന്‍ ചന്ദ്രനുമായി മുന്‍പൊരിക്കല്‍ പോയിട്ടുണ്ടവിടെ. മുള്ളു മൂത്ത മീനിനുവേണ്ടി വരെ പടവെട്ടിയെന്നു പറയുന്ന വീരന്മാരുടെ ഗാഥകള്‍ ഉള്ള നാട്. കടത്തനാടന്‍ കളരിയുടെ നാട്ടില്‍ മീന്‍പിടിക്കാനും അടവേറെയാണ്.

തിരുവിതാംകൂറിലോ കൊച്ചിയിലോ ഉള്ള പഴമക്കാര്‍ക്ക് അവിയലില്‍ മീനിടുന്നത്ചിന്തിക്കാനേ കഴിയില്ല. മലബാറില്‍ പോലും അധികം പ്രചാരത്തിലില്ലിത്.

പിടിക്കാന്‍ മാത്രമല്ല മീന്‍ കൊണ്ട് അവിയല്‍ ഒരുക്കാനും കേമരാണ് കട
ത്തനാട്ടുകാര്‍. മീന്‍ കൊണ്ട് അവിയല്‍ ഒരുക്കുന്നത് ഉത്തര മലബാറിലൊഴികെ അധികം ആര്‍ക്കും പരിചയമുള്ളതല്ല. തിരുവിതാംകൂറിലോ കൊച്ചിയിലോ ഉള്ള പഴമക്കാര്‍ക്ക് അവിയലില്‍ മീനിടുന്നത്ചിന്തിക്കാനേ കഴിയില്ല. മലബാറില്‍ പോലും അധികം പ്രചാരത്തിലില്ലിത്. വടകര മുതല്‍ നാദാപുരം വരെയുള്ള പ്രദേശത്തുകാരുടെ പ്രിയ വിഭവമാണ് ചെറിയ പുഴമീന്‍ കൊണ്ടൊരുക്കുന്ന മീനവിയല്‍.

നെയ്‌തെടുത്ത വീശുവല വിടര്‍ത്തുന്ന ചാത്തു

വടകര ആയഞ്ചേരി മുക്കടത്തും പൊയില്‍ പടിഞ്ഞാറേ കേശോത്ത് ചാത്തു നെയ്‌തെടുത്ത വീശുവല വിടര്‍ത്തുകയാണ്. ഒന്‍പതര മുഴമുള്ള വീശുവലയുമായി രാത്രി കന്നിനട ചിറയിലേക്ക് ഇറങ്ങിയാല്‍ ഒരു ചാക്ക് മീനുമായാണ് കയറിയിരുന്നത്. ഓരോ കണ്ണികളും നെയ്ത് വലയൊരുക്കിയ കഥയുടെ മണികിലുക്കുകയാണീ 87 കാരന്‍. പ്രായത്തിന്റെ അവശതകളെ കുടഞ്ഞെറിഞ്ഞ് ഇദ്ദേഹം കഥകള്‍ പറഞ്ഞു തുടങ്ങി. ""വലിയ മരം കൊത്തിയാണ് അന്ന് കട്ടിലും മറ്റും നിര്‍മ്മിച്ചിരുന്നത്. പിന്നീടെത്തിയ ഈര്‍ച്ചവാള്‍ മരംമുറിയുടെ ക്ലേശം കുറച്ചു. ഈര്‍ച്ച മില്‍ വന്നത് അതിശയമായിരുന്നു.'' ചാത്തുവിന്റെ കഥകളില്‍ ബ്രിട്ടീഷ് ‌പൊലീസിനെ കണ്ട് ഭയന്നതും വലമണിയുടെ ഇയ്യം വരെ ഉരുക്കി അച്ചിലൊഴിച്ച് വാര്‍ത്തെടുത്തതും എല്ലാമുണ്ട്.

chathu
താന്‍ നെയ്ത വീശുവല വിടർത്തുന്ന വടകര സ്വദേശി ചാത്തു

""16 വയസു മുതല്‍ അച്ഛനൊപ്പം വീശാന്‍ പോകുമായിരുന്നു. കയിച്ചില്‍, ചെമ്പല്ലി, മാലാന്‍, വാള, ചേറുമീന്‍, ആരല്‍, എന്നിവയായിരുന്നു അന്ന്‌ സുലഭമായിരുന്ന മീനുകള്‍. വാഴത്തട മുറിച്ച് വെള്ളത്തിലിട്ട് ചൂണ്ട കെട്ടിയിടുമായിരുന്നു. ചിറ്റാനും നരിമീനുമൊക്കെ അതില്‍ കിട്ടുമായിരുന്നു. വടകരയില്‍ ചിറ്റാന്‍ എന്നു പറഞ്ഞാല്‍ കരിമീനാണ്. നരിമീനും കണ്ണിക്കനും കാളാഞ്ചിയും. 101 കോവയില്‍ നിന്ന് മൂന്ന് ‌നിരവിരി മാറികെട്ടി പിന്നെ മാറിട്ട് ‌കെട്ടുമെന്ന് പറഞ്ഞ് പല കെട്ടിന്റെ ഇഴക്കണക്ക് ഓര്‍ക്കുകയാണ്ചാത്തു. ദിവസം രണ്ട്- മൂന്ന് മണിക്കൂര്‍ വല നെയ്യാന്‍ മാറ്റിവെയ്ക്കും. ഇങ്ങനെ ഒരു വര്‍ഷമെടുത്താണ് വല നെയ്തിരുന്നത്. മുള ചീകിയെടുക്കുന്ന ഒറ്റയുമായി മഴക്കാലത്ത് പാടത്തിറങ്ങിയതും എല്ലാം ഇന്നലെയെന്ന പോലെ ഓര്‍മ്മയുണ്ട്.'' തേങ്ങാ അരയ്ക്കാതെ ചീനച്ചട്ടിയില്‍ കടുക് വരളിയെടുക്കുന്ന കയിച്ചില്‍ കറിയാണ് ചാത്തുവേട്ടന് ഇഷ്ടമെന്ന് പറഞ്ഞ് 
ഭാര്യ പാറുവേട്ടത്തി വാതില്‍പ്പടിയിലെത്തി. തലമുറകള്‍ക്ക് വെച്ചു വെച്ചു വിളമ്പിയ സംതൃപ്തി ഈ മുഖത്തുണ്ട്.

മാങ്ങം മൂഴിയിലെ മീനും മുതലയും

മാങ്ങം മൂഴിയിലെ പുഴയോരത്തെ പാറയുടെ മറവില്‍ പണ്ട് കൂറ്റനൊരു മുതലയുണ്ടായിരുന്നു. മോഷ്ടാക്കളെ പിടികൂടിയാല്‍ പുഴയിലേക്കറിയുകയായിരുന്നു നാട്ടിലെ ശിഷാവിധികളിലൊന്ന്. വെള്ളത്തില്‍ വീഴുന്നയാളെ മുതല പിടിച്ചാല്‍ അയാള്‍ കള്ളനും രക്ഷപ്പെട്ടാല്‍ നിരപരാധിയും. നായയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയ വാള്‍ കൊണ്ടൊരാള്‍ ഒരിക്കല്‍ വാഴക്കുല മോഷ്ടിച്ചു. പിടിയിലായപ്പോള്‍ നായയാണ് മോഷ്ടാവ് എന്നയാള്‍ വാദിച്ചു. നായയെയും ഉടമയെയും ഭടന്മാര്‍ പുഴയിലേക്കെറിഞ്ഞു. മുതലപിടിച്ചത് എളുപ്പം വായിലൊതുങ്ങിയ നായയെ, അതോടെ "നീതിമാനായ' മുതലയുടെ പണിപോയി. പിന്നെ മീന്‍ പിടിച്ച് കഴിയേണ്ടി വന്നു എന്ന നാടുവാഴിക്കാലത്തെ കഥ പറഞ്ഞ് ‌കൊണ്ടാണ് മൂഴിയിലേക്ക് വിജീഷ് സന്ധ്യയ്ക്ക് വണ്ടി ഓടിച്ചത്. പക്ഷേ, മൂഴിക്കല്‍ ഇപ്പോള്‍ രാത്രിയിലെത്തുന്ന ചൂണ്ടക്കാര്‍ക്ക് വലിയ തൂക്കമുള്ള ചെമ്പല്ലിയും കാളാഞ്ചിയുമാണ് കിട്ടുന്നത്. കടവില്‍ തമ്പടിച്ചിരിക്കുന്ന തെങ്ങുചെത്തുകാരും വീശുവലയുമായി ഇറങ്ങും. വീടുവിട്ടു നില്‍ക്കുന്നെങ്കിലും ഇരിങ്ങാലക്കുടക്കാരായ ചെത്തുകാരുടെ അടുപ്പില്‍ കുടംപുളിയിട്ട മീന്‍കറി തിളയ്ക്കുന്നു, മൂഴിയിലെ മീനുകള്‍ ഇനി അന്തിക്കള്ളിനൊപ്പം രുചിയുടെ കഥപറയും. 
മറുകരെ വെള്ളത്തിലൊരു വെളിച്ചം, ടോര്‍ച്ച് കടിച്ചുപിടിച്ച് ചുവന്ന ഊറ്റുവല കൊണ്ട് ‌ചെമ്മീന്‍ കോരുകയാണൊരു മിടുക്കന്‍, പേര് അഭിരാം, ഡിഗ്രിക്ക് പഠിക്കുകയാണ്. ഒരു കറിക്കുള്ളത് വലയിലാക്കിയ മന്ദഹാസം ഇരുട്ടിലും കാണാം. മൂഴിയില്‍ നിന്ന് പുലര്‍ച്ചെ ചേലിയയിലേക്ക്. 

നാല്‍പ്പത്തിയൊന്ന് വര്‍ഷമായി പണി ചെയ്യുന്നു, വെറും കയ്യോടെ മടങ്ങിയ എത്രയോ ദിനങ്ങള്‍. 1500 രൂപയുടെ വരെ മീന്‍കിട്ടിയ ദിവസമുണ്ട്.

ചേലുള്ള ചേലിയ ഗ്രാമം

ചേലിയ, കഥകളികലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരിയുടെ ജന്മനാട്. ഗ്രാമം ഉണരുന്നു, രാവിലെ ഏഴു മണി, ചേലിയ കഥകളി വിദ്യാലയത്തിലേക്ക് ചിട്ടയോടെ നടന്നുപോകുന്ന കുട്ടികളെ കണ്ട്‌ കൊയിലാണ്ടി ഉള്ളൂര്‍ക്കടവിലേക്ക് യാത്ര തുടരുകയാണ്. സുഹൃത്ത് വേണുവിനൊപ്പം കണാരക്കുട്ടിയേട്ടന്റെ തോണി പുലര്‍കാല സൂര്യനെ ധ്യാനിക്കാനെന്ന പോലെ ഓളങ്ങളെ നോവിക്കാതെ മെല്ലെ തുഴയുകയാണ്. 

രാവു പുലരും വരെയുള്ള അധ്വാനത്തിനു ശേഷം കുഞ്ഞലാത്ത് ഗംഗാധരന്‍ തോണി അടുപ്പിക്കുകയാണ്. ""വീട്ടില്‍ വിളക്ക് വെക്കുമ്പോള്‍ പണിക്കിറങ്ങും. 14 കിലോമീറ്ററോളം തുഴഞ്ഞ് അര്‍ദ്ധരാത്രിയോടെ നെല്ലിയാടിയിലെത്തും. പുലര്‍ച്ചെ മൂന്നിന് മീനുമായി തിരിക്കും. വലയൊക്കെ കഴുകി ഒരു കാലിച്ചായയൊക്കെ കുടിച്ച് ‌റെഡിയാകുമ്പഴേക്കും നേരമാകും. കൊഞ്ചും ചെമ്മീനും കരിമീനും എല്ലാംകൂടി 850 രൂപയുടെ മീന്‍ കൊടുത്ത സന്തോഷമാണിന്ന്. തരക്കേടില്ലാത്ത ദിവസം. ചിലപ്പോള്‍ ഒന്നും കിട്ടില്ല, നാല്‍പ്പത്തിയൊന്ന് വര്‍ഷമായി പണി ചെയ്യുന്നു, വെറും കയ്യോടെ മടങ്ങിയ എത്രയോ ദിനങ്ങള്‍. 1500 രൂപയുടെ വരെ മീന്‍കിട്ടിയ ദിവസമുണ്ട്.'' ഗംഗാധരന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു.

gangadaran
അകലാപുഴയില്‍ നിന്ന് മീനുമായി മടങ്ങുന്ന ഗംഗാധരന്‍

പയ്യോളിക്കും കോരപ്പുഴയ്ക്കും ഇടയിലുള്ള ഭാഗത്തെയാണ് ഉള്ളൂര്‍പ്പുഴയെന്നു വിളിക്കുന്നത്. തണ്ടാടിയും വീശുവലയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇരിമീന്‍, ചിറ്റാന്‍ എന്നീ പേരുകളാണ് ഇവിടെ കരിമീനിന്. മീനെടുക്കുന്ന ഷിബുവിന്റെ കടയുടെ ചില്ലില്‍ റോസ്‌ കടലാസില്‍ എഴുതി ഒട്ടിച്ച അറിയിപ്പ്. ദിവസം കുറിച്ചിട്ടുണ്ട്. "മകളുടെ വിവാഹമാണ്- കുഞ്ഞലാത്ത് 
ഗംഗാധരന്‍' ഇത് ഒരേസമയം നാട്ടുകാര്‍ക്കുള്ള അറിയിപ്പും ക്ഷണവുമാണ്. ക്ഷണക്കത്ത് തയ്യാറാവുന്നതിനു മുന്നേയുള്ള വിവരം ധരിപ്പിക്കല്‍. മറ്റാരും ഈ ദിവസം ചടങ്ങുകള്‍ വെയ്ക്കാതിരിക്കാനും കൂടിയാണീ പരസ്യപ്പെടുത്തല്‍. മകളെ പറഞ്ഞയക്കാന്‍ ഒരുങ്ങുന്ന ഗംഗാധരന് ഈ പുഴയാണ് പി.എഫും ഇ.എസ്.‌ഐയും എല്ലാം.

ഒരാള്‍ ഉറങ്ങാതിരുന്നാല്‍ അഞ്ചാള്‍ക്ക് കഴിയാം

പകല്‍ 11 മുതല്‍ 3 വരെ ഉറങ്ങി രാത്രി ഗംഗാധരന്‍ പണിക്ക്‌ പോകുന്നത് ‌കൊണ്ട് അഞ്ചോളം കുടുംബങ്ങളാണ് പുലരുന്നത്. 120 രൂപയ്ക്ക് വില്‍ക്കുന്ന മീന്‍ അടുത്തയാള്‍ ചെറിയൊരു മാര്‍ജിന്‍ എടുത്ത് 150-ന് വില്‍ക്കുന്നു. അത്180, 220 ഇങ്ങിനെ അവസാനം വാങ്ങുന്നയാളുടെ കയ്യില്‍ എത്തുമ്പോഴേക്കും നാലഞ്ച് ‌കൈമറിഞ്ഞിരിക്കും. 

രാവിലെ പത്തരയോടെ തന്നെ മീന്‍ കിട്ടിയതില്‍ സന്തോഷത്തിലാണ് ‌പെണ്ണുങ്ങളൊക്കെ. കൊഞ്ചിനെ കാണാനായിരുന്നു തിരക്ക്.

മനസില്‍ ആരും കവിതയെഴുതുന്ന പോലെ മനോഹരമായ ഉള്ളൂര്‍ക്കടവില്‍ നിന്ന്​ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടിലേക്ക് ‌ചെറിയൊരു ബസ് വന്നു. അല്പനേരം നിന്നശേഷം ആളില്ലാതെ മടങ്ങി. സ്റ്റാര്‍ട്ടിങ്ങാണ്, വഴിയില്‍നിന്ന് ആളു കയറും എന്ന് പറഞ്ഞ് വേണുവും ഉണ്ണിയും മടങ്ങാന്‍ തുഴയെടുത്തു. മരത്തുഴ പഴകിയപ്പോള്‍ പകരമായി 20 ലിറ്റര്‍ പെയിന്റ് പാട്ടയുടെ വലിയ മൂടി മുളയിലും പട്ടികയിലും ഉറപ്പിച്ച തുഴ. പഞ്ചായത്തു തോണി തുഴയുന്ന കണാരക്കുട്ടിയേട്ടന്റെ കൈകള്‍ക്ക് 77ന്റെ ചെറുപ്പമാണ്. അകലാപ്പുഴയില്‍ നിന്നെത്തുന്ന ഉള്ളൂര്‍പ്പുഴ കോരപ്പുഴയിലാണ് ‌ചേരുന്നത്. ഷിബുവിന്റെ കടയില്‍ നിന്നും 400 ഗ്രാമുള്ള വലിയൊരു കൊഞ്ച് തൂക്കി വാങ്ങിയപ്പോള്‍160 രുപയ്ക്ക് കിട്ടിയതിന്റെ "ആഘാതത്തില്‍' നേരെ എളാട്ടേരിയിലേക്ക്.

ആനക്കൊഞ്ചുമായി കളത്തില്‍ വീട്ടിലേക്ക്

ചേലിയയിലെ എളാട്ടേരി കളത്തില്‍ വീട്ടിലേക്ക് ‌ഡെക്കാണ്‍ ക്രോണിക്കിള്‍ ഫോട്ടൊഗ്രഫറായ വേണു കൂട്ടിയത് കുടുംബത്തിലൊരു വിശേഷമുണ്ട് എന്നു പറഞ്ഞായിരുന്നു. ഇളമുറക്കാരനായ ഗോകുലിന് ‌ജോലികിട്ടയതിന്റെ ആഘോഷത്തിലേക്കാണ് ആനക്കൊഞ്ചും കാരചെമ്മീനും മാലാനുമൊക്കെയായി കയറിച്ചെന്നത് (ഗോകുല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ഫോട്ടോഗ്രാഫറാണ്). രാവിലെ പത്തരയോടെ തന്നെ മീന്‍ കിട്ടിയതില്‍ സന്തോഷത്തിലാണ് ‌പെണ്ണുങ്ങളൊക്കെ. കൊഞ്ചിനെ കാണാനായിരുന്നു തിരക്ക്. ഗോകുലിന്റെ അമ്മ കമലേടത്തിയെ സഹായിക്കാൻ അടുത്ത ബന്ധുക്കളായ ജാനു, രാധ, സിനി, രമിന എന്നിവര്‍ മത്സരിക്കുന്നു. കപ്പ പുഴുങ്ങിയതിനൊപ്പം മാലാന്‍ മുളകിട്ടത് സ്റ്റാര്‍ട്ടറായി ആദ്യമെത്തി. മഞ്ഞളേട്ട (മഞ്ഞക്കൂരി), വാള, ഇതൊക്കെ പുതുമഴയത്ത് കയറി വരുന്ന മീനുകളാണെന്ന കഥയുമായി രംഗം കൊഴുത്തു. അപ്പഴേക്കും കൊഞ്ച് പച്ചക്കുരുമുളകിന്റെ രുചി മേലാപ്പണിയാനുള്ള ഒരുക്കത്തിലായിരുന്നു. 
 

പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച് ‌റോസ്റ്റ്

കൊഞ്ചിന്റെ നീണ്ട നീലക്കാലിന്റെ കത്രിക പോലുള്ള അഗ്രം മാത്രം മുറിച്ചു നീക്കി കാലുകള്‍ അടര്‍ത്തിയെടുത്ത് ഭദ്രമായി മാറ്റി വെക്കാന്‍ ഞാന്‍ കത്തിയെടുത്തു. തോടുകള്‍ അടത്തി രണ്ട് ഈള്‍ ( ഈര്‍ക്കില്‍) കടത്തി ഉപ്പ്, മല്ലി, മുളക്, മഞ്ഞള്‍ പൊടികള്‍ ചേര്‍ത്ത വെള്ളത്തില്‍ ചെറുതായൊന്നു വേവിച്ചെടുത്തു. ഈര്‍ക്കില്‍ ബലപ്പെടുത്തിയതു കൊണ്ട് ‌കൊഞ്ചും ചെമ്മീനും നട്ടെല്ലു വളയാത്തവരായി നിന്നു, കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല എന്ന ഭാവത്തില്‍! അഭിമാനത്തോടെ നിവര്‍ന്നവരെ തക്കാളിയും ഉള്ളികളും അരിഞ്ഞ് ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ച്‌ പേസ്റ്റാക്കി വഴറ്റിയ മസാലയിലേക്ക് എടുത്തുവെച്ചു. വേപ്പിലയും മല്ലിച്ചപ്പും ഒടുവിലായി ചേര്‍ത്തു. എല്ലാം തനിനാടന്‍ കറിക്കൂട്ടുകള്‍.

aanakonch
പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച് റോസ്റ്റ്

കൊഞ്ച് തയ്യാറാകുമ്പോള്‍ തന്നെ എല്ലാവരുടെയും വായില്‍ കപ്പലോടാന്‍ തുടങ്ങി. രുചി മാത്രം, മറ്റൊന്നും മുന്നിലില്ലാതായ നിമിഷം. കഴിക്കണം ജീവിതത്തിലൊരിക്കലെങ്കിലും, ഒറ്റയ്‌ക്കൊരു ആനക്കൊഞ്ചിനെ എന്ന് തിന്നു കഴിഞ്ഞവരൊക്കെ ആഗ്രഹിച്ചുണ്ടോ എന്നറിയില്ല, പക്ഷേ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.

ഈടൊരുക്കാന്‍ കാര്‍ത്തിയും

ഒരുവമ്മല്‍ താഴെ കാര്‍ത്തി മകന്‍ സത്യനെ ഈടൊരുക്കാന്‍ പുഴയിലേക്ക് ‌നയിക്കുന്നത് കണ്ട് അങ്ങോട്ടേക്കായി ഊണിനു ശേഷം നടത്തം. നടന്നു പോകാവുന്ന അകലത്തില്‍ പുഴയിലൊരിടത്ത് വൃത്താകൃതിയില്‍ ചുള്ളിക്കമ്പുകള്‍ കൂട്ടിയിടും. അതിരില്‍ ഓലമടലുകള്‍ കുത്തി കവചമൊരുക്കും. ദിവസവും രണ്ട്‌നേരം തീറ്റ ഇട്ട്‌ കൊടുക്കും. കടകളില്‍ നിന്ന്​ ഒഴിവാക്കുന്ന ബ്രഡ്‌ ശേഖരിച്ചാണ് തീറ്റയായി നല്‍കുന്നത്. ഈടിനു ചുറ്റും വല വിരിച്ച ശേഷം കമ്പുകള്‍ പുറത്തേക്ക് മാറ്റും. പിന്നെ ഞണ്ടിനെ പിടിക്കുന്ന തരം വട്ടവല കൊണ്ട് മീനുകളെ കോരിയെടുക്കും. കൊയിലാണ്ടി ദ്വാരക തിയറ്ററില്‍ ടിക്കറ്റ് കൗണ്ടറിലായിരുന്നു സത്യന് ‌ജോലി, ഇപ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പ്രസരിപ്പ് ‌നിറഞ്ഞ അമ്മയാണ് കാര്‍ത്തി. വെള്ളത്തിലെ ആഴത്തിലേക്കിറങ്ങിയാല്‍ ചിലപ്പോള്‍ മരിക്കുമെന്നു പറഞ്ഞ മകനോട്, അത് ചിലപ്പോഴല്ലല്ലോ എന്ന് ചിരിച്ചുകൊണ്ട് പറയുന്ന അമ്മയുടെ നര്‍മ്മബോധത്തെ നമിച്ചുകൊണ്ട് വള്ളവലിക്കാരെ തേടി പൂതപ്പാറയിലേക്ക് ‌നടന്നു.
 

കുരുത്തോലയുമായി വെള്ളക്കാര്‍

പുഴയുടെ മറ്റൊരു ഭാഗത്തായി പൂതപ്പാറയില്‍ ദിനകരനും മാധവനും ദാമോദരനും ഓരം ചേര്‍ന്ന് വെളളയുമായി വള്ളത്തില്‍ വരുകയാണ്. നീണ്ട കയറില്‍ ഓരോ മുഴം ഇടവിട്ട് ‌കെട്ടിയ കുരുത്തോലയാണ് "വെള്ള'എന്ന ഇവരുടെ ആയുധം. വെളളത്തില്‍ നടന്നു പോകാന്‍ പറ്റുന്നിടത്താണിവര്‍ വെള്ള വലിക്കുന്നത്.

vella
അകലാപുഴയില്‍ വെള്ള വലിക്കുന്ന മത്സ്യതൊഴിലാളി

ഒരാള്‍ കയറുമായി മുന്നോട്ട് ‌നീങ്ങും. കയറിന്റെ മറ്റേ അറ്റവും വള്ളവുമായി രണ്ടാമന്‍ മറ്റൊരു ദിശയിലേക്കും. രണ്ട് വശത്തേക്കായി നീങ്ങുന്ന ഇവരുടെ ഈ മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിച്ച് ‌നടക്കുന്നത് പിന്നിലെ മൂന്നാമന്‍. വെള്ളത്തില്‍ കുരുത്തോലയുടെ വെള്ളിത്തിളക്കം കണ്ട് ഭയന്ന് മീനുകള്‍ താഴേക്ക് പായും. മുന്നില്‍ പോകുന്നവരുടെ കുരുത്തോല രണ്ടും പൊങ്ങിയിരിക്കും. പിന്നില്‍ വരുന്നയാള്‍ താഴ്ത്തിപ്പിടിച്ചിരിക്കുന്ന ഭാഗത്തേത്ത് ഒളിക്കാന്‍ എത്തുന്ന മീനുകളൊക്കെ ചെളിയിലേക്ക് മുഖം കുത്തിയൊളിക്കും. വെള്ളത്തില്‍ മുങ്ങി ഇവരെ പെറുക്കിയെടുത്ത് അരയിലുറപ്പിച്ച ഓലക്കുട്ടയില്‍ നിക്ഷേപിക്കുന്നതോടെ ജോലി കഴിഞ്ഞു. കരിമീനുകളാണ് കൂട്ടത്തോടെ വെള്ള കണ്ട് ‌പേടിക്കുന്നവര്‍.

വഴിയിലെ തേങ്ങാമടല്‍ മല

തിരികെ നടക്കുമ്പോള്‍ തേങ്ങാ മടലുകളുടെ മലയുടെ മുന്നിലൊരു മനുഷ്യന്‍. ഐരാണിയില്‍ പ്രമോദ്‌ പൊളിച്ച തേങ്ങയുടെ മടലുകളാണ് മല പോലെ. ഒരു മനുഷ്യന്‍ പൊളിച്ച തേങ്ങകളെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന പോലെ ഉയര്‍ന്ന മടല്‍ക്കൂമ്പാരം. പൊളിക്കാനുള്ള തേങ്ങയും പൊളിച്ചതും അപ്പുറത്ത്. ദിവസം 1500 തേങ്ങവരെ പൊളിക്കും, തേങ്ങയൊന്നിന് കിട്ടുന്ന കൂലി 70 പൈസയാണ് പ്രമോദിനെയും കുടുംബത്തെയും നയിക്കുന്നത്.

ചാലിയത്തും ബേപ്പൂരിലുമായി ഒരു കിലോമീറ്ററോളം കടലിലേക്ക് ‌നീണ്ട രണ്ട് വലിയ പുലിമുട്ടുകള്‍. ചൂണ്ട നീട്ടിയെറിഞ്ഞ് മീന്‍ പൊക്കുകയാണ് കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍

ബേപ്പൂരിലെ വീശുവലക്കാരന്‍ വിശ്വജിത്ത്

ബേപ്പൂരിലേക്കായിരുന്നു മീന്‍ കഥ തേടി പിന്നെപ്പോയത്. വൈക്കം കാലയിന്റെ തീരത്തുനിന്നും ബേപ്പൂരിലേക്ക് ‌സ്‌നേഹക്കൊട്ടാരം പണിത് കുടിയേറിയ വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്. ഫാബി താത്തായുടെ കാലശേഷം വൈലാലില്‍ വീട്‌ സ്‌നേഹസ്മാരകമായി കാലത്തിനു നല്‍കിയ മകന്‍ അനീസിനെ കണ്ട്‌ സുലൈമാനി കുടിച്ച ശേഷം പുലിമുട്ടിലേക്ക്. ചാലിയത്തും ബേപ്പൂരിലുമായി ഒരു കിലോമീറ്ററോളം കടലിലേക്ക് ‌നീണ്ട രണ്ട് വലിയ പുലിമുട്ടുകള്‍. ചൂണ്ട നീട്ടിയെറിഞ്ഞ് മീന്‍ പൊക്കുകയാണ് കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍. സമദും സഫറും ഏരിയും ഏട്ടയുമാണ് ചൂണ്ടയില്‍ പൊക്കിയെടുക്കുന്നത്. എട്ടര മുഴത്തിന്റെ വീശുവല പൂപോലെ വിടര്‍ത്തി എറിഞ്ഞു കാത്തു നില്‍ക്കുകയാണ് വിശ്വജിത്ത്. ഒന്നര വിരലിന്റെ തെളിഞ്ഞ കണ്ണിയുള്ള അര നമ്പര്‍ നൂലിന്റെ വലയെന്നാണ് ഇതിനെ ക്ലാസിഫൈ ചെയ്തിരിക്കുന്നത്. 

മുരു വളര്‍ന്ന കല്ലില്‍ ഉടക്കിയ വലയൊന്നു പിടിച്ചു. സുഹൃത്ത് ഷംസുവിന്റെ തോണിയില്‍ച്ചെന്നു നോക്കിയപ്പോഴതാ ഇയ്യക്കടിയുടെ അടുത്ത്‌ ചെമ്പല്ലി പറ്റിക്കിടക്കുന്നു. പൊട്ടിച്ച് കടക്കാന്‍ സര്‍വശ്രമവും നടത്തുന്നുണ്ട് മീന്‍.

പുഴയില്‍ വെട്ടിയ ചെമ്പല്ലിയെ പൊക്കിയേ അടങ്ങൂ എന്ന്‌ ദൃഢനിശ്ചയം മുഖത്തുണ്ട്. വലയിലെ ഇടി കയ്യിലറിയാം, അവന്‍ അകത്തുണ്ട്. വേട്ടക്കാരന്റെ കരുതലോടെയാണ് വല ഒതുക്കാന്‍ തുടങ്ങിയത്. വരുന്നില്ല, പാതിവഴിയില്‍ നിന്നു. മുരു വളര്‍ന്ന കല്ലില്‍ ഉടക്കിയ വലയൊന്നു പിടിച്ചു. സുഹൃത്ത് ഷംസുവിന്റെ തോണിയില്‍ച്ചെന്നു നോക്കിയപ്പോഴതാ ഇയ്യക്കടിയുടെ അടുത്ത്‌ ചെമ്പല്ലി പറ്റിക്കിടക്കുന്നു. തുകര്‍ത്തുടത്ത് വെള്ളത്തിലിറങ്ങി വലയെ മോചിപ്പിച്ചു. വീണ്ടും വലയുടെ നിയന്ത്രണം കയ്യിലാക്കി. പൊട്ടിച്ച് കടക്കാന്‍ സര്‍വശ്രമവും നടത്തുന്നുണ്ട് മീന്‍.

ചെറുപ്പത്തില്‍ അച്ഛനൊപ്പം മീന്‍പിടിക്കാന്‍ പോയകാലം തൊട്ടുള്ള പരിചയം ഇവിടെ കയ്യടക്കമായപ്പോള്‍ കുംഭം അയച്ച് വല ഒതുക്കി, ഉഗ്രനൊരു ചെമ്പല്ലിയതാ കരയില്‍. തത്സമയം പത്രത്തിലെ ഫൊട്ടൊഗ്രാഫറായ വിശ്വജിത്ത് വീട്ടിലെത്തിയപ്പോള്‍ ഒന്നരക്കിലോയോളം പോന്ന പിടയ്ക്കുന്ന ചെമ്പല്ലിയുമായി ഭാര്യ അഡ്വ. കലാറാണി ആദ്യമൊരു സെല്‍ഫിയെടുത്തു. പിന്നെ വറുത്തരച്ച് കറിയാക്കാന്‍ അടുക്കളയിലേക്ക്. 

​​​​​​​മലപ്പുറത്തിന്റെ മീൻ മണങ്ങൾ​​​​​​​​​​​​​​

കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്

ഞ്ഞിന്റെ മൂടുപടം മാറാത്ത പുലര്‍കാലം. മലപ്പുറത്തെ വള്ളിക്കുന്ന്, കോഴിക്കോട്ടെ കടലുണ്ടി ഗ്രാമ പഞ്ചായത്തുകള്‍ അതിരിട്ട കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വിലെ മീന്‍കാരെ തേടിയാണ് യാത്ര. രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വായ ഇവിടം 10 കണ്ടലുകളും വിരുന്നുകാരായ 80ല്‍പ്പരം പക്ഷികള്‍ക്കുമാണ് താവളമൊരുക്കുന്നത്. കടലുണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചെറിയ തിരുത്തിയിലേക്കുള്ള നാട്ടുവഴി പോലൊരു റോഡ്.

സഖാവ് അമ്പാളി ഇമ്പിച്ചിയുടെ സ്മരണയില്‍ (1918- 2000) സി.പി.എം കടലുണ്ടി ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റി ഉയര്‍ത്തിയ ചുവന്ന അരിവാളും ചുറ്റികയും തല ഉയര്‍ത്തിനില്‍ക്കുന്നു. ഇതും കടന്ന് ബദറുദ്ദീന്റെ ബൈക്ക് ചെറിയ കോണ്‍ക്രീറ്റ് പാലത്തിലേക്ക്, കയറി ഇറങ്ങിയത് ചെറിയ തിരുത്തി, നാലു വീട്ടുകാര്‍ മാത്രം താമസിക്കുന്ന ഇടം. ഇമ്പിച്ചിയുടെ മക്കളായ അമ്പാളി രാജനും ബാബുരാജും കടവില്‍ വലിയൊരു തോണിയുമായി അക്ഷമയോടെ കാത്തു നില്‍ക്കുന്നു. മടവമ്പാട്ട് ‌സുബ്രമണ്യനും ശ്രീധരനും "തടവി'ലെ മീനുകളെ മോചിപ്പിക്കാന്‍ പുറപ്പെട്ടു കഴിഞ്ഞു . സമയം ആറായി. വൈകിയാല്‍ മീന്‍ പിടുത്തം കാണാനാകില്ല എന്നു അമ്പാളിമാര്‍ നേരത്തെ പറഞ്ഞിരുന്നു. 

'ഹണിട്രാപ്പൊരുക്കി' കണ്ടല്‍ക്കാടുകള്‍

കടലുണ്ടിപ്പുഴ മഞ്ഞില്‍ക്കുളിച്ചു നാണിച്ച് നില്‍ക്കുന്നു. കണ്ടലുകള്‍ ദൂരക്കാഴ്ചയില്‍ മങ്ങിയ ജലച്ചായ ചിത്രം പോലെ. അല്പം അകലെ ബാലാ തിരുത്തിയിലെ കണ്ടലിനെ വളഞ്ഞ് നീളത്തില്‍ വല കുത്തി ഉയര്‍ത്തിയിരിക്കുകയാണ്. തുരുത്തുകളെ കാല്‍നടയായും ഇരു ചക്രവാഹനത്തിലും ചെല്ലാവുന്ന കുഞ്ഞന്‍ പാലത്തിനടിയിലൂടെ വള്ളക്കാര്‍ നിലയുറപ്പിച്ച കൂടിനടുത്തേക്ക് രാജന്‍ തോണി ഊന്നുകയാണ്. കണ്ടല്‍ക്കാടിനു ഓരം ചേര്‍ന്ന് പത്തേക്കറോളമാണ് മടവമ്പാട്ടെ സഹോദരന്മാര്‍ വളഞ്ഞത് തടവിലാക്കിയത്.

വേലിയേറ്റത്തിനു മുന്‍പേ മൂവര്‍ സംഘം ഇറങ്ങിയാല്‍ ഒന്നര മണിക്കൂര്‍ നേരമെടുക്കും വല നിവര്‍ത്തി കണ്ടല്‍ക്കാടുകള്‍ വളയാനും രണ്ടറ്റത്തുമായി ഹൃദയാകൃതിയിലെ രണ്ടും മൂന്നും കൂടുകള്‍ തയ്യാറാക്കുവാനും. ഇറക്കത്തിനു മുന്‍പേ പണി കഴിയണം

വെശ കുത്തുകയെന്നും വലകൊണ്ട് തടവൊരുക്കി രണ്ടറ്റത്തുമായി വളച്ചു കുത്തുന്ന മുളങ്കൂട്ടിലേക്ക് മീനിനെ കയറ്റി പിടിക്കുന്ന രീതിക്ക് പേരുണ്ട്. വേലിയേറ്റത്തിനു മുന്‍പേ മൂവര്‍ സംഘം ഇറങ്ങിയാല്‍ ഒന്നര മണിക്കൂര്‍ നേരമെടുക്കും വല നിവര്‍ത്തി കണ്ടല്‍ക്കാടുകള്‍ വളയാനും രണ്ടറ്റത്തുമായി ഹൃദയാകൃതിയിലെ രണ്ടും മൂന്നും കൂടുകള്‍ തയ്യാറാക്കുവാനും. ഇറക്കത്തിനു മുന്‍പേ പണി കഴിയണം, വേലി ഇറക്കത്തില്‍ മീനുകളൊക്കെ പുറത്തേക്ക് വരാന്‍ വഴി തേടുന്നിടത്താണ് രണ്ട് കൂടുകളും. മുള ചീളാക്കിയെടുത്ത് കയര്‍ കെട്ടിയൊരുക്കുന്ന ചുരുട്ടാവുന്ന കൂടിന് അടിയിലായി മീനിന് കയറുവാന്‍ അഞ്ച് വിരലോളമുള്ള വഴി, വഴിയേക്കാള്‍ വലിയ മീനും തിങ്ങി ഞെരുങ്ങി കൂട്ടിലേക്ക് കയറും. അതില്‍ തിങ്ങുന്ന മീനുകളെത്തേടി അടുത്ത കൂടും ചേര്‍ത്ത് വെയ്ക്കും. അവിടേക്കുള്ള വാതില്‍ രണ്ട് വിരല്‍ വലുപ്പത്തിലാകും. 

മീന്‍ കൊടുത്തത് മനസു നിറയെ

കൂട്ടിലേക്കിറങ്ങി തോളൊപ്പം വെള്ളത്തില്‍ നിന്ന് മീനിനെ കോരി വളളത്തിലേക്ക് ഇടുകയാണ് ചന്ദ്രന്‍. കോരിയിടുന്ന പിടയ്ക്കുന്ന മാലാന്റെവെള്ളിത്തിളക്കം. ഓരോ കോണുകളിലേക്കായി കോരു വലയെത്തിച്ച്കൂടിന്റെ അടിത്തട്ട് കാണാതെ തന്നെ മീനുകളെ തുത്തെടുക്കാം. കടലുണ്ടി പാലത്തിലൂടെ കേരളത്തിന്റെ ബുള്ളറ്റ് ട്രെയിനായ ജനശതാബ്ദി എക്​സ്​പ്രസ്​ തെക്കോട്ടു പായുന്നു. പിടയ്ക്കുന്ന മീനുകളെ കണ്ട് പാലത്തിലെ പ്രഭാത നടപ്പുകാരായ യാസീനും അബ്ദുല്‍ റസാക്കും ബ്രേക്കിട്ടു, "കറിവെക്കാന്‍ മീന്‍ തരാമോ' എന്ന് വിളിച്ചു ചോദിക്കുന്നു. കഴുക്കോല്‍ കുത്തി തോണിയെ നിയന്ത്രിച്ചിരുന്ന സുബ്രമണ്യന്‍ വെള്ളത്തില്‍ നടന്ന് വലയെടുത്ത് തോണിയിലേക്ക് മടക്കുന്ന ചേട്ടന്‍ ശ്രീധരനോടായി, "കറിക്കു കൊടുക്കുമോ എന്ന്?' 
കടവിലേക്ക് വരാന്‍ കയ്യുയര്‍ത്തിക്കാണിച്ച് ശ്രീധരന്‍ പണി തുടര്‍ന്നു. നടപ്പുകാര്‍ക്ക് കോളായി, 500 രൂപയ്ക്ക് തരാന്‍ പറഞ്ഞ മീന്‍ കൂടിലേക്ക് പകര്‍ന്ന് കണ്ടപ്പോള്‍ ഞെട്ടി . ഒറ്റക്കാഴ്ചയിലറിയാം, സുമാര്‍ മൂന്നു കിലോയിലേറെ പുഴ മീനുണ്ടത്. മനസു നിറയെയാണവര്‍ മീന്‍ കൊടുത്തത്. 
 

ഇലയില്‍ പൊതിഞ്ഞ് കനലില്‍ ചുട്ട മാലാനും പെണ്‍ കൂട്ടായ്മയും

പിന്നാലെ കടലുണ്ടിക്കാരനായ സന്തോഷും ജിജിയും മാത്യുവുമെത്തി സെന്‍ട്രല്‍ എക്‌സൈസ് ആൻറ്​ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ ശനിയാഴ്ച സദ്യയ്ക്കായി മാലാന്‍ വേണം. അന്‍പതിലേറെ വീട്ടുകാരുള്ള ക്വാര്‍ട്ടേഴ്‌സിലെ വിശേഷങ്ങളെ ഊട്ടുന്നത് അവിടുത്തെ പെണ്ണുങ്ങളുടെ കൂട്ടായ്മയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്​ജോലിക്കെത്തിയവര്‍ക്ക് ‌കേരളത്തിന്റെ മീന്‍ രുചി പകരുന്നത് ത്രേസ്യയും ഹൃദ്യയും സബയും ഒക്കെച്ചേര്‍ന്ന സംഘമാണ്. പഞ്ചാബിയും രാജസ്ഥാനിയും ബിഹാറിയും തെലുങ്കനുമൊക്കെ മലയാളത്തില്‍ അലിയുന്ന രുചിക്കൂട്. കശ്മീരിലെ പിരിയന്‍ മുളകുപൊടി തേച്ച് വാഴയിലയില്‍ പൊതിഞ്ഞ് നാരില്‍ കെട്ടി മീന്‍ കനലിലേക്ക് വെയ്ക്കും മുന്‍പ് നാലു തണ്ട് വേപ്പില കൂടി. ചീഫ് ഷെഫ് ലില്ലി എരിവും ഉപ്പും നോക്കി തൃപ്തി വരുത്തി. അഞ്ച് തവണ പൊതിഞ്ഞ ഇലയുടെ കരിഞ്ഞ പുറം ചട്ട അഴിച്ചപ്പോള്‍ വെന്ത കറിവേപ്പിലയില്‍ തട്ടി ഉയര്‍ന്ന കൊതിപ്പിക്കുന്ന ഗന്ധം പണ്ട് പൊതിച്ചോര്‍ തുറക്കുന്ന പോലെ ഗൃഹാതുരതയുടെ വിശപ്പകറ്റി.
 

മോന്തി തക്കം നോക്കി തടവ് വെയ്പ്

ബാലാതിരുത്തിയിലെ കണ്ടല്‍ക്കാടുകളുടെ ചുറ്റുമാണ് മോന്തി തക്കം നോക്കി തടവെയ്ക്കുന്നത്. സന്ധ്യ നേരത്ത് രാത്രി ഒന്‍പത് കഴിയുന്നതോടെ ഈ മൂവന്തി തക്കം കഴിയും. ബാബുരാജിന്റെ ഫാം അടുത്ത ഘട്ടത്തിലേക്കായി ഒരുങ്ങുകയാണ്. കരിമീനും ചെമ്പല്ലിയും ശേഖരിച്ച് പുഴയില്‍ നിന്നും പൊങ്ങുകയാണ് ബാബുരാജ്. പുഴയില്‍ നിന്നു പിടിക്കുന്ന മീനുകളെ വളര്‍ത്തി വലുതാക്കി കുഞ്ഞുങ്ങളെ വിരിയിച്ച് വിപണനം ചെയ്ത മാതൃകയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ ദേശീയ പുരസ്‌ക്കാരം നേടിയ മത്സ്യ കര്‍ഷകനാണ് ബാബുരാജ്. അമ്പാളി രാജനും ബാബുരാജും തനി നാടന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ ടൂറിസം മേഖലയെ ഉണര്‍ത്തുന്നു.

നാവില്‍ രുചിയുടെ പടയോട്ടം നടത്തുന്ന മുരു ഫ്രൈ കഴിക്കുമ്പോള്‍ നമ്മള്‍ അറിയില്ല, അത് പാത്രത്തിലെത്തുന്നതിനു മുന്നേയുള്ള പടവെട്ടല്‍. കടലിനോട് ചേര്‍ന്ന പുഴയിലെ പാറയിലാണ് മുരു പിടിക്കുന്നതും വളരുന്നതും

കളാഞ്ചിയുടെ പേരിലുണ്ട് എല്ലാം

ഓരോ പ്രായത്തിലും വലുപ്പത്തിലുമുള്ള ഈ മത്സ്യ രാജാവിന് നാട്ടില്‍ പേരുകള്‍ പലതാണ്. ചെറുതായി നന്നേ ചുവന്ന കണ്ണുള്ളത് ‌ചോരക്കണ്ണന്‍, അല്പം വലുതായാല്‍ കൊളോണ്‍, ഒരടിയോളമെത്തിയാല്‍ കണ്ണിക്കന്‍, ഒന്നു രണ്ട് കിലോ തൂക്കമെത്തിയാല്‍ കൊടുന്തല, പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ നരിമീന്‍. 13 കിലോയുള്ള നരിമീനാണ് ബാബുരാജിന്റെ ഫാമില്‍ നിന്ന് അടുത്തിടെ പിടിച്ചത്, അതും പുഴയില്‍ നിന്നും പിടിച്ച് വളര്‍ത്തി വലുതാക്കിയത്. കുടുങ്ങുന്ന വല പൊട്ടിച്ച് പോകാന്‍ വരെ കരുത്തുള്ള ഇവന്‍ പുഴമീനുകളിലെ പുലിമുരുകനാണ്. 
 

മുരു രുചിയുടെ കടല്‍

നാവില്‍ രുചിയുടെ പടയോട്ടം നടത്തുന്ന മുരു ഫ്രൈ കഴിക്കുമ്പോള്‍ നമ്മള്‍ അറിയില്ല, അത് പാത്രത്തിലെത്തുന്നതിനു മുന്നേയുള്ള പടവെട്ടല്‍. കടലിനോട് ചേര്‍ന്ന പുഴയിലെ പാറയിലാണ് മുരു പിടിക്കുന്നതും വളരുന്നതും. തുലാമഴ പെയ്ത് ഉപ്പ് കുറയുന്നതിനു മുന്നേ വിളവെടുക്കണം. ഉപ്പ് പോയാല്‍ മുരു നശിച്ചു പോകും. കല്ലുമക്കായ് അഥവാ കടുക്കയുടെ കുടുംബക്കാരനാണ്.

MEEN-CHUTTATH
മീന്‍ ചുട്ടത്

കടലിനോട് ചേര്‍ന്ന പുഴയോരത്തെ പാറയില്‍ വളരുന്ന മുരു ഇറച്ചി പറിച്ചു മടങ്ങിയെത്തിയതേയുള്ളൂ വള്ളിക്കുന്ന് കാഞ്ഞിരശേരി സുധീറും മക്കളായ വൈശാഖും വിഷ്ണുവും ദീപകും. വീട്ടുകാരി ഗീതയുടെ നേതൃത്വത്തില്‍ പ്രഭാവതി , നിഷ, സജിത എന്നിവരാണ് കടുത്ത് മൂര്‍ച്ചയേറിയ മുരുവിന്റെ ഷെല്‍ പൊട്ടിക്കുന്നത്. ഗ്ലൗസിട്ട കൈകൊണ്ടാണ് മുരു എടുക്കുന്നത്. കത്തികൊണ്ട് തിക്കി മണിക്കൂറുകള്‍ കൊണ്ട് രണ്ട് ലിറ്റര്‍ മുരുവാണ് ‌കൊത്തിയെടുക്കുന്നത്. രണ്ട് മണിക്കൂര്‍ നേരമെടുത്ത് നാലു പേര്‍ ചേര്‍ന്ന് കൊത്തിയ മുരു 15 ലിറ്ററോളം വരും. ആവശ്യക്കാര്‍ പുഴയോരത്തെ ഇവരുടെ വീട്ടിലെത്തി വാങ്ങും. ബേപ്പൂര്‍ കടുക്ക ബസാറിലും വില്‍പ്പനയ്ക്കായി എത്തിക്കും. 

ഊര്‍ക്കടവിലെ മീന്‍ വേട്ട

നിലമ്പൂര്‍ കാടുകളില്‍ നിന്നുത്ഭവിക്കുന്ന ചാലിയാര്‍ കൂളിമാട് വെച്ച് ഇരുവഞ്ചിപ്പുഴയുമായി ചേര്‍ന്ന് പരന്നൊഴുകി ഊര്‍ക്കടവിലേക്കെത്തുന്നു. പുഴയെ കൈരേഖ പോലെ അറിഞ്ഞ മലപ്പുറത്തെ മീന്‍ വേട്ടക്കാര്‍ ഐസ് തൊടാത്ത മീന്‍ കിട്ടുമെന്നറിഞ്ഞാല്‍ എവിടെയും എത്തും, പിന്നെ പെടയ്ക്കണ പുഴ മീനുമായേ മടങ്ങൂ. മലപ്പുറം ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ഊര്‍ക്കടവ് ‌റെഗുലേറ്റര്‍  "കം' ബ്രിഡ്ജിലെ ഉയര്‍ത്തിയ ഒരു ഷട്ടറിലൂടെ ചാലിയാര്‍ താഴേക്ക് ആര്‍ത്തലയ്ക്കുന്നു. ഒഴുക്കിനെതിരെ ഉയര്‍ന്നു ചാടുന്ന മീനുകള്‍ക്കായി കൂറ്റന്‍ കോരു വലകള്‍ മുളങ്കമ്പില്‍ കെട്ടി വെച്ചിരിക്കുകയാണ്.

മാവോയിസ്റ്റ് ഭീഷണിയെ നേരിടാന്‍ നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷന്റെ മതിലിനു മുകളില്‍ ഉയരത്തില്‍ ഉറപ്പിക്കുന്ന വൈദ്യുതി വേലി വെയിലില്‍ തിളങ്ങുന്നു.

സാഹസികമായാണ് പാലത്തിന്റെ കാലുകളിലൂടെ താഴേക്ക് ഇറങ്ങി വല വെയ്ക്കുന്നത്. കോരുവലകള്‍ പാലത്തിന്റെ മുകളിലെ കൈവരിയില്‍ കയര്‍ കൊണ്ട് കെട്ടി ഉറപ്പിച്ചിട്ടുണ്ട്. രാപകലില്ലാതെ വലകള്‍ വലിയ വായ് തുറന്നിരിക്കും, ഒഴുക്കിനെതിരെ ഉയര്‍ന്നു ചാടുന്ന മീനിനായി. ആറേഴുവലകള്‍ കെട്ടിവെച്ചിട്ടുണ്ട്. കൂറ്റനൊരു കട്‌ലയെയാണ്‌ പൊക്കിയെടുക്കുന്നത്. കാണികളുടെ വലിയ സംഘം കരയിലുണ്ട്. 25 കിലോയ്ക്കടുത്ത് ഭാരമുള്ള പെരുമീനിനു ചുറ്റും കാണികളുടെ നിഴല്‍ പരന്നു. ഹോട്ടലുകാര്‍ക്കായി മൊത്ത വിലയ്ക്കുള്ള പറച്ചിലാരംഭിച്ചു.

നിലമ്പൂരിലെ വിശാലമായ മഴക്കാടുകളിലേക്ക്

ലോക പ്രശസ്തമായ തേക്ക് മ്യൂസിയത്തിന്റെ നിലമ്പൂര്‍.  ബ്രിട്ടിഷ് കലക്ടറായിരുന്ന എച്ച്.വി. കനോലി 1846 ല്‍ നട്ട തേക്കിന്‍ തൈകള്‍ പടര്‍ന്ന് തണുപ്പിന്റെ ഇലക്കൂട് തീര്‍ത്ത കനോലി പ്ലോട്ടും കോവിലകവും തേടിയെത്തുന്നവരുടെ നാട്. നാല് മീറ്റര്‍ അറുപത് സെമീ ചുറ്റളവും 42 മീ ഉയരവുമുളള തേക്ക് വിസ്മയത്തിന്റെ നാട്ടിലേക്കാണ് യാത്ര. മാവോയിസ്റ്റ് ഭീഷണിയെ നേരിടാന്‍ നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷന്റെ മതിലിനു മുകളില്‍ ഉയരത്തില്‍ ഉറപ്പിക്കുന്ന വൈദ്യുതി വേലി വെയിലില്‍ തിളങ്ങുന്നു.

കോഴിക്കോട്ടു നിന്ന്​ വഴിക്കടവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ടി. ടി ബസ് 86 കിലോമീറ്റര്‍ ഓടി എടക്കരയെത്തി. അഞ്ചു കിലോമീറ്റര്‍ മുന്നില്‍ വഴിക്കടവ്, അല്പം മാറി തമിഴ്‌നാട്. ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയ്ക്കു മുന്നില്‍ ബസിറങ്ങി. അധിനിവേശത്തിന്റെ ഇരുമ്പാണി തറയ്ക്കാന്‍ എത്തിയവര്‍ക്ക് അഹിംസയെന്ന മൂന്നക്ഷരത്തില്‍ മറുപടി നല്‍കിയ നായകന് എടക്കര ഗ്രാമ പഞ്ചായത്ത് സമര്‍പ്പിച്ച സ്‌നേഹസ്മാരകം പുഞ്ചിരി തൂകി. ഖദര്‍ ഉടുപ്പിനുള്ളിലെ ചിരിയുമായി സുഹൃത്ത് ഷാജി മീന്‍ പിടിക്കാന്‍ പോകുന്ന അബ്ദുല്‍ ഹമീദ് മുസ്‌ല്യാരുടെ അടുത്തേക്ക് കൂട്ടി. 

മഴക്കാട്ടിലെ ഹൈടെക് ചൂണ്ടക്കാര്‍

നിലമ്പൂര്‍ എടക്കരയിലെ ചൂണ്ടക്കാര്‍ ഹൈടെക്കാണ്, ഏതു മീന്‍ ഏതു പുഴയിലെ ഏതു ഭാഗത്താണ് ഇപ്പോള്‍ ഉള്ളതെന്ന സന്ദേശം "ചൂണ്ടല്‍ ഗ്രൂപ്പ്' വാട്ട്‌സാപ് കൂട്ടായ്മയില്‍ എത്തിക്കൊണ്ടിരിക്കും. കാരണം ഗ്രൂപ്പിലൊരാളെങ്കിലും എപ്പോഴും മീന്‍ പിടിക്കുന്നുണ്ടായിരിക്കും. മീന്‍ പിടിക്കാനിറങ്ങാത്ത ദിവസം ഇവരുടെ കലണ്ടറില്‍ ഇല്ല. ശിഷ്യരും ആരാധകരുമൊക്കെയായി 35 പേരുണ്ട് അബ്ദുല്‍ ഹമീദ് മുസ്‌ല്യാരുടെ സംഘത്തില്‍. ""ചിലര്‍ ഗള്‍ഫിലാണ് അവര്‍ മനസുകൊണ്ട് നമുക്കൊപ്പം പുഴയിലിറങ്ങും. പുഴമീനിന് പതിവുകാരുണ്ട്, നല്ലെതൊന്നു കിട്ടിയാല്‍ ഒരു മണിക്കൂര്‍ പോലും കാത്തിരിക്കേണ്ടി വരില്ല, അപ്പൊഴേക്കും അത് കറിയാക്കാന്‍ ആളെത്തിയിരിക്കും..'' മുസല്യാര്‍ പറയുന്നു.

abdul hameed
അബ്ദുല്‍ ഹമീദ് മുസ്‌ല്യാർ

മീനുണ്ടെങ്കിലും ചൂണ്ടയില്‍ കൊത്താത്തത് എന്താണ് എന്നുള്ള ചോദ്യങ്ങളാണ് കൂടുതലും ഗ്രൂപ്പില്‍ വരുക. തീറ്റ കൊരുക്കുമ്പോള്‍ മുതല്‍ കൊത്തിയതിനെ കുടുക്കി എടുക്കുന്നതു വരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വോയ്‌സ്‌ മെസേജായി കൊടുത്തു കഴിഞ്ഞാല്‍ മറുപടി പിക്ചര്‍ മെസേജായെത്തുന്ന പിടയ്ക്കുന്ന മീനായിരിക്കും. ഇദ്ദേഹത്തിന്റെ നാനോ കാറിന്റെ കുഞ്ഞന്‍ ഡിക്കിയില്‍ നാലു റിങ്ചൂണ്ടകള്‍, രണ്ട് സെറ്റ് വീശുവല, തണ്ടാടി വല ഇത്രയും സാധനങ്ങള്‍ എപ്പോഴും റെഡിയായിരിക്കും. മെസേജ് കിട്ടിയാല്‍ ജി.പി.എസ് സംവിധാനം പോലെ കാര്‍ പുഴക്കരയെത്തിയേ നില്‍ക്കു. സീസണില്‍ ലക്ഷം രൂപയോളം മീന്‍ തരും. പുന്നപ്പുഴ, കലക്കന്‍ പുഴ, കാരക്കോടന്‍ പുഴ, കരിമ്പുഴ എന്നീ പുഴകളിലാണ് പ്രധാനമായും പോകുന്നത്. 

കൊത്തിയാലറിയാം മീനും തൂക്കവും

നിസ്‌ക്കാരത്തൊപ്പിയും തസ്ബിയുമായി വല വീശാനും ചൂണ്ടയിടാനും പോകുന്ന ഉസ്താദ് നാട്ടുകാര്‍ക്ക് കൗതുകമായിരുന്നു. ഇത് കണ്ട് മറ്റ് ചൂണ്ടക്കാരും കൂടും. പക്ഷേ, വലിയ മീനുകള്‍ പലപ്പോഴും ഉസ്താദ് നീട്ടിയെറിയുന്ന ചൂണ്ടയിലുടെയാണ് കരകാണുക. 100 മീറ്റര്‍ നീളത്തില്‍ പോകുന്ന ഉറച്ച ചരടുള്ള ചൂണ്ട ആരാധകര്‍ വിദേശത്തു നിന്നൊക്കെയാണ് എത്തിച്ചു കൊടുക്കുന്നത്. അത് വലിയ മീന്‍ കൊത്തിയാലും പൊട്ടില്ല . കൊത്തിയാലറിയാം മീനേതെന്ന്, പൊക്കിയെടുക്കും മുന്നേ ഏതു മീനെന്നും തൂക്കം എത്രയെന്നും പറയും. അത് മാജിക്കൊന്നുമല്ല. നാലാം വയസു മുതല്‍ കണ്ടും കേട്ടും അറിഞ്ഞ പരിചയം. പുഴയിലെ പറ്റ് (പുല്‍ക്കാട്), വെള്ളം കുത്തിത്തിരിയുന്ന ഇടം, കയത്തില്‍ നിന്നുള്ള ഒലിവ്, ഇവിടെല്ലാമാണ് വലിയ മീനുകള്‍ പാര്‍ക്കുന്നത്.

ഉസ്താദിന്റെ കൈയ്യടക്കം കണ്ട് ചിലര്‍ അടക്കം പറയാറുണ്ട്, മന്ത്രം. മലഞ്ഞിലും ആരലും ചൂണ്ട ഊരി രക്ഷപെടാന്‍ മിടുക്കരാണ്. മലഞ്ഞില്‍ ചുറ്റി വരിഞ്ഞ് പൊട്ടിക്കും ആരല്‍ മുകളിലേക്ക് ശക്തിയായി തള്ളിക്കൊണ്ടും രക്ഷപ്പെടും.

അവരെ ഒരോന്നായി പുറത്തേക്ക് എത്തിച്ച് കുടുക്കുവാന്‍ ഭാഗ്യം മാത്രം പോര, സ്‌കില്‍ കൂടി വേണം. കൂട്ടമായി നില്‍ക്കുന്ന മീനിന്റെ നടുവില്‍ ചൂണ്ടയിട്ടാല്‍ ഒന്നു മാത്രമേ കിട്ടൂ, ബാക്കിയുള്ളവര്‍ കൊത്തില്ല. ഓരോന്നായി പൊക്കിയെടുക്കാന്‍ വിദ്യയുണ്ട്. ഉസ്താദിന്റെ കൈയ്യടക്കം കണ്ട് ചിലര്‍ അടക്കം പറയാറുണ്ട്, മന്ത്രം. മലഞ്ഞിലും ആരലും ചൂണ്ട ഊരി രക്ഷപെടാന്‍ മിടുക്കരാണ്. മലഞ്ഞില്‍ ചുറ്റി വരിഞ്ഞ് പൊട്ടിക്കും ആരല്‍ മുകളിലേക്ക് ശക്തിയായി തള്ളിക്കൊണ്ടും രക്ഷപ്പെടും.

ആസ്മക്കാര്‍ക്ക് മലഞ്ഞില്‍ മരുന്ന് മീന്‍ 

മലഞ്ഞിലും കടുന്നയുമാണ് ഇവിടുത്തെ പ്രധാന മത്സ്യങ്ങള്‍. ശ്വാസം മുട്ടുള്ളവര്‍ക്ക് കഴിക്കാൻ മലഞ്ഞിലിന് സ്ഥിരമായി ഓര്‍ഡര്‍ കിട്ടാറുണ്ട്. മീന്‍ തേടി ഉള്‍ക്കാട്ടിലേക്ക് അഞ്ച് കിലോ മീറ്ററൊക്കെയാണ് നടന്നു പോകുന്നത്. മഴയില്‍ തമിഴ്‌നാട്ടിലെ പായിക്കര ഡാം നിറയുമ്പോഴാണ് കുണ്ടമ്പുഴ കുത്തിയൊലിച്ച് പുന്നപ്പുഴ ഒഴുകുന്നത്. അത് മീന്‍ കൊയ്ത്തിന്റെ മഴക്കാലമാണ്. പുഴയുടെ തുടക്കം മുതല്‍ ചാലിയാറില്‍ ചേരുന്ന നിലമ്പൂരിലെ കരിമ്പുഴയും കടന്ന് ഊര്‍ക്കടവ് വരെയെത്തി മീന്‍ പിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പുഞ്ചയ്ക്കും നാടുകാണിക്കും ഇടയിലാണ് മീന്‍ കൂടുതല്‍.

പതിഞ്ഞ കാല്‍വെപ്പുമായി വെളിച്ചം ഒഴിവാക്കി സിഗരറ്റ് പോലും വലിക്കുന്നവരെ ഒഴിവാക്കി പോയിരുന്ന മുന്‍ഗാമികള്‍. 
രാത്രി ഒന്‍പതിനും 12നും ശേഷമാണ് വലിയ മീനുകള്‍ പാറക്കെട്ടിലെ ഒളിയിടങ്ങളില്‍ നിന്ന്​ പുറത്തിറങ്ങുന്നത്. പുലര്‍ച്ചെ മൂന്നിനാണ് മീന്‍ പിടിക്കാന്‍ നല്ലനേരം. ഇന്‍വര്‍ട്ടര്‍ കൊണ്ടുവന്ന് ഷോക്കടിപ്പിച്ചും തുരിശും നഞ്ചും കലക്കുന്ന നശീകരണ രീതികളോട് കടുത്ത വിയോജിപ്പാണ്. ചെയ്യുന്നവരെ ബോധവല്‍ക്കരിച്ച് കൂട്ടത്തില്‍ ചേര്‍ക്കാറുണ്ട്. ലഹരി വിമോചന - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നു. രാവിലെ എട്ടരയോടെ മദ്രസയില്‍ കുട്ടികളെ പഠിപ്പിച്ച ശേഷം, മൃതദേഹം മറവുചെയ്യാന്‍ കബര്‍ വെട്ടാനും, തെങ്ങു കയറുവാനും, മീന്‍ പിടിക്കുവാനും ഒക്കെയായി അബ്ദുല്‍ ഹമീദ് ഉസ്താദ് എന്ന ഓള്‍ ഇന്‍ വണ്‍ തയ്യാര്‍. 

കീരന്റെ മീന്‍ കരി 

എടക്കര മൂത്തേടം പൂളക്കപ്പാറ കോളനിയില്‍ അറനാടന്‍ ആദിവാസി വിഭാഗത്തിലെ കീരനും മക്കള്‍ മനോജും മഹേഷും ചൂണ്ടയിടുകയാണ്. തുണക്കാരന്‍ വന്നിട്ട് ഉള്‍ക്കാട്ടിലേക്ക് പോയി മീന്‍ പിടിക്കണം, അതു വരെയുള്ള ഇടവേള. രാവിലെ കിട്ടിയ മലഞ്ഞില്‍ കറിയാക്കി ഭാര്യ മാതി ഊണിനു വിളിക്കുന്നു. ഇഞ്ചിയും കറിവേപ്പിലയും കുരുമുളകും മുളക് - മഞ്ഞള്‍പ്പൊടികളും ചേര്‍ത്ത മീന്‍ കറി. കഴിച്ചിട്ടു പോകുവാന്‍ മാതി നിര്‍ബന്ധിക്കുന്നു.

keeran
കീരനും മക്കളും മത്സ്യബന്ധനത്തിനിടെ

മുളകും വേപ്പിലയും ഇഞ്ചിയും പച്ചമീനിനൊപ്പം വെന്ത മണം. വിശപ്പ് കെടുവാന്‍ തന്നെ അത് മതി. ചൂണ്ടയുമായി വനത്തിലേക്ക് പോകുന്നത് കീരന് നേരമ്പോക്കിനൊപ്പം രക്തത്തില്‍ അലിഞ്ഞ സാഹസികതയുമാണ്. കീരന്റെ വീടിനു മുന്നിലാണ് മാവോയിസ്റ്റ് സാന്നിധ്യം തേടി പൊലീസ് പോയത്,  ഇവിടം വരെയാണ് മാധ്യമങ്ങളെയും കടത്തിവിട്ടത്. കാട്ടാനയുടെ ചൂര് പരക്കുന്നു, ആന ഇതിലേ വന്ന് അതിലേ പോകും എന്ന് കീരന്‍ കൈ ചൂണ്ടി വഴികാണിക്കുന്നു. കാടിറങ്ങാന്‍ നേരമായെന്ന സൂചന കിട്ടിയപോലെ മഴക്കാടുകളോട് സലാം പറഞ്ഞു. 

ഇതാ, ചില  ഗ്രാമീണ   മീൻ വിഭവങ്ങൾ

പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച് ‌റോസ്റ്റ്

ചേരുവകള്‍
മുളക്‌പൊടി- 2 വലിയ സ്പൂണ്‍
മല്ലിപ്പൊടി- 3 വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ചെറിയ സ്പൂണ്‍
പച്ചക്കുരുമുളക്- 5 തണ്ട്
വെളുത്തുള്ളി- 2 
ഇഞ്ചി- 2 കഷ്ണം
ഉളളി- 10 
സവാള- 3
പച്ചമുളക്- 8
വേപ്പില-4 തണ്ട്
മല്ലിച്ചപ്പ്- 2
ഉപ്പ് പാകത്തിന്. 

കൊഞ്ചിന്റെ നീണ്ട നീലക്കാലിന്റെ കത്രിക പോലത്തെ അഗ്രം മുറിച്ച് ‌നീക്കി കാലുകള്‍ അടര്‍ത്തിയെടുത്ത് മാറ്റിവെയ്ക്കുക. തോടുകള്‍ അടര്‍ത്തി രണ്ട് ഈര്‍ക്കില്‍ കടത്തി ഉപ്പ്, മല്ലി, മുളക്, മഞ്ഞള്‍പ്പൊടികള്‍ ചേര്‍ത്ത വെള്ളത്തില്‍ ചെറുതൊയൊന്നു വേവിച്ചെടുക്കണം. തക്കാളി, ഉള്ളി, സവാള, പച്ചമുളക് എന്നിവ അരിഞ്ഞ് വഴറ്റണം. ഇഞ്ചി, പച്ചക്കുരുമുളക് എന്നിവ ചതച്ച് ‌പേസ്റ്റാക്കി വഴറ്റിയ മസാലയിലേക്ക് വേവിച്ച മീനിടുക. വേപ്പിലയും മല്ലിച്ചപ്പും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങുക. 
പാചകക്കുറിപ്പ്: ഇ. കമല, എടച്ചാല്‍, ചേലിയ, കോഴിക്കോട്

മൊളോശന്‍ ( ഇരിമീന്‍ മൊളോശന്‍ ) 

മണിയൂര്‍ പഞ്ചായത്തിലെ ചൊവ്വപ്പുഴയിലെ ഇരിമീന്‍ (കരിമീന്‍ ), ചിറ്റാന്‍, മാലാന്‍, വെള്ളച്ചെമ്മീന്‍, വെറ്റിക്കൊഞ്ചന്‍ എന്നിവയാണിവിടുത്തെ മീനുകള്‍. മാലിന്യങ്ങളില്ലാത്ത പുഴയില്‍ നിറയെ രുചിയുള്ള മത്സ്യങ്ങളാണ്. 

ചേരുവകള്‍
ഇരിമീന്‍- മുക്കാല്‍ കിലോ (ആറോ ഏഴോ)
ഉള്ളി- അരിഞ്ഞത് ഒന്നര കപ്പ്
തക്കാളി- അരിഞ്ഞത് ഒന്നര കപ്പ്
മുളക് പൊടി- മൂന്ന് വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ചെറിയ സ്പൂണ്‍
വാളന്‍ പുളി- നെല്ലിക്കാവലുപ്പത്തില്‍ 
(വെള്ളത്തില്‍ കുതിര്‍ത്തത്) 
ഉലുവ- ഒരു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി- രണ്ട് വലിയ സ്പൂണ്‍
സുര്‍ക്ക( വിനാഗിരി )- ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി- എട്ട് അല്ലി ( അരിഞ്ഞത് ) 
വെളിച്ചണ്ണ- അഞ്ച് വലിയ സ്പൂണ്‍

ഇരിമീന്‍ നന്നായി കഴുകി വൃത്തിയാക്കിയെടുക്കണം. മീനുകള്‍ മുറിക്കാതെ രണ്ടോ മൂന്നോ വരയിട്ടെടുക്കണം. അടുത്തതായി ഉള്ളിയും (എട്ട്) , മല്ലിപ്പൊടിയും
മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഒരു വലിയ സ്പൂണ്‍ വെള്ളത്തില്‍ അരച്ചെടുക്കണം. ഈ മിശ്രിതം മീനില്‍ നല്ല പോലെ തേച്ച് പിടിപ്പിക്കണം . അടുപ്പില്‍ ചൂടാക്കിയ മണ്‍ചട്ടിയിലേക്ക് ഒന്‍പത്​ സ്​പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഉലുവയും പിന്നീട് കറിവേപ്പിലയും വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കണം. ബാക്കി കറിവേപ്പിലയും തക്കാളിയും ചേര്‍ത്ത് ഇളക്കണം. ഒരു പാകം വരെ ഇളക്കിയ ശേഷം കുതിര്‍ത്ത് വെച്ച പുളിവെള്ളം ഒഴിക്കണം. നേരത്തെ മസാല തേച്ച് വെച്ച മീന്‍ ഇതിലേക്ക് ചേര്‍ത്ത് പത്ത് മിനുറ്റ് വേവിക്കണം. ചാറ് ഒന്നു മുറുകിയാല്‍ ഒരു സ്പൂണ്‍ സുര്‍ക്കയും ബാക്കി കറിവേപ്പിലയും ചേര്‍ത്ത് ചെറുതായി ഇളക്കാം. പത്തലിനും കള്ളപ്പത്തിനും കൂടെ കൂട്ടാന്‍ ഇതിലും മികച്ചൊരു കറിയില്ല. 
രുപാഷ ജീജു, നികര്‍ത്തില്‍, പാലയാട് നട, വടകര, കോഴിക്കോട് 

ചെമ്മീന്‍ തേങ്ങ അരച്ച കറി 

ചേരുവകള്‍
വലിയ ചെമ്മീന്‍- അര കിലോ 
മഞ്ഞള്‍ പൊടി- ഒരു ചെറിയ സ്പൂണ്‍
മുളകുപൊടി- രണ്ട് വലിയ സ്പൂണ്‍
തേങ്ങ- ഒന്ന് 
തക്കാളി- രണ്ട്
വാളന്‍പുളി- ഒരു ചെറിയ ഉണ്ട
പച്ചമുളക്- നാല് എണ്ണം
ഇഞ്ചി ചെറിയ കഷ്ണം 
ചെറിയ ഉള്ളി- നാല് എണ്ണം 
കറിവേപ്പില- ഒരു തണ്ട്
വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍

ചെമ്മീന്‍ വൃത്തിയാക്കി ഉള്ളിലുള്ള "കറുപ്പ്' നൂലു എടുത്തു കളഞ്ഞ് കഴുകിയെടുക്കണം. അതിനു ക്ഷേം ഒരു മണ്‍ചട്ടയില്‍ മഞ്ഞളും മുളകും ചേര്‍ത്ത് അരച്ച് തക്കാളിയും പച്ചമുളകും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് വേവിക്കണം. 
ചെമ്മീന്‍ വേവിച്ച ചട്ടിയിലേക്ക് വാളന്‍പുളി പിഴിഞ്ഞ് ഒഴിക്കുക. ചിരകിയ തേങ്ങ അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് അരകല്ലില്‍ വെണ്ണ പോലെ അരച്ചെടുക്കുക. 
അരച്ചെടുത്ത തേങ്ങ മീന്‍ കറിയിലേക്ക് ‌ചേര്‍ക്കുക. ഇതിലേക്ക് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പു ചേര്‍ത്ത്അടുപ്പില്‍ നിന്ന് ഇറക്കി വെക്കുക അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞു വെച്ച ചെറിയ ഉള്ളി , കറിവേപ്പില എന്നിവ വറുത്തിടുക. ഈ കറിയുടെ പ്രത്യേകത കല്ലില്‍ മഞ്ഞള്‍ ചേര്‍ത്ത് വെണ്ണ പോലെ അരച്ച് ഉരുട്ടിയെടുക്കുന്ന തേങ്ങ ചേര്‍ക്കുന്നതാണ്. വടകര , കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ ഈ രീതിയിലാണ് മീന്‍ കറിക്ക് തേങ്ങ അരക്കുന്നത്. 
ഉഷ കെ.പി, ഉദയാലയം, പയന്തോങ്ങ്, കല്ലാച്ചി.പി.ഒ, വടകര

സ്‌പെഷല്‍ മീന്‍ പത്തിരി

ചേരുവകള്‍
വാമീന്‍- 10 പീസ്
പുഴുങ്ങലരി- അരക്കിലോ
ചെറിയ ജീരകം- മൂന്ന് സ്പൂണ്‍
തേങ്ങ ചിരകിയത്- 1
ചെറിയ ഉള്ളി- 15 എണ്ണം
തക്കാളി- രണ്ട്
പച്ചമുളക്- മൂന്ന്
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി- നാല് അല്ലി
കറിവേപ്പില- ചെറുതായി അരിഞ്ഞത് നാല് സ്പൂണ്‍
മല്ലിയില- ചെറുതായി അരിഞ്ഞത് നാല് സ്പൂണ്‍
മഞ്ഞള്‍ പൊടി- രണ്ട് സ്പൂണ്‍
മുളക് പൊടി- ആറ് സ്പൂണ്‍
കുരുമുളക് പൊടി- മൂന്ന് സ്പൂണ്‍
ഗരംമസാല പൊടി- അര സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് അരച്ചത്- 10 സ്പൂണ്‍
കസൂരി മേത്തി( ഉലുവയില)- നാല് സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ, നെയ്യ്- ആവശ്യത്തിന്

ഫില്ലിങ്ങിന് വേണ്ടി, കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന വാമീന്‍ കഷണങ്ങള്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടി, നാല് സ്പൂണ്‍ മുളക് പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മാറ്റി വെക്കുക.

meen-pathiri

30 മിനിട്ടിന് ശേഷം ചെറുതീയില്‍ ഫ്രൈ ചെയ്‌തെടുക്കുക (പകുതി വെന്താല്‍ മതി). ചൂടാറിയതിനുശേഷം കൈ കൊണ്ട് മുള്ള് കളഞ്ഞ് മിന്‍സ് ‌ചെയ്‌തെടുക്കുക. ഫില്ലിങ്ങ് തയ്യാറാക്കുന്നതിന് വേണ്ടി ചട്ടി ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് ചിരകി വച്ച തേങ്ങയുടെ പകുതി ചേര്‍ത്ത്ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റി വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. 
ചട്ടി വീണ്ടും അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവച്ച ചെറിയ ഉള്ളിയുടെ പകുതി, തക്കാളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. 
ഇതിലേക്ക് ബാക്കി മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കുറച്ചു സമയം കൂടി വഴറ്റുക. മിന്‍സ് ചെയ്തു വച്ച മീന്‍, വറുത്തു വച്ച തേങ്ങ എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. എല്ലാം നന്നായി മിക്‌സ് ആയി മൂത്തു വരുമ്പോള്‍ ഗരം മസാല, കറിവേപ്പില, മല്ലിയില്ല എന്നിവ ചേര്‍ത്ത് ഇറക്കി വെക്കുക.

പത്തിരി തയ്യാറാക്കുന്നതിന് വേണ്ടി തലേ ദിവസം രാത്രി തിളച്ച വെള്ളത്തില്‍ കുതിര്‍ത്തു വച്ച പുഴുങ്ങലരി കഴുകി വൃത്തിയാക്കി ജീരകം, ബാക്കിയുള്ള തേങ്ങ, ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ ഗ്രൈന്‍ഡറില്‍ അരച്ചെടുക്കുക (ഇതിന് പകരം വറുത്ത അരിപ്പൊടി തിളച്ച വെള്ളത്തില്‍ കുഴച്ചും ഉപയോഗിക്കാം). ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച മല്ലിയില, കസൂരി മേത്തി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി വെക്കുക. ഓരോ ഉരുളയും വാഴയിലയില്‍ കൈവിരല്‍ കൊണ്ട് നൈസായി പത്തിരി പോലെ പരത്തിയെടുക്കുക. ഓരോ പത്തിരിയുടെ മുകളിലും ഫില്ലിംഗ് പരത്തി വെച്ച് അതിന് മുകളില്‍ വേറൊരു പത്തിരി (ഇല മാറ്റിയിട്ട്) വെച്ച് വീണ്ടും ഫില്ലിംഗ്‌സ് ഇട്ട് വേറൊരു പത്തിരി മുകളിലായി വെക്കുക. എല്ലാ അരികുകളും നന്നായി കൈ കൊണ്ട് അമര്‍ത്തി ഒരു സ്പൂണ്‍ കൊണ്ട് ഭംഗിയാക്കി എടുക്കാം. ഏറ്റവും അടിയിലുള്ള വാഴ ഇല മാറ്റാതെ ഒരു ഇഡലിപാത്രത്തില്‍ വെച്ച് ആവിയില്‍ 20 മിനിറ്റ് വേവിച്ചെടുക്കുക. 
ആസിഫ സഹീര്‍, "തണല്‍', മന്ദാരത്ത് മുക്ക്, കോട്ടാമ്പറമ്പ് പി.ഒ, കോഴിക്കോട് 

ചെമ്മീന്‍ കുത്തിപ്പൊരിച്ചത് (ചെമ്മീന്‍ വട)

ചേരുവകള്‍
ചെമ്മീന്‍ നന്നാക്കിയത് - അര കിലോ
സാവള മീഡിയം സൈസ് - രണ്ട്
പച്ചമുളക് - അഞ്ച്
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - നാല് അല്ലി
മല്ലിച്ചപ്പ് - ഒരു പിടി
കറിവേപ്പില്ല - രണ്ട് കതിര്‍
മുളക് പൊടി - ഒരു വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
പെരുഞ്ചീരകപ്പൊടി - അര ചെറിയ സ്പൂണ്‍
ഗരം മസാലപ്പൊടി - ഒരു നുള്ള്
കോണ്‍ ഫ്‌ലവര്‍ - ഒന്നര വലിയ സ്പൂണ്‍
ഉപ്പ് പാകത്തിന് 
വെളിച്ചെണ്ണ ഫ്രൈ ചെയ്യാന്‍ ആവശ്യമായത്.

chemmeen

വൃത്തിയാക്കിയ ചെമ്മീന്‍ ഗ്രൈന്ററില്‍ ചതച്ചെടുക്കുക. സവാള മുതല്‍ കറിവേപ്പില വരെയുള്ള ചേരുവകള്‍ നന്നായി കൊത്തിയരിഞ്ഞ ശേഷം പൊടികളുമായി എല്ലാം ചേര്‍ത്ത് കുഴയ്ക്കണം . ശേഷം ഇത് ചെമ്മീനുമായുംകലര്‍ത്തണം. എന്നിട്ട് കൈയില്‍ അല്‍പം വെളിച്ചെണ്ണ തടവി വടയുടെ രൂപത്തില്‍ പരത്തി വെക്കുക . ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്‌തെടുക്കുക.

ഷബ്‌നം ഷംസുദ്ദീന്‍, മുന്നീസ്, നല്ലളം ബസാര്‍, കോഴിക്കോട്

മുരു ഇറച്ചി ഫ്രൈ

muru fry

ഒരു ലിറ്റര്‍ മുരു (ലോലമായ മുരു ഇറച്ചി ലിറ്റര്‍ അളവിലാണ് വില്‍ക്കുന്നത്) നന്നായി കഴുകി വൃത്തിയാക്കിയത് വെള്ളം വാര്‍ത്തെടുക്കുക. വലിയ ഉള്ളി അരിഞ്ഞതും തക്കാളി ചെറുതാക്കിയതും ചേര്‍ത്ത് ചീനച്ചട്ടിയില്‍ വഴറ്റിയെടുക്കണം. ഇത് മണ്‍ ചട്ടിയിലേക്ക് പകര്‍ന്ന ശേഷം മുളക് - മല്ലി- മഞ്ഞള്‍പ്പൊടികള്‍ മുരുവിലേക്ക്‌ ചേര്‍ത്ത് നന്നായി ഇളക്കി ഉപ്പും ചേര്‍ത്ത് വേവിക്കണം, വെള്ളം ഒട്ടും ചേര്‍ക്കരുത്. വേവുമ്പോള്‍ ധാരാളം വെള്ളം പുറത്തേക്ക് വരും, ഇത് വറ്റും വരെ വേവിക്കുകയും തവി കൊണ്ട് ഇളക്കിക്കൊടുക്കുകയും വേണം. പാകമായ ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കണം. പാകമായി വരുമ്പോഴേക്കും വേപ്പിലയും തേങ്ങാക്കൊത്തുചേര്‍ക്കാം. 

ചേരുവകള്‍
സവാള - രണ്ട്
തക്കാളി - രണ്ട്
മുളക് പൊടി - ഒന്നര വലിയ സ്പൂണ്‍
മല്ലിപ്പൊടി - രണ്ട് വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍ 
തേങ്ങാക്കൊത്ത് - രണ്ട് പൂള് 
വെളുത്തുള്ളി, കുരുമുളക് പൊടി, ഇഞ്ചി എന്നിവ ആവശ്യക്കാര്‍ക്ക് ‌ചേര്‍ക്കാം. 
കറിവേപ്പില - രണ്ട് തണ്ട്
ഉപ്പ് പാകത്തിന്

അമ്പാളി പ്രസീത ബാബുരാജ്, ചെറിയ തിരുത്തി, കടലുണ്ടി 

അഞ്ച് മിനുട്ട്സ് പുഴമീന്‍ കറി

ചെറിയ പുഴമീൻ അരക്കിലോ
ഉള്ളി - 100 ഗ്രാം
കാന്താരിമുളക് - ആറ്
മുളക്‌പൊടി - അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ‌സ്പൂണ്‍
പുളി - ചെറിയ കഷ്ണം

puzhameen-curr

മീന്‍ നന്നായി കഴുകി വരഞ്ഞ് വെള്ളം വാർത്തു വെയ്ക്കുക. ചെറിയ ഉള്ളി, കാന്താരി എന്നിവ അരച്ചെടുക്കുക. കുറച്ച് വെള്ളത്തില്‍ ഈ അരപ്പ് മഞ്ഞള്‍‌പ്പൊടി, മുളകുപൊടി, ഉപ്പ് ‌ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ തിളപ്പിക്കുക. ശേഷം പുളിപിഴിഞ്ഞു ചേർക്കുക. തിളച്ച ശേഷം മീന്‍ ‌ചേർത്ത് ‌ചെറു തീയില്‍ വെള്ളം വറ്റുന്നതു വരെ വേവിക്കുക. വാങ്ങി വച്ച് പച്ച വെളിച്ചെണ്ണയും വേപ്പിലയും തൂവി ഉപയോഗിക്കാം.

ഹസീന ഇ.കെ, ഹസീന കോട്ടേജ്, പെരിന്തല്‍മണ്ണ

ഉണ്ടപുട്ട്

ചെമ്മീന്‍ - അരക്കിലോ
സവാള - മൂന്ന്
പച്ചമുളക് - നാല്
ഇഞ്ചി - ചതച്ചത് ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി - ചതച്ചത് ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
മുളക്‌പൊടി - അര സ്പൂണ്‍
മസാലപ്പൊടി - അര സ്പൂണ്‍
പൊന്നിയരി - അരക്കിലോ
തേങ്ങ - അരമുറി
പെരുംജീരകം - അരസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

ചെമ്മീന്‍ നന്നായി വൃത്തിയാക്കിയെടുക്കണം. അതില്‍ മുളകുപൊടി. മഞ്ഞള്‍പ്പൊടി, ഉപ്പ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം. ശേഷം പാനില്‍ എണ്ണ ഒഴിച്ച് ചെമ്മീന്‍ വറുത്തു കോരണം. അതേ പാനിലെ എണ്ണയില്‍ തന്നെ സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി വഴറ്റണം. അഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ പൊടികള്‍ ഇട്ട് മൂപ്പിക്കണം. ഇതിലേക്ക് വറുത്തെടുത്ത ചെമ്മീനും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം.

undaputt

പൊന്നിയരി നന്നായി കഴുകിയ ശേഷം തിളച്ച വെള്ളത്തില്‍ മൂന്ന് മണിക്കൂര്‍ കുതിരാന്‍ വെക്കണം. ഇതിലേക്ക് ഉള്ളി, ജീരകം, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് കട്ടിയായി അരച്ചെടുക്കണം. ഇത് ചെറിയ ഉരുളകളാക്കി അകത്ത് ചെമ്മീന്‍ മസാല നിറച്ച് പൊതിയണം. ഇടിയപ്പത്തട്ട് പോലുള്ള പാത്രത്തില്‍ വെച്ച് ആവിയിവല്‍ പത്ത് മിനിറ്റ് വേവിച്ചെടുക്കണം.

കനലില്‍ ചുട്ട മാലാന്‍ 

മാലാന്‍ - ഒരു കിലോ 
പിരിയന്‍ മുളക് - ആറ് 
കുരുമുളക് - ഒരു സ്പൂണ്‍
പച്ചമുളക് - നാല്
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - ഒരു കുടം
മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍
ഉപ്പ് പാകത്തിന്

chutta maalaan

ഉണങ്ങിയ വിറക് കത്തിച്ച് പെറുക്കി കത്തിച്ച് ആദ്യമേ കനലൊരുക്കണം. പിരിയന്‍ മുളകും കുരുമുളകും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞളും കല്ലുപ്പും അരച്ച് പുരട്ടിയ മാലാനുംമൊരശും മൂന്നു തവണ വാഴയിലയില്‍ പൊതിഞ്ഞ് നാരുകൊണ്ട് കെട്ടി കനലിലേക്ക് വെയ്ക്കും മുന്‍പായി നാല് തണ്ട് വേപ്പിലയും മുകഴില്‍ വെയ്ക്കണം. . പിന്നെ കനല്‍ മൂടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞൊന്നു മറിച്ചിടണം. അരമണിക്കൂര്‍ കൊണ്ട് മീന്‍ വെന്തിരിക്കും.

ലില്ലി തോമസ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സ്, ബീച്ച് റോഡ്, കോഴിക്കോട്.  

റസൽ ഷാഹുൽ

ഫോ​ട്ടോഗ്രാഫർ, മാധ്യമപ്രവർത്തകൻ. രുചിമീൻ സഞ്ചാരം എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.