Wednesday, 29 March 2023

റഷ്യൻ ആക്രമണം


Text Formatted

'സമാധാന'ത്തിന്റെ പഴയ നിയമങ്ങള്‍ പയറ്റുന്ന
​​​​​​​ 'സ്‌ട്രോങ്മാന്‍ പൊളിറ്റിക്‌സ്'

ശീതയുദ്ധാനന്തര യൂറോപ്യന്‍ സുരക്ഷാക്രമം പൊളിച്ചെഴുതുകയാണ് പുടിന് വേണ്ടത്. അതിന് പുടിന്‍ പാശ്ചാത്യരാജ്യങ്ങള്‍ എടുക്കാന്‍ തയ്യാറാകാത്ത റിസ്‌ക് എടുക്കുകയാണ്​. അതായത് ‘നാറ്റോ’യുടെ സെക്യൂരിറ്റി ആധിപത്യത്തിനെ റഷ്യ സൈനികമായി ചോദ്യം ചെയ്യുന്നു. ഇതിനെ എങ്ങനെ നേരിടും, റഷ്യയെ എങ്ങനെ യുക്രെയിനില്‍ തന്നെ തളച്ചിടും? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരിക്കും ശീതയുദ്ധാനന്തര സുരക്ഷാക്രമത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. അത്രയും പ്രധാനപ്പെട്ട ഒരു ചരിത്രനിമിഷമാണ് നമ്മളൊക്കെ ഇപ്പോള്‍ കാണുന്നത്​

Image Full Width
Image Caption
Photo : DSNS.GOV.UA, FB Page
Text Formatted

പുടിന്റെ പടയൊരുക്കം കണ്ട് ലോകം പൊതുവേ യുദ്ധഭീതി പങ്കുവെച്ചപ്പോള്‍ ചരിത്രകാരനും ദാര്‍ശനികനുമായ യുവാല്‍ നോവ ഹരാരി എഴുതി. ബ്രസീല്‍ ഉറൂഗ്വായെ കീഴ്‌പ്പെടുത്താത്തതും സ്‌പെയിന്‍ മൊറോക്കോയെ ആക്രമിക്കാത്തതും സൈനിക ശക്തി എന്ന ഒറ്റ പരാമീറ്റര്‍ വെച്ചു കൊണ്ടല്ല. മാനവ ചരിത്രത്തിലും സംസ്‌കാരത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ടെക്‌റ്റോണിക് ഷിഫ്റ്റ് ഉണ്ട്. അത് യുദ്ധത്തെ വളരെ പോസിറ്റീവ് ആയിക്കണ്ട മാനവ ഭൂതകാലത്തില്‍ നിന്നും സമാധാനത്തിന്റെ പൊതുജനാഭിലാഷത്തിലേക്കുള്ള പരിണാമത്തിന്റെ ഫലം കൂടിയാണ്. ഭരണകൂടങ്ങളും ജനങ്ങളും യുദ്ധം ആഗ്രഹിച്ചിരുന്ന കഴിഞ്ഞു പോയ കാലം. ഭരണകൂടങ്ങള്‍ ആര്‍ത്തി പിടിച്ചാലും അങ്ങനെ പാടില്ലെന്ന് ജനം പറയുന്ന പുതിയ കാലം. വൈക്കിംഗ് വീരന്മാരും റോമാ പ്രഭുക്കളും യുദ്ധത്തെ നിശ്ചയപൂര്‍വകമായി കണ്ടു. സാര്‍ഗണ്‍ ദ ഗ്രേറ്റും ബെനിറ്റോ മുസോളിനിയും മരിക്കാതെ എന്നും ഇരിക്കുമാറാകാനുള്ള ഉപായമായി ദിഗ്വിജയങ്ങളെ കണ്ടു. ഇത്തരം യുദ്ധങ്ങളെയും വിജയങ്ങളെയും ഹോമറും ഷേക്‌സ്പിയറും പാടിപ്പുകഴ്ത്തി.

അക്കാലമത്രയും, ഹരാരി പറയുന്നു: Peace എന്നാല്‍ "the temporary absence of war' എന്നായിരുന്നു. അതായത് 1913 ല്‍ ഫ്രാന്‍സിനും ജര്‍മനിക്കുമിടയില്‍ സമാധാനം എന്നു പറഞ്ഞാല്‍, എപ്പോഴും യുദ്ധത്തിലേക്കു തിരിയാവുന്ന ഒരു ബ്രേക്ക്. ഇന്ന് സമാധാനത്തിന് ഹരാരി നല്‍കുന്നത് "the implausibility of war' എന്ന വ്യാഖ്യാനമാണ്. മേല്‍പ്പറഞ്ഞ വീരന്മാരുടെയും പ്രഭുക്കളുടെയും ബഡ്ജറ്റില്‍ മിലിറ്ററിക്കു വേണ്ടിയുള്ള നീക്കിയിരുപ്പായിരുന്നു അധികവും. ഇന്ന് ലോക രാജ്യങ്ങളുടെ ശരാശരി മിലിറ്ററി വകയിലെ ഉള്‍പ്പെടുത്തല്‍ ബജറ്റിന്റെ 6.5 % മാത്രമായതുകൊണ്ടുതന്നെ "പുതിയ സമാധാനം' ഒരു ഹിപ്പി ഫാന്റസിയല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഹരാരി റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തിന് രണ്ടാഴ്ച മുമ്പെഴുതിയ ലേഖനത്തില്‍ വാദിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെയുള്ള വകകളില്‍ ചെലവ് ചെയ്യാന്‍ ലോകരാജ്യങ്ങള്‍ പൊതുവേ ഉഷാറ് കാണിക്കുന്നത് കൊണ്ടു തന്നെ സമാധാനത്തിന് വല്ലാത്തൊരു പ്രസക്തി കൈവരുന്നതായി ഹരാരിക്ക് തോന്നിക്കാണണം.

മാത്രവുമല്ല, ഒന്നാം ലോകയുദ്ധത്തോടെ അവസാനിച്ച സാറിസ്റ്റ് ഭീകരത, നാസി അധിനിവേശം, സ്റ്റാലിനിസ്റ്റ് ഭീകരത, ഹോളോഡോമര്‍ എന്നറിയപ്പെട്ട കൊടും ക്ഷാമം എന്നിങ്ങനെ കരാളമായ പോയ കാലത്തെ അതിജീവിച്ച് 1991 ല്‍ ശരിക്കും സ്വാതന്ത്ര്യത്തിലേക്ക് നടന്ന യുക്രേനിയന്‍ ജനത ഇളം ജനാധിപത്യത്തിന്റെ മധുരം അറിഞ്ഞു തുടങ്ങുന്നേയുള്ളൂ. റഷ്യ പോലെയോ ബലറൂസ് പോലെയോ അല്ല, തുടര്‍ഭരണമനുവദിക്കാതെ പ്രതിപക്ഷത്തെ മാറ്റി മാറ്റി അധികാരത്തിലെത്തിച്ചവര്‍, 2004ലും 2013ലും ഏകാധിപത്യത്തിന്റെ നിഴല്‍ ഭരണത്തില്‍ പതിഞ്ഞപ്പോള്‍ സ്വാതന്ത്ര്യം ജീവവായു ആണെന്നും അതറിഞ്ഞു തുടങ്ങിയിട്ട് അധികകാലമായില്ലെന്നും പറഞ്ഞ് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയവരാണവര്‍. പുതിയ രണ്ടു കാര്യങ്ങള്‍, ലോകം ആഗ്രഹിക്കുന്ന "പുതിയ സമാധാനം' യുക്രെയ്ന്‍ ജീവിക്കുന്ന "പുതിയ ജനാധിപത്യം' ഇവ നിലനില്‍ക്കാനായി ഒരു യുദ്ധം ഉണ്ടാവുകയില്ലെന്ന് ഹരാരി സമാധാനിച്ചു.

പക്ഷേ, ഭരണകൂടങ്ങളുടെ ഭാവനകള്‍ ചരിത്രത്തിന്റെ പാഠങ്ങളെ തിരുത്താനുള്ള ദാര്‍ശനിക നിരൂപണങ്ങളല്ലെന്ന് വ്‌ളാഡിമിര്‍ പുടിന്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു. അതിരുകള്‍ വിസ്തൃതമാക്കപ്പെടാനുള്ളതാണെന്ന പഴയ ഭരണകൂട ശാസനകള്‍ ഒന്നു കൂടെ വായിച്ച് പുടിന്‍ യുക്രെയ്‌നിനെ ആക്രമിച്ചു. ഏകാധിപതികളും അവരുടെ ഭരണകൂടങ്ങളും സമാധാനത്തിന്റെ പഴയ നിയമങ്ങളില്‍ തന്നെയാണ് വിശ്വസിക്കുന്നത്.

കമൽറാം സജീവ്​: സോവിയറ്റ് യൂണിയന്‍ ഇല്ലാതായതിനുശേഷം 1994 ല്‍ യുക്രെയിനിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന ഉടമ്പടിയില്‍ റഷ്യ ഒപ്പുവെക്കുന്നുണ്ട്. എന്നാല്‍ 2021 ജൂണില്‍ എഴുതിയ ലേഖനത്തില്‍ രണ്ടു രാജ്യങ്ങളും one nation ആണെന്ന് പുടിന്‍ സംശയമില്ലാതെ സമര്‍ത്ഥിക്കുന്നുണ്ട്. ആധുനിക യുക്രെയ്ന്‍ സോവിയറ്റ് യൂണിയന്റെ നിര്‍മിതി ആണെന്നും 1991 ഡിസംബറില്‍ സോവിയറ്റ് യൂണിയന്‍ എന്ന സങ്കല്‍പം തന്നെ ഇല്ലതായതോടെ ചരിത്രത്തിലെ റഷ്യയുടെ ശിഥിലീകരണം നടന്നതായും പുടിന്‍ വിശ്വസിക്കുന്നു. യുക്രെയ്ന്‍ ആക്രമണം ഒരു റഷ്യന്‍ മഹാരാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെ തുടക്കമായി വ്യാഖ്യാനിക്കാന്‍ കഴിയുമോ?

സ്​റ്റാൻലി ജോണി: കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ പുടിന്‍ അദ്ദേഹത്തിന്റെ ലോകവീക്ഷണം പറയുന്നുണ്ട്. അത് കേട്ടുകഴിഞ്ഞാല്‍ മനസ്സിലാകും അദ്ദേഹത്തിന്റെ പ്രധാന പ്രശ്നം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണമാണ് എന്ന്​. അതായത്, സോവിയറ്റ് യൂണിയന്‍ എന്ന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം തകര്‍ന്നു എന്നതല്ല പുടിന്റെ പ്രശ്നം. നേരെ തിരിച്ച് സോവിയറ്റ് യൂണിയന്‍ എന്ന ഒരു ജിയോ പൊളിറ്റിക്കല്‍ എൻറിറ്റി ഇല്ലാതായതാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ റഷ്യയില്‍ നിന്ന്​ അതിന്റെ ഭൂപ്രദേശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടു എന്നാണ് പറയുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ടും എന്താണ് ഉദ്ദേശിക്കുന്നതെന്ന് അതില്‍ വ്യക്തമാക്കുന്നുണ്ട്. അത് മുന്‍പും പുടിന്‍ പറഞ്ഞിട്ടുണ്ട്. സോവിയറ്റ് ശിഥിലീകരണമാണ് ഇതുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ ദുരന്തമെന്ന് മുന്‍പ് പുടിന്‍ പറഞ്ഞിട്ടുണ്ട്.

സെൻറ്​ പീറ്റേഴ്സ്ബര്‍ഗ് മുതല്‍ വോള്‍ഗോ ഗ്രാഡ് വരെയുള്ള റഷ്യന്‍ മെയിന്‍ലാന്‍ഡിനെ സംരക്ഷിക്കാൻ ചരിത്രപരമായി ഉണ്ടായിരുന്ന ഒരു റിംലാന്‍ഡാണ് സോവിയറ്റ് യൂണിയന്റെ പതനത്തോടെ നഷ്ടപ്പെട്ടത്. ഈ നഷ്ടപ്രദേശത്ത് വീണ്ടും റഷ്യയുടെ സ്വാധീനം പുനഃസ്ഥാപിക്കുക എന്നതാണ് പുടിന്റെ ലക്ഷ്യം

പുടിനെ ഒരു തന്ത്രജ്ഞന്‍ എന്ന രീതിയില്‍ നോക്കിയാല്‍, സോവിയറ്റ് യൂണിയന്റെ പതനത്തെ റഷ്യയുടെ ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നായിട്ടാണ് അദ്ദേഹം കാണുന്നത്. നോര്‍ത്ത്​ ഈസ്​റ്റേൺ യൂറോപ്പില്‍ നിന്ന് സെന്‍ട്രല്‍ ഏഷ്യ (ഇന്നത്തെ സെന്‍ട്രല്‍ ഏഷ്യന്‍ റിപ്പബ്ലിക്കുകള്‍ ഉള്‍പ്പെടെ) വരെയും അതേസമയം ആര്‍ട്ടിക് ഓഷ്യന്‍ മുതല്‍ താഴെ ബ്ലാക്ക് സീ, ബാള്‍ട്ടിക് സീ പ്രദേശങ്ങളുള്‍പ്പെടുന്ന ഒരു വലിയ ഹിസ്റ്റോറിക്കല്‍ റഷ്യ എന്നുപറയുന്ന ഒരു പൊളിറ്റിക്കല്‍ എന്റിറ്റിയില്‍ നിന്ന് അതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളും സോവിയറ്റ് യൂണിയന്റെ പതനത്തോടെ നഷ്ടപ്പെട്ടു എന്നതാണ് ഇന്നത്തെ റഷ്യന്‍ നാഷണലിസ്റ്റുകള്‍ പറയുന്നത്. അതിനെ ഒരു വലിയ സെക്യൂരിറ്റി വീഴ്ചയായിട്ടാണ് അവര്‍ കാണുന്നത്. പ്രത്യേകിച്ചും റഷ്യയുടെ വിദേശനയം നോക്കിക്കഴിഞ്ഞാല്‍ ഈയൊരു ഇന്‍സെക്യൂരിറ്റി റഷ്യക്ക് എല്ലാ കാലത്തുമുണ്ട്.

media
റഷ്യന്‍ യുദ്ധത്തെക്കുറിച്ചുള്ള വിവിധ പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. 'പാശ്ചാത്യ മാധ്യമങ്ങള്‍ നരേന്ദ്രമോദിയേയും, എര്‍ദ്വാനേയും, പുടിനേയും ഒരേ രീതിയിലാണ് കാണുക. അവരെ സംബന്ധിച്ച് പുടിന്‍ എന്നാല്‍ ക്രെംലിനില്‍ ഇരുന്ന് അമേരിക്കന്‍ നിയന്ത്രിത ലോകത്തെ വെല്ലുവിളിക്കുന്ന ദുഷ്ടശക്തിയാണ്. അതും ഒരു തരം പ്രൊപഗാന്‍ഡയാണ്.'

കാതറിന്‍ ദി ഗ്രേറ്റ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, എന്റെ അതിരുകള്‍ സംരക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗം അവയെ വിസ്തൃതമാക്കുകയാണ്​​ എന്ന്​. അതിന്റെ കാരണം, ഇപ്പോള്‍ റഷ്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ഒരു തുറന്ന ഭൂപ്രദേശമാണ്. പ്രകൃതിദത്ത തടസ്സങ്ങളൊന്നും തന്നെയില്ല. അവിടെ പര്‍വതങ്ങളില്ല, കടലിടുക്കുകളില്ല. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നാണ് റഷ്യ എല്ലാകാലത്തും ഏറ്റവും വലിയ ആക്രമണം നേരിട്ടിട്ടുള്ളത്. അമേരിക്ക ലോകത്തെ ഏറ്റവും വലിയ രണ്ട് സമുദ്രങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന രാജ്യമാണ്- പസിഫിക് സമുദ്രവും അറ്റ്​ലാൻറിക്​ സമുദ്രവും. റഷ്യ അങ്ങനെയല്ല. റഷ്യക്ക് ഒരു ഭാഗത്ത് ആര്‍ട്ടിക് അതിരാണ്, മഞ്ഞുറഞ്ഞ ആ പ്രദേശം വര്‍ഷത്തില്‍ മിക്കവാറും അപ്രാപ്യമാണ്. മറുഭാഗത്ത് റഷ്യയുടെ പുറംലോകത്തേയ്ക്കുള്ള വാതില്‍, വിദൂര കിഴക്കന്‍ അതിരിലെ പസിഫിക് തീരമാണ്. ബ്ലാക്ക് സീയാണ് ബാക്കിയുള്ളത്. മറിച്ച് റഷ്യയുടെ പടിഞ്ഞാറന്‍ അതിര്​ യൂറോപ്പിലേയ്ക്ക് തുറന്നുകിടക്കുന്ന സമതലപ്രദേശമാണ്. അവിടെ നിന്നാണ് റഷ്യ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിലും ഏറ്റവും വലിയ ആക്രമണങ്ങള്‍ നേരിട്ടത്. 19-ാം നൂറ്റാണ്ടില്‍ നെപ്പോളിയന്റെ ഫ്രാന്‍സും 20-ാം നൂറ്റാണ്ടില്‍ ഹിറ്റ്​ലറുടെ നാസി പടയും. നെപ്പോളിയനെയും നാസികളെയും റഷ്യ തോല്‍പ്പിച്ചു. പക്ഷെ കടുത്ത വിലയാണ് റഷ്യക്ക് അതിന് കൊടുക്കേണ്ടിവന്നത്, അത് മെറ്റീരിയല്‍ കോസ്റ്റായാലും ഹ്യൂമന്‍ കോസ്റ്റായാലും. ഈ ആക്രമണങ്ങളും അതേത്തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയുമാണ് റഷ്യയുടെ പൊതുവെയുള്ള സുരക്ഷാനയങ്ങളെ നിര്‍ണയിച്ചിട്ടുള്ളത്.

സോവിയറ്റ് യൂണിയന്റെ കാലത്ത് ബാള്‍ട്ടിക് സ്റ്റേറ്റുകള്‍ എന്നുപറയുന്ന ലാത്വിയ, ഈസ്റ്റോണിയ, ലിത്വാനിയ, ബലറൂസ്, ബ്ലാക് സീ ഭാഗത്ത് ജോര്‍ജിയ, യുക്രെയ്ന്‍ എന്നിവയുള്‍പ്പെട്ട ബഫറാണ് റഷ്യ മെയിന്‍ലാന്‍ഡിനെ സംരക്ഷിച്ചിരുന്നത്. മെയിന്‍ലാന്‍ഡ് എന്ന് പറയുന്നത് സെൻറ്​ പീറ്റേഴ്സ്ബര്‍ഗ് മുതല്‍ വോള്‍ഗോ ഗ്രാഡ് (സ്റ്റാലിന്‍ഗ്രാഡ്) വരെയുള്ളതാണ്. വോള്‍ഗോ ഗ്രാഡിലേയ്ക്കാണ് യുക്രെയിനില്‍ നിന്ന് നാസികള്‍ 1940കളില്‍ ചെന്നത്. സെൻറ്​ പീറ്റേഴ്സ്ബര്‍ഗ് മുതല്‍ വോള്‍ഗോ ഗ്രാഡ് വരെയുള്ള റഷ്യന്‍ മെയിന്‍ലാന്‍ഡിനെ സംരക്ഷിക്കാൻ ചരിത്രപരമായി ഉണ്ടായിരുന്ന ഒരു റിംലാന്‍ഡാണ് സോവിയറ്റ് യൂണിയന്റെ പതനത്തോടെ നഷ്ടപ്പെട്ടത്. ഈ നഷ്ടപ്രദേശത്ത് വീണ്ടും റഷ്യയുടെ സ്വാധീനം പുനഃസ്ഥാപിക്കുക എന്നതാണ് പുടിന്റെ ലക്ഷ്യം. അതാണ് പുടിന്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

map
ഭൂമിയില്‍ യു.എസ്.എസ്.ആര്‍. സോവിയറ്റ് യൂണിയന്‍ എന്ന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം തകര്‍ന്നു എന്നതല്ല പുടിന്റെ പ്രശ്നം. നേരെ തിരിച്ച് സോവിയറ്റ് യൂണിയന്‍ എന്ന ഒരു ജിയോ പൊളിറ്റിക്കല്‍ എൻറിറ്റി ഇല്ലാതായതാണ്. / Photo: Wikimedia Commons

സോവിയറ്റ് മാതൃകയില്‍ വീണ്ടും ഈ രാജ്യങ്ങളെയെല്ലാം റഷ്യയുടെ ഭാഗമാക്കിമാറ്റുക, എന്നിട്ടൊരു വലിയ രാഷ്ട്രം നിര്‍മിക്കുക എന്നതിനേക്കാളേറെ ഈ രാജ്യങ്ങളിലെല്ലാം റഷ്യന്‍ അനുകൂല ഭരണകൂടങ്ങള്‍ കൊണ്ടുവരിക, എന്നിട്ട് ഇവരുടെ വിദേശനയത്തിലും സുരക്ഷാനയങ്ങളിലും മോസ്‌കോക്ക്​ വലിയ നിയന്ത്രണമുണ്ടാവുക എന്നതാണ് പുടിന്റെ പ്രധാന ലക്ഷ്യം. അത് ഇന്ന് ലോകത്ത് നിലവിലുള്ള കാര്യങ്ങളാണല്ലോ. ഉദാഹരണത്തിന് കാനഡയുടെ വിദേശ നയങ്ങളില്‍ അമേരിക്കക്ക് വലിയ സ്വാധീനമാണുള്ളത്. അമേരിക്കയുടെ അടിസ്ഥാന വിദേശനയങ്ങള്‍ക്കു വിരുദ്ധമായ നിലപാടെടുക്കാന്‍ മെക്സിക്കോക്ക് കഴിയുമോ? യുണൈറ്റഡ് സ്റ്റേറ്റ്സ് അവരുടെ സ്വാധീന മേഖലയില്‍ (sphere of influence) മറ്റുള്ളവരുടെ ഇടപെടല്‍ സമ്മതിക്കില്ല. റഷ്യയും ഒരു വന്‍ശക്തിയാണ്. റഷ്യയുടെ റിംലാന്‍ഡ്, അതിന്റെ സ്പിയര്‍ ഓഫ് ഇന്‍ഫ്ളുവന്‍സ് പുനഃസ്ഥാപിക്കുക എന്നതാണ് പുടിന്റെ പ്രധാന ലക്ഷ്യം. പക്ഷെ അതിനെ പാശ്ചാത്യരാജ്യങ്ങളും റഷ്യയുടെ എതിരാളികളും അംഗീകരിക്കുന്നില്ല. അതിന്റെ ഭാഗമായാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്. അമേരിക്കയും റഷ്യയും തമ്മിലുള്ള ഈ വന്‍ശക്തി പോരിന്റെ നടുക്ക് പെട്ടുപോയി എന്നതാണ് യുക്രെയ്ന്റെ ദുരന്തം.

പ്രായോഗികമായി റഷ്യക്ക് വേണ്ട ഒന്നാമത്തെ കാര്യം യുക്രെയ്ന്‍ ‘നാറ്റോ’യില്‍ ചേരാന്‍ പാടില്ല എന്നതാണ്. അതില്‍ റഷ്യ വിജയിച്ചുകഴിഞ്ഞുവെന്നാണ് എനിയ്ക്ക് തോന്നുന്നത്. കാരണം യുക്രെയിന് ഇനി സമീപഭാവിയിലൊന്നും ‘നാറ്റോ’യില്‍ ചേരാന്‍ പറ്റില്ല.

ആക്രമണത്തിനുമുമ്പ്​ നടത്തിയ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തില്‍ ‘ഡോണറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കി'നെയും ‘ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കി' നെയും സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളായി അംഗീകരിക്കുകയാണ് റഷ്യ ചെയ്തത്. ഉടനെ ഇവ സ്യൂഡോ സ്റ്റേറ്റുകളാണെന്ന പാശ്ചാത്യ നിലപാടും വന്നു കഴിഞ്ഞു. യു.എന്‍. ആവട്ടെ ഈ പ്രദേശങ്ങളിലേക്ക് റഷ്യ അയക്കുന്ന സേനയെ പീസ് കീപ്പിംഗ് ഫോഴ്‌സ് ആയി പരിഗണിക്കുകയില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു പക്ഷേ, ഈ പ്രദേശങ്ങളെ വരുതിയിലാക്കിയാല്‍ തല്‍ക്കാലത്തേക്ക് തീരുന്നതാകുമോ ഇപ്പോഴത്തെ സൈനിക നീക്കങ്ങള്‍? യുക്രെയ്ന്‍ കീഴ്‌പ്പെടുത്തുക എന്ന ദീര്‍ഘദൂര ലക്ഷ്യം റഷ്യ തല്‍ക്കാലത്തേക്ക് മാറ്റിവെക്കുമോ?

കിഴക്കന്‍ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചതു കൊണ്ട് ഈ പ്രശ്നം തീരുന്നില്ല. അവസാനിക്കാത്ത പ്രതിസന്ധിയാണിത്. 2014-ല്‍ യൂറോ മൈദാന്‍ പ്രതിഷേധത്തിനുശേഷം യുക്രെയിനിലെ വിക്ടര്‍ യാനുകോവിച്ചിന്റെ സര്‍ക്കാര്‍ വീണതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ആരംഭിക്കുന്നത്. റഷ്യന്‍ അനുകൂല സര്‍ക്കാരായിരുന്നു യാനുകോവിച്ചിന്റേത്. ആ സര്‍ക്കാര്‍ വീണതിനുശേഷം അവിടെ യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുതിയ സര്‍ക്കാര്‍ വന്നത്. അതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ കിഴക്കന്‍ യുക്രെയിനിലെ സംഘര്‍ഷവും റഷ്യയുടെ ക്രൈമിയന്‍ അനക്സേഷനും നടക്കുന്നത്. റഷ്യ 2014-ല്‍ ക്രൈമിയയെ കൂട്ടിച്ചേര്‍ത്തശേഷവും ഈ പ്രശ്നം തീര്‍ന്നില്ലല്ലോ. പ്രായോഗികമായി റഷ്യക്ക് വേണ്ട ഒന്നാമത്തെ കാര്യം യുക്രെയ്ന്‍ ‘നാറ്റോ’യില്‍ ചേരാന്‍ പാടില്ല എന്നതാണ്. അതില്‍ റഷ്യ വിജയിച്ചുകഴിഞ്ഞുവെന്നാണ് എനിയ്ക്ക് തോന്നുന്നത്. കാരണം യുക്രെയിന് ഇനി സമീപഭാവിയിലൊന്നും ‘നാറ്റോ’യില്‍ ചേരാന്‍ പറ്റില്ല. അത് ‘നാറ്റോ’ അംഗങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് കീവില്‍ വെച്ചുതന്നെ പറഞ്ഞിട്ടുണ്ട്, യുക്രെയ്ന്‍ ‘നാറ്റോ’യില്‍ ചേരുകയെന്നത് അജണ്ടയിലില്ലെന്ന്. യുക്രെയ്ന്‍ പ്രസിഡൻറ്​ വ്ളാഡിമിര്‍ സൊളെന്‍സ്‌കി പറയുന്നുണ്ട്, ‘നാറ്റോ’യില്‍ ചേരാനുള്ള യുക്രെയിന്റെ ശ്രമം മുടങ്ങിയെന്ന് (Ukraine's bid to join NATO has been Stalled).

maidan
യൂറോമൈദാന്‍ പ്രക്ഷോഭകര്‍ കീവ് പിടിച്ചടക്കിയപ്പോള്‍ (2014). അന്ന് വിക്ടര്‍ യാനുകോവിച്ചിന്റെ കീഴിലുള്ള റഷ്യന്‍ അനുകൂല സര്‍ക്കാര്‍ വീണതോടെയാണ് യുക്രെയ്‌നില്‍ ഇപ്പോഴത്തെ പ്രതിസന്ധി ആരംഭിക്കുന്നത്. / Photo: Wikimedia Commons

രണ്ടാമത്, റഷ്യക്കുവേണ്ടത് യുക്രെയ്ന്‍ ‘നാറ്റോ’യുടെ ഭാഗമാകില്ലെങ്കില്‍ തന്നെയും പടിഞ്ഞാറന്‍ രാജ്യങ്ങളുമായിട്ടുള്ള യുക്രെയിന്റെ സൈനിക- രാഷ്ട്രീയ സഹകരണം അവസാനിപ്പിക്കുക എന്നതാണ്. യുക്രെയിനില്‍ ഒരു റഷ്യന്‍ അനുകൂല സര്‍ക്കാര്‍ വേണമെന്നതാണ് ആത്യന്തിക ലക്ഷ്യം. അതായത്, ഒരു ഭരണമാറ്റം അവിടെയുണ്ടാകണം. അതിന് ഒന്നുകില്‍ റഷ്യ കീവിലേയ്ക്ക് സൈന്യത്തെ അയച്ച് ഭരണകൂടത്തെ അട്ടിമറിച്ച് റഷ്യന്‍ അനുകൂല സര്‍ക്കാര്‍ സ്ഥാപിക്കണം. 2003-ല്‍ അമേരിക്ക ഇറാഖില്‍ ചെയ്തതുപോലെ. അല്ലെങ്കില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തി ഒരു മാറ്റം കൊണ്ടുവരണം. ഇതില്‍ ആദ്യത്തെ മാര്‍ഗമാണ്​ പുടിന്‍ തെരഞ്ഞെടുത്തത് എന്നാണു യുദ്ധപ്രഖ്യാപനം കാണിക്കുന്നത്.

2014-ല്‍ ക്രൈമിയയെ കൂട്ടിച്ചേര്‍ത്തു. ക്രൈമിയ എന്നുപറയുന്നത് യുക്രെയിന്റെ ഒരു ബ്ലാക്സീ ഉപദ്വീപാണ്. അത് ഏറെ തന്ത്രപ്രധാനമായ പ്രദേശവുമാണ്. റഷ്യയുടെ ബ്ലാക്ക് സീ ഫ്ളീറ്റും ക്രൈമിയയിലാണ്. ക്രൈമിയയെ കൂട്ടിച്ചേര്‍ത്തതുവഴി റഷ്യക്ക് ബ്ലാക്ക് സീയിലെ താത്പര്യം നിലനിര്‍ത്താന്‍ സാധിച്ചു. അതേപോലെ ക്രൈമിയയിലെ ഭൂരിപക്ഷം ആളുകളും റഷ്യന്‍ സംസാരിക്കുന്നവരാണ്. റഷ്യന്‍ സംസാരിക്കുന്ന ആളുകള്‍ ഭൂരിപക്ഷമുള്ള രണ്ട് പ്രദേശങ്ങളാണ് ഡൊണെട്സ്‌കും ലുഹാന്‍സ്‌കും. ഇപ്പോള്‍ റഷ്യന്‍ അനുകൂല വിമതര്‍ നിയന്ത്രിക്കുന്നത് ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് ഒബ്ലാസ്റ്റുകളുടെ പകുതിയോളം പ്രദേശങ്ങളാണ്. നേരെ തിരിച്ച് അവരുടെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകള്‍ക്ക് മൊത്തം പ്രദേശങ്ങളുടെമേല്‍ അവകാശവാദമുണ്ട്. അതായത്, ഡൊണെട്സ്‌ക് റിപ്പബ്ലിക്ക് എന്നുപറയുന്നതിന് മൊത്തം ഡൊണെട്സ്‌ക് ഒബ്ലാസ്റ്റില്‍ അവകാശമുണ്ട്. ലുഹാന്‍സ്‌കിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇവയെ സ്വതന്ത്രരാഷ്ട്രങ്ങളായി അംഗീകരിച്ചതുവഴി ഈ രണ്ട് ഒബ്ലാസ്റ്റുകളും സ്വതന്ത്രമാണെന്നാണ് റഷ്യയുടെ വ്യാഖ്യാനം. അതിന്റെ ഭാഗമായി പുടിന്‍ ഈ രണ്ട് റിപ്പബ്ലിക്കുകളുമായി സൈനിക ഉടമ്പടി മുന്നോട്ടുവെക്കുകയും റഷ്യന്‍ പാര്‍ലമെൻറ്​ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടുത്ത പടിയായിട്ടാണ്​ പുടിൻ കിഴക്കന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയക്കുന്നത്. ഇതിന്റെ പ്രായോഗികമായ അടുത്തപടിയെന്ന് പറയുന്നത് കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയാണ്.

അടിസ്ഥാനപരമായി ഇപ്പോഴത്തെ യുക്രെയിന്‍ പ്രതിസന്ധിയുടെ സ്ട്രക്ചറല്‍ റീസണ്‍ എന്താണ്? അത് നോക്കിക്കഴിഞ്ഞാല്‍ നമുക്ക് മനസ്സിലാകും, ഇതിന്റെ അടിസ്ഥാനപരമായ പ്രശ്നം ‘നാറ്റോ’യുടെ വിപുലീകരണമാണ്. പുടിന്‍ അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്.

2015-ലാണ് അവിടെ മിന്‍സ്‌ക കരാറിന്റെ ഭാഗമായി വെടിനിര്‍ത്തല്‍ വരുന്നത്. മിന്‍സ്‌ക് കരാര്‍ പറയുന്നത് യുക്രെയിനിലെ ഡോണ്‍ബാസ് പ്രശ്നം (ഡൊണെട്സ്‌കും ലുഹാന്‍സ്‌കും ചേര്‍ന്ന മൊത്തം പ്രദേശമാണ് ഡോണ്‍ബാസ്) ആഭ്യന്തരമായി പരിഹരിക്കുന്നതിനുള്ളതാണ്. യുക്രെയിനിലെ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി നടത്തണമെന്നും ഡോണ്‍ബാസ് പ്രദേശത്തിന് സ്വയംഭരണം കൊടുക്കണമെന്നും പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നുമൊക്കെയാണ് മിന്‍സ്‌ക് കരാര്‍ പറയുന്നത്. അത് നടപ്പാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് മിന്‍സ് കരാര്‍ മരവിച്ച നിലയിലായിരുന്നു. മിന്‍സ്‌ക് കരാറിന്റെ ആത്യന്തികലക്ഷ്യം ഡോണ്‍ബാസിലെ പ്രതിസന്ധി പരിഹരിക്കുക എന്നതാണ്. പക്ഷെ ആ പ്രതിസന്ധി ഇനി നയതന്ത്രപരമായി പരിഹരിക്കാന്‍ പറ്റില്ല. കാരണം, യുദ്ധം ആരംഭിച്ചു കഴിഞ്ഞു. രണ്ട് പ്രദേശങ്ങളെയും റഷ്യ റിപ്പബ്ലിക്കുകളായി അംഗീകരിച്ചുകഴിഞ്ഞു. ഇതൊരു ശാശ്വത പ്രതിസന്ധിയാണ്.

മേഖലയിലെ ‘നാറ്റോ’യുടെ അംഗബലത്തിലുള്ള വ്യാപനം ഒറ്റനോട്ടത്തില്‍ തന്നെ റഷ്യയുടെ ആശങ്കകള്‍ ശരിയെന്നു തോന്നിപ്പിക്കും. മുപ്പതംഗ ‘നാറ്റോ’യില്‍ 1997 നു ശേഷം ചേര്‍ന്ന 14 അംഗങ്ങളും റഷ്യക്ക് ഭീഷണിയാവാന്‍ തക്കവിധം റഷ്യന്‍ - ബലറൂസ്- ഉക്രെയ്ന്‍ അതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്നവരാണ്. ‘നാറ്റോ’ വികസനത്തെ പ്രതിരോധിക്കാനുള്ള ഉറച്ച തീരുമാനമായി പുടിന്റെ രാഷ്ടീയത്തെ വായിക്കുന്നതില്‍ തെറ്റുണ്ടോ?

ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഓരോ പ്രതിസന്ധികളും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, ഏറ്റവും കാതലായ ചോദ്യം നിങ്ങള്‍ ഏത് വീക്ഷണത്തിലാണ് അതിനെ നോക്കിക്കാണുന്നത് എന്നതാണ്. ഐ.ആറിലെ രണ്ട് പ്രധാന സൈദ്ധാന്തിക ചട്ടക്കൂടുകള്‍ ലിബറലിസവും റിയലിസവുമാണ്. ഇതേ ചോദ്യം യുക്രെയിന്റെ കാര്യത്തിലും ബാധകമാണ്. നിങ്ങളൊരു ലിബറല്‍ ഇന്റര്‍നാഷണലിസ്റ്റാണെങ്കില്‍, അതായത് സ്വയംപ്രഖ്യാപിത യൂറോപ്യന്‍-പാശ്ചാത്യ- അമേരിക്കന്‍ പൊസിഷന്‍ ആണെങ്കില്‍ പുടിനാണ് ഇവിടത്തെ പ്രശ്നക്കാരന്‍. പുടിനാണ് യുക്രെയിനുചുറ്റും സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്, പുടിനാണ് ക്രൈമിയയെ കൂട്ടിച്ചേര്‍ത്തത്, പുടിനാണ് ഡൊണ്‍ബാസിലെ വിമതരെ സഹായിക്കുന്നത്. അടിസ്ഥാനപരമായി, നമ്മള്‍ ഒരു ലിബറല്‍ കാഴ്ചപ്പാടില്‍ നോക്കിയാല്‍ പുടിന്‍ സ്വേച്ഛാധിപത്യ പ്രവണതയുള്ള ഭരണാധികാരിയാണ്. ബൈഡന്‍ ‘കില്ലര്‍’ എന്നാണ് പുടിനെ വിളിച്ചത്. ഇതിനെ ഒരു ലിബറല്‍ ഇന്റര്‍നാഷണലിസ്റ്റ് കാഴ്ചപ്പാടിലൂടെയാണ് നോക്കിക്കാണുന്നതെങ്കില്‍ പുടിനാണ് പ്രശ്നക്കാരന്‍.

നേരെ തിരിച്ച്, നിങ്ങളൊരു റിയലിസ്റ്റ് ആണെങ്കില്‍ നിങ്ങളിതില്‍ കാണാന്‍ ശ്രമിക്കുക ഇതിനുള്ളിലെ സ്ട്രക്ചറല്‍ പ്രശ്നങ്ങളാണ്. അതായത്, എങ്ങനെയാണ് നമ്മള്‍ ഇവിടെ എത്തിയത്. അടിസ്ഥാനപരമായി ഇപ്പോഴത്തെ യുക്രെയിന്‍ പ്രതിസന്ധിയുടെ സ്ട്രക്ചറല്‍ റീസണ്‍ എന്താണ്? അത് നോക്കിക്കഴിഞ്ഞാല്‍ നമുക്ക് മനസ്സിലാകും, ഇതിന്റെ അടിസ്ഥാനപരമായ പ്രശ്നം ‘നാറ്റോ’യുടെ വിപുലീകരണമാണ്. പുടിന്‍ അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്.

nato
‘നാറ്റോ’ കഴിഞ്ഞ ശീതയുദ്ധത്തിന്റെ അവശിഷ്ടമാണ്. ശീതയുദ്ധം അവസാനിച്ചു. അമേരിക്ക ശീതയുദ്ധം ജയിച്ചു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. വാഴ്സ ഉടമ്പടി ഇല്ലാതായി. പക്ഷെ ‘നാറ്റോ’ ഇപ്പോഴുമുണ്ട്. അതെന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. / Photo: nato.int

‘നാറ്റോ’യുടേത് ഒരു ഓപ്പണ്‍ ഡോര്‍ പോളിസിയാണ്. അതായത്, അവര്‍ പറയുന്നത് ആര്‍ക്കുവേണമെങ്കിലും അവരുടെ അംഗമാകാം എന്നാണല്ലോ, പ്രധാനമായും യൂറോപ്പിന്റെ സാഹചര്യത്തിലാണ് ‘നാറ്റോ’ ഇത് പറയുന്നത്. ഓപ്പണ്‍ ഡോര്‍ എക്സ്പാന്‍ഷന്‍ പോളിസിയാണ് അടിസ്ഥാനപരമായി ഇന്നത്തെ പ്രതിസന്ധിയിലേയ്ക്ക് ലോകത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ‘നാറ്റോ’ കഴിഞ്ഞ ശീതയുദ്ധത്തിന്റെ അവശിഷ്ടമാണ്. ശീതയുദ്ധം അവസാനിച്ചു. അമേരിക്ക ശീതയുദ്ധം ജയിച്ചു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. വാഴ്സ ഉടമ്പടി ഇല്ലാതായി. പക്ഷെ ‘നാറ്റോ’ ഇപ്പോഴുമുണ്ട്. എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഒരു അറ്റ്​ലാൻറിക്​ മിലിറ്ററി അലയന്‍സ് അവിടെയുള്ളത്?. ഈയൊരു ചോദ്യം വളരെ പ്രസക്തമാണ്.

ശീതയുദ്ധത്തിന്റെ അവസാന കാലഘട്ടത്തില്‍, അതായത് ജര്‍മന്‍ ഏകീകരണം ചര്‍ച്ചചെയ്യുന്ന സമയം 1990-ല്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജെയിംസ് ബേക്കറും അന്നത്തെ അമേരിക്കന്‍ ഒഫീഷ്യല്‍സും അന്നത്തെ സോവിയറ്റ് നേതാവായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിനോട് പറയുന്നത്, ജര്‍മന്‍ ഏകീകരണത്തിന്റെ ഭാഗമായി കിഴക്കന്‍ ജര്‍മനി ‘നാറ്റോ’യുടെ ഭാഗമായിക്കഴിഞ്ഞാല്‍ ‘നാറ്റോ’ കിഴക്കുഭാഗത്തേയ്ക്ക് ഒരിഞ്ചുപോലും വികസിപ്പിക്കില്ല എന്നാണ്. ഇതൊരു രേഖപ്പെടുത്തപ്പെട്ട കരാറായിരുന്നില്ല, വാക്കാലുള്ള ഉറപ്പായിരുന്നു. പക്ഷെ അമേരിക്കയും ബ്രിട്ടനും മറ്റും ഈയൊരു ഉറപ്പ് ഗോര്‍ബച്ചേവിന് കൊടുക്കുന്നുണ്ട്. കാരണം ജര്‍മന്‍ ഏകീകരണത്തിന്റെ സമയത്ത് ഈസ്റ്റ് ബെര്‍ലിനില്‍ ആയിരക്കണക്കിന് സോവിയറ്റ് പട്ടാളക്കാരുണ്ട്. സോവിയറ്റ് യൂണിയന്‍ അന്ന് തകര്‍ന്നിട്ടില്ല. സോവിയറ്റ് പട്ടാളക്കാരെ മുഴുവനും പിന്‍വലിക്കാന്‍ ഗോര്‍ബച്ചേവ് തയ്യാറാകുന്നത് ഈയൊരു ഉറപ്പിന്റെ ഭാഗമായിട്ടാണ്. അങ്ങനെയാണ് 1990-ല്‍ ഗോര്‍ബച്ചേവ് പിന്‍വാങ്ങുകയും സമാധാനപരമായി ജര്‍മന്‍ ഏകീകരണം നടക്കുകയും ഈസ്റ്റ് ജര്‍മനി ‘നാറ്റോ’യുടെ ഭാഗമാവുകയും ചെയ്യുന്നത്. പക്ഷെ 1998-99 ആകുമ്പോഴേയ്ക്കും പഴയ വാഴ്സ ഉടമ്പടിയുടെ ഭാഗമായിരുന്ന ഹംഗറി, പോളണ്ട്, ചെക് റിപ്പബ്ലിക് തുടങ്ങി പല രാജ്യങ്ങളും ‘നാറ്റോ’യുടെ അംഗങ്ങളാകുന്നതാണ് കാണുന്നത്. 1998-ല്‍ റഷ്യ ഒരു ശക്തിയേയല്ല.

gorbechev
മിഖായേല്‍ ഗോര്‍ബച്ചവ്, ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് (1990).

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യ വലിയ ഒരു തിരിച്ചടിയിലൂടെയാണ് കടന്നുപോകുന്നത്. റഷ്യന്‍ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നു, റഷ്യയുടെ തന്ത്രപരമായ ശക്തി പൂര്‍ണമായും ഇല്ലാതായി, ബോറിസ് യെല്‍സിന്റെ നേതൃത്വത്തില്‍ റഷ്യക്ക് പ്രതീക്ഷ നല്‍കുന്ന നേതൃത്വം ഉണ്ടായിരുന്നില്ല. ആ ഒരു കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യക്ക് കൊടുത്തിട്ടുള്ള ഉറപ്പ് മറികടന്ന്​ അവര്‍ ‘നാറ്റോ’യെ റഷ്യയുടെ കൂടുതൽ അതിര്‍ത്തിയിലേയ്ക്ക് വ്യാപിപ്പിക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ പോലും റഷ്യക്ക് പറ്റുമായിരുന്നില്ല. പിന്നീട് 2004-ല്‍ ‘നാറ്റോ’ വീണ്ടും വികസിപ്പിക്കുന്നുണ്ട്. 2004-ലെ വിപുലീകരണത്തിലാണ് ലാത്വിയ, ലിത്വാനിയ, ഈസ്റ്റോണിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങള്‍ ‘നാറ്റോ’യുടെ ഭാഗമാകുന്നത്. ഈ മൂന്ന് രാജ്യങ്ങളും റഷ്യയുമായി അതിര്‍ത്തിയുള്ളവയാണ്. ഈസ്റ്റോണിയന്‍ അതിര്‍ത്തിയില്‍ നിന്ന് സെൻറ്​ പീറ്റേഴ്സ്ബര്‍ഗിലേയ്ക്ക് 200-ല്‍ താഴെ കിലോമീറ്ററേയുള്ളൂ. അതായത് ‘നാറ്റോ’ റഷ്യയുടെ അത്രയും അടുത്തേയ്ക്ക് വന്നിട്ടുണ്ട്. ശീതയുദ്ധത്തിന്റെ സമയത്ത് റഷ്യയുമായി ‘നാറ്റോ’യ്ക്കുണ്ടായിരുന്ന അതിര്‍ത്തി എന്നുപറയുന്നത് നോര്‍വെയുടെ വടക്കന്‍ അതിരുകള്‍ മാത്രമായിരുന്നു. റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും സാറിസ്റ്റ് റഷ്യയുടെ തലസ്ഥാനവുമായിരുന്ന സെൻറ്​ പീറ്റേഴ്സ്ബര്‍ഗിന്റെ 200 കിലോമീറ്റര്‍ പരിധിയ്ക്കുള്ളിലേയ്ക്ക് ‘നാറ്റോ’ അതിര്‍ത്തി വരികയാണ് ചെയ്യുന്നത്. റഷ്യയെ സംബന്ധിച്ച് ‘നാറ്റോ’യുടെ വികാസം വലിയ വെല്ലുവിളിയായിരുന്നു. പക്ഷെ 1990കളിലോ 2000ന്റെ ആരംഭഘട്ടത്തിലോ ഇതിനെ എതിര്‍ക്കാനുള്ള പ്രാപ്തി റഷ്യക്കുണ്ടായിരുന്നില്ല.

2000-ല്‍ പുടിന്‍ പ്രസിഡന്റായശേഷമാണ് റഷ്യ സ്വയം പുനര്‍നിര്‍മിക്കുന്നത്- സാമ്പത്തികരംഗത്തെ, സ്റ്റേറ്റിനെ, സ്റ്റേറ്റ്-സൊസൈറ്റി ബന്ധത്തെ ഒക്കെ. 2000ന്റെ ആദ്യ ദശകത്തിലുണ്ടായ കമോഡിറ്റി ബൂമിന്റെ സഹായത്തോടുകൂടിയാണ് റഷ്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും ശക്തമായി വരുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സ്വയം അകപ്പെട്ടുപോയ തന്ത്രപരമായ പിന്‍മാറ്റത്തില്‍ നിന്ന്​ റഷ്യ പുറത്തുകടക്കുന്നത് ഇതേ സമയത്താണ്.

nato-expansion
യൂറോപിലെ നാറ്റോയുടെ വികാസത്തെ സൂചിപ്പിക്കുന്ന ഭൂപടം (യു.എസ്. കാനഡ, ഐസ്‌ലന്റ്, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ എന്നീ നാറ്റോ അംഗങ്ങള്‍ ഒഴികെ). Photo: Lon Tweeten

2008-ല്‍ റൊമാനിയയിലെ ബുകാറെസ്റ്റില്‍ നടന്ന ‘നാറ്റോ’ ഉച്ചകോടിയില്‍ വെച്ചാണ് അമേരിക്കന്‍ പ്രസിഡൻറ്​ ജോര്‍ജ് ഡബ്ല്യു ബുഷ് യുക്രെയിനും ജോര്‍ജിയക്കും ‘നാറ്റോ’ അംഗത്വം വാഗ്ദാനം ചെയ്യുന്നത്. അപ്പോഴാണ് റഷ്യന്‍ പ്രസിഡൻറ്​ പുടിന്‍, ഇത് അവസാനിപ്പിക്കണം, ഇത് ഇങ്ങനെ പോയാല്‍ പറ്റില്ല എന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് 2008-ല്‍ ജോര്‍ജിയ സൗത്ത് ഒസേഷ്യയെ ആക്രമിച്ചതിനുശേഷം പുടിന്‍ ജോര്‍ജിയയിലേക്ക് സൈന്യത്തെ അയക്കുന്നത്. ഒരു ആഭ്യന്തര പ്രതിസന്ധിയിലൂടെ ജോര്‍ജിയ കടന്നുപോകുന്ന സമയത്ത് പുടിന്‍ നേരിട്ട് വിമതരെ സഹായിക്കുകയും അതേത്തുടര്‍ന്ന് ജോര്‍ജിയ അസ്ഥിരമാക്കപ്പെടുകയുമാണ് ചെയ്തത്. പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജോര്‍ജിയയെ ‘നാറ്റോ’യിലേക്കെടുക്കില്ല. കാരണം ‘നാറ്റോ’യിലേയ്ക്ക് എടുക്കണമെങ്കില്‍ പ്രധാനമായും അതിര്‍ത്തി പ്രതിസന്ധികള്‍ ഉണ്ടാകാന്‍ പാടില്ല. റഷ്യ ആക്രമിച്ച സ്ഥിതിയ്ക്ക് ജോര്‍ജിയ നാറ്റോയില്‍ ചേരുകയാണെങ്കില്‍ റഷ്യയും ജോര്‍ജിയയും തമ്മില്‍ ഭാവിയില്‍ പ്രശ്നമുണ്ടായാല്‍ ‘നാറ്റോ’ റഷ്യയുമായി ഒരു സംഘര്‍ഷത്തിലേയ്ക്ക് വരും. അതിന്​ ‘നാറ്റോ’യ്ക്ക് താത്പര്യമില്ല. റഷ്യയുമായി നേരിട്ടൊരു യുദ്ധത്തിന് ‘നാറ്റോ’ തയ്യാറല്ല. 2008-ലെ റഷ്യയുടെ ഇടപെടലിനുശേഷം ജോര്‍ജിയയുടെ ‘നാറ്റോ ആഗ്രഹം’ ഇല്ലാതാകുന്നു.

ഇതേ കാര്യമാണ് 2014-ല്‍ യൂറോ മൈദാന്‍ പ്രതിഷേധത്തിനുശേഷം, റഷ്യ ക്രൈമിയ പിടിച്ചെടുത്തതിനുശേഷം യുക്രെയിനിലും നടക്കുന്നത്. പ്രായോഗികമായി ജോര്‍ജിയയും യുക്രെയിനും ‘നാറ്റോ’യില്‍ ചേരുന്നത് പുടിന്‍ തടഞ്ഞുകഴിഞ്ഞു. ഇതിന്റെ രണ്ടാമത്തെ ഘട്ടമാണ് പുടിന്‍ ഇപ്പോള്‍ പയറ്റുന്നത്. അതായത് ‘നാറ്റോ’യുടെ സ്വാധീനം പഴയ സോവിയറ്റ് പ്രദേശങ്ങളില്‍ നിന്ന് പിന്‍മാറ്റുക എന്നതാണ് പുടിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അതിനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. വളരെ അണ്‍കണ്‍വെന്‍ഷനലായ രീതിയിലാണ് ശ്രമിക്കുന്നതെന്ന് മാത്രം. ഇതിന് ലോകത്ത് പല ഉദാഹരണങ്ങളുമുണ്ട്.

cuban
ക്യൂബയിലെ സാന്‍ ക്രിസ്റ്റബോളില്‍ നിലയുറപ്പിച്ച സോവിയറ്റ് യൂണിയന്റെ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസ്സൈലുകള്‍. / Photo: U.S. Department of Defense/John F. Kennedy Presidential Library

1962-ല്‍ സോവിയറ്റ് നേതാവായിരുന്ന നികിത ക്രൂഷ്ചേവ് ക്യൂബയിലേയ്ക്ക് ന്യൂക്ലിയര്‍ മിസൈലുകള്‍ കയറ്റിയയക്കുകയുണ്ടായി. അതിനെ ഒരു ഭീഷണിയായിട്ടാണ് ജോണ്‍ എഫ്. കെന്നഡി ഭരണകൂടം കണ്ടത്. കെന്നഡി പറഞ്ഞത് ക്യൂബയില്‍ നിന്ന് എവിടേയ്ക്ക് മിസൈല്‍ പോയാലും അത് അമേരിക്കയ്ക്കെതിരെയുള്ള ആക്രമണമായി കാണുകയും തിരിച്ചടിക്കുകയും ചെയ്യുമെന്നാണ്. അതായത് അടിസ്ഥാനപരമായി ലോകം അന്നൊരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നു. ക്യൂബ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. ക്യൂബയും സോവിയറ്റ് യൂണിയനുമായുള്ള ഏതെങ്കിലും ഉടമ്പടിയുടെ ഭാഗമായി സോവിയറ്റ് യൂണിയന് തത്വത്തില്‍ ക്യൂബയിലേക്ക്​ആയുധം കയറ്റിയയക്കാം. പക്ഷെ, അമേരിക്ക അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കാരണം, ക്യൂബ ഒരു കരീബിയന്‍ രാജ്യമാണ്. കരീബിയന്‍ പ്രദേശം അമേരിക്കയുടെ ‘സ്ഫിയര്‍ ഓഫ് ഇന്‍ഫ്ളുവന്‍സി’നുള്ളിൽ വരുന്നതാണ്. അതുകൊണ്ട് അവിടെ സോവിയറ്റ് ആണവ മിസൈലുകള്‍ വരുന്നത് അമേരിക്ക അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അന്ന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും മിസൈലുകള്‍ ക്യൂബയില്‍ നിന്ന് മാറ്റാന്‍ ക്രൂഷ്ചെവ് തീരുമാനിക്കുകയും ചെയ്തു. അതിനുപകരം, ക്യൂബയെ ആക്രമിക്കുകയില്ല എന്ന ഉറപ്പ് നല്‍കാന്‍ അമേരിക്ക തയ്യാറായി. രഹസ്യമായി ഇറ്റലിയിലും ടര്‍ക്കിയിലും സോവിയറ്റ് യൂണിയനെതിരെ അമേരിക്ക വിന്യസിച്ച ആണവ മിസൈലുകള്‍ പിന്‍വലിക്കാനും ജോണ്‍ എഫ്. കെന്നഡി തീരുമാനിച്ചു. അതിന്റെ ഭാഗമായിട്ടാണ് അന്നത്തെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി സമാധാനപരമായി അവസാനിക്കുന്നത്.

പഴയ സോവിയറ്റ് പ്രദേശങ്ങളില്‍ നിന്ന് ‘നാറ്റോ’യെ പിന്‍വലിക്കുക എന്നതിനാണ്​ പുടിന്‍ ശ്രമിക്കുന്നത്. പക്ഷെ ബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു വിട്ടുവീഴ്ചയ്ക്കുള്ള സാധ്യത കാണുന്നില്ല. കാരണം ‘നാറ്റോ’ അതിന്റെ ‘ഓപണ്‍ ഡോര്‍ എക്സ്പാന്‍ഷനിസ്റ്റ് പോളിസി’ അവസാനിപ്പിക്കാന്‍ തയ്യാറല്ല.

ഇപ്പോഴത്തെ പ്രതിസന്ധി ഏകദേശം അതേപോലെയാണ്. അതായത് റഷ്യ യുക്രെയിനെ കാണുന്നത് റഷ്യയുടെ സ്വാധീനകേന്ദ്രമായിട്ടാണ്. അവിടെ ‘നാറ്റോ’യുടെ ആയുധങ്ങളോ സൈന്യമോ വരരുത് എന്നതാണ് റഷ്യയുടെ ലക്ഷ്യം. അതിനെതിരെയാണ് റഷ്യ സൈന്യത്തെ വിന്യസിക്കുന്നതും. അല്ലെങ്കില്‍ യുക്രെയിന്‍ മാത്രമല്ല, പഴയ സോവിയറ്റ് പ്രദേശങ്ങളില്‍ നിന്ന് ‘നാറ്റോ’യെ പിന്‍വലിക്കുക എന്നതിനാണ്​ പുടിന്‍ ശ്രമിക്കുന്നത്. പക്ഷെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു വിട്ടുവീഴ്ചയ്ക്കുള്ള സാധ്യത കാണുന്നില്ല. കാരണം ‘നാറ്റോ’ അതിന്റെ ‘ഓപണ്‍ ഡോര്‍ എക്സ്പാന്‍ഷനിസ്റ്റ് പോളിസി’ അവസാനിപ്പിക്കാന്‍ തയ്യാറല്ല. യുക്രെയിനായാലും ജോര്‍ജിയ ആയാലും ‘നാറ്റോ’യില്‍ അംഗമാകില്ല എന്ന് രേഖാമൂലം ഉറപ്പുനല്‍കാന്‍ അമേരിക്കയും തയ്യാറല്ല. അതുകൊണ്ട് ഇതില്‍ ഒരു പരിഹാരം കാണാന്‍ പറ്റുന്നില്ല. രേഖാമൂലം വേണമെന്ന് പുടിന്‍ പറയാന്‍ കാരണം, ‘നാറ്റോ’ വികസിപ്പിക്കില്ല എന്ന് 1990-ല്‍ അമേരിക്ക വാക്ക് നല്‍കിയതാണ്. പക്ഷെ ‘നാറ്റോ’ വികസിപ്പിച്ചു. അതുകൊണ്ടാണ് രേഖാമൂലമുള്ള നിയമപരമായ ഉറപ്പ് വേണമെന്ന് പുടിന്‍ ആവശ്യപ്പെടുന്നത്. അത് കൊടുക്കാന്‍ അമേരിക്ക തയ്യാറുമല്ല. ഇത്തരം വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇന്നത്തെ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയാത്തത്.

kruschev
നികിത ക്രൂഷ്ചേവ്, ജോണ്‍ എഫ്. കെന്നഡി / Photo: Wikimedia Commons

സാമ്പ്രദായികമായ മിലിറ്ററി മുന്നേറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് 2014ല്‍ റഷ്യ ക്രൈമിയ കൈവശപ്പെടുത്തിയത്. യുക്രെയ്‌നെ അസ്ഥിരപ്പെടുത്താനുള്ള ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങളാണ് പ്രസിഡൻറ്​ വ്‌ളാഡിമിര്‍ പുട്ടിന്‍ നടത്തുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. സൈബര്‍ വാര്‍ ഫെയറില്‍ ലോകത്തു തന്നെ ഒന്നാമതാണ് റഷ്യയുടെ സ്ഥാനം. 2014 മുതലിങ്ങോട്ട് ബാങ്കുകളിലും ഊര്‍ജോല്‍പാദന രംഗത്തുമൊക്കെ റഷ്യ നടത്തി എന്ന് ആരോപിക്കപ്പെടുന്ന നിരവധി സൈബര്‍ അറ്റാക്കുകള്‍ യുക്രെയ്‌നെതിരെ ഉണ്ടായിട്ടുണ്ട്. ബോംബുകള്‍ കൊണ്ടായിരിക്കില്ല റഷ്യ യുക്രെയിനെ കീഴ്‌പ്പെടുത്തുക എന് വിശകലനം ചെയ്യുന്നവരുമുണ്ട്. താങ്കള്‍ക്ക് എന്തു തോന്നുന്നു?

റിയലിസ്റ്റിക്കായി നോക്കിയാല്‍ പുടിന്‍ ക്രൈമിയയെ റഷ്യയുടെ ഭാഗമാക്കിമാറ്റുന്നത് വളരെ തന്ത്രപരമായിട്ടാണ്. കാരണം അതൊരു സൈനിക അധിനിവേശമായിരുന്നില്ല. അമേരിക്ക ഇറാഖില്‍ നടത്തിയതുപോലെയോ അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയതുപോലെയോ, ലിബിയയില്‍ നടത്തിയതുപോലെയോ ഉള്ള ഒരു സൈനിക ആക്രമണമായിരുന്നില്ല ക്രൈമിയയുടെ കാര്യത്തില്‍ നടന്നത്. മാത്രമല്ല, അത് ആരും പ്രതീക്ഷിച്ചിരുന്നുമില്ല. യൂറോ മൈദാന്‍ പ്രൊട്ടസ്റ്റ് വരുന്നു, യുക്രൈയിനിലെ യാനുകോവിച്ചിന്റെ സര്‍ക്കാര്‍ വീഴുന്നു, പുതിയ പടിഞ്ഞാറന്‍ അനുകൂല സര്‍ക്കാര്‍ വരുന്നു. എല്ലാവരും പ്രതീക്ഷിക്കുന്നത് യുക്രെയിനിലെ അധികാരത്തിന്റെ സന്തുലിതാവസ്ഥ മാറിമറിഞ്ഞു എന്നാണ്. യുക്രെയിനില്‍ റഷ്യയുടെ സ്വാധീനം ഇല്ലാതായി എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. അങ്ങനെ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ക്രൈമിയയിലെ മുഴുവന്‍ രാഷ്​ട്രീയരംഗവും മോസ്‌കോയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നത്. അവര്‍ പ്രാദേശിക അസംബ്ലി വിളിച്ചുകൂട്ടി പ്രമേയം പാസാക്കി ഞങ്ങള്‍ റഷ്യയില്‍ ചേരാന്‍ താത്പര്യപ്പെടുന്നു എന്നഭിപ്രായപ്പെടുന്നു. അതിന്റെ ഭാഗമായി റഷ്യന്‍ സര്‍ക്കാര്‍ പറയുന്നു, ഇതിനോട് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്ന്. കാരണം, അവിടത്തെ ജനങ്ങള്‍ ഭൂരിപക്ഷവും റഷ്യന്‍ സംസാരിക്കുന്നവരാണ്.

cremia
റിപബ്ലിക് ഓഫ് ക്രൈമിയയേയും സെവസ്റ്റോപോളിനേയും റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന ഉടമ്പടിയില്‍ ഒപ്പു വെക്കുന്നു. (ഇടതു നിന്ന്) എസ്. അക്‌സ്യോനോവ്, വി. കോന്‍സ്റ്റന്റിനോവ്, വ്‌ലാദിമിര്‍ പുടിന്‍, അലക്‌സി ചാലി / Photo: Wikimedia Commons

യുക്രെയിനില്‍ അധികാരത്തില്‍ വന്നത് നിയോ നാസികളാണ്, അവര്‍ റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരെ വിവേചന നയമാണ് എടുക്കുന്നത്. അതുകൊണ്ട് റഷ്യന്‍ സംസാരിക്കുന്ന ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം റഷ്യക്കുണ്ട് എന്ന വാദമാണ് റഷ്യ മുന്നോട്ടുവെച്ചത്. പക്ഷെ പുടിന്റെ പ്രവര്‍ത്തികളെല്ലാം നോക്കിയാല്‍ അദ്ദേഹം എപ്പോഴും ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. ക്രൈമിയയുടെ കാര്യത്തിലായാലും നേരിട്ട് പിടിച്ചെടുക്കുകയല്ല ചെയ്തത്. അവിടെയൊരു റഫറണ്ടം നടപ്പാക്കുന്നു. ആ റഫറണ്ടത്തിന്റെ നിയമസാധുത നമുക്ക് ചോദ്യംചെയ്യാം. അതെത്രത്തോളം ന്യായമായിരുന്നു എന്ന്​ ചോദ്യംചെയ്യാം. പക്ഷെ അവിടെ ഒരു പ്രക്രിയയുണ്ട്. റഫറണ്ടത്തിൽ 80 ശതമാനത്തിലധികം ആളുകള്‍ ‘ഞങ്ങള്‍ റഷ്യയുടെ ഭാഗമാകാന്‍ തയ്യാറാണ്’ എന്ന് പറയുന്നു. അതേത്തുടര്‍ന്ന് ക്രൈമിയയെ റഷ്യയുടെ ഭാഗമായി മാറ്റി പുടിന്‍ ഉത്തരവ് ഒപ്പിടുന്നു.

zelensky
യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി

ഡോണ്‍ബാസില്‍ ഈ പ്രതിസന്ധി ഉണ്ടാകുന്ന സമയത്തുതന്നെ അവിടത്തെ റഷ്യന്‍ സംസാരിക്കുന്ന വിമതര്‍ കീവിലെ സര്‍ക്കാരിനെതിരെ ആയുധമെടുക്കുന്നു. അവര്‍ക്കുവേണ്ട ആയുധങ്ങളെല്ലാം റഷ്യ കൊടുത്തിരിക്കുകയാണ്. 2014 അവസാനിക്കുമ്പോഴേക്കും ഡോണ്‍ബാസില്‍ വിമതരും യുക്രെയിനിയന്‍ സൈന്യവും തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങളുണ്ടായി. 

ഇപ്പോഴത്തെ പ്രതിസന്ധിയിൽ കൂടുതല്‍ അഗ്രസീവായ റഷ്യയെയാണ്​ കാണുന്നത്. നേരിട്ട് സൈനിക ഇടപെടലാണുണ്ടായിരിക്കുന്നത്. അതിന്​ കുറേക്കൂടി വലിയ ലക്ഷ്യമുണ്ടായിരിക്കാം- 2014ല്‍ ക്രൈമിയ മാത്രം മതിയായിരുന്നെങ്കില്‍ ഇന്ന് പുടിന്റെ ലക്ഷ്യം യുക്രൈന്റെ ‘നിരായുധീകരണ'മാണ്​. മറ്റൊരു കാരണം, ഇന്ന് അമേരിക്കയും ‘നാറ്റോ’യും ദുര്‍ബലമാണെന്ന് ഒരു പക്ഷേ പുടിന്‍ നിരീക്ഷിക്കുന്നുണ്ടാവാം, പ്രത്യേകിച്ചും ഇരുപതു വര്‍ഷത്തെ യുദ്ധത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അഫ്ഘാനിസ്ഥാനില്‍ നിന്ന്​കഴിഞ്ഞ വര്‍ഷം തോറ്റു പിന്മാറിയതിനു ശേഷം.

വിലക്കയറ്റത്തിന്റെ സ്വാധീനം ഇപ്പോള്‍ തന്നെ സാമ്പത്തികരംഗത്ത് കാണാം. സൈനിക സംഘര്‍ഷം ആരംഭിച്ചതു കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രതീക്ഷിക്കേണ്ടത്, തീര്‍ച്ചയായും മാര്‍ച്ചിൽ വലിയ തിരിച്ചടികളുണ്ടാകുമെന്ന് തന്നെയാണ്.

ഈ ആക്രമണം രൂക്ഷമാവുന്നതിനൊപ്പം ആഗോളതലത്തില്‍ തന്നെ സാമ്പത്തിക വളർച്ച വന്‍ ഭീഷണി നേരിടുകയാണ്. ലോകത്തിലെ മൂന്നാമത്തെ ലിക്വിഡ് ഫ്യുവല്‍ ഉല്‍പാദകരായ റഷ്യ, ഓയില്‍ ഇറക്കുതിയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന നമ്മള്‍. റഷ്യക്കുമേലുള്ള ഉപരോധങ്ങൾ രൂക്ഷമാകുന്നതോടെ അടുത്ത ദിവസങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും വന്‍ പ്രതിസന്ധി രൂപപ്പെടില്ലേ?

റഷ്യ ലോകത്തെ ഒരു വലിയ എണ്ണ- വാതക ഉത്പാദകരെന്ന നിലയില്‍ ഇപ്പോഴത്തെ സംഘര്‍ഷം എണ്ണ വിപണിയെയും ഗ്യാസ് വിപണിയെയും രൂക്ഷമായി ബാധിക്കും. ഇപ്പോള്‍ത്തന്നെ ബാധിച്ചിട്ടുണ്ട്. യു.പി. തെരഞ്ഞെടുപ്പ് തീരാത്തതുകൊണ്ടാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ അതറിയാത്തത്. യു.പി. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മാര്‍ച്ച് ഏഴിനാണ്. അതുകഴിഞ്ഞാല്‍ നമ്മളൊക്കെ ഇതിന്റെയൊരു ചൂട് അനുഭവിക്കും. പക്ഷെ പാശ്ചാത്യ ഉപരോധങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ റഷ്യയുടെ ഊര്‍ജമേഖലയെ അവര്‍ തൊട്ടിട്ടില്ല. അതിന്റെ കാരണം, അത് അവരെക്കൂടി ദോഷകരമായി ബാധിക്കുമെന്നുള്ളതാണ്, പ്രത്യേകിച്ചും യൂറോപ്പ്. യൂറോപ്പിന്റെ 40 ശതമാനം ഗ്യാസ് ആവശ്യം നിറവേറ്റുന്നത് റഷ്യയാണ്. ഇപ്പോള്‍ നോഡ് സ്ട്രീം ടു പൈപ്പ്​ലൈൻ തത്കാലത്തേക്ക് നിര്‍ത്തിവെച്ചുവെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ പറയുന്നത്. ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ല. തത്കാലമായി നിര്‍ത്തിവെച്ചത് ഇടക്കാല നീക്കമായി കാണാം. അല്ലാതെ റഷ്യയുമായുള്ള ഊര്‍ജ കരാറുകളൊന്നും അവസാനിപ്പിക്കാന്‍ ജര്‍മനി തയ്യാറല്ല. റഷ്യയുടെ ഊര്‍ജ മേഖലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും തയ്യാറല്ല. അവര്‍ റഷ്യന്‍ ബാങ്കുകളെയും പ്രത്യേക ഒലിഗാര്‍ക്കുകളെയുമൊക്കെയാണ് ലക്ഷ്യമിടുന്നത്.

നേരിട്ട് റഷ്യന്‍ ഊര്‍ജമേഖലയെ ഉപരോധിക്കില്ലെങ്കില്‍ തന്നെയും ലോകത്തെ പ്രധാനപ്പെട്ട എണ്ണ- ഗ്യാസ് ഉത്പാദകർ ഉള്‍പ്പെട്ട പ്രതിസന്ധിയെന്ന നിലയ്ക്ക് എണ്ണ-പ്രകൃതി വാതക വില ഇനിയും കുതിച്ചുയരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഇന്ത്യയെ സംബന്ധിച്ച്, 70 ശതമാനത്തോളം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍, അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കും. വിലക്കയറ്റത്തിന്റെ സ്വാധീനം ഇപ്പോള്‍ തന്നെ സാമ്പത്തികരംഗത്ത് കാണാം. സൈനിക സംഘര്‍ഷം ആരംഭിച്ചതു കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രതീക്ഷിക്കേണ്ടത്, തീര്‍ച്ചയായും മാര്‍ച്ചിൽ വലിയ തിരിച്ചടികളുണ്ടാകുമെന്ന് തന്നെയാണ്.

europe
യൂറോപ്പിന്റെ 40 ശതമാനം ഗ്യാസ് ആവശ്യം നിറവേറ്റുന്നത് റഷ്യയാണ്. തങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പാശ്ചാത്യ ഉപരോധങ്ങള്‍ റഷ്യയുടെ ഊര്‍ജമേഖലയെ തൊട്ടിട്ടില്ല.

എയര്‍ ഡിഫന്‍സ് തകര്‍ത്തതായി ഇപ്പോള്‍ റഷ്യ തന്നെ പറയുന്നു. ‘നാറ്റോ’ സഖ്യത്തിന്റെ ഉടന്‍ പ്രതികരണം/ പ്രതിരോധം എന്തായാലും പഴയ യുദ്ധങ്ങളിലേതു പോലെ ആയിരിക്കില്ല എന്നൊരു ലോക പൊതുബോധം നിലവിലുണ്ട്. എങ്ങനെയായിരിക്കും ‘നാറ്റോ’ എന്ന ഒരു വേള്‍ഡ് വാര്‍, കോള്‍ഡ് വാര്‍ സഖ്യം പൊളിച്ചെഴുതപ്പെടുന്നത്?

‘നാറ്റോ’യും അമേരിക്കയും തുടക്കം മുതലേ പറഞ്ഞത് യുക്രെയിനെ ആക്രമിച്ചാല്‍ തന്നെയും റഷ്യയ്ക്കെതിരെ സൈനികമായ മറുപടിയിലേയ്ക്ക് നീങ്ങില്ല എന്നാണ്. അമേരിക്ക ചെയ്തത് എംബസി പൂട്ടുകയാണ്. ആദ്യം അത് പോളണ്ടിനടുത്ത് ലീവിലേയ്ക്ക് മാറ്റി. പിന്നീട് യുക്രെയിനിലെ അമേരിക്കന്‍ ഡിപ്ലോമാറ്റിക് സ്റ്റാഫിനെ മുഴുവന്‍ പിന്‍വലിച്ചു. നൂറിലധികം അമേരിക്കന്‍ പട്ടാളക്കാര്‍ ട്രെനിങ്ങിനായി യുക്രെയിനിലുണ്ടായിരുന്നു. അവരെയും പിന്‍വലിച്ചു. അമേരിക്ക കൊടുക്കുന്ന ഒരു സന്ദേശം, റഷ്യയുമായി ഒരിക്കലും സൈനികമായ യുദ്ധത്തിലേയ്ക്ക് നീങ്ങാന്‍ അവര്‍ തയ്യാറല്ല എന്നതാണ്. അതേ നിലപാട് തന്നെയാണ് ‘നാറ്റോ’യുടേതും. അതുകൊണ്ട് അമേരിക്കയ്ക്ക് അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ റഷ്യക്കെതിരെ ചെയ്യാന്‍ പറ്റുന്ന കാര്യം ഉപരോധം ഏര്‍പ്പെടുത്തുകയെന്നതാണ്. അതാണ് അവര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതും.

പാശ്ചാത്യ മാധ്യമങ്ങള്‍ ഇവരെയെല്ലാവരെയും ഒരേ രീതിയിലാണ് കാണുക. അവരെ സംബന്ധിച്ച് പുടിന്‍ എന്നാല്‍ ക്രെംലിനില്‍ ഇരുന്ന് അമേരിക്കന്‍ നിയന്ത്രിത ലോകത്തെ വെല്ലുവിളിക്കുന്ന ദുഷ്ടശക്തിയാണ്. അതും ഒരു തരം പ്രൊപഗാന്‍ഡയാണ്​.

പക്ഷെ ഉപരോധങ്ങള്‍ പുടിനെ ബാധിക്കുന്നില്ല. 2014-ലും അങ്ങനെ തന്നെയായിരുന്നു. സാമ്പത്തികബാധ്യത വഹിക്കാന്‍ തയ്യാറാണ് എന്നതാണ് പുടിന്റെ സന്ദേശം. പക്ഷെ ഇതില്‍ ‘നാറ്റോ’യെ സംബന്ധിച്ച് കുറച്ചുകൂടി വലിയ വെല്ലുവിളി പുടിനെ യുക്രെയിനില്‍ തന്നെ തടഞ്ഞുനിര്‍ത്തുക എന്നതാണ്. കാരണം യുക്രെയിന്‍ ‘നാറ്റോ’ അംഗമല്ല. അതുകൊണ്ട് സാങ്കേതികമായി പറഞ്ഞാല്‍ ‘നാറ്റോ’യ്ക്ക് യുക്രെയിന്റെ പ്രതിരോധത്തിനായി വരേണ്ടതില്ല. പക്ഷെ പുടിന്‍ യുക്രെയിനെ കാണുന്നതുപോലെ തന്നെയാണ് ലാത്വിയയെയും ലിത്വാനിയയെയും ഈസ്റ്റോണിയയെയും കാണുന്നത്. ഇവര്‍ മൂന്നുപേരും ‘നാറ്റോ’ അംഗങ്ങളാണ്. ഇവ മൂന്നും ബാള്‍ട്ടിക് രാജ്യങ്ങളാണ്. യുക്രെയിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞാല്‍ നാളെ പുടിന്‍ ഈ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചേക്കാം, ഭരണമാറ്റം കൊണ്ടുവരാൻ നേരിട്ട് സൈനിക ഇടപെടല്‍ നടത്തിയില്ലെങ്കില്‍ തന്നെ, മറ്റു വിധത്തിൽ ഇടപെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ‘നാറ്റോ’യെ എങ്ങനെ ബാധിക്കുമെന്നതാണ് അവരെ സംബന്ധിച്ച വലിയ വെല്ലുവിളി. 

റഷ്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിന് അവര്‍ തയ്യാറല്ലെങ്കില്‍ തന്നെയും ‘നാറ്റോ’യുടെ കിഴക്കന്‍ ഭാഗത്തേയ്ക്ക് കൂടുതല്‍ സൈന്യത്തെ അമേരിക്കയും ബ്രിട്ടനും അയക്കുമെന്ന് ‘നാറ്റോ’ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ബാള്‍ട്ടിക് രാജ്യങ്ങളിലേയ്ക്ക് മാത്രമല്ല മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും പോളണ്ട്, ഹംഗറി, ചെക് റിപബ്ലിക് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നാണ് പറയുന്നത്. ‘നാറ്റോ’യെ സംബന്ധിച്ച് ഇതൊരു വലിയ വെല്ലുവിളിയാണ്. റഷ്യയെ സംബന്ധിച്ചും അങ്ങനെ തന്നെ. കാരണം, യുക്രെയിനെ ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നത് റഷ്യന്‍ സൈന്യത്തിന് അത്ര വലിയ വെല്ലുവിളിയല്ല. അതേസമയം, യുദ്ധത്തിനുശേഷം എന്തുചെയ്യുമെന്നതാണ് പ്രശ്നം. യുക്രെയിനില്‍ അധിനിവേശം നടത്തുമോ, അതോ റഷ്യയുണ്ടാക്കുന്ന പുതിയ ഭരണകൂടത്തിന് യുക്രെയിനെ ശാന്തമാക്കാന്‍ സാധിക്കുമോ- അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. 

ukrain
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രെയ്‌നിലെ കെട്ടിടം. /Photo: dsns.gov

അതേസമയം, ‘നാറ്റോ’യെ സംബന്ധിച്ച് സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം അമേരിക്കയ്ക്ക് പല സൈനിക തിരിച്ചടികളുണ്ടായിട്ടുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക അങ്ങോട്ടുപോയി ആക്രമിച്ചതാണ്. ഈ രാജ്യങ്ങളിലെല്ലാം അമേരിക്കന്‍ സൈന്യം പ്രാദേശികമായ ചെറുത്തുനില്‍പ്പ് നേരിട്ടിട്ടുണ്ട്. പക്ഷെ ശീതയുദ്ധം അവസാനിച്ചശേഷം അമേരിക്കയുടെ അല്ലെങ്കില്‍ അമേരിക്ക നിയന്ത്രിക്കുന്ന ഒരു സൈനികസഖ്യത്തിനെ നേരിട്ട് സൈനികമായി ഒരാളും വെല്ലുവിളിച്ചിട്ടില്ല. അതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ‘നാറ്റോ’ സഖ്യത്തെയാണ് പുടിന്‍ യുക്രെയിന്‍ ആക്രമിച്ചതിലൂടെ വെല്ലുവിളിക്കുന്നത്. ‘നാറ്റോ’യെ അല്ലെങ്കില്‍ ശീതയുദ്ധാനന്തര യൂറോപ്യന്‍ സുരക്ഷാക്രമം പൊളിച്ചെഴുതുകയാണ് പുടിന് വേണ്ടത്. അതിന് പുടിന്‍ പാശ്ചാത്യരാജ്യങ്ങള്‍ എടുക്കാന്‍ തയ്യാറാകാത്ത റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നതാണ് ഇപ്പോള്‍ കാണുന്നത്. അത് ‘നാറ്റോ’യെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളിയാണ്. അതായത് ‘നാറ്റോ’യുടെ സെക്യൂരിറ്റി ആധിപത്യത്തിനെ റഷ്യ സൈനികമായി ചോദ്യം ചെയ്യുന്നു. ഇതിനെ എങ്ങനെ നേരിടും, റഷ്യയെ എങ്ങനെ യുക്രെയിനില്‍ തന്നെ തളച്ചിടും? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരിക്കും ശീതയുദ്ധാനന്തര സുരക്ഷാക്രമത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. അത്രയും പ്രധാനപ്പെട്ട ഒരു ചരിത്രനിമിഷമാണ് നമ്മളൊക്കെ ഇപ്പോള്‍ കാണുന്നതെന്നാണ് എനിയ്ക്ക് തോന്നുന്നത്. 

ഈ ആക്രമണം ചൈനയുടെ ലോക സാധ്യതകളെ എങ്ങനെയാണ് മാറ്റിപ്പണിയാന്‍ പോകുന്നത്? ചേരിചേരാ നയം എന്ന നിലയില്‍ നിന്ന ഇന്ത്യക്ക് , ആഫ്റ്റര്‍ സോവിയറ്റ് യൂണിയന്‍ ഉണ്ടായിട്ടുള്ള uncertain നിലപാടുകളെ ഈ യുദ്ധം / അധിനിവേശം എങ്ങനെയാണ് ബാധിക്കുക?

തന്ത്രപരമായ വീക്ഷണത്തില്‍ നോക്കിയാല്‍ ചൈനയെ സംബന്ധിച്ച് ഈ യുദ്ധം അനുകൂലമായ നീക്കമാണ്. കാരണം അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി, ഗ്ലോബല്‍ ജിയോപൊളിറ്റിക്സിന്റെ ശ്രദ്ധാകേന്ദ്രം ഇന്‍ഡോ പസിഫിക് ആകുമെന്നും അവിടെ ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരം കൂടുതല്‍ ശക്തമാകുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് പുടിന്‍ ഗ്ലോബല്‍ ജിയോപൊളിറ്റിക്സിന്റെ ക്ലോക്ക് 30 വര്‍ഷം പുറകോട്ട് തിരിച്ചുവെക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വന്‍ശക്തി മത്സരം എന്നത് ഇപ്പോള്‍ വീണ്ടും യൂറോപ്പിലേക്ക്​ മാറി. അത് തത്കാലത്തേയ്ക്കായിരിക്കാം. ദീര്‍ഘകാലത്തേയ്ക്ക് നിലനില്‍ക്കണമെന്നില്ല. പക്ഷെ പുടിന്റെ യുക്രെയിനിലെ സൈനികനടപടിക്കുശേഷം തത്കാലത്തേയ്ക്കെങ്കിലും അന്താരാഷ്​ട്രതലത്തിലെ പ്രാഥമിക ജിയോ പൊളിറ്റിക്കല്‍ തര്‍ക്കം യൂറോപ്പിലേയ്ക്ക് മാറിയിരിക്കുന്നു. 
ചൈനയെ സംബന്ധിച്ച് അമേരിക്കന്‍ സമ്മര്‍ദം ചൈനയില്‍ നിന്ന് മാറുന്നു. ചൈനയയ്ക്ക് സാമ്പത്തികവും സൈനികവുമായ വളര്‍ച്ചയില്‍ കുറേക്കൂടി ശ്രദ്ധിക്കാന്‍ സാധിക്കും. കാരണം, മുമ്പ് അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പെട്ടുകിടന്നപ്പോള്‍ ചൈനയുടെ ശ്രദ്ധ അവരുടെ സാമ്പത്തികവും സൈനികവുമായ വളര്‍ച്ചയിലായിരുന്നു. അങ്ങനെയൊരു സാധ്യതയാണ് ഒന്ന്.

three
നരേന്ദ്ര മോദി, ഷി ജിൻ പിങ്, വ്‌ലാഡിമിര്‍ പുടിന്‍

രണ്ടാമത്തേത് യുക്രെയിന്‍ ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ എങ്ങനെ നേരിടുന്നു എന്നത് ചൈനയെ സംബന്ധിച്ച്​ ഒരു പാഠമായിരിക്കും. കാരണം ആത്യന്തികമായി ചൈനയ്ക്ക് തായ്​വാനെ വീണ്ടെടുക്കണം. തായ്‌വാന്‍ ഇംപീരിയല്‍ ചൈനയുടെ ഭാഗമായിരുന്നു. പിന്നീട് ജപ്പാന്റെ കോളനിയായി മാറുകയും പിന്നെ സ്വയംഭരണ ദ്വീപായി മാറുകയുമാണ് ചെയ്തത്. 100 വര്‍ഷത്തെ അപമാനം അവസാനിക്കുന്നത് തായ്​വാനെ വീണ്ടെടുക്കുന്നതിലൂടെയായിരിക്കുമെന്നാണ് ചൈനയുടെ നിലപാട്. പക്ഷെ ചൈന തായ്‌വാനെ വീണ്ടെടുക്കുകയാണെങ്കില്‍ അതിന് പലതരം അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണല്ലോ അമേരിക്കയും മറ്റുള്ളവരുമൊക്കെ പറയുന്നത്. ഇവര്‍ ഇങ്ങനെ പറയുമ്പോള്‍, ‘നാറ്റോ’യുടെ മൂക്കിനുതാഴെ പുടിന്‍ യുക്രെയിനെ വീണ്ടെടുക്കുമ്പോള്‍ ‘നാറ്റോ’ എന്തുചെയ്തു, അമേരിക്ക എന്തുചെയ്തു അല്ലെങ്കില്‍ എന്താണ് അവര്‍ക്ക് ചെയ്യാന്‍ കഴിയുക എന്ന ചോദ്യം നിലനില്‍ക്കുന്നു. അത്തരം പ്രതികരണങ്ങള്‍ ഒരുപക്ഷെ ചൈനയുടെ ഭാവിതീരുമാനങ്ങളെക്കൂടി ബാധിച്ചേക്കാം.

കൂടുതല്‍ ശക്തമായ നിലപാട് റഷ്യക്കെതിരെ എടുക്കാന്‍ ഇന്ത്യ വലിയ സമ്മര്‍ദം നേരിടുന്നുണ്ട്, പ്രത്യേകിച്ചും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന്. എന്നാൽ, റഷ്യ ഇന്ത്യയുടെ പരമ്പരാഗത പങ്കാളിയാണ്, ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയാണ്.

ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ധര്‍മസങ്കടമാണ്. ഒരുഭാഗത്ത് ഇന്ത്യ എല്ലാകാലത്തും എടുത്തിരുന്ന തത്വാധിഷ്ഠിത നിലപാടാണ് എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയും പരമാധികാരവും പിന്തുണയ്ക്കുന്നു എന്നത്. അത് ഇന്റര്‍നാഷണല്‍ ഓര്‍ഡറിന്റെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നാണ് നമ്മള്‍ പറയുന്നത്. പക്ഷെ യുക്രെയിന്റെ കാര്യത്തില്‍ അത് പാലിക്കപ്പെടുന്നില്ല. ക്രൈമിയ യുക്രെയിന് നഷ്ടപ്പെട്ടു, ഡോണ്‍ബാസ് നഷ്ടപ്പെട്ടു. ഇപ്പോള്‍ റഷ്യന്‍ സൈനികര്‍ അവിടെയുണ്ട്. അപ്പോള്‍ എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന ഒരു ധര്‍മസങ്കടമുണ്ട് ഒരുഭാഗത്ത്. മറുഭാഗത്ത് എല്ലാ രാജ്യങ്ങളും അവരുടെ സ്വന്തം താത്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളാണല്ലോ എടുക്കുന്നത്. അതായത് പലസ്തീനിയന്‍ അധിനിവേശത്തിന്റെ ഭാഗമായി ഇസ്രായേലുമായുള്ള ബന്ധം ഇല്ലാതാക്കാനൊന്നും ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറല്ലല്ലോ. ഒരുഭാഗത്ത് തത്വാധിഷ്ടിത നിലപാട് എടുക്കുകയും മറുഭാഗത്ത് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത്. 2003-ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയതിനുശേഷം അമേരിക്കയ്ക്കെതിരെ ഉപരോധം വേണമെന്നോ അല്ലെങ്കില്‍ അമേരിക്കയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കണമെന്നോ ഒന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. അമരിക്കയുമായ ബന്ധത്തില്‍ യാതൊരു വിള്ളലുമുണ്ടായിട്ടില്ല. 2003-ലെ യുദ്ധത്തിന് രണ്ടുവര്‍ഷത്തിനുശേഷമാണ് ഇന്ത്യ അമേരിക്കയുമായിട്ടുള്ള ആണവ കരാറുമായി മുന്നോട്ടുപോകുന്നത്. 

security
ഇന്ത്യ സെക്യൂരിറ്റി കൗണ്‍സിലില്‍ നോണ്‍ പെര്‍മെനന്റ് അംഗമാണ്. യുക്രെയ്ന്‍ പ്രതിസന്ധി യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ ഉടന്‍ വോട്ടിങ്ങിന് വരും. അപ്പോള്‍ ഇന്ത്യ എന്ത് നിലപാടാണ് എടുക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ടതാണ്. / Photo: Wikimedia Commons

ഇത്തരം അധിനിവേശങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്, അത് ഇന്ത്യയുടെ തത്വാധിഷ്ടിത നിലപാടിന് വിരുദ്ധമായതായിട്ടുപോലും ഇന്ത്യ ഒരു റിയല്‍ പൊളിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള നിലപാടാണ് എടുത്തിട്ടുള്ളത്. അത്തരം നിലപാടാണ് ഇന്ത്യ ഇത്തവണയും എടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇതുവരെയുള്ള കാര്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. പ്രശ്നമെന്താണെന്നുവെച്ചാല്‍ കൂടുതല്‍ ശക്തമായ നിലപാട് റഷ്യക്കെതിരെ എടുക്കാന്‍ ഇന്ത്യ വലിയ സമ്മര്‍ദം നേരിടുന്നുണ്ട്, പ്രത്യേകിച്ചും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന്. എന്നാൽ, റഷ്യ ഇന്ത്യയുടെ പരമ്പരാഗത പങ്കാളിയാണ്, ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയാണ്.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചുവന്നശേഷം, ചൈനയുമായിട്ടുള്ള അതിര്‍ത്തി പ്രശ്നത്തിനുശേഷം ഇന്ത്യ കൂറേക്കൂടി കോണ്ടിനെന്റല്‍ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലുള്ള വിദേശനയങ്ങളാണ് എടുക്കുന്നത്. ഇന്ത്യയുടെ ഭൂഖണ്ഡ സുരക്ഷയ്ക്ക് റഷ്യയുമായിട്ടുള്ള ബന്ധം വളരെ പ്രധാനമാണ്. അമേരിക്കയുമായും ജപ്പാനുമായും ആസ്ട്രേലിയയുമായും മാരിടൈം സുരക്ഷ നമ്മള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ഭൂഖണ്ഡ സുരക്ഷയും ശക്തിപ്പെടുത്തുന്നുണ്ട്. ഇന്ത്യ എത്രത്തോളം ഒരു മാരിടൈം ശക്തിയാണോ അത്രതന്നെ കോണ്ടിനെന്റല്‍ ശക്തിയുമാണ്. ഇന്ത്യ ജപ്പാന്‍ പോലെയോ ആസ്ട്രേലിയയെ പോലെയോ ദ്വീപല്ല. അമേരിക്കയെപ്പോലെ അറ്റ്​ലാൻറിക്​സമുദ്രത്തിലും പസഫിക് സമുദ്രത്തിലും കിടക്കുന്ന രാജ്യമല്ല. ഇന്ത്യ ഒരു ഏഷ്യന്‍ ഭൂഖണ്ഡ ശക്തിയാണ്. അവിടെ റഷ്യയെ പൂര്‍ണമായി അവഗണിക്കാന്‍ പറ്റിയെന്ന് വരില്ല. ഇത്തരത്തിലുള്ള വിദേശനയ പ്രതിസന്ധികളാണ് ഇന്ത്യ ഇന്ന് നേരിടുന്നത്.

ഇതുവരെയുള്ള ഇന്ത്യയുടെ നടപടി നോക്കിയാല്‍ കൃത്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. കാരണം, ഒരുഭാഗത്ത് അധിനിവേശത്തിനെതിരെ സംസാരിക്കുന്നു, മറുഭാഗത്ത് റഷ്യയെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല. ഈ വിഷയം വീണ്ടും യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ വരും. ഇന്ത്യ സെക്യൂരിറ്റി കൗണ്‍സിലില്‍ നോണ്‍ പെര്‍മെനൻറ്​ അംഗമാണ്. ഈയാഴ്ച യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ വോട്ടിങ് വരും. അപ്പോള്‍ ഇന്ത്യ എന്ത് നിലപാടാണ് എടുക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമായിരിക്കാം. അങ്ങനെയൊരു തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിന് എടുക്കേണ്ടിവരും. അത് ലോകം മുഴുവന്‍ വീക്ഷിക്കുന്ന ഒരു വോട്ടിങ്ങായിരിക്കും.

ഇപ്പോഴും പരിമിതമായ അളവിലാണെങ്കിലും റഷ്യയില്‍ പ്രതിരോധത്തിന്റെ ശബ്ദം സാധ്യമാണ്. നിങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുണ്ട്. സ്റ്റേറ്റ് മീഡിയക്കാണ് ആധിപത്യമെങ്കിലും പേരിനെങ്കിലും ആൻറി ഗവണ്‍മെൻറ്​ മാധ്യമങ്ങള്‍ റഷ്യയിലുണ്ട്.

കരുത്തനായ ഒരു ലോക നേതാവ് എന്ന പ്രതിച്​ഛായ വ്‌ളാദിമിര്‍ പുടിന്‍ ഇതിനകം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വിമര്‍ശകരിലേറെയും റഷ്യ, പുടിന്‍ കേന്ദ്രീകൃതമായ ഒരു ഒലിഗാര്‍ക്കിയുടെ ഭരണത്തിലാണെന്നു വിശ്വസിക്കുന്നു. നേരിട്ട് റഷ്യയെയും യുക്രെയ്‌നിനെയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക് കരുത്തുറ്റ നേതൃത്വം തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. ഇപ്പോഴത്തെ അധിനിവേശത്തിനു ശേഷമുള്ള രാഷ്ട്ര നേതൃത്വങ്ങളുടെ ഭാവി രൂപീകരണങ്ങളില്‍ പുടിന്‍ പ്രതിഭാസം എങ്ങനെ സ്വാധീനിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?

ശക്തനായ നേതാവ് എന്ന പ്രതിച്ഛായ പുടിന്‍ എല്ലാ കാലത്തും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 1990കളിലെ റഷ്യയെ 2000-ലെ റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം തകര്‍ന്നുപോയ റഷ്യയെ സാമ്പത്തികമായും തന്തപരമായും പുനര്‍നിര്‍മിക്കുന്ന നേതാവ് പുടിനാണ്. അത് നിരാകരിക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യമാണ്. അതേസമയം, പുടിന്‍ വളരെയധികം ആധിപത്യ പ്രവണതകളുള്ള ഒരു നേതാവാണ്. റഷ്യയിലെ പല പ്രതിപക്ഷ നേതാക്കളും വെടിയേറ്റ്​ കൊല്ലപ്പെട്ടിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട്. ഈയടുത്ത കാലത്ത് പുടിന്റെ ഏറ്റവും പ്രധാന വിമര്‍ശകനായ അലക്സി നവല്‍നിയെ സൈബീരിയയില്‍ വെച്ച് വിഷമേല്‍പ്പിച്ചു. ഇതൊക്കെ ക്രെംലിന്‍ ചെയ്യുന്നതാണോയെന്ന് പറയാനാകില്ലെങ്കിലും ഇങ്ങനെ പലരീതിയില്‍ എതിര്‍പ്പുകളെയെല്ലാം അടിച്ചമര്‍ത്തുന്ന സംവിധാനമാണ് അവിടെയുള്ളത്. അങ്ങയൊരു സംവിധാനമാണ് പുടിന്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അത് പൂര്‍ണമായും സ്വേച്ഛാധിപത്യമാണോ എന്ന് ചോദിച്ചാല്‍, അല്ല. കാരണം ഇപ്പോഴും പരിമിതമായ അളവിലാണെങ്കിലും റഷ്യയില്‍ പ്രതിരോധത്തിന്റെ ശബ്ദം സാധ്യമാണ്. നിങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുണ്ട്. സ്റ്റേറ്റ് മീഡിയക്കാണ് ആധിപത്യമെങ്കിലും പേരിനെങ്കിലും ആൻറി ഗവണ്‍മെൻറ്​ മാധ്യമങ്ങള്‍ റഷ്യയിലുണ്ട്. സോഷ്യല്‍ മീഡിയ താരതമ്യേന സ്വതന്ത്രമാണ്. പ്രതിരോധ ശബ്ദങ്ങള്‍ ഒരുപരിധി വരെ അംഗീകരിക്കപ്പെടുന്നുണ്ട്. അപ്പോള്‍ ഒരു സമ്പൂര്‍ണ സ്വേച്ഛാധിപത്യ സംവിധാനമല്ല റഷ്യയുടേത്. അതേസമയം, സ്വേച്ഛാധിപത്യ പ്രവണതകളുള്ള ഭരണമാണ് റഷ്യയിലുള്ളത്. അതാണ് റഷ്യയുടെ ഒരു വൈരുദ്ധ്യമെന്ന് പറയുന്നത്. അതിനെ പെറി ആന്‍ഡേഴ്സണ്‍ വിളിക്കുന്നത്, ‘മാനേജ്ഡ് ഡെമോക്രസി’ എന്നാണ്.

nalvani
അലക്‌സി നവല്‍നി വിചാരണയ്ക്കിടെ / Photo: Ilya Pitalev

അടിസ്ഥാനപരമായി പുടിന്‍ ജനകീയനാണ്. ക്രൈമിയ കൂട്ടിച്ചേര്‍ക്കുന്ന സമയത്ത് പുടിന്റെ അംഗീകാരം 80 ശതമാനമായിരുന്നു. നിലവില്‍ 65- 67 ശതമാനമാണ് പുടിന്റെ പോപ്പുലാരിറ്റി റേറ്റിങ്. സ്വേച്ഛാധിപത്യ പ്രവണതയുണ്ടായിട്ടുകൂടി പുടിന്‍ ജനകീയനായി തുടരുന്നു. അതുപോലെ റഷ്യയില്‍ ഡ്യൂമ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്, പ്രസിഡൻറ്​ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. മറ്റു സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നടക്കുന്നതുപോലെയല്ല പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്. അതായത് ഒരു നിയന്ത്രിത സംവിധാനത്തിലൂടെയാണ് റഷ്യയെ പുടിന്‍ പുനര്‍നിര്‍മിക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും. അതേസമയം, ശക്തനായ നേതാവെന്ന പ്രതിച്ഛായ പുടിന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇത് പലരും ആവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയില്‍ മോദി ആയാലും തുര്‍ക്കിയില്‍ എർദ്വാൻ ഹംഗറിയിലെ വിക്റ്റര്‍ ഒര്‍ബനായാലും ശക്തനായ നേതാവെന്ന പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പുകളെ അല്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തെ റഷ്യയിലെ പുടിന്റെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതുപോലെ നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ഇവർ. ആ ഒരു സ്വാധീനം ഇവരിലൊക്കെ കാണാം.

എന്നാൽ, അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. അതായത് മോദിയെ ഒരു ഹിന്ദു നാഷണലിസ്റ്റായിട്ടാണല്ലോ കാണുന്നത്. എർദ്വാൻ ഒരു ഇസ്​ലാമിസ്റ്റാണ്. ഒര്‍ബാന്‍ കുടിയേറ്റ വിരുദ്ധ, ഇസ്​ലാമോഫോബിക് ആയ നേതാവാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും കള്ളിയില്‍ പുടിനെ പെടുത്താന്‍ പറ്റുമോയെന്ന് എനിക്കറിയില്ല. പുടിനെ നമുക്ക് സ്വേച്ഛാധിപത്യ പ്രവണതയുള്ള റഷ്യന്‍ ദേശീയതാവാദിയെന്ന് വിളിക്കാം. പക്ഷെ ഏതെങ്കിലും രീതിയിൽ മതപരമായോ വംശീയമായോ ആയ ഐഡന്റിറ്റിയല്ല പുടിന്റെ രാഷ്​ട്രീയ ഉപകരണമെന്ന് പറയുന്നത്. റഷ്യന്‍ നാഷണലിസമാണ് പുടിന്റെ പൊളിറ്റിക്കല്‍ മൊബിലൈസേഷന്‍ ടൂള്‍. അത് യാഥാസ്ഥിതിക ക്രിസ്ത്യന്‍ നാഷണലിസമല്ല. അതാണ് മോദിയെപ്പോലുള്ള, എർദ്വാനെ പോലുള്ള നേതാക്കളില്‍ നിന്ന്​ പുടിനെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ കേന്ദ്രിതമായ കേന്ദ്രീകൃത ഭരണമാണ്​ പുടിന്റേത്. റഷ്യൻ സ്​റ്റേറ്റാണ്​ പുടിന്റെ ഐഡിയോളജി. പുടിനൊരു തീവ്ര വലതുപക്ഷ സ്വേച്ഛാധിപതിയല്ല. ഈയൊരു വ്യത്യാസം നമുക്ക് പാശ്ചാത്യ മാധ്യമങ്ങളില്‍ നിന്ന് കിട്ടില്ല. കാരണം പാശ്ചാത്യ മാധ്യമങ്ങള്‍ ഇവരെയെല്ലാവരെയും ഒരേ രീതിയിലാണ് കാണുക. അവരെ സംബന്ധിച്ച് പുടിന്‍ എന്നാല്‍ ക്രെംലിനില്‍ ഇരുന്ന് അമേരിക്കന്‍ നിയന്ത്രിത ലോകത്തെ വെല്ലുവിളിക്കുന്ന ദുഷ്ടശക്തിയാണ്. അതും ഒരു തരം പ്രൊപഗാന്‍ഡയാണ്​. അതിനപ്പുറത്തേക്ക് കടന്ന് പുടിനെ, പുടിന്റെ രാഷ്ട്രീയത്തെ സൂക്ഷ്മമായി മനസിലാക്കുകയാണു വേണ്ടത്. അതേസമയം, പുടിന്റെ ഇതുവരെയുള്ള വിജയകരമായ ‘സ്ട്രോങ്മാന്‍ പൊളിറ്റിക്സ്’ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് നേതാക്കളുണ്ട്, ലോകത്തിന്റെ പല ഭാഗങ്ങളിൽ എന്നത് ഒരു വാസ്തവമാണ്.    


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

സ്​റ്റാൻലി ജോണി

‘ദ ഹിന്ദു’വിൽ ഇൻറർനാഷനൽ അഫയേഴ്​സ്​ എഡിറ്റര്‍.  ജിയോ പൊളിറ്റിക്​സ്​, മിഡില്‍ ഈസ്​റ്റ്​ ആൻറ്​ ഇന്ത്യൻ ഫോറിൻ പോളിസി, ഇൻറർനാഷനൽ പൊളിറ്റിക്​സ്​ തുടങ്ങിയ മേഖലകളിൽ ഇടപെട്ട്​ എഴുതുന്നു. The ISIS Caliphate: From Syria to the Doorsteps of India, The Comrades And The Mullahs: China, Afghanistan and the New Asian Geopolitics (ആനന്ദ്​ കൃഷ്​ണനോടൊപ്പം) തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

കമല്‍റാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റര്‍.