Tuesday, 28 March 2023

Second Wave of Covid-19


Text Formatted

പണമുള്ളവര്‍ക്കുമാത്രമായി കോവിഡ് വാക്‌സിന്‍
​​​​​​​പരിമിതപ്പെടുത്തുന്ന നവ ഉദാരവല്‍ക്കരണം

കോവിഡ് വാക്‌സിന്‍ പണം കൊടുത്ത് വാങ്ങണം എന്ന വ്യവസ്ഥ വരുന്നതോടെ, വാക്​സിൻ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാര്‍ പൗരനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിമൂലം ഒരാള്‍ക്ക് തനിക്ക് പ്രതിരോധ കുത്തിവെപ്പ് വേണ്ട എന്ന് തീരുമാനിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ദുരവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

Image Full Width
Image Caption
Photo: UNICEF
Text Formatted

പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സര്‍ക്കാര്‍ സംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കുന്നു എന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്. പലപ്പോഴും ചോദ്യം ചെയ്യാതെ പൗരന്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കുന്നത് ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോഴാണ്. സര്‍ക്കാര്‍ പ്രതിസന്ധി എന്നത്  ഭരണകൂട ഭാഷ കൂടിയാണ് എന്ന് പലപ്പോഴും നമ്മള്‍ വിസ്മരിക്കുന്നു. ദുരന്തങ്ങളും മഹാമാരിയും സര്‍ക്കാരില്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്നത് വസ്തുതയാണ്. എന്നാല്‍ ഇത്തരം സാമ്പത്തിക ചെലവിന് സര്‍ക്കാര്‍ നല്‍കുന്ന അമിത പ്രാധാന്യം ഒരു നവ- ഉദാരവല്‍ക്കരണ ആശയം കൂടിയാണ്. 

പണമുള്ളവര്‍ക്കു മാത്രം വാക്​സിൻ നിജപ്പെടുത്തുന്നതിലൂടെയും, മഹാമാരിയെ പ്രതിരോധിക്കാന്‍ തക്ക ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ പൗരനെ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെയും സര്‍ക്കാരുകള്‍ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുകയാണ്​.

സാമ്പത്തിക അസമത്വവും സമ്പത്തിന്റെ എകീകരണവും നിലനില്‍ക്കുന്ന ഇന്ത്യയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ​ പൊതുജനം അംഗീകരിക്കേണ്ടതില്ല, എന്നുമാത്രമല്ല, അതിനനുസരിച്ച് തങ്ങളുടെ ജീവിതം പരുവപ്പെടുത്തേണ്ടതുമില്ല. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും ഒന്നും തന്നെ ഒരു വ്യക്തിയുടെ പൗരാവകാശങ്ങളോ ജനാധിപത്യാവകാശങ്ങളോ ഇല്ലാതാക്കുന്നില്ല. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം എന്ന് പൗരന്‍ ആവശ്യപ്പെടുന്നു എങ്കില്‍ അതിനര്‍ത്ഥം ഇത്തരം ദുരന്തങ്ങള്‍ ജനാധിപത്യത്തിലാണ് സംഭവിക്കുന്നത് എന്നതുകൊണ്ടുകൂടിയാണ്. 

കോവിഡ് വാക്​സിൻ എല്ലാ പൗരന്‍മാര്‍ക്കുമായി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല എന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാകുന്നത് ഈ സാഹചര്യത്തിലാണ്. പണമുള്ളവര്‍ക്കു മാത്രം ഇത്തരം പ്രതിരോധങ്ങള്‍ നിജപ്പെടുത്തുന്നതിലൂടെയും, ഒരു വര്‍ഷത്തിലധികമായി തുടരുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ തക്ക ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ പൗരനെ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെയും സര്‍ക്കാരുകള്‍ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുകയാണ്​. എല്ലാവര്‍ക്കും വാക്​സിൻ എന്ന ആശയത്തെ സര്‍ക്കാര്‍ പിന്തുണക്കുന്നില്ല എന്ന വസ്തുത വിസ്മരിക്കാന്‍ കഴിയില്ല.

oxygen
ഒരു വര്‍ഷത്തിലധികമായി തുടരുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ തക്ക ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ പൗരനെ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെയും സര്‍ക്കാരുകള്‍ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. / Photo: UNICEF

മറ്റൊന്ന്, നിലവിലെ വാക്​സിൻ ഉല്‍പാദനവും വിതരണവും ആവശ്യവുമായി ഒത്തുപോകുന്നതല്ല. അതുകൊണ്ടുതന്നെയാണ് സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ലാഭം കണക്കാക്കി വിലനിര്‍ണയം നടത്താന്‍ കഴിയുന്നതും ഈ നടപടിക്ക് സര്‍ക്കാര്‍ പിന്തുണ കിട്ടുന്നതും. കേവലം സാമ്പത്തികയുക്തി കൊണ്ട് മറികടക്കാന്‍ കഴിയുന്നതല്ല ഈ പ്രതിസന്ധി. സര്‍ക്കാര്‍ പൗരനുമേല്‍  വലിയ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കുന്നുണ്ട്. സര്‍ക്കാരിന് വില നിയന്ത്രിക്കാന്‍ കഴിയാത്തവിധം ദുരബലമാണ് ഭരണകൂടം എന്ന് കരുതാന്‍ കഴിയില്ല. പകരം ഭരണകൂടം വാക്സിന്‍ കമ്പനികളുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നുപറയേണ്ടി വരും. സാമ്പത്തിക ലാഭം കൃത്യമായി പങ്കുവെക്കപ്പെടുന്നു എന്ന വസ്തുത അംഗീകരിക്കേണ്ടിവരും. ഇത്തരം പങ്കുവെക്കലിലൂടെ നഷ്ടപ്പെടുന്നത് ജനാധിപത്യമാണ്.  

ജനാധിപത്യം പരാജയപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രശ്നം. ശക്തമായ ഒരു ഭരണകൂടത്തെയാണ് പൊതുവില്‍ പ്രതിസന്ധികളില്‍ ജനം ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വകാര്യ മൂലധനം സംരക്ഷിക്കുന്ന, അതോടൊപ്പം പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് ഇന്നുള്ളത്. രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വാക്സിന്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാര്‍ പൗരനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്നത് ഇതിനുദാഹരണമാണ്.  

കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടുമാത്രമല്ല, ഏതാനും വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക നയങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടിയാണ് ഇന്ന് ശരാശരി ഇന്ത്യ പൗരന്‍ അനുഭവിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം ഒരാള്‍ക്ക് തനിക്ക് പ്രതിരോധ കുത്തിവെപ്പ് വേണ്ട എന്ന് തീരുമാനിക്കാം. ഇത്തരം തീരുമാനങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നത്തോടൊപ്പം അതുണ്ടാക്കുന്ന അസമത്വങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുമാത്രമല്ല, ഏതാനും വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക നയങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടിയാണ് ഇന്ന് ശരാശരി ഇന്ത്യ പൗരന്‍ അനുഭവിക്കുന്നത്. അടിസ്ഥാന ചികിത്സ കിട്ടാതെ ജനങ്ങള്‍ മരിച്ചു വീഴുന്നു എന്നത് ഒരു നൂറ്റാണ്ടിന് മുന്‍പേ നടന്നതായി പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് ഈ ദുരന്തങ്ങളുണ്ടാകുന്നത്. ഓക്‌സിജന്‍ ഇല്ലാതെയും മതിയായ ചികിത്സ കിട്ടാതെയും മരിച്ചു വീഴുന്നത് ജനാധിപത്യ അവകാശങ്ങള്‍ പൗരന് നിഷേധിക്കപ്പെടുന്നതിനുതുല്യമാണ്. ഇത്തരം ജനാധിപത്യ നിഷേധങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നില്ല എന്ന വസ്തുത വിസ്മരിക്കാന്‍ കഴിയില്ല. കോവിഡ് ദുരന്തത്തോടൊപ്പം ജനാധിപത്യത്തിന്റെ ഈ ദുരന്തവും ഒരു പോലെ പരിഗണിക്കേണ്ടതുണ്ട്. 

hospital
ഡല്‍ഹി ജി.ടി.ബി ഹോസ്പിറ്റലിന്റെ പ്രധാന ഗേറ്റ് അടച്ചിട്ട നിലയില്‍. കിടക്കകള്‍ ഒഴിവില്ലെന്നതിനാല്‍ രോഗികളെ തിരിച്ചയക്കുകയാണ്. / Photo: Hemant Rajaura, Twitter

എല്ലാവര്‍ക്കുമായി വാക്​സിൻ ഇല്ല യാഥാര്‍ഥ്യവും അതോടൊപ്പം പണം കൊടുത്ത് വാങ്ങണം എന്ന സര്‍ക്കാര്‍ നിബന്ധനയും സമൂഹത്തിയില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യമായി വാക്​സിൻ ഉറപ്പാക്കുക എന്നതുമാത്രമാണ് ഈ ഭീതി മറികടക്കാനുള്ള മാര്‍ഗം, സര്‍ക്കാര്‍ സവിധാനത്തിനുമാത്രമേ ഇതിന് സാധിക്കൂ. 

കേരള സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ മറികടക്കാന്‍ ഉപയോഗിക്കുന്ന രീതിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കാനുള്ള തീരുമാനത്തിന് വലിയ ജനകീയതയാണ് കിട്ടുന്നത്. സാധാരണക്കാരും തൊഴിലാളികളും ഒക്കെ തങ്ങളുടെ പരിമിത സമ്പാദ്യത്തില്‍ നിന്ന് സര്‍ക്കാരിലേക്ക് അടക്കുന്ന പണം ഒരു തുക എന്ന നിലയില്‍ വലുതല്ല എങ്കിലും ഭരിക്കുന്ന സര്‍ക്കാരിന് അവരുടെ വിശ്വസനീയതയുടെ ലക്ഷണം കൂടിയാണ്. ഇതൊരു ധാര്‍മികതയുടെ പ്രശ്നം കൂടിയാണ്, അതായത് ദരിദ്രനായ ഒരു വ്യക്തി തന്നെയും ഭരണകൂടത്തെയും താരതമ്യം ചെയ്യുന്നു എന്നുകൂടി ഇതിനര്‍ഥമുണ്ട്. നവ- ഉദാരവല്‍ക്കരണത്തിന്റെ വിജയം കൂടിയാണ് ഈ പൊതുജന പിന്തുണ എന്ന് മനസിലാക്കേണ്ടതുണ്ട്.  

നികുതിയും  നിയമാനുസൃതമായി സേവനങ്ങള്‍ക്ക് കൊടുക്കേണ്ട പണവും ആയിട്ടല്ലാതെ, പൗരന്‍ ഒരു ഭരണകൂടത്തിന് നേരിട്ട് പണം നല്‍കേണ്ടത് ചില അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ്

ഒരു സന്നദ്ധ സംഘനക്കോ വ്യക്തിക്കോ സംഭാവന കൊടുക്കുന്ന രീതിയല്ല ഇത്. നികുതിയും  നിയമാനുസൃതമായി സേവനങ്ങള്‍ക്ക് കൊടുക്കേണ്ട പണവും ആയിട്ടല്ലാതെ, പൗരന്‍ ഒരു ഭരണകൂടത്തിന് നേരിട്ട് പണം നല്‍കേണ്ടത് ചില അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ്. പണം കൊടുത്താലേ വാക്​സിൻ കിട്ടൂ എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തോടുള്ള പ്രതിഷേധമായി വിലയിരുത്താനാണ് കേരളത്തില്‍ ഇടതുപക്ഷം ശ്രമിക്കുന്നതും. ഇതൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. എന്നാല്‍ ഇത്തരം പ്രവൃത്തിയിലൂടെ പലപ്പോഴും ഭരണകൂടത്തെ ചോദ്യം ചെയ്യുക എന്ന വലിയ ഉത്തരവാദിത്തത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അകന്നു പോകുന്നു എന്നും അര്‍ത്ഥമുണ്ട്. തകര്‍ന്നു പോകുന്നതോ തകര്‍ക്കപ്പെടുന്നതോ ആയ ക്ഷേമരാഷ്ട്രത്തെ സംരക്ഷിക്കാനുള്ള പൗരന്റെ ശ്രമമായി ഇതിനെ വിലയിരുത്തുന്നതില്‍ തെറ്റില്ല, എന്നാല്‍ കേവലം വൈകാരികതക്കപ്പുറം ഭരണകൂടത്തെ തീവ്രമായി സംരക്ഷിക്കുക എന്ന മുതലാളിത്ത അജണ്ട കൂടെ അറിഞ്ഞോ അറിയാതെയോ നടപ്പിലാക്കപ്പെടുന്നു എന്ന സത്യവും വിസ്മരിക്കാന്‍ കഴിയില്ല.

എസ്. മുഹമ്മദ് ഇര്‍ഷാദ്

അസിസ്റ്റന്റ് പ്രഫസര്‍, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്
 

Audio