Friday, 09 December 2022

ലിംഗ സമത്വവും ആൺബോധവും


Text Formatted

ജെൻഡർ പൊളിറ്റിക്​സ്​ ഇനിയും
​​​​​​​തിരിച്ചറിയാത്ത ‘ആൺവീര’ന്മാരോട്​

ഡ്രസ് ന്യൂട്രലാവുക എന്നാല്‍ അത് പാന്റോ പാവാടയോ ആവുക എന്നല്ല അര്‍ഥം. ആണിനും പെണ്ണിനും ട്രാന്‍സ്ജെന്‍ഡറിനും സ്വന്തം ജെന്‍ഡര്‍ ഐഡൻറിഫൈ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒക്കെ സ്വീകാര്യമാകുമ്പോഴാണ് ഡ്രസ് ന്യൂട്രലാവുക.

Image Full Width
Image Caption
എസ്​. ശാരദക്കുട്ടി
Text Formatted

കേരളത്തില്‍ ജെന്‍ഡര്‍ പൊളിറ്റിക്​സ്​ സജീവമായി ചര്‍ച്ച ചെയ്തുതുടങ്ങിയിട്ട് ഇത്ര കാലമായിട്ടും നമ്മുടെ രാഷ്ട്രീയനേതൃനിരയില്‍ നില്‍ക്കുന്ന ‘ആണ്‍വീര'ന്മാരില്‍ പലരും അപരിഷ്‌കൃതരെപ്പോലെ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍, വിദ്യാഭ്യാസമില്ലായ്മയേക്കാള്‍ പ്രശ്‌നം തെറ്റായ വിദ്യാഭ്യാസമാണ് എന്ന് പറയേണ്ടിവരുന്നു.

ഇനി എന്നാണിവര്‍ വ്യക്തതയോടെ രാഷ്​ട്രീയം പറഞ്ഞുതുടങ്ങുക? ഇനി എന്നാണിവര്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി, അപരവത്കരിക്കപ്പെടുന്നവര്‍ക്കുവേണ്ടി, ക്വിയര്‍ മനുഷ്യര്‍ക്കുവേണ്ടിയൊക്കെ ഗൗരവമായി സംസാരിച്ചുതുടങ്ങുക? ഇനി എന്നാണവര്‍  ‘ആണും പെണ്ണും കെട്ടവര്‍’ എന്നത് ഒരധിക്ഷേപവാക്കുപോലെ ഉച്ചരിക്കുന്നത് അവസാനിപ്പിക്കുക? അപ്പോള്‍ അവര്‍ അധിക്ഷേപിക്കുന്നത് അവരവരെത്തന്നെയാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങുക? ഇനി എന്നാകും അവര്‍ ജെന്‍ഡറും സെക്ഷ്വാലിറ്റിയും ഒക്കെ മാന്യമായി അഡ്രസ് ചെയ്തുതുടങ്ങുക?

ഡോ. എം.കെ. മുനീറിനെ പോലെയുള്ളവര്‍ കുറച്ചുകൂടി സയൻറിഫിക്കായി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കുതെറ്റി. പഴയകാല ബയോളജി പുസ്തകങ്ങള്‍ പഠിപ്പിച്ചതിനപ്പുറമൊന്നും മെഡിക്കല്‍ വിദ്യാഭ്യാസം കൊണ്ടും ദീര്‍ഘകാല പൊതുപ്രവര്‍ത്തനം കൊണ്ടുപോലും ആര്‍ജിക്കാനാകുന്നില്ലെങ്കില്‍ അത് നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ തകരാറുതന്നെയാണ്.

ജെന്‍ഡര്‍ സെന്‍സിബിലിറ്റിയെക്കുറിച്ച് അടിസ്ഥാനബോധ്യം പോലുമില്ലാത്തതുകൊണ്ടാണ് നിയമസഭക്കുള്ളില്‍നിന്നും പുറത്തുനിന്നും ഇവരില്‍നിന്ന് ഇങ്ങനെ ആണ്‍പുളപ്പുഭാഷകള്‍ നിരന്തരം കേള്‍ക്കേണ്ടിവരുന്നത്. ആണ്‍ഫാന്റസികളെ തൃപ്തിപ്പെടുത്തി കൈയടി നേടാനുള്ള ശ്രമങ്ങള്‍ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്ന് തുടരെത്തുടരെയുണ്ടാകുന്നു. ഡോ. എം.കെ. മുനീറിനെ പോലെയുള്ളവര്‍ കുറച്ചുകൂടി സയൻറിഫിക്കായി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. പഴയകാല ബയോളജി പുസ്തകങ്ങള്‍ പഠിപ്പിച്ചതിനപ്പുറമൊന്നും മെഡിക്കല്‍ വിദ്യാഭ്യാസം കൊണ്ടും ദീര്‍ഘകാല പൊതുപ്രവര്‍ത്തനം കൊണ്ടുപോലും ആര്‍ജിക്കാനാകുന്നില്ലെങ്കില്‍ അത് നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ തകരാറുതന്നെയാണ്. ഇന്നും ആണ്‍- പെണ്‍ എന്നാല്‍ പരസ്പരാകര്‍ഷണമുണ്ടാക്കാനുള്ള രണ്ട് ലിംഗശരീരങ്ങള്‍ മാത്രമായി പലരുടെയും തലയില്‍ ഉറച്ചിരിക്കുക തന്നെ ചെയ്യുന്നു. മതങ്ങളേതിലും വലുതും ആദിമമായതും ആണത്തമതം തന്നെ എന്നിവരുടെ നാവുകള്‍ കൊണ്ട് ഉറപ്പിച്ചുകൊണ്ടേയിരിക്കും.
ബാക്കി മതങ്ങളെല്ലാം അതിന്റെ അവാന്തരഭേദങ്ങള്‍ മാത്രമാണ് എന്നവര്‍ തെളിയിച്ചുകൊണ്ടേയിരിക്കും.

dress
ഇന്നും ആണ്‍- പെണ്‍ എന്നാല്‍ പരസ്പരാകര്‍ഷണമുണ്ടാക്കാനുള്ള രണ്ടു ലിംഗശരീരങ്ങള്‍ മാത്രമായി പലരുടെയും തലയില്‍ ഉറച്ചിരിക്കുക തന്നെ ചെയ്യുന്നു. photo/ alibaba.com

നിലനില്‍ക്കുന്ന മതബോധം തന്നെ അങ്ങേയറ്റം അപകടകരമാണെന്നിരിക്കെ കൂടുതല്‍ വികലവും മനുഷ്യവിരുദ്ധവുമായ മതബോധം ജനങ്ങളിലേക്ക് പകരരുതെന്ന് കേരളത്തിന് ഏറെ ആദരണീയനായ സി.എച്ച്. മുഹമ്മദ് കോയയുടെ മകനെ ഓര്‍മിപ്പിക്കേണ്ടിവരുന്നത് വല്ലാത്ത ഗതികേടുതന്നെയാണ്. ലൈംഗികവിദ്യാഭ്യാസം ആരംഭിക്കണമെന്നു പറയുമ്പോള്‍ സ്‌കൂളുകളില്‍ ഡേ കെയര്‍ കൂടി തുടങ്ങേണ്ടിവരുമെന്നുപറയുന്ന സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ചു പറയുമ്പോഴുള്ള ഡോ. മുനീറിന്റെ പിണറായി - കമല പരാമര്‍ശവും അതുകേട്ട് കൈയടിച്ച ജനങ്ങളുടെ ആഹ്ലാദാട്ടഹാസവും. ഇത് ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ ടോയ്​ലറ്റുകളില്‍ ഗര്‍ഭധാരണസാധ്യത കൂടുതലാണെന്നുവരെ കൈയടികളില്‍ ഭ്രമിക്കുന്ന നേതാക്കളില്‍നിന്ന് കേള്‍ക്കേണ്ടിവരും. ടോയ്‌ലറ്റ് സാഹിത്യത്തോളം അധഃപതിക്കരുത് പൊതുപ്രവര്‍ത്തകരുടെ പ്രഭാഷണകല. വിമാനത്തിലും തീവണ്ടിയിലും വീടുകളിലും ഒക്കെ ജെന്‍ഡര്‍ ന്യൂട്രല്‍ ടോയ്‌ലറ്റുകളാണ് നിലവിലുള്ളതെന്നൊക്കെ നമ്മേക്കാള്‍ ലോകപരിചയമുള്ളവരെ ഓര്‍മിപ്പിക്കേണ്ടിവരുന്നുവെന്നതാണ് പരിതാപകരം.

ലൈംഗികവിദ്യാഭ്യാസം ആരംഭിക്കണമെന്നു പറയുമ്പോള്‍ സ്‌കൂളുകളില്‍ ഡേ കെയര്‍ കൂടി തുടങ്ങേണ്ടിവരുമെന്നുപറയുന്ന സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ചു പറയുമ്പോഴുള്ള ഡോ. മുനീറിന്റെ  പിണറായി - കമല പരാമര്‍ശവും അതുകേട്ട് കൈയടിച്ച  ജനങ്ങളുടെ ആഹ്ലാദാട്ടഹാസവും. ഇത് ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് നിയമസഭയില്‍ നല്‍കിയ റുളിങ്ങിന് തൊട്ടുപിന്നാലെയാണ് ലിംഗസമത്വമെന്ന ആശയത്തെ പരിഹസിച്ചും അധിക്ഷേപിച്ചുകൊണ്ടുമുള്ള മുനീറിന്റെ പരാമര്‍ശങ്ങളുണ്ടായത് എന്നത് ഏറെ ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണ്. ലിംഗസമത്വത്തെ അംഗീകരിക്കാന്‍ ഇദ്ദേഹം മടിക്കുന്നത് അജ്ഞത കൊണ്ടാണെന്ന് കരുതാനാനെനിക്ക് ഇപ്പോഴും കഴിയുന്നില്ല. സമൂഹം ഡോക്ടര്‍മാരില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ ചോദ്യംചെയ്യുന്നതുപോലെയാകും അത്. മെഡിക്കല്‍ വിദ്യാഭ്യാസവും പഴയകാല ഹൈസ്‌കൂള്‍ ബയോളജി പുസ്തകത്തിനപ്പുറത്തേക്ക് കടന്നുചിന്തിക്കുന്നില്ല എന്നുകരുതാന്‍ എന്റെ യുക്തിബോധം അനുവദിക്കുന്നില്ല.
ലിംഗസമത്വമെന്ന ആശയത്തിനെതിരായി സംസാരിക്കുന്ന പലരും മുനീര്‍ പറഞ്ഞതിലെന്താ തെറ്റ്, കമലാ വിജയന് പാന്റിടാമെങ്കില്‍ പിണറായി വിജയന് സാരിയുടുത്താലെന്താ എന്നാവര്‍ത്തിക്കുന്നത് കേട്ടപ്പോള്‍ ആശങ്ക തോന്നി. നേതാക്കളുടെ ഭാഷാപ്രയോഗങ്ങളുടെ വ്യാപനശേഷി വലിയ വലിയ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് വഴിതുറന്നിട്ടുള്ള നാടാണിത്. എന്നാല്‍ ഇന്നു നടക്കുന്നത് ഒരുതരത്തില്‍ ബോധപൂര്‍വമായ ആക്രമണമാണ്. വളരെ സ്വാഭാവികമായിത്തന്നെ പരിഗണിക്കേണ്ട ലിംഗസമത്വമെന്ന ആശയത്തെപോലും അസ്വാഭാവികവും അസാധ്യവുമെന്ന മട്ടില്‍ പെരുപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ അജ്ഞത വളര്‍ത്തുന്നതിനെ അംഗീകരിക്കാനാവില്ല.

ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാല്‍ ജനാധിപത്യത്തെയും ഭരണഘടനാമൂല്യങ്ങളെയും തള്ളിക്കളയുക എന്നാണര്‍ഥമെന്ന സ്പീക്കറുടെ അസന്ദിഗ്ധമായ പ്രസ്താവന ഇവരെ ഒന്നും സ്പര്‍ശിച്ചിട്ടുപോലുമില്ല.

riyas
റിയാസ് സലിം

ഇനിയും തലയില്‍ വെട്ടം വീഴാത്തവര്‍ കേട്ടു മനസ്സിലാക്കാനായി ഞാന്‍ ഒരു വീഡിയോ സജസ്റ്റ് ചെയ്യുകയാണ്. റിയാസ് സലിം എന്ന ചെറുപ്പക്കാരന്‍ LGBTQIA+ നെ കുറിച്ച് സംസാരിക്കുന്ന ആ വീഡിയോക്ക് നിങ്ങളെ കൃത്യമായി പലതും പഠിപ്പിക്കാനാകും. റിയാസ് സലിം വെറും ഒരു ബിഗ്​ ബോസ്​ കാൻഡിഡേറ്റ്​ മാത്രമല്ല. തനിക്കു കിട്ടിയ പ്ലാറ്റ്​ഫോമിലൂടെ എങ്ങനെ സമൂഹത്തിലേക്ക് നൂതനാശയങ്ങള്‍ സംവേദനം ചെയ്യാമെന്ന് തെളിയിച്ച വ്യക്തിയാണ്. പലതരം സെക്ഷ്വാലിറ്റീസ്​ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാമേതാണെന്നും എന്തുകൊണ്ടാണെന്നുമൊക്കെ ആ ഇരുപത്തിയഞ്ചുകാരന്‍ വ്യക്തമായി പറയുന്നത് ഡോക്ടറായ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നു കേള്‍ക്കണം. നിങ്ങളെ മികച്ച രീതിയില്‍ പൊളിറ്റിക്കലാകാന്‍ ഈ സംഭാഷണം സഹായിക്കാതിരിക്കില്ല. കുറഞ്ഞപക്ഷം, സാരിയുടുക്കുന്നതല്ല പെണ്ണത്തമെന്നും പാന്റിടുന്നതും മീശവെക്കുന്നതും ഒച്ചയിടുന്നതും ആര്‍പ്പുവിളിക്കുന്നതുമല്ല ആണത്തമെന്നും എങ്കിലും മനസ്സിലാക്കിയിരിക്കണം. താനിടപെടുന്ന ചെറിയ ഇടങ്ങളില്‍ നിന്നുകൊണ്ട്, തനിക്കു കിട്ടുന്ന ചെറിയ സമയത്തിനുള്ളില്‍ വാക്കുകളെ കൃത്യമായുപയോഗിച്ച് പുറംലോകത്തെ വലുതായി മാറ്റാന്‍ കഴിയുന്ന ചെറുപ്പക്കാരുണ്ട്. അവരില്‍നിന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ വിദ്യാഭ്യാസമാര്‍ജിക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് നിങ്ങള്‍ റിയാസ് സലിമിനെ പോലുള്ളവരെ കേള്‍ക്കണമെന്നു പറയുന്നത്.

സമൂഹത്തില്‍ പലതരം ലൈംഗികതകളും പലതരം വ്യക്തിത്വങ്ങളും ഉണ്ടെന്നറിയുന്ന ചെറുപ്പക്കാര്‍ ഏറിവരുന്ന ഒരു കാലത്തോടാണ്, തലമുറയോടാണ് താന്‍ സംസാരിക്കുന്നത് എന്നുപോലും ചിന്തിക്കാത്ത ഡോ. എം.കെ മുനീര്‍, താങ്കള്‍ അത്യാവശ്യമായും കേട്ടിരിക്കണം റിയാസ് സലിം പറഞ്ഞ വാക്കുകള്‍. കേരളം മുഴുവന്‍ ഈയൊരഭിമുഖം കാണട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. തലക്കു വെളിവും വെളിച്ചവും അഴകുമുള്ള ഒരാളെ കേട്ടിരിക്കുക, കണ്ടിരിക്കുക.

DRESS
ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമെന്നാല്‍ cross dressing അല്ല. ന്യൂട്രലെന്നാല്‍ അത് ന്യൂട്രലായിരിക്കണം. Photo/H&M

വലിയ വായനയുള്ള, ധാരാളം വായിക്കുന്ന നല്ല സുഹൃത്തുക്കളും ഉപദേശകരും പ്രചാരകരും ഉള്ള നേതാവാണ് ഡോ. മുനീര്‍. സാംസ്‌കാരികസമൃദ്ധമായ ഒരു രാഷ്ട്രീയപൈതൃകമുള്ളയാള്‍. വൈദ്യശാസ്ത്ര ബിരുദധാരി. അദ്ദേഹത്തില്‍ അറിവില്ലായ്മ ആരോപിക്കുവാന്‍ അത്ര എളുപ്പമല്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നൊന്നും അദ്ദേഹത്തെ ആരും പറഞ്ഞുപഠിപ്പിക്കേണ്ടതുമില്ല. ആ വാക്കിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ അര്‍ഥവ്യാപ്തി മറ്റൊരുതരത്തില്‍ ചുരുക്കിക്കൊണ്ട് മതപരമായ ഒരിടുക്കിലേക്ക് തന്നെ വിശ്വസിക്കുന്ന ജനതയെ നയിക്കുവാന്‍ അദ്ദേഹം തന്റെ പൊതുജനസമ്മതിയും വാക് സാമര്‍ഥ്യവും അപകടകരമായി ഉപയോഗിക്കുകയാണ്.

രാഷ്ട്രീയനേതാക്കള്‍ വലിയ പൊതുപ്രവര്‍ത്തനപരിചയവും സമൂഹത്തിലെ നാനാ വിതാനങ്ങളില്‍പെട്ടവരുമായുള്ള വലിയ സൗഹൃദസമ്പത്തും വാക്ചാതുരിയും ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുവാന്‍ ശേഷിയുമുള്ളവരാണ്. ഈ സിദ്ധികളെ കുത്സിതബുദ്ധിയോടെ ബോധപൂര്‍വം വിഭാഗീയത സൃഷ്ടിക്കാനായി തങ്ങളുടെ വലുതായ ജനസ്വാധീനത്തെ അവര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നമ്മള്‍ ശ്രദ്ധാലുക്കളായിരിക്കണം. തങ്ങള്‍ക്കുള്ള ജനപിന്തുണയെ അവര്‍ ഗുരുതരമായി ഭയക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവരെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുക എന്നത് ഇന്ന് നമ്മെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണ്. ഉപയോഗിക്കുന്ന വാക്കുകളുടെമേല്‍ ഉണ്ടായിരിക്കേണ്ട ജാഗ്രതയാണ് പൊതുപ്രവര്‍ത്തകരുടെ ഏറ്റവും മികവുള്ള ഗുണമേന്മയായി ഞാന്‍ കരുതുന്നത്. അല്ലാതെ അഴകിലും ആരോഗ്യത്തിലും ജനസമ്മതിയിലും കിടന്നുപുളയ്ക്കലല്ല..

പുതുതായി അധികാരമേറ്റ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സാന്നാ മാറിനെ കുറിച്ച് ഈയടുത്ത ദിവസം വായിക്കാനിടയായി. മൂന്നാമത്തെ തവണയും ഒരു പെണ്ണ് അവരുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നു. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി സാന്നാ മാറിനോട് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി നിങ്ങള്‍ മാറാന്‍ പോവുകയാണ്, എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി ഇതാണ്: ‘ഞാന്‍ ഇതുവരെ എന്റെ ജെന്‍ഡറിനെക്കുറിച്ചോ പ്രായത്തെക്കുറിച്ചോ ചിന്തിച്ചിട്ടുപോലുമില്ല'. അവരുടെ വിദ്യാഭ്യാസത്തിലൂടെ അവരാര്‍ജിച്ച വിവേകമാണ് അവരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

sanns
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സാന്നാമാറിൻ

സ്വൈര്യജീവിതം സാധ്യമാകുന്ന ഒരു തുല്യസങ്കല്‍പത്തിലേക്കെത്താന്‍ നമ്മുടെ വിദ്യാഭ്യാസപദ്ധതി മാറിയേ കഴിയൂ. നമ്മുടെ മതബോധവും രാഷ്ട്രീയബോധവും അടിമുടി പൊളിച്ചെഴുതിയേ കഴിയൂ. അതിന് നമ്മുടെ ജ്ഞാനവൃദ്ധര്‍ അവരുടെ വ്യാജബോധ്യങ്ങള്‍ ഉപേക്ഷിച്ച് ചെറുപ്പക്കാരെ വിശ്വസിക്കാനും കേള്‍ക്കാനും തയ്യാറാവുക. അവര്‍ തീരുമാനിക്കട്ടെ അടുത്ത തലമുറയ്ക്ക് എന്തുതരം വിദ്യാഭ്യാസമാണ് ലഭ്യമാകേണ്ടതെന്ന്, ഏതുതരം വസ്ത്രമാണ് വേണ്ടത് എന്നെല്ലാം. അവരുടെ മോഡല്‍ അവര്‍ തീരുമാനിക്കട്ടെ.

ഡ്രസ് ന്യൂട്രലാവുക എന്നാല്‍ അത് പാന്റോ പാവാടയോ ആവുക എന്നല്ല അര്‍ഥം. ആണിനും പെണ്ണിനും ട്രാന്‍സ്ജെന്‍ഡറിനും സ്വന്തം ജെന്‍ഡര്‍ ഐഡൻറിഫൈ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒക്കെ സ്വീകാര്യമാകുമ്പോഴാണ് ഡ്രസ് ന്യൂട്രലാവുക. വ്യക്തിയുടെ  ജെന്‍ഡറും വസ്ത്രവും ജെന്‍ഡര്‍ ഐഡന്റിറ്റിയും തികച്ചും വേറിട്ട തലങ്ങളില്‍ നില്‍ക്കുന്ന സംഗതികളാണ്

പിണറായിയോ കമലയോ അവര്‍ക്കു വേണ്ടത് ധരിക്കട്ടെ. സാരിയും ചുരിദാറുമൊക്കെ സൗകര്യപ്രദമെന്നു തോന്നിയാല്‍ മുനീറിനും ധരിക്കാം. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമെന്നാല്‍ cross dressing അല്ല. ന്യൂട്രലെന്നാല്‍ അത് ന്യൂട്രലായിരിക്കണം. അത് സാരിയോ പാന്റോ ആണെന്ന് സ്‌കൂളോ ഭരണകൂടമോ എങ്ങനെ തീരുമാനിക്കും? ഒരാളുടെ വസ്ത്രം കണ്ട് അയാള്‍ ഏതു ജെന്‍ഡറാണെന്നോ ഒരാളുടെ ജെന്‍ഡര്‍ നിര്‍വചിച്ച് അയാള്‍ ഏതു വസ്ത്രം ധരിക്കണമെന്നോ നിര്‍ദേശിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഡ്രസ് ന്യൂട്രലാവുക എന്നാല്‍ അത് പാന്റോ പാവാടയോ ആവുക എന്നല്ല അര്‍ഥം. ആണിനും പെണ്ണിനും ട്രാന്‍സ്ജെന്‍ഡറിനും സ്വന്തം ജെന്‍ഡര്‍ ഐഡൻറിഫൈ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒക്കെ സ്വീകാര്യമാകുമ്പോഴാണ് ഡ്രസ് ന്യൂട്രലാവുക. വ്യക്തിയുടെ  ജെന്‍ഡറും വസ്ത്രവും ജെന്‍ഡര്‍ ഐഡന്റിറ്റിയും തികച്ചും വേറിട്ട തലങ്ങളില്‍ നില്‍ക്കുന്ന സംഗതികളാണ്. അവയെ തമ്മില്‍ കൂട്ടിയിണക്കാനോ കൂട്ടിക്കുഴക്കാനോ ആര്‍ക്കും അവകാശമില്ല.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം  വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Audio