Sunday, 07 August 2022

താരവും കാലവും


Text Formatted

മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു...

ഒരു ജാരനെ രഹസ്യമായെങ്കിലും മോഹിക്കാത്ത പെണ്ണുണ്ടോ? മമ്മൂട്ടിയുടെ എനിക്കിഷ്​ടപ്പെട്ട ചിത്രങ്ങളില്‍ ഞാന്‍ ആ മോഹത്തെ സാക്ഷാത്കരിക്കുകയായിരുന്നു.

Image Full Width
Image Caption
‘ഒരു​ വടക്കൻ വീരഗാഥ’യിലെ ചന്തുവായി മമ്മൂട്ടി
Text Formatted

80 കളുടെ തുടക്കം.
സിനിമാ തീയേറ്ററുകളില്‍ നിന്നിറങ്ങാന്‍ അനുവദിക്കാതെ സംവിധായകരും
നടീനടന്മാരും ഞങ്ങളുടെ തലമുറയെ വിടാതെ പിടികൂടിയിരുന്ന കാലം.
കൂട്ടുകാരുടെ കൂടെയും തനിച്ചും ക്ലാസ് കട്ട് ചെയ്തും എങ്ങനെയും സിനിമ കാണുക തന്നെയായിരുന്നു പ്രധാന ആനന്ദമാര്‍ഗം. ബാലചന്ദ്ര മേനോനും ലെനിന്‍ രാജേന്ദ്രനും മോഹനും കെ.ജി. ജോര്‍ജ്ജും ഐ.വി.ശശിയും ഹരിഹരനും ഒക്കെ കാമ്പസുകളെ തീയേറ്ററുകളിലേക്ക് നിരന്തരം ആകര്‍ഷിച്ചു കൊണ്ടിരുന്നു. 
സുകുമാരനെന്ന നടനെ മികച്ച സംവിധായകരെല്ലാം മത്സരിച്ച് ഉപയോഗപ്പെടുത്തി. വായിക്കുന്ന നോവലുകളിലെ നായകന്മാരെല്ലാം സുകുമാരന്റെ കുസൃതിയും ചിരിയും നോട്ടവുമായി എന്റെ മുന്നില്‍ വന്നു നിന്നു. അവകാശികളിലെ കൃഷ്ണനുണ്ണിക്കും ഇണങ്ങാത്ത കണ്ണികളിലെ രാജനും മയ്യഴിയിലെ ദാസനും ഒക്കെ സുകുമാരന്‍ ഇണങ്ങും. സുകുമാരന്‍ അനായാസമായ ഭാവ പ്രകടനങ്ങളിലൂടെ, ഡയലോഗ് പ്രസന്റേഷനിലൂടെ, ആഴ്​ന്നിറങ്ങുന്ന നോട്ടത്തിലൂടെ മലയാള സിനിമയുടെ നിലവാരമുള്ള നായകനായി തിളങ്ങുകയായിരുന്നു. 

സുകുമാരന്‍ അനായാസമായ ഭാവ പ്രകടനങ്ങളിലൂടെ, ഡയലോഗ് പ്രസന്റേഷനിലൂടെ, ആഴ്ന്നിറങ്ങുന്ന നോട്ടത്തിലൂടെ മലയാള സിനിമയുടെ നിലവാരമുള്ള നായകനായി തിളങ്ങുകയായിരുന്നു
സുകുമാരന്‍ അനായാസമായ ഭാവ പ്രകടനങ്ങളിലൂടെ, ഡയലോഗ് പ്രസന്റേഷനിലൂടെ, ആഴ്ന്നിറങ്ങുന്ന നോട്ടത്തിലൂടെ മലയാള സിനിമയുടെ നിലവാരമുള്ള നായകനായി തിളങ്ങുകയായിരുന്നു

അങ്ങനെയിരിക്കെ 1981 ഒക്ടോബറില്‍ ഐ.വി. ശശിയുടെ തൃഷ്ണ റിലീസ് ചെയ്യുന്നു. അപ്പോഴേക്കും മമ്മൂട്ടിയുടെ രണ്ടു മൂന്നു സിനിമകള്‍ വന്നു കഴിഞ്ഞിരുന്നു. എങ്കിലും മമ്മൂട്ടി എന്ന നടനെ ആദ്യമായി ശ്രദ്ധിച്ച ചിത്രം തൃഷ്ണ തന്നെയായിരുന്നു. 
82 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും റിലീസായി. അന്നുവരെ സോമന്‍ -സുകുമാരന്‍ എന്നു പറഞ്ഞിരുന്ന മലയാളി പിന്നീട് മമ്മൂട്ടി  - മോഹന്‍ലാല്‍ എന്നു പറഞ്ഞു തുടങ്ങി. സിനിമാസ്വാദകരുടെ  മനസ്സിന്റെ പച്ചപ്പിലും വരള്‍ച്ചയിലും ഇവര്‍ വേഗത്തില്‍ വന്ന് നിറയുകയായിരുന്നു. രണ്ടാളെയും രണ്ടു തരത്തില്‍ മലയാളികള്‍ ഇഷ്ടപ്പെട്ടു. താരസിംഹാസനങ്ങള്‍ രണ്ടെണ്ണം ഒരുങ്ങി. അന്നു വരെ കാണാത്തതു പോലെ സിനിമാസ്വാദകര്‍ ഈ രണ്ടു താരങ്ങളുടെ അനുയായികളും ആരാധകരും എന്ന് രണ്ടായി പിരിഞ്ഞു നിന്നു. കഴിഞ്ഞ നാലു ദശകത്തോളമായി മലയാളിയുടെ ചലച്ചിത്ര ഭാവുകത്വത്തിന്റെ നിയാമക പശ്ചാത്തലവും സ്വാധീനവുമായി  ഇവരുടെ രണ്ടുപേരുടെയും അഭിനയ ജീവിതവും സ്വകാര്യ ജീവിതവും ഉണ്ട് എന്നത് സത്യമാണ്. അവരുടെ സ്വകാര്യ നിമിഷങ്ങളെല്ലാം നമ്മുടേതുമായി. പിന്നെയും പിന്നെയും പ്രണയിക്കാന്‍, പിന്നെയും പിന്നെയും കൂട്ടുകൂടാന്‍, കരയാനും ചിരിക്കാനും സംഭ്രമിക്കാനും ഭയപ്പെടാനും രക്ഷിക്കാനും ഒക്കെ ഇവര്‍ നമുക്കൊപ്പം കൂടി. മമ്മൂട്ടിയോ മോഹന്‍ലാലോ എന്നൊരു താരതമ്യം നമ്മളില്‍ നിരന്തരം നടന്നുകൊണ്ടിരുന്നു. നായികമാരുടെ ഒരു തലമുറ മാറി അടുത്തതു വന്നപ്പോഴും താരസിംഹാസനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുടര്‍ന്നു. 

വ്യക്തിജീവിതത്തില്‍ ഒരു മികച്ച കുടുംബനാഥനാണ് മമ്മൂട്ടി എന്നത് പരക്കെ അറിയുന്ന കാര്യമാണ്. സിനിമാ ലോകത്തു നിന്ന്​ കേള്‍ക്കുന്ന ഗോസിപ്പുകളൊന്നും തന്റെ പ്രതിഛായയെ സ്പര്‍ശിക്കാതെ സ്വയം ഒരു കവചമണിഞ്ഞ് സെറ്റുകളില്‍ ഇടപെടുന്ന മമ്മൂട്ടിയെ കുറിച്ച് സിനിമാ ലോകത്ത് സംസാരമുണ്ട്. ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണത്. കുടുംബസിനിമകളില്‍ മമ്മൂട്ടി  ധാരാളമായവതരിപ്പിച്ച അത്തരം "നല്ല പിള്ള' കഥാപാത്രങ്ങളിലല്ല  നടനെന്ന നിലയില്‍ അദ്ദേഹം  മികച്ചു നിന്നത്. 

Mammootty_Mohanlal.jpg
മമ്മൂട്ടിയോ മോഹന്‍ലാലോ എന്നൊരു താരതമ്യം നമ്മളില്‍ നിരന്തരം നടന്നുകൊണ്ടിരുന്നു. നായികമാരുടെ ഒരു തലമുറ മാറി അടുത്തതു വന്നപ്പോഴും താരസിംഹാസനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുടര്‍ന്നു

മമ്മൂട്ടിയുടെ പ്രകടനം ഏറ്റവും ഒതുക്കവും അഴകും ഉള്ളതായി എനിക്കു തോന്നിയതും എനിക്കേറ്റവും ഇഷ്ടപ്പെട്ടതുമായ ചില സിനിമകളെക്കുറിച്ചു മാത്രം പറയാം. അത്  മതിലുകളോ തനിയാവര്‍ത്തനമോ അല്ല. സന്ദര്‍ഭമോ മുഹൂര്‍ത്തം 11.30 ഓ അല്ല. യാത്രയോ യവനികയോ അല്ല. പഴശ്ശിരാജയോ അംബേദ്കറോ അല്ല. ഭൂതക്കണ്ണാടി, നിറക്കൂട്ട്, നമ്പര്‍ ട്വെന്റി മദ്രാസ് മെയില്‍, അമരം, ഒന്നുമല്ല... ഇവയെല്ലാം പല കാരണങ്ങളാല്‍ പല തവണ കണ്ട ചിത്രങ്ങള്‍ തന്നെ. മമ്മൂട്ടി നിറഞ്ഞു തിളങ്ങിയ ചിത്രങ്ങളുമാണ്.  നിറക്കൂട്ടിലെ പല തരം ക്ലൈമാക്‌സുകള്‍, ശ്യാമ യിലെ ട്വിസ്റ്റുകള്‍ ഒക്കെ എനിക്ക് ഇഷ്ടമായിരുന്നു. മുറുക്കമുള്ളതും ജനപ്രിയവുമായ എത്രയോ വേഷങ്ങള്‍  മമ്മൂട്ടി ചെയ്തു. ഒരു വ്യവസായമെന്ന നിലയില്‍ സിനിമയെ രക്ഷിച്ചു നിര്‍ത്തിയവയായിരുന്നു എല്ലാം. കലാമേന്മയുള്ള എത്രയോ ചിത്രങ്ങളുടെ ഭാഗമായ നടന്‍. മമ്മൂട്ടിയെ സൂപ്പര്‍ സ്റ്റാറാക്കിയ എത്രയോ ചിത്രങ്ങള്‍. ഞങ്ങളുടെ യൗവനകാലത്തെ പലതരം ഗൃഹാതുരസ്മരണകളോട് ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ട്  ഇപ്പോള്‍ കണ്ടാലും മടുക്കാത്തവ.  
എങ്കിലും ഇക്കാലത്തിനിടയില്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവ, മമ്മൂട്ടിയെ കാണാനായി മാത്രം ഞാന്‍ തെരഞ്ഞെടുക്കുന്നവ മറ്റു ചിലതാണ്. 

സിനിമാ ജീവിതം  വ്യക്തി ജീവിതത്തില്‍ നിന്ന് ഇടറി മാറിയപ്പോഴൊക്കെയാണ് മമ്മൂട്ടി എന്നെ ആകര്‍ഷിച്ചത്. നല്ല സുഹൃത്തും നല്ല ഭര്‍ത്താവും നല്ല കാമുകനും നല്ല അച്ഛനുമായപ്പോഴല്ല, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വഴങ്ങാത്ത മനുഷ്യരായപ്പോഴാണ്

ആദ്യം തൃഷ്ണയിലേക്കു തന്നെ വരാം. ആശയടക്കം ശീലിക്കുക എന്ന ഉപദേശം കേട്ടു വളര്‍ന്നവര്‍ക്ക് തൃഷ്ണയുടെ ആകര്‍ഷകവും വന്യവും നിഗൂഢമായ സഞ്ചാരപഥങ്ങളും തൃഷ്ണാലുക്കളുടെ ചാഞ്ചല്യങ്ങളും അവ ആത്മാവിലേല്‍പിച്ച മുറിവുകളും കാണിച്ചു തന്ന ചലച്ചിത്രം. അന്ന് മമ്മൂട്ടി ചലച്ചിത്ര ലോകത്ത് പ്രശസ്തനായി വരുന്നതേയുള്ളു. ധനികനും സുന്ദരികളില്‍ ആസക്തിയുള്ളവനുമായ കൃഷ്ണദാസ് ആയാണ് മമ്മൂട്ടി തൃഷ്ണയില്‍ അഭിനയിക്കുന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ ആസക്തികളുടെ തിളച്ചുമറിയലാണ് ചിത്രത്തിന്റെ പ്രമേയം. തീയേറ്ററിലെ ഇരുളില്‍ തെളിഞ്ഞു കത്തിയ ദാസിന്റെ മുഖം. ജയ്ശ്രീ (സ്വപ്ന) എന്ന  സുന്ദരിയായ call girl ന്റെ കൂടെ  കൊടൈക്കനാലിലെ തന്റെ ബംഗ്ലാവില്‍ അയാള്‍ എത്തുന്നു. തുടക്കം മുതല്‍ അവളോട് ഒരു തരം അധികാരഭാവമാണയാള്‍ക്ക് . താന്‍ വിലക്കെടുത്ത പെണ്ണാണല്ലോ, അവസരം കിട്ടുമ്പോഴെല്ലാം അവളെ അവഹേളിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന്  കരുതുന്ന പുരുഷനാണയാള്‍.  ലൈംഗികതയല്ലാതെ ഒരു ബന്ധവുമില്ല അവര്‍ക്കിടയില്‍ . ജയശ്രീയോട് ഒരു മാനുഷിക പരിഗണനയും കാണിക്കാത്ത കഥാപാത്രം. ഇന്നു കാണുമ്പോഴും വെറുപ്പല്ലാതെ സഹതാപം ലേശം പോലും തോന്നില്ല.  "എനിക്കാരുടെയും സഹതാപമാവശ്യമില്ല' എന്ന് കുലസ്ത്രീയായ ശ്രീദേവി (രാജലക്ഷ്മി) പറയുന്നതിനു മറുപടിയായി ദാസ് പറയുന്നത്,  "എനിക്കതല്‍പം ആവശ്യമുണ്ട് ' എന്നാണ്.  എന്നാലും അതയാള്‍ അര്‍ഹിക്കുന്നില്ല എന്ന് തൊട്ടടുത്ത നിമിഷം ജയശ്രീയോട് അയാള്‍ കാണിക്കുന്ന മനുഷ്യത്വമില്ലായ്മ ബോധ്യപ്പെടുത്തുന്നുണ്ട്. മലയാളി പുരുഷന്റെ ഇരട്ടത്താപ്പിന്റെ പ്രതിരൂപമാണ് കൃഷ്ണദാസ്.

thrishna
ധനികനും സുന്ദരികളില്‍ ആസക്തിയുള്ളവനുമായ കൃഷ്ണദാസ് ആയാണ് മമ്മൂട്ടി തൃഷ്ണയില്‍ അഭിനയിക്കുന്നത്.

"അസാന്മാര്‍ഗ്ഗി' യാവുക അയാളുടെ അവകാശം.  അയാള്‍ സ്വന്തം കാര്യത്തിനു വേണ്ടി മാത്രം ഉപയോഗിച്ച ജയശ്രീയും അയാള്‍ക്ക് സ്വന്തമാക്കണമെന്നു താത്പര്യം തോന്നിയ ശ്രീദേവിയും അയാളെ ഉപേക്ഷിക്കുകയും അവരവര്‍ക്ക് വേണ്ട ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ദാസ് ഏകാകിയായി മടങ്ങിപ്പോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.   

ഏറെ പ്രശംസിക്കപ്പെട്ട  തനിയാവര്‍ത്തനത്തിലെ ബാലന്മാഷിന്റെ പോലും മാനസികവും സാമൂഹികവുമായ അവസ്ഥകളാണ്, അല്ലാതെ മമ്മൂട്ടിയുടെ പ്രകടനമല്ല നമ്മെ കീഴ്‌പ്പെടുത്തിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

മൗനിയായി തിരിച്ച് കാറില്‍ മടങ്ങുന്ന സന്ദര്‍ഭത്തില്‍ അയാള്‍ക്ക് ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നുണ്ട്.  ജീവിതമാഘോഷിക്കുമ്പോഴും ആന്തരികമായി ആഴമേറിയ ഒരു മൗനം ഉള്ളില്‍ സൂക്ഷിക്കുന്നുവെന്ന് എപ്പോഴും തോന്നിപ്പിക്കുന്ന കൃഷ്ണദാസ്  പരാജിതനെ പോലെയാണ് കൊടൈക്കനാല്‍ വിട്ടു പോകുന്നത്.  അന്ന് "മമ്മൂട്ടിയുടെ ചിത്ര'മെന്ന് പറഞ്ഞു തുടങ്ങിയിരുന്നില്ല.  മനുഷ്യ സ്വാഭാവത്തിന്റെ നാനാ വശങ്ങളിലേക്കും സത്യസന്ധമായി ക്യാമറ ചലിപ്പിച്ച സംവിധായകന്‍ എന്ന നിലയില്‍ ഐ.വി.ശശി പ്രേക്ഷകരുടെ കൊടിയ ഹരമായിരുന്നു അക്കാലത്ത്. തൃഷ്ണയുടെ പ്രധാന ഹൈലൈറ്റും സ്‌ക്രീനില്‍ വലുതായി തെളിയുന്ന ഐ.വി. ശശി എന്ന പേരു തന്നെയായിരുന്നു. ഐ.വി. ശശി ഒരുക്കിയ എം.ടി.യുടെ കൃഷ്ണദാസിനെ കുറിച്ചായിരുന്നു അന്ന് ക്ലാസിലൊക്കെ സിനിമാ ചര്‍ച്ച കൊഴുത്തത്. അത് മമ്മൂട്ടിയുടെ ശരീരത്തിനും മുഖത്ത് സ്ഥായിയായിട്ടുള്ള കൂസലില്ലായ്മക്കും നന്നായി ഇണങ്ങുന്നതായിരുന്നു. പോരാത്തതിന് എം.ടി യുടെ തിരക്കഥയും സംഭാഷണവും. കുറ്റബോധം തോന്നുന്ന പുരുഷന് കുമ്പസാരത്തിനുള്ള വഴികള്‍ അതില്‍ ധാരാളമുണ്ടാകും. എന്നിട്ടും കൃഷ്ണദാസിനെ വെറുത്തു. കൃഷ്ണദാസ് ജയശ്രീയോട് കാണിക്കുന്ന അകലവും വാക്കുകളിലെ നിര്‍ദ്ദയത്വവും  ഉപേക്ഷയും മമ്മൂട്ടിക്ക് കൃത്യമായിത്തന്നെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു. പൊളിറ്റിക്കല്‍ കറക്​റ്റ്​നെസ്​ നോക്കി സിനിമയെ വിലയിരുത്തിത്തുടങ്ങുന്നതിന് മുന്‍പുള്ള കാലമായിരുന്നു അത്. കൃഷ്ണദാസ് മമ്മൂട്ടിയുടെ മികച്ച തുടക്കമായിരുന്നു. അനാദര്‍ശപരവും അരാഷ്ട്രീയവുമായ മാര്‍ഗ്ഗത്തിലൂടെയുള്ള സ്വാതന്ത്ര്യം - അതാണ് തൃഷ്ണയുടെ മൗലികമായ പ്രമേയം.

iv shahsi
തൃഷ്ണയുടെ പ്രധാന ഹൈലൈറ്റും സ്‌ക്രീനില്‍ വലുതായി തെളിയുന്ന ഐ.വി. ശശി എന്ന പേരു തന്നെയായിരുന്നു.

1983 ലാണ് പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ റിലീസാകുന്നത്. കാമുകിയുടെ മേലുള്ള അധികാരവും സ്വാര്‍ഥമായ ഉടമസ്ഥാവകാശവും കൊണ്ട് അന്ധത ബാധിച്ച് അവളുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്ന, കൂടെവിടെയിലെ കേണല്‍ തോമസിനും സ്‌നേഹമോ ഹൃദയത്തിന്റെ ഭാഷയിലുള്ള സംസാരമോ ശീലമില്ല. ടിപ്പിക്കല്‍ മലയാളി കാമുകന്റെ ഈഗോയും അധികാര ഭാവവും മാത്രം. വാശിയും പകയും കൊണ്ട് കാഴ്ച കെട്ടുപോകുന്ന തോമാച്ചനായി മമ്മൂട്ടി പകരം വെക്കാനില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു ദുഷ്ടകഥാപാത്രങ്ങളാണ് കൃഷ്ണദാസും തോമാച്ചനും. നമ്മുടെയൊക്കെ ജീവിതത്തില്‍ നിത്യേന നാം ഇടപെടാറുള്ളതും നായക വേഷത്തിലെത്തുന്നതുമായ അതേ  ഈഗോയിസ്റ്റുകള്‍.  ജയശ്രീയേയും ശ്രീദേവിയേയും പോലെ, ക്ഷോഭമടക്കി ഒന്നും മിണ്ടാതെ എതിര്‍ നില്‍ക്കുന്നതേയുള്ളു സുഹാസിനിയുടെ ആലീസ്. എന്നാല്‍ അവരുടെ നിശ്ചയദാര്‍ഢ്യങ്ങള്‍ക്കു മുന്നില്‍ അയാള്‍ കിടുങ്ങിപ്പോകുന്നുണ്ട്.

Koodevide | P.Padmarajan
കൂടെവിടെയിലെ കേണല്‍ തോമസിനും സ്‌നേഹമോ ഹൃദയത്തിന്റെ ഭാഷയിലുള്ള സംസാരമോ ശീലമില്ല. ടിപ്പിക്കല്‍ മലയാളി കാമുകന്റെ ഈഗോയും അധികാര ഭാവവും മാത്രം.

പ്രണയത്തിലൊളിപ്പിച്ച ക്രൗര്യത്തിന്റെ, അസൂയയുടെ, കൂര്‍ത്ത ദംഷ്ട്രകള്‍ എത്ര തവണ എത്ര പേരില്‍ ഞാനും നേരില്‍ കണ്ടിരിക്കുന്നു! ചിലപ്പോള്‍ അതിലെ സ്‌നേഹാധിക്യത്തെ പോലും ഭയന്ന് എത്രയോ തവണ ഞാന്‍  ഒളിച്ചു നടന്നിരിക്കുന്നു! വിറച്ചു പനിച്ചിരിക്കുന്നു! ഒഴിവാക്കി മറഞ്ഞിരിക്കുന്നു!.. പഴി കേട്ടിരിക്കുന്നു  സമ്മര്‍ദ്ദങ്ങളില്‍ പെട്ടിരിക്കുന്നു! എന്നിട്ടും മാറി മാറി പ്രണയങ്ങള്‍ അതിലേക്കു  വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കാടിനുള്ളില്‍ പല കാടെന്ന പോലെ, ഒരു ജ്വാലയില്‍ നിന്ന് അനേകം ജ്വാലകളെന്ന പോല അതിങ്ങനെ ആളിയും പടര്‍ന്നും ജ്വലിക്കുകയാണ്. 

മമ്മൂട്ടി കരയുമ്പോള്‍ ചിരി വന്ന സന്ദര്‍ഭങ്ങള്‍ പോലുമുണ്ട്.  വാത്സല്യം, വല്യേട്ടന്‍, അമരം ഒക്കെ  അതിന് മികച്ച ഉദാഹരണമാണ്.

നെഗറ്റീവ് സ്പര്‍ശമുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടിക്ക് നന്നായി ഇണങ്ങും.
എന്നാല്‍ സ്‌നേഹത്താല്‍ ദുര്‍ബ്ബലരായിപ്പോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴൊക്കെ മമ്മൂട്ടി അതിഭാവുകത്വത്തിലേക്കോ അതിനാടകീയതയിലേക്കോ വഴുതി വീണിട്ടുണ്ട്. മമ്മൂട്ടി കരയുമ്പോള്‍ ചിരി വന്ന സന്ദര്‍ഭങ്ങള്‍ പോലുമുണ്ട്.  വാത്സല്യം, വല്യേട്ടന്‍, അമരം ഒക്കെ  അതിന് മികച്ച ഉദാഹരണമാണ്. ഏറെ പ്രശംസിക്കപ്പെട്ട  തനിയാവര്‍ത്തനത്തിലെ ബാലന്മാഷിന്റെ പോലും മാനസികവും സാമൂഹികവുമായ അവസ്ഥകളാണ്, അല്ലാതെ മമ്മൂട്ടിയുടെ പ്രകടനമല്ല നമ്മെ കീഴ്‌പ്പെടുത്തിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഥാപാത്രത്തിന്റെ നാടകീയത നടന്റെ അഭിനയ മികവായി കൊണ്ടാടപ്പെടാറുണ്ട് പലപ്പോഴും. അതിനാടകീയതയിലും കര്‍ത്തവ്യ ബോധത്തിലും കുഴച്ചുരുട്ടിയെടുത്ത് പരമാവധി വെറുപ്പിച്ച ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പവിത്രം. എന്നാല്‍ അതില്‍ ഭ്രാന്തുപിടിച്ച ചേട്ടച്ഛനായി വന്ന മോഹന്‍ലാല്‍  ചെയ്ത അവസാനരംഗങ്ങള്‍ തനിയാവര്‍ത്തനവുമായി വെറുതെ ഒരു കൗതുകത്തിന്  ഒന്നു താരതമ്യം ചെയ്തു നോക്കാവുന്നതാണ്. അതിവൈകാരിക രംഗങ്ങളില്‍ മിതത്വം മോഹന്‍ലാലിനു തന്നെ. 

pavithram
പവിത്രം സിനിമയിലെ ഭ്രാന്തുപിടിച്ച ചേട്ടച്ഛനായി വന്ന മോഹന്‍ലാല്‍ ചെയ്ത അവസാനരംഗങ്ങള്‍ തനിയാവര്‍ത്തനവുമായി വെറുതെ ഒരു കൗതുകത്തിന് ഒന്നു താരതമ്യം ചെയ്തു നോക്കാവുന്നതാണ്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം വടക്കന്‍ വീരഗാഥയിലെ ചന്തു തന്നെയാണ്. അയാളില്‍ പണ്ടേ ആരോപിക്കപ്പെട്ട ഒരു ചതിയന്‍ ഇമേജ്  നിലനില്‍പ്പുണ്ട്. കൂടെ എം.ടി. യുടെ പുതിയ തിരക്കഥ ഏല്‍പ്പിച്ചു കൊടുത്ത  നിരാശകളും അപകര്‍ഷതാബോധവും അധിക ഭാരമായുണ്ട്. തളരുമ്പോഴും തന്റെ ലക്ഷ്യത്തിലേക്ക് ഒരു യോദ്ധാവിനെ പോലെ നീങ്ങുന്ന നായകന്‍. എന്തൊരഴകാണയാള്‍ക്ക്. അയാളുടെ നടവഴിയില്‍ വന്നു നിന്ന സ്ത്രീകള്‍നാണം കലര്‍ന്ന നോട്ടത്താല്‍  "സ്വമനസി തദ്വിധ പുത്രലബ്ധി ' ആഗ്രഹിച്ചതായി പോലും കുഞ്ചുണ്ണൂലി നേരെ നിന്നു പറയുന്നുമുണ്ട്. പ്രണയിനിയുടെ ചതികളില്‍ പെടുമ്പോഴും ചന്തു തളരുന്നില്ല. പക്ഷേ, വീരഗാഥക്കൊടുവില്‍ ഇഷ്ടകാമുകിയുടെ മകന്‍ മുന്നില്‍ വന്നു നിന്നു വെല്ലുവിളിക്കുന്ന,  സ്‌നേഹം കൊണ്ട് തളര്‍ന്ന് ഇല്ലാതെയായിപ്പോകുന്ന  രംഗങ്ങളിലെ മമ്മൂട്ടിയുടെ സംഭാഷണ ഭാഗങ്ങള്‍ തമാശയായി മാറി കാലാന്തരത്തില്‍.  "ഉണ്ണീ എനിക്കു പിറക്കാതെ പോയ മകനാണ് നീ',  "ചന്തുവിനെ തോല്‍പിക്കാനാവില്ല മക്കളേ' എന്നീ സംഭാഷണങ്ങള്‍ ഏറ്റവുമധികം ട്രോളുകള്‍ക്കു വിധേയമായതും മുന്‍പു പറഞ്ഞ കാരണങ്ങള്‍ കൊണ്ടു തന്നെയാണ്. ശരീരത്തെ സ്‌നേഹത്തില്‍ നിന്നുമടര്‍ത്തി വേര്‍പെടുത്തി അഭിനയിച്ച കഥാപാത്രങ്ങളില്‍ മമ്മൂട്ടിയുടെ ശരീരം കഥാപാത്രം തന്നെയായി മാറി. 

കാതോടു കാതോരം, ഒരേ കടല്‍, വടക്കന്‍ വീരഗാഥ എന്നീ ചലച്ചിത്രങ്ങള്‍ക്കു ശേഷം എന്റെ മനസ്സില്‍ മമ്മൂട്ടിക്ക് വയസ്സായിട്ടില്ല. മമ്മൂട്ടിക്കു പിറന്നാളുകളുകളുമില്ല. സിനിമകളുമില്ല. ഞാന്‍ അവിടെത്തന്നെ മമ്മൂട്ടിയെ നോക്കി നില്‍പ്പുണ്ട്. 

സഹജമായ ആര്‍ജവം, സത്യസന്ധത, ആത്മനിര്‍വൃതി, അതിജീവനം എന്നിവയ്ക്ക് വേണ്ടിയുള്ള നടന്റെ പോരാട്ടങ്ങള്‍ക്ക് പ്രതിബന്ധമായുള്ള പരിമിതസാഹചര്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. മോഹന്‍ സംവിധാനം ചെയ്ത രചനയിലെ ഗോപിയായും,  കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ആദാമിന്റെ വാരിയെല്ലിലെ ജോസ് ആയും,  കെ.എന്‍. ശശിധരന്‍ സംവിധാനം ചെയ്ത കാണാതായ പെണ്‍കുട്ടിയിലെ രാജ്‌മോഹന്‍ ആയും വന്ന മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ ഒരേ രീതിയില്‍ ജാരസ്വഭാവമുള്ളതാണ്. പതിവ് സ്ത്രീമോഹിയായവെറും ഒരു ആണ്‍ ശരീരത്തിന്റെ ബഹളം പിടിച്ച ആവിഷ്‌കരണങ്ങള്‍ കാണാനില്ല അവിടെ.  എന്തൊരു കയ്യടക്കമാണ് സ്ത്രീലൈംഗികതയുടെ മാനസികമായ സങ്കീര്‍ണതകളെ  നേരിടുന്ന കഥാപാത്രങ്ങളിലേക്ക് തീവ്രമായി തന്റെ തിരശരീരത്തെ എടുത്തുവെക്കുകയാണ് അദ്ദേഹം. 

കെ.ജി.ജോര്‍ജ്ജിന്റെ തന്നെ മേളയിലെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയായ വിജയന്‍ മമ്മൂട്ടിയുടെ നല്ലൊരു കഥാപാത്രമാണ്.  കരിയിലക്കാറ്റുപോലെയിലെ സംവിധായകന്‍ ഹരികൃഷ്ണന്‍, വിധേയനിലെ പട്ടേലര്‍, ശ്യാമപ്രസാദിന്റെ ഒരേ കടലിലെ നാഥന്‍, ഭരതന്റെ കാതോടു കാതോരത്തിലെ ലൂയിസ്, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി നൊമ്പരത്തിപ്പൂവിലെ ഡോക്ടര്‍ ഇവരാണ് എനിക്കേറെ പ്രിയപ്പെട്ട മറ്റു മമ്മൂട്ടി കഥാപാത്രങ്ങള്‍.

kadode kathoram
മേരിയുടെ പാട്ടു കഴിഞ്ഞ് തന്റെ ഊഴം വരുമ്പോള്‍ തലയല്‍പ്പം നീട്ടി  വെളുത്ത കുര്‍ത്തയണിഞ്ഞ സുന്ദരനായ ലൂയിസ് അതേ മൈക്കിലൂടെ ബാക്കി ഏറ്റു പാടുമ്പോള്‍  അവള്‍ തോളിലെ സാരി ചെറുതായൊന്നു വലിച്ചിട്ട് ലജ്ജയോടെ ലൂയിസിനെ നോക്കുന്ന ഒരു നോട്ടമുണ്ട്. പാടുന്ന ലൂയിസിന്റെ ശ്വാസം അവളുടെ തോളില്‍ തട്ടുന്നുണ്ട്.

കാതോടു കാതോരം, ഒരേ കടല്‍, വടക്കന്‍ വീരഗാഥ എന്നീ ചലച്ചിത്രങ്ങള്‍ക്കു ശേഷം എന്റെ മനസ്സില്‍ മമ്മൂട്ടിക്ക് വയസ്സായിട്ടില്ല. മമ്മൂട്ടിക്കു പിറന്നാളുകളുകളുമില്ല. സിനിമകളുമില്ല. ഞാന്‍ അവിടെത്തന്നെ മമ്മൂട്ടിയെ നോക്കി നില്‍പ്പുണ്ട്. 
കാതോടു കാതോരത്തില്‍ സരിതയാണ് നായികയായ മേരിക്കുട്ടിയുടെ വേഷം ചെയ്യുന്നത്. ദാമ്പത്യ ജീവിതത്തില്‍ നൈരാശ്യത്തിനടിപ്പെട്ടവളെങ്കിലും മേരിക്കുട്ടി പള്ളിയില്‍ മനോഹരമായി കൊയര്‍ പാടുന്നുണ്ട്. പള്ളിമേടയില്‍ ജോലിക്കാരനായെത്തുന്ന ലൂയിസാണ് മമ്മൂട്ടി. അയാളുടെ സംഗീതവാസന തിരിച്ചറിയുന്ന അച്ചന്‍ അയാളെയും കൊയറില്‍ എടുക്കുന്നു. രണ്ടാളും കൊയറില്‍ പാടുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. മേരിയുടെ പാട്ടു കഴിഞ്ഞ് തന്റെ ഊഴം വരുമ്പോള്‍ തലയല്‍പ്പം നീട്ടി  വെളുത്ത കുര്‍ത്തയണിഞ്ഞ സുന്ദരനായ ലൂയിസ് അതേ മൈക്കിലൂടെ ബാക്കി ഏറ്റു പാടുമ്പോള്‍  അവള്‍ തോളിലെ സാരി ചെറുതായൊന്നു വലിച്ചിട്ട് ലജ്ജയോടെ ലൂയിസിനെ നോക്കുന്ന ഒരു നോട്ടമുണ്ട്. പാടുന്ന ലൂയിസിന്റെ ശ്വാസം അവളുടെ തോളില്‍ തട്ടുന്നുണ്ട്...  "ആയിരം വര്‍ണങ്ങള്‍ കൂടെ വന്നൂ, അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു'... അപ്പോള്‍ മമ്മൂട്ടിയുടെ ചുണ്ടില്‍ വിരിയുന്ന പ്രണയമുണ്ട്.  
അന്ന് 1985. ഞാനും ചെറുപ്പം. സരിതയെ  അല്‍പമൊന്നു തള്ളി മാറ്റി ആ നോട്ടം അതിലും ഭംഗിയായി ഞാന്‍ നോക്കിയിട്ടുണ്ട്,  മമ്മൂട്ടീ നിങ്ങളെ. ഭര്‍ത്താവുള്ള സ്ത്രീയെ പ്രണയിക്കുകയും ജീവിതത്തില്‍ കൂടെ കൂട്ടുകയും ചെയ്യുന്ന ലൂയിസ് നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങള്‍ മമ്മൂട്ടി മുറുക്കവും ഊര്‍ജ്ജവും നഷ്ടപ്പെടുത്താതെ അവിസ്മരണീയമാക്കി.

വെറും ക്യാമറയെ നോക്കി ഈയിടെ നിങ്ങളെടുക്കുന്ന സ്റ്റില്ലുകള്‍ എന്നോട് ഒന്നും സംവദിക്കാറില്ല. അവയ്ക്ക് സ്‌റ്റൈലുണ്ടെന്നല്ലാതെ ഭംഗിയോ ജീവനോ തോന്നാറില്ല. മാധവിയുടെ നോട്ടത്തിന് മുന്നിലാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാവുക എന്നെനിക്ക് തോന്നാറുണ്ട്.

​​​​​​​ഒരേ കടലിനും കാതോടു കാതോരത്തിനും വടക്കന്‍ വീരഗാഥക്കും ശേഷം ഞാന്‍ മമ്മൂട്ടിയെ അത്രയിഷ്ടത്തോടെ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മീരാ ജാസ്മിനെയും മാധവിയെയും സരിതയെയും  നോക്കിയതു പോലെ  ഈ ജന്മം നിങ്ങള്‍ക്കങ്ങനെ ഒരു നോട്ടം  ഇനി സാധ്യമാകുമോ എന്നെനിക്കറിയില്ല. കാരണം നിങ്ങള്‍ പെണ്ണുങ്ങളെയല്ല, ക്യാമറയെ മാത്രമാണ് ഈയിടെ നേരിടുന്നത്. ‘ചന്ദനലേപ സുഗന്ധം’ എന്ന ഗാനത്തിനിടയില്‍  "തൊഴുതുമടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതു ദേവനെത്തേടി വന്നു' എന്ന് ഉണ്ണിയാര്‍ച്ച  നോക്കുമ്പോള്‍ ചന്തു നോക്കുന്ന ആ മറുനോട്ടമുണ്ടല്ലോ; അത് ഒരപാരതയാണ്. അങ്ങനെയൊന്നിന്റെ സൗന്ദര്യം ഞാന്‍ അതിനു മുന്‍പോ പിന്‍പോ കണ്ടിട്ടില്ല. മുന്നില്‍ അത്രക്ക് ആഗ്രഹത്തോടെ  ഒരു പെണ്ണു വന്നു നിന്നാലല്ലാതെ നിങ്ങളുടെ കണ്ണുകളില്‍ ഹൃദയം പ്രതിഫലിക്കാറില്ല. അതു കൊണ്ടാകും വെറും ക്യാമറയെ നോക്കി ഈയിടെ നിങ്ങളെടുക്കുന്ന സ്റ്റില്ലുകള്‍ എന്നോട് ഒന്നും സംവദിക്കാത്തത്. അവയ്ക്ക് സ്‌റ്റൈലുണ്ടെന്നല്ലാതെ ഭംഗിയോ ജീവനോ തോന്നാറില്ല. മാധവിയുടെ നോട്ടത്തിന് മുന്നിലാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാവുക എന്നെനിക്ക് തോന്നാറുണ്ട്. മാധവിയും മമ്മൂട്ടിയുമുണ്ടെങ്കില്‍ ഭൂമിയില്‍ വേറെ അഴകെന്തിന് ഞാന്‍ താങ്കളെ മറ്റൊരാളായി കാണാനാഗ്രഹിക്കുകയാണ്. മുന്‍പൊരിക്കല്‍ പറഞ്ഞതു തന്നെ. അത്  ഇവാന്‍ തുര്‍ഗനേവിന്റെ First Love  ലെ വ്‌ളാഡിമിറിന്റെ അച്ഛന്റെ വേഷത്തിലാണ്. ഗംഭീര പ്രണയകഥ. മമ്മൂട്ടിയെയും ദുല്‍ക്കറിനെയും  മാത്രം മനസ്സില്‍ കണ്ടാണത് വായിച്ചത്. 

പ്രതിഭയുള്ള ആരെങ്കിലും അത് സിനിമയാക്കുമെങ്കില്‍ മലയാളി പ്രണയത്തിന്റെ അവ്യാഖ്യേയമായ നിയമങ്ങള്‍ മനസ്സിലാക്കിയേക്കും. അതിലെ വേവുകയും നീറുകയും കരയുകയും അസ്വസ്ഥനാവുകയും അസൂയാലുവാകുകയും ചിലപ്പോള്‍ ഭയപ്പെടുത്തുകയും ചെയ്ത വ്‌ലാഡിമിര്‍ എന്ന പയ്യനെ,  അവനേക്കാള്‍ പ്രണയ തീക്ഷ്ണമായ ഉടലും മനസ്സുമുള്ള  അവന്റെ അച്ഛനെ, ഉത്കണ്ഠകളുടെ അവസാന നിമിഷത്തെ ട്വിസ്റ്റിനെ ഒക്കെ സ്‌നേഹിച്ചു പോകും. മമ്മൂട്ടിക്ക് വേണ്ടിയുള്ളതാണ് ആ അച്ഛന്‍ കഥാപാത്രം.

orekadal22
'ഒരേകടല്‍' സിനിമയില്‍ നിന്ന്

പ്രണയങ്ങളിലുള്ള പ്രതീക്ഷ അവസാനിക്കാത്തവര്‍ക്ക്, തൃഷ്ണ ശരീരത്തിലൊടുങ്ങാത്തവര്‍ക്ക് മലയാള ചലച്ചിത്ര ലോകത്തെ മികച്ച ഒരു നടനില്‍ നിന്ന് കിട്ടാവുന്ന ഒരു നല്ല കഥാപാത്രമായിരിക്കും അത്. പുതിയ ജന്മം വേണമെന്നുള്ളവര്‍ക്ക് പുതിയതെന്തെല്ലാമുണ്ട് ഈ ലോകത്തില്‍.

കുടുംബ പുരുഷന്റെ നാള്‍ വഴിച്ചിട്ടകളെ ഉല്ലംഘിക്കുന്ന കഥാപാത്രങ്ങളിലാണ് മമ്മൂട്ടി സ്‌തോഭജനകവും ആകുലവുമായ ഒരു യാഥാര്‍ഥ്യമായി എന്റെ ആസ്വാദന മനസ്സിനെ കീഴടക്കിയത്. സാധാരണ മനുഷ്യന്റെ ഉപരിപ്ലവതകളെ സാമാന്യവത്കരിക്കുമ്പോഴല്ല, ആന്തരിക സത്തയിലടക്കപ്പെട്ട ആസക്തിയുടെ ഒരംശം അകമേ സൂക്ഷിക്കുന്ന കഥാപാത്രങ്ങളിലാണ് മമ്മൂട്ടി തിളങ്ങിയത്. അവയ്ക്ക് അവാച്യമായ ഒരു ഗൂഢ പരിവേഷമുണ്ട്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, തൃഷ്ണ എന്നൊക്കെയുള്ള ആദ്യകാല ചിത്രങ്ങളുടെ ശീര്‍ഷകത്തില്‍ തന്നെ മമ്മൂട്ടിയുടെ ശരീര സാധ്യതകള്‍ അടങ്ങിയിരിക്കുന്നു. അഗമ്യഗമനത്തിന്റെ ഒടുങ്ങാത്ത , അവ്യാഖ്യേയമായ  ആധിവ്യാധികളുടെ അഴകാണ് മമ്മൂട്ടിയുടെ അഴകായി ഞാനറിയുന്നത്.

തന്റെ ബാഹ്യസ്വത്വത്തില്‍ നിന്നു പൂര്‍ണമായും തെന്നിമാറാനും തന്നിലെത്തന്നെ ഗോപ്യമായിരിക്കുന്ന സചേതനത്വത്തെ ആവിഷ്‌കരിക്കാനും കഴിഞ്ഞപ്പോഴൊക്കെയാണ്, ഞാന്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നത്.

സിനിമാ ജീവിതം  വ്യക്തി ജീവിതത്തില്‍ നിന്ന് ഇടറി മാറിയപ്പോഴൊക്കെയാണ് മമ്മൂട്ടി എന്നെ ആകര്‍ഷിച്ചത്. നല്ല സുഹൃത്തും നല്ല ഭര്‍ത്താവും നല്ല കാമുകനും നല്ല അച്ഛനുമായപ്പോഴല്ല, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വഴങ്ങാത്ത മനുഷ്യരായപ്പോഴാണ്,  തന്റെ ബാഹ്യസ്വത്വത്തില്‍ നിന്നു പൂര്‍ണമായും തെന്നിമാറാനും തന്നിലെത്തന്നെ ഗോപ്യമായിരിക്കുന്ന സചേതനത്വത്തെ ആവിഷ്‌കരിക്കാനും കഴിഞ്ഞപ്പോഴൊക്കെയാണ്, ഞാന്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നത്. അങ്ങനെയുള്ള അസാധാരണ കഥാപാത്രങ്ങളെ ഒട്ടേറെ ലഭിച്ചു എന്നത് മമ്മൂട്ടിയിലെ അഭിനേതാവിന് കൈവന്ന ഭാഗ്യമാണ്. ആ ചിത്രങ്ങളില്‍ മമ്മുട്ടി എന്ന നടന്‍ എല്ലാ മനുഷ്യരിലും ഒളിഞ്ഞിരിക്കുന്ന ആ അപരനെ കണ്ടെത്തുകയും അഭിരമിക്കുകയുമായിരുന്നു. അവരെ സത്തയിലും ഉണ്മയിലും അറിയുകയായിരുന്നു.

പ്രേക്ഷക എന്ന നിലയില്‍ ആ ചിത്രങ്ങള്‍ നല്‍കിയ ആനന്ദപീഡയാണ് 70 വയസ്സിലും തികവാര്‍ന്ന യൗവ്വനമായി മമ്മൂട്ടിയില്‍ ഞാന്‍ കാണുന്നത്. എത്ര വര്‍ഷങ്ങള്‍ക്കു ശേഷവും എത്ര തവണ വേണമെങ്കിലും ആവര്‍ത്തിച്ചു കണ്ടിരിക്കാം ഈ ചിത്രങ്ങളിലെ മമ്മുട്ടിയുടെ ഊര്‍ജ്ജത്തെ.
ഒരു ജാരനെ രഹസ്യമായെങ്കിലും മോഹിക്കാത്ത പെണ്ണുണ്ടോ? മമ്മൂട്ടിയുടെ മേല്‍ പറഞ്ഞ ചിത്രങ്ങളില്‍ ഞാന്‍ ആ മോഹത്തെ സാക്ഷാത്കരിക്കുകയായിരുന്നു. 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം  വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Audio