Tuesday, 28 March 2023

ആരാധനാപാത്രങ്ങൾ


Text Formatted

ഉള്ളിന്റെയുള്ളിലെയുന്മാദങ്ങൾ

​​​​​​​ഞാനിങ്ങനെ എത്രയോ ഇഷ്ടങ്ങളിലൂടെ കടന്നുപോയി. അതില്‍ ഏതൊക്കെയായിരുന്നു പ്രണയങ്ങള്‍? ഏതൊക്കെയായിരുന്നു ആരാധനകള്‍? ഏതൊക്കെയായിരുന്നു വെറും ഭ്രമങ്ങള്‍? ഏതൊക്കെയായിരുന്നു സാധാരണ സൗഹൃദങ്ങള്‍?

Image Full Width
Image Caption
പ്രണയമോ ആരാധനയോ എന്ന് പേരിട്ടു പറയാനാകാത്തത്ര അവ്യക്തവും സുന്ദരവും വാഗതീതവുമായ ഹൃദയബന്ധമായിരുന്നു പുഷ്‌കിനുമായി അന്ന അഖ്മതോവക്കുണ്ടായിരുന്നത്
Text Formatted

വിതയുടെയും സൗന്ദര്യത്തിന്റെയും വശ്യതയുടെയും അപകടകരമായ പുരുഷരൂപമായിരുന്ന പ്രശസ്ത റഷ്യന്‍കവി അലക്‌സാണ്ടര്‍ ബ്ലോക്കിന് അന്ന ആഖ്മതോവയോടുണ്ടായിരുന്ന ആരാധന റഷ്യയിലെ കാല്‍പനികമനസ്സുകള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഷയമായിരുന്നു. തങ്ങളുടെ ഈ ഇഷ്ടകവികള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നതും അവരുടെ ആഹ്ലാദമായിരുന്നു. കൃത്യമായ തെളിവുകള്‍ ഒന്നുമില്ലാതെ തന്നെ ഈ കഥ അവര്‍  പ്രചരിപ്പിച്ചു.  

ഒരു ഞായറാഴ്ച താനെഴുതിയ പുസ്തകങ്ങളുടെ കോപ്പികള്‍ അന്ന ആഖ്മാതോവയ്ക്ക് നല്‍കാനായി ബ്ലോക്ക് ചെല്ലുന്നു.   ആ കവിതകള്‍ സമര്‍പ്പിച്ചിരിക്കുന്നതും അന്നയ്ക്ക് തന്നെയാണ്. തന്റെ ഒരു കവിതയില്‍ അന്നയെ അസാധാരണ വശ്യതയുള്ള കാര്‍മെന്‍ ആയി ബ്ലോക്ക് ചിത്രീകരിച്ചിട്ടുമുണ്ട്.

Beauty is terrible, they will tell
Round your shoulders languidly!
You will draw a Spanish shawl
Put a red rose in your hair

alexander block
അലക്‌സാണ്ടര്‍ ബ്ലോക്ക്

തങ്ങളുടെ ഈ അവസാന കൂടിക്കാഴ്ചയെക്കുറിച്ച് അന്ന  ‘എന്റെ അരനൂറ്റാണ്ട്' (my half century) എന്ന ഓര്‍മപ്പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:  ‘‘അത് 1921 ലെ ഒരു വൈകുന്നേരമായിരുന്നു. ഈ കവിത എനിക്കായി സമര്‍പ്പിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ  ഒരിക്കല്‍ പോലും ഞാന്‍  സ്പാനിഷ് ഷാള്‍ പുതയ്ക്കുകയോ തലയില്‍ റോസാപുഷ്പം ചൂടുകയോ ചെയ്യുമായിരുന്നില്ല. ബോള്‍ഷോയ് നാടകസ്റ്റേജിന്റെ പിന്നില്‍ വച്ച് എന്റെയടുത്ത് വന്ന് ഉന്മാദഭരിതമായ കണ്ണുകളോടെ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്  അയാള്‍,  ‘പക്ഷെ, നിങ്ങളുടെ സ്പാനിഷ് ഷാള്‍ എവിടെ' എന്നു ചോദിച്ചു. അവസാനമായി അദ്ദേഹം എന്നോട് ചോദിച്ചത് അതായിരുന്നു.''
1921ല്‍ തന്നെയാണ് ബ്ലോക്കിന്റെ അന്ത്യം സംഭവിക്കുന്നതും.

അയാളുടെ കണ്ണുകളിലേക്ക് നോക്കിനില്‍ക്കാനാവില്ല, അത്ര വശ്യതയായിരുന്നു അവയ്‌ക്കെന്ന്​ അന്ന ഓര്‍മിക്കുന്നുണ്ട്.  ബ്ലോക്കിന്റെ നേര്‍ക്കു​നീളുന്ന അന്നയുടെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തെ ഏറെ ആശ്വാസത്തോടെയാണ് ബ്ലോക്കിന്റെ അമ്മയും കണ്ടിരുന്നത്.

ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്. അടക്കമില്ലാത്ത ആ ആരാധനയുടെ പേരില്‍ എന്റെ സംഗീതാസ്വാദന നിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

അന്ന തന്റെ  ‘റോസറി' എന്ന കവിത ബ്ലോക്കിന് സമര്‍പ്പിച്ചുകൊണ്ട്,  ‘നിങ്ങളില്‍ നിന്നാണ് ഞാന്‍ കവിതയുടെ വേദനയും കരവേലയും പഠിച്ചത്' എന്ന് രേഖപ്പെടുത്തി.

രണ്ടു കവികള്‍ തമ്മിലുള്ള സൗഹൃദമെന്ന് അന്ന ഈ ബന്ധത്തെ വിശേഷിപ്പിച്ചു. അന്നയും ബ്ലോക്കും തമ്മിലായിരുന്നില്ല പ്രണയിച്ചത്, ഒരു കാവ്യദേവത മറ്റൊരു കാവ്യദേവതയുമായി പ്രണയത്തിലാവുകയായിരുന്നു.

സെലിബ്രിറ്റികളോടുള്ള ആരാധന വിവരമില്ലായ്മയുടെ ലക്ഷണമായി പരിഹസിക്കപ്പെടാറുണ്ട്. ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്. അടക്കമില്ലാത്ത ആ ആരാധനയുടെ പേരില്‍ എന്റെ സംഗീതാസ്വാദന നിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ജന്മദിനങ്ങള്‍ ആരുടേതായാലും, എത്ര വേണ്ടപ്പെട്ടവരുടേതായാലും മറന്നുപോകുന്ന ഞാന്‍ ജനുവരി പത്ത് യേശുദാസിന്റെ ജന്മദിനമെന്നത് ഒരിക്കലും മറക്കുന്നില്ല. ഈ ദിവസം കൃത്യമായി ഓര്‍ത്തുവെച്ച് മനസ്സില്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രക്ക് ആ പാട്ടുകളില്‍ നിന്ന് ജീവവായു സ്വീകരിച്ചിരുന്ന അനേകരിലൊരാള്‍ മാത്രം.

യേശുദാസ് പാടിയതൊക്കെ യേശുദാസിന്റെ ശബ്ദത്തില്‍ മാത്രം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു ഇന്നും. യേശുദാസ് പാടിയ പാട്ട് മറ്റൊരാള്‍ പാടി കേള്‍ക്കുന്നതെന്തിന്, യേശുദാസ് പാടിയത് അവിടെത്തന്നെ ഉണ്ടെന്നിരിക്കെ എന്നൊരു വാശി എനിക്കിന്നുമുണ്ട്. യേശുദാസിനെ കുറ്റം പറയുന്നവരുടെ മുന്നില്‍ നാഗവല്ലി ഡോ. സണ്ണിയോടെന്ന പോലെ മതിഭ്രമം ബാധിച്ച് തര്‍ക്കിച്ചിരുന്നു.

anna
അന്ന ആഖ്മതോവ

എന്നെ തോല്‍പിക്കാന്‍ തര്‍ക്കിക്കുന്നവരുടെ മുന്നില്‍ ഞാന്‍ അവസാനം ആ ബ്രഹ്മാസ്ത്രം തന്നെ എടുക്കുമായിരുന്നു. ആദരണീയനായ ദേവരാജന്‍ മാസ്റ്ററെ പോലൊരാളുടെ വാക്കുകള്‍ എന്റെ തുണക്കെത്തും,  ‘ക്ലാസിക്കല്‍ രാഗങ്ങളുടെ സൂക്ഷ്മഛായകളെ സാധാരണ മാനുഷികവികാരങ്ങളുമായി ചേര്‍ത്തിണക്കി സാധാരണക്കാര്‍ക്കുപോലും ആസ്വാദ്യമാക്കി മാറ്റിയ യേശുദാസുള്ളതുകൊണ്ട് എനിക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ മറ്റൊരാളെക്കുറിച്ചാലോചിക്കേണ്ടതില്ല' എന്ന്.
ആഹാ, എനിക്ക് പിടിച്ചുനില്‍ക്കാന്‍ ആ റഫറന്‍സ് മാത്രം മതി.

ശാന്തിനികേതനില്‍ രബീന്ദ്രനാഥ ടാഗോറിന്റെ മധ്യവയസ്സുകാലത്തെ ചിത്രം നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്ന  സുഹൃത്തിനോടു പറഞ്ഞു, ‘ഈ നോട്ടം നേരിടണമെങ്കില്‍ അസാധാരണമായ ആത്മശക്തി വേണം

പൊളിറ്റിക്കലി കറക്ടാകാന്‍ നിര്‍ബ്ബന്ധിതയാകുന്നതൊക്കെ പിന്നീടാണല്ലോ. അപ്പോള്‍ നമുക്ക് എത്ര പ്രിയപ്പെട്ടതെങ്കിലും നമ്മുടെ വിഗ്രഹങ്ങളെ തള്ളിപ്പറയേണ്ടതായിവരും. അങ്ങനെ യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട് . എനിക്കേറ്റവുമിഷ്ടമുള്ള ശബ്ദവുമായി ഈ മനുഷ്യന് മിണ്ടാതിരുന്നു കൂടേ എന്ന് ശപിച്ചുപോവുക പോലും ചെയ്ത സന്ദര്‍ഭങ്ങള്‍.

വീണ്ടും ജനവരി പത്ത്​ വരും.
അന്ന് യേശുദാസിന്റെ പിറന്നാളാണ്.
എനിക്ക് കുറിപ്പെഴുതണം. ആശംസകള്‍ അര്‍പ്പിക്കണം.
അപ്പോള്‍ ഞാനിങ്ങനെയൊക്കെയെഴുതി എന്നെത്തന്നെ സമാധാനിപ്പിക്കും:  ‘‘പോകെപ്പോകെ പുകയെല്ലാം മായും. യേശുദാസ് അദ്ദേഹത്തിന്റെ പാട്ടും ശബ്ദവും മാത്രമായി അടയാളപ്പെടുന്ന ഒരു കാലം വരും.  അവ മാത്രമേ അന്ന് നിലനില്‍ക്കൂ. ആ കാലത്ത് അദ്ദേഹം ഇന്നത്തേക്കാള്‍ തിളക്കത്തോടെ ഓര്‍മിക്കപ്പെടട്ടെ. കാരണം, കഠിനമായ ജീവിത സന്ദര്‍ഭങ്ങളിലൊക്കെ എന്നെപ്പോലെ എത്രയധികം ആളുകളെ  എന്നും ആശ്വസിപ്പിച്ചിരുന്ന ശബ്ദമായിരുന്നു യേശുദാസിന്റേത്.’’ 

എന്നിട്ട്, ഇന്നും കേട്ടാല്‍ ഏതൊക്കെയോ ഓര്‍മകളില്‍ കണ്ണു നിറയുന്ന, വികാരം കൊള്ളുന്ന, ഉന്മാദത്തില്‍ പെട്ടുപോകുന്ന യേശുദാസിന്റെ ചില പ്രിയ ഗാനങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തു വെക്കും.

അനുരാഗലോല ഗാത്രി
വരവായി നീലരാത്രി
നിനവിന്‍ മരന്ദ ചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി

അനുരാഗിണി ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍...

സീമന്തിനീ നിന്‍ ചൊടികളിലാരുടെ
പ്രേമമൃദുസ്‌മേരത്തിന്‍ സിന്ദൂരം...

ഇന്നലെ മയങ്ങുമ്പോള്‍
ഒരു മണിക്കിനാവിന്റെ...

ചന്ദനലേപ സുഗന്ധം
ചാര്‍ത്തിയതാരോ
കാറ്റോ കാമിനിയോ

ഇനിയുമെത്രയെത്ര...

yeshudas
ഇന്നും കേട്ടാല്‍ ഏതൊക്കെയോ ഓര്‍മകളില്‍ കണ്ണു നിറയുന്ന, വികാരം കൊള്ളുന്ന, ഉന്മാദത്തില്‍ പെട്ടുപോകുന്ന യേശുദാസിന്റെ ചില പ്രിയ ഗാനങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തു വെക്കും/ photo: wikipedia

അങ്ങനെ ഒരാളിലൊന്നും  നില്‍ക്കുന്നതല്ല എന്റെ ആരാധനകള്‍.
യേശുദാസിന്റെ ഗാനങ്ങള്‍ പ്രണയമധുരമായിരിക്കുമ്പോള്‍ തന്നെ യേശുദാസിന്റെ ചിന്തകള്‍ക്ക് വാര്‍ധക്യം ബാധിച്ചു തുടങ്ങുകയും അദ്ദേഹം അസംബന്ധങ്ങള്‍ പറഞ്ഞു തുടങ്ങുകയും ചെയ്തതോടെയാണ് ഞാന്‍ ജയചന്ദ്രന്റെ യൗവന സുരഭിലമായ ആ ശബ്ദത്തെ കൂടുതലായി ആരാധിച്ചുതുടങ്ങുന്നത്. ജയചന്ദ്രന്‍ പാടിയ പണ്ടേയിഷ്ടമുള്ള ചില ഗാനങ്ങള്‍ മൂളിയാണ് യേശുദാസുണ്ടാക്കി വെച്ച ആ സ്തംഭനത്തെ ഞാന്‍ അതിജീവിച്ചത്.

ഒറ്റ നിമിഷം കൊണ്ട് ജയചന്ദ്രന്റെ ശബ്ദത്തിലൂടെ എനിക്കെന്റെ കൗമാരയൗവ്വനങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു.  ‘ഒരു ഗാനത്തിന്‍ മഴവില്‍ച്ചിറകില്‍ പ്രിയസഖി നിന്നെയുയര്‍ത്താം ഞാന്‍ 'എന്നത് ഒരു തലമുറയിലെ കാമുകിമാരില്‍ ജയചന്ദ്രന്റെ ശബ്ദം അബോധമായി നിക്ഷേപിച്ചു പോയ ഇന്ദ്രിയാനുഭവമാണ്. ഭാവങ്ങള്‍ക്ക് ഭാഷയേക്കാള്‍ ശക്തി,  ശബ്ദശുദ്ധിയേക്കാള്‍ മികച്ച ഭാവപൂര്‍ണ്ണിമ...  ഞാന്‍ പ്രണയത്തിന്റെ കൂട് പുതുക്കിപ്പണിതു.

സ്‌നേഹത്തോടെ, അല്‍പം feminine ഭാവത്തില്‍ ഇടപെടുന്നതുകൊണ്ട് അടുക്കാന്‍ ഭയം തോന്നിയിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവാണ് തോമസ് ഐസക്. പെണ്ണുങ്ങള്‍ക്കിഷ്ടമാകുന്നവരോ പെണ്ണുങ്ങളെ മൃദുവായി സമീപിക്കുന്നവരോ womanizer ആയിരിക്കണമെന്നില്ല.  

എന്നെങ്കിലും ജയചന്ദ്രനെ നേരില്‍ കണ്ടാല്‍, ആ മുഖത്തേക്കു നോക്കിയാല്‍, ഗാനങ്ങളിലൂടെ എന്നെ ആവേശിച്ച ആ കാമുകശബ്ദത്തെ നോക്കി അഗാധവും അടുപ്പമേറിയതും രഹസ്യാത്മകവുമായി ഞാന്‍ സൂക്ഷിച്ച എന്റെ വികാരങ്ങള്‍ വെളിപ്പെടുത്തിക്കളയാമെന്നുറപ്പിച്ചു. 

‘നിന്‍ മലര്‍മിഴിയുമായ് സുന്ദരിയങ്ങനെ ഞാനിണങ്ങുമല്ലോ' എന്നും  ‘ആരു ആരു നീ ദേവതേ ' എന്നും ആ മുഖത്തുനിന്നുതന്നെ  ഒരിക്കലെങ്കിലും കേള്‍ക്കാനാഗ്രഹിച്ചു.  ‘ഇന്നുമെന്റെ ചിന്തകളെ ആരുണര്‍ത്തുന്നു' എന്ന ചോദ്യത്തിന് ഉത്തരമായല്ലേ വിരഹിയായ ഈ കാമുകശബ്ദം  ‘ഹര്‍ഷ ബാഷ്പം തൂകീ' എന്ന ഗാനം എല്ലാക്കാലത്തേക്കുമായി പാടിത്തന്നത്.  പ്രണയത്തിനു ചേക്കേറാന്‍ ഈ ശബ്ദം പോലെ നല്ലൊരു ചില്ല വേറെയേതുണ്ട് എന്ന് ഞാനിരുന്നു കുറുകുന്നു.

പുഷ്‌കിന്റെ കവിതയോട് അന്ന അഖ്മതോവക്കുണ്ടായിരുന്നത്ര  അഗാധമായ വൈകാരികബന്ധമാണ് എനിക്ക്  ഈ ഗായകര്‍ പാടിവെച്ച ഗാനങ്ങളോടുള്ളത്.
പ്രണയമോ ആരാധനയോ എന്ന് പേരിട്ടു പറയാനാകാത്തത്ര അവ്യക്തവും സുന്ദരവും വാഗതീതവുമായ ഹൃദയബന്ധമായിരുന്നു പുഷ്‌കിനുമായി അന്ന അഖ്മതോവക്കുണ്ടായിരുന്നത്. അന്നയ്ക്ക് നൂറു വർഷം മുന്‍പ് ജീവിച്ചിരുന്ന കവിയായിരുന്നു പുഷ്‌കിന്‍.   ജീവിതത്തിലെ ദുരന്തകാലങ്ങളില്‍ അവര്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്താര്‍ജ്ജിച്ചത് പുഷ്‌കിന്റെ ജീവിതത്തെയും കവിതകളെയും കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ്. പക്ഷെ കവിതയോടുള്ള പ്രണയം കവിയോടുള്ള പ്രണയം തന്നെയായി മാറിയിരുന്നു. തനിക്ക് പുഷ്‌കിന്റെ ഭാര്യയോട് വല്ലാത്ത അസൂയ തോന്നുന്നുവെന്ന് ആ ആരാധന മറച്ചുവയ്ക്കാതെ അന്ന തന്റെ ഡയറിയില്‍ കുറിച്ചിട്ടു. തനിച്ചായിപ്പോയ ജീവിതഘട്ടങ്ങളിലെല്ലാം ഇണയും തുണയുമായി കൂടെ നിന്നത് പുഷ്‌കിന്‍ തന്നെയായിരുന്നു. അതൊരു  വൈകാരികസുരക്ഷിതത്വം തന്നെയാണ്. പ്രണയബന്ധങ്ങളില്‍ നിന്ന്​ പ്രണയികള്‍ പരസ്പരം തേടുന്നതുപോലെ ഒന്ന്. പ്രണയത്തെ അന്ന ‘അഞ്ചാമത്തെ ഋതു' എന്നാണ് വിളിക്കുന്നത്.

jaya chandran
ഒറ്റ നിമിഷം കൊണ്ട് ജയചന്ദ്രന്റെ ശബ്ദത്തിലൂടെ എനിക്കെന്റെ കൗമാരയൗവ്വനങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു.

മനുഷ്യാത്മാവ് അതിജീവിക്കുന്നത് ഇത്തരം ചില ആസക്തികളിലോ ആനന്ദങ്ങളിലോ പ്രിയതരമായ ലൗകികപ്രണയങ്ങളിലോ ഒക്കെയാണ്. ഇത്തരം ആരാധനകള്‍  അനേക വര്‍ഷങ്ങള്‍ക്കിപ്പുറവും മൃദുവായ ചില ഇഴകള്‍ കൊണ്ട്  കാലങ്ങളെ തമ്മില്‍ തൊടുവിക്കുന്നുണ്ട്.  ജവഹര്‍ലാല്‍ നെഹ്രുവിനെയും രവീന്ദ്രനാഥ ടാഗോറിനെയും രാജേഷ് ഖന്നയെയും ഇതുപോലെ പ്രണയിച്ചാരാധിച്ചവര്‍ എത്രയോ ഉണ്ട്. അവര്‍ക്കൊക്കെ ഇനിയും നമ്മള്‍ സ്വപ്നം കാണാന്‍ പോലും ധൈര്യപ്പെടാത്ത അവസ്ഥകളെ  പ്രണയം കൊണ്ട് ജ്വലിപ്പിച്ച എത്ര കഥകള്‍ പറയാനുണ്ടാകും.

ശാന്തിനികേതനില്‍ രബീന്ദ്രനാഥ ടാഗോറിന്റെ മധ്യവയസ്സുകാലത്തെ ചിത്രം നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്ന  സുഹൃത്തിനോടു പറഞ്ഞു, ‘ഈ നോട്ടം നേരിടണമെങ്കില്‍ അസാധാരണമായ ആത്മശക്തി വേണം. എനിക്ക് താങ്ങാനാകുന്നില്ല ആ നോട്ടത്തിന്റെ തീക്ഷ്ണത'എന്ന്. അദ്ദേഹം പ്രണയിച്ചതും അദ്ദേഹത്തെ പ്രണയിച്ചതുമായ മുഴുവന്‍ സ്ത്രീകളുടെയും ചിത്രങ്ങള്‍ ആ മ്യൂസിയത്തിലുണ്ട്. അവരെ ഓരോരുത്തരെയായി ഞാനെതിര്‍ നിര്‍ത്തിനോക്കി. ടാഗോറിന്റെ കണ്ണുകള്‍ അവരെയൊന്നുമായിരിക്കില്ല തേടിയത് എന്നെനിക്കു തോന്നി. എന്റെ കണ്ണുകള്‍ തീര്‍ച്ചയായും അത്തരമൊരു നോട്ടം ആഗ്രഹിക്കുന്നുണ്ട്.

മാധവി നോക്കുമ്പോഴാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാകുന്നത് എന്നെനിക്കു തോന്നാറുണ്ട്.  അവരുടെ ഏറ്റവും വശ്യമായ ആ നോട്ടത്തെ നേരിടുവാന്‍ തന്റെ‘യുള്ളി'ലെ ബാക്കി സൗന്ദര്യം കൂടി മമ്മൂട്ടിക്കു പുറത്തെടുക്കേണ്ടിവരുന്നു എന്നതുകൊണ്ടാണത്.

മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളില്‍ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങള്‍. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനര്‍ജിയും കണ്ടിട്ടില്ല. മിക്കവര്‍ക്കും ആരെ അഭിമുഖീകരിച്ചാലും ഒരേ മട്ടും ഭാവവും. നികേഷ് നോക്കുന്നത് അങ്ങനെയല്ല. എതിരെയിരിക്കുന്നത് ശ്വേത മേനോനായാലും കെ.ആര്‍.ഗൗരിയായാലും സി.കെ. ജാനുവായാലും കെ.എസ്. ചിത്രയായാലും കെ. പി. എ. സി ലളിതയായാലും നികേഷിന്റെ കണ്ണുകള്‍  സൗന്ദര്യവും സ്‌നേഹവും തിളക്കവും പ്രതിഫലിപ്പിക്കുന്നത് പ്രത്യേകമായ ഒരു നൈസര്‍ഗ്ഗികതയോടെയാണ്. നികേഷിന്റെ നോട്ടം മാത്രം കണ്ടാലറിയാം എതിര്‍സീറ്റില്‍ ഒരു സ്ത്രീയോ പുരുഷനോ എന്ന്.

rabindranth tagore
ടാഗോറിന്റെ കണ്ണുകള്‍ അവരെയൊന്നുമായിരിക്കില്ല തേടിയത് എന്നെനിക്കു തോന്നി. എന്റെ കണ്ണുകള്‍ തീര്‍ച്ചയായും അത്തരമൊരു നോട്ടം ആഗ്രഹിക്കുന്നുണ്ട് .

സ്‌നേഹത്തോടെ, അല്‍പം feminine ഭാവത്തില്‍ ഇടപെടുന്നതുകൊണ്ട് അടുക്കാന്‍ ഭയം തോന്നിയിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവാണ് തോമസ് ഐസക്. പെണ്ണുങ്ങള്‍ക്കിഷ്ടമാകുന്നവരോ പെണ്ണുങ്ങളെ മൃദുവായി സമീപിക്കുന്നവരോ womanizer ആയിരിക്കണമെന്നില്ല.  അപൂര്‍വ്വമായി മാത്രമേ പുരുഷന്മാരില്‍ അത്തരം മൃദുലതകള്‍ കണ്ടെത്താന്‍ കഴിയൂ. പരസ്പര സ്‌നേഹത്തോടെ നോക്കാന്‍ കഴിയുമ്പോള്‍ രണ്ടു പേരിലുണ്ടാകുന്ന ആ ധൈര്യത്തെ ഞാന്‍ ആരാധന എന്നു കൂടി വിളിക്കും. കണ്ടപ്പോള്‍ കണ്ണില്‍ നോക്കി, തോളില്‍ തട്ടി, അടുത്തിരുന്നു എന്നൊക്കെ അവഹേളിക്കുന്ന രാഷ്ട്രീയകുതന്ത്രങ്ങള്‍ മനുഷ്യരിലെ എല്ലാ മൃദുലതകളെയും, ശരീരവും മനസ്സും തമ്മിലുള്ള സ്വരൈകൃത്തെയും നശിപ്പിച്ചു കളയും.

മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളില്‍ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങള്‍. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനര്‍ജിയും കണ്ടിട്ടില്ല.

നവംബറിന്റെ നഷ്ടവും ഓര്‍മ്മക്കായിയും കണ്ട് നടി മാധവിയുടെ നോട്ടവും നടപ്പും ചിരിയും കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട് ഞാന്‍. നിവര്‍ന്ന് നെഞ്ചുവിരിച്ചു നടക്കുന്ന ആ ആത്മവിശ്വാസവും ചിരിക്കുമ്പോള്‍ വിടര്‍ന്നുവരുന്ന കണ്ണുകളും അത്രക്ക് പ്രിയപ്പെട്ടതാണെനിക്ക്.  മാധവി നോക്കുമ്പോഴാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാകുന്നത് എന്നെനിക്കു തോന്നാറുണ്ട്.  അവരുടെ ഏറ്റവും വശ്യമായ ആ നോട്ടത്തെ നേരിടുവാന്‍ തന്റെ‘യുള്ളി'ലെ ബാക്കി സൗന്ദര്യം കൂടി മമ്മൂട്ടിക്കു പുറത്തെടുക്കേണ്ടിവരുന്നു എന്നതുകൊണ്ടാണത്. ഓരോ നല്ല നോട്ടത്തിനും മുന്നിലല്ലാതെ ഒരു സൗന്ദര്യവും ഉണ്ടാകുന്നില്ല.  ഉള്ളിനെ പുറത്തേടുക്കുന്ന ആ ചുഴിഞ്ഞുനോട്ടമറിയാവുന്ന ഒരു പെണ്ണ്​ മുന്നിലുണ്ടെങ്കില്‍ ലോകത്തിലുള്ള ആണുങ്ങളെല്ലാം എത്രമാതം  സുന്ദരന്മാരാകുമായിരുന്നു! സ്വകാര്യമായി അവരെന്തെല്ലാം നര്‍മ്മങ്ങള്‍ പറയുമായിരിക്കും 

nikesh
മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളില്‍ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങള്‍. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനര്‍ജിയും കണ്ടിട്ടില്ല.

ഞാനിങ്ങനെ എത്രയോ ഇഷ്ടങ്ങളിലൂടെ കടന്നുപോയി. അതില്‍ ഏതൊക്കെയായിരുന്നു പ്രണയങ്ങള്‍? ഏതൊക്കെയായിരുന്നു ആരാധനകള്‍? ഏതൊക്കെയായിരുന്നു വെറും ഭ്രമങ്ങള്‍? ഏതൊക്കെയായിരുന്നു സാധാരണ സൗഹൃദങ്ങള്‍? അതിന്റെ ഊര്‍ജ്ജപ്രവാഹത്തില്‍ ആഞ്ഞടിക്കുന്ന തിരമാലയായി, തിമിര്‍ത്തു പെയ്യുന്ന മഴയായി, ഇടിയും മിന്നലുമായി, ഹര്‍ഷോന്മാദങ്ങളിലേക്ക് അവ ഇന്നും എന്നെ ആനയിക്കാറുണ്ട്. അതൊക്കെയും നല്‍കിയ ജീവിതപ്രേരണകള്‍ നിസ്സാരമായിരുന്നില്ല.

സോര്‍ബയെ പോലെ തിരമാലകള്‍ക്കുമേല്‍ നൃത്തം വെക്കുന്ന ഒരു കടല്‍പ്പക്ഷിയായി ഞാന്‍.  

എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം  വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Audio