Design and Election Campaign
സൈനുൽ ആബിദ് / കമൽറാം സജീവ്
കേരള ഇലക്ഷൻ ഒരു മാച്ചോ പ്രകടനം
ആത്യന്തികമായി ആണുങ്ങളുടെ മത്സരമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉറപ്പാണ് തെരഞ്ഞെടുപ്പ്. അതിലെ നിർണായകവും ആഘോഷവുമായ ഘടകമാണ് പ്രചാരണം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാലികമായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ ഡിസൈനറായ സൈനുൽ ആബിദ്. പലനിറ ചായങ്ങളുടെ ചുവരെഴുത്തു കാലത്തു നിന്ന് സിനിമാറ്റിക് ബി.ജി.എമ്മുള്ള വീഡിയോകളിലേക്കുള്ള പ്രചരണ രീതികളുടെ മാറ്റം ഒരു ഡിസൈനർ തന്റെ രാഷ്ട്രീയവും ചേർത്ത് പറയുന്നു.
കമൽറാം സജീവ്: കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പിന്റെ കൂടി ഫലം വരികയാണ്. മലയാളിയുടെ രാഷ്ട്രീയ- രാഷ്ട്രീയേതര ബോധ്യങ്ങള്‍ സൂക്ഷ്മമായും കൗതുകകരമായും പ്രതിഫലിച്ച ഒരു പ്രചാരണമായിരുന്നു ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലേത്. പ്രചാരണ കണ്ടന്റുകളുടെ ഡിസൈനര്‍ എന്ന നിലയ്ക്ക് തെരഞ്ഞെടുപ്പു പ്രചാരണങ്ങളെക്കുറിച്ചുള്ള ആദ്യകാല ഓര്‍മകള്‍ എന്തൊക്കെയാണ്?
സൈനുല്‍ ആബിദ്: പില്‍ക്കാലത്തെ ഡിസൈനര്‍ ജീവിതത്തിന് കുറെതരത്തില്‍ സഹായകമായ കാര്യങ്ങളാണ് ആദ്യകാലത്തെ തെരഞ്ഞെടുപ്പുപ്രചാരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തെളിഞ്ഞുവരുന്നത്. വഴിനീളെയുള്ള ചുവരെഴുത്തുകള്‍, കംപ്യൂട്ടര്‍ ഇല്ലാത്ത കാലത്തെ വ്യത്യസ്ത നിറങ്ങള്‍, ടൈപ്പോഗ്രഫി, മുദ്രാവാക്യങ്ങള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍ എന്നിവ അവഗണിച്ച് വീട്ടില്‍നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അപ്പുറമുള്ള സ്‌കൂളില്‍ ബസില്‍ പോകാന്‍ കഴിയില്ലായിരുന്നു. നാട്ടിലെ ലഭ്യമായ എല്ലാ ആര്‍ട്ടിസ്റ്റുകളും നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്ന പൊളിറ്റിക്കല്‍ ബിനാലെ ആയിരുന്നു അക്കാലത്തെ തെരഞ്ഞെടുപ്പുകള്‍. സാമ്പത്തികമായ ആകര്‍ഷണങ്ങള്‍ക്കപ്പുറം ഒരു രാഷ്ട്രീയ പ്രബുദ്ധത അതില്‍ വര്‍ക്ക് ചെയ്യാറുണ്ടായിരുന്നു. ചുവരായ ചുവരുകളും പോസ്റ്റുകളായ പോസ്റ്റുകളും മാസങ്ങള്‍ക്കുമുമ്പ് ബുക്ക് ചെയ്യുകയായിരുന്നു പതിവ്. സ്വന്തം വീടിന്റെ മതിലാണെങ്കില്‍ പോലും വീട്ടുകാര്‍ക്ക് അതില്‍ വലിയ അവകാശങ്ങളൊന്നും ഉണ്ടാവാറില്ല.

നിലപ്പലകയുള്ള ചില കടകളുടെ രണ്ടാംനില ചുവരില്‍ പണ്ടത്തെ ചുവരെഴുത്ത് കാലത്തിന്റെ ശേഷിപ്പു പോലെ അപൂര്‍വമായി ചിലയിടങ്ങളില്‍ ഇപ്പോഴും മായാതെയുണ്ട്. ചിഹ്നം മാറി, മുന്നണി മാറി, നിറങ്ങള്‍ മാറി, എന്തിന് സ്ഥാനാര്‍ഥി പോലും ജീവിച്ചിരിപ്പില്ലാത്ത ഇത്തരം ചുവരെഴുത്തുകള്‍ ഇന്നുകാണുമ്പോള്‍ വളരെ കൗതുകകരമാണ്. ഫ്‌ളക്‌സുകളും ഡി.ടി.പിയുമൊക്കെ വരുന്നതിനുമുമ്പ് തടിച്ചട്ടയില്‍ തീര്‍ത്ത തുണിഫ്രെയിമുകളില്‍ ഡിസ്റ്റംബറിന്റെയും സ്‌റ്റൈനറിന്റെയും മിക്‌സില്‍ കട്ട് കളറുകളിലായിരുന്നു പ്രചാരണ ബോര്‍ഡുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നത്. നേരിട്ട് കാന്‍വാസില്‍ എഴുതുന്നതിന്റേതായ എല്ലാ സവിശേഷതകളും കംപ്യൂട്ടര്‍ ഡിസൈന്‍ വന്നതോടെ ഇല്ലാതായി.
മലയാളികളുടെ ഓര്‍മയില്‍ പലതരം ചിഹ്‌നങ്ങളുണ്ടായിരിക്കും. താങ്കളുടെ ഓര്‍മയിലുള്ള ഒരു ചിഹ്‌നം ഏതാണ്?
കലപ്പയേന്തിയ കര്‍ഷകനായിരുന്നു ഓര്‍മയിലെ ഏറ്റവും ആകര്‍ഷിച്ച ‘നമ്മുടെ ചിഹ്നം'. അതിന്റെ കറുപ്പ് നിറങ്ങളിലുള്ള ഡീറ്റെയില്‍സ് വിദഗ്ധരായ ആര്‍ടിസ്റ്റുകള്‍ക്കുമാത്രം സാധ്യമായ ഒന്നായിരുന്നു. റോസ്, മഞ്ഞ നിറങ്ങളിലുള്ള അഭ്യര്‍ത്ഥന നോട്ടീസുകള്‍, കോളാമ്പി കെട്ടിയ ജീപ്പിലൂടെ പറന്നുയരുന്നതും കുട്ടികള്‍ അതെടുക്കാന്‍ കലപില കൂട്ടി ഓടിയെത്തുന്നതൊക്കെ വര്‍ണാഭമായ ഓര്‍മകളാണ്.
രണ്ടാമത്തേത് രാഷ്ട്രീയമായ ഓര്‍മകളാണ്. നേതാക്കന്മാരുടെ പ്രസംഗം കേള്‍ക്കാന്‍ പോകുന്നത് മുതിര്‍ന്നവരുടെ ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പരിപാടിയായിരുന്നു. പ്രസംഗം കഴിഞ്ഞശേഷം, നീണ്ട ബാറ്ററി ടോര്‍ച്ചുവെളിച്ചത്തില്‍ തോര്‍ത്തുമുണ്ട് തലയില്‍ ചുറ്റി രാഷ്ട്രീയം ചര്‍ച്ച ചെയ്തുള്ള തിരിച്ചുവരവുകള്‍ പുതുതലമുറയ്ക്ക് അത്ര എളുപ്പം മനസിലാകുന്ന വിഷ്വലുകളല്ല. "സന്ദേശം' എന്ന സിനിമയില്‍, സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് പുലര്‍ച്ചെ ലോറിയില്‍ തിരിച്ചുവരുന്ന ജയറാമിനെയൊക്കെ അത്തരത്തില്‍ അസോസിയേറ്റ് ചെയ്യാം. പൊരിവെയിലത്തുള്ള തെരുവുനാടകങ്ങള്‍, സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള മെലഡി അപദാനങ്ങള്‍ എന്നിവയൊക്കെ അക്കാലത്തെ പ്രധാന പ്രചാരണ മെറ്റീരിയലുകളായിരുന്നു.
ഡിസൈനില്‍ എല്‍.ഡി.എഫ് / യു.ഡി.എഫ് വ്യത്യാസമുണ്ടോ? അതായത്, ഡിസൈന്‍ ആവശ്യപ്പെടുന്നവരുടെ അഭിരുചി വ്യത്യാസം എങ്ങനെയാണ്? രാഷ്ട്രീയവും അഭിരുചിയും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?
കുറച്ചുമുമ്പുവരെ എല്‍.ഡി.എഫ്- യു.ഡി.എഫ് / മറ്റുപാര്‍ട്ടികള്‍... ഇവരുടെ ഡിസൈനുകള്‍ ചിഹ്നം മറച്ചു പിടിച്ചാലും മനസ്സിലാകുമായിരുന്നു. ക്രമേണ കാഴ്ചയിലെ പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ ഇല്ലാതായി. ദൈനംദിന ജീവിതത്തിലെ ഹൈപ്പര്‍ റിയലിസം പോസ്റ്ററുകളിലും വന്നു. പൊളിറ്റിക്കല്‍ കണ്ടന്റുകള്‍ ഇല്ലാതായി. മുദ്രാവാക്യം മാറി ടാഗ്‌ലൈനുകളായി. അമേരിക്കയിലും മറ്റും പൊളിറ്റിക്കല്‍ പോസ്റ്ററുകള്‍ രാഷ്ട്രീയ കണ്ടന്റുകളാല്‍ സമൃദ്ധമാണ്. 2008ല്‍ ഒബാമയുടെ കാമ്പയിന്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ പ്രചാരണമായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവര്‍ പ്രചാരണത്തിന്റെ തീം മാറ്റിക്കൊണ്ടിരുന്നു. ‘HOPE’ എന്ന നാലക്ഷരവും നാല് കട്ട് കളറുകളില്‍ തീര്‍ത്ത ഒബാമയുടെ ഗ്രാഫിക്കല്‍ തലപ്പടവും അന്നേവരെയുള്ള സകല പൊളിറ്റിക്കല്‍ കാമ്പയിനുകളെയും നിഷ്പ്രഭമാക്കി. അമേരിക്കയ്ക്ക് പ്രതീക്ഷകളുടെ നിറം കൊടുത്തു. സെപ്തംബര്‍ 11 നുശേഷം നടന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ ദേശീയതയെ ബൂസ്റ്റ് ചെയ്യാന്‍ അന്ന് സെനറ്ററായിരുന്ന ഒബാമ ഉപയോഗിച്ച ‘YES WE CAN' എന്ന സ്ലോഗന്‍ അമേരിക്കയില്‍ കൊടുങ്കാറ്റ് തീര്‍ത്തു. ഒടുവില്‍ പ്രസിഡന്റ് ഒബാമയുടെ ഷിക്കാഗോയിലെ വിടവാങ്ങല്‍ പ്രസംഗം അവസാനിക്കുന്നത് ആ വാക്ക് വെച്ചായിരുന്നു; ‘YES WE CAN'.

പുറത്തുനടക്കുന്ന കാമ്പയിനുകളിലെ ഇത്തരം കണ്‍സിസ്റ്റന്‍സികളൊന്നും ഇവിടെ നടപ്പിലായിട്ടില്ല. നിറത്തിലും, ടൈപ്പിലും, ടെക്സ്റ്റിലുമൊക്കെയുള്ള ഐക്യരൂപവും ലാളിത്യവും ഭാവിയില്‍ നമ്മുടെ പ്രചാരണങ്ങളിലും നടപ്പിലാകുമായിരിക്കും. എങ്കിലും, ഇവിടെ, മുദ്രാവാക്യങ്ങളിള്‍ ഒരു ഇടതുമേല്‍ക്കൈ ഉണ്ട് എന്നുപറയാം. 'എല്‍.ഡി.എഫ് വരും, എല്ലാം ശരിയാവും' എന്ന മുദ്രാവാക്യത്തില്‍ എത്ര രാഷ്ട്രീയമുണ്ട് എന്നറിയില്ലെങ്കിലും അത് ജനകീയമായിരുന്നു. 2021 ലെ 'ഉറപ്പാണ് എല്‍.ഡി.എഫ്'' പഴയതിനെ അപേക്ഷിച്ച് അല്‍പ്പം കൂടി നിലവാരമുള്ളതും ശക്തവുമാണ്. എല്‍.ഡി.എഫ് അവരുടെ മുഴുവന്‍ കാമ്പയിനിലും ഈ സ്ലോഗന്‍ സമര്‍ത്ഥമായി സന്നിവേശിപ്പിച്ചു.
ചുവരെഴുത്തുകളുടേയും കളര്‍ പേപ്പര്‍ അരങ്ങുകളുടേയും പ്രചാരണകാലത്തുനിന്ന് ഡിജിറ്റല്‍ പ്രിന്റ് കളര്‍ പോസ്റ്ററുകളുടെ കാലമെത്തുമ്പോള്‍ എന്തൊക്കെ സാധ്യതകളാണ് ഒരു ഡിസൈനര്‍ക്ക് മുന്നിലുള്ളത്?
സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായവര്‍ക്കുവേണ്ടി വിനിമയം ചെയ്യപ്പെടുന്നതായിരിക്കണം ഇലക്ഷന്‍ പ്രചാരണത്തിനുപയോഗിക്കുന്ന ഏത് ആശയവും. രണ്ടുതരത്തില്‍ കാമ്പയിന്‍ ചെയ്യാം; തിങ്കിങ്ങിന് പ്രാധാന്യം കൊടുത്തും ഫീലിങ്ങിന് പ്രാധാന്യം കൊടുത്തും. തിങ്കിങ്ങ് സൊസൈറ്റിയെ സ്വാധീനിക്കണമെങ്കില്‍ ധാരാളം ഡാറ്റ വേണ്ടിവരും, സമയവും. വലിയ റിസള്‍ട്ട് കിട്ടണമെന്നില്ല. തെരഞ്ഞെടുപ്പ് കരുണയുടെയും കായികക്ഷമതയുടെയും ഒരു മത്സരമല്ലെങ്കില്‍ കൂടി പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഇമോഷന്‍സ് ആണ് കൂടുതല്‍ വര്‍ക്ക് ചെയ്യുകയും റിസള്‍ട്ട് ഉണ്ടാക്കിത്തരികയും ചെയ്യുക.
‘Dzain' എന്ന പേരിലുള്ള ഞങ്ങളുടെ സ്ഥാപനം സമര്‍ത്ഥരായ ഡിസൈനേഴ്‌സും, കോപ്പിറൈറ്റേഴ്‌സും ടൈപ്പോഗ്രാഫേഴ്‌സും അടങ്ങിയ ടീമാണ്. ഇലക്ഷന്‍ ഡിസൈന്‍ സമയബന്ധിതമായി തീര്‍ക്കേണ്ട ജോലിയാണ്. കോര്‍ഡിനേഷന്‍ വലിയ ഒരു ഘടകമാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇലക്ഷനുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ ചെയ്യുന്നു. ഒരു സീസണല്‍ വര്‍ക്കും കൂടിയാണല്ലോ ഇത്. ഇലക്ഷന് മാസങ്ങള്‍ക്കുമുമ്പേ നമ്മുടെ വര്‍ക്ക് ആരംഭിക്കും. സ്ഥാനാര്‍ഥികളും പാര്‍ട്ടിക്കാരും ഞങ്ങളെ ബന്ധപ്പെടാറുണ്ട്. മുമ്പ് തൊണ്ണൂറ് ശതമാനം മുഖം വരുന്ന തരത്തിലുള്ള പോസ്റ്ററുകളായിരുന്നു അധികവും. വെളുക്കനെ ചിരിക്കുന്നതും. ഇപ്പോള്‍ അതൊക്കെ മാറി. സ്വാഭാവിക നോട്ടങ്ങളും ചിരികളുമൊക്കെ പോസ്റ്ററില്‍ വന്നു. സ്റ്റുഡിയോ ബാക്ഗ്രൗണ്ട് വിട്ട് കൂടുതല്‍ ഓര്‍ഗാനിക് ആയ ബാക്ക്ഗ്രൗണ്ടുകള്‍ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. ആള്‍ക്കൂട്ടവും ചായപ്പീടികയും, വായനശാലയുമൊക്കെ പശ്ചാത്തലമാകുന്നു. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ മറ്റുസമയങ്ങളില്‍ ചെയ്യുന്ന ഒരു ബ്രാന്‍ഡിംഗ് എക്‌സര്‍സൈസിന്റെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രമാണ് ഇലക്ഷന്‍.

പോസ്റ്ററുകള്‍ കൂടുതല്‍ സിനിമാറ്റിക്കായിട്ടുണ്ട് ഇപ്പോള്‍. പോസ്റ്ററുകള്‍ക്കായി ഫോട്ടോ ഷൂട്ടുകളും നടക്കാറുണ്ട്. അതുപോലെത്തന്നെയാണ് വിഡിയോകളും. കൃത്യമായ സ്‌ക്രിപ്റ്റിങ്ങുള്ള വീഡിയോകളാണ്. ഏത് മീഡിയമാണ് കൂടുതല്‍ എഫക്റ്റീവ്?
ലെങ്തി ആവാത്തതും വ്യത്യസ്തവുമായ ഏത് മെറ്റീരിയലും ഇഫക്ടീവ് ആണ്. ദീര്‍ഘമായോ, എങ്കിലത് റിജക്ട് ചെയ്യപ്പെടും. വളരെ ചെറിയ ആയുസ്സ് മാത്രമേ എല്ലാ ഇലക്ഷന്‍ പ്രചാരണ മെറ്റീരിയലുകള്‍ക്കുമുള്ളൂ. മനുഷ്യര്‍ക്കാണെങ്കില്‍ വളരെ കുറച്ച് സമയവും. ഈ രണ്ട് യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന, എന്നാല്‍ പൊളിറ്റിക്കലായ ഒരു സൃഷ്ടി ക്ലേശകരമാണ്.
സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ പരമ്പരാഗതരീതി ഒരു വിധമെല്ലാം മാറി. കൈപ്പിടിയിലൊതുങ്ങുന്ന ആ ഡിവൈസ് ആണ് പലപ്പോഴും ജയപരാജയങ്ങളെപ്പോലും നിശ്ചയിക്കുന്നത്. ഒരു സ്ഥാനാര്‍ഥിയുടെ വര്‍ക്ക് തുടങ്ങുന്നത് ഫോട്ടോഷൂട്ടില്‍ കൂടിയാണ്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് ഫോട്ടോഷൂട്ട് തുടങ്ങും. ഫോട്ടോഷൂട്ട് എടുത്ത് വെക്കുന്നവരുടെ മൂന്നില്‍ രണ്ടുപേര്‍ക്കും സീറ്റ് കിട്ടാറില്ല എന്നതാണ് വാസ്തവം. സിനിമാ പോസ്റ്ററില്‍ സമീപകാലത്ത് വന്ന മാറ്റങ്ങള്‍ ഇലക്ഷന്‍ പോസ്റ്ററുകളിലേക്കും വന്നിട്ടുണ്ട്.
നമ്മള്‍ ഹീറോയില്‍ കാണുന്ന അതിമാനുഷികത മുഴുവന്‍ നമ്മുടെ സങ്കല്‍പ്പത്തില്‍ നിന്നുണ്ടാവുന്നതല്ലല്ലോ. മത്സരിക്കുന്ന ഒരാളെക്കുറിച്ചുള്ള പേര്‍സെപ്ഷന്‍ ജനങ്ങളില്‍ മാറ്റേണ്ടിവരുമ്പോള്‍ റിയല്‍ ആകാതിരിക്കുക എന്നതിനാവും പ്രാഥമിക പരിഗണന. ഉദാഹരണത്തിന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഖദര്‍ വേണ്ട എന്ന് വെക്കുമ്പോള്‍ കോണ്‍ഗ്രസില്‍ അയാള്‍ വ്യത്യസ്തനാണ് എന്നാണ് പറയാതെ പറഞ്ഞ് സ്ഥാപിക്കുന്നത്.

വീഡിയോകള്‍ പ്രിന്റഡ് മെറ്റീരിയലുകളെ അപേക്ഷിച്ച് കുറച്ചുകൂടി ഇന്ററാക്ടീവ് ആകുന്നുണ്ട്. സ്വന്തം പാര്‍ട്ടിക്കാരുടേതാണെങ്കില്‍ കൂടി വോട്ടേഴ്‌സിന്റെ ടെസ്റ്റിമോണിയല്‍സിനൊക്കെ പ്രാധാന്യം കൊടുക്കുന്നുണ്ട്. സെക്കന്റുകള്‍ കൊണ്ട് ലക്ഷങ്ങളിലേക്കെത്താനാകുന്നു എന്നതൊക്കെ അതിന്റെ സോഷ്യല്‍ മീഡിയാ സാധ്യതകളില്‍ ചിലത് മാത്രമാണ്.
നൂറ്റാണ്ട് പഴക്കമുള്ള പാര്‍ട്ടികള്‍ (സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ്) ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ പ്രചാരണം നടത്തുന്നു. ജനക്കൂട്ടങ്ങളുടെയും ജാഥകളുടെയും പഴയ കാലം സോഷ്യല്‍ മീഡിയയിലെ വെര്‍ച്വല്‍ റിയാലിറ്റിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു?
ഓരോ പാര്‍ട്ടിയുടെയും പ്രചാരണ രീതികളില്‍ വ്യത്യാസമുണ്ട്. കേഡര്‍ പാര്‍ട്ടികള്‍ക്ക് അവരുടേതായ കേഡര്‍ ചിട്ടകളുണ്ട്. നമ്മളത് ഉപയോഗിക്കുന്നത് ശരിയാണോ, അങ്ങനെ എഴുതിയാല്‍ പ്രശ്നമാകില്ലേ തുടങ്ങിയ കണ്‍സേണ്‍സ് ഉണ്ടാവും. ഡിസൈനര്‍ എന്ന രീതിയില്‍ ഇവരെല്ലാം ആ സ്വാതന്ത്ര്യം തന്നിട്ടുണ്ട്.
എവിടെ നിര്‍ത്തണം, എവിടെ എഡിറ്റ് ചെയ്യണം എന്ന ബ്രേക്ക് ഇല്ലാത്തതാണ് പല പാര്‍ട്ടികളുടെ പ്രചാരണ ഉപകരണങ്ങളിലെ പ്രശ്നങ്ങള്‍. വ്യത്യസ്തമായി പ്രസന്റ് ചെയ്തെടുക്കാനുള്ള പാര്‍ട്ടിയിലെ യൂത്തിന്റെ ആഗ്രഹം തെരഞ്ഞെടുപ്പ് ചുമതലയുള്ള പാര്‍ട്ടി പ്രമുഖനിലേക്കെത്തുമ്പോള്‍ പാരമ്പര്യത്തിന്റെ പേരില്‍ റദ്ദ് ചെയ്യപ്പെടും. വെടിവെച്ചാല്‍ മാത്രം പോര ‘ഠോ' എന്ന് പറയണം, കൂടെ പുകയും വരുത്തണം എന്നതാണ് രീതി. പ്രകടന പത്രികയൊക്കെ ആ രീതിയില്‍ ആരെങ്കിലും വായിക്കുന്നുണ്ടാവുമോ?

സീരിയസായി എഴുതപ്പെട്ട്, എന്നാല്‍ ആരും വായിക്കാത്ത രണ്ടാമത്തെ നീണ്ട ടെക്സ്റ്റ് പ്രകടന പത്രികയായിരിക്കും. ആദ്യ സ്ഥാനം പത്രങ്ങളിലെ എഡിറ്റോറിയലുകള്‍ കൊണ്ടുപോകും. വലിപ്പം കൂടിയതും ഗ്രേ ഏരിയയുമാണ് പ്രശ്നം. പകരം വലിപ്പം കുറിച്ച് ചിത്രങ്ങളുടെയും ഇല്ലസ്ട്രേഷന്റെയും ഹൈലൈറ്റുകളുടെയും സഹായത്താല്‍ പ്രസന്റേഷനും ലേ ഔട്ടും വ്യത്യസ്തമാക്കിയാല്‍ കുറെ വോട്ടര്‍മാര്‍ അത് വായിക്കും. തിരഞ്ഞെടുപ്പുകള്‍ കുറച്ചുകൂടി രാഷ്ട്രീയമാവും.
ജനക്കൂട്ടങ്ങളും ജാഥകളും ഇന്നും പരമ്പരാഗതമായി തന്നെ നടക്കുന്നുണ്ട്. കോവിഡ് കാലമായിട്ടുപോലും നമ്മളതു കണ്ടു, അതിന്റെ പരിണതി അനുഭവിക്കുകയുമാണ്. സോഷ്യല്‍ മീഡിയ പങ്കാളിത്തങ്ങളിലും ഈ ആള്‍ക്കൂട്ടം എണ്ണപ്പെടുന്നില്ലേ? ലൈക്കുകളും ഡിസ് ലൈക്കുകളും വ്യൂവേഴ്സും കമന്റ്സുമൊക്കെ ജാഥയായും ആള്‍ക്കൂട്ടങ്ങളായും മുദ്രാവാക്യങ്ങളുമൊക്കെ വിര്‍ച്വല്‍ രൂപങ്ങള്‍ തന്നെയല്ലേ?
സ്ഥാനാര്‍ഥികളുടെ ആണത്ത പ്രദര്‍ശനം ഇത്തവണ പ്രചാരണത്തിലെ ഒരു പ്രത്യേകതയായിരുന്നു. തൃത്താലയിലെ സി.പി.എം സ്ഥാനാര്‍ഥി എം.ബി. രാജേഷ് കാലന്‍കുടയും ചൂടി ജീപ്പില്‍നിന്നിറങ്ങുന്ന ദൃശ്യം ഉദാഹരണം.
ആത്യന്തികമായി ആണുങ്ങളുടെ മത്സരമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍. ഒരു പാട്രിയാര്‍ക്കല്‍ macho show ആയാണ് കൊണ്ടാടപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. സി.പി.എമ്മിലെ എം.ബി. രാജേഷിനെ മൃദുഭാഷിയും സിംപിളുമായാണ് നമ്മള്‍ കാണാറുള്ളത്. രാജേഷിന്റെ രാജേഷത്വം എങ്ങനെ മാറ്റാം എന്ന ചിന്തയില്‍ നിന്നായിരിക്കാം, അദ്ദേഹത്തെ കാലന്‍കുടയും ചൂടിപ്പിച്ച് ജീപ്പില്‍നിന്നിറങ്ങുന്ന ദൃശ്യത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടാകുക. ഇത്തരമൊരു സൂപ്പര്‍ ഹീറോ പരിവേഷം രാജേഷിന് ചേരുന്നുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമേ ആവുന്നില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ ഇത്തരം വീഡിയോകള്‍ ഒരു ട്രെന്‍ഡ് ആകുന്നത് നമ്മള്‍ കണ്ടതാണ്. സ്ലോമോഷനില്‍ നടന്നു വരുന്ന സൂപ്പര്‍ ആണൊരുത്തന്‍, പശ്ചാത്തലത്തില്‍ വിജയ് പടത്തിലെ മാസ് BGM കള്‍. എന്തുകൊണ്ടാണ് പേരിനുപോലും ഒരു സ്ത്രീ സ്ഥാനാര്‍ഥിയുടെ ഇത്തരം വീഡിയോ ഇറങ്ങാത്തത്? കാരണം നേരത്തെ പറഞ്ഞതുപോലെ ഇലക്ഷന്‍ ആണുങ്ങളുടെ ഘോഷയാത്രയാണ്. ആര്‍മി, ക്യാപ്റ്റന്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ സംജ്ഞകളൊക്കെ ഇത്തരത്തില്‍ ആണധികാരപ്രയോഗങ്ങളാണ്.
ബാര്‍ബര്‍ ഷോപ്പിലും, ചായക്കടയിലും, പഞ്ചായത്ത് കലുങ്കിലുമിരുന്ന് രാഷ്ട്രീയം പറയുന്നത് മുഴുവന്‍ ആണുങ്ങളാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ അഭിപ്രായം ആരായാന്‍ മൈക്കുമെടുത്ത് ചാനലുകാരന്‍ അടുക്കളയില്‍ കയറുന്നത്. അടുക്കളയില്‍ നിന്ന് ആ സ്ത്രീക്ക് പറയേണ്ടി വരുന്നത് പിണറായി വിജയന്‍ താന്‍ ഇടപെടുന്ന വീട്ടിലെ ആളെ രക്ഷിച്ചു എന്നാണ്. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നതിലൂടെ സ്ത്രീ വീട്ടിനകത്തുതന്നെ എന്ന് ഊട്ടിയുറപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതുപോലത്തെ മൈക്കുമായാണ് ഒരാള്‍ ശൈലജ ടീച്ചറോട് കുക്കിങ്ങിനെക്കുറിച്ച് ചോദിക്കുന്നത്.

പുരുഷന്‍മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കും എന്ന് ഒരു പ്രകടന പത്രികയിലും വരാത്തതെന്താണ്? വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ എന്നു പറയുമ്പോള്‍ തങ്ങളുടെ വര്‍ക്കിനെ വാല്യൂ ചെയ്യുന്നു എന്ന താല്‍ക്കാലിക ലാഭം മാത്രമേ വീട്ടമ്മമാര്‍ക്കുണ്ടാവുന്നുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍, ഓപ്പണ്‍ വോട്ടിന് കൊണ്ടുപോയി തിരിച്ച് വീട്ടിലെത്തിച്ച് കിടത്തപ്പെടുന്ന ആളുടെ വാല്യൂ മാത്രമേ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നുള്ളൂ എന്നുസാരം.
ലതിക സുഭാഷ് തല മുണ്ഡനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേഷണം ഉണ്ടാക്കിയ കാമ്പയിന്‍ ഇംപാക്റ്റ് എന്താണ്?
ലതിക സുഭാഷ് ഒരു പ്രതീകമാണ്. മുടി എന്നതിനെ ലോകം സ്ത്രീയുമായി എങ്ങനെ കണക്ട് ചെയ്ത് പ്രതീകവല്‍ക്കരിച്ചോ അതേമുടിയെ ഒരു ടൂള്‍ ആയി ഉപയോഗിക്കുകയായിരുന്നിവിടെ. താന്‍ ഡിസര്‍വ് ചെയ്തത് പാര്‍ട്ടി തനിക്ക് നിഷേധിച്ചു എന്ന കാരണത്താല്‍ ആണുങ്ങളുടെ രാഷ്ട്രീയത്തിനു മുന്നില്‍ അവരത് വടിച്ചു കളഞ്ഞു. വല്ലാത്ത ഒരു പ്രതിഷേധമായിരുന്നു അത്. ഒരു പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ ഓര്‍ത്തെടുക്കുക ലതികാ സുഭാഷിന്റെ ഈ പ്രതിഷേധത്തിലൂടെയായിരിക്കാം. അത്രയ്ക്ക് പവര്‍ഫുള്‍ ആയിരുന്നു ആ പ്രതിഷേധം. എത്ര മാന്യമായാണ് അവര്‍ അതിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്!
സത്യത്തില്‍ ലതികാ സുഭാഷ് ഇന്നും ഇന്നലെയുമൊന്നുമല്ല ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്. മലമ്പുഴയില്‍ മത്സരിക്കുമ്പോള്‍ വി.എസ്. അവരെക്കുറിച്ച് പറഞ്ഞത് കേരളം മറന്നിട്ടില്ല. സ്ത്രീകളെ, അവര്‍ സ്ത്രീകളാണ് എന്ന് സമൂഹം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. നിയമസഭയില്‍ പോലും, ശൈലജ ടീച്ചര്‍ക്ക് പെണ്ണുഭരിച്ചാല്‍ എന്താ കുഴപ്പമെന്ന് ചോദിച്ചുകൊണ്ടേയിരിക്കേണ്ടത് അതുകൊണ്ടാണ്. ജെന്‍ഡറായി അല്ലാതെ പൊളിറ്റിക്കലായി അവരെ കാണാന്‍ പറ്റുന്നില്ല. അതുകൊണ്ടാണ് ബിന്ദു കൃഷ്ണക്ക് കരയേണ്ടി വരുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയമായി വിമര്‍ശിക്കേണ്ടിടത്തു പോലും 'ആട്ടക്കാരി അഴിഞ്ഞാട്ടക്കാരി' എന്ന വ്യംഗ്യത്തിലുള്ള റോക്ക് സ്റ്റാര്‍, കോവിഡ് റാണി എന്നീ പരിഹാസങ്ങള്‍ ശൈലജ ടീച്ചറെപോലെയുള്ള ഒരാള്‍ക്കുപോലും സീനിയറായ നേതാവില്‍ നിന്ന് നേരിടേണ്ടി വരുന്നത്.
ഹിന്ദുവേട്ട എന്ന് പറഞ്ഞുള്ള പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ - എന്‍.ഡി.എ യുടെ - കേരളം മുഴുവന്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് റോഡരികില്‍ നിരന്നിരുന്നു. പരസ്യമായ വര്‍ഗീയ പരസ്യം ആദ്യമായിട്ടായിരിക്കും ഇത്ര ഭീമാകാരമായി കേരളം കാണുന്നത്. രാഷ്ട്രീയ മനസ്സുള്ള ഒരു ഡിസൈനര്‍ക്ക്, ആര്‍ടിസ്റ്റിന് ആ ഹോര്‍ഡിംഗ് കണ്ടപ്പോള്‍ എന്താണ് തോന്നിയത്?
ഉള്ളിലുള്ളത് ഒതുക്കി വേറൊരാളായി അഭിനയിച്ച് സമൂഹത്തിന് എത്രകാലം ഇങ്ങനെ കപടമായി ജീവിക്കാനാകും? സോഷ്യല്‍ മീഡിയയിലുള്ളതുപോലെ ഒരു വെര്‍ച്വല്‍/ അനോണിമസ് സ്വഭാവം ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഒരു പരിധി വരെയെങ്കിലും മലയാളിയുടെ വര്‍ഗീയത ഹോര്‍ഡിംഗില്‍ കയറാത്തത്. ഔട്ട്‌ഡോര്‍ പബ്ലിസിറ്റി മാത്രമല്ലല്ലോ തിരഞ്ഞെടുപ്പ് പ്രചാരണായുധങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ എന്താണ് അവസ്ഥ? മീഡിയാ സ്‌പേസുകളില്‍?. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്‌ഫോണ്‍ പെനട്രേഷന്‍ ഉള്ള സ്ഥലവും കൂടിയാണ് കേരളം എന്നതും ഇതോടുചേര്‍ത്ത് വായിക്കണം.

വര്‍ഗീയമായ ഒരിടത്ത് എത്തിച്ചേരാതെ അവിടെ ഏതെങ്കിലും രാഷ്ട്രീയ ചര്‍ച്ച തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നുണ്ടോ? ന്യൂസ് ഫീഡുകളില്‍ കമന്റ്‌സ് മുഴുവനും വര്‍ഗീയമല്ലേ? വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ സ്പര്‍ധ വളര്‍ത്തുന്നതോ അധിക്ഷേപകരമായുള്ളതോ ആയ പരാമര്‍ശങ്ങള്‍ പാടില്ല എന്ന് ഡിസ്‌ക്ലേമര്‍ ആയി കൊടുക്കാറുണ്ട്. ഏതെങ്കിലും മീഡിയ ഇത് പാലിക്കാറുണ്ടോ? അത്തരം അധിക്ഷേപങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാറുണ്ടോ? ന്യൂസ് അവറിന്റെ ഇടവേളകളില്‍ നായര്‍ മാട്രിമോണിയിലേക്കും, മുസ്‌ലിം മാട്രിമോണിയിലേക്കും സ്വിച്ച് ചെയ്യുന്നതും കൂടിയാണ് നമ്മുടെ മീഡിയാ സ്‌പേസുകള്‍.
ബി. ഗോപാലകൃഷ്ണന്റെ പള്ളീലച്ചനോടുള്ള ആ ഉത്‌ബോധനം കേട്ടിട്ടുപോലും ആര്‍ക്കും ഒന്നും തോന്നാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. ഏറിയും കുറഞ്ഞും എല്ലാ പാര്‍ട്ടിക്കാരും തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നുണ്ട്.