Wednesday, 29 March 2023

ബഹുസ്വര ഇന്ത്യ


Text Formatted

കോൺഗ്രസ്​, മതേതരത്വം, കേരളം

നിരാശാഭരിതമായ ചില പ്രതീക്ഷകൾ

ബി.ജെ.പിയെ എതിര്‍ത്തുനില്‍ക്കാന്‍ കെല്‍പ്പുള്ള, പലപ്പോഴും കോണ്‍ഗ്രസ് മുന്നോട്ടുവക്കുന്ന മൃദുഹിന്ദുത്വക്കു പകരം യഥാര്‍ത്ഥ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കോണ്‍ഗ്രസ് വളമായി മാറിയെങ്കില്‍ എന്ന് മതേതര ഭാരതീയര്‍ ആഗ്രഹിച്ചുപോകും.

Image Full Width
Image Caption
Photos : Manilal Padavoor
Text Formatted

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം അവിടുത്തെ ബുന്ദി എന്ന സ്ഥലത്തുനിന്ന്​, കോണ്‍ഗ്രസ് വിജയം പ്രഖ്യാപിക്കുന്ന രാജസ്ഥാന്‍ പത്രികയുടെ​ ഹെഡ്​ലൈനിനൊപ്പം, അപ്പോള്‍ കുടിച്ച ചായഗ്ലാസും വച്ചെടുത്ത ഫോട്ടോ സുഹൃത്തിനയച്ചപ്പോള്‍ ചേര്‍ത്ത അടിക്കുറിപ്പ് ഇപ്പോഴും ഓര്‍മയുണ്ട്;  ‘കോണ്‍ഗ്രസിന്റെ വിജയം നമ്മളൊക്കെ ഇത്ര സന്തോഷത്തോടെ പരസ്പരം അറിയിക്കുമെന്ന് എന്നെങ്കിലും കരുതിയിരുന്നോ?'  

ഗാന്ധിജിക്കുപകരം ഗോഡ്സെയും ഭരണഘടനയ്ക്കുപകരം വിചാരധാരയും മുന്നോട്ടുവക്കപ്പെടുന്ന, ഇന്ത്യ ഒരു അപ്രഖ്യാപിത ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്ന, ഒരു വലിയ ടേണിങ് പോയന്റിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ഒരു ടേണിങ് പോയൻറ്​. എന്തെങ്കിലും രക്ഷയുണ്ടോ, എവിടെയെങ്കിലും ഒരു രക്ഷകന്‍/രക്ഷക ഉദയം ചെയ്യുമോ എന്നൊക്കെ കടുത്ത നിസ്സഹായതയോടെ ചുറ്റിലും പരതിക്കൊണ്ടിരിക്കുന്ന അവസ്ഥ. 

DELHI

ഭരണകര്‍ത്താക്കള്‍ക്കെതിരെയുള്ള വിമര്‍ശനം രാജ്യത്തിനെതിരെയുള്ള വിമര്‍ശനമായി വ്യാഖ്യാനിക്കപ്പെടുന്ന കാലത്ത്, പെറ്റിക്കേസുപോലെ എളുപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാവുന്ന കാലത്ത്, പശുവിന്റെ പേരില്‍ മനുഷ്യന്‍ കൊലചെയ്യപ്പെടുന്ന കാലത്ത്, കോണ്‍ഗ്രസിനെ പ്രതീക്ഷയോടെ നോക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. അടിയന്തരാവസ്ഥയും 1984-ലെ ഗവണ്‍മെൻറ്​ സ്പോണ്‍സേര്‍ഡ് കൂട്ടക്കൊലയും വരെ മറക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

‘കോൺഗ്രസ്​ വിത്ത്​ ഗാന്ധീസ്​’

എന്നാല്‍, കോണ്‍ഗ്രസിലേക്കു നോക്കുമ്പോള്‍ കാണുന്നതെന്താണ്? നൂറുവര്‍ഷത്തില്‍ കൂടുതല്‍ നിലനിന്ന ഒരു പ്രസ്ഥാനത്തിന് ഇന്നും ഒരു കുടുംബത്തില്‍നിന്ന്​ മാറിനിന്നുള്ള അസ്ഥിത്വം ആലോചിക്കാനേ പറ്റുന്നില്ല! കോണ്‍ഗ്രസിനെ നയിക്കുന്ന മൂന്നു ഗാന്ധിമാര്‍ക്കും ഒരുവിധത്തിലുള്ള മാസ് ജനകീയ അടിത്തറയും ഇല്ലെന്നറിഞ്ഞിട്ടും ആ പാര്‍ട്ടിക്ക് ഏതെങ്കിലും ഒരു ഗാന്ധിക്കപ്പുറം ചിന്തിക്കാന്‍ കഴിയുന്നില്ല എന്നത് എന്തൊരു ദുര്യോഗമാണ്.  Congress with Gandhis ഇത്രയും താഴെ എത്തിനില്‍ക്കുകയാണെങ്കില്‍ ഒരു Congress without Gandhis ന് അതിലും താഴെ പോകാന്‍, അതിലും താഴെ എന്നൊന്നില്ലല്ലോ. 

DELHI

നേതൃമാറ്റത്തെപ്പറ്റി ചര്‍ച്ച വരുമ്പോള്‍ പൊതുവെ പറയുന്ന കാര്യമാണ്, പാര്‍ട്ടി തീരുമാനിക്കും എന്നത്. സാധാരണഗതിയില്‍ അതു ശരിയുമാണ്. നിര്‍ഭാഗ്യവശാല്‍ ഇതിപ്പോള്‍ കോണ്‍ഗ്രസിനെ മാത്രം ബാധിക്കുന്ന, പാര്‍ട്ടിക്കുള്ളില്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഇത് ഇന്ത്യയുടെ മൊത്തം പ്രശ്നമാണ്, ഇന്ത്യയുടെ ജനാധിപത്യത്തെയും മതേരതത്വത്തെയും ഒക്കെ ബാധിക്കുന്ന, ഇന്ത്യയെന്ന സങ്കല്‍പത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്. ഇങ്ങനെയൊരു സമയത്തുപോലും നിങ്ങള്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ ബി.ജെ.പി.യെപ്പോലെ ഒരു ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന് മതേതരവിശ്വാസികള്‍ ആഗ്രഹിക്കേണ്ട അവസ്ഥ വരും. ബി.ജെ.പി.യെ എതിര്‍ത്തുനില്‍ക്കാന്‍ കെല്‍പ്പുള്ള, പലപ്പോഴും കോണ്‍ഗ്രസ് മുന്നോട്ടുവക്കുന്ന മൃദുഹിന്ദുത്വക്കു പകരം യഥാര്‍ഥ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കോണ്‍ഗ്രസ് വളമായി മാറിയെങ്കില്‍ എന്ന് മതേതര ഭാരതീയര്‍ ആഗ്രഹിച്ചുപോകും. ഈ അലസസമീപനവുമായി കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി നില്‍ക്കുന്നത് ഇന്ത്യയോടു ചെയ്യുന്ന അനീതിയാണ്.

രാഹുലിനെപ്പോലെ മാനസികമായും ശാരീരികമായും ഒരു പാര്‍ട്ട്ടൈം രാഷ്ട്രീയക്കാരന് ബി.ജെ.പി.ക്കെതിരെ ഒന്നും ചെയ്യാനാവില്ല. മോദിയെപ്പോലെതന്നെ ഒരു ‘ബോണ്‍ രാഷ്ട്രീയക്കാരനോ/കാരിക്കോ മാത്രമേ ചെറിയ ചാന്‍സെങ്കിലും അവിടെയുള്ളൂ. 

തീര്‍ച്ചയായും രാഹുല്‍ ഗാന്ധി നല്ലൊരു മനുഷ്യനാണെന്ന് ഞാനും വിശ്വസിക്കുന്നു. ‘പപ്പു’ തുടങ്ങി സംഘ്പരിവാറില്‍നിന്ന്​ കടുത്ത അപമാനങ്ങള്‍ ഏറ്റുവാങ്ങി രാഹുല്‍ എത്രയോ വര്‍ഷങ്ങളായി ഈ 138 കോടി മനുഷ്യര്‍ക്കുമുന്‍പില്‍ നില്‍ക്കുന്നു. ഒരുവശത്ത് ഒരു മാക്കിയവെല്ലിയന്‍ പ്രിന്‍സായി മോദി നില്‍ക്കുമ്പോള്‍ മറുവശത്ത് രാഹുല്‍ തീര്‍ത്തും നിഷ്പ്രഭനാണ്. രാഹുലിനെപ്പോലെ മാനസികമായും ശാരീരികമായും ഒരു പാര്‍ട്ട്ടൈം രാഷ്ട്രീയക്കാരന് ബി.ജെ.പി.ക്കെതിരെ ഒന്നും ചെയ്യാനാവില്ല. മോദിയെപ്പോലെതന്നെ ഒരു ‘ബോണ്‍ രാഷ്ട്രീയക്കാരനോ/കാരിക്കോ മാത്രമേ ചെറിയ ചാന്‍സെങ്കിലും അവിടെയുള്ളൂ. 

DELHI

ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് ഇന്ത്യയെ കുടുംബസ്വത്തായികണ്ട്, അവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രനാരായണന്മാര്‍ക്ക് പുല്ലുവില കൊടുത്ത് തോന്നിയവാസം ഭരിച്ചതിന്റെ അനന്തരഫലം മാത്രമാണ് ഇന്ന് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന ഈ ഉന്മൂലനം. അതിന് ബി.ജെ.പി. ഒരു കാരണമാകുന്നു എന്നു മാത്രമേയുള്ളൂ. ഒന്നും രണ്ടും യു.പി.എ. സര്‍ക്കാരുകള്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയപ്പോള്‍ ആ എട്ടുവര്‍ഷങ്ങള്‍കൊണ്ട് സംഘടനാമികവും വ്യക്തിപ്രാഭവവും പി.ആര്‍. വര്‍ക്കും വന്‍ കോര്‍പ്പറേറ്റ് പിന്‍ബലവും സര്‍വോപരി ഹിന്ദുത്വയും ദേശീയതയും എല്ലാം കൃത്യമായ അളവില്‍ സംയോജിപ്പിച്ച്​ മോദി അക്ഷരാര്‍ഥത്തില്‍ ഇന്ത്യ കീഴടക്കുകയായിരുന്നു. സോണിയയും രാഹുലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോഴേക്കും അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ഓഫീസ് ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായിരുന്നു.    

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ രണ്ടു വന്‍പ്രക്ഷോഭങ്ങളാണുണ്ടായത്. പൗരത്വപ്രക്ഷോഭവും കര്‍ഷകപ്രക്ഷോഭവും. ഈ രണ്ടു പ്രക്ഷോഭങ്ങളിലും ഒരു രീതിയുള്ള പങ്കാളിത്തവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല, അല്ലെങ്കില്‍, കോണ്‍ഗ്രസിന് അത് സാധ്യമായില്ല. ഇത് ഒരേസമയം നിര്‍ഭാഗ്യകരവും അതേസമയം പ്രതീക്ഷ നല്‍കുന്നതുമായ സാഹചര്യമാണ്. ഒരു രാഷ്ട്രീയപിൻബലവുമില്ലാതെ ജനങ്ങള്‍ക്ക് ഇത്ര വിപുലമായ പ്രക്ഷോഭം സംഘടിപ്പിക്കാനും അത്​ മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്നു എന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ പ്രതീക്ഷക്കു വകനല്‍കുന്നു. എന്നാല്‍, ഒരു ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ അവസ്ഥ ഇതാണെന്നത് ഏറെ ഖേദകരവും. 

മനോഹരമായ ലോക്കല്‍ ഹിന്ദിയിലുള്ള, കനയ്യയുടെ പ്രസംഗം നേരിട്ടുകേട്ടപ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ തോന്നിയ കാര്യം ഇതാണ്, ഇയാള്‍ക്കുപിന്നില്‍ ഒരുവലിയ ഓര്‍ഗനൈസേഷണല്‍ സെറ്റപ്പുണ്ടെങ്കില്‍ ഇയാള്‍ ഇന്ത്യ കീഴടക്കിയേക്കും.     

കനയ്യ എവിടെ?

ഈയൊരവസരത്തിലാണ് കനയ്യ കുമാറിനെപ്പോലെ ഒരു മാസ് ക്രൗഡ്പുള്ളറാവാന്‍ സാധ്യതയുള്ള, വിശേഷിച്ചും ഹിന്ദി ബെല്‍റ്റുമായി സംവദിക്കാന്‍ അസാമാന്യമായ കഴിവുള്ള ഒരാള്‍ എന്തുചെയ്യണമെന്നറിയാതെ കോണ്‍ഗ്രസില്‍ നില്‍ക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സമയത്തും അതിനുശേഷവും ഒരു പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും പിന്‍ബലമില്ലാതെ മോദിയെ ഒറ്റക്കെതിരിട്ട വ്യക്തിയാണ് കനയ്യ. എത്ര മനോഹരമായിട്ടാണ് കനയ്യ മോദിയെ ഓരോ പോയന്റിലും കൗണ്ടര്‍ ചെയ്തിരുന്നത്. കനയ്യ സി.പി.ഐ. വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയതില്‍ ‘കുലംകുത്തിത്തരം’ ഒന്നും കാണേണ്ട കാര്യമില്ല. സി.പി.ഐ. പോലെ ജനകീയ അടിത്തറയില്ലാത്ത ഒരു പാര്‍ട്ടിയില്‍ നിന്നിട്ട് കനയ്യയുടെ കാലിബറുള്ള ഒരാള്‍ എന്തുചെയ്യാനാണ്? പിന്നെ കോണ്‍ഗ്രസിന് വിപ്ലവവീര്യം കുറവായാലെന്ത്? അത് അയാളുടെ ഉള്ളില്‍ വേണ്ടുവോളമുണ്ട്. മനോഹരമായ ലോക്കല്‍ ഹിന്ദിയിലുള്ള, കനയ്യയുടെ പ്രസംഗം നേരിട്ടുകേട്ടപ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ തോന്നിയ കാര്യം ഇതാണ്, ഇയാള്‍ക്കുപിന്നില്‍ ഒരുവലിയ ഓര്‍ഗനൈസേഷണല്‍ സെറ്റപ്പുണ്ടെങ്കില്‍ ഇയാള്‍ ഇന്ത്യ കീഴടക്കിയേക്കും.     

DELHI

ഇനി കോണ്‍ഗ്രസ് കനയ്യയെ നേതാവാക്കി മുന്നോട്ടുകൊണ്ടുവന്നാല്‍ എല്ലാം ഭദ്രമാവുമോ? ഒട്ടുമില്ല. മതേതര ജനാധിപത്യവിശ്വാസികള്‍ തീര്‍ത്തും നിസ്സഹായരാകുന്ന രീതിയില്‍ ഇന്ത്യ സംഘ്പരിവാറിന്റെ കയ്യില്‍ ഒതുങ്ങിക്കഴിഞ്ഞു. കോര്‍പറേറ്റ് ഭീമന്മാരും മാധ്യമങ്ങളും സ്ട്രാറ്റജിസ്റ്റുകളും പി.ആര്‍. ഏജന്‍സികളുംഒക്കെ ചേര്‍ന്ന് എത്ര സൂക്ഷ്മമായാണ്, എത്ര സമഗ്രമായാണ് ഭൂരിപക്ഷ പിന്തുണയോടെതന്നെ ഇന്ത്യയെ ഒരു ലൂപ്ഹോള്‍ പോലുമില്ലാതെ സംഘപരിവാര്‍ ഇന്ത്യയാക്കി മാറ്റിയത്. മോദിജി ഗ്യാസ് കണക്ഷന്‍ കൊടുത്തും ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തും കുട്ടികളെ കോളേജില്‍ ചേര്‍ത്തും ഒക്കെ കുടുബത്തിലെ അംഗമായി മാറിയ തികച്ചും പരിഹാസ്യമായ എത്ര പരസ്യങ്ങളാണ് നാം ദിവസവും കാണുന്നത്. വിലക്കയറ്റവും തൊഴില്ലായ്മയും രൂക്ഷമായിട്ടും ജീവിതസാഹചര്യങ്ങള്‍ ദുസ്സഹമായിട്ടും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഗ്രാസ്റൂട്ട് ലെവലിലേക്ക് എത്തുന്നു എന്ന ധാരണ പരസ്യങ്ങളിലൂടെയും മറ്റനവധി ക്യാംപയിനുകളിലൂടെയും പി.ആര്‍. വര്‍ക്കിലൂടെയും സര്‍ക്കാര്‍ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് സത്യം. ഇതിനിടയില്‍ സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷമായിട്ടും, ഇത്ര വര്‍ഷത്തെ ഭരണത്തിനിടയിലും, കോണ്‍ഗ്രസ് കാണാതിരുന്ന പലതും മോദി കണ്ടു. ദലിത്- ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള പ്രസിഡന്റുമാരും സ്വച്​ഛ്​ ഭാരതും ശൗചാലയവുമൊക്കെ ആ കാഴ്ചയുടെ അനന്തരഫലങ്ങളാണ്.   

15 ശതമാനത്തില്‍ താഴെ മാത്രം വരുന്ന മുസ്​ലിം ന്യൂനപക്ഷത്തിന്റെ ഭയാശങ്കകളും പാര്‍ശ്വവത്കരണവുമൊന്നും ആത്മനിര്‍ഭര്‍ ഇന്ത്യക്ക് പ്രശ്നമേയല്ല. എത്രയോ തലമുറകളായി ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യരാണിപ്പോള്‍ ഇന്ത്യയില്‍ത്തന്നെ രണ്ടാംകിട പൗരന്മാരായി മാറുന്നത്. 

ഭയം, ഭയം, ഭയം

മധ്യവര്‍ഗ ഇന്ത്യയാണെങ്കില്‍ ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയില്‍ എന്നൊരു വലിയ ബബ്​ളിലാണ്. സാധാരണ എന്‍.ആര്‍.ഐ.കളുമായിപോലും സംസാരിച്ചാലറിയാം, മോദിയുടെ ഇന്ത്യയെ പ്രതി അവര്‍ എത്ര അഭിമാനിക്കുന്നുവെന്ന്. ഒബാമയെ ബരാക് എന്നും ട്രംപിനെ ഡോണള്‍ഡ് എന്നും ഫസ്റ്റ്നെയിമില്‍ വിളിച്ച് കെട്ടിപ്പിടിക്കുന്ന മോദി. ലോക സമ്മിറ്റുകളില്‍ പ്രത്യേക ശ്രദ്ധയും സ്ഥാനവും കിട്ടുന്ന ഇന്ത്യ. ലോക ക്ഷേമസൂചികകളിലൊക്കെ ഏറ്റവും പിന്നാക്കം പോയാലെന്ത്? നമുക്കഭിമാനിക്കാന്‍ ഇതൊക്കെ പോരേ? മോദി ഇടുന്ന ലക്ഷങ്ങളുടെ ഉടുപ്പുപോലും ഇന്ത്യയുടെ അഭിമാനത്തിനായാണ്.

ഇതിനിടയില്‍ 15 ശതമാനത്തില്‍ താഴെ മാത്രം വരുന്ന മുസ്​ലിം ന്യൂനപക്ഷത്തിന്റെ ഭയാശങ്കകളും പാര്‍ശ്വവത്ക്കരണവുമൊന്നും ആത്മനിര്‍ഭര്‍ ഇന്ത്യക്ക് പ്രശ്നമേയല്ല. എത്രയോ തലമുറകളായി ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യരാണിപ്പോള്‍ ഇന്ത്യയില്‍ത്തന്നെ രണ്ടാംകിട പൗരന്മാരായി മാറുന്നത്. തീര്‍ച്ചയായും മധ്യകാല ഇന്ത്യയില്‍ മുസ്​ലിം ഇന്‍വേഷന്‍ എന്ന്​പൊതുവെ വിളിക്കപ്പെടുന്ന അധിനിവേശം നടന്നിട്ടുണ്ട്. പക്ഷേ അവയൊന്നും മതത്തിന്റെ പേരില്‍ നടന്ന ആക്രമണങ്ങളായിരുന്നില്ല. പേര്‍ഷ്യന്‍, അഫ്ഗാന്‍, ഉസ്ബെക് മേഖലകളില്‍നിന്നൊക്കെയുള്ള ട്രൈബല്‍ യുദ്ധപ്രഭുക്കന്മാരുടെ നേതൃത്വത്തില്‍ നടന്ന ഭൂഅധിനിവേശങ്ങളായിരുന്നു. ഫര്‍ഗാനയും സമര്‍ഖണ്ഡും ഒക്കെ നഷ്ടമായശേഷം ഭരിക്കാന്‍ ഒരുതുണ്ടു ഭൂമി അന്വേഷിച്ച് ഖൈബര്‍ചുരം കടക്കുന്നതിനെപ്പറ്റി ബാബര്‍ ആത്മകഥയില്‍ പറയുന്നുണ്ട്. 

DELHI

ഈ അധിനിവേശങ്ങളില്‍നിന്ന്​ അക്ബര്‍ മുതലിങ്ങോട്ടുള്ള മുഗള്‍ഭരണത്തെ മാറ്റിനിര്‍ത്തുകയും വേണം. അക്ബര്‍ മനസുകൊണ്ടും ജഹാംഗീര്‍ മുതലിങ്ങോട്ടുള്ളവര്‍ രക്തം കൊണ്ടും ഭാരതീയരായിരുന്നു. 75 ശതമാനവും രജപുത്രവംശജനായ ഒരു ഇന്ത്യന്‍ മുസ്​ലിം രാജാവായിരുന്നു ഷാജഹാന്‍. ഔറംഗസേബിന്റെ കാലത്ത്​ ഒഴിച്ച്​ മതപരമായ ശത്രുതയോ വിവേചനമോ ഈ മുഗള്‍രാജാക്കന്മാരൊന്നും ഭൂരിഭാഗം വരുന്ന ഹിന്ദുക്കളോടു കാണിച്ചിട്ടില്ല. മുഗള്‍ ഭരണം ഒരര്‍ഥത്തിലും വൈദേശിക ഭരണമായിരുന്നില്ല. ശിപ്പായിലഹളയുടെ കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരേ ആയുധമുയര്‍ത്തിയ മീററ്റില്‍നിന്നുള്ള സിപ്പായിമാര്‍ ബ്രട്ടീഷ് ഭരണത്തിനുപകരം ഹിന്ദുസ്ഥാന്റെ സ്വന്തം ഭരണം കൊണ്ടുവരാനായി എത്തിയത് ചെങ്കോട്ടയില്‍ മുഗള്‍രാജാവായ ബഹദൂര്‍ഷാ സഫറിന്റെ അടുത്താണല്ലോ. അങ്ങനെയാണ് ഒരു താത്പര്യമില്ലാതിരുന്നിട്ടും ബഹദൂര്‍ഷാ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്. അന്ന് മുഗള്‍സാമ്രാജ്യം തീര്‍ത്തും ശോഷിച്ച്, ഡല്‍ഹി മുതല്‍ പാലം വരെയുള്ള രാജാവ് എന്ന് ബഹദൂര്‍ഷായെ കളിയായും കാര്യമായും വിളിച്ചിരുന്ന കാലമായിരുന്നു എന്നോര്‍ക്കണം. എന്നിട്ടും ഇപ്പറഞ്ഞ സിപ്പായിമാരുടെ മനസ്സില്‍ ഹിന്ദുസ്ഥാന്റെ രാജാവെന്നാല്‍ മുഗള്‍ രാജാവായിരുന്നു. 

ഇതൊക്കെ പോകട്ടെ, ആധുനികസമൂഹത്തിന് കേട്ടുകേള്‍വിപോലുമില്ലാത്ത, തികച്ചും പ്രാകൃതമായ രീതിയില്‍ നീതിയും ന്യായവുമൊക്കെ നടപ്പിലാക്കിയിരുന്ന മധ്യകാലഘട്ടത്തിലെ സംഭവവികാസങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ മുസ്ലിംകളെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുക എന്നുപറഞ്ഞാല്‍? ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണകര്‍ത്താവായിരുന്ന അക്ബറിന്റെ പേരിലുള്ള റോഡിന്റെ പേരുപോലും കടുത്ത മുസ്​ലിം വിരോധത്തിന്റെ പേരില്‍ മാറ്റാന്‍ തയ്യാറാവുക എന്നുപറഞ്ഞാല്‍? ഇന്ത്യാചരിത്രത്തിന്റെ അവിഭാജ്യഭാഗമായ മുഗള്‍ ഭരണം പോലും ചരിത്രപഠനത്തില്‍നിന്ന് അപ്രത്യക്ഷമാക്കുക എന്നുപറഞ്ഞാല്‍?  

DELHI

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഒരു സംഭവമാണ്. ഓള്‍ഡ് ഡല്‍ഹിയിലെ പ്രശസ്തമായ ഒരു വഴിയോര കബാബ് കടയില്‍ അവിടെനിന്നുള്ള കബാബിന്റെ രുചിയോര്‍ത്ത് എക്സൈറ്റഡായി ഓടിച്ചെന്ന് ഞാന്‍ അല്‍പം ഉറക്കെ ചോദിച്ചു, ഭയ്യാ, ഏതൊക്കെ കബാബുണ്ട്? കടക്കാരനും അല്‍പം ഉറക്കെത്തന്നെ പറഞ്ഞു,  ‘ചിക്കന്‍ മിലേഗാ, മട്ടണ്‍ മിലേഗാ.' ഞാന്‍ സങ്കടത്തില്‍ വീണ്ടും ചോദിച്ചു,  ‘ബീഫ് നഹി മിലേഗാ?' പെട്ടെന്ന് ആ കടയുടെ ആംബിയന്‍സ് തന്നെ മാറി. കടക്കാരും കബാബ് വാങ്ങാനായി ചുറ്റുംകൂടി നിന്നിരുന്ന പത്തിരുപത്തഞ്ചോളം പേരും നിശബ്ദരായി എന്നെ നോക്കി. ബീഫ് എന്ന വാക്കിന് എത്രമാത്രം ഭയമുണ്ടാക്കാന്‍ പറ്റുമെന്ന് ഞാന്‍ നേരിട്ടുകാണുകയായിരുന്നു. ആ നിശബ്ദതയ്ക്കുശേഷം കടക്കാരന്‍ പതുക്കെ ശാന്തമായി പറഞ്ഞു, ‘ഹാ, ബില്‍കുല്‍ മിലേഗാ.'

നിര്‍ഭാഗ്യവശാല്‍ ഇതാണ് ഇപ്പോഴത്തെ ഇന്ത്യ. അതുപോലെ നേരില്‍കണ്ട മറ്റൊരു സമകാലിക ഇന്ത്യന്‍ ചിത്രം കൂടി. ഒട്ടേറെ വിദേശികള്‍ ഉള്‍പ്പെടെ നിരവധി സന്ദര്‍ശകര്‍ നിറഞ്ഞ താജ്മഹലിന്റെ ഉള്‍ഭാഗം. പെട്ടെന്ന് ഒരുസംഘം ആളുകള്‍ ഇടിച്ചുകയറി അകത്തേക്കുവന്ന് മുഷ്ടിയുയര്‍ത്തി ‘ജയ് ശ്രീറാം’ വിളിക്കാന്‍ തുടങ്ങി. പെട്ടെന്നുണ്ടായ ആ പ്രകോപനത്തില്‍ ഞെട്ടിപ്പോയ ആളുകള്‍ പെട്ടെന്ന്​അടുത്ത മുറിയിലേക്കുനീങ്ങാന്‍ തുടങ്ങി. ഞാനും സഹയാത്രികനും രാഷ്ട്രീയതാത്പര്യം വച്ച് അവിടെത്തന്നെ നിന്നു. ഏതാനും മിനുട്ടുകള്‍ മുദ്രാവാക്യം വിളിച്ചതിനുശേഷം അവര്‍ കൂളായി ഇറങ്ങിപ്പോയി.

കേരളത്തിലെ മതേതര പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും മീഡിയയും ഒക്കെ ‘ഹിന്ദുത്വ ഇന്ത്യ’ എന്ന അടുത്തുവന്നുകൊണ്ടിരിക്കുന്ന ആ വലിയ യാഥാര്‍ഥ്യത്തിനോടു പുലര്‍ത്തുന്ന ആലസ്യം വല്ലാതെ ഭയപ്പെടുത്തുന്ന ഒരവസ്ഥയാണ്.

പുതിയ കേരള മോഡൽ

ഇതിനിടയില്‍ കേരളം ഒരു സുരക്ഷിത സ്വര്‍ഗ്ഗമാണെന്ന മൂഢവിശ്വാസം ഒരു ബ്ലാങ്കെറ്റു പോലെ പുറത്തിട്ട് നാം നമ്മുടെ തമാശകളില്‍ മുഴുകിയിരിക്കുകയാണ്. ടീസ്റ്റ സെതല്‍വാദും എം.ബി. ശ്രീകുമാറും സഞ്​ജീവ്​ ഭട്ടും അറസ്റ്റുചെയ്യപ്പെട്ട ദിവസം കേരളത്തിലെ സെക്യുലർ ന്യൂസ് ചാനലുകളിലൊന്നും ഈ വാര്‍ത്ത പ്രൈംടൈം ചര്‍ച്ചയായില്ല. മിക്ക ചാനലുകളും ഇവിടെ തെരുവില്‍നടന്ന എൽ.ഡി.എഫ്.​- യു.ഡി.എഫ്.​ അടിപിടിയാണ് ചര്‍ച്ചയാക്കിയത്.  മോദിക്കെതിരെയുള്ള വാര്‍ത്ത പ്രൈം ഡിസ്‌കഷനാക്കണ്ട എന്നൊരു തീരുമാനത്തിന്റെ പുറത്തൊന്നും ആയിരുന്നില്ല അത്​. കേരളത്തിലെ പ്രേക്ഷകര്‍ക്ക് ഈ പറഞ്ഞ വിഷയത്തില്‍ വലിയ താത്പര്യമുണ്ടാവില്ല എന്നും അതിലും റേറ്റിങ് കിട്ടുക ഇത്തരം സ്ട്രീറ്റ് ഫൈറ്റ് നാടകങ്ങള്‍ക്കാണെന്നും നമ്മുടെ മീഡിയക്ക് നന്നായറിയാം. പ്രധാനമന്ത്രിയെ വിമര്‍ശിക്കുക എന്നത് രാജ്യത്തെ വിമര്‍ശിക്കുക എന്നതായി പുനര്‍വ്യാഖ്യാനിക്കപ്പെടുമ്പോള്‍, മോദിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ നാം ഇന്നുവരെ ബഹുമാനത്തോടെ കണ്ടിരുന്നവരൊക്കെ തടവറയിലോ തടവറവാതുക്കലോ എത്തിനില്‍ക്കുമ്പോള്‍, നാമിവിടെ പടക്കമേറ്, വിമാനത്തള്ളല്‍, ഗാന്ധിപടം മാറ്റിവക്കല്‍ തുടങ്ങിയ കലാപരിപാടികളുമായി വലിയ ആഘോഷങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്.   

ഇത് സത്യത്തില്‍ വല്ലാതെ ഭയപ്പെടുത്തുന്ന ഒരവസ്ഥയാണ്. കേരളത്തിലെ മതേതര പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും മീഡിയയും ഒക്കെ ‘ഹിന്ദുത്വ ഇന്ത്യ’ എന്ന അടുത്തുവന്നുകൊണ്ടിരിക്കുന്ന ആ വലിയ യാഥാര്‍ഥ്യത്തിനോടു പുലര്‍ത്തുന്ന ആലസ്യം. നമ്മളെ സംബന്ധിച്ച് നാം ഇതില്‍നിന്നൊക്കെ സേഫാണ്. സ്റ്റാന്‍ സ്വാമി ജയിലില്‍ മരിച്ച ഇന്ത്യയും പെഹ്​ലുഖാനെ പശുസംരക്ഷകര്‍ അടിച്ചുകൊന്ന ഇന്ത്യയും ഒക്കെ നമ്മെ സംബന്ധിച്ച് ഒത്തിരി ദൂരെയാണ്. പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന സവിശേഷമായ രാഷ്ട്രീയ സാമൂഹികാവസ്ഥ കാരണം ഇന്ത്യയിലെ മറ്റിടങ്ങളില്‍നിന്ന്​ വ്യത്യസ്തമായി ഇപ്പോഴും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കാന്‍ നമുക്കു കഴിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. പക്ഷേ എത്ര നാള്‍? 

DELHI

കടന്നുകയറ്റങ്ങളും അടിച്ചമര്‍ത്തലുകളും സാധാരണമായി മാറിയ ഈ സന്നിഗ്ധഘട്ടത്തില്‍ ജാഗ്രതയുള്ള, പക്വതയുള്ള, ഉത്തരവാദിത്വബോധമുള്ള എല്ലാ രീതിയിലും സാമൂഹിക, രാഷ്ട്രീയ വിദ്യാഭ്യാസമുള്ള ഒരു രാഷ്ട്രീയനേതൃത്വത്തെ-അതു ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും-കേരളത്തിനാവശ്യമുണ്ട്. ജയരാജനെയും മണിയെയും സുധാകരനെയും പോലെ വിടുവായത്തം പറയുന്ന നേതാക്കളെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ശരി- തെറ്റുകളെക്കുറിച്ചു നല്ല ബോധ്യമുള്ള, ജെന്‍ഡര്‍ സെന്‍സിറ്റീവായ ഒരുപുതുതലമുറയാണ് കേരളത്തില്‍ വളര്‍ന്നുവരുന്നത്. കേള്‍ക്കുന്ന ജനങ്ങളുടെ ബുദ്ധിനിലവാരത്തെപ്പറ്റി ഒട്ടും ആലോചിക്കാതെ വര്‍ത്തമാനം പറയുന്നവരും പ്രവര്‍ത്തിക്കുന്നവരും രാഷ്ട്രീയത്തില്‍നിന്ന്​ അകന്നുകൊണ്ടിരിക്കുന്നു, ജനങ്ങളെ രാഷ്​ട്രീയത്തിൽനിന്ന്​കൂടുതല്‍ അകറ്റുന്നു.  

ഇതുവരെ പറയത്തക്ക പ്രതിസന്ധികളൊന്നുമില്ലാതിരുന്ന രണ്ടാം പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടുതന്നെ ഒന്നാം പിണറായി സര്‍ക്കാറില്‍നിന്ന്​ ഏറെ വ്യത്യസ്തമാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കിക്കഴിഞ്ഞു.

സ്വര്‍ണ കള്ളക്കടത്തുകേസില്‍ യഥാര്‍ഥത്തില്‍ എന്തുസംഭവിച്ചു എന്ന് സകലമാന മലയാളികളേയും പോലെ എനിക്കും അറിയില്ല. ഒരു മീഡിയക്കും അറിയില്ല. അവരൊക്കെ തങ്ങള്‍ക്കുചേരുന്ന, താത്പര്യമുള്ള ചില ഊഹാപോഹങ്ങള്‍ പടച്ചുവിടുന്നു എന്നല്ലാതെ. മലയാളികള്‍ക്ക് സ്വര്‍ണക്കടത്തുകേസിലെ സത്യം അറിയണം. പക്ഷേ ഇ.ഡി. എന്ന, ഇക്കാലത്ത് യാതൊരു വിശ്വാസ്യതയുമില്ലാത്ത, എല്ലാ അര്‍ഥത്തിലും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഒരു പ്രസ്ഥാനം ആ കേസിന്റെ അന്വേഷണം നടത്തുമ്പോള്‍ നമുക്ക് സംശയങ്ങളുണ്ട്, വിയോജിപ്പുണ്ട്. കര്‍ണാടകയിലേക്ക്​ കേസ്​ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് കടുത്ത എതിര്‍പ്പുമുണ്ട്. 

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ട്രൂ കോപ്പിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഞാന്‍ ഏതാണ്ടിപ്രകാരം കുറിച്ചിരുന്നു; ‘പ്രതിസന്ധിഘട്ടങ്ങളില്‍ നന്നായി നയിക്കുന്ന മുഖ്യമന്ത്രി എന്നതാണ് പിണറായി വിജയന് നാം ചാര്‍ത്തിക്കൊടുത്തിട്ടുള്ള പട്ടം. പക്ഷേ എല്ലാ വര്‍ഷങ്ങളും പ്രതിസന്ധി വര്‍ഷങ്ങളാവില്ല. അഡ്രിനാലിന്‍ റഷില്ലാത്ത പിണറായി എങ്ങനെ ഭരിക്കുന്നു എന്നതാണ് ഇനിയുള്ള വര്‍ഷങ്ങളില്‍ കാണേണ്ടത്.'

DELHI

ഇതുവരെ പറയത്തക്ക പ്രതിസന്ധികളൊന്നുമില്ലാതിരുന്ന രണ്ടാം പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടുതന്നെ ഒന്നാം പിണറായി സര്‍ക്കാറില്‍നിന്ന്​ഏറെ വ്യത്യസ്തമാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കിക്കഴിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം കുറെ മനുഷ്യര്‍ പൊലീസിന്റെ തല്ലുവാങ്ങിയത് അനുവാദം പോലും കിട്ടാത്ത ഒരു പദ്ധതിയുടെ പേരിലാണെന്നോര്‍ക്കണം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കും, പ്രതിഷേധിച്ചേക്കാം എന്ന പേരില്‍ കറുത്ത മാസ്‌കുപോലും ബലം പ്രയോഗിച്ച് ഊരിച്ചത് ജനാധിപത്യകേരളത്തിലാണ്. പ്രതിഷേധിക്കണമെങ്കില്‍ ജനങ്ങള്‍ പ്രതിഷേധിക്കട്ടെ എന്ന് കരുതിയാല്‍ പോരേ മുഖ്യമന്ത്രിക്ക്? അതില്‍നിന്നും രക്ഷപ്പെടാൻ, അല്ലെങ്കില്‍ അതു കാണാതിരിക്കാൻ ഇമ്മാതിരി അകമ്പടിയോടെ, ഞങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രി ഞങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കേണ്ടതുണ്ടോ? തീവ്ര വര്‍ഗീയത അരികെയെത്തിനില്‍ക്കുമ്പോള്‍ തെറ്റുകുറ്റങ്ങളില്ലാത്ത, ഞങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു നേതൃത്വം മലയാളികള്‍ക്കാവശ്യമുണ്ട്.  ​​​​​​​


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരന്‍ യൂദാസ് ഭൂത വര്‍ത്തമാന കാലങ്ങള്‍ക്കിടയില്‍ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Audio