Thursday, 08 December 2022

തെരുവ്​ മൃഗം മനുഷ്യൻ


Text Formatted

തെരുവില്‍നിന്ന്​ എടുത്തു വളര്‍ത്തുന്ന ഒരു പട്ടി
​​​​​​​നമ്മെ കുറച്ചുകൂടി നല്ല മനുഷ്യരാക്കും

തീര്‍ച്ചയായും, തെരുവുനായപ്രശ്നം പരിഹരിച്ചേതീരൂ. പക്ഷേ അവയെ ഉന്മൂലനം ചെയ്യുക എന്ന ഒരിക്കലും എഫക്റ്റീവായി നടപ്പിലാക്കാന്‍ കഴിയാത്ത, പൈശാചികമായ പ്രതിവിധിയെപ്പറ്റി സംസാരിക്കുന്ന ‘അണ്‍സിവിലൈസ്ഡ്’ സമൂഹമായി മാറാതിരിക്കാം നമുക്ക്.

Image Full Width
Image Caption
Photo : Muhammed Hanan Ak
Text Formatted

​​​​​​​പാണ്ടനെന്നും കറമ്പനെന്നും വെളുമ്പനെന്നും ചെമ്പനെന്നുമൊക്കെയായിരുന്നു നമ്മളവരെ വിളിച്ചിരുന്നത്. കുറച്ചുകൂടി പ്രൗഢിയുള്ള അപൂര്‍വ്വം ചിലര്‍ ടിപ്പു, കൈസര്‍, ടൈഗര്‍ തുടങ്ങിയ രാജകീയനാമങ്ങളിലും അറിയപ്പെട്ടു. അതേ, പറഞ്ഞുവരുന്നത് പണ്ടൊക്കെ നമ്മുടെ വീടുകളില്‍ വളര്‍ത്തിയിരുന്ന നാടന്‍പട്ടികളെക്കുറിച്ചാണ്. (തീര്‍ച്ചയായും ഇവിടെ ഒരു ജെന്‍ഡര്‍ പ്രശ്നമുണ്ട്. പക്ഷേ അതാണ് റിയാലിറ്റി!) ഇപ്പോള്‍ നമ്മളവരെ മുഴുവന്‍ വിളിക്കുന്നത് ഒരൊറ്റപേരിലാണ്, തെരുവുനായ്ക്കള്‍. വീടായവീടുമുഴുവന്‍ വിദേശബ്രീഡുകളെ കൊണ്ടുനിറഞ്ഞപ്പോള്‍ വീട്ടുനായ്ക്കളില്‍നിന്ന്​ തെരുവുനായ്ക്കളായി മാറിയ നമ്മുടെ native hounds (ഉണ്ടാക്കിപ്പേരാണ്) അഥവാ നാടന്‍പട്ടികള്‍. 

സത്യത്തില്‍ നമ്മുടെ നാടന്‍ പട്ടികളേയും പൂച്ചകളേയും നമുക്ക് ഇത്രക്കങ്ങു വേണ്ടാതായത് എന്തുകൊണ്ടാണ്? ഒരു കിണ്ണം ചോറും ആണ്ടിനും സമ്പ്രാന്തിക്കും ഒരെല്ലിന്‍ കഷണവും പിന്നെ വല്ലപ്പോഴും കറമ്പാാാ എന്നൊരു വിളിയുമുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ നമുക്കു കൂട്ടായി നമ്മുടെ പിന്നാലെ ഓടിനടന്ന അവരെ എപ്പോഴാണ് നാം ഇത്രക്ക് വെറുക്കാന്‍ തുടങ്ങിയത്? നാടന്‍നായ്ക്കള്‍ക്ക് ശൗര്യം കുറവാണെന്ന് ആരും പറയില്ല. പിന്നെന്താ, അവര്‍ക്ക് ഇപ്പറഞ്ഞ വിദേശ ബ്രീഡുകളുടെ ലുക്കില്ല! ഭംഗിയില്ല! നോക്കൂ, ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ ജീവിക്കാന്‍ അനുയോജ്യമായ രീതിയില്‍ ഉണ്ടാക്കപ്പെട്ട മനുഷ്യരും മൃഗങ്ങളും ആണ് നമ്മളും അവരും. മനുഷ്യരുടെ കാര്യത്തിലെന്നപോലെ തന്നെ ഭംഗിയെ അളക്കുന്ന നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിവിടെയും. അവരെ കാണാന്‍ ഭംഗിയില്ലെങ്കില്‍ നമ്മളെയും കാണാന്‍ ഭംഗിയില്ല! (നമ്മുടെ കാഴ്ചപ്പാടിലെ ഭംഗിവച്ചാണെങ്കില്‍ മൃഗാധിപത്യം വന്നാല്‍ നമ്മുടെ നാടന്‍പട്ടികളും പൂച്ചകളും കൂടി നമ്മളെയൊക്കെ കൊണ്ടുപോയി കിണറ്റില്‍ കളഞ്ഞിട്ട് വെളുവെളുത്ത സായിപ്പന്മാരേയും മദാമ്മമാരേയും ഇറക്കുമതി ചെയ്തേനെ! പക്ഷേ അവരതുചെയ്യില്ല, കട്ടായം!)

പ്രകൃതി അത്ഭുതകരമായ സന്തുലനം പാലിച്ചു നിര്‍മ്മിച്ചിരിക്കുന്ന ഈ ആവാസവ്യവസ്ഥയെ തകിടം മറിക്കാന്‍ കഴിവുള്ള ഒരൊറ്റ ജീവിവര്‍ഗ്ഗമേ ഉള്ളൂ, അതു മനുഷ്യനാണ്. മറ്റെല്ലാ ജീവിവര്‍ഗ്ഗവും, തെരുവുനായാകട്ടെ, വന്യജീവികളാവട്ടെ, മനുഷ്യന്റെ ചെയ്തികളുടെ അനന്തരഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമാണ്. തെരുവുനായ്ക്കള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ അവര്‍ക്ക് ഒരു റോളുമില്ല. എന്നാല്‍പ്പിന്നെ അങ്ങുപെറ്റുപെരുകി മനുഷ്യരെ മുഴുവന്‍ ആക്രമിച്ചു ശരിയാക്കിക്കളയാം എന്ന് ഒരുനായും വിചാരിച്ചുവച്ചിട്ടില്ല.

Stray Dog
ഒരു കിണ്ണം ചോറും ആണ്ടിനും സമ്പ്രാന്തിക്കും ഒരെല്ലിന്‍ കഷണവും പിന്നെ വല്ലപ്പോഴും കറമ്പാാാ എന്നൊരു വിളിയുമുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ നമുക്കു കൂട്ടായി നമ്മുടെ പിന്നാലെ ഓടിനടന്ന അവരെ എപ്പോഴാണ് നാം ഇത്രക്ക് വെറുക്കാന്‍ തുടങ്ങിയത്? / Photo: Stray Faces, Fb

തെരുവുനായ്ക്കള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വംശവര്‍ദ്ധനയുണ്ടാകാന്‍ പാകത്തിന് ഇമ്മാതിരി വെയ്സ്റ്റ് നാം വഴിയില്‍ തള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷം എത്രയായി? എന്റെയൊന്നും കുട്ടിക്കാലത്ത്, അതായത് എണ്‍പതുകളിലൊന്നും ഇവിടെ തെരുവുവെയ്സ്റ്റ്​ ഉണ്ടായിരുന്നില്ല, തെരുവുനായയും ഉണ്ടായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ രാവിലെ വെയ്സ്റ്റ് റോഡില്‍ കൊണ്ടുപോയി ഇട്ടശേഷം തെരുവുനായശല്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന സമൂഹമായിപ്പോയി നമ്മുടേത്. ഇനി ജനം വെയ്സ്റ്റ് കൃത്യമായി പാത്രങ്ങളിലാക്കി മുന്നില്‍വച്ചാല്‍ത്തന്നെ സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ വെയ്സ്റ്റ് മാനേജ്മെൻറ്​ സിസ്റ്റം ഫലപ്രദമായാണോ പ്രവര്‍ത്തിക്കുന്നത്? പൊതുസ്ഥലങ്ങളും നിരത്തുകളുമൊക്കെ ക്രമാതീതമാംവിധം ഭക്ഷണവെയ്സ്റ്റുകൊണ്ടുനിറഞ്ഞ ഈ അസ്വാഭാവിക ആവാസവ്യവസ്ഥയില്‍ പുഴുവും എലിയും പട്ടിയും പൂച്ചയുമൊക്കെ സ്വാഭാവികമായും പെറ്റുപെരുകും. പട്ടിയായാലും പൂച്ചയായാലും കാര്യമായി ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥയിലെ പ്രസവത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും നമ്മുടേതുപോലെ ഭക്ഷണത്തിന്റെ ആധിക്യമുള്ള അവസ്ഥയിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരിക്കും. എന്നാല്‍ നാളെമുതല്‍ അവക്ക് വെയ്സ്റ്റ് ഉള്‍പ്പെടെ ഒരുവിധ ഭക്ഷണവും ലഭ്യമാവാതെ വന്നാലോ? അതും വലിയ പ്രശ്നമായി മാറും. ഒരേസമയം, മാലിന്യപ്രശ്നവും കൂടി പരിഹരിച്ചുകൊണ്ടേ തെരുവുനായ പ്രശ്നം പരിഹരിക്കാനാവൂ. അതുകഴിഞ്ഞ് അവക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.        

പട്ടികളും പൂച്ചകളും ഒരിക്കലും മനഃപൂര്‍വ്വം മനുഷ്യനെ പ്രകോപിപ്പില്ല. അത് അവരുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. ഇപ്പോള്‍ അവര്‍ അക്രമം കൂടുതല്‍ കാണിക്കുന്നുണ്ടെങ്കില്‍ അതിനെന്തെങ്കിലും കാരണം കാണും.

ഞാനൊരു മൃഗസംരക്ഷകയൊന്നുമല്ല. പക്ഷേ എത്രയോ വര്‍ഷങ്ങളായി കൊച്ചിയിലെ പട്ടിക്കൂട്ടങ്ങള്‍ക്കിടയിലൂടെതന്നെ സ്ഥിരം നടക്കുന്ന ആളാണ്. അവരെ അക്രമാസക്തരായി പൊതുവെ കാണാറില്ല. കാരണം പട്ടികളും പൂച്ചകളും ഒരിക്കലും മനഃപൂര്‍വ്വം മനുഷ്യനെ പ്രകോപിപ്പില്ല. അത് അവരുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. ഇപ്പോള്‍ അവര്‍ അക്രമം കൂടുതല്‍ കാണിക്കുന്നുണ്ടെങ്കില്‍ അതിനെന്തെങ്കിലും കാരണം കാണും. ഏതെങ്കിലും രീതിയില്‍ ത്രെറ്റന്‍ഡ് ആകുമ്പോഴാണ് അവര്‍ അക്രമാസക്തരാകുന്നത്. ഇപ്പോള്‍ നായ്ക്കള്‍ക്കുനേരേ നാം തുടങ്ങിയിരിക്കുന്ന വയലന്‍സ് അവരെ കൂടുതല്‍ ഭയപ്പെടുത്തുകയും അത് കൂടുതല്‍ അക്രമമായി പുറത്തുവരികയും ചെയ്യും. കഴിഞ്ഞദിവസം ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഡോക്ടര്‍ പറഞ്ഞതോര്‍ക്കുന്നു, ‘കേരളത്തിലെ പട്ടികടികേസുകള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. പക്ഷേ അവയില്‍ പകുതിയും വീട്ടില്‍വളര്‍ത്തുന്ന പട്ടികളുടേതാണ്'. ആ ഒരുവസ്തുത നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. കുറ്റം മുഴുവന്‍ തെരുവുനായുടേതാകുന്നു.

Stray Dog
Photo : Stray Faces, Fb

ഇനി അക്രമാസക്തതയെപ്പറ്റി പറയാന്‍തന്നെ നമുക്കെന്തവകാശം?. ബാക്കി കിട്ടാനുള്ള ചില്ലറയുടെ പേരിലും പൊറോട്ടയും ഇറച്ചിയും കിട്ടാത്തതിന്റെ പേരിലും ഒക്കെവരെ മറ്റൊരുമനുഷ്യനെ ഒരുമടിയുമില്ലാതെ കൊല്ലാന്‍ കഴിയുന്ന ഒരു ജനതയാണു നാം. സ്നേഹിക്കുന്നയാളെ ഒരുമടിയുമില്ലാതെ പെട്രോളൊഴിച്ചുകത്തിക്കുന്ന ജനത. നമ്മിലെ ആക്രമണോത്സുകതയെ ആരാണളക്കുക? പട്ടി കടിക്കുന്നതിന്റേയും പൂച്ച കടിക്കുന്നതിന്റേയുമൊക്കെ കൃത്യമായ കണക്കുണ്ട് നമ്മുടെ കയ്യില്‍. എന്നാല്‍ അടി മുതല്‍ കൊലപാതകം വരെ ഒരുദിവസം മനുഷ്യന്‍ മനുഷ്യനോടുകാണിക്കുന്ന അതിക്രമങ്ങളുടെ കണക്ക് ഒന്നെടുത്താല്‍ അതെത്രമാത്രം ഭയാനകമായിരിക്കും. അതുപോലെ, മനുഷ്യനെ കടിക്കുന്ന കണക്കിനൊപ്പം കാലങ്ങളായി നാം പട്ടികളോടും പൂച്ചകളോടും കാണിക്കുന്ന അതിക്രമങ്ങളുടെ കണക്കുകൂടി നോക്കുന്നതുനന്നായിരിക്കും. പ്രത്യേകിച്ച് ഒരുകാര്യവുമില്ലാതെ വിഷംകൊടുത്തും കെട്ടിത്തൂക്കിയും മാര്‍ക്ക്മാന്‍സ്ഷിപ്പ് പരീക്ഷിക്കാനായി വെടിവച്ചും വെട്ടിക്കൊന്നുമൊക്കെ എത്രമാത്രം പട്ടികളേയും പൂച്ചകളേയും നാം കൊല്ലുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ആൻറി റാബിസ് സ്റ്റേറ്റായി മാറിയ ഗോവയില്‍ 2014 ലാണ് മിഷന്‍ റാബിസ് എന്ന പേരില്‍ തെരുവുനായ്ക്കളില്‍ വാക്സിനേഷന്‍ പരിപാടി തുടങ്ങുന്നത്. ആവര്‍ഷം പതിനേഴ്​ റാബിസ് മരണമാണ് അവിടെയുണ്ടായത്. അതില്‍നിന്ന്​ പേവിഷമുക്തസ്റ്റേറ്റാവാന്‍ ഏഴുവര്‍ഷത്തെ നിരന്തര പ്രവര്‍ത്തനമാണ് ഗോവ നടത്തിയത്.

തെരുവുനായ്ക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടിയിട്ടുണ്ടെന്നത് വസ്തുതയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നാം തുടങ്ങിയ നായ്ക്കളുടെ വന്ധ്യംകരണപരിപാടിയായ ‘എ.ബി.സി’ കൃത്യമായി നടപ്പിലാക്കാത്തതാണ് ഇതിന്റെ പ്രധാന കാരണമായി മൃഗസംരക്ഷണരംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇനിയും ഇതുപോലെ വംശവര്‍ദ്ധന തുടര്‍ന്നാല്‍ നമുക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ വരുമത്രേ. എന്നാല്‍ പ്രശ്നപരിഹാരത്തിനുള്ള യഥാര്‍ത്ഥ പരിശ്രമത്തിനപ്പുറം ഒരുസര്‍ക്കാര്‍ കാട്ടിക്കൂട്ടല്‍, കണ്ണില്‍പൊടിയിടല്‍ പരിപാടിയായി ‘എ.ബി.സി’ മാറി. ഇനിയെങ്കിലും ഗ്രൗണ്ട്​ലെവലിൽ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷകപ്രവര്‍ത്തകരെ കാര്യമായി ഉള്‍പ്പെടുത്തിക്കൊണ്ടുവേണം ഇത്തരം കമ്മറ്റികള്‍ ഉണ്ടാക്കാനും പദ്ധതികള്‍ രൂപീകരിക്കാനും.

Preethi
പ്രീതി ശ്രീവല്‍സന്‍

വര്‍ഷങ്ങളായി തൃശൂരിൽ ‘പോസ്’ എന്ന പേരില്‍ തെരുവുമൃഗങ്ങളുടെ റെസ്‌ക്യൂവും ഷെല്‍റ്ററും നടത്തുന്ന പ്രീതി ശ്രീവല്‍സന്‍ പറയുന്നു:‘എത്രയോ വര്‍ഷങ്ങളായി ഗ്രൗണ്ട് ലെവലിൽ പ്രവര്‍ത്തിക്കുന്നതുകൊണ്ട് നമുക്ക് ഇവയെപ്പറ്റി മറ്റാരേക്കാളും അറിയാം. സ്റ്റെറിലൈസേഷന്‍ പ്രോഗ്രാമിലായാലും വാക്സിനേഷന്‍ പ്രോഗ്രാമിലായാലും അതുപോലെ ആനിമല്‍സുമായി ബന്ധപ്പെട്ട മറ്റുപദ്ധതികളിലുമൊക്കെ ഈ രംഗത്ത് ജെന്യൂന്‍ ആയി പ്രവര്‍ത്തിക്കുന്നവരെ കൂടുതല്‍ ഉള്‍പ്പെടുത്തണം. എ.ബി.സി ഒക്കെ നടപ്പിലാക്കുമ്പോൾ നമ്മള്‍ വളരെ ശ്രദ്ധിക്കണം. ഒരു സ്ഥലത്തുനിന്ന്​ പിടിച്ച പട്ടിയെ സ്റ്റെറിലൈസേഷനുശേഷം അതേ സ്ഥലത്തുതന്നെ തിരിച്ചുവിടണം. കാരണം പട്ടിയും പൂച്ചയുമൊക്കെ വളരെ ടെറിറ്റോറിയലാണ്. ‘എ.ബി.സി’ സ്റ്റേറ്റ് മുഴുവനായി ഒന്നിച്ചു നടപ്പിലാക്കേണ്ട പരിപാടിയാണ്. ഒരു പ്രദേശത്ത് കുറേ പട്ടികളെ സ്റ്റെറിലൈസ് ചെയ്തതുകൊണ്ട് കാര്യമില്ല. അതുവര്‍ഷങ്ങളോളം നമ്മള്‍ തുടര്‍ച്ചയായി വളരെ എഫിഷ്യന്റായിത്തന്നെ ചെയ്തുകൊണ്ടിരിക്കേണ്ട ഒരുസംഗതിയാണ്.'

​​​​​​​ഇന്ത്യ, ഫിലിപ്പീന്‍സ്, മൗറീഷ്യസ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങി പലസമയങ്ങളില്‍ പലരീതികളില്‍ തെരുവുനായ്ക്കളെ കൊന്ന് ഈ പ്രശ്നത്തിനുപരിഹാരം കാണാന്‍ ശ്രമിച്ച ഇടങ്ങളിലൊന്നും ഇതൊരു പരിഹാരമേ ആയില്ല എന്നതാണു വാസ്തവം.

ഇന്ത്യയിലെ ആദ്യത്തെ ആൻറി റാബിസ് സ്റ്റേറ്റായി മാറിയ ഗോവയില്‍ 2014 ലാണ് മിഷന്‍ റാബിസ് എന്ന പേരില്‍ തെരുവുനായ്ക്കളില്‍ വാക്സിനേഷന്‍ പരിപാടി തുടങ്ങുന്നത്. ആവര്‍ഷം പതിനേഴ്​ റാബിസ് മരണമാണ് അവിടെയുണ്ടായത്. അതില്‍നിന്ന്​ പേവിഷമുക്തസ്റ്റേറ്റാവാന്‍ ഏഴുവര്‍ഷത്തെ നിരന്തര പ്രവര്‍ത്തനമാണ് ഗോവ നടത്തിയത്. ഇതുപോലെ വിജയകരമായ ഒത്തിരി ഉദാഹരണങ്ങളുണ്ട് നമുക്കുമുന്നില്‍. പക്ഷേ സര്‍ക്കാരും മൃഗസംരക്ഷകരും സര്‍വ്വോപരി ജനങ്ങളും ഒക്കെ ഉള്‍പ്പെട്ട കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ ഇതു സാദ്ധ്യമാകൂ. കൊച്ചിയില്‍ ധ്യാന്‍ ഫൗണ്ടേഷന്‍ റസ്‌ക്യൂ പദ്ധതി നടത്തുന്ന പ്രതിക് സുധാകരന്‍ പറയുന്നു: ‘വാക്സിനേറ്റ് ചെയ്യാനോ സ്റ്റെറിലൈസ് ചെയ്യാനോ പെട്ടെന്നുപോയി നായയെ പിടിക്കാനാവില്ല. അതിന് ട്രെയിനിംഗ് വേണം. സര്‍ക്കാര്‍ ആളുകളെ തെരഞ്ഞെടുത്താല്‍ നമ്മളിവിടെ അവര്‍ക്ക് ട്രെയിനിംഗ് കൊടുക്കാൻ റെഡിയാണ്'.​​​​​​​

തീര്‍ച്ചയായും, ഇപ്പോഴത്തെ തെരുവുനായപ്രശ്നം പരിഹരിച്ചേതീരൂ. ഞാനുള്‍പ്പെടെ റോഡിലൂടെ നടക്കുന്ന എല്ലാവര്‍ക്കും നായ കടിച്ചേക്കുമെന്ന ഭയമുണ്ട്. പക്ഷേ അവയെ ഉന്മൂലനം ചെയ്യുക എന്ന ഒരിക്കലും എഫക്റ്റീവായി നടപ്പിലാക്കാന്‍ കഴിയാത്ത, പൈശാചികമായ പ്രതിവിധിയെപ്പറ്റി സംസാരിക്കുന്ന ‘അണ്‍സിവിലൈസ്ഡ്’ സമൂഹമായി മാറാതിരിക്കാം നമുക്ക്. ഇന്ത്യ, ഫിലിപ്പീന്‍സ്, മൗറീഷ്യസ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങി പലസമയങ്ങളില്‍ പലരീതികളില്‍ തെരുവുനായ്ക്കളെ കൊന്ന് ഈ പ്രശ്നത്തിനുപരിഹാരം കാണാന്‍ ശ്രമിച്ച ഇടങ്ങളിലൊന്നും ഇതൊരു പരിഹാരമേ ആയില്ല എന്നതാണു വാസ്തവം. കള്ളിംഗ് (കൂട്ടക്കൊല) ഒരുരീതിയിലുള്ള ഫലവും ഉണ്ടാക്കുകയില്ലെന്നുമാത്രമല്ല, അടുത്ത ജനറേഷന്‍ നായ്ക്കള്‍ കൂടുതല്‍ അഗ്രസീവാവുകയാണ് ഉണ്ടാവുക.

goa
ഇന്ത്യയിലെ ആദ്യത്തെ ആൻറി റാബിസ് സ്റ്റേറ്റായി മാറിയ ഗോവയില്‍ 2014 ലാണ് മിഷന്‍ റാബിസ് എന്ന പേരില്‍ തെരുവുനായ്ക്കളില്‍ വാക്സിനേഷന്‍ പരിപാടി തുടങ്ങുന്നത്. / Photo: Mission Rabies Goa, Fb

പതിമൂന്നു വര്‍ഷമായി ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന പ്രതിക്, മൃഗസംരക്ഷണവകുപ്പായാലും സര്‍ക്കാര്‍ മൃഗാശുപത്രികളായാലും റേബിസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാണിക്കുന്ന അത്ഭുതപ്പെടുത്തുന്ന ഉത്തരവാദിത്വമില്ലായ്മ കണ്ട് മനസുമടുത്ത ആളാണ്:‘റാബിസ് ബാധയുണ്ടെന്നു സംശയിക്കുന്ന നായയെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നാല്‍ അവിടെ അതിനെ ഐസലോറ്റ് ചെയ്യാന്‍ സംവിധാനമില്ല. അവരങ്ങനത്തെ കേസുകള്‍ പരമാവധി അറ്റന്‍ഡ് ചെയ്യില്ല. അതുപിന്നെ നമ്മടെ ഉത്തരവാദിത്തമാണ്​. സര്‍ക്കാര്‍ ഇതിനെല്ലാം പൈസ ചെലവാക്കുന്നെണ്ടെന്നോര്‍ക്കണം. ഇതിന് കൃത്യമായ കര്‍മനിരതമായ സംവിധാനം വേണം. റാബിസ് ആണെന്നുറപ്പുള്ള ഒരു നായയേം കൊണ്ട് പലപ്പോളും നമ്മൾ എത്ര നടക്കേണ്ടി വരുന്നുണ്ടെന്നറിയാമോ? റാബിസ് ബാധിച്ചാണ്​ ചത്തതെന്ന് ഏതാണ്ടുറപ്പുള്ള നായയെ പോസ്റ്റുമോര്‍ട്ടത്തിനയക്കാന്‍ പോലും പലപ്പോഴും സര്‍ക്കാര്‍ മൃഗാശുപത്രികള്‍ മെനക്കെടാറില്ല. കഴിഞ്ഞവര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍നിന്ന്​ പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന ഒരു പട്ടിയേയും കൊണ്ട് ഞാന്‍ ജില്ലാ മൃഗാശുപത്രിയില്‍ ചെന്നു. റാബിസ് ബാധയുണ്ടെന്നുസംശയമുള്ളതിനാല്‍ അതിനെ ഐസൊലേറ്റ് ചെയ്യാൻ ഞാന്‍ തന്നെ തിരിച്ചുകൊണ്ടുപോന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നായ ചത്തു. മണ്ണുത്തിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയക്കാന്‍ വേണ്ട സംവിധാനം ഇല്ല എന്നുപറഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഒഴിവായി. ഒടുവില്‍ ഞാന്‍ തന്നെ ഐസ്ബോക്സ് ഉണ്ടാക്കി അയച്ചു. പട്ടിക്ക് റേബിസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. നിങ്ങള്‍ വിശ്വസിക്കുവോന്നറിയില്ല, പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആ ബോഡി അവരെനിക്ക് ധ്യാന്‍ ഫൗണ്ടേഷനിലേക്ക് തിരിച്ചയച്ചുതരികയാണുണ്ടായത്!

Prathik
പ്രതിക് സുധാകരന്‍

ഇതുപോലെ ഈ മാര്‍ച്ചില്‍ തൃപ്പൂണിത്തുറയില്‍നിന്ന്​ ഒരു റാബിസ് സസ്പെക്റ്റ് കേസുമായി വിളിച്ചു. പട്ടിയെ ഒരു ചെറിയ ചായക്കടക്കുള്ളില്‍ കെട്ടിയിട്ടിരിക്കുകയാണ്. ജില്ലാ വെറ്റിനറി സെന്ററില്‍നിന്നും പറഞ്ഞു, തൃപ്പൂണിത്തുറ വെറ്റിനറി ക്ലിനിക്കില്‍ വിളിക്കാന്‍. അവരുപറയുന്നു, മുനിസിപ്പാലിറ്റിയെ വിളിക്കാന്‍. മുനിസിപ്പാലിറ്റിയില്‍ വിളിച്ചപ്പോൾ വീണ്ടും പറയുന്നു, വെറ്റിനറി ക്ലിനിക്കിനെ സമീപിക്കാന്‍. എന്തായാലും ആരും ഉത്തരവാദിത്വം ഏറ്റെടുക്കാതെ പട്ടി രണ്ടുദിവസം ആ ചായകടക്കുള്ളില്‍ കിടന്നു. എന്നിട്ടു ചത്തു. അതിനെ പോസ്റ്റ്മോര്‍ട്ടത്തിനയക്കുകയോ ഒന്നും ചെയ്തില്ല. ഒരുപ്രദേശത്തെ നായ റാബിസ് വന്നുചത്താല്‍ ആ പ്രദേശത്തെ 75- 80 ശതമാനം നായ്ക്കള്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമായും എടുക്കണം. എന്നാലേ അവക്ക് ഹെര്‍ഡ് ഇമ്മ്യൂണിറ്റി വരികയും അതുവഴി ആ പ്രദേശത്തെ റാബിസ് പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. അതൊന്നും ഒരിക്കലും നടപ്പിലാവാറില്ല.'
മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ താരതമ്യേന നല്ല നിലയില്‍ നടക്കുന്ന കൊച്ചിയിലാണ് ഈ അവസ്ഥ എന്നോര്‍ക്കണം.

പതിനായിരങ്ങള്‍ മുടക്കി ബ്രീഡിനെ വാങ്ങി വീണ്ടും പതിനായിരങ്ങള്‍ മുടക്കി അതിനെ ഏറെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് വളര്‍ത്തുന്നതിനുപകരം നമ്മുടെ നാടന്‍ പട്ടിക്കുഞ്ഞുങ്ങളേയും പൂച്ചക്കുഞ്ഞുങ്ങളേയും അഡോപ്റ്റ് ചെയ്തുതുടങ്ങൂ. നമ്മുടെ പട്ടികളും പൂച്ചകളും നമ്മുടെ വീടുകളില്‍വളരട്ടെ.

പൊതുവെ മൃഗങ്ങളെ മാനുഷികപരിഗണനയോടെ കാണുന്ന സിവിലൈസ്ഡ് സമൂഹങ്ങളൊക്കെ സി.എന്‍.വി.ആര്‍ പ്രോഗ്രാം ആണ് തെരുവുമൃഗങ്ങളുടെ ക്രമാതീതമായ വംശവര്‍ദ്ധനക്കുള്ള പ്രതിവിധിയായി കാണുന്നത്. കളക്റ്റ്, ന്യൂട്ടര്‍, വാക്സിനേറ്റ് ആന്‍ഡ് റിട്ടേണ്‍. വന്ധ്യംകരണപദ്ധതിതന്നെ. ഒരു തെരുവുനായ പോലും ഇല്ലാത്ത രീതിയില്‍ ഈ പദ്ധതി നടപ്പിലാക്കിയ നെതര്‍ലാന്റ്സിലാണെങ്കില്‍ അഡോപ്റ്റ് ചെയ്യലല്ലാതെ മറ്റിനം നായ്ക്കളെ ഷോപ്പുകളില്‍നിന്നും വാങ്ങാന്‍ പോയാല്‍ പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വലിയ ടാക്സും ഈടാക്കുന്നുണ്ട്. കാനഡയിലുള്ള ഒരു സുഹൃത്തിന്റെ മകള്‍ പറഞ്ഞ കഥയാണ്. അവള്‍ക്ക് അവിടെ വളര്‍ത്താന്‍ ഒരു പൂച്ചക്കുട്ടിയെ അഡോപ്റ്റ് ചെയ്യണം. ഏജന്‍സിയെ സമീപിച്ചപ്പോള്‍, അവര്‍ കുറേയധികം നിബന്ധനകള്‍ മുന്നോട്ടുവച്ചു, കൃത്യമായ ഇന്‍സ്പെക്ഷനുകള്‍ ഉണ്ടാവും. എന്തെങ്കിലും തരത്തിലുള്ള നെഗ്ലിജന്‍സ് കണ്ണില്‍പ്പെട്ടാല്‍ അവര്‍ പൂച്ചയെ തിരിച്ചുകൊണ്ടുപോകും. കഥ പറയുമ്പോള്‍ സുഹൃത്തുപറഞ്ഞു,‘നമ്മുടെ നാട്ടിലാണെങ്കില്‍ എന്തു സുഖമാണ്​. വഴീന്ന് ഏതേലും പൂച്ചേനെ ഇങ്ങെടുത്തോണ്ടുപോരുക.'
പക്ഷേ ആ പൂച്ചകള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നമ്മളാരും അന്വേഷിക്കാറില്ല. വീട്ടില്‍വളര്‍ത്തുന്ന പൂച്ചകള്‍ പതിനഞ്ചോ ചിലപ്പോള്‍ പതിനെട്ടോവര്‍ഷം വരെ ജീവിക്കുമെങ്കില്‍ തെരുവുപൂച്ചകള്‍ അഞ്ചുവയസ്സിനപ്പുറം പോയാല്‍ ഭാഗ്യമാണ്. പ്രസവിച്ചാലുടനെ ചാക്കില്‍കെട്ടിക്കൊണ്ടുപോയി വലിച്ചെറിയുന്നതുമുതല്‍ മനുഷ്യനില്‍നിന്നുള്ള നിരവധിയായ അതിക്രമങ്ങളെ ഓരോ ദിവസവും അതിജീവിച്ചാണ് ഒരോ തെരുവുപൂച്ചയും പട്ടിയും വളരുന്നത്.   

NAWRC
പൊതുവെ മൃഗങ്ങളെ മാനുഷികപരിഗണനയോടെ കാണുന്ന സിവിലൈസ്ഡ് സമൂഹങ്ങളൊക്കെ സി.എന്‍.വി.ആര്‍ പ്രോഗ്രാം ആണ് തെരുവുമൃഗങ്ങളുടെ ക്രമാതീതമായ വംശവര്‍ദ്ധനക്കുള്ള പ്രതിവിധിയായി കാണുന്നത്. / Photo: NAWRC, Fb

കേരളത്തില്‍ മൂന്നുലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് പത്രറിപ്പോര്‍ട്ട്. അതുതന്നെ ശരിക്കുള്ള കണക്കാവില്ല. കാരണം അങ്ങനെയൊരു സര്‍വ്വേ നടന്നിട്ടില്ല. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ എട്ടരലക്ഷത്തോളം എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഭൂരിപക്ഷവും ബ്രീഡ് ഇനങ്ങള്‍ ആയിരിക്കും എന്നുറപ്പാണല്ലോ. പതിനായിരങ്ങള്‍ മുടക്കി ബ്രീഡിനെ വാങ്ങി വീണ്ടും പതിനായിരങ്ങള്‍ മുടക്കി അതിനെ ഏറെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് വളര്‍ത്തുന്നതിനുപകരം നമ്മുടെ നാടന്‍ പട്ടിക്കുഞ്ഞുങ്ങളേയും പൂച്ചക്കുഞ്ഞുങ്ങളേയും അഡോപ്റ്റ് ചെയ്തുതുടങ്ങൂ. നമ്മുടെ പട്ടികളും പൂച്ചകളും നമ്മുടെ വീടുകളില്‍വളരട്ടെ. നമ്മുടെ കുട്ടികള്‍ അവരുടെകൂടെ കളിച്ചുവളരട്ടെ. പക്ഷേ കൃത്യമായി വാക്സിനേഷന്‍ എടുക്കണമെന്നുമാത്രം. വേണമെങ്കില്‍ എന്നെയൊന്നുപുന്നാരിച്ചോ എന്ന മുഖഭാവത്തോടെ എവിടെയെങ്കിലും കൊണ്ടുവച്ചാല്‍ അവിടെത്തന്നെയിരിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയേക്കാള്‍ എത്ര രസമാണ് എത്ര എന്റര്‍ടെയിനിംഗ് ആണ് നാടന്‍പൂച്ചയുടെ കൂടെ കളിക്കാന്‍. അതുപോലെ നാടന്‍ പട്ടിയും. സ്നേഹിച്ചുകൊല്ലും അവര്‍ നമ്മെ! നായ്ക്കളായാലും പൂച്ചകളായാലും ഈ പല ബ്രീഡുകളും നമ്മുടെ കാലാവസ്ഥയുമായി ചേരാത്തതാണ്. വാങ്ങി അതിന്റെ കമ്പം തീരുമ്പോള്‍, അല്ലെങ്കില്‍ അതിന് അസുഖം വരുമ്പോഴോ പ്രായമാകുമ്പോഴോ പുറത്തേക്കു തള്ളപ്പെടുന്ന ഇത്തരം ബ്രീഡുകളും കേരളത്തിലെ തെരുവുകളിലും റസ്‌ക്യൂഹോമുകളിലും നിറയെ ഉണ്ട്. തെരുവില്‍ ജനിച്ചുവളരുന്ന മൃഗങ്ങള്‍ക്ക് മിനിമം സ്ട്രീറ്റ് സ്മാര്‍ട്ട്നെസ്​ എങ്കിലും ഉണ്ടാവും. ഒരിക്കല്‍പോലും തെരുവുകാണാത്ത ഇതുങ്ങള്‍ തെരുവിലേക്ക്​ തള്ളപ്പെടുമ്പോഴുണ്ടാവുന്ന അവസ്ഥയോ. ഇത്തരം മനുഷ്യരാകാന്‍ നമുക്ക് എങ്ങനെ പറ്റുന്നു. 

സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഒരുവിധമാനദണ്ഡങ്ങളുമില്ലാതെ മുളച്ചുപൊന്തുന്ന ഇത്തരം ബ്രീഡിംഗ് കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഇത്തരം ബ്രീഡുകളെ വാങ്ങിക്കുന്നവര്‍ അതിന്റെ പിന്നീടങ്ങോടുള്ള എല്ലാത്തരം ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകണം.

സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഒരുവിധമാനദണ്ഡങ്ങളുമില്ലാതെ മുളച്ചുപൊന്തുന്ന ഇത്തരം ബ്രീഡിംഗ് കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഇത്തരം ബ്രീഡുകളെ വാങ്ങിക്കുന്നവര്‍ അതിന്റെ പിന്നീടങ്ങോടുള്ള എല്ലാത്തരം ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകണം. പ്രീതി ശ്രീവത്സന്‍ പറയുന്നു: ‘എന്തുമാതിരി ബ്രീഡ് ഇനങ്ങളാണെന്നോ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നമുക്കുകിട്ടുന്നത്. തെരുവുമൃഗങ്ങള്‍ക്കുപുറമേ ഇപ്പോൾ ഇതും നമ്മുടെ ഉത്തരവാദിത്വമാണ്. ഇത്തരം മൃഗങ്ങള്‍ക്ക് ലൈസന്‍സ് മാത്രമല്ല, മൈക്രോചിപ്പിംഗും ഉറപ്പാക്കണം. ഉടമസ്ഥനു തോന്നുമ്പോൾ അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റില്ല എന്ന അവസ്ഥ വരണം.'

Cat
വേണമെങ്കില്‍ എന്നെയൊന്നുപുന്നാരിച്ചോ എന്ന മുഖഭാവത്തോടെ എവിടെയെങ്കിലും കൊണ്ടുവച്ചാല്‍ അവിടെത്തന്നെയിരിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയേക്കാള്‍ എത്ര രസമാണ് എത്ര എന്റര്‍ടെയിനിംഗ് ആണ് നാടന്‍പൂച്ചയുടെ കൂടെ കളിക്കാന്‍. / Photo: Wikimedia Commons

അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയുന്നു, തെരുവില്‍നിന്നും എടുത്തുവളര്‍ത്തുന്ന ഒരു പൂച്ചയോ പട്ടിയോ നമ്മുടെ ജീവിതവും കാഴ്ചപ്പാടുകളുമൊക്കെ മാറ്റിമറിക്കും. അവര്‍ നമ്മെ കുറച്ചുകൂടി നല്ല മനുഷ്യരാക്കും. ലോകം എല്ലാവര്‍ക്കും ഉള്ളതാണെന്ന് അവര്‍നമ്മെ പഠിപ്പിക്കും. വര്‍ഷങ്ങളായി വാടക ഫ്ലാറ്റുകള്‍ മാറിമാറിയുള്ള ജീവിതത്തില്‍ പട്ടിയെയോ പൂച്ചയെയോ വളര്‍ത്തുക എന്നത് നടക്കാത്ത കാര്യമായി മാറിയിരുന്നു. അപ്പോഴാണ് പപ്പുടു പരുക്കുപറ്റി ചോരയൊലിക്കുന്ന കാലും വലിച്ചുവച്ച് ഞങ്ങളുടെജീവിതത്തിലേക്ക് കടന്നുവന്നത്. ഇനിയും വീടുമാറേണ്ടിവരുമെന്നതിനാല്‍ പപ്പുടുവിനേയും ആദ്യമൊന്നും അധികം അടുപ്പിച്ചില്ല. പക്ഷേ ഞങ്ങളേയും കൊണ്ടേ പോകൂ എന്നുറപ്പിച്ചിട്ടായിരുന്നു പപ്പുടു. പൂച്ചയേയും കൊണ്ടുള്ള വീടുമാറ്റത്തെപ്പറ്റി ഒത്തിരി സന്ദേഹങ്ങളുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ പിന്നീടുപല വീടുമാറ്റങ്ങളും നടന്നു. ഓരോപ്രാവശ്യവും ആദ്യത്തെ ദിവസം പപ്പുടു പേടിച്ച് ഓടിപ്പോകും. എന്നിട്ട് പത്തുനൂറുവീടുകള്‍ക്കിടയിലുള്ള, പപ്പുടുവിന് ഇതുവരെ പരിചയമില്ലാത്ത ആ പുതിയ വീട്ടിലേക്ക് ഞങ്ങളുടെ മണംപിടിച്ചുമാത്രം തിരിച്ചുവരും. ജന്തുക്കള്‍ക്കുമാത്രം അറിയുന്ന സ്നേഹത്തിന്റെ മായാജാലം!    


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം. 

സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരന്‍ യൂദാസ് ഭൂത വര്‍ത്തമാന കാലങ്ങള്‍ക്കിടയില്‍ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Audio