Monday, 27 June 2022

Election and Realities


Text Formatted

ഏച്ചിക്കാനത്തെ 'ഒരേയൊരു' കമ്യൂണിസ്റ്റുകാരന്‍

ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഒരു മാതൃകാ സര്‍ക്കാര്‍ അല്ലെങ്കിലും അവര്‍ മുന്നോട്ടു വെയ്ക്കുന്ന പ്രത്യയശാസ്ത്രം വര്‍ഗീയതയക്ക് എതിരാണെന്നതു കൊണ്ടുതന്നെയാണ് അവര്‍ തരുന്ന മഷിപ്പാത്രം ഞാന്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നത്. ഇതില്‍ നിന്നൊരു തുള്ളി നഖത്തിനുമേല്‍ വീഴ്ത്തുമ്പോള്‍ വര്‍ഗീയതയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്ന ഒരു സംതൃപ്തി ഞാനനുഭവിക്കുന്നു.

Image Full Width
Image Caption
Photo : Pinarayi Vijayan, fb Page
Text Formatted

​​​​​​​നഖം അധികാരത്തിന്റെ ചിഹ്നമാണ്. രാത്രി നഖം കടിക്കുന്നതും വെട്ടുന്നതും അത് മുറിയില്‍ ഇടുന്നതുമൊക്കെ പൊതുവേ അസ്വീകാര്യമായ ഒരു കാര്യമായിട്ടാണ് കണ്ടുവരുന്നത്. ശത്രുനിഗ്രഹത്തിന് കൂടോത്രം ചെയ്യുന്നവര്‍ മുട്ടയിലോ മണ്‍കലങ്ങളിലോ മുടിനാരുകളോടൊപ്പം നഖവും നിക്ഷേപിക്കാറുണ്ട്. യക്ഷികളെപ്പോലുളള ദുഷ്ടശക്തികളൊക്കെ വിരലുകള്‍ പത്തിലും വലിയ നഖങ്ങളൊക്കെ വളര്‍ത്തി നടക്കുന്നതു കാണാം.

ബഷീറിന്റെ ബാല്യകാലസഖിയില്‍ സുഹറ നഖം വളര്‍ത്തുന്നത് വിരലുകളുടെ സൗന്ദര്യം കൂട്ടാനല്ല, മറിച്ച് മജീദിനെ ആക്രമിക്കാനും അനുസരിപ്പിക്കാനും കൂടിയാണ്. അങ്ങനെ നഖം അധികാരത്തിന്റെ, കീഴടക്കലിന്റെ, പീഢനത്തിന്റെ ചിഹ്നമായി മാറുന്നു. മനുഷ്യനോടൊപ്പം വളരുന്ന ജൈവായുധമാണിത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭരണകൂടത്തിന്റെ നഖങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന പ്രതി ശബ്ദങ്ങളാണ്, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കരിങ്കൊടി കാണിക്കലാണ് സമ്മതിദാന വേളയില്‍ നഖങ്ങള്‍ക്ക് മേലെ വെയ്ക്കുന്ന ഒരു തുള്ളി മഷി. നിയമസാധുതയുള്ള കരിഓയില്‍ പ്രയോഗം. നഖങ്ങള്‍ (അധികാരം) പിന്നെയും വളരും. മഷി മായാതെ അതിനുമേല്‍ ആഞ്ഞുപിടിക്കും. പക്ഷേ നഖം അതിനെ വലിച്ചുകൊണ്ടുപോയി പടിക്കുപുറത്താക്കും. വെട്ടി മാറ്റിയ നഖങ്ങള്‍ക്കൊപ്പം മനുഷ്യന്റെ സഫലമാകാത്ത സ്വാതന്ത്ര്യം പോലെ, കായ്ക്കാത്ത പ്രതീക്ഷകള്‍ പോലെ, ഉദിക്കാത്ത പുലര്‍ച്ചകള്‍ പോലെ അത് ചവറ്റുകൊട്ടയില്‍ കിടക്കും. ഈ നഖവും മഷിയും ചേര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തുന്ന മല്‍സരം തന്നെയല്ലേ ഒരു കണക്കിന് ഈ തിരഞ്ഞെടുപ്പ്? അധികാരത്തിന്റെ അപ്രമാദിത്തത്തിനു മേല്‍ ഒരിക്കലും സഫലമാകില്ലെന്നറിഞ്ഞു കൊണ്ടു തന്നെ ജനാധിപത്യത്തിന്റെ വിശാലതയെ സ്ഥാപിക്കാനുള്ള ഒരു ശ്രമം. നഖങ്ങള്‍ വളരുംതോറും മജീദിന്റെ നിലവിളികളുടെ ആഴവും കൂടും. മജീദിന്റെ ഈ നിലവിളിക്ക് ഇന്ത്യന്‍ ജനാധിപത്യം എന്നു പേരിടാം.

Santhosh Echikkanam
സന്തോഷ് ഏച്ചിക്കാനം

1991 ലെ തിരഞ്ഞെടുപ്പു കാലത്ത് കേരളത്തിന്റെ മോസ്‌കോ എന്നറിയപ്പെട്ടിരുന്ന കാസര്‍കോട്ടെ മടിക്കൈ വില്ലേജിലായിരുന്നു എന്റെ താമസം. ഏച്ചിക്കാനം. സ്വാതന്ത്ര്യ സമരത്തിനും കര്‍ഷകസമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ നിരവധി നേതാക്കന്മാരെ സമ്മാനിച്ച ഒരു ഗ്രാമമാണിത്. വിറകെടുപ്പ് സമരം, നെല്ലെടുപ്പു സമരം അങ്ങനെ മലബാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാനമായ സമരങ്ങള്‍ എഴുതിച്ചേര്‍ത്ത ഈ ഗ്രാമത്തില്‍ ഏച്ചിക്കാനം മാത്രം എങ്ങനെ ഹിന്ദു വര്‍ഗീയതതയുടെ വലയിലകപ്പെട്ടു പോയി എന്നു ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്. 1989 ല്‍ അഛന്റെ തറവാടായ ഏച്ചിക്കാനത്തേക്ക് താമസം മാറി വന്നപ്പോഴേക്കും മടിക്കെയ്യിലെ കമ്യൂണിസ്റ്റുകാരും ഏച്ചിക്കാനത്തെ ബി.ജെ.പി- ആര്‍.എസ്.എസുകാരും തമ്മില്‍ കുടിപ്പകയുടെ പേരില്‍ തുറന്ന യുദ്ധങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. സംഘം തിരിഞ്ഞ് രണ്ടു കൂട്ടരും പരസ്പരം വെടിവെയ്പു വരെ നടത്തി. പുരുഷന്മാര്‍ മരണഭയം മൂലം വീടുവിട്ട് കാടുകളില്‍ അന്തിയുറങ്ങി. കോണ്‍ഗ്രസുകാരായ എന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്ന് എ.സി. കുഞ്ഞപ്പ നമ്പ്യാര്‍ എന്ന അമ്മാവനാണ് ആദ്യമായി ജനസംഘത്തിലേക്ക് കാലുമാറുന്നത്.

അമ്മാവനാണ് ഗോള്‍വാള്‍ക്കറെയും ഹെഗ്‌ഡേവാറിനെയുമൊക്കെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അവരിലൂടെ കടന്നുപോയപ്പോള്‍ ഇന്ത്യക്ക് ആര്‍.എസ്.എസുകാര്‍ ഒരു ചുക്കും ചെയ്തതായി എനിക്ക് തോന്നിയില്ല. മാത്രമല്ല അവരൊക്കെ ബ്രിട്ടീഷ് പക്ഷപാതികളും ഹിന്ദുവര്‍ഗീയതയുടെ സുവിശേഷകരുമായിരുന്നു എന്ന് മനസ്സിലാവുകയും ചെയ്തു.

അദ്ദേഹത്തിന്റെ വീട്ടില്‍ വര്‍ഷംതോറും കാളീപൂജ നടക്കാറുണ്ടായിരുന്നു. പൂജയ്ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികളും കാര്‍മികരുമായി പലരും വന്നുചേര്‍ന്നു. അവരുമായിട്ടുള്ള അടുപ്പമായിരിക്കാം കുഞ്ഞപ്പ അമ്മാവനെ ജനസംഘത്തിലേക്കും പിന്നീട് ആര്‍.എസ്.എസിലേക്കുമൊക്ക എത്തിച്ചത്. അദ്ദേഹം അവിടെ ശാഖ തുടങ്ങി. അത് കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തതോടെ പ്രശ്‌നം തുടങ്ങി. അതൊടുവില്‍ തുറന്ന പോരാട്ടങ്ങള്‍ക്ക് വഴി തുറന്നു. ഗ്രാമങ്ങളിലെ ആളുകള്‍ തമ്മില്‍ ആജന്മ ശത്രുക്കളായി. മാട്രിമോണിയല്‍ സൈറ്റൊന്നും ഇല്ലാതിരുന്ന അന്നത്തെ കാലത്ത് വിവാഹമൊക്കെ അടുത്തടുത്ത ഗ്രാമത്തിലെ ആളുകള്‍ തമ്മിലായിരുന്നു. പക്ഷേ ഈ രാഷ്ട്രീയ സംഘട്ടനത്തോടെ നിരവധി പേരുടെ വിവാഹം മുടങ്ങി. മടിക്കൈ ദേശത്ത് ഏച്ചിക്കാനം ഒറ്റപ്പെട്ടു. നിരവധി സ്ത്രീകള്‍ അവിവാഹിതകളായി മാറി. രാഷ്ട്രീയം അവരുടെ ജീവിതത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ച് ഇരുട്ടു മുറിയിലിട്ടു പൂട്ടി.

അന്ന് ഏച്ചിക്കാനത്തെ ഒരേയൊരു കമ്യൂണിസ്റ്റുകാരന്‍ ഞാനായിരുന്നു. ഒരു പീക്കിരി പയ്യന്‍ എന്നതിലപ്പുറം കുടുംബക്കാരനായതു കൊണ്ടാവാം കുഞ്ഞപ്പ അമ്മാവന്‍ എതിര്‍പ്പിനേക്കാളുപരി ഉപദേശങ്ങള്‍ കൊണ്ടായിരുന്നു എന്നെ നേരിട്ടിരുന്നത്. അദ്ദേഹമാണ് ഗോള്‍വാള്‍ക്കറെയും ഹെഗ്‌ഡേവാറിനെയുമൊക്കെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അവരിലൂടെ കടന്നുപോയപ്പോള്‍ ഇന്ത്യക്ക് ആര്‍.എസ്.എസുകാര്‍ ഒരു ചുക്കും ചെയ്തതായി എനിക്ക് തോന്നിയില്ല. മാത്രമല്ല അവരൊക്കെ ബ്രിട്ടീഷ് പക്ഷപാതികളും ഹിന്ദുവര്‍ഗീയതയുടെ സുവിശേഷകരുമായിരുന്നു എന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന അവസ്ഥയില്‍ "ഇവന്‍ നന്നാവില്ലെന്നു ' മനസ്സിലായതോടെ എനിക്ക് തുന്നി വെച്ച കാക്കി ട്രസറും ദണ്ഡുമൊക്കെ കുഞ്ഞപ്പ അമ്മാവന്‍ അത് ചേരുന്ന മറ്റാര്‍ക്കോ എടുത്തുകൊടുത്തു... ചുരുക്കിപ്പറഞ്ഞാല്‍ വര്‍ഗീയതയോടുള്ള സന്ധിയില്ലാത്ത സമരം എഴുത്തിലും ജീവിതത്തിലും കൊണ്ട് നടക്കാന്‍ എന്നെ പ്രേരിപ്പിച്ച വ്യക്തി ജനസംഘക്കാരനായ കുഞ്ഞപ്പ അമ്മാവന്‍ തന്നെയാണ്. കേള്‍ക്കുമ്പോള്‍ വിരോധാഭാസമായി തോന്നാമെങ്കിലും അതാണ് സത്യം.

rss-2 (1).jpg
ആര്‍.എസ്.എസിന്റെ പഴയൊരു യോഗത്തില്‍ നിന്ന് / ഫോട്ടോ : മനില സി. മോഹന്‍

രാഷ്ട്രീയ പോരാട്ടങ്ങളോ മതവിഭാഗീയതയോ സാമുദായിക സംഘട്ടനങ്ങളോ എന്തുമാകട്ടെ അതിനകത്ത് ബലി നല്‍കപ്പെടുന്ന സാധാരണമനുഷ്യരുടെ ആകുലതകളും നിലനില്‍പ്പുമാണ് എഴുത്തുകാരന്‍ എന്ന രീതിയില്‍ പലപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഏച്ചിക്കാനത്ത് രണ്ട് രാഷ്ട്രീയ ശക്തികള്‍ തമ്മിലുണ്ടായ തുറന്ന പോരാട്ടത്തില്‍ എത്ര ആളുകളുടെ കുടുംബ സങ്കല്‍പങ്ങളാണ് തകര്‍ന്നു പോയത്. സ്ത്രീകളില്‍ ചിലരെ മധ്യവയസ്സിലേക്കെത്തിയപ്പോള്‍ ആരോ ചിലര്‍ വന്ന് വിവാഹം കഴിച്ചു കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മറ്റുളളവര്‍ക്കാകട്ടെ ആ ഒരു ഭാഗ്യവും കിട്ടാതെ പോയി. ഏച്ചിക്കാനം എന്ന ചെറിയൊരു സ്ഥലത്ത് നടക്കുന്ന ഈ പ്രത്യാഘാതങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്. സംഭവിക്കാന്‍ പോകുന്നതും ഇതൊക്കെത്തന്നെ.

കഴിഞ്ഞ വര്‍ഷം കോവിഡ് വരുന്നതിനു തൊട്ടു മുമ്പ് ഞാന്‍ ബംഗാളിലെ അതിര്‍ത്തി ഗ്രാമങ്ങളായ ചക്‌ള , മോഹന്‍പുര്‍, മുഹമ്മദ്പുര്‍, മാള്‍ഡ, മുര്‍ഷിദാബാദ് തുടങ്ങി നിരവധി ഗ്രാമങ്ങളിലൂടെ ഒരു യാത്ര നടത്തുകയുണ്ടായി. ബംഗാളിലെ ഏറ്റവും സാധാരണക്കാരും കര്‍ഷകരുമായ ആളുകളുടെ കൂടെ അവരുടെ ഭക്ഷണം കഴിച്ചും അവര്‍ക്കൊപ്പം അന്തിയുറങ്ങിയും കൊണ്ടുള്ള ആ സഞ്ചാരമാണ് ഇന്ത്യയുടെ സമകാലികമായ സാമൂഹികാന്തരീക്ഷം എന്താണെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത്. കേരളത്തിനെയൊക്കെ വെച്ചു നോക്കിയാല്‍ വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, ബൗദ്ധികതലം എന്നിങ്ങനെ ഏതെടുത്തു പരിശോധിച്ചാലും 30 കൊല്ലം പിറകിലാണ് ആ ജനത. കമ്യൂണിസ്റ്റുകാര്‍ ഭരിച്ച ആ നാടിന്റെ ഗതി ഇതാണെങ്കില്‍ ഉത്തര്‍പ്രദേശിന്റേയും മധ്യപ്രദേശിന്റേയും ബിഹാറിന്റേയുമൊക്കെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുളളൂ. എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലൊക്കെ അക്ഷരാഭ്യാസം പോലുമില്ലാത്ത ആ പാവപ്പെട്ട മനുഷ്യരെ പഴയ വിഭജനത്തിന്റെ നടുക്കുന്ന ഓര്‍മകളിലേക്ക് വീണ്ടും വലിച്ചെറിഞ്ഞിരിക്കുകയാണ്.

അന്യ മതസ്ഥരോടുള്ള ഭയവും വെറുപ്പും വളര്‍ത്തി കാര്യങ്ങള്‍ രണ്ടാമതൊരു കലാപത്തിലേക്ക് എത്തിക്കുമ്പോള്‍ ഗാന്ധിജിയെപ്പോലെ സമാധാനത്തിനുവേണ്ടി സത്യാഗ്രഹം ചെയ്യാന്‍ ഇവിടെ ഒരാളില്ലെന്ന കാര്യം മറക്കരുത്.

തൃണമൂല്‍ കോണ്‍ഗ്രസിനെ തുരത്തി ബംഗാളിന്റെ അധികാര കസേരയിലെത്തുകയാണെങ്കില്‍ ബംഗാളില്‍ വീണ്ടുമൊരു നവഖാലി ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. ലോകത്തില്‍ ഇന്നുവരെ എഴുതപ്പെട്ട ചരിത്രങ്ങളിലൊന്നിലും തന്നെ കാണാത്ത കൂട്ടപ്പലായനവും രക്തച്ചൊരിച്ചിലുമാണ് ബംഗാളില്‍ നടന്നത് എന്ന കാര്യം പോലും മറന്നു കൊണ്ടാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഇത്തരത്തിലൊരു ഭേദഗതി ബില്ലിന് ഉത്തരവിട്ടിരിക്കുന്നത്. മുര്‍ഷിദാബാദിലെ ഗ്രാമങ്ങളിലൂടെ നടക്കുമ്പോള്‍ ആഗ്രഹമുണ്ടായിരുന്നിട്ടു കൂടി കുഞ്ഞുങ്ങള്‍ ഞാന്‍ വെച്ചു നീട്ടിയ മിഠായി വാങ്ങാതെ ഭയന്ന് മാറിനില്‍ക്കുന്ന കാഴ്ച ഇന്ത്യയുടെ ഭാവി എത്ര ദാരുണമായ പ്രത്യാഘാതങ്ങളെയാണ് കാത്തിരിക്കുന്നത് എന്ന് കാണിച്ചുതന്നു. അന്യ മതസ്ഥരോടുള്ള ഭയവും വെറുപ്പും വളര്‍ത്തി കാര്യങ്ങള്‍ രണ്ടാമതൊരു കലാപത്തിലേക്ക് എത്തിക്കുമ്പോള്‍ ഗാന്ധിജിയെപ്പോലെ സമാധാനത്തിനുവേണ്ടി സത്യാഗ്രഹം ചെയ്യാന്‍ ഇവിടെ ഒരാളില്ലെന്ന കാര്യം മറക്കരുത്. നവഖാലിയില്‍ കലാപകാരികള്‍ അന്ന് ഗാന്ധിജിക്കുമുമ്പില്‍ ആയുധം വെച്ചു കീഴടങ്ങി. പക്ഷേ ഇന്ന് ആ ആയുധങ്ങള്‍ക്ക് താഴെ മതേതരത്വം തണുത്ത മാംസം പോലെ രണ്ടായി പകുത്തുമാറ്റപ്പെടും. ഇവിടെയാണ് വര്‍ഗീയതയുടെ നഖങ്ങള്‍ക്ക് മേല്‍ ഞാനെന്റെ പ്രതിഷേധം മഷിയായി ഉരുക്കി ഒഴിക്കുന്നത്. ഗാന്ധിജിയുടെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കിയശേഷം നെഹ്‌റു പറഞ്ഞു; "ഇപ്പോള്‍ ഇന്ത്യക്കാര്‍ ഒരുമിച്ചുനിന്ന് നമ്മുടെ യുഗത്തിലെ ഏറ്റവും മഹാനായ വ്യക്തിയുടെ വധത്തിനിടയാക്കിയ വര്‍ഗീയതയെന്ന മാരക വിഷത്തിനെതിരെ പോരാടണം'. ഇങ്ങനെയൊരു പോരാട്ടത്തിന് അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും കിട്ടുന്ന ഈ കളിക്കളം പരമാവധി ജനാധിപത്യ ബോധത്തോടെ വിനിയോഗിക്കുക എന്നത് എന്റെ കടമയായി ഞാന്‍ കാണുന്നു. തോല്‍ക്കുന്ന കളിയാണെങ്കിലും എനിക്ക് കളിച്ചേ പറ്റൂ.

Lalbagh - Murshidabad
മുർഷിദാബാദിലെ ഒരു ഗ്രാമം

വര്‍ഗീയതയുടെ ആക്രമണങ്ങള്‍ക്ക് വിധേയമാകാത്ത വിധത്തില്‍ ഒരു പരിധി വരെ കേരളം പിടിച്ചുനിന്നത് നവോത്ഥാനത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന് നമുക്കറിയാം. മോദിയുടെ രീതികളോട് സാമ്യമുള്ള ഭരണകര്‍ത്താവായിരുന്നു ഇന്ദിരാഗാന്ധി എന്നിരിക്കിലും മതേതരത്വം എന്നൊരു ആശയം കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര നിഘണ്ടുവിലുണ്ടായിരുന്നു. സുപ്രീം കോടതി ജഡ്ജിമാരെ തീരുമാനിക്കുന്ന രീതിയിലേക്ക് ഇന്ദിരയുടെ ഏകാധിപത്യം വളര്‍ന്നിരുന്നുവെങ്കിലും ജനാധിപത്യം എന്ന ഒരാശയം മൂടല്‍ മഞ്ഞു പോലെയെങ്കിലും ഇന്ത്യയെ കുളിരണിയിച്ചിരുന്നു. പക്ഷേ അയോധ്യാ വിധിയോടെ മോദി ഈ കുളിരുപോലും ഇല്ലാതാക്കി എന്നു മാത്രമല്ല വര്‍ഗീയതയുടെ കൊടും ചൂടിലേക്ക് ഇന്ത്യയെ വലിച്ചെറിയുകയും ചെയ്തു കഴിഞ്ഞു; 1947 ആഗസ്റ്റ് 16 ന് പീറ്റ് റീസ് അതിര്‍ത്തി നിര്‍ണയ രേഖ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലുണ്ടായിരുന്ന അതേ ചൂടിലേക്ക്, കാലാവസ്ഥയിലേക്ക്, നൂറുഡിഗ്രി സെല്‍ഷ്യസിലേക്ക്. 
ഈ വരുന്ന തിരഞ്ഞെടുപ്പോടെ ഏകാധിപത്യത്തിന്റെ വേനല്‍ ചൂടിലേക്ക് കേരളവും എത്തപ്പെടുകയാണ്. ഇരിക്കേണ്ട കസേരയില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇരിക്കാന്‍ പറ്റാതാവുമ്പോള്‍ അവിടെ ബി.ജെ.പി കേറിയിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്.

കോണ്‍ഗ്രസുകാരുടെ ഖദറിന്റെ നിറം കാവിയാകുവാന്‍ ഇനി കൂടുതല്‍ വര്‍ഷങ്ങള്‍ ഒന്നും വേണ്ട. ഇതിനെതിരെയുള്ള സഹന സമരമായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഒരു മാതൃകാ സര്‍ക്കാര്‍ അല്ലെങ്കിലും അവര്‍ മുന്നോട്ടു വെയ്ക്കുന്ന പ്രത്യയശാസ്ത്രം വര്‍ഗീയതയക്ക് എതിരാണെന്നതു കൊണ്ടുതന്നെയാണ് അവര്‍ തരുന്ന മഷിപ്പാത്രം ഞാന്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നത്. ഇതില്‍ നിന്നൊരു തുള്ളി നഖത്തിനുമേല്‍ വീഴ്ത്തുമ്പോള്‍ വര്‍ഗീയതയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്ന ഒരു സംതൃപ്തി ഞാനനുഭവിക്കുന്നു. വിയോജനാധികാരവും അഭിപ്രായസ്വാതന്ത്ര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ പറയട്ടെ; അന്നും ഇന്നും എന്നും എന്റെ വോട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. 

സന്തോഷ് ഏച്ചിക്കാനം

കഥാകൃത്ത്, തിരക്കഥാകൃത്ത്. കൊമാല, ശ്വാസം, ബിരിയാണി തുടങ്ങിയവ പ്രധാന കൃതികൾ. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ്, ആണും പെണ്ണും എന്ന ആന്തോളജിയിലെ സാവിത്രി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്.

Audio