Saturday, 15 January 2022

പഠന റിപ്പോർട്ട്​


Text Formatted

കോവിഡ് കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
എങ്ങനെ ജീവിച്ചു?

രണ്ടാം വര്‍ഷവും ഡിജിറ്റല്‍ പഠനത്തിന്​ തുടക്കമാകുന്നു. കഴിഞ്ഞ ഒരു വർഷം നമ്മുടെ കുട്ടികൾ എങ്ങനെയാണ്​ പഠിച്ചത്​ എന്നും ജീവിച്ചത്​ എന്നും പരിശോധിക്കുന്ന പഠനത്തിലെ കണ്ടെത്തലുകൾ

Image Full Width
Text Formatted

കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) യും തിരുവനന്തപുരം സര്‍ക്കാര്‍ വനിത കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്ററും ചേര്‍ന്ന് കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തിന്റെ കാലത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റി സമഗ്രമായ ഗവേഷണപഠനം നടത്തിയിരുന്നു. അതിന്റെ കണ്ടെത്തലുകളുടെ സംഗ്രഹമാണ് ഈ റിപ്പോര്‍ട്ട്.

​​​​​​​മികച്ച പശ്ചാത്തല സൗകര്യ വികസനവും നവീനാശയങ്ങളും ജനസമ്മതിയും സൃഷ്ടിച്ച നവോന്‍മേഷത്തിന്റ പാതയിലായിരുന്നു കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം. മറ്റു പല മേഖലകളിലും എന്നതുപോലെ വിദ്യാഭ്യാസ മേഖലയിലും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിനെ മറികടക്കാന്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സത്വര ഇടപെടലുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സും അനുബന്ധസൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ക്‌ളാസ് ആരംഭിച്ചു. ടി.വി. മുഖ്യ വിനിമയോപാധിയാക്കി ഡിജിറ്റല്‍ ഡിവൈഡ് മറികടക്കാന്‍ ശ്രമിച്ചു. സമൂഹപങ്കാളിത്തത്തോടെ ഓരോ വിദ്യാര്‍ത്ഥിക്കും ഉപകരണലഭ്യത ഉറപ്പു വരുത്തി. ആലോചനകളും ചര്‍ച്ചകളും തയ്യാറെടുപ്പുകളും പരീക്ഷണങ്ങളും പരിശീലനങ്ങളും പരിശോധനകളും വിലയിരുത്തലുകളും മെച്ചപ്പെടുത്തലുകളുമെല്ലാമായി ഘട്ടംഘട്ടമായി നടപ്പിലാക്കേണ്ട പരിഷ്‌കാരമാണ് കോവിഡ് കാലത്ത് ചുരുങ്ങിയ സമയത്തില്‍ നടപ്പാക്കേണ്ടിവന്നത്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ മുന്‍ മാതൃകകളില്ലാത്ത ഒന്നായിരുന്നു ഈ ശ്രമം.

report cover

കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ വിദ്യാഭ്യാസരംഗത്ത് കേരളം നടത്തിയ ക്രിയാത്മക പ്രതികരണം സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നു കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തില്‍ കേരളം മികവു പുലര്‍ത്തുന്നു എന്ന യൂണിസെഫ് റിപ്പോര്‍ട്ടും അക്കൂട്ടത്തില്‍പ്പെടും. കോവിഡിന്റെ തീക്ഷ്ണമായ രണ്ടാം വരവോടെ, സ്‌കൂളുകള്‍ പഴയ നിലയിലാകാന്‍ ഇനിയും  എത്രകാലമെടുക്കുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയുണ്ട്. ഡിജിറ്റല്‍ മാധ്യമം വഴി അധ്യയനം ഏറിയും കുറഞ്ഞും കുറേക്കാലം കൂടി തുടരേണ്ടിവരും എന്നുറപ്പാണ്. ഒരു വര്‍ഷത്തിലധികമായി സാമൂഹിക ജീവിതവും വിനോദങ്ങളും നഷ്ടപ്പെട്ട് വീടിനകത്തേക്ക് ചുരുങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികളിലേക്കാണ് വീണ്ടും ഡിജിറ്റല്‍ ക്‌ളാസ് എത്തുന്നത്. ഇനിയങ്ങോട്ട് ഡിജിറ്റല്‍ പരിസ്ഥിതിയില്‍ വിദ്യാഭ്യാസം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോള്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തിന്റെ പ്രത്യക്ഷാനുഭവങ്ങളെ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ട്. ഒപ്പം, ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയ്ക്കു പുറമേ, കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും കുടുംബങ്ങളുടെയും വിദ്യാഭ്യാസപരവും മനോ-സാമൂഹികവും മാനസികാരോഗ്യസംബന്ധിയുമായ അവസ്ഥകള്‍ മനസ്സിലാക്കുകയും വേണം. ഇത്തരം പരിഗണനകളിലാണ്, കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) യും തിരുവനന്തപുരം സര്‍ക്കാര്‍ വനിത കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്ററും ചേര്‍ന്ന് കോവിഡ് ഒന്നാം തരംഗത്തിന്റെ കാലത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റി സമഗ്രമായ ഒരു ഗവേഷണപഠനം നടത്തിയത്. പഠന റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളുടെ ചുരുക്കമാണ് ഈ ലേഖനത്തില്‍. 

84.6% വിദ്യാര്‍ഥികളുടെ വീടുകളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ഉണ്ടായിരുന്നു. പഠനാവശ്യങ്ങള്‍ക്ക് 95.3% പേര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായിരുന്നു.

പഠനത്തിന്റെ  രൂപരേഖ 

2020 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയായിരുന്നു പഠന കാലയളവ്. പഠനത്തിന്റെ പ്രധാന ഭാഗമായ സര്‍വേ നടന്നത് 2020 നവംബര്‍ ഒന്നു മുതല്‍ 20 വരെയാണ്. കോവിഡിന്റെ ആദ്യ തരംഗം തീക്ഷ്ണമായ സമയമായിരുന്നു അത്. 14 ജില്ലകളിലും നിന്ന് തെരഞ്ഞെടുത്ത പ്രാതിനിധ്യ സ്വഭാവമുള്ള 85 സ്‌കൂളുകളില്‍നിന്നാണ് പ്രധാനമായും വിവരം ശേഖരിച്ചത്. വിദ്യാര്‍ഥികളുടെ ജെന്‍ഡര്‍, സാമൂഹികവിഭാഗം, സാമ്പത്തികസ്ഥിതി, അക്കാദമിക മികവ്, എന്നിവ
‘സ്ട്രാറ്റ' ആയി നിര്‍ണയിച്ചാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. അവസാന സാമ്പിളില്‍ 2832 വിദ്യാര്‍ത്ഥികളും 2466 മാതാപിതാക്കളും 412 അധ്യാപകരും ഉണ്ടായിരുന്നു. ഇവര്‍ക്കു പുറമേ 176 സ്‌കൂള്‍ കൗണ്‍സിലര്‍മാരും ഹയര്‍സെക്കന്‍ഡറിയിലെ സൗഹൃദ ക്ലബ് കോഡിനേറ്റര്‍മാരായ 53 അധ്യാപകരും സര്‍വേയില്‍ പങ്കെടുത്തു. 

technician
വിക്ടേർസ് ചാനലിന് പ്രീ റെക്കോർഡഡ് ക്ലാസുകള്‍ തയ്യാറാക്കുന്ന സാങ്കേതിക പ്രവർത്തകർ

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് അഭിമുഖം വഴിയാണ് വിവരം ശേഖരിച്ചത്. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍, പ്രിന്റഡ് രൂപങ്ങളിലുള്ള ചോദ്യാവലി നല്‍കി. സ്റ്റാന്‍ഡഡൈസ്ഡ് ആയ ചോദ്യാവലികളും ലഘു ചോദ്യാവലികളും ചേര്‍ന്ന ഫോമുകളാണ് സര്‍വേയില്‍ നല്‍കിയത്. പരിശീലനം നേടിയ മനഃശാസ്ത്രജ്ഞരോ മനഃശാസ്ത്രവിദ്യാര്‍ത്ഥികളോ ആയ 42 ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ വിവരം ശേഖരിച്ചു. കൂടാതെ, 2021 ജനുവരി വരെ 10 ഫീല്‍ഡ് പഠനങ്ങളും 10 കേസ് സ്റ്റഡികളും വിദ്യാഭ്യാസവിദഗ്ധര്‍, മനഃശാസ്ത്രവിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ തുടങ്ങിയവരുമായി 26 ചര്‍ച്ചകളും അഭിമുഖങ്ങളും നടത്തി. ഫീല്‍ഡ് സന്ദര്‍ശനവും ക്വാളിറ്റേറ്റിവ് പഠനങ്ങളും നടത്തിയത് വിദ്യാഭ്യാസ, മനഃശാസ്ത്ര മേഖലകളിലെ പ്രൊഫഷണലുകളും വിദഗ്ധരുമാണ്. വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളിലെയും, ബാംഗ്ലൂര്‍ നിംഹാന്‍സ് അടക്കമുള്ള മാനസികാരോഗ്യ ഗവേഷണസ്ഥാപനങ്ങളിലെയും വിദഗ്ധര്‍ വിവിധ ഘട്ടങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കി. 

96.7% വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീട്ടിലിരുന്ന്​ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചു. ബന്ധുവീടുകളെ ആശ്രയിച്ചവര്‍ രണ്ടു ശതമാനത്തോളവും പഠനകേന്ദ്രങ്ങളെ ആശ്രയിച്ചവര്‍ ഒരു ശതമാനത്തില്‍ താഴെയുമാണ്.

പ്രധാന കണ്ടെത്തലുകള്‍

1. ഉപകരണ ലഭ്യതയും ക്ലാസുകളുടെ പ്രാപ്യതയും

പൊതുവിദ്യാഭ്യാസം ഡിജിറ്റലായി മാറിയ കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്ര ലഭ്യമാണ് എന്നും വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ എത്ര പങ്കെടുക്കുന്നുണ്ട് എന്നും അറിയുകയായിരുന്നു പഠനത്തിന്റെ ഒരു പ്രധാന ലക്ഷ്യം. പഠനഫലങ്ങള്‍ പറയുന്നതു പ്രകാരം, 84.6% വിദ്യാര്‍ഥികളുടെ വീടുകളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ഉണ്ടായിരുന്നു. പഠനാവശ്യങ്ങള്‍ക്ക് 95.3% പേര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായിരുന്നു. സ്മാര്‍ട്ട് ഫോണിന്റെ ലഭ്യത ടെലിവിഷന്‍ ലഭ്യതയെ അപേക്ഷിച്ച് ഉയര്‍ന്നതായിരുന്നു എന്നത് ശ്രദ്ധേയമാണ്.  96.7% വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീട്ടിലിരുന്ന്​ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചു. ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബന്ധുവീടുകളെ ആശ്രയിച്ചവര്‍ രണ്ടു ശതമാനത്തോളവും പഠനകേന്ദ്രങ്ങളെ ആശ്രയിച്ചവര്‍ ഒരു ശതമാനത്തില്‍ താഴെയുമാണ്. നല്ലൊരു പങ്ക് സ്‌കൂളുകളിലും അധികൃതരുടെയും അധ്യാപകരുടെയും മുന്‍കൈയില്‍ വിദ്യാര്‍ഥികള്‍ക്ക് ടി.വി., സ്മാര്‍ട്ട് ഫോണ്‍ മുതലായവ വാങ്ങി നല്‍കി. ഓരോ സ്‌കൂളില്‍ നിന്ന് ശരാശരി 20 വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചു എന്നാണ് ഏകദേശ കണക്ക്. 

ജനറല്‍ വിഭാഗത്തിലെ 51 ശതമാനവും ഒ.ബി.സി വിഭാഗത്തിലെ 49 ശതമാനവും വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിലധികം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞപ്പോള്‍ പട്ടികജാതി വിഭാഗത്തിലെ 36% പേര്‍ക്കാണ് 90 ശതമാനത്തിലധികം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്

എല്‍.പി, യു.പി  വിദ്യാര്‍ത്ഥികളില്‍  97.4% പേരും ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ 94.2% പേരും കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി നടന്ന ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. മിക്കവാറും എല്ലാ ദിവസവും വിക്ടേഴ്‌സ് ക്‌ളാസുകള്‍ കാണുന്ന പ്രൈമറി വിദ്യാര്‍ത്ഥികള്‍ 85.7% ശതമാനം ഉണ്ടായിരുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ 48% പേര്‍ 90 ശതമാനത്തിലധികം ക്ലാസുകളിലും പങ്കെടുത്തിരുന്നു. 25 ശതമാനത്തില്‍ താഴെ എണ്ണം ക്ലാസുകളില്‍ മാത്രം പങ്കെടുക്കാന്‍ കഴിഞ്ഞവരുടെ എണ്ണം 4.9% ആയിരുന്നു. 
27.2% പേര്‍ക്ക് വൈദ്യുതി പ്രശ്‌നവും 26.7% പേര്‍ക്ക് കേബിള്‍ തകരാറും മൂലം ഡിജിറ്റല്‍ ക്ലാസ് ചിലതൊക്കെ നഷ്ടമായി. താല്‍പര്യക്കുറവുമൂലം ഡിജിറ്റല്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നില്ല എന്ന് പറഞ്ഞവരുടെ എണ്ണവും അത്ര കുറവല്ല- 3.9%. മാതാപിതാക്കളുടെ റിപ്പോര്‍ട്ട് പ്രകാരം, താല്‍പര്യക്കുറവുകൊണ്ട് ക്ലാസുകളില്‍ പങ്കെടുക്കാതിരുന്നവരുടെ എണ്ണം കുറെക്കൂടി ഉയര്‍ന്നതാണ്- 8.9%.

 

victers

95.6%  വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം അവരുടെ അധ്യാപകര്‍ വിക്ടേഴ്‌സ് ക്ലാസുകളുടെ ഫോളോ-അപ് ക്ലാസ് പതിവായി എടുത്തിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട വര്‍ക്ക്ഷീറ്റുകള്‍ ചെയ്യിപ്പിക്കുകയും ഫീഡ്ബാക്ക് നല്‍കുകയുമായിരുന്നു ക്ലാസുകളിലെ പ്രധാനപ്രവര്‍ത്തനം. 89.4% പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അധ്യാപകര്‍ ഫോളോ അപ് ക്ലാസുകള്‍ പതിവായി എടുത്തു. വിക്ടേഴ്‌സ് ക്ലാസുകള്‍, ഫോളോ അപ്പ് ക്ലാസുകള്‍ എന്നിവ കൂടാതെ അദ്ധ്യാപകര്‍ അധിക ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ട് എന്ന് 65.2% ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്തു. (അധ്യാപകര്‍ താന്താങ്ങളുടെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പ്, ഗൂഗ്ള്‍മീറ്റ് മുതലായ മാധ്യമങ്ങള്‍ വഴി നടത്തിയ തത്സമയ ക്ലാസുകളെയാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്രീകൃതമായി തയ്യാറാക്കുന്ന ക്ലാസുകളുടെ പരിമിതികള്‍ മറികടക്കാന്‍, തങ്ങളുടെ കുട്ടികളുടെ സവിശേഷ സാഹചര്യങ്ങള്‍ നന്നായറിയാവുന്ന അധ്യാപകര് അവരുടേതായ തരത്തിലും ഇടപെടാന്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍.) 

പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളുടെ  വിക്ടേഴ്‌സ്, ഫോളോ അപ് ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണ്

രണ്ട്: ഡിജിറ്റല്‍ ക്ലാസുകള്‍ എല്ലാവര്‍ക്കും ഒരേപോലെ ഗുണം ചെയ്‌തോ?

ഡിജിറ്റല്‍ പഠന സൗകര്യങ്ങളുടെയും ക്ലാസുകളിലെ പങ്കാളിത്തത്തിന്റെയും കണക്കെടുത്തപ്പോള്‍ വിവിധ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരിയ വ്യത്യാസം ദൃശ്യമായി. പട്ടികജാതി- വര്‍ഗ വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍, തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍, പഠനത്തിന് വ്യക്തിഗതശ്രദ്ധയും പിന്തുണയും ആവശ്യമായ വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് പ്രത്യേകമായി പഠിച്ചത്.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍: ക്ലാസുകളിലെ പങ്കാളിത്തത്തിന്റെ കണക്ക് വിശദ വിശകലനത്തിനു വിധേയമാക്കിയപ്പോള്‍ മനസ്സിലായത്, പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ്, ഫോളോ അപ് ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണ് എന്നാണ്. ജനറല്‍ വിഭാഗത്തിലെ 51 ശതമാനവും ഒ.ബി.സി വിഭാഗത്തിലെ 49 ശതമാനവും വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിലധികം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞപ്പോള്‍ പട്ടികജാതി വിഭാഗത്തിലെ 36% പേര്‍ക്കാണ് 90 ശതമാനത്തിലധികം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്; 40.4% പേര്‍ 50%- 90% വരെ ക്ലാസുകളിലാണ് പങ്കെടുത്തത്.  ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്, ഇൻറര്‍നെറ്റ് റീചാര്‍ജ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട്, രക്ഷകര്‍ത്താവ് പകല്‍ വീട്ടിലില്ലാത്തതു മൂലം സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകാത്തത്, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍ മുതലായവയായിരുന്നു പങ്കാളിത്തം കുറയാന്‍ കാരണമായി റിപ്പോര്‍ട്ട് ചെയ്തത്.

മലഞ്ചെരിവുകളിലും മറ്റും ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവായതിനാല്‍ ചില വിദ്യാര്‍ത്ഥികള്‍ രാത്രി ഏഴിനും മറ്റും വീട്ടില്‍ നിന്നുമകലെ ഉയരമുള്ള സ്ഥലങ്ങളില്‍ പോയിരുന്നും മരക്കൊമ്പുകളില്‍ കയറിയിരുന്നുമാണ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍: രണ്ട് ജില്ലകളിലായി ആറ് ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ പ്രത്യേകം ഫീല്‍ഡ് പഠനം നടത്തി. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ ഉപകരണ ലഭ്യതയും  ക്ലാസ് പങ്കാളിത്തവും ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് കുറവാണ്. വൈദ്യുതി, ടി.വി, ഫോണ്‍ സൗകര്യംതീരെയില്ലാത്ത ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അവിടെയിരുന്ന്  ക്ലാസ് കാണുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകരോ മുതിര്‍ന്നവരോ കൂടെയില്ലെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നില്ല. വീഡിയോ ക്ലാസുകളുടെ ഭാഷയും വേഗവും ഗോത്ര വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുടരാന്‍ ബുദ്ധിമുട്ടായിരുന്നു എന്ന് ഫീല്‍ഡ് പഠനം വ്യക്തമാക്കി. ഈ ബുദ്ധിമുട്ടുകള്‍ ക്രമേണ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യക്കുറവുണ്ടാക്കുകയും പങ്കാളിത്തത്തെ ബാധിയ്ക്കുകയും ചെയ്തു. മെന്റര്‍ ടീച്ചര്‍മാരുടെ സേവനം ലഭ്യമായ ഊരുകളില്‍ അവരുടെ പ്രേരണ കൊണ്ട് വിദ്യാര്‍ത്ഥികള്‍ താരതമ്യേന കൂടുതലായി പഠനകേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. വിക്ടേഴ്‌സിലെ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് കൊണ്ടുവന്ന് വീണ്ടും കാണിച്ച് വിശദീകരിക്കുന്ന പ്രവര്‍ത്തനം നടത്തിയ അധ്യാപകരുണ്ട്. എലമെന്ററി ക്ലാസുകളില്‍ ഗോത്രഭാഷയില്‍ പ്രാദേശികമായി ക്ലാസ് നിര്‍മിച്ച് സമൂഹമാധ്യമങ്ങള്‍ വഴി ലഭ്യമാക്കാനുള്ള ശ്രമങ്ങളും പരിമിതമായിട്ടെങ്കിലും നടന്നിട്ടുണ്ട്. ഇത്തരം സവിശേഷ ഇടപെടല്‍ നടന്നയിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യവും പങ്കാളിത്തവും താരതമ്യേന ഉയര്‍ന്നതാണ്.

victers

തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍: തീരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യത താരതമ്യേന കുറവാണ് എന്ന് പഠനം വ്യക്തമാക്കുന്നു. തീരപ്രദേശത്തെ ടി.വി ലഭ്യത 86.3 ശതമാനവും സ്മാര്‍ട്ട് ഫോണ്‍ ലഭ്യത 80.4 ശതമാനവുമാണ്. ഹൈറേഞ്ചിലെ ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത് പ്രധാനമായും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കിന്റെ അപര്യാപ്തതയാണ്.  ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍ ഏറെപ്പേര്‍ പഠിക്കുന്ന ഒരു വിദ്യാലയത്തില്‍ മാതാപിതാക്കള്‍ പണികഴിഞ്ഞെത്തുന്ന സമയം നോക്കിയാണ് അധ്യാപകര്‍ ഫോളോ അപ് ക്ലാസ് നടത്തിയിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ ലഭ്യമാകുന്നത് ആ സമയത്താണ്. മലഞ്ചെരിവുകളിലും മറ്റും ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവായതിനാല്‍ ചില വിദ്യാര്‍ത്ഥികള്‍ രാത്രി ഏഴിനും മറ്റും വീട്ടില്‍ നിന്നുമകലെ ഉയരമുള്ള സ്ഥലങ്ങളില്‍ പോയിരുന്നും മരക്കൊമ്പുകളില്‍ കയറിയിരുന്നുമാണ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്.

മക്കളുടെ പഠനവും തെറാപ്പിയും ഓണ്‍ലൈന്‍ മാധ്യമത്തിലായതും രണ്ടും വീട്ടില്‍ തന്നെ മാനേജ് ചെയ്യേണ്ടിവന്നതും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വലിയ വെല്ലുവിളിയായി.

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍: ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ മനസ്സിലാക്കുന്നതിനും ഫീല്‍ഡ് പഠനം നടത്തി. ലോക്ക്ഡൗണ്‍ സമയത്ത് ഏറ്റവും ബുദ്ധിമുട്ടിലായ ഒരുവിഭാഗം ഭിന്നശേഷി വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളുമാണ്. ഭിന്നശേഷിക്കാര്‍ക്കായി  ‘വൈറ്റ് ബോര്‍ഡ്' എന്ന പേരില്‍ പ്രത്യേകമായി തയ്യാറാക്കിയ ക്‌ളാസ്  കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഇന്‍ക്ലൂസിവ് വിദ്യാഭ്യാസം എന്ന ആശയത്തോട് പ്രതിസന്ധി കാലത്തും നീതിപുലര്‍ത്താനുള്ള ഈ ശ്രമം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പഠനത്തിന് അധ്യാപകരുടെ പക്കല്‍നിന്നും തെറാപ്പിയ്ക്ക് തെറാപ്പിസ്റ്റുകളുടെ പക്കല്‍നിന്ന്​ ലഭിച്ചിരുന്ന സവിശേഷശ്രദ്ധ അതേ തോതില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും കോവിഡ് കാലത്ത് ഗണ്യമായ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. മക്കളുടെ പഠനവും തെറാപ്പിയും ഓണ്‍ലൈന്‍ മാധ്യമത്തിലായതും രണ്ടും വീട്ടില്‍ തന്നെ മാനേജ് ചെയ്യേണ്ടിവന്നതും മാതാപിതാക്കള്‍ക്ക് വലിയ വെല്ലുവിളിയായി. ബഹുവിധത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. 

വ്യക്തിഗത ശ്രദ്ധ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍: പഠനവേഗത കുറഞ്ഞവരും കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരുമായ വിദ്യാര്‍ത്ഥികളില്‍ ഡിജിറ്റല്‍ ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണ്. എഴുത്തിലും വായനയിലും ഗണിതത്തിലും അടിസ്ഥാനശേഷി ആര്‍ജിക്കാത്തവര്‍ക്ക്  ഡിജിറ്റല്‍ ക്ലാസുകളുടെ പ്രയോജനം ഇതര വിഭാഗങ്ങളുടെയത്രയും ലഭിച്ചിട്ടില്ല. 

ഡിജിറ്റൽ ക്ലാസുകൾക്ക്​ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ 73.8% പേര്‍ 5 പോയിന്റിന്റെ ഒരു സ്‌കെയിലില്‍ 3-5 റേഞ്ചില്‍ റേറ്റിംഗ് നല്‍കി.  പ്രൈമറി വിദ്യാര്‍ത്ഥികളില്‍ 85.6% പേര്‍ 3-5 റേഞ്ചില്‍ ആണ് റേറ്റിങ് നല്‍കിയത്.

ഡിജിറ്റല്‍ ക്ലാസുകള്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ പ്രയോജനപ്രദമാക്കാനുള്ള നിരന്തരശ്രമങ്ങള്‍ 2020 ഏപ്രില്‍ മുതല്‍ക്കേ ഉണ്ടായിരുന്നു. ജൂണോടെ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായി, പ്രത്യേകിച്ചും ഉപകരണ ലഭ്യതയുടെ കാര്യത്തില്‍. ഗോത്ര മേഖലകളിലും മറ്റും കൂടുതല്‍ ഇടപെടലുകള്‍ പിന്നീടും നടന്നുവരുന്നു. എങ്കിലും എല്ലാവര്‍ക്കും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ണതോതില്‍ പ്രയോജനപ്രദമാക്കുന്നതില്‍ പലതരം വെല്ലുവിളികള്‍ ഇപ്പോഴും നിലവിലുണ്ട്. പ്രത്യേകിച്ചും ഗോത്രവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും.

മൂന്ന്​: ഡിജിറ്റല്‍ ക്ലാസുകളുടെ ഫലപ്രാപ്തി 

ഡിജിറ്റല്‍ ക്ലാസുകളെ അവയോടുള്ള  ഇഷ്ടം, അവയുടെ പ്രയോജനം, എത്ര മനസ്സിലാകുന്നുണ്ട് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ പൊതുവില്‍ ഉയര്‍ന്ന റേറ്റിംഗ് ആണ് നല്‍കിയത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ 73.8% പേര്‍ 5 പോയിന്റിന്റെ ഒരു സ്‌കെയിലില്‍ 3-5 റേഞ്ചില്‍ റേറ്റിംഗ് നല്‍കി. പ്രൈമറി വിദ്യാര്‍ത്ഥികളില്‍ 85.6% പേര്‍ 3-5 റേഞ്ചില്‍ ആണ് റേറ്റിങ് നല്‍കിയത്. 28.5% വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്‌സ് ക്ലാസുകള്‍ മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. ക്ലാസുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്ന് പറഞ്ഞവര് അതിന് പ്രധാന കാരണമായി പറഞ്ഞത് ക്ലാസ്സുകളുടെ കൂടിയ വേഗതയും സംശയനിവാരണത്തിന് അവസരം ഇല്ലാത്തതും ആയിരുന്നു.

victers
ജൂണ്‍ മുതല്‍ നവംബര്‍ വരെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 46.9% പേര്‍ക്ക് വിക്ടേഴ്സ് ക്ലാസുകളോടുള്ള ഇഷ്ടം കൂടിവരികയാണുണ്ടായതെന്ന് പഠനം സൂചിപ്പിക്കുന്നു / ഫോട്ടോ: മുഹമ്മദ് ഹനാന്‍

ഫോളോ അപ്പ് ക്ലാസുകളിലെ പങ്കാളിത്തവും വിദ്യാര്‍ഥികള്‍ അവയ്ക്കു നല്‍കുന്ന റേറ്റിങ്ങും വിക്ടേഴ്‌സ് ക്ലാസുകളുടേതിനേക്കാള്‍ മേലെയാണ്. ഫോളോ അപ് ക്ലാസുകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ഫീഡ്ബാക്ക് ആണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ക്ലാസില്‍ അധ്യാപകര്‍ നല്‍കിയ അധിക വിഭവങ്ങളായ ഓഡിയോയും വീഡിയോയും ആണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 
ജൂണ്‍ മുതല്‍ നവംബര്‍ വരെ പഠനത്തിനുള്ള താല്‍പര്യത്തില്‍ മാറ്റമുണ്ടായോ എന്ന് വിദ്യാര്‍ത്ഥികളോട് ആരാഞ്ഞു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 46.9% പേര്‍ക്ക് വിക്ടേഴ്‌സ് ക്ലാസുകളോടുള്ള ഇഷ്ടം കൂടിവരികയാണുണ്ടായത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ 46.4 ശതമാനം പേര്‍ പഠനത്തിനുള്ള താല്‍പര്യത്തില്‍ മാറ്റമുണ്ടായിട്ടില്ല എന്നും 30.8 ശതമാനം പേര്‍ കുറഞ്ഞു എന്നും 22.8 ശതമാനം പേര്‍ കൂടി എന്നും റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ താല്‍പര്യം ക്രമേണ ഒട്ടൊക്കെ കുറഞ്ഞു എന്ന് അധ്യാപകരും നിരീക്ഷിച്ചു. 40.8% അധ്യാപകര്‍ പറയുന്നതുപ്രകാരം വിദ്യാര്‍ത്ഥികളുടെ താല്‍പര്യം കാര്യമായി കുറഞ്ഞത് വിക്ടേഴ്‌സ് ക്ലാസുകളിലാണ്. വിവര കൈമാറ്റത്തിന് വലിയ സാധ്യതകളുണ്ടെങ്കിലും, യാന്ത്രിക പഠനാന്തരീക്ഷവും സജീവ പങ്കാളിത്തത്തിന് അവസരമില്ലാത്തതും ഡിജിറ്റല്‍ ക്ലാസുകളുടെ പരിമിതിയായതിനാല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ താല്‍പര്യത്തില്‍ വന്ന താരതമ്യേനയുള്ള കുറവ് സ്വാഭാവിക പരിണതിയായി കണക്കാക്കാം.

മഹാമാരിയുടെ സമയത്ത് വീട്ടിലെ അന്തരീക്ഷം മോശമായി എന്ന് റിപ്പോര്‍ട്ട് ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം 22% ആണ്. 10.9% വിദ്യാര്‍ത്ഥികള്‍ക്ക് വൈകാരിക നിയന്ത്രണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

നാല്​: ഡിജിറ്റല്‍ ക്ലാസുകള്‍ തുടരുന്നതിനെപ്പറ്റിയുള്ള അഭിപ്രായം 

പഠനം നടത്തുന്ന സമയത്ത് 2021-22 അധ്യയന വര്‍ഷവും ഡിജിറ്റലായി തുടങ്ങേണ്ടിവരും എന്ന ധാരണ ഉണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ തുറന്നശേഷവും ഡിജിറ്റല്‍ / ഓണ്‍ലൈന്‍ ക്ലാസ് തുടരുന്നതിനെപ്പറ്റി വിദ്യാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചിരുന്നു. അവ തുടരാന്‍ ഒരുപരിധി വരെ ആഗ്രഹമുണ്ടെന്നാണ് 34.2% ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും അഭിപ്രായപ്പെട്ടത്. 21.3% വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും ഡിജിറ്റല്‍ ക്ലാസ് വേണമെന്ന് അഭിപ്രായപ്പെട്ടു. 26.1% വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ ക്ലാസ് തുടരാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി. 18% പേര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ല. 68.5% പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകളിലൂടെ പഠിക്കാന്‍ ആഗ്രഹമില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. 

അഞ്ച്​: ഡിജിറ്റല്‍ ക്ലാസും ആരോഗ്യപ്രശ്‌നങ്ങളും

ഡിജിറ്റല്‍ ക്ലാസുകള്‍ തുടങ്ങിയശേഷം തലവേദന, കണ്ണിന് ക്ഷീണം, കഴുത്തുവേദന, പുറംവേദന, മങ്ങിയ കാഴ്ച തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്തു. 36.05% പേര്‍ക്കാണ് ഇടയ്ക്കിടെ തലവേദന ഉണ്ടാവുന്നത്. 28.25% പേര്‍ക്ക് കണ്ണിന്  ക്ഷീണം അനുഭവപ്പെടാറുണ്ട്. റെഗുലര്‍ ക്ലാസുകള്‍ ഇല്ലാത്ത സമയത്ത് കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വ്യായാമം തീരെ കുറഞ്ഞിട്ടുണ്ട്. ദിവസേന 30 മിനിറ്റ് വ്യായാമം ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ചു തവണ എങ്കിലും ചെയ്യുന്നത് 25.5% വിദ്യാര്‍ഥികള്‍ മാത്രമാണ്.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ 23.4% പേര്‍ക്ക് വിഷാദലക്ഷണങ്ങളുണ്ട്. ഗുരുതര വിഷാദം ഉണ്ടായേക്കാവുന്നവര്‍ 2.6%, മോഡറേറ്റ് നിരക്കില്‍ വിഷാദലക്ഷണങ്ങള്‍ ഉള്ളവര്‍ 14.3% വീതമാണ്​

ആറ്​: വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം

കോവിഡ് കാലത്ത്  ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം എങ്ങനെ എന്ന് മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ മറ്റൊരു പ്രധാന ഉദ്ദേശ്യം. സാര്‍വ്വദേശീയമായി പ്രചാരത്തിലുള്ള ചോദ്യാവലികളാണ് കൂടുതലും ഉപയോഗിച്ചത്. 
സ്‌കൂള്‍ അടഞ്ഞു കിടന്ന സമയത്ത് ഗണ്യമായ ഏകാന്തത അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ശതമാനം 46.6% ആണ്. ഇക്കാലത്ത് അടുത്ത സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികളുടെ എണ്ണം 26.9% ആണ്. മഹാമാരിയുടെ സമയത്ത് വീട്ടിലെ അന്തരീക്ഷം മോശമായി എന്ന് റിപ്പോര്‍ട്ട് ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം 22% ആണ്. 10.9% വിദ്യാര്‍ത്ഥികള്‍ക്ക് വൈകാരിക നിയന്ത്രണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. വിദ്യാര്‍ഥികളില്‍ നല്ലൊരുപങ്കിലും വിരസത ഏറെ കൂടി (65.3%). 29% പേരുടെ ശ്രദ്ധയും ഏകാഗ്രതയും കുറഞ്ഞു. 

online
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ 23.4% പേര്‍ക്ക് വിഷാദലക്ഷണങ്ങളുണ്ടെന്ന് പഠനം കണ്ടെത്തുന്നു / Photo: Molly Ferguson

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളിലെ വിഷാദ ലക്ഷണങ്ങളുടെയും ഉല്‍ക്കണ്ഠാലക്ഷണങ്ങളുടെയും തോത് അറിയാന്‍ ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. 2020 ന്റെ തുടക്കം മുതലേ പല രാജ്യങ്ങളിലും ഇതിന് മാനകീകൃത ചോദ്യാവലികള്‍ ഉപയോഗിച്ച് സര്‍വ്വേകള്‍ നടന്നിട്ടുണ്ട്. Patient Health Questionnaire- 9, Generalized Anxiety Disorder- 7 എന്നീ ചോദ്യാവലികള്‍ ഇത്തരം സര്‍വ്വേകളില്‍ സാധാരണയായി ഉപയോഗിക്കുന്നവയാണ്. കേരളത്തില്‍ നടന്ന പഠനത്തിലും ഈ ചോദ്യാവലികളാണ് ഉപയോഗിച്ചത്. 

വിഷാദം, ഉൽക്കണ്​ഠ ലക്ഷണങ്ങൾ

പഠനഫലം സൂചിപ്പിക്കുന്നതു പ്രകാരം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ 23.4% പേര്‍ക്ക് വിഷാദലക്ഷണങ്ങളുണ്ട്. ഗുരുതര വിഷാദം ഉണ്ടായേക്കാവുന്നവര്‍ 2.6%, മോഡറേറ്റ് നിരക്കില്‍ വിഷാദലക്ഷണങ്ങള്‍ ഉള്ളവര്‍ 14.3%, Moderately severe എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ 6.5% എന്നിങ്ങനെയാണ് ഈ കണക്കിന്റെ വിശദശാംശം. ഉല്‍ക്കണ്ഠയുടെ ലക്ഷണങ്ങള്‍ ഗണ്യമായ തോതിലുള്ള വിദ്യാര്‍ത്ഥികള്‍ 11.2% ആണ്. (ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ മോഡറേറ്റ് അളവിലുള്ളവര്‍ 8%, ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ ഗുരുതരമായ അളവിലുള്ളവര്‍ 3.2%).  4.4% വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റിന്റെ പ്രശ്‌നകാരിയായ അമിതോപയോഗം ഉണ്ട് എന്നും പഠനം കണ്ടെത്തി.

താരതമ്യത്തിന് ഉപകരിക്കുന്ന മുന്‍കാല ഡേറ്റ നിലവിലില്ല എന്നത് കേരളത്തിന്റെ മാനസികാരോഗ്യരംഗത്തെ പ്രധാനപ്പെട്ട ഒരു പരിമിതിയാണ്.

സ്‌ക്രീനിങ്ങിനും വലിയ ജനവിഭാഗങ്ങളില്‍ രോഗാവസ്ഥയുടെ തോത് തിരിച്ചറിയുന്നതിനുമാണ് ചോദ്യാവലികള്‍ ഉപയോഗിക്കാറ്. മേല്‍പ്പറഞ്ഞ കണക്കുകളില്‍ നിന്ന് ഇത്ര ശതമാനം വിദ്യാര്‍ത്ഥികളെ വിഷാദരോഗവും ഉത്കണ്ഠരോഗവും ബാധിച്ചിട്ടുണ്ട് എന്ന തീര്‍പ്പില്‍ എത്തേണ്ടതില്ല. പഠനം നടന്ന സമയത്ത് വിഷാദരോഗത്തിന്റെയും ഉല്‍ക്കണ്ഠരോഗത്തിന്റെയും ലക്ഷണങ്ങള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തു എന്നു പറയുന്നതാണ് ഉചിതം.

ഈ പഠനഫലങ്ങളെ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ താരതമ്യത്തിന് ഉപകരിക്കുന്ന മുന്‍കാല ഡേറ്റ (ബേസ് ലൈന്‍) നിലവിലില്ല എന്നത് കേരളത്തിന്റെ മാനസികാരോഗ്യരംഗത്തെ പ്രധാനപ്പെട്ട ഒരു പരിമിതിയാണ്. അതുകൊണ്ടുതന്നെ കോവിഡ് കാലത്ത് കേരളത്തിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടോ എന്നുപറയുന്നത് എളുപ്പമല്ല. 2019 ല്‍ എസ്.സി.ഇ.ആര്‍.ടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും ചേര്‍ന്നുനടത്തിയ ഒരു പഠനം വിദ്യാര്‍ത്ഥികളുടെ മനോ-സാമൂഹിക പ്രശ്‌നങ്ങളുടെ നില അളന്നിട്ടുണ്ട്. ഈ പഠനം Strengths and Difficulties Questionnaire (SDQ) എന്ന മാനകീകൃത ചോദ്യാവലി ഉപയോഗിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ വൈകാരിക പ്രശ്‌നങ്ങളുള്ളവരുടെ ശതമാനം 10 ആണ് എന്ന് കണ്ടെത്തിയിരുന്നു. (ബോര്‍ഡര്‍ലൈന്‍ വിഭാഗത്തില്‍ 5.7%, അബ്‌നോര്‍മല്‍ വിഭാഗത്തില്‍ 4.3%). സാമ്പിളിലും വേരിയബിളിലും ഒരളവോളം സമാനതയുള്ളതിനാല്‍ ഈ മുന്‍ പഠനവുമായി താരതമ്യം നടത്തിനോക്കിയാല്‍ കോവിഡിന്റെ ഒന്നാംതരംഗ കാലത്ത് വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഗണ്യമായ അളവില്‍ ഉയര്‍ന്നു എന്നുകാണാം. 

കേരളത്തിലെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ കാലത്ത് താരതമ്യേന കുറഞ്ഞ രീതിയിലേ ബാധിക്കപ്പെട്ടിട്ടുള്ളൂ എന്ന് പറയാം. 

അതേസമയം കോവിഡിന്റെ കാലത്ത് ആഗോളതലത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഏറെ ഉയര്‍ന്നിട്ടുണ്ട്. കോവിഡ് കാലത്തെ മാനസികാരോഗ്യത്തിന്റെ മേഖലയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാനപ്പെട്ട ഗവേഷണ പഠനങ്ങള്‍ വിശകലനം ചെയ്ത് 2020 ന്റെ അവസാനത്തോടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം (Wu et al., 2020) സൂചിപ്പിക്കുന്നതുപ്രകാരം വിഷാദലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ ശരാശരി 34.8% ആയിരുന്നു; ഉല്‍ക്കണ്ഠ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ 28.2% ആയിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍  കേരളത്തിലെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ കാലത്ത് താരതമ്യേന കുറഞ്ഞ രീതിയിലേ ബാധിക്കപ്പെട്ടിട്ടുള്ളൂ എന്ന് പറയാം. 

കൗമാരക്കാർ സമ്മർദത്തിലായി

മാനസികാരോഗ്യ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍: കോവിഡിന്റെ ഒന്നാം തരംഗകാലത്തെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യനില പൊതുവില്‍ നോക്കിയാല്‍ വലിയ ആശങ്ക വേണ്ടാത്ത അവസ്ഥയിലായിരുന്നുവെങ്കിലും, ചില വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇക്കാലം വലിയ മാനസികാരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ ഏതെല്ലാം എന്ന് നോക്കാം. 
സ്‌കൂള്‍ കൗണ്‍സിലര്‍മാരിലും സൗഹൃദ ക്ലബ് കോഡിനേറ്റര്‍മാരിലും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കോവിഡിന്റെ ഒന്നാം തരംഗ കാലത്ത് ചില സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മാനസിക ബുദ്ധിമുട്ടുകളുടെ തോത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നു. മുന്‍പേ പ്രശ്‌നങ്ങളുണ്ടായിരുന്ന ചില വീടുകളില്‍ കാര്യമായ പ്രതിസന്ധികള്‍ ഉരുണ്ടുകൂടി എന്നാണ് അവര്‍ നിരീക്ഷിച്ചത്. സുഹൃത്തുക്കളോടോ അധ്യാപകരോടോ കൗണ്‍സിലര്‍മാരോടോ സംസാരിക്കാന്‍ അവസരം ഇല്ലാതായപ്പോള്‍ കൗമാരക്കാരായ ചില വിദ്യാര്‍ത്ഥികള്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ മാതാപിതാക്കളും മക്കളും തമ്മില്‍ പൊതുവില്‍ ആരോഗ്യകരമായ ബന്ധം നിലനിന്നിരുന്ന കുടുംബങ്ങളിലാകട്ടെ, കോവിഡ് കാലത്തെ അടച്ചിരുപ്പ് ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ സഹായിക്കുകയാണ് ചെയ്തത്.

school
സ്‌കൂള്‍ അടഞ്ഞു കിടന്ന സമയത്ത് 46.6% വിദ്യാര്‍ത്ഥികള്‍ക്ക് ഗണ്യമായ ഏകാന്തത അനുഭവപ്പെട്ടതായി പഠനം

കൗമാരക്കാരില്‍ വിഷാദവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ തിരിച്ചറിയാന്‍പഠനം ശ്രമം നടത്തി. വിദ്യാര്‍ത്ഥികളില്‍ വൈകാരിക നിയന്ത്രണത്തിനുള്ള ബുദ്ധിമുട്ട് വിഷാദവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണ് എന്നുതെളിഞ്ഞു.  മദ്യമോ മയക്കുമരുന്നോ പതിവായി ഉപയോഗിക്കുന്ന രക്ഷകര്‍ത്താക്കളുടെ മക്കള്‍, നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നം ഉള്ളവരുടെ മക്കള്‍ എന്നിവര്‍ക്കിടയിലും വിഷാദനിരക്ക് ഉയര്‍ന്നവരുടെ എണ്ണം കൂടുതലാണ്. പുറമേ, വിദ്യാര്‍ത്ഥികളിലെ വിഷാദവും ഉത്കണ്ഠയും അവരുടെ മാതാപിതാക്കളിലെ വിഷാദം, ഉത്കണ്ഠ, മാതാപിതാക്കളുടെ വ്യക്തിസവിശേഷതകള്‍, ബലപ്രയോഗത്തിലും നിര്‍ബന്ധത്തിലുമൂന്നിയ ചില പേരന്റിങ് രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പേരന്റിങില്‍ പരിപാലനം, ഘടന എന്നീ സവിശേഷതകള്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ മക്കളുടെ മാനസികാരോഗ്യവും ഉയരുന്നു. 

വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളിലെ സാമൂഹികവും മാനസികവുമായ സാഹചര്യം, വിദ്യാര്‍ഥികളുടെ വ്യക്തിസവിശേഷതകള്‍ എന്നിവ അവരുടെ മാനസികാരോഗ്യത്തെ നിര്‍ണയിച്ച പ്രധാന ഘടകങ്ങളായിരുന്നു എന്നുകാണാന്‍ കഴിയും. 

ആത്​മഹത്യാ പ്രവണത

ആത്മഹത്യാചിന്തയും ആത്മഹത്യാ ശ്രമവും ഉണ്ടായ കൗമാരക്കാരുടെ എണ്ണവും ചില സവിശേഷതകള്‍ ഉള്ളവര്‍ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുന്നു എന്നും പഠനം കണ്ടെത്തി. (ഈ സവിശേഷതകളും ആത്മഹത്യാചിന്തയുമായി കാര്യ-കാരണബന്ധമുണ്ടായിക്കൊള്ളണം എന്നില്ല.) അത്തരം സവിശേഷതകള്‍/ വിഭാഗങ്ങള്‍ ഇവയാണ്: പഠനപ്രവര്‍ത്തനങ്ങളിലെ കുറഞ്ഞ പങ്കാളിത്തം, അടിസ്ഥാന പ്രകൃതവുമായി ബന്ധപ്പെട്ട ചില ദൗര്‍ബല്യങ്ങള്‍ (ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഉയര്‍ന്ന ആക്ടിവിറ്റി ലെവല്‍, മുതിര്‍ന്നവരോട് എതിരിടാനുള്ള പ്രവണത, മൊബൈല്‍ ഫോണ്‍ അമിതോപയോഗം പോലുള്ള ദുഃശീലങ്ങളിലേക്ക് വഴുതാനുള്ള പ്രവണത), കുടുംബപ്രശ്‌നങ്ങള്‍, സുഹൃദ്ബന്ധത്തിന്റെയോ സ്‌നേഹബന്ധത്തിന്റെയോ തകര്‍ച്ച, സാമ്പത്തികമോ മറ്റോ ആയ കാരണങ്ങളാല്‍ മാതാപിതാക്കളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം.

ഈ ഘടകങ്ങളെല്ലാം പരിശോധിക്കുമ്പോള്‍, വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളിലെ സാമൂഹികവും മാനസികവുമായ സാഹചര്യം, വിദ്യാര്‍ഥികളുടെ വ്യക്തിസവിശേഷതകള്‍ എന്നിവ അവരുടെ മാനസികാരോഗ്യത്തെ നിര്‍ണയിച്ച പ്രധാന ഘടകങ്ങളായിരുന്നു എന്നുകാണാന്‍ കഴിയും. 
മാനസികാരോഗ്യം സംബന്ധിച്ച വിശദ പഠനം നടത്തിയത് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ മാത്രമാണ്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അവരുടെ വൈകാരികാവസ്ഥകളെ സംബന്ധിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്. അവരിലെ 8.1% പേര്‍ക്ക് സ്‌കൂള്‍ അടഞ്ഞുകിടന്ന കാലത്ത് ഒരിക്കലും സന്തോഷം തോന്നിയില്ല. 8.8% പേര്‍ക്ക് എപ്പോഴും വിരസത അനുഭവപ്പെട്ടു. 6.8% പേര്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട് എപ്പോഴും അനുഭവപ്പെട്ടു. പഠനത്തില്‍ പങ്കെടുത്ത പ്രൈമറി വിദ്യാര്‍ത്ഥികളില്‍ 30.3% പേര്‍ കഴിഞ്ഞ അധ്യയനവര്‍ഷം പുതിയ സ്‌കൂളിലാണ് ചേര്‍ന്നത്. അവരില്‍ 68.1% വിദ്യാര്‍ത്ഥികള്‍ അന്നു വരെ തങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞു. 86.2% വിദ്യാര്‍ത്ഥികള്‍ ക്ലാസ് ടീച്ചറെ നേരില്‍ കണ്ടിരുന്നില്ല. ഈ സവിശേഷസാഹചര്യം പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹിക വികാസത്തെ എങ്ങനെ ബാധിക്കും എന്നത് വിശദമായി പഠിക്കേണ്ടതുണ്ട്. 

സാമ്പ്രദായിക കാരണങ്ങളും നിലവിലില്ലാത്ത രോഗനിര്‍ണയ സംജ്ഞകളുമാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട്​ പോലീസിന്റെ മിക്ക പ്രഥമ വിവര റിപ്പോര്‍ട്ടുകളിലുമുള്ളത്​. ഇത്തരം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാരണങ്ങളെ മുഖവിലയ്‌ക്കെടുത്ത് നിഗമനങ്ങളിലെത്തുന്നത് യുക്തിസഹമല്ല. 

കൗമാരക്കാരിലെ ആത്മഹത്യകളുടെ കേസ് വിശകലനങ്ങള്‍: ലോക്ക്ഡൗണ്‍ കാലത്ത് ആത്മഹത്യ ചെയ്ത നാലു വിദ്യാര്‍ത്ഥികളുടെ കേസ് അനാലിസിസ് പഠനത്തിന്റെ ഭാഗമായി നടത്തിയിരുന്നു. പരിശീലനം നേടിയ മാനസികാരോഗ്യ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെയും അധ്യാപകരെയും നേരിട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. കേസ് വിശകലനങ്ങളില്‍ നിന്ന് മനസ്സിലായത്, വിവിധ കാരണങ്ങളുടെ സങ്കലനമാണ് ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാവുക എന്നാണ്. ശാരീരികഘടകങ്ങള്‍, വ്യക്തിസവിശേഷതകള്‍, കുടുംബപരവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ ഇവയുടെയൊക്കെ പല അളവിലുള്ള സങ്കലനങ്ങള്‍ ഈ വിദ്യാര്‍ത്ഥികളെ മാനസികമായി ദുര്‍ബലരാക്കിയിരുന്നു എന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. ഒരു പ്രേരകം എന്ന നിലയില്‍ സാന്ദര്‍ഭികമായ ചില സംഭവവികാസങ്ങള്‍ കൂടി ഉണ്ടായപ്പോഴാണ് ആത്മഹത്യ സംഭവിച്ചത്.

depression
വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളിലെ സാമൂഹികവും മാനസികവുമായ സാഹചര്യം, വിദ്യാര്‍ഥികളുടെ വ്യക്തിസവിശേഷതകള്‍ എന്നിവ അവരുടെ മാനസികാരോഗ്യത്തെ നിര്‍ണയിച്ച പ്രധാന ഘടകങ്ങളായിരുന്നു എന്ന് പഠനത്തില്‍ കാണാന്‍ കഴിയും

കൗമാരക്കാരിലെ ആത്മഹത്യയെക്കുറിച്ച് മുമ്പുണ്ടായ പല പഠനങ്ങളിലും അടിസ്ഥാനമാക്കിയിട്ടുള്ളത് പൊലീസ് വകുപ്പ് തയ്യാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എഴുതുന്ന കാരണങ്ങളാണ്. പൊതുസമൂഹത്തില്‍ പറയപ്പെടുന്ന സാമ്പ്രദായിക കാരണങ്ങളും നിലവിലില്ലാത്ത രോഗനിര്‍ണയ സംജ്ഞകളുമാണ് മിക്ക പ്രഥമ വിവര റിപ്പോര്‍ട്ടുകളിലും കാരണമായി പരാമര്‍ശിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാരണങ്ങളെ മുഖവിലയ്‌ക്കെടുത്ത് നിഗമനങ്ങളിലെത്തുന്നത് യുക്തിസഹമല്ല. ആത്മഹത്യകളുണ്ടാകുന്നത് ഒറ്റക്കാരണം കൊണ്ടോ സാന്ദര്‍ഭികമായ സംഭവവികാസങ്ങള്‍ കൊണ്ടോ മാത്രമല്ല താനും. മരിച്ച ആളുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമെല്ലാമായ വിവിധ തലങ്ങളിലുള്ള ഘടകങ്ങളെ തിരിച്ചറിഞ്ഞ് അവയെ കോര്‍ത്തിണക്കിക്കൊണ്ടാകണം കാരണങ്ങളിലെത്തേണ്ടത്. ഫോര്‍മുലേഷന്‍ എന്ന രീതിയാണ് അത്. അത് സാധിക്കണമെങ്കില്‍ വിവരശേഖരണം തന്നെ പരിശീലനം ലഭിച്ച മാനസികാരോഗ്യ പ്രൊഫഷണലുകള്‍ ചെയ്യണം. അത്തരത്തിലുള്ള ഒരു ശ്രമമാണ് നിലവിലെ പഠനത്തിലൂടെ തുടങ്ങിവെച്ചിരിക്കുന്നത്. കോവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ ഫീല്‍ഡ് പഠനങ്ങള്‍ എളുപ്പമല്ല. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് ഇവ വിവിധ നിലകളില്‍ തുടരേണ്ടതുണ്ട്. 

പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളിലുമായി 39% പേര്‍ കോവിഡ് സമയത്ത് മാതാപിതാക്കളെ ജോലിയില്‍ സഹായിച്ചു എന്നു പറഞ്ഞു.

ഏഴ്​: കോവിഡ് കാലത്തെ ഗുണകരമായ  ചില മാറ്റങ്ങള്‍

മഹാമാരിയുടെ കാലം വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട് എന്നതും എടുത്തു പറയണം. നല്ലൊരു പങ്ക് വിദ്യാര്‍ഥികള്‍ മാതാപിതാക്കളെ ജോലിയിലും വീട്ടിലും സഹായിക്കാന്‍ തുടങ്ങി. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളിലുമായി 39% പേര്‍ കോവിഡ് സമയത്ത് മാതാപിതാക്കളെ ജോലിയില്‍ സഹായിച്ചു എന്നു പറഞ്ഞു. 23.% പേര്‍ കൃഷിയിലും 22.9% പേര്‍ പാചകത്തിലും ഏര്‍പ്പെട്ടു. 4% വിദ്യാര്‍ത്ഥികള്‍ യൂട്യൂബ് ചാനല്‍ തുടങ്ങി. മാതാപിതാക്കളാകട്ടെ മക്കളുടെ പഠനകാര്യങ്ങളില്‍ മുമ്പത്തേതിനേക്കാള്‍ ഇടപെടാന്‍ തുടങ്ങി. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടതായി ഇരുകൂട്ടരും പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോവിഡ് മഹാമാരിയുടെ സമയങ്ങളില്‍ അധ്യാപകരുടെ സ്‌നേഹവും പരിഗണനയും കൂടിയതായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ 55.92% പേരും പഠനത്തിന് മാതാപിതാക്കള്‍ നല്‍കുന്ന സഹായം വര്‍ധിച്ചു എന്ന് 61.67% പേരും റിപ്പോര്‍ട്ട് ചെയ്തു.

എട്ട്​: മാതാപിതാക്കളും കുടുംബ സാഹചര്യങ്ങളും

മാതാപിതാക്കള്‍ പങ്കെടുത്ത സര്‍വേയില്‍നിന്ന്  വ്യക്തമായ ഒരു കാര്യം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. കോവിഡ് ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക സുരക്ഷയെ സാരമായി ബാധിച്ചു. രക്ഷകര്‍ത്താക്കളില്‍ 78.4% പേര്‍ക്കും വരുമാനം കുറഞ്ഞു. 51.2% പേര്‍ക്കും വരുമാനം പാതിയോ അതില്‍ താഴെയോ ആയി കുറഞ്ഞു. ജോലി നഷ്ടമായവരുടെ എണ്ണം 36.1 ശതമാനമാണ്. 84.3% പേരും ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള ചെലവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. മഹാമാരിയുടെ സാമ്പത്തികാഘാതം താരതമ്യേന കൂടുതല്‍ ബാധിച്ചത് പട്ടികജാതി- വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട മാതാപിതാക്കളെയാണ്. തൊഴില്‍ നഷ്ടവും വരുമാനം തീരെ കുറഞ്ഞതും ഏറ്റവുമധികം ബാധിച്ചതും പട്ടികജാതി വിഭാഗത്തിലെ മാതാപിതാക്കളെയാണ്. 

തൊഴില്‍ നഷ്ടവും വലിയതോതില്‍ വരുമാനനഷ്ടവും ഉണ്ടായ മാതാപിതാക്കളില്‍ വിഷാദസാധ്യതയും ഉത്കണ്ഠാരോഗ സാധ്യതയും മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്നുനില്‍ക്കുന്നു എന്നും പഠനം വ്യക്തമാക്കി. 11.6% മാതാപിതാക്കള്‍ക്ക് വിഷാദലക്ഷണങ്ങളുണ്ട്. 12.5% മാതാപിതാക്കള്‍ക്ക് ഉല്‍ക്കണ്ഠ രോഗലക്ഷണങ്ങള്‍ ഉണ്ട്. മക്കളുടെ പരീക്ഷയെക്കുറിച്ചും ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്ക ഏറെയാണ് എന്നു പറഞ്ഞ മാതാപിതാക്കളുടെ എണ്ണം 43.8 ശതമാനമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ അവരെ സഹായിക്കാന്‍ കഴിയുന്നില്ല എന്ന വിഷമം ചില മാതാപിതാക്കള്‍, പ്രത്യേകിച്ചും വിദ്യാഭ്യാസം കുറഞ്ഞവര്‍, പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. അത്തരം മാതാപിതാക്കളെ സമാധാനിപ്പിക്കാന്‍ കാര്യമായ ശ്രമം വേണ്ടിവന്നു

എന്നാല്‍, മാതാപിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തികപ്രതിസന്ധി തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രധാന ഘടകമായി മക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നത് പ്രസക്തമാണ്. കുടുംബം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും അനിശ്ചിതാവസ്ഥയുടെയും പ്രത്യാഘാതം മക്കളിലേക്ക് സംക്രമിക്കാതെ മാതാപിതാക്കള്‍ തടഞ്ഞുനിര്‍ത്തി എന്നു കരുതാം. സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും തുടര്‍ന്നു പോകുമ്പോള്‍ ഈയൊരു സംരക്ഷണവലയം എത്രനാള്‍ കാത്തുസൂക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും എന്നതില്‍ സംശയമുണ്ട്. 

ഒമ്പത്​: ഡിജിറ്റല്‍ അദ്ധ്യാപനവും അധ്യാപകരും

കഴിഞ്ഞ കോവിഡ് കാലത്തെ അധ്യാപനാനുഭവങ്ങള്‍ സ്‌കൂള്‍ അധ്യാപകരെ വലിയതോതില്‍ സ്വാധീനിച്ചിട്ടുണ്ട്. വിവരശേഖരണത്തിലും വിവരവിനിമയത്തിലും പഠനാനുഭവങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലുമെല്ലാം ഡിജിറ്റല്‍ സങ്കേതങ്ങളുടെ വലിയ സാധ്യതകള്‍ മനസ്സിലാക്കാനും അത് പ്രയോഗിച്ചുപഠിക്കാനും കോവിഡ് കാലത്ത് അധ്യാപകര്‍ക്ക് അവസരമുണ്ടായി. അധ്യാപക സമൂഹത്തില്‍ വലിയൊരളവില്‍ നിലവിലുണ്ടായിരുന്ന "യന്ത്രഭയം' മാറ്റാന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുതന്നെ പറയാം. ഡിജിറ്റല്‍ പരിസ്ഥിതിയെ വിവേചനപൂര്‍വ്വം പ്രയോജനപ്പെടുത്തുന്ന അധ്യാപകര്‍ക്കായിരിക്കും ഏറ്റവും ഫലപ്രദമായി ഭാവി വിദ്യാഭ്യാസത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുക എന്ന ബോധ്യം പൊതുവില്‍ ഉളവായി. 

teacher
സംശയം ചോദിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നത്, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഉചിതമായ പഠനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുന്നത് തുടങ്ങി ഡിജിറ്റല്‍ അധ്യാപനത്തിന്റെ എല്ലാ മേഖലകളിലും അധ്യാപകര്‍ നല്ല അളവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, വിക്ടേഴ്‌സ് ക്ലാസുകളുടെ ഫോളോ അപ് ക്ലാസുകളില്‍ തുടര്‍പ്രവര്‍ത്തനം എങ്ങനെ ഫലവത്താക്കാന്‍ കഴിയുമെന്ന ആലോചന ആദ്യമാസങ്ങളില്‍ തങ്ങള്‍ക്ക് കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ചില അധ്യാപകര്‍ അഭിമുഖങ്ങളില്‍ പറഞ്ഞു.  എണ്ണത്തില്‍ കുറവാണെങ്കിലും ഏതാനും ചില വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യതയും പങ്കാളിത്തവും കുറവാണ് എന്നത് അധ്യാപകരെ ആശങ്കപ്പെടുത്തി. ഫോളോ അപ്പ് ക്ലാസുകള്‍ അവരെ സമ്മര്‍ദ്ദത്തിലാക്കുമോ എന്ന് പല അധ്യാപകരും ആലോചിച്ചുകൊണ്ടിരുന്നു. റെഗുലര്‍ ടൈംടേബിളിന് സമാനമായ രീതിയില്‍ മണിക്കൂറുകളോളം ഓണ്‍ലൈന്‍ ക്ലാസ് നടത്തിക്കൊണ്ടിരുന്ന സ്വാശ്രയ സ്‌കൂളുകളുമായുള്ള താരതമ്യം ചില പൊതുവിദ്യാലയങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. സാമ്പ്രദായിക രീതിയില്‍ പരീക്ഷ നടത്തേണ്ടതില്ല എന്ന പൊതുനിര്‍ദ്ദേശത്തിന് വഴങ്ങാതെ പല സ്‌കൂളുകളിലും മാതാപിതാക്കള്‍ അധ്യാപകരോട് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത് പല അധ്യാപകര്‍ക്കും എളുപ്പമായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ അവരെ സഹായിക്കാന്‍ കഴിയുന്നില്ല എന്ന വിഷമം ചില മാതാപിതാക്കള്‍, പ്രത്യേകിച്ചും വിദ്യാഭ്യാസം കുറഞ്ഞവര്‍, പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. ആ മാതാപിതാക്കളെ സമാധാനിപ്പിക്കാന്‍ കാര്യമായ ശ്രമം വേണ്ടിവന്നു. 2020 ലെ ലോക്ക്ഡൗണിന്റെ തുടക്കസമയത്ത് വിദ്യാര്‍ത്ഥികളെ ഫോണ്‍ ചെയ്യുമ്പോള്‍ പലപ്പോഴും വീട്ടില്‍ ഭക്ഷണം ഇല്ല എന്ന് കേള്‍ക്കേണ്ടിവരികയും അവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്ത അനുഭവങ്ങള്‍ ചില അധ്യാപകര്‍ പങ്കുവെച്ചു. ഇതുപോലുള്ള പല അനുഭവങ്ങള്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ കാലത്തും വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളും അധ്യാപകരുമായുള്ള ബന്ധത്തെ ഏറെ ഊഷ്മളമാക്കി. 

കുട്ടികളുടെ ഭാവിയെക്കരുതി ഇതര മാര്‍ഗങ്ങള്‍ തേടിപ്പോകുന്ന രക്ഷിതാക്കള്‍ എത്തുമായിരുന്ന സാമ്പത്തിക ചൂഷണത്തിന്റെയും സാധ്യതകളെ വലിയൊരളവില്‍ ഇല്ലാതാക്കാന്‍ ഡിജിറ്റല്‍ ക്ലാസും അനുബന്ധ ഇടപെടലുകളും വഴി സാധിച്ചു.

ഡിജിറ്റല്‍ അധ്യാപനത്തിന്റെ എല്ലാ മേഖലകളിലും അധ്യാപകര്‍ നല്ല അളവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. സംശയം ചോദിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നത്, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഉചിതമായ പഠനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുന്നത്, ഓണ്‍ലൈന്‍ വഴി പാഠം വിനിമയം ചെയ്യുന്നത് ഇവയിലെല്ലാം അധ്യാപകര്‍ മികച്ച ആത്മവിശ്വാസം പുലര്‍ത്തുന്നു. എന്നാല്‍ സ്വന്തം മനോവികാരങ്ങള്‍ ഓണ്‍ലൈനില്‍ ഫലപ്രദമായി പ്രകടിപ്പിക്കുന്നത്, സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത്, ഓണ്‍ലൈന്‍ ക്ലാസിന് അനുയോജ്യമായ അധ്യാപനസാമഗ്രികള്‍ തയ്യാറാക്കുന്നത്, വിദ്യാര്‍ത്ഥിയുടെ ക്ലാസ് പ്രവര്‍ത്തനത്തെ വിലയിരുത്തുന്നത് തുടങ്ങിയ കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് ആത്മവിശ്വാസം താരതമ്യേന കുറവാണ്. 

2021 ലും ക്ലാസുകള്‍ ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ തുടരുന്നതിനോട് 30% അധ്യാപകര്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷവും ക്ലാസുകള്‍ ഡിജിറ്റല്‍ ആയിത്തന്നെ നടത്തേണ്ട സാഹചര്യമാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ അധ്യാപകരുടെ സന്നദ്ധതയും തയ്യാറെടുപ്പും ഉറപ്പുവരുത്തേണ്ടതുണ്ട്; അവര്‍ക്ക് വിവിധ തലങ്ങളിലുള്ള പിന്തുണ ആവശ്യമെങ്കില്‍ നല്‍കേണ്ടതുണ്ട്. 

പഠനഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില നിഗമനങ്ങള്‍ 

1. വിദ്യാഭ്യാസരംഗത്ത് ഉണ്ടായേക്കാമായിരുന്ന നിശ്ചലാവസ്ഥയുടെയും കുട്ടികളുടെ ഭാവിയെക്കരുതി ഇതര മാര്‍ഗങ്ങള്‍ തേടിപ്പോകുന്ന രക്ഷിതാക്കള്‍ എത്തുമായിരുന്ന സാമ്പത്തിക ചൂഷണത്തിന്റെയും സാധ്യതകളെ വലിയൊരളവില്‍ ഇല്ലാതാക്കാന്‍ ഡിജിറ്റല്‍ ക്ലാസും അനുബന്ധ ഇടപെടലുകളും വഴി സാധിച്ചു. ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് മാധ്യമശ്രദ്ധയും പൊതുസമൂഹത്തിന്റെ സമ്മതിയും ലഭിക്കുകയും ചെയ്തു. എല്ലാ കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കാന്‍ നാട്ടുകാര്‍ പുലര്‍ത്തിയ ജാഗ്രതയും സഹകരണവും ഭേദചിന്തകള്‍ക്കതീതമായ കേരളീയമനസ്സിന്റെ പ്രതിഫലനമായിരുന്നു. ഉപകരണ ലഭ്യതയിലും പ്രാപ്യതയിലുമെല്ലാം താരതമ്യങ്ങളില്‍ മുന്നിലെത്താന്‍ കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും ഉയര്‍ന്ന ജീവിതനിലവാരവും സഹായകമായിട്ടുണ്ട്. 

2. ഡിജിറ്റല്‍ രീതിയിലുള്ള പഠനം നീണ്ടു പോകുന്തോറും വിദ്യാര്‍ഥികളുടെ താല്‍പര്യം കുറയാതെ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ക്ലാസുകളുടെ രീതി അതിനു പറ്റിയ രീതിയില്‍ അനുക്രമമായി മാറിവരണം. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് തനതായ ഒരു രീതിശാസ്ത്രം ഉരുത്തിരിയുകതന്നെ വേണം. റെക്കോര്‍ഡഡ് ക്ലാസുകള്‍ക്കു പുറമേ, ഇന്റര്‍നെറ്റിന്റെ ഇന്ററാക്ടീവ് സ്വഭാവമുള്ള ക്ലാസുകള്‍ കൂടി ആവിഷ്‌കരിക്കുന്നതിന്റെ സാധ്യത ആരായണം. കേന്ദ്രീകൃതമായി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളെ കൂടി ഉള്‍പ്പെടുത്തി അധ്യാപകര്‍ക്ക് സ്വന്തം വിദ്യാര്‍ഥികള്‍ക്കുവേണ്ടി ക്ലാസ് നടത്താന്‍ പറ്റുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയ്യാറായി വരുന്നുണ്ട്. ഇതിലൂടെ പഠനത്തിന്റെ ജൈവസ്വഭാവം ഒരളവോളം ഉയരും എന്നുപ്രതീക്ഷിക്കാം. 

വലിയൊരു പങ്ക് മാതാപിതാക്കള്‍ക്ക് വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. ഇതുംകൂടി ചേര്‍ന്ന് കൗമാരക്കാരായ വിദ്യാര്‍ഥികളുടെ മാനസികസംഘര്‍ഷം ഇനിയും വര്‍ധിപ്പിച്ചേക്കാം

3. പട്ടികജാതിയിലും ഗോത്രവിഭാഗത്തിലും പെട്ട വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍, തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍, വ്യക്തിഗത ശ്രദ്ധയും പിന്തുണയും ആവശ്യമായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഡിജിറ്റല്‍ ക്ലാസുകളുടെ പ്രയോജനം ഇതര വിഭാഗങ്ങളുടേതിന് സമാനമായ തോതില്‍ ഉണ്ടായിട്ടില്ല. ഈ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും പഠനപാതയില്‍ പൂര്‍ണ പങ്കാളിത്തത്തോടെ നിലനിര്‍ത്താന്‍ വേണ്ടതായ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഇടപെടല്‍ ആവശ്യമാണ്.

4. കുടുംബങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ഉടനെ അവസാനിച്ചേക്കില്ല. മാതാപിതാക്കളുടെ സമ്മര്‍ദ്ദവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം കുടുംബപ്രശ്‌നങ്ങള്‍ കൂടിയേക്കും. ആഗോള തലത്തില്‍ തന്നെ മാനസികാരോഗ്യ വിദഗ്ധര്‍ ഇത്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട് എന്നതും ഓര്‍ക്കണം. വലിയൊരു പങ്ക് മാതാപിതാക്കള്‍ക്ക് വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. ഇതുംകൂടി ചേര്‍ന്ന് കൗമാരക്കാരായ വിദ്യാര്‍ഥികളുടെ മാനസികസംഘര്‍ഷം ഇനിയും വര്‍ധിപ്പിച്ചേക്കാം. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ അവസാനകാലത്തോടടുത്ത് കേരളത്തില്‍ ഏതാനും കൂട്ട ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് അപകടകരമായ ഒരു പ്രവണതയുടെ സൂചനയായി കാണണം. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കുക എന്നത്  അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണ്. കുട്ടിയെ പരീക്ഷക്ക് തയ്യാറെടുപ്പിക്കുക എന്നതിനുമാത്രം സ്‌കൂളും സമൂഹവും നല്കുന്ന അമിതപ്രാധാന്യം ഈ സാഹചര്യത്തെ കൂടുതല്‍ അപകടകരമാക്കും. മെന്റര്‍ എന്നനിലയില്‍ പ്രവർത്തിക്കേണ്ട ചുമതലയെപ്പറ്റി അധ്യാപകരെ പല തലത്തില് ബോധ്യപ്പെടുത്തുകയും അതിനുവേണ്ട പിന്തുണ നല്കി അവരെ സജ്ജരാക്കുകയും ചെയ്യേണ്ടതുണ്ട്.

5. അടച്ചിടല്‍ കാലത്ത് കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വ്യായാമം തീരെ കുറഞ്ഞത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്ക് വഴിയൊരുക്കും. അധ്യാപകരുടെയും മാതാപിതാക്കളുടെയും നിരന്തരശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണം. കണ്ണിനും നടുവിനും വേണ്ടത്ര വിശ്രമവും വ്യായാമവും ഉറപ്പുവരുത്തേണ്ടതുണ്ട്.

online class
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് തനതായ ഒരു രീതിശാസ്ത്രം ഉരുത്തിരിയുകതന്നെ വേണം. റെക്കോര്‍ഡഡ് ക്ലാസുകള്‍ക്കു പുറമേ, ഇന്റര്‍നെറ്റിന്റെ ഇന്ററാക്ടീവ് സ്വഭാവമുള്ള ക്ലാസുകള്‍ കൂടി ആവിഷ്‌കരിക്കുന്നതിന്റെ സാധ്യത ആരായണം

6. വിദ്യാര്‍ഥികളിലെ വിഷാദത്തിന്റെയും ഉല്‍ക്കണ്ഠയുടെയും ലക്ഷണങ്ങളെ ശ്രദ്ധിക്കണം. അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുടെ ക്രിയാത്മകമായ പ്രവര്‍ത്തനം ആവശ്യമുണ്ട്. സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം  കൂടിയ അളവിലും ഗുണത്തിലും കുട്ടികളിലെത്തണം. വിദ്യാര്‍ത്ഥികളില്‍ അമിതമായ സ്‌ക്രീന്‍ ഉപയോഗമുണ്ട്. മറ്റു വിനോദോപാധികളുടെ അഭാവത്തില്‍ ഉണ്ടായതാകയാല്‍, കൂടുതല്‍ പേരിലും ഇതൊരു താല്‍ക്കാലിക പ്രശ്‌നമായിരിക്കാം. എങ്കിലും ഇതര ബുദ്ധിമുട്ടുകള്‍ കൂടിയുള്ള വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ആവശ്യമുണ്ട്.

വിദ്യാര്‍ത്ഥികളില്‍ വൈകാരികനിയന്ത്രണത്തിനുള്ള ബുദ്ധിമുട്ട് വിഷാദവും മറ്റു മാനസിക പ്രയാസങ്ങളുമായി പ്രധാനപ്പെട്ട ഘടകമാണ് എന്ന് പഠനം വെളിവാക്കുന്നു. വികാരങ്ങളെ തിരിച്ചറിയുന്നതിനും വികാരങ്ങളെ റെഗുലേറ്റ് ചെയ്യുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ചെറിയ ക്ലാസ് മുതല്‍ പരിശീലനം നല്‍കേണ്ടതുണ്ട്. ഇത്തരം പരിശീലനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാവുന്നതാണ്.

മൂല്യനിര്‍ണയങ്ങളുടെ അഭാവം പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് മാതാപിതാക്കളും അധ്യാപകരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പ്രദായിക എഴുത്തുപരീക്ഷകളെ ആശ്രയിച്ചു നില്‍ക്കുന്ന പഠനപ്രക്രിയയുടെ ദൗര്‍ബല്യം വെളിവാക്കുന്ന ഒന്നാണ് ഈ വിലയിരുത്തല്‍.

കൗമാരക്കാരിലെ ആത്മഹത്യ തടയണമെങ്കില്‍ വിവിധ തലങ്ങളിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ തലങ്ങളില്‍ ദൗര്‍ബല്യങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂര്‍ സഹായം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ഉണ്ടാകണം. ഇതിലേക്ക് കൂടുതല്‍ വെളിച്ചം വീശാന്‍ പ്രൊഫഷണലുകളുടെ സഹായത്തോടെയുള്ള ഫീല്‍ഡ് പഠനങ്ങള്‍ കൂടുതല്‍ ആവശ്യമുണ്ട്. 

മാനസികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബകോടതികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം തേടുന്ന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്താനും അവര്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളിലേക്ക് വഴുതിവീഴുന്നതിനു മുന്‍പുതന്നെ ആവശ്യമെങ്കില്‍ വേണ്ട പിന്തുണ കൊടുക്കാനുമുള്ള സംവിധാനം നിലവില്‍ വരണം. 

7. ഡിജിറ്റല്‍ പഠനം തുടരുന്ന സാഹചര്യത്തില്‍ അധ്യാപക പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അധ്യാപകരിലെ പലവിധ സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ ക്ലാസിന് അനുയോജ്യമായ അധ്യാപനസാമഗ്രികള്‍ തയ്യാറാക്കുന്നതിനും വിദ്യാര്‍ത്ഥിയുടെ ക്ലാസ് പ്രവര്‍ത്തനത്തെ വിലയിരുത്തുന്നതിനും വേണ്ട ഘടകങ്ങള്‍ ഉള്‍പ്പെടുത്താം.

8. യൂണിറ്റ് ടെസ്റ്റുകളും ടേം മൂല്യനിര്‍ണയങ്ങളും ഒഴിവാക്കിയുള്ള ഒരു അധ്യയനവര്‍ഷമാണ് കടന്നുപോയത്. മൂല്യനിര്‍ണയങ്ങളുടെ അഭാവം വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് ഗവേഷണത്തില്‍ സഹകരിച്ച മാതാപിതാക്കളും അധ്യാപകരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പ്രദായിക എഴുത്തുപരീക്ഷകളെ ആശ്രയിച്ചു നില്‍ക്കുന്ന പഠനപ്രക്രിയയുടെ ദൗര്‍ബല്യം വെളിവാക്കുന്ന ഒന്നാണ് ഈ വിലയിരുത്തല്‍. പരീക്ഷ,  പരീക്ഷയോടുള്ള ഭയം, പരീക്ഷയിലെ പ്രകടനം മികച്ചതായാല്‍ കിട്ടുന്ന അഭിനന്ദനം, പ്രകടനം മോശമായാല്‍ കിട്ടിയേക്കാവുന്ന വഴക്ക് എന്നിങ്ങനെയുള്ള സാമ്പ്രദായിക ഘടകങ്ങള്‍ക്ക് പൊതുസമൂഹത്തെ സംബന്ധിച്ച് പഠനപ്രക്രിയയില്‍ ഇപ്പോഴും വലിയ പങ്കാണുള്ളത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. 

തുല്യനീതിയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസത്തിന്റെ ആധാരശിലകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടും സാങ്കേതികവിദ്യയെ ഔചിത്യപൂര്‍വ്വം ഉള്‍ച്ചേര്‍ത്തുമായിരിക്കണം ഡിജിറ്റല്‍ വിദ്യാഭ്യാസം മുന്നോട്ടു പോകേണ്ടത്.

ഉപസംഹാരം 

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഡിജിറ്റല്‍ രൂപത്തില്‍ മാത്രം ക്ലാസ് മുന്നോട്ടു കൊണ്ടുപോവുക എന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഒരു വെല്ലുവിളിയാണ്. നേരില്‍ കണ്ടും തൊട്ടറിഞ്ഞും ചെയ്തുനോക്കിയും പഠിക്കാന്‍ അവകാശമുള്ളയാളാണ് വിദ്യാര്‍ത്ഥി. അയാളുടെ മുന്നില്‍ ഒരു നേരനുഭവസംഹാരിയായി സാങ്കേതികവിദ്യ പ്രത്യക്ഷപ്പെടാന്‍ പാടില്ലാത്തതാണ്. സഹപാഠികളുടെയും അധ്യാപകരുടെയും സാന്നിധ്യവും പിന്തുണയും ഇല്ലാതെ വിദ്യാഭ്യാസപ്രക്രിയ പൂര്‍ണമാവുകയില്ലല്ലോ. എങ്കിലും ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ പഠനാന്തരീക്ഷത്തിന്റെയും പഠനപ്രക്രിയയുടെയും ജൈവസ്വഭാവം അതേ മട്ടില്‍ ഡിജിറ്റല്‍ പഠനാന്തരീക്ഷത്തിലും കാത്തുസൂക്ഷിക്കാന്‍ എളുപ്പമല്ല. പഠിതാക്കളുടെ വൈവിധ്യം പരിഗണിച്ച് അധ്യാപനത്തെ വ്യക്തിഗതാടിസ്ഥാനത്തില്‍ പരുവപ്പെടുത്തുന്നതാകട്ടെ, അതിലേറെ ബുദ്ധിമുട്ടാണ്. ഈ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുമ്പോള്‍ത്തന്നെയും, തുല്യനീതിയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസത്തിന്റെ ആധാരശിലകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടും സാങ്കേതികവിദ്യയെ ഔചിത്യപൂര്‍വ്വം ഉള്‍ച്ചേര്‍ത്തുമായിരിക്കണം ഡിജിറ്റല്‍ വിദ്യാഭ്യാസം മുന്നോട്ടു പോകേണ്ടത്. എല്ലാ വിഭാഗത്തിന്റെയും പ്രാപ്യതയും പങ്കാളിത്തവും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ഒപ്പംതന്നെ നേരിട്ടുള്ള വിദ്യാഭ്യാസം സാധ്യമാകുന്ന കാലത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യയെ പൊതുവിദ്യാഭ്യാസത്തില്‍ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനുള്ള വഴിയൊരുക്കുകയും വേണം. അധ്യാപകരുടെ ജൈവസാന്നിധ്യത്തിന്റെയും നേരനുഭവങ്ങളുടെയും വെര്‍ച്വല്‍ സാധ്യതകളുടെയും ചേരുവകളെ കൂടാതെയും കുറയാതെയും സമന്വയിപ്പിക്കാനുള്ള വൈദഗ്ധ്യവും വിദ്യാര്‍ഥികളെ സമഗ്രമായി മെന്റര്‍ ചെയ്യാനുള്ള ശേഷികളും അധ്യാപനത്തിന്റെ മുഖമുദ്രയാവുന്ന നാളെയെ മുന്നില്‍ കണ്ടാവണം ഇനിയുള്ള പദ്ധതികളും പരിവര്‍ത്തന പരിപാടികളും. 

ടി.വി. വിനീഷ്​

റിസർച്ച്​ ഓഫീസർ, എസ്​.സി.ഇ.ആർ.ടി

മായ മേനോൻ

  • അസിസ്​റ്റൻറ്​ പ്രൊഫസർ ആൻറ്​ ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​, ഗവ. കോ​ളേജ്​ ഫോർ വിമെൻ, തിരുവനന്തപുരം.
  •  

ഷിജു ജോസഫ്​

  • അസിസ്​റ്റൻറ്​ പ്രൊഫസർ ആൻറ്​ ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​, ഗവ. കോളേജ്​ ഫോർ വിമെൻ, തിരുവനന്തപുരം. 
  •  

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM