സ്കൂളിലേക്ക് വീണ്ടും
കെ. ടി. ദിനേശ്
തുറക്കാനിരിക്കുന്ന ‘ന്യൂ നോർമൽ’ ക്ലാസ്മുറികൾ
കേരളം എങ്ങനെ കൈകാര്യം ചെയ്യും?
കോവിഡാനന്തര വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവകരമായ സംവാദത്തിലാണ് ലോകം. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ‘നോർമൽ’ സാഹചര്യത്തിലേക്ക് തുറക്കുകയാണ്. എന്നാൽ കേരളം, ഓഫ്ലൈനായോ, നേരിട്ടുള്ളതോ ആയ ക്ലാസ് റൂം വിദ്യാഭ്യാസത്തിനു പകരം മറ്റൊന്നുമില്ല എന്ന തീര്‍പ്പിൽ എത്തിനില്‍ക്കുന്നു.

മഹാമാരിക്കാലം നമുക്ക് സമ്മാനിച്ച ഓണ്‍ലൈന്‍- ഡിജിറ്റല്‍- ബ്ലന്‍ഡഡ്- ഫ്‌ളിപ്പ്ഡ് - ഹൈബ്രിഡ് പഠന- ബോധന രീതികള്‍ വരുംവര്‍ഷങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഏതൊക്കെ രീതിയില്‍ സ്വാധീനിക്കാം / ബാധിക്കാം എന്നതാണ് ലോകത്തത്തെമ്പാടും വിദ്യാഭ്യാസ സംവാദങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം. കേരളത്തിലെ വിദ്യാഭ്യാസ സംവാദങ്ങളിലാകട്ടെ, അധ്യാപകസമൂഹം പ്രത്യേകിച്ചും, ഓഫ്ലൈനായോ, നേരിട്ടുള്ളതോ ആയ ക്ലാസ് റൂം വിദ്യാഭ്യാസത്തിനു പകരം മറ്റൊന്നുമില്ല എന്ന തീര്‍പ്പിലാണ് എത്തിനില്‍ക്കുന്നത്.
കേരളം അനുഭവിക്കുന്ന ഡിജിറ്റല്‍ ഡിവൈഡിന്റെയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെയും സ്പീഡിന്റെയും പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളും ഇതിനുണ്ടുതാനും. ‘പ്രഥമ സൗഹൃദം പൂത്ത നദീതടം' (കുരീപ്പുഴ ശ്രീകുമാര്‍) എന്നാണ് നമ്മുടെ ക്ലാസുമുറികള്‍ വിശേഷിപ്പിക്കപ്പെട്ടത്. ക്ലാസുമുറികള്‍ കാലത്തിന്റെ ചരിത്രരേഖകളാണ് (Classrooms are chronicles of time.). ‘An Ode to the Classroom' എന്ന ഫ്രൻറ്ലൈൻ ലേഖനത്തില്‍ മീനാപിള്ളയും സമാന ആശയമാണ് പങ്കുവെക്കുന്നത്. സാമൂഹികതയെക്കുറിച്ചുള്ള നമ്മുടെ അബോധത്തെപോലും നിര്‍ണയിക്കുന്നത് ക്ലാസുമുറികളാണ്. ഒന്നിച്ചുപഠിച്ചവരുടെ ക്ലാസ് ഗ്രൂപ്പുകളാണ് ഇന്ന് കേരളത്തിലെ ഏറ്റവും പ്രബലമായ സൗഹൃദ കൂട്ടായ്മകള്‍. ഈ അനുഭവം നഷ്ടമായ ഇരുപതുമാസങ്ങള്‍ക്കുശേഷം പൂര്‍ണമായും നേരിട്ടുള്ള ക്ലാസ്റൂം പഠനം സാധ്യമായേക്കാവുന്ന ഒരു അക്കാദമിക് വര്‍ഷത്തിന്റെ പടിവാതില്‍ക്കലാണ് 2022 മെയ് അവസാന വാരം നാം എത്തിനില്‍ക്കുന്നത്. ഇരുപതുമാസത്തെ അടച്ചിരിപ്പിനുശേഷം ഒരു പുതിയ സാധാരണത്വത്തില്‍ (The New Normal) നാം എത്തിപ്പെടും എന്ന് പൊതുവെ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കോവിഡാനന്തര ന്യൂ നോര്‍മല്‍ ലോകം എന്താണെന്ന കൃത്യമായ മനസ്സിലാക്കല്‍ അത്ര എളുപ്പമല്ലെങ്കിലും അതിന്റെ സവിശേഷതകളെ പാടെ അവഗണിച്ച് എല്ലാം പഴയപടിയായി എന്നുകരുതി മുന്നോട്ടുപോകുന്നത് ഒരു പുരോഗമനാത്മക സമൂഹത്തിനും ഗുണകരമാകില്ല. ടെക്നോ കാപ്പിറ്റലിസം അതിന്റെ പിടിമുറുക്കിയത് നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാവൂ. മഹാമാരിയുടെ പിടി അയഞ്ഞിട്ടും കോര്‍പറേറ്റുകള്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നില്ല. ഓണ്‍ലൈന്‍ കച്ചവടം മുൻപെന്നത്തേക്കാളും പൊടിപൊടിക്കുകയാണിപ്പോഴും.
‘ദി ന്യൂ നോർമൽ ഇൻ എഡ്യുക്കേഷൻ’ എന്ന ലേഖനത്തിൽ ജോസ് അഗസ്റ്റോ പാച്ചെകോ എഴുതുന്നു: ‘ഡിജിറ്റല്‍ മുതലാളിത്തത്തിന്റെ സമീപകാല ആവശ്യങ്ങളുമായി കര്‍തൃത്വത്തെ (Subjectivity) പൊരുത്തപ്പെടുത്തുന്നതില്‍, മഹാമാരിക്ക് നമ്മെ കൂടുതല്‍ സമഗ്രമായി ഡിജിറ്റലൈസ് ചെയ്ത ഇടത്തിലേക്ക് നയിക്കാന്‍ കഴിയും, ഈ പ്രവണത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിന്ത്വരിതപ്പെടുത്താനും കഴിയും. ഈ പുതിയ കര്‍തൃത്വബോധം സ്വമേധയാ അനുസരണയും പൂര്‍വനിശ്ചിത പ്രവര്‍ത്തനശേഷിയും വര്‍ധിപ്പിക്കും, ഇത് ഒരു ന്യൂ നോര്‍മല്‍ നിലയിലേക്ക് നമ്മെ നയിക്കും, സോഫ്റ്റ്വെയർ ഘടനാപരമായ സാമൂഹിക ബന്ധങ്ങളില്‍ വിദഗ്ദ്ധരായവര്‍ക്ക് ഇത് പ്രയോജനം ചെയ്യും.'
ഡിജിറ്റല്‍ ഡിവൈഡിന് പരിഹാരമായേക്കാവുന്ന ഇന്റര്‍നെറ്റ് സ്പീഡ് വാഗ്ദാനം ചെയ്ത കെ- ഫോണ്‍ പദ്ധതിയെക്കാള്‍ മനുഷ്യരുടെ ചലനവേഗം വാഗ്ദാനം ചെയ്യുന്ന കെ- റെയിലാണ് പലരെയും മോഹിപ്പിക്കുന്നത്.
പുതിയ പാഠ്യപദ്ധതിയുടെ പരിഗണനാവിഷയങ്ങള്‍ എന്താവണം?
കേരളം പുതിയ കരിക്കുലം നിര്‍മാണത്തിലേക്കു കടക്കുന്ന ഈ ഘട്ടത്തില്‍ നിഷ്‌ക്രിയ സാങ്കേതികവിദ്യയിലേക്കു ചായുന്നതില്‍നിന്ന് ചെറുക്കാനുതകുന്നതും ധാര്‍മികവും മാനുഷികവും പരിവര്‍ത്തനോന്‍മുഖവുമായ സമീപനം ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസം വരുംതലമുറയ്ക്ക് പ്രദാനംചെയ്യാന്‍ എങ്ങനെ കഴിയും എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. നാം നേരിടാന്‍ പോകുന്ന അടുത്ത പ്രതിസന്ധിയായ കാലാവസ്ഥാവ്യതിയാനത്തിന് തടയിടാന്‍ നമ്മെ സജ്ജരാക്കുന്ന അടിയന്തര സാഹചര്യമായി മഹാമാരിയുടെ അനുഭവം ആന്തരികമായി മാറേണ്ടതുണ്ട്. മഹാമാരിക്കുശേഷം വര്‍ധിച്ചുവന്ന അസമത്വത്തോടൊപ്പം, കാലാവസ്ഥാവ്യതിയാനവും നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ്, അതിനാല്‍ പാഠ്യപദ്ധതിയില്‍ അതിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നത് സമൂഹത്തിന്റെ പൊതുതാത്പര്യമായി വേണം കാണാന്‍. പക്ഷെ നമ്മള്‍ അതിന് എത്രത്തോളം വിമുഖരായാണ് നില്‍ക്കുന്നത് എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.
ഡിജിറ്റല്‍ ഡിവൈഡിന് പരിഹാരമായേക്കാവുന്ന ഇന്റര്‍നെറ്റ് സ്പീഡ് വാഗ്ദാനം ചെയ്ത കെ- ഫോണ്‍ പദ്ധതിയെക്കാള്‍ മനുഷ്യരുടെ ചലനവേഗം വാഗ്ദാനം ചെയ്യുന്ന കെ- റെയിലാണ് പലരെയും മോഹിപ്പിക്കുന്നത്. ജോലിചെയ്യാനും ചികിത്സയ്ക്കുമൊക്കെയുള്ള മനുഷ്യരുടെ യാത്രയെ പരിമിതപ്പെടുത്തുന്നതാണ് ബാന്‍ഡ് വിഡ്ത് ഉള്ള ഒരു ഇന്റര്‍നെറ്റ് സംവിധാനം എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

പാഠ്യപദ്ധതി സങ്കീര്‍ണമായ ഒരു സംഭാഷണമാണ്. ആ സങ്കീര്‍ണമായ സംഭാഷണത്തിന്റെ കേന്ദ്രം കാലാവസ്ഥാ വ്യതിയാനമാണ്. സുസ്ഥിര വികസനവും സുസ്ഥിര ജീവിതശൈലിയും പാരിസ്ഥിതിക സംരക്ഷണവും ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ള പുതിയ ആഗോള പൗരന്മാരെ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് ഇത് ഊന്നിപ്പറയുന്നത്. സ്‌കൂളുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ പെട്ടെന്നുതന്നെ ഡിജിറ്റല്‍/ വെര്‍ച്വല്‍ / ഓണ്‍ലൈന്‍ / വിദ്യാഭ്യാസത്തിലേക്ക് എടുത്തുചാടുകയാണ് മിക്ക രാജ്യങ്ങളും ചെയ്തത്. സ്‌കൂളുകള്‍ എന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന കെട്ടിടങ്ങളുടെ സ്ഥാനത്ത് വാട്‌സ്ആപ് ഗ്രൂപ്പും ലേര്‍ണിങ് ആപ്പും വെബ്സൈറ്റും ഗൂഗിള്‍ മീറ്റുമൊക്കെയായി മാറി. രണ്ടുതരത്തിലാണ് ഈ ചുവടുമാറ്റത്തിന്റെ അനന്തരഫലം ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഒന്ന്; അത് കച്ചവട വിദ്യാഭ്യാസത്തിന് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുത്തു. എല്ലാ മാധ്യമങ്ങളിലും ഇന്ന് ഓണ്‍ലൈന്‍ ലേണിങി പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളാണ് നിറയെ.
രണ്ട്; കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ലേണിങി പ്ലാറ്റ്‌ഫോമുകളിലൂടെ നടപ്പിലാക്കിയ വിവരകൈമാറ്റം (information transfer) മാത്രമായി വിദ്യാഭ്യാസപ്രക്രിയ മാറിക്കഴിഞ്ഞു.
ഓണ്‍ലൈന്‍ പഠനവും, അഞ്ചുമാസം മാത്രം ദൈര്‍ഘ്യമുള്ള, നേരിട്ട് പഠനം നടന്ന അക്കാദമിക് വര്‍ഷവും ബോധനശാസ്ത്രത്തില്‍ നാം കൈവരിച്ച മുന്നേറ്റത്തെ പൂര്‍ണമായും അട്ടിമറിച്ചു.
അട്ടിമറിക്കപ്പെട്ട ബോധനശാസ്ത്രം
അറിവ് നിര്‍മിക്കുന്ന കുട്ടി എന്നൊക്കെ വിദ്യാഭ്യാസ അവകാശനിയമത്തില്‍വരെ എഴുതിവച്ചിട്ടുണ്ടെങ്കിലും അറിവും (knowledge) വിവരവും (information) തമ്മില്‍ അന്തരമില്ല എന്ന നിലവന്നു. സ്‌കൂളുകള്‍ തുറക്കാന്‍ നവംബര്‍ മാസമാവുകയും ഫോക്കസ് ഏരിയ - നോണ്‍ ഫോക്കസ് ഏരിയ എന്ന വിഭജനം അപ്രസക്തമാക്കി സിലബസ് മുഴുവനായും വിനിമയം ചെയ്യണം എന്ന ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കുകയും ചെയ്തതോടെ അധ്യാപകരും താരതമ്യേന എളുപ്പമുള്ള വിവര കൈമാറ്റമായി ബോധനപ്രക്രിയയെ മാറ്റി. ഉയര്‍ന്ന ചിന്താശേഷി ആവശ്യമായിവരുന്ന ചോദ്യങ്ങള്‍ അപ്രത്യക്ഷമായതോടെ വിവരങ്ങള്‍ ഓര്‍ത്തുവെക്കുന്നവര്‍ക്ക് കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ പറ്റുന്ന തരത്തിലായി ചോദ്യപേപ്പറുകള്‍. അറിവിന്റെ നിര്‍മാണം (knowledge construction) ആണ് ക്ലാസുമുറികളില്‍ നടക്കേണ്ടത് എന്ന് പാഠ്യപദ്ധതി ചട്ടക്കൂടുകളില്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ പഠനവും, 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ അഞ്ചുമാസം മാത്രം ദൈര്‍ഘ്യമുള്ള, നേരിട്ട് പഠനം നടന്ന അക്കാദമിക് വര്‍ഷവും ബോധനശാസ്ത്രത്തില്‍ നാം കൈവരിച്ച മുന്നേറ്റത്തെ പൂര്‍ണമായും അട്ടിമറിച്ചു.

അറിയാന്‍ പഠിക്കുക, പ്രവര്‍ത്തിക്കാന്‍ പഠിക്കുക, ആയിത്തീരാന്‍ പഠിക്കുക, ഒരുമിച്ച് ജീവിക്കാന്‍ പഠിക്കുക എന്നിവ ഉള്‍പ്പെടുന്ന ആജീവനാന്ത പഠനലക്ഷ്യങ്ങളാണ് യുനെസ്‌കോ മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ അജണ്ട- 2030 ല്‍ മുഖ്യമായും ഊന്നുന്നത്. ഈ ലക്ഷ്യങ്ങളില്‍നിന്നുള്ള പ്രകടമായ വ്യതിചലനമാണ് മഹാമാരി അനന്തര സ്‌കൂള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ തെളിഞ്ഞുകാണുന്നത്. 2017-ല്‍ യുനെസ്‌കോ നടത്തിയ പ്രസ്താവനയില്‍ ഈ ലക്ഷ്യങ്ങള്‍ക്ക് കുറേക്കൂടി വ്യക്തത വരുത്തിയതായി കാണാം: ‘ലോകം കൂടുതല്‍ പരസ്പരബന്ധിതമാണെങ്കിലും, മനുഷ്യാവകാശലംഘനങ്ങളും അസമത്വവും ദാരിദ്ര്യവും ഇപ്പോഴും സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാണ്'.
ഈ വെല്ലുവിളികളോടുള്ള യുനെസ്‌കോയുടെ പ്രതികരണമാണ് ഗ്ലോബല്‍ സിറ്റിസണ്‍ഷിപ്പ് എഡ്യൂക്കേഷന്‍ (ജി.സി.ഇ.). ‘എല്ലാ പ്രായത്തിലുമുള്ള പഠിതാക്കളും ഇവ പ്രാദേശിക പ്രശ്നങ്ങളല്ലെന്നും മറിച്ച് ആഗോള പ്രശ്നങ്ങളാണെന്ന് മനസ്സിലാക്കാനുതകുന്നതായിരിക്കണം വിദ്യാഭ്യാസം. ഒപ്പം, കൂടുതല്‍ സമാധാനപരവും സഹിഷ്ണുതയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുരക്ഷിതവും സുസ്ഥിരവുമായ സമൂഹങ്ങളുടെ സജീവ പ്രമോട്ടര്‍മാരായി മാറാനും ഇതുവഴി പ്രാപ്തമാകണം' എന്നും നിരീക്ഷിക്കുന്നു.
വിദ്യാർഥി എന്ന ‘ചരക്ക്’
സാങ്കേതികവിദ്യയുടെ പ്രാമാണികതയ്ക്കും സ്വതന്ത്ര വിപണിയ്ക്കും വേണ്ടി വാദിക്കുന്നവര്‍ക്ക്, ഈ മഹാമാരി ലാഭമുണ്ടാക്കാനുള്ള അവസരം മാത്രമായിരുന്നില്ല. മറിച്ച്, മനുഷ്യര്‍ക്ക് തെറ്റുപറ്റാം എന്ന ബോധത്തെ സ്ഥിരീകരിക്കുന്നതിനും മനുഷ്യ ഇടപെടല്‍ ഇല്ലാത്ത സാങ്കേതികവിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കാര്യക്ഷമത തെളിയിക്കുന്നതിനുമുള്ള അവസരം കൂടിയാണ് ലഭിച്ചത്. ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്ഫോമുകളില്‍ ചേരുന്ന വിദ്യാര്‍ഥികളെ വെറും ചരക്കാക്കി മാറ്റുന്ന (commodification) മനുഷ്യത്വരഹിതമായ ഈ സാങ്കേതികവിദ്യയില്‍നിന്ന് കുട്ടികളെ സംരക്ഷിച്ചേക്കാവുന്നത്, അവരെ മനുഷ്യവിഭവം എന്ന നിലയില്‍ കാണുന്ന മാനവിക വിദ്യാഭ്യാസത്തിലൂടെ മാത്രമായിരിക്കും.
അധ്യാപകരുടെ ഏകപക്ഷീയമായ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ കേട്ടുശീലിച്ച വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ പരസ്പരാശയവിനിമയത്തിന് അവസരം സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് വേണ്ടത്.
മഹാമാരിക്കാലം ഭരണകൂടങ്ങള്‍ക്ക് അനുവദിച്ചുനല്‍കിയ പരിധിയില്ലാത്ത അധികാരപ്രയോഗാവസരവും ഇതോടൊപ്പം തിരിച്ചറിയപ്പെടേണ്ടതാണ്. മനുഷ്യത്വരഹിതമായ സാങ്കേതികവിദ്യക്കൊപ്പം, പരിധിയില്ലാത്ത അധികാരം കരസ്ഥമാക്കിയ ഭരണകൂടങ്ങള്‍കൂടി ചേര്‍ന്നപ്പോള്‍ സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത തുടങ്ങിയ സങ്കല്പങ്ങള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. നേരിയ വിമര്‍ശനം പോലും അച്ചടക്കനടപടികള്‍ വിളിച്ചുവരുത്തുന്ന സ്ഥിതിയാണ്. അസഹിഷ്ണുത ഭരണകര്‍ത്താക്കളുടെയും ഭരണകൂടങ്ങളുടെയും മുഖമുദ്രയായിരിക്കുന്നു. നമ്മുടെ രാജ്യത്തും സംസ്ഥാനത്തുമായി പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചതിന് നൂറുകണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
മനുഷ്യന്‍ സാമൂഹ്യജീവിയാണ് എന്ന കാഴ്ചപ്പാടിനേക്കാള്‍ മനുഷ്യന്‍ സാമ്പത്തിക ജീവിയാണ് എന്ന കാഴ്ചപ്പാടിനാണ് ഇന്ന് പ്രാമുഖ്യം. അതുകൊണ്ടുതന്നെ സാമൂഹ്യജീവിതത്തില്‍ സ്വാഭാവികമായ വിയോജിപ്പുകളും വിമര്‍ശനങ്ങളും ഇന്ന് അസഹനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. അധികാരം എന്നത് എതിരാളികളെ ഒതുക്കാനുള്ള അവസരം എന്ന നിലയില്‍മാത്രം കാണുന്ന മാനസികാവസ്ഥയിലേക്ക് നാം അറിയാതെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മനുഷ്യര്‍ ബിഗ് ഡാറ്റാ ബാങ്കിലെ ഡാറ്റ മാത്രമായി മാറിയിരിക്കുന്നു. അവരുടെ പ്രവൃത്തികളും യാത്രകളും മിക്കപ്പോഴും ഗൂഗിള്‍ ഡാറ്റയായി മാറുന്നു. ചിലപ്പോള്‍ അത് സര്‍വൈലന്‍സ് ക്യാമറ ഫുട്ടേജായും മാറുന്നു. ഡാറ്റ കൃത്യമായി എത്തിച്ചുനല്‍കുന്ന സ്മാര്‍ട്ട് ഫോണിന്റെ അടിമയായി മിക്ക മനുഷ്യരും മാറിക്കഴിഞ്ഞിരിക്കുകയുമാണ്. യന്ത്രപ്രവര്‍ത്തനസൗകര്യത്തിനനുസരിച്ച് എല്ലാ മനുഷ്യപ്രവൃത്തികളും പുനര്‍രൂപകല്പന ചെയ്യേണ്ടിവരുന്നതിനെ ഹാസ്യാത്മകമായി ചിത്രീകരിച്ച ചാര്‍ളി ചാപ്ലിന്റെ ചലച്ചിത്രം മോഡേണ്‍ ടൈംസ് നൂറുവര്‍ഷം മുന്‍പ് ആവിഷ്‌കരിച്ച ആ ജീവിതത്തിലേക്കാണ് നമ്മള്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നത് കൗതുകകരമായ വസ്തുതയാണ്.

മഹാമാരിയ്ക്കുശേഷമുള്ള അധ്യാപനം
അനുദിനം അരാഷ്ട്രീയവത്കരിക്കപ്പെടുന്നതും (depoliticized) അപമാനവീകരിക്കപ്പെടുന്നതുമായ (dehumanized) സാമൂഹികചുറ്റുപാടില്‍ അധ്യാപനം വലിയ വെല്ലുവിളിയായി മാറും എന്നതില്‍ സംശയമില്ല. ബോധനശാസ്ത്രത്തില്‍ സംഭവിച്ച പിറകോട്ടുപോക്കില്‍ നിന്ന് അറിവുനിര്‍മാണം നടക്കുന്ന ക്ലാസ് മുറി തിരിച്ചുപിടിക്കുകയാണ് അധ്യാപകര്‍ ഈ പുതിയ അക്കാദമികവര്‍ഷം ഏറ്റെടുക്കേണ്ട ആദ്യകാര്യം. അധ്യാപകരുടെ ഏകപക്ഷീയമായ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ കേട്ടുശീലിച്ച വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ പരസ്പരാശയവിനിമയത്തിന് (interaction) അവസരം സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് വേണ്ടത്. സാങ്കേതിക വിദ്യയെ പാടെ തള്ളിക്കളയുകയല്ല ചെയ്യേണ്ടത്. പഠിതാക്കളുമായുള്ള അര്‍ത്ഥപൂര്‍ണവും ആസ്വാദ്യകരവുമായ വിനിമയത്തിന്റെ സാധ്യതകള്‍ തുറക്കാനുതകുന്ന ബോധനതന്ത്രമായി അതിനെ മാറ്റുകയാണ് വേണ്ടത്.

വിദ്യാര്‍ഥികളെ ചിന്തിപ്പിക്കാനുതകുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്ന, സംഘപ്രവര്‍ത്തനത്തിന് അവസരം സൃഷ്ടിക്കുന്ന, വിദ്യാര്‍ഥികള്‍ക്ക് തനിച്ചും സംഘമായും അവതരണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന, സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനും ഇടനല്‍കുന്ന തരത്തില്‍ നമ്മുടെ ക്ലാസ് മുറികള്‍ മാറണം. ശ്രദ്ധ ഉറപ്പിച്ചുനിര്‍ത്താന്‍ പറ്റുന്ന സമയം (attention span) വളരെ കുറഞ്ഞ നിലയിലായിരിക്കും, 20 മാസത്തോളം വീടുകളിലിരുന്ന് ക്ലാസ് കേള്‍ക്കുകയും കാണുകയും ചെയ്ത വിദ്യാര്‍ഥികള്‍. അതുകൊണ്ടുതന്നെ നേരിട്ട് പഠനപ്രവര്‍ത്തങ്ങളിലേക്കു കടക്കാതെ ഓരോ വിദ്യാര്‍ഥിയുടെയും പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനുതകുന്ന തന്ത്രങ്ങളാവണം അധ്യാപകര്‍ ആസൂത്രണം ചെയ്യേണ്ടത്.

വിദ്യാര്‍ഥികളുടെ മാനസിക -വൈകാരിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണാന്‍ കഴിയുന്നതരത്തില്‍ അവരുടെ വ്യക്തിത്വവികാസത്തെ ശരിയായ ദിശയിലേക്കു നയിക്കുക എന്നതാവണം അധ്യാപനത്തിന്റെ ആദ്യപടി. പരീക്ഷയ്ക്ക് സ്‌കോര്‍ നേടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് വിദ്യാഭ്യാസം ചുരുങ്ങിപ്പോയ വര്‍ത്തമാനസാഹചര്യത്തില്‍ മാനവികതയുടെയും ഭൂമിയുടെ നിലനില്പിന്റെയും സന്തുലിത വികസനത്തിന്റെയും ശാസ്ത്രബോധത്തിന്റെയും സര്‍ഗാത്മകതയുടെയും സൗന്ദര്യാവബോധത്തിന്റെയും വ്യക്തിത്വവികാസത്തിന്റെയും പാഠങ്ങളിലേക്ക്പഠിതാവിനെ ഉയര്‍ത്തുന്നതാവണം അധ്യാപനം. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.