കവി വായന
വി. അബ്ദുള്‍ ലത്തീഫ്
ശൈലന് എന്ന കവിത
സോഷ്യല്‍ മീഡിയാകാലത്തെ അനുഭവ ലോകങ്ങളുടെ ഒറ്റക്കള്ളി നോട്ടത്തിനപ്പുറം കവിതകളുടെ പാഠശാലകളിലേക്കും സൂഫി ആശ്രമങ്ങളിലും നിരന്തരം സഞ്ചരിച്ചതിന്റെ കൈയൊതുക്കമാണ് ശൈലന്റെ കവിതയുടെ പശ്ചാത്തലം.

ഒരിക്കല്‍ ഒന്നും ചെയ്യാനില്ലാത്ത ഒരു പകല്‍ ഞാനും ശൈലനും അവന്റെ ഉടലിന്റെയും ആത്മാവിനെയും ഭാഗമായ വണ്ടിയും കോഴിക്കോട്ട് കറങ്ങുകയും ഉറങ്ങുകയും ചെയ്യുകയായിരുന്നു. അപ്പോള്‍ എനിക്ക് ഒരു കോള്‍ വന്നു. ഞങ്ങളെപ്പോലെ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു മനുഷ്യന്‍ ഏകാന്തതയ്ക്ക് കൂട്ടുവിളിച്ചതാണ്. കൂടെ ഒരാളു കൂടി ഉണ്ടെന്നു പറഞ്ഞപ്പോള്‍ അപ്പുറത്തുനിന്ന് ആരാണെന്ന് തിരക്കി. ""ശൈലനാണ്, കവിയാണ്'' എന്നു പറഞ്ഞു. അതു കേട്ടതേ കവികള്‍ക്കു പ്രവേശനമില്ലെന്റെ മുറിയില്‍ എന്ന് അയാള്‍ തുറന്ന വാതില്‍ കൊട്ടിയടച്ചു.
അയാള്‍ ആ സമയം പെരുമാറാനിടയുള്ള കുലീനസമ്പന്നതയുടെ സാഹചര്യം വിശദീകരിച്ചപ്പോള്‍ ശൈലന്‍ എന്റെ ഔചിത്യക്കുറവിനെ പരിഹസിച്ചു. കവിയെന്നത് എവിടെയും പരിചയപ്പെടുത്താനുള്ള ബിരുദമല്ലെന്ന് അവന്‍. സായന്തനങ്ങളിലെ ഏകാന്തതയെ ചില്ലിട്ടു പൂജിക്കുന്ന തരം മനുഷ്യരോട്, തന്നെ ഫിലിം ക്രിട്ടിക് എന്നാണ് പരിചയപ്പെടുത്തേണ്ടത് എന്ന് ശൈലന്‍ തന്റെ റെയ്ബാന്‍ ഗ്ലാസ് അല്‍പം താഴ്ത്തി. കൃത്യം ആ സമയത്ത് ശൈലന്റെ ഫോണില്‍നിന്ന് ആഹ്ലാദം പൂത്തിരി കത്തുന്ന ഒരു തമിഴ് സിനിമാഗാനം റിംഗ്‌കോളായി മുഴങ്ങി. ശൈലന്‍ ഫോണെടുത്ത് അതേ ഭാഷയില്‍ വീരപാണ്ഡ്യ കട്ടബൊമ്മന്‍ മാതിരി മൊഴിഞ്ഞു, "യാര്? ഇങ്കെ മഹാസൈലന്‍ പേസറത്...'
ചിരിയുടെയും ഉല്ലാസത്തിന്റെയും മധുരച്ചാറ് മേലടരില്‍ ഊറി നില്‍ക്കുമ്പോഴും അടിയില്‍ ആരുമറിയാത്ത, എന്തിനെന്നറിയാത്ത ഒരു നോവുണ്ട് ഈ കവിതകളില്‍.
സത്യമായും ശൈലന്‍ ഒരാളല്ല, അയാളെ പലമട്ടില്‍ കണ്ടിട്ടുണ്ട്.
ഒരുമാതിരി എല്ലാവരും അറിയുന്ന പോലെ സ്വന്തമായി ശൈലനിസം എന്ന മതവും ശൈലനിസ്റ്റുകള്‍ എന്ന അനുയായിവൃന്ദവും ഉള്ള മഹാശൈലനായി, ദക്ഷിണേന്ത്യയിലെ ദ്രാവിഡപഥങ്ങളിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന യാത്രികനായി, അസൂയപ്പെടുത്തും വിധം കൂട്ടുകാരികളോ കാമുകിമാരോ ഉള്ള ഗന്ധര്‍വ്വസദൃശനായി, ഏതുസിനിമയും കണ്ട് നിരൂപണമെഴുതുകയും ജനപ്രിയസിനിമകളെ ‘കൂതറ' എന്നു പരിഹസിച്ചാല്‍ ഏതറ്റംവരെയും പോയി സൈദ്ധാന്തികമാനങ്ങള്‍ കണ്ടെത്തി പോരടിക്കുകയും ചെയ്യുന്ന ചലച്ചിത്രജീവിയായി, ആഹാരത്തെക്കുറിച്ചുള്ള സാമ്പ്രദായികസങ്കല്പങ്ങളെ തലകീഴായി പിടിക്കുന്ന ഭക്ഷണപ്രിയനായി, ഏത് വിഷജീവിയേയും പോട്ടെ സാരമില്ല എന്ന് സാധിക്കുന്നത്രയും വെറുതെ വിടുന്ന അലിവാര്‍ന്ന സഹജീവിയായി, കവിയായി ശൈലന്‍ നമ്മുടെ മുമ്പില്‍ മാറിമാറി പ്രത്യക്ഷപ്പെടും. കവിത ഒരു ജീവിതരീതിയായി സ്വീകരിച്ച ശൈലന്റേതായി ഇതിനകം അഞ്ച് കവിതാസമാഹാരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിഷ്‌കാസിതന്റെ ഈസ്റ്റര്‍, താമ്രപര്‍ണി. ദേ ജാ വു, ശൈലന്റെ കവിതകള്‍, വേട്ടൈക്കാരന്‍ എന്നിവയാണ് അവന്‍.

ആഹ്ലാദത്തിന്റെയും ജീവിതോല്ലാസത്തിന്റെയും ആറാം രസനയെയാണ് ശൈലന്‍ ഒരു മതമായി ചിട്ടപ്പെടുത്തുന്നത്. ശൈലന് എന്തും അലങ്കാരങ്ങളാണ്. എപ്പോഴും കൂടെയുള്ള ആ കറുത്ത കണ്ണട മാറ്റിയാല്‍ നമുക്ക് ശൈലന്‍ എന്ന കവിയെ കാണാം. ശൈലനില്‍നിന്ന് / ശൈലന്മാരില്‍നിന്ന് കവിതയെ വേര്‍തിരിച്ചു മനസ്സിലാക്കുക എന്നത് വലിയ പാടാണ്. ശൈലന്റെ ഇനിയും ഇറങ്ങാത്ത ഒരു സമാഹാരത്തിലെ ഏതാനും കവിതകളെ മുന്‍നിര്‍ത്തിയാണ് ശൈലന്‍ എന്ന കവിതയെ അറിയാന്‍ ശ്രമിക്കുന്നത്.
2007ൽ അവതരിച്ച മലയാളം ബ്ലോഗുകവിതകള്‍, 2010നുശേഷമുണ്ടായ ആന്‍ഡ്രോയ്ഡ് വിപ്ലവം എന്നിവ മലയാളകവിതയെ മാറ്റത്തിനുള്ളിലെ മാറ്റമായി ആവേശിച്ചത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മുന്തിയ പരീക്ഷണങ്ങള്‍ നടക്കുന്നതും ആഭ്യന്തര വകളര്‍ച്ചയുള്ളതുമായ സാഹിത്യ ശാഖയാണ് മലയാളത്തില്‍ കവിത. കവിതയില്‍ വന്ന സമീപന- ഭാവുകത്വ പരിണാമങ്ങള്‍ക്ക് ഒന്ന് ഒന്നിന്റെ തുടര്‍ച്ചയായ പശ്ചാത്തലങ്ങളുണ്ട്. തൊണ്ണൂറുകളുടെ തുടര്‍ച്ചയായെത്തിയ തുറസ്സും തെളിച്ചവുമാണ് ആദ്യത്തേത്. ഇവിടെ കവിത നാളതുവരെ അതിനുണ്ടായിരുന്നു എന്നു കരുതിയ ആഢ്യഭാവം വെടിയുന്നുണ്ട്. കവി മാത്രമല്ല കവിതയും സാധാരണ ജീവിതത്തിലേക്ക് ഇറങ്ങിയിരിക്കുന്നുണ്ട്. 2007ൽ അവതരിച്ച മലയാളം ബ്ലോഗുകവിതകള്‍, 2010നുശേഷമുണ്ടായ ആന്‍ഡ്രോയ്ഡ് വിപ്ലവം എന്നിവ മലയാളകവിതയെ മാറ്റത്തിനുള്ളിലെ മാറ്റമായി ആവേശിച്ചത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴും മലയാള കവിതയില്‍ ആറ്റൂരിന്റെ കുറ്റാലം പാരമ്പര്യവും മേതിലിന്റെ ഭാഷാപാരമ്പര്യവും തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചു പോന്നത്. ഇതില്‍നിന്ന് കുതറിമാറി കാഴ്ചകളുടെയും ദൃശ്യങ്ങളുടെയും പുതിയഭാവുകത്വ പരിസരത്തിനകത്തുനിന്ന് കവിത കണ്ടെത്തുന്നത് ഇരുപതുകളോടടുപ്പിച്ചു മാത്രമാണ്.
കുറേക്കൂടി സൂക്ഷ്മതയിലേക്ക് പോയാല്‍ കവിത ഇനിയുമിനിയും വൈവിധ്യ മാനങ്ങളിലേക്ക് മാറുന്നതു കാണാനാവും. കവിതയ്ക്കുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന് അതിന്റെ സാധാരണീകരണമാണ്. പത്രഭാഷയില്‍നിന്ന്, സാധാരണ വര്‍ത്തമാനങ്ങളില്‍നിന്ന് അത് അകലെ മാറി നില്‍ക്കുന്നില്ല. നിത്യവ്യവഹാരത്തോട് ഭാഷയിലും നോട്ടത്തിലും അടുത്തു നില്‍ക്കുമ്പോഴും അത് ഒരു ഞെട്ടലോ തലതിരിഞ്ഞ ഒരു കാഴ്ചയോ അവശേഷിപ്പിക്കുകയും ചെയ്യുന്നു. പരിചരണത്തിലെ ഈ ലാളിത്യം ചിട്ടയായ കാവ്യാനുശീലനംകൊണ്ടു മാത്രം സാധിക്കുന്നതാണെന്ന് അധികമാര്‍ക്കും അറിയില്ല. ശൈലനെ പോലുള്ള കവികള്‍ കവിതകളാലുണ്ടാക്കുന്ന കുഞ്ഞുബോംബുകളില്‍ പൊട്ടി മറിയുമ്പോഴും ഇത് കവിതയായിരുന്നോ എന്ന് ആളുകള്‍ ആശ്ചര്യപ്പെടുന്നതിന്റെ അകപ്പൊരുള്‍ പിഴയ്ക്കാത്ത ഈ സൂക്ഷ്മതയാണ്. സോഷ്യല്‍ മീഡിയാകാലത്തെ അനുഭവ ലോകങ്ങളുടെ ഒറ്റക്കള്ളി നോട്ടത്തിനപ്പുറം കവിതകളുടെ പാഠശാലകളിലേക്കും സൂഫി ആശ്രമങ്ങളിലും നിരന്തരം സഞ്ചരിച്ചതിന്റെ കൈയൊതുക്കമാണ് ശൈലന്റെ കവിതയുടെ പശ്ചാത്തലം. രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ സജീവമായിരുന്ന ലിറ്റില്‍ മാഗസിന്‍ കാലത്തേക്ക് അതിന്റെ വേരുകള്‍ ചെന്നെത്തി നില്‍ക്കുന്നുണ്ട്. കടലാസില്‍ വിന്യസിക്കപ്പെട്ട ഒരു ശൈലകവിതയുടെ ഗ്രാഫിക്‌സ് ലിറ്റില്‍ മാഗസിന്‍ പേജുകളെ ഓര്‍മിപ്പിക്കും.
സംസ്‌കൃതത്തിലേക്കുള്ള ഈ ഗൂഢവല്‍ക്കരണംകൊണ്ട് കവിത സാധിക്കുന്ന ചിലത് തീര്‍ച്ചയായുമുണ്ട്. ആദ്യവായനയിലെ വിസ്മയവും ഒരു നുള്ളു ചിരിയുമാണ് അതിന്റെ പ്രാഥമിക ധര്‍മങ്ങള്‍
ശൈലന്‍ എന്ന കവി മൂന്നുതരത്തില്‍ എന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒന്ന് ശൈലന്റെ എഫ്.ബി. കുറിപ്പുകളാണ്. അതില്‍ യാത്രയും സിനിമയും നിത്യജീവിതവര്‍ത്തമാനങ്ങളുമുണ്ട്. രണ്ടാമത്തേത് ശൈലന്റേതായി അച്ചടിച്ചുവരുന്ന കവിതകളാണ്. മൂന്നാമത്തേത് ശൈലന്റെ വര്‍ത്തമാനങ്ങളും. കോമാളിവേഷം ധരിച്ച ഒരു ട്രപ്പീസുകളിക്കാരന്‍ ആകാശത്തെ ഊഞ്ഞാലുകളില്‍ ഒന്നില്‍നിന്നൊലിലേക്ക് പിടിവിട്ട് ഊയലാടുന്നതുപോലെ ഈ മൂന്നു വ്യവഹാരങ്ങളിലായി ശൈലന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാന്ത്രിക വിദ്യയ്ക്കുമുന്നിലെ കുട്ടിയെന്നപോലെ വാ പൊളിച്ചിരിന്നു പോവാറുണ്ട്. ഇതിനിടയില്‍ ഞാനടിച്ചാല്‍ തൂങ്കമാട്ട് എന്ന സിനിമാഗാനം കറുത്ത കണ്ണട വെച്ച് കടന്നു പോവുകയും ചെയ്യും.
തലക്കെട്ടുമുതല്‍ ആരംഭിക്കുന്ന ഭാഷാകേളിയാണ് ശൈലന്റെ കവിതയുടെ ഒന്നാം പടവ്. വഴിപ്പലക എന്ന കവിതയില്‍ പറയുന്നതുപോലെ പ്രസ്താവനകള്‍ക്കിടയില്‍/ അപ്രതീക്ഷിതമായി കുറുകെ ചാടുന്ന/ വളവുകളുണ്ട്/ ശൈലന്റെ ഭാഷയിലും. സ്വപ്നഭാതം, വരാഹമിഹിരം ഒക്കെ ഉദാഹരണങ്ങളാണ്. പുലര്‍കാല സ്വപ്നത്തെ ശൈലന്‍ സ്വപ്ന ഭാതമെന്നു പരിഭാഷപ്പെടുത്തും. പന്നിയെ വരാഹമിഹിരമാക്കും. സംസ്‌കൃതത്തിലേക്കുള്ള ഈ ഗൂഢവല്‍ക്കരണംകൊണ്ട് കവിത സാധിക്കുന്ന ചിലത് തീര്‍ച്ചയായുമുണ്ട്. ആദ്യവായനയിലെ വിസ്മയവും ഒരു നുള്ളു ചിരിയുമാണ് അതിന്റെ പ്രാഥമിക ധര്‍മങ്ങള്‍. വരാഹമിഹിരമെന്ന കവിത ആരംഭിക്കുന്നത് റോഡില്‍ പണി നടക്കുന്നു, സൂക്ഷിക്കുക എന്ന ഒരു വഴിപ്പലകയില്‍നിന്നാണ്. ഈ ‘പണി'യെ രണ്ടോ മൂന്നോ തരത്തില്‍ പ്രശ്‌നവല്‍ക്കരിക്കുന്നതാണ് കവിത.
പണിയെന്നുപറയുമ്പോള്‍
എന്തുമാവാമല്ലോ
പിഡബ്ല്യുഡി മെയിന്റനന്‍സ്
വരെയാകാം
എന്ന് പ്രദീപാലങ്കാരത്തിന്റെ ഒരു മിന്നലാട്ടംകൊണ്ട് മലയാളി പുരുഷന് ഇഷ്ടപ്പെട്ട ഒരു ദ്വയാര്‍ത്ഥം തീര്‍ക്കുന്നുണ്ട്. തുടര്‍ന്ന്:
ഇച്ചിരെ
കഴിഞ്ഞേയുള്ളൂ
ണയുടെ മുന്നില്‍
കെട്ടിയിട്ട ആ കിണി
ഇറുത്തിട്ടു മറ്റാരോ...
അതോടെ പണി പന്നിയാകുന്നു. ന്ന -യും ണ-യും ദന്ത്യ - മൂര്‍ദ്ധന്യ അനുനാസികങ്ങളെന്നപോലെ ലിപിമത്തിലും സാമ്യമുള്ളവയാണ്. എഴുത്തിലും ണ -യെ ന്ന- ആക്കാന്‍ എളുപ്പം. ണയുടെ ആ കിണി പോയതോടെ പണി പന്നിയാവുകയും റോഡിലെ മണ്ണിളക്കല്‍ ഒരു സൂകരവൃത്തിയായി പരിണമിക്കുകയും ചെയ്യുന്നു. യന്ത്രത്തേറ്റകള്‍കൊണ്ട് കുത്തി മറിച്ചിട്ട നിരത്തുകള്‍ സഞ്ചാരികള്‍ക്ക് അത്ര നല്ല അനുഭവമല്ല. ഇവിടെ അല്പമൊരു സാമൂഹ്യവിമര്‍ശനംകൂടി നിര്‍വഹിച്ച് വരാഹമിഹിരം എന്ന തലക്കെട്ട് പൂര്‍ണമായും കവിതയാവുകയും ചെയ്യുന്നു. ഈ ഭാഷാകേളി ശൈലന്റെ മിക്ക കവിതകളിലും കാണാം.
അദ്വൈതം എന്ന കവിതയില്‍ ശൃംഗേരി എന്ന സ്ഥലനാമം കവിയെ തന്റെ ഓര്‍മയിലെ ശിങ്കാരി എന്ന പശുക്കുട്ടിയെ പുനരാനയിക്കുന്നതു കാണാം. മറ്റൊരു കവിതയില്‍ ജി.പി.എസ്. അനൗണ്‍സ്‌മെൻറിലെ ഉച്ചാരണപ്രശ്‌നമാണ് കവിയെ വട്ടം ചുറ്റിച്ച് ഗാര്‍ഹിക സ്മൃതികളിലെത്തിക്കുന്നത്. ഇവിടെ ബെല്ലാരി ബില്ലരിയും അത് ഓര്‍മയില്‍ തൂങ്ങിനില്‍ക്കുന്ന വെള്ളരിയും ആകുന്നു. ഇതേക്കുറിച്ച് മറ്റൊരു കാര്യംകൂടി സൂചിപ്പിക്കാനുള്ളത് അല്പം കഴിഞ്ഞു പറയാം.
ഭാഷ മരിക്കുന്നു എന്ന ആവലാതിയ്ക്കുള്ള ശൈലനിസ്റ്റ് മറുപടിയാണ് മഴയോളം മലയാളം എന്ന കവിത. കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
ഭാഷ ദേ മരിക്കുന്നെന്നും
മരിച്ചെന്നും പറഞ്ഞ്
നെഞ്ചത്തടിച്ചു തളര്‍ന്ന്
കരഞ്ഞുകരഞ്ഞ് കണ്ണുമടച്ചിരിക്കുന്നു
കവിയൊരു ശിലാരൂപിയായ്...
ആയിരം
കെട്ടിടപ്പണിസൈറ്റുകളില്‍
നിന്നു വന്ന
പതിനായിരം ഒഡിഷക്കാര്‍
മുഖത്തു വെള്ളം കുടഞ്ഞു ചോദിച്ചു
എന്ത് പട്ടി സേട്ടാ?
എന്തു പട്ടി സേട്ടാ എന്ന ആ വിളിയില്‍ ഒരു ചിരിയുണ്ട്. അതിനപ്പുറം ആ കവിതയാകെ നിറഞ്ഞിരിക്കുന്ന ഭാഷാദേശീയതയുടെ ഒരു മറുരാഷ്ട്രീയവുമുണ്ട്. മല കടന്നുവന്ന ഒഡിഷക്കാരന്‍ മലയാളം പറയുന്നു എന്നതാണ് അതിലൊന്ന്. തൊട്ടടുത്ത് ആസാമികള്‍ /യേദ് ഭാസ സത്ത് ബായ്/ എന്നു ചോദിക്കുമ്പോള്‍ മലയാളിക്ക് വൈലോപ്പിള്ളിയുടെ ആസാം പണിക്കാര്‍ എന്ന കവിത ഓര്‍മ വരേണ്ടതാണ്. മനുഷ്യരെ സംബന്ധിച്ചും ഭാഷയെ സംബന്ധിച്ചും ഒഴുക്ക് ഒരു ദിശയിലേക്കു മാത്രമല്ല എന്ന് ഈ കവിത ലളിതമായി പറയുന്നുണ്ട്.
കേരളത്തില്‍നിന്നുള്ള മറുമൊഴിയായി മാത്രമല്ല ബംഗാളി ഗ്രാമങ്ങളില്‍നിന്ന് കുറേക്കൂടി വ്യക്തമായി ഈ മൊഴി ‘എങ്ങോട്ടാ കാക്കാ' എന്ന് ഉയര്‍ന്നു കേള്‍ക്കാം. കേരള പൊറോട്ടാ എന്ന ബോര്‍ഡ് മലയാളത്തില്‍ത്തന്നെ കാണുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേരളം ഇക്കാലം കൊണ്ടുണ്ടാക്കിയ സമ്പദ് വ്യവസ്ഥയുടെ കൈ പിടിച്ചാണ് മലയാളം മുന്നേറുന്നത്. ഈ കാക്കാ വിളിയിലും കേരളാ പൊറോട്ടയിലും മറ്റൊന്നു കൂടിയുണ്ട്. തൊട്ടുമുമ്പത്തെ വരികളില്‍ /കിളി പോയി ക്ലീഷേ പോയി / എന്ന് പ്രാസമൊപ്പിച്ച് പറയുന്നത് ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്നു. മഞ്ചേരിക്കാരന്‍ മലയാളിയെ പുറംനാട് കാണുന്നത് കാക്കായായിക്കൂടിയാണ്, കേരളം പൊറോട്ട കൂടിയാണ്. കേവലമായ മാതൃഭാഷാവാദങ്ങളുടെ ക്ലീഷേകള്‍ക്ക് കണ്ണെത്താത്ത സൂക്ഷ്മതയാണ് മലയാളം പുറം നാടുകളിലേക്കു വളരുകയാണ് എന്ന വിളിച്ചുപറയലിനൊപ്പം ഇവിടെ തെളിയുന്നത്.

ബില്ലരി ഉമ്മറത്തു തൂങ്ങുന്ന വെള്ളരിയാകുന്നതിലെ വിചാരങ്ങള്‍ പറയേണ്ടതുണ്ട്. ശൈലനെപ്പോലെ ഒരു സഞ്ചാരിയെ അത്തരമൊരു വിചാരവുമായി ബന്ധിപ്പിച്ചു പരിശോധിക്കുന്നതില്‍ കൗതുകമുണ്ട്. ശൈലന്റെ കവിത പ്രമേയം കൊണ്ടും ആഖ്യാനത്തിനുള്ള ഉപാദാനം എന്ന മട്ടിലും യാത്രയെ നന്നായി ഉപയോഗിക്കുന്നവയാണ്. അധികം വേഗത്തിലല്ലാതെ ചലിക്കുന്ന ഒരു റോഡ് യാത്രയില്‍നിന്ന് കണ്ടെടുക്കുന്ന ചെറുഷോട്ടുകളായി ശൈലന്റ കവിതയുടെ ആഖ്യാനവഴിയെ വിശദീകരിക്കാം. ഞാന്‍ നോക്കുന്നത് പക്ഷേ അതല്ല. ശൃംഗേരി ശിങ്കാരിയും ബില്ലരി വെള്ളരിയുമായി കവി തന്നിലേക്ക് തന്നെ തിരിച്ചുവരികയാണ്. കഴിയുന്നത്ര അകലേക്കുപോയി തന്റെ നാടിനെയും വീടിനെയും അതിനകത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന തന്നെത്തന്നെയും കണ്ടു വിചാരപ്പെടുന്ന സഞ്ചാരി യാത്രികരുടെ നോട്ടം സംബന്ധിച്ച ഒരു പഴയ മാതൃകയാണ്. യാത്രയില്‍ സ്വന്തം ലാന്റ്‌സ്‌കേപ്പും മൈന്റ്‌സ്‌കേപ്പും കൂടെക്കൊണ്ടു പോകുന്നവന്/വള്‍ക്ക് സ്വന്തം നാടും അനുഭവങ്ങളുമേ എവിടെയും കാണാനാവൂ. തന്നില്‍നിന്ന് തന്നെത്തന്നെ ഊരിക്കളയുന്നവയാണ് ശൈലന്റെ സഞ്ചാരക്കുറിപ്പുകള്‍. അതില്‍നിന്നു വ്യത്യസ്തമായ ഈ തന്‍നോട്ടം കവിതയുടെ ആത്മാംശത്തിന്റെ ആവിഷ്‌ക്കാരമല്ലാതെ മറ്റൊന്നല്ല. ഭാരതവിഷാദയോഗം എന്ന കവിതയില്‍ ആത്മം പുറത്തേക്കു പരക്കുന്ന മറ്റൊരു ഭാവം കാണാം.
പക്ഷേ,
ശ്രാവണബലഗോളയിലെ
രണ്ടാംകുന്നു കയറിച്ചെല്ലുമ്പോള്‍
കല്ലു പ്രതിമകളുടെ പ്രാചീനധാരാളിമ
അവയ്ക്കിടയിലൊരാള്‍, ഭരതന്‍
ആദിമചക്രവര്‍ത്തി
ഛേദിച്ചിരിക്കുന്നൂ കാലം
പുരുഷാംഗത്തെ ക്രൂരമായ്;
ശൂന്യമാണുപസ്ഥം
വിഷാദമൂകം നോട്ടം,
നില്‍പ്പ്, ഉടല്‍ഭാഷണം
നോട്ടമെത്താപ്പരപ്പില്‍
താഴെ നീളെ കര്‍ണാടകം
ഭാരതം മഹാഭാരതം
ഈ കവിത ഭരതന്‍ എന്നുപേരായ തന്റെ അമ്മാവനില്‍നിന്നാണ് ആരംഭിക്കുന്നത്. ഭാഷയെക്കുറിച്ചുള്ള വിചാരം പോലെ കവിതയിലെ യാത്രികന്റെ സ്വത്വവും അങ്ങോട്ടുമിങ്ങോട്ടും പരക്കുന്നതാണ്. എങ്കിലും പിന്നിട്ട വഴികളും ലിപികളും വാക്കും വാചകവുമെല്ലാം ജിലേബിപോലെ ചുറ്റുപിണയുന്ന ഒരു യാത്രാ സന്ധിയില്‍ ഏതോ ക്ഷേത്ര ഗോപുരത്തിലെ നന്ദീശില്പത്തെ ഉമ്പാച്ചു എന്നു മൊഴിമാറ്റുന്ന രണ്ടു വയസുകാരിയുടെ കിളിയൊച്ചയില്‍ ഞെട്ടുന്ന (പാസ്വേഡ്) കവിതയ്ക്ക്, മലയാളം തിരിച്ചെത്താനുള്ള പാസ്വേഡ് തന്നെയാണ്. സ്വപ്നഭാതം എന്ന കവിതയില്‍, നൂറുവഴികളിലും അയാള്‍ കൊതിക്കുന്ന ഒരു വിജനതയും യാത്രക്കാര്‍ ഇറങ്ങിപ്പോയ ബസ്സ് എന്ന ഇടവും അതില്‍ അജ്ഞാതയായ ഒരു കൂട്ടുകാരിയും തെളിയുന്നുണ്ട്.
ഞാനും
എന്റെ തോളില്‍
തല ചായ്ച്ചു കിടക്കുന്ന
ഏതോ നേര്‍ത്ത പെണ്‍കുട്ടിയും മാത്രം
എന്ന് കവിത നിത്യ ശാന്തമായ ഒരു പരിചരണത്തില്‍ സ്വസ്ഥമാകുന്നു.
യാത്രയില്‍ പുറത്തേക്ക് പരക്കുന്ന ശൈലന്‍ ദാര്‍ശനികനാണ്; കൂടെക്കൂടെ തന്നിലേക്ക് തിരിച്ചെത്തുന്ന അയാള്‍ വികാരഭരിതനും. രണ്ടാമതു പറഞ്ഞ ആള്‍ക്കാണ് കവിതകളില്‍ മിഴിവു കൂടുതല്‍.
പല ഭാവങ്ങളുള്ള തന്റെ വ്യക്തിത്വത്തെ നേരേതന്നെ ശൈലന്‍ കവിതയില്‍ ചേര്‍ത്തു വച്ചിട്ടുണ്ട്. ബഹുമുഖന്‍ എന്ന കവിത നോക്കൂ:
അതിരാവിലെ
എഴുന്നേല്‍ക്കുന്നു
നേരെ ഈര്‍ച്ചമില്ലിലേക്കുപോയി വാളിന് മുന്നില്‍
മലര്‍ന്നുകിടന്ന്
നാലായി ഭാഗിക്കപ്പെടുന്നു.
ഇതിലൊന്ന് സിനിമ കാണാന്‍ നിയോഗിക്കപ്പെടുമ്പോള്‍ അടുത്തഭാഗം പ്രണയത്തിനുള്ള ഗന്ധര്‍വ്വഭാവമാണ്. ഇനിയുമൊന്ന് യാത്രികനും ശേഷിക്കുന്നത് കുടുംബസ്ഥമാണ്.
എല്ലാ വേഷങ്ങളും അഴിച്ചു വെച്ചാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ സങ്കടപ്പെട്ടു നില്‍ക്കുന്ന ഒരു മനുഷ്യനെ ഈ കവിതകള്‍ അവശേഷിപ്പിക്കും. ചിരിയുടെയും ഉല്ലാസത്തിന്റെയും മധുരച്ചാറ് മേലടരില്‍ ഊറി നില്‍ക്കുമ്പോഴും അടിയില്‍ ആരുമറിയാത്ത, എന്തിനെന്നറിയാത്ത ഒരു നോവുണ്ട് ഈ കവിതകളില്‍. ഇത് ആത്മനിഷ്ഠമോ സമൂഹനിഷ്ഠമോ എന്ന് വായനക്കാരന് പട്ടികപ്പെടുത്തി നോക്കാം. എന്നാല്‍ ശൈലന് ഇതിനെല്ലാംകൂടി ഒറ്റക്കള്ളിയേ ഉള്ളൂ. കവിതയിലെ ശൈലനിസം അഥവാ ശൈലന്‍ തന്നെ ഒരു കവിതയാകുന്നു എന്ന ലോകധര്‍മിയായ ഒരു ആദിദ്രാവിഡ ഗാനമാകുന്നു അത്.▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.