Origin of Pandemics
ഡോ. ജയകൃഷ്ണന്‍ ടി.
പുതിയ രോഗങ്ങളുടെ ഉല്‍പത്തികളെക്കുറിച്ച്
രണ്ട് ഉപന്യാസങ്ങള്‍-2
അടുത്ത മഹാമാരിയിലേക്ക് ഒരു മ്യൂട്ടേഷന്റെ അകലം മാത്രം
തലകീഴായി തൂങ്ങിനില്‍ക്കുന്ന വവ്വാലുകളില്‍ നിന്ന് ഇരുകാലില്‍ നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യര്‍ കുറെ അതിജീവന പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.

ഭൂലോകത്ത് മനുഷ്യരില്‍ പുതുതായി പ്രത്യക്ഷപ്പെടുന്ന രോഗങ്ങളില്‍ മിക്കവയും ജന്തുജന്യ രോഗങ്ങളാണ് (Zoonotic). അവയുടെ തനതായ പ്രഭവകേന്ദ്രത്തിന്റെ ഉൽപ്പത്തി തേടിയുള്ള അന്വേഷണങ്ങള്‍ ശാസ്ത്രജ്ഞരെ എത്തിക്കുന്നത് വവ്വാലുകളിലുമാണ്. വൃക്ഷത്തലപ്പുകളില്‍ തലകീഴായി തൂങ്ങി നിന്ന് ഒരു ദാര്‍ശനിക ഭാവത്തില്‍ പ്രപഞ്ചത്തെ വീക്ഷിക്കുന്ന വവ്വാലുകള്‍ വെറും ചില്ലറക്കാരല്ലെന്ന് മനുഷ്യര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദശകങ്ങളിലുണ്ടായിട്ടുള്ള പുതിയ വൈറസ് രോഗങ്ങളായ ഹെന്ദ്ര (Hendra), നിപാ, മാര്‍ബര്‍ഗ് (Marburg), എബോള, മെര്‍സ് (MERS) (യഥാക്രമം 1994,1999, 2008, 2014, 2012 വര്‍ഷങ്ങളില്‍) ഒടുവിലത്തെ കോവിഡ് 19 തുടങ്ങി എല്ലാറ്റിന്റേയും സ്വാഭാവിക ഉറവിടം വവ്വാലുകളാണ്.
ഭുമിയില്‍ അറിയപ്പെട്ട 6400 സസ്തനി വര്‍ഗത്തില്‍പ്പെട്ട ജീവികളില്‍ 1400 ലധികവും വവ്വാല്‍ സ്പീഷീസുകളാണ്. മനുഷ്യരടക്കം ഉള്‍പ്പെട്ട സസ്തനിവര്‍ഗത്തിൽ പറക്കാന്‍ കഴിയുന്ന ഏക ജീവിയായ വവ്വാലിന് മറ്റു പല പ്രത്യകതകളുമുണ്ട്. തന്റെ ചെറിയ ശരീരവലിപ്പത്തിനനുസൃതമല്ലാത്ത ‘റിഗ്രഷന്‍ ലൈനിനു' (Regression line) പുറത്ത്ദീര്ഘായുസ്സുള്ള, ഭൂമിയില്‍ മനുഷ്യരേക്കാളും മേലെ ശരാശരി ആയുസ്സുള്ള പത്തൊന്‍പതു ജീവികളിൽ ഒന്നാണ് വവ്വാല്‍. ഇതിന്റെ ശരാശരി ആയുസ് 41 വര്‍ഷത്തിനുമുകളിലാണ്.
വവ്വാലുകളുടെ പ്രതിരോധ സംവിധാനങ്ങളും, രോഗലക്ഷണമുണ്ടാക്കാതെ വൈറസുകളെ ദീര്‍ഘകാലം വഹിക്കാനുള്ള കഴിവും മനസ്സിലാക്കി, ഒപ്പം ഇവയിലെ വൈറസുകളുടെ പരിണാമം കൂടി അറിഞ്ഞാലേ ഭാവിയില്‍ പുതിയ രോഗങ്ങള്‍ പ്രവചിക്കാനും തടയാനും നിയന്ത്രിക്കാനും സാധ്യമാകൂ എന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് നല്‍കുന്ന ഒരു പാഠവും ഇതാണ്.
അന്റാര്‍ട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂവിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഇവയുടെ ആവാസവ്യവസ്ഥ മരുഭൂമികളിലും വനങ്ങളിലും ഗുഹാന്തരങ്ങളിലും വ്യത്യസ്തവുമാണ്. ഇക്കോളജിക്കലായി ചെടികളുടെ പരാഗണത്തിനും വിത്തുവ്യാപനത്തിനും കീടനിയന്ത്രണത്തിനും വവ്വാലുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ ഇവയുടെ പാരസ്പരിക പരിസര ബന്ധങ്ങള്‍ മറ്റു ജീവജാലങ്ങള്‍ക്കും പ്രധാനമാണ്. തേനും വിത്തും കായ്കളും മത്സ്യങ്ങളും മറ്റു ജന്തുക്കളുടെ രക്തവുമടക്കം ഇവയുടെ ഭക്ഷണ വൈവിധ്യം വിപുലവുമാണ്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് ബീജം ശേഖരിച്ചുവെക്കാനും ഗര്‍ഭകാലം ദീര്‍ഘിപ്പിക്കാനും ഇവക്ക് അതിജീവന ജൈവ തന്ത്രങ്ങളുണ്ട്. ദീര്‍ഘ ദൂരം പറക്കാന്‍ കഴിവുള്ള ഇവക്ക് മണിക്കൂറില്‍ 1200 കലോറിയോളം ഊര്‍ജം ഉപയോഗിച്ച് ശരീര വേഗത കൂട്ടാനും ഹൃദയമിടിപ്പ് മിനിട്ടില്‍ ആയിരത്തിലധികമുയര്‍ത്തി (അഞ്ച് ഇരട്ടിയോളം ഉയര്‍ത്തി ), ആയാസപ്പെടാനും കഴിയുമ്പോള്‍ തന്നെ വിശ്രമിക്കുമ്പോള്‍ അവയൊക്കെ ചുരുക്കി ഹൈബര്‍നേറ്റ് ചെയ്ത് എനര്‍ജി ലാഭിക്കാനും കഴിവുണ്ട്. ശരാശരി ഒരു മനുഷ്യ ശിശുവിന് ദിവസം (24 മണിക്കൂര്‍) വേണ്ട എനര്‍ജി 1200 കലോറിയോളം മാത്രമാണ് എന്നും അറിയുക.
മനുഷ്യരിലുണ്ടാകുന്ന എമര്‍ജിംഗ് രോഗങ്ങള്‍ മിക്കതും ഇവയില്‍ നിന്നുള്ള ‘സ്പില്‍ ഓവറു’കളാണ്. അതിനാല്‍ അറുപത്തിനാലു മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിണാമത്തിലൂടെ ഇവോള്‍വ് ചെയ്ത ഇവയുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനവും, രോഗലക്ഷണമുണ്ടാക്കാതെ വൈറസുകളെ ദീര്‍ഘകാലം വഹിക്കാനുള്ള കഴിവും സഹന ശക്തിയും ബയോളജിയും നന്നായി മനസ്സിലാക്കി, ഒപ്പം ഇവയിലെ വൈറസുകളുടെ പരിണാമം കൂടി അറിഞ്ഞാലേ ഭാവിയില്‍ പുതിയ രോഗങ്ങള്‍ പ്രവചിക്കാനും തടയാനും നിയന്ത്രിക്കാനും സാധ്യമാകൂ എന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് നല്‍കുന്ന ഒരു പാഠവും ഇതാണ്.
3200 ഓളം തരത്തില്‍പ്പെട്ട കൊറോണ വൈറസുകള്‍ വവ്വാലുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളില്‍ കാണുന്ന കൊറോണ വൈറസുകളില്‍ 54% വവ്വാലുകളിലാണ്. മൂന്നുവര്‍ഷം മുമ്പ് ഒരു സംഘം ശാസ്ത്രഞ്ജര്‍ 12,000 ലധികം വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ പത്തിലൊന്ന് വവ്വാലുകളും കോറോണ വൈറസുകളൊന്നിന്റെ വാഹകരായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. 1909 ല്‍ തന്നെ വവ്വാലുകളില്‍ നിന്ന് നേരിട്ട് റാബീസ് മനുഷ്യരിലെത്തുന്നത് ശാസ്ത്രം കണ്ടെത്തിയിരുന്നു. പിന്നീട് ഇപ്പോള്‍ മറ്റു മൃഗങ്ങളെ ബാധിക്കുന്ന റാബീസ് വൈറസുകളുടെ ആദിമ ഉൽപ്പത്തിയും പൂര്‍വികരായ വവ്വാലുകളായിരുന്നുവെന്ന്തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്ക് ഇപ്പോള്‍ ഭൂമിയിലെ വൈറസുകളുടെ 2% ത്തിന്റെ വിശദാംശങ്ങള്‍ മാത്രമേ അറിയൂ എന്നുകൂടി ഓർക്കുക.

ഇവയില്‍ മിക്കവയും കാലങ്ങളായി ഒരു രോഗലക്ഷണവുമുണ്ടാക്കാതെ, പ്രകൃത്യവാഹകരായ (Natural Host) വവ്വാലുകളില്‍ തന്നെ തലമുറകളായി ജീവിക്കുന്നവരാണ്. ഇവ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് ചേക്കേറാനുള്ള കാരണം പലതാണ്. പ്രകൃതിയിലെ ഇക്കോ സിസ്റ്റം തകരാറിലാകുമ്പോഴോ കാലാവസ്ഥാ മാറ്റം ഉണ്ടാകുമ്പോഴോ നഗരവത്കരണത്തിന്റെ സമ്മര്‍ദം മൂലമോ വന്യമൃഗങ്ങളുടേയോ അവയുടെ ഇറച്ചിയുടെ വ്യാപാരം മൂലമോ ആണ് ‘സ്പില്‍ ഓവര്‍’ ആയി മനുഷ്യരിലേക്കും പന്നികള്‍, കുതിരകള്‍ തുടങ്ങിയ ജീവി വര്‍ഗങ്ങളിലേക്കും എത്തുന്നത്. മനുഷ്യര്‍ മൃഗങ്ങളെ പോറ്റാന്‍ തുടങ്ങിയതുമുതലാണ് വസൂരി, ക്ഷയം തുടങ്ങിയ പല മൃഗജന്യ രോഗാണുക്കളും മനുഷ്യരിലേക്ക് ചേക്കേറിയതെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
പലപ്പോഴും ഈ സുഷ്മജീവികള്‍ക്ക് ജനിതക ഘടനകള്‍ പ്രകാരം മനുഷ്യരിലേക്ക് നേരിട്ടെത്താന്‍ സാധ്യമല്ല. ഈ സാഹചര്യങ്ങളില്‍ ഇവ ഇടനിലക്കാരായ (Inter mediate host) മറ്റു ജന്തുക്കളുടെ "പാലം ' വഴി യാണ് മനുഷ്യരിലെത്താന്‍ പാസ്‌പോര്‍ട്ട് നേടുന്നത്. ( മെരുക്, പന്നി, ഈനാംപേച്ചി- PangoLin തുടങ്ങിയവ). അപ്പോള്‍ ഇവ നേരിട്ട് മനുഷ്യരിലേക്ക് പകരാതെ ഇടനിലക്കാരായ മറ്റു ജീവികളിലൂടെ മനുഷ്യരിലെത്തുന്നു. സാര്‍സ്1 മെരുക് വഴിയും സാര്‍സ് 2 ഈനാംപേച്ചി വഴിയും മെർസ് ഒട്ടകങ്ങള്‍ വഴിയുമാണ് മനുഷ്യരിലെത്തിയത്. അതിനാല്‍ ഇടനിലക്കാരെയും അവയുടെ ട്രാന്‍സ്മിഷനെ സഹായിക്കുന്ന ഘടകങ്ങളെയും തിരിച്ചറിയുന്നത്, പുതിയ രോഗങ്ങള്‍ തടയുന്നതില്‍ പ്രധാനമാണ്. മെരുക്, ഈനാംപേച്ചി തുടങ്ങിയവയെ വളര്‍ത്തുന്നതും വേട്ടയാടി കിട്ടുന്ന വന്യമൃഗങ്ങളുടെ മാംസം (Bushmeat) മാസം, എക്‌സോട്ടിക്ക് ഭക്ഷണമാക്കുന്നതും, രാജ്യാന്തര വന്യമൃഗ വ്യാപാരങ്ങളും ഇതിന് വഴിയൊരുക്കുന്നു.
മനുഷ്യരില്‍ തീര്‍ത്തും മാരകമായ റാബീസ് വൈറസുകള്‍ വവ്വാലുകളില്‍ മരണം ഉണ്ടാക്കുന്നില്ല. വവ്വാലുകളെ ഇതിനായി പരിശോധിക്കുമ്പോള്‍ അവയില്‍ റാബീസിനെതിരെ പ്രതിരോധ "ആന്റി ബോഡികള്‍ ' കണ്ടെത്താറുമുണ്ട്
രോഗകാരികളായ വൈറസുകളെ വഹിക്കുന്ന വവ്വാലുകളുടെ പ്രത്യേകതകള്‍ ഇപ്പോള്‍ എപ്പിഡമിയോജിയുടെ പഠന വിഷയമാണ്. അവ ഇതൊക്കെയാണ്:
1. ശരീരത്തില്‍ വൈറസ് ബാധയുണ്ടായാലും ക്ലിനിക്കലായി രോഗലക്ഷണം ഉണ്ടാകാത്ത അവസ്ഥ: ഏതു തരം വൈറസുകള്‍ ശരീരത്തെ ബാധിച്ചാലും രോഗലക്ഷണമുണ്ടാകാതെ ആരോഗ്യത്തോടെ ഇവ അവയുടെ സ്വാഭാവിക "വാഹകരായി' തീരുന്ന അവസ്ഥ ഈ വൈറസുകളുടെ അതിജീവനത്തെ നന്നായി സഹായിക്കുന്നു. ഉദാ: നിപ വൈറസ്. മനുഷ്യരില്‍ തീര്‍ത്തും മാരകമായ റാബീസ് വൈറസുകള്‍ വവ്വാലുകളില്‍ മരണം ഉണ്ടാക്കുന്നില്ല. വവ്വാലുകളെ ഇതിനായി പരിശോധിക്കുമ്പോള്‍ അവയില്‍ റാബീസിനെതിരെ പ്രതിരോധ "ആന്റി ബോഡികള്‍ ' കണ്ടെത്താറുമുണ്ട്. മുമ്പ് പരാമര്‍ശിക്കപ്പെട്ട ധാരാളം ഊര്‍ജം ഉപയോഗിച്ച് പറക്കുന്ന സമയങ്ങളിലെ ശരീരത്തിലെ ഉയര്‍ന്ന താപാവസ്ഥയില്‍ വൈറസുകള്‍ക്ക് എണ്ണത്തില്‍ പെരുകാന്‍ പറ്റാതാകുന്നു. ശരീരത്തിലെ അധികം പെറ്റുപെരുകാനനുവദിക്കാത്ത ചെറിയ വൈറല്‍ ലോഡും ഹൈബര്‍നേഷന്‍ സമയങ്ങളിലുണ്ടാക്കുന്ന പ്രതിരോധ സംവിധാനങ്ങളുടെ വ്യതിയാനങ്ങളും ശരീരത്തിലോ കോശങ്ങളിലോ ‘അസാധാരണ പാത്തോളജി' മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. ഈ സിദ്ധികളാണ് അവയെ "വൈറല്‍ ' വാഹകരായിരുന്നിട്ടും രോഗമുക്തരാക്കുന്നതെന്നാണ് ശാസ്തജ്ഞരുടെ നിഗമനം.

2. ആതിഥേയ വാഹകര്‍ (Host), എന്ന നിലയിലുള്ള ബാലന്‍സ് ചെയ്ത - തുലനാവസ്ഥയിലുള്ള പ്രതിരോധ - സഹന വ്യവസ്ഥയാണ് ഇവക്കുള്ളത്.
വവ്വാലിന്റെ ശരീരത്തിലെ ആന്തരിക രാസജീവന പ്രക്രിയകള്‍ ഏതു സാഹചര്യത്തിലും സ്ഥിരമായി നിലനിര്‍ത്താന്‍ പറ്റും (Homeostasis). ഉദാ: വവ്വാലിന്റെ രക്തസമ്മര്‍ദ്ദം ഏതു സാഹചര്യത്തിലും വ്യതിയാനപ്പെടാത്തതാണ്. ശരീരത്തിലെ സുരക്ഷാ വ്യവസ്ഥകളും രോഗപ്രതികരണങ്ങളും പരസ്പരം ട്യൂണ്‍ ചെയ്ത് തുലനം ചെയ്തു വെച്ചതാണ്. അതിന്റെ തെളിവാണ് ദീര്‍ഘായുസ് ഉണ്ടായിരുന്നിട്ടും അതിനനുസരിച്ച് ഭൗതികമോ, രാസപരമോ ആയ insult കള്‍ ഉണ്ടായിട്ടും വളരെ കുറഞ്ഞ തോതില്‍ മാത്രം കാന്‍സര്‍ ബാധകളേ ഇവയില്‍ കാണപ്പെടുന്നുള്ളൂ.
3. ഉയര്‍ന്ന തോതിലുള്ള രോഗപ്രതിരോധ സംവിധാനങ്ങള്‍: വവ്വാലുകളുടെ കോശങ്ങളില്‍ ധാരാളം ഇന്റര്‍ഫെറോണ്‍ സ്റ്റിമുലേറ്റിങ് ജീനുകളുള്ളതിനാല്‍ പ്രതികൂലാവസ്ഥകളില്‍ / രോഗബാധ ഉണ്ടാകുമ്പോള്‍ ഇവയില്‍ ഇന്‍ഫ്‌ളമേഷന്റെ/വീക്കത്തിന്റെ ഭാഗമായി കുറച്ചുമാത്രം സൈറ്റോകൈനുകള്‍ മാത്രമേ ഉൽപ്പാദിപ്പിക്കപ്പെടൂ. കോവിഡ് ബാധിതരില്‍ പ്രതിപ്രവർത്തത്തിന്റെ ഫലമായി സൈറ്റോ കൈനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനനുസരിച്ചാണ് രോഗലക്ഷണങ്ങളും, അവയവ നാശങ്ങളും സംഭവിക്കുന്നത്. വവ്വാലുകളില്‍ രോഗകാരിയായ പല വൈറസുകള്‍ക്കെതിരേയും പ്രതിരോധ ജനിതക വസ്തുക്കളുണ്ട്. ഇവയുടെ ശരീരത്തില്‍ നശിച്ച കോശങ്ങളേയും രോഗാണുക്കളേയും (Dead cells) സ്വയം "വിഴുങ്ങി ' നശിപ്പിക്കാനുള്ള സംവിധാനങ്ങളും ഡി.എന്‍.എ. നാശങ്ങള്‍ തടയുന്ന /ചെക്ക് ചെയ്യുന്ന മാര്‍ഗങ്ങളും വവ്വാലുകളില്‍ ഇന്‍ ബില്‍ഡ് ആയി ഉണ്ട്.
4. പ്രതിരോധ സഹന വ്യവസ്ഥ: ഇവയിലെ ജനിതകവസ്തുക്കള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളിലെ ദീര്‍ഘവും ശക്തവുമായ പരിണാമത്തിന്റെ പോസിറ്റീവ് സെലക്ഷനിലൂടെ രൂപപ്പെട്ടതാണ്. മനുഷ്യരെ അപേക്ഷിച്ച് സ്വാഭാവിക (innate) ടി.സെല്‍ പ്രതിരോധ കോശങ്ങള്‍ (Immune T Cells) വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതുമാണ്. പരീക്ഷണത്തിന് ഇവയില്‍ ജപ്പാനിസ് എന്‍സേഫലൈറ്റിസ് വൈറസുകള്‍ കുത്തിവെച്ച് നിരീക്ഷിച്ചപ്പോള്‍ മുന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും അവയുടെ രക്തത്തില്‍ നിന്ന് അവയെ കണ്ടെത്താനായതല്ലാതെ രോഗ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല എന്നു കണ്ടിട്ടുണ്ട്. ആയുർദൈർഘ്യമനുസരിച്ച് വളരെക്കാലം വൈറസുകളുടെ വാഹകരാകാന്‍ കഴിയുമെന്നതിനാലും മൈഗ്രേഷന്റെ ഭാഗമായി കിലോമീറ്ററുകള്‍ പറക്കുന്നതിനാലും ഇവയുടെ വ്യാപന ശേഷി വിശാലമാണ്. കൂടാതെ ‘എക്കോ ലോക്കേഷന്റെ' ഭാഗമായി ശബ്ദ വീചികള്‍ ഉണ്ടാക്കുന്നതിനാല്‍ "ഡ്രോപ്പ് ലെറ്റുകള്‍ ' ഉണ്ടായി രോഗാണു പ്രസരണം നടക്കാനും സാധ്യത വലുതാണ്.
മനുഷ്യരില്‍ കണ്ടെത്തിയ എല്ലാ കൊറോണ വൈറസുകളും ജനിതകമായി വവ്വാലുകളുടെ വൈറസുകളുമായി സാമ്യതയുള്ളവയാണ്. അതിനാല്‍ ഇവയൊക്കെ ഇക്കോളജിക്കലായി പിറവി കൊണ്ടതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്
ജനിതക താരതമ്യ പഠനത്തിൽ, രോഗപ്രതിരോധ ജീനുകളിലും മനുഷ്യരും വവ്വാലുകളും തമ്മില്‍ ‘ജന്മാന്തര ബന്ധം’ പോലെ കുറെഫൈലോജനിക്ക് ബന്ധങ്ങളുണ്ട്. അതിനാല്‍ അവയില്‍ നിന്ന് വൈറസുകള്‍ക്ക് നമ്മിലേക്ക് പടരാന്‍ ധാരാളം നൂൽബന്ധങ്ങളുമുണ്ട്. മനുഷ്യരില്‍ കണ്ടെത്തിയ എല്ലാ കൊറോണ വൈറസുകളും ജനിതകമായി വവ്വാലുകളുടെ വൈറസുകളുമായി സാമ്യതയുള്ളവയാണ്. അതിനാല്‍ ഇവയൊക്കെ ഇക്കോളജിക്കലായി പിറവി കൊണ്ടതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
തലകീഴായി തൂങ്ങിനില്‍ക്കുന്ന വവ്വാലുകളില്‍ നിന്ന് ഇരുകാലില്‍ നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യര്‍ കുറെ അതിജീവന പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. അവ പുതിയ രോഗങ്ങളുടെ കലവറയാണ്. വൈറസുകള്‍ക്ക് അതിര്‍ത്തികളില്ല; അതുപോലെ തന്നെ അതിവേഗം ദൂരം കീഴടക്കുന്ന വവ്വാലുകള്‍ക്കും. അതിനാല്‍ ആഗോള തലത്തില്‍ ഏകാരോഗ്യത്തിന് (One Health) ഈ തിരിച്ചറിവുകള്‍ ഉള്‍ക്കൊണ്ട പ്രവര്‍ത്തനം ആവശ്യമാണ്. വൈറസുകളിലുണ്ടാവുന്ന ഒരു ‘മ്യൂട്ടേഷന്റെ' അകലമേ ലോകത്തില്‍ അടുത്ത പാൻഡമിക്കിനുള്ള ഇടവേള ആയി ഉള്ളൂ എന്ന് തിരിച്ചറിയുകയും അതിന്റെ അപകട സാധ്യത മനസ്സിലാക്കി വിവേചനത്തോടെ പ്രവർത്തിക്കുകയുമാണ് ലോക രാജ്യങ്ങളിലെ മനുഷ്യർ ചെയ്യേണ്ടത്. ▮