Wednesday, 29 March 2023

കവിത


Text Formatted
vinod
ടി.പി. വിനോദ്

 

അവിശ്വാസവും തലമുറകളും​​​​​​​

ഥയൊന്നും ഓര്‍മ്മയില്ലെങ്കില്‍
അച്ഛന്റെ പണ്ടു പണ്ടത്തെ
എന്തെങ്കിലും കാര്യം
പറഞ്ഞാല്‍ മതിയെന്ന് മോള്‍.

പറയാനോര്‍മ്മ വന്നത്
പണ്ടത്തെ ആ പണ്ട്
ദിവസവും രാവിലെ
സ്‌ക്കൂളിന് മുന്നിലെ
ഗോവിന്ദേട്ടന്റെ പീടികയില്‍ നിന്ന്
അഞ്ച് പൈസയ്ക്ക്
പേനയില്‍ മഷി നിറയ്ക്കുന്ന
കാര്യവും കാലവും.

പറഞ്ഞുവന്നപ്പോഴാണോര്‍ത്തത് -
ഇപ്പറയുന്ന ഇതിവൃത്തത്തിന്റെ
ഏത് കണികയെയാവും
ആറുവയസ്സുകാരിക്ക്
മനസ്സിലാക്കാനോ 
വിശ്വസിക്കാനോ സാധിക്കുക?

ഗോവിന്ദേട്ടന്‍ ഇപ്പോഴില്ല.
അഞ്ചുപൈസ പ്രാബല്യത്തിലും
പ്രയോഗത്തിലുമില്ല.
ദിവസവും പീടികയില്‍ പോയി
പേനയില്‍ മഷി നിറയ്ക്കുന്നതിന്റെ
പ്രാചീനമായ പ്രായോഗികതയെ
എങ്ങോട്ടോ തിരക്കിട്ട് പോകുന്നതിനിടയില്‍
ലോകം ഈസിയായി 
ഓവര്‍ടേക്ക് ചെയ്തിട്ടുണ്ട്.

പ്രതീക്ഷിച്ചതുപോലെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
ആറുവയസ്സുകാരിക്ക്
ഇതേപ്പറ്റിയുണ്ടായ
സംശയങ്ങള്‍ക്കൊന്നിനും എനിക്ക്
വൃത്തിയുള്ള ഉത്തരങ്ങളില്ലായിരുന്നു.
സ്‌ക്കൂളല്ലേ, ദിവസവും എഴുതണ്ടേ,
എന്ന ന്യായം മാത്രം അവള്‍ക്ക്
ബോധ്യപ്പെട്ടതായി തോന്നി.

ഹൈസ്‌ക്കൂളിലേക്കുള്ള 
ഒന്‍പത് കിലോമീറ്റര്‍ ദൂരം
അങ്ങോട്ടും ഇങ്ങോട്ടും
നടന്നുപോയി വന്ന് 
പഠിച്ചതിനെപ്പറ്റി
അമ്മ പറഞ്ഞിരുന്നപ്പോഴത്തെ
അനിയത്തിയുടെയും എന്റെയും
അവിശ്വാസം കലര്‍ന്ന 
അമ്പരപ്പിനെ ഞാന്‍ ഓര്‍ത്തു.
അത്രയും ദൂരം ഒറ്റ നടപ്പായി
നടന്നിരുന്നെങ്കില്‍ അമ്മയ്ക്ക് 
യൂറോപ്പിലോ ധ്രുവപ്രദേശങ്ങളിലോ
എത്താമായിരുന്നുവെന്ന് 
ഇപ്പോള്‍ കണക്ക് കൂട്ടുമ്പോള്‍
ഒന്നുകൂടി അമ്പരക്കുന്നു.

അവിശ്വസനീയമായ വിധത്തില്‍
എന്തെങ്കിലും ചെയ്യുക എന്നാല്‍
അഭിമാനമോ സംതൃപ്തിയോ 
തോന്നേണ്ട സംഗതിയല്ലേ?
എന്നിട്ടും,
ഇനിവരുന്നവര്‍ക്കുള്ള
അവിശ്വാസത്തെ ജീവിക്കുകയാണെന്ന്
ഇപ്പോഴത്തെ നമ്മളെ
തിരിച്ചറിഞ്ഞാഘോഷിക്കാത്തതെന്താണ് 
നമ്മള്‍?

കാല(ഹരണ)ത്തില്‍ തിളപ്പിച്ച് വാര്‍ത്താല്‍
അവിശ്വസനീയതയ്ക്കും
പരാജയത്തിന്റെ രുചിയാണോ?

ടി.പി. വിനോദ്

കവി. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍, അല്ലാതെന്ത് എന്നീ കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിതകള്‍ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Audio