തൃക്കാക്കര ഇലക്ഷൻ
കെ. കണ്ണൻ
തൃക്കാക്കര നല്‍കിയത് ഒരു യഥാർഥ
പ്രതിപക്ഷത്തിനുവേണ്ടിയുള്ള ഭൂരിപക്ഷം
പോളിംഗിനോട് വോട്ടര്‍മാര്‍ പ്രകടിപ്പിച്ച ഉന്മേഷക്കുറവിനെ മറികടക്കുന്നതാണ്, തൃക്കാക്കരയില്‍ ഉമ തോമസ് നേടിയ ചരിത്ര ഭൂരിപക്ഷം. അത്, കോണ്‍ഗ്രസിനുള്ളത് എന്നതിനേക്കാള്‍, സംസ്ഥാനത്തെ പ്രതിപക്ഷത്തിനുള്ള ഭൂരിപക്ഷം കൂടിയാണ്. ഇന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്ന ഒരു യഥാര്‍ഥ പ്രതിപക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ഭൂരിപക്ഷമാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിച്ച പ്രധാന മുദ്രാവാക്യം, ‘ഉറപ്പാണ് നൂറ്', ജനാധിപത്യത്തെ സംബന്ധിച്ച് ഒരു അസംബന്ധമായിരുന്നു; മാത്രമല്ല, 140ലെ നൂറ് അപകടകരമായ ഒരാത്മവിശ്വാസം കൂടിയാകുന്നു, കേരളത്തെ സംബന്ധിച്ച്. ഈ അസംബന്ധത്തെയും അപകടകരമായ ആത്മവിശ്വാസത്തെയും തകര്‍ത്തുകളഞ്ഞു എന്നതാണ്, ഉമ തോമസിന്റെ ചരിത്രവിജയത്തിന്റെ പ്രസക്തി.
കഴിഞ്ഞ തവണ, പി.ടി. തോമസിന് ലഭിച്ച 14,329 വോട്ടിന്റെ ഭൂരിപക്ഷത്തെ ഉമ, 25,016 ആയി ഉയര്‍ത്തി. പി.ടി. തോമസ് നേടിയ 59,839 വോട്ട് 72,770 വോട്ടാക്കി മാറ്റി. സി.പി.എം കഴിഞ്ഞ തവണ നേടിയ 45,510 വോട്ട് അല്‍പമുയര്‍ത്തി, 47,754 വോട്ടാണ് ഇത്തവണ എല്‍.ഡി.എഫിന്. 2021ല്‍ 15,483 വോട്ട് നേടിയ ബി.ജെ.പി ഇത്തവണ 12,957ലേക്ക് ചുരുങ്ങി. കഴിഞ്ഞതവണ 13897 വോട്ട് നേടിയ ട്വൻറി 20 ഇത്തവണ രംഗത്തുണ്ടായിരുന്നില്ല.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ പൂര്‍ണമായും ഒരു രാഷ്ട്രീയമത്സരമാക്കേണ്ട സന്ദര്‍ഭങ്ങള്‍ നിരവധിയായിരുന്നു. അതിലൂടെ, ഈ മണ്ഡലത്തിനുമേല്‍ ആരോപിക്കപ്പെടുന്ന അരാഷ്ട്രീയതക്കും ട്വന്റി 20 പോലുള്ള അരാഷ്ട്രീയ പ്രകടനങ്ങള്‍ക്കും മറുപടി നല്‍കാനും കഴിയുമായിരുന്നു
തൃക്കാക്കര ഒരു സാധ്യതയായിരുന്നു; പക്ഷേ...
ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സാധ്യത, അതിനെ തികഞ്ഞ രാഷ്ട്രീയ മത്സരമാക്കി മാറ്റാം എന്നതാണ്. കാരണം, മുന്നണികള്‍ക്കും പാര്‍ട്ടികളും ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, അവിടത്തെയും സംസ്ഥാനത്തെയും ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാം, എല്‍.ഡി.എഫിന് സര്‍ക്കാറിന്റെ നിലപാടുകള്‍ വിശദീകരിക്കാം, പാളിച്ചകള്‍ ജനങ്ങളോട് തുറന്നുപറയാം. പ്രതിപക്ഷത്തിന് തങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാം. ബി.ജെ.പിക്ക്, രണ്ടുമുന്നണികളെയും എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന്റെ ന്യായം നിരത്താം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്ന സന്ദര്‍ഭവും കേരളത്തിന്റെ കക്ഷിരാഷ്ട്രീയത്തില്‍ മാത്രമല്ല, വികസന രാഷ്ട്രീയത്തെ സംബന്ധിച്ചും പ്രധാനപ്പെട്ട ഒന്നായിരുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാവികേരളത്തിനുവേണ്ടി ഒരു വികസന നയരേഖ അവതരിപ്പിച്ച സന്ദര്‍ഭമാണിത്. കെ റെയില്‍ എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ഒരു പദ്ധതിയുടെ പേരില്‍, വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭമാണിത്.

യു.ഡി.എഫ് ആണെങ്കില്‍, ഈ വികസന നയത്തെ നിശിതമായി എതിര്‍ത്തുകൊണ്ട് തെരുവിലാണ്. കോണ്‍ഗ്രസിലാണെങ്കില്‍, സംഘടനാപരമായി സംഭവിച്ച തലമുറമാറ്റത്തിന്റെ സര്‍വ ഊര്‍ജവും പ്രകടിതമാകേണ്ട സന്ദര്‍ഭം. (പി.ടി. തോമസിനെ ഓര്‍മയില്‍ കൊണ്ടുവന്ന് വികസനം എന്ന വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല, കാരണം, പി.ടി. തോമസ് പാര്‍ട്ടിയെ സംബന്ധിച്ച് നിലപാടുകളിലെ ‘ശരികേടു'കള്‍ക്ക് ശിക്ഷിക്കപ്പെട്ട ഒരു നേതാവാണ്).
വിദ്യാഭ്യാസ- തൊഴില്‍ മേഖലയെക്കുറിച്ചുള്ള ഒരു ക്രിയാത്മകസംവാദത്തിന് നല്ല സ്‌പെയ്‌സുള്ള ഒരു മണ്ഡലമാണിത്. കാരണം, പുതിയ തലമുറക്ക് പുത്തന്‍ തൊഴില്‍മേഖല പ്രദാനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. പൊതുഗതാഗതത്തെക്കുറിച്ചും ജനപക്ഷ ബ്യൂറോക്രസിയെക്കുറിച്ചും ജനകീയമായ നഗരവികസനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാം. തൃക്കാക്കരയുടെ തന്നെ തദ്ദേശീയമായ പ്രശ്‌നങ്ങള്‍ കൂടിയാണിത് എന്നും ഓര്‍ക്കണം. ഇവയിലൊന്നുപോലും വോട്ടര്‍മാര്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെട്ടില്ല.
ഇത്തരം രാഷ്ട്രീയസന്ദര്‍ഭങ്ങള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ പൂര്‍ണമായും ഒരു രാഷ്ട്രീയമത്സരമാക്കേണ്ടതായിരുന്നു. അതിലൂടെ, ഈ മണ്ഡലത്തിനുമേല്‍ ആരോപിക്കപ്പെടുന്ന അരാഷ്ട്രീയതക്കും ട്വന്റി 20 പോലുള്ള അരാഷ്ട്രീയ പ്രകടനങ്ങള്‍ക്കും മറുപടി നല്‍കാനും കഴിയുമായിരുന്നു. എന്നാല്‍, സംഭവിച്ചത് എന്താണ്?
സര്‍ക്കാറിന്റെ ഒരു സ്വപ്‌നപദ്ധതി, ജനങ്ങളെ സംബന്ധിച്ച് ഒരു ദുഃസ്വപ്‌നമാണെന്ന തിരിച്ചറിവ്, വോട്ടുചോദിച്ച് ജനങ്ങള്‍ക്കുമുന്നിലെത്തിയപ്പോഴാണ് തിരിച്ചറിയാനായത് എന്നത്, ഒരു രാഷ്ട്രീയപാര്‍ട്ടിയെ സംബന്ധിച്ച വലിയ തോല്‍വിയാണ്.
റദ്ദാക്കപ്പെട്ട പൊളിറ്റിക്കല്‍ കാമ്പയിന്‍
വികസന രാഷ്ട്രീയം ആദ്യം എല്‍.ഡി.എഫ് പ്രചാരണഅജണ്ടയില്‍ സമര്‍ഥമായി മൂടിവച്ചു. സ്വന്തം വികസനരേഖയിലെ ഒരു കാര്യം പോലും മാന്‍ഡേറ്റിനായി വിട്ടുകൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. വീണത്‌വിദ്യയാക്കി യു.ഡി.എഫും. സംസ്ഥാനത്ത്, കെ റെയിലുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ അട്ടിമറിക്കപ്പെട്ടപോലെ, തൃക്കാക്കരയിലും കെ റെയില്‍ ഒരു നിരോധിതവാക്കായി മാറി. അത്, സി.പി.എമ്മിന്റെ തോല്‍വിയുടെ തുടക്കമായിരുന്നു. സര്‍ക്കാറിന്റെ ഒരു സ്വപ്‌നപദ്ധതി, ജനങ്ങളെ സംബന്ധിച്ച് ഒരു ദുഃസ്വപ്‌നമാണെന്ന തിരിച്ചറിവ്, വോട്ടുചോദിച്ച് ജനങ്ങള്‍ക്കുമുന്നിലെത്തിയപ്പോഴാണ് തിരിച്ചറിയാനായത് എന്നത്, ഒരു രാഷ്ട്രീയപാര്‍ട്ടിയെ സംബന്ധിച്ച വലിയ തോല്‍വിയാണ്. 900ല്‍ 758 ‘മാര്‍ക്ക്' നേടിയെന്നവകാശപ്പെട്ട്, തൃക്കാക്കര റിസല്‍ട്ട് വരുന്നതിന്റെ തലേന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലും കെ റെയിലിന് ഒരുതരത്തിലും ഊന്നല്‍ നല്‍കാതിരിക്കാനുള്ള ബോധപൂര്‍വശ്രമമുണ്ടായിരുന്നു. ‘ദേശാഭിമാനി'യുടെ ‘ഫുള്‍ എ പ്ലസ്' എന്ന പ്രത്യേക പേജില്‍ കെ റെയില്‍ എന്ന വാക്കുതന്നെ കാണാനില്ല. അങ്ങനെ, വികസനത്തിന്റെ പേരില്‍ പാളിപ്പോയ ഒരു അജണ്ട സൃഷ്ടിച്ച ആശയക്കുഴപ്പമാണ് തൃക്കാക്കരയില്‍ സി.പി.എം അഭിമുഖീകരിച്ചത്. അങ്ങനെയാണ്, ജോ ജോസഫ് എന്ന, ‘സഭ സഭയുടേത് എന്നും പാര്‍ട്ടി പാര്‍ട്ടിയുടേത്' എന്നും പറയുന്ന ഒരു സ്ഥാനാര്‍ഥി ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്‌നത്തില്‍ വരുന്നത്.

അങ്ങനെ, തൃക്കാക്കരയിലെ ഒരു ‘പൊട്ടന്‍ഷ്യല്‍ അപൊളിറ്റിക്കല്‍- കമ്യൂണല്‍' സാഹചര്യം, കാമ്പയിനിലും ആധിപത്യം നേടി. ട്വന്റി 20- ആം ആദ്മി പാര്‍ട്ടി സഖ്യം തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നതാണ്, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും തന്ത്രപരമായ നീക്കമായി വിശേഷിപ്പിക്കാവുന്നത്. കാരണം, കാണാമറയത്തെ ഈ കളി എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ട്വന്റി 20 നേടിയ 13,897 വോട്ട്, ഇരുമുന്നണികളും തമ്മിലുള്ള ഭൂരിപക്ഷത്തിന് ഏതാണ്ട് തുല്യമായ സംഖ്യയും ശതമാനവുമായിരുന്നു. യഥാര്‍ഥത്തില്‍, ഈയൊരു കണക്കിന്മേലാണ്, തൃക്കാക്കരയില്‍ ഇലക്ഷന്‍ അണ്ടജ സെറ്റ് ചെയ്യപ്പെട്ടത്, അങ്ങനെ ബോധപൂര്‍വം കൃത്യമായ ഒരു പൊളിറ്റിക്കല്‍ വോട്ടിംഗിനുള്ള സാഹചര്യം തുടക്കത്തിലേ റദ്ദാക്കപ്പെട്ടു.
കാമ്പയിന്റെ സ്വഭാവം നോക്കിയാല്‍, എല്‍.ഡി.എഫിനൊപ്പം, യു.ഡി.എഫും, ബി.ജെ.പിയും അടങ്ങുന്ന ഒരു ഐക്യമുന്നണിയെയാണ് കാണാന്‍ കഴിയുക. വര്‍ഗീയതയായിരുന്നു ഈ കാമ്പയിന്റെ പ്രധാന ഫാക്ടര്‍. ജാതിയും മതവും സമുദായവും സഭയും പച്ചക്കുതന്നെ പ്രകടമായി. പാര്‍ട്ടികളുടെയും നേതാക്കളുടെയും വംശീയതയും സ്ത്രീവിരുദ്ധതയും പരസ്യമാക്കപ്പെട്ടു. ബി.ജെ.പിയുടെ ആശീര്‍വാദത്താല്‍ ബലപ്പെട്ട ക്രിസ്ത്യന്‍- മുസ്‌ലിം ഭിന്നത, ഒരു ടെസ്റ്റ് ഡോസായി ഉപയോഗിക്കപ്പെട്ടു. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആ കുട്ടി വിളിച്ച വിദ്വേഷമുദ്രാവാക്യം, തൃക്കാക്കരയില്‍ വീണ്ടും വീണ്ടും ‘വിളിക്ക'പ്പെട്ടു. പി.സി. ജോര്‍ജിനെപ്പോലൊരു ജനവിരുദ്ധപ്രതീകത്തെ മുന്‍നിര്‍ത്തിയാണെങ്കിലും, അത് തുറന്നുവച്ച അപകടസാധ്യത ഇരുമുന്നണികള്‍ക്കും അഡ്രസ് ചെയ്യാനായില്ല. കോണ്‍ഗ്രസിലിരുന്ന് സി.പി.എമ്മിനുവേണ്ടി കാമ്പയിനെത്തിയ കെ.വി. തോമസിനുപോലും തന്റെ രാഷ്ട്രീയം പറയാന്‍ വാ തുറക്കാന്‍പോലുമായില്ല.
പാര്‍ട്ടിക്കും എറണാകുളത്തുള്ള പാര്‍ട്ടി വോട്ടുബാങ്കുകള്‍ക്കും അത്ര അഭിമതനായ ഒരാളായിരുന്നില്ല പി.ടി. തോമസ് എങ്കിലും, ഉമ തോമസിന്, തന്റെ ‘ഡിപ്ലോമസി'കൊണ്ട് ഇതിനെ മറികടക്കാനായി.
പിണറായി സര്‍ക്കാറും ഒരു സ്ഥാനാര്‍ഥിയായിരുന്നു
സര്‍ക്കാര്‍ നിലപാടുകള്‍ക്കുള്ള മാന്‍ഡേറ്റ് ആയിരിക്കണമെന്നില്ല, ഒരു ഉപതെരഞ്ഞെടുപ്പുഫലം. ജയിച്ചിരുന്നുവെങ്കില്‍, എല്‍.ഡി.എഫ് അങ്ങനെ അവകാശപ്പെടുമായിരുന്നുവെങ്കിലും. എന്നാല്‍, തൃക്കാക്കരയില്‍ പിണറായി വിജയന്റെ സര്‍ക്കാറും ഒരു സ്ഥാനാര്‍ഥിയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും അടക്കമുള്ള ഭരണകൂട സന്നാഹം വോട്ടര്‍മാരെ നേരിട്ടുകണ്ടാണ് വോട്ടഭ്യര്‍ഥിച്ചത്. ഈ ഭരണകൂട സാന്നിധ്യം, വോട്ടര്‍മാരെ ഒട്ടും സ്വാധീനിച്ചില്ല എന്നാണ് റിസല്‍ട്ട്‌തെളിയിച്ചത്. അതിനെ, സര്‍ക്കാറിനോടുള്ള ഒരുതരം രാഷ്ട്രീയ വിയോജിപ്പുകൂടിയായി പരിഗണിക്കേണ്ടതുണ്ട്.
തുടര്‍ച്ചയായി യു.ഡി.എഫ് ജയിച്ചുവരുന്ന മണ്ഡലമാണെങ്കിലും, ഒരു ജയം തീരുമാനിച്ചുറപ്പിച്ചാണ് എല്‍.ഡി.എഫ് തുടങ്ങിയത്. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കന്മാരുടെ ആംഗ്യങ്ങളില്‍ വരെ ഈ പ്രതീക്ഷ തുടിച്ചുനിന്നിരുന്നു. (വോട്ടെണ്ണിലിന്റെ പാതി പിന്നിടും മുമ്പുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ ‘അപ്രതീക്ഷിതം' എന്ന ഞെട്ടല്‍ ഈ പ്രതീക്ഷയുടെ ചരമവാക്യം കൂടിയായിരുന്നല്ലോ). പോളിങ് കുറഞ്ഞതോടെ, യു.ഡി.എഫിനുപോലും ഒരുതരം ആത്മവിശ്വാസക്കുറവ് പ്രകടമായി. അവര്‍ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം 5000 വോട്ടില്‍ വരെയെത്തി. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ട് ചെയ്തത്, 68.75 ശതമാനം. കഴിഞ്ഞതവണ 70.39 ശതമാനമായിരുന്നു.
യു.ഡി.എഫ് കേന്ദ്രങ്ങളായ നഗരബൂത്തുകളില്‍, പ്രത്യേകിച്ച്, കഴിഞ്ഞതവണ പി.ടി. തോമസിന് മുന്നേറ്റം നല്‍കിയ ഇടങ്ങളിലാണ് പ്രധാനമായും പോളിങ് കുറഞ്ഞത്. അതേസമയം, സി.പി.എമ്മിന് സ്വാധീനമുള്ള ചളിക്കവട്ടം, വൈറ്റില, വെണ്ണ ഭാഗങ്ങളില്‍ പോളിങ് ഉയരുകയും ചെയ്തു. ഇത്തരം പ്രവണതകള്‍, റിസല്‍ട്ടിന്റെ സൂചനകളായി എണ്ണുന്ന മാധ്യമവിശകലനം പരാജയപ്പെട്ടു.
ഇത്തവണ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഉമ തോമസ്, പി.ടി. തോമസ് കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലേറെ നേടി മുന്നിലായിരുന്നു.

വിജയം കോണ്‍ഗ്രസിന്റേതോ പ്രതിപക്ഷത്തിന്റേതോ?
ഈ വിജയം എത്രത്തോളം കോണ്‍ഗ്രസിന്റേതാണ്?
തീര്‍ച്ചയായും അനുകൂലഘടകങ്ങള്‍ ഏറെയായിരുന്നു. പാര്‍ട്ടിക്കും എറണാകുളത്തുള്ള പാര്‍ട്ടി വോട്ടുബാങ്കുകള്‍ക്കും അത്ര അഭിമതനായ ഒരാളായിരുന്നില്ല പി.ടി. തോമസ് എങ്കിലും, ഉമ തോമസിന്, തന്റെ ‘ഡിപ്ലോമസി'കൊണ്ട് ഇതിനെ മറികടക്കാനായി. മരിച്ച എം.എല്‍.എയുടെ ഭാര്യ എന്നൊരു ‘സൗജന്യ'ത്തേക്കാളേറെ ഉമക്ക് തുണയായത്, തന്റെ കോണ്‍ഗ്രസ് ജീവിതം സമ്മാനിച്ച തഴക്കങ്ങളാണ്. വി.ഡി. സതീശന്‍ നേതൃത്വം നല്‍കിയ പുതിയ നേതൃത്വത്തിന്, പുതിയ രാഷ്ട്രീയമൊന്നും മുന്നോട്ടുവക്കാന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കേ, നിസ്സംഗമായ ഒരു തുടര്‍വിജയമായി മാറേണ്ടതായിരുന്നു, ഉമ തോമസിന്റേത്. എന്നാല്‍, അവര്‍ നേടിയ 25,016 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം, പോളിംഗിനോട് വോട്ടര്‍മാര്‍ പ്രകടിപ്പിച്ച ഉന്മേഷക്കുറവിനെ മറികടക്കുന്നതാണ്. അത്, കോണ്‍ഗ്രസിനുള്ളത് എന്നതിനേക്കാള്‍, സംസ്ഥാനത്തെ പ്രതിപക്ഷത്തിനുള്ള ഭൂരിപക്ഷം കൂടിയാണ്, ഇന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്ന ഒരു യഥാര്‍ഥ പ്രതിപക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ഭൂരിപക്ഷമാണ്.
തങ്ങളോടുതന്നെ മത്സരിച്ച് ജയിക്കേണ്ട ഒരു തെരഞ്ഞെടുപ്പുഫലമാണ് തൃക്കാക്കര സി.പി.എമ്മിനും പിണറായി വിജയന്റെ സര്‍ക്കാറിനും നല്‍കിയിരിക്കുന്നത്.
തൃക്കാക്കര ഇങ്ങനെയായിരുന്നു
തൃക്കാക്കര ഒരു ഉപരിമധ്യവര്‍ഗ മണ്ഡലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വോട്ടര്‍മാരുടെ വര്‍ഗഘടനയും ട്വന്റി 20യുടെയും ബി.ജെ.പിയുടെയും വോട്ടുശതമാനത്തിലെ വര്‍ധനയും യു.ഡി.എഫിന് സ്ഥിരമായി ലഭിക്കുന്ന മേല്‍ക്കൈയും ഈ വാദത്തിന് അടിവരയിടുന്നുമുണ്ട്. ഇത്തവണ, 61,463 പേരാണ് തൃക്കാക്കരയില്‍ വോട്ട് ചെയ്യാന്‍ എത്താതിരുന്നത്.
2011ല്‍ രൂപീകരിക്കപ്പെട്ട തൃക്കാക്കര മണ്ഡലം, തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോര്‍പറേഷനിലെ ഇടപ്പള്ളി, വൈറ്റില സോണുകളിലെ 22 ഡിവിഷനുകളും ചേര്‍ന്നതാണ്. കോണ്‍ഗ്രസിന് ഉറച്ച ബേസുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വോട്ടുശതമാനം കുറഞ്ഞുവരികയായിരുന്നു. 2011ല്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ 55.88 ശതമാനം വോട്ട് നേടി സി.പി.എമ്മിലെ എം.ഇ. ഹസനാരെ തോല്‍പ്പിച്ചു. എല്‍.ഡി.എഫിന് കിട്ടിയത് 36.87 ശതമാനം വോട്ടാണ്, ബി.ജെ.പിക്ക് 5.04 ശതമാനവും.

2016ല്‍ പി.ടി. തോമസ് ആദ്യമായി മത്സരിച്ചപ്പോള്‍ വോട്ട് ശതമാനം 45.42 ആയി. സി.പി.എമ്മിലെ സെബാസ്റ്റ്യൻ പോളിനും കുറഞ്ഞു, 36.55 ശതമാനം. ബി.ജെ.പിക്ക് 10 ശതമാനത്തിലേറെ വര്‍ധനയുണ്ടായി, 15.70 ശതമാനമായി ഉയര്‍ന്നു.
2021ല്‍ പി.ടി. തോമസിന് 43.82 ശതമാനമാണ് കിട്ടിയത്. എല്‍.ഡി.എഫിനും കുറഞ്ഞു, 33.32 ശതമാനം. ബി.ജെ.പിക്കും കുറഞ്ഞു, 11.34 ശതമാനം. പകരം ട്വന്റി 20ക്ക് 10.18 ശതമാനം വോട്ട് കിട്ടി.
ബി.ജെ.പിയും പിന്നീട് ട്വന്റി 20യും നേടുന്ന വോട്ടുശതമാനമാണ് തൃക്കാക്കരയിലെ പ്രധാന പൊളിറ്റിക്കല്‍ ഇന്‍ഡിക്കേറ്ററുകളില്‍ ഒന്ന്.
സ്വയംവിമര്‍ശനത്തിനുള്ള ഒരു പാഠം
ഒരു മുന്നണിയുടെയും പാര്‍ട്ടിയുടെയും തുടര്‍ഭരണത്തെ ജനാധിപത്യത്തിന്റെ ടൂളുപയോഗിച്ച്, അനഭിലഷണീയമായ ഒന്നായാണ് പൊതുവെ വിലയിരുത്തപ്പെടാറ്. ഇന്ത്യയില്‍, തുടര്‍ഭരണത്തിന്റെ തിരിച്ചടി ഏറ്റവും രൂക്ഷമായി നേരിടേണ്ടിവന്ന ഒരു പാര്‍ട്ടിയും മുന്നണിയും സി.പി.എമ്മും ഇടതുപക്ഷവുമാണ്. തുടര്‍ഭരണത്തിന്റെ തിരിച്ചടികള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനുണ്ടാക്കിയ തകര്‍ച്ചയേക്കാള്‍, ഭയാനകമായിരുന്നു സി.പി.എമ്മിനുണ്ടാക്കിയത്. കാരണം, കൊടുംതകര്‍ച്ചകള്‍ക്കുശേഷവും കോണ്‍ഗ്രസ് ഒരു സാന്നിധ്യവും ജനാധിപത്യത്തിലെ, ഏറ്റവുമൊടുവിലത്തെ പ്രതീക്ഷയായിപ്പോലും അവശേഷിക്കുന്നുണ്ട്. എന്നാല്‍, സി.പി.എമ്മിന്റെ സാധ്യത, ദേശീയതലത്തില്‍ ഒരു രാഷ്ട്രീയ പരിശോധനയുടെ അളവുകോലായി പോലും ഇന്ന് അവശേഷിക്കുന്നില്ല. കേരളത്തിലും, എല്‍.ഡി.എഫിന്റെ തുടര്‍ഭരണം വിമര്‍ശനപരമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആ വിമര്‍ശനങ്ങളെ ഒരുപരിധിവരെ ശരിവക്കുന്നതുമായിരുന്നു, രണ്ടാം പിണറായി സര്‍ക്കാറിന്റെ ഇതുവരെയുള്ള ഭരണവും. പ്രോഗ്രസ് റിപ്പോര്‍ട്ടിലെ തിളങ്ങുന്ന അവകാശവാദങ്ങള്‍ പരിശോധിച്ചാല്‍ അവ, എടുത്തുപറയാനില്ലാത്ത ഒരു സാധാരണ ഗവേണന്‍സിന്റെ റിസല്‍ട്ടുമാത്രമാണെന്ന് വ്യക്തമാകും.

ഇതിനെയാണ്, ഭരണകൂടത്തിന്റെ നയപരമായ പരിപ്രേക്ഷ്യമായി തിരിച്ചിടുന്നത്. ഈ കാപട്യം ജനം തിരിച്ചറിയുന്നു എന്നതിന്റെ ഒരു സൂചനയായി തൃക്കാക്കരയിലെ റിസല്‍ട്ടിനെ എല്‍.ഡി.എഫ് സര്‍ക്കാറിന് പരിഗണിക്കാം. കാരണം, തിരുത്താനാകാത്ത പാളിച്ചകളിലേക്കൊന്നും സി.പി.എം പോയിട്ടില്ല. കേരളത്തെ സംബന്ധിച്ച്, അധികാരദുര്‍വിനിയോഗത്തിന്റെയും ജനവിരുദ്ധ വികസന നയങ്ങളുടെയുമെല്ലാം യഥാര്‍ഥ പ്രതിനിധാനം യു.ഡി.എഫ് ഭരണകൂടങ്ങളായിരുന്നുവെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, കേരളത്തില്‍ ഇപ്പോഴും എല്‍.ഡി.എഫിന് അവശേഷിക്കുന്ന മത്സരം യു.ഡി.എഫുമായിട്ടുതന്നെയാണ്. എങ്കിലും, തങ്ങളോടുതന്നെ മത്സരിച്ച് ജയിക്കേണ്ട ഒരു തെരഞ്ഞെടുപ്പുഫലമാണ് തൃക്കാക്കര സി.പി.എമ്മിനും പിണറായി വിജയന്റെ സര്‍ക്കാറിനും നല്‍കിയിരിക്കുന്നത്. വികസന രാഷ്ട്രീയത്തെ ജനവിരുദ്ധമായി പ്രയോഗിക്കുന്നതില്‍നിന്ന്, അറിവിന്റെ കുത്തകവല്‍ക്കരണത്തെ മുതലാളിത്തയുക്തികൊണ്ട് പ്രയോഗവല്‍ക്കരിക്കുന്ന ജ്ഞാനസമ്പദ്‌വ്യവസ്ഥയെ ഉപാധിരഹിതമായി സ്വീകരിക്കുന്നതില്‍നിന്ന്, വിയോജിപ്പുകളെ മസില്‍പവറുകൊണ്ട് നേരിടുന്ന ആധിപത്യരാഷ്ട്രീയത്തില്‍നിന്നെല്ലാമുള്ള ഒരു എതിര്‍സഞ്ചാരത്തിന് ഈ തോല്‍വി സി.പി.എമ്മിനെ സഹായിച്ചേക്കാം.
തെരഞ്ഞെടുപ്പുമത്സരത്തിലെ ഒരു പാര്‍ട്ടിയുടെ തോല്‍വി, ജനാധിപത്യത്തിലെ വിജയമായി മാറുന്ന സന്ദര്‍ഭമാണ് തൃക്കാക്കര റിസള്‍ട്ട്. ഈയര്‍ഥത്തില്‍, ഈ വിജയം, ഒരു തിരിച്ചറിവും പാഠവും ആകേണ്ടതാണ് സി.പി.എമ്മിന്.
തെരഞ്ഞെടുപ്പുമത്സരത്തിലെ ഒരു പാര്‍ട്ടിയുടെ തോല്‍വി, ജനാധിപത്യത്തിലെ വിജയമായി മാറുന്ന സന്ദര്‍ഭമാണ് തൃക്കാക്കര റിസള്‍ട്ട്. ഈയര്‍ഥത്തില്‍, ഈ വിജയം, ഒരു തിരിച്ചറിവും പാഠവും ആകേണ്ടതാണ് സി.പി.എമ്മിന്. ഉമ തോമസിന്റെ വിജയത്തെ തുടര്‍ന്ന്, കെ റെയില്‍ കടന്നുപോകുന്ന സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ സര്‍ക്കാറിനെതിരായ പ്രതിഷേധ പ്രകടനങ്ങളും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലുമൊക്കെ നടന്നു. ഇതിനുപിന്നില്‍, തീര്‍ച്ചയായും എസ്.യു.സി.ഐക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരുമൊക്കെയുണ്ടാകാം. എന്നാല്‍, പ്രതിഷേധക്കാരിലെയും വിമര്‍ശനങ്ങളിലെയും യഥാര്‍ഥ രാഷ്ട്രീയ മനുഷ്യരെയും യഥാര്‍ഥ രാഷ്ട്രീയ നിലപാടിനെയും തിരിച്ചറിയാനാകാതെ പോകുന്നത്, തൃക്കാക്കരകള്‍ ആവര്‍ത്തിക്കാനിടയാക്കും. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.