Tuesday, 28 March 2023

ഇലക്ഷൻ അജണ്ട


Text Formatted

വികസനം തൃക്കാക്കരയിൽ
​​​​​​​ഒരു വ്യാജപദം

വികസനമാകും,​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചപ്പോൾ തൃക്കാക്കരയിലെ പ്രധാന ഇഷ്യൂ എന്നായിരുന്നു ഇരുമുന്നണികളും നൽകിയ പ്രതീതി. സംസ്​ഥാനമൊട്ടാകെ കെ റെയിലിനെ മു​ൻനിർത്തി വികസനത്തിന്റെ രാഷ്​ട്രീയം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയുള്ള ഒരു ജനവിധിയെന്ന നിലയ്​ക്ക്​, ഈ വിഷയം പ്രധാനപ്പെട്ടതുമാണ്​, ഒരു ഉപതെര​ഞ്ഞെടുപ്പിലാണെങ്കിൽ പോലും. എന്നാൽ, വികസനം തൃക്കാക്കരയിൽ ഒരു പ്രധാന വിഷയമാകാതെ പോയി.

Image Full Width
Image Caption
തൃക്കാക്കരയിലെ യു.ഡി.എഫ്​ സ്​ഥാനാർഥി ഉമ തോമസ്​, എൽ.ഡി.എഫ്​ സ്​ഥാനാർഥി ജോ ജോസഫ്​
Text Formatted

കേരളം വലിയ ശ്രദ്ധ നൽകുന്ന ഒന്നായി മാറിയിട്ടുണ്ട്​ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​. നിയമസഭയിലെ അംഗത്വം 100 തികയ്ക്കണമെന്ന തീരുമാനത്തോടെ എല്‍.ഡി.എഫും സിറ്റിംഗ് സീറ്റ് എന്ന അഭിമാന പ്രശ്നം മുൻനിർത്തി യു.ഡി.എഫും എല്ലാ ആയുധങ്ങളും പയറ്റുകയാണ്​. പ്രത്യക്ഷത്തില്‍ ഈ രണ്ട് മുന്നണികള്‍ക്കും മാത്രമാണ് തൃക്കാക്കരയില്‍ സാധ്യതയുള്ളതെങ്കിലും 2011-ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പി.യും സാന്നിധ്യമറിയിക്കാൻ മാത്രമായി മത്സരിക്കുന്നു.

എം.എല്‍.എ.യായിരുന്ന പി.ടി. തോമസ് മരിച്ചതിനെതുടർന്ന്​ ഒഴിവുവന്ന സീറ്റിൽ അ​ദ്ദേഹത്തിന്റെ പങ്കാളിയായ ഉമ തോമസ്​ മത്സരിക്കുന്നത്​ വിജയത്തിലേക്കുള്ള ഒരുറച്ചവഴിയായി കോൺഗ്രസ്​ കരുതുന്നു. മണ്ഡലം രൂപീകരിച്ച കാലം മുതല്‍ യു.ഡി.എഫിന്റെ കൈവശമിരുന്ന മണ്ഡലമാണിത്​. ആതുരസേവനരംഗത്ത് അറിയപ്പെടുന്ന ജോ ജോസഫിലൂടെ എല്‍.ഡി.എഫ്. മത്സരം തീർത്തും ലൈവാക്കിക്കഴിഞ്ഞു.

uma-thomas
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഉമ തോമസ് / Photo : Uma Thomas, fb page

തൃക്കാക്കര നഗരസഭയും കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം. ഇതില്‍ എറണാകുളം ജില്ലയുടെ ആസ്ഥനമായ കാക്കനാടും ഉള്‍പ്പെടുന്നു. അതിനാലാണ് തൃക്കാക്കര ജില്ലയിലെ പ്രധാനപ്പെട്ട മണ്ഡലമാകുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പി.ടി. തോമസിലൂടെ കോണ്‍ഗ്രസാണ്​ ജയിച്ചത്. 2011-ല്‍ കോണ്‍ഗ്രസിന്റെ ബെന്നി ബഹനാനും. ഇടതുതരംഗമുണ്ടായിരുന്ന കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ പി.ടി.യുടെ വിജയം തിളക്കമേറിയതായിരുന്നു. 2016-ല്‍ പി.ടി. എല്‍.ഡി.എഫിന്റെ സെബാസ്റ്റ്യന്‍ പോളിനെ 11,966 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചതെങ്കില്‍ 2021-ല്‍ ഭൂരിപക്ഷം 14,329 ആയി ഉയര്‍ത്തി. 

കക്ഷിരാഷ്​ട്രീയ വിവാദങ്ങൾക്കിടയിൽ ഇത്തരം അടിസ്​ഥാന ജനകീയ പ്രശ്​നങ്ങൾ തൃക്കാക്കരയുടെ പ്രധാന അജണ്ടയാകുന്നില്ല, അല്ലെങ്കിൽ, ഇവ സമർഥമായി മറച്ചുപിടിക്കപ്പെടുന്നു.

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ട്വന്റി ട്വന്റി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് വോട്ട് വിഭജന സാധ്യതകള്‍ ഇല്ലാതാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി നേടിയത് 13,000ഓളം വോട്ടും 2014-ലെ പാര്‍ലമെൻറ്​ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് നേടിയത്​ 9,000 വോട്ടുമായിരുന്നു. ഈ വോട്ട് വിഹിതം പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തലവേദനയാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഈ വോട്ടുകളെല്ലാം മുമ്പ് ഈ മൂന്ന് മുന്നണികള്‍ക്കും ലഭിച്ചിരുന്നതാണെന്ന് ഓര്‍ക്കണം. അതിനാല്‍ അവര്‍ മത്സരിക്കാതിരിക്കുന്നത് ഏതെങ്കിലും പാര്‍ട്ടിയെ സഹായിക്കുമെന്ന് കരുതാനാകില്ല. ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക അവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്നാണ് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കളായ സാബു എം. ജേക്കബും പി.സി. സിറിയകും പറഞ്ഞത്. ഈ വോട്ട് വിഹിതം തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനും എല്‍.ഡി.ഫിനും. മുന്‍കാലങ്ങളില്‍ ട്വന്റി ട്വന്റിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ഇരുമുന്നണികളും ഇത്തവണ മൃദുസമീപനം സ്വീകരിച്ചത് സ്ഥാനാര്‍ഥിയില്ലാതെ തന്നെ തങ്ങള്‍ ജയിച്ചതിന്റെ തെളിവാണെന്നാണ് സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടിയത്. 2021-ല്‍ 10.25 വോട്ട് നേടിയത് ഇത് ശരിവയ്ക്കുന്നു. ആ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസ് ഭൂരിപക്ഷം വര്‍ധിപ്പിച്ചിരുന്നെങ്കിലും ഇരു പ്രധാന മുന്നണികള്‍ക്കും വോട്ടുവിഹിതത്തില്‍ കുറവ് സംഭവിച്ചിരുന്നു.

aap
കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ട്വന്‍റി ട്വന്‍റി നേതാവ് സാബു എം. ജേക്കബ്

കഴിഞ്ഞതവണ ബി.ജെ.പി. മൂന്നാം സ്ഥാനത്തെത്തിയത് രണ്ടാമതെത്തിയ സ്ഥാനാര്‍ഥിയുടെ വോട്ടിനേക്കാള്‍ ഏറെ പിന്നിലായിരുന്നെങ്കിലും അവര്‍ പ്രചരണായുധമാക്കുന്നത് ഉമ തോമസിന്റെയും ജോ ജോസഫിന്റെയും രാഷ്ട്രീയ അനുഭവക്കുറവിനെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എസ്. സജിയെ ഒഴിവാക്കി എ.എന്‍. രാധാകൃഷ്ണന്‍ എന്ന സംസ്ഥാന വൈസ് പ്രസിഡന്റിനെ പരിഗണിച്ചതിനുപിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. വടക്കേ ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രിസ്തീയസഭകളും സഭാസ്ഥാപനങ്ങളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന കാലമാണിത്. ഈയൊരു ഭീതി ബി.ജെ.പി.യോട് ക്രിസ്തീയ സംഘടനകള്‍ക്കുണ്ട്. തൃക്കാക്കരയില്‍ വ്യക്തമായ സ്വാധീനം ക്രിസ്ത്യന്‍ സംഘടനകള്‍ക്കും വിശ്വാസികള്‍ക്കുമുണ്ട്. അവരുടെ വോട്ട് അവിടെ നിര്‍ണായകവുമാണ് അത് പരിഹരിക്കാനാകണം എ.എന്‍. രാധാകൃഷ്ണന്‍ അഹമ്മദാബാദ് ഓര്‍ത്തഡോക്സ് ഭദ്രാസന മെത്രാപൊലീത്തയില്‍ നിന്ന് കെട്ടിവയ്ക്കാനുള്ള കാശ് സ്വീകരിച്ചത്. അതായത് പരസ്യമായി അദ്ദേഹത്തില്‍ നിന്ന്​ ആശീര്‍വാദം സ്വീകരിക്കുന്നുവെന്ന പ്രചാരണം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടും കെ-റെയില്‍ തടഞ്ഞുനിര്‍ത്തുന്ന കേന്ദ്ര നിലപാട് തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

AN Radhakrishnan
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി. സ്ഥാനാർത്ഥി എ.എന്‍. രാധാകൃഷ്ണന്‍ / Photo : AN Radhakrishnan, fb page

നിയമസഭയിലെ അംഗത്വം നൂറ് ആക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന എല്‍.ഡി.എഫിന്റെ അവസ്ഥ പരിശോധിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, നൂറ് ‘ആകും’ എന്നല്ല, നൂറ്  ‘ആക്കും’ എന്നാണ്. ആകാനുള്ള സാധ്യത തീരെയില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ വ്യക്തമാണ്. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരിലും ഈ ആത്മവിശ്വാസക്കുറവുണ്ട്. അതിന്റെ ഒന്നാമത്തെ കാരണം, ഉമയ്ക്ക് ലഭിക്കാനിടയുള്ള സഹതാപ വോട്ടുകളാണ്. മറ്റൊരു കാരണം, എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സില്‍വര്‍ലൈനിനെതിരെ ഉയരുന്ന ജനവികാരമാണ്. എറണാകുളം ജില്ലയുടെ ഔട്ടറുകളിലൂടെ കടന്നുപോകുന്ന സില്‍വര്‍ലൈനിന്​ ജില്ലയില്‍ രണ്ട് സ്റ്റോപ്പുകളാണുള്ളതെന്നും അത് വികസനത്തിനുള്ള വഴിയാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അത് അത്ര വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്​ മണ്ഡലത്തിലെ സജീവ പ്രവര്‍ത്തകര്‍ പോലും പറയുന്നുണ്ട്. അതിന് ഏറ്റവും നല്ല തെളിവാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുതൊട്ടുപുറകേ, കേരളത്തില്‍ ഒരു കെ റെയില്‍ കല്ല് പോലും നാട്ടിയതിന്റെ വാര്‍ത്ത പുറത്തുവന്നിട്ടില്ല എന്നത്​. മാത്രമല്ല, കല്ലിടലിൽനിന്ന്​ സർക്കാർ പിൻവാങ്ങുകയും​ ചെയ്​തു. മാത്രമല്ല, കല്ലിടല്‍ മരവിപ്പിച്ചതായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ജിയോ ടാഗ് ഉപയോഗിച്ചായിരിക്കും ഇനി സര്‍വേ. കല്ലിട്ടും അല്ലാതെയും സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുപിന്നില്‍ ഒരു "തൃക്കാക്കര ഇഫക്റ്റ്' കൂടിയുണ്ടായിരിക്കാം. 

Dr. Jo Joseph
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍.ഡി.എഫ്. സ്ഥാനാർത്ഥി ജോ.ജോസഫ് / Photo : Dr. Jo Joseph, fb page

ജിയോ ടാഗ്​ സർവേ നേരത്തെ തന്നെ നടത്തായിരുന്നുവെന്നും എന്തിനായിരുന്നു ഈ കോലാഹലം എന്നും ഹൈക്കോടതി ചോദിച്ചത്​, പൊലീസ്​ ബലപ്രയോഗത്തിലൂടെ നടത്തിയ കല്ലിടലിനെതിരായ ജനകീയവികാരം സൂചിപ്പിച്ചുകൊണ്ടുകൂടിയാണ്​. ഈ ജനകീയവികാരം തൃക്കാക്കരയിൽ എങ്ങനെയാണ്​ പ്രതിഫലിക്കുക എന്നത്​ പ്രധാന ചോദ്യമാണ്​. ഈ ചോദ്യം, എൽ.ഡി.എഫ്.​ പ്രവർത്തകരുടെ ഇടയിലുമുണ്ട്​. കാരണം, തോല്‍വിയേക്കാളുപരി ഭൂരിപക്ഷത്തിലെ വ്യതിയാനം പോലും കെ റെയിലിനെതിരായ ജനങ്ങളുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ്​, മന്ത്രിമാരും എം.എല്‍.എ.മാരും തൃക്കാക്കരയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നുവേണം മനസ്സിലാക്കാന്‍.

കോൺഗ്രസിലെ തലമുറമാറ്റത്തിനുശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പ്​ എന്ന നിലയിൽ തൃക്കാക്കര, കോൺഗ്രസ്​ നേതൃത്വത്തിനും ഒരു ടെസ്​റ്റ്​ ഡോസാണ്. 

രാഷ്​ട്രീയമായ നിരവധി ഉൾപ്പിരിവുകൾ സ്​ഥാനാർഥി നിർണയം ​തൊ​ട്ടേ തൃക്കാക്കരയിലുണ്ടായിട്ടുണ്ട്​. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളില്‍ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ എൽ.ഡി.എഫ്. സ്​ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു, മുന്നണി അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതിന് തെളിവായി ചുവരെഴുത്തുകളും ആരംഭിച്ചിരുന്നു. എന്നാല്‍ ഒറ്റ രാത്രികൊണ്ട് ആ ചുവരെഴുത്തുകള്‍ അപ്രത്യക്ഷമായി. സഭയുടെ പിന്തുണയാണ്​ ജോ ജോസഫിന് ഗുണംചെയ്തതെന്ന പ്രചാരണം ഇപ്പോഴും മണ്ഡലത്തിലുണ്ട്. തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ഥികളില്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറയുന്നുണ്ടെങ്കിലും, ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും മണ്ഡലത്തിലുള്ളതിനാൽ സഭയുടെ വോട്ട് വിഭജിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. ലാറ്റിൻ, സിറിയൻ വിഭാഗത്തിലെ ക്രിസ്ത്യാനികളാണ് ഇവിടുത്തെ 50 ശതമാനം വോട്ടർമാരും. കര്‍ദിനാളിന്റെ നോമിനിയാണ് ജോ ജോസഫ് എന്നും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും പറഞ്ഞ് എറണാകുളം- അങ്കമാലി അതിരൂപതയിലെ കര്‍ദിനാള്‍ വിരുദ്ധര്‍ തുടക്കത്തില്‍ രംഗത്തെത്തിയിരുന്നത് ഓര്‍ക്കാം.

അരുണ്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഒറ്റ രാത്രികൊണ്ട് മാറിമറിഞ്ഞതിനെക്കുറിച്ച് തൃക്കാക്കര മണ്ഡലത്തില്‍ മറ്റൊരു പ്രചാരണം ശക്തമാണ്. വടയമ്പാടിയിലെ ജാതിമതിൽ പൊളിക്കല്‍ കേസില്‍ ദലിത് സംഘടനകളുടെ അഭിഭാഷകനായിരുന്നത് അരുണ്‍കുമാറാണ്. എന്നാല്‍, അദ്ദേഹം സംഭവത്തിൽനിന്ന്​ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട്​, അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച്​ വാർത്ത വന്നപ്പോൾ തന്നെ ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ഈ കാമ്പയിൻ മണ്ഡലത്തിലെ ദലിത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് വന്നപ്പോഴാണ് എഴുതിത്തുടങ്ങിയ ചുവരെഴുത്തുകളില്‍ നിന്ന് അരുണ്‍കുമാര്‍ അപ്രത്യക്ഷനായതെന്ന്​ ഒരു വാദമുണ്ട്​. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കില്‍ സഭാവിഷയവും വികസനപ്രശ്​നങ്ങളും അരികുവത്കരിക്കപ്പെ​ട്ടേക്കാം. 

കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായി ചുമതലയേറ്റശേഷം, അതായത്​ പാർട്ടിയിലെ തലമുറമാറ്റത്തിനുശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പ്​ എന്ന നിലയിൽ തൃക്കാക്കര, കോൺഗ്രസ്​ നേതൃത്വത്തിനും ഒരു ടെസ്​റ്റ്​ ഡോസാണ്. അതുകൊണ്ടുതന്നെ, യു.ഡി.എഫിനെപ്പോലെ കോൺഗ്രസിനും ഈ ജയം അനിവാര്യമാണ്.

vt
കെ. സുധാകരന്‍ വി.ഡി. സതീശന്‍ എന്നിവരോടൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍

ഒരാള്‍ മരിച്ചതിന്റെ പേരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മത്സരിക്കുന്ന ഭാര്യയോ അല്ലങ്കില്‍ മക്കളോ ജയിച്ച ചരിത്രമാണ് കേരളത്തിലുള്ളത്. പി.ടി. മരിച്ചിട്ട് അഞ്ചുമാസം മാത്രം പിന്നിടുമ്പോള്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ഈയൊരു ഫാക്​ടർ പരിഗണിച്ചാൽ ഉമയ്ക്കാണ് സാധ്യതകളേറെ. എന്നാല്‍, സാഹചര്യവശാല്‍ തോല്‍ക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താല്‍ സര്‍ക്കാരിനെതിരെ തങ്ങളുന്നയിക്കുന്ന ആരോപണങ്ങളൊന്നും ജനങ്ങളിലേക്കെത്തുന്നില്ലെന്ന അവസ്ഥ കോൺഗ്രസിലുണ്ടാകും. കെ റെയില്‍ വരെയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധങ്ങളെല്ലാം അതോടെ നിര്‍വീര്യമാകും. മാത്രമല്ല, തുടര്‍ഭരണം നേടിയ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നത് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രസക്തിയെ തന്നെ ബാധിച്ചേക്കാം. അത് യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കാനാകും സഹായിക്കുക.

തൃക്കാക്കരയിലെ കോൺഗ്രസ്​ ക്യാമ്പും അത്ര സുഖകരമായല്ല മുന്നോട്ടുപോകുന്നത്​. ഉമ ബി.ജെ.പി. ഓഫീസിലെത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. മറ്റൊന്നാണ്​, പി.ടി. തോമസ് മുന്നോട്ടുവച്ച രാഷ്ട്രീയത്തില്‍നിന്ന് തൃക്കാക്കരയില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തുമ്പോള്‍ കോണ്‍ഗ്രസ് നടത്തുന്ന വ്യതിയാനം. പി.ടി തോമസ് എല്ലാക്കാലത്തും സഭാരാഷ്ട്രീയത്തിനെതിരായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റിയെ പിന്തുണച്ചതിന് ഇടുക്കിയില്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ അദ്ദേഹത്തിന്റെ ശവഘോഷയാത്ര നടത്തിയതെല്ലാം കഴിഞ്ഞ ഡിസംബറില്‍ പി.ടി. തോമസ് മരിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഭയുടെ പുറകേ ഓടുന്നത്​,​ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിലെ സ്വഭാവിക പരിഹാസ്യതയായി വോട്ടര്‍മാർ തള്ളിക്കളയുമോ?.

കോടതിയിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നുവെന്നും അദ്ദേഹം നൽകിയ ഉറപ്പിൽ സന്തോഷമുണ്ടെന്നും സർക്കാറിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്ന്​ പ്രതീക്ഷയുണ്ടെന്നും അതിജീവിത പറഞ്ഞതോടെ, പ്രതിപക്ഷത്തിന്റെ മുതലെടുപ്പ്​ സാഹചര്യം അടഞ്ഞുപോയ മട്ടാണ്​. 

കേരളത്തിലെ കുറച്ച് നിയമസഭാ മണ്ഡലങ്ങളെ ഒഴിവാക്കിയാല്‍ ഏതാണ്ടെല്ലാം പ്രവചനാതീതമാണ്. സി.പി.എമ്മിനോ കോണ്‍ഗ്രസിനോ ഉറച്ച കോട്ടകളെന്ന് വിശേഷിപ്പിക്കാവുന്നത് വളരെ കുറച്ച് മണ്ഡലങ്ങള്‍ മാത്രമാണ്. വോട്ടിങ്​ പാറ്റേണിനുപുറകിൽ പലതരം ഘടകങ്ങൾ പ്രവർത്തിക്കുന്ന മണ്ഡലം കൂടിയാണ്​ തൃക്കാക്കര. സംസ്​ഥാനത്ത്​, സമ്പന്നവർഗ വോട്ടര്‍മാര്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. ഈ വർഗത്തിന്​ ഏതെങ്കിലും പാര്‍ട്ടിയോട്, ആശയപരമായ ആഭിമുഖ്യമുണ്ടാകാനുള്ള സാധ്യത തീരെക്കുറവാണ്. അന്നന്നത്തെ കാര്യങ്ങളെ വിലയിരുത്തി രാഷ്ട്രീയത്തെ സമീപിക്കുന്നവരാണ് ഇവിടുത്തെ ഉപരിവര്‍ഗം. എന്നാല്‍, ഇവിടെ മൂന്നുതവണ ജയിച്ചുവെന്നതാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ മുഖ്യഘടകം. അതേസമയം, മണ്ഡലം രൂപീകരിച്ചിട്ട് മൂന്ന് തെരഞ്ഞെടുപ്പുകളേ നടന്നിട്ടുള്ളൂവെന്ന് ഓര്‍ക്കണം. അതില്‍ ആദ്യത്തേത് എല്‍.ഡി.എഫ്. വിരുദ്ധ വികാരം നിലനിന്ന 2011-ലെ തെരഞ്ഞെടുപ്പാണ്. പിന്നീട്​ രണ്ടും പി.ടി. എന്ന നിലപാടുകളുള്ള രാഷ്ട്രീയക്കാരന്റെ വിജയവും. അതായത് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമെന്ന് തൃക്കാക്കരയെ വിശേഷിപ്പിക്കാനുള്ള സമയം ഇനിയുമായിട്ടില്ല. പി.ടി.ക്കുപകരം മറ്റൊരു സ്ഥാനാര്‍ഥി മത്സരിച്ചാല്‍ എന്താകും ഫലമെന്ന ആശങ്ക അന്ന്​ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നുവെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു പ്രമുഖന്‍ പറയുന്നത്.
താനും മക്കളും രാഷ്ട്രീയത്തിലേക്കില്ലെന്നാണ് ഉമ തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒടുവില്‍ അവര്‍ തന്നെ സ്ഥാനാര്‍ഥിയാകുകയും ചെയ്തു. മുന്‍ കൊച്ചി മേയര്‍ ടോണി ചെമ്മണിയെ പോലുള്ളവരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിച്ച് ഉമയെ മത്സരിപ്പിച്ചത്  പരാജയഭീതിയിലാണെന്നും പാർട്ടി ജില്ലാ നേതൃത്വത്തിലുള്ള പലരും പറയുന്നുണ്ട്​. 

തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ചും ഉപതെരഞ്ഞെടുപ്പുകളില്‍, വോട്ടെടുപ്പിന്​ തൊട്ടുമുമ്പത്തെ ദിവസങ്ങളിലും ചിലപ്പോള്‍ ആ ദിവസത്തെയും സംഭവവികാസങ്ങൾ, വോട്ടർമാരെ സ്വാധീനിക്കാറുണ്ട്​. 
2012 ജൂൺ രണ്ടിന്​, ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിന്റെ 29-ാം ദിവസമായിരുന്നു നെയ്യാറ്റിന്‍കരയിൽ ഉപതെരഞ്ഞെടുപ്പും. അന്ന്​ വി.എസ്​. അച്യുതാനന്ദൻ ഒഞ്ചിയത്ത്​ ടി.പി.യുടെ വീട്ടിലെത്തി കെ.കെ. രമയെ ആശ്വസിപ്പിക്കുന്ന ആ ദൃശ്യത്തിന്​, കൂറുമാറ്റം നടത്തി കോൺഗ്രസിലെത്തിയ ആർ. ശെൽവരാജിനെ വിജയിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന്​ പറയാം. 

vs
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം ഒഞ്ചിയത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വി.എസ്. അച്യുതാനന്ദന്‍, കെ.കെ. രമയെ ആശ്വസിപ്പിക്കുന്നു

ദിലീപ്​ കേസിൽ, നീതി ലഭിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത് തൃക്കാക്കരയുടെ വോട്ടിങ്ങിനെ എങ്ങനെ ബാധിക്കുമെന്ന ചർച്ച നടക്കുന്നുണ്ട്​. പ്രത്യേകിച്ചും നടി ആക്രമിക്കപ്പെട്ട സംഭവത്തെ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവരുടെ നീതിക്കുവേണ്ടിയും ആദ്യം ഇടപെടല്‍ നടത്തിയ വ്യക്തിയാണ് പി.ടി. തോമസ് എന്നിരിക്കെ.
കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാന്‍ നേരിട്ടും അല്ലാതെയും ദിലീപ് നിയമവിരുദ്ധമായി ഇടപെട്ടുവെന്നും ഭരണമുന്നണിയിലെ ചില രാഷ്ട്രീയനേതാക്കള്‍ വഴിയായിരുന്നു ദിലീപിന്റെ ഇടപെടലെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു. ‘പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് പ്രൊസിക്യൂഷനും അന്വേഷണ സംഘത്തിനും രാഷ്ട്രീയ ഉന്നതരില്‍ നിന്ന് ഭീഷണിയുണ്ട്, പൂര്‍ത്തിയാക്കാത്ത അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്, ഇത് ഭരണമുന്നണിയും പ്രതിയും തമ്മിലുള്ള അവിശുദ്ധബന്ധം വ്യക്തമാക്കുന്നു’ തുടങ്ങിയ ആ​രോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്​. ഈ ആരോപണത്തെ സർക്കാറിനെതിരായി തിരിച്ചുവിടുന്ന കാമ്പയിനാണ്​ യു.ഡി.എഫ്. ഏറ്റെടുത്തിരിക്കുന്നത്​. 
എന്നാൽ, ഈ പ്രചാരണത്തെ പ്രതിരോധിക്കാൻ സർക്കാർ തന്നെ സമർഥമായ ഒരു നീക്കം നടത്തി. അതിജീവിതയുമായി മുഖ്യമന്ത്രി ​കൂടിക്കാഴ്​ച നടത്തി. കോടതിയിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നുവെന്നും അദ്ദേഹം നൽകിയ ഉറപ്പിൽ സന്തോഷമുണ്ടെന്നും സർക്കാറിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്ന്​ പ്രതീക്ഷയുണ്ടെന്നും, കൂടിക്കാഴ്​ചയ്ക്കുശേഷം അവർ പറയുകയും ചെയ്​തതോടെ, പ്രതിപക്ഷത്തിന്റെ മുതലെടുപ്പ്​ സാഹചര്യം അടഞ്ഞുപോയ മട്ടാണ്​. 

dileep

എങ്കിലും, ദിലീപ്​ കേസ്​ അവസാനവട്ട പ്രചാരണത്തിലെ മുഖ്യ വിഷയമായി മാറിയിട്ടുണ്ട്​. സോഷ്യല്‍ മീഡിയയില്‍ അതിജീവിതയ്ക്ക്​ നീതി ആവശ്യപ്പെട്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. നടിയുടെ കേസില്‍ ആദ്യം ഇടപെട്ട പി.ടി. തോമസിന്റെ മണ്ഡലം ഈ വിഷയത്തിൽ കൂടിയുള്ള വിധിയെഴുത്താകും നടത്തുക എന്ന കാമ്പയിൻ തകൃതിയാണ്​. 

ഇതാണ്​ ‘റിയൽ ഇഷ്യൂ’സ്​

വികസനമായിരിക്കും,​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചപ്പോൾ തൃക്കാക്കരയിലെ പ്രധാന ഇഷ്യൂ ആകുക എന്നായിരുന്നു ഇരുമുന്നണികളും നൽകിയ പ്രതീതി. സംസ്ഥാനമൊട്ടാകെ കെ റെയിലിനെ മു​ൻനിർത്തി വികസനത്തിന്റെ രാഷ്​ട്രീയം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയുള്ള ഒരു ജനവിധിയെന്ന നിലയ്​ക്ക്​, ഈ വിഷയം പ്രധാനപ്പെട്ടതുമാണ്​, ഒരു ഉപതെര​ഞ്ഞെടുപ്പിലാണെങ്കിൽ പോലും. എന്നാൽ, എൽ.ഡി.എഫ്​. തങ്ങളുടെ ഏറ്റവും പ്രധാന വികസന മോഡലായി ഉയർത്തിക്കാട്ടുന്ന കെ റെയിൽ തന്ത്രപൂർവം ഒരു ചൂടൻ വിഷയമാക്കി മാറ്റുന്നതിൽനിന്ന്​ പി​ൻവാങ്ങുകയും യു.ഡി.എഫിന്​ ഉന്നയിക്കാൻ ഒരു വികസനപ്രശ്​നവും ഇല്ലാതിരിക്കുകയും ചെയ്​ത സ്ഥിതിക്ക്​, മണ്ഡലത്തിലെ യഥാർഥ ജനകീയപ്രശ്​നങ്ങൾ തമസ്​കരിക്കപ്പെട്ടു. 

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം കുടിവെള്ളമാണ്. 1987-ല്‍ വിശ്വനാഥ മേനോന്‍ എം.എല്‍.എ. ആയിരുന്ന കാലത്ത് നിര്‍മിച്ച ടാങ്ക് അല്ലാതെ പുതിയൊരു പദ്ധതിയും തൃക്കാക്കരയിലേക്ക് വന്നിട്ടില്ല.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന  നിരവധി അടിസ്​ഥാന പ്രശ്നങ്ങള്‍ ഇരുമുന്നണികളെയും തുറിച്ചുനോക്കുന്നുണ്ട്​. പ്രത്യേകിച്ച്, കോൺഗ്രസിനെ. തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഭാഗമായിരുന്ന 1991 മുതല്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരാണ് തൃക്കാക്കര ഭാഗത്തെ പ്രതിനിധീകരിക്കുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം കുടിവെള്ളമാണ്. 1987-ല്‍ വിശ്വനാഥ മേനോന്‍ എം.എല്‍.എ. ആയിരുന്ന കാലത്ത് നിര്‍മിച്ച ടാങ്ക് അല്ലാതെ പുതിയൊരു പദ്ധതിയും തൃക്കാക്കരയിലേക്ക് വന്നിട്ടില്ല. അന്ന് തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഭാഗമായിരുന്നു തൃക്കാക്കര. 1991-ലെ തെരഞ്ഞെടുപ്പില്‍ കെ. ബാബു എം.എല്‍.എ.യായതിനുശേഷം ഇതുവരെ കോണ്‍ഗ്രസ് എം.എല്‍.എ.മാരാണ് തൃക്കാക്കരയുടെ പ്രതിനിധികൾ. അതിനുശേഷം പലതവണ യു.ഡി.എഫ്. സര്‍ക്കാര്‍ സംസ്​ഥാനം ഭരിച്ചിട്ടുണ്ട്. എന്നിട്ടുപോലും, കുടിവെള്ളപ്രശ്നം പരിഹരിക്കാനായിട്ടില്ല. ആ ടാങ്ക് സ്ഥാപിച്ചതിനേക്കാള്‍ മൂന്നിരട്ടിയും നാലിരട്ടിയും ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. കമ്പിവേലിക്കകം, തുതിയൂര്‍, നിലമ്പതിഞ്ഞിമുഗള്‍, ചിറ്റേത്തുകര എന്നിവിടങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്​. മണ്ഡലത്തിലെ പല ഭാഗങ്ങളിലും ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം മാത്രമാണ് വെള്ളം വരുന്നത്. അതിനാല്‍, കുടിവെള്ളമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് പ്രദേശവാസിയായ മുനീര്‍ കെ.എം. പറയുന്നു. കെ റെയിൽ പദ്ധതികൊണ്ട് ഏറ്റവും ഗുണം കിട്ടുന്നവരാണ്​ തൃക്കാക്കരയിലുള്ളവര്‍ എന്നാണ്​ മുനീര്‍ പറയുന്നത്​. മണ്ഡലത്തിലുള്ളവർ​ പൊതുവേ വലിയതോതില്‍ യാത്ര ആവശ്യമുള്ളവരാണ്. അവരെ സംബന്ധിച്ച് സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ സൗകര്യപ്രദമാണ്​. കേവലം യാത്രയ്ക്കപ്പുറത്ത് എറണാകുളം പോലുള്ള വ്യവസായ ജില്ലയിലെ മൂലധനം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും എത്തിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊന്ന്, ഗതാഗതപ്രശ്നമാണ്. എറണാകുളം ഭാഗത്തേക്ക് പോകുമ്പോള്‍ മണ്ഡലത്തിലാകമാനം വലിയ ട്രാഫിക് ബ്ലോക്കാണ് രാവിലെയും വൈകീട്ടും അനുഭവപ്പെടുന്നത്. പത്ത് കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍ ഒരു മണിക്കൂറിലധികം യാത്രചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന് മണ്ഡലത്തിലെ സുഭാഷ് പി.കെ. ചൂണ്ടിക്കാട്ടുന്നു. 

എം.എല്‍.എ. എന്ന നിലയില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും പി.ടി. തോമസിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നാണ് തങ്കച്ചന്‍ കെ. ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മുന്‍സിപ്പല്‍ സമിതി തേങ്ങോട് കുടിവെള്ള പദ്ധതി കൊണ്ടുവന്നിരുന്നു. പനങ്ങാട്ടുചാല്‍ എന്ന ജലസ്രോതസ്സില്‍ നിന്ന്​ വെള്ളം ടാങ്കുകളില്‍ ശേഖരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയായിരുന്നു ഇത്. കോണ്‍ഗ്രസിനുകീഴില്‍ പുതിയ മുന്‍സിപ്പല്‍ സമിതി വന്നപ്പോള്‍ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 

PT-thomas
പി.ടി. തോമസ്

മാലിന്യപ്രശ്നമാണ്​ സ്മിത ചന്ദ്രന്​ പറയാനുള്ളത്​. നിലവില്‍ മാലിന്യം ശേഖരിച്ച് തൃക്കാക്കര മുന്‍സിപ്പാലിറ്റിക്കുസമീപം നിക്ഷേപിക്കുകയായിരുന്നു. കൊച്ചി കോര്‍പ്പറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ പ്ലാൻറ്​ കടന്നുപോകുന്നത് തൃക്കാക്കരയിലൂടെയാണ്. ഈ പ്ലാന്റിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നത് തൃക്കാക്കരക്കാരാണ്. അതേസമയം, തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ മാലിന്യം ഇവിടെ സംസ്‌കരിക്കാനുമാകുന്നില്ല.

കക്ഷിരാഷ്​ട്രീയ വിവാദങ്ങൾക്കിടയിൽ ഇത്തരം അടിസ്​ഥാന ജനകീയ പ്രശ്​നങ്ങൾ തൃക്കാക്കരയുടെ പ്രധാന അജണ്ടയാകുന്നില്ല, അല്ലെങ്കിൽ, ഇവ സമർഥമായി മറച്ചുപിടിക്കപ്പെടുന്നു. അതിനുപകരം, വികസനം എന്ന വാക്ക്​ ഒരു വ്യാജവിശേഷണപദമായി പയറ്റപ്പെടുകയും ചെയ്യുന്നു. 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

അരുൺ ടി. വിജയൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കവി.

Audio