Wednesday, 29 March 2023

Art


Text Formatted

കേരള ചിത്രകലയിലെ നവോത്ഥാനച്ചുവരുകള്‍

ഇന്ന ആളുകള്‍ വരച്ചാലേ  ആര്‍ടിസ്റ്റ് ആകൂ,  ഇന്ന രീതിയില്‍ വരച്ചാലേ ചിത്രമാകൂ,  ഇന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചാലേ ശ്രദ്ധിക്കപ്പെടൂ... എന്ന നിരവധി മാമൂലുകളെ  പ്രശ്‌നവത്കരിക്കുന്ന യുവകലാകൃത്തുക്കളുടെ സംഘത്തെക്കുറിച്ച്​

Image Full Width
Image Caption
കുഞ്ഞാലം ദേവകി ആണ്‍കൂട്ടത്തില്‍ ഇരുന്ന് ചീട്ടുകളിക്കുന്ന ചിത്രം. ട്രെസ്​പാസേഴ്​സിന്റെ രചന
Text Formatted

‘Trespassers’ - അതിക്രമിച്ചുകടക്കുന്നവര്‍

ഗാലറികേന്ദ്രിതമായ കേരള കലാഭൂമികയിലേക്കും, കേവലസൗന്ദര്യാനുഭൂതിദായകമായ ഒന്നാണ്  കലാവസ്തു എന്ന പൊതുഭാവുകത്വത്തിലേക്കും, രവിവര്‍മരചനകളെ തട്ടിച്ചുനോക്കി ആസ്വാദനപരത നിശ്ചയിക്കുന്ന റിയലിസത്തിന്റെ അളവുകോലുകളിലേക്കും ഉള്ള കടന്നുകയറ്റമാണ്  trespassers നടത്തുന്നത്.

കാലടി സര്‍വ്വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദവും മാസ്റ്റേഴ്‌സും കഴിഞ്ഞ ഏതാനും യുവകലാകൃത്തുക്കളുടെ കൂട്ടായ പരിശ്രമത്തിന്റെ പേരാണ് ​ട്രെസ്​​പാസേഴ്​സ്​.  കലാസൃഷ്ടികളെ വില്‍പ്പനച്ചരക്ക് (commodity) ആക്കുന്ന സമ്പ്രദായത്തിനെതിരെയും മൂലധനകേന്ദ്രിതമായ ഗാലറി വ്യവഹാരങ്ങള്‍ക്കെതിരെയും ഉള്ള ശക്തമായ ചെറുത്തുനില്‍പ്പാണ് ട്രെസ്​​പാസേഴ്​സിന്റെ പൊതുഇട കലാവ്യവഹാരങ്ങള്‍ (Public art practices). 
കേരളത്തിലെ കലാകാണിക്ക് അത്രയൊന്നും പരിചിതമല്ല പബ്ലിക് ഗ്രാഫിറ്റികളും പബ്ലിക് മ്യൂറലുകളും.

trespass
ട്രെസ്പാസേഴ്‌സിന്റെ പൊതുഇട ഛായാശില്‍പങ്ങള്‍

പൊതുഇട ശില്‍പങ്ങളോ ഛായാശില്‍പങ്ങളോ അലങ്കാര റിലീഫുകളോ ഒക്കെ വാഴുന്ന കേരളത്തിലെ പൊതുഇടത്തില്‍ ചിത്രങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഇതുവരെ ലഭിച്ചിട്ടില്ല. ഉള്ളവയാകട്ടെ, ഇലക്ഷന്‍ പ്രചാരണാര്‍ത്ഥം നടത്തുന്ന ചുമര്‍ ആലേഖനങ്ങളോ പരസ്യ ചിത്രണങ്ങളോ നഗരസൗന്ദര്യവത്കരണത്തിന്റെ പേരിലുള്ള കാട്ടിക്കൂട്ടലുകളോ ഒക്കെ ആണ്. എന്നാല്‍ വിസ്തൃതമായ പാശ്ചാത്യ കലാചരിത്രത്തില്‍ സവിശേഷത സ്ഥാനം തന്നെ ഈ കലാശാഖകള്‍ക്കുണ്ട്. മെക്‌സിക്കന്‍ മ്യൂറലുകളും, ബാങ്ക്‌സി (Banksy),  Jean-Michel Basquiat, ലേഡി പിങ്ക് (Lady Pink), ഷെപ്പേഡ് ഫെയ്‌റീ (Shepard Fairey), TAKI 183, കെന്നി ഷര്‍ഫ് (Kenny scharf)  തുടങ്ങി നിരവധി പേരുടെയും കൂട്ടായ്മകളുടെയും ചുവര്‍ ഗ്രാഫിറ്റികളും കലയുടെ പ്രതിരോധ/പ്രതിഷേധ ഭാഷകളായി കലാലോകം കൊണ്ടാടുന്നവയാണ്.

വിപണനമൂല്യത്തിലൂന്നിയുള്ള കലയ്ക്കെതിരെയും, കലയിലെ കോര്‍പറേറ്റ്‌വല്‍ക്കരണത്തിനെതിരെയും പ്രതിരോധം സാധ്യമാകണം എന്ന ബോധ്യമാണ് പൊതുഇട ചുമരുകളെ തങ്ങളുടെ ആവിഷ്‌കാര കാന്‍വാസുകളാക്കാന്‍ ട്രെസ്​​പാസേഴ്​സിനെ പ്രേരിപ്പിച്ചത്.

കാണികളുമായി നേരിട്ട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ ഉരുവം കൊള്ളുന്നവയാണ് ബഹുഭൂരിപക്ഷം പൊതുഇട ചുവര്‍ചിത്രങ്ങളും (Public wall murals). ഇത് ഏതെങ്കിലും പ്രത്യേക വിഷയത്തെയോ സംഭവത്തെയോ കഥകളെയോ വാര്‍ത്തകളെയോ വിഷയീകരിക്കുന്നവയാകും. നിക്ഷിപ്ത സന്ദേശങ്ങളെ ഉള്ളടക്കം ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് കൂടുതല്‍ വിനിമയസാധ്യതയുമുണ്ട്. 

trespassers

പൊതുചുവരുകളില്‍ തങ്ങളുടേതായ അടയാളങ്ങള്‍ സൃഷ്ടിക്കാനുള്ള അഭിവാഞ്ഛ ആദിമകാലം മുതല്‍ക്കുതന്നെ കാണാന്‍ കഴിയും. പുരാവസ്തുഗവേഷകര്‍ അതിനുള്ള നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍, സമകാലിക ചിത്രകലയുടെ (Contemporary Art) സന്ദര്‍ഭത്തില്‍  ‘പൊതുഇട കല' (Public art) അടയാളപ്പെടുന്നത് 1960കളോടെ ന്യൂയോര്‍ക്ക് നഗരത്തിലെ ടാഗിംഗ് (tagging), scratching initials തുടങ്ങിയ രചനാ സമ്പ്രദായങ്ങളിലൂടെയാണ്. 1970- 80 കളില്‍ അതിന് വലിയ പ്രചാരം ലഭിക്കുകയും, നിയമസംവിധാനത്തോടും സര്‍ക്കാരിനോടും പ്രതിഷേധം രേഖപ്പെടുത്തുന്ന  പബ്ലിക് ഗ്രാഫിറ്റികള്‍ പൊതുചുവരുകള്‍ കൈയ്യടക്കുകയും ചെയ്തു. അധികാരരൂപങ്ങളോടുള്ള വിമതശബ്ദമായി നിന്ന് സോഷ്യോ- പൊളിറ്റിക്കല്‍ ആക്ടിവിസം എന്ന നിലയില്‍ ജനതയുടെ ദൈനംദിന വ്യവഹാരങ്ങള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തുന്ന ഒന്നായി ഇന്നിത് മാറിക്കഴിഞ്ഞു. 

ജനമധ്യത്തില്‍ നടത്തപ്പെടുന്നു, ജനതയുമായുള്ള ആശയവിനിമയത്തിലൂടെ കലാപ്രവൃത്തി പുരോഗമിക്കുന്നു, ചിത്രങ്ങളുമായി ആളുകള്‍ക്ക് നിരന്തരസംവാദം സാധ്യമാകുന്നു

തുറന്നുവെക്കപ്പെട്ട കലാജാലകം 

കലയുടെ മൂല്യം നിര്‍ണയിക്കപ്പെടുന്നത് എപ്പോഴും അതിന്റെ വിപണിമൂല്യത്തെ ആശ്രയിച്ചാണ്. കലാപരമായ മേന്മയെക്കാളുപരി വിപണിമൂല്യം വരുമ്പോള്‍ കലയുടെ അന്തഃസത്ത നശിപ്പിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് പൊതുഇട ആവിഷ്‌കാരങ്ങളുടെ പിറവിക്ക് നിദാനം. ട്രെസ്​പാസേഴ്​സും അത്തരമൊരു തിരിച്ചറിവിലും കലയിലെ കോര്‍പറേറ്റ്‌വല്‍ക്കരണത്തിനെതിരെയുള്ള പ്രതിരോധം സാധ്യമാകണം എന്ന ബോധ്യത്തിലും ആണ് പൊതുഇട ചുമരുകളെ തങ്ങളുടെ ആവിഷ്‌കാര കാന്‍വാസുകളാക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലുള്ള ഗാലറി സിസ്റ്റത്തെ അപ്പാടെ തള്ളിക്കളയുകയല്ല ഇവര്‍, മറിച്ച് ഗാലറിയിടങ്ങളില്‍ കലാകാണിയാവാന്‍ കഴിയാതെ പോകുന്ന ബഹുഭൂരിപക്ഷം ജനതയുടെ മുന്നില്‍ കലയുടെയും വര്‍ണങ്ങളുടെയും ലോകം എല്ലായ്‌പ്പോഴും തുറന്നു വെക്കുക എന്നതാണ് ഉദ്ദേശ്യം. 

trespassers
'ട്രെസ്പാസേഴ്സ്' ആർട്ട് ഗ്രൂപ്പ് അംഗങ്ങള്‍

ജനമധ്യത്തില്‍ നടത്തപ്പെടുന്നു, ജനതയുമായുള്ള ആശയവിനിമയത്തിലൂടെ കലാപ്രവൃത്തി പുരോഗമിക്കുന്നു, ചിത്രങ്ങളുമായി ആളുകള്‍ക്ക് നിരന്തരസംവാദം സാധ്യമാകുന്നു, വിപണി കേന്ദ്രിത കലാമൂല്യ നിര്‍ണയത്തിന് പ്രസക്തി നഷ്ടപ്പെടുന്നു,  തുറസ്സിടങ്ങളില്‍ ആയതിനാല്‍ തന്നെ  കാണിക്കുമുന്നില്‍ വാതിലുകള്‍ ഒരിക്കലും  അടയ്ക്കപ്പെടുന്നില്ല...! പൊതുഇട കലാവിഷ്‌കാരങ്ങളുടെ പ്രസക്തിയെ ഇവയൊക്കെയും ആണയിടുന്നു 

ദേശചരിത്രത്തിന്റെ റിഫ്‌ളക്ടറുകള്‍ 

ഗാലറിബന്ധിതമായ കലാ- കാഴ്ചാശീലങ്ങളെ അതിന്റെ വട്ടത്തിന് പുറത്തുകൊണ്ടുവരികയും, കല ജനമധ്യത്തില്‍ സംഭവിക്കേണ്ട ഒന്നാണ് എന്ന ഉത്തരാധുനികബോധ്യവുമാണ് ട്രെസ്​പാസേഴ്‌സിന്റെ രാഷ്ട്രീയം. 
നിലനില്‍ക്കുന്ന യാഥാസ്ഥിതിക വ്യവസ്ഥിതിയെ ചിത്രങ്ങള്‍ കൊണ്ട് പൊളിച്ചുപണിയാനുള്ള ക്രിയാത്മക ശ്രമങ്ങളും അന്തര്‍ധാരയായുണ്ട്!
പലപ്പോഴും ആശയങ്ങള്‍ സ്വരൂപിക്കുന്നത് അതാത് പ്രദേശത്തിന്റെ സാമൂഹിക -രാഷ്ട്രീയ ചരിത്രത്തില്‍ നിന്നുമാണ്. അത്തരം അന്വേഷണങ്ങളും ആഖ്യാനങ്ങളും തന്നെയാണ് ട്രെസ്​പാസേഴ്‌സിനെ വ്യതിരിക്തമാക്കുന്നത്. പ്രദേശത്തെ ജനതയുമായുള്ള നിരന്തരസമ്പര്‍ക്കം വഴി ദേശത്തിന്റെ വിസ്മൃത ചരിത്രത്തെ കണ്ടെടുക്കുകയും അതിന് ചിത്രഭാഷ ചമയ്ക്കുകയുമാണ് രീതി.

trespassers

മലപ്പുറം ജില്ലയിലെ പാങ്ങ് എന്ന ഗ്രാമീണദേശത്ത് ചെയ്ത ചിത്രണങ്ങള്‍ ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്. കുഞ്ഞാലം ദേവകി എന്ന സ്ത്രീ, പെണ്ണായി ജീവിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും അവരുടെ സ്വത്വത്തെ ആണായി പരിവര്‍ത്തിപ്പിക്കാന്‍ ജീവിതംകൊണ്ട് നിരന്തരമായി ശ്രമിച്ചവരുമാണ്. മേല്‍വസ്ത്രം ധരിക്കാതെ, കൈലിമുണ്ട് മടക്കിക്കുത്തി, ബീഡി വലിച്ച്, കടത്തിണ്ണകളിലും പുരുഷ ഇടങ്ങളെന്ന് മുദ്രകുത്തപ്പെട്ട സകല ഇടങ്ങളിലേക്കും സധൈര്യം കടന്നുചെന്ന് തന്റെ സാന്നിധ്യം അടയാളപ്പെടുത്തി അവര്‍  ട്രാന്‍സ്‌ജെന്റര്‍ എന്ന വാക്ക് അത്രയൊന്നും ഉപയോഗിക്കപ്പെടാതിരുന്ന ഒരു കാലത്ത്, സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് അധികമൊന്നും ചര്‍ച്ചകള്‍ നടന്നിരുന്നിട്ടില്ലാത്ത കാലത്ത് ആ ഗ്രാമീണ ജനതയ്ക്ക് കുഞ്ഞാലം ദേവകിയെ അംഗീകരിക്കാന്‍ യാതൊരു പ്രയാസവും ഉണ്ടായില്ല! കുഞ്ഞാലം ദേവകി ആണ്‍കൂട്ടത്തില്‍ ഇരുന്ന് ചീട്ടുകളിക്കുന്ന ചിത്രം പൊതുഇടത്തില്‍ ചെയ്തുകൊണ്ട് ട്രെസ്​പാസേഴ്‌സ് അവരോടും അവര്‍ മുന്നോട്ടു വെച്ച സ്വത്വരാഷ്ട്രീയത്തോടും ഐക്യപ്പെട്ടു!

ദേശത്തിന്റെ ചരിത്രമെന്നാല്‍  അധികാരികളുടെയും, നാടുവാഴികളുടെയും അവരുടെ താവഴികളുടെയും ചരിത്രം അല്ലെന്നും, അതാത് ദേശത്ത് ജീവിച്ചു മരിച്ച ജനതയുടെ അടയാളപ്പെടലിന്റെ ചരിത്രമാണെന്നും, അവര്‍ ജീവിതം കൊണ്ട് നിര്‍മിച്ച സാംസ്‌കാരികചരിത്രം ആണെന്നും ട്രെസ്​പാസേഴ്‌സ് അടിവരയിടുന്നു

പ്രാദേശികമായ വാമൊഴിവഴക്കങ്ങളെയും നാടോടിവിജ്ഞാനങ്ങളെയും പഴഞ്ചൊല്ലുകളെയും കടങ്കഥകളെയും ചിത്രവ്യാഖാനം ചമയ്ക്കുകവഴി  ബദല്‍ ചരിത്രസാധ്യതകളുടെ തുറസ്സുകളെയാണ് മുന്നോട്ടു വെക്കുന്നത്. ദേശത്തിന്റെ ചരിത്രമെന്നാല്‍  അധികാരികളുടെയും, നാടുവാഴികളുടെയും അവരുടെ താവഴികളുടെയും ചരിത്രം അല്ലെന്നും, അതാത് ദേശത്ത് ജീവിച്ചു മരിച്ച ജനതയുടെ അടയാളപ്പെടലിന്റെ ചരിത്രമാണെന്നും, അവര്‍ ജീവിതം കൊണ്ട് നിര്‍മിച്ച സാംസ്‌കാരികചരിത്രം ആണെന്നും ട്രെസ്​പാസേഴ്‌സ് അടിവരയിടുന്നു. 

സാമൂഹിക വിമര്‍ശനത്തിന്റെ ചൂണ്ടുവിരല്‍

‘മലയാളിത്തം' അല്ലെങ്കില്‍  ‘കേരളീയത' എന്നത് കഥകളിയോ മോഹിനിയാട്ടമോ പോലെ സവര്‍ണകലകളോ കസവുനേര്യത് ചുറ്റിയ സവര്‍ണനാരിയോ ആണ് എന്ന പോപ്പുലര്‍ മിത്തിനെ വിമര്‍ശനവിധേയമാക്കുന്നുണ്ട് ട്രെസ്​പാസേഴ്‌സ്. കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ ചുവരില്‍ ബഹിഷ്‌കൃത ജനതയുടെ ഫോക്ക് കലകളെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പൊട്ടന്‍ തെയ്യവും കുമ്മാട്ടിയും പടയണിയും ഒപ്പനയും ദഫ്മുട്ടും കേരളകലകളായി അടയാളപ്പെടുത്താനുള്ള ശക്തമായ ശ്രമം കാണാം. പാശ്ചാത്യരുടെ ബോധമണ്ഡലത്തില്‍ അവരെ തൃപ്തിപ്പെടുത്താനുതകുന്ന വേലകളായി കഥകളിയും കൂടിയാട്ടവും ചാക്യാര്‍കൂത്തും നിറഞ്ഞാടുമ്പോള്‍ തിരസ്‌കരിക്കപ്പെടുന്ന ഫോക്ക് കലകളെ തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയെ ഈ ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നു.

trespassers

കേരള കലാമണ്ഡലത്തില്‍ ചെയ്ത കത്തിവേഷ ചിത്രണവും ചാതുര്‍വര്‍ണ്യ നിഷ്ഠമായ ജാത്യാചാരങ്ങളെയും കലയിടങ്ങളില്‍ നിലനില്‍ക്കുന്ന ഹൈറാര്‍ക്കികളെയും വിമര്‍ശനവിധേയമാക്കുന്നുണ്ട്.
‘വികസനം' എന്നാല്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കല്‍ അല്ലെന്നും അത് പരിസ്ഥിതിയെയും ജൈവ ചാക്രികതയെയും പരിഗണിച്ചും നിലനിര്‍ത്തിക്കൊണ്ടും വളരെ സൂക്ഷ്മതയോടെ ആവിഷ്‌കരിക്കേണ്ട ഒന്നാണെന്നുമുള്ള ആശയത്തെ അതേ കെട്ടിടങ്ങളുടെ ചുവരുകളില്‍ രചിച്ച ചിത്രങ്ങളിലൂടെ പ്രസ്താവിക്കാന്‍ ട്രെസ്പാസേഴ്‌സിനു കഴിയുന്നത് രാഷ്ട്രീയപരമായ ചിന്തകളുടെ ഔന്നത്യം കൈമുതലായുള്ളതുകൊണ്ടാണ്. കാലടി യൂണിവേഴ്‌സിറ്റിയിലെ ആമ്പല്‍ക്കുളം കേന്ദ്രഘടകമായ ചിത്രണം അതിന് ഉദാഹരണമാണ്. നിബിഡ വൃക്ഷലതാദികള്‍ നിറഞ്ഞ കാമ്പസിനെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മാലിന്യത്തള്ളലിനുള്ള ഇടമാക്കിമാറ്റിയ അധികാരികളുടെ വിവേകമില്ലായ്മയെ നിശിതമായി വിമര്‍ശ്ശിക്കുന്നുണ്ട് ആ ചിത്രങ്ങള്‍.

ഇരുണ്ട ദേഹങ്ങളുടെ കാഴ്ചപ്പെടല്‍ 

ദ്രാവിഡ ജനതയുടെ ഇരുണ്ട ദേഹത്തിന്റെ ദൃഢതയും സ്വാഭാവികതയും ട്രെസ്പാസേഴ്‌സിന്റെ എല്ലാ ചിത്രണങ്ങളിലും ശക്തമായ സാന്നിധ്യമറിയിക്കുന്നതുകാണാം. ജനതയെ ജാതിയുടെ വരമ്പുകള്‍ കെട്ടി വേര്‍തിരിച്ച് അസ്പൃശ്യതയുടെ അന്ധകാരത്തില്‍ തളച്ച ഭൂതകാലത്തില്‍ നിന്ന് അടിസ്ഥാനവര്‍ഗ്ഗ ജനതയുടെ പോരാട്ടങ്ങളുടെയും നിലനില്‍പ്പിന്റയും ദൃശ്യതയാണ് ഈ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നത്.

trespassers

നാട്ടുജീവിതങ്ങളുടെ ശരീരഭാഷയും ചലനങ്ങളും നാടോടിശീലങ്ങളുടെ വഴക്കങ്ങളും അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ സവര്‍ണശരീരത്തിലും വരേണ്യബോധങ്ങളിലും ഏല്‍പ്പിക്കുന്ന പ്രഹരം ചില്ലറയല്ല! 
ചെവിയില്‍ ലേലത്തുക ഓതുന്ന കോഴിക്കോട് കൊപ്രക്കളത്തിലെ മാപ്പിളമാര്‍, ഓലമടല്‍ തലച്ചുമടായി നീങ്ങുന്ന പെണ്ണുങ്ങള്‍, തെങ്ങിന്‍തോപ്പില്‍ ‘കണ്ണാരംപൊത്തുന്ന' കുട്ടികള്‍, പൗരത്വനിയമത്തിന്റെ കടന്നുവരവില്‍ പകച്ചുപോയ നാടന്‍ മനുഷ്യര്‍... അങ്ങനെ നിരവധിയായ നാട്ടുജീവിത ബിംബങ്ങള്‍ കണ്ടെടുക്കാനാവും. അധികമൊന്നും ആഖ്യാനപരത കൈവന്നിട്ടില്ലാത്ത തൊഴിലാളിജനതയെയും ട്രാന്‍സ്- ദളിത്-സ്ത്രീ ജീവിതങ്ങളെയും വിസ്തൃതമായ തെരുവുഭിത്തികളില്‍ ആലേഖനം ചെയ്യുകവഴി അവരുടെ സാമൂഹിക ദൃശ്യപ്പെടലിന് (social visibility) ആക്കം കൂടുകയാണ്. 

shinoj
Photo : Trespassers, Shiju Photography

തെരുവോരങ്ങള്‍, ചന്തകള്‍, നടവഴികള്‍, കോളനി മതിലുകള്‍, ജലസംഭരണികള്‍, പാണ്ടികശാലകള്‍... ഇവിടങ്ങളൊക്കെ ചിത്രീകരണവേദികളാവുമ്പോള്‍ കേരള കലാഭൂമികയില്‍ പുതിയൊരു ദൃശ്യസംസ്‌കാരത്തിനും കാഴ്ചാശീലത്തിനും നാന്ദികുറിക്കുകയാണ്. പ്രത്യേകിച്ചും ദൃശ്യകലാസാക്ഷരരല്ലാത്ത ബഹുഭൂരിപക്ഷം മലയാളിജനതയെ ‘ഒന്നും മനസ്സിലാവാത്തതാണ് സമകാലികകല' എന്ന അവരുടെ അജ്ഞതയെ പരിവര്‍ത്തിപ്പിക്കേണ്ട ബാധ്യത തീര്‍ച്ചയായും പുതുതലമുറ കലാകൃത്തുക്കള്‍ക്കുണ്ട്. 

കാലങ്ങളായി കൊണ്ടാടപ്പെടുന്ന രചനാസമ്പ്രദായങ്ങളെയും പ്രദര്‍ശന വേദികളെയും നവോത്ഥാനത്തിന് പ്രേരിപ്പിക്കുന്നുണ്ട് ഈ പൊതുഇട ചിത്രണങ്ങള്‍. 
ഇന്ന ആളുകള്‍ വരച്ചാലേ  ആര്‍ടിസ്റ്റ് ആകൂ,  ഇന്ന രീതിയില്‍ വരച്ചാലേ ചിത്രമാകൂ, ഇന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചാലേ ശ്രദ്ധിക്കപ്പെടൂ... എന്ന നിരവധി മാമൂലുകളെ ട്രെസ്​പാസേഴ്‌സ്  പ്രശ്‌നവത്കരിക്കുന്നു. അത് ഗുണപരമായ മാറ്റങ്ങളായി കേരള കലാഭൂമികയില്‍ അടയാളപ്പെടുകയും, വരുംകാല- കലാതലമുറകളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും എന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കാം! 

ഷിനോജ് ചോറന്‍

കലാകൃത്ത്. കേന്ദ്ര ലളിതകലാ അക്കാദമി  നാഷണൽ റിസേർച്ച് സ്കോളർ.

Audio