Wednesday, 29 March 2023

ഭരണകൂടവും പൗരരും


Text Formatted

യു.എ.പി.എ, കാപ്പ പ്രയോഗങ്ങളും
ഇടതുസർക്കാറിന്റെ ഫാസിസ്​റ്റ്​ യുക്തികളും

രാജ്യദ്രോഹം, മാവോവാദം, പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളുടെ മറവിൽ രാഷ്ട്രീയ പ്രവര്‍ത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയുമൊക്കെ മോദി ഭരണകൂടം തേടിയെത്തുന്ന അതേ മാതൃകയിലാണ്, കേരളത്തിലെ ഇടതുപക്ഷ സർക്കാറും യു.എ.പി.എ, കാപ്പ തുടങ്ങിയ നിയമങ്ങൾ പ്രയോഗിക്കുന്നത്​. 

 

Image Full Width
Text Formatted

നിരന്തരമായ അരക്ഷിതാവസ്ഥയുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഭരണകൂടം വാസ്തവത്തില്‍ തങ്ങള്‍  ദുര്‍ബ്ബലരാണെന്നല്ല പറയുന്നത്, എന്തുകൊണ്ടൊരു സമഗ്രാധിപത്യ ഭരണകൂടം വേണം എന്നാണ്,  ആരും എപ്പോള്‍ വേണമെങ്കിലും ശത്രുക്കളാകാം എന്നാണ്, നിങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന അവസ്ഥയിലാണ് എന്നതുകൊണ്ട് നിങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് നിങ്ങള്‍ പൗരാവകാശങ്ങള്‍ വിട്ടുനല്‍കേണ്ടതുണ്ട് എന്നാണ്.  തുറന്ന സമൂഹം അരക്ഷിതമായ, ആര്‍ക്കും കയറിവരാവുന്ന ഒന്നാണെന്നും അതുകൊണ്ട് നിങ്ങളുടെ സുരക്ഷയെക്കരുതി ഭരണകൂടത്തിന്റെ മേല്‍നോട്ടവും കാവല്‍ക്കണ്ണുകളും കാണാമതിലുകളുമുള്ള സുരക്ഷാപാളയങ്ങളാക്കുകയാണ് നിങ്ങള്‍ ജീവിക്കുന്ന സമൂഹമെന്നും വരുന്നു.

ശേഷം നിങ്ങള്‍ പോലുമറിയാതെ ആ തുറന്ന ജയില്‍ ഒരു സ്വാഭാവികയായി മാറുകയും അതിന്റെ മതിലുകള്‍ക്കപ്പുറമുള്ള ലോകം മറ്റേതോ അന്യജീവിതമായി നിങ്ങള്‍ക്ക് തോന്നുകയും ചെയ്യും. രാഷ്ട്രീയാധികാരപ്രക്രിയയില്‍ ജൈവികവും സക്രിയവും സര്‍ഗ്ഗാത്മകവുമായി ഇടപെടുന്ന പൗരസമൂഹത്തെ മുരടിപ്പിക്കുകയും ഇല്ലാതാക്കുകയും പകരം യാന്ത്രികമായ ജീവാവസ്ഥയില്‍ കഴിഞ്ഞുപോകുന്ന, ഉപരിപ്ലവമായ ആനന്ദമാര്‍ഗങ്ങളില്‍ തൃപ്തരാകുന്ന മനുഷ്യജീവികളുടെ അച്ചടക്കമുള്ള സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും. 

നൂറുകണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരെ ജാമ്യം പോലും നല്‍കാതെ തടവിലിട്ടിരിക്കുന്നൊരു രാജ്യത്ത് നിയമത്തിലെ ചെറിയൊരു സാധ്യത പോലും നിഷേധിക്കാന്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായി എന്നത് ഒട്ടും ശരിയായ രാഷ്ട്രീയസന്ദേശമായിരുന്നില്ല നല്‍കിയത്. 

ഇടതുസർക്കാറിന്റെ യു.എ.പി.എ, കാപ്പ പ്രയോഗങ്ങൾ

കേരളത്തില്‍ ഈയിടെ നടന്ന രണ്ടു ഭരണകൂട നീക്കങ്ങള്‍ ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള നിയന്ത്രണയുക്തികളെ പരിപോഷിപ്പിക്കുന്നതാണ്. ഒന്ന്, നിരോധിത മാവോവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു എന്നാരോപിച്ച്​ യു.എ.പി.എ അടക്കമുള്ള നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ജാമ്യം നല്‍കാതെ വർഷങ്ങളായി തടവിലിട്ടിരിക്കുന്ന രൂപേഷിനെതിരെയുള്ള മൂന്നു കേസുകളില്‍ യു.എ.പി.എ വകുപ്പുകള്‍ ഒഴിവാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായിരുന്നു. യു.എ.പി.എ പ്രകാരമുള്ള കേസുകളില്‍ അന്വേഷണ ഏജന്‍സി സര്‍ക്കാര്‍ രൂപവത്കരിച്ച ശുപാര്‍ശാസമിതിക്ക് തെളിവുകള്‍  സമര്‍പ്പിക്കണം. പ്രസ്തുത സമിതി, കേസില്‍ തെളിവുകള്‍ നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം. സമിതിക്ക് തെളിവുകള്‍ കൈമാറിക്കിട്ടി ഏഴു ദിവസത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കണം. സമിതി നല്‍കുന്ന നിര്‍ദ്ദേശം പരിശോധിച്ച് യു.എ.പി.എ അനുസരിച്ചുള്ള കേസ് തുടരണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കണം. സമിതിയുടെ ശുപാര്‍ശ ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ ഇതും പൂര്‍ത്തിയാക്കണം. 

മാവോയിസ്റ്റ് നേതാവ് രൂപേഷ്
രൂപേഷ്

ഇപ്പറഞ്ഞ രണ്ടു സമയക്രമങ്ങളും പാലിക്കാത്തതുകൊണ്ടാണ് രൂപേഷിനെതിരായ മൂന്ന് കേസുകളില്‍ യു.എ.പി.എ റദ്ദാക്കാന്‍ ഹൈക്കോടതി വിധിച്ചത്. എന്നാല്‍ യു.എ.പി.എ കേസുകള്‍  റദ്ദാക്കാന്‍ ഈ സമയക്രമവും നടപടിക്രമങ്ങളിലെ വീഴ്ചയും കാരണമാക്കേണ്ടതില്ലെന്നാണ് കേരള സര്‍ക്കാര്‍, ഹര്‍ജി നല്‍കാൻ പറഞ്ഞ വാദം. സാധാരണഗതിയില്‍  ജാമ്യത്തിനുപോലും വ്യവസ്ഥയില്ലാത്തൊരു ജനാധിപത്യവിരുദ്ധ നിയമമായ യു.എ.പി.എയില്‍ അതിന്റെ ദുരുപയോഗം തടയാന്‍ എന്ന പേരില്‍ കൊണ്ടുവന്ന ചട്ടങ്ങളാണ് ഈ പരിശോധനാ സമിതിയും സമയക്രമവുമൊക്കെ നിര്‍ബന്ധമാക്കിയത്. നൂറുകണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരെ ജാമ്യം പോലും നല്‍കാതെ തടവിലിട്ടിരിക്കുന്നൊരു രാജ്യത്ത് നിയമത്തിലെ ചെറിയൊരു സാധ്യത പോലും നിഷേധിക്കാന്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായി എന്നത് ഒട്ടും ശരിയായ രാഷ്ട്രീയസന്ദേശമായിരുന്നില്ല നല്‍കിയത്. 

സി.പി .ഐ- എം കേന്ദ്ര നേതൃത്വം ദേശീയതലത്തില്‍ യു.എ.പി.എക്കെതിരായ നിലപാടാണ് എടുത്തത് എന്നത്, കേരളത്തില്‍ യു.എ.പി.എ പ്രകാരം കേസെടുക്കാനും അതിനെ ന്യായീകരിക്കാനും കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന് തടസമായിരുന്നില്ല. എന്നാല്‍ രൂപേഷിന്റെ കേസില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന്, സി.പി.ഐ-എം കേന്ദ്ര നേതൃത്വത്തിന്റെകൂടി ഇടപെടലോടെ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം

രണ്ടാമത്തെ സംഭവം മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച പ്രതികളില്‍ ഒരാള്‍ക്കെതിരെ  ‘കാപ്പ’ (കേരള ആൻറി സോഷ്യൽ ആക്​റ്റിവിറ്റീസ്​- പ്രിവൻഷൻ- ആക്​റ്റ്​ 2007- KAAPA) ചുമത്താനുള്ള സംസ്ഥാന സര്‍ക്കാർ നീക്കമാണ്. ഇതിനായുള്ള ശുപാര്‍ശ പൊലീസ് മേധാവി ജില്ല മജിസ്ട്രേറ്റ്/കലക്ടര്‍ക്ക്  അയച്ചു. ഇതിന്മേല്‍ ജില്ല മജിസ്ട്രേറ്റ്  എടുക്കുന്ന തീരുമാനം, സംസ്ഥാന സര്‍ക്കാരിന്റെതന്നെ തീരുമാനമാണ്. നിയമത്തിനുള്ളില്‍ ജാമ്യത്തിനു വകുപ്പില്ലാത്തൊരു നിയമമാണിത്. സര്‍ക്കാര്‍ നിയമിക്കുന്നൊരു ഉപദേശക സമിതിയാണ് ഇതിലെ കേസുകള്‍ പരിശോധിക്കുന്നത്. പ്രത്യേകിച്ച് വിചാരണയൊന്നും കൂടാതെയാണ് ഇതനുസരിച്ച് ആളുകളെ തടവിലിടുന്നത്. കോടതികള്‍ വഴിയുള്ള നിയമവാഴ്ചയുടെ പ്രക്രിയകളെ ഒഴിവാക്കി സര്‍ക്കാരിന്/ഉദ്യോഗസ്ഥ സംവിധാനത്തിന് ജനങ്ങള്‍ക്കുമേല്‍ ശിക്ഷാധികാരം നല്‍കുന്ന ഏതു നിയമവും ആത്യന്തികമായി ജനാധിപത്യത്തെയും പൗരാവകാശത്തേയും ദുർബലമാക്കുകയാണ് ചെയ്യുക. അത്തരത്തിലൊരു കാഴ്ചപ്പാടില്‍ നിന്ന്​നോക്കിയാല്‍ ‘കാപ്പ’ ശരിയായ ജനാധിപത്യ നിയമവാഴ്ചയുടെ രീതിയല്ല. 

എല്ലാ ക്രിമിനല്‍ കേസ്​ പ്രതികള്‍ക്കെതിരെയും ഉപയോഗിക്കാനുള്ള ഒന്നല്ല  ‘കാപ്പ’. അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ വലിയ സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും നടത്തുമെന്നുള്ള ആളുകള്‍ക്കെതിരെ മാത്രമാണ്  ‘കാപ്പ’  ഉപയോഗിക്കാന്‍ ആ നിയമത്തിന്റെ ന്യായം വെച്ചുനോക്കിയാല്‍ത്തന്നെ കഴിയൂ.

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക എന്നതുമാത്രമാണ് ഇതില്‍ കുറ്റം ചുമത്തപ്പെട്ട തടവിലാക്കുകയോ ഒരു പ്രത്യേക പ്രദേശത്തുനിന്നും നാടുകടത്തപ്പെടുകയോ ചെയ്യപ്പെട്ട പ്രതിക്ക് ചെയ്യാനാവുന്നത്. നിരന്തരമായി സമൂഹത്തിന്റെ സ്വൈര്യജീവിതത്തിന് വിഘാതമുണ്ടാക്കുന്ന ഗുണ്ടകള്‍, റൗഡികള്‍, കള്ളനോട്ടടിക്കാര്‍, വ്യാജമദ്യ നിര്‍മ്മാതാക്കള്‍, പരിസ്ഥിതി ചൂഷണം നടത്തുന്ന പാറമട, മണല്‍വാരല്‍ തുടങ്ങിയ കച്ചവടങ്ങള്‍ അനധികൃതമായി നടത്തുന്നവര്‍, കൊള്ളപ്പലിശക്കാര്‍, അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകളെ കടത്തുന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെയാണ് ഇതനുസരിച്ച് നടപടിയെടുക്കേണ്ടത് എന്നാണ് നിയമത്തിലുള്ളത്​. ഇതിലുള്‍പ്പെട്ട മിക്ക കുറ്റകൃത്യങ്ങളും, കുറ്റകൃത്യം നടക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്നതായതിനാല്‍ കുറ്റവാളികളെ അവിടെനിന്ന്​ മാറ്റിനിര്‍ത്തുക എന്നത് കുറ്റകൃത്യം തടയാനുള്ള  വഴിയാണ് എന്നതുകൊണ്ടാണ് അത്തരമൊരു അധികാരവും നിയമത്തിലുൾ​പ്പെടുത്തിയതിന്റെ യുക്തിയായി പറയാവുന്നത്. 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്

എന്നാല്‍, ഇപ്പോള്‍  ‘കാപ്പ’ ചുമത്താന്‍ പോകുന്ന കുറ്റാരോപിതന്‍ ഇത്തരം കേസുകളിലൊന്നും പ്രതിയല്ല എന്നാണ് നിലവില്‍ പൊതുമണ്ഡലത്തിലുള്ള വസ്തുതകള്‍ വെച്ച് അറിയാന്‍ കഴിയുന്നത്. രാഷ്ട്രീയമായ കേസുകളും മറ്റ് ചില ക്രിമിനല്‍ കേസുകളുമാണ് അയാള്‍ക്കെതിരെയുള്ളത്. എല്ലാ ക്രിമിനല്‍ കേസ്​ പ്രതികള്‍ക്കെതിരെയും ഉപയോഗിക്കാനുള്ള ഒന്നല്ല  ‘കാപ്പ’. ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് നീതിന്യായ കോടതികള്‍ വഴിയുള്ള നിയമമാര്‍ഗങ്ങള്‍ നിലവിലുണ്ട്. അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ വലിയ സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും നടത്തുമെന്നുള്ള ആളുകള്‍ക്കെതിരെ മാത്രമാണ്  ‘കാപ്പ’  ഉപയോഗിക്കാന്‍ ആ നിയമത്തിന്റെ ന്യായം വെച്ചുനോക്കിയാല്‍ത്തന്നെ കഴിയൂ. എന്നാല്‍ ഈ സംഭവത്തില്‍, രാഷ്ട്രീയമായ എതിര്‍പ്പുകളുയര്‍ത്തുന്നവര്‍ക്കെതിരെ അവരുടെ മറ്റു കേസുകളൊക്കെ ഒരു മറയായി കാണിച്ച് തടവിലിടാന്‍ ശ്രമിക്കുകയാണ്. 

ഇടതുസർക്കാറിന്റെ ഫാസിസ്​റ്റ്​ യുക്തി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാരും  സ്വീകരിക്കുന്നത് എന്നത് അപകടകരമായ ഒരാവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. എതിർകക്ഷികളുടെ നേതാക്കളുടെ വീട്ടില്‍ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ രാപകൽ പരിശോധന നടത്തുന്നതും  അവര്‍ ബി.ജെ.പിയിലേക്ക് മാറുകയോ ബി. ജെ.പിക്ക് അനുകൂലമായി നിലപാടെടുക്കുകയോ ചെയ്​താലോ  പൊടുന്നനെ എല്ലാ സത്യാന്വേഷണവും അവസാനിക്കുന്നതും നമ്മള്‍ നിരന്തരം കാണുന്ന നാടകങ്ങളാണ്. രാജ്യദ്രോഹം, മാവോവാദം, പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളുടെ മറവിൽ രാഷ്ട്രീയ പ്രവര്‍ത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയുമൊക്കെ മോദി ഭരണകൂടം തേടിയെത്തുന്നതും ഇതേ മാതൃകയിലാണ്. നിങ്ങള്‍ സര്‍ക്കാരിനെതിരെ സംസാരിക്കുന്ന നിമിഷം മുതല്‍, സീറ്റ് ബെല്‍റ്റിടാതെ വണ്ടിയോടിക്കുന്നതു മുതല്‍, നിങ്ങള്‍ നടത്തിയ ഫോണ്‍ വിളികളും നിങ്ങളുടെ സമൂഹമാധ്യമ കുറിപ്പുകളുമടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാകും. ഒന്നിനുപുറകെ ഒന്നായി കേസുകള്‍ വരും. നിങ്ങള്‍ തടവിലാകും. 

യു.എ.പി.എ എന്ന നിയമം ജനാധിപത്യവിരുദ്ധമാണെന്ന നിലപാട് ദേശീയതലത്തില്‍ സി. പി. ഐ- എം കൈക്കൊള്ളുമ്പോഴും, തങ്ങള്‍ക്ക് അധികാരം കിട്ടിയ, എത്രയോ പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സംവാദഭൂമികയായൊരു സംസ്ഥാനത്ത് അതേ നിയമം പ്രയോഗിക്കാം എന്നൊരു തീര്‍പ്പില്‍ ഇടതുസര്‍ക്കാര്‍ എത്തുകയാണ്​

ഇത് നീതി നടപ്പാക്കുന്നതിന്റെയോ  നിയമവാഴ്ചയുടെയോ ഭാഗമായല്ല എന്ന് ഇന്ത്യയില്‍ ജീവിക്കുന്ന ആര്‍ക്കും മനസിലാകും. ഇതേ മാതൃകയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിനുപിന്നാലെ ഒരാള്‍ ആ ജില്ലയില്‍ നിര്‍ത്താന്‍ കഴിയാത്തത്ര വലിയ ഗുണ്ടയാണെന്ന് പൊലീസ് വകുപ്പിന് വെളിപാടുണ്ടാകുന്നത്. അതിനുവേണ്ടി കോടതികളുടെ പരിശോധന പെ​ട്ടെന്ന്​ നടക്കാത്ത വിധത്തിലുള്ള നിയമങ്ങളുപയോഗിച്ച് അയാളെ തടവിലാക്കാനോ നാടുകടത്താനോ ശ്രമിക്കുകയാണ്. 

ഇതിലെ ഏറ്റവും വലിയ അപകടം, ഇങ്ങനെ ചെയ്യാമെന്നൊരു ഭരണകൂട യുക്തിയെ, ഫാസിസ്​റ്റ്​ സര്‍ക്കാര്‍ ഉപയോഗിക്കുന്ന ജനാധിപത്യവിരുദ്ധ നിയമ ദുരുപയോഗത്തെ അംഗീകരിക്കുന്നു എന്നതാണ്. ഇത്തരത്തില്‍ ഭരണകൂടയുക്തിയുടെ അംഗീകരിപ്പിച്ചെടുക്കല്‍ നടക്കുന്നതോടെ അതിനെതിരായ രാഷ്ട്രീയത്തെത്തന്നെയാണ് ദുര്‍ബലമാക്കുന്നത്. യു.എ.പി.എ എന്ന നിയമം ജനാധിപത്യവിരുദ്ധമാണെന്ന നിലപാട് ദേശീയതലത്തില്‍ സി. പി. ഐ- എം കൈക്കൊള്ളുമ്പോഴും, തങ്ങള്‍ക്ക് അധികാരം കിട്ടിയ, എത്രയോ പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സംവാദഭൂമികയായൊരു സംസ്ഥാനത്ത് അതേ നിയമം പ്രയോഗിക്കാം എന്നൊരു തീര്‍പ്പില്‍ സി. പി. ഐ-എം, സി. പി. ഐ എന്നീ ഇടതുപക്ഷ കക്ഷികള്‍ ചേര്‍ന്നുള്ളൊരു സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ സമഗ്രാധിപത്യ ഭരണകൂട യുക്തിയെ കയ്യേല്‍ക്കുകയും അതിനെതിരായ രാഷ്ട്രീയനിലപാടുകളെ കയ്യൊഴികയുമാണ് ചെയ്യുന്നത്. 

ഇന്ത്യയില്‍ ഏതുതരത്തിലാണ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധികളെ കമ്യൂണിസ്റ്റുകാര്‍ക്ക് താത്ക്കാലികമായി ചില പ്രവിശ്യകളില്‍ അധികാരം ലഭിക്കുമ്പോള്‍ കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള രാഷ്ട്രീയബോധ്യത്തിന് തീര്‍ത്തും എതിരാണ് ഈ നടപടികൾ. അധികാരം കിട്ടിയാലുടന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ യുക്തികള്‍ തങ്ങള്‍ക്ക് വേണ്ടയിടങ്ങളില്‍ ഉപയോഗിക്കാമെന്നും തങ്ങളായതുകൊണ്ട് അത് കൂടുതലായി ദുരുപയോഗം ചെയ്യില്ലെന്നുമുള്ള ന്യായങ്ങളില്‍ ഒളിക്കാനാകില്ല. പ്രശ്നം, ഏതു തരത്തിലുള്ള രാഷ്ട്രീയയുക്തിയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നതാണ്.

ശത്രു, സുരക്ഷ എന്നീ രണ്ടു ഉപായങ്ങളുപയോഗിച്ചുകൊണ്ടാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം അതിന്റെ അടിച്ചമര്‍ത്തലിന്  ന്യായങ്ങള്‍ സൃഷ്ടിക്കുക. അതിനുവേണ്ട നിരന്തര പ്രചാരണങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കും. ഫാസിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ തള്ളിക്കളയുന്ന ഭരണകൂടങ്ങളും അതേ മാതൃകകളും യുക്തികളും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെയോ എന്തിന് കുറ്റകൃത്യങ്ങളെയോ വരെ നേരിടാന്‍ ഉപയോഗിക്കുന്നതോടെ ഫാസിസ്റ്റുകളുടെ രാഷ്ട്രീയമാണ് വിജയിക്കുന്നത്. കുറ്റവാളികള്‍ക്കെതിരെയും ജനാധിപത്യപരമായ മനുഷ്യാവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള നിയമവാഴ്ചയുടെയും നിയമപ്രക്രിയ ഉറപ്പാക്കുന്നു എന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ നിര്‍ണ്ണായക മാനദണ്ഡമാണ്. ഭരണകൂടം എന്നത് ആരെ, എപ്പോള്‍ വേണമെങ്കിലും അതിന്റേതായ കാരണങ്ങളാല്‍ കുറ്റവാളികളാക്കാമെന്നും അതുകൊണ്ടുതന്നെ കുറ്റം ചുമത്തപ്പെട്ടു എന്നത് ഒരാളെയും ജനാധിപത്യാവകാശങ്ങളുടെയോ നിയമവാഴ്ചയുടെയോ പൗരാവകാശങ്ങളുടെയോ പുറത്താക്കുന്നില്ല എന്നും ജനാധിപത്യ സമൂഹത്തിന്റെ സാമാന്യമായ നിലനില്പിനുള്ള തിരിച്ചറിവുകളാണ്. അയല്‍ക്കാരെ കൊണ്ടുപോകുന്ന അതേ തടവറവണ്ടി നിങ്ങള്‍ക്കുമിരിക്കാന്‍ പാകത്തിലുള്ള ഒന്നാണെന്നതാണ് വളരെ ലളിതമായ പാഠം. 

ഭരണകൂടം അതിന്റെ ഏതു രൂപത്തിലും സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് നിരന്തരം ചായാന്‍ ശ്രമിക്കുന്ന ഒന്നാണ്. ഏറ്റവും ജനാധിപത്യപരമായി രൂപംകൊണ്ടത് എന്ന് കരുതുന്ന ഭരണകൂട സംവിധാനങ്ങളും ആദ്യത്തെ അവസരത്തില്‍ രാഷ്ട്രീയാധികാരത്തില്‍ നിന്ന്​ പൗരരുടെ നിരന്തര പങ്കാളിത്തത്തെ ഒഴിച്ചുനിര്‍ത്താനാണ് ശ്രമിക്കുക. ചരിത്രത്തില്‍ ഇതല്ലാതെ മറ്റൊരുദാഹരണമില്ല എന്നുതന്നെ പറയാം. എല്ലാ സമയത്തും ജാഗ്രതയോടെ തങ്ങളുടെ അധികാരവകാശങ്ങളെ നിലനിര്‍ത്തുകയും ഭരണകൂടത്തെ ജനാധിപത്യ സമൂഹത്തിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുകയും ചെയ്യുമ്പോഴാണ് ഇത്തരം സമഗ്രാധിപത്യ പ്രവണതകളെ സാമാന്യമായി ജനാധിപത്യാവകാശങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍പ്പോലും തടയാനാവുകയുള്ളൂ. ഇന്ത്യയെപ്പോലെ ആധുനിക ജനാധിപത്യ സമൂഹത്തിന്റെ നിര്‍മാണം ശൈശവദശയിലുള്ള, ഭരണകൂടത്തിന്റെ മര്‍ദനോപാധികള്‍ യാതൊരു മറയുമില്ലാതെ ജനങ്ങള്‍ക്കുമേല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നൊരു രാജ്യത്ത് ഈ പ്രക്രിയ ഒട്ടും എളുപ്പമല്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ചെറിയ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി അതിശക്തമായി പ്രതിരോധമുയര്‍ത്താനുള്ള രാഷ്ട്രീയബാധ്യതയുള്ള ഇടതുപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഫാസിസ്റ്റ് ഭരണകൂടയുക്തികളെ സ്വീകരിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആപത്ത് ചെറുതല്ല. 

സെക്യൂരിറ്റ്​ സ്​റ്റേറ്റ്​ രൂപപ്പെടുന്നു

എങ്ങനെയാണ് നിയമക്രമത്തെ അട്ടിമറിച്ച്​ ഭരണകൂടം സവിശേഷാധികാരങ്ങളുള്ള ഭരണകൂടത്തെ -  State  of  exception - സൃഷ്ടിക്കുന്നതെന്ന് ജ്യോർജിയോ അഗംബെൻ പറയുന്നത് ഇതുമായി ചേര്‍ത്തുവെക്കാം. അത്തരത്തിലൊരു State  of  exceptionല്‍ പൗരർ രാഷ്ട്രീയാധികാരങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെട്ട വെറും ജീവിയായി മാറുന്നു. ഒരുതരത്തില്‍ മൃഗസമാനമായ കേവലജീവിതാസക്തികളില്‍ മാത്രം കഴിയേണ്ടിവരുന്ന ഒരവസ്ഥ. പൗരരുടെ സ്വകാര്യം എന്ന് വിളിക്കാവുന്ന, അല്ലെങ്കില്‍ ജൈവികമായ നിലനില്‍പ്പിനെ സാധ്യമാക്കുന്ന ജീവിതം  മാത്രം നടന്നുപോവുകയും പൊതുജീവിതം അല്ലെങ്കില്‍ പൗരാവകാശങ്ങളോടുകൂടിയ ജീവിതത്തെ ഭരണകൂടം ഇല്ലാതാക്കുകയും ചെയ്യും. നാസി ജര്‍മനിയില്‍ 12 വര്‍ഷം നിലനിന്നത് ഈയവസ്ഥയായിരുന്നു എന്ന് അഗംബെന്‍  നിരീക്ഷിക്കുന്നുണ്ട്. മനുഷ്യര്‍ കേവലമായ ‘bare  life' എന്ന് വിളിക്കുന്ന ജീവിതാവസ്ഥയിലേക്ക് ഒതുക്കപ്പെടും. സമൂഹത്തിന് ഭയരഹിതമായി ജീവിക്കാവുന്ന ഒരവസ്ഥയുണ്ടാക്കാന്‍ രൂപപ്പെടുത്തിയ ഭരണകൂടമെന്ന സംവിധാനം ഭയത്തെ ഇല്ലാതാക്കുന്നതിനുപകരം ഭയത്തിന്റെ പ്രചാരകരായി മാറുന്ന ഒരു സെക്യൂരിറ്റി​ സ്​റ്റേറ്റ്​ രൂപപ്പെടും. 

ജ്യോർജിയോ അഗംബെൻ
ജ്യോർജിയോ അഗംബെൻ / Photo: egs.edu

State of  exception  എന്നത് ക്രമേണ സുരക്ഷ എന്നതിനെ സര്‍ക്കാരിന്റെ സ്വാഭാവികമായ ഒരു തന്ത്രമാക്കി മാറ്റുന്നതരത്തില്‍ അസാധാരണമായ വിധത്തില്‍ സാമാന്യവത്കരിക്കുമെന്ന് ഫ്രാന്‍സിന്റെ ഉദാഹരണത്തിലൂടെ അഗംബെൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യയില്‍ നമുക്കിത് വളരെ പ്രകടമായ പ്രവണതയാണ്. ഇടതുപക്ഷ തീവ്രവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചത് ഇത്തരത്തിലൊരു സുരക്ഷാഭീഷണിയുടെ സൃഷ്ടിക്കുവേണ്ടിയായിരുന്നു. പ്രത്യക്ഷത്തില്‍ത്തന്നെ ഫാസിസ്റ്റുകളായ സംഘപരിവാറാകട്ടെ അത്തരത്തില്‍ ശത്രു/സുരക്ഷ തുടങ്ങിയവ വ്യാപക അടിച്ചമര്‍ത്തലിനും നിയമവാഴ്ചയെ പലതരത്തിലും അവഗണിക്കുന്നതിലേക്കും എത്തിച്ചു. 

ഗൗണ്ടനാമോയിലും ഇറാഖിലെ അബു ഗാരിബിലും എങ്ങനെയാണോ വിചാരണയും നിയമപരിരക്ഷകളുമില്ലാതെ മനുഷ്യരെ ഭീകരവാദികളെന്ന് മുദ്രകുത്തി തടവിലിട്ടത്, അതേ യുക്തിതന്നെയാണ് നേര്‍പ്പിച്ചും കൂര്‍പ്പിച്ചുമൊക്കെ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റുകളിലും കാണാനാവുക. നിങ്ങള്‍ക്ക് അബു ഗാരിബ് പോലെയുള്ള തടവറയുണ്ടോ എന്നതല്ല അതിനെ സാധ്യമാക്കുന്നത്, ഏതുതരം ഭരണകൂട-നിയമ യുക്തിയാണ് നിങ്ങളതിന് ഉപയോഗിക്കുന്നത് എന്നതാണ്. 

അബു ഗാരിബ് തടവറയില്‍ നിന്നുള്ള ചിത്രം / Photo: Wikimedia Commons
അബു ഗാരിബ് തടവറയില്‍ നിന്നുള്ള ചിത്രം / Photo: Wikimedia Commons

പൗരന്മാരുടെ നിലനില്‍പ്പ് എന്നത് ഭരണക്രമത്തില്‍ സജീവമായി ഇടപെടുക എന്നതില്‍നിന്ന്​ ഭരണകൂടം സംരക്ഷിക്കുന്ന വിധേയരായ ജീവിച്ചുപോകുന്ന മനുഷ്യര്‍ മാത്രമാവുക എന്നതിലേക്കെത്തുന്നു. എല്ലാ സമരങ്ങളിലും ഗൂഢാലോചനയും പുറത്തുനിന്നുള്ള കൈകളും കാണുന്നത് അങ്ങനെയാണ്. സാധാരണ മനുഷ്യര്‍ക്ക്  ‘bare life' അല്ലാതെ മറ്റൊരുതരം രാഷ്ട്രീയാധികാരശേഷിയുമുണ്ടെന്ന് ഭരണകൂടം ഒരിക്കലും സമ്മതിച്ചുതരികയില്ല. 

സാധാരണ ഗതിയില്‍ത്തന്നെ ഭരണകൂടത്തിന്റെ അധികാരം സ്ഥാപിതമാക്കുന്ന പ്രധാന സംഗതി  ‘ഹിംസയ്ക്കുള്ള' അതിന്റെ സവിശേഷാധികാരമാണ്. എന്നാല്‍ ഈ അധികാരം നിയമവാഴ്ചയിലൂടെ ജനാധിപത്യ സമൂഹം നിയന്ത്രിക്കുമ്പോള്‍ മാത്രമാണ് ആ സമൂഹത്തിനു ജനാധിപത്യ ജീവിതം സാധ്യമാകുന്നത്. രണ്ടുതരത്തില്‍ ഇത്തരത്തിലുള്ള ഹിംസാധികാരം ഭരണകൂടം ഉറപ്പിച്ചെടുക്കുന്നു എന്ന് വാൾട്ടർ ബെഞ്ചമിൻ പറയുന്നു; നിയമം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള അധികാരത്തിന്റെ സാധൂകരണത്തിനും  നിയമം നടപ്പാക്കി നിലനിര്‍ത്തുന്നതിനായും (Law  making violence, Law  preserving violence). ഈ രണ്ട് അധികാരങ്ങളും നിരന്തരമായി പൊതുസമൂഹത്തിന്റെ പരിശോധനകള്‍ക്ക് വിധേയമാക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ ചുമതലയാണ്. 

ജനാധിപത്യ നിയമവാഴ്ചക്കുള്ള അധികാരത്തെ പൗരാവകാശങ്ങൾ റദ്ദ് ചെയ്യാനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുകയും പൗരാവകാശങ്ങളും ഭരണകൂടത്തിനുമുകളിലുള്ള പൊതുസമൂഹത്തിന്റെ നിയന്ത്രണങ്ങളും വാല്‍നക്ഷത്രങ്ങള്‍ പോലെ മാഞ്ഞുപോവുകയും ചെയ്യുന്നൊരു ദേശീയസാഹചര്യത്തില്‍ അതേ ഭരണകൂടയുക്തികള്‍  കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയമുണ്ടെന്ന് അവകാശപ്പെടുന്ന കക്ഷികളുള്ള ഒരു സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള ഈ രാജ്യത്തെ സമരങ്ങള്‍ക്കേല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. അത് തിരുത്തിക്കുക എന്നതൊരു ഇടതുപക്ഷ രാഷ്ട്രീയമാണ്.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം. 

പ്രമോദ്​ പുഴങ്കര

അഭിഭാഷകൻ, എഴുത്തുകാരൻ.

Audio