ഭാവിയിലെ സർവകലാശാല
അമൃത് ജി. കുമാര്‍
സർവകലാശാലകൾക്കു മുന്നിലുള്ളത്
മാറ്റം, അല്ലെങ്കിൽ ദാരുണ അന്ത്യം
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ സര്‍വകലാശാലാ വിദ്യാഭ്യാസം കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സര്‍വകലാശാലകളുടെ ഘടനാപരമായ അതിരുകളെ ഉല്ലംഘിക്കുന്ന ഒരു ആശയമായി ഉന്നത വിദ്യാഭ്യാസം പരിവര്‍ത്തിപ്പിക്കപ്പെടും; ഭാവിയിൽ ഉന്നതവിദ്യാഭ്യാസത്തിലുണ്ടാകാൻ പോകുന്ന ആഗോള മാറ്റങ്ങളെക്കുറിച്ച്

നളന്ദ, തക്ഷശില, BCE 387ലെ പ്ലേറ്റോയുടെ അക്കാദമി, അരിസ്റ്റോട്ടിലിന്റെ ലൈസിയം എന്നിങ്ങനെ പൗരാണിക കാലഘട്ടത്തിലുണ്ടായിരുന്ന ധാരാളം സര്‍വകലാശാലകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എങ്കിലും 1088ല്‍ ഇറ്റലിയിലെ ബോള്‍ഗാനയില്‍ സ്ഥാപിക്കപ്പെട്ട യൂണിവേഴ്സിറ്റി ഓഫ് ബോള്‍ഗാനയാണ് ആധുനികലോകത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ സര്‍വകലാശാല. പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഓക്സ്ഫോര്‍ഡ് സര്‍വകലാശാല രണ്ടാമത്തെ പഴയ യൂണിവേഴ്സിറ്റി ആണ്.
ചര്‍ച്ചകളും തര്‍ക്കങ്ങളും പ്രസംഗങ്ങളും ഒക്കെയടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഈ സര്‍വകലാശാലകള്‍ അത്രയും. എന്നാല്‍ ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടോടെ സര്‍വകലാശാലകളുടെ സ്വഭാവത്തില്‍ ഏതാണ്ട് ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ മൊത്തത്തില്‍ ഉണ്ടായിരുന്നത് 143ഓളം സര്‍വകലാശാലകളാണ്. ഏതാണ്ട് ഈ കാലഘട്ടം വരെ സര്‍വകലാശാലകലില്‍ മാനവിക വിഷയങ്ങളുടെ സ്വാധീനം വളരെ ശക്തമായിരുന്നു. ശാസ്ത്രമടക്കം മാനവികവിഷയങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്നുപറഞ്ഞാലും തെറ്റുണ്ടാവുമെന്നു തോന്നുന്നില്ല. നാമിന്നു കാണുന്നതുപോലെയുള്ള ശാസ്ത്ര പഠന രീതികളും ശാസ്ത്ര ഗവേഷണങ്ങളും അന്ന് നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടോടെ ശാസ്ത്രങ്ങള്‍ മാനവിക വിഷയങ്ങളുടെ സ്വാധീന വലയത്തില്‍ നിന്ന് അകന്നുപോകുന്നുണ്ട്.

നാമിന്ന് കാണുന്നതുപോലെയുള്ള ഗവേഷണ ജേണലുകളുടെ പ്രസിദ്ധീകരണവും അതില്‍ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ എഴുതുന്നതും പതിനെട്ടാം നൂറ്റാണ്ടിലാണ് തുടങ്ങുന്നത്. ജര്‍മനിയില്‍ വില്യം ഫൊൻ ഹുംബോൾട്ടിനെ പോലെയുള്ളവര്‍ അക്കാദമിക സ്വാതന്ത്ര്യം, സെമിനാര്‍ എന്നിങ്ങനെയുള്ള ആശയങ്ങള്‍ മുന്നോട്ടുവെക്കുകയും ചര്‍ച്ചകള്‍, അറിവിന്റെ ഉല്പാദനം, ശാസ്ത്രീയാന്വേഷണങ്ങള്‍ എന്നിവ അനിഷേധ്യ ഭാഗമാകുകയും ചെയ്യുന്നത് ഈ കാലഘട്ടത്തിലാണ്. ഈ മാറ്റങ്ങളെക്കെയുണ്ടാവുമ്പോഴും ഉന്നതവിദ്യാഭ്യാസം വരേണ്യവര്‍ഗത്തിന്റെ മാത്രം പരിപാടി എന്ന കാര്യത്തില്‍ വലിയ മാറ്റമുണ്ടായില്ല. പത്തൊമ്പതാം നൂറ്റാണ്ടോടെ യൂറോപ്പിലെയും അമേരിക്കയിലെയും സര്‍വകലാശാലകള്‍ വരേണ്യ വര്‍ഗ്ഗങ്ങളില്‍ നിന്ന് കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് തുറന്നു കൊടുക്കുന്നുണ്ട്. ഇതേ കാലയളവില്‍ തന്നെ മതത്തിന്റെ സ്വാധീനം പാഠ്യപദ്ധതിയില്‍ കുറഞ്ഞു വരുന്നതായും കാണാന്‍ സാധിക്കുന്നു.
സർവകലാശാലകൾ മാറുന്നു
എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയോടു കൂടിയും ഇരുപതാം നൂറ്റാണ്ടിലുമായി സര്‍വകലാശാല സങ്കല്പത്തില് പ്രബലമായ മറ്റൊരു മാറ്റം കൂടി ഉണ്ടാവുന്നുണ്ട്. ദേശീയമായ ഗവര്മെൻറുകളുടെയും, വ്യാവസായിക സമ്പദ് വ്യവസ്ഥയുടെയും ആവശ്യങ്ങളെ അഭിമുഖീകരിക്കുക എന്ന സുപ്രധാന ലക്ഷ്യം സര്‍വകലാശാലകളുടെ ഭാഗമാകുന്നത് ഈ കാലഘട്ടത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ 1858ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന കല്‍ക്കത്ത, ബോംബെ, മദ്രാസ് യൂണിവേഴ്സിറ്റികള്‍ അടിസ്ഥാനപരമായി ഇത്തരത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും വ്യാവസായിക താല്പര്യങ്ങളുടെയും സ്വാധീനത്തില്‍ ഉണ്ടായി വന്ന സര്‍വകലാശാലകളാണ്.
സ്വയം പരിവര്‍ത്തിപ്പിക്കാനുതകുന്ന ഉന്നത വിദ്യാഭ്യാസ ഇക്കോ സിസ്റ്റം നിലവില്‍ വന്നില്ലെങ്കില്‍ സര്‍വകലാശാലകളുടെ ദാരുണമായ അന്ത്യത്തിന് നാം സാക്ഷിയാകേണ്ടി വരും
സാമൂഹിക കാര്യക്ഷമത (Social efficiency) സിദ്ധാന്തം യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറുന്നത് ഈ കാലഘട്ടത്തിലാണ്. സര്‍വകലാശാലകള്‍ സാമൂഹിക ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിട്ടാണ് സാമൂഹിക കാര്യക്ഷമത വാദം സിദ്ധാന്തിച്ചത്. ജോണ്‍ ബോബിറ്റിലൂടെയും ഫ്രെഡറിക് വിന്‍സലോ ടെയിലറിലൂടെയും വികസിച്ചുവന്ന സാമൂഹിക കാര്യക്ഷമതാ സിദ്ധാന്തം സമൂഹത്തിന്റെ അടിസ്ഥാനഘടകമായ വ്യവസായശാലകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ശേഷികളുള്ള തൊഴിലാളികളെ നിര്‍മിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു. സാമൂഹിക കാര്യക്ഷമത വാദം സര്‍വകലാശാലകളുടെ പ്രവര്‍ത്തന പദ്ധതിയിലേക്ക് ആഗോളതലത്തില്‍ വ്യാപിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതുകൊണ്ടുതന്നെ കാര്യക്ഷമത എന്ന ആശയം സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറി. അതിന്റെ ഫലമായി സര്‍വകലാശാലകള്‍ മൂര്‍ത്തമായതും അളന്നു തിട്ടപ്പെടുത്താവുന്നതുമായ ഉല്പന്നങ്ങള് നിര്‍മിക്കുക എന്ന ഉദ്ദേശ്യത്തെ കേന്ദ്രബിന്ദുവാക്കിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മാറുകയാണുണ്ടായത്.

സാമൂഹിക കാര്യക്ഷമതാ സങ്കല്പത്തില് നിന്ന് ഉന്നത വിദ്യാഭ്യാസം ഒരു വലിയ പരിവര്‍ത്തനത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണുള്ളത്. വ്യാവസായിക ലക്ഷ്യങ്ങള്‍ ആയിരുന്നു എങ്കില്‍ കൂടിയും പരസ്പര സഹായവും സഹകരണവും ഒരു അളവുവരെയെങ്കിലും സാമൂഹിക കാര്യക്ഷമതാ വാദത്തില്‍ ഉള്ളടങ്ങിയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി, മത്സരാത്മകത വിദ്യാഭ്യാസത്തെ ഒന്നടങ്കം, വിശിഷ്യ, ഉന്നതവിദ്യാഭ്യാസത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ പരസ്പരം മത്സരിക്കുമ്പോള്‍, അദ്ധ്യാപകര്‍ താങ്കളുടെ സ്ക്കോറുകള്‍ ഉയര്‍ത്തുന്നതിനു വേണ്ടി മത്സരിക്കുന്നു. സ്ഥാപനങ്ങള്‍ താങ്കളുടെ ഗ്രേഡുകള്‍ ഉയര്‍ത്തുന്നതിന് മത്സരിക്കുന്നു. ഇരുപതാം നൂറ്റാണ്ട് വരെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അന്യമായിരുന്ന ഒന്നായിരുന്നു ഈ അതി തീവ്ര മത്സര്യം. സാമൂഹിക കാര്യക്ഷമതാ വാദത്തില്‍ നിന്ന് അതി മാത്സര്യവാദത്തിലേക്ക് ഉന്നതവിദ്യാഭ്യാസം ചുവടു മാറുമ്പോള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് സര്‍വകലാശാല സങ്കല്പം വിധേയമാകും.
സ്ഥലകാലങ്ങൾക്ക് അപ്പുറത്തേക്ക്
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവോടെ സര്‍വകലാശാലാ വിദ്യാഭ്യാസം കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തുന്ന രീതിയിലാണ് കോവിഡ് മഹാമാരി ഉണ്ടാവുന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ പ്രക്രിയ പുതിയ ഒരു തലത്തിലേക്ക് തന്നെ കടക്കുകയാണ്. ‘മാസ്സീവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സു’കള്‍ (MOOC- ‘മൂക്’) എന്നറിയപ്പെടുന്ന സംവിധാനം വഴി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള കോഴ്സുകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതിനുള്ള അവസരം ലഭ്യമാകും. പഴയ കാലത്ത് നിലനിന്നിരുന്ന വിദൂര വിദ്യാഭ്യാസ വ്യവസ്ഥയെ അപ്പാടെ തൂത്തുമാറ്റി ‘മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സു’കള്‍ കളം പിടിക്കുകയാണ് ആദ്യം ചെയ്യുക.
‘മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സു’കള്‍ വഴി ഉന്നതവിദ്യാഭ്യാസരംഗത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാനകീകരണം വലിയ അളവില്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ഭാവി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമായ ഒരു മാറ്റം.
ഡിജിറ്റലായി വിദ്യാര്ഥികകളിലേക്ക് എത്തപ്പെടുന്ന ഇത്തരം പാഠ്യപദ്ധതിയും പാഠ്യവസ്തുക്കളും സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആവശ്യമായ സ്ഥലകാല നിബന്ധനകളെ നിരാകരിക്കുന്നുണ്ട്. ഈ സ്ഥലകാലനിരസത്തോടൊപ്പം, കുറഞ്ഞ ചെലവിലുള്ള ഡിഗ്രികള്‍, കാലഘട്ടത്തിന് ആവശ്യമായ നൈപുണികള്‍, സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ ഉപയോഗം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം ജനകീയ വല്ക്കരിക്കുകയും അരികുവൽക്കരിക്കപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനുള്ള കഴിവ് എന്നിങ്ങനെ പല മേന്മകളും ഈ തരത്തിലുള്ള വിദ്യാഭ്യാസത്തിന് അതിന്റെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നുണ്ട്.
ഭാവി കാലത്തെ യൂണിവേഴ്സിറ്റി സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിക്കാന്‍ പ്രാപ്തമാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ കടന്നുവരുന്ന ഉന്നത വിദ്യാഭ്യാസ മാതൃകകള്‍.

‘മൂക്’ വഴിയുള്ള കോഴ്സുകള്‍ ലോകമെമ്പാടും പ്രശസ്തമാകുന്നതോടുകൂടി ഉന്നത വിദ്യാഭ്യാസം കാംക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള സര്‍വകലാശാലകളുടെ കീഴില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടുന്നതിനുള്ള വഴികള്‍ തുറക്കപ്പെടും. അതായാത് പാര്‍ലമെൻറിൽ വിദേശ സര്‍വകലാശാലാ ബില്‍ പാസാവുന്നതിനുമുമ്പുതന്നെ അതിന്റെ അന്തസത്ത വലിയെരളവുവരെ രാജ്യത്ത് (പല രാജ്യങ്ങളലും) നടപ്പാക്കപ്പെടും. സ്ഥല കാലഭേദങ്ങള്‍ നിഷേധിക്കുന്നതും, കുറഞ്ഞ ചെലവില്‍ പഠനം ആഗോളതലത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതും, വിദ്യാര്‍ത്ഥിയുടെ സമയത്തിനനുസരിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമായ ഇത്തരം കോഴ്സുകളിലൂടെ ഉന്നതവിദ്യാഭ്യാസം വലിയ അളവില്‍ മാനകീകരിക്കപ്പെടുന്ന അവസ്ഥ സംജാതമാകും. പ്രബലമായ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്സുകള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെടുകയും അതുവഴി ഒരു പുതിയ ഉന്നത വിദ്യാഭ്യാസ സംസ്കാരം രൂപപ്പെടുകയും ചെയ്യും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം തദ്ദേശീയമായി നിര്‍മിക്കപ്പെടുന്ന ‘മൂക്’ കോഴ്സുകള്‍ മാറാനാണ് സാധ്യത.
മള്‍ട്ടി ചാനല്‍ ടെലിവിഷനുകള്‍ വഴി നമ്മുടെ കുട്ടികളിലേക്ക് ടോം ആന്‍ഡ് ജെറി, സ്പൈഡര്മാന്, ഹാരി പോട്ടര്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ എത്തുകയും അതുവഴി ആസ്വാദനം വലിയ അളവില്‍ ക്രോഡീകരിക്കുകയും മാനകീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. ഇതിനെ കുറച്ചുകൂടി ആഴത്തിലാക്കുന്ന രീതിയിലാണ് വീഡിയോ ഗെയിമുകളും മറ്റും ഇന്റര്‍നെറ്റ് സഹായത്തോടുകൂടി കടന്നുവന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ ആസ്വാദനത്തെ, താല്പര്യത്തെ, ഒഴിവുസമയങ്ങള്‍ ചെലവാക്കുന്നതിനുള്ള മാര്‍ഗ്ഗത്തെ വലിയ ആളവില്‍ ഏകീകരിക്കുന്ന ഒരു പ്രക്രിയ നടപ്പാക്കപ്പെടുന്നുണ്ട്. ഇതേ മാതൃകയില്‍ ‘മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സു’കള്‍ വഴി ഉന്നതവിദ്യാഭ്യാസരംഗത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാനകീകരണം വലിയ അളവില്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ഭാവി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമായ ഒരു മാറ്റം. ഇതിന്റെ ഗുണദോഷഫലങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. മറിച്ച് ഇത്തരം മാറ്റങ്ങള്‍ വളരെ അനിവാര്യവും തടഞ്ഞുനിര്‍ത്താന്‍ പറ്റാത്തതുമാണ് എന്ന തിരിച്ചറിവ് നമ്മില്‍ പതിയെ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

പ്രാദേശികമായും ‘മൂക്’ കോഴ്സുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാന്‍ സാധിക്കും എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ പോലും ആഗോളതലത്തിലുള്ള സര്‍വകലാശാലകളില്‍ നിര്‍മിക്കപ്പെടുന്ന ‘മൂക്’ കോഴ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സര്‍വകലാശാലകളില്‍ ഉല്പാദിപ്പിക്കുന്ന ‘മൂക്’ കോഴ്സുകളുടെ മത്സരാത്മകത വലിയ ചോദ്യചിഹ്നമായി മാറും. പ്രാദേശികമായ സര്‍വകലാശാലകളില്‍ നിര്‍മിക്കപ്പെടുന്ന ‘മൂക്’ കോഴ്സുകളുടെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായി ആശ്രയിക്കാന്‍ പറ്റുന്ന ഘടകം, ഗവൺമെൻറ് ജോലികള്‍ക്ക് യോഗ്യമായ ‘മൂക്’ കോഴ്സുകള്‍ എന്ന തരത്തില്‍ മാത്രമാവും.
പുതിയ പെന്ഷന് സ്കീമിന്റെ വരവോടെ ഗവണ്‍മെൻറ് ജോലിയും അതിന്റെ ഭാഗമായി ഉണ്ടായിരുന്നു സാമ്പത്തിക സ്ഥിരതയും ഏതാണ്ട് പ്രൈവറ്റ് ജോലിക്ക് തുല്യമായിക്കൊണ്ടിരിക്കുകയാണ്. നയങ്ങളുടെ തുടര്‍ച്ചക്ക് ഭരണമാറ്റം തടസ്സമാവുന്നില്ല എന്നതിന്റെ ഉദാഹാരണമാണ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ എൽ.ഡി.എഫ് എതിര്‍ത്ത പുതിയ പെന്ഷന് സ്കീം അവര്‍ രണ്ടാം തവണ ഭരണത്തില്‍ വരുമ്പോഴും മാറ്റമില്ലാതെ തുടരുന്നത്. ഗവണ്‍മെൻറ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന പുതിയ പെന്ഷന് സ്കീം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയൊക്കെ സ്വകാര്യമേഖലയിലും ഇപ്പോള്‍ നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഗവണ്‍മെൻറ് ജോലി ഭാവി സമൂഹത്തിന് വലിയൊരു കൊതിപ്പിക്കുന്ന ലക്ഷ്യമായിക്കൊള്ളണമെന്നില്ല. സ്വകാര്യ മേഖലയിലെ ജോലികള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ ഉയര്‍ന്ന നിലവാരമുള്ള യൂണിവേഴ്സിറ്റികളുടെ ‘മൂക്’ കോഴ്സുകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമ്പോള്‍ സ്വാഭാവികമായും തദ്ദേശീയമായ നിര്‍മിക്കപ്പെട്ട ‘മൂക്’ കോഴ്സുകള്‍ വലിയ അളവില്‍ ദയനീയമായി പരാജയപ്പെട്ടുപോയേക്കാം.
അന്തര്‍ദേശീയ തലത്തില്‍ കോഴ്സുകള്‍ അംഗീകരിക്കപ്പെടുമ്പോള്‍ പ്രാദേശിക കോഴ്സുകള്‍ മാത്രം അംഗീകരിച്ച് തൊഴില്‍ അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിന് പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെൻറ് സ്ഥാപനങ്ങള്‍ക്കും പരിമിതി നേരിടും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം തദ്ദേശീയമായി നിര്‍മിക്കപ്പെടുന്ന ‘മൂക്’ കോഴ്സുകള്‍ മാറാനാണ് സാധ്യത. അതുകൊണ്ടുതന്നെ ‘മൂക്’ കോഴ്സുകളിലൂടെ യൂണിവേഴ്സിറ്റികള്‍ക്ക് പഴയകാല വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ നേടിയതുപോലെയുള്ള സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുകയില്ലയെന്ന് ചുരുക്കം. വരിഞ്ഞുമുറുക്കുന്ന ഈ മത്സരാത്മകതയുടെ ആത്യന്തിക ഫലമായി പൊതു സര്‍വകലാശാലാ സമ്പ്രദായം വലിയ അസ്തിത്വ പ്രതിസന്ധി നേരിടും. മികവുള്ള അധ്യാപകര്‍ നല്ല ‘മൂക്’ കോഴ്സുകളിലൂടെ വിദ്യാര്‍ഥികളെ ആകര്ഷിക്കുമ്പോഴും ഓരോ വിദ്യാര്‍ത്ഥിയും പല യൂണിവേഴ്സിറ്റികളില്‍ നിന്ന് തിരഞ്ഞെടുത്ത ‘മൂക്’ കോഴ്സുകളിലൂടെയാവും ബിരുദം പൂര്‍ത്തിയാക്കുക. അതുകൊണ്ടുതന്നെ സര്‍വകലാശാല എന്ന സമഗ്രത ഭാവിയില്‍ നഷ്ടമാവും. ഓരോ സര്‍വകലാശാലയും അവര്‍ പരമ്പരാഗതമായി പ്രദാനം ചെയ്യുന്ന ബിരുദ പരിപാടികളുടെ ഒരു ഭാഗം മാത്രം നല്കുന്ന (അതായത് വിദ്യാര്‍ത്ഥികള്‍ സ്വയമേവ തിരഞ്ഞെടുക്കുന്ന സ്വന്തം സര്‍വകലാശാലയിലേതോ മറ്റു സര്‍വകലാശാലയിലേതോ ആയ ‘മൂക്’ കോഴ്സുകള്‍) ഇടങ്ങളായി ചുരുങ്ങി പോവുകയാണ് ചെയ്യുക.
വ്യാവസായിക താല്പര്യങ്ങളുടെയും അതിന്റെ അടിസ്ഥാനത്തില്‍ ജോലികള്‍ അന്വേഷിക്കുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യങ്ങള്ക്കനുസരിച്ച് കോഴ്സുകള്‍ രൂപപ്പെടുത്തേണ്ട സാഹചര്യം സംജാതമാകും.
അധ്യാപകരും അവര്‍ പ്രദാനം ചെയ്യുന്ന ‘മൂക്’ കോഴ്സുകളും ഉന്നത സര്‍വകലാശാലായുടെ അടിസ്ഥാന യൂണിറ്റുകളായി മാറും. ഓരോ യൂണിറ്റിനും വിദ്യാഭ്യാസ ഉപഭോക്താക്കളെ കണ്ടെത്തുന്നതില്‍ അധികാരവും സ്വയം പര്യാപ്തതയും അനുവദിച്ചുകെടുക്കപ്പെടുമ്പോള് ഒരധ്യാപകനും അവര്‍ പഠിപ്പിക്കുന്ന കോഴ്സും (പഴയ ഭാഷയില്‍ പേപ്പര്‍) ഒരു സര്വകളാശാലയോടുമാത്രം ബന്ധപ്പെട്ടിരിക്കുക എന്നത് അസാധ്യമായി മാറും. ഇങ്ങനെ യൂണിറ്റുകളുടെ ആകെത്തുകയാണ് സര്‍വകലാശാല വിദ്യാഭ്യാസം എന്നുവരുമ്പോള്‍ വിദ്യാഭ്യാസ അനുഭവങ്ങളുടെ സമഗ്രത നഷ്ടമാവുകയും മത്സരാത്മകത പ്രകടിപ്പിക്കുന്ന അധ്യാപകര്‍, സര്‍വകലാശാലകള്‍ എന്നിവ മാത്രം പ്രസക്തമാവുകയും ചെയ്യുന്ന അവസ്ഥയാണ് സംജാതമാകുന്നത്. ഈ ഒരു സാഹചര്യത്തില്‍ പല പൊതു സര്‍വകലാശാലകളും ഒന്നുകില്‍ ചുരുങ്ങുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയോ ചെയ്യും.

ഈ മത്സരാത്മകതക്ക് പറ്റുന്ന രീതിയിലാണോ നമ്മുടെ യൂണിവേഴ്സിറ്റികള്‍ മുന്‍പോട്ടു പോകുന്നത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. യൂണിവേഴ്സിറ്റി തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങള്‍ ഭാവി മാറ്റങ്ങള്‍ക്ക് എത്രകണ്ട് ഊന്നല്‍ നല്‍കുന്നുണ്ട് എന്നതും പ്രധാനമാണ്. ഇപ്പോള്‍ നമ്മുടെ സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്നവരാണ് ഭാവിയില്‍ ഈ മത്സരാത്മകതയെ നേരിടേണ്ടി വരിക. മത്സരാത്മകതയെ നേരിടുന്നതിനുള്ള കഴിവും പ്രാപ്തിയും ഇല്ലാത്ത, രാഷ്ട്രീയ ബന്ധത്തിന്റെയും മറ്റ് സ്വാധീനങ്ങളിലൂടെയും പേരില്‍ മാത്രം സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്നവര്‍ വലിയ മത്സരങ്ങളുടെ ലോകത്ത് യൂണിവേഴ്സിറ്റികളെ എത്രമാത്രം മുന്നോട്ട് കൊണ്ടുപോകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
ഒരു ആഗോള നിയന്ത്രണ സംവിധാനം ഉന്നത വിദ്യാഭ്യാസത്തില്‍ രൂപപ്പെട്ടുവരുന്നത് വളരെ പ്രകടമായി ഇപ്പോഴേ നമുക്ക് കാണാം
ഉന്നത വിദ്യാഭ്യാസ പ്രക്രിയയില്‍ സ്ഥാപനങ്ങള്‍ക്ക് (സര്‍വകലാശാലകള്‍, കോളേജുകള്‍) വലിയ നിയന്ത്രണങ്ങളുള്ള സംവിധാനമാണ് നമുക്കുള്ളത്. എന്നാല്‍ ആഗോളതലത്തില്‍ കോഴ്സുകള്‍ ലഭ്യമാകുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസ പ്രക്രിയയെ എപ്രകാരം രൂപപ്പെടുത്തണം എന്നതിനുള്ള സവിശേഷമായ സാഹചര്യവും അധികാരവും ചുരുക്കപ്പെടും. മറിച്ച് വ്യാവസായിക താല്പര്യങ്ങളുടെയും അതിന്റെ അടിസ്ഥാനത്തില്‍ ജോലികള്‍ അന്വേഷിക്കുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യങ്ങള്ക്കനുസരിച്ച് കോഴ്സുകള്‍ രൂപപ്പെടുത്തേണ്ട സാഹചര്യം സംജാതമാകും. ഒരു ആഗോള നിയന്ത്രണ സംവിധാനം ഉന്നത വിദ്യാഭ്യാസത്തില്‍ രൂപപ്പെട്ടുവരുന്നത് വളരെ പ്രകടമായി ഇപ്പോഴേ നമുക്ക് കാണാം. ഏതു ബിരുദം തുടങ്ങണം, പാഠ്യപദ്ധതി എങ്ങനെ പരിഷ്കരിക്കണം, സിലബസില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എന്തൊക്കെ തരത്തിലുള്ള വിദ്യാഭ്യാസ അനുഭവങ്ങള്‍ ക്രമീകരിക്കണം എന്നിവയെല്ലാം സ്ഥാപനങ്ങളുടെ സവിശേഷമായ അധികാരങ്ങള്‍ക്കു പുറത്തേക്ക് പോവുകയും വിദ്യാഭ്യാസത്തിന്റെ ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്കനുസരിച്ച് രൂപപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും.
ഇതേ സാഹചര്യത്തിലൂടെ നമ്മുടെ വാര്‍ത്താമാധ്യമങ്ങള്‍ കടന്നുപോയിട്ടുണ്ട്. ഒരുകാലത്ത് തങ്ങളുടെ വായനക്കാരുടെ ചിന്തയെയും പ്രവര്‍ത്തികളെയും സ്വാധീനിക്കുന്നത് പത്രമാധ്യമങ്ങള്‍ ആയിരുന്നു. അതായത് പത്രമാധ്യമങ്ങള്‍ രൂപപ്പെടുത്തിയ ഒരു തലമുറ തന്നെ ഉണ്ടായിരുന്നു എന്നുപറയുന്നതില്‍ അതിശയോക്തിയില്ല. സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും മറ്റും വാര്‍ത്താ മാധ്യമങ്ങള്‍ എങ്ങനെയാണ് ഇന്ത്യന്‍ യുവത്വത്തെ സ്വാധീനിച്ചത് എന്നത് വളരെ വ്യക്തമാണ്. എന്നാല്‍ വാര്‍ത്താമാധ്യമങ്ങളുടെ പിന്നീടുള്ള കാലഘട്ടത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും വാര്‍ത്താ മാധ്യമങ്ങളെ വായനക്കാര്‍ രൂപപ്പെടുത്തുന്ന സാഹചര്യം സംജാതമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യ- ശ്രവ്യ- പ്രിൻറ് മാധ്യമങ്ങള്‍ വായനക്കാരെ രൂപപ്പെടുത്തുന്ന കാഴ്ചയല്ല, മറിച്ച് വായനക്കാര്‍ മാധ്യമങ്ങളെ രൂപപ്പെടുത്തുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വായനക്കാരുടെ താല്പര്യങ്ങളെ തൃപ്തിപ്പെടുത്താതെ ഒരു മാധ്യമത്തിനും നിലനില്ക്കാന് സാധിക്കുകയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടുതന്നെ വായനക്കാരുടെ താല്പര്യങ്ങളെ മൈക്രോസ്കോപ്പ് വെച്ച് പരിശോധിച്ച് അവര്‍ക്ക് ആവശ്യമുള്ളത് എത്തിച്ചുകൊടുക്കുന്നതിന് വാര്‍ത്താ മാധ്യമങ്ങള്‍ ഇപ്പോള്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു. ഇതുവഴി ‘നിര്‍മ്മിച്ചെടുക്കാനുള്ള' സവിശേഷമായ അധികാരവും ഉത്തരവാദിത്വവും ചോര്‍ന്നു പോവുകയാണ് ചെയ്യുന്നത്. ഇതേ അവസ്ഥ തന്നെയാണ് ഉന്നത വിദ്യാഭ്യാസവും ഭാവി കാലങ്ങളില്‍ നേരിടാന്‍ പോകുന്നത്.
നിലനില്‍ക്കുന്ന ജോലികള്‍ പലതും യന്ത്രവല്ക്കരിക്കപ്പെടുമ്പോള് ബിരുദ പഠനവും അതുവഴി ആര്‍ജ്ജിച്ച നൈപുണികളും ശേഷികളുമായി ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ ഒരു ജോലിയില്‍ തുടരാന്‍ കഴിഞ്ഞു എന്നുവരില്ല.
ഉന്നത വിദ്യാഭ്യാസത്തിന്റെ സാര്‍വ്വത്രികമായ (സൗജന്യമല്ല) ലഭ്യത സംഗീതം, ചലച്ചിത്രം, വീഡിയോ ഗെയിമുകള്‍ എന്നിങ്ങനെയുള്ള മറ്റ് ആസ്വാദന ഉപാധികള്‍ക്ക് സമാനമായ സാഹചര്യത്തിലേക്ക് ഉന്നതവിദ്യാഭ്യാസത്തെ നയിക്കും. യുവത്വം ഒഴിവുസമയം മാറ്റിവെക്കുന്നത് വീഡിയോ ഗെയിമുകള്‍, സംഗീതം, ചലച്ചിത്രം എന്നിങ്ങനെ ചടുലമായ ദൃശ്യ-ശ്രവ്യ സങ്കലനത്തിലൂടെ നിര്‍മ്മിക്കപ്പെടുന്ന ഉപാധികളെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ ആഗോള ഡിജിറ്റല്‍ ലോകത്ത് ഉന്നത വിദ്യാഭ്യാസത്തിനും മത്സരിക്കേണ്ടിവരിക ഒരേ ഉപകരണത്തിലൂടെ വന്നെത്തുന്ന മേല്‍പ്പറഞ്ഞ ആസ്വാദന പരിപാടികളുമായിട്ടവും. കാരണം ഈ വിനോദോപാധികള്‍ ലാഭ്യമാവുന്ന മെബൈല്‍ ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടറിലൂടെയാണ് ‘മൂക്’ വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളും എത്തിച്ചേരുക. സിനിമയും സംഗീതവും സ്പോര്‍ട്സും ഒക്കെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് എക്കാലവും വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇവയൊക്കെ തന്നെ വ്യത്യസ്തമായ ഭൗതിക സാഹചര്യങ്ങളില്‍ ( സിനിമാ തിയേറ്റര്‍, മൈതാനം എന്നിങ്ങനെ) മാത്രമാണ് ലഭ്യമായിരുന്നത് എന്നുള്ളതുകൊണ്ട് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുക എന്നത് സമയം- സ്ഥലം എന്നിങ്ങനെയുള്ള ഘടകങ്ങളെ വലിയൊരളവില്‍ ആശ്രയിച്ചിരുന്നു. എന്നാല്‍ സമയവും സ്ഥലവും മാറാതെ മ്യൂസിക്കും ചലച്ചിത്രവും ഗെയിമുകളും വിദ്യാഭ്യാസവും ഒരൊറ്റ ഭൗതിക മാര്‍ഗ്ഗത്തിലൂടെ ലഭ്യമാകുന്ന സാഹചര്യങ്ങള്‍, മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍, ഇവയ്ക്കു വേണ്ടിയുള്ള വീതംവെപ്പ് മുന്‍കാലങ്ങളിലേതിനേക്കാള്‍ എളുപ്പമായി മാറുന്നു. അതായത് മറ്റുള്ള വിനോദോപാധികളുമായി വിദ്യാഭ്യാസത്തിന്റെ മത്സരം മുഖാമുഖം നടക്കേണ്ടുന്ന അവസ്ഥ സംജാതമാകും.
ഇങ്ങനെ ഒരു മത്സരം ഉണ്ടായാല്‍ വിദ്യാഭ്യാസ പ്രക്രിയ ദയനീയ പരാജയമാണ് സാധ്യത. കാരണം വിദ്യാര്‍ഥികളുടെ സ്വാഭാവികമായ താല്പര്യത്തെ ഉണര്‍ത്തി മറ്റ് ആസ്വാദന മാര്‍ഗങ്ങളുമായി മത്സരിച്ച് മുന്നേറുന്ന രീതിയില്‍ വൈജ്ഞാനികതയെ രൂപപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായി മാറും. അതുകൊണ്ടുതന്നെ വൈജ്ഞാനികത ഏറ്റവും ആകര്‍ഷകമായ ഒന്നാക്കി അവതരിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ അറിവില്‍ നിന്ന്തിരിച്ചറിവിലേക്കുള്ള ദൂരം വരുംകാല സമൂഹത്തില്‍ പതിന്മടങ്ങു വര്‍ദ്ധിക്കും. ഒരു വൈജ്ഞാനിക സമൂഹത്തെ നിലനിര്‍ത്തുന്നതിന് വൈജ്ഞാനികതയെ ഏറ്റവും ആകര്‍ഷകവും അനിവാര്യവുമായ രീതിയില്‍ അവതരിപ്പിക്കുന്നതിന് സാധിക്കുന്ന അധ്യാപകര്‍ക്കും വിദ്യാഭ്യാസ വ്യവസ്ഥയ്ക്കും മാത്രമേ സാധിക്കൂ. ഇത്തരം ഒരു മാറ്റത്തെ മുന്‍കൂട്ടി കണ്ട് നാം ഇനിയെങ്കിലും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ തയ്യാറെടുപ്പുകളുടെ കാര്യത്തില്‍ നമ്മുടെ കേരളത്തിലെ സര്‍വകലാശാലകള്‍ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം.

കൃത്യമായി നിര്‍വചിക്കപ്പെട്ട ‘പഠന ഔട്ട്കം’കളുടെ (Learning outcomes) അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ പ്രക്രിയ ഒന്നാകെ പുനരേകീകരിക്കപ്പെടുന്നതാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മറ്റൊരു പ്രധാന മാറ്റം. വ്യവസായികാധിഷ്ഠിതമായ തൊഴില്‍ വിപണിയിലുള്ള, വിദ്യാഭ്യാസത്തിലെ ശക്തമായ ഇടപെടലാവും ഇതിനുള്ള പ്രധാന കാരണം. തൊഴില്‍ മേഖലയിലേക്ക് വിദ്യാര്‍ത്ഥിക്ക് കടന്നു ചെല്ലുന്നതിനുള്ള പൊതു മാനകങ്ങള്‍ എന്ന നിലയിലാണ് ഔട്ട്കമ്മുകള്‍ കടന്നുവരുന്നത്. വ്യവസായ ലോകം ആവശ്യപ്പെടുന്ന രീതിയില്‍ വളരെ കൃത്യമായി നിര്‍വ്വചിക്കപ്പെടാന്‍ സാധിക്കുന്നതും അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്നതുമായ രീതിയിലാവും പാഠ്യപദ്ധതിയില്‍ ഔട്ട്കമ്മുകള്‍ നിശ്ചയിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളടത്തോളം പഠിപ്പിക്കുക എന്നതില്‍ നിന്ന് നമുക്കാവശ്യമുള്ളയത്ര പഠിപ്പിച്ച ശേഷം നിര്‍ത്തുകയെന്നതാണ് ഔട്ട് കം അധിഷ്ഠിതമായ വിദ്യാഭ്യാസം ചെയ്യുന്നത്. അതുകൊണ്ട് പത്തു മണിക്കെത്തി നാലുമണിക്ക് വീട്ടില്‍ പോകാവുന്ന ജോലി എന്നതില്‍ നിന്ന് സര്‍വകലാശലാ അധ്യാപനം മാറുകയും വ്യാവസായധിഷ്ഠിതമായ താത്പര്യങ്ങളെ മനസ്സിലാക്കാനുള്ള ജാഗ്രതയും അവയെ പാഠ്യപദ്ധതിയില്‍ വിളക്കി ചേര്‍ക്കുന്നതിനുള്ള കഴിവും അനിവാര്യമാകുകയും ചെയ്യും. അങ്ങനെയല്ലാത്ത സര്‍വകലാശാലകള്‍ ഭാവിയില്‍ അന്യം നിന്നു പോകും.
അതിയാന്ത്രികത (automation ) ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കും. നിലനില്‍ക്കുന്ന ജോലികള്‍ പലതും യന്ത്രവല്ക്കരിക്കപ്പെടുമ്പോള് ബിരുദ പഠനവും അതുവഴി ആര്‍ജ്ജിച്ച നൈപുണികളും ശേഷികളുമായി ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ ഒരു ജോലിയില്‍ തുടരാന്‍ കഴിഞ്ഞു എന്നുവരില്ല. ഒരുപക്ഷേ, ഒരിക്കല്‍ ആര്‍ജ്ജിച്ച നൈപുണികള്‍ യന്ത്രവല്ക്കരണത്തോടെ പാടെ പിഴുതെറിയപ്പെട്ടേക്കാം. മനുഷ്യന്റെ ഓര്മ എന്ന ബൗദ്ധിക ശേഷിയെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും വെല്ലുവിളിക്കുന്നത് നാം കാണുന്നുണ്ടല്ലോ. സ്വന്തം വീട്ടിലുള്ളവരുടെ ഫോണ്‍ നമ്പര്‍ പോലും ഓര്‍മിക്കേണ്ടതിന്റെ ആവശ്യമില്ല എന്ന നിലയില്‍ നമ്മുടെ സംഖ്യാ സംബന്ധിയായ ഓര്‍മകള്‍ക്കുമേല്‍ വലിയ വെല്ലുവിളിയാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ മുന്നോട്ടുവയ്ക്കുന്നത്. ഇങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളില്‍ പഴയ നൈപുണികള്‍ തുടച്ചു മാറ്റപ്പെടുകയും വിപണിയുടെ ആവശ്യത്തിനനുസരിച്ച് പുതിയ നൈപുണികള്‍ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നു.
സര്‍വകലാശാല എന്ന ആശയം തന്നെ വിഘടിച്ചു പോവുകയും അധ്യാപകര്‍ വിദ്യാഭ്യാസത്തിലെ ഒരു യൂണിറ്റ് എന്ന നിലയില്‍ സ്വന്തം കഴിവുകള്ക്കനുസരിച്ച്നിലനില്ക്കേണ്ടിയും വരും.
ഉദാഹരണമായി അധ്യാപക വൃത്തി എടുക്കാം. വിദ്യാര്‍ത്ഥി നല്കുന്ന അസൈന്മെന്റില് ഉള്‍പ്പെട്ടിരിക്കുന്ന കോപ്പിയടി കണ്ടുപിടിക്കുന്നതിന് അദ്ധ്യാപകന് സൂക്ഷ്മദര്‍ശിനി വച്ചു വായിക്കേണ്ട ആവശ്യമില്ലാതെ വരുന്നു. ടെണിറ്റിന്‍ (Turnitin) പോലുള്ള സോഫ്റ്റ്വെയറുകള് കൃത്യമായി ഈ പണി ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ അസൈന്മെന്റുകള് വായിക്കേണ്ട ആവുശ്യമുണ്ടാവില്ല. OMR പരീക്ഷകള്‍ മാത്രമല്ല, കൃത്യമായ പോയിൻറുകളും മൂല്യനിര്‍ണയത്തിന് മാനദണ്ഡങ്ങളും നല്കിയാല് ഉപന്യാസ ചോദ്യങ്ങള്‍ക്കും മാര്‍ക്കിടുന്ന സോഫ്റ്റ്വെയറുകള് പോലും ലഭ്യമാണെന്നിരിക്കെ ഇത്തരത്തിലുള്ള ശേഷി അധ്യാപനത്തിന് ആവശ്യമില്ലാതായി മാറുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ വിശകലനം ചെയ്യുന്നതിന് SPSS പോലുള്ള സോഫ്റ്റ്വെയറുകള് വരുന്നതോടെ ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിന്റെ രീതിശാസ്ത്രം തന്നെ എന്തെന്നറിയാത്ത ഒരു ഗവേഷക സമൂഹം രൂപപ്പെട്ടുവരുന്നു. ഇത്തരത്തില്‍ കാലഘട്ടത്തിനനുസൃതമായി നൈപുണികള്‍ മാറി മാറി വരുമ്പോള്‍ ഇവക്കനുസരിച്ച് പാഠ്യപദ്ധതിയും സിലബസും നവീകരിക്കുകയും അവയോരോന്നും ആവശ്യമുള്ളവരില്‍ അത്രയും ( വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ജോലിചെയ്യുന്നവരും ) എത്തിക്കുക എന്ന മാര്‍ക്കറ്റിംഗ് ജോലിയും ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ ജോലിയുടെ ഭാഗമാകാന്‍ പോവുകയാണ്.
ഈ മാറ്റങ്ങൾക്കെല്ലാം അനുസൃതമായി സ്വയം പരിവര്‍ത്തിപ്പിക്കാനുതകുന്ന ഉന്നത വിദ്യാഭ്യാസ ഇക്കോ സിസ്റ്റം നിലവില്‍ വന്നില്ലെങ്കില്‍ സര്‍വകലാശാലകളുടെ ദാരുണമായ അന്ത്യത്തിന് നാം സാക്ഷിയാകേണ്ടി വരും. സര്‍വകലാശാല എന്ന ആശയം തന്നെ വിഘടിച്ചു പോവുകയും അധ്യാപകര്‍ വിദ്യാഭ്യാസത്തിലെ ഒരു യൂണിറ്റ് എന്ന നിലയില്‍ സ്വന്തം കഴിവുകള്ക്കനുസരിച്ച്നിലനില്ക്കേണ്ടിയും വരും. സര്‍വകലാശാലാ അദ്ധ്യാപകരില്‍ നിന്ന് സര്‍വകലാശാലയുടെ ഭാഗമായ ‘സ്വയാശ്രയ (self- reliant) അദ്ധ്യാപകരിലേക്കുള്ള' ദൂരം അത്രയകലെയല്ല. ഒരു വിദ്യാഭ്യാസ യൂണിറ്റും സ്ഥിരമായി ഒരു സര്‍വകലാശാല സമ്പ്രദായത്തോട് ബന്ധപ്പെട്ടതായി കൊള്ളണമെന്നില്ല. സര്‍വകലാശാലകളുടെ ഘടനാപരമായ അതിരുകളെ ഉല്ലംഘിക്കുന്ന ഒരു ആശയമായി ഉന്നത വിദ്യാഭ്യാസം പരിവര്‍ത്തിപ്പിക്കപ്പെടും. അതുകൊണ്ടുതന്നെ, അടിത്തൂണ് പറ്റുന്നതുവരെ ശമ്പളം കിട്ടുന്ന ഉപാധിയായി സര്‍വകലാശാലയെ കണക്കാക്കുന്ന അധ്യാപകരും, ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ പറ്റുന്ന ബിരുദങ്ങള്‍ അന്വേഷിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെയും അവസാനത്തെ കണ്ണി ആയിരിക്കും നമ്മുടെ തലമുറയിലേത്. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.