Sunday, 25 September 2022

നോവൽ ഭാഗം


Text Formatted
Unni-R-Ormakalude-Jeevacharithram-Novel-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

അതിര് കല്ല്

ക്കരയച്ഛന്റെ വീടും പറമ്പും ഇനിയെന്തു ചെയ്യുമെന്ന് കുറച്ചുപേരെങ്കിലും ആലോചിക്കാതിരുന്നില്ല. അവര്‍ക്കാര്‍ക്കും തന്നെ നല്ല ഉദ്ദേശ്യമായിരുന്നില്ല. തൊട്ടടുത്തു കിടക്കുന്ന പറമ്പ് നാണുക്കണിയാരുടേതായിരുന്നു. അക്കരയച്ഛന്‍ പറമ്പിന്റെ അതിര് വിട്ടപ്പോള്‍ത്തന്നെ കണിയാര്‍ അതിരുകല്ല് സ്ഥാനം മാറ്റി. പല സമയങ്ങളിലായി കല്ല് സ്വയം ചലിക്കുന്നതു പോലെ അതിരുവിട്ട് നടന്ന് നടന്ന് കയറുന്നുണ്ടായിരുന്നെങ്കില്‍ ആ നടത്തത്തില്‍ ഒരല്‍പ്പം പേടിയുണ്ടായിരുന്നു.ഇന്നത് ധൈര്യത്തോടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത കെടപ്പാടത്തിലേക്കായപ്പോള്‍ കല്ലിന്റെ ചാട്ടം കംഗാരുവിനെത്തോല്‍പ്പിക്കും പോലെയായിരുന്നു.

‘നാളെ ഏതെങ്കിലും ഒരുത്തന്‍ ഒടയോനായിട്ട് വന്നാല്‍ കല്ലും പിഴുത് തിരിച്ച് വരേണ്ടി വരും', കണിയാത്തി ഓര്‍മിപ്പിച്ചു.

‘ഒരു മൂരീം വരത്തില്ല ', കണിയാര്‍ക്ക് ഉറപ്പായിരുന്നു.

‘അതെന്നാ?', കണിയാത്തി ചോദിച്ചു.

‘അതങ്ങനാ’,  കണിയാന്‍ പറഞ്ഞു.

ഒരേക്കറിനടുത്ത് തെങ്ങിന്‍ പറമ്പുണ്ട്.
തെങ്ങൊക്കെ തടം വലിക്കാതെ തോന്നിയ മട്ടിലാണ് നില്‍പ്പ്.
അതിരു നിറയെ തേക്കും മഹാഗണിയും. പത്താള്‍ പിടിച്ചാല്‍ കൂടാത്തത്ര ചുറ്റുവട്ടമുള്ള പ്ലാവ്. എത്രയോ വര്‍ഷങ്ങളായി ഓരോ വളര്‍ച്ചയിലും കണ്ണ് കൊതിച്ച് കയറിയ മരങ്ങളാണ്! കണിയാര്‍ക്ക് ആര്‍ത്തിക്കൊപ്പം ഇരിപ്പുറച്ചില്ല.

മരം വെട്ടി വില്‍ക്കുക എളുപ്പമല്ല.
കമ്പ് കോതിക്കാനെന്ന മട്ടില്‍ ആളെ നിര്‍ത്തി ചെറുമരങ്ങള്‍ കടത്താം.
​​​​​​​എന്നാലും  ഏതെങ്കിലും നാശം പിടിച്ചതുങ്ങള് ചോദ്യവുമായിട്ട് വരും. കണിയാര്‍ക്ക് കവടിയില്‍ നിരത്തുന്ന കണക്കും ഫലവും പറമ്പിലെ മരങ്ങളുടെ ചോടിളക്കുന്നതില്‍ ഗണിക്കാന്‍ കഴിഞ്ഞില്ല.

കാത്തിരിക്കുക, കണിയാന്‍ സ്വയം പറഞ്ഞു. കൂടെ ഇത്ര കൂടി ആലോചിച്ചു, പുറമല്ലേ ആളു കാണൂ ആരുമറിയാതെ അകം കാണാമല്ലോ.

കള്ളന്‍ കുട്ടനെ പരസ്യമായി തിരയുന്നതിലെ അപകടം നന്നായി അറിയുന്നതു കൊണ്ട് കണിയാര്‍ തയ്യല്‍ക്കാരന്‍ വാസുവിനോട് പറഞ്ഞു,  ‘കഴിഞ്ഞ തവണ അവനൊരു ജാതകം കുറിച്ചിട്ട് കാശ് തരാതെ പോയി. കണ്ടാല്‍ അത് തരാനൊന്ന് പറഞ്ഞേക്കണം'

‘കള്ളനും ജാതകമോ?' വാസുവിന് അത്ഭുതമായി.

‘നല്ല മുട്ടത്തിന്റെ ബന്ധുക്കളില്‍ ആരുടേയോ ആണന്നും പറഞ്ഞാ കൊണ്ടുപോയത്.’

പോലീസ് ഏമാനായിരുന്നു നല്ല മുട്ടം. കോട്ടയം ഭാസിയെ തല്ലിയതിന്റെ ചുണ നാട്ടുകാര്‍ക്ക് മുന്നില്‍ നട്ടെല്ലു നിവര്‍ത്തിക്കാണിച്ച് അഹങ്കരിച്ചിരുന്നത് പി. ടി. പുന്നൂസിന്റെ ചീത്തവിളിക്കുമുമ്പില്‍ ഓച്ഛാനിച്ച് പോയതിന്റെ പിറ്റേന്നാണ് നല്ലമുട്ടം സമയം നോക്കാന്‍ കുറിച്ചു വിട്ടത്.

unni r

‘അല്ല കണിയാരേ, അത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാ, നിങ്ങള്‍ക്ക് കാലോം സമയോം തെറ്റിയോ? വാസു അത്ഭുതത്തോടെ ചോദിച്ചു'

‘മറവി, മറവി, എത്ര വേഗമാണ് സമയം പോകുന്നത്!’, കണിയാര് തയ്യല്‍പ്പീടികയിലെ സ്റ്റൂളില്‍ ഇരുന്ന് സ്വയം പറഞ്ഞു.

‘പക്ഷേ, കുട്ടന്‍ കാശ് തന്നില്ലന്ന് ഉറപ്പാ'

‘കാര്യം കണ്ടു കഴിഞ്ഞാല്‍ കള്ളനും പോലീസും കാശ് തരുമോ കണിയാരേ?'

‘അത് നേരാ. പക്ഷേ,ആ കാശ് കിട്ടാനുള്ള നേരമായി വാസൂ, ഇല്ലെങ്കില്‍ ഇപ്പോഴത് ഓര്‍മ വരുമോ?'

കാലനെ വരെ കണക്ക് പഠിപ്പിക്കാന്‍ വിരുതുണ്ടായിരുന്ന ഗോവിന്ദക്കണിയാന്റെ മകനാണ്. പറഞ്ഞാല്‍ തെറ്റില്ല.

വാസു കുട്ടന്റെ കാര്യത്തില്‍ നാട്ടില്‍ കേട്ട ഒരു സംശയം പറഞ്ഞു ,ശാന്തന്‍പാറയിലാണന്നൊരു ശ്രുതിയൊണ്ട്, അതോ വടക്കേ ഇന്ത്യയിലാണോ?'

‘അതെന്താണ് അവിടൊരു പണി? ', കണിയാര്‍ക്കത് മനഗണിതത്തില്‍ പിടിക്കാന്‍ കഴിഞ്ഞില്ല.

‘പീടികേലെ നാരായണന്‍ നായരുടെ കൂടെ പോയതാണന്നൊരു സംസാരമുണ്ട്'

നാരായണന്‍ നായര്‍ക്ക് പല സംബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മൃഗഭോഗത്തില്‍ കമ്പം ഇത്തിരി കൂടുതലായിരുന്നു. ഒരിക്കല്‍ ചന്ത്രത്തില്‍ നായരുടെ തൊഴുത്തില്‍ നിന്ന് നാരായണന്‍ നായരെ ഉടുതുണിയില്ലാതെ പിടിച്ചു. അന്നുരാത്രി തന്നെ പീടികക്കാര്‍ നാരായണനെ കരയില്‍ നിന്നു കടത്തി.

ചന്ത്രത്തില്‍ നായര് പിന്നീട് നാരായണന് പോക്കുവരവുണ്ടായിരുന്ന പെണ്ണുങ്ങളുടെ വീട്ടിലേക്ക് അവര്‍ക്ക് താനാണിനി തുണയെന്ന മട്ടില്‍ കേറിക്കൂടി. അവിടെ നിന്നു കേട്ട വര്‍ത്തമാനത്തില്‍ ചന്ത്രത്തില്‍ നായര്‍ക്ക് നാരായണനൊരു അമ്പരപ്പായി മുഴച്ചു.

അരയില്‍ ചുറ്റിയ ചക്കരക്കയറുമായാണ് നാരായണന്‍ രാത്രി വരിക. പെണ്ണിന്റെ കഴുത്തില്‍ കയറ് കെട്ടിയിട്ട് നാലു കാലില്‍ നിര്‍ത്തും.പല സ്ത്രീകളുടേയും കഴുത്തില്‍ കയറിന്റെ രോമങ്ങള്‍ രാകി മുറിഞ്ഞ പാടുകളുണ്ടായിരുന്നു.

‘ദൈവമേ എന്നിട്ട്? 'ചന്ത്രത്തില്‍ നായര്‍ പറയുന്ന ഈ രഹസ്യം കേട്ട് വാ തുറന്നിരിക്കുന്നവര്‍ ചോദിക്കും.

‘എന്നിട്ടെന്നാ നാല് നിര്‍ത്തി. രണ്ടാക്കി'

നാല്‍ക്കാലായില്‍ നിന്ന് ഇരുകാലിയിലേക്ക് മോചിപ്പിച്ചതിന്റെ വെടലച്ചിരിയോടെ നായര് ഇത്ര കൂടിപ്പറയും പീടികക്കാരുടെ തൊഴുത്തിലെ പശു അമറുന്നത് കേട്ടാല്‍ മനുഷ്യക്കൊച്ചുങ്ങളുടെ കരച്ചില്‍ പോലല്ലേ?

അന്നു മുതലാണ് പീടികക്കാര്‍ പശുവിനെ വളര്‍ത്തുന്നത് നിര്‍ത്തിയത്. നീളന്‍ തൊഴുത്ത് ഇടിച്ചു നിരത്തിയിട്ട് അവിടെ തുളസിയും ചെത്തിയും നട്ടു.

തെക്കേടത്തെ അമ്മിണിക്കുട്ടിയുടെ ആദ്യത്തെ പ്രസവം പിഴച്ചു. ചാപിള്ളയായിരുന്നു. ആസ്തമയുടെ കവണയില്‍ നിന്നുള്ള എറ്റ് കുറഞ്ഞപ്പോള്‍ ഇനി വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍ പറഞ്ഞു. നാണിയമ്മയ്ക്ക് സമാധാനിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും എന്ത് പറഞ്ഞ് വിഷമം മാറ്റുമെന്ന് അറിയില്ലായിരുന്നു. മാത്രവുമല്ല, വാക്കുകള്‍ പുറത്തേക്ക് വരില്ല.
അമ്മിണിക്കുട്ടിയുടെ ഭര്‍ത്താവ്  പ്രഭാകരന്‍ ആലപ്പുഴക്കാരനായിരുന്നു. ഡേറാസ്മയില്‍ കമ്പനിയിലെ  പത്തു വയസ്സ് മാത്രം പ്രായമുള്ള തൊഴിലാളിയായിരുന്നു. ദിവസം പതിനാല് മണിക്കൂര്‍ വരെ പണിയെടുപ്പിക്കും.നാലണയായിരുന്നു ദിവസക്കൂലി.

ഒരു ദിവസം രാത്രിയില്‍ പ്രഭാകരനെ ഒരാള്‍ രാത്രിയില്‍ വന്ന് വിളിച്ച് കൊണ്ടുപോയി. പിന്നെ പ്രഭാകരനെ കണ്ടിട്ടില്ല. പ്രഭാകരന്‍ വേറെ പെണ്ണുകെട്ടി മാമ്പുഴക്കരിയില്‍ താമസമാണന്നും മറ്റുമുള്ള വര്‍ത്തമാനങ്ങള്‍ അമ്മിണിക്കുട്ടിയുടെ അടുത്തും എത്തിയെങ്കിലും വിശ്വസിച്ചില്ല.

പ്രഭാകരനെ കാണാതായ ശേഷമാണ് അമ്മിണിയുടെ വലിവ് കൂടിയത്. ശ്വാസമെടുക്കാനായി വാ പിളര്‍ന്നാല്‍ ആകാശവും ഭൂമിയും വിഴുങ്ങിയേ അടയ്ക്കൂ എന്ന മട്ടില്‍ തുറന്നു തന്നെ ഇരിക്കും. കണ്ണുകള്‍ ഇപ്പോള്‍ നിലത്തേക്ക് അടര്‍ന്നു പോകും പോലെ തുറിച്ചു വരും. നടുവു വില്ലുപോലെ വളയും.

അമ്മിണിയുടെ ശ്വാസം പഴേ ഗതിയിലെത്തിയപ്പോള്‍ ആദ്യം ചോദിച്ചത് അക്കരയച്ഛനെക്കുറിച്ചായിരുന്നു.
നാണിയമ്മ കണ്ണടച്ച് തലയാട്ടി.

രിത്രമെഴുതുന്നതിലെ മിടുക്ക് മറ്റാരേക്കാളും നന്നായി അറിയുന്ന തക്കലക്കാരന്‍നായരെയാണ് പീടികേലമ്മയുടെ മകന്‍ ഏര്‍പ്പാടാക്കിയത്. അമ്മച്ചി വീടുകളുടെ കിടപ്പറ രഹസ്യങ്ങള്‍ മുതല്‍ കൊട്ടാരത്തിലെ തൂണും മച്ചും ഒളിപ്പിക്കുന്നതു വരെ ചൂണ്ടാന്‍ മിടുക്കുള്ള ഒരു ശാസ്ത്രി .സചിവോത്തമന്റെ കാലത്ത് ഭക്തി വിലാസത്തിന്റെ നിഴലിരുട്ടില്‍ ശാസ്ത്രികളുണ്ടാവും. നാല് കണ്ണും നാലു മൂക്കും നാല് ചെവികളുമുള്ള ഈ സത്വത്തെ കടന്ന് അപ്പുറം പോകാന്‍ അധികമാര്‍ക്കും കഴിഞ്ഞിട്ടില്ല. വെളുത്ത വാവിനെ കറുത്തവാവാക്കാന്‍ പോന്ന തഴക്കം ശാസ്ത്രിയുടെ നാരായത്തുമ്പിനുണ്ടായിരുന്നു. എഴുത്തുകൊണ്ടായാലും മൊഴി കൊണ്ടായാലും അയാള്‍ ഏടുകള്‍ ആര്‍ക്ക് ഹിതമാകണോ അതേപടി മാറ്റി എഴുതും. ദമ്പിടി മടി നിറയെ വേണം. രാത്രിയില്‍ മടിയിലൊരു പെണ്ണും. അതില്‍ ശാസ്ത്രിക്ക് ജാതിയോ നിറമോ ഭേദമില്ലായിരുന്നു.
ജാതിയില്‍ താഴ്ന്ന പെണ്ണാണങ്കില്‍ കുളിച്ച്, വായൊന്ന് കുലുക്കു കുഴിഞ്ഞ് തുപ്പി മുണ്ടും മേല്‍മുണ്ടും എടുത്ത് പുറപ്പെടും.കോണകം കളയേണ്ടത് കൂടെക്കിടന്ന പെണ്ണിന്റെ ചുമതലയാണ്. അവരയാളുടെ നീളന്‍ കൗപീനം ചുരുട്ടിയെടുത്ത് മടിയിലൊളിപ്പിക്കുന്നതും കണ്ടിട്ടേ മുറി വിട്ടിറങ്ങൂ.

‘‘ഇവിടെ ഇതെല്ലാം എങ്ങനെ തരപ്പെടുത്തും? പഴയ കാലമല്ല '', അപ്പു നായരോട്  അനിയന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു .

‘‘പെണ്ണിനുള്ളതുകൂടി കാശായിത്തരാമെന്ന് ഏറ്റിട്ടുണ്ട്.''

‘‘സമ്മതിച്ചോ?''

‘‘ഒന്നു മൂളി അത്ര തന്നെ. ഇനിയഥവാ അത്ര നില്‍ക്കപ്പൊറുതിയില്ലങ്കില്‍ ബീവാത്തുമ്മയുടെ വീട്ടില് ഒരു രാത്രി പറഞ്ഞു വിടാം.''

‘‘മമ്മതല്ലാതെ വേറെ ഒരാള്‍?'', അനിയന്‍ നായര്‍ സംശയിച്ചു

‘‘മമ്മത് ബുദ്ധനായില്ലേ? ഇത് മേത്തനേക്കാള്‍ മൂപ്പുകൂടിയ ഇനമാണന്ന് പറയണം.''

‘‘മമ്മത്​ തരുന്നതിലും നാല് കാശ് കൂടുതലും തരുമെന്ന്.’’

ആര് പറയുമെന്ന് അനിയന്‍ നായര് സംശയിച്ചപ്പോള്‍ അപ്പു നായര്‍ പറഞ്ഞു,  ‘‘ശശിപ്പിള്ള''.

പീടികേലമ്മ ഒന്നു മാത്രമേ നിര്‍ബന്ധമായി പറഞ്ഞുള്ളൂ, തീണ്ടാരിത്തുണി കളയും പോലെ പുടവ കൊടുത്തവരെ കളയുന്ന  ഏന്ത്യാനികളാണ് നായര് സ്ത്രീകളെന്നുള്ള  വര്‍ത്തമാനം ഇതോടെ തീരണം.

രണ്ട് മക്കള്‍ നായന്മാരും തലയാട്ടി.

അമ്മയ്ക്കും രണ്ട് മക്കള്‍ക്കും മാത്രമറിയാവുന്ന ശാസ്ത്രിയുടെ വരവ് രഹസ്യം ചന്ത്രത്തില്‍ നായരും കളപ്പുര പണിക്കരും അറിഞ്ഞു.

മ്മത് തിരിച്ചെത്തി. വേഷത്തില്‍ യാതൊരു മാറ്റവുമില്ലായിരുന്നു.മഹല്ല് കമ്മറ്റിക്കാര്‍ വന്ന് ചോദിച്ചു,  ‘‘കേട്ടത് ശരിയാണോ?''

‘‘അതെ'', മമ്മത് പറഞ്ഞു.

‘‘കബറടക്കില്ല.''

‘‘വേണ്ട .''

‘‘പടച്ചോന് നെരക്കാത്തതാണ് ചെയ്തത്''

‘‘എനിക്കിനി പടച്ചോന്‍ ബുദ്ധനാണ്.''

‘‘അതെന്ത് വര്‍ത്തമാനമാണ് മമ്മതേ പറയുന്നത്?' '

‘‘അതങ്ങനാണ് മാമൂ...'

മക്കളാരും മമ്മതിനോട് ഒന്നും പറഞ്ഞില്ല. കെട്ടിയവളും ഒന്നും ചോദിച്ചില്ല. ചോദിച്ചാല്‍ മമ്മത് കഷ്ടപ്പെട്ട കഥകള്‍ കേള്‍ക്കേണ്ടി വരും. ഇപ്പോള്‍ നടുവ് കൂനാതെ നിവര്‍ന്ന് നിന്ന കാലം അത്ര ദൂരത്തല്ലാത്തതുകൊണ്ട് അതിന്റെ കെട്ട മണം അവര്‍ക്ക് ഒന്നുകൂടി മൂക്കിനോട് ചേര്‍ക്കാന്‍ താത്പര്യമില്ലായിരുന്നു.

ടിഞ്ഞാറുള്ള ഈഴവരുടേയും പുലയരുടേയും വീടുകള്‍ രാത്രിയില്‍ ആരോ തീയിട്ടു. വെണ്ണീറാകാന്‍ കൊട്ടാരമൊന്നുമല്ലല്ലോ എന്നായിരുന്നു ആദ്യമീ വാര്‍ത്ത കേട്ടപ്പോള്‍ പണിക്കരുടെ പ്രതികരണം. രണ്ട് കൂമ്പാളയും കൂടി വന്നാല്‍ കുമാരന്റെ ഒണക്ക ക്കവിതയുമല്ലേ പോകൂ!

കുടി കത്തിയതിനെക്കുറിച്ചുള്ള പരിഹാസം വായുവില്‍ വെന്ത മനുഷ്യമാംസത്തേക്കാള്‍ നീറി നിന്നു. അത് ശ്വസിച്ചവരാകട്ടെ പതിന്മടക്കാക്കി പടര്‍ത്തി.

ആലപ്പുഴയിലും സ്ഥിതി മോശമായിരുന്നില്ലന്ന് അവിടെ നിന്നും വന്ന കമലാക്ഷന്‍ വേലുവിനോട് പറഞ്ഞു. പലരും തല്ലു കൊണ്ടു.ശ്രീധരന്‍ പിള്ളയുടെ ചായക്കട അടിച്ച് തകര്‍ത്തു.

പട്ടണക്കാട് വെട്ടക്കല്‍ മാളികയില്‍ കോച്ചായുടെ കുടി കെടപ്പുകാരനായിരുന്നു വേലുവിന്റെ കുടുംബം. പാട്ടത്തിനും വാരത്തിനും കൃഷി ചെയ്തിരുന്ന കൃഷിക്കാരുടെ കൈയ്യില്‍ നിന്നും  കോച്ചയ്ക്ക് പുണ്യാളന്‍ പങ്ക് ,നേര്‍ച്ചപ്പങ്ക് ,കാവല്‍ ചുരുട്ട് ,ചിറ ചുരുട്ട് ,പടിക്കപ്പതം ,ധര്‍മ്മാവ് ,കിളളിപ്പതം തുടങ്ങിയ ജന്മിഭോഗങ്ങള്‍ കൊടുക്കണമായിരുന്നു. മാത്രവുമല്ല ,പെണ്ണുകെട്ടിയാല്‍ പടി കാണിക്കണമെന്ന ചടങ്ങുമുണ്ടായിരുന്നു. പെണ്ണിനെ ഇഷ്ടമായാല്‍  കോച്ചയുടെ വീട്ടില്‍ മൂന്നു മാസം അടിമപ്പണിയാണ്.

കോച്ചയുടെ നിലം വാരത്തിനെടുത്ത ചങ്കരന്റെ മകന്റെ ഭാര്യയെ പടി കാണിച്ചപ്പോള്‍ത്തന്നെ കോച്ചയുടെ ചുണ്ടില് ഉമിനീരു കുറുകി.മൂന്നു മാസം കഴിഞ്ഞ് പച്ച കിടുകും കളിത്തേങ്ങയും പൂവന്‍കോഴിയും പടിക്കല്‍ വെച്ച് പെണ്ണിനെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നപ്പോള്‍ ഒറ്റമുണ്ടും കൊടുത്ത് കോച്ചാ പെണ്ണിനെ പടിയിറക്കി വിട്ടു. നടക്കാന്‍ ആവതില്ലാതെ ,കുഴഞ്ഞ് ,പെണ്ണ് വീണു. തുടക്കിടയില്‍ നിന്നുള്ള ചോര നിന്നില്ല. മൂന്നാംപക്കം മരിച്ചു.

വേലു പെണ്ണുകെട്ടിയപ്പോള്‍ ചായക്കടക്കാരന്‍ മാങ്കുടി ശ്രീധരന്‍ പിള്ളയുടെ അച്ഛന്‍ സുകുമാരനാണ് ചോദിച്ചത്,  ‘‘വേലുവേ, മണ്ണോ നിനക്കില്ല.. പെണ്ണെങ്കിലും?''

വേലുവിന് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു.
സുകുമാരന്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായ തടുക്കു തയ്യല്‍ക്കാരന്‍ കുഞ്ഞനോട് കാര്യം പറഞ്ഞു. തത്ക്കാലത്തേക്ക്  ഇവിടുന്ന് പോകുന്നതാണ് നല്ലതെന്ന് കുഞ്ഞനും വേലുവിനോട് പറഞ്ഞു. 

പെണ്ണുമായി ആ രാത്രി തന്നെ വേലു വരമ്പ് മുറിച്ചു.

കള്ളന്‍ കുട്ടന്‍

നിര്‍മാല്യം തൊഴാന്‍ പോയ പരമുനായരാണ് ആല്‍ച്ചോട്ടില്‍ ഒരു രൂപം വളഞ്ഞ് കിടക്കുന്നത് കണ്ടത്. 

ശ്രീകോവിലിനുള്ളിലിരുന്ന് ഹനുമാന്‍ തിരുമേനി നാരായണിയുടെ വര്‍ത്തമാനം ശ്രദ്ധിച്ചു.വാരസ്യാരോടാണ് വര്‍ത്തമാനം,  ‘‘അല്ല, തങ്കമേ നിങ്ങള് കണ്ടില്ലേ?''
‘‘ഇല്ല.''
ആലു ചുറ്റി വളഞ്ഞുകിടക്കുന്നു. കറുത്ത ഒരു രൂപം.ആദ്യം ഞാനൊന്ന് പേടിച്ചു. പിന്നെ ഭഗവതിയെ വിളിച്ച് ഒറ്റ നടത്തം.

വാരസ്യാരും അതുവഴിയാണ് വന്നത്. ചൂട്ടിന്റെ വെളിച്ചത്തില്‍ മുന്നിലെ വഴിയല്ലാതെ വേറൊന്നും തെളിഞ്ഞിരുന്നില്ല.

‘‘കാലക്കേടു വരും മുമ്പ് ആലുചുറ്റി കാലന്‍ കെടക്കു’’ മെന്ന്​ പരമുനായര് പറഞ്ഞു. ഹനുമാന്‍ തിരുമേനി ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ചൊല്ല് കേള്‍ക്കുന്നത്.
‘‘അതിപ്പോ എവിടുന്ന് കിട്ടിയതാ നായരേ?' 

ഹനുമാന്‍ തിരുമേനിയുടെ പച്ചോല കീറും പോലുള്ള ഒച്ച ശ്രീകോവിലിന്റെ വാതിലുകള്‍ ഞെരിഞ്ഞു കടന്നു വന്നു.
‘‘കാരണവന്മാര്‍ പറഞ്ഞത് കേട്ടതാണ്''
‘‘ഇനിയെന്ത് കാലക്കേട്? കാലക്കേടൊക്കെ തീര്‍ന്നില്ലേ?'' ഹനുമാന്‍ തിരുമേനി ഉള്ളിലിരുന്ന് ചിരിച്ചു.
‘‘അതേ അതേ, തിരുമേനിക്ക് അഞ്ച് കൊല്ലം ശ്രീകോവിലില്‍ ഇരിക്കാമെന്ന പൂതി തീര്‍ന്നില്ലേ? ഒറ്റ വലിക്ക് താഴെ വീണില്ലേ?''
ഹനുമാന്‍ തിരുമേനി ശ്രീകോവിലിന്റെ വാതില് തുറന്നിട്ട് പറഞ്ഞു,  ‘‘പൂണൂലു കത്തിച്ചതിന്റെ ചാരം ചെറുമുക്ക് വൈദികന് അയച്ചതിന്റെ ശിക്ഷ!''
ഹനുമാന്‍ തിരുമേനി വാതിലടച്ചു.
‘‘ബ്രാഹ്മണ ശാപം! '', നായര് പേടിച്ച് പറഞ്ഞു.

unni-r

ഹനുമാന്‍ തിരുമേനി കുറച്ചു നേരം കൂടി ശ്രീകോവിലിനുള്ളിലിരുന്നു. കൊടുക്കാനുള്ള കടത്തിന്റെ കണക്കുകള്‍ കൂട്ടി. പൂജയും തേവാരവുമായി പോയതു കൊണ്ട് ഒരു കാര്യവുമില്ല. കച്ചവടമാണ് ഇനിയുള്ള കാലത്ത് രക്ഷപ്പെടാനുള്ള ഏക വഴി.മേത്തന്മാരേപ്പോലെ ,മാപ്പിളമാരേപ്പോലെ അതിലൊട്ട് വിരുതുമില്ല. എന്ത് ചെയ്യും? ആലോചിച്ച് നേരം കുറേ കഴിഞ്ഞു.

‘‘തിരുമേനിയിന്ന് പ്രത്യേക പൂജയാ'', പരമു നായര് നിര്‍മാല്യം തൊഴാനെത്തിയ മറ്റുള്ളവരോട് പറഞ്ഞു.

കുറച്ചു കഴിഞ്ഞ് നട തുറന്നു.
ഭഗവതീന്ന് വിളിച്ച് കൈകള്‍ കൂപ്പി എല്ലാവരും നിന്നു. ഹനുമാന്‍ തിരുമേനി നടയ്ക്ക് നേരെ കൈകൂപ്പി പുറത്ത് നില്‍ക്കുന്ന ആളിനെ ശ്രദ്ധിച്ച് നോക്കി.നായര്‍ കണ്ട കലികാലരൂപം ഇതു തന്നെ.

പ്രസാദം വാങ്ങി പുറത്തേക്കിറങ്ങിയവര്‍ അതിരു കെട്ടാത്ത അമ്പലക്കുളത്തിന്റെ പടിയിലിരിക്കുന്ന ആളെ സൂക്ഷിച്ചുനോക്കി.
ചിറയ്ക്കലെ വസുമതി സംശയിച്ച് ചോദിച്ചു,  ‘‘താഴത്തെ കുട്ടനല്ലേ?''
‘‘അതേ ചേച്ചീ'' , കുട്ടന്‍ പറഞ്ഞു.
നീ ഇപ്പോള്‍ എവിടാ? എന്നാ പണി? ഇങ്ങനെ ചോദ്യങ്ങള്‍ കൊണ്ട് നിര്‍മാല്യം തൊഴാനെത്തിയവര്‍ കുട്ടനു ചുറ്റും കൂടി.
തിരുമേനി എത്തിയപ്പോള്‍ അവരെല്ലാം ഒറ്റയ്ക്കും തെറ്റയ്ക്കുമായി അഴിഞ്ഞുപോയി.
തിരുമേനീ, കുട്ടന്‍ പറഞ്ഞു,  ‘‘രാവിലെ വരുന്ന വഴിക്ക് കാണാന്‍ ഇരുന്നതാ. ഉറങ്ങിപ്പോയി.''
‘‘കാര്യം പറയ്’’
‘‘ചെറിയൊരു ശത്രുസംഹാരം''
‘‘ആരാണ് ശത്രു ?''
‘‘ഒന്നല്ല, കുറച്ച് കൂടുതലുണ്ട്'', കുട്ടന്‍ പറഞ്ഞു.
‘‘ഇവിടെ വെച്ച് വേണ്ട, ഇല്ലത്ത് വന്ന് പറഞ്ഞാല്‍ മതി''

കള്ളന്‍ കുട്ടന്‍ നാട്ടിലെത്തിയത് വെട്ടം വീഴും മുമ്പുതന്നെ കണിയാരുടെ ചെവിയിലെത്തി. വെറും ചായ മാത്രം കുടിച്ചിട്ട് കുട്ടനെ അന്വേഷിച്ച് കണിയാര്‍ ഇറങ്ങി.

വടക്കേ ഇല്ലത്തേക്ക് പോയിട്ടുണ്ടന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞപ്പോള്‍ കണിയാരുടെ കാല് കൂട്ടിക്കെട്ടിയതുപോലെ അവിടെ നിന്നു. കുറച്ചു നേരം കൂടി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ആലോചനയില്‍ നിന്നിട്ട് തിരിച്ച് നടന്നു.
നടന്നു വരും വഴിക്ക് ചെത്തുകാരന്‍ ദാമോദരന്‍ ഉച്ചത്തിലെന്തോ പറഞ്ഞു കൊണ്ട് വേലായുധന്‍ നായരുടെ തെങ്ങിലേക്ക് കയറുന്നത് കണ്ടു.ത്‌ളാപ്പിന്റെ വായ്ക്കുള്ളില്‍ രണ്ടു കാലുകളും ഉടക്കി മണ്ടയിലേക്ക് ചാടിച്ചാടി കേറുന്നതിനൊപ്പം അത്രയും വേഗത്തില്‍ താഴേക്ക് ദാമോദരന്റെ ഉശിരും പതിക്കുന്നുണ്ടായിരുന്നു ,അങ്ങനെ വീഴ്ത്താന്‍ നോക്കിയാല്‍ വീഴത്തില്ല.

പണിക്കര്​ മാട്ടയിലൂടെ ഏന്തി പറമ്പിലേക്ക് നോക്കി. അവിടെ ആരുമില്ല. പിന്നെ ആരോടാണ് ഈ വര്‍ത്തമാനമെന്ന് മനസ്സിലായില്ല. തെങ്ങിന്റെ കുടുന്തയില്‍ എത്തിയിട്ടും ദാമോദരന്റെ ഒച്ച താഴേക്ക് വീണുകൊണ്ടിരുന്നു:  ‘‘ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവരെ കാലം ശിക്ഷിക്കുക തന്നെ ചെയ്യും. അതാണ് ചരിത്രം.''

പണിക്കര്‍ക്ക് കാര്യം തെളിഞ്ഞു. തിരിച്ച് മണ്ട നോക്കി നാല് വര്‍ത്തമാനം പറയണമെന്നുണ്ടങ്കിലും ദാമോദരന്റെ രക്തത്തിന്റെ ചൂട് അവന്റെ അപ്പന്റെ തന്നെയായതുകൊണ്ട് പണിക്കരൊന്നും പറഞ്ഞില്ല.

ദാമോദരന്റെ അപ്പന്‍ കേശവന്റെ കുടുംബത്തിലെ ഉദയ പൂജയ്ക്ക് ആചാര്യയായി വന്നത് കുമരകംകാരന്‍ ഒരു മുത്ത ചോവനാണ്. ഒരു വെള്ളിയാഴ്ച സൂര്യന്‍ കെടുംമുമ്പ് കേശവനും വ്രതമെടുത്ത വീട്ടിലെ മറ്റാള്‍ക്കാരും ആര്‍പ്പുവിളിച്ചും കുരവയിട്ടും പാടത്തെ വിരിപ്പന്തലില്‍ വന്ന് വിളക്ക് കത്തിച്ചു. മൂന്ന് ദിവസത്തേക്ക് മഴ വീണോ കാറ്റു വീണോ കൈ വീശിയോ ഒന്നും വിളക്ക് അണയാന്‍ പാടില്ല.
പിറ്റേന്ന് അമ്മിക്കല്ല് അഭിഷേകം നടത്തി, സര്‍പ്പങ്ങള്‍ക്ക് തളിച്ച ശേഷം വിത്ത് കൂറിടും. പതിനാറര ഇടങ്ങഴി വിത്ത് പുണ്യാഹം തളിച്ച് തുല്യമായി പകുത്ത് വീണ്ടുമൊന്നിച്ചെടുത്ത് അരികുത്തി, പതിനാറ് നാളികേരമുടച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ആചാര്യയ്ക്ക് നിമിത്തത്താല്‍ തോന്നുന്നത് അപ്പോള്‍ പറയും.. ചെറിയ ദോഷങ്ങള്‍, വ്രതം തെറ്റിച്ചതിനുള്ള പ്രായശ്ചിത്തങ്ങള്‍ അങ്ങനെ.
‘‘ദാമോദരാ, ദുര്‍ലക്ഷണമാണല്ലോ കാണുന്നത് '', ആചാര്യ പറഞ്ഞു.
കുടുംബക്കാര്‍ക്ക് ആധിയായി.ദാമോദരന് കൂസലില്ലായിരുന്നു.
‘‘ശിവകോപം ഉണ്ട്.'', ആചാര്യ പറഞ്ഞു.
‘‘ഉണ്ടാവും’’, ദാമോദരനും പറഞ്ഞു.
‘‘വെറും കോപമല്ല, വീടുമുടിയും''
‘‘മുടിയട്ടെ''

ദാമോദരന്റെ ശബ്ദത്തിലെ കനത്തില്‍ മൂത്ത ചോവനൊന്ന് അറച്ചു പോയി.
കുഞ്ഞാപ്പിയെന്ന പുലയ യുവാവിനും ഗോവിന്ദപ്പണിക്കരെന്ന നായര്‍ യുവാവിനുമൊപ്പം വൈക്കത്ത് നിയമം ലംഘിച്ച ബാഹുലേയന്‍ എന്ന ഈഴവന്‍ ദാമോദരന്റെ അടുത്ത സുഹൃത്തായിരുന്നു. ചെത്തുതൊഴിലാളി ഊരുറപ്പിച്ച് ഇറങ്ങിയാല്‍ നാളെ ഷാപ്പിലും സത്യാഗ്രഹമുണ്ടാകുമെന്ന പേടി കൃസ്ത്യാനികളും ഈഴവരുമായ മുതലാളിമാര്‍ക്ക് പേടിയുണ്ടായിരുന്നു. കള്ളിന്റെ അളവ് കുറഞ്ഞാലും തെങ്ങില്‍ നിന്ന് വീണാലും രോഗം വന്നാലും ഒരു ചെത്തുകാരന്‍ മറ്റേ ചെത്തുകാരനെയാണ് സംശയിച്ചിരുന്നത്. കൂടോത്രമാണന്ന് മുതലാളിമാര്‍ ചെവിയില്‍ നിര്‍ത്താതെ മൂളി മൂളി വിശ്വസിപ്പിക്കും.
ദാമോദരന്റെ ദുര്‍ലക്ഷണത്തെ തളയ്ക്കാന്‍ കഴിയാതെ മൂത്ത ചോവന്‍ പാടം വിട്ടു.

 ദാമോദരന്റെ വിയര്‍പ്പിന്റെ ഉപ്പുള്ള  സന്തതിയില്‍ വെറും വാക്ക് ഏശില്ലന്ന് പണിക്കര്‍ക്ക് നന്നായി അറിയാമായിരുന്നു.

ഞാന്‍ സവര്‍ക്കറിനെ കണ്ടു എന്ന് കുട്ടന്‍ ഹിന്ദിയിലാണ് തിരുമേനിയോട് പറഞ്ഞത്. പറഞ്ഞത് തിരുമേനിക്ക് മനസ്സിലായില്ല.
അതാരാ?
ഹിന്ദുക്കളുടെ ജിന്ന എന്ന് പറഞ്ഞാലോ എന്ന് കുട്ടന്‍ ആലോചിച്ചു.
​​​​​​​തിരുമേനി ആരാ ജിന്നയെന്ന് ചോദിക്കും. അതുകൊണ്ട് നമ്മുടെ ആളാ എന്ന് മാത്രം പറഞ്ഞു. എന്നിട്ട് ഇത്ര കൂടി ചേര്‍ത്തു,  ‘‘ഇനിയുള്ള കാലം അങ്ങേര് പറയുന്നതു കേട്ടാല്‍ പൂജയും തേവാരവും നടക്കും. ഇല്ലങ്കില്‍ പൂണൂലുമിട്ട് പിച്ച തെണ്ടേണ്ടി വരും.''

തിരുമേനി കുട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയിരുന്നു.
ഇടക്കിടയ്ക്ക് ചില ഹിന്ദി വാക്കുകള്‍ വെള്ളത്തില്‍പ്പുളവനെപ്പോലെ തലപൊക്കിയിട്ട് മുങ്ങാം കുഴിയിട്ട് മറയും.
കാര്യങ്ങളുടെ ഗൗരവമെന്തന്ന് തിരുമേനിക്ക് മനസ്സിലാവുന്നുണ്ടോന്ന് ഇടക്കിടക്ക് കുട്ടന്‍ ചോദിച്ചു കൊണ്ടിരുന്നു; തിരുമേനി തലയാട്ടിക്കൊണ്ടും.

‘‘മലബാറും നമ്മുടെ കൈയ്യില്‍ നിന്നു പോകും'', കുട്ടന്‍ ഭാവി ഗണിക്കും പോലെ പറഞ്ഞു.

വീടും അമ്പലവും കരയും നാട്ടുവര്‍ത്തമാനവും മൂന്നു നേരം ചോറൂണും  കോണകമുണക്കിയിടീലുമല്ലാതെ അതിര് വിട്ടുള്ളതൊന്നും തിരുമേനിക്ക് അത്ര പിടിയില്ലായിരുന്നു.

‘‘കുടിയേറ്റം'', കുട്ടന്‍ പറഞ്ഞു,  ‘‘മലബാറിലെ മണ്ണ് മുഴുവന്‍ നസ്രാണികളെക്കൊണ്ട് വിളയുകയാണ്. കപ്പയ്ക്കും റബ്ബറിനുമൊപ്പം കുരിശും കൂടി വേരുപിടിക്കും.പിന്നെ പറിച്ചാലും പറിച്ചാലും പോരില്ല.''

അയ്മനംകാരന്‍ ഔസേപ്പ് കുറ്റ്യാടി മൂന്നാം കൈയ്യിലേക്ക് പണ്ട് കുടിയേറിയിട്ട് കാട്ടാനയും മലമ്പനിയും ചേര്‍ന്ന് മക്കളെ മുഴുവന്‍ കൊന്നത് തിരുമേനി കേട്ടിട്ടുണ്ട്. തിരിച്ച് അയ്മനത്തേക്ക് വന്ന ഔസേപ്പ് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് അന്ന് കരയില്‍ ജാതിയോ മതമോ ഇല്ലാതെ ആളുകള്‍ പറഞ്ഞിട്ടുണ്ട്: പഞ്ഞം പട വസന്തയില്‍ നിന്ന് ഞങ്ങളേയും സകലരേയും രക്ഷിക്കണേ...

മുട്ടിപ്പായി പ്രാര്‍ത്ഥിച്ചവന്റെ മുട്ടു കാലിന്റെ തഴമ്പിന് ദൈവം താങ്ങു കൊടുത്തതിന്റെ ഫലമാണ് പിന്നീടുണ്ടായ കൃസ്ത്യാനി വളര്‍ച്ചയെന്നു കൂടി കുട്ടന്‍ പറഞ്ഞപ്പോള്‍ മുപ്പത്തിമുക്കോടി ദൈവങ്ങളൊണ്ടായിട്ടെന്നാ കാര്യം,  ഭൂപരിഷ്‌ക്കരണ നിയമമുണ്ടായില്ലേ എന്ന്  തിരുമേനി  പുച്ഛത്തോടെ ഓര്‍ത്തു.

‘‘കോവൂര്‍ ശങ്കപ്പിള്ളയും മേക്കാട്ട് ബാലകൃഷ്ണന്‍ നായരും ചേര്‍ന്ന് കണ്ണൂര് വയത്തൂര് സ്ഥലം വാങ്ങി ഹിന്ദുക്കോളനി ഉണ്ടാക്കിയിട്ട് കാര്യമില്ല '', കുട്ടന്‍ പറഞ്ഞു. ‘‘പുറത്തേക്ക് പോയിട്ടല്ല അകത്താണ് കാര്യങ്ങള്‍ നടക്കേണ്ടത്.''

തിരുമേനിക്ക് അത്രയും വേഗത്തില്‍ കുട്ടനൊപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ലങ്കിലും പറയുന്നതില്‍ കാര്യമില്ലാതില്ലന്ന് മനസ്സിലായി.
‘‘എത്ര ദിവസം ഇവിടെ ഉണ്ടാവും?'' തിരുമേനി ചോദിച്ചു.
‘‘തീരുമാനിച്ചിട്ടില്ല' കുട്ടന്‍ പറഞ്ഞു.
പോകും മുമ്പ് രഹസ്യമായി ചോദിച്ചു,  ‘‘നമ്മുടെ പീടികേലെ നാരായണന്‍?''
‘‘നാഗ്പൂരിലുണ്ട്'' കുട്ടന്‍ പറഞ്ഞു,  ‘‘പിന്നെ മറ്റൊരു കാര്യം കൂടി, അമ്പലപ്പറമ്പ് മാപ്പിളപ്പിള്ളേര്‍ക്കും മേത്തപ്പിള്ളേര്‍ക്കും പന്ത് കളിക്കാനുള്ള സ്ഥലമാണോ?''

സ്‌കൂളിന്റെ മൈതാനവും അമ്പല മൈതാനവും  ഒന്നായിരുന്നു. അതു വഴിയായിരുന്നു ബോര്‍മക്കവലയിലേക്ക് ആളുകള്‍ നടന്നു പോയിരുന്നത്. അവിടെയായിരുന്നു കുട്ടികള്‍ വൈകുന്നേരങ്ങളില്‍ കളിച്ചിരുന്നത്. 

‘അല്ല... ', തിരുമേനിക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു.

കുട്ടന്‍ പോകും മുമ്പ് ഹിന്ദിയില്‍ എന്തോ പറഞ്ഞു. അത് പോകും മുമ്പുള്ള യാത്രാമൊഴിയോ ,വിടവാങ്ങല്‍ വന്ദനമോ ആയിരിക്കാം എന്ന് തിരുമേനി സങ്കല്‍പ്പിച്ചു .

അന്ന് രാത്രി ചെത്തുകാരന്‍ ദാമോദരനെ വീടിനു പിന്നിലെ തോടിനടുത്തിട്ട് ആരോ വെട്ടി. 

കസേര

വീടിന്റെ പൂമുഖത്തിട്ടിരുന്ന തേക്കില്‍ക്കടഞ്ഞ കസേരകാട്ടി  മന്നത്ത് പത്മനാഭന്‍ ഇരുന്ന കസേരയെന്ന് വരുന്നവരോടും പോകുന്നവരോടും മേനി പറയുന്നത് പീടികേലമ്മയുടെ സ്ഥിരം ശീലങ്ങളിലൊന്നായിരുന്നു. മകളുടെ കല്യാണം ക്ഷണിക്കാന്‍ വന്ന കോണ്‍ഗ്രസ്സ് നേതാവ് ശിവരാമന്‍ നായര്‍ നടത്തത്തിന്റെ തളര്‍ച്ചയില്‍ വന്ന പടി ഒന്നിരുന്നു പോയി. ഒറ്റയാട്ടിന് പീടികേലമ്മ ശിവരാമന്‍ നായരെ മുറ്റത്തെത്തിച്ചു. മന്നമിരുന്ന കസേരയില്‍ കോണ്‍ഗ്രസ്​ പൃഷ്ഠം തൊട്ട് അശുദ്ധമാക്കിയതാണ് അവരെ കലി പിടിപ്പിച്ചത്.

സര്‍ സി.പി യുടെ ഷഷ്ട്യബ്ദപൂര്‍ത്തിക്ക് മന്ത്രത്തോടൊപ്പം മംഗളപത്രസമര്‍പ്പണത്തിന് തിരുവനന്തപുരത്ത് പോയതാണ് ചന്ത്രത്തില്‍ക്കാരുടെ വിശേഷം.

ചന്ത്രത്തില്‍ക്കാരണവര്‍ അന്ന് പറയുന്നത്, പത്മനാഭന്റെ മണ്ണില്‍ നമ്മുടെ പത്മനാഭന്‍ കാലു കുത്തിയപ്പോള്‍ കൊടും കൈയ്യും കുത്തിക്കിടന്നയാള്‍ ചാടി എണീറ്റു!

ഈ ആലങ്കാരികതയില്‍ ദൈവദോഷമൊന്നും ആരും കണ്ടില്ല. സമുദായ നേതാവിനോളം മച്ചിനുള്ളില്‍ കുടിയിരിക്കുന്ന ഒരു പരദേവതയ്ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലന്ന യുക്തിയൊക്കെ അപ്പോഴേക്കും അവര്‍ക്കിടയില്‍ കനം വെച്ചിരുന്നു.

പടവും കസേരയുമുണ്ടായിട്ട് കാര്യമില്ല, നായര്‍ സ്ത്രീകള്‍ കമ്മ്യൂണിസ്​റ്റുകാരായ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കണമെന്ന് മന്നം പറഞ്ഞയുടന്‍ ഇവിടുത്തെ കുഞ്ഞുലക്ഷ്മി ഒരു നിമിഷം പോലും ആലോചിക്കാതെയല്ലേ ആ കോന്തന്‍ കമ്യൂണിസ്റ്റ് നായരെ ഇറക്കിവിട്ടത്? കളപ്പുരക്കാരുടെ ഈ വീറിനു മുമ്പില്‍ അന്നും ഇന്നും മറ്റ് രണ്ട് കുടുംബക്കാര്‍ക്കും മിണ്ടാട്ടം മുട്ടും. പക്ഷേ രണ്ടു പേര്‍ക്കും പൊതുവായ ന്യായമുണ്ടായിരുന്നു. കെട്ടുമ്പോള്‍ വര്‍ക്കത്തുള്ളവരെ കെട്ടണം. ചോവന്റേം പൊലയന്റേം  ചോരയുണ്ടങ്കില്‍ കമ്യൂണിസ്റ്റാവും.

unni r

ഇടപ്പള്ളിയില്‍ നിന്ന് പണ്ട് എണ്ണ തൊട്ട് ശുദ്ധമാക്കാന്‍ കൊണ്ടുവന്ന മാപ്പിളമാരില്‍പ്പെട്ട കൊച്ചുവാണ് ആലപ്പുഴയില്‍ നിന്നും കിട്ടിയ രഹസ്യം ചന്ത്രത്തില്‍ കാരണവരോട് പണ്ട് പറഞ്ഞത്, ഒരു കൃഷ്ണപിള്ള മുണ്ടും മാടി ഇറങ്ങീട്ടുണ്ട്. കാരണവര്‍ക്ക് മറ്റ് കുടുംബങ്ങളോട് ശത്രുതയുണ്ടങ്കിലും ഈ രഹസ്യം അവര്‍ കൂടി അറിയുന്നതിലേക്കായി കൊച്ചുവിനെ ശട്ടം കെട്ടി.

കൃഷ്ണപിള്ളയെന്ന  രഹസ്യം അവരുടെ ഉറക്കത്തെ ബാധിച്ചു.  ഓരോ കുടുംബത്തിലും അന്തകവിത്തുകള്‍ മുളപൊട്ടുമോ എന്നവര്‍ പേടിച്ചു.അതുകൊണ്ടുതന്നെ പാടത്തും പറമ്പിലും പണിക്കു വരുന്നവരോട് നാക്കില്‍ വെഷം നീട്ടിയേ ഉരിയാടാവൂ എന്ന് കല്ലേല്‍പ്പിളര്‍ക്കുന്ന ശാസന ഉണ്ടായിരുന്നു.

കളരിക്കലെ കാരണവരാണ് ഒടുവില്‍ സമാധാനം കണ്ടത്, കൃഷ്ണപിള്ളയെന്നാല്‍, വെറും പിള്ള! വെള്ളാളപ്പിള്ള!

അതില്‍ കാരണവന്മാരുടെ ശ്വാസം പൂര്‍വ്വസ്ഥിതിയിലായി.

പാലായില്‍ നിന്നും വന്നിരുന്ന കുഞ്ചെറിയ നാലക്ഷരം വായിക്കാനറിയാവുന്നവര്‍ക്കായി ചില ലഘുലേഖകള്‍ നാട്ടിലെ പ്രമുഖരെ ഏല്‍പ്പിക്കുമായിരുന്നു. കുഞ്ചെറിയയുടെ അപ്പനും അപ്പനപ്പന്മാരും കൃഷിക്കാരായിരുന്നു. മകനെ മണ്ണിലേക്ക് ഇറക്കി വളം കടിക്കാന്‍ വിടുന്നില്ലന്ന വാശിയിലാണ് പഠിക്കാന്‍ വിട്ടത്.തിരുവനന്തപുരത്ത് നിയമം പഠിച്ച കുഞ്ചെറിയ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍  അപ്പനോട് പറഞ്ഞു, മൂന്ന്  ക്രിസ്ത്യാനികളാ അവിടെ കമ്മ്യൂണിസ്റ്റുകള്‍: കെ. സി. ജോര്‍ജ്, പി. ടി. പുന്നൂസ്, സി. ജെ. തോമസ്.

കൂത്താട്ടുകുളങ്കാരന്‍ തോമസിന്റെ അപ്പനെ കുഞ്ചെറിയയുടെ അപ്പന്‍ ഫ്രഞ്ചു ദേവസ്യയ്ക്ക് അറിയാമായിരുന്നു.

കമ്മ്യൂണിസ്​റ്റായിട്ട്​ മാര്‍ഗം കൂടിയാലും രണ്ട് കള്ളന്മാര്‍ കുരിശില്‍ തന്നെ തൂങ്ങും. നടുക്കുള്ള തോമാ ഉയിര്‍ത്തെഴുന്നേല്‍ക്കും.അതാ രക്തം.അപ്പന്‍ പറഞ്ഞത് അന്ന് കുഞ്ചെറിയയ്ക്ക് മനസ്സിലായില്ല. പിന്നീട്, കൊട്ടുകാപ്പള്ളിക്കാരുടെ കൂടെ തോമാച്ചനെ കണ്ടപ്പോള്‍ അപ്പന്റെ പ്രവചനത്തിന്റെ തിരുവെളിച്ചമറിഞ്ഞ് കുരിശ് വരച്ചു.

 കുഞ്ചെറിയ ഡമോക്രാറ്റിക് പബ്ലിക്കേഷന്‍സിന്റേയും വോയ്‌സ് ഓഫ് കേരളയുടേയും ലഘുലേഘകള്‍ നടന്ന് പ്രചരിപ്പിക്കുന്നതിനിടയിലാണ് വായിക്കാനറിയാവുന്നവര്‍ക്കായി എന്ന മട്ടില്‍ ഇതെല്ലാം കൊടുത്തിരുന്നത്. അത് മാത്രമായിരുന്നില്ല, സിവില്‍ കേസുകളെല്ലാം ഒറ്റയടിക്ക് കൊണ്ടു പോകുന്നതിലും കുഞ്ചെറിയ ശ്രദ്ധ കൂര്‍പ്പിച്ചിരുന്നു.

അങ്ങനെ ചോവത്തീം നമ്പൂരാരും തമ്മിലുള്ള സംബന്ധം തീര്‍ന്നു!
ഇങ്ങനെയാണ് പടികേലമ്മ ആശ്വസിച്ചത്. അതേ ആശ്വാസം തന്നെയായിരുന്നു മറ്റുള്ളവര്‍ക്കും. മന്നത്തിനൊപ്പം ജീവശിഖാ ജാഥയ്ക്ക് പോയവരെ വിളിച്ച് കൂട്ടി മൂന്ന് കുടുംബക്കാരും സദ്യ കൊടുത്തു.

കാവിലെത്തിരുമേനി ജനസംഘമായന്ന് ഊണിനിടയിലിരുന്ന് ആരോ ഒരാള്‍ പറഞ്ഞു. വാജ്‌പേയ് വന്നു പ്രസംഗിച്ച് പോയതല്ലാതെ ജനസംഘക്കാരാരും തന്നെ കരയില്‍ ഉണ്ടായിരുന്നില്ല.
അതെന്താണ് പെട്ടന്നൊരു മാറ്റം? ചോറുരുള വായില്‍ നിറഞ്ഞ് നിന്നുള്ള ചോദ്യത്തിന് സ്ഫുടതയില്ലാത്തതുപോലെ തന്നെയായിരുന്നു അതിനുള്ള മറുപടിയും, ആര്‍ക്കറിയാം?

 കണിയാര്‍  കള്ളന്‍ കുട്ടനെ കാത്തിരുന്നെങ്കിലും  മനക്കണക്കുകള്‍ തെറ്റിച്ച് കുട്ടന്‍ പോയി. അതിരുകല്ലുകള്‍ ദിവസവും മുയലു ചാടും പോലെ അക്കരയച്ഛന്റെ പറമ്പിനുള്ളിലേക്ക് കുതിച്ചു കൊണ്ടിരുന്നു.

ഇനിയെന്തു ചെയ്യുമെന്നുള്ള തോന്നലുകള്‍ തികട്ടിത്തികട്ടി കണിയാര്‍ക്ക് പരവേശം കൂടി. ഒടുവില്‍ ആറ്റുമാലിക്കടുത്തുള്ള ഗോപാലനോടുതന്നെ സഹായം ചോദിക്കാമെന്ന് തീര്‍ച്ചയാക്കി. സപിണ്ഡിക്കാരനാണ് ഗോപാലന്‍. അച്ഛനും അമ്മയും ഇല്ല. ഒരു പട്ടി മാത്രമാണ് ആകെയുള്ള ബന്ധു. ഒരു നായരും ഗോപാലനെ അകന്ന കൂട്ടത്തില്‍പ്പോലുമുള്ളവനായി കണക്ക് എഴുതിയിട്ടില്ല. ചത്തു കഴിയുമ്പോള്‍ സപിണ്ഡിരിക്കാന്‍ ഗോപാലന്‍ വേണം. മരണമാണ് ഗോപാലന് വിലയുണ്ടാക്കുന്ന ഏക സമയം.ഗോപാലന് ചില കൂട്ടിക്കൊടുപ്പുകളും പോലീസ് ബന്ധങ്ങളും ഉണ്ടായിരുന്നുവെന്ന് അത്ര തീര്‍ച്ചയല്ലാത്ത സംസാരം നാട്ടിലുണ്ട്.

കണിയാര് ആറ്റുമാലിയില്‍ നിന്ന് ഗോപാലനെ വിളിച്ചു.

ഗോപാലനേക്കാള്‍ മുമ്പ് പട്ടി ഇറങ്ങി വന്നു. അത് പണിക്കരുടെ കാലില്‍ മണത്തും ചുറ്റും നടന്നും കഴിഞ്ഞപ്പോള്‍ ഗോപാലന്‍ വന്നു. കണിയാരെ കണ്ടപ്പോള്‍ത്തന്നെ വിളിച്ചു ചോദിച്ചു,  ‘‘ആരാ ചത്തത്?''
‘‘ആരും ചത്തില്ല'' കണിയാര് പതുക്കെപ്പറഞ്ഞു.
ചാരായത്തിന്റെ മണം ഗോപാലനു മുന്‍പേ നടന്ന് കണിയാരുടെ മൂക്കില്‍ തൊട്ടു.
‘‘എന്നാ കാര്യം?''
‘‘ചെറിയൊരു സഹായം'', കണിയാര്‍ ഭവ്യതയോടെ പറഞ്ഞു.
ഗോപാലന്‍ ഒന്ന് നോക്കി, കണിയാര്‍ക്ക് ഞാനെന്ത് സഹായമാണ് ചെയ്യേണ്ടതെന്ന മട്ടില്‍.
‘‘അക്കരയച്ഛന്റെ വീട്ടിലിപ്പോള്‍ ആരുമില്ലല്ലോ, അകത്ത് എന്തൊക്കയോ നീക്കിയിരിപ്പുണ്ട്. എടുത്തു തന്നാല്‍ പകുതി പകുതി. ആധാരമുണ്ടങ്കില്‍ അതിങ്ങ് തരണം .അതിനുള്ളത് വേറെ തരാം.''

ഗോപാലന്‍ ഇതുവരെ മോഷ്ടിച്ചിട്ടില്ലാത്തതുകൊണ്ട് അതിന്റെയൊരു കൈക്കുറവ് ഉണ്ടായേക്കുമെന്നുള്ള പേടി പറഞ്ഞു, കൂടെക്കൂടാം. പക്ഷേ, മിടുക്കുള്ള ഒരാള്‍ അല്ലെങ്കില്‍ നാട്ടുകാരറിയും.
‘‘മിടുക്കുള്ള ആരെ അറിയും?''
‘‘കുറുപ്പും തറയ്ക്കടുത്ത് ഒരു ഔതോനുണ്ട്. ഔതോന്റെ ചെല പിള്ളേര് ഇതിന് പറ്റിയതാണ്.''
‘‘വിശ്വസിക്കാമോ?''
‘‘വിശ്വസിക്കാം. പോലീസിന്റെ ഏജന്റാരുന്നു''

ദാമോദരന് ബോധം വരുമ്പോഴൊക്കെ മകനെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞ് കൊടുത്തു,  ‘‘പച്ചരിപ്പാകമെത്തിയ കൂമ്പു വേണം ചെത്താനെടുക്കേണ്ടത്. ചൊട്ടയുടെ ഇടത്തു നിന്ന് മേലുള്ള കരുവിക്ക് തല്ലി പരുവമാക്കണം. ഒന്നുകില്‍ അന്ന്, അല്ലെങ്കില്‍ പിറ്റേന്ന് കൂമ്പറ്റം മുറിച്ച് ഓല വിടര്‍ത്തിക്കെട്ടണം. എട്ട് ദിവസം കഴിയുമ്പോള്‍ കുല തുളിക്കും. തുളിക്കുന്ന ചൊട്ടയില്‍ ചെത്ത് മണ്ണോ ,വെട്ടി മരത്തിന്റെ തളിരിലയോ അരച്ചിടണം. നല്ല കള്ള് തരുന്ന തെങ്ങാണങ്കില് അകിട് ചൊരത്തും പോലെ ചൊരത്തും.''

‘‘നീ ചെത്തുകാരനാവണ്ട ’’, ദാമോദരന്റെ ചുണ്ടില്‍ ചെറിയൊരു ചിരി വന്നു.മെല്ലെ കണ്ണുകളടഞ്ഞു.

ജനറല്‍ ആശുപത്രിക്കുപുറത്ത് മന്നത്തിനും ആര്‍. ശങ്കറിനും  ഒന്നിച്ചുള്ള മുദ്രാവാക്യം തീണ്ടലില്ലാതെ ഒന്നിച്ചുചേര്‍ന്നു. പീടികയിലേയും കളരിക്കലിലേലയും ചന്ത്രത്തിലേയും മുഴുവനാളുകളും ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

(ഓര്‍മകളുടെ ജീവചരിത്രം എന്ന എഴുതി വരുന്ന നോവലില്‍ നിന്നുള്ള ഭാഗം)


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Audio