Wednesday, 29 March 2023

Journey to Masai Mara


Text Formatted

മാസായ് മാരാ: ചോരയുടെ ഫോസിലുകള്‍ 

നിനച്ചിരിക്കാതെ ഒരു പകലിലും രാത്രിയിലേക്കുമായി ഒത്തുവന്ന ഒരു ഇടവേളയില്‍ ഞാന്‍ മറ്റൊരു യാത്ര പുറപ്പെടുകയായിരുന്നു, ചരിത്രത്തിന്റെ ഇരുട്ടിലേക്ക്.

Image Full Width
Image Caption
മാസായ് ഗോത്രജീവിതം / ചിത്രങ്ങള്‍: ഡോ. മോഹനന്‍ പിലാങ്കു
Text Formatted

​​​​​​​യാത്ര ഒരിക്കലും കണക്കുകൂട്ടലുകളുടെ കള്ളിവരകള്‍ക്കുള്ളില്‍ പെട്ടിരുന്നില്ല, എനിക്ക്. ഓരോ യാത്രയും ഓരോ ആകസ്മിതയ്ക്ക് കൈയും കാലും വച്ചതുതന്നെയായിരുന്നു. അതുകൊണ്ട്, ഏതു നിമിഷം വേണമെങ്കിലും എങ്ങോട്ടെങ്കിലും പുറപ്പെട്ടുപോവാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല, നാളിത്രയും കാലം.

നീ വന്നുവിളിക്കുന്ന മാത്രയില്‍ ഇറങ്ങിവരാന്‍ പാകത്തില്‍ ഒരെന്നെ ഞാന്‍ എന്റെയുള്ളില്‍ വളര്‍ത്തിയെടുക്കുന്നുണ്ടെന്ന് എവിടെയോ എഴുതിയിട്ടുമുണ്ട്. 
ഒരു ദിവസം വന്നുവിളിക്കുമ്പോള്‍, ഒരു ചോദ്യവും ചോദിക്കാതെ ഇറങ്ങിപ്പോകേണ്ടവരല്ലേ എന്നു സംശയവും കൊണ്ടു. 

ഇതും അങ്ങനെയായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആള്‍രൂപമായ മലയാളി പി.വി. രാജഗോപാല്‍ നയിക്കുന്ന ഏകതാ പരിഷത്തിന്റെ ദേശീയ കണ്‍വീനര്‍ അനീഷ് തില്ലങ്കേരി ഒരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ വിളിച്ചു: ‘‘ഇത്തവണ ഞങ്ങളുടെ കൂടെ നിങ്ങളുമുണ്ട്.''
ഞാനെന്നും നിങ്ങളുടെ ഒപ്പമായിരുന്നല്ലോ, എന്ന് എന്റെ മറുപടി. 
‘‘ഇതങ്ങനെയല്ല. നമ്മള്‍ കെനിയയിലേക്കു പോകുന്നു. വേള്‍ഡ് സോഷ്യല്‍ ഫോറം ഇക്കുറി അവിടെയാണ്. നയ്‌റോബിയില്‍.’’
‘‘അതെ, നമ്മള്‍ പോകുന്നു.''

ചരിത്രം എന്നും നോക്കുകുത്തികളാക്കിയ മനുഷ്യനെ, അവന്റെ സംസ്‌കാരവും തനിമയും പിച്ചിച്ചീന്താനായി നടന്ന കൊളോണിയല്‍ ഗൂഢാലോചനകളെ അപ്പോള്‍ നൊടിയിടയില്‍ ഓര്‍ത്തു.

അങ്ങനെയാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറ്റുമെന്നു വിചാരിക്കാത്ത ആഫ്രിക്കയുടെ മണ്ണില്‍ കാലുകുത്തുന്നത്. അതു കേട്ടപാടെ മനസ്സിലുയര്‍ന്നത്, ആരും കൊതിക്കുന്ന, കേള്‍വിപെറ്റ ആഫ്രിക്കന്‍ സഫാരി തന്നെയായിരുന്നു. എന്നാല്‍, സ്വച്ഛന്ദതയുടെ തുറസിലെ ഏതാനും വന്യമൃഗങ്ങളെ കാണാനായിരുന്നില്ല അത്. മറിച്ച്, നൂറ്റാണ്ടുകളായി വലിയ മനുഷ്യസഫാരി പാര്‍ക്കില്‍ ഗെട്ടോ ചെയ്യപ്പെട്ട മാസായ് ഗോത്രവിഭാഗത്തെ മനസിലാക്കുന്നതിനായിരുന്നു. 

world economic forum
അനീഷ് തില്ലങ്കേരി, നിര്‍ഭയ് സിങ് എന്നിവര്‍ക്കൊപ്പം വി. ജയദേവ് വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ കെനിയയിലെത്തിയപ്പോള്‍. / Photo: Aneesh Thillenkery, facebook

ചരിത്രം എന്നും നോക്കുകുത്തികളാക്കിയ മനുഷ്യനെ, അവന്റെ സംസ്‌കാരവും തനിമയും പിച്ചിച്ചീന്താനായി നടന്ന കൊളോണിയല്‍ ഗൂഢാലോചനകളെ അപ്പോള്‍ നൊടിയിടയില്‍ ഓര്‍ത്തു. സന്നദ്ധസംഘടകള്‍ ഉയര്‍ത്തുന്ന ചോരയുടെയും വിയര്‍പ്പിന്റെയും ചെറുത്തുനില്‍പ്പുകളുടെയും പെരുങ്കളിയാട്ടമായ വേള്‍ഡ് സോഷ്യല്‍ ഫോറത്തിന് ഇന്ത്യയില്‍ നിന്ന് ഏക പത്രപ്രതിനിധിയായി ഞാനും. അതിനിടയിലും എന്റെ ശ്രദ്ധ ചരിത്രത്തിലെ അധികമാരും ശ്രദ്ധിക്കാതെ പോയ ഏറ്റവും വലിയ അരികുവല്‍ക്കരണത്തിന്റെ ഇരകളെയായിരുന്നു. അതിലേക്ക് എത്തിപ്പെടാന്‍ ഏറ്റവും നല്ല വഴി മസായ് മാരാ ആഫ്രിക്കന്‍ സഫാരി തന്നെയായിരുന്നു. നിനച്ചിരിക്കാതെ ഒരു പകലിലും രാത്രിയിലേക്കുമായി ഫോറത്തിന്റെ ഒത്തുവന്ന ഒരു ഇടവേളയില്‍ ഞാന്‍ മറ്റൊരു യാത്ര പുറപ്പെടുകയായിരുന്നു, ചരിത്രത്തിന്റെ ഇരുട്ടിലേക്ക്.

ഇരുട്ടില്‍ നിന്നൊരു ഉള്‍വിളി

വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ഒന്നുരണ്ടു പേര്‍ എന്നോടൊപ്പമുണ്ടായിരുന്നെങ്കിലും മാരായില്‍ കുറ്റിക്കാടുകള്‍ക്ക് ഇരുട്ടുകനക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടം തെറ്റി. പരിമിത സൗകര്യങ്ങള്‍ മാത്രമായിരുന്നു രാത്രിക്കുവേണ്ടി ഒരുക്കപ്പെട്ടിരുന്നത്. നിരനിരയായി വലിച്ചുകെട്ടിയ ടെന്റുകളില്‍ ട്വിന്‍ ഷെയര്‍ ക്രമീകരണമായിരുന്നു. കട്ടിലും പുതപ്പും. രാത്രി അത്യാവശ്യത്തിന് ഒരു ഞെക്കുവിളക്കും. കൂട്ടിന് ഇരുട്ടു തുളച്ചെത്തുന്ന കൊതുകുപടയും.

കുളിമുറിയിലാണ് ഏറ്റവും വലിയ കണ്ടുപിടിത്തം കണ്ടത്. ഒരു പ്ലാസ്റ്റിക്കു കുപ്പിയില്‍ ഓട്ടയുണ്ടാക്കി വച്ചതായിരുന്നു ഷവര്‍. അതിലൊന്നും ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. പരാതി ഒരു മിഡില്‍ ക്ലാസ് ശീലമാണെന്നു തോന്നുന്നു.

മഞ്ഞപ്പനിക്കുള്ള കുത്തിവെപ്പ് ഡല്‍ഹിയില്‍ വച്ചേ എടുത്തിട്ടുണ്ടായിരുന്നതുകൊണ്ട് (ആഫ്രിക്കയിലേക്കു കടക്കാന്‍ പാസ്‌പോര്‍ട്ട്, വിസ എന്നിവയേക്കാളും പ്രധാനം മഞ്ഞപ്പനിക്കു കുത്തിവെപ്പെടുത്ത രേഖയായിരുന്നു. അതിനും നിറം മഞ്ഞ.) അത്ര പേടി തോന്നിയില്ല. 

masai
മാസായ് മാരാ ദേശീയ വനോദ്യാനത്തിലെ കാഴ്ച

ടെന്റില്‍ അപരിചിതനായിരുന്നു പങ്കാളി. ഏതു നാട്ടുകാരനാണെന്നൊന്നും നോക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. ആഫ്രിക്കയിലെ കാടിനരികില്‍ ഒറ്റയ്ക്ക് ആരായാലെന്ത്, ആരും ഒരു കരുതല്‍ തന്നെ. എന്നാലും വൈകുന്നേരം ഇഴഞ്ഞുനീങ്ങുന്നതു പോലെ തോന്നി. ക്യാമ്പിന്റെ അരികുകള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു. രാത്രിഭക്ഷണം കഴിഞ്ഞ് കിടന്ന് നേരത്തേയുണര്‍ന്നു സഫാരിക്കു പോകാന്‍ തയാറാവണമെന്ന് നിര്‍ദേശം വന്നു. കുളിമുറി എന്നാല്‍ കുളിക്കാന്‍ മാത്രമായുള്ള മുറിയായിരുന്നു. ശൗചാലയം ലോകത്തെ ഏറ്റവും സിംപിള്‍. കാര്യം നടത്താന്‍ മാത്രമുള്ള സംവിധാനം. കുളിമുറിയിലാണ് ഏറ്റവും വലിയ കണ്ടുപിടിത്തം കണ്ടത്. ഒരു പ്ലാസ്റ്റിക്കു കുപ്പിയില്‍ ഓട്ടയുണ്ടാക്കി വച്ചതായിരുന്നു ഷവര്‍. അതിലൊന്നും ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. പരാതി ഒരു മിഡില്‍ ക്ലാസ് ശീലമാണെന്നു തോന്നുന്നു.

കെനിയയിലേക്ക് ഭൂമുഖത്തെ മറ്റേതു രാജ്യത്തേക്കുമെന്ന പോലെ വെള്ളക്കാര്‍ കടന്നുകയറിയെത്തിയതും കച്ചവടക്കണ്ണുകളോടെ തന്നെയായിരുന്നു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി, പൊതുവേ അപരിഷ്‌കൃതമായ നാട്ടുമനുഷ്യരെ കണ്ണുരുട്ടി വിരട്ടി  ചുളുവില്‍ കൈക്കലാക്കാമെന്ന കണക്ക് എന്നാല്‍, ആദ്യമേ തെറ്റുകയായിരുന്നു.

വനസമീപ മേഖലകളിലെ വിനോദസഞ്ചാരത്തിന്റെ രീതികള്‍ അങ്ങനെയാണ്. ആരും എ.സി മുറികളിലൊന്നും താമസിക്കണമെന്ന് സംഘാടകര്‍ക്ക്​ നിര്‍ബന്ധം ഉണ്ടാവില്ല. അവരൊരുക്കുന്ന സൗകര്യങ്ങള്‍ക്കനുസരിച്ച് സഞ്ചാരികള്‍ മെരുങ്ങണം. സൗകര്യത്തിലേക്ക് ഉടല്‍ ചുരുക്കുന്ന ഒരു പ്രക്രിയ ആണത്.
അതിലൊന്നുമായിരുന്നില്ല എനിക്കു ചെറിയ സങ്കടം തോന്നിത്തുടങ്ങിയിരുന്നത്. അറിയാത്ത കാടിന്റെ മുറ്റത്തിരുന്ന്, കേട്ടാല്‍ ആരും മനസിലാക്കാന്‍ ചുറ്റുമുണ്ടാവില്ലെന്ന ധൈര്യത്തോടെ ഞാന്‍ മലയാളത്തില്‍ ഉറക്കെ ആത്മഗതം ചെയ്തു: ""എന്റെ കാട്ടുമുത്തപ്പാ, ഈ കാനനവിജനതയില്‍ എനിക്ക് ഒരു തുള്ളി നരകതീര്‍ത്ഥമിറ്റിച്ചു തരാന്‍ ആരുമുണ്ടാവില്ലേ ഇവിടെ?'' വി.കെ.എന്നിന്റെ പ്രസിദ്ധമായ ആ രണ്ടുവരി അപ്പോള്‍ ഓര്‍ക്കുകയും ചെയ്തു: 
‘‘ആരവിടെ?''
‘‘ആരുമില്ല.''

masai

എന്നാല്‍ എന്റെ ചോദ്യത്തിന് മറുപടിയായി ആരോ ഉണ്ടായിരുന്നു. ഇരുട്ടിലേക്ക് തലപൂഴ്ത്തിത്തുടങ്ങിയ ടെന്റുകളൊന്നു മിണ്ടി. അതും സ്വന്തം മലയാളത്തില്‍.
‘‘കയറിപ്പോര്, അകത്തേക്ക്.''
ഒച്ചവച്ച ടെന്റിനകത്തേക്കു ഞാന്‍ തലയിട്ടു. അവിടെ ലഹരിയുടെ നിറഗര്‍ഭിണിയായ ഒരു കുപ്പിയെ താലോലിച്ച് സാത്വികനായ ഒരു മലയാളി ഇരിക്കുന്നു. തിരുവനന്തപുരത്തു നിന്നുള്ള സന്നദ്ധസംഘടനാപ്രവര്‍ത്തകനാണ്. വേള്‍ഡ് സോഷ്യല്‍ ഫോറത്തിനു വന്നതുതന്നെ. സര്‍വോപരി സഹൃദയനാണ്. കുറഞ്ഞ സഹൃദയത്വം കൊണ്ടൊന്നും ആ ആഫ്രിക്കന്‍ രാത്രിയെ അത്ര കാല്‍പ്പനികമാക്കാന്‍ കഴിയില്ല തന്നെ. പിന്നെ മണിക്കൂറുകള്‍ക്കു മേല്‍ മലയാളം നിറഞ്ഞുപതഞ്ഞതൊക്കെയും കാട്ടുമുത്തപ്പന്‍ കേട്ടുകൊണ്ടിരിക്കുകയായിരിക്കണം. 

തുറന്ന കാട് എന്ന കാഴ്ചബംഗ്ലാവ്

ആഫ്രിക്കയുടെ നാഡിമിടിപ്പ് തൊട്ടറിയുന്ന കെനിയയിലേക്ക് ഭൂമുഖത്തെ മറ്റേതു രാജ്യത്തേക്കുമെന്ന പോലെ വെള്ളക്കാര്‍ കടന്നുകയറിയെത്തിയതും കച്ചവടക്കണ്ണുകളോടെ തന്നെയായിരുന്നു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി, പൊതുവേ അപരിഷ്‌കൃതമായ നാട്ടുമനുഷ്യരെ കണ്ണുരുട്ടി വിരട്ടി  ചുളുവില്‍ കൈക്കലാക്കാമെന്ന കണക്ക് എന്നാല്‍, ആദ്യമേ തെറ്റുകയായിരുന്നു.

സിംഹങ്ങളുടെ ശ്വാസം. അത്രയും അടുത്ത് മൃഗവാസനകളെ അനുഭവിക്കാന്‍ പോന്ന മറ്റൊരു സ്ഥലം പിന്നെ മൃഗശാലകള്‍ മാത്രം.

ഇന്ത്യയില്‍ അഹിംസയായിരുന്നു അവര്‍ക്കെതിരെ ഉയര്‍ത്തപ്പെട്ട ആയുധമെങ്കില്‍, കെനിയയില്‍ അത് തീയും ചോരയും തുപ്പുന്ന ആയുധങ്ങളായിരുന്നു. ബ്രിട്ടനെ അത്രമേല്‍ ബാധ്യതപ്പെടുത്തിയ മറ്റൊരു ജനത ഭൂമുഖത്തുണ്ടായിരുന്നില്ല. 

lion

മാസായ് മാരാ ദേശീയ വനോദ്യാനത്തിന് അധിമൊന്നും പ്രായമായിട്ടില്ല. ബ്രിട്ടീഷ് കോളണിയില്‍ നിന്ന് കെനിയ ഔദ്യോഗികമായി വിട്ടുമാറുന്നതിന് തൊട്ടുമുന്നേയാണ് വെള്ളക്കാരുടെ മൃഗയാവിനോദങ്ങള്‍ക്കുള്ള കേന്ദ്രമായി മാരായില്‍ ഒരു റിസര്‍വ് (സംരക്ഷിതപ്രദേശം) എന്ന നിലയില്‍ നിലവില്‍ വരുന്നത്. 520 ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു വിസ്തൃതി. അത് പിന്നീട് 1820 ചതുരശ്ര കിലോമീറ്റര്‍ കൂടി നീട്ടി. എന്നാല്‍ ഈ മേഖലയെ ദേശീയ സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുന്നത് 1974 ല്‍ മാത്രമായിരുന്നു. കുറച്ചു സ്ഥലം തദ്ദേശീയ ഗോത്രങ്ങള്‍ക്ക് തിരിച്ചുകൊടുത്ത് 1984ല്‍ 1500 ചതുരശ്ര കിലോമീറ്റര്‍ ആയി കുറവുചെയ്തു.

ലോകത്തെ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ആഫ്രിക്കന്‍ സഫാരി തന്നെയാണ് തന്‍സാനിയയ്ക്ക് അതിരിടുന്ന കെനിയയിലെ മാരായില്‍. അത്തരമൊരു മൃഗോദ്യാനത്തിനു വേണ്ടി, അവസാന ആവാസവ്യവസ്ഥയില്‍ നിന്നുപോലും കുടിയിറക്കപ്പെട്ട മാസായ് ഗോത്രത്തിന്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. (എന്തൊരു പ്രഹസനമാണ്, ചരിത്രത്തിന്റെ.) - മാസായ് മാരാ ദേശീയോദ്യാനം. 

പുലിയെ കാണാന്‍ അതിന്റെ മടയില്‍ ചെല്ലണമെന്നു പറയാറുള്ളതിനെ യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ ദേശീയോദ്യാനം. അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ വന്നുപോവുന്നത്. ഇപ്പോള്‍ ഞാനും അതിലൊരാളായി മാറുകയായിരുന്നു.
സിംഹങ്ങളും പുലികളും ആനയും വരയന്‍കുതിരകളും... അങ്ങനെ കാടു കാണാന്‍ പോകുന്ന ഏതു സഞ്ചാരിയുടെയും കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്ന മൃഗക്കൂട്ടങ്ങളുടെ വൈവിധ്യം ചുറ്റിലുമുണ്ട് എന്ന തിരിച്ചറിവാണ് മാസായ് മാരാ. ഉദ്യാനപാലകര്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്ന സഫാരി ജീപ്പുകളില്‍ പുലിമടയോളം എത്തിച്ചേരാവുന്നതേയുള്ളൂ. സിംഹങ്ങളുടെ ശ്വാസം. അത്രയും അടുത്ത് മൃഗവാസനകളെ അനുഭവിക്കാന്‍ പോന്ന മറ്റൊരു സ്ഥലം പിന്നെ മൃഗശാലകള്‍ മാത്രം. എന്നാല്‍ അവിടെ കാണിക്കും മെരുങ്ങിത്തുടങ്ങുന്ന കാട്ടുമൃഗത്തിനും  ഇടയില്‍ കമ്പിയഴികള്‍ കവാത്തു നില്‍ക്കും. മാസായ് മാരാ ഉദ്യാനത്തില്‍ അതൊന്നുമില്ല. പുലിക്കും സിംഹത്തിനും മനുഷ്യനെ കാണുമ്പോഴുള്ള മുരള്‍ച്ചയോ ആട്ടിയോടിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യേണ്ടവനാണെന്ന ഉള്‍ത്തോന്നലുകളോ ഇല്ല. അവരെ കാലം അത്രയും മെരുക്കിയിരിക്കുന്നു. അല്ലെങ്കില്‍ അവ മനുഷ്യന്റെ, ഒരു ജന്തുവെന്ന നിലയിലുള്ള കഴിവുകേടിനെ നന്നായി മനസിലാക്കിയിരിക്കുന്നു.

FOOD
എറിഞ്ഞുകിട്ടിയ കാളത്തുട കടിച്ചെടുത്ത് പുള്ളിപ്പുലി മരത്തിൽ കയറിയപ്പോൾ

കാടിന്റെ വിജനതയില്‍, മൃഗകാമത്തിന്റെ സ്വച്ഛന്ദതയില്‍ മാത്രം ഇണയിലേക്ക് അമരുന്ന പതിവുപോലും മറന്ന ഒരു ആണ്‍സിംഹത്തെ കണ്ടു. ചുറ്റിലും കൂടിയിരിക്കുന്ന മനുഷ്യന്റെ പരകാമക്കണ്ണുകളിലേക്ക് അതു നോക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, സിംഹി ഇടയ്ക്കു സഞ്ചാരികളുടെ നേര്‍ക്കു കണ്ണുതുറിച്ചു. ഇതൊരു അപൂര്‍വകാഴ്ചയായിരുന്നുവെന്നു ഗൈഡ് പറയുന്നുണ്ടായിരുന്നു. ഒരു ഇലയുടെ പോലും മറയില്ലാതെ ഇങ്ങനെയൊന്ന്...ഏതൊക്കെയോ ഭാഷകളില്‍ ശബ്ദമുണ്ടാക്കുന്ന മനുഷ്യര്‍ക്കു മുന്നില്‍ പതിഞ്ഞിരുന്നു സിംഹി മൃഗക്കഴപ്പിന്റേതായ രതിമുഴക്കങ്ങളുടെ തിടുക്കത്തിലായിരുന്നു. 

വിശക്കുമ്പോള്‍ മാത്രം ഇരതേടിയിരുന്ന, ഞരമ്പില്‍ കാട്ടുതീയാളുമ്പോള്‍ മാത്രം ഇണതേടിയിരുന്ന മൃഗപതിവുകള്‍ പലതും അപ്പോഴേക്കും അഴിച്ചുമാറ്റപ്പെട്ടുതുടങ്ങിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വനപാലകര്‍ നല്‍കുന്ന പച്ചയിറച്ചിയുടെ ചോരയിറ്റാത്ത ചുരിലേക്ക് അവര്‍ മുഖം പൂഴ്ത്തി. തനിക്ക് എറിഞ്ഞുകിട്ടിയ കാളത്തുടയുടെ മുറ്റ് കടിച്ചെടുത്ത് പുള്ളിപ്പുലികളിലൊന്ന് അതിന്റെ പതിവുചിട്ട മറന്നില്ല. നേരെ അടുത്തുള്ള മരക്കൊമ്പിലേക്ക് അതിന്റെ സ്ഥാനം മായ്ച്ച് അടയാളപ്പെടുത്തി. ചീറ്റകളിലൊന്ന് ഉടലില്‍ അതിന്റെ ഏറ്റവും വലിയ വേഗം നിറച്ചു. വരയന്‍കുതിരക്കൂട്ടത്തില്‍, എന്തോ പേടിപ്പെട്ടെന്ന പോലെ, കാലുകളില്‍ വന്യമായ തിടുക്കം വിറകൊണ്ടു. 

ആഫ്രിക്കയുടെ എല്ലാ പൊരുത്തക്കേടുകളും ജനിച്ചയന്നുതൊട്ടുകാണുന്ന ഡ്രൈവര്‍ ഉറക്കെ ചിരിച്ചു. ഇത്രയും സന്തോഷമുള്ള, മനസിനെ അയച്ചുവിട്ട് ഉടലിനെ സ്വതന്ത്രമാക്കാന്‍ സാധിക്കുന്ന മനുഷ്യരെ ആഫ്രിക്കയിലേ കാണാന്‍ കഴിയൂ

വന്യമൃഗങ്ങളെ സാധാരണ ദേശീയോദ്യാനങ്ങളില്‍ കാണാന്‍ പോയാല്‍ അത്യപൂര്‍വമായ ഭാഗ്യം ഒന്നു കൂടെയുണ്ടെങ്കില്‍ മാത്രം സാധിക്കാവുന്ന കാഴ്ചകളായിരുന്നു ചുറ്റിലും. സാധാരണ എണ്‍പതു ഡോളര്‍ വരെ മുടക്കിയാല്‍ മാത്രം സാധിക്കുന്ന അപൂര്‍വതയായിരുന്നു അത്. വേള്‍ഡ് സോഷ്യല്‍ ഫോറം ഉച്ചകോടി കാരണം ലഭിച്ച ഡിസ്‌കൗണ്ട് കൂപ്പണില്‍ എന്നാല്‍ അത്രയൊന്നും മുടക്കാതെ തന്നെ എനിക്കും ഈ അപൂർവ്വത സ്വന്തമാക്കാന്‍ കഴിഞ്ഞു. 
തിരിച്ചുവരുമ്പോള്‍, കൂടെ നയ്‌റോബിയില്‍ നിന്ന് പിടിച്ചുവന്ന വാടകക്കാറിന്റെ ഡ്രൈവര്‍ ചോദിച്ചു;  ‘‘എന്തു കണ്ടു?’’
‘‘എന്തൊക്കെ കണ്ടില്ല എന്നല്ലേ ചോദിക്കേണ്ടിയിരുന്നത്?''
പങ്കുയാത്രക്കാരിലാരോ തിരിച്ചുചോദിച്ചു.
‘‘ഈ മൃഗങ്ങളെ കാണാനാണോ ഇത്രയും ദൂരം പോന്നത്?''
‘‘മൃഗങ്ങള്‍ അത്ര മോശപ്പെട്ട കൂട്ടരൊന്നുമല്ല.''

cheetah

ആഫ്രിക്കയുടെ എല്ലാ പൊരുത്തക്കേടുകളും ജനിച്ചയന്നുതൊട്ടുകാണുന്ന ഡ്രൈവര്‍ ഉറക്കെ ചിരിച്ചു. ഇത്രയും സന്തോഷമുള്ള, മനസിനെ അയച്ചുവിട്ട് ഉടലിനെ സ്വതന്ത്രമാക്കാന്‍ സാധിക്കുന്ന മനുഷ്യരെ ആഫ്രിക്കയിലേ കാണാന്‍ കഴിയൂ. നാലുനാള്‍ മുമ്പു വിമാനത്താവളത്തില്‍ നിന്ന് എന്നെ പൊക്കിയെടുത്ത ഡ്രൈവറും ഓരോ മറുപടിക്കും അയാളെ കുടഞ്ഞിട്ടു ചിരിച്ചു. ഏതു മുറിവിനെയും ഇങ്ങനെ ചിരിയില്‍ ഉണക്കാന്‍ കഴിയുന്ന ജൈവവാസന എന്താണെന്ന് അറിയണമെങ്കില്‍ അവരുടെ നിലനില്‍പ്പിന്റെ ജാതകം നോക്കേണ്ടതുണ്ട് എന്നു കൂടി പറയുന്നുണ്ടായിരിക്കും അവരുടെ ചിരി.

അടിച്ചമര്‍ത്തപ്പെട്ടവന്റെ കാഴ്‌ചോദ്യാനം

മാസായ് മാരാ ദേശീയ ഉദ്യാനം എന്ന പേരുണ്ടെങ്കിലും മാസായ് ഗോത്രത്തിന്റെതായ ഒരു അടയാളവും അവിടെ ഇല്ലായിരുന്നു. എന്നാലും കെനിയയുടെ ചരിത്രം തന്നെ മാസായ് ആദിമജനതയുടേതായിരുന്നു. തന്റെ ഭൂമിയില്‍ നിന്ന്, തന്റെ സ്വത്വത്തില്‍ നിന്ന്, തന്റെ അസ്തിത്വങ്ങളില്‍ നിന്ന്, തന്റെ നാടിന്റെ ചരിത്രത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവരായിരുന്നു മാസായ് ഗോത്രം. 

tribal
മാസായ്​ ഗോത്രജീവിതക്കാഴ്​ച

ചരിത്രത്തില്‍ നിന്ന് പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ട മാസായ് ഗോത്രത്തിന്റെ ശേഷിപ്പുകള്‍ തന്നെയായിരുന്നു മാസായ് മാരാ ദേശീയ ഉദ്യാനത്തിലേക്കെന്നു പറഞ്ഞു പുറപ്പെട്ടുപോയ എനിക്കു കാണേണ്ടിയിരുന്നതും. അതിനുശേഷം, അത്തരമൊരു യാത്ര ആന്‍ഡമാനിലെ ജാരവ ആദിമവാസികളെ തേടിയുള്ളതായിരുന്നു. 

മാസായ് എന്ന സ്വന്തം ജനത

സ്വന്തം ജനങ്ങള്‍ എന്നാണ് മാസായ് വാക്കിന്റെ ഏകദേശ അര്‍ത്ഥമെങ്കിലും മാസായ് എന്നാല്‍ ധൈര്യത്തിന്റെയും നെഞ്ചൂക്കിന്റെയും പര്യായമാണ്. ഈ നെഞ്ചൂക്ക് തന്നെയാണ് വെള്ളക്കാരായ ഇംഗ്ലീഷുകാരെ ചൊടിപ്പിച്ചത്. കെനിയയുടെയും തന്‍സാനിയയുടെയും വടക്കന്‍ ഭാഗങ്ങളില്‍ കന്നുകാലി വളർത്തലും അത്യാവശ്യം കാര്‍ഷികവൃത്തിയുമായി കഴിഞ്ഞിരുന്ന താന്തോന്നി വര്‍ഗക്കാരായിരുന്നു അവര്‍. ഇടങ്ങളില്‍ നിന്ന് ഇടങ്ങളിലേക്ക് അവര്‍ ഓരോ ഇടവേളയിലും സ്വയം പറിച്ചുനടുകയായിരുന്നു. 

കെനിയയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും തന്‍സാനിയയുടെ വടക്കന്‍ ഭാഗത്തുമായി ഏതാണ്ടെല്ലാ സ്ഥലങ്ങളും അവര്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണെന്ന് അവര്‍ വിശ്വസിച്ചു. ഭൂമിക്കു മുകളിലെ ഏതുകന്നുകാലിയും തന്റേതാണെന്നു മാസായ് വിചാരപ്പെടലോടെ അവകാശപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ മാസായ് ഗോത്രമേഖല കടലുകളും കാടുകളും തൊടുംവരെ നീണ്ടു. കെനിയയുടെ ഏതാണ്ട് മുഴുവനായും തന്‍സാനിയയുടെ പകുതിയും വരെ. 

masai
മാസായ്​ ഗോത്രവംശജർ

അവര്‍ക്കു മുന്നിലുള്ള ഭൂമി മുഴുവന്‍ അവരുടേതായിരുന്നു. അതിലെ പച്ചപ്പും മൃഗസമ്പത്തും അവര്‍ക്കു മാത്രമായി. വേട്ടയില്‍ കണിശതയും വേഗവും അവര്‍ കൈക്കൊണ്ടു. വേട്ടമൃഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. അത് സ്വന്തം കൂട്ടങ്ങള്‍ക്കിടയിലും മറ്റു ഗോത്രങ്ങളിലേക്കും കൈവിട്ടു. കൊണ്ടും കൊടുത്തും ജയിച്ചും തോറ്റും ചോരയും ഉപ്പും വിയര്‍ത്തും അവര്‍ നിലനിന്നു. മണ്ണിലും പെണ്ണിലും ഒരു വിലക്കും മാസായ് ഏട്ടിലോ മനസിലോ എഴുതിയിട്ടില്ല. അവര്‍ സ്വന്തം സ്വാതന്ത്ര്യങ്ങളും സ്വന്തം കാമവും സന്തോഷവും ഉന്മാദവും പങ്കിട്ടെടുത്തു. കൂടുതല്‍ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി വിശേഷാവസരങ്ങളില്‍ മൃഗച്ചോര കുടിച്ചു. വേഷത്തിലും മെയ് മിനുക്കലിലും നിറങ്ങള്‍ വാരിയണിഞ്ഞു. പരമ്പരാഗതമായ എന്തിനെയും ജീവശ്വാസം പോലെ കൊണ്ടുനടന്നു.

അധികാരത്തിന്റെ ചോരച്ചാലുകള്‍

ഈ വിശാലതയിലേക്കാണ് വെള്ളക്കാര്‍ കടന്നെത്തുന്നത്.
ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി എന്ന പേരില്‍, വെള്ളക്കാരായ കുടിയേറ്റക്കാരുടെ വേഷത്തില്‍, യൂറോപ്യന്‍ അധിനിവേശത്തിന്റെ പുതിയ വിത്തുകളും കൃഷിക്കോപ്പുകളുടെയും ബലത്തില്‍, ആയുധങ്ങളുടെ ഊറ്റത്തില്‍. വിശാലമായ ആഫ്രിക്കന്‍ സമ്പന്നതയുടെ ആഴങ്ങള്‍ അളക്കാന്‍ അവര്‍ക്കു കാലതാമസമുണ്ടായില്ല. ഉഗാണ്ടന്‍ റയില്‍വേയിലൂടെ ആഫ്രിക്കയെ മുഴുവന്‍ കൈപ്പിടിയിലൊതുക്കാനായിരുന്നു അവരുടെ മനക്കണക്ക്. 

വെള്ളക്കാരന്റെ കൈപ്പിടിയില്‍ നിന്ന് പുറത്തുവന്നിട്ടും കുടിയൊഴിക്കപ്പെടലുകളും ആട്ടിയോടിക്കലും തുടര്‍ന്നുകൊണ്ടിരുന്നു. മുമ്പ്, കൊളോണിയല്‍ കൃഷിക്കും ഖനനത്തിനും വേണ്ടിയായിരുന്നെങ്കില്‍, സ്വാതന്ത്ര്യാനന്തര കാലത്ത് അത് വികസനത്തിന്റെയും സംരക്ഷിത വനോദ്യാനങ്ങളുടെയും പേരില്‍. 

ഇതിന് കണ്ണില്‍ കരടായത് മാസായ് അടക്കമുള്ള ആഫ്രിക്കന്‍ ആദിമനിവാസികളായിരുന്നു. കൂടുതലും മാസായ്. കിക്കുയു, മേരു, എംബു, കംപ ഗോത്രങ്ങളെയും വെള്ളക്കാര്‍ നോട്ടമിട്ടു. ഈ ഗോത്രജനതകളെല്ലാം ചേര്‍ന്ന് ആയുധമേന്തിയ കെനിയ ലാന്‍ഡ് ആന്‍ഡ് ഫ്രീഡം ആര്‍മിയായിരുന്നു വെള്ളക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുകയും ചെയ്തിരുന്നത്. മൗ മൗ പോരാട്ടങ്ങള്‍ എന്നറിയപ്പെട്ട ആയുധപ്പോരിലൂടെ ഒഴുകിയ ചോരയേക്കാള്‍ അധികമൊന്നും മാരാ നദിയിലൂടെ ഒഴുകിയിട്ടില്ല. 

ഏറ്റവും കൂടുതല്‍ സ്വന്തം ഇടങ്ങള്‍ പിടിച്ചെടുക്കപ്പെട്ടത് മാസായ് ഗോത്രത്തില്‍ നിന്നായിരുന്നു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടതും മറ്റാരുമല്ല. അവരെ കെനിയയുടെ രാജസ്ഥലികളില്‍ നിന്ന് ദൂരേക്കുദൂരെ മാറ്റിനിര്‍ത്തി. മാസായ് മാരാ എന്ന മാസായ് ഇടങ്ങളില്‍ നിന്നാണ് അവരെ വെള്ളക്കാരന്റെ ചരിത്രം കുടിയൊഴിച്ചത്. ആഫ്രിക്കയുടെ ഏറ്റവും വലിയ മുറിവാണ് മാസായ് ഗോത്രം. ഇന്നും, വെള്ളക്കാരന്റെ കൈപ്പിടിയില്‍ നിന്ന് പുറത്തുവന്നിട്ടും കുടിയൊഴിക്കപ്പെടലുകളും ആട്ടിയോടിക്കലും തുടര്‍ന്നുകൊണ്ടിരുന്നു. മുമ്പ്, കൊളോണിയല്‍ കൃഷിക്കും ഖനനത്തിനും വേണ്ടിയായിരുന്നെങ്കില്‍, സ്വാതന്ത്ര്യാനന്തര കാലത്ത് അത് വികസനത്തിന്റെയും സംരക്ഷിത വനോദ്യാനങ്ങളുടെയും പേരില്‍. 

masai

വ്യാഖ്യാനം മാത്രമേ മാറിയിരുന്നുള്ളൂ. ഓരോ തവണയും മാസായ് അവന്റെ ഇടങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടുകൊണ്ടിരുന്നു. 
ഇന്ന് അവരുടെ ചുരുങ്ങിപ്പോയ ഇടങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന മാസായ് മനുഷ്യരെ കാണാന്‍ കഴിഞ്ഞു. ചോരയ്ക്കു ചോര, വാക്കിനു തോക്ക് എന്ന വേഷം അവര്‍ അഴിച്ചുവച്ചിരിക്കുന്നു. പരിമിത സൗകര്യങ്ങളില്‍ അവരുണ്ട്. അവരുടെ സന്തോഷങ്ങളും ആഘോഷങ്ങളുമുണ്ട്. തങ്ങളെ പടിയിറക്കിവിട്ട നയ്‌റോബി രാജസ്ഥലികളിലേക്ക് അവര്‍ക്കു പോകാം. എന്നാലും മുഖ്യധാരയിലേക്ക് അവര്‍ക്ക് എളുപ്പം കടന്നുചേരാനാവില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കുന്നു. തൊലിപ്പുറത്തെ കറുപ്പ് സാമ്പത്തികവും സാമൂഹ്യവുമായ വേര്‍പെടുത്തലിന് ആക്കം കൂട്ടിയിട്ടുണ്ട്.

ചോരയുടെയും മരണത്തിന്റെയും ചരിത്രം അവര്‍ക്ക് ഒരിക്കലും ഒരു ബാധ്യതയായിരുന്നില്ല, മറിച്ച്, അത് ജീവിതത്തോടുള്ള ചേര്‍ത്തുപിടിക്കലായിരുന്നു.

പൊതുവേ ദരിദ്രരായ ആഫ്രിക്കക്കാരെ സൂക്ഷിക്കണമെന്നാണ് സഞ്ചാരികള്‍ക്ക് കിട്ടുന്ന ആദ്യ മുന്നറിയിപ്പ്. ആഫ്രിക്കയുടെ മൊത്തം നടപ്പുരീതി അങ്ങനെയാണ്. പണത്തിനു വേണ്ടി അവര്‍ എന്തുതന്നെ ചെയ്യില്ല. കെനിയന്‍ കറന്‍സിയായ ഷിലിങ് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയായിരുന്നു നേരിട്ടിരുന്നത്. നയ്‌റോബിയില്‍ ഒരു ഡോളറിനും ഒരു ഷിലിങ്ങിനും ചായ കിട്ടും. അതേ തേയില, അതേ മധുരം. എന്നാലും രണ്ടു സമൂഹങ്ങളുടെ വ്യത്യാസം. എന്നാലും കെനിയ ആഘോഷങ്ങള്‍ക്ക് ഒരു പഞ്ഞവും വരുത്തിയിരുന്നില്ല. കാമുകിയ്‌ക്കൊത്തു ബിയർ നുണയുന്ന യുവാവിന്റെ കൂടെ ഒരു മേശ പങ്കിട്ടിരുന്നു, ഒരു ബാറില്‍. അവിടെ ബിയറിനൊപ്പം യുവാവു കാമുകിയെയും നുണയുന്നുണ്ടായിരുന്നു. അതാണ് ജീവിതം എന്നു പറയുന്നത്. അല്ലാതെ ഇസ്തിരിയിട്ട പെരുമാറ്റങ്ങളല്ല. 

ഊരുകളില്‍ മാസായ് ജനത വീണ്ടും സന്തോഷത്തോടെ ആവോളം ചേര്‍ത്തുനിര്‍ത്തുന്നുണ്ടായിരുന്നു വീണ്ടും. ചോരയുടെയും മരണത്തിന്റെയും ചരിത്രം അവര്‍ക്ക് ഒരിക്കലും ഒരു ബാധ്യതയായിരുന്നില്ല, മറിച്ച്, അത് ജീവിതത്തോടുള്ള ചേര്‍ത്തുപിടിക്കലായിരുന്നു. ഗ്രാമങ്ങളില്‍, വിദേശികളോട് അവര്‍ ഒരു അയിത്തവും കാണിച്ചില്ല. അവരുടെ സന്തോഷങ്ങളിലേക്കും കൂട്ടിരിപ്പുകളിലേക്കും ആഘോഷങ്ങളിലേക്കും അവര്‍ എല്ലാവരെയും ക്ഷണിക്കുന്നു.
​​​​​​​മാസായ് മാരാ ചോരയുടെ ഫോസിലുകളാണെന്ന് ഓര്‍മിപ്പിക്കുന്നു.

വി. ജയദേവ്​

മാധ്യമപ്രവര്‍ത്തകന്‍, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങള്‍, ചോരപ്പേര്, മായാബന്ധർ (നോവല്‍), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങള്‍), ഭയോളജി, മരണക്കിണര്‍ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങള്‍.

Audio