Wednesday, 07 December 2022

‘ബംഗാൾ’ @ 50


Text Formatted

‘ബംഗാള്‍':
കവിതയും
ചരിത്രവും

50 വയസ്സ്​ പൂർത്തിയാക്കുന്ന കെ.ജി.എസ്സിന്റെ ‘ബംഗാൾ’ എന്ന കവിതയുടെ സമകാലിക വായന

Image Full Width
Image Caption
കെ.ജി.എസ്
Text Formatted

കെ.ജി.എസിന്റെ ‘ബംഗാള്‍'  മലയാള കവിതയുടെ ചരിത്രത്തില്‍ അനിഷേധ്യസ്ഥാനമുള്ള കവിതയാണ്. 1972-ല്‍ രചിക്കപ്പെട്ട കവിത 2022-ല്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്നു. കേരളത്തിന്റെ ജനകീയസംസ്‌കാരസമീക്ഷയുടെ അവിഭാജ്യഭാഗമായ ഈ കവിത മലയാള കവിതാചരിത്രത്തില്‍ വലിയൊരു വിച്ഛേദത്തെയും ഭാവുകത്വ നവീകരണത്തെയും കൊണ്ടുവന്നു.

മലയാള സാഹിത്യത്തിലെ ആധുനികതാവാദത്തിന്റെ ദിശ മാറ്റിമറിച്ചത് ഈ കവിത കൂടി ചേര്‍ന്നാണ്; അല്ല, ആദ്യമായി അതു ചെയ്തത് ഈ കവിതയാണ്. മലയാളത്തിലെ ആധുനികതാവാദത്തിന്റെ രാഷ്ട്രീയവത്കരണത്തിനു തുടക്കം കുറിക്കുന്നത് ‘ബംഗാള്‍' എന്ന കവിതയുടെ രചനയിലൂടെയാണ്.

കെ.ജി.എസിന്റെ പില്‍ക്കാലകവിത ‘ബംഗാളി'ല്‍ തുടരുന്നതായിരുന്നില്ലെന്ന് സുവിദിതമാണ്. അത്​ നിരന്തരപരിണാമങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരുന്നു.

‘നക്സല്‍ബാരിയിലെ കാര്‍ഷികകലാപം ഓരോ ഇന്ത്യക്കാരന്റെയും ചരിത്രപരമായ നിലനില്‍പ്പിനെ ഗുണപരമായി തന്നെ മാറ്റിയിട്ടുണ്ട്’ എന്ന് അക്കാലത്തുതന്നെ ബി. രാജീവനും ‘നക്സല്‍ബാരിയിലെ കാര്‍ഷികകലാപം ഇടതുപക്ഷത്തിലെ വലിയ ഒരു വിഭാഗത്തെ - പിന്നീട് നക്സലൈറ്റുകളായി മാറിയവരെ മാത്രമല്ല - ചിന്തിപ്പിച്ചിരുന്നു, അതുവരെ ആധുനികതാവാദികളായി അറിയപ്പെട്ടിരുന്ന പല സാഹിത്യകാരന്മാരെയും രാഷ്ട്രീയവത്കരിക്കുന്നതില്‍ നക്സല്‍ബാരി കലാപവും പുതിയ സാര്‍വദേശീയചലനങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്’ എന്ന് പിന്നീട് പി.പി. രവീന്ദ്രനും എഴുതുന്നുണ്ട്.  

‘ബംഗാള്‍' നക്സല്‍ബാരിയെ സ്വാംശീകരിക്കുന്ന കവിതയായിരുന്നല്ലോ? ആധുനികതാവാദത്തിന്റെ രാഷ്ട്രീയവത്കരണം തെറ്റായ ദിശയിലുള്ള സഞ്ചാരങ്ങളെ തിരുത്തുന്നുണ്ടായിരുന്നു. മലയാളസാഹിത്യത്തിലെ രാഷ്ട്രീയലോകങ്ങളുടെ നവീകരണം മാത്രമല്ല, രൂപപരമായ വലിയൊരു പരിവര്‍ത്തനവും ഇത്​ കൊണ്ടുവരുന്നുണ്ട്. പദ്യത്തിലും പാട്ടിലും എഴുതുന്ന പാരമ്പര്യം അതേപടി പിന്തുടര്‍ന്നുകൊണ്ടിരുന്ന കാലത്ത് ഗദ്യശില്‍പങ്ങളിലൂടെ എഴുതപ്പെട്ട സാമാന്യം ദീര്‍ഘമായ ഈ കവിത ഗദ്യത്തിലെഴുതുന്നതിനുള്ള കവികളുടെ ഭയം ശമിപ്പിക്കുകയും അവര്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നുനല്‍കുകയും ചെയ്തിരുന്നു. പില്‍ക്കാലത്ത് ‘കെ.ജി.എസ്. ഗദ്യ'ത്തിലെഴുതുന്ന നിരവധി കവികള്‍ പിറക്കുന്നിടത്തോളം ഇതിന്റെ രൂപവും ശൈലിയും മലയാളകവിതയില്‍ സ്വാധീനിക്കപ്പെടുന്നുമുണ്ട്.

naxal
നക്സൽബാരിൽ സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്തൂപങ്ങള്‍/ photo: Ajmal Mk Manikoth

മലയാളികള്‍ക്ക് എക്കാലത്തും ബംഗാളിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും സവിശേഷമായ ചില ആഭിമുഖ്യങ്ങളുണ്ടായിരുന്നു. ബംഗാള്‍ മുന്നേ നടക്കുന്ന ദേശമായി ഇന്ത്യയെമ്പാടും ഘോഷിക്കപ്പെടുന്ന കാലമുണ്ടായിരുന്നല്ലോ? വലിയ കോട്ടം തട്ടിയെങ്കിലും, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകളില്‍ പോലും അതുണ്ട്. ഇന്ത്യക്ക് വഴികാട്ടിയായിനിന്ന പലതും ഉദ്ഘാടനം ചെയ്യപ്പെട്ടത് അവിടെയായിരുന്നു. നവോത്ഥാനത്തിന്റെയും വിപ്ലവചിന്തകളുടെയും മണ്ണ്. സാന്താള്‍ കലാപത്തിന്റെ, ബ്രിട്ടീഷ് അധിനിവേശവിരുദ്ധ പ്രസ്ഥാനങ്ങളുടെ, മധ്യവര്‍ഗാഭിമുഖ്യങ്ങളുടെ, നക്സല്‍ബാരിയുടെ മണ്ണ്. ടാഗോറിന്റെയും താരാശങ്കര്‍ ബാനര്‍ജിയുടെയും പ്രഫുല്ലചന്ദ്രറേയുടെയും ഘട്ടക്കിന്റെയും സത്യജിത് റേയുടെയും... മലയാളികളെ  ത്വരിപ്പിച്ച നിരവധി  ബുദ്ധിജീവിതങ്ങളുടെ നാട്. മലയാളികള്‍ക്ക് ഏറെ ബന്ധുക്കള്‍ അവിടെയുണ്ടായിരുന്നു, മറ്റൊരിടത്തും ഇല്ലാത്തിടത്തോളം. നേരിട്ടറിയാതെ തന്നെ മനസ്സില്‍ കുടിയിരുന്നവര്‍.

നദീതട സംസ്‌ക്കാരങ്ങളവിടെയാണ്.
നഗരപരിഷ്‌ക്കാരങ്ങളവിടെയാണ്.
പ്രഭുക്കള്‍, ഭൃത്യര്‍,
നൂറ്റാണ്ടുകള്‍,
മദം പൊട്ടിയ ഭൂഖണ്ഡങ്ങള്‍,
മഹായുദ്ധങ്ങള്‍, ചുഴലികള്‍
...
എല്ലാം അവിടെയാണ്.
എന്റെ മക്കളും ചെറുമക്കളും ബന്ധുക്കളുമവിടെയാണ്.

എന്നിങ്ങനെ കവിതയിലെ വാക്കുകള്‍ വായനാശീലമുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്തോളം ഏറെ സത്യസന്ധമായിരുന്നു.

ലളിതവും എത്തിപ്പിടിക്കാന്‍ കഴിയുന്നതുമായ ബിംബങ്ങളും രൂപകങ്ങളും കൊണ്ട്​നിറഞ്ഞ ‘ബംഗാൾ’ ജനകീയസംസ്‌കാരത്തോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ പുരോഗമനസാഹിത്യത്തെക്കുറിച്ച്​ നിലനിന്നിരുന്ന പല ധാരണകളെയും നിഷേധിക്കുകയും ചെയ്തു.

ആധുനികതാവാദം കവിതയിലേക്കുകൂടി കടത്തിക്കൊണ്ടുവന്ന ദുരൂഹതയെ ഈ കവിത നിരസിക്കുന്നുണ്ടായിരുന്നു. ലളിതവും എത്തിപ്പിടിക്കാന്‍ കഴിയുന്നതുമായ ബിംബങ്ങളും രൂപകങ്ങളും കൊണ്ട്​ നിറഞ്ഞ കവിത ജനകീയസംസ്‌കാരത്തോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ പുരോഗമനസാഹിത്യത്തെക്കുറിച്ച്​ നിലനിന്നിരുന്ന പല ധാരണകളെയും നിഷേധിക്കുകയും ചെയ്തു. യാന്ത്രികവും പ്രചരണപരവുമായ മൂല്യങ്ങള്‍ക്കല്ല, വിമര്‍ശത്തിനും സ്വയംവിമര്‍ശത്തിനും ഇടം നല്‍കുകയും സ്വയം തെളിച്ചമാര്‍ജിക്കുന്ന തുറസ്സുകളിലേക്കു സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ഉള്ള് അതിനുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെല്ലാം തന്നെ ഈ കവിതയില്‍ പ്രത്യക്ഷപ്പെട്ടു. സൂക്ഷ്മരാഷ്ട്രീയത്തെക്കുറിച്ചുള്ള ധാരണകള്‍ കാര്യമായി രൂപം കൊണ്ടിട്ടില്ലാത്ത അക്കാലത്ത് വിമോചനരാഷ്ട്രീയത്തിന്റെ ബൃഹദ്​രൂപം തന്നെയാണ് ഈ കവിതയില്‍ നാം കണ്ടുമുട്ടിയത്. എന്നാല്‍, വരേണ്യസംസ്‌കാരത്തിനെതിരായ ഒരു മനസ് അതില്‍ തുറന്നിരിക്കുന്നുണ്ടായിരുന്നു.

തീര്‍ഥാടനം കഴിഞ്ഞ് പ്രഭുക്കന്മാരുടെ ഒരു സംഘം
കാളീഘട്ടിലൂടെ കഥകള്‍ പറഞ്ഞ്
ആര്‍ത്തട്ടഹസിച്ചു വരികയായിരുന്നു
പെട്ടെന്ന് തെരുവില്‍ ചുഴലി പൊങ്ങി.
ഓടയില്‍ നിന്നാരംഭിച്ച ചുഴലി
തെരുവുകള്‍ ആശുപത്രികള്‍ ജലസംഭരണികള്‍
റേഡിയോ നിലയം - നഗരം മുഴുവന്‍ തല്ലിത്തകര്‍ത്ത്
അന്നത്തെ വീരലാല്‍ ചക്രവര്‍ത്തിയെ
സിംഹാസനത്തോടെ തട്ടിക്കൊണ്ടുപോയി
ചുഴലി കഴിഞ്ഞപ്പോള്‍ രാജ്യം
വേരോടെ മാറിപ്പോയിരുന്നു
ഭരണം നിയമം മര്യാദകള്‍ രാപകലുകള്‍
-ആകെപ്പുത്തന്‍.
ഏറ്റവുമൊടുവിലാണ് പഴയ ആളുകള്‍ക്കു മനസ്സിലായത്
വിദൂരഗ്രാമങ്ങളിലെ ദരിദ്രകര്‍ഷകരുടെ
ഉഗ്രശാപത്തില്‍ നിന്നാണ്
ചുഴലി പൊട്ടിപ്പുറപ്പെട്ടതെന്ന്.

bengal
മലയാളികള്‍ക്ക് എക്കാലത്തും ബംഗാളിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും സവിശേഷമായ ചില ആഭിമുഖ്യങ്ങളുണ്ടായിരുന്നു. ബംഗാള്‍ മുന്നേ നടക്കുന്ന ദേശമായി ഇന്ത്യയെമ്പാടും ഘോഷിക്കപ്പെടുന്ന കാലമുണ്ടായിരുന്നല്ലോ/ photo; PEXELS

മലയാള കവിതയില്‍ ‘ബംഗാള്‍'  ഒരു വിച്ഛേദം സൃഷ്ടിച്ചുവെന്നു പറയുമ്പോഴും അത് പാരമ്പര്യത്തോട് തീര്‍ത്തും മുഖംതിരിച്ചു നിന്നുവെന്നു കരുതാന്‍ കഴിയില്ല. ‘ബംഗാളി'നെ മലയാളത്തിലെ ഒരു പൂര്‍വകവിതയുമായി ബന്ധിപ്പിക്കാനുണ്ടെങ്കില്‍ അത് വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കലു'മായിട്ടാണ്. ഈ ബന്ധം കവിതയുടെ രൂപപരമായ തലത്തിലല്ല. ദാര്‍ശനികമായൊരു തലത്തില്‍ ഈ കവിതകള്‍ക്ക് ചില ചേര്‍ച്ചകളുണ്ടായിരുന്നു. മധ്യവര്‍ഗത്തിന്റെ ഇരട്ട ആത്മാവ് രണ്ടു കവിതകളിലും പ്രത്യക്ഷപ്പെടുന്നു. തങ്ങളുടെ സത്യസന്ധതയെ പറഞ്ഞുറപ്പിക്കേണ്ടിവരുന്ന ഒരു വര്‍ഗത്തിന്റെ വലിയ പശ്ചാത്താപത്തിന്റെയും ആത്മവിചാരണയുടെയും വാക്കുകളാണ് രണ്ടു കവിതകളിലും കേട്ടത്. ഇടച്ചേരിവര്‍ഗത്തിന് ദരിദ്രവര്‍ഗത്തോട് പൂര്‍ണ ഐക്യം അസാധ്യമാണെന്നും സമ്പന്നവര്‍ഗത്തെ എത്തിപ്പിടിക്കാനുളള അതിന്റെ ഉപബോധമോഹങ്ങള്‍ എപ്പോഴും അതിനെ പിന്നോട്ടുവലിക്കുന്നുണ്ടെന്നും ഇരുകവികള്‍ക്കും അറിയാമായിരുന്നു.  ‘ബംഗാളി'ലെ ധൃതരാഷ്ട്രനെയും സഞ്ജയനെയും പെറ്റിബൂര്‍ഷ്വാസിയുടെ പ്രതിനിധികളായി കാണാന്‍ കഴിയുമായിരുന്നു. കാഴ്ചശേഷിയുള്ള സഞ്ജയന്‍ നിശബ്ദനായിരിക്കുമ്പോള്‍ ആന്ധ്യം കൊണ്ട് ഒന്നും തിരിച്ചറിയാനാകാത്ത ധൃതരാഷ്ട്രന്‍ ദുരന്തത്തിന്റെയും കലാപത്തിന്റെയും ഭീതിയില്‍ അലമുറയിടുന്നു.

... സത്യം ഞാന്‍ കാണുന്നതേയില്ല
നേരു പറയാം, അവരെ ദൂരെക്കാണുമ്പോഴേ
എന്റെയുള്ളില്‍ തീപായും
അവര്‍ കരിയിലകളാണെന്ന്.
പിശാചുക്കള്‍ ഭയങ്കരമായ ചുഴലിയുണ്ടാക്കുമെന്ന്.
മുള്ളുമരങ്ങളില്‍ എന്റെ മക്കളെ കുരുക്കിത്തൂക്കുമെന്ന്.
മുക്കുവന്റെ വലയില്‍ എന്റെ തല കുരുത്തെടുക്കുമെന്ന്.
സഞ്ജയാ അന്ധത ഒരുത്തമ കവചമല്ലാതായി.

‘ബംഗാളി'നെ മലയാളത്തിലെ ഒരു പൂര്‍വകവിതയുമായി ബന്ധിപ്പിക്കാനുണ്ടെങ്കില്‍  അത് വൈലോപ്പിള്ളിയുടെ  ‘കുടിയൊഴിക്കലു'മായിട്ടാണ്. മധ്യവര്‍ഗത്തിന്റെ ഇരട്ട ആത്മാവ് രണ്ടു കവിതകളിലും പ്രത്യക്ഷപ്പെടുന്നു.

ഈ കവിതയുടെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിനെ സ്ഥലീയമായി കാണുന്നതിലേക്കു നമ്മെ നയിക്കുന്ന പ്രവണതക്ക്​ ഇപ്പോള്‍ പുതിയ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. അന്നു നടന്ന പ്രതിവിപ്ലവങ്ങളെയും പില്‍ക്കാല ബംഗാള്‍ ചരിത്രത്തെയും ചേര്‍ത്തുവയ്ക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നുമുണ്ട്. അറുപതുകളിലെയും എഴുപതുകളിലെയും ബംഗാളിലെ നക്സലൈറ്റുകള്‍ യോദ്ധാക്കളുടെ ഒരു മഹാനിരയായിരുന്നു. ബംഗാള്‍ സമൂഹത്തിലെ ഏറ്റവും ധിഷണാശാലികളും പ്രതിജ്ഞാബദ്ധരും സജീവമനസ്സിന്റെ ഉടമകളുമായ യുവാക്കളെയാണ് ഈ ഭൂമുഖത്തുനിന്ന്​ ഭരണകൂടവും എതിരാളികളും പ്രതിവിപ്ലവത്തിലൂടെ തുടച്ചുനീക്കിയത്. ഈ കൂട്ടക്കൊലകളില്‍ ഭാവിയിലെ ബംഗാള്‍ ദുഃഖിക്കേണ്ടിവരുമെന്ന് ദിവ്യേന്ദു പാലിതിന്റെ പ്രശസ്ത നോവലിലെ നായകനായ ആദിത്യറോയ് കേഴുന്നുണ്ട്. നക്സലൈറ്റുകളുടെ ആശയങ്ങളോട് വിയോജിക്കുമ്പോഴും ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്കുവേണ്ടി ആദിത്യ റോയ് അവരുടെ സഹയോദ്ധാവായി മാറിത്തീരുന്നു.

BENGAL
ഇന്ത്യയിലെ നവോത്ഥാനത്തിന്റെയും ധൈഷണികതയുടെയും പുതുശബ്ദങ്ങളുടെയും ഭൂമി വരണ്ടു ശുഷ്‌കിച്ചു കെട്ടുപോയത് യഥാര്‍ഥ അനുഭവമാണ്. ബംഗാള്‍ എല്ലാതലത്തിലും പുലര്‍ത്തിയിരുന്ന മേധാവിത്വം ഇല്ലാതായി. അത് ഇന്ത്യയിലെ ഇതരപ്രദേശങ്ങളിലേക്ക് കൂലിപ്പണിക്കായി യുവാക്കളെ കയറ്റിയയക്കുന്ന ദേശമായി മാറി/Photo;pexels

പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതിനും വിപ്ലവകാരികളെ കൊന്നുതീര്‍ത്തതിനും ശേഷം ബംഗാളിന് എന്താണ് സംഭവിച്ചത്? ഇന്ത്യയിലെ നവോത്ഥാനത്തിന്റെയും ധൈഷണികതയുടെയും പുതുശബ്ദങ്ങളുടെയും ഭൂമി വരണ്ടു ശുഷ്‌കിച്ചു കെട്ടുപോയത് യഥാര്‍ഥ അനുഭവമാണ്. ബംഗാള്‍ എല്ലാതലത്തിലും പുലര്‍ത്തിയിരുന്ന മേധാവിത്വം ഇല്ലാതായി. അത് ഇന്ത്യയിലെ ഇതരപ്രദേശങ്ങളിലേക്ക് കൂലിപ്പണിക്കായി യുവാക്കളെ കയറ്റിയയക്കുന്ന ദേശമായി മാറി. എഴുപതുകളില്‍, കേരളത്തിലുണ്ടായ ജനകീയസംസ്‌കാരത്തിന്റെ ഉണര്‍ച്ചകളെ ബംഗാളിലെന്നപോലെ അത്രയും മാരകമായി ഭരണകൂടവും എതിരാളികളും നേരിട്ടില്ലെന്ന വസ്തുത ഇവിടുത്തെ പില്‍ക്കാലത്തെ സൂക്ഷ്മരാഷ്ട്രീയാന്വേഷണങ്ങള്‍ക്കു ത്വരകമായെന്നുകൂടി കാണേണ്ടതല്ലേ?

കാലത്തിന്റെ വെയിലും ചൂടും മഞ്ഞും മഴയും കൊണ്ട് പുതിയ അര്‍ഥങ്ങൾ നിര്‍മിക്കാന്‍ ഈ കവിതയിലെ വാക്കുകള്‍ക്ക് കരുത്തുണ്ടല്ലോ? നമ്മുടെ കാവ്യചരിത്രത്തില്‍ അത് സാധ്യമാക്കിയ വിച്ഛേദത്തിന്റെ പ്രസക്തി അവസാനിക്കുന്നതുമില്ല.

അമ്പതുവര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഈ കവിതയെ വിമര്‍ശനബുദ്ധികൊണ്ട്​ പരിശോധിക്കേണ്ടുന്ന നിരവധി കാര്യങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. അത് പല രൂപങ്ങളില്‍ നിര്‍വഹിക്കപ്പെടുന്നുമുണ്ട്. രാഷ്ട്രീയമായ ആശങ്കകളുടെ ആഖ്യാനം വ്യാമോഹത്തിന്റെയും അമിതാവേശത്തിന്റെയും പ്രകടനം കൂടിയായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സഞ്ജയന്റെയും ധൃതരാഷ്ട്രന്റെയും പരാമര്‍ശങ്ങളിലൂടെ വരേണ്യതയുടെ മൂല്യബോധങ്ങളെ ഇതരരൂപങ്ങളില്‍ പുനരാനയിക്കുകയാണ്​ കവിത ചെയ്തതെന്നും അങ്ങനെ അത് വരേണ്യതയെ പുനരുത്പാദിപ്പിക്കുന്നുണ്ടെന്നും കാണുന്നവരുണ്ട്. ഈ പാഠങ്ങളൊന്നും അപ്രസക്തമാകുന്നില്ല. കാലത്തിന്റെ വെയിലും ചൂടും മഞ്ഞും മഴയും കൊണ്ട് പുതിയ അര്‍ഥങ്ങൾ നിര്‍മിക്കാന്‍ ഈ കവിതയിലെ വാക്കുകള്‍ക്ക് കരുത്തുണ്ടല്ലോ? നമ്മുടെ കാവ്യചരിത്രത്തില്‍ അത് സാധ്യമാക്കിയ വിച്ഛേദത്തിന്റെ പ്രസക്തി അവസാനിക്കുന്നതുമില്ല.

കെ.ജി.എസിന്റെ പില്‍ക്കാലകവിത ‘ബംഗാളി'ല്‍ തുടരുന്നതായിരുന്നില്ലെന്ന് സുവിദിതമാണ്. അത്​ നിരന്തരപരിണാമങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരുന്നു. എന്നാല്‍, ‘ബംഗാളി'ല്‍ നിറഞ്ഞുനിന്ന നൈതികതയ്ക്കുവേണ്ടിയുള്ള ആകാംക്ഷകള്‍ പലവിധത്തില്‍, പലരൂപത്തില്‍ പില്‍ക്കാല കവിതകളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍, മലയാളവാക്കിന് പുതിയ അര്‍ഥങ്ങള്‍ നിര്‍മിക്കുന്ന ഒരു ബൃഹദ്പ്രവര്‍ത്തനം കെ.ജി.എസ്. കവിതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.  

 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജില്‍ ഭൗതികശാസ്ത്രം വിഭാഗത്തില്‍ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനിക പ്രശ്‌നങ്ങള്‍, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദര്‍ശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങള്‍, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Audio