Saturday, 27 November 2021

കോവിഡും ശാസ്​ത്രവും


Text Formatted

ശാസ്ത്രവും സാങ്കേതികവിദ്യയും നേരിട്ട കോവിഡ് കാല വിചാരണകള്‍

കോവിഡ് കാല ദുരിതത്തില്‍ അല്‍പമെങ്കിലും ആശ്വാസമേകിയത് ശാസ്ത്രത്തിന്റെ കഴിവുകളും സംഭാവനകളുമായിരുന്നു. എന്നാല്‍, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേയും നേട്ടങ്ങളെയും കഴിവുകളെയും കുറിച്ചുള്ള മതിപ്പിനോടൊപ്പം അതിന്റെ പരിമിതികളും വെളിപ്പെട്ട കാലം കൂടിയായിരുന്നു ഇതെന്ന വാദം മുന്നോട്ടുവെക്കപ്പെടുന്നു

 

Image Full Width
Image Caption
Photo: Pixabay
Text Formatted

കോവിഡ് മഹാമാരിയുടെ കാലം മനുഷ്യര്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കി. ഇന്നേക്കുവരെ അപരിചിതവും എന്നാല്‍ മിക്കപ്പോഴും അനിഷ്ടകരവുമായ അനുഭവങ്ങള്‍. രോഗത്തെക്കുറിച്ച് ലഭ്യമായതും പ്രചരിപ്പിക്കപ്പെട്ടതുമായ വിവരങ്ങളും ആശയങ്ങളും സൃഷ്ടിച്ച ഭയവും ആശങ്കകളുമായിരുന്നു ആദ്യാനുഭവങ്ങള്‍. തൊഴിലിടങ്ങളും പ്രവൃത്തിസ്ഥലങ്ങളും നിശ്ചലമായതോടെ വരുമാനമാര്‍ഗങ്ങള്‍ നിലയ്ക്കുകയും ഏറെ മനുഷ്യരും നിത്യവൃത്തിക്കുതന്നെ പ്രയാസമനുഭവിക്കുന്ന രീതിയില്‍ സാമ്പത്തികപ്രശ്‌നങ്ങളില്‍ പെടുകയും ചെയ്തു. മനുഷ്യര്‍ ഒന്നിച്ചുകൂടുന്ന എല്ലാ പൊതുസ്ഥലങ്ങളും അടയ്ക്കപ്പെട്ടതോടെ സാമൂഹികബന്ധങ്ങള്‍ അസാധ്യമാകുന്ന നില വന്നു. പല മനുഷ്യരും ഏകാന്തമായ തുരുത്തുകളിലേക്കു നയിക്കപ്പെടുകയായിരുന്നു. വീട്ടുതടങ്കലിലായ ദിവസങ്ങള്‍ നല്‍കിയ അസ്വാസ്ഥ്യങ്ങളും ഉല്‍ക്കണ്ഠകളും ചിലരിലെങ്കിലും മനോരോഗത്തിന്റെ ലക്ഷണങ്ങളോളം വളര്‍ന്നു. ഈ ദുരിതസ്ഥിതിയില്‍പെട്ടവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമേകിയത് ശാസ്ത്രത്തിന്റെ കഴിവുകളും സംഭാവനകളുമായിരുന്നു. എന്നാല്‍, ശാസ്ത്രത്തെക്കുറിച്ചുള്ള പല മിഥ്യാധാരണകളും വിശ്വാസങ്ങളും പുനര്‍മൂല്യവിചാരത്തിനു വിധേയമായ സന്ദര്‍ഭം കൂടിയായിരുന്നു ഇത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങളെയും കഴിവുകളെയും കുറിച്ചുള്ള മതിപ്പിനോടൊപ്പം അതിന്റെ പരിമിതികളും വെളിപ്പെട്ടു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ആശ്രയിച്ച് ഈ കോവിഡ് കാലം സൃഷ്ടിച്ചെടുത്ത പുതിയ സമ്പര്‍ക്കരീതികള്‍ കോവിഡ് കാലത്തിനു ശേഷവും നിലനില്‍ക്കുമെന്നു കരുതണം. മീറ്റിങ്ങുകളും മറ്റും സംഘടിപ്പിക്കുന്നതിന് ആപേക്ഷികമായി കുറഞ്ഞ സാമ്പത്തികച്ചെലവുള്ളതും എളുപ്പതരവുമായ മാര്‍ഗമായി അത് തിരിച്ചറിയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ഒറ്റപ്പെട്ടുപോയ മനുഷ്യരെ പരസ്പരം ബന്ധിപ്പിച്ചത് ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളായിരുന്നു. വാര്‍ത്താവിനിമയ സംവിധാനം ഇത്രമാത്രം വികസിച്ചില്ലായിരുന്നെങ്കില്‍ വീട്ടുതടങ്കലുകളുടെ ഏകാന്തത കൂടുതല്‍ ദുസ്സഹമാകുമായിരുന്നു. ടെലിവിഷനും സാമൂഹിക വാര്‍ത്താമാധ്യമങ്ങളും ഓഡിയോ വീഡിയോ ചാറ്റുകളും ഗൂഗിള്‍, സൂം മീറ്റുകളും പരസ്പരസമ്പര്‍ക്കത്തിനുള്ള ബദല്‍ സാധ്യതകളെ തുറന്നു. അടച്ചിട്ട ചലച്ചിത്രശാലകള്‍ സൃഷ്ടിച്ച ശൂന്യതയെ പരിഹരിക്കാന്‍ ഒരു പരിധി വരെയെങ്കിലും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കു കഴിഞ്ഞു. സ്‌കൂളുകളും കലാലയങ്ങളും അടച്ചിട്ടതോടെ അവതാളത്തിലായ വിദ്യാഭ്യാസരംഗത്ത് തുടര്‍ച്ചകള്‍ നിലനിര്‍ത്താനെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു കഴിഞ്ഞു.

ഇത്തരം സാങ്കേതികവിദ്യകളുടെ ആധിപത്യം വലിയ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്കും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും ആണെന്ന വസ്തുതയും അവരുടെ മൂലധനതാല്‍പ്പര്യങ്ങള്‍ ഈ ദുരിതകാലത്തും അതിശകതമായി എല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്ന കാര്യവും മറയ്ക്കപ്പെടേണ്ടതല്ല. ഈ സാങ്കേതികവിദ്യകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും പറയണം. എന്നാല്‍, ദുരിതകാലത്ത് ഇവ ആശ്വാസമേകുന്നുണ്ടായിരുന്നു. ഭൗതികശാസ്ത്രങ്ങള്‍ അചേതന ശാസ്ത്രവസ്തുക്കളില്‍ ഗണിതത്തിന്റെ കൃത്യതയും വസ്തുനിഷ്ഠതയും ഉപയോഗിച്ച് സാക്ഷാത്കരിച്ച നേട്ടങ്ങള്‍ മഹാമാരിയുടെ കാലത്ത് മനുഷ്യര്‍ക്ക് ആശ്വാസം പകര്‍ന്നതിന്റെ കാര്യമാണിത്. മഹാമാരിയുടെ കാലത്തെ ദുരിതങ്ങള്‍ക്കിടയില്‍ ആശ്വാസം പകരാന്‍ ആധുനിക ഭൗതികശാസ്ത്രങ്ങളുടെ വസ്തുനിഷ്ഠതയ്ക്കു കഴിഞ്ഞതിന്റെ കഥയുമാണിത്. എന്നാല്‍, വസ്തുനിഷ്ഠതയില്‍ ഊന്നുന്ന ശാസ്ത്രങ്ങളുടെ സാങ്കേതികവിദ്യാ പ്രയോഗരൂപങ്ങളിലെ അധികാരോന്മുഖവും ആധിപത്യപരവുമായ പ്രവണതകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലും മറ്റും ഇപ്പോഴും പ്രകടമായിരുന്നു. എന്നാല്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ആശ്രയിച്ച് ഈ കോവിഡ് കാലം സൃഷ്ടിച്ചെടുത്ത പുതിയ സമ്പര്‍ക്കരീതികള്‍ കോവിഡ് കാലത്തിനു ശേഷവും നിലനില്‍ക്കുമെന്നു കരുതണം. മീറ്റിങ്ങുകളും മറ്റും സംഘടിപ്പിക്കുന്നതിന് ആപേക്ഷികമായി കുറഞ്ഞ സാമ്പത്തികച്ചെലവുള്ളതും എളുപ്പതരവുമായ മാര്‍ഗമായി അത് തിരിച്ചറിയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 

online class
സ്‌കൂളുകളും കലാലയങ്ങളും അടച്ചിട്ടതോടെ അവതാളത്തിലായ വിദ്യാഭ്യാസരംഗത്ത് തുടര്‍ച്ചകള്‍ നിലനിര്‍ത്താനെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു കഴിഞ്ഞു / Photo: Wikimedia Commons

മഹാമാരികള്‍ ദുരിതം വിതയ്ക്കുന്ന കാലങ്ങളില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് ജീവശാസ്ത്രങ്ങളാണ്. എന്നാല്‍, കോവിഡിന്റെ ആദ്യനാളുകളില്‍ വൈദ്യശാസ്ത്രം പകച്ചുനിന്നുവെന്നു പറയണം. വ്യക്തികേന്ദ്രിതമായ വൈദ്യശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു സ്ഥിതിയെയാണ് മഹാമാരി സൃഷ്ടിച്ചത്. ആധുനിക വൈദ്യശാസ്ത്രവും മുതലാളിത്തവും ചേര്‍ന്ന് വളര്‍ത്തിയെടുത്ത രോഗിയായ വ്യക്തിയെ ചികിത്സിക്കുകയെന്ന രീതി മഹാമാരികളെ കൈകാര്യം ചെയ്യാന്‍ അസമര്‍ത്ഥമാണെന്നു തെളിയിക്കപ്പെട്ടു. ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങള്‍ക്കു പുകഴ്‌പെറ്റ രാജ്യങ്ങളില്‍ പോലും കോവിഡ് ബാധ മൂലം പതിനായിരക്കണക്കിനു മനുഷ്യര്‍ മൃതരായി. കോവിഡിനെ ചെറുക്കാന്‍ ലോകമെമ്പാടും സാമൂഹികമായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് നിര്‍ബന്ധിക്കപ്പെട്ടു.

വികസിതമെന്നു പുകഴ്‌പെറ്റ പല രാജ്യങ്ങളിലെയും ജനങ്ങളിലൊരു വിഭാഗമെങ്കിലും ഇത്തരം സാമൂഹികനിയന്ത്രണങ്ങളോട് വിപ്രതിപത്തി കാണിച്ചുവെന്നത് മുതലാളിത്തവും ആധുനികവൈദ്യവും ചേര്‍ന്നു നിര്‍മിച്ചെടുത്ത വ്യകതികേന്ദ്രിതമായ ചികിത്സാപദ്ധതികളുടെ സംസ്‌കാരം ജനങ്ങളില്‍ സൃഷ്ടിച്ച പ്രതിലോമപരതയുടെ അടയാളമായിരുന്നു.

പകര്‍ച്ചവ്യാധികള്‍ക്കും മഹാമാരികള്‍ക്കും പല രോഗങ്ങള്‍ക്കും വ്യക്തിതലത്തിലുള്ള ചികിത്സയെക്കാളുപരി സാമൂഹികമായ പരിഹാരങ്ങളാണ് വേണ്ടത്. ക്ഷയരോഗത്തിനു കീഴ്‌പ്പെടുന്ന ശരീരങ്ങള്‍ക്കു കാരണമാകുന്നത് ദാരിദ്യ്രമാണെന്നും അതുകൊണ്ട് ദാരിദ്ര്യത്തെ ചികിത്സിക്കുകയെന്നും പറയുന്ന എംഗല്‍സ് - വിര്‍ച്ചൗ തീസിസ് ഇവിടെ ഓര്‍ക്കാം. ക്ഷയരോഗത്തിനു കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതിന്റെ തുടര്‍ച്ചയില്‍ അതിനെ നശിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കുകയെന്ന സമീപനത്തിനു വലിയ പ്രചാരം ലഭിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വീക്ഷണത്തില്‍ നിന്ന് മാറനിന്ന് ദരിദ്രന്റെ ക്ഷീണിതമായ ശരീരത്തിലാണ് ബാക്ടീരിയ ബാധിക്കുന്നതെന്നും പ്രധാന പ്രതിവിധി ദാരിദ്യ്രത്തെ ഇല്ലാതാക്കുകയെന്നതാണെന്നും എംഗല്‍സും മറ്റും നിര്‍ദേശിക്കുന്നത്. ശരിയായ കുടിവെള്ള വിതരണ സംവിധാനത്തിന് പല പകര്‍ച്ചവ്യാധികളെയും ഒഴിവാക്കാന്‍ കഴിയുമെന്ന ജെ.ബി.എസ്. ഹാല്‍ഡന്റ നിദര്‍ശനങ്ങളും ഈ വസ്തുതയിലേക്കു തന്നെയാണ് വെളിച്ചം പകരുന്നത്.

ഇപ്പോള്‍, സാമൂഹികമായ ചികിത്സാരീതികള്‍ക്കുള്ള പ്രാധാന്യത്തെ മഹാമാരിയുടെ വ്യാപനം വ്യക്തമായി കാണിച്ചുതരുന്നുണ്ടായിരുന്നു. എന്നാല്‍, വികസിതമെന്നു പുകഴ്‌പെറ്റ പല രാജ്യങ്ങളിലെയും ജനങ്ങളിലൊരു വിഭാഗമെങ്കിലും ഇത്തരം സാമൂഹികനിയന്ത്രണങ്ങളോട് വിപ്രതിപത്തി കാണിച്ചുവെന്നത് മുതലാളിത്തവും ആധുനികവൈദ്യവും ചേര്‍ന്നു നിര്‍മിച്ചെടുത്ത വ്യകതികേന്ദ്രിതമായ ചികിത്സാപദ്ധതികളുടെ സംസ്‌കാരം ജനങ്ങളില്‍ സൃഷ്ടിച്ച പ്രതിലോമപരതയുടെ അടയാളമായിരുന്നു. മറുവശത്ത്, ജനതയുടെമേല്‍ നിയന്ത്രണങ്ങളേല്‍പ്പിക്കാനുള്ള അവസരമായി ഭരണകൂടാധികാരം കോവിഡ് കാലത്തെ ഉപയോഗിക്കുന്നുമുണ്ടായിരുന്നു.  

covid vaccine
ഒരുവര്‍ഷം കഴിയുമ്പോഴേക്കും വാക്‌സിനുകള്‍ തയ്യാറായി എന്നത് വിജയകരമായ ശാസ്ത്രപ്രവര്‍ത്തനമായിരുന്നു / Photo: Wikimedia Commons

ഈ മഹാമാരിയുടെ കാലത്ത് ആദ്യം സംഭവിച്ച ചില കാര്യങ്ങള്‍ ഓര്‍ക്കുക. പൊതുമേഖലയെ നിരന്തരം കുറ്റം പറയുകയും എല്ലാം സ്വകാര്യവല്‍കരിക്കണമെന്നു മുറവിളി കൂട്ടുകയും ചെയ്തവര്‍ക്കുതന്നെ പൊതുമേഖലയിലെ ആരോഗ്യസംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരികയും അതിന്റെ മെച്ചത്തെ കുറിച്ച് പറയേണ്ടിവരികയും ചെയ്തു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനുപോലും ജനങ്ങളുടെ ചികിത്സാസൗകര്യങ്ങള്‍ക്കുവേണ്ടി പണം അനുവദിക്കേണ്ടിവന്നു. ഇങ്ങനെ, വലതുപക്ഷ നയങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയെയും പരാജയത്തെയും കോവിഡ് മഹാമാരി ബോധ്യപ്പെടുത്തി. 

കോവിഡിന്റെ അതിദ്രുത വ്യാപനം വാക്‌സിനേഷന്‍ കൊണ്ടേ പരിഹരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഒരുവര്‍ഷം കഴിയുമ്പോഴേക്കും വാക്‌സിനുകള്‍ തയ്യാറായി എന്നത് വിജയകരമായ ശാസ്ത്രപ്രവര്‍ത്തനമായിരുന്നു. എന്നാല്‍, ഇത് ധാര്‍മികവും നൈതികവുമായ ചില പ്രശ്‌നങ്ങളെ സൃഷ്ടിക്കുന്നുണ്ടായിരുന്നു. മൂന്നാംഘട്ട ട്രയല്‍ ഫലങ്ങള്‍ ലഭ്യമാകാതെ തന്നെ പല രാജ്യങ്ങളും വാക്‌സിനുകളെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. 2020 വേനല്‍ക്കാലത്ത് ആദ്യഘട്ട ട്രയലുകളുടെ അവസരത്തില്‍ ഒരു ഫലങ്ങളും ലഭ്യമാകാതെ തന്നെ റഷ്യ വാക്‌സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കി. ഒന്നും രണ്ടും ഘട്ട ട്രയലുകള്‍ക്കുശേഷം ചൈന പല വാക്‌സിനുകള്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്ക് അംഗീകാരം നല്‍കി. മൂന്നാംഘട്ട ട്രയലുകള്‍ നടക്കുന്നതിന്നിടയിലാണ് ഇന്ത്യ കോവാക്‌സിന്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന് അംഗീകരിക്കുന്നത്. യഥാര്‍ഥത്തില്‍, നമ്മുടെ ഔഷധനിര്‍മാണരംഗത്ത് നിലനില്‍ക്കുന്ന ചില പ്രവണതകളെ ഇതു തുറന്നുകാട്ടി.

ആവശ്യത്തിന് ട്രയലുകളോ തൃപ്തികരമായ ഫലങ്ങളോ ലഭിക്കാതെ തന്നെ ഔഷധങ്ങള്‍ വിപണിയിലെത്തുന്നുണ്ടെന്ന് ലോകത്തിനു നന്നായി വെളിപ്പെട്ട സന്ദര്‍ഭമായി ഇതു മാറി. ശാസ്ത്രസ്ഥാപനങ്ങളും അധികാരവും തമ്മിലുള്ള ബന്ധത്തെ നന്നായി കാണിച്ചു തന്നു, ഈ സംഭവങ്ങള്‍. ജീവവസ്തുവിനെ ശാസ്ത്രവസ്തുവായി പരിഗണിക്കുമ്പോള്‍ പാലിക്കേണ്ടിയിരിക്കുന്ന ധാര്‍മികവും നൈതികവുമായ സുരക്ഷാനടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നു പറയണം. അചേതനമായ ഭൗതികവസ്തുവില്‍ നിന്ന് ശാസ്ത്രവസ്തുവിനെ നിര്‍മിച്ചെടുക്കുന്നതു പോലെ ജീവവസ്തുവിനെ ശാസ്ത്രവസ്തുവാക്കാന്‍ കഴിയുമോ? ആധുനികശാസ്ത്രത്തെ പ്രശ്‌നസങ്കലിതമായ ഒരു അവസ്ഥയിലേക്കോ പ്രതിസന്ധിയിലേക്കോ നയിക്കുന്ന ചോദ്യമാണിത്. ഭൗതികശാസ്ത്രങ്ങളില്‍ ചെയ്യുന്നതുപോലെ ശാസ്ത്രപ്രവര്‍ത്തനത്തിന് യോജിച്ച ആദര്‍ശവസ്തുവിന്റെ നിര്‍മാണം ജീവവസ്തുവില്‍ എത്രമാത്രം സാദ്ധ്യമാണെന്ന പ്രശ്‌നമാണിത്. 

ഏതെങ്കിലും ഒരു രോഗത്തിന് സവിശേഷ മരുന്ന് നിയമേനയെന്നോണം നിര്‍ദേശിക്കപ്പെടുന്നില്ല. അഥവാ ഭൗതികശാസ്ത്രങ്ങളിലെ രീതിശാസ്ത്രത്തില്‍ പ്രത്യക്ഷമാകുന്ന സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സംയോഗം ആധുനിക വൈദ്യത്തില്‍ കാണാന്‍ കഴിയില്ല.

വിവിധ ചികിത്സാപദ്ധതികള്‍ വ്യത്യസ്ത അടിസ്ഥാനങ്ങളിലും വ്യാഖ്യാനങ്ങളിലും നിന്നുകൊണ്ട് രോഗങ്ങളെ ചികിത്സിക്കുകയും ഭേദപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യവഹാരങ്ങളാണ്. പല ചികിത്സാപദ്ധതികളെയും ആധുനികമായ അര്‍ഥത്തിലുള്ള ശാസ്ത്രമെന്ന് വിളിക്കാന്‍ പോലും കഴിയില്ല. മനുഷ്യരുടെ അനുഭവങ്ങളെയും ചികിത്സയുടെ പ്രയോഗക്ഷമതയുടെ ചരിത്രത്തെയുമൊക്കെയാണ് അവ ആധാരമായി സ്വീകരിക്കുന്നത്. ആധുനികവൈദ്യം പോലുമോ മറ്റേതെങ്കിലും വൈദ്യശാസ്ത്രശാഖയോ രോഗങ്ങള്‍ ഭേദപ്പെടുത്തുന്നതിനെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള സൈദ്ധാന്തിക പ്രരൂപങ്ങള്‍ നിര്‍ദേശിക്കുന്നില്ല. ചില മരുന്നുകള്‍; ആധുനികവൈദ്യത്തെ സംബന്ധിച്ച് അവ രാസസംയുക്തങ്ങളോ അവയുടെ മിശ്രിതങ്ങളോ ആണ്, രോഗത്തെ കുറയ്ക്കാനോ ഭേദപ്പെടുത്താനോ ശേഷിയുള്ളവയാണെന്ന് അനുഭവപരീക്ഷണങ്ങളിലൂടെ തെളിയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നുമാത്രം. ഈ മരുന്നുകള്‍ രോഗത്തെ എങ്ങനെയാണ് ഭേദപ്പെടുത്തുന്ന (healing) തെന്ന് വിശദീകരിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനുപോലും കഴിയുന്നില്ല.

ഏതെങ്കിലും ഒരു രോഗത്തിന് സവിശേഷ മരുന്ന് നിയമേനയെന്നോണം നിര്‍ദേശിക്കപ്പെടുന്നില്ല. അഥവാ ഭൗതികശാസ്ത്രങ്ങളിലെ രീതിശാസ്ത്രത്തില്‍ പ്രത്യക്ഷമാകുന്ന സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സംയോഗം ആധുനിക വൈദ്യത്തില്‍ കാണാന്‍ കഴിയില്ല. (ജനിതക ചികിത്സയില്‍ ഇതു സാധ്യമായേക്കാം, ജനിതകശാസ്ത്രം ഗണിതവല്‍കരണത്തിനു വിധേയമാകുന്ന ശാസ്ത്രമാണ്.) മിക്കവാറും എല്ലാ വൈദ്യസമ്പ്രദായങ്ങളിലും അനുഭവാധിഷ്ഠിതരീതിയും അതുവഴി രോഗവിമുകതിക്കുള്ള സംഭാവ്യതയുമാണ് ഉപയോഗപ്പെടുത്തുന്നത്. ആധുനിക വൈദ്യത്തെ ഇന്നത്തെ രൂപത്തില്‍ ഖണ്ഡിതവും കൃത്യവുമായ (exact) ശാസ്ത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നര്‍ഥം. വൈദ്യശാസ്ത്രം കൃത്യതയുള്ള പ്രകൃതിശാസ്ത്രങ്ങളെക്കാളുപരി സാമൂഹികശാസ്ത്രങ്ങളോടാണ് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത്. പലപ്പോഴും രോഗങ്ങള്‍ക്കു സാമൂഹികപരിഹാരങ്ങള്‍ ആവശ്യമായിരുന്നത് ഈ വസ്തുതയോട് ചേര്‍ത്തുകാണുകയും ചെയ്യാം.

ഇതര ചികിത്സാപദ്ധതികളോട് കേരളത്തിലെ ആധുനിക ശാസ്ത്രവൈദ്യന്മാര്‍ പുലര്‍ത്തുന്ന ശത്രുതാപരമായ മനോഭാവത്തെ ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍. മുന്‍കാലങ്ങളിലെന്നപോലെ തന്നെ (ചിക്കന്‍ഗുനിയ വ്യാപകമായ സന്ദര്‍ഭത്തിലും മറ്റും) ഇപ്പോഴും ഇതര ചികിത്സാപദ്ധതികള്‍ കോവിഡിന്റെ ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നതിന്നെതിരെ ഇവര്‍ രംഗത്തുവന്നു. ഇപ്പോള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഴ്‌സെനിക ആല്‍ബം വിതരണം ചെയ്യുന്നതിനെതിരെ വലിയ പ്രചാരണമാണ് സംഘടിപ്പിക്കപ്പെട്ടത്. ശാസ്ത്രത്തെ കേവലയുക്തിയില്‍ പ്രതിഷ്ഠിക്കുന്ന സമീപനങ്ങളാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത് പോലും സ്വീകരിച്ചത്.

covid 19
ഔഷധവ്യവസായം സ്വതന്ത്രഗവേഷണത്തിന്റെ ഭാഗമായിട്ടല്ല, സ്ഥാപനവല്‍കൃതമായ ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഏറെയും നടക്കുന്നത് / Photo: Wikimedia Commons

ഇത്തരുണത്തില്‍, യുക്തിയുടെ വക്താക്കള്‍ അയുക്തികമെന്നു വിളിക്കുന്ന ചികിത്സാസമ്പ്രദായങ്ങളുടെ ഇടപെടലുകള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളും ആധുനിക ശാസ്ത്രവൈദ്യന്മാര്‍ വിതരണം ചെയ്ത മരുന്നുകള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളും തമ്മിലുള്ള ചില താരതമ്യപഠനങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ വിഷയത്തെക്കുറിച്ച് ലേഖനമെഴുതിയ ഡാന്‍ ഹിന്ദ് ചൂണ്ടിക്കാണിക്കുന്നത്, അയുക്തികരെന്നു മുദ്രകുത്തപ്പെട്ടവരുടെ മരുന്നുകളെക്കാള്‍ സ്ഥാപനവത്കൃതമായ ഗവേഷണത്തിലൂടെ പുറത്തുവരുന്ന മരുന്നുകളുടെ ഉപയോഗമാണ് കൂടുതല്‍ മാരകമായ ഫലങ്ങള്‍ നല്‍കുന്നതെന്നാണ്. ഔഷധവ്യവസായം സ്വതന്ത്രഗവേഷണത്തിന്റെ ഭാഗമായിട്ടല്ല, സ്ഥാപനവല്‍കൃതമായ ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഏറെയും നടക്കുന്നത്. അയുക്തികരുടെ ഇടപെടലുകളെ ഡാന്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍, അയുക്തികരെന്നു മുദ്ര കുത്തപ്പെട്ടവരേക്കാള്‍ യുക്തിക്കു ഭീഷണി ഉയര്‍ത്തുന്നത് സ്ഥാപനവല്‍കൃതമായ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്നവരാണെന്ന് ഡാന്‍ ഹിന്ദ് എഴുതുന്നുണ്ട്.

സ്ഥാപനവല്‍കൃത താല്‍പര്യങ്ങളെ സേവിക്കുന്ന ഗവേഷണങ്ങളെ ആധുനികമെന്നോ ജ്ഞാനോദയപരമെന്നോ വിശേഷിപ്പിക്കാന്‍ കഴിയില്ല. സ്ഥാപനവല്‍കൃതഗവേഷണം പല കാര്യങ്ങളെയും ഗോപ്യമാക്കി വയ്ക്കുന്നു. പാര്‍ശ്വഫലങ്ങള്‍ വ്യകതമാകാതിരിക്കാന്‍ പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ ട്രയലുകള്‍ നടത്തുക, കുറഞ്ഞ കാലയളവിലേക്കുമാത്രം ട്രയലുകള്‍ നടത്തുക, നിലനില്‍ക്കുന്ന മരുന്നുകളോടു താരതമ്യം ചെയ്യുന്നതിനുപകരം പ്ലാസിബയോടു താരതമ്യം ചെയ്ത് കൂടുതല്‍ ക്ഷമതയുള്ളതാണെന്ന ഫലം സൃഷ്ടിക്കുക തുടങ്ങി പല കൃത്രിമങ്ങളും ബഹുരാഷ്ട്രക്കമ്പനികള്‍ അനുവര്‍ത്തിക്കാറുണ്ട്. 

മുന്നേ ഉപയോഗിക്കപ്പെട്ടിരുന്ന വില കുറഞ്ഞ മരുന്നുകളുടെ ക്ഷമത അവഗണിക്കപ്പെടുകയായിരുന്നു. പുതിയ മരുന്നുകളുടെ രംഗപ്രവേശത്തോടെ വിഷാദരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ആയിരം മടങ്ങോളം വര്‍ധനവാണുണ്ടായത്. 

ഡാന്‍ ഹിന്ദിന്റെ മറ്റു ചില വിശദീകരണങ്ങള്‍ കൂടി ശ്രദ്ധിക്കുക. 1968-നും 1997-നുമിടയ്ക്ക് അയുക്തികരുടെ മരുന്നുചികിത്സ മൂലം 8985 വിപത്ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യസംഘടന പറയുമ്പോള്‍ അനുയോജ്യമായ രീതിയില്‍ FDAയുടെ അംഗീകാരമുള്ള മരുന്നുകള്‍ ഉപയോഗിച്ച് നിര്‍ദേശിക്കപ്പെട്ട ചികിത്സയില്‍ അമേരിക്കയില്‍ മാത്രം 1998-ല്‍ മാത്രം 1,06,000 ആളുകള്‍ മരിച്ചതായി ടൊറാേന്റോ സര്‍വകലാശാലയിലെ ഗവേഷകവിഭാഗം നടത്തിയ പഠനം പറയുന്നു. വിഷാദരോഗത്തിന്റെയും ഉല്‍ക്കണ്ഠയുടെയും ചികിത്സക്കായി വിതരണം ചെയ്ത പ്രാക്‌സില്‍ എന്ന മരുന്നിനെക്കുറിച്ച് GSKഎന്ന ബഹുരാഷ്ട്രകമ്പനി നടത്തിയ ഒമ്പതുപഠനങ്ങളില്‍ എട്ടെണ്ണവും പ്രസിദ്ധീകൃതമായില്ലെന്ന് മനഃശാസ്ത്രനായ ഡേവിഡ് ഹെയ്‌ലി വിവരിക്കുന്നുണ്ട്. 2003-ല്‍ ഈ പഠനങ്ങള്‍ കണ്ടെത്തി പരിശോധിക്കുമ്പോള്‍ പ്ലാസിബോയെ അപേക്ഷിച്ച് പ്രാക്‌സില്‍ എന്ന മരുന്ന് 1.5 മുതല്‍ 2.3 മടങ്ങുവരെ കൂടുതല്‍ ആത്മഹത്യാഹേതുവായി തീരുന്നുവെന്നു കണ്ടെത്തുന്നുണ്ട്. പ്രാക്‌സിലിന്റെ വില്‍പന വാണിജ്യത്തിലെ വളരെ വലിയ ഒരു വിജയകഥയാണ് പറയുന്നത്. 1988-ല്‍ അമേരിക്കയില്‍ ഇതിന്റെ വിതരണം ആരംഭിച്ചതിനുശേഷം 2004 ആകുമ്പോഴേക്കും അഞ്ചുകോടി മനുഷ്യര്‍ക്ക് ഇതു വിതരണം ചെയ്യപ്പെട്ടു. മുന്നേ ഉപയോഗിക്കപ്പെട്ടിരുന്ന വില കുറഞ്ഞ മരുന്നുകളുടെ ക്ഷമത അവഗണിക്കപ്പെടുകയായിരുന്നു. പുതിയ മരുന്നുകളുടെ രംഗപ്രവേശത്തോടെ വിഷാദരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ആയിരം മടങ്ങോളം വര്‍ധനവാണുണ്ടായത്. 

ഉദരപ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ വേദനാസംഹാരിയായി ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രചാരണത്തോടെ വിപണിയിലെത്തിയ വയോക്‌സ് എന്ന മരുന്ന് ഹൃദയസ്തംഭനത്തിനു കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഏറ്റവും നാശമുണ്ടാക്കിയ മരുന്നായി അതു മാറി. രണ്ടായിരമാകുമ്പോഴേക്കും അമേരിക്കയില്‍ അതിന്റെ വാര്‍ഷികവില്‍പന ഒന്നര ബില്യന്‍ ഡോളറോളമായിരുന്നു. പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയില്‍ വലിയ പരസ്യമാണ് ഈ ഔഷധത്തിന് കമ്പനികള്‍ നല്‍കിയത്. പരസ്യത്തിനു ചെലവഴിച്ച തുക പെപ്‌സിയുടെ പരസ്യത്തിന് ചെലവഴിച്ച തുകയെക്കാളും അധികമായിരുന്ന വര്‍ഷങ്ങളുണ്ടായിരുന്നു. 160 മില്യന്‍ ഡോളറോളം വരുന്ന ബജറ്റായിരുന്നു പരസ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടത്. 2004 ആഗസ്റ്റില്‍ ഈ മരുന്നിന്റെ മാരക പാര്‍ശ്വഫലങ്ങള്‍ ഉറപ്പിക്കപ്പെടുകയും അമേരിക്ക ഉള്‍പ്പെടെ എണ്‍പതോളം രാജ്യങ്ങളില്‍ നിന്ന് അതു പിന്‍വലിക്കപ്പെടുകയും ചെയ്തു.

vioxx
ഉദരപ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ വേദനാസംഹാരിയായി ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രചാരണത്തോടെ വിപണിയിലെത്തിയ വയോക്‌സ് എന്ന മരുന്ന് ഹൃദയസ്തംഭനത്തിനു കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു / Photo: YouTube Screenshot

പൊതുജന താല്‍പര്യത്തിലുള്ള ശാസ്ത്രം നേരിടുന്ന വലിയ വിപത്ത് അയുക്തികരായ എതിരാളികളില്‍ നിന്നല്ലെന്ന്, അത് സ്ഥാപനവല്‍കൃതമായ ഗവേഷണത്തില്‍ നിന്നാണെന്ന് വയോക്‌സ് എന്ന മരുന്ന് സൃഷ്ടിച്ച നാശം തെളിയിക്കുന്നതായി ഡാന്‍ ഹിന്ദ് എഴുതുന്നുണ്ട്. എന്നാല്‍, കോര്‍പറേറ്റ് കമ്പനികളുടെ ഇത്തരം ചൂഷണങ്ങളെയും മനുഷ്യരില്‍ സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളെയും അത്യാപത്തുകളെയും എതിര്‍ക്കുന്നവരെ ശാസ്ത്രയുക്തിക്കെതിരെ നില്‍ക്കുന്നവരായി ചിത്രീകരിക്കുന്ന സ്ഥിതി യുകതിവാദികളുടെയും മറ്റും ഇടയില്‍ വ്യാപകമായിട്ടുണ്ട്. ശാസ്ത്രയുക്തിയുടെ പേരില്‍ നടക്കുന്ന ശാസ്ത്രയുക്തിവിരുദ്ധമായ ഇത്തരം പ്രവണതകള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതാണ്. 

ഇതേരൂപത്തിലുള്ള വിവിധ പ്രശ്‌നങ്ങളെ എല്ലാ ചികിത്സാപദ്ധതികളും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും അവയ്ക്കിടയിലെ സമന്വയത്തിനും സമവായത്തിനും തിരുത്തലുകള്‍ക്കും പകരം കേവലയുക്തിയുടെ പ്രയോഗത്തിലൂടെ ശത്രുതാപരമായ അവസ്ഥ സൃഷ്ടിക്കുന്നതിനും മറ്റു ചികിത്സാപദ്ധതികളുടെ നിര്‍ദേശങ്ങളെ അപഹസിക്കുന്നതിനുമാണ് ഈ കോവിഡ് കാലത്തുപോലും പലരും ശ്രമിച്ചത്. ഹോമിയോ മരുന്നായ ആഴ്‌സെനിക ആല്‍ബം വിതരണം ചെയ്യുന്നതിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാന കാരണം ആഴ്‌സെനിക് എന്ന മാരക വിഷം വിതരണം ചെയ്യുന്നുവെന്നതായിരുന്നു. കുടിവെള്ളത്തിലൂടെയും കടല്‍മത്സ്യത്തിലൂടെയും മനുഷ്യരുടെ ശരീരത്തിലേക്ക് ആഴ്‌സെനിക് എല്ലാദിവസവും എത്തിച്ചേരുന്നുണ്ടെന്നും നിര്‍ദേശിക്കപ്പെട്ട ഹോമിയോ മരുന്നില്‍ ഇവയെ അപേക്ഷിച്ച് എത്രയോ വളരെ നേരിയ അളവില്‍ മാത്രമേ ആഴ്‌സനിക് അടങ്ങിയിട്ടുള്ളൂവെന്നും മറ്റുമുള്ള വിവരങ്ങള്‍ മറച്ചുകൊണ്ടായിരുന്നു കേരള ശാസ്ത്രസാഹിത്യപരിഷത്തുപോലും പ്രചാരണം നടത്തിയത്.

എന്നാല്‍, ആധുനിക ചികിത്സയില്‍ നിലനില്‍ക്കുന്ന ഇതിലും അപകടകരമായ പ്രശ്‌നങ്ങളെ ശാസ്ത്രസംഘടനകള്‍ പോലും അവഗണിക്കുന്നതായിട്ടാണ് കാണുന്നത്. ഉദാഹരണത്തിന് ഹൃദയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആസ്പിരിന്‍ സൃഷ്ടിക്കുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നല്‍കുന്ന മരുന്നുകള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നത് അപകടകരമാണ്. ഇക്കാര്യം പല ഡോക്ടര്‍മാരും തങ്ങളുടെ രോഗികളോടു പറയാറില്ല. (എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ഒരു നിശ്ചിത കാലയളവിനുശേഷം അതു നിര്‍ദേശിക്കാതിരിക്കുകയും ദീര്‍ഘകാലം അത് കഴിക്കുന്നത് ഉചിതമല്ലെന്നു പറയുകയും ചെയ്തു.) ചികിത്സാ സമ്പ്രദായങ്ങള്‍ പലവിധത്തിലുള്ള പരിമിതികളെ വഹിക്കുന്നുണ്ടെന്ന് കാണാതിരിക്കുന്നത് ശാസ്ത്രീയമായ ഒരു സമീപനമല്ല. ചിലപ്പോള്‍, മറ്റു ചികിത്സാപദ്ധതികള്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഇത്തരം പരിമിതികളെ തരണം ചെയ്യുന്നതിന് സഹായകമായേക്കും.

mao zedung
ചൈനയിലെ പരമ്പരാഗതവൈദ്യത്തെ കുറിച്ച് സന്ദേഹമുന്നയിച്ച അവിടുത്തെ ആധുനികവൈദ്യന്മാരോട് മാവോ സെ തുങ് പറഞ്ഞ മറുപടി ഇവിടെയും പ്രസകതമാണ് / Photo: Flickr

ഗര്‍ഭിണികളിലുണ്ടാകുന്ന ഉദരവായുപ്രശ്‌നത്തിന് ആയുര്‍വേദത്തിലെ ധാന്വന്തരം ഗുളിക നിര്‍ദേശിച്ച ഒരു ഗൈനക്കോളജിസ്റ്റ് എന്റെ അനുഭവത്തിലുണ്ട്. വിവിധ ചികിത്സാപദ്ധതികളുടെ ധാരണകളെ ത്യാജഗ്രാഹ്യ വിവേചനബുദ്ധിയോടെ സമീപിക്കുകയാണ് വേണ്ടത്. ആപേക്ഷികമായ മെച്ചങ്ങളെയും കുറവുകളെയും മനസ്സിലാക്കണം. ആധുനിക ഭൗതികശാസ്ത്രത്തോടൊപ്പം വളര്‍ന്നുവന്ന ആധുനികവൈദ്യത്തിന് ഇതര ചികിത്സാപദ്ധതികളെ അപേക്ഷിച്ച് വലിയ മെച്ചങ്ങളുണ്ട്. എന്നാല്‍, മനുഷ്യചരിത്രത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്ത പഴയ ചികിത്സാപദ്ധതികളെ പാടേ തള്ളിക്കളയുന്നതിനുള്ള വാദമായി ഇതു മാറരുത്.

ശാസ്ത്രം ഇതര മാനവികവ്യവഹാരങ്ങളില്‍ നിന്ന് വ്യതിരിക്തമായ ഒരു വ്യവഹാരമാണ്. ആപേക്ഷികമായി സവിശേഷമെച്ചങ്ങളുള്ള വ്യവഹാരമാണത്. എന്നാല്‍, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടെയും മാനദണ്ഡമാകാനുള്ള അംഗീകാരമല്ലത്.

ചൈനയിലെ പരമ്പരാഗതവൈദ്യത്തെ കുറിച്ച് സന്ദേഹമുന്നയിച്ച അവിടുത്തെ ആധുനികവൈദ്യന്മാരോട് മാവോ സെ തുങ് പറഞ്ഞ മറുപടി ഇവിടെയും പ്രസകതമാണ്. ദീര്‍ഘകാലമായി അവ നിലനിന്നിട്ടുണ്ടെങ്കില്‍ ഫലപ്രദമാണെന്നതിന് ഇനിയും മറ്റൊരു തെളിവു വേണോയെന്നു മാവോ ചോദിക്കുകയുണ്ടായി. കാലത്തിന്റെ പരീക്ഷണശാലയില്‍ അവ ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് മാവോ പറഞ്ഞത്. സംഭാവ്യതാപഠനങ്ങള്‍ പ്രകൃതിയിലും ജീവിതത്തിലും നടക്കുന്നുണ്ട്. മറ്റൊരു രീതിയില്‍, പ്രകൃതിയില്‍ നടക്കുന്ന സംഭാവ്യതാപഠനങ്ങള്‍ കൂടുതല്‍ ഉറപ്പുള്ളവയാണ്. പരീക്ഷണശാലയിലെ സാംഖ്യക പഠനങ്ങളിലൂടെ തെരഞ്ഞെടുത്ത മരുന്നുകള്‍ പിന്നീട് പാര്‍ശ്വഫലങ്ങള്‍ മൂലവും മറ്റും നിരോധിക്കേണ്ടി വരുന്നുണ്ടല്ലോ? വ്യത്യസ്ത ചികിത്സാപദ്ധതികളുടെ ആപേക്ഷികമായ ക്ഷമതയെക്കുറിച്ചുള്ള ഈ ധാരണയെ ആപേക്ഷികതാവാദത്തിലേക്കു വലിച്ചുനീട്ടി പൊട്ടിച്ച് എല്ലാ കപടശാസ്ത്രങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിനുള്ള വാദമാണിതെന്നു പറയുന്നതിനോട് ഈ ലേഖകന്‍ യോജിക്കുന്നില്ല. ആപേക്ഷികതയും ആപേക്ഷികതാവാദവും വ്യത്യസ്തമായ കാര്യങ്ങളാണ്. 

ശാസ്ത്രം ഇതര മാനവികവ്യവഹാരങ്ങളില്‍ നിന്ന് വ്യതിരിക്തമായ ഒരു വ്യവഹാരമാണ്. ആപേക്ഷികമായി സവിശേഷമെച്ചങ്ങളുള്ള വ്യവഹാരമാണത്. എന്നാല്‍, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടെയും മാനദണ്ഡമാകാനുള്ള അംഗീകാരമല്ലത്. ഓരോ വ്യവഹാരവും സവിശേഷതകളില്‍ വ്യത്യസ്തവും അതതുകളുടെ മേഖലകളില്‍ പ്രസകതവുമാണ്. അവ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നതും പലതും പങ്കുവയ്ക്കപ്പെടുന്നതുമാണുതാനും. പരസ്പര വിമര്‍ശവും അത്യാവശ്യമാണ്. എന്നാല്‍, ഏതെങ്കിലും ഒരു വ്യവഹാരത്തിന്റെ മൂല്യങ്ങളിലേയ്ക്ക് ഇതരവ്യവഹാരങ്ങളെ ചുരുക്കാനുള്ള ശ്രമങ്ങള്‍ അനുലോമമല്ല. വിവിധ ചികിത്സാപദ്ധതികളും വൈദ്യസമ്പ്രദായങ്ങളും തമ്മില്‍  ഇങ്ങനെയൊരു ബന്ധം നിര്‍മിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതായിരിക്കും ഉചിതം. അത് ജനാധിപത്യപരമായ ഒരു സമീപനമായിരിക്കും. എന്നാല്‍, നമ്മുടെ കോവിഡ് കാല പ്രതിസന്ധി പോലും ഇത്തരമൊരു സമീപനത്തിനു വഴിവെച്ചില്ലെന്നത് സങ്കടകരമായിരിക്കുന്നു.

ശാസ്ത്രത്തെ ദൈവമായി കണ്ട് കേവലയുക്തിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്, വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖരായി പ്രാര്‍ഥനയില്‍ അഭയം തേടുന്നതില്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത സമീപനമാണ്. മഹാവിഷ്ണുവോ യേശുക്രിസ്തുവോ ശാസ്ത്രമോ - ഏതാണ് നിങ്ങളുടെ ദൈവമെന്ന പ്രശ്‌നത്തിലേക്കു കാര്യങ്ങളെ ചുരുക്കുന്ന കാര്യം. അനിശ്ചിതമായ നില സ്വീകരിക്കുകയും നിരന്തരം നവീകരിക്കുകയും പുതിയ ചോദ്യങ്ങള്‍ എപ്പോഴും ഉന്നയിക്കുകയും ചെയ്യുന്ന ശാസ്ത്രീയതയുടെ വീക്ഷണത്തിനു വിരുദ്ധമാണിത്. നമ്മുടെ ശാസ്ത്രസംഘടനകളില്‍ പോലും നിലനില്‍ക്കുന്ന ശരിയായ ശാസ്ത്രാവബോധത്തിന്റെ അഭാവവും സാമൂഹികമായി കാര്യങ്ങളെ നോക്കിക്കാണാനുള്ള വിമനസ്സുമാണ് ഈ കോവിഡ് കാലവും നമുക്കു നല്‍കിയത്. 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജില്‍ ഭൗതികശാസ്ത്രം വിഭാഗത്തില്‍ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനിക പ്രശ്‌നങ്ങള്‍, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദര്‍ശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങള്‍, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM